വിദേശ പൗരനെ ക്രിമിനൽ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ആന്റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിധിക്കെതിരെ ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച ശേഷമാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, കുറ്റക്കാരനെന്ന വിധിയും അതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയും നിലവിൽ തുടരും. അപ്പീലിന്മേൽ ഈ മാസം ആറിന് വാദം തുടങ്ങുമെന്ന് കോടതി അറിയിച്ചു.
ജനുവരി 3 നാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ആന്റണി രാജുവിനും കോടതി ജീവനക്കാരനായിരുന്ന ജോസിനും ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീലിൽ അന്തിമ വിധി വരുന്നത് വരെ മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
മനോജ് ജോസഫ് ചെത്തിപ്പുഴ
ലിവർപൂൾ: ലിവർപൂൾ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള യൂണിവേഴ്സിറ്റി ഓഡിറ്റോറിയം ജനുവരി 31-ന് സാക്ഷ്യം വഹിച്ചത് യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിനായിരുന്നു. യുകെയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) തങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികം അതിഗംഭീരമായി ആഘോഷിച്ചു. ലിമയുടെ രജതജുബിലി സംഗമത്തിൽ പ്രമുഖ വ്യക്തിത്വങ്ങളും എണ്ണൂറിലധികം പ്രവാസികളും പങ്കെടുത്തു. സംഘടനയുടെ കാൽനൂറ്റാണ്ടിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന വിപുലമായ പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.

വൈകുന്നേരം നടന്ന പൊതുസമ്മേളനം മെഴ്‌സിസൈഡ് പൊലീസിലെ ചീഫ് കോൺസ്റ്റബിളിന്റെ പ്രധിനിധിയായെത്തിയ മുഖ്യാതിഥി ശ്രീ. ഇയാൻ സ്പീഡ് (Community Engagement Officer, Merseyside) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ലിമയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കൂട്ടായ്മകളാണ് വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് മലയാളത്തനിമയും സംസ്കാരവും പകർന്നു നൽകുതെന്ന് മുഖ്യ പ്രഭാഷകൻ എബി സെബാസ്റ്റ്യൻ (National President at UUKMA) പറഞ്ഞു. ആശംസകൾ നേർന്നുകൊണ്ട് യുക്മയുടെ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്‍റ് ശ്രീ. ഷാജി തോമസ് വാരക്കുടി സംസാരിച്ചു. കഴിഞ്ഞ 25 വർഷക്കാലം ലിവർപൂളിലെ മലയാളി സമൂഹത്തിന് ലിമ നൽകിയ കരുത്തിനെയും ഒരുമയെയും കുറിച്ച് അസോസിയേഷൻ പ്രസിഡന്‍റ് സോജൻ തോമസ് അനുസ്മരിച്ചു. സെക്രട്ടറി ആതിര, സംഘടനയുടെ വളർച്ചയിൽ ഓരോ അംഗത്തിനുമുള്ള പങ്കിനെ പ്രത്യേകം നന്ദിയോടെ സ്മരിച്ചു. ലിമയുടെ കഴിഞ്ഞ ഇരുപത്തിഅഞ്ചു വർഷക്കാലത്തെ സേവങ്ങളെ അനുസ്മരിച്ചു ശ്രീ ഫ്രാൻസിസ് മാത്യു (ലോ ആൻഡ് ലോയേർസ് സോളിസിറ്റേഴ്‌സ്), ജേക്കബ് വർഗീസ് ( പ്രസിഡന്‍റ് , ലിംകാ) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചപ്പോൾ ജോസ് മാത്യു (ട്രഷറർ, ലിമ) നന്ദിയും പറഞ്ഞു.

സംഘടനയുടെ ദീർഘകാല വളർച്ചയ്ക്കും സേവനങ്ങൾക്കും നേതൃത്വം നൽകിയ മുൻകാല ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ 25 വർഷത്തെ പ്രവർത്തന ജീവിതം സമൂഹത്തിനു സമർപ്പിച്ച ചില മഹത്വ വ്യക്തികളെയും, അഞ്ചു വർഷത്തിലധികം കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ചു സംഘടനയുടെ വളർച്ചയ്ക്കു സമഗ്ര സംഭാവന നൽകിയവരെയും, തങ്ങളുടെ ഉത്തരവാദിത്തങ്ങൾക്കുമപ്പുറം അസാമാന്യമായ സേവനം കാഴ്ചവെച്ച പുതിയ തലമുറയിൽപ്പെട്ട കമ്മിറ്റി അംഗങ്ങളെയും പ്രത്യേകം ആദരിച്ചു. പൊതുസമ്മേളനത്തിനൊടൊപ്പം യുകെയിലെയും കേരളത്തിലെയും പ്രമുഖരുടെ എഴുത്തുകൾ ഉൾക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനവും ഉണ്ടായിരുന്നു. കലയ്ക്കും സംഗീതത്തിനുമപ്പുറം ലിമ എന്ന സംഘടന ലിവർപൂളിലെ മലയാളി സമൂഹത്തിന് നൽകിയ സംഭാവനകളെ ഓർത്തെടുക്കുന്നതായിരുന്നു ഔദ്യോഗിക ചടങ്ങുകൾ.

സാംസ്കാരിക സമ്മേളനത്തിന് പിന്നാലെ വേദിയിൽ പ്രമുഖ കലാകാരന്മാർ അണിനിരന്ന കലാവിരുന്ന് ആരംഭിച്ചു. പിന്നണി ഗായിക ഡെൽസി നൈനാനും ‘ഐഡിയ സ്റ്റാർ സിംഗർ’ വില്യം ഐസക്കും ചേർന്ന് നയിച്ച സംഗീത വിരുന്ന് കാണികളെ ആവേശത്തിലാഴ്ത്തി. മനോഹരമായ മെലഡികളും ഫാസ്റ്റ് നമ്പറുകളും കോർത്തിണക്കിയ ഈ സംഗീത നിശ പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.
ശ്രീസൂര്യ ഡാൻസ് സ്റ്റുഡിയോയും, സ്റ്റെപ് സോൺ ഡാൻസ് സ്റ്റുഡിയോയും അവതരിപ്പിച്ച നൃത്തങ്ങൾ വേദിക്ക് ശോഭ പകർന്നു. യുക്മ നാഷണൽ വിന്നേഴ്സായ ‘ഡാൻസിങ് സ്റ്റാർസ്’, മാഞ്ചസ്റ്ററിൽ നിന്നുമുള്ള ‘ദക്ഷിണ’ ഡാൻസ് ടീം എന്നിവരുടെ പ്രകടനങ്ങൾ പ്രൊഫഷണലിസം കൊണ്ടും ചടുലത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലിവർപൂളിൽ നിന്നുള്ള ‘സാറ്റ്.വിക’ (Sattvika) ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ നമ്മുടെ നാടിന്റെ തനതായ കലാരൂപമായ ചെണ്ടമേളം അവതരിപ്പിച്ചു. ഈ വിസ്മയ നിമിഷങ്ങളെല്ലാം അതിന്റെ പൂർണ്ണതയിൽ ഒപ്പിയെടുത്തത് സാറ്റ്മോ ഇവെന്റ്‌സായിരുന്നു. പരിപാടിക്കിടയിൽ മാസ് ഹൗസ് റെസ്റ്റോറന്റ് വിതരണം ചെയ്ത കേരളീയ വിഭവങ്ങൾ ആഘോഷങ്ങൾക്ക് മലയാള തനിമ പകർന്നു.
ലിമയുടെ രജതജുബിലി സമ്മാനമായി എല്ലാവർക്കും പ്രവേശനം തികച്ചും സൗജന്യമായിരുന്നു. ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങിയ പരിപാടികൾ രാത്രി ഒമ്പതര വരെ നീണ്ടുനിന്നു. ലിവർപൂളിലെ മലയാളി കുടിയേറ്റ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ 25-ാം വാർഷികാഘോഷം മാറി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലീഡ്സ് സെൻറ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിന്റെ ട്രസ്റ്റിയും യോർക്ക് ഷെയർ മലയാളി ക്ലബ്ബിൻറെ മുൻ ഭാരവാഹിയുമായ വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡിൽ താമസിക്കുന്ന ബിജു പീറ്ററിന്റെ പിതാവ് കോതമംഗലം കുത്തുകുഴി വെളയപ്പിള്ളിൽ പീറ്റർ ഉൽഹന്നാൻ (88) നിര്യാതനായി.
മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (3 -02-2026) 11 – ന് സ്വഭവനത്തിൽ ആരംഭിച്ച നെല്ലിമറ്റം സെൻറ് ജോസഫ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും. ഭാര്യ രാജകുമാരി കൊച്ചുനിരവത്ത് കുടുംബാംഗമാണ്.
മക്കൾ : ജോബി, ജോർജ്ജ്, ജിജി, ബിജു (യു .കെ ), ജിനോ, പരേതനായ ജോജി, സിസ്റ്റർ ജിസ (FSSE, ഇറ്റലി)
മരുമക്കൾ: വെറോനിക്ക, ജെസ്സി, ബിജു, മെർളി ( യു . കെ ), എൽദോസ് (മസ്കറ്റ്)
ബിജു പീറ്ററിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിൽ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു. മുസ്ലിംലീഗ്, ആർ.എസ്.പി. കക്ഷികളുമായി ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. കേരള കോൺഗ്രസ്, സി.എം.പി. തുടങ്ങിയ കക്ഷികളുമായുള്ള ചർച്ചകൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കും. ആറിന് പ്രതിപക്ഷ നേതാവ് നയിക്കുന്ന യു.ഡി.എഫ്. ജാഥ തുടങ്ങുന്നതിന് മുൻപേ സീറ്റ് വിഭജനത്തിൽ ധാരണയിലെത്തുകയാണ് ലക്ഷ്യം.
മുസ്ലിംലീഗ് കഴിഞ്ഞ തവണത്തെ പോലെ 25 സീറ്റുകളിൽ തന്നെ മത്സരിക്കുമെങ്കിലും ചില സീറ്റുകൾ വെച്ചുമാറാൻ സമ്മതിച്ചിട്ടുണ്ട്. താനൂർ–തവനൂർ, പൊന്നാനി–തിരുവമ്പാടി, പുനലൂർ–ചടയമംഗലം, കളമശ്ശേരി–കൊച്ചി, കോങ്ങാട്–ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിൽ വെച്ചുമാറ്റം ഉണ്ടാകുമെന്നതിൽ കോൺഗ്രസും ലീഗും ഏകദേശ ധാരണയിലെത്തി. ആർ.എസ്.പി. ചവറ, ഇരവിപുരം, കുന്നത്തൂർ മണ്ഡലങ്ങളിൽ വീണ്ടും മത്സരിക്കുമെന്നും, വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് തിരുവനന്തപുരം അല്ലെങ്കിൽ കൊല്ലം ജില്ലയിൽ നിന്ന് വേണമെന്നുമാണ് ആവശ്യം.
കേരള കോൺഗ്രസ് മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണം കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടനാട്, ഇടുക്കി, ചങ്ങനാശ്ശേരി, കോതമംഗലം മണ്ഡലങ്ങളിലാണ് പ്രധാന താത്പര്യം. അതേസമയം, സീറ്റ് വിട്ടുനൽകുന്നതിൽ കോൺഗ്രസ് കാണിക്കുന്ന മടിയിൽ ഘടകകക്ഷികൾക്ക് അസന്തോഷമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തോതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ, ജയസാധ്യത മുൻനിർത്തിയുള്ള കൂടുതൽ ഉൾക്കൊള്ളുന്ന സമീപനം വേണമെന്ന ആവശ്യം യു.ഡി.എഫിൽ ശക്തമാകുകയാണ്.
ബെംഗളൂരു: ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് കുടുംബം വ്യക്തമായ തീരുമാനം പ്രഖ്യാപിച്ചു. റോയിയുടെ മകൻ രോഹിത്തും കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജോസഫും ചേർന്ന് ഇനി കമ്പനി മുന്നോട്ട് നയിക്കുമെന്ന് സഹോദരൻ സി ജെ ബാബു അറിയിച്ചു.
കമ്പനിയുടെ എല്ലാ പദ്ധതികളും നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും സാമ്പത്തിക ബാധ്യതകളൊന്നും ഇല്ലെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം. മരണവുമായി ബന്ധപ്പെട്ട ആശങ്കകൾ പൊലീസിനെ അറിയിച്ചതായും കർണാടക പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും സി ജെ ബാബു വ്യക്തമാക്കി.
റോയിയുടെ മരണത്തിൽ അനുഭവിക്കുന്ന ദുഃഖം വാക്കുകൾക്ക് അതീതമാണെന്ന് മകൻ രോഹിത്ത് പറഞ്ഞു. തന്റെ പിതാവ് വലിയ മനുഷ്യനാണെന്നും അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും രോഹിത്ത് പ്രതികരിച്ചു. ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലെ നേച്ചേഴ്സ് ലക്‌സറി കാസ്കേഡിൽ നടന്ന സംസ്കാരച്ചടങ്ങിൽ നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയിയുടെ ആഗ്രഹമനുസരിച്ച് ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാച്വേഴ്‌സ് ലക്‌സ്വറി റിസോർട്ടിലാണ് അന്ത്യനിദ്രയ്ക്ക് വഴിയൊരുക്കിയത്.
അവസാനമായി കാണാൻ ആയിരങ്ങൾ റിസോർട്ടിലെത്തി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പൊതുദർശനം ഉണ്ടായിരുന്നു. തുടർന്ന് കാൽക്കരെ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരശുശ്രൂഷ നടത്തി, പിന്നീട് റിസോർട്ടിൽ സംസ്കാരം പൂർത്തിയാക്കി.
ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെയാണ് റോയ് (57) മരിച്ചത്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
പ്രവാസികൾ നാട്ടിലെ വീട് അല്ലെങ്കിൽ ഭൂമി വിൽക്കുമ്പോൾ നേരിട്ടിരുന്ന ആദായനികുതി നടപടികളിലെ ബുദ്ധിമുട്ടുകൾ ഇനി കുറയും. കേന്ദ്ര ബജറ്റ് 2026–27ൽ പ്രഖ്യാപിച്ച പുതിയ തീരുമാനമാണ് ഇതിന് വഴിയൊരുക്കുന്നത്. നികുതി നടപടികൾ ലളിതമാകുന്നതോടെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇതുവരെ വിൽപ്പന തുകയിൽ നിന്ന് മുൻകൂർ നികുതി (ടിഡിഎസ്) അടയ്ക്കാൻ ടാൻ (ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ) നിർബന്ധമായിരുന്നു. ടാൻ എടുക്കാൻ വിദേശത്തിരിക്കുന്ന പ്രവാസികൾക്ക് വലിയ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഉണ്ടായിരുന്നത്. ഇതു മൂലം രേഖകൾ തയ്യാറാക്കുന്നതും പണമിടപാടുകൾ പൂർത്തിയാക്കുന്നത് വൈകുകയും പല ഇടപാടുകളും നീണ്ടുപോകുകയും ചെയ്തിരുന്നു.
പുതിയ ബജറ്റ് നിർദേശപ്രകാരം ഇനി ടിഡിഎസ് പിടിക്കാൻ ടാൻ വേണ്ട. പകരം പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് മതിയാകും. വസ്തു വാങ്ങുന്ന ഇന്ത്യൻ പൗരന്റെ പാൻ അടിസ്ഥാനമാക്കി ടിഡിഎസ് അടയ്ക്കാനുള്ള സംവിധാനം കൊണ്ടുവരുന്നതാണ് തീരുമാനം. ഇത് പ്രവാസികൾക്ക് മാത്രമല്ല, ഭൂമി ഇടപാടുകളിൽ ഏർപ്പെടുന്ന എല്ലാവർക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
ബിനു ജോർജ്
കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ (എംഎംഎ ) യുടെ ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷവും പോതുയോഗവും ജനുവരി 10 ശനിയാഴ്ച ഈസ്റ്റ് മോളിങ് വില്ലേജ് ഹാളിൽ വച്ച് നടന്നു. വൈകിട്ട് 3 മണിക്ക് എംഎംഎയിലെ കലാകാരൻമാർ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് സ്പോർട്സ് മത്സരങ്ങളിൽ വിജയികളായവർക്കും, ജിസിഎസ്‌സി, എ ലെവൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള സമ്മാനങ്ങളും അവാർഡുകളും വിതരണം ചെയ്തു. തുടർന്ന് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ലാലിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എഡ്വിൻ മാത്യു ആനുവൽ റിപ്പോർട്ടും ട്രഷറർ ജിൻസി ബിനു ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ഒരുവർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾ എംഎംഎയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ജനറൽ ബോഡിയിൽ 2026 പ്രവർത്തനവർഷത്തേക്കുള്ള എംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് – ശ്രീജിത്ത് കുറുവൻകാട്ടിൽ, സെക്രട്ടറി – പ്രവീൺ രാമകൃഷ്ണൻ, ട്രഷറർ – സന്തോഷ് വെള്ളടുത്ത്. സ്പോർട്സ് കോർഡിനേറ്റേഴ്‌സ് – ജോഷി ആനിത്തോട്ടത്തിൽ, അനീഷ് പള്ളിയാലിൽ, മെൻസ് ക്ലബ് കോർഡിനേറ്റർ – ജിജോ ചാക്കോ, മീഡിയ – ബിനു ജോർജ്, മൈത്രി വിമൻസ് കോർഡിനേറ്റർ – ജിമിത ബെന്നി, പ്രോഗ്രാം കോർഡിനേറ്റർസ് – ജിസ്‌ന മൈക്കിൾ, ഷൈജ ഇടച്ചേരി, യൂത്ത് കോർഡിനേറ്റർ – ബോണി റോസ് ബാബു. അസോസിയേഷന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ കൂട്ടായി പ്രവർത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ കമ്മറ്റി അഭിപ്രായപ്പെട്ടു.
ജനറൽ ബോഡിക്കുശേഷം കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ് അവതരിപ്പിച്ച ഗാനമേളയും കോമഡിഷോയും നടന്നു. ചലച്ചിത്ര പിന്നണിഗായകൻ അഭിജിത് കൊല്ലവും മിമിക്രി കോമഡി താരം ബൈജു ജോസും നേതൃത്വം നൽകിയ സ്റ്റേജ് ഷോയും മ്യൂസിക്കൽ ഫ്യൂഷനും മികവുറ്റതായി. രുചികരമായ ക്രിസ്മസ് ഡിന്നറോടുകൂടി എംഎംഎയുടെ ഈ വർഷത്തെ ക്രിസ്മസ്, ന്യൂ ഇയർ പരിപാടികൾ സമാപിച്ചു.

ഷൈമോൻ തോട്ടുങ്കൽ
ബിർമിങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻസീറോ മലബാർ രൂപത നടത്തുന്ന ആറാമത് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി1ന് അവസാനിക്കും. മത്സര നടത്തിപ്പിനെക്കുറിച്ച് കൂടുതലായി മനസിലാക്കുന്നതിനായി നടത്തുന്ന പ്രാക്ടീസ് മത്സരങ്ങൾ ജനുവരി 31ന് നടത്തപ്പെടും. നാളെ നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിനുള്ള ലിങ്കും സമയക്രമവും മത്സരാർത്ഥികളുടെ റെജിസ്റ്റേർഡ് ഈമെയിലിൽ നാളെ രാവിലെ ലഭിക്കും. മത്സരങ്ങൾക്കുള്ള ലിങ്ക് നാളെ ലഭിച്ചില്ലായെങ്കിൽ നിങ്ങളുടെ മിഷനിലുള്ള ബൈബിൾ അപ്പസ്റ്റോലറ്റ് കോർഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്.ആദ്യറൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 7ന് ആണ് ആരംഭിക്കുന്നത് . മൂന്ന് റൗണ്ടുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 11ന് നടത്തപ്പെടും.
ഇതുവരെ രണ്ടായിരത്തിനടുത്ത് മത്സരാർഥികളാണ് ഇതുവരെ രജിസ്‌ട്രേഷൻ നടത്തിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ഇനിയും പേരുകൾ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ഫെബ്രുവരി 1 ന് രാത്രി 12ന്മുൻപ് രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിൽ നിന്നും അറിയിച്ചു , ഓരോ മിഷനിൽനിന്നും കൂടുതൽ കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ച് നോമ്പുകാല ബൈബിൾ പാരായണത്തിനും പഠനത്തിനായി ലഭിച്ചിരിക്കുന്ന ഈ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റിൽ നിന്നും അറിയിച്ചു ,. മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രൂപത വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് . എല്ലാ പ്രായപരിധിയിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ വിവിധ പ്രായ പരിധിയിൽ ഉള്ള ഗ്രൂപ്പുകൾ ആയി തിരിച്ചാണ് മത്സരങ്ങൾ നടത്തുക. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പി ഒ സി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക .മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടും ആണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് താഴെകാണുന്ന ലിങ്കിൽ ബന്ധപ്പെടണമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
https://smegbbiblekalotsavam.com/suvara-2026/

ലീഡ്‌സ്: ലീഡ്‌സ് മലയാളി അസോസിയേഷൻ്റെ (LEMA) 2026-2027 ലേക്കുള്ള പുതിയ പ്രവർത്തന സമിതിയെ തിരഞ്ഞെടുത്തു. ജനുവരി 10-ന് നടന്ന അസോസിയേഷൻ്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൂടിയ പ്രധാന പൊതുയോഗത്തിലാണ് പുതിയ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ലീഡ്‌സ് മലയാളികൾക്ക് ഏറെ സുപരിചിതനായ ശ്രീ ജേക്കബ് കുയിലാടൻ പ്രസിഡന്റ് ആയും, ടിനു പി ജോൺ സെക്രട്ടറി ആയും,ബീന ബോസ്കോ വൈസ് പ്രസിഡന്റ് ആയും, ഷിജി കുര്യൻ ട്രെഷറർ ആയും ചുമതലയേറ്റു. അസോസിയേഷൻ്റെ വിവിധ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രോഗ്രാം കോർഡിനേറ്റർമാരായി റെജിൻ പ്രകാശ്, ടീന എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു. സ്വാതി ഉദയപ്പൻ ആർട്‌സ് ക്ലബ് കോർഡിനേറ്ററായും, സിൻസി റുഡോൾഫ് ടാലൻ്റ് സ്കൂൾ കോർഡിനേറ്ററായും പ്രവർത്തിക്കും. കായിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് വിമലേഷ് പിള്ള (സ്‌പോർട്‌സ് കോർഡിനേറ്റർ) നേതൃത്വം നൽകും. കൂടാതെ ജയൻ കുര്യാക്കോസ്, ഐശ്വര്യ ശ്യാം, ലിജോ വർഗീസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
ലീഡ്‌സിലെ മലയാളി സമൂഹത്തിനിടയിൽ നിറസാന്നിധ്യമായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ലീമ അസോസിയേഷൻ നിരവധി കലാപ്രവർത്തികളിലും ചാരിറ്റി പ്രവർത്തനങ്ങളിലും കായിക മത്സരങ്ങളിലും മുൻപന്തിയിലാണ്.
ലീഡ്‌സിലെ മലയാളി സമൂഹത്തിൻ്റെ സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിനൊപ്പം, പുതിയ തലമുറയെ കേരളീയ കലകളുമായും മൂല്യങ്ങളുമായും കൂടുതൽ അടുപ്പിക്കുക എന്നതാണ് പുതിയ കമ്മിറ്റിയുടെ പ്രഖ്യാപിത ദൗത്യം. പ്രവാസ ജീവിതത്തിലെ വെല്ലുവിളികളിൽ പരസ്പര സഹായം ഉറപ്പാക്കുന്നതിനും അംഗങ്ങളുടെ ക്ഷേമത്തിനുമായി വിപുലമായ കർമ്മപദ്ധതികളാണ് വരും വർഷങ്ങളിൽ വിഭാവനം ചെയ്തിരിക്കുന്നത്.
