Latest News

കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ കമ്മീഷൻ ഫോർ കൊയർ ആദ്യമായി ഒരുക്കിയ ഓൾ യൂകെ കരോൾ ഗാനമത്സരം ” 2023” ഡിസംബർ 23 -ന് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ഈ വർഷം മുതൽ ആരംഭിച്ച കരോൾ ഗാനമത്സരം ” 2023” ൽ യൂകെയിലുള്ള എല്ലാ ക്രിസ്‌തീയ സഭകളിലുള്ളവർക്കും, സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിന്നത് . രൂപതാ കമ്മീഷൻ ഫോർ കൊയറിന്റെ ചെയർമാൻ ഫാ ജോസ് അഞ്ചാലിക്കലിന്റെ സ്വാഗത പ്രസംഗത്തോടെ മത്സരം ആരംഭിച്ചു. യുകെയുടെ വിവിധയിടങ്ങളിൽ നിന്നുള്ള വിവിധ ക്രിസ്തീയ സഭകളിൽ നിന്നും ടീമുകൾ മത്സരത്തിൽ പങ്കെടുക്കുവാനെത്തിച്ചേർന്നിരുന്നു.

വാശിയേറിയ മത്സരത്തിൽ ഒന്നാം സമ്മാനവും £500 ട്രോഫിയും കരസ്ഥമാക്കിയത് സെന്റ് തോമസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ചും, രണ്ടാം സമ്മാനം £300 ട്രോഫി കരസ്ഥമാക്കിയത് കാർഡിനാൾ ന്യൂ മാൻ മിഷൻ ഓക്സ്ഫോർഡും, മൂന്നാം സമ്മാനം £200 ട്രോഫിയും കരസ്ഥമാക്കിയത് സെന്റ് ബെനഡിക്ട് മിഷൻ ബർമിങ്ഹാമുമാണ്.

സമാപന സമ്മേളനത്തിൽ ഫാ. ജോസ് അഞ്ചാനിക്കൽ സ്വാഗതവും, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു, ജോമോൻ മാമ്മൂട്ടിൽ മത്സരത്തിൽ എത്തിച്ചേർന്നവർക്കു നന്ദിയും പ്രകാശിപ്പിച്ചു.

നേരത്തെ വൂസ്റ്ററിൽ നടത്തുവാനുദ്ദേശിച്ചിരുന്ന മത്സരം പിന്നീട് ബെർമിങ്ഹാമിലെ ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിലേക്ക് മാറ്റുകയായിരുന്നു.

ബെഡ്ഫോർഡ്: വലിയ നോമ്പിൽ ആദ്ധ്യാൽമിക-മാനസ്സിക തലങ്ങളിലുള്ള നവീകരണത്തിനും, അനുതാപത്തിലൂന്നിയ അനുരഞ്ജനത്തിനും ഒരുക്കമായി ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും,വചന പ്രഘോഷകനും,കാർമ്മലേറ്റ് സഭാംഗവുമായ ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് ഒ.സി.ഡി ആണ് വിശുദ്ധവാര ധ്യാനവും,വചന പ്രഘോഷണവും നയിക്കുന്നത്

ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അടുത്തയിടെ മിഷനായി ഉയർത്തപ്പെട്ട ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ സംഘടിപ്പിക്കുന്ന വിശുദ്ധവാര ദ്വിദിന ധ്യാനത്തിലും, തിരുവചന ശുശ്രുഷയിലും പങ്കു ചേർന്ന് ക്രിസ്തുവിന്റെ പീഡാ-സഹന പാഥയിലൂടെ ചേർന്ന് നടക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും, അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏറെ അനുഗ്രഹദായമാവും ശുശ്രുഷകൾ.

മാർച്ച് ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 11:00 മുതൽ വൈകുന്നേരം 16:00 വരെയും, പത്താം തീയതി ഞായറാഴ്ച വൈകുന്നേരം നാലു മണിമുതൽ ഒമ്പതു മണിവരെയുമാണ് ധ്യാന ശുശ്രുഷ ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തിൽ ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകന്റെ സ്മരണയിലും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാൻ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി മിഷൻ പ്രീസ്റ്റ് ഫാ.എബിൻ നീരുവേലിൽ വി സി യും, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോബിൻ കൊശാക്കലും, പള്ളിക്കമ്മിറ്റിയും അറിയിച്ചു.

Venue: Christ The King Catholic Church, Harrowden Road,
Bedford, MK42 9SP

എന്തിനും ഏതിനും പുതുമകൾ തേടിപ്പോകുന്ന ഈ കാലത്ത് വ്യത്യസ്തതയാർന്നൊരു ക്രിസ്തുമസ് ആഘോഷവുമായി സാലിസ്ബറിയിൽ നിന്നും ഒരു കൂട്ടം കുടുംബങ്ങൾ ഒത്തുകൂടി . ഭക്ഷണം വിളമ്പിയ രീതിയിലും വേഷ വിദാനങ്ങളിലും പുതുമകൾ കണ്ടെത്തിയാണ് ഇപ്രാവശ്യം ഇവർ ക്രിസ്തുമസ് വേറിട്ടൊരു അനുഭവം ആക്കിയത്.

ഇലകളിൽ വിഭവങ്ങൾ ഓരോന്നും നിരത്തി , സ്ത്രീകൾ ചട്ടയും മുണ്ടും കുണുക്കുകളും അണിഞ്ഞ് എത്തിയപ്പോൾ പുരുഷന്മാർ തലയിൽ തോർത്തു ചുറ്റി വെള്ളമുണ്ടും ഷർട്ടും അണിഞ്ഞാണ് എത്തിയത് .

ജോൺ പോളിന്റെയും റ്റിജിനയുടെയും ഐഡിയയിൽ ആയിരുന്നു ഈ ആഘോഷം സംഘടിപ്പിച്ചത് . എല്ലാ കുടുംബവും ഓരോ വിഭവങ്ങളുമായി പ്രത്യേകമായി അലങ്കരിച്ച ഹാളിൽ ഒത്തുകൂടുകയായിരുന്നു.

ആടിയും പാടിയും സൗഹൃദങ്ങൾ വീണ്ടും പുതുക്കിയും എന്തുകൊണ്ടും എല്ലാവർക്കും വളരെയധികം സന്തോഷം പകരുന്നതായിരുന്നു ഈ ആഘോഷം . നല്ലൊരു ആഘോഷം സംഘടിപ്പിച്ച ജോണിക്കും കുടുംബത്തിനും പിന്നെ വന്ന് സഹകരിച്ച എല്ലാവർക്കും പപ്പൻ നന്ദി പറഞ്ഞു കൊണ്ടായിരുന്നു പരിപാടി അവസാനിച്ചത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

6 മാസം മുമ്പ് യുകെയിലെത്തി അകാലത്തിൽ വിടപറഞ്ഞ ബോബിൻ ചെറിയാന് ( 43 ) നാളെ 27-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യാഞ്ജലി അർപ്പിക്കും. രാവിലെ 11:30 -ന് എക്സിറ്ററിലെ ഹോളി ഫാമിലി കാത്തോലിക് പള്ളിയിൽ വച്ചാണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്.

കേരളത്തിൽനിന്ന് യുകെയിലെത്തിയ ബോബിന് അധികം താമസിയാതെ തന്നെ ക്യാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അതിൻറെ ഭാഗമായുള്ള ചികിത്സകൾ കാരണം അദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചികിത്സകൾ കൊണ്ട് ക്യാൻസർ രോഗം സുഖപ്പെട്ടു വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. ഭാര്യ നിഷയ്ക്കും ഒമ്പതും അഞ്ചും വയസ്സായ മകൾക്കും മകനും ഒപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണിൽ ആയിരുന്നു ബോബിൻ താമസിച്ചിരുന്നത്. പുതിയ ഒരു ജീവിതം സ്വപ്നം കണ്ട് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ബോബിൻ ചെറിയാനും കുടുംബവും യുകെയിൽ എത്തിയത് വെറും എട്ട് മാസം മുമ്പ് മാത്രമാണ്.

 

സ്റ്റീവനേജ്: സംഗീത-നൃത്ത വിസ്മയങ്ങൾ സംഘടിപ്പിച്ചും, ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും യു കെ യിൽ ഏറെ പ്രശസ്തമായി മാറിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 നു സ്റ്റീവനേജിൽ വേദിയൊരുങ്ങുന്നു. മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ വെച്ച് തദവസരത്തിൽ നടത്തപ്പെടും.

7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാല്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ ഉള്ളു നിറയെ ആനന്ദിക്കുവാനും ആവോളം ആസ്വദിക്കുവാനുള്ള മെഗാ കലാ വിരുന്നാവും സ്റ്റീവനേജിൽ ഒരുങ്ങുക.

സീസൺ 7 ന് വേദി ഉയരുമ്പോൾ ഈ വർഷം 7 ബീറ്റ്സിനോടൊപ്പം അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാസ്കാരിക-സാമൂഹിക കൂട്ടായ്‌മയായ “സർഗ്ഗം സ്റ്റീവനേജ്” ആണ്.

യു കെ യിലെ പ്രഥമ പ്ലാൻഡ് സിറ്റിയും, ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജിൽ 2024 ഫെബ്രുവരി 24 നു ശനിയാഴ്ച്ച 3 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാർ പാർക്കിങ്ങ് സൗകര്യവുമുള്ള ബാർക്ലെയ്‌സ് അക്കാഡമി ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിന് ഈ വർഷം യവനിക ഉയരുക.

ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ ജേതാവും, കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നേടിയിട്ടുമുള്ള മലയാളം കവിയും ഗാനരചയിതാവുമായ ഒ എൻ വി സാറിനു അദ്ദേഹത്തിന്റെ തന്നെ ഗാന ശകലങ്ങൾ കോർത്തിണക്കി അർഹമായ പാവന അനുസ്മരണമാണ് സംഘാടകർ ഒരുക്കുന്നത്. യൂകെയിലെ നിരവധി ഗായക പ്രതിഭകൾ ഒ.എൻ.വി സംഗീതവുമായി അരങ്ങിൽ സംഗീത വിരുന്നിനു സുവർണ്ണാവസരം ഒരുക്കുന്നത് 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.

സംഗീതത്തോടൊപ്പം നൃത്തത്തിനും പ്രധാന്യം നൽകുന്ന സംഗീതോത്സവത്തിൽ കഴിഞ്ഞ ആറു വർഷമായി നിരവധി യുവ കലാകാരന്മാർക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാൻ അവസരം ഒരുക്കുന്നതോടൊപ്പം, യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും വേദി പങ്കിടുന്ന സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.

ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ് എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.

കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാണ് ആസ്വാദകർക്കായി ഒരുക്കുക. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവെന്റ്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ആറു വർഷമായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങാവാകുവാൻ 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകർക്ക്‌ ഇതിനോടകം സാധിച്ചിട്ടുണ്ട്.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977

വേദിയുടെ വിലാസം:

Barclay Academy School
Stevanage
SG1 3RB

ജേക്കബ് പ്ലാക്കൻ

അപ്പത്തിന്റെ നാട് ബെത്‌ലഹേം ..!സ്വയം
അപ്പമായിതീർന്നവന്റെ
ബെത്‌ലഹേം..!
സ്നേഹത്തിൻ മധുരാന്നം പൊഴിഞ്ഞനാട് ..!
ത്യാഗത്തിൻ കുഞ്ഞാടാദ്യം ചിരിച്ച വീട് ..!

വിശ്വകർമ്മനായി വളർന്നവൻ
വിശ്വവിളക്കായി തീർന്നു ..!
വിണ്ണിലെ സ്നേഹഗാഥകനായവൻ
മണ്ണിലേക്ക് സ്വർഗവാതിൽ തുറന്നു ..!
ഇടയർക്കുള്ളിൽ പുതുമഴപോലോരീണം നിറഞ്ഞു ..
ആടുകളാലകളിൽ സ്നേഹം ചുരത്തി ..!
പതിതർ സ്വപ്‍നങ്ങൾ കണ്ടു ..
പുലരികളിൽ പ്രതീക്ഷവിരിഞ്ഞു ..!
കാലം ചരിതത്തെ രണ്ടായി പിളർത്തി ..!
കുരിശ്ശ് സ്നേഹത്തിൻ ശേഷിപ്പായി തീർന്നു ..!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. 2023 -ലെ മലയാളം യുകെ അവാർഡ് നൈറ്റിൽ പോയറ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ജേക്കബ് പ്ലാക്കന് ആണ്

Phone # 00447757683814

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ് സൂചനകൾ ഒരു ബൈബിൾ വീക്ഷണം.

ക്രിസ്തുമസ് കാലയളവിൽ നാം ഭവനങ്ങളിലും ദേശങ്ങളിലും സഞ്ചരിക്കുമ്പോൾ ധാരാളം പ്രത്യേകതകൾ കാണാറുണ്ട്. അലങ്കാരങ്ങൾ ആണ് എന്ന് കരുതി നാം പലപ്പോഴും അതിനുവേണ്ടി മനസ്സൊരുക്കുകയോ അർത്ഥം ഗ്രഹിക്കുകയോ ചെയ്യില്ല . എന്നാൽ ഇവ ഓരോന്നും ക്രിസ്തു എന്ന രക്ഷകന്റെ ജനനം നമ്മെ ഓർമ്മപ്പെടുത്തുന്ന സൂചനകൾ എന്ന് മനസ്സിലാകുമ്പോൾ ക്രിസ്തുമസ് ദിനം കൂടുതൽ അർത്ഥപൂർണ്ണമാകും.

1) ക്രിസ്തുമസ് ട്രീ : നിത്യജീവിതവും പ്രതീക്ഷയും.

വിളക്കുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ജീഡിൻറെ പ്രതീകമായ പച്ചമരം വളരെ അർത്ഥം നമുക്ക് നൽകുന്നു. ക്രിസ്തുവിലൂടെ നാം ആർജ്ജിച്ച രക്ഷ ഇതിലൂടെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ രക്ഷകൻ നമ്മുടെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി മരത്തിന്മേൽ തൂക്കപ്പെടുന്നു. ശാപത്തിൽ നിന്നും മരണത്തിൽ നിന്നും രോഗത്തിൽ നിന്നും നമ്മെ വീണ്ടെടുത്ത അനുഭവത്തിന്റെ പ്രതീകമായി ഇതിനെ കാണാം. ക്രിസ്തുമസ് മരത്തിന്റെ ചുവട്ടിൽ നാം ക്രമീകരിക്കുന്ന സമ്മാനം കാൽവരിയുടെ ചുവട്ടിൽ കടന്നുവന്ന് രക്ഷ നേടുന്ന ഓരോരുവനും സ്വീകരിക്കുന്ന സമ്മാനത്തിന് തുല്യമാണ്. വിടുതൽ, രക്ഷ, പ്രതീക്ഷ, പ്രത്യാശ, വീണ്ടെടുപ്പ്, സന്തോഷം , സമാധാനം, സൗഖ്യം ഇവയെല്ലാം ഈ സമ്മാനപ്പൊതികൾ പ്രതിനിധീകരിക്കുന്നു. മരത്തിൻറെ നിത്യഹരിതഭാവം ക്രിസ്തുവിൻറെ നിത്യതയും, നിവർത്തിയും നമുക്ക് നൽകുന്നു. വലിയ സമ്മാനമായ ക്രിസ്തു തന്നെ ആണ് എന്ന ബോധ്യം വളർത്തുക.

2) നക്ഷത്രം: വഴികാട്ടിയും വഴിയും .

രക്ഷകന്റെ ജനന നാളിൽ കിഴക്ക് നിന്ന് വിദ്വാന്മാർ യഹൂദിയായിലെത്തി “യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ , ഞങ്ങൾ അവൻറെ നക്ഷത്രം കിഴക്ക് കണ്ടു. അവനെ നമസ്കരിക്കുവാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞു. വി. മത്തായി 2:2. തുടർന്ന് നാം വായിക്കുന്നു. അവർ പുറപ്പെട്ടു. അവർ കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന് മീതെ വന്ന് നിൽക്കുവോളം അവർക്ക് മുൻപായി പൊയ്ക്കൊണ്ടിരുന്നു. വി. മത്തായി 2: 9. കോടാനുകോടി ജ്വാലകളെ സൃഷ്ടിച്ചവൻ, സാക്ഷാൽ സത്യപ്രകാശമാകുന്ന പ്രഭാ പൂർണ്ണൻ തന്റെ ജനനം കാണ്മാൻ വരുന്നവരെ സുരക്ഷിതമായി അവിടേയ്ക്ക് എത്തിക്കുന്നു. നമ്മുടെ ജീവിതത്തിലും പല കാലങ്ങളിലും പല അവസരങ്ങളിലും തന്നിലേക്ക് കടന്നുവരുവാൻ അവൻ പല മുഖാന്തിരങ്ങളും നൽകിയെങ്കിലും നാം വഴിതെറ്റിലും തൻ കാര്യങ്ങളിലും അഴലുന്നവരായി. ഈ ക്രിസ്തുമസ് നക്ഷത്രം നാം ആയിക്കൂടെ. അനേകരെ രക്ഷക സനിധിയിലേയ്ക്ക് നയിക്കുന്നവരായി രൂപാന്തരപ്പെട്ടു കൂടെ നമുക്ക് . നമ്മുടെ ഭവനങ്ങളിൽ നാം തൂക്കുന്ന നക്ഷത്രത്തിന്റെ അർത്ഥം അതിലും പ്രാധാന്യമുള്ളതാണ്. നക്ഷത്ര ശോഭ കണ്ട് അതിനെ പിൻപറ്റി അനേകർ കടന്നുവരാം നമ്മുടെ ഭവനങ്ങളിലേക്കും. അവരുടെ പ്രതീക്ഷ രക്ഷകന്റെ ജനനവും അതിലൂടെ ലഭിച്ച സ്നേഹവും , സമാധാനവും, പ്രത്യാശയും അനുഭവിക്കുവാനാണ്. പുൽക്കൂടിന്റെ ശാന്തത നമ്മുടെ ഭവനങ്ങൾക്കുണ്ടോ ? എത്തിച്ചേർന്നവരെ രൂപാന്തരപ്പെടുത്തുവാനും , സമാധാനം നിറയ്ക്കുവാനും നമ്മുടെ ഭവനങ്ങൾക്കാവുന്നുണ്ടോ ? നക്ഷത്രം കാണുമ്പോഴും നമ്മുടെ ഭവനങ്ങളിൽ നക്ഷത്രം തൂക്കുമ്പോഴും വേദലഹേമിലെ പുൽത്തെഴുത്തും അവിടെ പിറന്ന ഉണ്ണിയേശുവിനെയും നാം ഓർക്കണം. നമ്മുടെ ഭവനങ്ങളും അനേകർക്ക് ആശ്വാസം നൽകുന്ന ഇടമായി മാറ്റിയെടുക്കണം.

3) സന്തോഷകരമായ പ്രഖ്യാപനത്തിന്റെ മണികൾ

ഈ സന്തോഷവാർത്തയെ ലോകമെങ്ങും എത്തിക്കുന്ന പ്രഘോഷണമാണ് ഈ മണികൾ നിവർത്തിക്കുന്നത് . വലിയ സന്തോഷത്തിന്റെ മഹത്തരമായ പ്രഘോഷണം. ഈ വാർത്ത അറിഞ്ഞവർ ആരും മിണ്ടാതിരുന്നില്ല. “പെട്ടെന്ന് സ്വർഗീയ സൈന്യത്തിന്റെ ഒരു വലിയ സംഘം ദൂതനോടൊപ്പം പ്രത്യക്ഷപ്പെട്ടു. ദൈവത്തെ സ്തുതിച്ചുകൊണ്ട് അത്യുന്നതമായ സ്വർഗത്തിൽ മഹത്വം, ഭൂമിയിൽ ദൈവപ്രീതിയുള്ളവർക്ക് സമാധാനം, വി. ലൂക്കോസ് 2 :13 -14 . എന്നാൽ നമ്മുടെ ജീവിതത്തിൽ ഈ സന്തോഷവാർത്ത എത്രമാത്രം പ്രഘോഷിച്ചു. ക്രിസ്തുമസിന്റെ മണിമുഴക്കം കേൾക്കുമ്പോൾ നാമും പാടുക , പറയുക രക്ഷകൻ ജനിച്ചുവെന്ന് .

4) പുൽക്കൂടിന്റെ അനുഭവം : കുടുംബരക്ഷ.

യേശുക്രിസ്തുവിന്റെ ജനനം ചിത്രീകരിക്കുന്ന പുൽക്കൂടും അതിലെ പ്രതീകങ്ങളും മറ്റൊരു പാഠം നമുക്ക് നൽകുന്നു. പരിമിതികളും പരാധീനതകളും നമ്മുടെ സന്തോഷം കെടുത്തുമ്പോൾ പുൽക്കൂട് നൽകുന്ന അർത്ഥം ഇപ്രകാരമാണ്. നമ്മുടെ കുറവുകൾ ഒരിക്കലും നമ്മുടെ സന്തോഷം കെടുത്തരുത്. കാരണം എല്ലാ മാനുഷിക പരിമിതികളും അതിൻറെ നടുവിൽ പ്രത്യാശയും പ്രതീക്ഷയും നൽകുന്ന തിരുജനനം ആണ് . പുൽക്കൂട് നൽകുന്ന അർത്ഥം മറിയം, ജോസഫ് , ശിശു, ഇടയന്മാർ, ജ്ഞാനികൾ, കന്നുകാലികൾ ഇവയെല്ലാം ഒരു സാധാരണ കുടുംബ പശ്ചാത്തലം പരിചയപ്പെടുത്തുകയും, നിസ്സാരമായി നാം കാണുന്ന അനുഭവങ്ങളിലാണ് ദൈവം ജനിക്കുവാൻ ഇടങ്ങളായി തീരുകയും ചെയ്യുന്നത് എന്ന് നമ്മെ പഠിപ്പിക്കുന്നു. ഈ പുൽക്കൂട്ടിൽ നമ്മുടെ കാഴ്ചപ്പാട് പോലെ ഉള്ള അനുഭവങ്ങൾ ഇല്ല എങ്കിലും സമാധാനവും, സന്തോഷവും രക്ഷയും ആവിർഭവിക്കുന്നു ; അതിനല്ലേ പ്രാധാന്യം.

ഇനിയുമുണ്ട് പ്രതീകങ്ങൾ ധാരാളം. ബലിയുടെയും രക്ഷയുടെയും പ്രതീകമായ റീത്തുകളും , വിളങ്ങി കത്തുന്ന മെഴുകുതിരികളും , ആശംസാ കാർഡുകളും നമ്മെ കൊണ്ടെത്തിക്കുന്നത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും , പ്രത്യാശയുടെയും , സ്നേഹത്തിന്റെയും ദിനങ്ങളിലേയ്ക്കാണ്. നമ്മുടെ രക്ഷയ്ക്ക് വേണ്ടി ദൈവപുത്രൻ വെറുമയക്കപ്പെട്ടു . സ്വയം ചെറുതായി, മനുഷ്യനായി, കാൽവരിയിലേയ്ക്ക് നടന്ന് കയറി. ജനനത്തിന്റെ പ്രതീകങ്ങൾ എല്ലാം ത്യാഗത്തിന്റെ ചൂണ്ട് പലകയാക്കി അവൻ തീർത്തു.

ക്രിസ്തുമസിന്റെ അനുഭവം നിങ്ങളുടെ ഹൃദയത്തെ ക്രിസ്തുവിൻറെ സ്നേഹത്താൽ നിറയ്ക്കട്ടെ . നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും പ്രത്യാശയും നിറയട്ടെ . ദൈവത്തിൻറെ അനന്തമായ സ്നേഹവും ദിവ്യകാരുണ്യവും നിറഞ്ഞ അനുഗ്രഹീതമായ ക്രിസ്തുമസും പുതുവർഷവും ആശംസിക്കുന്നു.

പ്രാർത്ഥനയിൽ ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

രാജേഷ് ജോസഫ് ലെസ്റ്റർ

ശീതകാല ആലിംഗനത്തിന്റെ നിശബ്ദതയിൽ വെള്ളി അടരുകളുടെ മനോഹര ഗാനം ലോകത്തിലേക്ക് ഇറങ്ങുന്നു. ക്രിസ്‌മസിന്റെ ആകർഷകമായ സീസണിലേക്ക് തുടക്കമിടുന്ന മഞ്ഞിൽ പൊതിഞ്ഞ സന്തോഷത്തിന്റെയും സൗഹാർദ്ദത്തിന്റെയും കഥകൾ മന്ത്രിക്കുന്ന പ്രഭാതം.

മിന്നിത്തിളങ്ങുന്ന ലൈറ്റുകൾക്കും,കരോൾ ഗാനങ്ങൾക്കും ഇടയിൽ, ക്രിസ്മസിന്റെ സ്നേഹ ചൈതന്യം സ്നേഹത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഓർമ്മകൾ സമ്മാനിക്കുന്നു. മരത്തിലെ ചില്ലകളിലേ ഓരോ അലങ്കാരവും, കരോൾ ഗാനവും,ആട്ടവും, പാട്ടുമെല്ലാം സമയത്തിനും സ്ഥലത്തിനും കാലത്തിനും അപ്പുറം ഓർമകളുടെ വർണ ലോകം വിരിക്കുന്നു. താരകൾ ഭൂവിലിറങ്ങിയ വിണ്ണിൻ സമാധാന രാത്രി.

ശ്രദ്ധാപൂർവ്വം പൊതിഞ്ഞ സമ്മാന പൊതികൾ സ്നേഹത്തിന്റെ പാത്രങ്ങളായി മാറുന്നു അവ ആത്മാവിൽ കൈമാറ്റം ചെയ്യപ്പെടുന്നു. ഒരു ആകാശ നക്ഷത്രത്തിന്റെ ദയയുള്ള നോട്ടത്തിന് താഴെ, ദയയുടെ മാന്ത്രികതയെ ഉൾക്കൊള്ളുന്ന ഹൃദയങ്ങളെ വിശാലമാക്കുന്നു സമ്മാന പൊതികൾ . ആലപിക്കുന്ന ഓരോ കരോളിലും പങ്കുവയ്ക്കപ്പെടുന്ന ഓരോ ആശംസകളിലും, ഭൂമിയിലെ സമാധാനത്തിന്റെ കാലാതീതമായ സന്ദേശത്തെ പ്രതിധ്വനിപ്പിക്കുന്ന സുമനസ്സുകളുടെ ഒരു കോറസ് പ്രതിധ്വനിക്കുന്നു.

തണുത്തുറഞ്ഞ ജാലകങ്ങളിലൂടെ, വെള്ളയിൽ പുതച്ച ഒരു നവ ലോകം, സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ക്ഷണിക്കുന്ന സുന്ദര ക്യാൻവാസ്. കൈകളും മനസും സ്നേഹത്തിന്റെ വഴിപാടുകളായി വർത്തിക്കുന്ന പാചക വിസ്മയങ്ങൾ. ഉത്സവ ഭംഗി കൊണ്ട് അലങ്കരിച്ച മേശ, സുഗന്ധ കൂട്ടായ്മയായി മാറുന്ന ക്രിസ്മസ് .സമൃദ്ധിയുടെയും കൂട്ടായ്മയുടെയും ഒത്തു ചേരലിന്റ് ആഘോഷം.

കുട്ടികളിൽ അവരുടെ നയനങ്ങളിൽ ക്രിസ്മസിന്റെ അത്ഭുതം ഒരു പുഷ്പം പോലെ വിരിയുന്നു. കടന്നുപോകുന്ന ഓരോ നിമിഷത്തിലും ആവേശത്തിന്റെ ഇതളുകൾ തുറക്കുന്നു. അവരുടെ വിശ്വാസം നക്ഷത്രമായി തിളങ്ങുന്നു, പ്രതീക്ഷയോടെ സ്വപ്നങ്ങൾ നൃത്തം ചെയ്യുന്നു.ബാലകരിൽ ക്രിസ്മസ്‌ ഒരു മാസ്മരികതയാണ് അവിടെ ആഗ്രഹങ്ങൾ ഭാവനയുടെ ചിറകുകളിൽ പറക്കുന്നു.

ലോകത്തെ താൽക്കാലികമായി നിർത്തിവച്ച ക്രിസ്തു ജനനത്തിൽ ഈ നിശ്ശബ്ദതയ്‌ക്കിടയിൽ ക്രിസ്‌മസിന്റെ യഥാർത്ഥ സത്ത ഉയർന്നുവരുന്നു. ഭൗതികതയെ മറികടന്ന് ഹൃദയങ്ങളെ അനുകമ്പയുടെ തിളങ്ങുന്ന ചരടിൽ ബന്ധിപ്പിക്കുന്ന മനോഹരമായ ആഘോഷം. പങ്കുവെയ്ക്കലിന്റ കരുതലിന്റെ ഈ സീസണിൽ നിസ്വാർത്ഥമായ സ്നേഹത്താൽ തുറന്ന കൈകളോടും തുറന്ന ഹൃദയങ്ങളോടും കൂടി ക്രിസ്മസിനെ വരവേൽക്കാം അഗാധമായ സ്‌നേഹ സന്തോഷത്താൽ നിറയാം.

മഞ്ഞിൽ ചുംബിച്ച ഒരു രാത്രിയുടെ നിശ്ശബ്ദതയിൽ,നക്ഷത്രങ്ങളാൽ അലങ്കരിച്ച ആകാശത്തിന് താഴെ, ക്രിസ്മസ് അതിന്റെ കാലാതീതമായ വാഗ്ദാനങ്ങളാൽ മന്ത്രിക്കുന്നു. അതിരുകൾ കവിയുന്ന സ്നേഹത്തിന്റെ, നിരാശയെ മറികടക്കുന്ന പ്രതീക്ഷയുടെ. അങ്ങനെ, മഞ്ഞുകാലത്തിന്റെ ആശ്ലേഷത്തിൽ ലോകം തിരിയുമ്പോൾ, ക്രിസ്മസിന്റെ മാന്ത്രികതയിൽ പൊതിഞ്ഞതായി നാം കണ്ടെത്തുന്നു, നാം പങ്കിട്ട മാനവികതയുടെ കാതലിലേക്കുള്ള വഴി. പ്രകാശിപ്പിക്കുന്ന പ്രസന്നമായ ഒരു ദീപസ്തംഭം.

ടോം ജോസ് തടിയംപാട്

നേഴ്സിംഗ് പഠിക്കുന്ന കാലത്ത് ഇസ്രയേലിൽ ഈശോ നടന്ന സ്ഥലത്തുപോയി ജോലി ചെയ്യണം എന്നായിരുന്നു ആൻസിയുടെ ആഗ്രഹം പക്ഷെ അവരുടെ എല്ലാ ആഗ്രഹങ്ങളും എട്ടു വർഷങ്ങൾക്കു മുൻപ് തകർന്നടിഞ്ഞു വീട്ടിൽ എത്തിയ ഒരു കുട്ടിക്ക് ആൻസിയുടെ ആറുമാസം പ്രായമായ കുട്ടിയെ കൈയിൽ എടുക്കാൻ അനുവദിച്ചതാണ് അൻസിക്ക് പറ്റിയ അബദ്ധം ആ കുട്ടിയുടെ കൈയിൽ നിന്നും ആറുമാസമായ ആ കുട്ടി താഴെ വീഴുകയും തലച്ചോറിനു ക്ഷതം സംഭവിക്കുകയും ചെയ്തു. അന്നുമുതൽ തുടങ്ങിയ ചികിത്സകൊണ്ട് സാമ്പത്തികമായി കുടുംബം തകർന്നു .ഒരു വിധം നല്ലൊരു മധ്യവർഗ കുടുംബമായിരുന്നു ആൻസി ജോർജിന്റേത്. കൃഷിയും കച്ചവടവുമായി ജീവിച്ച അവരുടെ എല്ലാം കുട്ടിയുടെ ചികിത്സക്ക് വേണ്ടി ചിലവഴിച്ചു , ഇപ്പോൾ ചികിത്സ മുൻപോട്ടു കൊണ്ടുപോകാൻ നിവർത്തിയില്ല. കുട്ടിക്ക് ഇപ്പോൾ 8 വയസായി. കിടന്ന കിടപ്പാണ് . കുട്ടി ഒന്ന് എഴുന്നേറ്റിരിക്കുന്നതു കണ്ടിട്ട് ജോലിക്കു പോകണം എന്നാണ് ആൻസിയുടെ ആഗ്രഹം . രണ്ടു പെൺമക്കളും ഭർത്താവും വല്യപ്പനും വല്യമ്മയും ഉൾക്കൊള്ളുന്നതാണ് ആൻസിയുടെ കുടുംബം .നിങ്ങൾ സഹായിക്കണം ആൻസിയുടെ അക്കൗണ്ട് നമ്പറും ഫോൺ നമ്പറും താഴെ കൊടുക്കുന്നു .

ആൻസിയുടെ വിവരം ഞങ്ങൾ അറിഞ്ഞപ്പോൾ ഇവരുടെ അടുത്ത പ്രദേശത്തു താമസിക്കുന്ന ഇപ്പോൾ യു കെ യിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മനോജ് മാത്യു വുമായി ബന്ധപ്പെട്ടു വിവരങ്ങൾ തിരക്കുകയും മനോജിന്റെ സുഹൃത്ത് ആൻസിയുടെ ഏന്തയാർ ,കൂട്ടിക്കലിലെ വീട്ടിൽ എത്തി പകർത്തിയ വീഡിയോയാണ് താഴെ പ്രസിദ്ധീകരിച്ചിരുന്നുന്നത് . ദയവായി സഹായിക്കുക .ഈ വാർത്ത നിങ്ങൾ ഷെയർ ചെയ്തു സഹായിക്കുക .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തൊട്ടടുത്ത ദിവസം ഒരു ചാരിറ്റി നടത്തിയത് കൊണ്ടാണ് ഞങ്ങൾ നേരിട്ട് കളക്റ്റ് ചെയ്യേണ്ട എന്ന് തീരുമാനിച്ചത്. കഴിയുന്നവർ നേരിട്ട് ആൻസിയുടെ അക്കൗണ്ടിൽ സഹായിക്കുക

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

Name. Ancy George
Account No. 337102120000640
IFSC code. UBlN 0533718
Phone number 00919526411535

ടോം ജോസ് തടിയംപാട് 07859060320 .

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഇന്നത്തെ പോലെ വെട്ടവും വെളിച്ചവും ഒന്നുമുള്ള ക്രിസ്തുമസ് രാത്രികൾ ആയിരുന്നില്ല ഞങ്ങളുടെ ക്രിസ്തുമസ് രാത്രികൾ . മണ്ണെണ്ണ വെളിച്ചത്തിൽ വെട്ടം കണ്ടു ഉറങ്ങിയിരുന്നവർ ഒരുപിടി വെട്ടം കൂടുതൽ കാണുന്നത് അന്നത്തെ ക്രിസ്തുമസ് ദിനങ്ങളിൽ മാത്രമായിരുന്നു .

ഇന്നത്തെ പോലെ വിഷപുകയേറ്റ് കറപുരളാത്ത മനസുകളിലേക്ക് ഒരു ക്രിസ്തുമസ് കൊണ്ടുവന്നിരുന്ന ശാന്തിയും സമാധാനവുമൊന്നും അത്ര ചെറുതായിരുന്നില്ല . അന്നത്തെ ജനതയ്ക്ക് ക്രിസ്തുമസ് എന്നാൽ സ്വന്തം വീട്ടിൽ ഒരു ഉണ്ണി പിറന്നതിന് സമാനമായിരുന്നു. അന്നു മാത്രമായിരുന്നു പലവീടുകളിലും ഇച്ചിരി പോത്തിറച്ചി മണം പരന്നിരുന്നത്‌. ആ രാത്രി മാത്രമായിരുന്നു പലകുഞ്ഞുങ്ങളും ഇച്ചിരി മധുരം നുകർന്നിരുന്നത് .

ഉണ്ണിയുടെ വരവിനായി വീടും നാടും ലോകവും ഒരുപോലെ ഒരുങ്ങിയിരുന്ന അന്നാളുകൾ. മുളങ്കമ്പുകളും വർണ കടലാസുകളും കൊണ്ട് നകഷത്രമുണ്ടാക്കി അതിൽ തട്ടാതെ മറിയാതെ കൊളുത്തി വയ്ക്കുന്ന മെഴുതിരിക്കുള്ള അവാർഡ് ആ വീട്ടിലെ അപ്പനുമാത്രം സ്വന്തം. കാരണം കാറ്റടിച്ചാൽ മരക്കൊമ്പിൽ ഇരുന്നാളിക്കത്തുന്ന നക്ഷത്രങ്ങൾ ധാരാളമുണ്ടായിരുന്നു അന്നാ നാടുകളിൽ .

ഉണ്ണിയുമായി വന്നിരുന്ന പള്ളിയിലച്ചനും , ഉണ്ണിയെ മുത്താൻ കാത്തിരുന്ന കുഞ്ഞുങ്ങളും , വീട്ടിൽ വരുന്നവരെ എതിരേൽക്കാൻ ചുക്കുകാപ്പിയും ഒരു കുഞ്ഞു കഷ്ണം കേക്കുമായി കാത്തിരുന്നു. വേദനിച്ചവനുടെ ദീർഘശ്വാസം വിട്ടു മറ്റുള്ളവരെ മാത്രം സംത്രപ്തരാക്കിയിരുന്ന ഒട്ടേറെ അമ്മമാരും ധാരാളമുണ്ടായിരുന്നു ഓരോ വീട്ടിന്റെ കോണുകളിലും . .

അന്നാരും കൊടുക്കുന്ന പണത്തിന്റെ കനം നോക്കിയിരുന്നില്ല ….
കട്ടൻ കാപ്പികളിൽ ലഹരി കലർന്നിരുന്നില്ല …..
പാട്ടുകളിൽ സിനിമാ ഗാനം കൂട്ട് ചേർത്തിരുന്നില്ല ….

പകരം വീട്ടുകാർ ഉപവാസമെടുത്തും …
സത്പ്രവർത്തികളിലൂടെയും സുകൃത ജപത്തിലൂടെയുമൊക്കെ ഉണ്ണിക്ക് കുപ്പായവും കിടക്കയും തലയിണയും മെത്തയും ഉണ്ടാക്കി കാത്തിരുന്ന കുഞ്ഞു കുട്ടികളുണ്ടായിരുന്നു നമുക്കധികവും ….
അന്നത്തെ ദിവസത്തിൽ മാത്രമായി ആളി പുകഞ്ഞിരുന്ന അടുപ്പുകളും …
അന്ന് മാത്രമായി അമ്മച്ചിയെ പേടിച്ചു ഒച്ചയുണ്ടാക്കിയിരുന്ന കോഴികളും താറാവുകളും….
അന്നുമാത്രമായി അമ്മക്ക് ചുറ്റും ഇഷ്ടം കൂടുന്ന വീട്ടലെ പട്ടിയും പൂച്ചയും ….
അന്ന് മാത്രമായി രുചിച്ചിരുന്ന കറുത്ത നിറമുള്ള കേക്കിന്റെ രുചിയുമൊക്കെ ഇന്ന് ഒരു പിടി ഓർമ്മകൾ മാത്രമായി ….

പകരമിന്ന് …
ഉണ്ണിയെ കാണാൻ തൊട്ടു തൊഴുതാൻ മാത്രമായ് ഉറക്കമുണർന്നിരുന്നിരുന്ന ഉണ്ണികൾക്ക് പകരം നാമിന്ന് ഉണ്ണീശോയെ അവർക്കായി നേരത്തെ ജനിപ്പിക്കുന്നു …..
വാദ്യഘോഷ ആരവമുമായി വന്നിരുന്ന പള്ളിലച്ചന് പകരമിന്ന് നേർച്ചക്കാശിൻ റെസീപ്റ്റുകളുടെ കനം കൂട്ടി അളന്നു മേടിക്കുന്നു ……
കുമ്പകുലുക്കി മീശപിരിച്ചു വന്നിരുന്ന പാപ്പാമാർക്കു പകരമിന്ന് ലഹരികളുടെ താളമനുസരിച്ചു തുള്ളിവരുന്ന പേക്കോലങ്ങൾ അതേറ്റെടുക്കുന്നു ….
പാതിരാ കുർബാനകൾ ഇഷ്ട സമയം തീരുമാനിക്കുന്നു ….
പാടവും ചെളിയും ചവുട്ടി മലകൾ കേറിയിറങ്ങി വന്നിരുന്ന നാട്ടാരും ഇന്ന് പതുക്കെ പതുക്കെ പിന്നോട്ട് പോയിരിക്കണു …..

മനസ്സിൻറെ കോണിൽ ഒളിമങ്ങാതെ തിളങ്ങി നിൽക്കുന്ന മണ്ണെണ്ണ വിളക്കും , ‘അമ്മ നുള്ളി തന്ന ആ ഒരു തരി പ്ലം കേക്കിന്റെ മാധുര്യവും ഓർമ്മകൾ മാത്രമായി അയവിറക്കുന്ന തലമുറകളുടെ ബാക്കി ശേഷിപ്പായ ചുരുക്കം ചിലരിൽ ഇത് വായിക്കുമ്പോൾ നെഞ്ചിടിപ്പ് കൂടി മുഖം ചുമക്കുന്ന ആ തലമുറയും നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുകയാണ് ….

എല്ലാ വായനക്കാർക്കും പഴമയുടെ മധുരത്തിൽ ചാലിച്ച ക്രിസ്തുമസ് പുതുവത്സര ആശംസകൾ……

RECENT POSTS
Copyright © . All rights reserved