ഷൈമോൻ തോട്ടുങ്കൽ
പോർട്സ്‌മൗത്ത് . പോർട്സ്‌മൗത്ത് ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് പള്ളിയുടെ നവീകരിച്ച ദേവാലയത്തിന്റെ കൂദാശ കർമ്മം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഇന്ന് നിർവഹിക്കും ,പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ പൗലോസ് ശ്ലീഹായുടെയും തിരുനാൾ ആഘോഷങ്ങളും ഇതോടനുബന്ധിച്ച് നടക്കും. ഇന്ന് രാവിലെ ഒൻപത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് നവീകരിച്ച ദേവാലയത്തിന്റെ കൂദാശകർമ്മം നടക്കുന്നത് .
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരി ജനറൽ ആയിരുന്ന റെവ ഫാ ജിനോ അരീക്കാട്ട് എം സി ബി എസ് മിഷൻ ഡയറക്ടർ ആയിരുന്ന കാലത്ത് 2024 ൽ പോര്ടസ്‌മൗത്തിലെ വിശ്വാസികളുടെ ദീർഘകാലമായുള്ള പ്രാർത്ഥനയുടെയും ,പരിശ്രമങ്ങളുടെയും ഫലമായാണ് പോര്ടസ്‌മൗത്തിൽ സീറോ മലബാർ വിശ്വാസികൾക്കായി ഒരു ദേവാലയം ലഭിക്കുകയും പിന്നീട് അത് ഇടവകയായി മാറുകയും ചെയ്തത് ,ജിനോ അരീക്കാട്ട് അച്ചന്റെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലും ആരംഭിച്ച് പിന്നീട് വികാരിയായി എത്തിയ റെവ ഫാ ജോൺ പുളിന്താനത്ത് അച്ചന്റെ സഹകരണതോടെയാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തത് .
നവീകരിച്ച ദേവാലയത്തിന്റെ കൂദാശ കർമ്മങ്ങളിലേക്കും തിരുന്നാൾ ആഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .ജെയ്സൺ തോമസ് ,ബൈജു മാണി ,മോനിച്ചൻ തോമസ് , ജിതിൻ ജോൺ എന്നിവർ നേതൃത്വം നൽകിയ കമ്മറ്റിയുടെയും , ഷാജു ദേവസ്യ , തോമസ് വർഗീസ് എന്നിവർ നേതുത്വം നൽകുന്ന പുതിയ കമ്മറ്റിയുടെയും നേതൃത്വത്തിൽ അന്ന് നവീകരണ പ്രവർത്തനങ്ങളും ആഘോഷ പരിപാടികളും , കൂദാശ കർമ്മങ്ങളും നടക്കുന്നത്.

തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിനെ മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപെട്ടപ്പോൾ പൊലീസ് പറഞ്ഞത് വിചിത്രമായ വാദമാണ് . പോക്സോ കേസിലെ ഇര സ്റ്റേഷനിൽ ഉണ്ടായിരുന്നതിനാൽ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന പൊലീസിന്റെ വാദം കളവായിരുന്നു . മർദ്ദനത്തിന് പിന്നാലെ സുജിത്ത് പരാതി നൽകി, മെഡിക്കൽ റിപ്പോർട്ടും ഡോക്ടറുടെ മൊഴിയും തെളിവായി സമർപ്പിച്ചു.
സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സുജിത്ത് RTI അപേക്ഷ നൽകിയെങ്കിലും പൊലീസ് വിസമ്മതിച്ചു. അന്വേഷണം നീണ്ടപ്പോൾ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാൻ വിസമ്മതിക്കുകയും ഒടുവിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷമാണ് എത്തിയത്. സുജിത്തിന് പിന്തുണയായി കോൺഗ്രസ് നേതാക്കൾ നിയമ പോരാട്ടം ഏറ്റെടുത്തു.
സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകേണ്ടതാണെന്ന് ഡിജിപി നേരത്തെ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിൽ 39 കോടി രൂപ ചെലവിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ തെളിവായി ഉപയോഗിക്കാമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാമെന്നും മുന്നറിയിപ്പ് ഡിജിപി നേരെത്തെ നൽകിയിരുന്നു. ഇത് അവഗണിച്ചതാണ് പോലീസിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിന് കാരണമായത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യയിലേയ്കുള്ള ഐ.ടി. ഔട്ട്‌സോഴ്‌സിംഗിന് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് ഇന്ത്യ-യു.എസ്. വ്യാപാരബന്ധങ്ങളിൽ പുതിയ പ്രശ്നങ്ങൾക്ക് തുടക്കമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎസ് കമ്പനികൾ ഇന്ത്യയിലേയ്ക്കുള്ള സോഫ്റ്റ്വെയർ-സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതോടെ പദ്ധതികൾ വൈകിപ്പിക്കപ്പെടുകയും കരാർ പുതുക്കലുകൾ തടസപ്പെടുകയും ചെയ്യാനാണ് സാധ്യത. ഇതോടെ റീട്ടെയിൽ, ലോജിസ്റ്റിക്സ്, നിർമ്മാണ മേഖലകളിൽ അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ നൽകുന്ന പ്രോജക്ടുകൾ കുറയാൻ സാധ്യതയുണ്ട്.
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഐ.ടി-ബിപിഒ മേഖലയ്ക്ക് ഏകദേശം 254 ബില്യൺ യുഎസ് ഡോളർ വരുമാനമുണ്ടായിരുന്നു. ഇതിൽ 194 ബില്യൺ ഡോളർ യുഎസിൽ നിന്നുള്ള കയറ്റുമതിയിൽ നിന്നാണ്. രാജ്യത്തെ പ്രമുഖ ഐ.ടി. കമ്പനികളായ ടിസിഎസ് (ഏകദേശം $31 ബില്യൺ), ഇൻഫോസിസ് (ഏകദേശം $20 ബില്യൺ) എന്നിവയ്ക്ക് 55-60% വരുമാനം യുഎസിൽ നിന്നാണ് ലഭിക്കുന്നത്. ട്രംപ് സർക്കാരിന്റെ നടപടികൾ ഇതിനകം തന്നെ അമേരിക്കൻ കമ്പനികളുടെ ചെലവുകൾ കുറയ്ക്കാൻ കാരണമായിരിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു.
ട്രംപിന്റെ നടപടികൾ ഇന്ത്യൻ ഐ.ടി. തൊഴിലാളികളുടെ ജോലി സാധ്യതകളെയും നേരിട്ട് ബാധിക്കും. ക്യാമ്പസ് റിക്രൂട്ട്മെന്റ് കുറയ്ക്കൽ, നിയമനം താമസിപ്പിക്കൽ തുടങ്ങിയവയ്ക്ക് കമ്പനികൾ നിർബന്ധമായേക്കാം. ടിസിഎസ് കഴിഞ്ഞകാലത്ത് ഏകദേശം 12,000 ജീവനക്കാരെ (ആകെ ജോലിക്കാരുടെ 2%) ഒഴിവാക്കിയിരുന്നു. അവരുടെ നോർത്ത് അമേരിക്കൻ കരാർ $6.8 ബില്യണിൽ നിന്ന് $4.4 ബില്യണായി ഇടിഞ്ഞു. ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയ കമ്പനികളും കരാർ നേടിയെടുക്കുന്നതിൽ ഇടിവ് നേരിടുകയാണ്. എങ്കിലും ശക്തമായ ലാഭവും യുഎസിൽ നടത്തുന്ന ഓൺഷോർ നിയമനങ്ങളും മൂലം ടിസിഎസ്, ഇൻഫോസിസ് പോലുള്ള കമ്പനികൾക്ക് പ്രതിസന്ധി നേരിടാൻ കഴിയുമെന്നാണ് വിദഗ്തർ പറയുന്നത്.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ് സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഐ ജി തലത്തിലെവകുപ്പ് തല പുരന്വേഷണത്തിനും ഉത്തരവിട്ടു.
അതേസമയം, മർദനത്തിൽ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന പൊലീസ് ഡ്രൈവർ സുഹൈറിനെ നടപടിയില്ല. ഇയാൾ പൊലീസിൽ നിന്ന് മാറി മറ്റൊരുവകുപ്പിലാണ്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടി. അതിക്രൂരമായ മർദനത്തിൻറെ ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ കണ്ടിട്ടും ഇൻക്രിമെൻറ് റദ്ദാക്കുന്നതിൽ മാത്രമായി നടപടി ഒതുക്കിയിരുന്നു. സുജിത്തിന്റെ നിയമപോരാട്ടത്തിനൊടുവിൽ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കടുത്ത നടപടിക്ക് ആഭ്യന്തരവകുപ്പിനെ നിർബന്ധിതരാക്കിയത്.
കർശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ നമസ്തേ കേരളത്തിൽ അതിഥിയായെത്തിയ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. തുടർന്ന് തൃശർ റേഞ്ച് ഡിഐജിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് തേടി. സുജിത്ത് കോടതിയിൽ നേരിട്ട് നൽകിയ സ്വകാര്യ അന്യായത്തിൽ നാലു പൊലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. അതിനാൽ സസ്പെൻഡ് ചെയ്യുന്നതിൽ തടസ്സമില്ലെന്നായിരുന്നു ഡിഐജിയുടെ റിപ്പോർട്ട്. സസ്പെൻഷൻ പോരാ പുറത്താക്കൽ തന്നെവേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സസ്പെൻഷൻ രണ്ടുവർഷം മുമ്പ് ചെയ്യേണ്ട നടപടിയാണെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
ചരിത്രവിജയമായ മലയാള ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യില്‍ ഒരു വേഷം ചെയ്യാന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. സംവിധായകന്‍ ഡൊമിനിക് അരുണ്‍ കഥ പറഞ്ഞിരുന്നു. ചില കാരണങ്ങളാല്‍ ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. അതിലിപ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും ബേസില്‍ പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ താരങ്ങള്‍ക്കൊപ്പമുള്ള മുഖാമുഖത്തിലാണ് ബേസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ലോക‘ ചിത്രത്തില്‍ ഉണ്ടോ എന്നായിരുന്നു താരങ്ങളില്‍ ഒരാളുടെ ചോദ്യം. ‘ലോകയില്‍ ഒരുവേഷം ചെയ്യാന്‍ ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ ചെയ്തില്ല. വേറൊരാള്‍ ചെയ്തു. ഇപ്പോള്‍ ഞാനതില്‍ ദുഃഖിക്കുന്നു. വലിയ റോള്‍ ആയിരുന്നു. ഡൊമിനിക് കഥ പറഞ്ഞിരുന്നു. വേറെ കുറച്ച് കാരണം കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല’, എന്നായിരുന്നു ബേസിലിന്റെ പ്രതികരണം.
കല്യാണി പ്രിയദര്‍ശന്‍ ‘ചന്ദ്ര’ എന്ന സൂപ്പര്‍ഹീറോ കഥാപാത്രമായി എത്തിയ ‘ലോക’ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ നസ്ലിന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഇതിന് പുറമേ മലയാളത്തിലെ ഏതാനും പ്രമുഖതാരങ്ങള്‍ അതിഥിവേഷത്തിലും ചിത്രത്തിലുണ്ട്. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’.
ഇന്ത്യക്കെതിരെ പരാമർശങ്ങൾ തുടർന്ന് ട്രംപ് ഭരണകൂടം. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ തുടരുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക് വ്യക്തമാക്കി. രണ്ട് മാസങ്ങൾക്കുള്ളിൽ ഇന്ത്യ സോറി പറഞ്ഞ് ഒരു വ്യാപാര കരാറിനായി പ്രസിഡന്റ് ട്രംപിനെ സമീപിക്കും. അമേരിക്ക ഏർപ്പെടുത്തിയ തീരുവകൾ ഇന്ത്യൻ ബിസിനസ്സുകളെ തളർത്തും. അവർ തന്നെ കരാർ ആവശ്യപ്പെടും എന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണം. ബ്രിക്സ് സഖ്യത്തിൽ തുടരരുത്. റഷ്യക്കും ചൈനക്കും ഇടയിലുള്ള പാലമായി നിന്ന് അമേരിക്കക്ക് എതിരെ നിലപാടെടുത്താൽ, 50 ശതമാനം തീരുവ തുടരുമെന്നും ലട്ട്നിക്ക് വ്യക്തമാക്കി.
ഇന്ത്യക്കെതിരെ ട്രൂത്ത് സോഷ്യലില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കുറിപ്പ് പങ്കുവെച്ചിരുന്നു. ഇന്ത്യയും റഷ്യയും ‘കൂടുതൽ ഇരുണ്ട’ ചൈനയിലേക്ക് പോയെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകിയത്. എന്നാല്‍ ട്രംപ് വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ പരിഹാസ പോസ്റ്റ് വന്നത്.
ഇപ്പോൾ ട്രംപ് പറയുന്നത് ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നാണ്. എന്നാല്‍ ഇന്ത്യ സത്യം അഭിമുഖീകരിക്കാൻ തയ്യാറല്ലെന്ന് ട്രംപിൻറെ ഉപദേഷ്ടാവ് പീറ്റർ നവാറോ പറഞ്ഞിട്ടുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭം ഉണ്ടാക്കാൻ തന്നെയാണെന്ന നവാറോയുടെ പ്രസ്താവന ഇന്ത്യ ഇന്നലെ തള്ളിയിരുന്നു.
കാസർഗോഡ് പനത്തടി പാറക്കടവിൽ 17 കാരിയായ മകളെയും സഹോദരന്റെ 10 വയസുകാരിയായ മകൾക്കും ആസിഡ് ആക്രമണത്തിൽ ഗുരുതരമായ പരുക്ക് പറ്റി . കർണാടക കരിക്കെ ആനപ്പാറയിലെ കെ.സി. മനോജ് ആണ് റബ്ബർഷീറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന ആസിഡ് കുട്ടികളുടെ ശരീരത്തിൽ ഒഴിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ മകളുടെ കൈക്കും കാലിനും പൊള്ളലേറ്റപ്പോൾ സഹോദരന്റെ മകളുടെ മുഖത്തടക്കം ഗുരുതരമായി പൊള്ളലേറ്റു.
സംഭവത്തിന് പിന്നാലെ മനോജ് ഒളിവിലായതോടെ രാജപുരം പൊലീസ് ശക്തമായ തിരച്ചിലാണ് ആരംഭിച്ചത്. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി വകുപ്പുകളിലാണ് ഇയാളുടെ നേരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യയുമായി ഏറെക്കാലമായി വേർപിരിഞ്ഞാണ് മനോജ് താമസിച്ചിരുന്നത്. മദ്യപിച്ച് കലഹം ഉണ്ടാക്കുന്ന പ്രതിയുടെ പെരുമാറ്റം മൂലമാണ് ഭാര്യ മാറിനിന്നത്. ഈ വിരോധമാണ് സ്വന്തം മകളെയും ബന്ധുവായ കുട്ടിയെയും ലക്ഷ്യമിട്ട് ക്രൂരാക്രമണം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രൊഫ. കവിയൂർ ശിവപ്രസാദ്
കേട്ടു ഗ്രഹിച്ച കഥകൾ വിശകലനം ചെയ്ത് ഓണത്തിൻറെ പ്രസക്തിയും പൊരുളും ഗ്രഹിക്കുമ്പോൾ ചതിയിലൂടെ കീഴ്പ്പെടുത്തിയ (കീഴ്പ്പെട്ട) പരാജിതനായ ഒരു അസുര ചക്രവർത്തിയുടെ വിജയകഥയായി കരുതാം. മൂല്യങ്ങൾക്കു വേണ്ടി പരാജിതരായവരുടെ ചരിത്രം കാലത്തെ അവഗണിച്ച് ജന മനസ്സിൽ എന്നും നിലനിൽക്കും. ഹിരണ്യ കശിപുവിൻറെ പുത്രനായ പ്രഹ്ലാദന് വിരോചനൻ എന്ന പുത്രൻ ഉണ്ടായിരുന്നു. വിരോചന പുത്രനായ ഇന്ദ്രസേനൻ ആണ് മഹാബലി എന്ന പേരിൽ അറിയപ്പെട്ട പ്രതാപശാലിയായ അസുര ചക്രവർത്തി.
ബലി എന്ന പേര് , ത്യാഗ സുരഭിലമായ ആ ജീവിതത്തിന് പിൽക്കാലത്ത് സ്മരണ നിലനിർത്താൻ കൊടുത്തതാവണം. ബലിയുടെ ഭരണകാലത്താണ് പാലാഴിമഥനം നടന്നത്. തുടർന്നു ലഭിച്ച അമൃത കുംഭത്തിനായുണ്ടായ യുദ്ധത്തിൽ ബലി വധിക്കപ്പെട്ടു. അസുര ഗുരുവായ ശുക്രാചാര്യർ ദിവ്യ ഔഷധപ്രയോഗത്തിലൂടെ ബലിയെ പുനർജീവിപ്പിച്ചു. പിന്നീട് മഹാബലി ദേവലോകം ആക്രമിച്ച് കീഴ്പ്പെടുത്തി. ദേവന്മാർ വനാന്തരങ്ങളിൽ അഭയം പ്രാപിച്ചു. ദേവമാതാവായ അദിതി ദ്വാദശിവൃതം അനുഷ്ഠിച്ച് വിഷ്ണുവിനെ പ്രസാദിപ്പിച്ച് സങ്കടം പറഞ്ഞു. മഹാവിഷ്ണു ദേവമാതാവിൽ നിന്നും അവതാരം എടുത്തു. വാമനൻ !
മഹാബലി നടത്തിയ യജ്ഞത്തിൽ വാമനൻ ഒരു മുനികുമാരന്റെ വേഷത്തിൽ മഹാബലിയെ സമീപിച്ച് മൂന്നു ചുവട് സ്ഥലം ദാനം വേണമെന്ന് അഭ്യർത്ഥിച്ചു. ഇതിലെ ചതി മനസ്സിലാക്കിയ ശുക്രാചാര്യർ ബലിയെ ദാന കർമ്മം ചെയ്യുന്നതിൽ നിന്നും വിലക്കിയെങ്കിലും ബലി ഗുരുവാക്യം നിരാകരിച്ച് ചതിയാണെന്നറിഞ്ഞു കൊണ്ടുതന്നെ സ്വയം സമർപ്പിതനായി. ഇഷ്ടം ഉള്ള സ്ഥലം അളന്ന് എടുത്തു കൊള്ളുവാൻ അഭ്യർത്ഥിച്ചു. പെട്ടെന്ന് സ്വയം വളർന്ന് വലുതായി ഭൂമി മുഴുവനും ഒരു ചുവടു കൊണ്ടും സ്വർലോകം മുഴുവനും രണ്ടാമത്തെ ചുവടുകൊണ്ടും ആളെന്നെടുത്തു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടിന് സ്ഥലമെവിടെ എന്ന് വാമനൻ ചോദിച്ചു. തൻറെ ശരീരം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നു പറഞ്ഞ് അദ്ദേഹം തല കുമ്പിട്ടു. വാമനൻ തലയിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേയ്ക്ക് അയച്ചു. അന്നുമുതൽ അസുരന്മാർ പാതാള വാസികളായി.
ഇവിടെ സത്യ ധർമ്മാദികൾക്ക് മൂല്യച്യുതി സംഭവിച്ചു. ധർമ്മം ചെയ്യേണ്ടയാൾ അധർമ്മിയായി. ധർമ്മി പരാജിതനായി പാതാള വാസിയായി. പക്ഷേ ആത്യന്തികമായി ധർമ്മിയായ പരാജിതനെ മനുഷ്യവംശം ആരാധിച്ചു. അധർമ്മികളായ വിജയികൾ വിസ്മരിക്കപ്പെട്ടു. ഈ കഥ തന്നെ നൂറ്റാണ്ടുകൾ ആവർത്തിക്കപ്പെടുന്നു. സോക്രട്ടീസിലൂടെ ക്രിസ്തുവിലൂടെ തുടങ്ങി നിരവധി ആചാര്യന്മാരിലൂടെ ഈ ഓണക്കഥ മറ്റു പല പേരുകളിലായി പുനർജ്ജനിക്കുന്നു… അനശ്വരത്വം എന്നും പരാജിതന്റെ വിജയമായി കാണാവുന്നതാണ്. ഓണാശംസകൾ!
പ്രൊഫ. കവിയൂർ ശിവപ്രസാദ്
എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.
റ്റിജി തോമസ്
പുറത്ത് മഴ കനക്കുകയാണ്. തുലാവർഷവും കാലവർഷവും അല്ല. ന്യൂനമർദ്ദ മഴയാണ് . പ്രതീക്ഷിക്കാത്ത സമയത്ത് വന്ന വിരുന്നുകാരനെ പോലെ അയാൾ മഴയിലേയ്ക്ക് നോക്കി.
ഈ ഓണക്കാലം മഴ കുളമാക്കുമോ ? വളരെ കാലത്തിന് ശേഷമാണ് ഓണത്തിന് നാട്ടിലെത്തുന്നത്. പരിചയക്കാരെയെല്ലാം ഒന്നു കാണണം. അതിനു പറ്റിയ സമയം ഓണക്കാലമാണല്ലോ? പക്ഷേ മനസ്സിൽ ഒരു സങ്കടം അവശേഷിക്കുന്നു. ഇസ്പേഡ് എന്ന് വിളിപ്പേരുള്ള പാപ്പൻ ഇനിയില്ല. പാപ്പന് ഇസ്പേഡ് എന്ന വിളിപ്പേര് വന്നത് അവൻറെ അപ്പന്റെ പേരിൽ നിന്നായിരുന്നു. ഇസ്പേഡ് കുഞ്ഞൂഞ്ഞ് എന്നായിരുന്നു പാപ്പൻ്റെ അപ്പൻറെ വിളിപ്പേര്. പ്രത്യേകിച്ച് വീട്ടുപേരും മേൽവിലാസവും ഇല്ലാത്തവർ ആരെങ്കിലും കൊടുക്കുന്ന വിളിപ്പേരിൽ അറിയപ്പെടുന്നതു പോലെ ഇസ്പേഡ് പാപ്പൻ എന്ന പേര് നാടിൻറെ മനസ്സിൽ നാളുകളായി വേരുറച്ചു.
തന്റെ പേരിൻറെ പിന്നിലെ കാരണത്തെ കുറിച്ച് പാപ്പന് അറിയില്ല എന്ന് എനിക്ക് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ അവൻറെ ജീവിത കാലത്ത് ഒരിക്കലും ഞാൻ അതെ കുറിച്ച് ഒന്നും ചോദിച്ചിട്ടുമില്ല. പക്ഷേ അവൻറെ മരണശേഷം ഇസ്പേഡിൻ്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് സ്ഥലത്തെ മുതിർന്ന സ്ത്രീകളെ തേടിപ്പിടിച്ച് ഞാൻ ചോദിച്ചു. ആണുങ്ങളോട് ചോദിച്ചിട്ട് കാര്യമില്ല . അവർ വായിൽ തോന്നുന്നത് പോലെ പേരുകൾ ഇടുകയുള്ളൂ. അത് തന്നെയല്ല ഇത്തരം പഴം പുരാണങ്ങൾ പറയുന്നതിൽ അവർക്ക് ഒട്ടു താത്പര്യവും ഇല്ല . എന്നാൽ അവർ ഒരു കാരണവുമില്ലാതെ കുടിയാന്മാർക്ക് ഇത്തരം പേരുകൾ ആവർത്തിച്ചു വിളിച്ച് സ്വന്തമായി ആത്മ സംതൃപ്തി അടയും. സ്വയം പൊട്ടിച്ചിരിക്കും.
ഞാൻ സംസാരിച്ച ആർക്കും ഇസ്പേഡ് എന്ന പേരിന്റെ പിന്നിലെ കാരണം അറിയില്ലായിരുന്നു……
പാപ്പൻ്റെ അപ്പൻ കുഞ്ഞൂഞ്ഞ് കുടികിടപ്പുകാരനും റബർ വെട്ടുകാരനുമായിരുന്നു. അങ്ങനെ എങ്ങനെയോ വീണുകിട്ടിയ പേരാണ് ജോസിനും…
ഞാൻ സംസാരിച്ചവർക്ക് ആർക്കും ഇതിലപ്പുറം ഒന്നും പറയാനില്ലായിരുന്നു.
എന്തോ അവൻ ജീവിച്ചിരുന്നപ്പോൾ പ്രത്യേക സ്വഭാവമുള്ള അവൻറെ വിളിപ്പേരിനെ കുറിച്ച് എന്തെങ്കിലും ചോദിക്കാൻ എനിക്ക് ഒന്നും തോന്നിയിട്ടുമില്ല.
ചിലരൊക്കെ മരിച്ച് കഴിയുമ്പോൾ നമ്മൾക്ക് അവരോട് ഒരു പ്രത്യക അടുപ്പം തോന്നുമല്ലോ.. പത്രത്തിലെ മരണപേജിലെ ഫോട്ടോകളൊക്കെ തനിക്ക് എവിടെയോ കണ്ടു പരിചയമുള്ളവരാണ് എന്ന് തോന്നുന്നതുപോലെ..
പക്ഷെ ഇസ്പേഡ് പാപ്പൻ എനിക്ക് അങ്ങനെ ആയിരുന്നില്ല. അവൻ എന്റെ കളികൂട്ടുകാരനായിരുന്നു …
വർഷങ്ങൾക്കു മുൻപ് …
നാട്ടിൽ കടന്നു ചെല്ലാൻ പേടിയുള്ള സ്ഥലങ്ങളിൽ എന്റെ ധൈര്യം പാപ്പൻ ആയിരുന്നു. പേടിപ്പിക്കുന്ന കഥകൾ കിനാക്കളായി ഉറക്കം കളയുന്ന രാത്രികളിൽ അവൻറെ ധൈര്യം എന്നെ പാപ്പൻ്റെ ആരാധകനാക്കിയിരുന്നു.
സ്കൂളുകളിൽ നിന്ന് എല്ലാ കുട്ടികളെയും സിനിമയ്ക്ക് കൊണ്ടുപോകുന്ന സമയം. വഞ്ചിപ്പാറ കയറി സിനിമ തിയേറ്ററുള്ള സ്ഥലത്തേയ്ക്ക് നടക്കണം. ഇടയ്ക്ക് വഴിതെറ്റിയ എനിക്ക് രക്ഷകനായത് പാപ്പനായിരുന്നു.
എന്നെക്കാളും വളരെ പ്രായം കൂടിയ പാപ്പൻ മൂന്നിലോ നാലിലോ ആണ് എന്റെയൊപ്പം ചേർന്നത്. തോറ്റ് തുന്നംപാടി എന്ന് ആളുകൾ കളിയാക്കുമ്പോൾ പാപ്പൻ ചിരിച്ചു.
പാപ്പൻ്റെ സ്ഥായിയായ ഭാവം ചിരിയായിരുന്നു.
ദരിദ്രനായി ജനിച്ച് ചിരിച്ചു കൊണ്ട് ജീവിച്ച പാപ്പൻ ദരിദ്രനായി തന്നെ മരിച്ചു.
ഇസ്പേഡ് കുഞ്ഞൂഞ്ഞിന്റെ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ ഞാൻ അധികം പോയിട്ടില്ല.
പാപ്പനോട് എനിക്ക് ഒരു കടം വീട്ടുവാനുണ്ടായിരുന്നു. നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ കടം . എൻറെ പുസ്തകം കാണാതെ പോയപ്പോൾ ഞാൻ ആശ്രയിച്ചത് പാപ്പനെയാണ്. ചേച്ചിക്കൊപ്പം ഞാൻ അവന്റെ വീട്ടിലെത്തി. മേൽക്കൂര മാത്രമല്ല ഭിത്തിയും ഓലകൊണ്ട് മറച്ചിരിക്കുന്നു.
പാപ്പൻ എനിക്ക് പുസ്തകം തന്നു. പുത്തൻ പോലുള്ള പുസ്തകം. ക്ലാസുകൾ തുടങ്ങി മൂന്ന് നാല് മാസം കഴിഞ്ഞിട്ടും പുത്തൻ മണം മാറാത്ത പുസ്തകവുമായി വീട്ടിൽ ചെന്നപ്പോൾ എനിക്ക് കിട്ടിയ വഴക്കിന് കൈയും കണക്കുമില്ല.
എല്ലാവരും പാപ്പനെ പ്രശംസിച്ചു. എല്ലാവരുടെ മുന്നിലും പാപ്പൻ ഹീറോയായി. ചെളി പുരളാത്ത പുത്തൻ പോലെ പുസ്തകം സൂക്ഷിക്കുന്ന പാപ്പൻ എൻറെയും ആരാധനപാത്രമായി. പരീക്ഷ കഴിഞ്ഞ് പുസ്തകം തിരിച്ചു നൽകിയപ്പോൾ പാപ്പൻ മേടിച്ചില്ല .
കുഞ്ഞ് അതു മുഴുവൻ പഠിച്ച് നല്ല മാർക്ക് മേടിക്കണം.
പാപ്പൻ സ്നേഹം കൂടുമ്പോൾ എന്നെ വിളിച്ചിരുന്നത് അതായിരുന്നു കുഞ്ഞേ…
പുറം പോക്കിലെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പാപ്പൻ ഒന്നും പഠിച്ചില്ല. പുസ്തകം തുറന്നു പോലുമില്ല. പക്ഷേ അവയെല്ലാം പുത്തൻ മണം മാറാത്ത പുസ്തകമായി അവശേഷിച്ചു. ഇടയ്ക്കൊക്കെ അവയൊക്കെ തുറന്ന് താളു നിവർത്തി പുത്തൻ മണം ആസ്വദിച്ചു.
താന്നിക്കുഴിയും കടന്ന് വെള്ളപ്പാറമുറി കടവും നായ്ക്കൻ കടവും കടന്ന് കുട്ടൻ കടവിൽ എത്തുമ്പോൾ തോടിന് വീതി കൂടുതലാണ്. അലക്കാനുള്ള മിനുസമുള്ള കല്ലുകളിൽ നിന്ന് ഞങ്ങൾ പുഴയിലേയ്ക്ക് ചാടി മുങ്ങാംകുഴിയിട്ടു. തോട്ടിൽ കിടക്കുന്ന ചുള്ളി കമ്പുകൾ പാമ്പാണെന്ന് പേടിച്ച് കരയ്ക്കിരുന്ന ഞങ്ങളുടെ പേടി മാറ്റാൻ പാപ്പൻ വെള്ളത്തിലിറങ്ങി അവയെ എടുത്ത് പൊക്കി കാണിച്ചു .
പാപ്പൻ്റെ അപ്പൻ കുഞ്ഞൂഞ്ഞ് കുടികിടപ്പുകാരനായിരുന്നു. കുഞ്ഞൂഞ്ഞ് പണിക്ക് നിന്നിരുന്ന വീട്ടിലെ അടുക്കള പണിക്കാരിയായ സരോജിനിയുമായി ഇഷ്‌ടത്തിലായി കല്യാണം കഴിക്കുകയായിരുന്നു.
പ്രണയിക്കുന്ന സമയത്തൊന്നും മനസിലാക്കാത്ത ഒരു കാര്യം പീന്നീട് കുഞ്ഞൂഞ്ഞു കണ്ടെത്തി.
തന്റെ കെട്ട്യോള് തന്നെ സംസാരിക്കുന്നു… ചിരിക്കുന്നു….
നാട്ടിൽ അതൊരു വാർത്തയായി.
കുഞ്ഞൂഞ്ഞിന്റെ കെട്ട്യോൾ സരോജിനി കിറുക്കിയാണ്….
പിന്നീട് നാട്ടിലാകെ സരോജിനി എന്ന പേരുതന്നെ അലിഞ്ഞലിഞ്ഞു ഇല്ലാതായി . പകരം കിറുക്കി എന്ന ഒറ്റവാക്ക് സരോജിനിയുടെ പര്യായമായി മാറി…
കിറുക്കി സരോജിനി മരിച്ചു കഴിഞ്ഞപ്പോൾ പാപ്പന്റെ ഒറ്റയ്ക്കുള്ള നടപ്പും തന്നെയുള്ള വർത്തമാനങ്ങളും കൂടി…
അവസാനം പാപ്പനെ കണ്ടപ്പോൾ അവന്റെ ചിരിക്ക് ഒരു പ്രവാചക സ്വരം കൈ വന്നിരുന്നു. എന്തൊക്കെയോ പുലമ്പികൊണ്ട് അവൻ ഉറക്കെ ചിരിച്ചു. അരയിൽ തിരികിയ മദ്യ കുപ്പി കാണിച്ച് അവൻ എന്നെ ക്ഷണിച്ചു . ഞാൻ ഒഴിഞ്ഞുമാറി. ആരും കയറാൻ മടിക്കുന്ന മാവിന്റേയും പ്ലാവിന്റെയും ഉച്ചിയിലെ ഫലസമൃദ്ധി മറ്റുള്ളവർക്കായി അവൻ താഴെയെത്തിച്ചു…
മഴ ചെറുതായി ശമിച്ചു . വെറുതെ പുറത്തേക്കു നടന്നു. പരിചയക്കാരെ കണ്ട് സംസാരിച്ച് നടന്നു . അറിയാതെ ചെന്നെത്തിയത് നാലുകൂടുന്ന കവലയിലാണ്.
എല്ലാം പഴയതുപോലെതന്നെ. ചായകടയും പോസ്റ്റ് ഓഫീസും പിന്നെ പുതിയ ഒരു സ്റ്റേഷനറി കടയും. കട നടത്തുന്നത് ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച രാജുവാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ പരിചയമുള്ളവരെ കുറിച്ച് അവൻ ഒരു ചെറു വിവരണം നൽകി. ഒട്ടുമിക്കവരും സ്ഥലത്തില്ല. പണ്ടൊക്കെ ഇവിടെ നിന്ന് കിഴക്കൻ മേഖലയിലേയ്ക്കാക്കും മലബാറിലേയ്ക്കും ആയിരുന്നു ആൾക്കാർ കുടിയേറിയിരുന്നെങ്കിൽ ഇന്ന് യുകെയിലേയ്ക്കും കാനഡയിലേയ്ക്കും മറ്റുമാ …
സാധനങ്ങൾ ഒഴിഞ്ഞ മിഠായി ഭരണിയിലേയ്ക്ക് നിരാശയോടെ നോക്കിയാണ് അവനത് പറഞ്ഞത്. കവലയിൽ നിന്ന് ഇരുന്നൂറു മീറ്റർ പോലുമില്ല സ്കൂളിലേയ്ക്ക്. ഉച്ചയ്ക്ക് കിട്ടുന്ന ഇടവേളകളിൽ ഓടിവന്ന് 5 പൈസ മുട്ടായി മേടിക്കുമ്പോൾ കണ്ണുരുട്ടുന്ന കുഞ്ഞപ്പൻ സാറും ദേവസ്യ സാറും എവിടെയായിരിക്കും…
അവരൊക്കെ നേരത്തെ കടന്നുപോയി… സ്കൂൾ പഴയതുപോലെതന്നെ. വർഷങ്ങൾക്ക് അപ്പുറം ഒരു മാറ്റമില്ലാതെ സ്കൂളിനടുത്തുള്ള പാറയിൽ വരച്ച ഇന്ത്യയുടെ ഭൂപടം മങ്ങി മങ്ങി ഇല്ലാതായിരിക്കുന്നു. തൊട്ടപ്പുറത്ത് പ്രൗഢി ചോരാതെ പുലിക്കല്ല്. ഒരു ചെറിയ മാറ്റം മാത്രം തോന്നുന്നുണ്ട് . പൊക്കം ഇത്തിരി കുറഞ്ഞോ?
ആ ഭാഗത്തേയ്ക്ക് പോകരുതെന്ന് പറഞ്ഞ കുഞ്ഞപ്പൻ സാറിനെ ഓർത്തു. മഴക്കാലത്തെ പായല് പിടിച്ചു വഴക്കലുള്ള പുലിക്കല്ലിൽ കയറുക ദുഷ്കരമാണ്. നീണ്ട് തലയെടുപ്പോടെ നിൽക്കുന്ന കല്ലിനടിയിലെ വലിയ പൊത്തുകളുണ്ട്.
പണ്ട് അവിടെ പുലികൾ ഉണ്ടായിരുന്നത്രേ. അങ്ങനെ പാറയ്ക്ക് വന്ന പേരാണ് പുലിക്കല്ല്…പിന്നെ അത് ആ നാടിൻറെ വിളിപ്പേരായി..
മാഷുമാരുടെ ഉഗ്രശാസനയെ മറികടന്ന് അവിടെ പോയിരുന്നവർക്ക് നല്ലതല്ലു കിട്ടിയിരുന്നു.
പുലിക്കല്ലിൻറെ മുകളിൽ കയറിയാൽ ഒട്ടേറെ കാഴ്ചകൾ കാണാം. കുഞ്ഞിലെ ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലം ഏതാണെന്ന ചോദ്യത്തിന് പാപ്പന്റെ മറുപടി അതായിരുന്നു
-പുലിക്കല്ല്
പുലിക്കല്ലിന്റെ മുകളിലേക്ക് ഒന്ന് കയറിയാലോ ? ഒന്നു രണ്ടു പ്രാവശ്യം പാപ്പനൊപ്പം ഉച്ചിയിൽ കയറിയിട്ടുണ്ട്. അവിടെനിന്ന് നോക്കിയാൽ അങ്ങ് ദൂരെ പൂജ രാജാക്കന്മാരുടെ പള്ളിയും …. പിന്നെ മണിമലയാറും കാണാം.
പുലിക്കല്ല് കണ്ടപ്പോൾ വന്ന കാര്യം മറന്നു. പാപ്പനെ അടക്കിയത് ഇവിടെ എവിടെയോ ആണെന്നാണ് രാജു പറഞ്ഞത്. അവന് തന്നെ ഒരു ഉറപ്പുമില്ല. പേരറിയാത്ത ഒത്തിരി പേരുടെ ഒപ്പം ഇസ്പേഡ് പാപ്പന്റെ ശവകുടീരത്തിൽ ഏതെങ്കിലും ഒരു കാട്ടുപൂവെങ്കിലും സമർപ്പിക്കണമെന്ന എൻറെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല. കാടുകയറിയ ശ്മശാനത്തിന്റെ തിരിച്ചറിവിൻറെ അടയാളങ്ങൾ ഒന്നും അവശേഷിച്ചിരുന്നില്ല.
തിരിച്ചു നടക്കാനൊരുങ്ങുമ്പോൾ പുറകിൽ നിന്ന് ഒരു വിളി കേട്ടു ..
കുഞ്ഞേ ..
പാപ്പൻ വിളിക്കുന്ന അതെ വിളി…
ഞെട്ടി തിരിഞ്ഞു നോക്കി . ആദ്യം തിരിച്ചറിഞ്ഞില്ലങ്കിലും പിന്നെ മനസിലായി. യോശുവ മൂപ്പനാണ്.
എന്റെ മനസ് വായിച്ച പോലെ അയാൾ പറഞ്ഞു.
ഇവിടെയാ പാപ്പനെ അടക്കിയത്. ഒരു അടയാളപ്പെടുത്തലുമില്ലാത്ത മൺകൂന. ഒരു പക്ഷെ വേറെ അവകാശികളും ഉണ്ടായിരിക്കാം.
അയാൾ തുടർന്നു..
ഇവിടെയാ ഏലി , അവിടെ സാറ അപ്പുറം മാറി ശാമുവേൽ …
യോശുവ മൂപ്പന് ഒരു അടയാളം പോലുമില്ലാതെ എല്ലാവരുടെയും ശവകുടിരങ്ങൾ തിട്ടമാണ് .
അതിലുപരി എന്നെ അത്ഭുതപ്പെടുത്തിയത് ഞാൻ ഇത് വരെ ശ്രദ്ധിക്കാത്ത ഒരുകാര്യം ആയിരുന്നു.
മൂപ്പൻ പറഞ്ഞ പേരുകളിൽ ഒട്ടുമിക്കതിനും ഒരു സാമ്യം ഉണ്ടായിരുന്നു.
അവയിൽ പലതും പഴയ നിയമത്തിലേതായിരുന്നു…
റ്റിജി തോമസ് :റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
ആതിര മഹേഷ്
ഇലയിട്ടതിലിടതുവശത്തിമ്മിണി ഉപ്പ്..
വിശക്കുന്നവനിലയില്ലെങ്കിലും അവനുമുണ്ട്
കഷ്ടപ്പാടിൻ കണ്ണീരുപ്പ്..
അവനില്ലൊരോണവും ഓണസദ്യയും
ഇലയിടത്തൊരു വട്ടമതിനുള്ളിൽ
പല വട്ടവുമായി പപ്പടം..
നിവരാവട്ടമായ് പൊട്ടിപ്പൊടിഞ്ഞ ജീവിതങ്ങൾക്കില്ലൊരോണവും ഓണസദ്യയും
തൊട്ടരികിൽ ഉപ്പേരി..
എണ്ണയിൽ പൊള്ളിച്ചിരിച്ച മഞ്ഞപ്പടയെ
കറുമുറകടിച്ചെടുത്തടുത്തയിലയിൽ കയ്യിടുമ്പോൾ…
പൊള്ളും വെയിലിൽ ചിരിയില്ലാതെ പണിയെടുക്കുന്നവനില്ലൊരോണവും ഓണസദ്യയും
നാവിൽ തൊടുകറികളുടെ എരി പുളി മധുരം നുണയുമ്പോൾ
രസനയിൽ തേനും വയമ്പുമിറ്റിക്കാത്തവനില്ലൊരോണവും ഓണ സദ്യയും
അവിയലൊരുക്കും ഏകത്വം
അകത്താക്കുന്നവനുള്ളിൽ ബഹുത്വം
മാറേണമിതൊക്കെയുമെങ്കിൽ
ഒരുമവേണമതിനൊക്കെയും
ഇല നിറച്ച ശുഭ്രതപോലെ
പായസ മധുരം പോലെ
ഉള്ളവനില്ലാത്തവനൂ ട്ടുന്നൊരോണക്കാലം
ഉണ്ടാവണമിനി എക്കാലവും
ഇലമടക്കാം അഭിമുഖമായ്
അണി നിരക്കാം മുന്നോട്ട്
ഇനി നമുക്കീ ലോകത്തെ
സമൃദ്ധിപൂക്കുന്നിടമാക്കാം..
ആതിര എം. കുമാർ :
1999 മെയ് 18 ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനനം. അച്ഛൻ പി. മഹേഷ് കുമാർ,അമ്മ ബിന്ദു. ജി,ജീവിത പങ്കാളി ഗോകുൽ രാജ്.
മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത് ബിരുദ – ബിരുദാനന്തര ബിരുദ -ബി.എഡ് പഠനം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും റാങ്കുകളോടെ പൂർത്തിയാക്കി. കലോത്സവവേദികളിലൂടെയും വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെയും ബാല്യകാലം മുതലേ കവിതാരചനയിൽ പങ്കെടുത്ത് സമ്മാനാർഹയായിട്ടുണ്ട്. NSS ഹിന്ദു കോളേജ് ചങ്ങനാശ്ശേരിയിലെ മലയാളവിഭാഗം അധ്യാപികയായിരുന്നു. NSS HSS രാമങ്കരി ഹയർസെക്കൻഡറി വിഭാഗത്തിലും മലയാളം അധ്യാപിക ആയിരുന്നു. നിലവിൽ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. തിരുവനന്തപുരം അനന്തപുരി സാംസ്കാരിക കൂട്ടായ്മ ശ്രേഷ്ഠയുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച കവിതകൾ :
സഹജീവിതം
പൊതുദർശനം
വിവാഹമാർക്കറ്റ്