ഉപയോക്താവിന് ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കാതിരിക്കുകയും വാഹനത്തിന്റെ ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള സംവിധാനം നല്‍കുകയും ചെയ്യാത്ത പെട്രോള്‍ പമ്ബുടമ 23,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാരം കമ്മിഷന്‍ വിധി.
മല്ലശേരി മണ്ണില്‍ ഫ്യൂവല്‍ എന്ന നയാര പമ്ബിന്റെ പ്രൊപ്രൈറ്റര്‍ക്ക് എതിരേയാണ് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് വിധി പ്രസ്താവിച്ചത്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ വാഴമുട്ടം ഈസ്റ്റ് പാലയ്ക്കല്‍ വീട്ടില്‍ കെ.ജെ. മനുവാണ് അഡ്വ. വര്‍ഗീസ് പി. മാത്യു മുഖേനെ കമ്മിഷനെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 25 ന് മനു തന്റെ കാറില്‍ 2022 രൂപയ്ക്ക് ഡീസല്‍ പമ്ബില്‍ നിന്നും നിറച്ചു. തുടര്‍ന്ന് ടയറില്‍ കാറ്റ് അടിക്കണമെന്ന് ആവശ്യപ്പെട്ടു. വേണമെങ്കില്‍ തന്നെ അടിച്ചോളാനാണ് ജീവനക്കാര്‍ നിര്‍ദേശിച്ചത്. ഇതിന്‍ പ്രകാരം മനു തനിയെ കാറ്റടിക്കാന്‍ ശ്രമിച്ചുവെങ്കിലും കംപ്രസര്‍ ഓണ്‍ അല്ലാത്തതിനാല്‍ കഴിഞ്ഞില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കംപ്രസര്‍ ഓണ്‍ ചെയ്യാന്‍ സൗകര്യമില്ല എന്ന് അറിയിച്ചു. തുടര്‍ന്നാണ് മനു ടോയ്ലറ്റ് സൗകര്യം ചോദിച്ചത്. ഇതും നിഷേധിച്ചു. കമ്മിഷന്‍ ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചു. എതിര്‍ കക്ഷി വക്കീല്‍ മുഖേനെ ഹാജരായെങ്കിലും തന്റെ ഭാഗം കൃത്യസമയത്തത് ഹാജരാക്കാന്‍ സാധിച്ചില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ എക്സ്പാര്‍ട്ടി വിധി പ്രസ്താവിച്ചു. ഹര്‍ജി കക്ഷിക്കുണ്ടായ മാനസിക വ്യഥയും സമ്മര്‍ദവും കണക്കിലെടുത്ത് 20000 രൂപ നഷ്ടപരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം. വീഴ്ച വരുത്തിയാല്‍ 10 ശതമാനം പലിശ കൂടി നല്‍കണം. കൂടാതെ കോടതി ചെലവിലേക്ക് 3000 രൂപ കൂടി നല്‍കണം. പെട്രോള്‍ പമ്ബില്‍ ഉപയോക്താക്കള്‍ക്ക് ചില അവകാശങ്ങള്‍ കൂടിയുണ്ടെന്നും ഇത് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് താന്‍ കമ്മിഷനെ സമീപിച്ചതെന്നും മനു പറഞ്ഞു.
വീണ്ടും വിവാഹം കഴിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നാലാം വിവാഹ ജീവിതത്തിലേക്കു കടന്ന് ബാല. ബാലയുടെ മാമന്റെ മകൾ കോകിലയാണ് ജീവിത സഖി ആയെത്തുന്നത്. കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും മാധ്യമ പ്രവർത്തകരുമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
‘‘എന്റെ ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാൻ പറ്റിയില്ല, 74 വയസ്സുണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോൾ നടന്നത്. വാഴ്‍ത്തണമെന്ന് മനസ്സുള്ളവർ വാഴ്ത്തുക.
കോകിലയ്ക്ക് മലയാളം അറിയില്ല. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യത്തിൽ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില. കരൾ മാറ്റിവച്ച ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. ജീവിതത്തിൽ സമാധാനമുണ്ട്. ’’–വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആദ്യ വിവാഹത്തെക്കുറിച്ച് ബാല ഒരിക്കൽപോലും വെളിപ്പെടുത്തിയിരുന്നില്ല. 2010ല്‍ മലയാളത്തിലെ ഒരു ഗായികയെ ബാല വിവാഹം ചെയ്തു.
എങ്കിലും വിവാഹജീവിതം അത്ര രസത്തിൽ ആയിരുന്നില്ല. തന്നെ കല്യാണം കഴിക്കുന്നതിന് മുന്‍പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന് ഈ ഗായിക തന്നെ പിന്നീട് തുറന്നു പറയുകയും ചെയ്തു. ഗായികയുമായുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടർ എലിസബത്ത് ഉദയനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം നിയമപരമായി റജിസ്റ്റർ ചെയ്തിരുന്നില്ല.
അതിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെ ഗായികയെയും മകളെയും ആക്ഷേപിക്കുന്നുവെന്ന പരാതിയിൽ നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം താൻ വീണ്ടും വിവാഹിതനാകുമെന്ന് നടൻ പ്രഖ്യാപിച്ചു. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉടൻ ഉണ്ടാകുമെന്നും ബാല അറിയിച്ചിരുന്നു.
അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ചാണ് അപകടം. അല്‍ റീം ഐലന്‍ഡിലെ കെട്ടിടത്തിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന തൊഴിലാളി ശ്വാസം മുട്ടി വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മലയാളികള്‍ അപകടത്തില്‍പെട്ടത്.
കോന്നി മണപ്പാട്ടില്‍ വടക്കേത്തില്‍ രാമചന്ദ്രകുറുപ്പിന്റെയും ശ്യാമളയമ്മയുടേയും മകനാണ് അജിത്ത്. അശ്വതിയാണ് ഭാര്യ. മൂന്നര വയസ്സുള്ള മകനുണ്ട്.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.
ദേശീയപാത കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കൾ മരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തിൽ വീട്ടിൽ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മുഹമ്മദ് അഫ്സൽ (17) എന്നിവരെ തിരിച്ചറിഞ്ഞു. വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണാന്തറ വെളയാൻതോട് വിജയകുമാറിന്റെയും ജാനകിയുടെയും മകനാണ് വിഷ്ണു. കീഴ്‍മുറി വീട്ടിൽ കൃഷ്ണന്റെയും ഓമനയുടെയും മകനാണ് വിജേഷ്. വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരന്റെ മകനാണ് രമേഷ്. മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മെഹമൂദിന്റെ മകനാണ് അഫ്സൽ.
ചൊവ്വാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചെന്നു പോലീസ് പറഞ്ഞു. ജില്ലാശുപത്രിയിലേക്ക് കൊണ്ടുവരുംവഴിയാണ് രണ്ടുപേർ മരിച്ചത്.
മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ അമിതവേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് ചെറിയ മഴയുമുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി. കരിമ്പുഴ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കൾ.
സംഭവമറിഞ്ഞ നാട്ടുകാരാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും ആംബുലൻസിനെയും വിളിച്ചത്. കല്ലടിക്കോട് പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കോങ്ങാടുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ലോറിഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്കും പരിക്കുണ്ട്.
കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി. സോണിയ ഗാന്ധിക്കൊപ്പമാണ് മൈസൂരില്‍ നിന്ന് പ്രിയങ്ക സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്. ഇന്ന് സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ താമസിക്കുന്ന പ്രിയങ്കാ ഗാന്ധി നാളെ രാവിലെ പതിനൊന്ന് മണിയോടെ കല്‍പ്പറ്റ ബസ് സ്റ്റാന്റ് പരിസരത്ത് എത്തും. ഇവിടെ നിന്നും തുടങ്ങുന്ന റോഡ്ഷോയോട് കൂടി പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങും. രാഹുല്‍ ഗാന്ധിയും റോഡ് ഷോയില്‍ പ്രിയങ്കാ ഗാന്ധിയെ അനുഗമിക്കും.
നാളെ രാവിലെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുനെ ഖാര്‍ഗെയും കല്‍പറ്റയിലെത്തും. ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തുന്ന രാഹുല്‍ ഹെലികോപ്ടറിലാവും കല്‍പറ്റയിലെത്തുക. 11.10നാണ് കല്‍പറ്റയില്‍ നിന്ന് റോഡ് ഷോ ആരംഭിക്കുക. പ്രിയങ്കയും രാഹുലുമാണ് റോഡ് ഷോയില്‍ പങ്കെടുക്കുക. റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സോണിയ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.റോഡ് ഷോ ആയിട്ടാണ് പ്രിയങ്ക കളക്ട്രേറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുക. 12 മണിയോടെ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങും. ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക വീണ്ടും വയനാട്ടിലെത്തും.
സ്ഥാനാര്‍ത്ഥിയായ ശേഷം ആദ്യമായി വയനാട്ടില്‍ എത്തുന്ന പ്രിയങ്കാ ഗാന്ധിയുടെ ആദ്യ പ്രചരണപരിപാടി ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളും കല്‍പ്പറ്റയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. മൂന്ന് ജില്ലകള്‍ ഉള്‍പ്പെട്ട മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുളള നേതാക്കള്‍ കല്‍പ്പറ്റയില്‍ എത്തിയിട്ടുണ്ട്. നാളത്തെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പ്രവര്‍ത്തകരും വയനാട്ടില്‍ എത്തും.
നാളെ രാവിലെ മല്ലിഖാര്‍ജ്ജുന ഖാര്‍ഖെയും വയനാട്ടില്‍ എത്തും. ഹെലികോപ്ടര്‍ മാര്‍ഗം എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്ന ഖാര്‍ഗെയും പൊതുയോഗത്തില്‍ പ്രിയങ്കാ ഗാന്ധിക്കൊപ്പം അണിചേരും. റോഡ് ഷോ കടന്നു പോകുന്ന വഴിയിലാണ് പൊതുയോഗം നടത്തുക. പൊതുയോഗത്തില്‍ വെച്ച് സോണിയാ ഗാന്ധിയും ഖാര്‍ഖെയും ഉള്‍പ്പടെയുളളവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും വോട്ടര്‍മാരേയും അഭിസംബോധന ചെയ്യും. ഇതിന് ശേഷമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. പത്രിക സമര്‍പ്പണത്തിന് ശേഷം വൈകീട്ടോടെ പ്രിയങ്കാ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങും.
സ്ഥാനാര്‍ത്ഥിയായ ശേഷം ആദ്യമായി വയനാട്ടില്‍ എത്തുന്ന പ്രിയങ്കാ ഗാന്ധിയുടെ ആദ്യ പ്രചരണപരിപാടി ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളും കല്‍പ്പറ്റയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. മൂന്ന് ജില്ലകള്‍ ഉള്‍പ്പെട്ട മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുളള നേതാക്കള്‍ കല്‍പ്പറ്റയില്‍ എത്തിയിട്ടുണ്ട്. നാളത്തെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പ്രവര്‍ത്തകരും വയനാട്ടില്‍ എത്തും.
കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. സി .ബി.ഐയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് 1 കോടി 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി സലീഷ് കുമാർ (47) നെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് സി.ബി.ഐ.യിൽ നിന്നുമാണെന്ന് പറഞ്ഞു വിളിക്കുകയും, മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടമ്മ പലതവണകളായി ഒരു കോടി എൺപത്തിയാറ് ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ ഇവര്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ ഗോവയിൽ നിന്നും പിടികൂടുകയായിരുന്നു.
സലീഷ് കുമാറിന് തൃശ്ശൂർ ജില്ലയിലെ വരന്തരപ്പള്ളി, കൊരട്ടി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓക്സ്ഫോർഡ് സര്‍വകലാശാലയിലെ സോമര്‍വില്ലെ കോളേജുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ്, രത്തന്‍ ടാറ്റയുടെ ഓര്‍മയ്ക്കായി കെട്ടിട നിര്‍മാണം പ്രഖ്യാപിച്ചു. അധ്യാപന-പഠന ഇടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഫലപ്രദമായ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
2025-ല്‍ നിര്‍മാണം ആരംഭിക്കും. സോമര്‍വില്ലെ കോളേജും ടാറ്റ ഗ്രൂപ്പിന്റെ എമിരിറ്റസ് ചെയര്‍മാനുമായ അന്തരിച്ച രത്തന്‍ ടാറ്റയും തമ്മിലുള്ള ഒരു ദശാബ്ദക്കാലത്തെ സൗഹൃദം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി ഉടലെടുത്തത്. പുതിയ കെട്ടിടത്തില്‍ സെമിനാര്‍ മുറികള്‍, ഓഫീസുകള്‍, സഹകരിച്ചുള്ള പഠന മേഖലകള്‍, റിസപ്ഷന്‍ റൂമുകള്‍, സന്ദര്‍ശകരായ ഗവേഷകര്‍ക്കുള്ള താമസ സൗകര്യം എന്നിവ നിര്‍മിക്കാനിരിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായിരിക്കും.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പുതിയ റാഡ്ക്ലിഫ് ഒബ്സര്‍വേറ്ററി ക്വാര്‍ട്ടറിന്റെ ഹൃദയഭാഗത്തായിരിക്കും കെട്ടിടം ഉയരുക.
രത്തന്‍ ടാറ്റയുടെ മാനുഷിക പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം പുതിയ കെട്ടിടത്തിന് പേര് നല്‍കാനുള്ള തീരുമാനം കുറച്ച് മുമ്പേ എടുത്തിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
റോമി കുര്യാക്കോസ്
മാഞ്ചസ്റ്റർ: കൊച്ചി – യു കെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങളിൽ സജീവ ഇടപെടൽ നടത്തിയിരിക്കുകയാണ് പ്രവാസി മലയാളികളുടെ പ്രബല സംഘടനകളിൽ ഒന്നായ ഒ ഐ സി സിയുടെ യു കെ ഘടകം. ഈ റൂട്ടിലെ എയർ ഇന്ത്യയുടെ പ്രതിവാര സർവീസുകൾ വർധിപ്പിക്കുക, ഇപ്പോൾ ഗാറ്റ്വിക് എയർപോർട്ടിൽ അവസാനിക്കുന്ന സർവീസുകൾ ബിർമിങ്ങ്ഹം / മാഞ്ചസ്റ്റർ എയർപോർട്ട് വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് കഴിഞ്ഞ ദിവസം ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമർപ്പിക്കപ്പെട്ടത്.
എയർ ഇന്ത്യ സി ഇ ഒ & എം ഡി ക്യാമ്പെൽ വിൽസൺ, കേന്ദ്ര വ്യോമയാന മന്ത്രി വ്യോമയാന മന്ത്രി കിഞ്ചരാപ്പൂ റാം മോഹൻ നായ്ഡു, കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ, ഫ്രാൻസിസ് ജോർജ് എം പി എന്നിവർക്കാണ് ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ സമർപ്പിച്ചത്.
നിവേദനം ലഭിച്ച ഉടനെ കെ സുധാകരൻ എം പി കാര്യങ്ങൾ ചോദിച്ചറിയുകയും പ്രവാസി മലയാളികളുടെ ആശങ്കകളും അറിയിച്ചുകൊണ്ടും ആവശ്യങ്ങൾ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടുമുള്ള വിശദമായ കത്ത് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കൈമാറി. കെ പി സി സി അധ്യക്ഷന്റെ സമയോചിതമായ ഇടപെടൽ പ്രവാസി മലയാളികൾക്ക് ഒരു ഉണർവ്വും പ്രതീക്ഷയും പകർന്നിട്ടുണ്ട്.
വളരെ തിരക്ക് പിടിച്ചതും വരുമാനം കൂടുതലുള്ളതുമെങ്കിലും ഇപ്പോൾ കൊച്ചി – യു കെ വ്യോമ റൂട്ടിൽ മൂന്ന് പ്രതിവാര സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്. മലയാളി യാത്രക്കാരിൽ കുറെയേറെ പേർ എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നവരാണ്. ശൈത്യകാലത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ നിന്നും യു കെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിക്കുന്നതിനായി ഗവർമെന്റുകൾ തമ്മിൽ ധാരണയിൽ എത്തിയിരുന്നു. അതനുസരിച്ചു എയർ ഇന്ത്യ തങ്ങളുടെ ഡൽഹി / മുംബൈ / ബാംഗ്ലൂർ / ഗോവ എന്നിവിടങ്ങളിൽ നിന്നും യു കെയിലേക്കുള്ള പ്രതിവാര സർവീസുകൾ വർധിപ്പിച്ചുവെങ്കിലും കൊച്ചിയെ അവഗണിക്കുകയായിരുന്നു. ഈ കാര്യം നിവേദനത്തിൽ എടുത്തു കാട്ടിയിട്ടുണ്ട്.
കൂടാതെ കൊച്ചിയിൽ നിന്നും ആരംഭിച്ച് ഇപ്പോൾ ഗാറ്റ്വിക്കിൽ അവസാനിക്കുന്ന എയർ ഇന്ത്യ സർവീസുകൾ ബിർമിങ്ങ്ഹം, മാഞ്ചസ്റ്റർ എന്നീ എയർപോർട്ടുകൾ വരെ നീട്ടിയാൽ വടക്ക് – മദ്ധ്യ യു കെയിൽ താമസിക്കുന്ന
മലയാളികൾ ഉൾപ്പടെയുള്ള നിരവധി യാത്രക്കാരുടെ യാത്രാ ദൈർഖ്യം കുറയ്ക്കാനാകുമെന്ന വസ്തുതയും നിവേദനത്തിൽ മുന്നോട്ട് വച്ചിട്ടുണ്ട്.



കാർഡിഫ് : സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ കൊന്ത മാസ ആചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൊന്തയലങ്കാര മത്സരവും പ്രദർശനവും ഏവർക്കും നവ്യാനുഭവമായി മാറി. സൺഡേ സ്‌കൂളിലെ കുട്ടികൾ നിർമിച്ചുകൊണ്ടു വന്ന ജപമാലയെ കുറിച്ചുള്ള പോസ്റ്ററുകളുടെ പ്രദർശനം പള്ളി ഹാളിൽ ഒരുക്കി.

ജപമാലകൾ വിവിധ രീതിയിൽ അലങ്കരിച്ചും ജപമാലകളെകുറിച്ചുള്ള വിവരണങ്ങൾ ഉൾപെടുത്തിയും നടത്തിയ പ്രദർശനം ഏവർക്കും നയനാനന്ദകരവും വിജ്ഞാനപ്രദവും ആയിരുന്നു. കൊന്ത മാസത്തിൽ ജപമാലയോടുള്ള ഭക്തിയും സ്നേഹവും ഏവരിലും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജപമാല പോസ്റ്റർ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും അവയുടെ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തത്. മിഷൻ കോർഡിനേറ്റർ ഫാ അജൂബ് തോട്ടനാനിയിലും, സൺഡേ സ്കൂൾ ഹെഡ് ടീച്ചർ തോമസ് ഉതുപ്പ്കുട്ടിയും കുട്ടികളുടെ മഹനീയ പ്രവർത്തനത്തെ പ്രത്യേകം പ്രശംസിച്ചു.

നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റിലായി. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് മുകേഷിനെ വടക്കാഞ്ചേരി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും അറസ്റ്റ് വിവരം പോലീസ് പുറത്തുവിട്ടിരുന്നില്ല.
2011 ല്‍ തൃശൂര്‍ വാഴാനിക്കാവില്‍ വെച്ച് നടന്ന ഒരു സംഭവത്തില്‍ ആലുവാ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് ഇന്നലെ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം മറ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു.
2011 ല്‍ വാഴാനിക്കാവില്‍ ഒരു സിനിമാ ചിത്രീകരണ സമയത്ത് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. അടുത്തിടെയാണ് സംഭവത്തില്‍ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ പരാതി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം എത്തി. അതിന് ശേഷമുള്ള സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യവും മുകേഷിനുണ്ട്.