Latest News

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദം കാരണമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. റോയിക്ക് ശത്രുക്കളോ ഭീഷണിയോ സാമ്പത്തിക ബാധ്യതകളോ വിഷാദമോ ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ സി.ജെ. ബാബു പറഞ്ഞു. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ പരിശോധനകളുടെ കടുത്ത സമ്മർദത്തിലാണ് റോയി ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ റോയിയുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് ബാബു ആരോപണം ഉന്നയിച്ചത്. വെള്ളിയാഴ്ച രാവിലെ റോയി രണ്ടുതവണ ഫോൺ വിളിച്ച് താൻ കടുത്ത സമ്മർദത്തിലാണെന്നും ഉടൻ ബെംഗളൂരുവിലെത്തണമെന്നും ആവശ്യപ്പെട്ടതായി ബാബു പറഞ്ഞു. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നാണ് അദ്ദേഹം എത്തിയത്. 2025 ഡിസംബർ മൂന്നിന് ആദായനികുതി ഉദ്യോഗസ്ഥർ ആദ്യം പരിശോധനയ്ക്കെത്തിയതായും, ജനുവരി 28-ന് വീണ്ടും പരിശോധന നടത്തിയതായും ബന്ധുക്കൾ പറഞ്ഞു. ദുബായിലുണ്ടായിരുന്ന റോയിയെ ഇതിന്റെ ഭാഗമായാണ് ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയത്.

ഇതിനിടെ, റോയിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിച്ചതായി കർണാടക സർക്കാർ അറിയിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (സൗത്ത്) ലോകേഷ് ജഗൽസാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും ഉപയോഗിച്ച തോക്കും പോലീസ് കസ്റ്റഡിയിലെടുത്തു. തോക്ക് ഫൊറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ദുബായിലായിരുന്ന ഭാര്യ ലിനി റോയിയും മക്കളായ രോഹിത്തും റിയയും ശനിയാഴ്ച പുലർച്ചെ ആശുപത്രിയിലെത്തി.

വാഷിങ്ടൺ/ന്യൂഡൽഹി: അന്തരിച്ച അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചതായി റിപ്പോർട്ട്. എപ്സ്റ്റീന്റെ ബന്ധവലയത്തിലുണ്ടായിരുന്ന ശക്തരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി.

എന്നാൽ, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പേര് പറയുന്ന ചില ഇമെയിൽ സന്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ അവ ഒരു കുറ്റവാളിയുടെ പാഴ്വാക്കുകൾ മാത്രമാണെന്നും മന്ത്രാലയ വക്താവ് രൺധീർ സിങ് ജയ്‌സ്വാൾ പറഞ്ഞു. 2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചതെന്ന വസ്തുത ഒഴികെ, മറ്റ് പരാമർശങ്ങൾ യാഥാർഥ്യമില്ലാത്തതാണെന്നും അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇത് ‘ദേശീയ അപമാനം’ ആണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. പ്രധാനമന്ത്രിയും ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയും തമ്മിൽ ബന്ധമുണ്ടെന്ന സൂചനകൾ രേഖകളിൽ കാണുന്നുവെന്നും, ഇതിൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ദശലക്ഷത്തിലധികം പേജുകളും ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടുന്ന ഈ രേഖകൾ ഡെപ്യൂട്ടി യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലാണ് പുറത്തുവിട്ടത്.

കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്സ് എംഡി സാബു എം ജേക്കബ് നിയമനോട്ടീസ് അയച്ചു. ചാനൽ വ്യാജ വാർത്തകൾ നൽകി തന്നെ മന:പ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് നടപടി. ‘ന്യൂസ് ചാനൽ കൈയിലുണ്ടെന്നു കരുതി ആരെയും കരിവാരിത്തേക്കാമെന്ന് കരുതരുത്’ എന്നും സാബു എം ജേക്കബ് പറഞ്ഞു.

റിപ്പോർട്ടർ ടിവി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കിറ്റക്സ് കയറ്റുമതി ചെയ്തുവെന്ന ആരോപണം പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വസ്തുതയും പരിശോധിക്കാതെയാണ് ചാനൽ വാർത്ത നൽകുന്നതെന്നും, ഒരു ചാനലിൽ ഇരുന്ന് തന്നെ മോശമാക്കാൻ ശ്രമിക്കുകയാണെന്നും സാബു എം ജേക്കബ് ആരോപിച്ചു.

ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നതെന്നും ബ്രോഡ്കാസ്റ്റിംഗ് സർട്ടിഫിക്കറ്റ് പുറത്തു വിടണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടു. ആൻ്റോ അഗസ്റ്റിൻ ഉൾപ്പെടെ 16 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെറ്റായ വാർത്ത നൽകുന്ന ചാനലുകളെ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും സംഘത്തിലുണ്ട്. ആദായനികുതി ഉദ്യോഗസ്ഥരുടെ നടപടികളാൽ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടതായാണ് റോയിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാൽ, ഐടി ഉദ്യോഗസ്ഥർ ആരോപണം നിഷേധിച്ചു.

സംഭവത്തിൽ രാഷ്ട്രീയ പ്രതികരണങ്ങളും ശക്തമാണ്. കേന്ദ്ര ഏജൻസികളുടെ വേട്ടയാടലാണ് മരണകാരണമെന്നു സിപിഎം ആരോപിച്ചു. സംഭവത്തിലെ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണം വേണമെന്നു കോൺഗ്രസും ആവശ്യപ്പെട്ടു. റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ സമീപനം ഉണ്ടായില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ടു.

അതേസമയം, എല്ലാ നിയമങ്ങളും പാലിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. റോയിയുടെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തിൽ നേരത്തേ പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധന തുടരുന്നതിനിടെയാണ് റോയ് ഓഫീസിൽ എത്തി സ്വന്തം മുറിയിൽ കയറി ആത്മഹത്യ ചെയ്തതെന്നാണ് ഐടി വൃത്തങ്ങളുടെ വിശദീകരണം. സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

റോയിയുടെ മരണം ആഘോഷിക്കുന്നവരോട്…
മനുഷ്യന്റെ പുറമെ കാണുന്ന തിളക്കമല്ല അവന്റെ ഉള്ളിലെ ലോകം. കയ്യിൽ കോടികളുണ്ടെങ്കിലും മനസ്സിൽ ഇരുട്ടു പടരാം. ദാരിദ്ര്യം തളർത്തുന്നതുപോലെ തന്നെ ഭയാനകമാണ് ഒറ്റപ്പെടലും മാനസിക സമ്മർദ്ദവും. പലപ്പോഴും ലോകം മുഴുവൻ കീഴടക്കിയവർക്ക് സ്വന്തം മനസ്സിനെ കീഴടക്കാൻ കഴിയാതെ പോകുന്നു. എന്തുകൊണ്ട്?

കാരണം പുറംലോകത്തെ വെല്ലുവിളികൾ നേരിടാൻ പഠിച്ചവർ പലപ്പോഴും സ്വന്തം വികാരങ്ങളെ (Anger, Fear, Sadness) കൈകാര്യം ചെയ്യാൻ പഠിച്ചിട്ടുണ്ടാകില്ല. ബിസിനസ്സിലോ കരിയറിലോ വിജയിക്കുന്നതുപോലെ എളുപ്പമല്ല സ്വന്തം മനസ്സിനെ ശാന്തമാക്കുന്നത്. അതിന് വലിയ തോതിലുള്ള ആത്മപരിശോധനയും ക്ഷമയും ആവശ്യമാണ്. ഞാൻ സന്തുഷ്ടനാണ് എന്ന് ലോകത്തെ കാണിക്കാൻ വേണ്ടി ധരിക്കുന്ന മുഖംമൂടികൾ (Social Masks) പിന്നീട് വലിയൊരു ഭാരമായി മാറും. ഉള്ളിലെ സംഘർഷങ്ങൾ ആരോടും പറയാൻ കഴിയാതെ വരുമ്പോൾ മാനസിക സമ്മർദ്ദം ഇരട്ടിയാകുന്നു.

സെറോടോണിൻ (Serotonin) പോലുള്ള ‘ഹാപ്പി ഹോർമോണുകളുടെ’ കുറവ് ഒരാളെ നിരാശയുടെ അഗാധതയിലേക്ക് തള്ളിയിട്ടേക്കാം. എന്നാൽ, ഇരുട്ടുള്ളിടത്തെല്ലാം വെളിച്ചത്തിന് സ്ഥാനമുണ്ട് എന്നത് മറന്നുകൂടാ….

പക്ഷേ ഇന്ന് നമുക്ക് ചുറ്റും ഇരുട്ട് കൂടുതലാണ്… അതിനാൽ ഇന്നത്തെ കാലത്ത് വാർത്തകൾ. സിനിമകൾ …കാഴ്ചകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക…കാരണം നമ്മുടെ മനസ്സ് ഒരു വെളുത്ത കടലാസ് പോലെയാണ്. അവിടെ എന്ത് എഴുതണം എന്നത് നമ്മൾ തീരുമാനിക്കണം. ആത്മഹത്യയെക്കുറിച്ചുള്ള വാർത്തകൾ ആവർത്തിച്ച് കേൾക്കുമ്പോഴോ വായിക്കുമ്പോഴോ, അറിയാതെ തന്നെ അത് നമ്മുടെ ഉപബോധമനസ്സിൽ ഒരു ‘രക്ഷാമാർഗ്ഗമായി’ (Escape Mechanism) പതിഞ്ഞേക്കാം…

നെഗറ്റീവ് വാർത്തകൾക്ക് പോസിറ്റീവ് വാർത്തകളേക്കാൾ വേഗത്തിൽ നമ്മുടെ തലച്ചോറിനെ കീഴ്പ്പെടുത്താൻ കഴിയും. ഇത് മനുഷ്യസഹജമാണ്. അതുകൊണ്ട് തന്നെ, സോഷ്യൽ മീഡിയയിലും മറ്റും ഇത്തരം വാർത്തകൾ പങ്കുവെക്കുമ്പോൾ നാം അതീവ ജാഗ്രത പാലിക്കണം. ഇന്നത്തെ ഒരു ദുരന്തത്തെ ആഘോഷമാക്കുന്നതിന് പകരം, അതിജീവിക്കാൻ ശ്രമിക്കുന്നവരുടെ കഥകൾ വായിക്കാനും പങ്കുവെക്കാനും ശ്രമിക്കുക. നിങ്ങളുടെ മനസ്സിന്റെ വാതിൽ ആർക്കുവേണ്ടി തുറന്നു കൊടുക്കണം എന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്. അവിടെ പ്രകാശം നിറയ്ക്കുക,ഇരുട്ടിനെ പടരാൻ അനുവദിക്കരുത്….

 

ബെംഗളൂരു: ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന് കോറമംഗലിലെ സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിൽ നടക്കുന്നു. രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലേക്ക് എത്തിക്കും. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടായിരിക്കും; അതിന് ശേഷം തന്നെ സംസ്കാരം നടക്കും.

മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നതായി അറിയിച്ചിരിക്കുന്നു. ഇന്‍കംടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായതിനെ തുടർന്ന് മരണത്തിന് കാരണമാകാം എന്നുള്ള പരാതി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പൊലീസിൽ നൽകിയിരുന്നു. കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയും, ഗ്രൂപ്പ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകൾ പരിശോധിക്കുന്നതും ഇന്നാണ് നടക്കുന്നത്. ബെംഗളൂരു സെൻട്രൽ ഡിസിപിക്ക് അന്വേഷണം ചുമതലയായി നൽകി.

കോൺഫിഡന്റ് ഗ്രൂപ്പ് ഓഫിസുകളിൽ നടത്തിയ മൂന്ന് ദിവസത്തെ ഐടി റെയ്ഡിൽ ബെംഗളൂരു ലാംഫോർഡ് റോഡിലെ റിച്ച്മണ്ട് സർക്കിളിന് സമീപം റോയിയെ ജീവനോടെ കണ്ടെത്തിയിരുന്നു. റെയ്ഡിനിടെ അദ്ദേഹം വെടിയുതിർത്ത് ആത്മഹത്യ ചെയ്തുവെന്ന് വിവരം ലഭിച്ചു. നികുതി വെട്ടിപ്പ് ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ, ഔദ്യോഗിക പരിശോധനകളും, വ്യക്തിപരമായ ഫോണുകൾ, വെടിയുതിര്‍ത്ത തോക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആത്മഹത്യ കുറിപ്പ് ഉണ്ടായിരുന്നോ എന്നും, സാമൂഹിക മാധ്യമ ഇടപെടലുകളും പരിശോധിക്കാനാണ് നടപടികൾ.

തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഉത്സവം. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ–ന്യൂസീലൻഡ് ടീമുകൾ ശനിയാഴ്ച രാത്രി 7ന് ഏറ്റുമുട്ടും. സ്വന്തം നാട്ടിൽ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന സഞ്ജു സാംസണിനെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഒറ്റദിവസംകൊണ്ട് ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നതോടെ മത്സരത്തിന് മുമ്പേ തന്നെ കാര്യവട്ടം റെക്കോർഡ് ആവേശത്തിലായി. ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. നെറ്റ്സിൽ സഞ്ജു സാംസൺ ആകർഷകമായ ഷോട്ടുകളോടെ ശ്രദ്ധ നേടി. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ബാറ്റിങ് പരിശീലനം നടത്തി. അക്ഷർ പട്ടേൽ, ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലൻഡ് ടീം ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പരിശീലനം നടത്തി; ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര എന്നിവർ നെറ്റ്സിലിറങ്ങി.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ്ങിന് പ്രത്യേക ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ടീം ജഴ്‌സി ഉൾപ്പെടെയുള്ള വിൽപ്പന ആരംഭിച്ചതോടെ കാര്യവട്ടം കളിപ്പൂരത്തിന്റെ നിറത്തിലേക്ക് മാറി.

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എങ്ങോട്ടുമില്ലെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളത്തിലെത്തിയ തരൂര്‍, വര്‍ഗീയതക്കും ഭിന്നിപ്പിക്കലിനുമെതിരെ രാജ്യത്തുയരുന്ന ശക്തമായ ശബ്ദമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് പറഞ്ഞു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശശി തരൂര്‍ പാര്‍ട്ടിയുടെ മുഖമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.

പിണക്കം മാറ്റി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലൈനിലേക്ക് മടങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെപിസിസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗാന്ധി രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് വേദികളില്‍ സജീവമാകുമെന്ന സന്ദേശവും അദ്ദേഹം നല്‍കി. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഇടം വേണമെന്ന് രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ തരൂര്‍ ആവശ്യപ്പെട്ടതായും, തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമാകണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയതായും സൂചനകളുണ്ട്.

കേരളത്തിലെ നേതൃത്വം തന്നെ അകറ്റിനിര്‍ത്തുകയാണെന്ന പരാതിയും മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നയാളെന്ന പ്രചാരണവും തരൂര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഒരിക്കലും വിമത നീക്കം നടത്തിയിട്ടില്ലെന്നും സിപിഎമ്മിലേക്കെന്ന പ്രചാരണം പോലും പാളയത്തിലെ പ്രചാരണയുദ്ധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു. തരൂരിനെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകണമെന്ന സന്ദേശം ഹൈക്കമാന്‍ഡ് കേരള നേതൃത്വത്തിനും എഐസിസിക്കും നല്‍കിയതോടെ, നേരത്തെ അകലം പാലിച്ചിരുന്ന സംസ്ഥാന നേതാക്കളും നിലപാട് മാറ്റുന്നുവെന്നാണ് വിലയിരുത്തല്‍. മഹാപഞ്ചായത്തിലെ അപമാനം ഫലത്തില്‍ തരൂരിന് പാര്‍ട്ടിയില്‍ പുതിയ രാഷ്ട്രീയ ഇടം തുറന്നുകൊടുത്തുവെന്ന വിലയിരുത്തലും ശക്തമാകുന്നു.

ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനുമായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് (56) ബെംഗളൂരുവിൽ മരിച്ചു. തൃശൂർ സ്വദേശിയായ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ. റോയ്, സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചാണ് മരിച്ചതെന്നതാണ് പ്രാഥമിക വിവരം. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് സംഭവം നടന്നത്.

കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരിക്കുകയാണ്. ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥാപനങ്ങളിൽ പരിശോധനകൾ നടന്നുവരികയായിരുന്നു എന്നും ഇതിനെ തുടർന്ന് അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തിന് പുറമെ സിനിമ നിർമാതാവായും സി.ജെ. റോയ് പ്രവർത്തിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണം തുടരുന്നതിനൊപ്പം പുറത്തുവരുമെന്നാണ് സൂചന.

കോഴിക്കോട്: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (63) അന്തരിച്ചു. പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദില്ലിയിൽ ഉണ്ടായിരുന്ന പി.ടി. ഉഷ വിവരം അറിഞ്ഞ ഉടൻ നാട്ടിലേക്ക് തിരിച്ചു. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയിൽ എത്തി. ശ്രീനിവാസന്റെ വിയോഗവാർത്ത കായിക-രാഷ്ട്രീയ മേഖലകളിൽ വലിയ ദുഃഖം സൃഷ്ടിച്ചു.

പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ മുൻ കബഡി താരമായിരുന്നു. പിന്നീട് സിഐഎസ്എഫിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച അദ്ദേഹം കായിക രംഗത്തോടുള്ള ബന്ധം ജീവിതകാലം മുഴുവൻ നിലനിർത്തിയിരുന്നു.

Copyright © . All rights reserved