Latest News

തിരുഹൃദയ സന്യാസിനി സമൂഹം സാന്തോം പ്രോവിന്‍സ് താമരശേരി അംഗമായ പ്ലാത്തോട്ടത്തില്‍ മേഴ്സി ജോസ് (52)ഹൃദയാഘാതം മൂലം ജര്‍മനിയില്‍ അന്തരിച്ചു. സംസ്ക്കാരം പിന്നീട്. താമരശേരി രൂപതയിലെ പശുക്കടവ് ഇടവകാംഗമാണ് പരേത.

പ്ലാത്തോട്ടത്തില്‍ പരേതരായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. ജര്‍മനിയിലെ ബാഡ്ക്രൊയ്സനാഹ്,ബിന്‍ഗെന്‍ എന്നീ മഠത്തിലെ സുപ്പീരിയറായും, ബാഡ്ക്രൊയ്സനാഹ് ഹോസ്പിറ്റലിലും, ബാഡ്മ്യുന്‍സ്ററര്‍ ഓള്‍ഡ് ഏജ് ഹോമില്‍ നഴ്സായും,പിന്നീട് പാസ്റററല്‍ വര്‍ക്കറായും (സെയില്‍സോര്‍ഗര്‍), റൂഡസ്ഹൈം ഹൗസിലും താമരശേരി രൂപതിലെ കുളിരാമുട്ടി ഇടവകയിലും സേവനം ചെയ്തിട്ടുണ്ട്.

സഹോദരങ്ങള്‍ : സി.നോയല്‍ ജോസ്(ആരധനാമഠം, കിളിയന്തറ), സോളി വാളുവെട്ടിക്കല്‍(തിരുവമ്പാടി),സിനി മലയാറ്റൂര്‍ (ചെമ്പനോട), സിന്ധു കുന്നത്ത് (പശുക്കടവ്), സ്മിത പുളിമൂട്ടില്‍ (കോടഞ്ചേരി), ബിജു (പശുക്കടവ്), സില്‍ജ ഇല്ലിക്കല്‍ (പശുക്കടവ്),ഷിംല വെട്ടുകല്ലേല്‍ (കുണ്ടുതോട്).

ബർമിങ്ങ്ഹാം: വലിയ നോമ്പിൽ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ തീർത്ഥയാത്രയിൽ ആദ്ധ്യാൽമിക-മാനസ്സിക തലങ്ങളിലുള്ള നവീകരണവും, അനുതാപത്തിലൂന്നിയ അനുരഞ്ജനവും പ്രാപിക്കുവാൻ ആല്മീയ നവീകരണത്തിനായി എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ നേതൃത്വത്തിൽ നോമ്പുകാല വിശുദ്ധീകരണ ധ്യാനങ്ങൾ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം വഹിക്കും.
 
യു കെ യിലുള്ള അഭിഷിക്ത ധ്യാനഗുരുക്കളോടൊപ്പം, ഇന്ത്യയിൽ നിന്നും, റോമിൽ നിന്നുമായി, പ്രഗത്ഭരായ തിരുവചന പ്രഘോഷകരും ‘ഗ്രാൻഡ് മിഷൻ 2024 ‘ന്റെ ഭാഗമായി വലിയനോമ്പുകാല ധ്യാന ശുശ്രുഷകളിൽ  പങ്കുചേരും. റവ.ഡോ.ആന്റണി ചുണ്ടലിക്കാട്ട് ( പ്രോട്ടോസിഞ്ചെലൂസ് ), ഫാ. ജോർജ്ജ് ചേലക്കൽ (സിഞ്ചെലൂസ്), ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ സിസ്റ്റർ ആൻ മരിയ എന്നിവർ ഗ്രാൻഡ് മിഷൻ നവീകരണ ധ്യാനങ്ങൾക്കും ശുശ്രുഷകൾക്കും നേതൃത്വം വഹിക്കും.
 
ഫാ ജിൻസ് ചീങ്കല്ലേൽ, ഫാ. ബോസ്‌കോ ഞാലിയത്ത്, ഫാ. ടോം സിറിയക്ക് ഓലിക്കരോട്ട്, ഫാ. ബിജു കോയിപ്പള്ളി, ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത്, ഫാ.ഷൈജു കാറ്റായത്ത്, ഫാ.ജോബിൻ ജോസ് തയ്യിൽ, ഫാ. തോമസ് കുഴലിൽ, ഫാ. തോമസ് ബോബി എമ്പ്രയിൽ, ഫാ. രാജീവ് പാലിയത്ര, ഫാ.സഖറിയാസ് എടാട്ട്, ഫാ.ടോണി കട്ടക്കയം, ഫാ.ജോജോ മഞ്ഞലി, ഫാ.ജോ മൂലേച്ചേരി, ഫാ.ലിജേഷ് മുക്കാട്ട്,  എന്നീ തിരുവചന പ്രഘോഷകരായ വൈദികരോടൊപ്പം ബ്രദർ മനോജ് തൈയ്യിലും പങ്കു ചേരും.          
 
ഗ്രേറ്റ്ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഇടവകകൾ, മിഷനുകൾ,പ്രോപോസ്ഡ് മിഷനുകൾ എന്നീ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേർന്ന് ഗാഗുൽത്താ വീഥിയിലൂടെ യേശുവിന്റെ പീഡാ-സഹന- ക്രൂശിത രക്ഷാകര പാഥയിലൂടെ  ചേർന്ന് ചരിക്കുവാനും, കൃപകൾ ആർജ്ജിക്കുവാനും ‘ഗ്രാൻഡ് മിഷൻ 2024’  അനുഗ്രഹദായമാവും.  
 
വലിയ നോമ്പിന്റെ ചൈതന്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകന്റെ സ്മരണയിലായിരിക്കുവാനും, അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഗ്രാൻഡ് മിഷൻ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി മിഷൻ വൈദികരും, പള്ളിക്കമ്മിറ്റികളും അറിയിച്ചു.
 
അതാതു മിഷനുകളിലെ ധ്യാന ശുശ്രുഷകളിൽ പങ്കു ചേരുവാൻ സാധിക്കാത്തവർക്ക് അടുത്തുള്ള മിഷനുകളിലുള്ള ധ്യാനത്തിൽ പങ്കുചേരുവാൻ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
 
For more details : Email: [email protected]

ഒമാൻ വടക്കൻ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി അന്തരിച്ചു. കൊല്ലം കുണ്ടറ ഉളിയകോവിൽ സുനിൽ കുമാർ ( 47 ) ആണ് മരിച്ചത്.

റദ്ദയിൽ കെട്ടിട നിർമ്മാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു. സഹം ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ സാമൂഹ്യ പ്രവർത്തകൻ അശോകൻ പറഞ്ഞു.

അച്ഛൻ: അഴകേശൻ, അമ്മ: മീനാക്ഷി, ഭാര്യ: മായ, മക്കൾ: മിഥുൻ, അദ്വൈത്.

എം. ജി.ബിജുകുമാർ

ഉച്ചയൂണും കഴിഞ്ഞ് ഓഫീസ് ടേബിളിന് മുന്നിലിരിക്കുമ്പോഴും താര പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തന്നെയാണ് മല്ലിക ആലോചിച്ചു കൊണ്ടിരുന്നത്. ജോലി കിട്ടി ഈ ഓഫീസിൽ ജോയിൻ ചെയ്തിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. ഇവിടെ എത്തിയപ്പോൾ തന്നെ ആകർഷിച്ചത് ഓഫീസ് കെട്ടിടത്തിന് പിറകിലുള്ള പൂത്തു നിൽക്കുന്ന നീർമാതളച്ചെടിയും അതിനുചുറ്റും ഉള്ള ചെറിയ മരങ്ങളും ചെടികളും നിറഞ്ഞ സ്ഥലമായിരുന്നു. രണ്ട് ദിവസവും ഉച്ചയൂണും കഴിഞ്ഞ് ആ നീർമാതളത്തിന്റെ ചുവട്ടിൽ പോയി നിന്ന് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുകയും പൂക്കൾ പറിച്ചെടുക്കുകയും ചെയ്തിരുന്നു. മൂന്നാം ദിവസം ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വളരെ ഗൗരവത്തോടെ താര ചില അസ്വാഭാവികമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

”ആ നീർമാതളത്തിൻ്റെ ചുവട്ടിൽ പോകുമ്പോൾ വളരെ ശ്രദ്ധിക്കണം. ചില സമയങ്ങളിൽ അതിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ വളരെ പതിഞ്ഞ ചിരിയും വളയുടെ കിലുക്കവും കേൾക്കാം. പീരീഡ്സ് ആയിരിക്കുന്ന സമയത്ത് അതിന്റെ ചുവട്ടിലേക്ക് പോകുകയോ ആ ചെടിയിൽ സ്പർശിക്കുകയോ ചെയ്യരുത്. ”
ജിജ്ഞാസയേക്കാൾ കൗതുകത്തോടെയാണ് മല്ലിക ആദ്യം അതു കേട്ടിരുന്നത്.

“ചില ഗന്ധവും തണുത്ത തെന്നലും ഒക്കെ നമ്മെ അവിടേക്ക് വലിച്ചടുപ്പിക്കുന്നതായി തോന്നും.നമ്മളിലേക്ക് പരകായ പ്രവേശം നടത്താൻ ശ്രമിക്കുന്ന ഒരു ആത്മാവ് ആ ചെടിയിൽ വസിക്കുന്നുണ്ടെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്. ”
ഇതൊക്കെ കേട്ടിരിക്കുമ്പോൾ തന്റെ മനസ്സിൽ ഉണ്ടായ പേടി പുറത്തുകാണിക്കാതിരിക്കാൻ താൻ പരമാവധി ശ്രദ്ധിച്ചിരുന്നു.

” ഓഫീസിലേക്ക് വരുന്ന വഴിയിൽ ഒരു ആശ്രമം കണ്ടില്ലേ? അവിടുത്തെ അന്തേവാസിയായ ഒരു പെൺകുട്ടി ഈ നീർമാതളത്തിന്റെ ചുവട്ടിലിരുന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തിട്ടുണ്ട്. ”
അതെന്തിനാണെന്ന ചോദ്യത്തിന് താര അതിനു പിന്നിലെ സംഭവങ്ങൾ മല്ലികക്ക് വിവരിച്ചു കൊടുത്തു. ഹൊറർ സിനിമയുടെ കഥ കേൾക്കുന്നതുപോലെ മല്ലിക അതിൽ ശ്രദ്ധിച്ചിരുന്നു.

” പ്രണയ വിവാഹത്തെ വീട്ടുകാർ എതിർത്തതിന് രാഖി എന്ന പെൺകുട്ടി വീട്ടുകാരെ ഉപേക്ഷിച്ച് ആശ്രമത്തിൽ ചേരുകയും ഒന്ന് രണ്ട് വർഷങ്ങൾ കടന്നു പോവുകയും ചെയ്തപ്പോഴാണ് അവൾ സ്നേഹിച്ച യുവാവ് ആക്സിഡൻ്റിൽ മരിക്കുന്നത്. തന്റെ വീട്ടുകാർ ആണ് അതിനു പിന്നിൽ എന്ന് അവൾ ഉറച്ചു വിശ്വസിച്ചു. അത് അവളെ മ്ളാനവതിയാക്കി. താൻ കാരണം ഒരു ജീവൻ നഷ്ടപ്പെട്ട ഈ ലോകത്ത് തന്റെ ജീവനും ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു. അവന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന നീർമാതളച്ചെടിയുടെ ചുവട്ടിൽ എത്തി വിഷം കഴിച്ച് ജീവൻ വെടിയുകയും ചെയ്തു.”
താര ഇങ്ങനെ പറഞ്ഞു നിർത്തുമ്പോൾ മല്ലിക ആകെ അസ്വസ്ഥയായി.

തന്റെ മാസമുറയുടെ സമയമായതുകൊണ്ടും നീർമാതളത്തിന്റെ പൂവുകൾ പറിച്ചതിന്റെയും അതിൻ്റെ ചുവട്ടിൽ നിന്ന് ഫോൺ ചെയ്തിരുന്നതിൻ്റെയും ഒക്കെയുള്ള ചിന്തകൾ കൊണ്ടും അവളിൽ അല്പം ഭീതിയുളവാക്കി.

ഇത്തരം കാര്യങ്ങളും പ്രേതങ്ങളും ഒക്കെ വളരെ പേടിയുള്ള കൂട്ടത്തിലായിരുന്ന തനിക്ക് വല്ലതും സംഭവിച്ചു പോകുമോ എന്നവൾ വ്യാകുലപ്പെട്ടു.

വീട്ടുകാരെ ഭയന്ന് പ്രണയിച്ചവൻ്റെ ഒപ്പം പോകാതെ ആശ്രമത്തിൽ ചേർന്നതിനു പകരം ആ പെൺകുട്ടിക്ക് കാമുകനൊപ്പം ഒരു ജീവിതം തുടങ്ങിയാൽ പോരായിരുന്നോ എന്ന് അവൾ മനസ്സിൽ പറഞ്ഞു.

വൈകുന്നേരം വീട്ടിലേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോഴും താര പറഞ്ഞ കാര്യങ്ങളിൽ ഉടക്കി കിടക്കുകയായിരുന്നു മല്ലികയുടെ മനസ്സ്. ട്രാഫിക് ബ്ളോക്കിൽ പെട്ട് വാഹനം നിർത്തിയിട്ടതും അതിനിടയിലെ ബഹളങ്ങളുമൊന്നും മല്ലിക അറിഞ്ഞില്ല. ഇരുട്ടിനെ പോലും ഭയമുള്ള തന്നിലേക്ക് രാഖിയുടെ ആത്മാവ് വളരെ വേഗം കയറിക്കൂടിയേക്കുമോയെന്നവൾ ഭയപ്പെട്ടു.

വീട്ടിലെത്തി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴും രാഖിയുടെ ആത്മഹത്യയും നീർമാതളച്ചുവടുമൊക്കെയായിരുന്നു മല്ലികയുടെ മനസ്സിൽ. താൻ അറിയാതെ തന്നിൽ ഒരു ആത്മാവ് കയറി തന്റെ സ്വത്വത്തെ ഹനിച്ച്, തന്നെ അതിന്റെ വരിധിയിലാക്കി തന്റെ ശരീരത്തിലൂടെ പ്രവർത്തിക്കുമ്പോൾ പേടിപ്പെടുത്തുന്ന കഥകളിൽ കാണുന്നതുപോലുള്ള കാര്യങ്ങളൊക്കെയുണ്ടാകുമെന്ന് ഓർത്ത് അവൾ ഭയപ്പെട്ടു.

കുറെ നേരം കിടക്കയിൽ ഓരോന്നോർത്തു കിടന്ന മല്ലികയ്ക്ക് ഇക്കാര്യം അമ്മയോട് പറയാൻ മനസ്സ് വന്നില്ല. അമ്മക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും വിശ്വാസമില്ല. അതിനാൽ വഴക്ക് പറയും എന്ന് ഉറപ്പാണ്.

” എന്താടി വന്നപാടെ കയറിക്കിടന്നതാണല്ലോ! മണിക്കൂർ രണ്ടായി. എന്തുപറ്റി?”
അമ്മയുടെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി.
” ഒരു തലവേദന ” അലസതയോടെ അവൾ മറുപടി നൽകി. “പതിവില്ലാതെ ബസ് യാത്ര തുടങ്ങിയില്ലേ ! അതാവും. എഴുന്നേറ്റ് കുളിക്കാൻ നോക്ക് .അത്താഴം കഴിക്കാൻ നേരമായി. ”
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.

അവൾ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് നടന്നു. ഷവറിനു ചുവട്ടിൽ നിൽക്കുമ്പോൾ തന്നിലേക്ക് പതിക്കുന്ന തണുത്ത ജലകണികകൾ തന്റെ ചിന്തകളെയും തണുപ്പിക്കുമെന്ന് അവൾ വെറുതെ വ്യാമോഹിച്ചു.
ഷവറിന് ചുവട്ടിൽ നിന്ന് സമയം കടന്ന് പോയത് അറിഞ്ഞില്ല. കുളിച്ചു തോർത്തി വസ്ത്രവുമണിഞ്ഞ് ടവ്വൽ കഴുകാനായി നോക്കുമ്പോഴാണ് തലേദിവസം ധരിച്ചിരുന്ന നൈറ്റി ബക്കറ്റിൽ കിടക്കുന്നത് കണ്ടത്.അത് രാവിലെ കുളിക്കാൻ നേരം ഊരി ബക്കറ്റിലിട്ടിരുന്നതാണെന്നവൾ ഓർത്തു. ജോലിയിൽ പ്രവേശിച്ച ദിവസം ഓഫീസിൽ തുണി വിൽപ്പനക്കു വന്ന ഒരു പാവം സ്ത്രീയുടെ നിർബന്ധത്തിനു വഴങ്ങി വാങ്ങിയതാണത്.

ടവ്വലെടുത്ത് പിഴിഞ്ഞു ബാത്റൂമിലെ ചെറിയ അയലിട്ടു. നൈറ്റിയെടുത്ത് സോപ്പുപുരട്ടി നനച്ച് ഉലച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ മനസ്സ് എവിടെയോ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അമ്മ ഉറക്കെ വിളിക്കുന്നത് കേട്ടപ്പോഴാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.

ഡീ..മല്ലികേ ! എത്ര നേരമായി കുളിക്കാൻ കയറിയിട്ട് ഇങ്ങോട്ട് ഇറങ്ങിവന്നേ.” എന്തുപറ്റിയെന്ന് അറിയാതെ അവൾ കയ്യിലിരുന്ന് നൈറ്റി പിഴിയാൻ മറന്ന് അയയിലിട്ട് ബക്കറ്റിൽ ഇരുന്ന വെള്ളം താഴേക്ക് കളഞ്ഞു വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി. അപ്പോൾ സമയം 9 മണി ആയിരുന്നു.
ഒരു മണിക്കൂറോളം താൻ ആ ബാത്റൂമിൽ ആയിരുന്നു എന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. എന്നും പതിനഞ്ച് മിനിറ്റ് കൊണ്ട് കുളിച്ചിറങ്ങുന്ന തനിക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നോർത്ത് അവൾ ഭയപ്പെട്ടു.

അത്താഴവും കഴിഞ്ഞ് കിടക്കയിലേക്ക് വീഴുമ്പോഴും പലവിധ ചിന്തകളാൽ മല്ലികയുടെ മനസ്സ് കുഴഞ്ഞു മറിയുന്നുണ്ടായിരുന്നു. ആകാശത്തിലൂടെ മേഘങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു. ഉറക്കം അവളുടെ കൺപോളകളിലൂടെ തഴുകി.

” മല്ലീ…. മല്ലീ…. ”
ആരോ തന്നെ വിളിക്കുന്നതുപോലെ മല്ലികക്ക് തോന്നി. ആരാണ് ഈ രാത്രിയിൽ തന്നെ വിളിക്കുന്നത് എന്നറിയാൻ അവൾ ജനാല തുറന്നു വെളിയിലേക്ക് നോക്കി. ചന്ദനത്തിന്റെ ഗന്ധം അവിടമാകെ പരക്കുന്നതായി അവൾക്ക് തോന്നി. ജനാലയിലൂടെ നോക്കുമ്പോൾ ഒരു പെൺകുട്ടി വീടിനു പിന്നിലുള്ള കുളത്തിൻ്റെ കരയിൽ നിൽക്കുന്നു.
അവളുടെ മുഖം എവിടെയോ കണ്ടു മറന്നതാണെന്ന് മല്ലികയ്ക്ക് തോന്നിയെങ്കിലും ആരാണെന്ന് ഓർത്തെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല.

”….മല്ലി…..മല്ലി…..! ”
അവൾ നിസ്സഹായതയോടെ വിളിക്കുന്നതു പോലെ മല്ലികയ്ക്ക് തോന്നി.

യാന്ത്രികമായി വാതിൽ തുറന്ന് അവൾ വെളിയിലേക്ക് നടന്നു. വിടരുന്ന കണ്ണുകളും, നിതംബവും കവിഞ്ഞ് താഴേക്ക് നീണ്ടുകിടക്കുന്ന കാർകൂന്തലും, ചുംബനം കൊതിക്കുന്ന ചുണ്ടുകളുമുള്ള ഈ സുന്ദരി ആരാണ്?’
ശ്വാസഗതിക്ക് അനുസരിച്ച് അവളുടെ നിറഞ്ഞ മാറിടങ്ങൾ ഉയർന്നു താഴുന്നുണ്ടായി യിരുന്നു.

”എന്താണ് പറ്റിയത് …..നീ ആരാ …? ”
എന്ന് ചോദിച്ചുവെങ്കിലും ശബ്ദം വെളിയിലേക്ക് വന്നില്ല. അവൾ മല്ലികയെ നോക്കി കുളത്തിൻ്റെ കൽപ്പടവിലരുന്നു. അപ്പോൾ സുമുഖനായ ഒരു യുവാവ് അവളുടെ അടുത്തേക്ക് വന്നു. അവൻ അവളോടൊപ്പം ഇരുന്നു. അവളെ ചേർത്ത് പിടിച്ചു തഴുകിയശേഷം അവളുടെ നീണ്ട മുടി ചേർത്ത് മുകളിലേക്ക് കെട്ടിവെച്ചു. അവളുടെ ശിരസിൽ തഴുകിക്കൊണ്ട് കെട്ടിവെച്ച മുടിയിൽ ഒരു പുഷ്പം ചൂടിക്കൊടുത്തു. മല്ലിക ആ പൂവിലേക്ക് സൂക്ഷിച്ചു നോക്കി.
‘ നിർമാതളപ്പൂവ്…”

അവളുടെ ശ്വാസഗതി വർദ്ധിച്ചു.
പെട്ടെന്ന് വല്ലാത്ത ശബ്ദത്തോടെ അദൃശ്യ ശക്തിയാൽ ആ യുവാവ് കുളത്തിലേക്ക് എറിയപ്പെട്ടു. കുളക്കരയിൽ ഇരുന്ന പെൺകുട്ടി ഉച്ചത്തിൽ അലറി.
ഇതു കണ്ട മല്ലിക “അയ്യോ…അമ്മേ…. ” എന്ന് ഉറക്കെ വിളിച്ചുവെങ്കിലും ശബ്ദം വെളിയിലേക്ക് വന്നില്ല. കുളത്തിലെ ജലം തിരയിളകും പോലെ ഓളം വെട്ടുന്നത് മല്ലിക ശ്രദ്ധിച്ചു. പെട്ടെന്ന് ആ കുളത്തിലെ ചെറിയ പായലുകളെല്ലാം അപ്രത്യക്ഷമായി. കുളത്തിലെ ജലത്തിന് കടും ചുവപ്പ് നിറമായി മാറി.

” എന്റെ പ്രിയപ്പെട്ടവനെ എന്നിൽ നിന്ന് അകറ്റിയില്ലേ ? ഒരിക്കൽ ഞാൻ മടങ്ങി വരുമെന്ന അവന്റെ വാക്ക് എന്നിൽ നിറയുന്നിടത്തോളം ഞാൻ ഈ നീർമാതളത്തിൽ നിന്നും പോവില്ല. ഞാൻ നിന്നിലേക്ക് പ്രവേശിച്ച് ആ കാത്തിരിപ്പ് തുടരും.”

അതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ അഗ്നി സ്ഫുരണങ്ങൾ ഉണ്ടാകുന്നതായി മല്ലികക്ക് തോന്നി. അവൾക്ക് നിൽക്കുന്നിടത്തു നിന്നും അനങ്ങാൻ കഴിയുന്നില്ല. തൊണ്ട വരണ്ടു. അലറി കരയണമെന്നുണ്ടെങ്കിലും ശബ്ദം വെളിയിലേക്ക് വരുന്നില്ല. അവളുടെ വാക്കുകൾ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങുന്നതായി മല്ലികക്ക് തോന്നി. അത് ഉള്ളിൽ വല്ലാത്ത പ്രകമ്പനം സൃഷ്ടിക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് കുളത്തിലെ ചുവന്ന ജലത്തിനു മുകളിൽ നിറയെ നീർമാത പൂക്കൾ പൊങ്ങിക്കിടക്കുന്നതും ആ പടികളിൽ നിറയെ രക്തത്തുള്ളികൾ പോലെ പാടുകൾ ഉണ്ടാവുന്നതും മല്ലിക കണ്ടു.അവൾക്ക് പിറകിലായി മഴ തകർത്തു പെയ്യുകയും ഇടിയും മിന്നലും അകമ്പടിയായെത്തുകയും ചെയ്തു.
ആ പെൺകുട്ടി കരയുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൾ നീണ്ട നഖങ്ങളുള്ള വിരലുകൾ നീട്ടി തന്റെ നേരെ നടന്നടുക്കുന്നത് കണ്ട് മല്ലിക ഉറക്കെകരഞ്ഞു.അവളുടെ കാലുകൾ നിലത്തു മുട്ടിയിട്ടില്ലെന്നത് കണ്ട് മല്ലിക ഞെട്ടി. തൻ്റെയടുത്തേക്ക് നടന്നടുക്കുന്ന ആ പെൺകുട്ടിയ്ക്കപ്പോൾ രണ്ട് നിഴലുകൾ ഉള്ളതായി മല്ലികയ്ക്ക് തോന്നി.

” അമ്മേ… അമ്മേ…. !”
“എന്താടീ ? എന്താണ് കിടന്നു കാറുന്നത്! എന്തുപറ്റി?”
അമ്മയുടെ ചോദ്യം കേട്ടാണ് മല്ലിക ഞെട്ടി ഉണർന്നത്. അവൾ ആകെ വിയർത്തിരുന്നു. അവളുടെ മുഖത്ത് ഭയം നിറഞ്ഞിരുന്നു. അവളുടെ മിഴിക്കോണിൽ നീർമണികൾ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. ദുസ്വപ്നം കണ്ടതാണെന്ന് മനസ്സിലാക്കിയ അവൾക്ക് അമ്മ കാപ്പി എടുത്തുകൊണ്ടുവന്നു കൊടുത്തു. അതു കുടിച്ചിട്ട് അവൾ കട്ടിലിരുന്ന അമ്മയുടെ മടിയിലേക്ക് തലവച്ചു കിടന്നു.

അല്പം കഴിഞ്ഞ് മല്ലിക തലയുയർത്തി നോക്കി.ഏഴു മണിയായിരിക്കുന്നു.
അവൾ അമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റ് പല്ലു തേക്കാൻ വാഷ്ബേസിനടുത്തേക്ക് നടന്നു.

കുളിക്കാനായി ബാത്റൂമിൽ കയറി നോക്കുമ്പോൾ അതിന്റെ തറയിലൂടെ രക്തം പോലെ ചുവന്ന നിറത്തിലുള്ള ദ്രാവകം ഒഴുകി നീങ്ങുന്നത് കണ്ട് മല്ലിക ഞെട്ടി. തലേദിവസം കണ്ട സ്വപ്നം അവളിലേക്ക് പാഞ്ഞെത്തി.
” അമ്മേ… ഓടിവായോ…”
അമ്മ വേഗം അവിടേക്ക് ഓടിയെത്തി. അവൾ വിറച്ചുകൊണ്ട് ചുവന്ന നിറത്തിലുള്ള ദ്രാവകം ചൂണ്ടിക്കാണിച്ചു.

” ഇതായിരുന്നോ …!
അമ്മ ലാഘവത്തോടെ പറയുമ്പോഴും അവളുടെ വിറയൽ മാറിയിരുന്നില്ല. കാര്യം അറിയാതെ അവൾ നിന്നു കിതച്ചു.
” ഇന്നലെ ഈ നൈറ്റി പിഴിയാതെ നീ വിരിച്ചിട്ടതാ, അതിന്റെ കളർ ഇളകി ഒഴുകുന്നതാണിത് ”
അവൾ അതിലേക്ക് നോക്കി.

“കുളം കലക്കുന്ന തരത്തിലുള്ള തുണികൾ വാങ്ങരുത് എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്, ”
ഇതും പറഞ്ഞ് അമ്മ ആ നൈറ്റി പിഴിഞ്ഞെടുത്ത് വിരിക്കാനായി വെളിയിലേക്ക് പോയി.

സ്വപ്നം കാരണം തന്റെ സ്ഥലകാല ബോധം പോലും നഷ്ടപ്പെടുന്നു എന്നോർത്ത് അവൾ ദീർഘമായി നിശ്വസിച്ചു.

രാവിലെ ഓഫീസിലേക്കുള്ള യാത്രയിലും താൻ കണ്ട സ്വപ്നത്തെപ്പറ്റിയായിരുന്നു മല്ലിക ആലോചിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ രാത്രി തന്റെ ഭയത്തെ വർധിപ്പിച്ച ദു:സ്വപ്നത്തെപ്പറ്റി ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ അവൾ അസ്വസ്ഥയായി.

ആകെയൊരു ഭയം അവളെ പൊതിഞ്ഞു.
ഒരു പെൺകുട്ടിയുടെ തീഷ്ണമായ രണ്ട് കണ്ണുകൾ അവളുടെ ചിന്തകളെ വേട്ടയാടുന്നുണ്ടായിരുന്നു.

ഓഫീസിൽ എത്തുമ്പോഴും താൻ കണ്ട സ്വപ്നത്തെപ്പറ്റി ആരോടും ഒന്നും പറയാൻ തോന്നിയില്ല. ഒരുപക്ഷേ അവർ ഇതെങ്ങനെ എടുക്കും എന്ന് അറിയില്ല. തന്നെയുമല്ല ആരോടും ശരിക്ക് പരിചയവുമായിട്ടില്ല.

സമയം കടന്നുപോയി. ഉച്ചയൂണിന് മുമ്പ് കൈകഴുകാനായി ഓഫീസിന് പിറകിലേക്ക് പോയി തിരിച്ചു വരുമ്പോൾ നീർമാതളച്ചെടിയിലേക്ക് മല്ലിക സൂക്ഷിച്ചു നോക്കി. അതിനടുത്തേക്ക് പോകാൻ അവൾ ഭയപ്പെട്ടു.
അവൾ വേഗം തിരിഞ്ഞു നടക്കാൻ തിരിയവേ “മല്ലീ..” എന്ന് ആരോ മൃദുലമായി വിളിച്ചതായി തോന്നി.

” മല്ലീ…. ”
വീണ്ടും വിളിക്കുന്നത് കേട്ടുവെങ്കിലും തിരിഞ്ഞു നോക്കാൻ കഴിയാതെ അവൾ ശില പോലെ നിന്നു. സംഭവിക്കുന്നത് എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.

“ഹലോ.. മല്ലികേ… ”
വീണ്ടും വിളിച്ചപ്പോൾ ഭയചകിതയായ അവൾ ചിന്തകളിൽ നിന്നും ഉണർന്നു. അവൾ ധൈര്യം സംഭരിച്ച് തിരിഞ്ഞു.
” രാഖി… ”
അവളുടെ മനസിലെത്തിയത് ആ പേരായിരുന്നു.
താരയായിരുന്നു അവളെ വിളിച്ചത്.
മല്ലികയുടെ നിർവികാരമായ മുഖത്തിന് മുന്നിൽ കൈ വീശിയിട്ട്
” എന്താണ് മല്ലികേ സ്വപ്നം കണ്ട് നിൽക്കുന്നത് ” എന്ന് ചോദിച്ചപ്പോൾ അവൾ ചിന്തകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് വന്നു.
ഇന്നലെ സ്വപ്നത്തിൽ കണ്ട പെൺകുട്ടിയുടെ മുഖവും താരയുടെ മുഖവും ഒന്നായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ വീണ്ടും ഞെട്ടി.

ഭയചകിതയായ അവൾ ചിന്തകളിൽ നിന്നും ഉണർന്നു. സ്വപ്നത്തിൽ കണ്ട രാഖിയുടെയും തൻ്റെ മുന്നിൽ നിൽക്കുന്ന താരയുടെയും മുഖം ഒന്നു തന്നെയായതെങ്ങനെയെന്ന് ചിന്തിച്ചു നിൽക്കവേ ഒരു തണുത്ത കാറ്റ് അവരെ കടന്നു പോയി

”എനിക്ക് ട്രാൻസ്ഫർ ആണ്. രണ്ടുദിവസത്തിനുള്ളിൽ ഞാൻ ഇവിടെ നിന്നും പോകും.” താര പറഞ്ഞു തുടങ്ങി
“ഒരു കാര്യം വെളിപ്പെടുത്താനാണ് ഞാനിപ്പോൾ വിളിച്ചത്.”
അവൾ പറയുന്നത് വീണ്ടും തന്നിൽ ഭയം ജനിപ്പിക്കുന്ന കാര്യങ്ങളാവുമെന്നോർത്ത് മല്ലിക സ്തബ്ധയായി നിന്നു.

” മറ്റൊന്നുമല്ല നീർമാതളത്തെപ്പറ്റി കഴിഞ്ഞ ദിവസം പറഞ്ഞ കഥകളെല്ലാം വെറുതെയാണ്. അങ്ങനെയൊന്നും ഒരു സംഭവമേയില്ല.”
താര മല്ലികയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവളുടെ കരിവളകളിൽ വിരലോടിച്ചു..
” ചുമ്മാ തമാശയ്ക്ക് ഒന്നു പറഞ്ഞു നോക്കിയതാ. പുതിയ ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ മുതിർന്നവരൊക്കെ റാഗിങ് നടത്തില്ലേ…! അതേപോലെ.. ഞാനും… വെറുതേ…”
താര ഉറക്കെ ചിരിച്ചു. വാതിൽക്കൽ നിന്ന മറ്റു സ്റ്റാഫുകളും അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

“അല്ലെങ്കിലും മല്ലികക്ക് പേടിയൊന്നുമില്ലെന്ന് എനിക്കറിയാം. പൊയ്ക്കോളൂ, പോയി ആഹാരം കഴിച്ചു കൊള്ളൂ. ഞാനാ നീർമാതളത്തിന്റെ ചുവട്ടിൽ അൽപനേരം ഇരിക്കട്ടെ. നല്ല തണലും കാറ്റുമാണവിടെ.”
കയ്യിൽ പച്ച നിറമാർന്ന പുറംചട്ടയുള്ള ഒരു പുസ്തകവുമായി താര അവിടേക്ക് നടന്നു.

ആഹാരം കഴിക്കാനായി പാത്രം ടേബിളിൽ വെച്ചിട്ട് മല്ലിക അടച്ചിട്ടിരുന്ന ജനാല തുറന്നിട്ടു. അപ്പോൾ അടിച്ച കാറ്റിൽ ജനാല വിരികൾ പറക്കാൻ തുടങ്ങി. അതിനിടയിലൂടെ നോക്കുമ്പോൾ പൂത്തുനിൽക്കുന്ന നിർമാതളത്തിന് ചുവട്ടിൽ താര പുസ്തകവും വായിച്ചു നിൽക്കുന്നത് കാണാമായിരുന്നു. താരയുടെ കാലുകൾ നിലത്ത് മുട്ടിയിട്ടുണ്ടോ എന്ന് മല്ലിക സൂക്ഷിച്ചു നോക്കി.
അവളുടെ കയ്യിലിരിക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് സൂക്ഷിച്ചു നോക്കിയ മല്ലിക മനസ്സിൽ അതിൻ്റെ പേര് വായിച്ചു. ”നീർമാതളം പൂത്തകാലം”

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.

വിമാനത്തിനകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്. ബഹ്റൈനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയ അറബി അദ്ധ്യാപകൻ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ബാത്തി ഷായാണ് പിടിയിലായത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെ ക്ലാസിൽ വച്ച് മൊബെെൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ബാത്തി ഷായെ മടത്തറയിൽ നിന്നാണ് പിടികൂടിയത്.

മൂന്നു മാസം മുൻപാണ് ബാത്തി ഷാ സ്കൂളിൽ ജോലിക്ക് കയറിയത്. ഇയാൾ അന്നുമുതൽ മൊബെെൽ ഫോണിൽ കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാട്ടി ലെെംഗികാതിക്രമം നടത്തിയിരുന്നതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികൾ വീട്ടിലെത്തി വിവരം അറിയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് രണ്ട് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൈകൾ കെട്ടിയിട്ട് ഏഴ് കിലോമീറ്ററോളം ആഴമേറിയ വേമ്പനാട്ട്കായൽ നീന്തിക്കടക്കാനൊ രുങ്ങുകയാണ് പന്ത്രണ്ടുകാരനായ വിദ്യാർഥി. അതിസാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് പെരുമ്പാവൂർ ഗ്രീൻവാലി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയായ അഭിനന്ദ് ഉമേഷ്. ഒരു വർഷം മുമ്പാണ് അഭിനന്ദ് നീന്തൽ പരിശീലനം തുടങ്ങിയത്.

ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ അഭിനന്ദിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് പരിശീലകനും വേൾഡ് റെക്കോഡ് വിന്നറുമായ ബിജു തങ്കപ്പന് ആശയുദിച്ചത് .

മാതാപിതാക്കളായ പെരുമ്പാവൂർ പട്ടാൽ ഉമേഷ് ഭവനിൽ ഉമേഷ് ഉണ്ണിക്കൃഷ്ണന്റേയും ദിവ്യ ഉമേഷിന്റെയും പിന്തുണയും കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് അഭിനന്ദ് ഉമേഷ്‌ പരിശീലനം പൂർത്തിയാക്കിയത്‌.

വേമ്പനാട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് അഭിനന്ദ് കൈകൾ കെട്ടി നീന്തൽ നടത്താനൊരുങ്ങുന്നത്. ഫെബ്രുവരി 10നാണ് ഈ സാഹസിക പ്രകടനം. വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ്-വൈക്കം പ്രദേശം.

ആദ്യമായിട്ടാണ് ഏഴ് കിലോമീറ്റർ കായൽ ദൂരം ഇരുകൈകളും കെട്ടി നീന്തി റെക്കോർഡ് ഇടാൻ പോകുന്നത്. ഇതുവരെയുള്ള റെക്കോഡ് 4.5 കിലോമീറ്റർ വരെയാണ്. അഭിനന്ദിന് പിന്തുണയുമായി ഗ്രീൻവാലി സ്കൂൾ പിന്നിലുണ്ട്. ഒപ്പം സാംസ്ക്കാരിക-സാമൂഹിക മണ്ഡലങ്ങളിലെ അനേകരും. ചലച്ചിത്ര നടന്മാരടക്കം നിരവധിപേർ നവമാധ്യമങ്ങളിലൂടെയും മറ്റും അഭിനന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.”

ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നീന്തികയറി റെക്കോർഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന പതിമൂന്നാമത്തെ താരമാണ് അഭിനന്ദ് ഉമേഷ്‌.ഇനിയും വരുന്ന രണ്ടുമാസത്തിനുള്ളിൽ പാതിനഞ്ചു റെക്കോർഡുകൾ പൂർത്തികരിച്ച് ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചത്. 2021നവംബർ മാസമാണ് അനന്ദദർശൻ തവണക്കടവ് മാർക്കറ്റിലേക്ക് നീന്തിക്കയറി റെക്കോടുകൾക്ക് തുടക്കം കുറിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ അഭിനന്ദ് ഉമേഷ്‌ രണ്ടുമണിക്കൂർ കൊണ്ട് നീന്തിക്കടക്കുമെന്നും ഷിഹാബ് കെ സൈനു അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേരള ബഡ്ജറ്റ് അവതരിപ്പിച്ചത്. ആവശ്യമായ രീതിയിൽ കേന്ദ്രസഹായം ലഭിക്കുന്നില്ല എന്നുള്ള പരാതിയാണ് ബഡ്ജറ്റിൽ ഉടനീളം ഉള്ളത്. ഈ അവസരത്തിൽ സ്വകാര്യമേഖലയിലേക്ക് ഉറ്റുനോക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ നയ വ്യതിയാനത്തിന് തുടക്കമാണ് പുതിയ ബഡ്ജറ്റ് എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബഡ്ജറ്റ് പ്രസംഗത്തിൽ പ്രവാസി മലയാളികളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും നിക്ഷേപം സ്വീകരിച്ച് മാത്രമേ ഇനിയും കേരളത്തിന് മുന്നോട്ടുപോകാൻ പറ്റുകയുള്ളൂ എന്ന് ധനമന്ത്രി പറയാതെ പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ടും സംസ്ഥാന ബജറ്റ്. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ല. കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും.

സ്വകാര്യ മേഖലയെയും സ്വകാര്യ മൂലധന നിക്ഷേപത്തെയും മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതാണ്‌ ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റ്‌. സ്വകാര്യ മേഖലയോടുള്ള നയപരമായ ‘അയിത്തം’ ഇടതു സര്‍ക്കാരുകള്‍ നേരത്തേ തന്നെ അവസാനിപ്പിച്ചതാണെങ്കിലും, സ്വകാര്യ മേഖലയെ ഭാവികേരളത്തിന്റെ പ്രധാന മൂലധന സ്രോതസ്സായി കാണുന്ന രീതിയിലുള്ള മാറ്റത്തെ സാമ്പത്തിക രംഗത്തെ രാഷ്ട്രീയ നയംമാറ്റമായിത്തന്നെ കാണണം.

ന്യൂഡല്‍ഹി: പാലായിലെ നവകേരള സദസില്‍ താന്‍ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിച്ച് പരിഹാരം കണ്ടെത്തിയ സംസ്ഥാന സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തുന്നതായി തോമസ് ചാഴികാടന്‍ എംപി. റബറിന്റെ വിലസ്ഥിരതാ ഫണ്ട്, പാലായിലെ സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണം, ചേര്‍പ്പുങ്കല്‍ പാലത്തിന്റെ പൂര്‍ത്തീകരണം എന്നീ വിഷയങ്ങളാണ് നവകേരള സദസ്സില്‍ താന്‍ ഉന്നയിച്ചത്. ഇതു മൂന്നും സര്‍ക്കാര്‍ നടപ്പാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ റബറിന്റെ വിലസ്ഥിരതാ ഫണ്ട് 180 ആക്കി ഉയര്‍ത്തി. ചെറുതെങ്കിലും സാമ്പത്തിക ഞെരുക്കത്തിനിടെ ഇത്തരമൊരു തീരുമാനം എടുത്തത് ഇടതു മുന്നണിയുടെ കര്‍ഷകരോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ്. പാലായിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ പുനുരദ്ധാരണത്തിന് ഏഴു കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഈ തുക മുഴുവനും ബജറ്റിലൂടെ അനുവദിച്ചു. ചേര്‍പ്പുങ്കല്‍ പാലത്തിന്റെ നിര്‍മാണത്തിന് ഉണ്ടായ തടസങ്ങള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ട് നീക്കി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നും തോമസ് ചാഴികാടന്‍ എംപി ചൂണ്ടിക്കാട്ടി.

റോമി കുര്യാക്കോസ്

ഐഒസി (യു കെ) – ഐഒസി വിമൻസ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച 75- മത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി. ഇന്ത്യൻ വംശജനും മുതിർന്ന ലേബർ പാർട്ടി എം പിയുമായ വീരേന്ദ്ര ശർമ മുഖ്യാഥിതിയായി പങ്കെടുത്ത മാതൃരാജ്യ സ്നേഹം സ്പുരിച്ചു നിന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ യു കെയിലെ വിവിധ മേഖലകളിൽ നിന്നുമുള്ള പൗര പ്രമുഖരും വിവിധ ഇടങ്ങളിൽ നിന്നുമുള്ള ഐഒസി പ്രവർത്തകരും ഒത്തുകൂടി.

ഐഒസി സീനിയർ വൈസ് പ്രസിഡന്റും യൂറോപ് വനിത വിംഗ് കോർഡിനേറ്ററുമായ ഗുമിന്ദർ രന്ധ്വാ ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുത്ത എം പി വീരേന്ദ്ര ശർമ്മയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഐഒസി സീനിയർ ലീഡർ നച്ചത്തർ ഖൽസി ആഘോഷ പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു.

രാജ്യത്തിന്റെ പരോമോന്നത നീതി ന്യായ നിയമ സംഹിത നടപ്പിൽ വരുത്തിയ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ ഐഒസി (യു കെ) കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ സ്വാഗതം ചെയ്തു. പ്രവാസത്തിലും മാതൃരാജ്യ സ്നേഹം ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നതിന്റെ തെളിവാണ് ചടങ്ങിൽ ദൃശ്യമായ ജനപങ്കാളിത്തം എന്ന് അദ്ദേഹം സ്വാഗതം പ്രസംഗത്തിൽ പറഞ്ഞു.

 

വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകള്‍ ദേശീയത എന്ന ഒറ്റനൂലില്‍ ഒന്നിച്ചു കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെ ചേരുർന്നുകൊണ്ട്, വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും നമ്മുടെ പൂര്‍വ്വികരുടെ ത്യാഗത്തേയും സമര്‍പ്പണത്തേയും സ്വാതന്ത്ര്യവാഞ്ഛയേയും ഓര്‍മ്മിക്കാനും ആഘോഷിക്കാനും ഈ ദിനം നമ്മെ ഒരുമിച്ചു ചേര്‍ക്കുന്നു എന്ന് ചടങ്ങുകൾ ഉൽഘാടനം ചെയ്തുകൊണ്ട് എം പി വീരേന്ദ്ര ശർമ പറഞ്ഞു.

ഐഒസി (യു കെ) തമിഴ്നാട് ചാപ്റ്റർ പ്രസിഡന്റ്‌ ഖലീൽ മുഹമ്മദ്‌ ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഐഒസി വനിത വിംഗ് ജനറൽ സെക്രട്ടറി അശ്വതി നായർ, യൂത്ത് വിംഗ് എക്സിക്യൂട്ടീവ് മെമ്പർ വിഷ്ണു ദാസ് എന്നിവർ മുഖ്യാതിഥി എം പി വീരേന്ദ്ര ശർമ്മക്ക് പൂക്കൾ നൽകി ആദരിച്ചു. ആഷിർ റഹ്മാൻ, അജി ജോർജ് തുടങ്ങിയവർ ഐഒസി (യു കെ) കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചടങ്ങുകളിൽ പങ്കെടുത്തു.

പ്രതികൂല കാലാവസ്ഥയിലും തിരക്കുകളെല്ലാം മാറ്റിവെച്ചു ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും ഐഒസി സീനിയർ വൈസ് പ്രസിഡന്റ് ഗുമിന്ദർ രന്ധ്വാ നന്ദി അർപ്പിച്ചതോടു കൂടി ചടങ്ങുകൾക്ക് സമാപനം കുറിച്ചു.

RECENT POSTS
Copyright © . All rights reserved