സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ ജയിലില്‍ വച്ചെഴുതിയ 30 പേജുള്ള കത്തില്‍ ഒരിടത്തു പോലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികപീഡന പരാമര്‍ശം ഉണ്ടായിരുന്നില്ലെന്ന് വ്യക്‌തമായ സൂചന. കഴിഞ്ഞ വര്‍ഷം മേയില്‍ സരിത സോളാര്‍ കമ്മിഷനു മുന്നില്‍ താനും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധം വ്യക്‌തമാക്കുന്ന രേഖയും രണ്ടു പെന്‍ഡ്രൈവുകളും മുഖ്യമന്ത്രിയുമായും പ്രമുഖ വ്യവസായിയുമായുമുള്ള ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്‌ത രണ്ട് ഓഡിയോ ക്ലിപ്പുകളുമാണ് സമര്‍പ്പിച്ചത്.
ജയിലില്‍ വച്ച് എഴുതിയ കത്തും ഇതിലുള്‍പ്പെട്ടിരുന്നു. മന്ത്രിമാരും മന്ത്രിപുത്രന്മാരും നേതാക്കളും ലൈംഗികമായി ചൂഷണം ചെയ്‌തെന്നു പറയുന്ന കത്തില്‍ പേരുകളും സന്ദര്‍ഭങ്ങളും വ്യക്‌തമാക്കിയിരുന്നു. മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പറഞ്ഞിരുന്നെങ്കിലും ലൈംഗികമായി ഉപയോഗിച്ചുവെന്ന് കത്തില്‍ ഒരിടത്തുപോലും സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍, 30 പേജുള്ള കത്തിലെ രണ്ടു പേജുകള്‍ നേരത്തെ അപ്രത്യക്ഷമായിരുന്നു. ഇതില്‍ അന്നത്തെ മന്ത്രിയും സിനിമാ നടനുമായ കെ.ബി. ഗണേഷ് കുമാറും സരിതയും തമ്മിലുള്ള മാനസിക ബന്ധമാണ് വ്യക്‌തമാക്കിയിരുന്നതെന്നാണു സൂചന. ഗണേഷിനെ രക്ഷിക്കാന്‍ ചിലര്‍ നടത്തിയ നീക്കമാണ് ഈ പേജുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്നു പറയപ്പെടുന്നു.
അപ്രത്യക്ഷമായ ഈ രണ്ടു പേജുകള്‍ക്കു പകരം ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തതാകാനാണു സാധ്യതയെന്നും വിലയിരുത്തലുണ്ട്. സരിതയുടെ രഹസ്യ കത്തിനെപ്പറ്റിയുള്ള വാര്‍ത്ത ആദ്യം പുറത്തുവിട്ടത് മംഗളമാണ്. മൂന്നു വാര്‍ത്തകളാണ് അന്നു മംഗളം പ്രസിദ്ധീകരിച്ചത്. അക്കാലത്ത് കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല മന്ത്രിയാകാന്‍ ഡല്‍ഹിയില്‍ നടത്തുന്ന നീക്കത്തെപ്പറ്റി അറിയുന്നതിന് സരിതയെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയോഗിച്ചതായി പറയുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ പഴ്‌സണല്‍ അസിസ്‌റ്റന്റ് പ്രതീഷുമായി സരിത പലകുറി ബന്ധപ്പെട്ടിരുന്നു. ഹൈക്കമാന്‍ഡ് തലത്തില്‍ രമേശ് നടത്തുന്ന നീക്കം ചോര്‍ത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രതീഷില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ജോപ്പന്‍ വഴിയായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് കൈമാറിയിരുന്നത്.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ചില ഐ ഗ്രൂപ്പ് നേതാക്കളുമായും പലകുറി ബന്ധപ്പെട്ടു. സോളാര്‍ കേസില്‍ ജോപ്പന്‍ ബലിയാടാകുകയായിരുെന്നന്നും കത്തില്‍ സൂചനയുണ്ട്.സോളാറില്‍ സരിതയുമൊന്നിച്ചു വന്‍ സംരംഭത്തിനൊരുങ്ങിയ മല്ലേലില്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും സരിത വെളിപ്പെടുത്തുന്നു. തനിക്കൊപ്പമാണ് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നും കത്തില്‍ പറയുന്നു. സോളാര്‍ പദ്ധതിക്കായി ലഭിച്ച പണം ഡല്‍ഹിയില്‍ കൈമാറിയ സംഭവവും വ്യക്‌തമാക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായുള്ള ബന്ധവും കത്തില്‍ സരിത സൂചിപ്പിച്ചിരുന്നു. പല തവണ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ഭാര്യയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പറയുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയെ ആന്റി എന്നാണ് സരിത വിളിച്ചിരുന്നത്. കുടുംബ വിശേഷങ്ങള്‍ വരെ പങ്കിട്ടിരുന്നു.മന്ത്രി അടൂര്‍ പ്രകാശുമൊത്ത് ബംഗളുരുവിലെ റെഡ് ചില്ലി ഹോട്ടലില്‍ പോയ കാര്യവും അടൂര്‍ പ്രകാശിന്റെ സുഹൃത്ത് സുരേഷാണ് ഇതിനു സൗകര്യം ഒരുക്കിയതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. മന്ത്രിയായിരുന്ന അനില്‍ കുമാര്‍ പീഡനശ്രമത്തിനിടെ മാറ് കടിച്ചുമുറിച്ചതും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതും കത്തിലൂടെ പുറത്തുവന്നിരുന്നു. ആര്യാടന്‍ മുഹമ്മദ്, ജോസ് കെ. മാണി, മോന്‍സ് ജോസഫ്, കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കത്തില്‍ വ്യക്‌തമാക്കിയ സരിത അന്ന് എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ കാര്യം പറഞ്ഞില്ല എന്നത് സംശയത്തിന് ഇടനല്‍കുന്നു.
വേങ്ങരയില്‍ നിന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ നിയമസഭയിലേയ്ക്ക്. 23310 വോട്ടുകളുടെ ലീഡ് നേടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇവിടെ വിജയം കരസ്ഥമാക്കിയത്. എന്നാല്‍ ലീഗിന് കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനെക്കാള്‍ 14747 വോട്ടുകളുടെ കുറവാണുള്ളത്. യുഡിഎഫ് ആകെ 65227 വോട്ടുകളാണ് നേടിയത്.
എല്‍ഡിഎഫ് 41917 വോട്ടുകളുമായി രണ്ടാമതെത്തി. ബിജെപിയെ പിന്തള്ളി എസ്.ഡി.പി.ഐ. മൂന്നാമതെത്തി. 8648 വോട്ടുകളാണ് എസ്ഡിപിഐയുടെ കെ.സി. നസീര്‍ നേടിയത്. ഇത് കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഇരട്ടിയിലേറെ വോട്ടുകളാണ് എസ്ഡിപിഐ സ്വന്തമാക്കിയത്. എന്നാല്‍ ബിജെപിക്ക് ആയിരത്തോളം വോട്ട് കുറഞ്ഞു. 5728 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍ നേടിയത്. ലീഗ് വിമതന്‍ കാര്യമായ വോട്ട് നേടിയില്ല (435). നോട്ടയ്ക്കും താഴെയാണ് ലീഗ് വിമതൻ നേടിയ വോട്ടുകൾ
വേങ്ങര ഉപതെരഞ്ഞടുപ്പിൽ വിജയിച്ച കെ.എൻ എ ഖാദർ മലയാളം യുകെ ന്യൂസിനോട് ആഹ്ലാദം പങ്കുവെച്ചു . തന്റെയും തന്റെ പാർട്ടിയുടെയും യു.ഡി.എഫിന്റെയും കഠിനപ്രയത്നത്തിനുള്ള വിജയമാണ് ഇതെന്നാണ് കെ.എൻ.എ. ഖാദർ പറയുന്നത്.
ഒരു നിയോഗം പോലെ കുഞ്ഞാലിക്കുട്ടിയുടെ പിന്മുറക്കാരനായി കെ.എൻ എ ഖാദർ വീണ്ടും നിയമസഭയിൽ എത്തിയിരിക്കുയാണ്. ഈ അവസരത്തിൽ സമുന്നതനായ നേതാവിനെ അടുത്തറിയാം… ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എൻ എ ഖാദറിനെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്. കൊണ്ടോട്ടിയിലും വള്ളിക്കുന്നിലും മുൻപ് മത്സരിച്ച് വിജയിച്ചിട്ടുള്ള കെ.എൻ എ.ഖാദർ ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കൂടിയായിരുന്നു. 2016ൽ മത്സര രംഗത്ത് നിന്ന് മാറ്റി നിർത്തിയതിൽ കടുത്ത അനിഷ്ടം പ്രകടിപ്പിച്ചതിനെ തുടർന്ന് അടുത്ത തവണ അവസരം നൽകുമെന്ന് നേതൃത്വം കെ.എൻ എ ഖാദറിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് മുതൽ കെ.പി.എ.മജീദിന്റെയും കെ.എൻ എ ഖാദറിന്റെയും പേരുകളാണ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ മണ്ഡലത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്ന് കടുത്ത ആവശ്യവുമായി യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡണ്ട് പി.എം.സാദിഖലി, കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനായ പി.കെ. അസ്ലു എന്നിവർക്കൊപ്പം അബ്ദുറഹിമാൻ രണ്ടാത്താണി എന്നിവരുടെ പേരുകളായിരുന്നു ഇത്തരത്തിൽ ഉയർന്നുവന്നിരുന്നത്. എന്നാൽ കെ.പി.എ മജീദ് സ്വയം പിൻവാങ്ങിയതോടെ നേതൃത്വം കെ.എൻ എ ഖാദറിനെ പരിഗണിക്കുകയായിരുന്നു.
വേങ്ങരയില്‍ വൈകാരിക വര്‍ഗീയത ജനങ്ങളെ സ്വാധീനിച്ചതാണ് തോല്‍വിക്ക് കാരണമായതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ മലയാളം യുക ന്യൂസിനോട് പ്രതികരിച്ചു. എസ്ഡിപിഐയെ സ്പോണ്‍സര്‍ ചെയ്തത് ലീഗാണെന്നും ആരാണ് ശക്തമായി വര്‍ഗീയത പ്രചരിപ്പിക്കുന്നത് എന്നതില്‍ ലീഗും എസ്ഡിപിഐയും മല്‍സരമായിരുന്നു എന്നും പി.പി. ബഷീര്‍ പറഞ്ഞു. ഹാദിയ കേസ് എടുത്തു കാണിച്ചായിരുന്നു ഇരു പാര്‍ട്ടികളും പ്രചാരണം നടത്തിയതെന്നും പി.പി. ബഷീര്‍ ആരോപിച്ചു.
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കെ.എന്‍.എ ഖാദര്‍ വിജയിച്ചു. 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കാര്യമായ കുറവ് യുഡിഎഫിന് ഉണ്ടായിട്ടുണ്ട്. വോട്ടെണ്ണലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.പി. ബഷീറിന് ഒരു ഘട്ടത്തില്‍പ്പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞില്ല.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന് ലീഡ് കുറഞ്ഞതായാണ് ഫലം വ്യക്തമാക്കുന്നത്. എസ്ഡിപിഐ മൂന്നാം സ്ഥാനത്തെത്തിയ തെരഞ്ഞെടുപ്പില്‍ ബിജെപി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എസ്ഡിപിഐക്ക് ആദ്യമായാണ് വേങ്ങരയില്‍ ഇത്രയും വോട്ടുകള്‍ ലഭിക്കുന്നത്. പോളിംഗ് ദിവസം പുറത്തുവന്ന സോളാര്‍ ബോംബ് വേങ്ങരയില്‍ കാര്യമായി പൊട്ടിയില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
മലപ്പുറം ലോക്‌സഭാ സീറ്റില്‍ വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെയാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ മണ്ഡലത്തില്‍ ലീഗിന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ന്യൂഡല്‍ഹി: നോട്ട് നിരോധനം ഇന്ത്യയില്‍ കറന്‍സി ഉപയോഗിച്ചുള്ള അവസാന പരീക്ഷണമാകില്ലെന്ന് സൂചന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക് ഇറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡാര്‍ക്ക് വെബില്‍ വിനിമയത്തിന് ഉപയോഗിക്കുന്ന ബിറ്റ്‌കോയിനുകളേക്കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ. അതിന്റെ ഔദ്യോഗിക വേര്‍ഷന്‍ ആര്‍ബിഐ പരീക്ഷിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിറ്റ്‌കോയിനുകള്‍ വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നതാണ് അത്തരം ഒരു സാധ്യത വിനിയോഗിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
വിര്‍ച്വല്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതിനെതിരെ വ്യാപകമായ മുന്നറിയിപ്പുകള്‍ റിസര്‍വ് ബാങ്ക് നല്‍കിയിട്ടും പ്രതിദിനം 2500 പേരെങ്കിലും ബിറ്റ്‌കോയിന്‍ ഉപയോക്താക്കളായി ചേര്‍ക്കപ്പെടുന്നുണ്ടെന്ന് ഒരു ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ഏജന്റ് വെളിപ്പെടുത്തി. അഞ്ച്‌ലക്ഷം ഡൗണ്‍ലോഡുകളെങ്കിലും ഒരു ദിവസം ഉണ്ടാകുന്നുണ്ടത്രേ! 2015ല്‍ സ്ഥാപിതമായ ഈ എക്‌സ്‌ചേഞ്ച് കമ്പനി ജനങ്ങള്‍ക്ക് വിര്‍ച്വല്‍ കറന്‍സികള്‍ കൂടുതല്‍ പ്രിയപ്പെട്ടതായി മാറുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. പുതിയൊരു ആസ്തി വ്യവസ്ഥയായി ഇവ മാറുന്നുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്.
ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യന്‍ കറന്‍സിക്ക് പകരം വിര്‍ച്വല്‍ കറന്‍സികള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ് ആര്‍ബിഐയിലെ വിദഗ്ദ്ധര്‍ എന്നും സൂചനയുണ്ട്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ പേരിലായിരിക്കും ഈ ബിറ്റ്‌കോയിന്‍ അറിയപ്പെടുക. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ക്രിപ്‌റ്റോകറന്‍സിയുടെ പ്രോട്ടോടൈപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഡച്ച് സെന്‍ട്രല്‍ ബാങ്കും സ്വന്തമായി ക്രിപ്‌റ്റോകറന്‍സി നിര്‍മിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
സോളാര്‍ റിപ്പോര്‍ട്ടിലെ പ്രതിഛായാനഷ്ടം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നെട്ടോട്ടത്തില്‍. റിപ്പോര്‍ട്ടിലെ അഴിമതി പരാമര്‍ശങ്ങളെക്കാള്‍ പ്രമുഖരെ തറപറ്റിച്ചത് ലൈംഗികപീഡന ബോംബാണ്. വിജിലന്‍സ് കേസിനെക്കാള്‍ ഇതു സംബന്ധിച്ച ക്രിമിനല്‍ കേസ് അന്വേഷണമാണു നേതാക്കളെ ആശങ്കപ്പെടുത്തുന്നത്. വാദിച്ചുനില്‍ക്കാനെങ്കിലുമുള്ള തത്രപ്പാടിലാണ് ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കളെല്ലാം. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ പരസ്യപ്പെടുത്തിയ സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന നീക്കം ഇതിന്റെ ഭാഗമായാണ്. അതിനൊപ്പം കോണ്‍ഗ്രസ് ആവര്‍ത്തിച്ചാരോപിക്കുന്ന സിപിഎം-ബിജെപി ബാന്ധവവും ഉയര്‍ത്തിക്കാട്ടും.സോളാര്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി വിവരാവകാശനിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വായിച്ചശേഷം നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ പരസ്യപ്പെടുത്തിയതിന് ഉമ്മന്‍ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെസി ജോസഫ് സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസും നല്‍കി. ഇത്തരം നീക്കങ്ങളിലൂടെ ചര്‍ച്ചകളില്‍ പിടിച്ചുനില്‍ക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം. അതിനിടെ, കോണ്‍ഗ്രസ് നേതൃത്വം സരിതയുടെ മുന്‍കാല ചരിത്രം ചികഞ്ഞെടുത്ത് തിരിച്ചടിക്കാനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ 20വര്‍ഷമായി സ്ഥിരമായി തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു അഭിസാരിക മാത്രമാണ് സരിതയെന്നും അതിനാല്‍ തന്നെ അവരുടെ വാക്കുകള്‍ക്ക് യാതൊരു വിലയുമില്ളെന്നാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍വരെ അംഗങ്ങളായ വാട്സാപ്പ്- ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നടക്കുന്ന പ്രചാരണം. ഇതിനായി പത്തുവര്‍ഷക്കുമുമ്പ്, ‘ക്രൈം വാരിക’ തയ്യാറാക്കിയ സരിതയുടെയും ബിജുവിന്റെയും ഒരു റിപ്പോര്‍ട്ടാണ് അവര്‍ പ്രചരിപ്പിക്കുന്നത്.
സോളാര്‍ തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് വച്ചാണ് സ്വന്തം ഭര്‍ത്താവിനെപ്പോലും വഞ്ചിച്ച സ്ഥിരം കുറ്റവാളിയാണ് സരിതയെന്ന് കോണ്‍ഗ്രസുകാര്‍ സ്ഥാപിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്. നന്ദിനി നായര്‍, ലക്ഷ്മി നായര്‍, സരിത നായര്‍.. എല്ലാം ഒരാളുടെ തന്നെ പേരാണ്.ആള്‍മാറാട്ടം നടത്തി പതിറ്റാണ്ടുകളായി നാട്ടുകാരെ കബളിപ്പിച്ച ഒരു സ്ത്രീ തഞ്ചത്തില്‍ മാറിമാറി ഉപയോഗിച്ച വിവിധ പേരുകള്‍. ഓരോ സ്ഥലത്തും ഓരോ പേരിലാണ് ഈ സ്ത്രീ തട്ടിപ്പ് നടത്തിയത്. മികച്ച വാക്ചാതുരിയും സൗന്ദര്യവും തന്റെ തട്ടിപ്പിന് മുതല്‍ക്കൂട്ടാക്കി. മാന്യമായ ഇടപെടലിലൂടെ പലരെയും തെറ്റിദ്ധരിപ്പിച്ചു. ആറന്മുള സ്വദേശിയായ യുവാവിനെയാണ് 1997 ഡിസംബര്‍ 13ന് ആദ്യം വിവാഹം ചെയ്തത്. അദ്ദേഹം തന്നെയാണ് തട്ടിപ്പിന്റെ ആദ്യ ഇര. പ്രവാസിയായ ഭര്‍ത്താവിനെ കബളിപ്പിച്ച് പണം ധൂര്‍ത്തടിച്ച് നശിപ്പിച്ചു. തനിക്ക് പിറന്ന കുട്ടി മറ്റൊരാളുടേതാണെന്ന് വെളിപ്പെടുത്തിയാണ് സരിത ആദ്യം ഭര്‍ത്താവിന് ഞെട്ടിച്ചത്. അത് അദ്ദേഹത്തെ ഭീഷണിപ്പെടുത്താനുള്ള അടവായിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ടപ്പോഴെല്ലാം ഭര്‍ത്താവിനെ ബ്ളാക്ക് മെയില്‍ ചെയ്തു. ഇടയ്ക്ക് കുഞ്ഞിനെ കൊല്ലുമെന്നും അത് ഭര്‍തൃവീട്ടുകാരുടെ തലയില്‍ കെട്ടിവെക്കുമെന്നും ഭീഷണിയുണ്ടായി. ഇതിനു ശേഷമാണ് കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്റെ കോഴഞ്ചരേി ബ്രാഞ്ചില്‍ എത്തുന്നത്. അവിടെ വച്ചാണ് ബിജു രാധാകൃഷ്ണന്‍ എന്ന തട്ടിപ്പുകാരനെ സരിത പരിചയപ്പെടുന്നത്. അന്ന് കെ എച്ച് എഫിന്റെ എം ഡിയെ വരെ കബളിപ്പിച്ച് മാനേജര്‍ പദവി കരസ്ഥമാക്കി. എം ഡിയുടെ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്താണ് ഇവര്‍ മുങ്ങിയതെന്നാണ് ഒരു പരാതി. പിന്നീടാണ് ബിജുവുമായായുള്ള കൂട്ടു ജീവിതം. രശ്മി എന്ന പേരില്‍ ഭാര്യയുണ്ടായിട്ടും ബിജുവിനെ പറഞ്ഞു വഞ്ചിച്ച് രഹസ്യമായി സരിത താലി കെട്ടിച്ചു. തുടര്‍ന്ന് കുറച്ചുകാലം കുമാരപുരത്തുള്ള ഒരു ഫ്ളാറ്റിലാണ് ബിജു ഇവരെ താമസിപ്പിച്ചത്.പന്തളത്തെ നക്ഷത്ര വേശ്യാലയത്തില്‍ നടന്ന റെയ്ഡിലുള്‍പ്പെടെ പലതവണ പൊലീസിനാല്‍ പിടിക്കപ്പെട്ടയാളാണ് തന്റെ കൂടെ ജീവിക്കുന്നതെന്ന് ബിജു തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെ കവടിയാറില്‍ കെസ്റ്റന്‍ റോഡില്‍ ക്രെഡിറ്റ് ഫിനാന്‍സ് എന്ന പേരില്‍ ഒരു തട്ടിപ്പ് ധനകാര്യ സ്ഥാപനം ബിജു തുടങ്ങി.
ബിജു എം ഡിയായും നന്ദിനി നായര്‍ എന്ന വ്യാജ പേരില്‍ സരിത അഡ്മിനിസ്ട്രേറ്ററായുമായായിരുന്നു ഭരണം. നൂറോളം ചെറുപ്പക്കാരെ ജോലിക്കാരായും 15,000 രൂപ മാസ വാടകയിലും തുടങ്ങിയ സ്ഥാപനം ആറ് മാസത്തിനകം അടച്ചുപൂട്ടി.ക്രെഡിറ്റ് കാര്‍ഡ്, ഹോം ലോണ്‍, പ്രൊജക്ട് ലോണ്‍ എന്നീ പേരുകളില്‍ ഇടപാടുകാരില്‍ നിന്നും അഡ്വാന്‍സായി വാങ്ങിയ ലക്ഷണക്കക്കിന് രൂപയുടെ രേഖകളില്‍ നന്ദിനി നായരെന്ന വ്യാജ ഒപ്പാണ് സരിത ഇട്ടത്. പത്ത് ലക്ഷത്തോളം അക്കാലത്ത് തട്ടിയെടുത്തെന്നാണ് പരാതി.തന്നെ നിയമപരമായി വിവാഹം കഴിക്കണമെന്നും രശ്മിയെ ഒഴിവാക്കണമെന്നും സരിത നിരന്തരം ബിജുവിനോട് ആവശ്യപ്പെട്ടിരുന്നു.
സരിതയും ബിജുവും സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഹോട്ടല്‍ നവരത്നയിലേക്ക് താമസം മാറ്റിയതോടെ തട്ടിപ്പിന്റെ മറ്റൊരധ്യായം തുടങ്ങി. ഇവിടെവെച്ച് വ്യഭിചാര കുറ്റത്തിന് കന്റോണ്‍മെന്റ് എസ് ഐ സരിതയെ അറസ്റ്റ് ചെയ്യകയും ചെയ്തിരുന്നു. രശ്മിയുടെ ദുരൂഹമരണം ഇതിനിടെയാണ് സംഭവിച്ചത്. മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബിജുവിനും സരിതയ്ക്കും പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നു. മരണം നടന്ന് ദിവസങ്ങള്‍ കഴിയും മുമ്പേ ഇവര്‍ വീണ്ടും ഒരുമിച്ചു താസമിച്ചു. ട്രിവാന്‍ഡ്രം ഫിനാന്‍സ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ വഴുതക്കാട് കൃഷ്ണവിലാസം റോഡില്‍ മറ്റൊരു തട്ടിപ്പ് സ്ഥാപനം ആരംഭിച്ചു. അവിടെ സരിത നായര്‍ എന്ന പേരിലാണ് ഇവര്‍ എം ഡിയായി തട്ടിപ്പ് നടത്തിയത്.ഇതിനു ശേഷമാണ് ടീം സോളാര്‍ എന്ന പേരില്‍ ഒരു കമ്പനി ബിജു രൂപീകരിച്ചത്. ഇതിനിടെ സരിത ഒരു മുന്‍ മന്ത്രിയുമായി ബന്ധം സ്ഥാപിച്ചു. ഇയാളുമായി ബിജു സംഘര്‍ഷത്തിലേര്‍പ്പെടുകയും മുന്‍ മന്ത്രിയുടെ ഭാര്യ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. ഭാര്യയെ കൊന്ന കേസില്‍ ബിജു ജയിലിലായത് മുതല്‍ ബിജുവിനെ സരിത തള്ളിപ്പറഞ്ഞിരുന്നു.കമ്പനിയുടെ പണമിടപാട് അടക്കം എല്ലാം ചെയ്തത് ബിജുവാണെന്നാണ് സരിത തന്നെ വെളിപ്പെടുത്തിയത്. തുടര്‍ന്നിങ്ങോട്ടുള്ള സരിതയുടെ ജീവിതം പരസ്യമാണ്.അതേസമയം, സ്ത്രീവിഷയത്തില്‍ നേതാക്കള്‍ കൂട്ടത്തോടെ നിയമനടപടി നേരിടുന്നതു ദേശീയതലത്തില്‍തന്നെ പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്ന് കേന്ദ്രനേതൃത്വം ഭയക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേന്ദ്രനേതൃത്വത്തെ വെല്ലുവിളിച്ച ഉമ്മന്‍ ചാണ്ടിയോടു ഹൈക്കമാന്‍ഡിനു നീരസമുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടാനാണു നിര്‍ദേശം.
സോളർ കൂട്ട നടപടികളോടനുബന്ധിച്ച് പോലീസ് അറസ്റ്റ് ചെയ്‌താല്‍ ജാമ്യത്തിനു ശ്രമിക്കാതെ ജയിലില്‍ കഴിഞ്ഞു തന്നെ കേസിനെ നേരിടാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആലോചന . അറസ്റ്റിന്‍റെ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നാണ് ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളുടെ നിലപാട് . പകരം കേസിന്‍റെ മെറിറ്റിനെയും പോലീസ് നടപടിയെയും കോടതിയില്‍ ശക്തമായി നേരിടാനാണ് നേതാക്കളുടെ നീക്കം .
സരിതയുടെ പല തവണയായി പുറത്തു വിട്ടിട്ടുള്ള കത്തുകളും ചാനലുകള്‍ക്ക് മുന്‍പില്‍ നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളും കോടതിയ്ക്ക് മുന്നില്‍ കൊണ്ടുവരും . അത്തരം കാര്യങ്ങളില്‍ കൂടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേസില്‍ ശക്തമായി ഇടപെടാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആലോചന . അറസ്റ്റ് ചെയ്‌താല്‍ പോലീസോ കോടതിയോ സ്വമേധയാ ഇടപെടും വരെ ജയിലില്‍ കഴിയാനാണ് തീരുമാനം . സോളാര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമ മുന്‍ മന്ത്രി കെ ബി ഗണേഷ്കുമാര്‍ ആണെന്ന ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ നല്‍കിയ മൊഴി ഈ കേസില്‍ ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കുന്നത് .
സരിതയ്ക്കുവേണ്ടി ഗണേഷ്കുമാര്‍ ചില നേതാക്കളെ ഫോണില്‍ വിളിച്ചിട്ടുള്ള കാര്യം കോടതിയില്‍ ഉന്നയിക്കാന്‍ തന്നെയാണ് ഇവരുടെ നീക്കം . ഇത് അണിയറയില്‍ നിന്നും കളിപ്പിക്കുകയും കളി കാണുകയുമായിരുന്ന ചിലരെ കേസില്‍ ഉള്‍പ്പെടുത്താന്‍ സഹായകമാകും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള നിയമോപദേശം . സോളാര്‍ നായിക കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പലരെയും കുറിച്ച് മുന്‍പ് വ്യത്യസ്ത അഭിപ്രായങ്ങള്‍ അവര്‍ തന്നെ ചാനലുകളില്‍ പറഞ്ഞിട്ടുണ്ട് . ഉമ്മന്‍ചാണ്ടി , കെ സി വേണുഗോപാല്‍ , ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവരെ സംബന്ധിച്ച് പരാതിക്കാരി ചാനലുകളില്‍ പറഞ്ഞിട്ടുള്ളത് അവര്‍ തന്നെ ഉപദ്രവിച്ചിട്ടില്ല , അങ്ങനെ പറഞ്ഞുണ്ടാക്കുന്നത് പി സി ജോര്‍ജും മറ്റും ചേര്‍ന്നാണ് എന്നാണ് . അതൊക്കെ കോടതിയില്‍ ഉന്നയിക്കപെടും .
കൂടാതെ സിപിഎമ്മിലെ ഉന്നതനായ മുന്‍ മന്ത്രി 10 കോടി ആവശ്യപെട്ടെന്നും റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ അതിനായി സ്വാധീനിച്ചെന്നുമുള്ള സോളാര്‍ നായികയുടെ വെളിപ്പെടുത്തലും നേതാക്കള്‍ കോടതിയ്ക്ക് മുന്നില്‍ വയ്ക്കും. ആര്‍ ബാലകൃഷ്ണപിള്ള ഇവരുടെ കത്തിനെക്കുറിച്ചു മുന്‍പ് നടത്തിയിട്ടുള്ള ചാനല്‍ സംഭാഷങ്ങണളിലെ ദൃശ്യങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ ഈ കേസ് രാഷ്ട്രീയമായി ഉപയോഗിക്കപെട്ടു എന്ന്‍ സ്ഥാപിക്കാന്‍ വേണ്ടി കോടതിയില്‍ ഹാജരാക്കും . ഇക്കാര്യം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും രാഷ്ട്രീയ താല്പര്യങ്ങള്‍ ഉള്ള കേസായതിനാല്‍ കോടതി നേരിട്ട് അന്വേഷണ പുരോഗതി വിലയിരുത്തണമെന്നും നേതാക്കള്‍ ആവശ്യപെട്ടെക്കും.
കേസിന്‍റെ മെറിറ്റിനെ തന്നെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന പല അനുകൂല സാഹചര്യങ്ങളും ഈ കേസില്‍ ഉണ്ടെന്ന വിലയിരുത്തലാണ് അഭിഭാഷകര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത് . അതേസമയം കേസില്‍ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയാലും തിരക്കിട്ട് അറസ്റ്റിനുള്ള രാഷ്ട്രീയാനുമതി ഈ ഘട്ടത്തിലുണ്ടാകില്ലെന്ന സൂചനയാണു സിപിഎം നേതാക്കളും ഭരണകേന്ദ്രങ്ങളും പുറത്തുവിടുന്നത് . നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ജനവികാരം സോളാര്‍ നായികയ്ക്ക് എതിരാണെന്നതിനാല്‍ വളരെ കരുതലോടെ മാത്രം കേസുമായി മുന്നോട്ടുപോയാല്‍ മതിയെന്ന നിര്‍ദേശമാണ് പാര്‍ട്ടി നേതൃത്വത്തിനും ഉള്ളത് . ജനവികാരം സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനു ഘടക വിരുദ്ധമാണ് .
ദിനം പ്രതി ചാനലുകളില്‍ പ്രത്യക്ഷപെട്ടു പരസ്പര സമ്മതത്തോടെ മറ്റു പലരുമായും ബന്ധപെട്ടിട്ടുള്ള കാര്യം ഇര തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീ സമൂഹത്തില്‍ ഇവര്‍ക്കെതിരെ കടുത്ത എതിര്‍പ്പിനു കാരണമായിട്ടുണ്ട് . ഇത് സര്‍ക്കാരിനെയും തിരിഞ്ഞു കുത്തിയിട്ടുണ്ട് . അതിനാല്‍ അറസ്റ്റ് നടപടികളിലേയ്ക്ക് നീങ്ങുന്നത് കരുതലോടെ തന്നെയാകും . മാത്രമല്ല ആരോപണ വിധേയരായ നേതാക്കള്‍ എല്ലാം വലിയ തോതില്‍ ജനപിന്തുണ ഉള്ളവരാണ് .
ഈ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു വൈകാതെ അന്വേഷണം ആരംഭിച്ചാല്‍ ജാമ്യമില്ലാത്ത 376–ാം വകുപ്പ് പ്രകാരമായതിനാൽ വേണമെങ്കിൽ അറസ്റ്റ് ചെയ്യാം. വൈദ്യപരിശോധന ആവശ്യമായതിനാൽ അറസ്റ്റ് വേണ്ടിവരികയും ചെയ്യാം. പക്ഷെ ഈ കേസിലെ ഇരയുടെ കാര്യത്തില്‍ അതൊക്കെ ജനമധ്യത്തില്‍ വലിയ അപഹാസ്യ സംഭവങ്ങളായി മാറും . അതിനാല്‍ മാനഭംഗത്തിനിരയാകുന്ന സ്ത്രീയുടെ പരാതിയിന്മേൽ സ്വീകരിക്കുന്ന ഇത്തരം നടപടിക്രമങ്ങള്‍ ഇപ്പോഴത്തെ കേസിൽ പാലിക്കാനാകുമോയെന്ന സംശയം ശക്തമാണ് .
എഫ്ഐആർ റജിസ്റ്റർ ചെയ്താൽ പ്രതിയാക്കപ്പെട്ടവർക്ക് അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാം. സ്ത്രീയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലുള്ള പൊലീസ് നടപടിയെന്നു പരാതിപ്പെട്ട് എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെടാം. ആ സാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കും . എന്നാല്‍ അതിനൊപ്പം ജാമ്യത്തിന് ശ്രമം ഉണ്ടാകില്ല . പകരം ഈ കേസ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള തന്ത്രമായിരിക്കും അവര്‍ പയറ്റുക എന്നാണ് സൂചന .
ഗണേഷ് കുമാര്‍ ആകെ അങ്കലാപ്പിലാണ്. പണ്ട് മന്ത്രി സ്ഥാനം കളയിപ്പിച്ച അതേ സംഭവ വികാസങ്ങളാണ് ഒരിക്കല്‍ കൂടി ഗണേഷ് കുമാറിനെ വീണ്ടും കുരുക്കിലാക്കുന്നത്. ഗണേഷും സരിതയും തമ്മിലുള്ള വീഡിയോ പുറത്തു വിടുമെന്നാണ് സോളാര്‍ നായകന്‍ ബിജു രാധാകൃഷ്ണന്‍ പറയുന്നത്. മാത്രമല്ല മുമ്പ് മന്ത്രിയായിരുന്നപ്പോഴുള്ള വിവാദ തേക്കടി യാത്രയും പൊങ്ങി വരുന്നുണ്ട്. ദിലീപിനനുകൂലമായി സംസാരിച്ച് ആവശ്യമില്ലാത്തെ മമ്മൂട്ടിയെ ബലി കൊടുത്തതിന്റെ കലിപ്പില്‍ മമ്മൂക്ക ഫാന്‍സും ഇത് ആഘോഷിക്കാനൊരുങ്ങുകയാണ്. ബിജു രാധാകൃഷ്ണനാണെന്നാണ് പറയുന്നത്. തന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന് പറഞ്ഞ് മന്ത്രി വസതിയില്‍ കയറി ഗണേഷിനെ തല്ലിയത് താനാണെന്ന് ബിജു തന്നെ വെളുപ്പെടുത്തിയിട്ടുണ്ട്. അതോടെയാണ് ഗണേഷ് തന്റെ കൈ തല്ലിയൊടിച്ചെന്ന് പറഞ്ഞ് യാമിനി തങ്കച്ചി രംഗത്തെത്തിയത്. പണം കൊടുത്ത് ആ കേസൊതുക്കാന്‍ ശ്രമിച്ചെങ്കിലും മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. അവസാനം അവരുടെ വിവാഹ മോചനവും നടന്നു.
പിന്നീടാണ് സരിതാ കേസ് വലിയ ഭൂകമ്പമായി മാറിയത്. ഇതിനിടെ സരിതയുടെ കത്ത് പുറത്ത് വരികയും അന്നത്തെ മന്ത്രിമാര്‍ കൂട്ടത്തോടെ വെട്ടിലാകുകയും ചെയ്തു. ഈ കത്ത് ബാലകൃഷ്ണ പിള്ളയ്ക്ക് കിട്ടി. സരിതയുടെ കത്തിനു പിന്നില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും പറഞ്ഞു. ഇങ്ങനെ എല്ലാം നടന്നു കൊണ്ടിരുന്നപ്പോള്‍ തെരഞ്ഞെടുപ്പ് വന്നു. ഇനിയും യുഡിഎഫില്‍ നിന്നാല്‍ കരുങ്ങുമെന്ന് കണ്ട് ഗണേഷ് കുമാര്‍ സിപിഎം സഹയാത്രികനായി മത്സരിച്ച് ജയിച്ചു. ഇടതു പക്ഷത്തിന്റെ തണലില്‍ വളരുന്നെങ്കിലും ഇടതുപക്ഷത്തെ വെട്ടിലാക്കുന്ന പ്രവര്‍ത്തനമാണ് ഗണേഷ് കുമാര്‍ നടത്തുന്നത്. അമ്മയുടെ വേദിയില്‍ ഗണേഷ് കുമാര്‍ നടത്തി പ്രസ്താവനയും തുടര്‍ന്ന് ദിലീപിനെ ജയിലില്‍ പോയ്ക്കണ്ട് വിവാദ പ്രസ്താവന നടത്തിയതും പാര്‍ട്ടിയെ വെട്ടിലാക്കി. ഇതിനിടെയാണ് സിപിഎം നേതാക്കളുടെ ഉറ്റ ചങ്ങാതിയായ മമ്മൂട്ടിയ്‌ക്കെതിരെ ഗണേഷ് കുമാര്‍ ആഞ്ഞടിച്ചത്. മമ്മൂട്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന് ഗണേഷ്‌കുമാര്‍ വരുത്തിത്തീര്‍ത്തു. ഇത് ദിലീപ് ഫാന്‍സിന്റെ കൈയ്യടി കിട്ടിയിരുന്നെങ്കിലും മമ്മൂട്ടി ഫാന്‍സുകാരെ വല്ലാതെ ചൊടിപ്പിച്ചു. തരം കിട്ടുമ്പോള്‍ പണി കൊടുക്കാനായി അവര്‍ തക്കം നോക്കിയിരുന്നു. അപ്പോഴാണ് ദേ വരുന്നു സോളാര്‍.
ഗണേഷ് കുമാറുമായുള്ള അടുപ്പം കാരണം സരിത സോളാര്‍ കമ്മീഷനില്‍ ഗണേഷിനെതിരെ ഒന്നും പ്രതികരിച്ചില്ല. ഇതോടെ രക്ഷപ്പെട്ടെന്ന് വിചാരിച്ച ഗണേഷിനെ വെട്ടിലാക്കിയത് ബിജു രാധാകൃഷ്ണനാണ്. സോളാര്‍ വിവാദത്തിന്റെ സൂത്രധാരന്‍ കെ.ബി ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്. രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേഷിന്റെ നിര്‍ദേശപ്രകാരമെന്നും ഇദ്ദേഹം പറയുന്നു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. ടീം സോളാര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ഗണേഷ് കുമാറാണ്. സരിത ഗണേഷ് കുമാറിന്റെ ബിനാമിയാണെന്നും ബിജു രാധാകൃഷ്ണന്‍ ആരോപിക്കുന്നു. എന്നാല്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതി ഫയലില്‍ സ്വീകരിക്കാതെ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ മാസം 17 ന് പരാതി തിരുവനന്തപുരത്ത് സമര്‍പ്പിക്കാനാണ് തീരുമാനം. ഈ കോടതി അന്വേഷണത്തിനുത്തരവിട്ടാല്‍ അതോടെ ഗണേഷ് കുമാര്‍ വെട്ടിലാകും.ഗണേഷ് കുമാറും സരിതയും തമ്മിലുള്ള വീഡിയോ പുറത്തുവിടുമെന്നാണ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ബിജു അകത്താണെങ്കിലും അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ വീഡിയോ ലീക്ക് ചെയ്യാനാണ് ശ്രമം. ഇത് സൗഹൃദത്തിന്റെ ഭാഗമാണെന്നും പീഡനമല്ലെന്നും സരിത പറയുന്നുണ്ടെങ്കിലും ജനം അത് വിശ്വസിക്കില്ല.
അതിനിടെ അന്നത്തെ മന്ത്രിമാരായ ഗണേഷ് കുമാറും അനില്‍ കുമാറും തേക്കടിയില്‍ നടത്തിയ രാത്രി ബോട്ട് യാത്രയും ഇപ്പോള്‍ പൊങ്ങി വരുന്നുണ്ട്. ഇവരോടൊപ്പം വിവാദ നായികമാര്‍ ഉണ്ടായിരുന്നെന്നാണ് ആരോപണം. അവര്‍ സഞ്ചരിച്ച ബോട്ട് രാത്രിയിടിച്ചതാണ് സംഭവം പത്രക്കാരറിഞ്ഞത്. ഈ സംഭവത്തെ വച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് അനില്‍ കുമാര്‍ പൊട്ടിക്കരഞ്ഞിരുന്നു. അതിനിടെ ഗണേഷ് കുമാര്‍ പ്രശ്‌നത്തിലകപ്പെട്ടാല്‍ ചുമക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് സിപിഎം നേതാക്കളും പറയുന്നു. പാര്‍ട്ടി ബഹുമാന്യയായ മമ്മൂട്ടിയെ ആവശ്യമില്ലാതെ വിവാദത്തില്‍ കൊണ്ടിട്ട ഗണേഷിനെ ചട്ടം പഠിപ്പിക്കണമെന്നും കലാകാരന്‍മാരായ സിപിഎമ്മുകാര്‍ പറയുന്നു. ഇതിനേക്കാള്‍ കലിപ്പിലാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും. എല്ലാം കാത്തിരുന്ന് കാണാമെന്നാണ് അവര്‍ പറയുന്നത്.
സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ മുഖ്യ പ്രതികളിലൊരാളും സരിതയുടെ മുന്‍ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണന്‍. കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന് ബിജു കോടതിയില്‍ നല്‍കിയ നിര്‍ണ്ണായക മൊഴി . സോളാര്‍ കേസ് വീണ്ടും അന്വേഷിക്കുമ്പോള്‍ ഈ മൊഴി നിര്‍ണ്ണായകമാകും . സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്ന് ബിജു കോടതിയില്‍ മൊഴി നല്‍കി . വടകര കോടതിയിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയില്‍ അറിയിച്ചു. എന്നാല്‍, സോളാര്‍ കേസ് കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാല്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ മാസം 17-ന് തിരുവനന്തപുരം കോടതിയെ സമീപിക്കാനാണ് ബിജു രാധാകൃഷ്ണന്‍റെ അടുത്ത നീക്കം .
രാംഗഡ്: ബീഫ് കൊലപാതകത്തില്‍ കോടതിയിലെത്തിയ പ്രധാന സാക്ഷിയുടെ ഭാര്യ കോടതി പരിസരത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ബീഫ് കടത്തിയെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രക്ക് ഡ്രൈവര്‍ അലിമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സാക്ഷിയായ ജലീല്‍ അന്‍സാരിയുടെ ഭാര്യ ജുലേഖയാണ് കൊല്ലപ്പെട്ടത്.
കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയ ജലീലിനൊപ്പം കോടതിയിലെത്തിയതായിരുന്നു ജുലേഖ. വീട്ടില്‍ മറന്നുവെച്ച ഐഡന്റിറ്റി കാര്‍ഡ് എടുക്കാന്‍ അലിമുദ്ദീന്റെ മകനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ രണ്ടുപേര്‍ ജുലേഖ സഞ്ചരിച്ച ബൈക്ക് ഇടിച്ചിടുകയായിരുന്നു. ജുലേഖ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അലിമുദ്ദീന്റെ മകന് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ കോടതിയില്‍ വെച്ചു തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
അപകടം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇടിച്ചുതെറിപ്പിച്ച ശേഷം അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. ഇത് കൊലപാതകം ആസൂത്രിതമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ജലീല്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ രാംഗറില്‍ ജൂണ്‍ 29നാണ് ബീഫ് കടത്ത് ആരോപിച്ച് ഗോസംരക്ഷകര്‍ അലിമുദ്ദീന്‍ അന്‍സാരിയെ കൊലപ്പെടുത്തിയത്.
കേരളത്തില്‍ അബ്രാഹ്മണരെയും ദളിതരെയും ശാന്തിക്കാരായി നിയമിച്ചതിന് എതിരെ സംഘപരിവാര്‍ സംഘടന പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 6 ദളിതരെ ഉള്‍പ്പെടെ 37 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരികളായി നിയമിച്ചത് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനൊരു തീരുമാനമെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. പരശുരാമ സേന എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടന മധ്യപ്രദേശില്‍ നിന്നാണ് നിവേദനം നല്‍കിയിരിക്കുന്നത്.
ഇങ്ങനൊരു തീരുമാനം വന്നാല്‍ കോടികണക്കിന് ബ്രാഹ്മണരുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുമെന്നും, സംസ്‌കാരത്തിന് കളങ്കമുണ്ടാകുമെന്നും അതിനാല്‍ ആ നിയമനം നിരോധിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
നിയമനം നിരോധിക്കുന്നില്ല എങ്കില്‍ പരശുരാമ സേനയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്