Latest News

നാലു പതിറ്റാണ്ടിലധികം മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലും സമഗ്ര സംഭാവനകൾ നൽകിയ മുതിർന്ന നടൻ മോഹൻലാലിന് 2023-ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നൽകി ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യ പ്രകടനം, വൈദഗ്ധ്യം, കഠിനാധ്വാനം എന്നിവയെ തിരിച്ചറിഞ്ഞ് ഇന്ത്യൻ സർക്കാരാണ് ഈ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി നൽകുന്നത്.

പുരസ്കാര വാർത്ത പുറത്തുവിട്ട കുറിപ്പിൽ, തലമുറകളെ പ്രചോദിപ്പിക്കുന്ന മോഹൻലാലിന്റെ സിനിമായാത്രയെ കുറിച്ച് പറയുന്നുണ്ട് . നടനും സംവിധായകനും നിർമ്മാതാവുമായ അദ്ദേഹം മലയാള സിനിമയുടെയും ഇന്ത്യയിലെ ചലച്ചിത്ര ലോകത്തിന്റെയും ചരിത്രത്തിൽ സുവർണ്ണ സ്ഥാനം നേടിയ വ്യക്തിയാണ്. 2025 സെപ്റ്റംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർഡ്സിൽ പുരസ്കാരം വിതരണം ചെയ്യും.

1969-ൽ രാജ്യത്തെ ആദ്യ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്ര സംവിധാനം ചെയ്ത ദാദാ സാഹേബ് ഫാൽകെയുടെ സ്മരണ നിലനിർത്താനാണ് കേന്ദ്രസർക്കാർ പുരസ്കാരം ആരംഭിച്ചത്. 2004-ൽ അടൂർ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു, മിഥുൻ ചക്രവർത്തി കഴിഞ്ഞ വർഷം ബഹുമതി നേടിയിരുന്നു.

മലപ്പുറം കാരക്കോട് സ്വദേശിയായ പതിമൂന്നുകാരനിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടി ചികിത്സയിൽ കഴിയുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ പത്ത് പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിച്ചിട്ടുണ്ട്.

മുൻ ദിവസങ്ങളിൽ തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം അമീബിക് മസ്തിഷ്കജ്വരം മൂലം മരിച്ചിരുന്നു . നേഗ്ലേറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ തുടങ്ങിയ അമീബകൾ തലച്ചോറിനെ ബാധിക്കുമ്പോൾ ആണ് ഈ രോഗം ഉണ്ടാകുന്നുവെന്ന് വിദഗ്ധർ പറയുന്നു. സാധാരണയായി കെട്ടികിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരും നീന്തുന്നവരും രോഗബാധയ്ക്ക് അത്യന്താപേക്ഷിതമായി ഉൾപ്പെടുന്നു.

രോഗം പ്രതിരോധിക്കാൻ മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകൽ ഒഴിവാക്കുക, നീന്തുമ്പോൾ മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക, നീന്തൽ കുളങ്ങളും പൂളുകളും കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക എന്നിവ നിർദ്ദേശിക്കുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടേണ്ടതാണ്.

എച്ച്-1ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ആയി വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പു വെച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വിസ, സാധാരണയായി 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ഫീസ് ആണ് ഉണ്ടായിരുന്നത്. രജിസ്ട്രേഷൻ, ഫയലിങ്, ഫ്രോഡ് പ്രിവൻഷൻ, പബ്ലിക് ലോ, പ്രീമിയം പ്രോസസിങ് എന്നിവയുടെ മുഴുവൻ ചെലവും പുതിയ ഫീസിൽ ഉൾപ്പെടും.

ഇന്ത്യയിലെ ടെക്ക് പ്രൊഫഷണലുകൾക്കും കമ്പനികൾക്കും ഇത് വലിയ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യ എച്ച്-1ബി വിസ അപേക്ഷകളിൽ ഏറ്റവും മുന്നിലുള്ള രാജ്യമാണ്. അമേരിക്കൻ കമ്പനികൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ ഉദ്യോഗാർത്ഥികളെ കൊണ്ടു വരണമെന്നാണ് നയം ലക്ഷ്യം വയ്ക്കുന്നത്, എന്നാൽ കുറഞ്ഞ ശമ്പളത്തിൽ ജോലിക്ക് തയ്യാറുള്ള വിദേശ തൊഴിലാളികളെ കുറയ്ക്കാൻ പുതിയ നയം കാരണമാകും. ഈ വർഷം 10,000-ത്തിലധികം എച്ച്-1ബി വിസകൾ ആമസോൺ നേടിയതായി റിപ്പോർട്ട് ചെയ്തു. തുടർന്ന് ടാറ്റാ കൺസൾട്ടൻസി, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിൾ എന്നിവയും നിലനിൽക്കുന്നു.

ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്നു സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനു രാജ്യാന്തര പ്രതിനിധികൾ എത്തി തുടങ്ങി. 16 രാജ്യങ്ങളിൽ നിന്നുള്ള 250 പ്രതിനിധികൾ ആണ് വിദേശത്ത് നിന്ന് പങ്കെടുക്കുന്നത്. പ്രധാനവേദി 3,500 പേർക്ക് ഇരിപ്പിടങ്ങളുള്ള 3 തട്ടുകളിലും 6 വലിയ എൽഇഡി സ്ക്രീനുകളുമായാണ് ഒരുക്കിയിരിക്കുന്നത് .

വിദേശരാജ്യങ്ങളിൽ നിന്ന് ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതിനിധികൾ എത്തുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള 2,150 പ്രതിനിധികൾക്കും സമഗ്ര താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി 25 ലോഫ്ലോർ എസി ബസുകൾ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പമ്പയിൽ എത്തിക്കുന്നുണ്ട്.

സന്ദർശകർ രജിസ്ട്രേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്ത ശേഷം പോലീസിന്റെ സുരക്ഷാ പരിശോധന കഴിഞ്ഞ് വേദിയിലേയ്ക്ക് പ്രവേശിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രസാന്ത്, അംഗം എ. അജികുമാർ, ചീഫ് എഞ്ചിനീയർ രഞ്ജിത്ത് കെ. ശേഖർ, എക്സിക്യൂട്ടീവ് എൻജിനീയർ സി. ശ്യാമപ്രസാദ് എന്നിവർ വേദികളുടെ സുരക്ഷ ഉറപ്പാക്കുകയും പരിപാടി സജീവമായി നടക്കുന്നതിനായി മേൽനോട്ടം നടത്തുകയും ചെയ്യുന്നു.

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി നാല് വർഷത്തോളം യുവതിയെ പീഡിപ്പിച്ചെന്നും 7 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നും ഉള്ള കേസിൽ ചെറുപുഴ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കേഞ്ചാലിലെ കെ.പി. റബീൽ (30) എന്ന യുവാവിനെ ആണ് മൈസൂരിൽ നിന്ന് ചെറുപുഴ പൊലീസ് പിടികൂടിയത് . പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പീഡനത്തിന്റെയും തട്ടിപ്പിന്റെയും വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

വിവാഹബന്ധം വേർപെട്ട ശേഷം സൗഹൃദത്തിലായിരുന്ന യുവതിയെ വിവിധ സ്ഥലങ്ങളിലേയ്ക്കും റിസോർട്ടുകളിലേയ്ക്കും കൂട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. അടുത്തിടെ മറ്റൊരു യുവതിയുമായി റബീലിന്റെ വിവാഹം നിശ്ചയിച്ചതോടെ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു.

ബെംഗളൂരുവിൽ ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് മുമ്പും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസ് സംബന്ധിച്ച കൂടുതൽ അന്വേഷണം തുടരുകയാണ്.

മോഹൻലാൽ നായകനായി, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂർവ്വം’ സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ ലഭ്യമാകും. ഓഗസ്റ്റ് 28-ന് ഓണം റിലീസായി എത്തി, വിജയകരമായി തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്.

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രം 10 വർഷത്തിന് ശേഷം സത്യൻ അന്തിക്കാടുമായുള്ള അദ്ദേഹത്തിന്റെ കൂട്ടായ്മയാണ്. സിദ്ദീഖ്, ജനാർദ്ദനൻ, ബാബുരാജ്, ലാലു അലക്‌സ്, മാളവിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരളത്തിലും പുണെയിലുമായാണ് കഥ നടക്കുന്നത്. അഖിൽ സത്യൻ കഥ ഒരുക്കിയപ്പോൾ, അനൂപ് സത്യൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ടി.പി. സോനു തിരക്കഥ എഴുതി, അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ‘പൊന്നോണം 2025’ പ്രൗഢ ഗംഭീരമായി. ഓണപ്പൂക്കളത്തിനു വലംവെച്ച്‌, ‘സർഗ്ഗതാള’ത്തിന്റെ വാദ്യമേളങ്ങളത്തോടെയും, താലപ്പൊലിയുടെയും, മുത്തുക്കുടകളുടെയും, നാടൻ കലാ രൂപങ്ങളുടെയും അകമ്പടിയോടെയും, മഹാബലിയെ വേദിയിലേക്ക് ആനയിക്കുമ്പോൾ സദസ്സിന്റെ ഹർഷാരവവും ആർപ്പോ വിളിയും ബാൺവെൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അലയടിയായി.

സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് മനോജ് ജോൺ ആഘോഷത്തിന് ആമുഖമായി ഏവർക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകൾ നേരുകയും ചെയ്തു.

മാവേലിയോടൊപ്പം സർഗ്ഗം പ്രസിഡന്റ് മനോജ് ജോൺ, സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ, ഖജാൻജി ജോർജ്ജ് റപ്പായി,വൈസ് പ്രസിഡണ്ട് ടെസ്സി ജെയിംസ്, ജോ. സെക്രട്ടറി ആതിരാ മോഹൻ, സർഗ്ഗം കമ്മിറ്റി അംഗങ്ങളായ ജിനേഷ് ജോർജ്ജ്, പ്രിൻസൺ പാലാട്ടി, ടിന്റു മെൽവിൻ, ഡാനിയേൽ മാത്യു, പ്രീതി മണി, അബ്രാഹം വർഗ്ഗീസ് എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തികൊണ്ടു ‘ഓണോത്സവം’ ഉദ്‌ഘാടനം ചെയ്തു.

ഓണാഘോഷത്തിനു പ്രാരംഭമായി ആവേശപ്പൂർവ്വമായ കലാ പരിപാടികളും, കേരള പ്രൗഢിയും, സൗന്ദര്യവും, മലയാളത്തനിമയും വിളിച്ചോതിയ വെൽക്കം ഡാൻസും ഏറെ ആകർഷകമായി. കൂടാതെ സ്റ്റീവനേജിന്റെ അഭിമാനമായ ‘സർഗ്ഗതാളം ചെണ്ട’ ഗ്രൂപ്പ് ക്രിസ് ബോസിന്റെ നേതൃത്വത്തിൽ നടത്തിയ ശിങ്കാരി മേളം പരിപാടിയിലെ ഹൈലൈറ്റായി.

തുടർന്ന് സമ്മാന ദാനങ്ങൾക്കുള്ള അവസരമായി. യുക്മ യുടെ അംഗ അസ്സോസ്സിയേഷൻ എന്ന നിലയിൽ ഈസ്റ്റ് ആംഗ്ലിയാ റീജണിൽ നിന്നും പ്രഥമ വര്ഷം തന്നെ സ്പോർട്സ് മീറ്റിൽ ലഭിച്ച റണ്ണറപ്പിനുള്ള ട്രോഫി സർഗം അസോസിയേഷന് വേണ്ടി യുക്മ റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ, മനോജ് ജോൺ എന്നിവർ സർഗ്ഗം സ്പോർട്സ് ടീം ക്യാപ്റ്റൻ ടിന്റു മെൽവിനു സമ്മാനിച്ചു. കൂടാതെ റീജണൽ തലത്തിൽ അജയ്യരായി തിളങ്ങിയ ആറു വ്യക്തിഗത ചാമ്പ്യന്മാരെയും തദവസരത്തിൽ ആദരിക്കുകയും ചെയ്തു. ആദം ജിൻറ്റോ, ജോസഫ് റോബിൻ, സാവിയോ സിജോ, ജിൻറ്റോ പ്ലാക്കാട്ട്, ദീപു ജോർജ്ജ്, ടിന്റു മെൽവിൻ അതോടൊപ്പം സമ്മാനങ്ങൾ നേടിയ കായിക താരങ്ങളായ ടോം ഷിബു, ആൽഫ്രഡ്, ജോവൻ, ജിൽസ, മെൽവിൻ, ആൽബി അടക്കം താരങ്ങളെ സർഗ്ഗം അനുമോദിച്ചു. ദേശീയ തലത്തിൽ തിളങ്ങുകയും വ്യക്തിഗത ചാമ്പ്യൻമാരാവുകയും ചെയ്ത സാവിയോ സിജോ, ടിന്റു മെൽവിൻ, ദേശീയ ഇനങ്ങളിൽ മെഡൽ നേടിയ ജോസഫ് റോബിനെയും പ്രത്യേകം അഭിനന്ദിച്ചു.

കേരളത്തിന്റെ കുട്ടികളുടെ സർഗ്ഗാല്മക പ്രതിഭയെ പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സർഗ്ഗം അസ്സോസ്സിയേഷൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന്, യുക്മ സെക്രട്ടറി ഭുവനേഷ് പീതാംബരൻ സമ്മാനദാന വേദിയിൽ എടുത്തു പറഞ്ഞു. റീജണൽ കലാമേളയിൽ ഏറെ വിജയങ്ങൾ ആശംസിക്കുകയും ചെയ്തു. സ്റ്റീവനേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാരങ്ങളും തദവസരത്തിൽ വിതരണം ചെയ്യുകയുണ്ടായി.

തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധവും, ആസ്വാദ്യകരവുമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി. സദസ്സിനെ ആവേശത്തിന്റെയും, ആഹ്ളാദത്തിന്റെയും കൊടുമുടിയിൽ എത്തിച്ച തിരുവാതിര, ഗാനാലാപനങ്ങൾ, ഓണപ്പാട്ടുകൾ, നൃത്തനൃത്ത്യങ്ങൾ സ്‌കിറ്റുകൾ എന്നിവ ആഘോഷസന്ധ്യയെ വർണ്ണാഭമാക്കി.

ടെസ്സി ജെയിംസ് , ജിൻറ്റു ജിമ്മി, പ്രിൻസൺ പാലാട്ടി എന്നിവർ അവതാരകരായി തിളങ്ങി. GCSE യിൽ ഉയർന്ന വിജയം നേടിയ മെൽവിൻ ഡി മാത്യു, ആൻഡ്രിയ ജെയിംസ് എന്നിവർക്കുള്ള കാഷ് പ്രൈസ് മനോജ് ജോൺ വിതരണം ചെയ്തു. സർഗ്ഗം പൊന്നോണത്തിൽ സജീവമായി പങ്കുചേരുകയും, വിജയിപ്പിക്കുകയും ചെയ്ത ഏവർക്കും സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ ഹൃദ്യമായ നന്ദിപ്രകാശനം നടത്തി.

തിരുവോണ ഓർമ്മകൾ ഉണർത്തി ഓണപ്പാട്ടോടെ ഹെൻട്രിൻ, ജെസ്‌ലിൻ വിജോയും, തേജിനും ചേർന്ന് ഓണാഘോഷ കലാവിരുന്നിനു തുടക്കമിട്ടപ്പോൾ, തട്ടു പൊളിപ്പൻ ഗാനങ്ങളുമായി ടാനിയാ അനൂപും, ഡോ. ആരോമലും വേദി കയ്യടക്കി. പോപ്പ് ഗാനവുമായി എറിൻ ജോൺ സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി. മരിയ ടോം, ഇവ അന്നാ ടോം, ആൻ മേരി ജോൺസൺ, നിസ്സി ഗിബി, ക്രിസ് ബോസ്, ഏഞ്ചൽ മേരി ജോൺസൺ, ആൻറണി ടോം എന്നിവർ വേദിയിൽ സംഗീതസാന്ദ്രത പകർന്നു.

ജോവൻ, ആൽഫ്രഡ്‌, ബെല്ലാ ജോർജ്ജ്, മെറിറ്റ ഷിജി, ദിയ സജൻ, ആൻ അജിമോൻ, ആൻഡ്രിയ, അസിൻ,ജോസ്ലിൻ, ടെസ്സ അനി, ആദ്യ ആദർശ് , അദ്വൈത ആദർശ്, അന്നാ, ലക്സ്മിത പ്രശാന്ത്‌, മരിയ അനി ജോസഫ്, സാറ സുനിൽ, റീത്ത, ഇഷ ബിബിൻ എന്നിവർ നൃത്തം അവതരിപ്പിച്ചു.,ആതിര, ടെസ്സി, അനഘ,ശാരിക, എന്നിവരുടെ ഗ്രൂപ്പ് ഡാൻസും അൻസാ, അലീന,അന്ന,സോന,ടാനിയ,അനാമിക, അജീന എന്നിവരുടെ ഗ്രൂപ്പ് ഡാൻസും, വൈഗ വിവേക്, ജിൽസ, ഏഞ്ചൽ, ജോസ്‌ലിൻ, ഇവലിൻ, ലെന എന്നിവരുടെ ഗ്രൂപ്പ് ഡാൻസും ഓണാഘോഷത്തിൽ വേദിയിൽ മാസ്മരികത വിരിയിക്കുകയായിരുന്നു. നോയൽ, ക്രിസ്, ജോഷ്, മരിറ്റ, ക്രിസ്സി, ഹൃദ്യ എന്നിവർ നടത്തിയ ഫ്യൂഷൻ ഡാൻസും ആകർഷകമായി.

എൽ ഇ ഡി സ്ക്രീനും, ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും ഉപയോഗിച്ച് സ്റ്റീവനേജ് മലയാളി കൂട്ടായ്‌മ്മയെ ആവേശഭരിതവും അവിസ്മരണീയവുമാക്കിയ തിരുവോണ ആഘോഷങ്ങൾ എട്ടു മണിക്കൂറോളം നീണ്ടു നിന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: കായിക പ്രേമികളുടെ ഈറ്റില്ലമായ ഹർട്ട് ഫോർഡ്ഷെയറിലെ സ്റ്റീവനേജിൽ അത്യാവേശകരമായ ഓൾ യു കെ T10 ഏകദിന ക്രിക്കറ്റ് മത്സരം സ്റ്റീവനേജ് കൊമ്പൻസും, ഹോക്സ്  എലൈറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്നു.  മറ്റന്നാൾ ഞായറാഴ്ച, സെപ്തംബർ 21 ന് രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന മത്സരങ്ങൾക്ക് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയം വേദിയാകും.

കാർഡിഫ് മുതൽ നോർവിച്ച് വരെയുള്ള ക്രിക്കറ്റ് രാജാക്കന്മാർ മാറ്റുരക്കുന്ന അത്യാവേശകരമായ  കായിക മാമാങ്കം ഇദംപ്രഥമമായി സ്റ്റീവനേജിൽ ഒരുങ്ങുമ്പോൾ,  മത്സരങ്ങൾക്ക് പ്രോത്സാഹനവും, അസുലഭമായ ആവേശ  നിമിഷങ്ങൾക്ക് നേർസാക്ഷികളാകുവാനും ഉള്ള വലിയ സുവർണ്ണാവസരമാണ് കായിക പ്രേമികൾക്കായി ഒരുങ്ങുന്നത്.

നാം, ബിഎംസിസി , കൊമ്പൻസ്-ഹോക്സ്, ഫോർട്ട് സിസി, മേർത്യർ ടൈറ്റൻസ്, ലൂട്ടൻ ടസ്‌ക്കേഴ്‌സ്, യുണൈറ്റഡ് സ്‌ട്രൈക്കേഴ്‌സ്, ഫാൽക്കൺ തണ്ടേഴ്സ് എന്നീ എട്ടു ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക.

നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രണ്ടു വേദികളിലായിട്ടാവും ഏക ദിന ക്രിക്കറ്റ് മത്സരം നടക്കുക. എട്ടു ടീമുകൾ നോക്ക്ഔട്ട് അടിസ്ഥാനത്തിലാകും മത്സരിക്കുക.

സ്റ്റീവനേജ് അഖില യു കെ ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകുന്നതാണ്.

അത്യാവേശകരമായ ക്രിക്കറ്റ് മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും, മത്സരത്തിനുള്ള ഫിക്സ്ച്ചർ തയ്യാറായെന്നും, എല്ലാ കായിക-ക്രിക്കറ്റ് പ്രേമികളെയും ഹാർദ്ധവമായി മത്സര വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ലൈജോൺ ഇട്ടീര – 07883226679
മെൽവിൻ അഗസ്റ്റിൻ – 07456281428
അർജുൻ – 07717121991
ശരത് – 07741518558

Venue: Knebworth Park Cricket Sadium,
SG3 6HQ

കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ കന്നി മാസ ശ്രീ അയ്യപ്പ പൂജ, 2025 സെപ്റ്റംബർ 20-ാം തീയതി ശനിയാഴ്ച നടക്കും. രാവിലെ 8:00 മണിക്ക് ഗണപതി ഹോമം. വൈകുന്നേരം 6:30 മുതൽ ഗണപതി പൂജ, ഒറ്റയപ്പം നിവേദ്യം, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.വിനായക സ്വാമിയുടെ ഇഷ്ട വഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമർപ്പിതവുമാകുന്ന ഒറ്റയപ്പം വഴിപാടിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,07973 151975

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊച്ചുമക്കളെ നോക്കാനായി യുകെയിലെത്തിയ മലയാളി വീട്ടമ്മ ചന്ദ്രി (63) അന്തരിച്ചു. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യയായ ചന്ദ്രി, സതാംപ്ടണിൽ മകൻ സുമിത്തിന്റെ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് സെപ്റ്റംബർ 15-നാണ് സതാംപ്ടൺ ജനറൽ ആശുപത്രിയിൽ മരണം സംഭവിച്ചത്.

മൃതശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നതാണ് കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ യുകെയിലേയ്ക്ക് വന്നപ്പോൾ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടില്ലാത്തതിനാൽ ആശുപത്രിയിൽ 5000 പൗണ്ടിന്റെ ബിൽ അടയ്ക്കാനുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവും ബന്ധുക്കൾക്ക് വഹിക്കാൻ പ്രയാസമായതിനാൽ ആശങ്കയിലാണ് കുടുംബം.

സുമിത് ടെസ്‌കോ വെയർഹൗസിലും ഭാര്യ ജോയ്‌സ് കെയററായും ജോലി ചെയ്യുന്നു. ചന്ദ്രിയുടെ മറ്റു മക്കൾ സന്ദീപ് (ഒമാൻ), സുശാന്ത് എന്നിവരും മരുമക്കൾ ജോയിസ്, പ്രീജ, സഹോദരങ്ങൾ വാസു, ചന്ദ്രൻ, ശശി എന്നിവരും നാട്ടിലാണ്.

Copyright © . All rights reserved