ദില്ലി: കേരള സർക്കാരിന്റെ സിൽവർ ലൈൻ (കെ–റെയിൽ) പദ്ധതി പ്രായോഗികമല്ലെന്നും അത് നടപ്പാക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി. സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ (ഹൈസ്പീഡ് റെയിൽ/ആർആർടിഎസ്) പദ്ധതികൾ പരിഗണിക്കാമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. ആർആർടിഎസ്–ഹൈസ്പീഡ് റെയിൽ പദ്ധതികളെ കുറിച്ച് ഹാരിസ് ബീരാൻ എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ വിശദീകരണം. സിൽവർ ലൈൻ വലിയ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നതാണെന്നും അത് കേന്ദ്രത്തിന് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഹൈസ്പീഡ് റെയിൽ നടപ്പാക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ സഹകരണം അനിവാര്യമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ സംസ്ഥാന സർക്കാർ തീരെ സഹകരിക്കുന്നില്ലെന്നും ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയതെന്നും മന്ത്രി വിമർശിച്ചു. സംസ്ഥാനത്തിന്റെ പിന്തുണയില്ലാതെ പദ്ധതികൾ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനെ വിമർശിച്ചതോടെ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചു. ഇതേസമയം തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹാരിസ് ബീരാന്റെ ചോദ്യത്തിന്, നിലവിൽ 90 ട്രെയിനുകൾ നിർത്തുന്നുണ്ടെന്നും മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്നും മന്ത്രി മറുപടി നൽകി. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ വികസിപ്പിക്കുന്നതായും അറിയിച്ചു.
മലപ്പുറത്ത് ഇ. ശ്രീധരൻ ഓഫീസ് തുറന്നത് കേന്ദ്രത്തിന്റെ അനുമതിയോടെയാണോയെന്ന് ജോൺ ബ്രിട്ടാസ് എംപി ചോദിച്ചപ്പോൾ, ശ്രീധരനെ രാജ്യം മുഴുവൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശം ഇപ്പോഴും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുതുതായി പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് പദ്ധതികളിലും ശ്രീധരന്റെ നിർദേശങ്ങൾ തേടിയിട്ടുണ്ടെന്നും കേരളത്തിൽ അദ്ദേഹം ഓഫീസ് തുറന്നത് സ്വാഗതം ചെയ്യുന്നതായും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ശബരിപാത ഭൂമി ഏറ്റെടുപ്പ് തെരഞ്ഞെടുപ്പ് അടുത്തതിനാലാണെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പദ്ധതി തുടരുമോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു; ബിജെപി അധികാരത്തിലെത്തിയാൽ പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
മാനന്തവാടി: വയനാട് മാനന്തവാടി–തലശ്ശേരി റൂട്ടില്‍ എരുമത്തെരുവില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശിയും കര്‍ണാടകയിലെ കുട്ടയില്‍ ദീര്‍ഘകാലമായി വ്യാപാരം നടത്തുന്നയാളുമായ സജീര്‍ (44) ആണ് മരിച്ചത്. പൊള്ളലേറ്റ ഭാര്യ നജ്മുന്നിസയും രണ്ടുവയസ്സുകാരിയായ മകള്‍ ആയിഷയും വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ആത്മഹത്യാ ശ്രമമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയെന്നാണ് ലഭിക്കുന്ന വിവരം. സജീറും ഭാര്യയും മക്കളായ നിബ്രാന്‍ (14), നിസാന്‍ (9), ആയിഷ (2) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റതായും ആയിഷയ്ക്കും പൊള്ളലേറ്റതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
എരുമത്തെരുവിലെ ഒരു സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്ത് വാഹനം ഇടിച്ചുകയറിയതിന് പിന്നാലെയാണ് കാറില്‍ തീ പടർന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറിനുള്ളില്‍ പെട്രോള്‍ നിറച്ച രണ്ട് കാനുകള്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ അറിയിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സജീറിനെ രക്ഷിക്കാനായില്ലെങ്കിലും ഭാര്യയെയും കുട്ടികളെയും പുറത്തെടുക്കാന്‍ സാധിച്ചു. കുട്ടയില്‍ ബേക്കറി നടത്തുന്ന സജീറിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന സൂചന നല്‍കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്ന അപകടത്തില്‍ കാര്‍ ഓടിച്ചത് താനാണെന്ന് നടന്‍ മണിയന്‍പിള്ള രാജു സമ്മതിച്ചു. ഒരു ചടങ്ങില്‍ പങ്കെടുത്ത് പുറത്തിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും, പിന്നില്‍നിന്ന് അതിവേഗത്തില്‍ എത്തിയ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം ന്യൂസ് ചാനലിനോട് പറഞ്ഞു. ഭയം മൂലമാണ് വാഹനം നിര്‍ത്താതെ പോയതെന്നും, ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും നടന്‍ വ്യക്തമാക്കി. അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ‘KL 01 CJ 04’ നമ്പറിലുള്ള കാറാണ് ബൈക്കില്‍ ഇടിച്ചത്. വാഹനത്തിന്റെ ഉടമയായി രജിസ്ട്രേഷനില്‍ കാണിച്ചിരിക്കുന്ന സുധീര്‍കുമാര്‍ രാജു നടന്റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രാത്രി തന്നെ പൊലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നുവെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണയ്ക്കും സൂരജിനുമാണ് സാരമായി പരിക്കേറ്റത്. നിവേദിതിന്റെ കാലുകള്‍ ഒടിഞ്ഞതായും സൂരജിന് നട്ടെല്ലിന് പരിക്കേറ്റതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിവേദിത് കിംസ് ആശുപത്രിയിലും സൂരജ് എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
ന്യൂഡൽഹി: പാർലമെന്റ് കവാടത്തിൽ കാൽ വഴുതി വീണതിനെ തുടർന്ന് ശശി തരൂർ എംപിക്ക് പരിക്കേറ്റു. നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ വലതുകാലിലെ എല്ലിന് ഒടിവുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പാർലമെന്റ് നടപടികൾക്കായി എത്തിയ തരൂർ, പ്രതിഷേധങ്ങൾക്കിടയിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ പടികളിൽ കാൽ തെന്നി വീഴുകയായിരുന്നു.
പരിക്കേറ്റിട്ടും പാർലമെന്ററി ചുമതലകൾ മുടങ്ങില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വീൽചെയറിൽ പാർലമെന്റിലെത്തുമെന്നും പ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും അറിയിച്ച അദ്ദേഹം, ഇതിനുപിന്നാലെ വീൽചെയറിൽ പാർലമെന്റിലെത്തുകയും ചെയ്തു.
തിരുവനന്തപുരം: പോറ്റിക്ക് ജാമ്യം ലഭിച്ച സംഭവം സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ജാമ്യം ലഭിച്ചതിന് പിന്നിൽ സർക്കാരിന്റെ ഗൂഢാലോചനയുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടെങ്കിൽ സ്വർണക്കൊള്ളക്കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. ഇതേസമയം, സ്വർണക്കൊള്ളക്കേസിലെ അന്വേഷണത്തെ ഭയപ്പെടുന്നതാണ് കോൺഗ്രസെന്ന നിലപാടിലാണ് സിപിഎം, പോറ്റിക്കും ജാമ്യം ലഭിച്ചതോടെ കേസ് തന്നെ ദുർബലമാകുന്നുവെന്ന വിമർശനവും പ്രതിപക്ഷം ശക്തമാക്കി.
കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള സർക്കാർ നീക്കമാണിതെന്ന ആക്ഷേപവും ഉയരുന്നു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചാലും എസ്ഐടിയിൽ വിശ്വാസമുണ്ടെന്ന ഹൈക്കോടതി പരാമർശമാണ് സർക്കാരിന് ആശ്രയമായിരിക്കുന്നത്, എന്നാൽ പ്രതികൾ കൂട്ടത്തോടെ ജയിൽ വിടുന്നതിൽ പൊതുസമൂഹത്തിനുള്ള സംശയങ്ങളിലാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രതീക്ഷ.
അപ്പച്ചൻ കണ്ണഞ്ചിറ
റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ, ഫെബ്രുവരി മാസം 13 മുതൽ 15 വരെ താമസിച്ചുള്ള ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും, അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും, അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചൻ കുടിയിലും, ഫാ. ഡെർബിൻ എട്ടിക്കാട്ടിലും സംയുക്തമായിട്ടാവും ത്രിദിന ‘റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്’ നയിക്കുക.
‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)
ലോകരക്ഷകനു മുന്നിൽ മനസ്സ് തുറന്നു പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ച നടക്കുന്ന ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.
ആന്തരിക സൗഖ്യാധ്യാനം, 13 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 15 ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മാനസിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ , ഫാ ഡെബ്രിൻ എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം, 12 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ തന്നെ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് റജിസ്ട്രേഷൻ ഫീസ് ഈടാക്കുക.

ഈസ്റ്റ് ആംഗ്ലിയയിലെ മലയാളി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയ്ക്കായി വർഷങ്ങളായി സജീവമായി പ്രവർത്തിച്ചു വരുന്ന പ്രമുഖ സംഘടനയായ ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) അഖില യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ടൂർണമെന്റ് 2026 ഫെബ്രുവരി 21-ാം തീയതി (ശനിയാഴ്ച) Linton Village College Sports Hall, CB21 4JB എന്ന വേദിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ മലയാളി ബാഡ്മിന്റൺ ടീമുകളെയും ഈ കായികമേളയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു.
മലയാളി സമൂഹത്തെ ഒരുമിപ്പിക്കുകയും, കായിക വിനോദങ്ങളിലൂടെ സൗഹൃദവും ആരോഗ്യകരമായ മത്സരാത്മകതയും വളർത്തുകയുമാണ് ഈ ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യം. അമേച്വർ മുതൽ അനുഭവസമ്പന്നരായ കളിക്കാരുവരെ പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഈ അഖില യുകെ ബാഡ്മിന്റൺ ടൂർണമെന്റിന് Care Circle, Idealistic Financial Services, Rep-Rack Fitness എന്നീ സ്ഥാപനങ്ങളുടെ ഉദാരമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. ഈ സ്പോൺസർമാരുടെ സഹകരണം ടൂർണമെന്റിനെ കൂടുതൽ വിജയകരവും ആകർഷകവുമാക്കുമെന്ന് HMA നേതൃത്വം വ്യക്തമാക്കി.
ടൂർണമെന്റിൽ വിജയിക്കുന്ന ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകുന്നതാണ്:
ഒന്നാം സമ്മാനം: £300 + ട്രോഫി
രണ്ടാം സമ്മാനം: £200 + ട്രോഫി
മൂന്നാം സമ്മാനം: £100 + ട്രോഫി
ഹേവർഹിൽ മലയാളി അസോസിയേഷൻ ഈസ്റ്റ് ആംഗ്ലിയയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായി അറിയപ്പെടുന്നു. നിരവധി വർഷങ്ങളായി സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, കുടുംബ സംഗമങ്ങൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ വിജയകരമായി സംഘടിപ്പിച്ച് വരുന്ന സംഘടനയാണ് HMA. മലയാളി സമൂഹത്തിനിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിൽ സംഘടന നിർണായക പങ്ക് വഹിച്ചുവരുന്നു.
ഈ അഖില യുകെ ബാഡ്മിന്റൺ ടൂർണമെന്റും യുകെയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന ഒരു വലിയ കായികോത്സവമായി മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. മത്സരങ്ങൾ സുഗമമായി നടത്തുന്നതിനായി മികച്ച സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
ടൂർണമെന്റുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, ടീം എൻട്രി, മറ്റ് വിവരങ്ങൾ എന്നിവയ്ക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ജെറിൽ: 07832 696996
റിജു: 07449 735746

തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും കിഫ്ബി വഴി 1900 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997–98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത ഈ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും നിർണായകമെന്നാണ് വിലയിരുത്തൽ. 110 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാസൗകര്യം ഒരുക്കും.
പദ്ധതി നടപ്പാക്കുന്നതോടെ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകൾക്ക് വലിയ സാമ്പത്തിക ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി റെയിൽവേ വഴി എളുപ്പത്തിൽ ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 8 കിലോമീറ്റർ ദൂരത്തെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുൻപേ പൂർത്തിയായിരുന്നു. എന്നാൽ ശേഷിക്കുന്ന ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കൽ നടപടികളിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി പദ്ധതി സ്തംഭനാവസ്ഥയിൽ തുടരുകയാണ്.
ദില്ലി: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടൺ പോസ്റ്റ് നടത്തിയ കൂട്ടപ്പിരിച്ചുവിടലിൽ എംപി ശശി തരൂരിന്റെ മകൻ ഇഷാൻ തരൂരിനും ജോലി നഷ്ടമായി. വാഷിങ്ടൺ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിൽ മാധ്യമപ്രവർത്തകനായിരുന്ന ഇഷാൻ, ജോലി നഷ്ടമായ വിവരം സമൂഹമാധ്യമമായ എക്സിലൂടെ സ്ഥിരീകരിച്ചു.
വാഷിങ്ടൺ പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാരെയും മറ്റ് നിരവധി സഹപ്രവർത്തകരെയും ഉൾപ്പെടുത്തി നടന്ന പിരിച്ചുവിടലാണ് തനിക്കുണ്ടായതെന്ന് ഇഷാൻ വ്യക്തമാക്കി. ന്യൂസ്‌റൂമിനോടും പ്രത്യേകിച്ച് അന്താരാഷ്ട്ര വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച പത്രപ്രവർത്തകരോടും ഉള്ള സ്നേഹവും വേദനയും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ 12 വർഷമായി സഹപ്രവർത്തകരായ എഡിറ്റർമാരോടും റിപ്പോർട്ടർമാരോടും ചേർന്ന് ജോലി ചെയ്യാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകകാര്യങ്ങളെയും അതിൽ അമേരിക്കയുടെ പങ്കിനെയും വായനക്കാർക്ക് വ്യക്തമാക്കുന്നതിനായി 2017 ജനുവരിയിലാണ് ‘വേൾഡ് വ്യൂ’ എന്ന കോളം ആരംഭിച്ചതെന്ന് ഇഷാൻ ഓർമിപ്പിച്ചു. വർഷങ്ങളായി ആഴ്ചയിൽ പലതവണ ഈ കോളം വായിച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം വരുന്ന വിശ്വസ്തരായ വായനക്കാരോട് കടപ്പെട്ടിരിക്കുന്നതായും ഇഷാൻ തരൂർ കുറിച്ചു.
ബൽജു നാരായണൻ
യുകെയിലെ മലയാളി സമൂഹത്തിനിടയിൽ പുരോഗമന കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന സമീക്ഷ യു.കെ യുടെ 8-ാം നാഷണൽ സമ്മേളനം 2026 മെയ് 2-ന് (ശനിയാഴ്ച നടത്തപ്പെടും.
യുകെയിലെ വിവിധ ഏരിയകളിൽ നിന്നുള്ള പ്രതിനിധികളും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. സംഘടനയുടെ കഴിഞ്ഞ പ്രവർത്തനങ്ങൾ വിലയിരുത്തുക, ഭാവി പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തുക, സംഘടനയുടെ ഘടനയും പ്രവർത്തന സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
കലാസാംസ്കാരിക പരിപാടികൾ, സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപനങ്ങൾ, സംഘടനാ നിർദ്ദേശങ്ങളും തീരുമാനങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും ഐക്യവും പുരോഗമന നിലപാടുകളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വേദിയാകുമെന്നാണ് നാഷണൽ കമ്മിറ്റി അറിയിച്ചു.
യുകെയിലെ എല്ലാ ഏരിയ/ യൂണിറ്റ് കമ്മിറ്റികളും സമ്മേളനത്തിനായി ഏകോപിതമായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. അംഗങ്ങളും അഭ്യുദയകാംക്ഷികളും പരമാവധി പങ്കെടുത്ത് സമ്മേളനം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
