Latest News

പ്രശസ്ത ബോളിവുഡ് നടി റീമ ലഗു മുംബൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ധേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. 970കളിൽ മറാത്തി സിനിമയിലൂടെ എത്തിയ റീമ പിന്നീട് ബോളിവുഡിൽ സജീവമാവുകയായിരുന്നു.  നായകകഥാപാത്രങ്ങളുടെ അമ്മ വേഷങ്ങളില്‍ തിളങ്ങിയാണ് റിമ ശ്രദ്ധേയായത്. മേനെ പ്യാര്‍ കിയ, ഹം ആപ്കെ ഹേ കോൻ , കുച്ച്  കുച്ച് ഹോത്താ ഹേ, ഹം സാത്ത് സാത്ത് ഹെ, കല്‍ ഹോ ന ഹോ,  തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങള്‍. നാം കരണ്‍ എന്ന സീരിയലിലാണ് അവസാനം അഭിനയിച്ചത്. തു തു മേ മേ, ശ്രീമാന്‍ ശ്രീമതി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. നാല് ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അവർ നേടിയിട്ടുണ്ട്. റീമയുടെ മരണത്തിൽ ബോളിവുഡ് താരങ്ങൾ അനുശോചിച്ചു.

മുന്നൊരുക്കങ്ങളിൽ കാണിച്ച അലംഭാവം കാരണം അനിശ്ചിതത്വത്തിലായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് ഇന്ന് ഫിഫ സംഘം മാർക്കിടും. ഫിഫ അമ്ടർ 17 ലോകകപ്പ് ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പിയുടെ നേതൃത്വത്തിലാണ് ജവഹർലാൽ സ്റ്റേഡിയവും മററ് പരിശീലന വേദികളും ഇന്ന് പരിശോധിക്കുക.

കഴിഞ്ഞ പരിശോധന സമയത്ത് വളരെ പിന്നിലായിരുന്ന സ്റ്റേഡിയത്തിന്റെ പണി വളരെയധികം മുന്നോട്ട് നീങ്ങിയിട്ടുണ്ടെന്ന് ടൂർണമെന്റിന്റെ നോഡൽ ഓഫീസറായ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ഫിഫ നിർദ്ദേശിച്ച മുന്നൊരുക്കങ്ങൾ 98 ശതമാനവും പൂർത്തിയാക്കാൻ സാധിച്ചെന്നാണ് അദ്ദേഹത്തിന്റെ വാദം.

എന്നാൽ ഇക്കാര്യത്തിൽ ഫിഫയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആദ്യം കാണിച്ച അലംഭാവത്തെ തുടർന്ന് കേന്ദ്ര കായിക മന്ത്രാലയവും ഫിഫ സംഘവും കേരളത്തിലെ ഫിഫ ടൂർണമെന്റ് സമിതിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത ഭാഷയിലുള്ള ഈ മുന്നറിയിപ്പിനെ തുടർന്നാണ് കേരളം വേഗത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയത്.

നിർമ്മാണം മെയ് 15 നകം പൂർത്തിയാക്കണമെന്ന് ഫിഫ സംഘം കേരളത്തിന് അന്ത്യശാസനം നൽകിയിരുന്നു. ഇപ്പോൾ സ്റ്റേഡിയത്തിലെ മൈതാനത്തിന്റെ ജോലികളും കസേരകൾ ഘടിപ്പിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. അഗ്നി ശമന സംവിധാനങ്ങൾ ഘടിപ്പിക്കുന്നതും വൈദ്യുതി ജോലികളും പൂർത്തീകരിച്ചതായാണ് വിവരം.

താരങ്ങളുടെ മുറിക്കകത്തുള്ള ചെറിയ ജോലികൾ പ6ൂർത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതിയിൽ ഫിഫ സംഘം സംതൃപ്തി രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കൊൽക്കത്തയിൽ സാൾട്ട് ലേക് സ്റ്റേഡിയത്തിലേക്ക് ആദ്യ ഘട്ടത്തിൽ നീക്കിവച്ച എല്ലാ ടിക്കറ്റുകളും ചൊവ്വാഴ്ച രാത്രി വിൽപ്പന ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. മറ്റ് അഞ്ച് വേദികളിൽ മന്ദഗതിയിലാണ് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നത്.

ടൂർണമെന്റിനുള്ള സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യ ഫ്രാൻസ് ക്ലബ് സെന്റ് ലിയുവിനോട് സമനി വഴങ്ങി. നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റാൻ ഇന്ത്യക്ക് സാധിച്ചില്ല. മത്സരത്തിന്റെ 58ാം മിനിറ്റിൽ റെമി യിലൂടെ മുന്നിലെത്തിയ ഫ്രഞ്ച് ടീമിനെ 72ാം മിനിറ്റിൽ നേടിയ കോമളാണ് പിടിച്ചുകെട്ടിയത്.

കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസ്സുകാരനയ അനിൽ മാധവ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. മദ്ധ്യപ്രദേശിൽ നിന്നുള്ള എംപിയായിരുന്നു. 2016 ലെ മന്ത്രിസഭ പുനസംഘടന നടത്തിയപ്പോഴാണ് അനിൽ മാധവ് ദവെ ക്യാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്.

ആർഎസ്എസിലൂടെയാണ് ദവെ പൊതുപ്രവർത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവർത്തനത്തിന്‍റെ മുൻനിര പോരാളികളിൽ ഒരാളാണ് ദവെ. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളിൾ അംഗമായിരുന്നു അദ്ദേഹം.ദവെയുടെ വിയോഗം വലിയ നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു .

തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ മഞ്ജു വാര്യരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും ആര്‍ക്കും പരാതിയില്ല. സിനിമാ ഷൂട്ടിംഗിന് തടസ്സമുണ്ടാക്കാതിരിക്കാന്‍ എല്ലാം അണിയറക്കാര്‍ തന്നെ പറഞ്ഞ് തീര്‍പ്പാക്കി. ഇത് ഇനിയും ഇതേ ലൊക്കേഷനില്‍ ഷൂട്ടിങ് ഉള്ളതുകൊണ്ടാണിതെന്നാണ് സൂചന.

മഞ്ജുവാര്യരെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ സംഭവം എത്തിച്ചു. എന്നാല്‍ ചെങ്കല്‍ചൂള കോളനിയില്‍ പാഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഒന്ന് നടന്നില്ലെന്നാണ് സിനിമാക്കാര്‍ പറഞ്ഞതെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം വ്യക്തമാക്കുന്നു.

ചെങ്കല്‍ചൂളയിലെ ഒരു നടന്റെ ഫാന്‍സുകാരായിരുന്നു ഇതിന് പിന്നില്‍. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയതും ആക്രമിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു. ഇതില്‍ സിനിമാ ലോകം ഒന്നടങ്കം പ്രതിഷേധവുമായെത്തി. സിനിമാ നടിമാരുടെ സുരക്ഷയെ പറ്റി വാചാലരായി. എന്നാല്‍ ചെങ്കല്‍ചൂളയില്‍ മഞ്ജു വാര്യരെ പോലൊരു നടിയെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും പൊലീസില്‍ പരാതി പോലും ആരും നല്‍കിയില്ല. വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു വാര്യര്‍ ചെയ്ത വേഷങ്ങളെല്ലാം നിലയും വിലയുമുള്ള കഥാപാത്രങ്ങളായിരുന്നു. ചെങ്കല്‍ച്ചൂള കോളനിയിലെ സാധാരണ സ്ത്രീയായി മഞ്ജു അഭിനയിക്കുന്ന സിനിമയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു കോളനി സ്ത്രീയായി അഭിനയിക്കുന്നത്.

കാന്‍സര്‍ രോഗിയായ തന്നെ ചികില്‍സിക്കാമോ എന്ന് വാട്സപ്പിലൂടെ അച്ഛനോട് കരഞ്ഞപേക്ഷിച്ച പതിമൂന്നുകാരി സായി ശ്രീ മരണത്തിന് കീഴടങ്ങി. മരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് സായി ശ്രീ കെഞ്ചി അപേക്ഷിച്ചിട്ടും ഒന്നു കാണാന്‍ പോലും അച്ഛന്‍ ശിവകുമാര്‍ തയാറായില്ല. ആന്ധ്രയിലെ വിജയവാഡ സ്വദേശിയായ സായിയുടെ അച്ഛനും അമ്മയും രണ്ടുവര്‍ഷം മുന്‍പാണ് വിവാഹബന്ധം വേര്‍പിരിഞ്ഞത്.
അസ്ഥി മജ്ജയില്‍ കാന്‍സറാണെന്ന് അറിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്ത അച്ഛനോടാണ് സായി കരഞ്ഞപേക്ഷിച്ചത്. വാട്സാപ്പിലൂടെ അച്ഛന് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ‍ വൈറലാണ്. ഈ വീഡിയോ അച്ഛന് അയച്ചുകൊടുത്ത് ദിവസങ്ങള്‍ക്കകം അവള്‍ ലോകത്തോട് വിടപറയുകയും ചെയ്തു. ദൃശ്യങ്ങള്‍ വൈറലായതോടെ ആന്ധ്രാപ്രദേശ് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കഴിവുണ്ടായിട്ടും ചികില്‍സിക്കാന്‍ പണം നല്‍കാത്തതിനാണ് കേസെടുത്തത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനെയും ചുമതലപ്പെടുത്തി. രോഗബാധിതയായ സായിയെ ചികില്‍സിക്കാന്‍ അമ്മ സുമ ശ്രീക്ക് സാമ്പത്തികമില്ലാത്തതിനാലാണ് ബെംഗളൂരുവില്‍ താമസിക്കുന്ന അച്ഛന് സായി വാട്സാപ്പ് സന്ദേശമയച്ചത്. മകളുടെ ചികില്‍സയ്ക്കായി വീട് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വാങ്ങാനെത്തിയവരെ ശിവകുമാര്‍ ഭീഷണിപ്പെടുത്തിയതായും സുമശ്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇവൾ ആര് ചാമ്പൽ റാണിയോ!!! സിനിമാ സ്‌റ്റൈല്‍ കിഡ്‌നാപ്പില്‍ പകച്ചൊരു ഗ്രാമം. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപിച്ച് വിവാഹവേദിയില്‍ നിന്ന് വരനെ തോക്കു ചൂണ്ടി യുവതി കടത്തി കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലാണ് യുവതി വിവാഹവേദിയില്‍ നിന്നും വരനെ കടത്തിക്കൊണ്ട് പോയത്. ബുന്ദേല്‍ഖണ്ഡ് സ്വദേശിയായ അശോക് യാദവിനെയാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി കല്ല്യാണ പന്തലില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് അശോക് യാദവും യുവതിയും തമ്മില്‍ പരിചയത്തിയാലയത്. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍, ഈ ബന്ധം അംഗീകരിക്കാതെ യാദവിന്റെ വീട്ടുകാര്‍ മകനെ മറ്റൊരു പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അശോക് യാദവ് വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. കാറില്‍ എത്തിയ യുവതി മുകളിലേക്ക് വെടിവെച്ചതായും പറയപ്പെടുന്നു. തുടര്‍ന്ന് വരനെ കാറില്‍ കയറ്റി ഓടിച്ചുപോവുകയായിരുന്നു. ഇന്നലെ രാത്രി വൈകിയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ യാദവിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞെത്തിയ കാമുകിയായ യുവതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യാദവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വിവാഹത്തിന് എത്തിയ അതിഥികള്‍ എല്ലാവരും നോക്കി നില്‍ക്കേയാണ് യുവതി തോക്ക് ചൂണ്ടി ഇയാളെയും കൂട്ടി കടന്ന് കളഞ്ഞത്.രണ്ടു പേര്‍ക്കൊപ്പമായിരുന്നു യുവതി വിവാഹ വേദിയിലേക്ക് വന്നത്. തന്നെ വിവാഹം ചെയ്യാമെന്ന് യാദവ് ഉറപ്പ് നല്‍കിയതാണെന്നും എന്നിട്ട് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത് അനുവദിക്കില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് യുവാവിനെ പുറത്ത് നിറുത്തിയിട്ടിരുന്ന എസ്.യു.വിയില്‍ കയറ്റിപ്പോവുകയായിരുന്നു.

കടയിൽ നിന്നും ഭക്ഷണം കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടര്‍ന്ന് എറണാകുളത്ത് ഹോട്ടലുടമയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. വൈറ്റില എളംകുളത്ത് ഹോട്ടൽ നടത്തുന്ന ജോൺസൺ ആണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ പ്രതീഷ് എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് കൊലപാതകം നടന്നത്. കുത്തേറ്റ ജോണ്‍സനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

കേരളാകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ക്യാബിനറ്റ് പദവിയും തത്തുല്യ ആനുകൂല്യങ്ങളും നല്‍കിയാണ് പിള്ളയും വീണ്ടും നിയമിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച മുന്നോക്ക വികസന കോര്‍പ്പറേഷന്റെ ആദ്യ അധ്യക്ഷനും ബാലകൃഷ്ണ പിളളയായിരുന്നു.

ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കയതിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനടക്കമുള്ള ഇടതുമുന്നണി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കരിങ്കള്ളനാണ് പിള്ളയെന്നും അങ്ങനെയുള്ളയാള്‍ക്ക് ക്യാബിറ്റ് പദവി നല്‍കിയിരിക്കുന്നതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കള്ളന്മാരുടെ കൂട്ടുകെട്ടായിയിരിക്കുകയാണ് എന്നും വിഎസ് അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതോടെ പിള്ളയ്ക്ക് വീണ്ടും അതേ പദവി കിട്ടിയിരിക്കുകയാണ്.

‘സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റും ഗ്ലാമറസ് മിനി റിച്ചാർഡും ഒന്നിക്കുന്നു’. കഴിഞ്ഞ രണ്ട് ദിവസമായി നവമാധ്യമങ്ങളിൽ സജീവ ചർച്ചയാണ് ഈ വാർത്ത. ഒരു സിനിമാ വാരിക നൽകിയ ഈ വാർത്ത പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്തകളെല്ലാം തെറ്റാണെന്ന് സന്തോഷ് പണ്ഡിറ്റ്  ഞങ്ങളുടെ ലേഖകനോട് പറഞ്ഞു

‘തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് എനിക്കറിയില്ല. ആരാണ് മിനി റിച്ചാർഡ്. ആ കുട്ടിയെ ഞാൻ അറിയുക പോലുമില്ല’ സന്തോഷ് പണ്ഡിറ്റ്  പറഞ്ഞു. ഉരുക്കു സതീശൻ മാത്രമാണ് താൻ സംവിധാനം ചെയ്യുന്ന ചിത്രമെന്നും താനിപ്പോൾ ഉരുക്കു സതീശന്റെ സെറ്റിലാണെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. താൻ തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്ത് അഭിനയിക്കുന്ന ഉരുക്കു സതീശന് പുറമെ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയിലും താൻ അഭിനയിക്കുന്നുണ്ടെന്നും പണ്ഡിറ്റ് അറിയിച്ചു.

മമ്മൂട്ടിയോടൊപ്പം മുഴുനീള റോളിലാണ് പുലിമുരുകൻ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ രചിക്കുന്ന സിനിമയിൽ പണ്ഡിറ്റ് എത്തുന്നത്. മമ്മൂട്ടി ചിത്രത്തിനിടയിൽ ലഭിച്ച അഞ്ച് ദിവസത്തെ ഇടവേളയിലാണ് ഉരുക്കു സതീശന്റെ ജോലികൾ പുനരാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സന്തോഷ് പണ്ഡിറ്റ് തമിഴ്-ഹിന്ദി സിനിമകൾ ചെയ്യാൻ പോകുന്നു എന്ന വാർത്ത താരം നിഷേധിച്ചില്ല. ഒരു തമിഴ് സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ സ്ഥിരീകരിക്കാനുള്ള സമയമായില്ലെന്നും താരം വ്യക്തമാക്കി.

മമ്മൂട്ടിയോടൊപ്പമുള്ള സിനിമ കഴിഞ്ഞയുടൻ സന്തോഷ് പണ്ഡിറ്റും ‘ലേഡി സന്തോഷ് പണ്ഡിറ്റ്’ എന്നറിയപ്പെടുന്ന മിനി റിച്ചാർഡും ജോഡികളായി സിനിമ ചെയ്യുന്നു എന്നാണ് പ്രചരിക്കുന്ന വാർത്ത. പതിവിന് വിപരീതമായി മിനി റിച്ചാർഡ് ആയിരിക്കും സിനിമ നിർമിക്കുകയെന്നും ന്യൂയോർക്കും ബെംഗളൂരുവുമൊക്കെയാണ് പ്രധാന ലൊക്കേഷൻ എന്നുമെല്ലാം വ്യാജ വാർത്ത പറയുന്നു.

Image result for mini richard image
ഒരറ്റ ആൽബം കൊണ്ട് ഏറെ ശ്രദ്ദേയയായ താരമാണ് മിനി റിച്ചാർഡ്. മിനിയുടെ ചില പ്രസ്താവനകളും ഏറെ വിവാദമായിരുന്നു. വായുവും വെള്ളവും പോലെയാണ് സെക്സ്, അത് ആസ്വാദിക്കാത്തവരെല്ലാം മണ്ടന്മാരാണ് എന്ന മിനിയുടെ പ്രസ്താവന നവമാധ്യങ്ങൾ ആഘോഷമാക്കിയിരുന്നു.

ബീഹാറിലെ റോഹ്താക്കില്‍ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പത്ത് വയസുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് ഡോക്ടര്‍മാരുടെ അനുമതി. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട പ്രകാരം റോഹ്ത്താക്കിലെ പണ്ഡിറ്റ് ഭാഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എട്ടംഗ വിദഗ്ദ്ധ സംഘമാണ് ഗര്‍ഭച്ഛിദ്രത്തിന് അനുവാദം നല്‍കിയിരിക്കുന്നത്.

അതേസമയം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ രംഗത്തെത്തി. ഗര്‍ഭച്ഛിദ്രത്തിനായി കുട്ടി കഴിയുന്ന ആശുപത്രിയില്‍ നിന്നുമാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തോടോപ്പം അറസ്റ്റിലായ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടുനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ ജയിലില്‍ അടച്ചാല്‍ മറ്റ് മക്കളെ ആര് നോക്കുമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നത്. നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ആദ്യ ഭര്‍ത്താവിന്റെ മരണ ശേഷം ഭര്‍ത്താവിന്റെ അനിയന്‍ ഇവരെ വിവാഹം കഴിക്കുകയായിരുന്നു. മൂത്ത പെണ്‍കുട്ടിക്ക് 15 വയസ്സുണ്ട്. രണ്ടാമത്തെ കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. മൂന്നാമത്തെ പെണ്‍കുട്ടിക്ക് ആറും ഇളയ ആണ്‍കുട്ടിക്ക് നാലും വയസ്സുണ്ട്. ഹരിയാനയിലെ തിലക് പൂര്‍ ജില്ലയില്‍ നിന്നും റോഹ്താക്കിലെത്തിയ ദമ്പതികള്‍ കൂലിപണിയെടുത്താണ് ജീവിക്കുന്നത്. 15,000 രൂപയാണ് മാസവരുമാനം.

എന്നാല്‍ പ്രസവവും ഗര്‍ഭച്ഛിദ്രവും പെണ്‍കുട്ടിക്ക് ഒരുപോലെ അപകടമാണെന്ന് പെണ്‍കുട്ടിയെ പരിശോധിക്കുന്ന ഡോ. അശോക് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 മുതല്‍ 22 മാസം വരെ ഭ്രൂണത്തിന് വളര്‍ച്ചയുണ്ടാവാനാണ് സാധ്യത എന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. 20 മാസത്തിന് ശേഷമുള്ള ഗര്‍ഭച്ഛിദ്രത്തിന് ഇന്ത്യയില്‍ അനുമതിയില്ല. 20 മുതല്‍ 24 മാസം വരെയുള്ള സമയത്തെ ഗര്‍ഭച്ഛിദ്രത്തിന് കോടതിയുടെ പ്രത്യേക അനുമതിയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും വേണം.

RECENT POSTS
Copyright © . All rights reserved