ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എഡി ഒരുക്കിയ ‘പ്രേമലു’വിന്റെ തരംഗം ബോളിവുഡിലേക്കും. സൂപ്പര്‍ഹിറ്റില്‍നിന്ന് ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്ന ‘പ്രേമലു’വിന്റെ യു. കെ, യൂറോപ്പ് വിതരണാവകാശം ബോളിവുഡ്ഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ് സ്വന്തമാക്കി. ചിത്രത്തിന് വിദേശ രാജ്യങ്ങളിൽ പോലും ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകാര്യതയാണ് യഷ് രാജിനെ ആകർഷിച്ചതെന്നുറപ്പാണ്.
ഫെബ്രുവരി ഒൻപതിന് റിലീസായ പ്രേമലുവിന് ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടാം ദിവസം മുതല്‍ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരുന്നു. ഒമ്പതു ദിവസംകൊണ്ട് 27 കോടിയില്‍പ്പരം രൂപയാണ് ചിത്രം ഇതുവരെ നേടിയത്.
നസ്ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്
ഉണ്ണികൃഷ്ണൻ ബാലൻ
യുകെയിലെ കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്‍റിന്‍റെ നോർതാംപ്റ്റൺ റീജിയണല്‍ മത്സരം എലിസബത്ത് വുഡ്‍വില്ലേ സ്കൂളില്‍ നടന്നു. സമീക്ഷ യുകെ നാഷണല്‍ സെക്രട്ടേറിയറ്റ് അംഗവും ബാഡ്മിന്‍റൺ ടൂർണമെന്‍റ് കോർഡിനേറ്ററുമായ ജിജു സൈമൺ ഉദ്ഘാടനം നിർവഹിച്ചു. നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം അഡ്വ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
മത്സരത്തില്‍ മാത്യു-ജോയല്‍ സഖ്യം വിജയികളായി. ഷൈജു-ജിതിൻ സഖ്യത്തിനാണ് രണ്ടാം സ്ഥാനം. രഘുവരൻ-സന്ദീപ് സഖ്യം മൂന്നാം സ്ഥാനവും സൂര്യ-ഹബീബ് സഖ്യവും നാലാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവർ ഗ്രാന്‍റ് ഫിനാലേയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഒന്നാം സ്ഥാനം നേടിയ ടീമിന് 151 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫിയും, 51 പൗണ്ടും ട്രോഫിയും നല്‍കി. ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ്, ആദിസ് എച്ച് ആർ ആന്‍റ് എക്കൌണ്ടൻസി സൊലൂഷൻസ്, തട്ടുകട ദ ടേസ്റ്റ് ഓഫ് ഇന്ത്യ, കളേർസ് ട്രാൻസ്പോർട്ട്, നോർത്താൻസ് മാർട് കേരളീയം, ബി വി ടെക്, മന്ന ഫുഡ് കോർട്ട്, സി മാർട്ട്, എൻ എസ് എൻ ഓട്ടോസ് എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. അഡ്വ. ദിലീപ് കുമാർ, യൂണിറ്റ് സെക്രട്ടറി പ്രബിൻ, അജു, ജോബിഷ്, യൂണിറ്റ് എക്സിക്യൂട്ടീല് മെമ്പർമാരായ ഡോൺ, അജില്‍ ഉണ്ണികൃഷ്ണന്‍, റിജൻ, ജോൺ സേവ്യർ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അടുത്ത മാസം 24 കോവെൻട്രിയിലാണ് ഗ്രാൻഡ് ഫിനാലെ മത്സരം നടക്കുന്നത്. 18 റീജിയണുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ ഫിനാലെയില്‍ കളത്തിലിറങ്ങും. ഒന്നാം സമ്മാനം 1001 പൌണ്ടും സമീക്ഷ യുകെ എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101പൗണ്ടും ട്രോഫിയും ലഭിക്കും.
അഞ്ജലി ലിൻ്റോ
യുകെയിൽ പ്രസിദ്ധമായ യോർക്ഷയറിലെ കീത്തിലിയിൽ 2022 ൽ രൂപീകൃതമായ പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ ജിൻ്റോ സേവ്യർ നയിക്കും. യുറോപ്പിലേയ്ക്കുള്ള മലയാളികളുടെ രണ്ടാം വരവോടെ നിരവധി മലയാളി അസ്സോസിയേഷനുകളാണ് രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ ജന്മമെടുത്തത്. പുതുതലമുറയുടെ പരിവേഷത്തോടെ രൂപപ്പെട്ട അസ്സോസിയേഷനുകളെല്ലാം ഊർജ്ജസ്വലതയോടെ യുകെയിൽ പ്രവർത്തിക്കുന്നു എന്നത് എടുത്ത് പറയേണ്ടതുണ്ട്.
2020 മുതൽ കീത്തിലിയിൽ എത്തിച്ചേർന്ന മലയാളി സമൂഹത്തിൻ്റെ കൂട്ടായ പ്രവർത്തനത്തിൽ രൂപീകൃതമായ അസ്സോസിയേഷനാണ് പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ . പ്രവർത്തന ശൈലിയിൽ ചുരുങ്ങിയ കാലം കൊണ്ട് യുകെയിൽ ജനശ്രദ്ധ നേടി എന്ന് എടുത്തു പറയേണ്ടതുണ്ട്. പ്രതീക്ഷ രൂപീകൃതമായതിനു ശേഷമുള്ള ആദ്യ വർഷത്തെ പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്. ഒരു പ്രവാസി മലയാളി അസ്സോസിയേഷൻ എന്ന സംഘടനകൊണ്ട് എന്തെല്ലാം ഉദ്ദേശിക്കുന്നുവോ അതെല്ലാം നിറവേറ്റിക്കൊണ്ടാണ് പ്രതീക്ഷ മലയാളി അസ്സോസിയേഷൻ്റെ മുന്നേറ്റം. കായിക കലാ രംഗത്തെ പ്രവർത്തനങ്ങൾ, ഡാൻസ് ക്ലാസുകൾ, കാറ്ററിംഗ് മേഘലകൾ, ഫോട്ടോഗ്രാഫി, റീൽ നിർമ്മാണം, ഗാനരചനയും സംഗീത സംവിധാനവും കൂടാതെ പാശ്ചാത്യ സമൂഹത്തോട് ചേർന്ന് നിന്നുള്ള പ്രവർത്തനങ്ങളുമെല്ലാം പ്രതീക്ഷയെ മുന്നോട്ട് നയിക്കുന്നു.
നിയുക്ത പ്രസിഡൻ്റ് ജിൻ്റോ സേവ്യറിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് മുൻതൂക്കം കൊടുത്തു കൊണ്ടുള്ള ഒരു വലിയ ടീമാണ് 2024 ൽ പ്രതീക്ഷയെ നയിക്കുക. പ്രതീക്ഷയുടെ കഴിഞ്ഞ കാല സാരഥികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. അവരിൽ നിന്നും ഉൾക്കൊണ്ട പ്രചോദനത്താൽ വരും വർഷം കൂടുതൽ കാര്യങ്ങൾ പ്രാദേശീക സമൂഹത്തോടൊപ്പം ചേർന്ന് ചെയ്യാനാണ് ആഗ്രഹമെന്ന് പ്രതീക്ഷയുടെ പ്രസിഡൻ്റ് ജിൻ്റോ സേവ്യർ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ നയിക്കുന്നവർ:-
പ്രസിഡൻ്റ് – ജിൻ്റോ സേവ്യർ
സെക്രട്ടറി – ചിന്ദു പ്രതാപൻ
വൈസ് പ്രസിഡൻ്റ് – ലിസ സെലിൻ
ജോയിൻ്റ് സെക്രട്ടറി – ബിനീഷ് ജോൺ
ട്രഷറർ – ജീവൻ സണ്ണി
കമ്മറ്റിയംഗങ്ങൾ :-
ദൃശ്യാ, ലിബിൻ, നീതു, അജീഷ്, ജോമിഷ്, സരിത, നീരജ, എഡ് വിൻ, റിച്ചി, നിമ്മി
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്‌കോട്ട്‌ലന്‍ഡിലെ ഫാള്‍കിര്‍ക് മലയാളികളുടെ കൂട്ടായ്മയായ എഫ്. എം.കെ രൂപംകൊണ്ടിട്ടു ആറ് വര്‍ഷം തികയുന്ന ഈ വേളയില്‍ 2024-2025 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോബിൻ തോമസ് (പ്രസിഡന്റ്),മെൽവിൻ ആന്റണി (സെക്രട്ടറി), ജെറി ജോസ് (ട്രഷറര്‍), ലിൻസി അജി (വൈസ് പ്രസിഡന്റ്), ജീമോൾ സിജു (ജോയിന്റ് സെക്രട്ടറി,ജോർജ് വര്ഗീസ് (ജോയിന്‍ ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍. ആക്ടിവിറ്റി കോഡിനേറ്റര്‍മാരായി ജിജോ ജോസ് ,സതീഷ് സഹദേവൻ, സിമി ഹഡ്സൺ, മാരിസ് ഷൈൻ എന്നിവരെ തിരഞ്ഞെടുത്തു.
2023മുതല്‍ 2024വരെ കമ്മിറ്റിയെ ആത്മാര്‍ത്ഥമായി നയിച്ച ഫ്രാൻസിസ് മാത്യു , ബിജു ചെറിയാൻ , സണ്ണി സെബാസ്റ്റ്യൻ എന്നിവരെയും മീന സാബു ,ജെയ്‌സി ജോസഫ് ,സജി ജോർജ് ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍മാരായ ടിസ്സൻ തോമസ് ,ലിസി ജിജോ ,ജെസ്സി റോജൻ ,ബിന്ദു സജി എന്നിവരെയും യോഗം പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
2024 -2025വര്‍ഷത്തിലേക്കുള്ള വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ട് കലാകായിക സാംസ്‌കാരിക സാമൂഹിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കും എന്നും സംഘടനയെ സ്‌കോട്ട്ലന്‍ഡ് മലയാളികളുടെ അഭിമാനമായി ഉയര്‍ത്തുവാന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും അതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ് റോബിൻ തോമസ് അഭ്യര്‍ത്ഥിച്ചു.
ഫാ. ഹാപ്പി ജേക്കബ്ബ്
സമൂഹം അകറ്റിനിർത്തുന്നവരെ ചേർത്ത് നിർത്തുവാനും പരിപാലിക്കുവാനും നോമ്പ് നമ്മോട് ആവശ്യപ്പെടുന്നു. ഓരോ ജീവിതത്തിലും വന്നനുഭവിക്കുന്ന കുറവുകളും, ബലഹീനതകളും, പരിമിതികളും പലപ്പോഴും ഇങ്ങനെ ഉള്ളവരെ ഒറ്റപ്പെട്ട ജീവിത അനുഭവങ്ങളിലേക്ക് തള്ളിവിടും . അവരുടെ യാതനകളോ വേദനകളോ നമ്മുടെ സാമൂഹിക ജീവിതങ്ങളിലോ, സാംസ്കാരിക മണ്ഡലങ്ങളിലോ, ആത്മീക തലങ്ങളിലോ എത്തപ്പെടാറുമില്ല. എന്നാൽ ചിലരെങ്കിലും ചില അവസരങ്ങളിൽ തിരിഞ്ഞ് നോക്കി ഇങ്ങനെ ഉള്ളവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരുവാൻ ശ്രമിക്കാറുണ്ട്. എന്നാൽപോലും അവരെ സ്വീകരിക്കുവാനോ, പരിപാലിക്കുവാനോ നമുക്കോ നമ്മുടെ സമൂഹത്തിനോ കഴിയാറുണ്ടോ? നോമ്പിന്റെ ഈ ആഴ്ചയിൽ നമ്മുടെ ചിന്ത അപ്രകാരം ഒരു അത്ഭുതത്തിലേക്ക് ധ്യാനാത്മകമായി ചെന്ന് ചേരാം. വി. ലൂക്കോസ് 5: 12 -16 വലിയ നോമ്പിന്റെ ഒരാഴ്ച പിന്നിടുമ്പോൾ രോഗശാന്തിയുടെയും സമർപ്പണത്തിന്റെയും അനുഭവത്തിൽ നമ്മുടെ കർത്താവിനോടൊപ്പം സഞ്ചരിക്കാം.
1. ദുരിത ബാധിതരെ സുഖപ്പെടുത്തുവാൻ വേണ്ടി പ്രാർത്ഥിക്കാം
ഈ വേദചിന്താ ഭാഗത്ത് കുഷ്ഠം ബാധിച്ച ഒരു രോഗിയെ കർത്താവ് സൗഖ്യപ്പെടുത്തുന്ന ചിന്തയാണ് ‘ ഈ അത്ഭുതകരമായ കണ്ടുമുട്ടൽ രോഗികളേയും, പീഡിതരേയും സുഖപ്പെടുത്തുവാനുള്ള യേശുവിൻറെ അനുകമ്പയും , മനോഭാവവും ശക്തിയും പ്രകടമാക്കുന്നു. നോമ്പിലൂടെ നാം കടന്നു പോകുമ്പോൾ നമ്മുടെ ജീവിതത്തിലും അനുകമ്പയുടെയും രോഗശാന്തിയുടെയും കർത്താവിൻറെ ഈ മാതൃക നമുക്ക് അനുകരിക്കാം. ദുരിതത്തിലും കഷ്ടതയിലും വ്യാധിയിലും, ആസക്തിയിലും കഴിയുന്നവർക്ക് ആശ്വാസവും, പിന്തുണയും, പ്രാർത്ഥനയും നൽകി കൊണ്ട് അവരെ നമുക്ക് സമീപിക്കാം . ദയയുടെയും, അനുകമ്പയുടെയും, പ്രാർത്ഥനയിലൂടെയും പ്രവർത്തികളിലൂടെയും ഇന്നത്തെ ലോകത്ത് വേറിട്ട അനുഭവത്തിൽ ക്രിസ്തുവിൻറെ സൗഖ്യദാനമായ സ്നേഹത്തിൻറെ പ്രതീകങ്ങളായി നമുക്ക് മാറാം.
2. ലോക വേർപാടിന്റെയും പ്രാർത്ഥനയുടെയും ശക്തി.
നാലാം അധ്യായത്തിന്റെ അവസാന ഭാഗത്ത് രോഗശാന്തിയും ശുശ്രൂഷകളും നിറഞ്ഞ ഒരു ദിവസത്തിന് ശേഷം കർത്താവ് ഒരു ഏകാന്ത സ്ഥലത്തേക്ക് പ്രാർത്ഥിക്കാൻ പോയി എന്ന് വായിക്കുന്നു. കർത്താവിൻറെ ജീവിതത്തിലും പ്രേഷിത പ്രവർത്തിയിലും ലോക വേർപാടും പ്രാർത്ഥനയും എത്രമാത്രം പ്രാധാന്യം ഉണ്ട് എന്ന് ഈ ഭാഗം സൂചിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൻറെ തിരക്കിലൂടെ നാം പാഞ്ഞ് ഓടുമ്പോൾ ഈ നോമ്പ് കാലം ഇങ്ങനെ ഒരു പുതിയ പാഠം നമുക്ക് നൽകുന്നു. ഏത് പ്രവർത്തനത്തിന് മുൻപായും ഏത് ശുശ്രൂഷ മേഖലയിലും പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ശക്തിയും ബലവും എത്ര വലുതാണ് എന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയിലും കരുത്തിലും മുന്നോട്ടുള്ള ജീവിതത്തിൽ നവീകരണവും ശക്തിയും നമുക്ക് കണ്ടെത്താം.
3. പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും
യേശു ആശ്രാന്തമായി ജനക്കൂട്ടത്തോടൊപ്പം നടക്കുകയും, ശുശ്രൂഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും, ഭൂതങ്ങളെ പുറത്താക്കുകയും ചെയ്യുന്നത് ഈ ഭാഗത്ത് നാം കാണുന്നു. നാം അനുഭവിക്കുന്ന സൗഖ്യവും കൃപകളും ദൈവ രാജ്യത്തിൻറെ സദ് വാർത്ത ഘോഷിക്കുവാനും ആവശ്യങ്ങളിലായിരിക്കുന്നവർക്ക് ശാന്തിയും പുനസ്ഥാപനവും നൽകുവാൻ ഈ നോമ്പിന്റെ നാളുകൾ സാധ്യമാകണം. യേശുക്രിസ്തുവിൽ നാം അനുഭവിക്കുന്ന പ്രത്യാശയും രോഗശാന്തിയും നമുക്ക് ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കുന്ന യഥാർത്ഥ സമർപ്പണ വ്യക്തിത്വങ്ങളായി നമുക്ക് ചേരാം.
ജനസാഗര മധ്യേ കർത്താവ് കഴിഞ്ഞപ്പോഴും തടസ്സങ്ങൾ എല്ലാം അതിജീവിച്ച് അവൻറെ സന്നിധിയിലേക്ക് കടന്ന് വന്ന ആ കുഷ്ഠരോഗി നമുക്ക് ഒരു പ്രചോദനം ആകണം. കാരണം തൻറെ സൗഖ്യം കർതൃ സന്നിധിയിൽ എന്ന് അവൻ പരിപൂർണ്ണമായി വിശ്വസിച്ചു. യേശു കൈ നീട്ടി അവനെ തൊട്ടു. അവൻറെ എല്ലാ കുറവുകളും നീങ്ങി അവൻ സൗഖ്യപ്പെട്ടു. സൗഖ്യദാനത്തിന് ശേഷം കർത്താവ് അവനെ ഉപദേശിക്കുന്നു. ആ കാലത്ത് യഹൂദ ജനം പിന്തുടർന്ന ആചാരങ്ങളോടും നിയമങ്ങളോടും ഉള്ള ആദരവും അതിനുമപ്പുറം ആചാരങ്ങൾ ചിട്ടയോടും ശരിയായ രീതിയിലും പാലിക്കാനുള്ള കർത്താവിൻറെ ആഗ്രഹവും അടിവരയിട്ട് ഓർമിപ്പിക്കുന്നു. അത് കൂടാതെ ശുദ്ധീകരണത്തിനായി ഒരു യാഗം അർപ്പിക്കുവാൻ അവനോടുള്ള കൽപ്പന രോഗശാന്തിയുടെ സാധ്യത ചിത്രമാണ് ‘ ശുദ്ധീകരണത്തിനുള്ള നിർദിഷ്ട ആചാരം പിന്തുടരുന്ന പിന്തുടരുന്നതിലൂടെ അവൻറെ പൂർണ്ണ സൗഖ്യത്തിന്റെ അത്ഭുതകരമായ ഇടപെടൽ സമൂഹത്തിന് നൽകുന്നു. നോമ്പിന്റെ ദിനങ്ങൾ അനുഗ്രഹമാകട്ടെ. വിശുദ്ധിയിലേക്കുള്ള പരിശീലനവും പൈശാചികമായ അനുഭവങ്ങളിൽ നിന്നുള്ള രക്ഷയ്ക്കും നമ്മുടെ പ്രാർത്ഥന ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശനത്തിനു ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുവന്നത്. പുല്‍പ്പള്ളി സെന്റ്. ജോർജ് പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
മൃതദേഹവുമായുള്ള നാട്ടുകാരുടെ വലിയ പ്രതിഷേധം നേരത്തേ നടന്നിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പോളിന്റെ വീട്ടിലെത്തി സര്‍ക്കാര്‍ തീരുമാനം എ.ഡി.എം. കുടുംബത്തെ വായിച്ചു കേള്‍പ്പിച്ചുവെങ്കിലും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. മൃതദേഹം ഇറക്കാന്‍ കഴിയാതിരുന്നതോടെ പോളിന്റെ ഭാര്യയുടെ പിതാവ് മൈക്കിലൂടെ മൃതദേഹം ഇറക്കാനുള്ള സാഹചര്യമൊരുക്കണമെന്നും തങ്ങള്‍ക്ക് ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും അഭ്യര്‍ത്ഥിച്ചു.
ഹൃദയാഘാതം മൂലം മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു. തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകൾ മിഷ ബാബു തോമസ് (40) ആണ് മരിച്ചത്.
സിഡ്നി ജോർദാൻ സ്പ്രിംഗ്സിലായിരുന്നു താമസം. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു. ഭര്‍ത്താവ്: ജിതിൻ ടി ജോര്‍ജ് (തോപ്പിൽ കളത്തിൽ, തിരുവല്ല). മക്കള്‍: ഇസബെല്ല (12), ബെഞ്ചമിൻ (8). സംസ്കാരം പിന്നീട് നടക്കും.
മിഷ ബാബു തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കേരള സാംസ്കാരിക വകുപ്പിനുകീഴിലുള്ള മലയാളം മിഷന്റെ പ്രഥമ പ്രവാസി സാഹിത്യ പുരസ്ക്കാരത്തിന് യുകെ പ്രവാസി ശ്രീകാന്ത് താമരശ്ശേരിയുടെ ഡിസി ബുക്സ് പുറത്തിറക്കിയ ‘കടൽ കടന്ന കറിവേപ്പുകൾ’ എന്ന കവിതാ സമാഹാരം തെരഞ്ഞെടുക്കപ്പെട്ടു.
ലോകമാതൃഭാഷാ ദിനമായ ഫെബ്രുവരി21 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ ബഹു കേരള മുഖ്യമന്ത്രി ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്ന ‘മലയാണ്മ’ യിൽ 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്ക്കാരം കൈമാറുമെന്ന് സാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ നിയമസഭാ മീഡിയാ റൂമിൽ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു.ചടങ്ങിൽ വിവിധ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും. പ്രശസ്‌ത കവിയും ഐ എം ജി ഡയറക്‌ടറുമായ കെ ജയകുമാർ ഐ എ സ് , പ്രശസ്‌ത സാഹിത്യ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ഡോ പി കെ രാജശേഖരൻ, മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്. കേരള നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ടീനേജ് ജീവിതത്തിൽ നിന്നുപോയ കവിതയെഴുത്ത് കോവിഡ്കാലത്താണ് ശ്രീകാന്ത് പുനരാരംഭിച്ചത്.കൈരളി ടിവിയുടെ കവിതാ റിയാലിറ്റി ഷോ ആയ മാമ്പഴം സീസൺ 2 വിലെ ഒന്നാം സ്ഥാനക്കാരനാണ് ജാഗ്വാർ ലാൻഡ് റോവർ യുകെ യിൽ എൻജിനീയറായ ശ്രീകാന്ത് താമരശ്ശേരി.
ബർമിംഗ്ഹാമിലെ ബി സി എം സി യിൽ അംഗമായ ശ്രീകാന്ത് താമരശ്ശേരി മുൻ യുക്മ കലാപ്രതിഭകൂടിയാണ് . എൻജിനീയറായ ഗായത്രിയാണ് ഭാര്യ .രണ്ടുകുട്ടികൾ ആദിത്യ & ആനന്ദ.
പുരസ്ക്കാരത്തിനർഹമായ ‘കടൽകടന്ന കറിവേപ്പുകൾ’ എന്ന പുസ്തകം ഗ്രന്ഥകാരന്റെ കയ്യൊപ്പോടുകൂടി ആവശ്യമുള്ളവർ 07721008774 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്ന് പാർട്ടികൾ ആഹ്വാനംചെയ്ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റംചെയ്ത് നാട്ടുകാർ. പുൽപ്പള്ളി ടൗണിൽ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു.
ജീപ്പിന് പോലീസ് സംരക്ഷണം നൽകിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും തുടർന്നു. ടി.സിദ്ദിഖ് എംഎൽഎ ഉൾപ്പടെയുള്ളവർ നിയന്ത്രിക്കാനെത്തിയെങ്കിലും നാട്ടുകാർ വകവെച്ചില്ല. പ്രതിഷേധം മൊബൈലിൽ ചിത്രീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതോടെ അദ്ദേഹത്തിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. തുടർന്ന് ജീപ്പിന് മുകളിൽ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ വച്ചു.
വയനാട്ടിൽ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേരാണ് മരിച്ചത്.വനംവകുപ്പും സർക്കാരും സംരക്ഷണമൊരുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ആളുകൾ പ്രതിഷേധിക്കുന്നത്. ജില്ലയിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.
പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് വെള്ളിയാഴ്ച കാട്ടായാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം വെച്ചുള്ള പ്രതിഷേധം നടക്കുന്നതിനിടെയാണ് വനവകുപ്പ് ജീപ്പ് ഇതിലൂടെ കടന്നുപോയത്. ഈ ജീപ്പിന് നേരെയാണ് ജനങ്ങൾ അക്രമാസക്തരായത്.
പുൽപ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണത്തിന് കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജങ്ഷനിലാണ് കാട്ടാന ആക്രമിച്ചത്. ഭാര്യ: സാനി. മകൾ: സോന (പത്താം ക്ലാസ് വിദ്യാർഥി)
ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ മാനന്തവാടി ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. കൂടുതൽ ജനം സംഘടിച്ചതോടെ സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതിനിടെ എയർ ആംബുലൻസ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു