Latest News

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . വയനാട് ജില്ലയിലെ മുണ്ടക്കൈ , ചൂരൽമല കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉൾപ്പടെ ഉണ്ടായ ഉരുൾ പൊട്ടലിലുകളിലും പ്രകൃതി ദുരന്തത്തിലും ജീവനൻ നഷ്ടപ്പെട്ടവർക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ആദരാഞ്ജലികൾ അർപ്പിച്ചു. ദുരന്തത്തിലകപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനമറിയിക്കുന്നതായും ,അവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു . ഉരുൾ പൊട്ടലിൽ തകർന്ന പ്രദേശങ്ങളുടെ പുനർ നിർമ്മാണത്തിനും , പുനഃരധിവാസത്തിനും , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു . . രൂപതയുടെ എല്ലാ ഇടവക / മിഷൻ/ പ്രൊപ്പോസ്ഡ് മിഷൻ തലങ്ങളിലും ഇതിനായി പ്രത്യേക ധന സമാഹരണം നടത്തണമെന്നും , ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബ അംഗങ്ങൾക്കും വേണ്ടി പ്രത്യേകം പ്രാർഥനകൾ നടത്തണമെന്നും മാർ സ്രാമ്പിക്കൽ പ്രത്യേക സർക്കുലറിലൂടെ രൂപതയിലെ മുഴുവൻ വിശ്വാസികളോടും അഭ്യർഥിച്ചു .

അയോഗ്യതക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലിലെ തീരുമാനം പാരീസ് ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പെന്ന് ലോക കായിക തര്‍ക്ക പരിഹാര കോടതി. വെള്ളിയാഴ്ച കോടതി തന്നെ അറിയിച്ചതാണിത്. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങ് ഓഗസ്റ്റ് 11 ഞായറാഴ്ചയാണ്. ഓഗസ്റ്റ് ഏഴാം തീയതി വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതായിരുന്നു കാരണം.

അയോഗ്യതക്കെതിരേ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇത് ശുഭസൂചനയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏഴാം തീയതി ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ സംഭവത്തിലായിരുന്നു അപ്പീല്‍. ഫൈനലില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം ആദ്യം അപ്പീല്‍ സമര്‍പ്പിച്ചത്. പക്ഷേ അപ്പീല്‍ പരിഗണിക്കുമ്പോഴേക്കും ഫൈനല്‍ മത്സരം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ച് അപ്പീല്‍ തിരുത്തുകയായിരുന്നു. ഇതിലാണ് നിര്‍ണായക വിധിവരാനുള്ളത്.

വിനേഷിനായി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും വിദുഷ്പത് സിംഘാനിയുമാണ് കോടതിയില്‍ ഹാജരായത്. വിനേഷിന് അനുകൂലമായ വിധിയുണ്ടാകുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്. കോടതി ഫോഗട്ടിന് അനുകൂലമായി വിധി പ്രസ്താവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡല്‍ പങ്കുവെയ്ക്കേണ്ടതായി വരും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അയർലൻഡിൽ മലയാളി നേഴ്സിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയായ ലിസി സാജു (59) ആണ് മരണമടഞ്ഞത്. ലിസി റോസ്കോമൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്തുവരികയായിരുന്നു.

മയോയിലെ ന്യൂപോർട്ടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ലിസിക്ക് ജീവൻ നഷ്ടമായത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും പരിക്കുകളുണ്ട്. ഇദ്ദേഹത്തെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ 6 പേർക്ക് പരുക്കേറ്റു. കില്‍ഡയറിലെ നേസിനടുത്തുള്ള കില്ലിൽ ആണ് ലിസിയും കുടുംബവും താമസിക്കുന്നത്. മകൾ: ദിവ്യ, മകൻ: എഡ്വിൻ, മരുമകൾ: രാഖി.

ലിസി സാജുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു.

എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ നേരത്തെ വിട്ടു. കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്.

‘നെന്മേനി വില്ലേജിലും അമ്പലവയല്‍ വില്ലേജിന്റെ ഭാഗങ്ങളിലും 10.20 ഓട് കൂടി ഒരു ശബ്ദമുണ്ടായതായും ചെറിയ വിറയലും ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. രണ്ട് സെക്കന്‍ഡോളം മാത്രമേ ജെര്‍ക്കിങ് ഉണ്ടായിട്ടുള്ളൂ. വീടുകളും കിണറുകളും പരിശോധിച്ചു. വീടുകളില്‍ വിള്ളലുകളോ കിണറുകളെ വെള്ളം കലങ്ങിയതായോ ഉണ്ടായിട്ടില്ല. കിലോമീറ്ററുകളോളം മേഖലയില്‍ ഇത് അനുഭവപ്പെട്ടിട്ടുണ്ട്’ നെന്മേനി വില്ലേജ് ഓഫീസര്‍ സജീന്ദ്രന്‍ പറഞ്ഞു.

വയനാട് ഉരുൾപൊട്ടൽ ദുരന്ത ഭൂമി സന്ദർശിച്ച ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ലഫ്റ്റനൻറ് കേണലും നടനുമായ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. ‘ചെകുത്താൻ’ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖിൻറെ പരാതിയിലാണ് കേസ്.ടെറിട്ടോറിയൽ ആർമി ലഫ്റ്റനൻറ് കേണൽ മോഹൻലാൽ വയനാട്ടിൽ ദുരന്തഭൂമിയിൽ പട്ടാള യൂണിഫോമിൽ സന്ദർശനം നടത്തിയതിനെ ‘ചെകുത്താൻ’ എന്ന ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപം നടത്തുകയായിരുന്നു.

യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവർ കാണുന്നതിനും സമൂഹമാധ്യത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിൻറെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച്‌ സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു.

കേസെടുത്തതിന് പിന്നാലെ യൂട്യൂബർ ഒളിവിൽ പോയെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും തിരുവല്ല എസ്എച്ച്‌ഒ പറഞ്ഞു. ദുരന്തഭൂമിയിൽ യൂണിഫോമിട്ട് മോഹൻലാൽ എത്തിയതെന്തിന് എന്ന് ചോദിച്ചായിരുന്നു വിഡിയോയിലൂടെ അധിക്ഷേപ പരാമർശങ്ങൾ. മുൻപും പല അതിരുകടന്ന വിമർശനങ്ങളുടെ പേരിൽ ഈ പേജിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.

ഫോണ്‍ വിളിക്കിടെ ഭാര്യയെ അപമാനിച്ചെന്ന കേസില്‍ ബഹ്റൈന്‍ യുവാവ് 500 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിവില്‍ ബഹ്റൈന്‍ കോടതിയുടെ വിധി.

ഫോണ്‍ വിളിക്കിടെ ഭാര്യയോട് മോശം വാക്കുകള്‍ പ്രയോഗിച്ചതായി ഭര്‍ത്താവ് സമ്മതിച്ചിരുന്നു. ഇതേ കുറ്റത്തിന് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് മുമ്പ് 30 ദിനാര്‍ പിഴ ചുമത്തിയിരുന്നു.

പ്രതിയുടെ വാക്കുകള്‍ ഭാര്യയുടെ അന്തസിനും പ്രശസ്തിക്കും കോട്ടം വരുത്തിയെന്ന് ഭാര്യയുടെ അഭിഭാഷകന്‍ ഖലീല്‍ ഇബ്രാഹിം പറഞ്ഞു. ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും ഭര്‍ത്താവ് കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് ഭര്‍ത്താവിന് പിഴ ചുമത്തിയത് . ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ തന്റെ കക്ഷിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും അതാണ് നഷ്ടപരിഹാരം തേടാന്‍ അവരെ പ്രേരിപ്പിച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു.

സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.

സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തില്‍ ആർക്കും സാരമായ പരിക്കില്ല. വിദ്യാർഥികള്‍ തമ്മില്‍ സ്കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തുവെച്ചാണ് വെടിവെപ്പു നടന്നത്. സംഭവത്തില്‍ സ്കൂളിലെ അധ്യാപകർ പരാതി നല്‍കിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു.

തുടർന്ന് വെടിവെച്ച വിദ്യാർഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയർഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാർഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ കോടതിക്കു റിപ്പോർട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യ സഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആണ് മരണ വിവരം അറിയിച്ചത്.

1966 ലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഡിവൈഎഫ്‌ഐയിലൂടെ പ്രവര്‍ത്തനം തുടങ്ങി പോളിറ്റ് ബ്യൂറോ വരെയെത്തി. 1977 ലാണ് ആദ്യമായി മന്ത്രിയാവുന്നത്. ജ്യോതി ബസു സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ജ്യോതി ബസുവിന് ശേഷമാണ് മുഖ്യമന്ത്രി പദവിയിലെത്തുന്നത്. 2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു.

35 വര്‍ഷം നീണ്ട് നിന്ന സിപിഎം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്. പിന്നീട് അദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. സിപിഎം പിബി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. രക്ഷാപ്രവർത്തനം പൂർണമായും എൻ.ഡി.ആർ.എഫിനും സംസ്ഥാന സേനകൾക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു.

ഹെലികോപ്റ്റർ ഉപയോ​ഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികർ മാത്രമേ സ്ഥലത്ത് തുടരൂ. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെം​ഗളൂരു ബറ്റാലിയനുകളിലെ 500 അം​ഗ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്.

സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോ​ഗിക യാത്രയയപ്പ് നൽകി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പങ്കെടുത്ത ചടങ്ങിൽ വിവിധ സൈനിക വിഭാ​ഗങ്ങളിലെ മേധാവികളെ ആദരിച്ചു.

ദുരന്തഭൂമിയിൽ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്ക്ക് സൈന്യം നന്ദി പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരും നന്ദി രേഖപ്പെടുത്തി. അ​ഗ്നിരക്ഷാ സേന എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പോലീസ് ഉൾപ്പെടെയുള്ള സേനവിഭാ​ഗങ്ങളേ ഇനി തിരച്ചിലിന് ഉണ്ടാകൂ.

നഴ്സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു. ഇക്കാര്യം കേന്ദ്ര ആരോഗ്യസഹ മന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുന്നതിനാണിത്. സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുതെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന നിര്‍ദേശം.

200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിന് തുല്യമായിരിക്കണം ശമ്പളം. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിനേക്കാള്‍ 10 ശതമാനം വരെ ശമ്പളം കുറയാം. 50-100 കിടക്കകുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ശമ്പളത്തിന്റെ 25 ശതമാനം വരെ കുറയാവുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

50 കിടക്കകളില്‍ കുറഞ്ഞാലും സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുത്. അവധികള്‍, ജോലി സമയം, മെഡിക്കല്‍ സൗകര്യങ്ങള്‍, ഗതാഗതം, താമസം തുടങ്ങിയവ സര്‍ക്കാര്‍ തലത്തില്‍ അനുവദിച്ചതിന് തുല്യമായിരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.

RECENT POSTS
Copyright © . All rights reserved