വയനാട്ടിലെ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീനയുടെ വിജയം രാജ്യത്താകെ ചര്‍ച്ചയാകുകയാണ്. 55 വയസ്സുള്ള സിസ്റ്റര്‍ സബീന തിരുവസ്ത്രമണിഞ്ഞ് ഹര്‍ഡില്‍സിന് മുന്നിലൂടെ ഓടിയതും അതിലൂടെ സ്വര്‍ണം സ്വന്തമാക്കിയതുമാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തായന്നൂരിലെ മുളങ്ങാട്ടില്‍ കുടുംബത്തിനും നാട്ടുകാര്‍ക്കും ഈ വിജയം അഭിമാന നിമിഷമായി.
വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ 382 പോയിന്റ് നേടി തന്റെ ടീമിനും വിജയകിരീടം നേടിക്കൊടുത്തു. മറ്റു താരങ്ങള്‍ സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചപ്പോള്‍ സിസ്റ്റര്‍ തിരുവസ്ത്രമണിഞ്ഞാണ് ട്രാക്കിലിറങ്ങിയത്, അതാണ് എല്ലാവരെയും ആകര്‍ഷിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളില്‍ കായികാധ്യാപികയായ സിസ്റ്റര്‍ ചെറുപ്പം മുതലേ ഓട്ടമത്സരങ്ങളില്‍ സജീവമായിരുന്നു.
തായന്നൂര്‍ ഗവ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായികാധ്യാപകന്‍ ലൂക്കോസിന്റെ കീഴില്‍ സിസ്റ്റര്‍ ആദ്യമായി മത്സരത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍, പാലക്കാട് മേഴ്സി കോളേജ്, ഈസ്റ്റ്ഹില്‍ കോളേജ് തുടങ്ങിയിടങ്ങളിലെ പഠനം കായികജീവിതത്തിന് ശക്തമായ അടിത്തറയായി. പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിട്ടും ആത്മീയജീവിതം തിരഞ്ഞെടുത്ത സിസ്റ്റര്‍ പിന്നീട് അധ്യാപികയായി സമൂഹത്തിന് മാതൃകയായി. ഇന്ന് അവളുടെ സ്വര്‍ണനേട്ടം പ്രായത്തെ അതിജീവിച്ച സമര്‍പ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്.
അപ്പച്ചൻ കണ്ണഞ്ചിറ
ഗ്ലാസ്‌ഗോ: ജപ്പാനിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിക്കൊണ്ട് യു കെ ക്കും, ഒപ്പം മലയാളികൾക്കും വീണ്ടും അഭിമാനം പകരുന്ന വിജയവുമായി ടോം ജേക്കബ്. ജപ്പാനിൽ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർത്ഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിലാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം നിലനിറുത്തിയത്.

മാർഷ്യൽ ആർട്സിൽ ഏറ്റവും ഉയർന്ന റാങ്കിങ് ആയ, എട്ടാം ഡാൻ നേടിയ ടോം, കരാട്ടെ ഗ്രാൻഡ് മാസ്റ്റർ റാങ്കുള്ള വ്യക്തിയാണ്. കരാട്ടേയിലെ പരിചയം, ജ്ഞാനം, കഴിവ്, സാങ്കേതികത്വം, സ്വഭാവം, അച്ചടക്കം, പെരുമാറ്റം അടക്കം വ്യക്തിഗത മാനദണ്ഡങ്ങൾ കണക്കിൽ എടുത്താണ് 8 ഡാൻ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിനു യോഗ്യതയും, തുടർന്നുള്ള ടെസ്റ്റിന് ശേഷമാണ് റാങ്കിങ്ങും പരിഗണിക്കുന്നത്.

കരാട്ടെ ആയോധന കലയിലെ ഏറ്റവും ഉയർന്ന ‘ഹാൻഷി’ സീനിയർ മാസ്റ്റർ തിലകം (മോഡൽ മാസ്റ്റർ ഓഫ് മാസ്റ്റേഴ്സ്) കരസ്ഥമാക്കിക്കൊണ്ടാണ് ടോം ജപ്പാനിൽ നിന്നും, ഗ്ളാസ്ഗോയിലേക്കു മടങ്ങുന്നത്. ഷോട്ടോകാൻ കരാട്ടെ ആഗോള ചെയർമാനായ ഗ്രാൻഡ് മാസ്റ്റർ കെൻജി നുമ്രയുടെ ( 10th ഡാൻ റഡ്ബെൽറ്റ്) കൈകളിൽ നിന്നും ഈ അംഗീകാരം ഏറ്റുവാങ്ങുവാൻ കഴിഞ്ഞത് വലിയ സ്വപ്ന സാക്ഷാൽക്കരമായി എന്ന് ടോം അഭിമാനപൂർവ്വം പറഞ്ഞു. ‘ഹാൻഷി’ അംഗീകാരം നേടിയ ടോമിന്, കരാട്ടെയിലെ ഏറ്റവും ഉയർന്ന റാങ്കായ റെഡ് ബെൽറ്റ് ധരിച്ചു കൊണ്ട് പരിശീലനം നൽകുവാനും കഴിയും.

അടിപതറാത്ത ചുവടുമായി ആയോധനകലയിൽ അജയ്യനായി തുടരുന്ന ‘ഹാൻഷി’ ടോം, കുട്ടനാട്ടിലെ, കിഴക്കിന്റെ വെനീസെന്ന് ഖ്യാതി നേടിയ ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് സ്വദേശിയാണ്. പുരാതനവും പ്രശസ്തവുമായ കാഞ്ഞിക്കൽ (പായിക്കളത്തിലെ കുടുംബാംഗമാണ് ഈ കരാട്ടെ ആയോധന കലയിലെ ലോക ചാമ്പ്യൻ. ഒമ്പതാം വയസ്സിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയ ടോം സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം 20 വർഷങ്ങൾക്ക് മുമ്പാണ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തുന്നത്. മാർക്കറ്റിങ്ങിൽ എംബിഎ പോസ്റ്റഗ്രാജുവേഷൻ പഠനത്തിന്നയെത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു.

കഴിഞ്ഞ 40 വർഷമായി ആയോധന കലയിൽ ലോകോത്തര നിലവാരം പുലർത്തുന്ന പരിശീലകരുടെ കിഴിൽ പരിശീലനം തുടരുന്ന ടോം, ഇപ്പോൾ അച്ചടക്കം പഠിപ്പിക്കുകയും, കരാട്ടേ, എംഎംഎ (മിക്സഡ് മാർഷ്യൽ ആർട്സ് ), കിക്ക് ബോക്സിങ്, മുവായ് തായ്, യോഗ, റെസ്ലിങ്, കളരിപ്പയറ്റ് എന്നീ ആയോധന കലകൾ പരിശീലിപ്പിക്കുന്നുമുണ്ട്. അതുകൂടാതെ ‘ഹാൻഷി’ ടോം, യു കെ ബോക്സിങ് കോച്ച്, വ്യക്തിഗത പരിശീലകൻ എന്ന നിലകളിലും പ്രവർത്തിക്കുന്ന ടോം, യു കെ യിൽ കരാട്ടെയിൽ എക്സലന്റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്.

അന്തരാഷ്ട്ര മത്സരത്തിൽ തന്റെ ഇഷ്‌ട ഇനമായ കരാട്ടെയിൽ വിജയക്കൊടി വീണ്ടും പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ അഭിമാനമുണ്ടെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്, മികച്ച അനുഭവമായിരുന്നു എന്നും ടോം പറഞ്ഞു. ജപ്പാൻ സന്ദർശനങ്ങൾ ഏറെ ആസ്വദിക്കുവെന്നും, രാജ്യം വളരെ മനോഹരമാണെന്നും അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയ ദാർഢ്യം ഉള്ളവരാണെന്നും ആണ് ഈ ലോക ചാമ്പ്യന്റെ ഭാഷ്യം.

ടെലിഗ്രാഫ് അടക്കം ഇംഗ്ലീഷ് മാദ്ധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ തന്നെ വാർത്ത പബ്ലിഷ് ചെയ്തിട്ടുണ്ട്. കൂടാതെ ടിവി ഇന്റർവ്യൂവിനും ടോമിന് ക്ഷണം വന്നിട്ടുണ്ട്.
ഗ്ലാസ്‌ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും (എൻഎച്ചസ് കമ്മ്യൂണിറ്റി നേഴ്സ്), അവരുടെ 16 വയസ്സുള്ള മകൻ ലിയോണിനുമൊപ്പം (സ്കോട്ലൻഡ് ബോക്സിംഗ് ചാമ്പ്യൻ) കുടുംബ സമേതം താമസിക്കുന്ന ടോം, തൻ്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു.
ജപ്പാനിലെ ഒകിനാവ കരാട്ടെ ഇൻ്റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിന് ശേഷം 2019-ൽ ആയോധനകലയിൽ യുകെ യുടെ അംബാസഡറും, ഇൻ്റർനാഷണൽ ഷോറിൻ-റ്യൂ റൈഹോക്കൻ അസോസിയേഷൻ്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളുടെയും പുരസ്‌കാരങ്ങളുടെയും നിറവിൽ യു കെ യിൽ പ്രശസ്തനുമാണ് ടോം ജേക്കബ്. അർപ്പണ മനോഭാവത്തോടെ പരിശീലനം തുടർന്നു പോരുന്ന ടോം ജേക്കബ്, ആഗോളതലത്തിൽ കരാട്ടെയിൽ അജയ്യനായി തുടരാനുള്ള ദൃഢ നിശ്ചയത്തിലാണ്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ അപകീര്‍ത്തിയും അധിക്ഷേപവുമുണ്ടാക്കിയെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി കൊയിലാണ്ടി പോലീസില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്കെതിരെ പരാതി നല്‍കി. പൊറോട്ടയും ബീഫും നല്‍കി തന്നെയും രഹന ഫാത്തിമയെയും ശബരിമലയില്‍ എത്തിച്ചതായി പറഞ്ഞ പ്രസ്താവന പൂര്‍ണ്ണമായും തെറ്റാണെന്നും തന്‍റെ മാന്യതയ്ക്കും വിശ്വാസ്യതയ്ക്കും കളങ്കം വരുത്തുന്നതാണെന്നും പരാതിയില്‍ ബിന്ദു അമ്മിണി വ്യക്തമാക്കി.
തന്റെ പേരിനൊപ്പം ഒരു മുസ്ലിം സ്ത്രീയുടെ പേരും ചേർത്തത് മതപരമായ വൈരാഗ്യം വളര്‍ത്താനുള്ള ശ്രമമാണെന്നും, അതിന്റെ പേരിൽ സോഷ്യല്‍ മീഡിയയിലൂടെ herself വലിയ അധിക്ഷേപങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വന്നതായും ബിന്ദു അമ്മിണി പരാതിയില്‍ പറഞ്ഞു. പാലയിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പോലീസ് ക്ലബ്ബിലോ പോയിട്ടില്ലെന്ന വസ്തുത മറച്ച്, വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചതായും അവര്‍ ആരോപിച്ചു.
എന്‍.കെ. പ്രേമചന്ദ്രൻ നിയമബിരുദധാരിയാണെന്നും, തന്റെ വാക്കുകളുടെ പരിണിതഫലം വ്യക്തമായി അറിയുന്ന നിലയിലാണെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടി. മതസൗഹാര്‍ദ്ദം തകർക്കാനും ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട ഒരാളെ അപമാനിക്കാനും ഉദ്ദേശിച്ചുള്ള പ്രസ്താവനയാണിതെന്ന് അവര്‍ ആരോപിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട പാര്‍ലമെന്റ് അംഗത്തില്‍ നിന്നുള്ള ഈ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു, കേരളം സാക്ഷരതയിലും വിദ്യാഭ്യാസത്തിലും രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണെന്ന് പ്രശംസിച്ചു. 21-ാം നൂറ്റാണ്ട് വിജ്ഞാന നൂറ്റാണ്ടാണെന്നും, അറിവ് സമൂഹത്തെ മുന്നോട്ടു നയിക്കുകയും സ്വയംപര്യാപ്തമാക്കുകയും ചെയ്യുന്ന ശക്തിയാണെന്നും അവര്‍ വ്യക്തമാക്കി.
കോട്ടയത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ സംഭാവനകളെ രാഷ്ട്രപതി പ്രത്യേകമായി പരാമര്‍ശിച്ചു. വൈക്കം സത്യാഗ്രഹം പോലുള്ള മഹത്തായ സമരങ്ങള്‍ക്കും ‘സാക്ഷര കേരളം’ പ്രസ്ഥാനത്തിനും ഈ നഗരമാണ് ആധാരമായതെന്നും, ‘അക്ഷരനഗരി’ എന്ന പേരിന് പിന്നിലെ ഈ ചരിത്രം കേരളത്തിന്റെ ബൗദ്ധിക പുരോഗതിയുടെ പ്രതീകമാണെന്നും അവര്‍ പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ സെന്റ് തോമസ് കോളേജിന്റെ 75 വര്‍ഷത്തെ സേവനത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. സമഗ്രമായ പഠനം, സാമൂഹിക നീതി, സുസ്ഥിരത, ധാര്‍മ്മിക മൂല്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഈ സ്ഥാപനങ്ങള്‍ വികസിത ഭാരതം ലക്ഷ്യമാക്കുന്ന യാത്രയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.
ബിനോയ് എം. ജെ.
മാനവ ചരിത്രം പരിശോധിച്ചാൽ തുടക്കം മുതൽക്കേ സമൂഹം സെക്സിനെ നിരുത്സാഹപ്പെടുത്തിയിരുന്നതായി കാണുവാൻ സാധിക്കും. ഇതിന്റെ പിറകിൽ കബളിപ്പിക്കലിന്റെ ഒരു ചിത്രം കിടപ്പുണ്ട്. ഏദൻ തോട്ടത്തിൽ വച്ച് സർപ്പം ഹവ്വയെ കബളിപ്പിച്ച കഥയല്ല ഇത്. മറിച്ച് സമൂഹം വ്യക്തികളെ കബളിപ്പിക്കുന്നതിന്റെ കഥയാണിത്. മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ വ്യക്തി വ്യത്യാസങ്ങൾ മറന്നുകൊണ്ട് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടത് ആ സമൂഹത്തിന്റെ നിലനിൽപ്പിനും സുസ്ഥിതിക്കും അത്യാവശ്യമായിരുന്നു. എന്നാൽ നമുക്കറിയാവുന്നതുപോലെ മനുഷ്യൻ ഒരേസമയം സാമൂഹ്യ ജീവിതവും വ്യക്തിജീവിതവും ആസ്വദിക്കുവാൻ കഴിവുള്ള ഒരു ജീവിയായിരുന്നു. അതിനാൽ തന്നെ അവൻ വ്യക്തിജീവിതത്തിലേക്ക് സ്വന്തം
ശ്രദ്ധ കേന്ദ്രീകരിച്ചാൽ സാമൂഹിക ജീവിതത്തിൽ അവന് താത്പര്യം നഷ്ടപ്പെട്ടു പോവുകയും അവനായിരിക്കുന്ന സമൂഹത്തിന്റെ നിലനിൽപ്പ് ഒരു ചോദ്യചിഹ്നമായി മാറുകയും ചെയ്യും. അതിനാൽ എങ്ങനെയും അവനെ വ്യക്തിജീവിതത്തിൽ നിന്നും പിന്തിരിപ്പിക്കേണ്ടിയിരിക്കുന്നു. നമുക്കറിയാവുന്നതുപോലെ സെക്സ് ഒരാളുടെ വ്യക്തിജീവിതത്തിന് ഊന്നൽ കൊടുക്കുന്ന ഒരു പ്രതിഭാസമാണ്. ഇവിടെ സാമൂഹിക ജീവിതത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂ. അതിനാൽ തന്നെ സെക്സിനെ പ്രോത്സാഹിപ്പിക്കുന്നത് അപകടകരമാണെന്ന് സമൂഹം കണ്ടെത്തി. മാത്രവുമല്ല മനുഷ്യൻ അവന്റെ ആത്മാഭിമാനത്തെയും ആത്മബഹുമാനത്തെയും വളർത്തിക്കൊണ്ടുവന്നാൽ ക്രമേണ അവന് സാമൂഹിക ജീവിതത്തിൽതാൽപര്യം നഷ്ടപ്പെട്ടേക്കാം. അതിനാൽ മനുഷ്യന്റെ വ്യക്തിജീവിതത്തെ തകർക്കുക എന്നത് അവൻ ജീവിക്കുന്ന ചെറിയ സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ അത്യാവശ്യമായിരുന്നു. പ്രഹരിക്കുമ്പോൾ മർമ്മത്തിൽ തന്നെ പ്രഹരിക്കണം. അങ്ങനെ വ്യക്തിയുടെ ലൈംഗികതയിൽ സമൂഹം പ്രഹരിച്ചു തുടങ്ങി. അവന്റെ ലൈംഗികതയെ നോക്കി സമൂഹം പരിഹസിക്കുവാൻ തുടങ്ങി. അത് ഫലിക്കുകയും ചെയ്തു. അങ്ങനെ വ്യക്തിയുടെ ലൈംഗികത അടിച്ചമർത്തപ്പെട്ടു തുടങ്ങി. ലൈംഗികതയോടൊപ്പം അവന്റെ ആത്മാഭിമാനവും അടിച്ചമർത്തപ്പെട്ടു.
മേൽപ്പറഞ്ഞ പ്രതിഭാസം ഒരർത്ഥത്തിൽ മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ അർത്ഥവ്യത്തും അനിവാര്യവും ആയിരു ന്നിരിക്കാം. അത് അവനെ ബാഹ്യശത്രുക്കളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിൽ പ്രയോജനപ്പെടുകയും ചെയ്തു. എന്നാൽ കാലം മാറിപ്പോയി. ഇന്ന് മനുഷ്യന് ബാഹ്യ ശത്രുക്കൾ പറയത്തക്കതായി ഇല്ല. ശത്രുക്കൾ എല്ലാം തന്നെ സമൂഹത്തിന് ഉള്ളിൽ തന്നെയാണുള്ളത്. ഇന്ന് സമൂഹത്തിന്റെ നിലനിർപ്പിന് ഭീഷണിയായി നിൽക്കുന്നത് ആന്തരികമായ ശത്രുക്കളാണ്. അതോടൊപ്പം തന്നെ സഹസ്രാബ്ദങ്ങളിലൂടെമനുഷ്യന്റെ വിജ്ഞാനവും സംസ്കാരവും വളരെയധികം പുരോഗമിച്ചു. ഇന്ന് കൂട്ടായ്മയുടെ സ്വഭാവം തന്നെ മാറി വരികയാണ്. ഇന്നത്തെ കൂട്ടായ്മ വൈജാത്യത്തിൽ അധിഷ്ഠിതമാണ്. വ്യക്തികളുടെ സാദൃശ്യത്തോടൊപ്പം തന്നെ വ്യക്തി വ്യത്യാസങ്ങൾക്കും ഇന്ന് വളരെയധികം പ്രസക്തിയുണ്ട്. ഇത് സ്പെഷ്യലിസ്റ്റുകളുടെ കാലമാണ്.
ഇതോടൊപ്പം തന്നെ വ്യക്തികൾ കൂടുതൽ സ്വാതന്ത്ര്യം പ്രാപിച്ചും വരുന്നു. എല്ലാ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം ലൈംഗിക സ്വാതന്ത്ര്യം തന്നെ.
മനുഷ്യന്റെ സംസ്കാരം വളർന്നുവന്നതോടൊപ്പം അവന്റെ ലൈംഗിക ഊർജ്ജവും സ്വതന്ത്രമായി തുടങ്ങി. അത്യന്തം ഭാവാമകമായ ഈ ഊർജ്ജത്തെ എത്രനാൾ അടക്കി വയ്ക്കുവാൻ കഴിയും. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ പരിഷ്കൃത സമൂഹങ്ങളിൽ ഇത് വളരെയധികം പ്രകടമായിരുന്നു. പരിഷ്കാരം തന്നെ ഈ ഊർജ്ജത്തിന്റെ പ്രകടനമായിരുന്നു എന്ന് വാദിക്കുന്ന ചിന്തകന്മാരും ഉണ്ടായിട്ടുണ്ട്. മനശാസ്ത്രത്തിൽ ഫ്രോയിഡും തത്വശാസ്ത്രത്തിൽ ഭാരതീയനായ ഓഷോയും സെക്സിന്റെ മഹത്വത്തെ പ്രകീർത്തിക്കുന്നു. ഇതിനെ ഇനിമേൽ നിഷേധാത്മകമായി കാണരുതെന്നും വേണ്ടവണ്ണം അതിനെ ഉണർത്തി കൊണ്ടുവന്നാൽ അത് അത്യാനന്ദത്തിലേക്കും നിർവ്വാണത്തിലേക്കും മനുഷ്യനെ ഉയർത്തുവാൻ കഴിവുള്ള ഒരു ശക്തി യാണെന്ന് ഓഷോ വാദിക്കുന്നു.
മനുഷ്യന്റെ എല്ലാ ഭാവാത്മക ചിന്തകളുടെയും ഉറവിടം സെക്സ് ആണെന്ന് എന്ന് വാദിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതേപോലെതന്നെ അവന്റെ എല്ലാ നിഷേധാത്മകമായ വിചാരങ്ങളുടെയും ഉറവിടം അടിച്ചമർത്തപ്പെടുന്ന ലൈംഗിക തന്നെ ആകുവാനേ വഴിയുള്ളൂ. വികാരം ഒന്നു മാത്രമേയുള്ളൂ അത് ലൈംഗികതയാണ്. പ്രകടിക്കുമ്പോൾ അത് ഭവാത്മകമാണ്, അടിച്ചമത്തപ്പെടുമ്പോൾ അത് നിഷേധാത്മകവും. ഭാവാത്മകമായ ഒരു
സമൂഹത്തെയും വ്യക്തികളെയും വളർത്തിയെടുക്കണമെങ്കിൽ സെക്സിനോട് ഒരു ഭാവകമായ സമീപനം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. അത് കാലത്തിന്റെ ആവശ്യവുമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
പത്തനംതിട്ട ∙ ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായകമായ നീക്കം . ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ബി. മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് മുരാരി ബാബുവിനെ പിടികൂടിയത്. ശബരിമല ദ്വാരപാലക പ്രതിമകളിലെ സ്വർണപാളി കടത്തിയ കേസിലെ രണ്ടാമത്തെ പ്രതിയാണ് അദ്ദേഹം. ചോദ്യം ചെയ്യലിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചതായാണ് വിവരം.
മുരാരി ബാബുവിനെ ചോദ്യം ചെയ്താൽ കേസിലെ ഗൂഢാലോചനയും സ്വർണപ്പാളി എവിടെ പോയെന്നതും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് അന്വേഷണസംഘം കരുതുന്നു. ദേവസ്വം ബോർഡിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായ ബാബുവിന്റെ പങ്ക് അന്വേഷിക്കാൻ സംഘം പ്രത്യേക താൽപര്യം കാണിക്കുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളി ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിലാണ് മുരാരി ബാബുവിന് എതിരെ കുറ്റാരോപണം. എന്നാൽ, ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് വീണ്ടും പൂശാൻ നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. താൻ നൽകിയ റിപ്പോർട്ട് പ്രാഥമികതലത്തിലേതാണെന്നും അന്തിമ അനുമതി നൽകിയത് മേൽ അധികാരികളാണെന്നും ബാബു പറഞ്ഞു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന ചർച്ചകളും വിവാദങ്ങളിലും നിനക്കൊരു കോപ്പ്പും പറയാനില്ലേ എന്ന് ചോദിക്കുന്ന ചില സുഹൃത്തുക്കളുണ്ടെനിക്ക്…അവരോട്…
ഇതിനൊക്കെ നമ്മൾ എന്ത് പറയാനാണ്?
കാരണം ഓരോ സ്ഥാപനത്തിനും അതിന്റേതായ നിയമങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, നമ്മൾ ഒരു ബാങ്കിൽ നിന്ന് ഭവനവായ്പ എടുക്കുമ്പോൾ, തിരിച്ചടവ് മുടക്കിയാൽ എന്ത് സംഭവിക്കുമെന്നുള്ള എല്ലാ നിബന്ധനകളും വായിച്ച് മനസ്സിലാക്കിയാണ് നമ്മൾ ഒപ്പിടുന്നത്. എന്നിട്ട് നമ്മൾ വായ്പ തിരിച്ചടയ്ക്കാതിരുന്നാൽ, വീട് ഒഴിയേണ്ടി വരുമെന്ന് മാത്രമല്ല…നാട്ടുകാർ മുഴുവനതറിയുകയും ചെയ്യും….അതിന് ബാങ്ക് കാരെ തെറിവിളിച്ചിട്ട് കാര്യമുണ്ടോ?
അതുപോലെ തന്നെയാണ് ഒരു വിദ്യാലയത്തിന്റെയും കാര്യം. ഒരു കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ, യൂണിഫോം സംബന്ധിച്ചും മറ്റ് അച്ചടക്ക കാര്യങ്ങളിലും സ്കൂളിന്റെ നിയമങ്ങൾ രക്ഷിതാക്കൾ വായിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അവിടെ, യൂണിഫോമിന്റെ ഭാഗമല്ലാത്ത ഒരു വസ്ത്രം ധരിക്കുന്നത്, സ്കൂളുമായി ഉണ്ടാക്കിയ കരാർ ലംഘിക്കുന്നതിന് തുല്യമാണ്. നിയമം ലംഘിക്കപ്പെടുമ്പോൾ, സ്ഥാപനത്തിന് അതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകേണ്ടി വരും.
എന്നും പറഞ്ഞു തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം…അത് എല്ലാവർക്കുമുണ്ട്…ഹിജാബ് ധരിക്കാൻ താൽപ്പര്യമുള്ള ഒരു വിദ്യാർത്ഥിക്ക്, അതിന് അനുവാദം നൽകുന്ന മറ്റ് വിദ്യാലയങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. കാരണം നമ്മുടെ നാട്ടിൽ തന്നെ പല കത്തോലിക്കാ സ്കൂളുകളുൾപ്പെടെ മറ്റ് ക്രൈസ്തവ സ്ഥാപനങ്ങളിലും ഹിജാബ് അനുവദിക്കുന്നുമുണ്ട്. ഓരോ സ്ഥാപനത്തിനും അവരുടേതായ സംസ്കാരവും നിയമങ്ങളുമുണ്ട്.
ഒരു പ്രത്യേക സ്ഥാപനത്തിൽ തന്നെ പഠിക്കണം എന്ന് നിർബന്ധമില്ലെങ്കിൽ, തങ്ങളുടെ വിശ്വാസപരമായ ആചാരങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന സ്കൂളുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
തങ്ങൾക്ക് ഹിജാബ് ധരിക്കാൻ സൗകര്യമുള്ള സ്കൂളുകൾ ലഭ്യമായിരിക്കെ, അത് അനുവദിക്കാത്ത ഒരു സ്ഥാപനത്തിൽ ചേർന്ന് നിയമം തെറ്റിക്കുന്നത്, മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് തുല്യമാവില്ലേ?
സൗകര്യമൊരുക്കേണ്ട രാഷ്ട്രീയ മാധ്യമ ഇങ്ങനുള്ള കാര്യങ്ങൾ സമൂഹത്തിലുണ്ടാകുമ്പോൾ വിശന്നിരുന്ന സിംഹത്തിന് തീറ്റ കിട്ടിയ ആക്രാന്തമാണ് കാണിക്കുന്നത്…പൊതുജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുക എന്നതാണ് ഒരു രാഷ്ട്രീയ നേതാവിന്റെ പ്രാഥമികമായ ഉത്തരവാദിത്തം. ജനങ്ങൾക്ക് ഗുണകരമായ പരിഹാരങ്ങൾ കണ്ടെത്താൻ അവർക്ക് സാധിക്കണം.
എന്നാൽ പലപ്പോഴും സംഭവിക്കുന്നത്, പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് പകരം, ഈ വിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ആളിക്കത്തിക്കുകയും പൊതുജനങ്ങൾക്ക് കൂടുതൽ തടസ്സങ്ങളുണ്ടാക്കുകയും ചെയ്യുന്നു എന്നതാണ്. ഹിജാബ് അനുവദിക്കുന്ന സ്കൂളുകൾ ധാരാളമായി ലഭ്യമാണെങ്കിൽ, ആ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനും, വിവിധ മതവിഭാഗക്കാർക്കിടയിൽ സൗഹൃദപരമായ അന്തരീക്ഷം നിലനിർത്താനും രാഷ്ട്രീയ മധ്യമ നേതൃത്വത്തിന് സാധിക്കണം….
മാത്രവുമല്ല,ഇതേ ഉച്ചപ്പാടുണ്ടാക്കുന്ന ചിലർ, 2022 മെയ് മാസത്തിൽ മലപ്പുറത്ത് നടന്ന ഒരു മദ്രസാ ഉദ്ഘാടന ചടങ്ങിൽ, സമസ്ത നേതാവായ എം.ടി. അബ്ദുല്ല മുസ്ലിയാർ ഒരു പത്താം ക്ലാസ് പെൺകുട്ടിയെ വേദിയിൽ വിളിച്ചതിനെ ചോദ്യം ചെയ്തു.അദ്ദേഹം സംഘാടകരോട് “ഇത്തരം പെൺകുട്ടികളെ വേദിയിൽ വിളിക്കരുത്” ആ പറഞ്ഞ വിവാദത്തിനൊന്നും ആരും ഇത്രേം തോരണം കൊടുക്കുന്നത് കണ്ടുമില്ല എന്നതൊരു വിരുദ്ദഭാസമാണ്…
എന്തൊക്കെ പറഞ്ഞാലും..ഏത് സ്കൂളിൽ പഠിച്ചാലും തട്ടമിട്ടാലും കൊന്തയോ ചന്ദനമോ ഇട്ടാലും..പഠനശേഷം പുറത്തിറങ്ങുന്ന കുട്ടിക്ക് ,കാൽനടക്കാർക്ക് സീബ്ര ലൈനിൽ നിർത്തികൊടുക്കേണ്ട ഉത്തരവാദിത്വം അറിയില്ലെങ്കിൽ ..മാലിന്യം ശരിയായി ഡിസ്പോസ് ചെയ്യാൻ അറിയില്ലെങ്കിൽ എന്ത് പഠിച്ചാലും എങ്ങനെ പഠിച്ചാലും എന്ത് ?
മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകില്ലെന്ന് നിർമാതാവും ആർ.എസ്.പി. നേതാവുമായ ഷിബു ബേബി ജോൺ വ്യക്തമാക്കി. സിനിമ ആദ്യം തന്നെ ഒറ്റഭാഗമായി ഇറക്കാനാണ് തീരുമാനിച്ചിരുന്നത് എന്ന് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, . സംവിധായകൻ പറഞ്ഞ കഥയോട് മോഹൻലാൽ പത്തുമിനിറ്റിനുള്ളിൽ സമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഷൂട്ടിംഗ് ആരംഭിച്ച ശേഷം ചില മാറ്റങ്ങൾ അറിഞ്ഞോ അറിയാതെയോ കഥയിൽ വന്നതായി ഷിബു ബേബി ജോൺ പറഞ്ഞു.
“പല പ്രതിസന്ധികളും തടസ്സങ്ങളും മൂലമായിരിക്കാം കഥയിൽ മാറ്റങ്ങൾ വന്നത്. അതിനാൽ ആരെയും കുറ്റപ്പെടുത്താനില്ല. ആ ഘട്ടത്തിലാണ് ചിത്രം രണ്ടു ഭാഗമാക്കാമെന്ന അഭിപ്രായം ഉയർന്നത്. പക്ഷേ, ഞാനും മോഹൻലാലും അതിനോട് വിയോജിച്ചു. രണ്ടുഭാഗമായി ഇറക്കാമെന്ന അഭിപ്രായം വന്നെങ്കിലും അതുപോലൊരു തീരുമാനം ശരിയല്ലെന്ന് ഞങ്ങൾ കരുതിയതാണ്. പിന്നീടുണ്ടായ ചില പ്രശ്നങ്ങൾ മൂലം കഥയുടെ ദിശ മാറി, അവസാനത്തിൽ രണ്ടാം ഭാഗത്തേക്ക് വഴിമാറിയതാണ്,” അദ്ദേഹം വിശദീകരിച്ചു.
ചിത്രം പ്രതീക്ഷിച്ചത്ര ഉയരങ്ങളിൽ എത്തിയില്ലെങ്കിലും ‘മലൈക്കോട്ടൈ വാലിബൻ’ പരാജയമായില്ലെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി. “ചിത്രം നല്ലതായിരുന്നു, മോശമല്ല. പക്ഷേ പ്രതീക്ഷകൾ വാനോളം ആയിരുന്നു. അതാണ് പ്രധാനമായും പ്രതികരണത്തെ ബാധിച്ചത്. രണ്ടാം ഭാഗത്തിനായി ശ്രമം നടത്തിയിരുന്നുവെങ്കിലും അതിന് പദ്ധതിയില്ല. സിനിമയുടെ ഫൈനൽ പ്രൊഡക്റ്റിൽ ഞങ്ങൾ സന്തുഷ്ടരാണ്,” എന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൈവേലിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി, കോട്ടത്തറ വയലില്‍ വീട്ടിൽ പ്രിയ (27) ആണ് മരിച്ചത്. ഭർത്താവ് വിജിത്തിൻ്റെ കോഴിക്കോട് കൈവേലിക്കടുത്ത് ചമ്പിലോറക്കടുത്ത് വെള്ളിത്തിറയിലെ വീടിനുള്ളിലാണ് പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രിയയെ വീടിനുള്ളിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ വീട്ടുകാർ പ്രിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മരിച്ച പ്രിയയും ഭർത്താവ് വിജിനും നാല് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതികൾക്ക് ഭൂവിചന്ദ്ര എന്ന് പേരുള്ള മകളുണ്ട്. വിവരം അറിഞ്ഞ് കുറ്റ്യാടി പൊലീസ് ആശുപത്രിയിലെത്തി. പിന്നീട് ഇവർ വിളിച്ചറിയിച്ച പ്രകാരം വടകര തഹസില്‍ദാറും സ്ഥലത്തെത്തി. ഇദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൽ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് വിധേയമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രിയയുടെ മരണത്തില്‍ ദരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
പീറ്റർബോറോ / പറവൂർ: പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകിക്കൊണ്ട് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിലും പീറ്റർബൊറോ യൂണിറ്റിന്റെ നേതൃത്വത്തിലും എറണാകുളം ജില്ലയിലെ പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ആരംഭിച്ച ‘സ്‌നേഹ വീടി’ന്റെ നിർമ്മാണം പുരോഗമിക്കുന്നു.
എറണാകുളം ജില്ലയിലെ പറവൂർ വടക്കേക്കര പഞ്ചായത്തിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടീൽ കർമ്മം ഓഗസ്റ്റ് 19ന് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് എന്നിവരുടെ സാന്നിധ്യത്തിൽ ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ നിർവഹിച്ചിരുന്നു.

ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഭവനത്തിന്റെ
നിർമ്മാണത്തിനാവശ്യമായ പണം സ്വരൂപിക്കുന്നത്. ഐ ഓ സി പീറ്റർബോറോ യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും സുമനസുകളുടെ പിന്തുണ തേടിയും ‘ഫുഡ് ചലഞ്ച്’ പോലുള്ള പദ്ധതികളിലൂടെയാണ് കുട്ടികൾ അടക്കമുള്ള പറവൂരിലെ ആ ഭവനരഹിത കുടുബത്തിന് നിർഭയം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിനായുള്ള പണം കണ്ടെത്തുന്നത്.
ഭവന നിർമ്മാണ പദ്ധതിക്കായുള്ള ധനസമാഹരണാർത്ഥം ഐ ഓ സി (യു കെ) പീറ്റർബോറോ യൂണിറ്റിന്റെ മേൽനോട്ടത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച ‘ബിരിയാണി ചലഞ്ച്’ വലിയ വിജയമായത് സംഘാടകരുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വർധിപ്പിച്ചിരിക്കുന്നത്. വെറും രണ്ട് ദിവസം കൊണ്ട് മുന്നൂറോളം പാക്കറ്റ് ബിരിയാണി ഓർഡറുകൾ ഈ വലിയ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ലഭിച്ചതായും ഏകദേശം ഒരു ലക്ഷത്തോളം രൂപ നീക്കിയിരിപ്പ് തുക സ്വരൂപിക്കാൻ സാധിച്ചതായും സംഘാടകർ അറിയിച്ചു.

ഐ ഒ സി (യു കെ) പീറ്റർബോറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കൽ, ഡിനു എബ്രഹാം, ട്രഷറർ ജെനു എബ്രഹാം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോബി മാത്യു, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം തുടങ്ങിയവർ ‘ബിരിയാണി ചലഞ്ചി’ന്റെ നേതൃത്വവും എബ്രഹാം ജോസഫ് (ഷിജു.), രാജീവ് യോഹന്നാൻ, ഡെന്നി ജേക്കബ് എന്നിവർ പാചക മേൽനോട്ടവും ഏറ്റെടുത്തു.
പീറ്റർബോറോയിലെ നാട്ടുകാരുടെയും ഐ ഓ സി യൂണിറ്റ് ഭാരവാഹികൾ – അംഗങ്ങൾ എന്നിവരുടെയും ഉത്സാഹപൂർണ്ണമായ പങ്കാളിത്തമാണ് പരിപാടിയെ വൻവിജയമാക്കി മാറ്റിയത്. പരിപാടിയുടെ വിജയത്തിനായി ആത്മാർത്ഥമായി സഹകരിച്ച എല്ലാവർക്കും ഐ ഓ സി (യു കെ) – പീറ്റർബോറോ യൂണിറ്റ്, മിദ്‌ലാൻഡ്‌സ് ഏരിയ ഭാരവാഹികൾ നന്ദി അറിയിച്ചു.
ജീവകാരുണ്യ രംഗത്ത് മാതൃകയായി മുന്നേറുന്ന ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ, പ്രവാസികളുടെ സ്‌നേഹവും കരുതലും സമൂഹത്തിന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിലാണ് മുൻതൂക്കം നൽകുന്നതെന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് പ്രതീക്ഷയും മാനുഷികതയും പകർന്നുകൊണ്ട് ഇനിയും കൂടുതൽ വീടുകൾ ഈ പദ്ധതിയിലൂടെ നൽകാൻ ലക്ഷ്യമിടുന്നതായും കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജിയനുകൾ ഇത്തരം പദ്ധതികളുടെ മുൻപന്തിയിൽ ഉണ്ടാകുമെന്നും കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.