ജേക്കബ് പ്ലാക്കൻ
പിറക്കട്ടെ പുതുവർഷ വീചികളെങ്ങും
വിരിയട്ടെ നന്മതൻ നറുമലർ തുമ്പകളായിരം
വീശട്ടെ മണ്ണിൽ മല്ലിപൂ പ്രേമസൗരഭ്യം
പുണരട്ടെ പാരിൽ വിശ്വസ്നേഹ പ്രകാശം …!
ചിറകുകൾവിടർത്തി പറക്കൂ പുതു-
പിറവികളെ ….നിങ്ങൾ
ചക്രവാള സീമകൾ കടക്കൂ ….!
ചാരു ചന്ദ്രിക നീന്തും നഭസ്സിലെ
താരങ്ങളായി മിന്നി തിളങ്ങൂ …!
കാലപ്രവാഹത്തിൽ നിന്നൊരു കുമ്പിൾ
കോരി മാനത്തെ മേഘത്തിൽ ചേർക്കൂ
മഴയായി പുഴയായി മണ്ണിനെ വീണ്ടു
തഴുകി ഋതുമനോഹരിയാക്കൂ …!
കാലമെ …കനിവാർന്നു കേൾക്കൂ …!
നിൻ ഹൃദയാന്തരാളങ്ങളിൽ നിന്നും
ഞാനടർത്തിയ മണി പ്രവാളങ്ങൾ
തിരികെ വയ്ക്കുവാനിത്തിരി മാത്ര കൂടി
തരുമോ തീരുമെൻ ജീവപ്രവാഹത്തിൽ …!
ഓർക്കുമ്പോളമൃതപാലാഴിയായി
മാറുന്നു മാറിൽ കൊഴിഞ്ഞ സംവത്സരങ്ങൾ ..!
നുകരുവാനായില്ലാവോളം പ്രകൃതിയെനിക്കായി
കരുതിവെച്ച കുരുക്കുത്തി മുല്ലപൂ സൗരഭ്യവും
തുഞ്ചാണിയുലയും നിശബദ്ധസംഗീതവും ..
തോട്ടു ചാലിലെ പരൽമീൻ തഞ്ചങ്ങളും
കുന്നിക്കൊരു കുന്നിലെ കുയിൽപാട്ടും …!
കാലപ്രവാഹത്തിൻ പിന്നിലേക്കു പായും
മാന്ത്രിക കുതിരപ്പുറംമേറുവനായി യേതു
തന്ത്രവിജ്ഞാനപുസ്‌തകം കാക്കണം
ഞാനിനി….?
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. 2023 -ലെ മലയാളം യുകെ അവാർഡ് നൈറ്റിൽ പോയറ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ജേക്കബ് പ്ലാക്കന് ആണ്
Phone # 00447757683814
പതിനെട്ടു മലകൾക്ക് അധിപനും സനാതന മൂർത്തിയുമായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നാമ സങ്കീർത്തനങ്ങൾ ഉരുവിട്ട് കൊണ്ട് സംഗീത സാന്ദ്രമായ ഒരു വേദി ബർമിംഗാം ശ്രീ ബാലാജി ക്ഷേത്രാങ്കണത്തിലെ അയ്യപ്പ സന്നിധിയിൽ ജനുവരി ഏഴാം തീയതി അരങ്ങേറുകയാണ് .
മലയാളം തമിഴ് ഭക്തി ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് സംഘടിപ്പിക്കുന്ന ഈ സംഗീതാർച്ചനയിൽ യുകെയിലെ പ്രശസ്തരായ ഗായകർ അനു ചന്ദ്ര, രഞ്ജിത്ത് ഗണേഷ്, സത്യനാരായണൻ,രാഗി ജി.ആർ., രാജീവ് ജി. കാഞ്ഞങ്ങാട്, അനീഷ് കുട്ടി നാരായണൻ തുടങ്ങിയവരോടൊപ്പം പ്രശസ്ത കീബോർഡിസ്റ്റ് ശ്രീ മുകേഷ് കണ്ണൻ, തബലിസ്റ്റ് ശ്രീ സന്ദീപ്, വയലിനിസ്റ്റ് ശ്രീ അക്ഷയകുമാർ എന്നിവർ നയിക്കുന്ന ഓർക്കസ്ട്രയും ഒപ്പം ചേരുന്നു.
ഈ ഭക്തിഗാന സുധ ആസ്വദിക്കുന്നതിനായി യുകെയിലെ എല്ലാ അയ്യപ്പ ഭക്തരെയും ബാലാജി ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ ഡോ.ജോണ്‍.ഡി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയുടെ ആത്മീയ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം യുകെ യില്‍ താമസിച്ചുള്ള ധ്യാനം നയിക്കുന്നു. ആത്മീയശുഷ്രൂഷാ മേഖലയില്‍ യുകെയിലും യൂറോപ്പിലും നിരവധിപേരെ ഒരുക്കിയ ഡോ. ജോണ്‍ ഡി യുടെ ശുഷ്രൂഷകളിലൂടെ മനസാന്തരത്തിലേക്കും ജീവിതനവീകരണത്തിലേക്കും കടന്നുവന്നിട്ടുള്ളത് നിരവധി വ്യക്തികളും കുടുംബങ്ങളുമാണ്.
2024 ഫെബ്രുവരി 15 മുതല്‍ 18 വരെ നടക്കുന്ന ”ഗ്ലോറി എന്‍കൗണ്ടര്‍ കോണ്‍ഫറന്‍സ് ‘ എന്ന നാലുദിവസത്തെ ധ്യാനത്തിലേക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്റ്റാഫോഡ്‌ഷെയറിലെ യാങ്ക്ഫീല്‍ഡ് പാര്‍ക്ക് ട്രെയിനിംങ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലാണ് ധ്യാനം നടക്കുന്നത്. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും.www.afcmuk.org/register എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, 07414 747573 ബ്രദര്‍. ജോസ് കുര്യാക്കോസ്, 07877 290779 ബ്രദര്‍. സണ്ണി ജോസഫ് .
എറന്നാകുളം മറൈൻഡ്രൈവ് നാളെ (31 ഡിസംബർ 2023 ഞായറാഴ്ച 7 PM) റോക്ക് ചെയ്യും. റോക്ക് സ്റ്റാർ നവീൻ ജെ. ആന്ത്രപ്പേർ എത്തുന്നു മറൈൻ ഡ്രൈവിൽ!
കൊച്ചിൻ ഫ്ലവർ ഷോയുടെ ഭാഗമായി എറന്നാകുളം മറൈൻ ഡ്രൈവിൽ 31 ഡിസംബർ 2023 ഞായറാഴ്ച 7 PM അന്താരാഷ്ട്ര റോക്ക്സ്റ്റാറും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. ആൻത്രപ്പേർ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോ ഉണ്ടായിരുക്കുന്നതാണ്.
കേരളത്തിൽ തന്നെ ഏറ്റവും വലിയ ഫ്ലവർ ഷോ ആണ് കൊച്ചിൻ ഫ്ലവർ ഷോ. ദാ എറന്നാകുളം ആഗ്രി – ഹോർട്ടികൾച്ചർ സൊസൈറ്റിയും, ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയും (ജി.സി.ഡി.എ) സംയുക്തമായി ചേർന്നാണ് ‘റോക്ക് സ്റ്റാർ നവീൻ. ജെ. ആന്ത്രപ്പേർ ലൈവ്’ 40- മതെ കൊച്ചിൻ ഫ്ലവർ ഷോയുടെ ഭാഗമായി എറന്നാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്നത്. വൻ സജ്ജീകരണങ്ങൾ ആണ് സംഘാടകർ താരത്തിന്റെ മെഗാ മ്യൂസിക് ഷോനായി ഒരുകിയിരിക്കുന്നത്.
അന്താരാഷ്ട്രതലത്തിൽ ഏറ്റവു ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുടെ പട്ടികയിൽ നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ ഉൾപ്പെടുന്നു. “നവീൻ ജെ. ആൻത്രപ്പേർ മ്യൂസിക് നെറ്റ് ” ലൈവ് മ്യൂസിക്ക് ഷോ നേരിൽ കാണുന്നത് ഒരു അനുഭവം തന്നെയാണ്. നവീന്റെ സ്വന്തമായി കംപോസ് ചെയ്ത പാട്ടുകളും അതൊടൊപ്പം തന്നെ ജനപ്രിയ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, അറബിക് എന്നി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും അടങ്ങുന്നതാണ് നവീന്റെ മ്യൂസിക്ക് സ്റ്റേജ് ഷോ. നവീൻ ജെ. ആൻത്രപ്പേർ രംഗോലി ഗൾഫ് എന്ന ടി.വി. ഷോയിൽ ജഡ്ജായും, വോയിസ് ഓഫ് സിംഫണി യു എ യി എന്ന ടി.വി ഷോയിലും ജഡ്ജായും . മുംബൈ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന “ബാറ്റിൽ ഓഫ് ദ ബാന്റ്സ് ” എന്ന ഇന്ത്യയിലെങ്ങും നിന്നുള്ള പ്രോഫണൽ മ്യൂസിക്ക് ബാന്റുകൾ പങ്കെടുത്ത മത്സരങ്ങളുടെ മുഖ്യ വിധി കർത്താവു ആയിട്ടുണ്ട്.
“ലോൺലി അയാം ക്രയിങ്ങ് “എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ യുവതി യുവാക്കളുടെ ഹരമായി മാറി ഇന്റർനാഷണൽ പാശ്ചാത്യ സംഗീത ലോകത്തെ വേറിട്ട നാമമാണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ രീതിയിൽ അനേകം അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ, സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞു നവീൻ ജെ. ആൻത്രപ്പേർ. ലോൺ ലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് “ഐ ലൈക് ഇറ്റ്” വേൾഡ് ടാലന്റ് അവാർഡ് ലഭിച്ചു. ‘ലോൺ ലി അയാം ക്രയിംങ്ങ്’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലുടെ ലോക പ്രശ്സ്തി നേടിയ താരമണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബോളിവുഡ് സിനിമ ലോകത്തെ പ്രശ്സ്തമായ യഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ ആണ് ഗാനത്തിന്റെ ഒഡിയോ മിക്സിംങ് ചെയ്തത്. പ്രശ്സ്തമായ റോത്തങ്ങ് പാസ്സ്, മണ്ണാലി എന്നി സ്ഥലങ്ങളിൽ വച്ചാണ് ലോൺലി അയാം ക്രയിംങ്ങ് എന്ന ഗാനത്തിന്റെ ചിത്രീകരണം.
അന്തരാഷട്ര ടി.വി ചാനലുകളിൽ “വേൾഡ് വിഷൻ എച്ച്.ഡി ” പ്രശ്സ്ത മലയാളി ഗായകനും, ഗിറ്റാറിസ്റ്റും, സംഗീത സംവിധായകനും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത സംഗീത വീഡിയോകൾ “വണ്ടർ വാൾ” “ഹോപ്പ്സ് ആൻ ത്ഥം ” “ലോൺലി അയാം ക്രയിങ്ങ് ” തരംഗം സൃഷ്ടിക്കുന്നു.
നവീൻ ജെ. ആൻത്രപ്പേറിന്റെ അസാധാരണമായ കാൻഡിഡ് – നാച്ചുറൽ അഭിനയ കഴിവും, അദ്ദേഹത്തിന്റെ കഥാപത്രത്തെ ഉൾകൊണ്ട് അഭിനയികാൻ ഉള്ള കഴിവും നവീന് അന്താരാഷ്ട്ര തലത്തിൽ വരെയും ഒരു ആക്ടർ, ഫാഷൻ സൂപ്പർ മോഡൽ എന്നി നിലകളിൽ പ്രശംസ നേടിയിട്ടുള്ളതാണ്. കാൻഡിഡ് സ്‌റ്റയിലിൽ ഉള്ള അദ്ദേഹത്തിന്റെ അഭിയനകൻ ഉള്ള കഴിവും, അദ്ദേഹത്തിന്റെ ഹോളിവുഡ് ഇന്റർ നാഷണൽ രൂപഭംഗിയും, ശരീരഘടനയും, പെരുമാറ്റവും എല്ലാം കൂടി ചേരുബോൾ സംഗീത വീഡിയോകൾ എല്ലാം വൻ ഹിറ്റ് ആകുകയാണ്.
“വണ്ടർ വാൾ” എന്ന സംഗീത വീഡിയോ “യുട്യൂബ് വെബ് സൈറ്റിലെ മ്യൂസിക്ക് ഫീച്ചേർഡ് റീലീസിഡ് ദീസ് വീക്ക് ” എന്ന ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുന്നു, വിവിധ അന്തരാഷ്ട്ര ടി.വി ചാനലുകളിൽ മറ്റും സംപ്രേക്ഷണം ചെയ്തുവരുകയാണ്. “വണ്ടർ വാൾ ” എന്ന ഏറവും പുതിയ മ്യൂസിക്കൽ ആൽബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞും.
മുംബൈ – ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനേകം പരസ്യ ചിത്രങ്ങളിലും, ഫാഷൻ ഷോകളിലും, ഫാഷൻ ഷൂട്ടുകളിലും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, നവീൻ പ്രവർത്തിച്ചുണ്ട് . അനേകം പരസ്യ ചിത്രത്തിലൂടെയും, ഇന്റർനാഷണൽ ഫാഷൻ ഫോട്ടോ ഷൂട്ടുകളിലും, ഫാഷൻ ഷോകളിലും – സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, ഗാനാലപന രംഗത്തും, ആക്റ്റർ, മ്യൂസിക് കംപോസർ,മ്യൂസിക് പ്രൊഡ്യൂസർ, ഡാൻസർ, ഇംഗ്ലീഷ് വോയ്സ് ഓവർ ആർട്ടിസ്റ്റ്, അങ്ങിനെ വ്യത്യസ്തമായ കഴിവുകൾ ഉള്ള ബഹുമുഖ പ്രതിഭ തന്നെയാണ് നവീൻ ജെ. ആൻത്രപ്പേർ
നവീന്റെ വ്യത്യസ്തമായ പാശ്ചാത്യ ഗാനാപാലന ശൈലിയും, ഗിറ്റാറുമായി ബന്ധപ്പെട്ട അറിവും നേടാനായി ഇന്ത്യയ്ക്കകത്തും പുറത്തു നിന്നു പല പ്രമുഖ വ്യക്തിളാണ് നവീന്റെ ശിഷ്യത്വം സ്വീകരിച്ചു നവീൻൽ നിന്നും പഠിക്കുവാൻ എത്തുന്നത്. സംഗീതത്തോട് താല്പര്യമുള്ള ബോളിവുഡിലെ സിനമാ താരങ്ങളും, ഗായകരും മറ്റും പ്രമുഖ വ്യക്തികൾ അടക്കമാണ് നവീനിൽ നിന്ന് ഗിറ്റാറും, ഗാനാലപനവുംപഠിക്കുവാൻ വരുന്നത്. ഓൺലെൻ ക്ലാസ്സുകൾ മുഖാന്തിരവും, നേരിട്ടുമായി താല്പര്യമുള്ളവർക്ക് സംഗീതവുമായി ബസപ്പെട്ട അറിവ് പകർന്നു നൽകുന്നു നവീൻ.
അനവധി സംഗീത സംവിധായകരാണ് നവീന്റെ ശബ്ദവു കഴിവും തേടി എത്താറുള്ളത്. നവീന്റെ സംഗീത ആൽബങ്ങൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് അനേകം സംഗീത സംവിധാകരാണ് നവീന്റെ വ്യത്യസ്ത ശൈലിയിൽ അവരുടെ സ്റ്റുഡിയോ റെക്കോർഡിങ്ങുകളിൽ, അവരുടെ ഗാനത്തിലും നവീന്റെ ശബ്ദവും, ഗാനാലാപനവും, ഗിറ്റാറിലെ മാന്ത്രികതയും ഉപയോഗിക്കാൻ നവീനെ തേടിയെത്തുന്നത്.
പുകയല്ല പാട്ടാണു ലഹരി – വ്യത്യസ്തമായ സ്വഭാവം
ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ച് അന്താരാഷ്ട്ര പ്രശ്സ്തയിലേക്ക് ഉയർന്നിട്ടും പോലും ഇത് ഒന്നും നവീനെ ബാധിക്കുന്നില്ല. തികച്ചും ലളിതമായ ജീവിത ശൈലിയാണ്, ഇന്നും അദ്ദേഹത്തിന്റെത് . പ്രകൃതിയെയും പക്ഷി മ്യഗാദികളെയും സ്നേഹിക്കുന്ന, ജീവിതത്തിലിന്നു വരെ പുകവലിക്കുകയൊ, മദ്യപിക്കുകയോ ചെയ്യാത്ത, ദൈവ ഭക്തിയും എളിമയുള്ള നവീനെ അനേകം യുവജനങ്ങൾക്ക് മാതൃകയാണ്. വഴിതെറ്റി പോകുന്ന സമൂഹത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് യുവാക്കളെ ” ഡ്രഗ്സ്” മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ് “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ” എന്ന വിഷയത്തിൽ ബോധവൽക്കരിക്കുന്നതിന്, അനേകം ആന്റി-ഡെർക്സ്, പുകവലി വിരുദ്ധ, മദ്യവിരുദ്ധ ബോധവൽക്കരണ പ്രോഗാമുകൾ സംഘടിപ്പിക്കുന്ന എൻ.ജി.ഒ സംഘടകൾക്ക് ഒരു താങ്ങാവുകയാണ് നവീൻ . “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ ഈ സാമൂഹിക വിഷയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകളുമായി സഹകരിച്ചും മെഗാ സംഗീത ഷോകൾ അവതരിപ്പിക്കാറുള്ളതാണ്. ഉയർന്നു വരുന്ന പുതിയ യുവജന തലമുറയ്ക് നവീൻ ഒരു വഴികാട്ടി തന്നെയാണ്.
അന്താരാഷ്ട്ര സംഗീത ലോകത്തിൽ മലയാളി സാന്നിദ്ധ്യം തെളിയിച്ച ഈ താരത്തിന്റെ ഗാനാലാപന രംഗത്തും, ഡാൻസിലും, ഗിറ്റാറിലും, അഭിനയത്തിലും, മോഡലിങ്ങിലും, സംഗീത സംവിധാനത്തിലും, സ്റ്റേജ് പെർഫോർമൻസിലും വേറിട്ട മാന്ത്രികമായ കഴിവാണ് ഉള്ളത്.
നവീൻ ജെ. ആൻത്രപ്പേർ സിങ്ങർ, പെർഫോമർ, ഗിറ്റാറിസ്, മ്യൂസിക്ക് കംപോസർ, മ്യൂസിക്ക് പ്രഡ്യൂസർ, ആക്ടർ, സൂപ്പർ മോഡൽ, ഡാൻസർ, എന്നീ നിലകളിൽ ജന ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. താരത്തിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബിൽ ഇ സംഗീത വിഡോയകൾ വൈറൽ ആകുന്നു http://www.instagram.com/naveenjanthraper http://www.youtube.com/naveenjanthraper
http://www.facebook.com/naveenjanthraper
“വണ്ടർ വാൾ” സംഗീത വീഡിയോ ഇവിടെ കാണാം –
“ലോൺലി അയാം ക്രയിങ്ങ് ” സംഗീത വീഡിയോ ഇവിടെ കാണാം –
ജോസ് ജെ. വെടികാട്ട്
പുറംമോടികളാൽ അവനോടുള്ള പ്രണയത്തെ നീ മൂടി വെച്ചു,
നീയാകും തളിർമുന്തിരിയെ വിളവെടുപ്പിനു ശേഷം മാത്രം അവൻ നുകർന്നാൽ
മതിയെന്ന് ,മുകർന്നാൽ മതിയെന്ന് നീ ശഠിച്ചു!
പരസ്പരം പങ്കുവക്കാനുള്ള ഉചിതമായ അവസരം വിളവെടുപ്പിന് ശേഷമാണെന്ന
വിശ്വാസസത്യത്തെ നീ മുറുകെ പിടിക്കുന്നു,
യൗവനത്തിന്റെ വിളവെടുപ്പ് കാലത്തിനു ശേഷം നീയും അവനും
കുടുംബചുറ്റുവട്ടത്തിൽ ഒതുങ്ങണം.
കർമ്മമണ്ഡലത്തിലെ അവന്റെ സന്ദർഭോചിതമായ ആവശ്യങ്ങൾക്കനുസരിച്ച് സ്വയം മാറാനും പൊരുത്തപ്പെടാനും നിനക്ക് കഴിഞ്ഞു.
പക്ഷേ നിന്റെ ചെറിയ പിടിവാശികൾ അവന്റെ ആവശ്യങ്ങളോട് നീ പൊരുത്തപ്പെട്ടാലും അവന്റെ പ്രണയനിഷേധത്തിലേക്ക് വഴി തെളിക്കാം, കാരണം നിന്റെ പൊരുത്തപ്പെടൽ യാന്ത്രികമാകാം !
പ്രണയത്തിന്റെ പരമാണു നിന്റെ മാത്രം സ്വന്തമെന്ന് നീ തെറ്റിദ്ധരിക്കുന്നു ,
അവനു മുമ്പിൽ നീയൊരു കാണാക്കിനാവിന്റെ രാജ്ഞിയാകുന്നു!
മറ്റൊരു സ്ത്രീയേ അംഗീകരിക്കാൻ നിനക്ക് വിഷമം, അവനെ വശീകരിക്കാൻ നിനക്കതൊരു തന്ത്രം !
എല്ലാ പുരുഷന്മാരിലൂം സ്ത്രീകളിലും പ്രണയസത്ത കുടികൊള്ളുന്നു എന്ന വെളിച്ചം
നെഞ്ചിലിറ്റിയാൽ ആ വെളിപാടാൽ നിറഞ്ഞാൽ പ്രണയമെത്ര ലളിതം !
രതിബന്ധം കർമ്മമണ്ഡലത്തിലെ അനിവാര്യതക്ക് അനുസൃതമാകാം, പക്ഷേ അത് യഥാർത്ഥ പ്രണയത്തിന്റെ തോൽവിയായ് തീരും.
സംഗമഭൂവിലെത്താൻ വളഞ്ഞു മൂക്കു പിടിക്കുന്നതു പോലെയാണ് കമിതാക്കൾ
പെരുമാറുന്നത്, പ്രണയത്തിൽ വളഞ്ഞ വഴികൾ ധാരാളമല്ലോ !
റോസാപുഷ്പമായ് വിരിഞ്ഞപ്പോൾ നീ സമീപം മുള്ളുകൾ പാകി !
കൂർമ്മമായ് പുനർജനിച്ചപ്പോൾ നീ പുറംതോടിന് ഉള്ളിൽ ഒളിച്ചു!
പ്രണയത്തെ എളുതാക്കാനല്ല മറിച്ച് പ്രയാസകരമാക്കാൻ നീ സദാ തുനിഞ്ഞു !
ഒളിക്കാൻ പുറംതോട് ഉണ്ടാകുന്നത് പ്രണയത്തിലെ പുനർജനിയുടെ പ്രത്യേകതയാണ്.
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഈയിടെയാണ് ഒരു യുകെ മാന്യനെന്ന് സ്വന്തമായി അവകാശപ്പെടുന്ന ഒരാൾ എന്തൊക്കെയോ ഒരാവേശത്തിന് എന്നെ പറ്റി വിളമ്പി കൂട്ടുന്നത് കണ്ടത് .
എഴുത്തുകാർക്ക് അയാൾ വച്ചിരിക്കുന്ന പോളിസി ആൻഡ് പ്രൊസീജ്യൂഴ്‌സ് പലവിധമാണ് . എഴുത്തു കാർ അങ്ങനെ ആയിരിക്കണം ഇങ്ങനെ ആയിരിക്കണം .
യുകെയിൽ ഇന്നലെ വന്ന് പെട്ട ഒരു യുവതി ലണ്ടൺ സിറ്റിയുടെ ആശ്ചര്യങ്ങളെ കുറിച്ച് കണ്ണ് തള്ളി എഴുതിയതാണ് അയാൾക്ക് പിടിക്കാതെ പോയത് ……..
ഒരു എഴുത്തു കാരിയെ സംബന്ധിച്ചിടത്തോളം ലണ്ടന്റെ മാസ്മരികത ഒന്നോ രണ്ടോ എഴുത്തിൽ തീരുന്നവയല്ല.
പിന്നെ ഞാനിന്ന് യുകെയിൽ വന്ന് ഏകദേശം 15 വർഷത്തിലേറെയായി . വന്ന നാൾ മുതൽ ഇന്ന് ദേ ഈ എഴുത്തു എഴതി തീർക്കുന്ന ഈ സമയം പോലും ലണ്ടനിലിരുന്നാണ് . പിന്നെ കണ്ട ലണ്ടൻ കാഴ്ചകളെക്കുറിച്ചു ഈ പതിനഞ്ചു വർഷത്തിന് ശേഷം എഴുതാൻ കാര്യം . ഇവിടെ വന്നിറങ്ങിയ നാളുകളിലൊന്നും ഈ നഗരത്തിലെ കാഴ്ചകൾ ഞാൻ കണ്ടിരുന്നില്ല എന്നതാണ് സത്യം . കാഴ്ചകൾക്ക് മുകളിൽ ബാധ്യതകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടായിരുന്നു . ആ കൂമ്പാരം എന്റെ കാഴച്ചകളെ അത്ര എളുപ്പമാക്കി തന്നിരുന്നില്ല .
ചിലരുടെ ജീവിതം അങ്ങനെ ഒക്കെ ആണ് . വെറും 200 പൗണ്ട് കൊണ്ട് യുകെ യിൽ ഒറ്റക്ക് വന്നിറങ്ങിയ ഒരാളാണ് ഞാൻ . കയ്യിലുള്ളത് തീർന്നാൽ വീട്ടിൽ ചോദിച്ചാൽ അവരുടെ കയ്യിൽ തരാനില്ല എന്ന തിരിച്ചറിവ് ഞാൻ പണ്ടേ നേടിയിരുന്നു . ആ പച്ചയായ സത്യം അറിയാവുന്ന ഞാൻ അന്നത്തെ കാലത്തു ഒരു ക്വിൽട് മേടിക്കാൻ പത്തു പൗണ്ട് കൊടുത്താൽ ബാക്കി 190 പാണ്ടല്ലേ കയ്യിലുള്ളു എന്നോർത്തു തറയിൽ തണുപ്പിൽ പലനാൾ ചുരുണ്ടു കൂടിയിട്ടുണ്ട് .
കാരണം അന്നൊക്കെ സൗത്തെന്റിൽ നിന്ന് ലണ്ടനിലേക്ക് പഠിക്കാനായി എന്നും യാത്ര ചെയ്യാൻ ഒരു ദിവസം കുറഞ്ഞത് പതിനാറു പൗണ്ട് വേണം . ജോലിയില്ല , ജോലി തപ്പി പിടിക്കണം .
അങ്ങനെ ജോലിയില്ലാത്ത ഞാൻ , കയ്യിലുള്ള ഓരോ പൗണ്ടും താഴെ വീഴുന്ന ഒച്ച നന്നായി കേട്ടിരുന്നു. കയ്യിലുള്ള ഓരോ പൗണ്ടും ഓരോ വജ്രങ്ങൾ പോലെ എനിക്കന്ന് എനിക്കനുഭവപെട്ടിരുന്നു .
അന്നൊക്കെ ഒരു പൗണ്ടിന് ഒരു ബൗൾ നിറച്ചു പഴം കിട്ടും . 80 പെൻസിനു ഒന്നേകാൽ ലിറ്റർ പാൽ കിട്ടും . 60 പെൻസിനു ഒരു പാക്കറ്റ് ബ്രെഡ് കിട്ടും . ഒരു പൗണ്ടിന് 6 മുട്ട കിട്ടും. അപ്പൊ പറഞ്ഞു വന്നത് അന്നത്തെ കാലത്തു ഒരാഴ്ച വയറു നിറച്ചിരുന്നത് ഏകദേശം രണ്ടര പൗണ്ട് കൊണ്ടായിരുവെന്നാണ് . ഒരിച്ചിരി അരിയോ കറിവെക്കാനോ മേടിക്കാൻ അന്നത്തെ പേഴ്‌സ് എന്നെ അനുവദിച്ചിരുന്നില്ല . ഞാനൊട്ട് വീട്ടുകാരേ അറിയിച്ചിരുന്നുമില്ല. എന്റെ കൂടെ എന്നെ കൂടാതെ ആറു കുട്ടികൾ കൂടെ താമസിച്ചിരുന്നു. അവരുടെ അവസ്ഥ എന്നെക്കാളും മെച്ചപ്പെട്ടതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.
അന്നത്തെ വിസാ വാഗ്ദാനക്കാരുടെ പ്രോമിസനുസരിച്ചു യുകെയിൽ വന്നിറങ്ങിയാൽ ഉടനെ ജോലിയാണ് . ആ വിശ്വാസത്തിൽ നാട്ടിൽ നിന്ന് വണ്ടി കയറിയ എന്റെ മനസ് മുഴുവൻ യുകെയിൽ വന്ന് ഫ്ലൈറ്റിറങ്ങിയ ഉടനെ ആ ക്ഷീണം വച്ച് അന്ന് തന്നെ എങ്ങനെ ജോലിക്കു പോകുമെനന്നായിരുന്നു. അത് ചിന്തിച്ചു വന്നിറങ്ങിയ എനിക്ക് ഏകദേശം മൂന്നു മാസങ്ങൾ കഴിഞ്ഞു ചെറിയ ഒരു ജോലി കിട്ടാൻ .
ജോലിയില്ലാത്ത ആ നാളുകളിൽ എങ്ങനെയെങ്കിലും ഒരു ജോലി കിട്ടുക എന്നതായിരുന്നു ജീവിത ലക്‌ഷ്യം . അത് ലക്ഷങ്ങൾ ഉണ്ടാക്കാനുള്ള കോരിത്തരിപ്പ് കാരണമല്ല . മറിച്ചു നന്നായൊന്നു വയറു നിറക്കാൻ , മൂടിപ്പുതച്ചൊരു രാത്രിയേലും നന്നായി ഒന്ന് ഉറങ്ങാൻ . കെട്ടിയവനേം കൊച്ചിനേം ഒന്ന് കൂടെ കൊണ്ട് വരാൻ …
അങ്ങനെ ജോലി തപ്പി ജോലി തപ്പി മടുത്തു . (അതിന്റെ കഥ ഒന്നൊ രണ്ടോ എഴുത്തിൽ തീരുന്നവ അല്ല അത് പിന്നെ പറയാം. )അവസാനം തണുപ്പിന്റെ ആഘാതം സഹിക്കവയ്യാതെ എന്തും സഹിച്ചു ഒരു ക്വിൽട് വാങ്ങാൻ പ്രിമാർക്കിൽ പോയി . അന്നത്തെ കാലത്തു ഏറ്റവും ചീപ്പായി തുണികിട്ടുന്ന കട വേറെ ഇല്ലായിരുന്നു . പ്രിമാർക്കിൽ ഞങ്ങൾ അഞ്ചു പേരും കൂടിയാണ് പോയത് . ഞങ്ങളിൽ ആർക്കും തന്നെ ജോലി ആയിരുന്നില്ല . എന്തോ ഒരു ധൈര്യത്തിന് ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ചൈനീസിനോട് ഒരു ജോലി തരപ്പെടുത്തി തരാമോ എന്ന് ചോദിച്ചു . കേട്ട പാതി കേൾക്കാത്ത പാതി പുള്ളി ആപ്ലിക്കേഷൻ ഫിൽ ചെയ്യിപ്പിച്ചു , CRB അയച്ചു , രണ്ടാഴ്ചക്കുള്ളിൽ ജോലിയിൽ പ്രേവേശിച്ചോളു എന്ന് പറഞ്ഞു . ജോലി വേറൊന്നുമല്ല പ്രിമാർക്ക് ക്ളീനിങ് ആണ് . കട തുറക്കുന്നതിന് മുമ്പേ കട ക്ളീൻ ചെയ്യാൻ സഹായിക്കണം . മണിക്കൂറിന് അഞ്ചു പൗണ്ട് കിട്ടും . പേഴ്‌സിന്റെ കനം നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ അതിന് സമ്മതിച്ചു .അങ്ങനെ ആ ജോലി കിട്ടുന്നതിന് മുമ്പുള്ള രാത്രി ഞാൻ ഉറങ്ങിയില്ല …..കട ക്ളീൻ ചെയ്യുന്നതായിരുന്ന മനസ് മുഴുവൻ . ..
ആ രാത്രിയിൽ ഞാൻ എന്നെ പത്തു വയസായിട്ടും ഒക്കത്തുന്നു താഴെ വെക്കാതെ വളർത്തിയ അമ്മച്ചിയെ ഓർത്തു …..
മുമ്പിലുള്ള ചെറിയ കല്ലുപോലും കാലുകൊണ്ട് തട്ടി മാറ്റി വീഴാതെ നടത്തിയ അപ്പച്ചനെ ഓർത്തു ….
ഒരു കടയിൽ പോലും ഇതുവരെ വിടാത്ത , പച്ചക്കറി അരിഞ്ഞാൽ പോലും കൈമുറിയുമെന്ന് പറഞ്ഞു കത്തി തട്ടി മേടിച്ചു അരിഞ്ഞു തരുന്ന കെട്ടിയോനെ ഓര്ത്തു …….മാതാവേ ആ ജോലിക്കെന്നെ കൊണ്ടുപോകരുതേ എന്ന് അറിയാതെയേലും ഞാൻ പ്രാർത്ഥിച്ചു.
അത്ഭുതകരമെന്ന് പറയട്ടെ , പിറ്റേദിവസം തന്നെ , കട ക്ലീനിങ്ങിനു പോകുന്നതിന് മുമ്പേ തന്നെ നല്ല ഒരു പോഷ് ഇഗ്ളീഷ് നേഴ്‌സിങ് ഹോമിൽ ജോലികിട്ടി . അവിടെ കൊണ്ട് സന്തോഷം തുടങ്ങിയോ എന്ന് ചോദിച്ചാൽ ഇല്ല …….
ലണ്ടനിൽ പോക്ക് പിന്നേം തുടർന്നു …..
ഡിഗ്രികളുടെ സർട്ടിഫിക്കറ്റുകളുടെ എണ്ണവും കനവും കൂടി കൂടി വന്നു ….
അച്ചായനും മൂത്ത കോച്ചും കൂട്ട് വന്നു ….
മക്ഡൊണാള്സ് ഹ്യൂമൻ റിസോർസ് മാനേജ്‌മന്റ് ഉൾപ്പെടെയുള്ള നല്ല നല്ല ജോലി വാഗ്നനങ്ങൾ തേടി വന്നെങ്കിലും വിസ ഒരു വില്ലനായി തളർത്തി ….
കഷ്ടപ്പെട്ട് കയ്യിൽ വന്ന് ചേർന്ന 25 ലക്ഷങ്ങൾ ഒരു രാത്രികൊണ്ട് ചോർത്തിയെടുത്തു വർക്ക് പെർമിറ്റുകൾ ജീവനെടുക്കുന്ന വിനകളായി ….
ഇനി എന്ത് ചെയ്യുമെന്നോർത്തു ഉറങ്ങാത്ത രാത്രികൾ ….
പിന്നെയും തപ്പി പിടിച്ച ജോലികൾ, തപ്പി പിടിച്ച വർക്ക് പെർമിറ്റുകൾ അങ്ങനെ പലതും തട്ടി തെറിപ്പിക്കാൻ കോട്ടിട്ട പല മലയാളികൾ പ്രേമുഖരും തന്നെ മുന്നണിയിൽ നിന്നിരുന്ന നാളുകൾ
….
കാലം പിന്നെയും വ്യത്യസ്ത കാഴ്ചകൾ ഒരുക്കി …
കെയർ ഹോം മാനേജർ ആയി ….
ന്യൂട്രീഷനിസ്റ്റായി …..
ഡിസ്ചാർജ് കോ ഓർഡിനേറ്റർ ആയി ….
രെജിസ്റ്റഡ് നേഴ്‌സായി …..
വീടായി …..
വണ്ടികളായി ….
അവാര്ഡുകളായി …..
പഠിച്ച യൂണിവേഴ്സിറ്റിയിൽ തന്നെ വാൾ ഓഫ് ദി ഫെയിം ആയി ….
ഇന്നൊന്നുമെന്നെ മാനസീകമായി തളർത്തുന്നതൊ…അതിശയിപ്പിക്കുന്നോ ഇല്ല ….
ജീവിതമെന്നേ മാനസികമായും ചിന്താപരമായുമൊക്കെ ഉരുക്കി വാർത്തു …. ഇന്ന് ഞാൻ എന്നെതന്നെ പോളിഷ് ചെയ്യുന്ന തിരക്കിലാണ് ….
ഇന്നെനിക്ക് തൊടിയിൽ ഒരു പൂവിരിഞ്ഞാൽ കൂടി സന്തോഷമാണ്
അതിനിടയിൽ ഇമ്മാതിരി കീടങ്ങളുടെ പുകഴ്ത്തലുകളോ …..
ചോറോച്ചിലുകളോ എന്നെ തെല്ലും മാന്താൻ പ്രേരിപ്പിക്കുന്നില്ല …..
അപ്പോൾ ഞാൻ അയാളോടായ് പറഞ്ഞു വന്നത് ഇന്ന് ഞാൻ ഇത് എഴുതി തീർക്കുന്നതും ലണ്ടൻ സിറ്റിയിൽ തന്നെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ ലണ്ടൻ ഐ യും ബിഗ്ബെന്നും പാർലമെന്റും കണ്ടോണ്ട് ജോലി സ്ഥലത്തിരുന്നാണെന്ന് ആണ് …..
(ഈ കഥയെല്ലാം ജീവിതത്തിന്റെ ആട്ടും കാട്ടത്തിന് സമാനമായ ഒരു ചെറിയ ഭാഗം മാത്രം
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനി യുകെയുടെ വാർഷിക ജനറൽ ബോഡിയും ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും (താരം 2024) ഈ വരുന്ന ഡിസംബർ 31ന് വൈകിട്ട് 6 മണിക്ക് ടെൽഫോഡിലെ 5, പാഡോക്ക് ക്ളോസിൽ വെച്ച് നടക്കും.
ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന രണ്ടാമത്തെ ഷോർട്ട് ഫിലിമിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും, തിരഞ്ഞെടുത്ത സിനിമകളുടെ പ്രദർശനവും, കുട്ടികളുടെ കലാപരിപാടികളും , വനിതാ അംഗങ്ങളുടെ പാചകമത്സരവും പുതുവർഷ ആഘോഷത്തോട് അനുബന്ധിച്ച് ഉണ്ടാകും. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ശിവഗിരി മഠത്തിന്റെ ഇന്ത്യക്കു പുറത്തുള്ള ആദ്യ അഫിലിയേറ്റഡ് സെന്റർ ആയ ശിവഗിരി ആശ്രമം യു കെയിൽ ആദ്യത്തെ തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഗുരു വചനങ്ങളുടെ വെളിച്ചത്തിലേക്കു ഭക്തരുടെ സ്വയം സമർപ്പണവും ഗുരുദേവ ദർശനത്തിന്റെയും, സന്ദേശങ്ങളുടെയും ഉള്ളടക്കത്തിലേക്കു പ്രവേശിക്കുവാൻ ഉള്ള മഹത്തായ കവാടമാണ് ശിവഗിരി തീർത്ഥാടനം. എല്ലാ മനുഷ്യരുടെയും സർവതോമുഖമായ അഭിവൃദ്ധി ആണ് ശിവഗിരി തീർത്ഥടനത്തിന്റ മൗലികമായ ലക്ഷ്യം. ഓരോ വർഷവും തീർത്ഥാടനത്തിനു ശേഷം ഭക്തർ ഗുരുവിന്റ വീക്ഷണത്തിനനുസൃതമായി പുനർനിർമ്മിക്കപ്പെടുകയാണ്.
മനുഷ്യരാശിയെ ആത്മീയ ഉന്നതിയിലേക്ക് വഴി നടത്തുന്നതിലേക്കു ഭഗവാൻ ശ്രീനാരായണഗുരു അനുമതി നൽകിയ ശിവഗിരി തീർത്ഥാടനത്തിനോടാനുബന്ധിച്ചു ശിവഗിരി ആശ്രമം യുകെയിൽ ഡിസംബർ 30 -ന് രാവിലെ ഒൻപതു മണിയോടെ ശാന്തിഹവന ഹോമവും മഹാഗുരു പൂജയോടും കൂടി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന തീർത്ഥാടനത്തിന് തുടക്കം കുറിക്കും. ഒരേ ദിശയിലേക്കോഴുകിയ രണ്ട് ദാർശനിക നദികളുടെ കൈവഴികളുടെ കൂടിച്ചേരൽ എന്ന പോലെ ശ്രീബുദ്ധന്റെ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന വർണ്ണ ഘോഷയാത്ര ശിവഗിരി ആശ്രമം യുകെയിൽ സമാപിക്കും. യുകെയിലെ ആദ്യ ശിവഗിരി തീർത്ഥാടനം ഇന്ത്യൻ കോൺസൽ ജനറൽ മേധാവി ശ്രീ അമൻ ബൻസാൽ ഉൽഘാടനം ചെയ്യും. ചടങ്ങിൽ ബ്രിട്ടനിലെ ഡോക്ടർ അംബേദ്കർ മെമ്മോറിയൽ കമ്മറ്റിയുടെ ആരാധ്യയായ പ്രസിഡന്റ് ശ്രീമതി രേഖ പോൾ മുഖ്യ അതിഥി ആയിരിക്കും.യു കെയിലെ എല്ലാ ഗുരു ഭക്തരും പങ്കെടുക്കണമെന്ന് ശിവഗിരി ആശ്രമം യു കെ എക്സിക്യൂട്ടീവ് ഡയറക്റ്റർ ബോർഡ് അറിയിച്ചു.
Venue : Sivagri Ashramam UK
Lord Street, Wolverhampton
WV3 0QH
ന്യൂസ് ഡെസ്ക് മലയാളം യുകെ
6 മാസം മുമ്പു മാത്രം യുകെയിൽ എത്തി അകാലത്തിൽ വിടപറഞ്ഞ ബോബിൻ ചെറിയാന്റെ പൊതുദർശനം എക്സിറ്ററിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിൽ വച്ച് നടന്നു. ഫാ. സണ്ണി പോളും ഫാ. രാജേഷ് എബ്രഹാമും ആണ് പ്രാർത്ഥനാ സുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. വെറും 43 -മത്തെ വയസിലാണ് ബോബിൻ ഈ ലോക ജീവിതത്തിൽ നിന്ന് വിട പറഞ്ഞത്. യുകെയിലെത്തിയിട്ട് കുറച്ചു കാലമേ ആയുള്ളൂവെങ്കിലും എക്സിറ്ററിലെ മലയാളി സമൂഹവുമായി ഒരു നല്ല ബന്ധം സ്ഥാപിച്ചെടുക്കാൻ ബോബിനായിരുന്നു.
ബോബിന്റെ നിര്യാണത്തോടെ ഒറ്റപ്പെട്ടുപോയ ഭാര്യ നിഷയെയും ഒമ്പതും അഞ്ചും വയസ്സായ മകളെയും മകനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമത്തിലായിരുന്നു എല്ലാവരും .
കുടുംബത്തിനൊപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണിൽ ആയിരുന്നു ബോബിൻ താമസിച്ചിരുന്നത്. കേരളത്തിൽനിന്ന് യുകെയിലെത്തിയ ബോബിന് അധികം താമസിയാതെ തന്നെ ക്യാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അതിൻറെ ഭാഗമായുള്ള ചികിത്സകൾ കാരണം അദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചികിത്സകൾ കൊണ്ട് ക്യാൻസർ രോഗം സുഖപ്പെട്ടു വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്.
ബിനോയ് എം. ജെ.
നിങ്ങൾ ക്ലേശിച്ച് സമയമില്ലാത്ത സമയത്ത് ഒരു വ്യക്തിയെ കാണുവാൻ ചെല്ലുന്നു. അവിടെ ചെല്ലുമ്പോൾ അയാൾ അവിടെ ഇല്ല. നിങ്ങൾ ക്ലേശിച്ച് വിദ്യാഭ്യാസം ചെയ്യുന്നു. ബിരുദമെടുത്ത് പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് ജോലി കിട്ടുന്നില്ല. ഇനി നിങ്ങൾക്ക് ജോലി കിട്ടിയാലോ? ആ ജോലി അതിനേക്കാൾ ക്ലേശകരമായിരിക്കും. ഇപ്രകാരം മനുഷ്യജീവിതം ക്ലശങ്ങളാൽ നിറയുന്നു. എന്താണിതിന്റെ കാരണം? എന്താണിതിന്റെ പരിഹാരം?
നിങ്ങൾ ക്ലേശങ്ങളെ ക്ഷണിച്ചു വരുത്തുന്നു. അതിനു ശേഷം ക്ലേശങ്ങൾ ക്ഷണിക്കാതെയും വന്നു ചേരുന്നു! നിങ്ങളുടെ ജീവിതം സന്തോഷപ്രദമാക്കുവാനാണ് നിങ്ങൾ ക്ലേശങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. ഭാവിയിൽ ക്ലേശങ്ങൾ ഉണ്ടാവരുത്. അതിന് നിങ്ങൾ ക്ലേശിച്ച് പഠിക്കുന്നു; ക്ലേശിച്ച് കർമ്മം ചെയ്യുന്നു. ഇതോടൊപ്പം ജീവിതം ക്ലേശപൂർണ്ണമാണ് എന്നൊരു തെറ്റായ കാഴ്ചപ്പാടും നമ്മുടെ ഉള്ളിൽ കടന്നു കൂടുന്നു. ഉത്കണ്ഠ മൂലമാണ് മനുഷ്യൻ ക്ലേശങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. നമ്മുടെ ലക്ഷ്യം ക്ലേശമല്ല. അതിനാൽതന്നെ മാർഗ്ഗവും ക്ലേശമാകുവാൻ പാടില്ല. ക്ലേശപൂർണമായ ഒരു ജീവിതത്തിന് എന്തു വിലയാണുള്ളത്?
ജീവിതം ആസ്വദിക്കുവാൻ വേണ്ടി ഉള്ളതാണ്. ക്ലേശിക്കുവാൻ വേണ്ടിയുള്ളതല്ല. എങ്ങനെയാണ് ക്ലേശങ്ങൾ ജീവിതത്തിൽ കടന്നു കൂടുന്നത്? ഒന്ന് ഇച്ഛിക്കുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുമ്പോഴാണ് ക്ലേശങ്ങൾ ഉണ്ടാകുന്നത്. ഉദാഹരണത്തിന് നിങ്ങൾ ഇപ്പോൾ നടക്കുവാൻ പോകാൻ ഇഷ്ടപ്പെടുകയും, അതിന് പോവാതെ പകരം എന്തെങ്കിലും ജോലി ചെയ്യുവാൻ സ്വയം സമ്മർദ്ദം ചെലുത്തുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ക്ലേശം അനുഭവപ്പെടുന്നു. ഈ പ്രശ്നത്തെ വളരെയെളുപ്പം ഒഴിവാക്കാവുന്നതാണ്. നടക്കുവാൻ പോകാനിച്ഛിക്കുമ്പോൾ നടക്കാൻ പോവുകയും ജോലിചെയ്യുവാൻ ഇച്ഛിക്കുമ്പോൾ ജോലി ചെയ്യുകയും ചെയ്യുവിൻ! ആന്തരികമായി നിങ്ങൾ ഒരു സമയത്ത് ഒരു കാര്യമേ ചെയ്യുവാൻ ഇച്ഛിക്കുന്നള്ളൂ. അവിടെ രണ്ടു കാര്യങ്ങൾ വന്നുചേരുമ്പോൾ സംഘർഷം (conflict) ഉണ്ടാകുന്നു. എല്ലാറ്റിനും ഓരോ സമയമുണ്ട്. പഠിക്കുവാൻ ഒരു സമയം; എഴുതുവാൻ മറ്റൊരു സമയം; ജോലി ചെയ്യുവാൻ വേറൊരു സമയം. പഠിക്കുവാൻ ഉള്ള സമയത്ത് എഴുതുവാൻ പോയാൽ രണ്ടും വിജയിക്കുകയില്ല.
സമൂഹം പറയുന്നു “ജോലിയാണ് വിനോദത്തേക്കാൾ പ്രധാനപ്പെട്ടത്”; “കുട്ടികൾ മുഴുവൻ സമയവും പഠിക്കുവാൻ വേണ്ടി നീക്കി വയ്ക്കണം”; “ദിവാസ്വപ്നം കണ്ട് സമയം പാഴാക്കരുത്”. ഇവ എത്രമാത്രം ശരിയാണ്? ജോലിയും വിനോദവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒരു കാര്യം ആയാസത്തോടെ ചെയ്യുമ്പോൾ അതിനെ ‘ജോലി’ എന്ന് നാം വിളിക്കുന്നു. അതേകാര്യം തന്നെ ആയാസരഹിതമായി ചെയ്യുമ്പോൾ അതിനെ ‘വിനോദ’ മെന്നും വിളിക്കുന്നു. നിങ്ങൾ ചിന്തിക്കുവാൻ ഇച്ഛിക്കുന്ന സമയത്ത് വായിക്കുവാൻ ഇരുന്നാൽ ആ വായന നിങ്ങൾക്ക് ആയാസകരമായി അനുഭവപ്പെടും. വായിക്കുവാൻ ഇച്ഛിക്കുന്ന സമയത്ത് ചിന്തിക്കുവാൻ ഇരുന്നാൽ ആ ചിന്തയും നിങ്ങൾക്ക് ആയാസകരമായി അനുഭവപ്പെടും. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. നാം ഇച്ഛിക്കുന്ന സമയത്ത് ഓരോ കാര്യവും ചെയ്താൽ ആയാസവും ക്ലേശവും നമ്മുടെ ജീവിതത്തിൽ നിന്നും തിരോഭവിക്കും! നിങ്ങൾ ചെയ്യുന്ന ഓരോ കർമ്മവും നിങ്ങൾ ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവിൻ. കുട്ടികൾ സദാ പഠിക്കണമെന്ന് പറയുമ്പോൾ അവരുടെ ജീവിതത്തിലേക്ക് ക്ലേശങ്ങൾ പ്രവേശിക്കുന്നു. കാരണം ശൈശവം പഠിക്കുവാൻ ഉള്ള സമയമല്ല. അത് വിനോദത്തിനും കളികൾക്കുമുള്ള സമയമാണ്. വിനോദം ശൈശവത്തിനും, അദ്ധ്വാനം യൗവനത്തിനും, വിശ്രമം വാർദ്ധക്യത്തിനും യോജിച്ച കാര്യങ്ങളാണ്. അത് തെറ്റിക്കുമ്പോൾ ജീവിതം മുഴുവൻ ക്ലേശം നിറഞ്ഞതാവുന്നു. ഇനി ദിവാസ്വപ്നങ്ങൾ നടക്കുന്നത് വിശ്രാന്തിയുടെ പാരമ്യത്തിൽ ആകുന്നു. അതിനാൽതന്നെ അത് ഏറ്റവും ശ്രേഷ്ഠമായ കർമ്മവും ആകുന്നു. ദിവാസ്വപ്നം കാണുമ്പോൾ നിങ്ങളുടെ ഭാവനയും, സർഗ്ഗശേഷിയും, ബ്ദ്ധിശക്തിയും ഉണരുന്നു. അവയുണർന്നാൽ നിലവിലുള്ള ദുഷിച്ച സാമൂഹിക വ്യവസ്ഥിതി തകരുമെന്ന് തലപ്പത്തിരിക്കുന്നവർക്ക് നന്നായി അറിയാം. അതിനാൽതന്നെ അവർ അതിനെ നിരുത്സാഹപ്പെടുത്തുന്നു
ലോകം മുഴുവൻ കഠിനാദ്ധ്വാനത്തെ പാടിപ്പുകഴ്ത്തുന്നു. നിങ്ങൾ ഒരു കർമ്മം ചെയ്യുമ്പോൾ അത് കഠിനമായി നിങ്ങൾക്ക് അനുഭവപ്പെടുന്നത് നിങ്ങൾ അത് തെറ്റായ സമയത്ത് ചെയ്യുന്നതുകൊണ്ടാണ്. നിങ്ങൾ അത് ശരിയായ സമയത്താണ് ചെയ്യുന്നതെങ്കിൽ നിങ്ങൾക്കത് ലഘുവായും ആനന്ദപ്രദമായും അനുഭവപ്പെടും. ഒരു കർമ്മം കുറേ ചെയ്യുമ്പോഴേക്കും അത് മടുക്കും. അപ്പോൾ നാം വേറെയെന്തെങ്കിലും എടുത്തു ചെയ്യുന്നു. കുറെ കഴിയുമ്പോൾ അതും മടുക്കും. അപ്പോൾ തികച്ചും വ്യത്യസ്തമായ മൂന്നാമത് എന്തെങ്കിലും ചെയ്യുന്നു. വായിച്ചു മടുക്കുമ്പോൾ ഒന്ന് നടക്കുവാൻ പോകുന്നു. നടന്നു കഴിയുമ്പോൾ അൽപം ചിന്തിക്കുവാൻ ഇരിക്കുന്നു. അത് മടുക്കുമ്പോൾ ആരോടെങ്കിലും അൽപം സംസാരിക്കുന്നു. സംസാരം മടുക്കുമ്പോൾ അൽപം ജോലി ചെയ്യുന്നു. ഇപ്രകാരം കാര്യങ്ങൾ മാറിമാറി ചെയ്യുമ്പോൾ ഒട്ടും തന്നെ ആയാസം അനുഭവപ്പെടുന്നില്ല. മറിച്ച് ദിവസം മുഴുവൻ വായിക്കുവാൻ ഇരുന്നാലോ? മറ്റുകാര്യങ്ങൾ ഒന്നും നടക്കില്ലെന്ന് മാത്രമല്ല, ആ വായന വളരെ ക്ലേശകരമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഏതെങ്കിലും ഒരു ജോലിയിൽ മാത്രം ക്ലേശിച്ച് ശ്രദ്ധിക്കുമ്പോൾ അയാൾ കഠിനാധ്വാനം ചെയ്യുന്നതായി വിലയിരുത്തപ്പെടുന്നു. ഇങ്ങനെ ചെയ്യുന്ന കഠിനാധ്വാനം താത്കാലികമായ വിജയത്തിലേക്ക് നയിച്ചേക്കാമെങ്കിലും കാലക്രമത്തിൽ ഗുരുതരമായ പരാജയത്തിൽ കൊണ്ടുവന്ന് എത്തിക്കുന്നു.
നിഷ്കാമകർമ്മത്തെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കും. അതാവട്ടെ ഒട്ടും തന്നെ ആയാസം ഇല്ലാതെ പരമമായ വിശ്രാന്തിയിൽ ചെയ്യപ്പെടുന്ന കർമ്മമാണ്. ആയാസപ്പെട്ട് ചെയ്യുന്ന കർമ്മമേയല്ല. ആയാസപ്പെട്ട് കർമ്മം ചെയ്യുന്നതിന്റെ പിറകിലത്തെ പ്രചോദനം എന്താണ്? നാമതിൽ നിന്നും എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിക്കുന്നു. ദിവസം മുഴുവൻ വായിക്കുവാൻ ഇരിക്കുന്ന വിദ്യാർത്ഥി ഭാവിയിൽ തനിക്ക് സംഭവിക്കുവാനിരിക്കുന്ന വിജയത്തെക്കുറിച്ചും, ഉയർന്ന പ്രതിഫലം കിട്ടുന്ന ജോലിയേക്കുറിച്ചും, പേരിനെയും പ്രശസ്തിയെയും മറ്റും സ്വപ്നം കാണുന്നതുകൊണ്ടാണ് അപ്രകാരം ഒരു ക്ലേശം എടുത്തു തലയിൽ വയ്ക്കുന്നത്. ആ കർമ്മത്തിൽ നിന്നും അയാൾക്ക് കാര്യമായ ആസ്വാദനമോ, സംതൃപ്തിയോ കിട്ടുന്നില്ലെന്നുള്ളത് വ്യക്തം. മറിച്ച് അയാൾ പ്രതിഫലത്തെ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം ക്ലേശകരമായ ആ കർമ്മം ചെയ്യുന്നു. ഇതൊരിക്കലും നിഷ്കാമകർമ്മം ആവുകയില്ല. മറിച്ച് അത് സ്വാർത്ഥ കർമ്മമാണ്. പ്രതിഫലത്തിന്റെയും സ്വാർത്ഥതയുടെയും പിറകേ പോകുന്നവന് അതിന്റെ ശിക്ഷ കിട്ടിയേ തീരൂ. എന്നാൽ നിങ്ങൾ കേവലം ആനന്ദത്തിനു വേണ്ടിയാണ് കർമ്മം ചെയ്യുന്നതെങ്കിൽ നിങ്ങൾക്കത് കഠിനാദ്ധ്വാനമായി അനുഭവപ്പെടുകയില്ല. നിങ്ങൾക്ക് പ്രതിഫലമല്ല വലുത്, മറിച്ച് ചെയ്യുന്ന കാര്യത്തിലെ ആനന്ദവും ആസ്വാദനവുമാണ് വലുത്. ജീവിതത്തിൽ ഉന്നത വിജയം കൈവരിച്ചവരെല്ലാം തന്നെ തങ്ങൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കാര്യമാണ് ജീവിതത്തിൽ ഉടനീളം ചെയ്തിരുന്നതെന്ന് കാണുവാൻ കഴിയും. അവർക്ക് അതൊരാസ്വാദനമായിരുന്നു; ഒരു ലഹരിയായിരുന്നു. അപ്പോഴാണ് അവരിലെ സർഗ്ഗശേഷി ഉണർന്നത്. പുറത്തു നിന്ന് നോക്കുമ്പോൾ അവർ കഠിനാദ്ധ്വാനം ചെയ്യുന്നതായി കാണപ്പെട്ടേക്കാം. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം അതൊരിക്കലും അങ്ങനെയല്ല. അവർക്കതൊരു സമയം പോക്കും, വിശ്രമവും, വിശ്രാന്തിയും ആണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120