ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ല എന്നുറപ്പുള്ള അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നത് അഴിമതിയാണെന്ന് ആംആദ്മി പാര്‍ട്ടി. ഇതുപോലെ ഉപേക്ഷിക്കപ്പെട്ട പദ്ധതികളില്‍ പണം മുടക്കുക എന്നതും സര്‍ക്കാരിന്റെ സ്ഥിരം രീതിയാണ്. ഇതിനിടയില്‍ ആണ് പദ്ധതി പ്രദേശത്ത് KSEB ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്. ഇനി പദ്ധതിക്ക് വേണ്ടി ഒരു പൈസയും ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആം ആദ്മി പാര്‍ട്ടി ആഗസ്റ്റ് 17, 3 മണിക്ക് അതിരപ്പിള്ളി പദ്ധതിയുടെ ഓഫീസ് അടച്ച് പൂട്ടി പുതിയതായി പണിത ട്രാന്‍ഫോമറിന് റീത്ത് സമര്‍പ്പിക്കുന്നു.
വന്‍ പാരിസ്ഥിതിക ദോഷങ്ങള്‍ ഉണ്ടാകുന്ന, സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്തുന്ന, ആദിവാസികള്‍ കുടിയിറക്കപ്പെടുന്ന, കൃഷി നാശം വരുത്തുന്ന അതിരപ്പിള്ളി പദ്ധതിക്ക് അനുമതി കിട്ടാനുള്ള എല്ലാ വഴികളും അടഞ്ഞെന്നിരിക്കെ, ഇനിയും മന്ത്രി എം എം മണി ഇതിനു വേണ്ടി പണം ചിലവഴിക്കുന്നത് ചില ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും വേണ്ടിയാണ്. ഈ അഴിമതിക്ക് തുടക്കമിടാന്‍ ആം ആദ്മി പാര്‍ട്ടി അനുവദിക്കില്ലെന്ന് കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ജയിലില്‍ നിന്ന് ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന്റെ ഭീഷണി വീണ്ടും. ജയിലില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയതായി നിസാമിന്റെ മാനേജരാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു ഫയല്‍ അടിയന്തരമായി ജയിലില്‍ എത്തിക്കണമെന്നാണ് നിസാമിന്റെ ആവശ്യം. തൃശൂര്‍ സിറ്റി പൊലീസിനാണ് സംഭാഷണത്തിന്റെ ശബ്ദരേഖ അടക്കം കിംഗ്‌സ് സ്‌പേസസ് എന്ന നിസാമിന്റെ സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുവായൂര്‍ എസിപിക്ക് അന്വേഷണചുമതല.
ജയിലില്‍ നിന്നും നിസാം ബിസിനസ് നിയന്ത്രിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കേസ് നടത്തിപ്പിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിസാമിന്റെ ഭീഷണി. കൂടാതെ ഓഫീസില്‍ നിന്നും ഒരു ഫയല്‍ ഉടന്‍ തന്നെ ജയിലില്‍ എത്തിക്കണമെന്നും നിസാ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും നിസാം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യം പറഞ്ഞതെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു. രണ്ടുവര്‍ഷത്തിനിടയില്‍ നിസാമിനെ ജയിലില്‍ 20 തവണ പോയി കണ്ടിട്ടുണ്ടെന്നും ജയിലില്‍ ആണെങ്കിലും അദ്ദേഹം അപകടകാരിയാണെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ പറയുന്നു.
നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി നേരത്തെ പരാതിയുണ്ടായിരുന്നു. പിന്നീട് സഹോദരങ്ങള്‍ തന്നെ ഈ പരാതി പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരാണ് തൃശൂര്‍ റൂറല്‍ എസ്.പി ആര്‍. നിശാന്തിനിക്ക് പരാതി നല്‍കിയിരുന്നത്. രണ്ടു തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. കേസുമായി ബന്ധപ്പെട്ട് നിസാമിനെ ബംഗളൂരുവില്‍ കൊണ്ടു പോയിരുന്നു. ഇവിടെവെച്ച് സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് നിസാം സഹോദരങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പരാതിക്കാര്‍ ഹാജരാക്കിയിരുന്നു.
നിസാമിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള തിരുനെല്‍വേലിയിലെ കിങ്‌സ് ബീഡി കമ്പനിയിലെ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ സഹോദരങ്ങള്‍ ഏകപക്ഷീയമായി തീരുമാനമെടുത്തിരുന്നു. ഇതില്‍ കുപിതനായാണ് നിസാം സഹോദരങ്ങളെ വിളിച്ച് ആരോട് ചോദിച്ച് വേതനം വര്‍ധിപ്പിച്ചെതെന്നും ആരാണ് ഇതിന് അധികാരം നല്‍കിയതെന്നും ചോദിച്ച് ഭീഷണിപ്പെടുത്തിയത്.
ബംഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനായി നിസാമിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്ള ടിക്കറ്റ് നിസാമിന്റെ സുഹൃത്താണ് എടുത്തു നല്‍കിയതെന്നും ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞിരുന്നു. നേരത്തെ കേസിന്റെ വിചാരണവേളയില്‍ നിസാം ഫോണ്‍ വഴി സംസാരിച്ചതും ഭീഷണിപ്പെടുത്തിയതും സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തടവില്‍ കഴിയുന്ന പ്രതിക്ക് ഫോണില്‍ വിളിച്ച് സംസാരിക്കണമെങ്കില്‍ ജയിലധികൃതരുടെ അനുമതി വേണം. എന്നാല്‍, അനുമതിയില്ലാതെ ഫോണ്‍ വിളിക്കുന്നത് കുറ്റകരമാണ്.
നിഷാമിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മെഡിക്കൽ ബോർഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. നിഷാമിന്റെ മാനസികനില സാധാരണ നിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പരിശോധനാ റിപ്പോർട്ട് തിങ്കളാഴ്ച കോടതി പരിഗണിക്കും.
ഒാടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു. ഷാർജയിൽ ബ്യുട്ടീഷനായി ജോലി ചെയ്യുന്ന കാസർകോട് അടുക്കത്ത് വയൽ കടപ്പുറം മണ്ണിക്കമാ ഹൌസിലെ സുനിതാ പ്രശാന്ത്(40) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂൺ ഉടമ മലയാളിയായ സൂസൻ, സഹപ്രവർത്തകയായ നേപ്പാളി യുവതി എന്നിവരെ പരുക്കുകളോടെ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11ന് ദൈദ് റോഡിലായിരുന്നു അപകടം. സുനിത താമസിക്കുന്ന സ്ഥലത്ത് കീടനാശിനി പ്രയോഗം നടത്തിയിരുന്നതിനാൽ രാത്രി സ്ഥാപനം അടച്ച ശേഷം സൂസനും സുനിതയടക്കമുള്ള നാല് ജീവനക്കാരും ദൈദിലേയ്ക്ക് പോകുകയായിരുന്നു. സൂസനായിരുന്നു കാർ ഒാടിച്ചിരുന്നത്. ദൈദ് റോഡിലൂടെ വേഗത്തിൽ സഞ്ചരിച്ചിരുന്ന കാറിൻ്റെ വാതിൽ തനിയെ തുറന്ന് സുനിത പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചതിനെ തുടർന്ന് സുനിത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതുകണ്ട് പെട്ടെന്ന് ബ്രേയ്ക്ക് ചവിട്ടിയതിനെ തുടർന്ന് കാർ റോഡ് ഡിവൈഡറിലിടിച്ചപ്പോഴാണ് സൂസനും നേപ്പാളി യുവതിക്കും പരുക്കേറ്റത്.
കാസർകോട് നഗരസഭയിൽ ബിജെപി കൗൺസിലറായിരുന്ന സുനിത നേരത്തെ ഉദുമ മണ്ഡലം ബിജെപി സ്ഥാനാർഥിയായും മത്സരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഷാർജയിൽ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് പ്രശാന്ത് സന്ദർശക വീസയിൽ അടുത്തിടെയാണ് യുഎഇയിലെത്തിയത്. മക്കൾ: സംഗീത് പ്രശാന്ത്(17), സഞ്ജന പ്രശാന്ത് (14).
അമിതവേഗത്തില്‍ ഓടിച്ച സ്പോര്‍ട് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ 24കാരന്‍ മരിച്ചു. മാണ്ടി ഹൗസ് മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. കൂട്ടുകാരോടൊപ്പം ബൈക്കോട്ട മത്സരം നടത്തവെയാണ് അപകടം സംഭവിച്ചത്. ഹിമാന്‍ഷു ബന്‍സാല്‍ എന്ന യുവാവാണ് മരിച്ചത്.
ഹിമാന്‍ഷുവിന് പിന്നാലെ വന്ന ലക്ഷ്യ എന്ന സുഹൃത്തിന്റെ ഹെല്‍മറ്റ് ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. സ്പോര്‍ട് ബൈക്കായ ബെനെല്ലി ടിഎന്‍ടി 600ഐ ആണ് ഹിമാന്‍ഷു ഓടിച്ചിരുന്നത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
അമിതവേഗതയില്‍ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒരാളെ ആദ്യം ഇടിക്കുകയായിരുന്നു. പിന്നാലെ ബൈക്കിന്റെ നിയന്ത്രണം വിടുകയും സമീപത്തെ കെട്ടിടത്തിന്റെ ചുവരില്‍ ഇടിക്കുകയും ചെയ്തു.
നാട്ടുകാര്‍ പരുക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഹിമാന്‍ഷുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മുഖത്തും നെഞ്ചിലും ഉണ്ടായ മാരകമായ പരുക്കാണ് മരണത്തിന് കാരണമായത്. ഹിമാന്‍ഷുവും ഗാസി എന്ന സുഹൃത്തും ബെനെല്ലി ടിഎന്‍ടി ആണ് ഓടിച്ചിരുന്നത്. പിന്നാലെ വന്ന ലക്ഷ്യ ഓടിച്ചിരുന്നത് കവാസാക്കി നിഞ്ചയായിരുന്നു. സ്വാതന്ത്രദിനത്തില്‍ ബൈക്ക് റൈഡിനായി പദ്ധതി ഇടാന്‍ മൂവരും കൊണാട്ട് പ്ലെയ്സില്‍ എത്തിയതായിരുന്നു. തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
പിതാവിന്റെ കൂടെ ബിസിനസ് നടത്തുന്ന ഹിമാന്‍ഷു ഈയടുത്താണ് ബൈക്ക് വാങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചതായും അമിതവേഗത്തിലായിരുന്നു ബൈക്കൈന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.
കുഴൽകിണറിൽ വീണ രണ്ട് വയസ്സുകാരിയെ 11 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം പുറത്തെടുത്തു. 15 അടി താഴ്ചയിലായിരുന്നു കുട്ടി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ വിനുഗോണ്ടക്കടുത്ത് ഉമ്മദിവാരം ഗ്രാമത്തിലായിരുന്നു അപകടം.
ഇന്നലെ വൈകീട്ട് മൂന്നോടെയാണ് കുട്ടി കിണറിൽ വീണത്. വീടിനടുത്തെ മൂടാത്ത നിലയിലായിരുന്ന കുഴൽക്കിണറിലേക്ക് കുട്ടി കളിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെയും പൊലിസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമഫലമായാണ് കുട്ടിയെ പുറത്തെടുത്തത്. കിണറിന് സമാന്തരമായി ജെ.സി.ബി ഉപയോഗിച്ച് മറ്റൊരു കുഴിയെടുത്താണ് കുട്ടിയെ രക്ഷിച്ചത്. ഈ സമയമത്രയും കുട്ടിക്ക് ഓക്‌സിജൻ ട്യൂബും കിണറിനകത്തേക്ക് നൽകിയിരുന്നു. പുറത്ത് മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
സംവിധായകനും നായകനും കാറില്‍ വച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണവുമായി തെലുങ്ക് അഭിനേത്രി രംഗത്ത്. ലഹരി മരുന്ന് കേസില്‍ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ നിയമക്കുരുക്കിലായതിന് പിന്നാലെയാണ് ടോളിവുഡിനെ ഞെട്ടിച്ച പീഢന ആരോപണവും കേസും.
ഓഗസ്റ്റ് പതിനഞ്ചിനാണ് വിജയവാഡ പാടാമട്ട പോലീസ് സ്‌റ്റേഷനിലെത്തി തുടക്കക്കാരിയായ അഭിനേത്രി പരാതി നല്‍കിയിക്കുന്നത്. സംവിധായകന്‍ ചലപതിയും കന്നഡ-തെലുങ്ക് നടന്‍ ശ്രുജനും ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. ശ്രുജനെ നായകനാക്കി ചലപതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു താന്‍ ഹൈദരാബാദിലെത്തിയതെന്ന് നടി.ഭീമാവരത്തിലേക്കുള്ള യാത്രക്കിടെ കാറില്‍ വച്ചാണ് ഇരുവരും മോശമായി പെരുമാറുകയും ബലാല്‍സംഗ ശ്രമം നടത്തുകയും ചെയ്തതെന്ന് നടി മാധ്യമങ്ങളെ അറിയിച്ചു.
ഓഗസ്റ്റ് പതിമൂന്നില്‍ ചിത്രീകരണത്തിന് ഭീമാവരത്ത് എത്തണമെന്ന് പറഞ്ഞിരുന്നു. ഹൈദരാബാദില്‍ നിന്ന് ട്രെയിനില്‍ യാത്ര ചെയ്യാനായിരുന്നു ഞാന്‍ ആലോചിച്ചിരുന്നത്. സംവിധായകന്‍ ചലപതിയും ശ്രുജന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കാറില്‍ പുറപ്പെട്ടത്. എന്റെ കാറില്‍ അവരും കയറുകയായിരുന്നു. വിജയവാഡ എത്താനിരിക്കെ രണ്ട് പേരും എന്നോട് മോശമായി പെരുമാറാന്‍ തുടങ്ങി. പ്രതിരോധിച്ചപ്പോള്‍ ഞാന്‍ പുറത്തുചാടാതിരിക്കാന്‍ എന്നെ കാറിന്റെ പിന്‍സീറ്റില്‍ തള്ളിയിട്ടു. അമിതവേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഒരു ലോറിയില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് എനിക്ക് രക്ഷപ്പെടാനായത്. അതിന് ശേഷം അപകടം നടന്ന ലൊക്കേഷന്‍ സുഹൃത്തുക്കള്‍ക്ക് ഫോണില്‍ അയച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിക്കെതിരെയും റായ്ബറേലിയില്‍ സമാന പോസ്റ്ററുകള്‍.
ഞങ്ങളുടെ ലോക്‌സഭാ എംപിയെ കാണാനില്ല. അവര്‍ എവിടെയാണെന്ന് കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതാണ് എന്ന് എഴുതിയ പോസ്റ്റുകളാണ് റായ്ബറേലി മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്ററുകള്‍ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. ഉത്തര്‍പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം രാഹുലും സോണിയയും റായ്ബറേലിയിലും അമേഠിയിലും എത്തിയിരുന്നില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ബഹുമാനപ്പെട്ട പാര്‍ലമെന്റേറിയനെ കാണാനില്ല എന്നെഴുതിയ പോസ്റ്ററുകള്‍ രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
വേമ്പനാട്ട് കായലിന്‍റെ ഹൃദയഭാഗത്ത് കായലിനോട് ചേര്‍ന്നുള്ള കൃഷിനിലമായ മാര്‍ത്താണ്ഡം കായലില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി മന്ത്രി തോമസ് ചാണ്ടിയുടെ വന്‍ നികത്ത്. മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നത്.
മിച്ച ഭൂമിയായി കിട്ടിയ കര്‍ഷകര്‍ക്ക് താമസിക്കാനായി കായലില്‍ നിന്നും 17 മീറ്റര്‍ വരെ ദൂരത്തില്‍ നികത്താമെന്ന പഴയ ഉത്തരവിന്റെ മറവില്‍ 40 മീറ്ററിലേറെ ദൂരത്തിലാണ് തോമസ് ചാണ്ടി നികത്തുന്നത്. ഇതിനിടയില്‍ ഉണ്ടായിരുന്ന രണ്ട് മീറ്റര്‍ വീതിയുള്ള സര്‍ക്കാര്‍ റോഡും കയ്യേറി നികത്തി. നികത്തുന്ന ആറ് ഏക്കര്‍ ഭൂമിയില്‍ അഞ്ച് ഏക്കറും കൃഷി ചെയ്തിരുന്ന ഭൂമിയാണ്. നികത്തലിനെതിരെ പരാതി കൊടുത്ത വാര്‍ഡ് മെമ്പര്‍ക്കെതിരെ മന്ത്രിയുടെ ആള്‍ക്കാര്‍ പോലീസില്‍ പരാതി നല്‍കി ഭീഷണിപ്പടുത്തുകയും ചെയ്തു.
1943 ലാണ് വേമ്പനാട്ട് കായലില്‍ നിന്ന് ബണ്ട് കെട്ടി വേര്‍തിരിച്ച് മാര്‍ത്താണ്ഡം പാടത്ത് കൃഷി തുടങ്ങിയത്. ആകെ 540 ഏക്കര്‍ കൃഷിഭൂമിയില്‍ കര്‍ഷക തൊഴിലാളികള്‍ക്കായി 1985ല്‍ 85 സെന്റും നാലാം ബ്ലോക്കിലെ ചിലയിടങ്ങളില്‍ 95 സെന്റും മിച്ചഭൂമിയായി സര്‍ക്കാര്‍ നല്‍കി. കായലിലെ ബണ്ടിനോട് ചേര്‍ന്ന ഈ ഭൂമിയില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് വീട് വെച്ച് കൃഷിചെയ്യാനായി കായലില്‍ നിന്ന് 17 മീറ്റര്‍ ദൂരത്തില്‍ നികത്താനും സര്‍ക്കാര്‍ അന്ന് അനുവാദനം നല്‍കി. അങ്ങനെയിരിക്കെയാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രി തോമസ് ചാണ്ടി ഈ ഭൂമിയില്‍ കണ്ണുവെക്കുന്നത്. അങ്ങനെ ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ നിരവധി കര്‍ഷകരുടെ കയ്യില്‍ നിന്നായി കമ്പനിയുടെ ചെയര്‍മാനായിരുന്ന തോമസ് ചാണ്ടിയും മകന്‍ ടോബി ചാണ്ടിയും ഭൂമി വാങ്ങിക്കൂട്ടി.
ലോറിയിൽ മണ്ണുമായി വലിയ ജങ്കാറിൽ കൊണ്ട് പോകുന്നു
6.2 ഏക്കറാണ് അച്ഛന്‍റെയും മകന്റെയും പേരില്‍ മാത്രമായത്. ഭൂമി കൈയ്യിലായതോടെ തോമസ് ചാണ്ടി നികത്തിത്തുടങ്ങി. അപ്പോഴേക്കും സി.പി.എം പ്രവര്‍ത്തകര്‍ ഈ ഭൂമിയില്‍ കൊടിനാട്ടി. നികത്ത് നല്‍ക്കാലം നിര്‍ത്തിയ തോമസ്ചാണ്ടി തൊട്ടടുത്ത വര്‍ഷം എൻ.സി.പിയിലെത്തിയതോടെ പ്രതിഷേധവും കെട്ടടങ്ങി. വീണ്ടും നികത്ത് തുടങ്ങി. ഇപ്പോഴിതാ കൂറ്റന്‍ ജങ്കാറില്‍ കൈനകരി മുണ്ടയ്ക്കല്‍ പാലത്തിനടുത്ത് നിന്നും മണ്ണ് എടുത്ത് യഥേഷ്ടം നികത്തുകയാണ്. ആരും തടയാനില്ല. കൃഷി ചെയ്യുന്ന പാടവും കായലും തമ്മില്‍ വേര്‍തിരിക്കുന്ന പാടശേഖരത്തിന്റെ പുറം ബണ്ടിന്റെ പരമാവധി വീതി മൂന്ന് മീറ്ററാണ്. പക്ഷേ ഈ മൂന്ന് മീറ്റര്‍ മന്ത്രി തോമസ് ചാണ്ടി 36 മീറ്ററാക്കി മാറ്റി.
വേമ്പനാട്ട് കായലിന്റെ കല്‍ക്കെട്ടില്‍ നിന്ന് പതിനേഴ് മീറ്റര്‍ വരെ നികത്താം. പക്ഷേ അതിനുള്ള അവകാശം സര്‍ക്കാര്‍ മിച്ചഭൂമിയായി നല്‍കിയ കര്‍ഷക തൊഴിലാളിക്കാണ്. അവിടെ വീട് വെച്ച് താമസിച്ച് കൃഷിചെയ്യാനുള്ള സൗകര്യത്തിനായിരുന്നു അത്. പക്ഷേ തോമസ് ചാണ്ടി വാങ്ങിയതോടെ നികത്താന്‍ തുടങ്ങി. 17 മീറ്ററും അതിന്റെ ഇരട്ടിയിലധികവും തോമസ് ചാണ്ടി നികത്തി. ഓരോ കര്‍ഷകന്റെയും ഭൂമിയുടെ ഇടയിലൂടെ സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വക റോഡുണ്ടായിരുന്നു. പക്ഷേ ആ റോഡിപ്പോള്‍ ഇവിടെ കാണാനില്ല. അതും കയ്യേറി നികത്തിയെന്ന് ചുരുക്കം. ഈ ആറേക്കര്‍ ഭൂമി മാത്രമല്ല, വേറെയും ഏക്കറുകണക്കിന് ഭൂമി വിവിധയാളുകളുടെ പേരില്‍ തോമസ് ചാണ്ടി ഇവിടെ വാങ്ങിക്കൂട്ടിയെന്നും മറ്റൊരു ലേക്ക് പാലസാക്കുകയാണ് ലക്ഷ്യമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു…
ലോറിയിൽ മണ്ണുമായി വലിയ ജങ്കാറിൽ കൊണ്ട് പോകുന്നു
എം.എല്‍.എയും മന്ത്രിയുമായ ശേഷമാണ് തോമസ് ചാണ്ടി ഇവിടെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി നികത്ത് തുടങ്ങിയത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിയമസഭയിലിരുന്ന് കയ്യടിച്ച് പാസ്സാക്കുമ്പോഴും ഇങ്ങിവിടെ കുട്ടനാട്ടില്‍ കൃഷിചെയ്യുന്ന പാടത്ത് നികത്ത് പൊടിപൊടിക്കുകായിരുന്നു. മന്ത്രിയുടെ നികത്ത് ആരും അറിയാഞ്ഞിട്ടല്ല. കൈനകരി പഞ്ചായത്തംഗമായ വിനോദ് കൈനകരി പഞ്ചായത്ത് പ്രസിഡണ്ടിനും കൃഷി ഓഫീസര്‍ക്കും എന്തിന് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് വരെ പരാതി കൊടുത്തു. കുട്ടനാട് തഹസില്‍ദാര്‍ക്ക് കൈനകരി വടക്ക് വില്ലേജോഫീസര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പക്ഷേ പരാതി കൊടുത്ത വിനോദിനെ മന്ത്രിയെ ആക്ഷേപിക്കാന്‍ നീക്കം നടത്തിയെന്നതിന്റെ പേരില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി.
എതിര്‍ത്താല്‍ ഇതാണ് അവസ്ഥ. മാര്‍ത്താണ്ഡം കായലില്‍ കൃഷി ചെയ്യുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളും കൊണ്ട് വേര്‍തിരിച്ചു. പക്ഷേ ഇപ്പോള്‍ നികത്തുന്ന ഭൂമി പുരിയിടമെന്നാണ് റവന്യൂരേഖകളിലുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ കൃഷിചെയ്യാന്‍ പാകമായ ഈ നിലം പുരിയിടമാകുന്നതെങ്ങനെയെന്ന ചോദ്യവും ബാക്കിയാവുന്നു. കൃഷി ചെയ്യാന്‍ പറ്റുന്നത്ര പാടം കൃഷി ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഓടി നടന്ന് വര്‍ഷങ്ങളായി കൃഷി ചെയ്യാത്ത ഭൂമിയില്‍ കൃഷി ചെയ്യുമ്പോള്‍ നമ്മുടെ ഗതാഗതമന്ത്രിയുടെ നികത്തല്‍ വണ്ടി എല്ലാ നിയമങ്ങളും ലംഘിച്ച് മുന്നോട്ട് പോവുകയാണ്
നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞതിന് പിന്നാലെ പൊലീസ് സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല. രണ്ടു കേസുകളിലായി റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് സുനിയെ ഇന്ന് കോടതികളില്‍ ഹാജരാക്കേണ്ടിയിരുന്നത്.
ആദ്യം എറണാകുളം എംസിജെഎം കോടതിയിലാണ് ഹാജരാക്കിയത്. ആഗസ്റ്റ് 16ന് കേസിലെ മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്ന് നേരത്തെ തന്നെ സുനി പറഞ്ഞതിനെ തുടര്‍ന്ന് വന്‍ മാധ്യമസംഘമാണ് കാക്കനാട് ജയിലിന് മുന്നില്‍ രാവിലെ ആദ്യം എത്തിയത്.
മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പെടാതിരിക്കാന്‍ ജയിലിന് അകത്തേക്ക് വാഹനം കയറ്റിയാണ് സുനിയുമായി പൊലീസ് പുറത്തേക്ക് എത്തിയത്. തുടര്‍ന്ന് എറണാകുളം കോടതിയില്‍ എത്തിച്ചപ്പോഴാണ് മാഡം സിനിമാ നടിയാണെന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് പറയുമെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഇവിടെ നിന്നും പൊലീസ് സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല.
നടിയെ ആക്രമിച്ച കേസാണ് അങ്കമാലി കോടതിയുടെ പരിഗണനയിലുളളത്. സുനിയുടെ റിമാന്‍ഡ് കാലാവധി എറണാകുളം കോടതി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. ചില നടിമാരുടെ പേരുകള്‍ സുനി പറഞ്ഞിട്ടുണ്ടെന്നും അവരുടെ പേരുകള്‍ സുനി തന്നെ വെളിപ്പെടുത്തട്ടെ എന്നുമാണ് അഭിഭാഷകനായ ആളൂര്‍ പറഞ്ഞത്. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതായും ആളൂര്‍ പറഞ്ഞു.
മുൻ മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ മംഗളം ചാനൽ ഫോൺ കെണി വിവാദം അണിയറയിലെ ചതിക്കുഴികൾ വെളിപ്പെടുത്തി മാധ്യമ പ്രവർത്തക. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മംഗളം ചാനലിൽ നിന്നുണ്ടായ ചതിയുടെ കഥയുമായി മാധ്യമ പ്രവർത്തക രംഗത്തെത്തിയത്.
സംഭവം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഹണി ട്രാപ്പില്‍ ചാനല്‍ പെടുത്തിയ പെണ്‍കുട്ടി പ്രതികരിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി തന്റെ ഫേസ് ബുക്കിലൂടെയാണ് ഇപ്പോള്‍ പ്രതികരണം നടത്തിയിരിക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
മംഗളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് തീരെ ആഗ്രഹിച്ചതല്ല. എന്തിനായിരുന്നു അനിയത്തിയെന്നും സഹോദരിയെന്നുമൊക്കെപ്പറഞ്ഞ് കൂടെ നിര്‍ത്തി ചതിച്ചത് ? ഒരു തെറ്റു ചെയ്താല്‍ അത് ഏറ്റെടുക്കണം. അല്ലാതെ മറ്റുളളവരുടെ തലയില്‍ വെച്ചു കെട്ടി രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്. ഓ… അതെങ്ങനെയാ… ഡിജിപിയും എഡിജിപി യും ഒക്കെ സ്വന്തം പോക്കറ്റില്‍ അല്ലേ… അപ്പോള്‍ ആരുടെ തലയില്‍ വെച്ചും രക്ഷപ്പെടാമല്ലോ അല്ലേ ആര്‍ ജയചന്ദ്രാ. അന്നു നീ വന്നു കാലു പിടിച്ചില്ലായിരുന്നെങ്കില്‍ മംഗളത്തിലെ സഹപ്രവര്‍ത്തക മറ്റു ചാനലുകളില്‍ പോയി പറഞ്ഞ പോലെ എനിക്കും രക്ഷപ്പെടാമായിരുന്നു. അന്നു നീ പറഞ്ഞത് ഒന്നും സംഭവിക്കില്ല മോളേ എന്നാണ്. ഇനിയൊരാളെയും ഇങ്ങനെ ചതിക്കരുത് .ഇതല്ല മാധ്യമ പ്രവര്‍ത്തനം എന്നു നീ മനസ്സിലാക്കണം.
ഓരോ സ്ഥാപനത്തിലും ഓരോരുത്തര്‍ ജോലിക്ക് കയറുന്നത് ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടായിരിക്കും. അതൊക്കെ സ്വന്തം പദവിയും വൃത്തികെട്ട മനസ്സും ഉപയോഗിച്ച് നശിപ്പിക്കരുത്. നിനക്കും ഉള്ളത് ഒരു പെണ്‍കുട്ടിയാണ്. നാളെ അതിനെയും ചതിക്കരുത്. വൈകിയെങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ നീ കരുതും ഞാന്‍ നിന്നെ പേടിച്ച് ഇരിക്കുകയാണെന്ന്. ആരൊക്കെ വെറുതെ വിട്ടാലും
ദൈവത്തിന്റെ കോടതി നിന്നെ വിടില്ല.