വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പോപ്പ് ഫ്രാന്‍സിസ് കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ ബസലിക്കയില്‍ എത്തിച്ചേര്‍ന്നു. ലോകമെങ്ങുമുള്ള ദുരിതമനുഭവിക്കുന്നവര്‍ക്കും സ്ത്രീകള്‍ക്കും അഭയാര്‍ഥികള്‍ക്കും തണലാവണമെന്ന് എല്ലാ ക്രൈസ്തവ വിശ്വാസികളെയും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

ദാരിദ്ര്യം, ചൂഷണത്തിന്റെയും ക്രൂരതയുടെയും ഫലമായുള്ള തീരാദുഃഖം ഇന്ന് നിരവധി സ്ത്രീകളുടെ മുഖത്ത് നാം കാണുന്നുണ്ട്. രാജ്യം നഷ്ടപ്പെട്ട് കുടിയേറി പോയവരും കുടുംബവും വീടും നഷ്ടപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കേണ്ട ചുമതല നമുക്കെല്ലാമുണ്ടെന്നും ഈസ്റ്റര്‍ ദിനത്തില്‍ അദ്ദേഹം പറഞ്ഞു.