ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊച്ചുമക്കളെ നോക്കാനായി യുകെയിലെത്തിയ മലയാളി വീട്ടമ്മ ചന്ദ്രി (63) അന്തരിച്ചു. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യയായ ചന്ദ്രി, സതാംപ്ടണിൽ മകൻ സുമിത്തിന്റെ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് സെപ്റ്റംബർ 15-നാണ് സതാംപ്ടൺ ജനറൽ ആശുപത്രിയിൽ മരണം സംഭവിച്ചത്.
മൃതശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നതാണ് കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ യുകെയിലേയ്ക്ക് വന്നപ്പോൾ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടില്ലാത്തതിനാൽ ആശുപത്രിയിൽ 5000 പൗണ്ടിന്റെ ബിൽ അടയ്ക്കാനുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവും ബന്ധുക്കൾക്ക് വഹിക്കാൻ പ്രയാസമായതിനാൽ ആശങ്കയിലാണ് കുടുംബം.
സുമിത് ടെസ്‌കോ വെയർഹൗസിലും ഭാര്യ ജോയ്‌സ് കെയററായും ജോലി ചെയ്യുന്നു. ചന്ദ്രിയുടെ മറ്റു മക്കൾ സന്ദീപ് (ഒമാൻ), സുശാന്ത് എന്നിവരും മരുമക്കൾ ജോയിസ്, പ്രീജ, സഹോദരങ്ങൾ വാസു, ചന്ദ്രൻ, ശശി എന്നിവരും നാട്ടിലാണ്.
താമരശ്ശേരി: മദ്യലഹരിയിൽ അയൽവാസി യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് നടപടികളിലെ വീഴ്ച വിവാദമാകുന്നു. വീടിനു സമീപം മറ്റൊരു കുട്ടിയെ ഉപദ്രവിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് യുവതി ആക്രമിക്കപ്പെട്ടതെന്നാണ് പരാതി. പുതുപ്പാടി ആനോറമ്മൽ സൗമ്യ (25) യ്ക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ താമരശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് സൗമ്യ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയത്.
എന്നാൽ സ്റ്റേഷനിൽ പരാതി സ്വീകരിച്ച് റസീപ്റ്റ് നൽകാൻ പോലീസ് തയ്യാറായില്ലെന്നാണ് സൗമ്യയുടെ ആരോപണം. അടിവാരം ഔട്ട് പോസ്റ്റിൽ നിന്നും പോലീസെത്തിയ ശേഷം മാത്രമാണ് പരാതി രേഖപ്പെടുത്തിയത്. രാത്രി ആയതിനാലാണ് ഉടൻ റസീപ്റ്റ് നൽകാൻ സാധിക്കാതിരുന്നതെന്ന് പോലീസ് വിശദീകരിച്ചു. യുവതിയുടെ ആരോപണങ്ങളും പൊലീസിന്റെ നിലപാടും പ്രദേശത്ത് ശക്തമായ പ്രതികരണങ്ങൾക്ക് വഴിവച്ചു. സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
കൊച്ചി: നടി റിനി ആൻ ജോർജിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച സംഭവത്തിൽ ഷാജൻ സ്‌കറിയ, രാഹുൽ ഈശ്വർ എന്നിവരടക്കം നാലുപേരെ പ്രതി ചേർത്തു കേസെടുത്തു. എറണാകുളം റൂറൽ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
നടിയുടെ പരാതി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നേരിട്ട് നൽകിയതിനെ തുടർന്നാണ് നടപടി. ഐടി ആക്ടിലെ സെക്ഷൻ 67, ബി.എൻ.എസ്, കേരളാ പോലീസ് ആക്ട് എന്നിവയുടെ വകുപ്പുകളാണ് ചുമത്തിയത്. റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും യുട്യൂബ് ചാനൽ വഴിയും നടത്തിയ അധിക്ഷേപമാണ് അന്വേഷണ വിധേയമാകുന്നത്. കൂടുതൽ പേരെ പ്രതികളായി ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളിൽ മാത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്താൽ മതിയെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചു . 24 മണിക്കൂറും ശൗചാലയം തുറക്കണമെന്ന് മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തിരുത്തിയത്.
ശൗചാലയം ഉപഭോക്താക്കളല്ലാത്തവർ ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യവുമായി പമ്പുടമകൾ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, സിംഗിൾ ബെഞ്ച് പൊതു ജനങ്ങൾക്കും സൗകര്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പമ്പിന്റെ പ്രവൃത്തി സമയത്തേക്ക് മാത്രം പരിമിതപ്പെടുത്തിയാണ് ഡിവിഷൻ ബെഞ്ച് വിധി നൽകിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലൊക്കെയും ഒരുപോലെ തിളങ്ങിയ നടിയാണ് മോഹിനി. ‘പഞ്ചാബി ഹൗസ്’, ‘പരിണയം’, ‘ഗസൽ’, ‘നാടോടി’ തുടങ്ങിയ മലയാള സിനിമകളിലെ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് എന്നും ഓർമ്മിക്കപ്പെടുന്ന താരമായി അവർ മാറി. യഥാർത്ഥ പേര് മഹാലക്ഷ്മി ശ്രീനിവാസൻ ആയിരുന്നെങ്കിലും സിനിമയ്ക്കായി അവർ ‘മോഹിനി’ എന്ന പേരിലാണ് അറിയപ്പെട്ടത്. 1990-കളിൽ തുടർച്ചയായി നൂറിലധികം സിനിമകളിൽ അഭിനയിച്ച് മുന്നേറ്റം നടത്തിയ മോഹിനി പിന്നീട് ഭരതിനെ വിവാഹം കഴിച്ച് അമേരിക്കയിൽ താമസം തുടങ്ങി.
വിവാഹശേഷം രണ്ടു മക്കളുടെ അമ്മയായ മോഹിനി കുടുംബജീവിതത്തിൽ സന്തോഷത്തോടെ മുന്നേറുകയായിരുന്നു. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം കടുത്ത വിഷാദം അവരെ പിടികൂടി. ജീവിതത്തിൽ വലിയ പ്രതിസന്ധികളൊന്നുമില്ലാതെ തന്നെ നിരന്തരം മാനസിക വിഷമം അനുഭവിച്ചതായി അവർ വെളിപ്പെടുത്തി. ആത്മഹത്യക്ക് ഏഴ് തവണ ശ്രമിച്ചിട്ടും ജീവിക്കാൻ തന്നെ വിധിക്കപ്പെട്ടവളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അതിന് പിന്നിൽ ദൈവിക ഇടപെടലുണ്ടെന്ന വിശ്വാസത്തിലേക്കാണ് മോഹിനി തിരിഞ്ഞത്.
ചില ജോത്സ്യന്മാർ ‘ആർക്കോ ക്ഷുദ്രപ്രയോഗം ചെയ്തതാണ് പ്രശ്നത്തിന് കാരണം’ എന്ന് പറഞ്ഞപ്പോൾ ആദ്യം അത് തമാശയായി തോന്നിയെങ്കിലും പിന്നീട് മോഹിനി ആത്മപരിശോധനക്ക് വഴിമാറി. കരിയറിലും കുടുംബജീവിതത്തിലും പ്രശ്നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ വിഷാദം പിടികൂടിയപ്പോൾ, അതൊരു അസാധാരണ അനുഭവമാണെന്ന് അവർ മനസ്സിലാക്കി. ഒടുവിൽ യേശുവിലുള്ള വിശ്വാസമാണ് അവരെ പുതുവഴിയിലേക്ക് നയിച്ചത്. കടുത്ത വിഷാദത്തിന് അടിമയായിരുന്ന അവർക്കു, വിശ്വാസം വഴിയാക്കി സമാധാനം വീണ്ടെടുക്കാൻ കഴിഞ്ഞു.
ജീവിതത്തിൽ നേരിട്ട ദുരിതങ്ങളെ കുറിച്ച് അവർ തുറന്നുപറഞ്ഞപ്പോൾ, “യേശു കൂടെയുണ്ടെങ്കിൽ ഒരനർഥവും സംഭവിക്കുകയില്ല” എന്ന ഉറച്ച വിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് അവർ വ്യക്തമാക്കി . നെഗറ്റീവ് അനുഭവങ്ങളെ പോസിറ്റീവായി കാണാൻ പഠിപ്പിച്ച വിശ്വാസം തന്നെ ഏറ്റവും വലിയ കരുത്തായെന്നും അവർ പറഞ്ഞു. ഇന്ന് ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള സമാധാന ജീവിതം ആസ്വദിക്കുന്ന മോഹിനി, സിനിമാലോകത്തെ അത്ര സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇപ്പോഴും സ്വന്തം സ്ഥാനം നിലനിർത്തുന്ന നടിയാണ് .
സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും, വാട്സാപ്പിലൂടെ അശ്ലീല വിഡിയോകളും മെസേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശിയെ കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. തേക്കുംകര പുന്നപ്പറമ്പ് താഴത്തുവീട്ടിൽ ടി.കെ.സംഗീത് കുമാറാണ് (29) അറസ്റ്റിലായത്. ഫെയ്സ്ബുക്കിൽ നിന്നാണ് ഇയാൾ പെൺകുട്ടികളുടെ വിവരം ശേഖരിക്കുക.
കോളജിലെ സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും. വാട്സാപ്പിൽ ഗ്രൂപ്പുകൾ നിർമിച്ചും പിന്നീട് നേരിട്ടും ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വിഡിയോകളും ഫോട്ടോകളും ലൈംഗിക പരാമർശത്തോടു കൂടിയ മെസേജുകളും ഇയാൾ അയച്ചിരുന്നു.
ഇയാളുടെ പക്കൽനിന്ന് ഇതിനായി ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു. പ്രതിക്കെതിരെ കൊല്ലം ജില്ല ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്ത കേസുകൾ അടക്കം സമാനമായ ഒട്ടേറെ പരാതികൾ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.
സൈബർ ക്രൈം പൊലീസ് അസി. കമ്മിഷണർ ജി.ബാലചന്ദ്രന്റെ നിർദേശപ്രകാരം കോഴിക്കോട് സിറ്റി സൈബർ സെൽ ഇയാളുടെ ഫോൺ നമ്പറുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫെബിൻ, സിപിഒമാരായ ഷമാന അഹമ്മദ്, വി.ബിജു, മുജീബ് റഹ്മാൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
മുകുൾ ജയശ്രീ കിഷോർ, കാർഡിഫ്
വെയിൽസ്: വെയിൽസിലെ ബാരി മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം ബാരിയിലെ സെന്റ് റിച്ചാർഡ് ഗ്വിൻ ഹൈ സ്കൂളിൽ വച്ച് സെപ്റ്റംബർ 13ന് അതിഗംഭീരമായി ആഘോഷിച്ചു. ആഘോഷത്തിൽ അധ്യക്ഷനായി അസോസിയേഷൻ പ്രസിഡന്റ് ശ്രി ടോംബിൾ കണ്ണത്, മുഖ്യ അതിഥിയായി വെയിൽ ഓഫ് ഗ്‌ളാമോർഗനിലെ എം പിയും യുകെ ഗവണ്മെന്റിന്റെ പുതിയ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ മന്ത്രിയുമായ ശ്രീ കനിഷ്ക നാരായൺ, മറ്റ് വിശിഷ്ട അതിഥികളായി ഇന്ത്യൻ ഹൈ കമ്മീഷന്റെ വെയിൽസിലെ കോൺസുലർ ആയ ക്യാപ്റ്റൻ രാജ് അഗർവാൾ, വെയിൽ ഓഫ് ഗ്‌ളാമോർഗൻ ബോറോ കൗന്റിയുടെ ഡെപ്യൂട്ടി മേയർ കൗൺസിലർ കാരിസ് സ്റ്റെല്ലാർഡ് , യുക്മ ദേശീയ കമ്മറ്റി അംഗവും ലാൻഡോക് കമ്മ്യൂണിറ്റി കൗൺസിലറും ആയ ശ്രി ബെന്നി അഗസ്റ്റിൻ, വെയിൽസിലെ തമിൾ സംഗം പ്രസിഡന്റ് ശ്രിമതി കല്പന നടരാജൻ എന്നിവർ സന്നിഹിതരായിരുന്നു. അസോസിയേഷൻ സെക്രട്ടറി ശ്രി പ്രവീൺ കുമാർ സ്വാഗതം അർപ്പിച്ചു. അതിഥികളായി വന്ന എല്ലാവരെയും പ്രസിഡന്റ് ടോംബിൾ കണ്ണത് പൊന്നാടയണിയിച്ചുകൊണ്ട് സ്വീകരിച്ചു.

ബാരി മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം രാവിലെ പതിനൊന്നു മണിയോടെ കുട്ടികൾക്കായുള്ള ‘കുഞ്ഞോണം’ എന്ന പാരിപാടിയോടെ ആരംഭിച്ചു. പന്ത്രണ്ട് മണിക്ക് ഓണസദ്യ ആരംഭിച്ചു. ബാരിയിലെ സജിന്റെ ( കേരള ഫുഡ് ബീറ്റ്‌സ് ) വളരെ രുചികരമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു. രണ്ടുമണിക്ക് പുതിയ യുകെ മന്ത്രിയായ ശ്രി. കനിഷ്ക നാരായണന് പ്രത്യേക സ്വീകരണം നൽകി. മുഖ്യ അതിഥിയായ മന്ത്രി ശ്രി കനിഷ്ക നാരായൺ ബാരി മലയാളി അസ്സോസിയേഷന്റ ഈ വർഷത്തെ ഓണാഘോഷം നിലവിളക്കിനു തിരി കൊളുത്തികൊണ്ട് ഉത്‌ഘാടനം ചെയ്തു. തനിക്കു പുതിയതായി തന്നിരിക്കുന്ന സയൻസ് ആൻഡ് ടെക്നോളജി മന്ത്രി എന്ന സ്ഥാനം ഏറ്റവും നല്ല രീതിയിൽ ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുപോലെതന്നെ മലയാളി വെൽഫെയർ അസോസിയേഷൻ തനിക്ക് തന്ന സ്വീകരണത്തിന് എല്ലാവരോടും നന്ദി അർപ്പിച്ചു.

ഇന്ത്യൻ ഹൈ കമ്മീഷന്റെ വെയിൽസിലെ കോൺസുലാർ ആയ ക്യാപ്റ്റൻ രാജ് അഗർവാൾ എല്ലാവർക്കും ഓണം ആശംസിക്കുകയും ഇങ്ങനെയുള്ള ആഘോഷങ്ങളിലൂടെ നമ്മുടെ തനതായ സംസ്കാരവും, കലയും ഡാൻസും ഒക്കെ പ്രദർശിപ്പിക്കുവാനുള്ള ഒരവസരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്മയുടെ ദേശീയ കമ്മറ്റി അംഗവും ലാൻഡോക്കിലെ കമ്മ്യൂണിറ്റി കൗൺസിലർ കൂടിയായ കൗൺസിലർ ബെന്നി അഗസ്റ്റിൻ എല്ലാ വിശിഷ്ടാതിഥികളെ സദസിന് പരിചയപ്പെടുത്തുകയും, യുക്മ എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്നും യുക്മയുടെ ഓരോ പ്രവർത്തനങ്ങളിലും യുക്മയുമായി സഹകരിച്ചു പങ്കെടുക്കുവാനും അഭ്യർത്ഥിച്ചു. യുക്മ എന്ന പ്രസ്ഥാനത്തിലൂടെ വരും തലമുറയ്ക്ക് നമ്മുടെ കേരളീയ സംസ്കാരവും പാരമ്പര്യവും മനസിലാക്കുവാനും, കലയോടും സാഹിത്യത്തോടും അവർക്കൊരു അഭിരുചി ജനിപ്പിക്കുവാനും സഹായിക്കട്ടെ എന്നുകൂടി അദ്ദേഹം സൂചിപ്പിച്ചു.

ഉൽഘാടന സമ്മേളനത്തിന് ശേഷം മലയാളി വെൽഫെയർ അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു. തിരുവാതിര, സിനിമാറ്റിക് ഡാൻസസ്, കൈകൊട്ടിക്കളി, പാട്ടുകൾ, മിട്ടായി പറക്കൽ, കസേരകളി, തുടങ്ങിയ അനവധി പരിപാടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഈ വർഷത്തെ ഓണാഘോഷപരിപാടികൾ സ്പോൺസർ ചെയ്തിരുന്നത് ഇൻഫിനിറ്റി മോർട്ടഗേജും, കാർഡിഫ് മല്ലു ഷോപ്പും ആണ്. ഇന്നേ ദിവസത്തെ എല്ലാ ഫോട്ടോകളും എടുത്തിരിക്കുന്നത് അശ്വിൻ തെങ്ങുംപള്ളിയിൽ ആണ്. മലയാളി വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം വിജയപ്രദമാക്കുന്നതിനു വേണ്ടി കമ്മറ്റി അംഗങ്ങളായ ബെർലി, ഷാജി തോമസ്, പ്രവീൺ കുമാർ, ഡിറോൺ, വിഷ്ണു പ്രസാദ്, അനന്തൻ, റ്റിബിൻ, ജിബിൻ, ഗീവർഗീസ് മാത്യു അരവിന്ദ് എന്നിവരും പുതിയതായി കമ്മറ്റിയിൽ വന്ന നിതിൻ, മുകുൾ, ശ്രീജിത്ത്, ഹരിത തുടങ്ങിയവരും നേതൃത്വം നൽകിയപ്പോൾ പരിപാടിയിൽ പങ്കെടുത്തവർ എല്ലാവരും കാഴ്ചക്കാർ ആയി നില്കാതെ ഒത്തൊരുമിച്ചു പ്രവർത്തിചത് പരിപാടിയുടെ മാറ്റ് കൂട്ടി. എല്ലാവർക്കും ഒരു നല്ല സമൃദ്ധിയുടെയും സമാധാനത്തിന്റെയും നാളുകൾ നേർന്നു കൊണ്ടും പുതു പരിപാടികൾ പ്രഖ്യാപിച്ചുകൊണ്ടും ഈ വർഷത്തെ ഓണാഘോഷം പര്യവസാനിച്ചു.

ബെന്നി പെരിയപ്പുറം, പി.ആർ.ഒ.
കേരളത്തിലെ വയനാട് ജില്ലയിൽനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്‌മയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെ യുടെ പതിനാലാമത് സംഗമം 2025 ഒക്ടോബർ മാസം പതിനൊന്നാം തീയതി ശനിയാഴ്ച വാർവിക്ക് ഷെയറിലെ നനീട്ടണിൽ വെച്ച് നടക്കുകയാണ്. രാവിലെ 9:30 ന് ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് 5 മണിക്ക് സമാപിക്കും. സംഗമത്തോടനുബന്ധിച്ച് കുട്ടികളുടേയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, നാട്ടിൽനിന്നു വന്നിട്ടുള്ള മാതാപിതാക്കളെ ആദരിക്കൽ
തുടങ്ങിയവ നടത്തപ്പെടുന്നതാണ് സംഘടന നടത്തി കൊണ്ടിരിക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ വിലയിരുത്തലും പുതിയ വർഷങ്ങളിൽ നടത്തേണ്ട പരിപാടികളുടെ ആസൂത്രണവും സംഗമത്തിൻ്റെ ഭാഗമായി നടക്കും ഇംഗ്ലണ്ടിലെ വായനാട്ടുകാരായ എല്ലാവരെയും സംഗമത്തിലേക്കു സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് രാജപ്പൻ വർഗീസ് (chairman) 07988959296
ജോഷ്‌നി ജോൺ (കൺവീനർ ) 07598491874
സജിമോൻ രാമച്ചനാട്ട് (treasurer) 079916347245 എന്നിവരെ ബെന്ധപെടാവുന്നതാണ്
സംഗമം നടക്കുന്ന സ്‌ഥലത്തിന്റെ അഡ്രസ്സ്
കോട്ടൺ സ്പോർട്‌സ് ആൻഡ് സോഷ്യൽക്ലബ് നനീട്ടൻ WARWICKSHIRE CV 11 5SQ
തിരുവനന്തപുരം: ശിവഗിരി സംഭവത്തിൽ പോലീസിനെ അയച്ചത് തന്നെ ഏറ്റവും വേദനിപ്പിച്ച കാര്യമാണെന്ന് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. 1995-ൽ ഹൈക്കോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് ഇടപെടലുണ്ടായത്. എന്നാൽ അതിനുശേഷം ജെ. ബാലകൃഷ്ണൻ കമ്മീഷൻ അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് ഇന്നു വരെ പുറത്തുവിട്ടിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുത്തങ്ങയിലെ ആദിവാസി സമരവുമായി ബന്ധപ്പെട്ടും സിബിഐ റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടെന്ന് ആന്റണി ഓർമ്മിപ്പിച്ചു. അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കയ്യേറ്റം അനുവദിച്ചതിന് ശേഷം പോലീസാണ് ഇടപെട്ടതെന്ന് റിപ്പോർട്ടിൽ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പഴി കേട്ടത് താനാണെന്നും, ‘ആദിവാസികളെ ചുട്ടുകൊന്നു’ എന്നാരോപണം ഇടതുപക്ഷം പ്രചരിപ്പിച്ചതാണെന്നും ആന്റണി വ്യക്തമാക്കി.
മാറാട് കാലത്തെ സംഭവത്തെക്കുറിച്ചും സിബിഐ അന്വേഷണം നടത്തിയ റിപ്പോർട്ട് ഉണ്ടെന്നും അത് പുറത്തു വിടണമെന്നാണ് ആന്റണിയുടെ ആവശ്യം. സത്യാവസ്ഥ ജനങ്ങൾക്കുമുമ്പിൽ വെക്കുന്നതാണ് സർക്കാരിന്റെ കടമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് ഞങ്ങളുടെ ഭരണകാലത്താണ്. എന്നാൽ 21 വർഷങ്ങൾക്ക് ശേഷവും തന്നെ അധിക്ഷേപിക്കപ്പെടുകയാണ്” എന്നും ആന്റണി ചൂണ്ടിക്കാട്ടി.
തൃശൂർ: അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നു കുറച്ചു ദിവസമായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് (ബുധൻ) ഉച്ചയ്ക്കു 2.50നാണ് വിയോഗം. കബറടക്കം പിന്നീട്.
തൃശൂർ അതിരൂപത ആർച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്‌ഥാനങ്ങളിൽ സ്‌തുത്യർഹ സേവനമനുഷ്‌ഠിച്ച മാർ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ജീവൻ ടിവിയുടെ സ്‌ഥാപക ചെയർമാനാണ്. രണ്ടുതവണ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ, 2000–06) വൈസ് പ്രസിഡന്റ് പദവി വഹിച്ചു. 2004–ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ നടന്ന സിബിസിഐയുടെ ചരിത്ര സംഗമത്തിന്റെ സംഘാടകനായി ശ്രദ്ധനേടി.
1997-ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്‌ഥാനമേറ്റെടുത്ത മാർ ജേക്കബ് തൂങ്കുഴി 10 വർഷം അതേ സ്‌ഥാനത്തു തുടർന്നു. 22 വർഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു. കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കർഷക ദമ്പതികളായ കുരിയന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബർ 13നാണു ജനനം. കുടുംബം പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറുകയായിരുന്നു.