Latest News

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരാധനാക്രമ ബൈബിൾ ക്വിസ് മത്സരത്തിന് ഉജ്വല പരിസമാപ്തി . രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും , പിന്നീട് റീജിയണൽ തലങ്ങളിലും വിജയികളായ നാല്പത്തി മൂന്നു ടീമുകളെ പങ്കെടുപ്പിച്ച് ലിവർപൂൾ സമാധാന രാജ്ഞി ദേവാലയ ഹാളിൽ ലൈവ് ആയി നടന്ന മത്സരത്തിൽ ഹേവാർഡ്‌സ് ഹീത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ നിന്നുള്ള ജോമോൻ ജോൺ , ബിബിത കെ ബേബി ദമ്പതികൾ അടങ്ങിയ ടീം മൂവായിരം പൗണ്ടും , ട്രോഫിയും , സർട്ടിഫിക്കറ്റും അടങ്ങിയ ഒന്നാം സമ്മാനത്തിന് അർഹരായി .മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ അംഗമായ ഷാജി കൊച്ചുപുരയിൽ , ജെൻസി ഷാജി ദമ്പതികൾക്ക് രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും , ട്രോഫിയും , സർട്ടിഫിക്കറ്റും , ന്യൂ കാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ അംഗങ്ങളായ ജിസ് സണ്ണി , ജിന മരിയ സണ്ണി മാറാട്ടുകളം സഹോദരങ്ങൾ എന്നിവർ മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും , സർട്ടിഫിക്കേറ്റിനും യഥാക്രമം അർഹരായി .

ആരാധന ക്രമ വർഷത്തിൽ രൂപതയയിലെ മുഴുവൻ കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ ക്വിസ് മത്സരം കുടുംബങ്ങളുടെ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി . ഫൈനലിസ്റ്റുകളായ 44 ടീമുകൾക്കും , വിജയികൾക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു . റീജിയണൽ തലത്തിൽ എൺപതു ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയവർക്കുള്ള സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു . ആരാധന ക്രമ ക്വിസ് മത്സരത്തിൽ മുന്നിലെത്തിയവർ ആരാധനാക്രമ ബദ്ധമായ ജീവിതം നയിക്കുവാൻ എല്ലാവർക്കും മാതൃക ആകണമെന്ന് ആരാധനക്രമ വർഷ സമാപന സമാപന സന്ദേശം നൽകികൊണ്ട് അഭി വന്ദ്യ പിതാവ് ഉത്‌ബോധിപ്പിച്ചു .

സമാപന സമ്മേളനത്തിൽ ആരാധന ക്രമ കമ്മീഷൻ ചെയർമാൻ റെവ. ഡോ ബാബു പുത്തൻപുരക്കൽ സ്വാഗതം ആശംസിക്കുകയും , കമ്മീഷൻ അംഗം ഡോ . മാർട്ടിൻ ആന്റണി കൃതജ്ഞത പ്രകാശനവും
നടത്തി . ചങ്ങനാശ്ശേരി അതിരൂപത അംഗവും ബാരോ ഇൻ ഫെർനെസ് ഇടവക സഹ വികാരിയും ആയ റെവ ഫാ . നിതിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ .പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യുവിന്റെ നേതൃത്വത്തിൽ ആരാധന ക്രമ കമ്മീഷൻ അംഗങ്ങൾ ആയ ഫാ. ജിനു മുണ്ടുനടക്കൽ , റെവ. ഡീക്കൻ ജോയ്‌സ് പള്ളിക്യമ്യാലിൽ , ശ്രീമതി ജെയ്‌സമ്മ , ഷാജുമോൻ ജോസഫ് , സുദീപ് ,എന്നിവർ ക്വിസ് മത്സരങ്ങൾഏകോപിപ്പിച്ചു .ലിവർപൂൾ സമാധാന രാജ്ഞി ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ , കൈക്കാരൻമാർ , വോളണ്ടീയർ ടീം അംഗങ്ങൾ എന്നിവർ സമാപന പരിപാടികൾക്ക് നേതൃത്വം നൽകി .

ന്യൂസ് ഡെസ്ക് മലയാളം യുകെ

അവര്‍ ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക്. ഉത്തരാഖണ്ഡിലെ സില്‍ക്‌യാരയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.05-ഓടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. ഒന്നരമണിക്കൂറ് കൊണ്ടാണ് ദൗത്യം സമ്പൂര്‍ണവിജയം കണ്ടത്. തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലന്‍സിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവന്നത്. തൊഴിലാളികളെ പുറത്തെത്തിച്ചതിന് പിന്നാലെ പ്രദേശവാസികള്‍ മധുരവിതരണം നടത്തി.

അപകടം നടന്ന് 17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നവംബര്‍ 12-ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.

രക്ഷാദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ യന്ത്രങ്ങളില്ലാതെ മനുഷ്യര്‍ നടത്തിയ തുരക്കലിലൂടെയാണ് തൊഴിലാളികള്‍ക്ക് സമീപത്തേക്ക് എത്താനായത്. റാറ്റ് ഹോള്‍ മൈനിങ് എന്ന രീതിയാണ് ഇതിനായി അവലംബിച്ചത്. ഇതിനൊപ്പം തുരങ്കത്തിന് മുകളില്‍ നിന്ന് കുത്തനെ തുരന്ന് മറ്റൊരു രക്ഷാമാര്‍ഗവും തുറന്നിരുന്നു. പുറത്തെത്തിച്ച തൊഴിലാളികളെ സ്ഥലത്ത് സജ്ജമാക്കിയിരുന്ന ആംബുലന്‍സുകളില്‍ കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും. ആശുപത്രിയില്‍ കട്ടിലുകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും നേരത്തേ തന്നെ ഒരുക്കിയിരുന്നു.

അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചാണ് അതീവ ദുഷ്‌കരമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്കകം ഓഗര്‍ മെഷീന്‍ തകരാറായി. ഇതോടെയാണ് യന്ത്രസഹായത്തോടെയുള്ള ഡ്രില്ലിങ്ങിന് പുറമെ റാറ്റ് ഹോള്‍ മൈനിങ് സ്വീകരിച്ചത്. ഇത് കൂടാതെയാണ് വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങും നടത്തിയത്. തൊഴിലാളികള്‍ കുടുങ്ങിയ ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്, ഓക്‌സിജന്‍ എന്നിവ എത്തിക്കാന്‍ ആരംഭിച്ചിരുന്നു. ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് അകത്ത് കടത്തിയാണ് ഇവ എത്തിച്ചത്. കൂടാതെ ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തകരും കുടുബാംഗങ്ങളുമായി സംസാരിക്കാനുള്ള സംവിധാനങ്ങളടക്കം ഈ പൈപ്പ് വഴി ഒരുക്കിയിരുന്നു.

എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, ബി.ആര്‍.ഒ, ചാര്‍ധാം പദ്ധതി നടപ്പാക്കുന്ന എന്‍.എച്ച്.ഐ.ഡി.സി.എല്‍, ഐ.ടി.ബി.പി, സൈന്യം തുടങ്ങി നിരവധി പേര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ചാര്‍ധാം പദ്ധതിയുടെ ഭാഗമായി ദേശീയപാത 134-ല്‍ നിര്‍മ്മിക്കുന്ന 4.531 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് സില്‍കാരയിലെത്. 1119.69 കോടി രൂപയാണ് തുരങ്കത്തിന്റെ നിര്‍മ്മാണ ചെലവ്. ഭൂമി ഏറ്റെടുക്കലും പുനരധിവാസവും ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ആകെ ചെലവ് 1383.78 കോടി രൂപയാകും. നാല് വര്‍ഷമാണ് നിര്‍മ്മാണ കാലാവധി.

ബാബുരാജ് കളമ്പൂർ

കടലൊരെണ്ണം ഞാൻ കുടിച്ചു തീർത്തിട്ടും
കരളിലെയഗ്നിയണഞ്ഞതേയില്ല..
ഒരു തുലാവർഷം നനഞ്ഞു തീർത്തിട്ടും
ഹൃദയത്തിൻ താപം കുറഞ്ഞതേയില്ല..

കനൽ പുകയുന്ന മൊഴികൾ കേട്ടുകേ-
ട്ടുരുകിപ്പോയൊരെൻ ചെവിപ്പടിക്കൽ നിൻ
നനുത്ത വാക്കുകൾ പിടഞ്ഞു വീണതും..
മരിച്ച മോഹത്തിൻ ചുടലച്ചാമ്പലും
വഹിച്ചൊരു കാറ്റു കിതച്ചണഞ്ഞെന്റെ
മനസ്സിൻ വാതില്ക്കൽ കരഞ്ഞു നിന്നതും…
തുരുമ്പു കേറിയ മണിച്ചിത്രത്താഴു
തുറക്കാനാവാതെ തിരിച്ചു പോയതും..
അറിഞ്ഞതില്ല ഞാൻ.. ഉണർന്നതില്ല ഞാൻ.
കനത്ത ഖേദത്തിലുറഞ്ഞുപോകയാൽ..

കരയുവാൻ പോലുമരുതാതെ മൗന
ച്ചിതല്പുറ്റിന്നുള്ളിലൊളിച്ചിരിക്കുമ്പോൾ..
ഒഴുകിപ്പോയൊരപ്പഴമ്പുഴതന്റെ
സ്മരണകൾ തേടിപ്പറക്കും ഹൃത്തിലെ
ക്കിളികളൊക്കെയുമുറക്കെക്കേഴുമ്പോൾ..
കനവുകൾ വറ്റിക്കവിതയും വറ്റി
പ്പുതിയകാലത്തെപ്പുതിയ രീതിക-
ളറിയാതങ്ങനെ തളർന്നിരിക്കുമ്പോൾ..

മരിക്കും ഹൃത്തിന്റെ മിടിക്കും കോണിൽനി-
ന്നൊരു ചെറുകിളി ചിറകടിക്കുന്നു.
ഇരുണ്ട രാവിലെച്ചെറു മിന്നാമ്മിന്നി
ത്തിളക്കംപോലെ വന്നടുത്തു കൂടുന്നു.
കരൾ കൊത്തിത്തുറന്നകത്തു കേറിയ-
ക്കിളി പ്രതീക്ഷതൻ വചനമോതുന്നു.
ഇരുളു മാ,ഞ്ഞിറ്റു വെളിച്ചം വീശുന്ന
പുതുപ്രഭാതത്തിൻ പടം വരയ്ക്കുന്നു.

അതു കാണാൻ മനം കൊതിച്ചു ഞാനെന്റെ
തെളിയാക്കണ്ണുകൾ തിരുമ്മിനോക്കുന്നു..
അഴലിൻ പാടകൾ വലിച്ചുനീക്കി ഞാൻ
തിമിരം മാറ്റുവാൻ ശ്രമം നടത്തുന്നു..

ബാബുരാജ് കളമ്പൂർ

കവി / നോവലിസ്റ്റ് / പരിഭാഷകൻ.

തമിഴ്, മലയാളം എന്നീ ഭാഷകളിൽ എഴുതുന്നു.

മഹാഭാരതം,വാല്മീകിരാമായണം എന്നിവയുടെ സമ്പൂർണ്ണ പുനരാഖ്യാനങ്ങൾ..

കല്ക്കിയുടെ ശിവകാമിയിൻ ശപഥം, പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ,
തമിഴ്നാട് മുൻ മുഖ്യമന്ത്രി,എം കരുണാനിധിയുടെ തിരുക്കുറൾ വ്യാഖ്യാനം എന്നീ കൃതികളുടെ മലയാള പരിഭാഷ.. വാരണാവതം, തീമഴക്കാലം , പശ്ചിമായനം എന്നീ നോവലുകൾ, ഇവയുൾപ്പടെ ഇരുഭാഷകളിലുമായി അമ്പത്തി ഏഴു കൃതികളുടെ രചയിതാവ്.

എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂരിൽ താമസം.

ജോഷി ചിത്രം ‘ആന്റണി’ ഡിസംബർ ഒന്നിന് യുകെ തിയേറ്ററുകളിൽ; പ്രീമിയർ നവംബർ 30ന്

മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ആൻ്റണി യുകെ തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ യുകെ മലയാളിയായ ഐൻസ്റ്റീൻ സാക് പോൾ ആണ്, ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രത്തിലെ കോംബോ ജോജു ജോർജ്ജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർക്ക് ഒപ്പം കല്ല്യാണി പ്രിയദർശനെയും അണിനിരത്തി “ആൻ്റണി” നിർമ്മിച്ചിരിക്കുന്നത്.

ഡിസംബർ ഒന്നിന് വേൾഡ് വൈഡ് റിലീസ് ആയി തീയറ്ററുകളിൽ എത്തുന്ന ചിത്രം, ബർമിംഹാമിൽ നവംബർ 30ന് പ്രീമിയർ ഷോയോട് കൂടി ആരംഭിക്കുന്നു. യുകെ മലയാളികളായ ഷിജോ ജോസഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ചിത്രത്തിൽ ഗോകുൽ വർമ, കൃഷ്ണരാജ് രാജൻ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ആൻ്റണിയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

സിനിവേൾഡ്, ഒഡിയോൺ, വ്യൂ എന്നീ തീയറ്റർ ശ്രുംഘലകളിൽ ആർ.എഫ്.ടി ആണ് പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിൻ്റെ പ്രമോയുടെ ഭാഗമായി ജോജുവും കല്യാണിയും ചെമ്പനും വേൾഡ് മലയാളി കൗൺസിലിൻ്റെ വള്ളം കളിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നത് യുകെ യിൽ ഈ ചിത്രത്തിന് ഏറെ ജനപ്രീതി നൽകിയിരുന്നു.

ജോഷിയുടെ മുൻ ചിത്രങ്ങളിലെ പോലെ മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന ചിത്രമായിരിക്കും ആൻ്റണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രെയിലർ, പാട്ടുകൾ എന്നിവ ആരാധർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

പൊറിഞ്ചു മറിയം ടീമിന് പുറമെ വിജയരാഘവൻ, ആശ ശരത്ത്, ബിനു പപ്പു, ജിനു ജോസഫ്, ഹരിശന്ത്, അപ്പാനി ശരത്ത്, സുധീർ കരമന തുടങ്ങി വൻ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

തിരക്കഥ: രാജേഷ് വർമ്മ, ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്,lപ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ എന്നിവരാണ് മറ്റു അണിയറ ശില്പികൾ.

പാട്ടഴകിന്റെ വിസ്മയ നിമിഷങ്ങള്‍ പകരാന്‍ നീലാംബരി സീസണ്‍ 4 എത്തുകയായ്. ഓരോ വര്‍ഷവും നീലാംബരിയിലേക്കുള്ള ജനപ്രവാഹം കൂടുന്നത് പരിഗണിച്ച് ഇക്കുറി കൂടുതല്‍ മികവുറ്റ സൗകര്യങ്ങളും വിപുലമായ സന്നാഹങ്ങളുമുള്ള പൂള്‍ ലൈറ്റ് ഹൗസിലാണ് പരിപാടി നടത്തുന്നത്. കൂടുതല്‍ ഇരിപ്പിടങ്ങളുള്ള ലൈറ്റ് ഹൗസിലെ അത്യാധുനിക വേദിയില്‍ 2024 ഒക്ടോബര്‍ 26 ന് നീലാംബരി കലാകാരന്‍മാര്‍ സംഗീത -നൃത്ത ചാരുതയുടെ ഭാവതലങ്ങള്‍ പകരുമ്പോള്‍ ആസ്വാദകാനുഭവം ആനന്ദമയമാകുമെന്ന് ഉറപ്പിക്കാം.

കലയുടെ ലയപൂര്‍ണിമ നുകരാന്‍ താങ്കളെയും കുടുംബത്തെയും ഏറെ സ്‌നേഹത്തോടെ നീലാംബരി സീസണ്‍ 4 ലേക്ക് സ്വാഗതം ചെയ്യുകയാണ്. മനസില്‍ മായാതെ കുറിച്ചിടാന്‍ തീയതി ചുവടെ ചേര്‍ക്കുന്നു.

2024 ഒക്ടോബര്‍ 26
Lighthouse
21 kingland Road, poole
BH15 1UG4

 

രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകള്‍ക്ക് അവസാനമായി.

കുട്ടിയെ പോലീസ് ഏറ്റെടുത്ത് കൊല്ലം എ.ആര്‍. ക്യാംപിലെത്തിച്ചു. വൈദ്യപരിശോധനകള്‍ക്ക് ശേഷം ഉടന്‍തന്നെ കുട്ടിയെ വീട്ടിലെത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറും.

ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടര്‍ന്ന് പേരുംവിവരങ്ങളും ചോദിച്ചപ്പോള്‍ അബിഗേല്‍ സാറാ റെജിയെന്ന് മറുപടിനല്‍കുകയും നാട്ടുകാര്‍ ഫോണില്‍ കാണിച്ചുനല്‍കിയ രക്ഷിതാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുടിക്കാന്‍ വെള്ളംനല്‍കി. ഉടന്‍തന്നെ പോലീസിലും വിവരമറിയിച്ചു.

തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.

നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകള്‍ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.

കൊല്ലത്തു നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തട്ടിക്കൊണ്ടു പോയ കുട്ടിയുടെ അച്ഛനും അമ്മയും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരാണ്. അച്ഛൻ റെജി ജോൺ കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിലും അമ്മ സിജി റെജി  കൊട്ടിയം കിംസ് ആശുപത്രിയിലും നേഴ്സുമാരാണ്.യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ആണ് റെജി ജോൺ .

17 മണിക്കൂർ പിന്നിട്ടിട്ടും കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ആറുവയസ്സുകാരി അബിഗേൽ സാറ റെജിയേക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. പാരിപ്പള്ളി, പള്ളിക്കൽ പ്രദേശങ്ങൾക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചുമാണ് ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണം നടത്തിയതെങ്കിലും, ഇപ്പോൾ മറ്റു ജില്ലകളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ, തിരുവനന്തപുരത്തെ ശ്രീകാര്യം, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തുകയും മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരിൽനിന്ന് കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-നാണ് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന്‌ പുറത്തേക്കു തള്ളിയിടുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയർ കാറിലാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി മോചനദ്രവ്യം ആവശ്യപ്പെട്ട് പാരിപ്പള്ളിയിലെ കടയിൽ നിന്ന് ഫോൺ വിളിച്ച സ്ത്രീയോടൊപ്പം കടയിലെത്തിയ വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കടയുടമയുടെ ഭാര്യ ​ഗിരിജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം ഒരുക്കിയത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ടോട്ടാ പുല്‍ക്ര, 2023 ഡിസംബര്‍ രണ്ടിന്‌ ബിര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 8.30 മുതല്‍ വൈകിട്ടു അഞ്ചു വരെ നടക്കും. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളില്‍ ഒരാളും വേള്‍ഡ് യൂണിയന്‍ ഓഫ് കാത്തലിക് വുമണ്‍സ് ഓര്‍ഗനൈസേഷന്‍ മുന്‍ പ്രെസിഡന്റുമായ ഡോ. മരിയ സെര്‍വിനോ രൂപതയിലെ സ്ത്രീകള്‍ക്ക് സന്ദേശം നല്‍കും.

രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ രൂപതയിലെ മറ്റു വൈദികരും ചേര്‍ന്ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന അർപ്പിക്കും. ഉദ്ഘാടന ചടങ്ങില്‍ പിതാവിനൊപ്പം രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് ഫാദര്‍ ആന്റണി ചുണ്ടെലിക്കാട്ട്, വിമന്‍സ് ഫോറം ചെയര്‍മാന്‍ ഫാദര്‍ ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ സിസ്റ്റര്‍ ജീന്‍ മാത്യു, പ്രസിഡന്റ് ഡോക്ടര്‍ ഷിന്‍സി മാത്യു തുടങ്ങിയവര്‍ സംസാരിക്കും.

പന്ത്രണ്ടു റീജിയനുകളിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സ്ത്രീകള്‍ നടത്തുന്ന കലാപരിപാടികള്‍ ഉച്ചയോടു കൂടി ആരംഭിക്കും. അന്നേ ദിവസം 2023 -2025 വര്‍ഷങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട രൂപത വിമന്‍സ് ഫോറം ഭാരവാഹികള്‍ക്ക് ഔദോഗികമായ സ്ഥാനമാറ്റവും നടക്കും. രണ്ടായിരത്തിലധികം സ്ത്രീകളെയാണ് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. മനോഹരമായ ഈ ആഘോഷത്തിലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നു.

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് റെജി ജോണിന്റെ മകൾ അഭികേൽ സാറയെയാണു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഓയൂർ മരുതമൺപള്ളിക്കു സമീപമാണ് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയത് . വൈകിട്ടു നാലുമണിയോടെയാണു സംഭവം നടന്നത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസ്സുകാരൻ പറഞ്ഞു. തുടർന്നു കുടുംബം സംഭവത്തെക്കുറിച്ചു പൊലീസിൽ ഫോൺ വിളിച്ചു അറിയിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറിൽ നാലുപേരാണുണ്ടായിരുന്നത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളി നേഴ്‌സ് കുവൈറ്റിൽ നിര്യാതയായി. ധാർ അൽ ഷിഫാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായിരുന്ന ചാലക്കുടി കുറ്റിക്കാട് സ്വദേശിനി ജോളി ജോസഫ് (48) ആണ് മരണമടഞ്ഞത്. ഇന്നലെ താമസ സ്ഥലത്ത് വച്ചായിരുന്നു ജോളിയുടെ മരണം.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. ജോളി ജോസഫിന്റെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

 

RECENT POSTS
Copyright © . All rights reserved