അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കടന്നു. കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകളിലായി ഇതുവരെ 812 പേര്‍ മരിച്ചതായി താലിബാന്‍ ഭരണകൂട വക്താവ് സബീഹുള്ള മുജാഹിദ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 2800 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ അഫ്ഗാനിസ്താനിലുണ്ടായതിൽ ഏറ്റവുംവലിയ ഭൂകമ്പങ്ങളിലൊന്നാണ് കഴിഞ്ഞദിവസമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കുനാര്‍ ഗ്രാമത്തിലെ മൂന്ന് ഗ്രാമങ്ങള്‍ അപ്പാടെ ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്. വിദൂരങ്ങളിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഈ മേഖലകളില്‍ നിരവധി വീടുകള്‍ നിലംപൊത്തിയെന്നാണ് വിവരം.
ഭൂകമ്പത്തിന് പിന്നാലെ ഈ മേഖലകളില്‍ കനത്ത മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പലയിടങ്ങളില്‍നിന്നും സൈനിക വിമാനങ്ങളില്‍ ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 40 വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി പരിക്കേറ്റവരും മരിച്ചവരും ഉള്‍പ്പെടെ 420 പേരെ ദുരന്തബാധിത മേഖലകളില്‍നിന്ന് കൊണ്ടുവന്നതായി പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. ആയിരത്തോളം പേര്‍ മരിച്ച 2022-ലെ ഭൂകമ്പമായിരുന്നു വീണ്ടും അധികാരത്തിലെത്തിയ താലിബാന്‍ ഭരണകൂടം നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തം. വിദേശസഹായങ്ങളടക്കം കുറഞ്ഞതോടെ വന്‍ പ്രതിസന്ധി നേരിടുന്ന താലിബാന്‍ ഭരണകൂടത്തെ കഴിഞ്ഞദിവസത്തെ ഭൂകമ്പം കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അതിനിടെ, ഭൂകമ്പത്തില്‍ വിറങ്ങലിച്ച അഫ്ഗാനിസ്താന് സഹായംതേടി താലിബാന്‍ ഭരണകൂടം അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. നിരവധിപേര്‍ക്കാണ് ജീവനും വീടുകളും നഷ്ടപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ അന്താരാഷ്ട്രതലത്തില്‍ സഹായം ആവശ്യമാണെന്നും കാബൂളിലെ ആരോഗ്യമന്ത്രാലയ വക്താവ് ഷറഫാത്ത് സമാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അഫ്ഗാനിലെ ഭൂകമ്പബാധിത മേഖലകളില്‍ സഹായം വാഗ്ദാനംചെയ്ത് ഇന്ത്യയും ചൈനയും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. കാബൂളിലേക്ക് ഇതിനകം ആയിരം ടെന്റുകള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. 15 ടണ്‍ ഭക്ഷ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് അഫ്ഗാനിലേക്ക് എത്തിച്ചു. ചൊവ്വാഴ്ച മുതല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍സഹായം ഇന്ത്യയില്‍നിന്ന് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഫ്ഗാനിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് അറിയിച്ചു. അഫ്ഗാനില്‍ സഹായദൗത്യത്തിനായി തയ്യാറെടുക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറു പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.
രാഹുലിനെതിരായ ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. പരാതിക്കാർ ഇരയെ കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും. രാഹുലിനെതിരെ കേസെടുത്ത കാര്യം ക്രൈം ബ്രാഞ്ച് നിയമസഭ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചു.
ഡോക്ടർ എ. സി. രാജീവ് കുമാർ
കർക്കിടകത്തിലെ തിരുവോണ നാളിൽ പരിപ്പും പപ്പടവും ഓണ വിഭവങ്ങളുമായി ഊണൊരുക്കുന്നതു മുതൽ ഓണം മനസ്സിൽ കുടിയേറും. പുത്തനുടുപ്പും ഓണ വിരുന്നും ഓണക്കളികളും നൽകുന്ന ഉൾ പുളകം കുട്ടി മനസ്സിൽ ഉത്സവമേളം ഒരുക്കും.അത്തം മുതൽ ഗ്രാമ പ്രദേശത്ത് ലഭിക്കുന്ന സാധാരണ പൂക്കൾ കൊണ്ട് പൂക്കളം തീർക്കുന്നത് തന്നെ തുടക്കം.
ബന്ധുക്കൾ എല്ലാം എത്തുന്ന ഓണ അവധി.
ഊഞ്ഞാൽ തന്നെ ആദ്യം. ഇന്നത്തെ പോലെ കയറോ വടമോ ഒന്നും ഇല്ല. മരത്തിൽ പടർന്നു കയറിയിട്ടുള്ള ഊഞ്ഞാൽ വള്ളി കൊണ്ടാണ് ഊഞ്ഞാൽ കെട്ടുക.
പകിട കളി, തായം കളി,
ഒന്ന് നാല് ആറ് പന്ത്രണ്ടു എന്നിങ്ങനെ അടയാളം ഉള്ള തടി കൊണ്ടോ ഓട് കൊണ്ടോ ഉള്ള രണ്ട് പകിടകൾ. കളം വരച്ചത്. പകിട ഉരുട്ടി നിലത്തു ഉരുളൽ നിൽക്കുമ്പോൾ കിട്ടുന്ന സംഖ്യ, രണ്ട് പകിടയിലും ഒന്ന് വീതം എങ്കിൽ രണ്ട് ചൂത് ആദ്യ കളത്തിൽ കയറാം. ഒന്നിൽ മൂന്നും മറ്റതിൽ ഒന്നും എങ്കിൽ ഒരു ചൂത് കയറി മൂന്ന് കളം വെയ്ക്കാം. ഇങ്ങനെ നാലു ചൂതും കയറി ഇറങ്ങുക. ഏറെ നേരം നാലു പേർക്ക് കളിക്കാൻ ഉള്ള അവസരം.
ഇതേ പോലെ ഓല മടൽ ചെത്തി ഉണ്ടാക്കുന്ന തായം എണ്ണം കുറവുള്ള കളം വരച്ചുള്ള കളിയും ഉണ്ട്.
കുടു കുടു കളി, തുമ്പി തുള്ളൽ, ഏത് കയ്യിൽ പഴുക്ക എന്ന പാസിങ് ദി പാർസൽ പോലുള്ള കളി ഒക്കെ ആയിരുന്നു ഞങ്ങളുടെ ഒക്കെ കാലത്തെ ഓണക്കളികൾ.
മുതിർന്നവർ ചതുരംഗം കളിക്കുമായിരുന്നു. വാഴത്തട പല വലിപ്പത്തിൽ കനത്തിൽ മുറിച്ചതാണ് ചൂത്.
കടുവാ കളിയും കുതിരകളിയും ആയി ചെണ്ട മേളങ്ങളോടെ ചിലർ വീടുകളിൽ കയറി ഇറങ്ങും.
നാലാം ഓണം വരെ നാടാകെ ആരവം, ആർപ്പ് വിളികൾ കൊണ്ട് മുഖരിതമാകും.
ഡോക്ടർ എ. സി. രാജീവ് കുമാർ : – ആയുർവേദ ചികിത്സാ രംഗത്ത് അമ്പത് വർഷം. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റ്, ഫാക്കൽറ്റി, എക്സ്പെർട്ട് കമ്മിറ്റി അംഗം, ജെ സി ഐ സോൺ ട്രൈനർ, കനിവ് പാലിയേറ്റീവ് കെയർ ഡയറക്ടർ ബോർഡ് അംഗം, പുഷ്പഗിരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അംഗം, അശ്വതിഭവൻ ചികിത്സനിലയം ഡയറക്ടർ.
വിശാഖ് എസ് രാജ്
യുദ്ധങ്ങളുടെ നടത്തിപ്പിന് മാത്രമായി
കുറച്ചു ദ്വീപുകൾ വേണം.
എത്ര വലിയ പട്ടാളത്തെയും
ഒന്നിലധികം യുദ്ധങ്ങളെയും
താങ്ങാൻ കെൽപ്പുള്ളവ.
രാഷ്ട്രത്തലവന്മാർ
സൈന്യങ്ങളുമായി
ദ്വീപുകളിലേക്ക് പുറപ്പെടണം.
അവിടുന്നൊരു ബോംബിട്ടാൽ
ഞങ്ങളുടെ ആശുപത്രികളിൽ,
സ്‌കൂളുകളിൽ, അടുക്കളകളിൽ
വന്നു വീഴരുത്.
വെടിയുതിർത്താൽ
ഞങ്ങളുടെ നെറ്റി
തുളയ്ക്കുകയുമരുത്.
നിങ്ങൾ സമയമെടുത്ത്
പോരടിച്ചുകൊള്ളുക.
കാലിയായ ആയുധങ്ങൾ
കടലിലെറിഞ്ഞ ശേഷം മാത്രം
മടങ്ങി വരുക.
വിശാഖ് എസ് രാജ് : – കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.
ഈ വർഷത്തെ ഏറ്റവും പുതിയ ഓണപാട്ട് ചെസ്റ്റർ ഫീൽഡിൽ റിലീസ് ചെയ്തു. ഓർമ്മയിൽ നിറയും ഓണക്കാലം, മനസ്സിൽ നിറയും നല്ലൊരു കാലം. ഗൃഹാതുരത്വം തുളുമ്പുന്ന ഷിജോ സെബാസ്റ്റ്യന്റെ വരികൾക്ക് ഈണം നൽകിയത് ഷാൻ ആന്റണി യും പാടി മനോഹര മാക്കിയത് രമേശ് മുരളിയും ആണ്.ക്യാമറ ജെയ്ബിൻ തോളത്തും എഡിറ്റിംഗ് സൂര്യ ദേവയും റെക്കോർഡിങ് മരിയൻ ഡിജിറ്റൽ സ്റ്റുഡിയോയും നിർവഹിച്ചു. മ്യൂസിക് ഷാക്ക് ചാനലിൽ റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം തന്നെ ജന ഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. ഷൈൻ മാത്യു,സ്റ്റാൻലി ജോസഫ്,പോൾസൺ പള്ളത്തുകുഴി,ജിയോ ജോസഫ്,ഏബിൾ എൽദോസ്, ജെസ് തോമസ്,സ്വരൂപ് കൃഷ്ണൻ,ഹർഷ റോയ്, ഇന്ദു സന്തോഷ്,ഐറിൻ പീറ്റർ,നൃത്ത ചുവടുകളുമായി നമ്മുടെ കുട്ടികളും ദൃശ്യാവിഷ്കരണത്തെ കൂടുതൽ മനോഹരമാക്കി. ജാതിമതഭേദമെന്യേ മലയാളികൾ ഒരുമയോടെ ഓണം ആഘോഷിക്കുമ്പോൾ നല്ല നാളുകളുടെ ഓർമ്മ പുതുക്കുന്ന തിരുവോണ നാളിന്റെ മംഗളങ്ങൾ ഏവർക്കും സ്നേഹത്തോടെ നേരുന്നു..
2001ന് ശേഷം ആദ്യമായി യുഎസ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2025 ജൂണിൽ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2.3 ലക്ഷമായിരുന്നു. യുഎസ് വാണിജ്യ വകുപ്പിന്റെ നാഷനൽ ട്രാവൽ ആൻഡ് ടൂറിസം ഓഫിസ് (എൻടിടിഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 8 ശതമാനം കുറവാണ് കാണിക്കുന്നത് .
മറ്റു രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കു വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
2024 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം 5.5 ശതമാനം ഇടിവാണ് കാണിക്കുന്നത്. എന്നാൽ ഈ മാന്ദ്യം ആഗോള പ്രവണതയുടെ ഭാഗമാണെന്നാണ് റിപ്പോർട്ടിലുള്ളത്.
യുഎസിലേക്കുള്ള മൊത്തത്തിലുള്ള രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിലും ജൂണിൽ 6.2 ശതമാനം, മേയിൽ 7 ശതമാനം, മാർച്ചിൽ 8 ശതമാനം, ഫെബ്രുവരിയിൽ 1.9 ശതമാനം എന്നിങ്ങനെ കുറവുണ്ടായതായി എൻടിടിഒ ഡേറ്റ കാണിക്കുന്നു.
അതേസമയം, ജനുവരിയിലും ഏപ്രിലിലും മാത്രമാണ് യഥാക്രമം 4.7 ശതമാനത്തിന്റെയും 1.3 ശതമാനത്തിന്റെയും വർധനവ് ഉണ്ടായത്. യുഎസിലേക്കുള്ള രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ, അതിർത്തി പങ്കിടുന്ന മെക്സിക്കോയും കാനഡയും ഒഴിച്ചുനിർത്തി, യുകെ കഴിഞ്ഞാൽ രണ്ടാമത് ഇന്ത്യയാണ്. തൊട്ടുപിന്നിൽ ബ്രസീൽ.
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്.
ആനയുടെ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മദപ്പാടിനെത്തുടർന്ന് മാർച്ച് മുതൽ ആനയെ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് അഴിച്ചത്. ആദ്യം ക്ഷേത്രദർശനം നടത്തി. പിന്നാലെ തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയിൽ ആനയെ എത്തിച്ചു. അവിടെ തളയ്ക്കുന്നതിനിടെ ഒന്നാം പാപ്പാൻ പ്രദീപിനെ ആന തട്ടിവീഴ്ത്തി. ഈ സമയം സുനിൽകുമാർ ആനപ്പുറത്തായിരുന്നു. ഒരു മണിക്കൂറോളം ഇയാൾ ആനപ്പുറത്തിരുന്നു.
ശാന്തനായി നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി സുനിൽകുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചു താഴെയിട്ടശേഷം ചവിട്ടുകയായിരുന്നു. സുനിലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെ സമീപക്ഷേത്രങ്ങളിലെ പാപ്പാന്മാരെല്ലാം ഹരിപ്പാട്ടെത്തി. ഇവർ ചേർന്ന് ആനയെ സുരക്ഷിതമായി ആനത്തറയിലേക്കു മാറ്റാൻ ശ്രമിച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ വരുതിയിലാക്കിയത്.
പുല്ലാംവഴി വളപ്പിൽനിന്ന് വലിയകൊട്ടാരത്തിനു സമീപത്തുള്ള ആനത്തറയിലേക്ക് കനത്ത സുരക്ഷയിൽ ആനയെ നടത്തുകയായിരുന്നു. ഈ സമയം മുരളീധരൻനായർ ആനപ്പുറത്തു കയറി. മറ്റു പാപ്പാന്മാർ വടംകൊണ്ടു ബന്ധിച്ചാണ് ആനയെ നടത്തിയത്.
വലിയകൊട്ടാരത്തിന്റെ വടക്കേ വാതിലിനടുത്തെത്തിയപ്പോൾ ആന മുരളീധരൻനായരെ തുമ്പിക്കൈകൊണ്ടുവലിച്ച് താഴെയിട്ട് കുത്തുകയായിരുന്നു.ഉടൻ മറ്റു പാപ്പാന്മാർ ചേർന്ന് ആനയെ കൊട്ടാരവളപ്പിലേക്കു കയറ്റി. ഇതിനിടെ ദേവസ്വം വെറ്ററിനറി ഡോക്ടർ ആനയെ മയക്കാനുള്ള മരുന്നു കുത്തിവെച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ കൊട്ടാരവളപ്പിൽ തളച്ചു.
മദകാലം കഴിഞ്ഞതിനാൽ ആനയെ അഴിക്കാമെന്ന് ഒരുമാസം മുൻപ് വെറ്ററിനറി ഡോക്ടർ നിർദേശിച്ചിരുന്നു. എന്നിട്ടും ആനയെ അഴിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായി. ഹരിപ്പാട് ക്ഷേത്രത്തിൽ ആവണി ഉത്സവമാണ്. തിരുവോണത്തിനാണ് ആറാട്ട്. അന്ന് ഈ ആനയെ എഴുന്നള്ളിക്കുന്നതിനു മുന്നോടിയായാണ് ഞായറാഴ്ച അഴിച്ചതെന്നാണ് അറിയുന്നത്. സുനിൽകുമാർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ബർമിംഗ്ഹാമിലെ സോഹോ റോഡിൽ (351–359 Soho Road, B21 9SE) മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ യുകെയിലെ നാലാമത്തെ ഷോറൂം സെപ്റ്റംബർ 6-ന് വൈകിട്ട് 2 മണിക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബോളിവുഡ് താരം കരീന കപൂർ ഖാൻ ഉദ്ഘാടനം നിർവഹിക്കും.
1993-ൽ കേരളത്തിൽ നിന്നു തുടക്കം കുറിച്ച മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്ന് ലോകമെമ്പാടും 13 രാജ്യങ്ങളിലായി 391-ത്തിലധികം ഷോറൂമുകളുമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നാണ്. യുകെയിൽ ലണ്ടൻ, ലെസ്റ്റർ എന്നിവിടങ്ങളിൽ വിജയകരമായി ഷോറൂമുകൾ ആരംഭിച്ച ശേഷം, ബർമിംഗ്ഹാമിൽ തുറക്കുന്ന പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം ആഭരണ പ്രേമികൾക്കായി ഒരു പുതിയ അനുഭവം സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

കനത്തമഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചല്‍പ്രദേശില്‍ മലയാളികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി. സംഘത്തില്‍ 18 മലയാളികളാണുള്ളത്. അഞ്ച് തമിഴ്‌നാട്ടുകാരും രണ്ട് ഉത്തരേന്ത്യക്കാരും സംഘത്തിലുണ്ട്. ശനിയാഴ്ച ഷിംലയിലേക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ച പാതയില്‍ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. കല്‍പ്പ എന്ന ഗ്രാമത്തിലാണ് നിലവില്‍ സംഘമുള്ളത്.
സംഘത്തില്‍ മൂന്നുപേര്‍ക്ക് ശ്വാസതടസ്സമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുളളതിനാല്‍ ആംബുലന്‍സിന്റെ സഹായവും തേടിയതായാണ് വിവരം. മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ഷിംല വിമാനത്താവളത്തില്‍ വിനോദസഞ്ചാരികളുടെ സംഘത്തിന് എത്തണമെങ്കില്‍ വ്യോമസേനയുടെ സഹായം ആവശ്യമാണ്.
എയര്‍ലിഫ്റ്റിങ് വേണമെന്നതാണ് വിനോദസഞ്ചാരികളുടെയും ആവശ്യം. കല്‍പ്പയില്‍നിന്ന് ഷിംലയിലേക്കെത്താന്‍ റോഡുമാര്‍ഗം എട്ടുമണിക്കൂര്‍ സഞ്ചരിക്കേണ്ടതായുണ്ട്. മഴയും മണ്ണിടിച്ചിലുമുള്ള അവസ്ഥയില്‍ ഇത് സാധ്യമല്ല. അതിനാലാണ് വ്യോമമാര്‍ഗമുള്ള സഹായം സംഘം തേടുന്നത്.
ഭക്ഷണവും വെള്ളവും പരിമിതമായതിന്റെ ആശങ്കയും 25 പേരടങ്ങുന്ന വിനോദസഞ്ചാരി സംഘത്തെ അലട്ടുന്നുണ്ട്. കല്‍പ്പ ചെറിയൊരു ഗ്രാമമായതിനാല്‍ ഭക്ഷണം തീര്‍ന്നാല്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് വിനോദസഞ്ചാരികളിലൊരാളും നിലമ്പൂര്‍ സ്വദേശിയുമായ ഷാരൂഖ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് മണ്ണിടിച്ചിലുണ്ടായതെന്നും അതിനാല്‍ ട്രെയിന്‍, റെയില്‍വേ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടിവന്നെന്നും ഷാരുഖ് പറയുന്നു. പിന്നെയും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ഷാരുഖ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ സുരക്ഷിതമായ സ്ഥാനത്താണുള്ളതെന്നും ഷാരുഖ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ സഹായം തേടിയിട്ടുണ്ടെന്നും ഷാരുഖ് വ്യക്തമാക്കി.
വയനാടുകാരുടെ യാത്രാ ദുരിതത്തിന് പരിഹാര പ്രതീക്ഷ നല്‍കി ആനയ്ക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തുരങ്ക പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നാളുകള്‍ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുമെന്നന പ്രതീക്ഷയിലാണ് ജനങ്ങള്‍. നിലവില്‍ കച്ചവട ആവശ്യങ്ങള്‍ക്കും മറ്റും വയനാട്ടിലേക്ക് പോകാന്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്യണം. മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ കിടക്കണം.
തുരങ്ക പാത യാഥാര്‍ഥ്യമായാല്‍ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനക്കാംപൊയിലിന്റെയും സമീപ പ്രദേശങ്ങളുടെയും വികസന കുതിപ്പിന് കൂടി തുരങ്ക പാത വഴിത്തുറക്കും. കിഫ്ബി ധനസഹായത്താല്‍ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്ക പാതയുടെ നിര്‍മാണം. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്.
കൊച്ചി-ബംഗളരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുടെ വാതില്‍ തുറക്കുന്നതുമായ ഈ തുരങ്ക പാത കേരളത്തിന്റെ വികസനരംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശേരി ചുരത്തിലെ തിരക്ക് ഒഴിവാകും.