Latest News

കോട്ടയം ∙ മറന്നു വച്ച കണ്ണടയെടുക്കാൻ തിരിച്ചു കയറിയ ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്നു വീണു വിദ്യാർഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കിയാണു (25) മരിച്ചത്. രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.

പുണെ–കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്. പുണെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ദീപക് കോഴ്സ് പൂർത്തിയാക്കി തിരികെയെത്തുമ്പോഴായിരുന്നു സംഭവം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ദീപക് മറന്നുവച്ച കണ്ണട ട്രെയിനിൽനിന്ന് എടുക്കാനായി വീണ്ടും കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറയുന്നു.

കണ്ണട എടുത്ത ശേഷം തിരികെ ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി. ഇറങ്ങാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്ഫോം പിന്നിട്ടു. താഴേക്കു ചാടാൻ ശ്രമിച്ചപ്പോൾ ട്രെയിനിന്റെ അടിയിൽ പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഇടശേരിക്കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയാണു പിതാവ്. മാതാവ് സോളി.

കോഴിക്കോട്: ഭാര്യയ്ക്ക് എതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ടി.സിദ്ദിഖ് എം.എല്‍.എ. സ്ഥാപനത്തില്‍നിന്ന് 2022-ല്‍ രാജിവെച്ച ആള്‍ക്കെതിരെ 2024-ല്‍ കേസെടുത്തത് ഗൂഢാലോചനയാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശരിയല്ല എന്നുകണ്ടാണ് അവിടെനിന്ന് ഭാര്യ രാജിവെച്ചത്. ഇക്കാര്യം രാജിക്കത്തില്‍ കൃത്യമായി സൂചിപ്പിച്ചിരുന്നു. ഒരു ധനകാര്യസ്ഥാപനത്തിന്റെ ജാഗ്രതയും സാമ്പത്തിക അച്ചടക്കവും ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ നിന്ന് ഭാര്യ രാജിവെച്ചതെന്നും സിദ്ദിഖ് വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടിപ്പുനടന്ന കാലയളവില്‍ ഭാര്യ അവിടെ പ്രവര്‍ത്തിച്ചുവെന്ന് തെളിയിക്കാന്‍ പോലീസിനെയും പരാതിക്കാരിയെയും സിദ്ദിഖ് വെല്ലുവിളിച്ചു. കേസിനാസ്പദമായ സംഭവം നടന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നത് 2023 മാര്‍ച്ച് 16-ഉം ഏപ്രില്‍ 19-ഉം ആണ്. എന്നാല്‍ 2022 ഡിസംബര്‍ എട്ടിന് ഭാര്യ ഔദ്യോഗികമായി രാജിവെച്ചിരുന്നു. ഇതിനുശേഷം അവിടേയ്ക്ക് തിരികെ പോയിട്ടുമില്ല. സ്ഥാപനത്തില്‍ സിസിടിവിയുണ്ടെന്നും എന്തും പോലീസ് പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളക്കേസെടുത്തും വ്യാജമായ പേരുകള്‍ എഴുതി ചേര്‍ത്തും രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഉപകരണമായി പോലീസ് മാറി. അങ്ങനെയൊന്നും കീഴടക്കാനും കരിവാരി തേക്കാനും ശ്രമിച്ചാല്‍ അത് വിലപോകില്ലെന്ന് കേരളത്തിന്റെ ഭരണകൂടത്തോടും പോലിസിനോടും സിപിഎമ്മിനോടും പറയാന്‍ ആഗ്രഹിക്കുന്നായും അദ്ദേഹം പറഞ്ഞു.

നിധി ലിമിറ്റഡിനു കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പില്‍ ടി.സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ നടക്കാവ് പൊലീസാണ് കേസെടുത്തത്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ ഷറഫുന്നീസ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ വാസിം തൊണ്ടിക്കാടന്‍, ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് മൊയ്തീന്‍കുട്ടി എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഷറഫുന്നീസ നാലാം പ്രതിയാണ്. ഷംനയാണ് അഞ്ചാം പ്രതി.

സാമ്പത്തിക നിക്ഷേപം സ്വീകരിച്ച്, വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച തുകയോ നല്‍കാതിരിക്കുകയും ചെയ്തെന്നാണ് പരാതി. രണ്ടുഘട്ടങ്ങളായി 5.65 ലക്ഷത്തിലേറെ നിക്ഷേപിച്ചിരുന്നു. നിക്ഷേപങ്ങള്‍ക്ക് പതിമൂന്നര ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ധനകാര്യ സ്ഥാപനത്തിനെതിരെ ഇന്നലെമാത്രം മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്.

യുട്യൂബിൽ ശ്രദ്ധ നേടിയ ‘ദി നൈറ്റ്’ ഷോർട്ട് ഫിലിമിന് ശേഷം യുകെയിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന പുതിയ ഹൃസ്വചിത്രമായ ‘യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ജിഷ്ണു വെട്ടിയാർ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ, എഡിറ്റിങ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, വസ്ത്രാലങ്കാരം ചിപ്പി മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് മാത്തുക്കുട്ടി ജോൺ, ഷൈൻ അഗസ്റ്റിൻ, അനുരാജ് പെരുമ്പിള്ളി.

ടോം ജോസഫ്, ഡിസ്‌ന പോൾ, ശിൽപ ജിഷ്ണു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ചിത്രം വരുന്ന വിഷുവിന് യുട്യൂബിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ടോം ജോസ് തടിയംപാട്

കഴിഞ്ഞ ദിവസം നാട്ടിൽ പോയപ്പോൾ നരകകാനത്തെ അളിയൻ തോമസ് കുട്ടിയുടെ വീട്ടിനു മുൻപിൽ ഇരിക്കുമ്പോൾ വഴിയേ നടന്നുപോകുന്ന സന്തോഷവാനായ ഒരു ഒരു വൃദ്ധനെ പരിചയപ്പെടാൻ ഇടയായി ,അദ്ദേഹ൦ അനുഭങ്ങളുടെ ഭണ്ഡാരം തുറന്നുവച്ചപ്പോൾ ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു ഇടുക്കിയുടെ കുടിയേറ്റത്തിന്റെയും കടുത്ത ജീവിത യാതനകളുടെയും അതിജീവനത്തിന്റെയും അംഗർഗ്ഗളമായ നിർഗമനമാണ് അദ്ദേഹത്തിന്റെ വായിലൂടെ പുറത്തേക്കു വന്നത് .

95 വയസു പിന്നിടുന്ന തോമസ് പീടികയിൽ എന്ന കുഞ്ഞുകുട്ടിച്ചേട്ടൻ ഇടുക്കി നരകകാനത്തെ ആദ്യ കുടിയേറ്റക്കാരനാണ്. 1958 നരകകാനത്തു കുഞ്ഞുകുട്ടിച്ചേട്ടനും നാലുപേരടങ്ങുന്ന സംഘവും എത്തുമ്പോൾ അവിടെ നിറയെ ആനകളും ഇടതൂർന്ന വനവും മാത്രമായിരുന്നു . അവർ ഏകദേശം 200 ഏക്കറോളം സ്ഥലം വെട്ടിയെടുത്തു അന്നത്തെ കുടിയേറ്റത്തിന്റെ അതിരുകൾ എന്നുപറയുന്നത് വെട്ടിയെടുക്കുന്ന സ്ഥലത്തിന്റെ ചുറ്റും നിൽക്കുന്ന മരങ്ങളുടെ തൊലി ചെത്തുക അതിനുള്ളിലിൽ വരുന്ന സ്ഥലം വെട്ടിയെടുക്കുന്ന ആളിന്റെ ഉടമസ്ഥതിയിലാണ് എന്നതായിരുന്നു. ഇവർ വെട്ടിയെടുത്ത സ്ഥലത്തു കൃഷി ഇറക്കിയെങ്കിലും ആനകൾ അതെല്ലാം നശിപ്പിച്ചു തുടർന്ന് മൂന്നു വർഷം കൃഷി നടത്തിയെങ്കിലും വിളവെടുക്കാൻ കാട്ടു മൃഗങ്ങൾ സമ്മതിച്ചില്ല .പിന്നീട് സ്ഥലം പുറകെ വന്ന കുടിയേറ്റക്കാർക്ക് പണം മേടിച്ചും വെറുതെയും നൽകി .

അതിനെ തുടർന്ന് കൂടുതൽ ആൾപാർപ്പ് ഉണ്ടായപ്പോൾ കൃഷി നശിപ്പിക്കാതെ മൃഗങ്ങളെ ഓടിക്കാൻ കഴിഞ്ഞു.
ആ കാലത്തേ ജീവിതം വളരെ കഷ്ടപ്പാടായിരുന്നു കൈയിൽ ഒരു പൈസപോലും ഇല്ല എന്തെങ്കിലും സാധനം വേണമെങ്കിൽ നാട്ടിൽ പോയി തലച്ചുമടായി കാട്ടിൽകൂടി വേണം കൊണ്ടുവരാൻ . അന്ന് പണം ലഭിക്കുന്നതിനു വേണ്ടി വണ്ടിപ്പെരിയാർ ,വള്ളിക്കടവ് എന്നിവിടങ്ങളിൽ ഒരാഴ്ച യൂക്കാലിപ്സ് തടിവെട്ടാൻ പോകും അതിൽനിന്നും ലഭിക്കുന്ന കൂലികൊണ്ടു കട്ടപ്പനയിൽ നിന്നും ഭക്ഷണ സാധനങ്ങൾ വാങ്ങി തിരിച്ചു നടന്നു വന്നു ഒരാഴ്ച പറമ്പിൽ പണിചെയ്യും അങ്ങനെയാണ് കൃഷി വളർത്തിയെടുത്തത് ,ആ കാലത്തു പണി ആരംഭിച്ച ഇടുക്കി ചെറുതോണി റോഡ് പണിക്കും കുഞ്ഞുകുട്ടി ചേട്ടൻ പങ്കെടുത്തിട്ടുണ്ട് ..നാരകക്കാനം പള്ളി സ്ഥാപിക്കുന്നതിനും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും കുഞ്ഞുകുട്ടിച്ചേട്ടൻ സജീവിവമായിരുന്നു .

അറക്കുളം മൈലാടിയിലാണ് കുഞ്ഞുകുട്ടി ചേട്ടന്റെ വീട് .കാഞ്ഞാർ സെന്റ് തോമസ് സ്കൂളിൽ മൂന്നാം ക്ലാസിൽ പഠനം നിർത്തി വീട്ടിൽ ഉണ്ടായിരുന്ന 70 സെന്റ് സ്ഥലത്തു പണിയെടുക്കുകായായിരുന്നു 19 മത്തെ വയസിൽ വിവാഹിതനായി പത്തുമക്കളുടെ പിതാവാണ് ഇദ്ദേഹം. 1973 ലാണ് കുടുംബത്തെ അറക്കുളത്തുനിന്നും നരകകാനത്തേക്കു പറിച്ചു നട്ടത്.

അറക്കുളത്തു നിന്നും 1957 ൽ നടന്ന വിമോചന സമരത്തിൽ പങ്കെടുക്കാൻ തൊടുപുഴയിൽ നടന്നു പോയതും താലൂക്ക് ഓഫീസിൽ പിക്കറ്റ് ചെയ്തതും അവിടെവച്ചു സമര നേതാക്കളായ പി ടി ചാക്കോയേയും ,മന്നത്തു പാൽമനാഭനെയും ,കെ എം ജോർജ് ,മത്തായി മാഞ്ഞൂരാൻ എന്നിവരെകണ്ടതും കുഞ്ഞുകുട്ടിച്ചേട്ടൻ ഓർത്തെടുത്തു .

95 വയസിലും ആരോഗ്യ൦ സംരക്ഷിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ എന്നും രാവിലെ ചായക്കടയിൽ നടന്നുപോകും അവിടെ ആളുകളുമായി സംസാരിക്കും തിരിച്ചു വരുമ്പോൾ വഴിയിൽ കാണുന്ന പച്ചമരുന്നും കറിവയ്ക്കാൻ കഴിയുന്ന മരക്കറികളുമായി തിരിച്ചുവന്നു അതൊക്കെ പാകപ്പെടുത്തി കഴിക്കും പിന്നെ ഈ പ്രായത്തിലും പാട്ടുപാടും ഇതൊക്കെയാണ് ജീവിത രീതി.
എപ്പോൾ നോക്കിയാലും സന്തോഷവാനായി കാണുന്ന കുഞ്ഞുകുട്ടിച്ചേട്ടന്റെ ഒരു ദുഃഖം വൈദികനായായിരുന്ന ഒരു മകൻ ക്യൻസർ മൂലം മരിച്ചുപോയി എന്നതാണ് ബാക്കി 9 മക്കളും സുഖമായി ജീവിക്കുന്നു. ഇപ്പോൾ സാമ്പത്തികമായി ഒരു വിധം നല്ലനിലയിലാണ് ജീവിതം എന്നാണ് അദ്ദേഹം പറഞ്ഞത് എന്താണെങ്കിലും കുഞ്ഞുകുട്ടി ചേട്ടനോട് സംസാരിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല .

ലണ്ടൻ : യുകെ യിലെ സുമനസുകളുടെ മറ്റൊരു ലക്ഷ്യം കൂടി അതിന്റെ പരിസമാപ്‌തിയിൽ ആയിരിക്കുന്നു. കഴിഞ്ഞ 4 വർഷങ്ങളായി കേരളത്തിലെ ഭവനമില്ലാതെ ഉഴറിയിരുന്ന കുടുംബങ്ങൾക്ക് ഒരു സ്വപ്നസാക്ഷക്കാരത്തിനു കൈത്താങ്ങു നൽകി പണിതു തീർത്ത നാലാമത്തെ വീടിന്റെ താക്കോൽ ജനുവരി മാസം 14-ാം തീയതി കണ്ണൂർ ചെമ്പേരിയിലുള്ള അനാഥനായ സോണി എന്ന കുഞ്ഞിന് കൈമാറിയപ്പോൾ പുൽകൂട് അംഗങ്ങൾക്ക് ഇത് അഭിമാന നിമിഷം. 50 ഓളം വരുന്ന യുകെയിലെ നാനാ ജാതി മതസ്ഥർ ഒന്ന് ചേർന്ന് ഒരുമയോടെ ചേർന്ന് ഭവന നിർമാണം പൂർത്തീകരിച്ചപ്പോൾ, പിറന്നത് മറ്റൊരു സുന്ദര സുരഭില നിമിഷം കൂടിയാണ്.

2018 മുതൽ ശ്രീ റോജിമോൻ വറുഗീസിന്റെ മനസ്സിൽ ഉരുവായ ആശയമാണ് “പുൽക്കൂട് ” എന്ന സ്വപ്നസമാനമായ കൂട്ടായ്മ. എല്ലാ
വർഷവും ക്രിസ്തുമസിനോടനുബന്ധിച്ച് നാട്ടിൽ ഭവനമില്ലാത്തവർക്ക് വീട് വച്ച് നൽകുന്ന ഒരു വാട്സാപ്പ് കൂട്ടായ്മയാണ് പുൽക്കൂട് .

2020 ൽ ആദ്യത്തെ വീട് തൃശൂരിൽ ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ നൽകിയപ്പോൾ 2021 lഇടുക്കിയിലും 2022 ൽ കോട്ടയത്തും യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും വീടുകൾ വച്ച് നൽകി. നാളിതുവരെ വരെ ഈ ഉദ്യമത്തിന് കൂടെ നിൽക്കുന്ന എല്ലാ പുൽകൂട് അംഗങ്ങൾക്ക് മേലും ഇത്തരം സാമൂഹിക പ്രതിപദ്ധത ഉള്ള കാര്യങ്ങൾ നടത്തികൊടുക്കുവാൻ സാധിക്കട്ടെ എന്ന അകമഴിഞ്ഞ ആശംസയോടെ മലയാളം യുകെ വാർത്ത

അനുജ സജീവ്

ജനലഴികളിൽ കൂടി പാറിപ്പറന്നെത്തുന്ന മഴത്തുളളികൾ ……. രാവിലെ തന്നെ മഴകനക്കുകയാണ്. തണുപ്പുമുണ്ട്. അനുപമ അച്ഛൻ കൊടുത്ത കമ്പിളി ഷാളിനുളളിലേക്കു തിരക്കുപിടിച്ചു കയറി. അപ്പോളാണ് ജനൽപ്പടിയിലിരിക്കുന്ന രുദ്രാക്ഷങ്ങൾ ശ്രദ്ധയിൽപെടുന്നത്. നേപ്പാളിലെ ഏതോ വീട്ടുമുറ്റത്തെ രുദ്രാക്ഷമരത്തിൽ നിന്നും വീണ രുദ്രാക്ഷങ്ങൾ എന്റെ ജനൽപടിയിൽ മഴത്തുളളികളുടെ നനവേറ്റ് വിറുങ്ങലിച്ചു കിടക്കുന്നു. അനുപമ കുറ്റബോധത്തോടെ ജനലിനടുത്തേക്കു നടന്നു. ഉണങ്ങാനായി വച്ച രുദ്രാക്ഷളാണ്. അദ്ദേഹം അവസാനമായി തന്ന മറക്കാൻ പറ്റാത്ത സമ്മാനം. ഫ്ളാറ്റിൽ ജോലിക്കുവരുന്ന ഏതോ ഒരു നേപ്പാളി പയ്യൻ കൊടുത്തതാണ്. അവന്റെ വീട്ടിലെ രുദ്രാക്ഷമരത്തിൽ നിന്നും കിട്ടിയതാണ് ഇൗ കണ്ണുനീർ മുത്തുകൾ. “മാലക്കൊരുക്കാം …..” എന്നൊരു അഭിപ്രായവും കേട്ടു.

ആർക്കുമാലകൊരുക്കാൻ…. ? എന്നൊരുചോദ്യം അനുപമയുടെ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ട് രുദ്രാക്ഷം എടുത്ത് ഒരുപാത്രത്തിലാക്കി അവൾ അടച്ചുവച്ചു. വർഷങ്ങൾക്കുശേഷം അലമാരിയിൽ എന്തോ തിരക്കി ചെന്നപ്പോളാണ് പാത്രം വീണ്ടും ശ്രദ്ധയിൽ പെട്ടത്. പാത്രം തുറന്നപ്പോൾ രുദ്രാക്ഷങ്ങൾ മുഴുവൻ വെളുത്ത പൂപ്പലുകൾ പിടിച്ചിരിക്കുന്നു. അതെടുത്ത് കഴുകി വൃത്തിയാക്കി ഉണങ്ങാൻ വച്ചതാണ് ജനൽപ്പടിയിൽ. പിന്നീട് അക്കാര്യമേ മറന്നു… മഴത്തുള്ളികൾ വീണ രുദ്രാക്ഷങ്ങൾ സാരിത്തലപ്പുകൊണ്ട് തുടയ്ക്കുമ്പോൾ കണ്ണിൽ നിന്നും പെയ്യുന്ന വെളുത്തമുത്തുകൾക്ക് അവസാനമില്ലാതാകുന്നു… നെറ്റിയിൽ തൊട്ട ചന്ദനക്കുറി നോക്കി “നീയെന്താ സന്യാസിനിയാവുകയാണോ…. ? ” എന്ന ചോദ്യത്തിന് ഇൗ രുദ്രാക്ഷവുമായി എന്തെങ്കിലും ബന്ധമുണ്ടോ ?

കാവി വസ്ത്രവും രുദ്രാക്ഷവും ജടപിടിച്ച മുടിയുമുള്ള ഞാൻ…അനുപമ ഞെട്ടലോടെ സ്വപ്നത്തിൽനിന്നുണർന്നു. ശിവഭഗവാന്റെ കണ്ണുനീരിന് മറ്റൊരാളുടെ കണ്ണുനനയ്ക്കാനൊക്കുമോ…അനുപമ വീണ്ടും ചിന്തയിലാണ്ടു. ആരൊക്കെയോ ചെലുത്തുന്ന ബലാബലങ്ങൾക്കു താൻ അടിമപ്പെടണമെന്നാണോ… കയ്യിലിരിക്കുന്ന രുദ്രാക്ഷങ്ങൾ ഒന്നൊന്നായി താഴേയ്ക്ക് വീണു കൊണ്ടിരുന്നു…

അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

കൊച്ചി: കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും ചൂണ്ടിക്കാണിച്ചു. അതുപോലെ വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും മാറ്റണം. കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുദാശ കർമ്മത്തിനിടെയാണ് മാർ റാഫേൽ തട്ടിൽ കുർബാന വിഷയത്തിലെ പരാമർശം നടത്തിയത്.

കൂടാതെ വിമത വിഭാ​ഗത്തിനെ വിമർശിച്ചും മാർ റാഫേൽ തട്ടിൽ സംസാരിച്ചു. സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനക്രമമെന്നും സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകൾ ഉണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഇപ്പോൾ കടന്നു പോകുന്നത്, വലിയ പ്രതിസന്ധിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് സിനഡ് നിർദേശം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സർക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. മേജർ ആ‌ർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം.

1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പ്രാർത്ഥനകൾ എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെയും കെഎസ്‍യു പ്രവര്‍ത്തകനെയും ആംബുലന്‍സില്‍ കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ കയറി പരിക്കേറ്റവരെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണം നടത്തിയത് എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ആംബുലന്‍സില്‍ കയറി മര്‍ദിക്കുന്നത്. പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ബിലാലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സിലേക്ക് രണ്ടുപേര്‍ അതിക്രമിച്ച് കയറുന്നതും പിന്നീട് ക്രൂരമായി മര്‍ദിക്കുന്നതിന്‍റെയും നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ആക്രമണത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന കെഎസ്‍യു പ്രവര്‍ത്തകന്‍ അമലിനും മര്‍ദനമേറ്റു.

ആംബുലന്‍സിനുള്ളില്‍ വെച്ച് പൊലീസുകാരന്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആക്രമണം തുടരുകയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനായ നന്ദകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ബിലാല്‍ ആരോപിച്ചു. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ഫ്രറ്റേണിറ്റി,കെഎസ്‍യു പ്രവര്‍ത്തകര്‍ ആരോപിച്ചു.രാത്രിയിലെ ആക്രമണ സംഭവത്തിന് പിന്നാലെ കോളേജില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വലിയരീതിയിലുള്ള സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയിലാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാലിനും കെഎസ്‍യു പ്രവര്‍ത്തകന്‍ അമലിനും പരിക്കേല്‍ക്കുന്നത്. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അവിടെനിന്നും ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സിലേക്ക് അതിക്രമിച്ച് കയറി മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആശുപത്രിയുടെ ചില്ല് അടിച്ചുപൊളിച്ച സംഭവം അടക്കം ഉണ്ടായെന്നും ആരോപണമുണ്ട്.ഇതിനിടെ, എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെയുണ്ടായ കൊലപാതക ശ്രമത്തിന് പിന്നാലെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

അതേസമയം, എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഒരു വനിതാ വിദ്യാർത്ഥി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്‍റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്. വടി വാളും ബിയർ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലുളളത്. 14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചു.

ഇസ്ലാമാബാദ് : ഇറാനുള്ളിൽ മിസൈൽ ആക്രമണം നടത്തി പാകിസ്ഥാൻ. കഴിഞ്ഞ ദിവസം ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഇരു രാജ്യങ്ങളും അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെ സംഘർഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. പാകിസ്താന്റെ ബലൂച് മേഖലയിൽ അപ്രതീക്ഷിതമായി ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെയാണ് പാകിസ്ഥാൻ- ഇറാൻ ബന്ധം വഷളായത്.

ജയ്ഷെ അൽ അദ്‌ൽ എന്ന ഭീകരസംഘടനയുടെതാവളങ്ങൾ തകർത്തുവെന്നായിരുന്നു ഇറാന്റെ അവകാശവാദം. ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയാണ് പാകിസ്ഥാൻ പ്രതികരിച്ചത്. പിന്നാലെയാണ് തിരിച്ചടിയായി. ഇറാനിൽ ഏഴിടത്ത് പാക് സൈന്യം  മിസൈൽ ആക്രമണം നടത്തിയത്. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ലിബറേഷൻ ആർമി എന്നീ  വിഘടനവാദി ഗ്രൂപ്പുകളുടെ താവളം തകർത്തു എന്നാണു പാക് അവകാശവാദം. എന്നാൽ, ആക്രമണത്തിൽ സ്ത്രീകൾ അടക്കം നിരപരാധികൾ കൊല്ലപ്പെട്ടെന്ന് ഇറാൻ പറയുന്നു.

ദേശ താല്പര്യം സംരക്ഷിക്കാനായി ഏതറ്റംവരെയും പോകുമെന്ന് ഇറാൻ പ്രതിരോധ മന്ത്രിമുഹമ്മദ് റേസ വ്യക്തമാക്കിയതോടെ സംഘർഷം പടരുമോയെന്ന ആശങ്ക ശക്തമാണ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.പ്രശ്നത്തിൽ കരുതലുളള പ്രതികരണമാണ് ഇന്ത്യ നടത്തിയത്. ഇത് ഇറാനും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുളളത്. സ്വയം പ്രതിരോധത്തിനായി രാജ്യങ്ങൾസ്വീകരിക്കുന്ന നടപടികൾ ഞങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു

കൊച്ചി: എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കു നേരെ വധശ്രമമുണ്ടായതിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്‌മാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു വിദ്യാർത്ഥിനി അടക്കം പതിനഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ആണ് ഒന്നാം പ്രതി. വധശ്രമം അടക്കം ഒൻപതുവകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കെഎസ്‌യു – ഫ്രട്ടേണിറ്റി പ്രവർത്തകരാണ് പ്രതികൾ.

ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകർക്കെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് എഫ്‌ഐആറിലുള്ളത്. സാരമായി പരിക്കേറ്റ അബ്ദുൾ റഹ്‌മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അർധ രാത്രിയോടെയായിരുന്നു സംഭവം. നാസർ അബ്ദുൽ റഹ്‌മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞ് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.ആക്രമണത്തിൽ അബ്ദുൾ റഹ്‌മാന്റെ വയറിനും കൈകാലുകൾക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവ മറ്റുള്ളവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചത്.

അറബിക് വിഭാഗത്തിലെ അദ്ധ്യാപകനും നിലമ്പൂർ സ്വദേശിയുമായ ഡോ. കെ.എം. നിസാമുദ്ദീനാണ് മർദ്ദനമേറ്റത്. അറബിക് മൂന്നാം വർഷ വിദ്യാർത്ഥിയും ഫ്രട്ടേണിറ്റി പ്രവർത്തകനുമായ മുഹമ്മദ് റാഷിദാണ് അദ്ധ്യാപകനെ മർദ്ദിച്ചത്. സംഭവശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. അദ്ധ്യാപകന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. സുഹൃത്തിനെ സസ്പൻഡ് ചെയ്ത സംഭവത്തിന് കാരണക്കാരനെന്ന് ആരോപിച്ചാണ് ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ കത്തി പോലുള്ള ആയുധം കാട്ടി കൊല്ലുമെന്ന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയത്. ശേഷം പ്രിൻസിപ്പലിന്റെ മുറിയിലേക്ക് നീങ്ങിയ അദ്ധ്യാപകന്റെ പുറകെയെത്തി ആയുധത്തിന്റെ പിൻഭാഗം ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ മർദ്ദിക്കുകയും ചെയ്തു.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന അക്രമി സംഘമെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്‌മാൻ ആരോപിച്ചു. കെഎസ് യു- ഫ്രട്ടേണിറ്റി പ്രവർത്തകനാണ് പിന്നിലെന്നും തമീം ആരോപിച്ചു.

RECENT POSTS
Copyright © . All rights reserved