Latest News

ഹരിഗോവിന്ദ് താമരശ്ശേരി

മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇൻഡ്യാക്കാരനുമായ ശ്രീ അശോക് കുമാർ വര്ഷം തോറും നടത്തിവരാറുള്ള മാരത്തോൺ ചാരിറ്റി ഇവൻറ് 2023 ഒക്ടോബർ 8 ന് സെൽസ്ഡൻ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും. ഒക്ടോബർ 8 ന് വൈകിട്ട് 3:30 മുതൽ വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ ക്രോയ്ടോൻ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും.

ഈ വർഷത്തെ ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അൽഷിമേഴ്‌സ് റിസേർച് യുകെയ്ക്ക് കൈമാറുമെന്ന് ശ്രീ അശോക് കുമാർ അറിയിച്ചു.

തൻറെ 53-) മത്തെ വയസ്സിൽ 2014ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷംകൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മാരത്തോൺ ഉൾപ്പടെ 17 മാരത്തോണുകൾ ഓടി പൂർത്തിയാക്കിയത്. അശോക് കുമാർ ഇതുവരെ £34,000.00 പൗണ്ട് ഒമ്പതോളം ചാരിറ്റി ഇവന്റുകൾ വഴി സമാഹരിച് ഒട്ടേറെ സന്നദ്ധ സംഘടനകൾക്ക് സംഭാവന നൽകിയിട്ടുണ്ട്.

Venue : Selsdon Community Hall, 132 Addington road, CR2 8LA
Date and Time : Sunday, 8th October 2023 from 3.30pm to 8.30 pm

യു കെ യിലെ പ്രമുഖ മലയാളി സംഘടനയായ കൈരളി യു കെ യുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന കൈരളി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 7 ശനിയാഴ്ച യു കെ സമയം വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന കെ.ജി ജോർജ് അനുസ്മരണത്തിൽ പ്രശസ്ത മലയാള ചലച്ചിത്ര നിരൂപകനായ ശ്രീ ജി.പി രാമചന്ദ്രൻ , നവാഗത സംവിധായകനും തിരക്കഥാ കൃത്തുമായ ശ്രീ കമൽ കെ എം എന്നിവർ മുഖ്യാഥിതികൾ ആയിരിക്കും.

കഴിഞ്ഞ സെപ്റ്റംബർ 24 ന് അന്തരിച്ച ശ്രീ .കെ.ജി ജോർജ് മലയാള ചലച്ചിത്ര ചരിത്രത്തിലേക്ക് തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങൾ സമ്മാനിച്ചു കൊണ്ടാണ് കടന്നു പോയത്. സ്വപ്‌നാടനം , യവനിക, ആദാമിൻ്റെ വാരിയെല്ല്,, മറ്റൊരാൾ, ഈ കണ്ണി കൂടി, ഇരകൾ, ഉൾക്കടൽ, മേള , കോലങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, പഞ്ചവടി പാലം തുടങ്ങിയ സിനിമകൾ എല്ലാം തന്നെ മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്ന നവാഗതകർക്ക് പാഠപുസ്തകങ്ങൾ എന്ന പോലെ കാലഘട്ടത്തെ അതി ജീവിക്കുന്ന ദൃശ്യാവിഷ്ക്കരണമായി അഭ്ര പാളികളിൽ പ്രതിഭയുടെ കൈയൊപ്പ്‌ പതിപ്പിച്ച കലാകാരനാണ് ശ്രീ കെ .ജി ജോർജ്.

യു കെയിൽ എങ്ങോളമുള്ള ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മയാണ് കൈരളി ഫിലിം സൊസൈറ്റി. കലാമൂല്യമുള്ളതും സാമൂഹ്യപ്രതിബദ്ധതയുള്ളതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ച സംഘടിപ്പിക്കുകയും, അതിലൂടെ മലയാള സിനിമയെ ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൈരളി ഫിലിം സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്നത്. ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത് സന്തോഷ് കീഴാറ്റൂര്‍ പ്രധാന വേഷം ചെയ്ത ‘അവനോവിലോന’, ഡോ. ബിജു സംവിധാനം ചെയ്ത്, സൂരാജ് വെഞ്ഞാറമൂട് അഭിനയിച്ച ‘പേരറിയാത്തവര്‍ ‘ രാജീവ് രവിയുടെ ‘ തുറമുഖം’ തുടങ്ങിയ സിനിമകളുടെ ചർച്ചകൾ കൈരളി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇതിനു മുമ്പ് നടത്തിയത് ശ്രദ്ധേയമായിരുന്നു.

ഒക്ടോബർ 7 ശനിയാഴ്ച യു കെ സമയം വൈകീട്ട് 5 മണിക്ക് (ഇന്ത്യൻ സമയം 9 .30 pm ) നു ഓൺലൈനിൽ നടക്കുന്ന ശ്രീ കെ ജി ജോർജ് അനുസ്മരണത്തിൽ പങ്കെടുക്കുവാനുള്ള ലിങ്ക് ഇതോടൊപ്പം നല്കുന്നു – https://fb.me/e/1ClkRBMvC

കേരളം ഇന്നേവരെ കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 ജനകീയോത്സവത്തിന് ആശംസാവീഡിയോ സന്ദേശവുമായി സൂപ്പർതാരം മോഹൻലാൽ. ഈ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ റിലീസ് ചെയ്തു.

മലയാളി എന്ന നിലയിൽ രണ്ടു കാര്യങ്ങളിലാണ് തനിക്ക് അഭിമാനം തോന്നിയിട്ടുള്ളത് എന്നു മോഹൻലാൽ ആശംസാസന്ദേശത്തിൽ പറഞ്ഞു. ലോകത്തെവിടെച്ചെന്നാലും കേരളത്തെ അറിയുക വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അതു മലയാളിക്കു മാത്രം അവകാശപ്പെട്ടതാണ്. ലോകത്തെവിടെയും നിർണായകസ്ഥാനങ്ങളിൽ മലയാളികളുണ്ടാകും. താൻ പ്രവർത്തിക്കുന്ന മലയാളസിനിമയിലാണെന്നതിലും ഏറെ അഭിമാനമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും ഏറെ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ ആശംസാസന്ദേശത്തിൽ പറഞ്ഞു.

കേരളീയത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശങ്ങളുമായി മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്ര, യുവനടൻ ഷെയ്ൻ നിഗം, സിനിമാ നിർമാതാവ് സാന്ദ്രാ തോമസ്, എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപൻ തുടങ്ങി സിനിമാ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖർ രംഗത്ത് എത്തിയിരുന്നു.

നോർക്ക വഴി യുകെയിൽ എത്തിച്ചേർന്ന ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതിനായി യുകെ നാഷണൽ ഹെൽത്ത് സർവീസ് യോർക്ഷയറിലെ ഹൾ സിറ്റിയിൽ വെച്ച് നടത്തിയ കൂട്ടായാമയുടെ ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇവരുടെ തുര്‍ന്നുളള ജീവിതത്തിലുടനീളം ഏതു സമയത്തും നോര്‍ക്ക റൂട്ട്സില്‍ നിന്നുളള സേവനം എല്ലാ പ്രവാസികള്‍ക്കുമെന്നപോലെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയകാലംകൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഇത് നോര്‍ക്ക റൂട്ട്സിന്റെ മികവിന്റെ അടയാളപ്പെടുത്തലാണെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

യു.കെ യിലെത്തിയവര്‍ നോര്‍ക്ക റൂട്ട്സിന്റെയും, കേരളത്തിലെ ആരോഗ്യമേഖലയുടേയും, ഇന്ത്യയുടേയും അംബാസിഡര്‍മാര്‍കൂടിയാണെന്ന ചടങ്ങില്‍ ഓണ്‍ലൈനായി സംബന്ധിച്ച ജനറല്‍ മാനേജര്‍ ശ്രീ. അജിത്ത് കോളശ്ശേരിയും അഭിപ്രായപ്പെട്ടു. യു. കെ യിലേയ്ക്കുളള സീനിയര്‍ കെയറര്‍മാരുടെ റിക്രൂട്ട്മെന്റ് എടുത്തുപറയേണ്ട നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നോർക്ക വഴി യുകെയിൽ എത്തിയ ആരോഗ്യപ്രവർത്തകർ നോർക്കയോടുള്ള നന്ദി രേഖപ്പെടുത്തി . നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ ശ്രീ. ശ്യാം.ടി.കെ യെ പ്രത്യേകം പേരുപറഞ്ഞു പലരും നന്ദി പറഞ്ഞത് ശ്രദ്ധേയമായി .

യോർക്ക്ഷെയറിലെ ഹൾ സിറ്റിയിൽ നടന്ന ചടങ്ങില്‍ ഓൺലൈനായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ ശ്രീ. ശ്യാം.ടി.കെ, യു. കെയില്‍ നിന്നും ചടങ്ങിൽ നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്, ഇംഗ്ലണ്ടിലെ ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്‌ ഇന്റർനാഷണൽ വർക്ക്‌ ഫോഴ്സ് മേധാവി മിസ്റ്റർ ഡേവ് ഹവാർത്ത്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ ഇന്റഗ്രേറ്റഡ് കെയർ ബോർഡ്‌ എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടർ ഡോ നൈജൽ വെല്‍സ്, ഇംഗ്ലണ്ടിലെ ഇന്റർനാഷണൽ വർക്ക്‌ ഫോഴ്സ് പോളിസി റിയാൻ വെൽസ്,എന്‍.എച്ച്.എസ്സില്‍ നിന്നും ഡോ.ജോജി കുര്യാക്കോസ്, ഡോ സിവിൻ സാം, ഡോ ജോഹാൻ ഫിലിപ്പ്, വിവിധ ഹോസ്പിറ്റൽ പ്രതിനിധികൾ, ഇന്‍റ്റഗ്രറ്റഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പ് പ്രതിനിധികള്‍ യു.കെ യിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനം ലഭിച്ച കേരളീയരായ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

മുഖ്യ മന്ത്രിയുടെ ലണ്ടൻ സന്ദർശന വേളയിലാണ് ഹംബർ ആൻഡ് നോർത്ത് യോർക്ഷയർ നാഷണൽ ഹെൽത്ത് സർവീസ് ഇന്റഗ്രേറ്റഡ് കെയർ ബോർഡും നോർക്ക റൂട്ട്സുമായി ഉടമ്പടി ഒപ്പു വെച്ചത് .ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ടു ജോബ് ഫെയറുകൾ നടത്തുകയും വളരെ സുതാര്യമായി യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് ഉദ്യോഗസ്ഥർ കൊച്ചിയിൽ വെച്ച് നേരിട്ട് നടത്തിയ ഇന്റർവ്യൂ വഴി ഇതുവരെ ആരോഗ്യമേഖലയില്‍ നിന്നും വിവിധ സ്പെഷ്യാലിറ്റിയിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്,സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേരാണ് യു. കെ യിലെത്തിയത്.കൂടുതൽ പേർ അടുത്ത മാസങ്ങളിൽ എത്തും എന്ന് ആശുപത്രി പ്രതിനിധികൾ അറിയിച്ചു. ഈ നവംബറിൽ മൂന്നാമത്തെ റിക്രൂട്ട്മെന്റ് ഫെയർ കൊച്ചിയിൽ നടത്തും .

സമസ്ത മേഖലകളിലും കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023ന്റെ പ്രചരണത്തിനായി ഒക്ടോബർ എട്ടിന് രാവിലെ തിരുവനന്തപുരം നഗരത്തിൽ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. എൻ.സി.സി കെ (1) ഗേൾസ് ബറ്റാലിയൻ, ഇൻഡസ് സൈക്ലിങ് എംബസി എന്നിവയുടെ സഹകരണത്തോടെ എട്ടിന് രാവിലെ 7.30 മുതൽ 8.30 വരെയാണ് റാലി.

കവടിയാർ ചിൽഡ്രൻസ് പാർക്കിന് സമീപത്തുനിന്ന് ആരംഭിച്ച് വെള്ളയമ്പലം, പാളയം, സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ്, പ്രസ് ക്ലബ്ബ്, സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റ്, പാളയം, എൽ.എം.എസ് വഴി കനകക്കുന്നിന് മുന്നിൽ സൈക്കിൾ റാലി സമാപിക്കും.

കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു.

‘എന്റെ കേരളം എന്റെ അഭിമാനം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫോട്ടോചലഞ്ചിൽ നവംബർ 1 വരെ പങ്കെടുക്കാം. കേരളത്തിന്റെ തനതുസംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന, കേരളത്തെക്കുറിച്ച് അഭിമാനം തോന്നുന്ന എന്തും ഫോട്ടോ ചലഞ്ചിന്റെ ഭാഗമായി ഉൾപ്പെടുത്താം. keraleeyam2023photochallenge എന്ന ഹാഷ് ടാഗിൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നവംബർ ഒന്നുവരെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാം.

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു കൈരളി യു.കെ ‘കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺ/ ഇന്റർനെറ്റ് ആസക്തി’ എന്ന വിഷയത്തിൽ പാനൽ ഡിസ്കഷൻ സംഘടിപ്പിക്കുന്നു. മൊബൈൽ ഫോൺ / മറ്റു ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളെന്തൊക്കെയെന്നും അതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കേണ്ട മാർഗങ്ങളെ കുറിച്ചുമുള്ള ചർച്ച നയിക്കുന്നത് ബാംഗ്ലൂർ സെന്റ്.ജോൺസ് മെഡിക്കൽ കോളേജിൽ സൈക്കാട്രിക് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ.റെനി തോമസ്, കേരള ഗവണ്മെന്റ് ഹെൽത്ത് സർവീസിലെ കൺസൽട്ടൻറ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ.സന്ദീഷ് തുടങ്ങിയ മാനസികാരോഗ്യ മേഖലയിലെ വിദഗ്ദരാണ്. ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്ന ഒക്ടോബർ പത്തിന് യു കെ സമയം വൈകിട്ട് 5 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) ഓൺലൈനിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ മാതാപിതാക്കളുടെ സംശയങ്ങൾ നേരിട്ട് പാനെലിസ്റ്റുകളോട് ചോദിക്കാനുള്ള അവസരവും ഉണ്ടാകും.

വിജ്ഞാനം വിരൽ തുമ്പിലെത്തുന്ന ഈ നൂറ്റാണ്ടിൽ സ്മാർട്ട് ഫോണും ഇന്റർനെറ്റുമെല്ലാം ഒഴിച്ചു കൂടാനാവാത്ത വിധം ഇന്നത്തെ ജീവിത രീതിയുടെ ഭാഗമാകുമ്പോൾ പഠന സഹായി എന്ന രീതിയിൽ ഉപയോഗിക്കാനായി വാങ്ങി നൽകുന്ന സ്മാർട്ട് ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പലതും കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുന്നതായും തുടർച്ചയായ ഉപയോഗം പിന്നീട് മാനസിക ആരോഗ്യ പ്രശ്‍നങ്ങളിലേക്കും അവരുടെ ഓർമ്മ ശക്തിയെയും ബുദ്ധി ശക്തിയെയും ബാധിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഫോൺ ഉപയോഗം മാറ്റി നിർത്താൻ കഴിയാത്തതാണെങ്കിലും കുട്ടികളിൽ കണ്ടു വരുന്ന ഫോൺ അഡിക്ഷൻ മാതാപിതാക്കളിൽ വളരെയധികം ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ എങ്ങനെ ആരോഗ്യപരമായി സ്മാർട്ട് ഫോണുകളുടെ ഉപയോഗത്തെ നിയന്ത്രിക്കാം എന്ന ചോദ്യം അപ്പോഴും അവർക്കു മുന്നിൽ അവശേഷിക്കുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ മാനസിക ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾക്കു പ്രാധാന്യവുമേറുന്നു. കൈരളി യു കെ യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി യൂകെയിലെയും മറ്റ് രാജ്യങ്ങളിലെയും നൂറു കണക്കിന് മാതാപിതാക്കൾക്ക് ഈ വിഷയത്തിൽ കൃത്യമായ മാർഗ നിർദ്ദേശം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

യു കെ യിലെ പ്രമുഖ മലയാളി സംഘടനയായ കൈരളി യു കെ ഇതിനു മുമ്പും മാനസിക ആരോഗ്യ അവബോധന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മാനസിക സാമൂഹിക പ്രശ്നങ്ങളിൽ സഹായം തേടാനുള്ള വിമുഖത എന്ന വിഷയത്തിൽ ഫെബ്രുവരിയിൽ ഓൺലൈൻ വഴി നടത്തിയ തുറന്ന ചർച്ച യു കെ മലയാളികൾക്കിടയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. യു കെ യിലെ പലഭാഗങ്ങളിൽ താമസിക്കുന്നവർക്കും വിദ്യാർത്ഥികൾ ഉൾപ്പെടെ പുതിയതായി എത്തിയവർക്കും ഇടയിലെ മാനസിക ആരോഗ്യ പ്രശ്‍നങ്ങൾ നേരിടുന്നവർക്ക് എപ്പോൾ വേണമെങ്കിലും സഹായം അഭ്യർത്ഥിക്കാൻ കഴിയുന്ന രീതിയിൽ യു കെ യിൽ തന്നെ സേവനം അനുഷ്ഠിക്കുന്ന മലയാളികളായ സോഷ്യൽ വർക്കേഴ്സ് , സൈക്കാട്രിസ്റ്റ് കൗൺസിലേഴ്‌സ് തുടങ്ങിയ വിദഗ്ധരുടെ ഒരു വാട്ടസ്ആപ് കൂട്ടായ്മയും കൈരളി യു കെ യുടെ കീഴിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

ഒക്ടോബർ 10 ചൊവ്വാഴ്ച നടക്കുന്ന പരിപാടിയുടെ ലിങ്ക് ഇതോടൊപ്പം നൽകുന്നു – https://fb.me/e/3XPPKkJR8

ലീഡ്സിലെ സീറോ മലബാർ സഭയുടെ ഇടവക ദേവാലയം ആയ സെൻറ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ ആദ്യ വെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യ വെള്ളിയാഴ്ചകളിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും, എണ്ണ നേർച്ചയിലും പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തുന്നത് . ആദ്യ വെള്ളിയാഴ്ചകളിൽ വൈകുന്നേരം 6 മണിക്കാണ് തിരുകർമ്മങ്ങൾ ആരംഭിക്കുക.

ഒക്ടോബർ 7-ാം തീയതി ശനിയാഴ്ച ജപമാല മാതാവിൻറെ തിരുനാളിനോടനുബന്ധിച്ച് വൈകിട്ട് 6 മണിക്ക് കൊന്തയും തുടർന്ന് വിശുദ്ധ കുർബാനയും മരിയൻ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 6 – ന് നടക്കുന്ന ആദ്യ വെള്ളി ആചരണത്തിലെത്തിലേയ്ക്കും ഒക്ടോബർ 7- ന് നടക്കുന്ന ജപമാല മാതാവിൻറെ തിരുനാളിലേയ്ക്കും എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

ഡെല്ലിഷ് വാമറ്റം മ്യൂസിക്കൽസ് ഒരുക്കിയ വെണ്മണി ഗോതമ്പിൻ എന്ന ഗാനമാണ് ചുരുങ്ങിയ ദിവസം കൊണ്ട് ആയിരങ്ങൾ കണ്ടത്. സ്വർഗീയ ഗായകൻ കെസ്റ്ററും സോളിഹള്ളിലെ സീനിയർ കൺസൽട്ടൻറ് ആയ ഡോക്ടർ ഷെറിൻ ജോസും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചെറുപ്പം മുതൽ സംഗീത ജീവിതത്തോട് ചേർത്ത് വെച്ച ഷെറിൻ കൈരളി ചാനൽ സംഗീത മത്സരത്തിലെ മുൻ ജേതാവാണ് ; നിരവധി ആൽബങ്ങളിൽ പാടിയിട്ടുമുണ്ട്. സംഗീത സംവിധായകൻ മോഹൻ സിതാരയുടെ ” സ്നേഹിതാ ചൊല്ല് ” എന്ന ആൽബത്തിൽ ഷെറിൻ ഈയിടെ പാടിയിരുന്നു.

ബെൽഫാസ്റ് മലയാളിയായ ഡെല്ലിഷ് വാമറ്റം ആണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് സംഗീത മത്സരത്തിലെ മുൻ ജേതാവായ ഡെല്ലിഷ് വാമറ്റം സംഗീതം ചെയ്ത നിരവധി ഗാനങ്ങൾ ഇതിനോടകം യുട്യൂബിൽ വൈറൽ ആയിട്ടുണ്ട്.

വെണ്മണി ഗോതമ്പിൻ എന്ന ഗാനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കുവൈത്തിൽ കഴിഞ്ഞ 23 ദിവസമായി തടവിൽ കഴിയുന്ന 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 ആരോഗ്യ പ്രവർത്തകരെയും വിട്ടയച്ചു. ഇവരിൽ 19 പേർ മലയാളി നേഴ്‌സുമാരാണ്.ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് ഇന്ന് ഉച്ചയോടെ തടവിൽ കഴിയുന്ന മുഴുവൻ പേരെയും വിട്ടയച്ചത്. തടവിൽ കഴിയുന്ന നേഴ്‌സുമാരുടെ ബന്ധുക്കൾ ഇവരുടെ കൊച്ചു കുഞ്ഞുങ്ങളോടൊപ്പം ഇന്നലെ രാത്രി ആഭ്യന്തര മന്ത്രിയെ നേരിട്ട് സന്ദർശിക്കുകയും പരാതി അറിയിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ വീടിനു സമീപത്തുള്ള പള്ളിയിൽ വെച്ച്ചായിരുന്നു ഇവർ മന്ത്രിയോട് സങ്കടം ബോധിപ്പിച്ചത്. ഉടൻ തന്നെ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു മുഴുവൻ പേരെയും വിട്ടയക്കാൻ നിർദേശിക്കുകയായിരുന്നു. ഇതെ തുടർന്ന് ഇന്ന് കാലത്ത് രേഖകളുമായി ഫർവാനിയ താമസ കാര്യ വിഭാഗത്തിൽ എത്താൻ ആവശ്യപ്പെടുകയും ഇവരുടെ മോചനത്തിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിയോടെ തടവിൽ കഴിയുന്ന മുഴുവൻ പേരും പുറത്തിറങ്ങുകയും ചെയ്തു.

പ്രസ്തുത വിഷയത്തിൽ നേരത്തെ കേന്ദ്ര മന്ത്രി വി . മുരളീധരൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 12 നാണ് കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. ഇവരിൽ 19 പേർ മലയാളി നേഴ്‌സുമാരായിരുന്നു. ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് എന്നീ രാജ്യക്കാരാണ് മറ്റുള്ളവർ. ഇവരിൽ പലരും 3 വർഷം മുതൽ 10 വർഷം വരെയായി ഇതെ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു .ഇറാനി പൗരന്റെ ഉടമസ്ഥതയിൽ വർഷങ്ങളായി നല്ല രീതിയിലായിരുന്നു ക്ലിനിക്ക് പ്രവർത്തിച്ചത് എന്ന് പിടിയിലാവരിൽ ചിലരുടെ ബന്ധുക്കൾ അറിയിച്ചിരുന്നു. പിടിയിലായ മലയാളി നേഴ്‌സുമാരിൽ മുഴുവൻ പേരും ഈ സ്ഥാപനത്തിൽ നിയമാനുസൃതമായാണ് ജോലി ചെയ്യുന്നത് . ഇവർ എല്ലാവരും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിൽ ഉള്ളവരുമാണ്.

തടവിൽ കഴിയുന്ന നേഴ്‌സുമാരിൽ 5 പേർ മുലയൂട്ടുന്ന അമ്മമാരായിരുന്നു. ഇവരിൽ അടൂർ സ്വദേശിനിയായ യുവതിയുടെ ഒന്നര മാസം പ്രായമായ നവ ജാത ശിശു, ഇവരുടെ ഭർത്താവിന്റെ പരിചരണത്തിലാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് കുഞ്ഞുങ്ങളെ ജയിലിൽ എത്തിച്ച് മുലയൂട്ടുന്നതിന് കുവൈത്ത് അധികൃതർ സൗകര്യം ഏർപ്പെടുത്തിയിരുന്നു. എങ്കിലും അമ്മമാരുടെ യഥാർത്ഥ പരിചരണം ലഭിക്കാത്തതിനാൽ പല കുഞ്ഞുങ്ങൾക്കും ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങൾ ആരംഭിച്ചിരിക്കുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു.ഇതിനിടയിലാണ് വിഷയത്തിൽ അപ്രതീക്ഷിതമായി ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഉണ്ടാകുന്നത്.

RECENT POSTS
Copyright © . All rights reserved