ഉസ്മാന്‍ അന്‍സാരി എന്നയാളാണ് അക്രമത്തിന് ഇരയായത്. ഇയാളുടെ വീടിനു സമീപം ഒരു പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നു. അന്‍സാരിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വീടിന് തീവെക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തി പോലീസ് സംഘമാണ് അന്‍സാരിയെയും കുടുംബാംഗങ്ങളെയും ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസിനെ തടയുകയും പോലീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേയ്ക്ക് നിരവധി തവണ നിറയൊഴിച്ചതായി പോലീസ് വക്താവ് എഡിജി ആര്‍ കെ മല്ലിക് പറഞ്ഞു.

പോലീസ് വെടിവെപ്പില്‍ കൃഷ്ണ പണ്ഡിറ്റ് എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളുടെ കല്ലേറില്‍ 50ല്‍ അധികം പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഇരുന്നൂറിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.