സ്വരഭേദങ്ങളുടെ സംഗമഭൂമിയാകാന്‍ നീലാംബരി…ആരവങ്ങളുടെ അകമ്പടിയോടെ നാദവിനോദികള്‍ അരങ്ങിലെത്തുന്ന, കാല്‍ച്ചിലങ്കകളുടെ തരംഗമുയരുന്ന വിസ്‌മയ വേദി- നീലാംബരി നിങ്ങളിലേക്കെത്താന്‍ ദിവസങ്ങള്‍ മാത്രം. പാട്ടും ആട്ടവും പക്കമേള കച്ചേരികളും സമന്വയിക്കുന്ന ആ ദിനം ഒക്ടോബര്‍ 11. നിങ്ങളുണ്ടാവണം പ്രിയരേ നീലാംബരിയുടെ ഊര്‍ജമായി…ആലംബമായി.
നീലാംബരി സീസൺ 5 ൻ്റെ മീഡിയ പാർട്ണർ മലയാളം യുകെ ന്യൂസ് (www.malayalamuk.com) ആണ്.

ഓണം ഓർമ്മകളിലേയ്ക്കുള്ള മടക്കയാത്രയാണെന്ന് പറയുമ്പോൾ, അതിനെ അന്വർത്ഥമാക്കുന്ന ആവേശമാണ്, ആനന്ദമാണ്, ആഘോഷമാണ് “നമ്മുടെ സ്വന്തം ഓൾഡർഷോട്ട്” (N S A) കൂട്ടായ്മയുടെ ഈ വർഷത്തെ ഓണം നൽകിയത്. ശനിയാഴ്ച രാവിലെ മുതൽ ആൾഡർവുഡ് കൾച്ചറൽ സെൻ്ററിൽ വെച്ച് നടന്ന ആഘോഷങ്ങൾ കലാ കായിക മത്സരങ്ങൾ, സ്വാദിഷ്ടമായ ഓണസദ്യ, കലാ സാംസ്കാരിക സന്ധ്യ മുതലായ പരിപാടികളോടെ നടന്നപ്പോൾ എല്ലാവർക്കും ഗൃഹാതുരത്വത്തിൻ്റെയും സന്തോഷത്തിൻ്റെയും നനുത്ത ഓർമകളുടെ ആഘോഷമായി മാറി. ആഘോഷങ്ങളിൽ ഓൾഡർഷോട്ടിലും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള മുന്നൂറ്റിയമ്പതിൽ അധികം മലയാളികൾ പങ്കെടുത്തു. അവരോടൊപ്പം കേരളത്തെയും മലയാളികളെയും ഒത്തിരി ഇഷ്ടപ്പെടുന്ന മറ്റ് ഇന്ത്യക്കാരും സ്വദേശികളും കൂടി പങ്കെടുത്തപ്പോൾ ആഘോഷത്തിന് ഇരട്ടി മധുരം. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങൾ, വടംവലി എന്നിവ നടന്നു.

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കൂട്ടായ്മയുടെ അംഗങ്ങളായ കുട്ടികൾ നടത്തിയ കലാവിരുന്ന് അതിശയിപ്പിക്കുന്ന പ്രകടനങ്ങൾകൊണ്ട് കാണികളുടെ കണ്ണ് കുളിർപ്പിച്ചു. മുതിർന്നവരും വിവിധ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ച് സദസ്സിൻ്റെ കൈയ്യടി നേടി. വിവിധ ഇനങ്ങളുടെ അവതരണത്തിലൂടെ നൂറിൽ അധികം കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ നിറഞ്ഞാടി.
ഈ അവസരത്തിൽ വിവിധ ടൂർണമെൻ്റിൽ വിജയിച്ച എൻഎസ്‌എ സൂപ്പർ കിംഗ്സ് ക്രിക്കറ്റ് ക്ലബ്ബിനെ അനുമോദിച്ചു. അതോടൊപ്പം, എൻഎസ്‌എയുടെ പുതിയ ഫുട്ബോൾ ക്ലബ്ബിൻ്റെ ജേഴ്സിയും അനാവരണം ചെയ്തു.

മത്സരങ്ങളിലെയും നറുക്കെടുപ്പിലെയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ജിസിഎസ്ഇ, എ ലെവൽ, യൂണിവേഴ്സിറ്റി പരീക്ഷകളിലെ വിജയികളായ വിദ്യാർത്ഥികൾക്ക് അവാർഡുകളും നൽകി ആദരിച്ചു. “നമ്മുടെ സ്വന്തം ഓൾഡർഷോട്ട്” ( എൻഎസ്‌എ ) കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ക്ലബ്, ഫുട്ബോൾ ക്ലബ്, നൃത്ത വിദ്യാലയം എന്നിവയോടൊപ്പം, നാട്ടിലും ഇവിടെയും അവശത അനുഭവിക്കുന്നവർക്കും രോഗികൾക്കും ആലംബമായി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾകൂടി നടത്തുന്നുണ്ട്.


അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടൻ ലീഗിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പൻസും, ലൂട്ടൻ മലയാളികളുടെ ക്രിക്കറ്റ് ക്ലബ്ബായ ഹോക്സ് എലൈറ്റും സംയുക്തമായി ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റ് സ്റ്റീവനേജിൽ വെച്ച് സംഘടിപ്പിക്കുന്നു. സ്റ്റീവനേജ് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയം, മത്സര വേദിയാവും. ഈ മാസം 21 ന് ഞായറാഴ്ച നടക്കുന്ന മത്സരം നോകൗട്ട് അടിസ്ഥാനത്തിലാവും നിയന്ത്രിക്കുക.
സ്റ്റീവനേജ് അഖില യു കെ ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകുന്നതാണ്.
ഹർട്ട്ഫോർഡ്ഷയറിലെ കായിക-ക്രിക്കറ്റ് പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിലെ, മികച്ച കാഷ് പ്രൈസ് വാഗ്ദാനം നൽകുന്ന ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ, സ്പോൺസർമാരെ തേടുന്നതായി കോർഡിനേറ്റർമാരായ ലൈജോൺ ഇട്ടീര, മെൽവിൻ അഗസ്റ്റിൻ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ലൈജോൺ ഇട്ടീര – 07883226679
മെൽവിൻ അഗസ്റ്റിൻ – 07456281428

ന്യൂഡൽഹി: എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് രാധാകൃഷ്ണന് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ വിരമിച്ച സുപ്രീംകോടതി ജഡ്ജി ബി. സദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. പ്രതിപക്ഷ കക്ഷികളിൽ നിന്നും ചിലരുടെ വോട്ടുകളും രാധാകൃഷ്ണന് ലഭിച്ചതായി സൂചനകളുണ്ട്. 13 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
2003 മുതൽ 2006 വരെ തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി.പി. രാധാകൃഷ്ണൻ, മുൻപ് കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭാംഗമായിരുന്നു. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായും തുടർന്ന് തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുതിയ പാർലമെന്റ് മന്ദിരത്തിലെ വസുധ ഹാളിൽ നടന്ന രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിംഗ്, രാഹുൽ ഗാന്ധി, മല്ലികാർജുന്‍ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.
നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധിച്ചതിനെതിരെ യുവജനങ്ങൾ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് കടുത്ത പ്രതിസന്ധിയാണ് ആ രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത് . ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് ഉൾപ്പെടെ 26 പ്ലാറ്റ്ഫോമുകൾ സർക്കാർ അടച്ചുപൂട്ടിയതോടെ “Gen Z” തലമുറയുടെ നേതൃത്വത്തിൽ രാജ്യവ്യാപക സമരം പൊട്ടിപ്പുറപ്പെട്ടു. നേതൃത്വം, പാർട്ടി ചിഹ്നം, രാഷ്ട്രീയ മുദ്രാവാക്യം എന്നിവ ഒന്നുമില്ലാതെ നടന്ന ഈ സമരം ലോകശ്രദ്ധ പിടിച്ചുപറ്റി.
കാഠ്മണ്ഡുവുൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രതിഷേധം ശക്തമായതോടെ കലാപമുണ്ടായി. സുരക്ഷാ സേനയുടെ ഇടപെടലിൽ ഏറ്റുമുട്ടലിൽ ഇതുവരെ കുറഞ്ഞത് 19 പേർ ജീവൻ നഷ്ടപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . “ഓൺലൈനിൽ ഞങ്ങളെ നിശബ്തരാക്കുകയാണെങ്കിൽ തെരുവിൽ ഇറങ്ങും ” എന്ന മുദ്രാവാക്യമാണ് യുവാക്കളെ ഒന്നിപ്പിച്ചത്. ഡിജിറ്റൽ സ്വാതന്ത്ര്യവും സുതാര്യഭരണവും ആവശ്യപ്പെട്ടാണ് അവർ മുന്നോട്ട് വന്നത്.
പ്രതിഷേധത്തിന്റെ വ്യാപ്തിയിൽ പ്രധാനമന്ത്രി കെ.പി. ശർമ്മ കടുത്ത സമ്മർദ്ദത്തിലാവുകയും ഒടുവിൽ രാജി സമർപ്പിക്കേണ്ടി വരികയും ചെയ്തു. കർഫ്യൂ പ്രഖ്യാപിച്ചിട്ടും, സൈനികരുടെ പട്രോളിംഗുണ്ടായിട്ടും, ജനങ്ങൾ പിൻവാങ്ങാൻ തയ്യാറായിട്ടില്ല. കല, കവിത, ഗാനങ്ങൾ, മീമുകൾ, പ്ലക്കാർഡുകൾ എല്ലാം പ്രതിഷേധത്തിന്റെ പുതിയ ഭാഷയായി മാറി.
ഇന്ത്യ, നേപ്പാളിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന് വ്യക്തമാക്കി സ്വന്തം പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ന്യൂഡൽഹി “ഹിംസ ഒഴിവാക്കണം, സംവാദത്തിലൂടെയാണ് പരിഹാരം” എന്ന നിലപാട് വ്യക്തമാക്കിയത് . അതിനിടെ, വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാർക്കായി ഹെൽപ്ലൈൻ നമ്പറും പുറത്തിറക്കി. അടുത്തുള്ള രാജ്യമായതിനാൽ ഇന്ത്യയും ഈ പ്രതിഷേധത്തിന്റെ തുടർഫലങ്ങളെ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ഇംഗ്ലണ്ടിൻ്റെ ഉദ്യാനനഗരിയെന്നറിയപ്പെടുന്ന കെൻ്റിലെ മെഡ്വേയിൽ മലയാളികൾ ഒത്തുചേർന്നുള്ള ഓണാഘോഷം 2025 സെപ്റ്റംബർ 13 ന് ദ ഹോവാർഡ് സ്കൂളിലെ അതി വിശാലമായ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്. കെൻ്റിലെ രണ്ട് പ്രബല മലയാളി സംഘടനകളായ മെഡ്വേ കേരള കമ്മ്യൂണിറ്റിയും കെൻ്റ് മലയാളി അസോസിയേഷനും ഒത്തു ചേർന്നാണ് ഈ വർഷവും ഓണാഘോഷം സംഘടിപ്പിയ്ക്കുന്നത്.
ഒരു സ്ഥലത്തെ ഈ രണ്ട് അസോസിയേഷനുകളും വ്യത്യസ്തമായാണ് മുൻ കാലങ്ങളിൽ ഓണാഘോഷമുൾപ്പെടെയുള്ള മറ്റ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.ദൈവത്തിൻ്റെ സ്വന്തം നാട് പ്രളയക്കെടുതിയിൽ വലഞ്ഞപ്പോൾ സ്വന്തം നാട്ടിലെ സഹോദരങ്ങൾക്ക് തണലേകുവാനാണ് ഭിന്നതകൾ മറന്ന് എംകെസിയും കെഎംഎയും കൈകൾ കോർത്തത്. തുടർന്ന് ഓണം,ക്രിസ്തുമസ്, സ്പോർട്സ് ഡേ തുടങ്ങിയ പരിപാടികൾ രണ്ടു സംഘടനകളും ഒന്നു ചേർന്നാണ് നടത്തി വരുന്നത്.
ഇനി മെഡ് വേ മലയാളികൾ ഒറ്റക്കെട്ടാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇതാദ്യമാണ് മെഡ്വേ മലയാളി അസോസിയേഷൻ എന്ന പേരിൽ മെഡ്വേ മലയാളികൾ ഓണാഘോഷം സംഘടിപ്പിയ്ക്കുന്നത്.
രണ്ട് അസോസിയേഷനുകളിലും യാതൊരു സ്ഥാനവും വഹിച്ചിട്ടില്ലാത്ത നിരവധി പുതുമുഖങ്ങൾ കഴിഞ്ഞ 16 വർഷമായി എംകെസിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച സർവ്വസമ്മതനായ മാത്യു ജേക്കബ് പുളിക്കത്തൊട്ടിയോടും കെഎംഎയുടെ തുടക്കം മുതൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ച വിജയ് മോഹനുമൊപ്പം കൈകൾ കോർക്കുമ്പോൾ വ്യത്യസ്തവും നവീനവുമായ ആശയങ്ങളുമായി മെഡ്വേ മലയാളി അസോസിയേഷൻ ജൈത്രയാത്ര തുടരുകയാണ്.
നിതീഷ് മത്തായി, ഷൈജൻ അബ്രഹാം,നിരേഷ് ജോസഫ്,മനോജ് പിള്ള,ഒബിൻ തോട്ടുങ്കൽ, ബിനോയി സെബാസ്റ്റ്യൻ എന്നീ പുതുമുഖങ്ങളുടെ നവീനമായ ആശയങ്ങളോടെ നടത്തിയ സ്പോർട്സ് ഡേ മുക്തകണ്ഠ പ്രശംസ നേടിയിരുന്നു.
മെഡ്‌വേയിലെ ജില്ലിംഗ്ഹാമിൽ തന്നെ തയ്യാർ ചെയ്യുന്ന ഓണ സദ്യ,24 വനിതകൾ ഒത്തുചേരുന്ന മെഗാ തിരുവാതിര,ദക്ഷിണ യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ നൃത്ത പ്രകടനങ്ങൾ,മെഡ്വേ മങ്കമാരുടെ നാടൻ പാട്ട് നൃത്തം, യുകെയിൽ തരംഗം സൃഷ്ടിച്ച കലാകാരൻ ആംബ്രോയുടെ സംഗീത-നൃത്ത-DJ പരിപാടി, പുലികളിയും മാവേലിമന്നന് വരവേൽപ്പും തുടങ്ങിയ പരിപാടികൾ മെഡ്വേ മലയാളിളുടെ ഓണത്തിന് മാറ്റു കൂട്ടും.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
07578486841, 07940409924, 07915656907

പാലക്കാട്: കോൺഗ്രസ് അനുഭാവിയും ട്രാൻസ്‌ജെൻഡർ പ്രവർത്തകയുമായ രാഗ രഞ്ജിനി ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തുടർന്ന് ഡോ. പി. സരിന്റെ ഭാര്യ ഡോ സൗമ്യ സരിൻ മാനനഷ്ടക്കേസുമായി രംഗത്തെത്തി. കഴിഞ്ഞ സെപ്റ്റംബർ 6-നു തന്നെ വക്കീൽ മുഖേന മാനനഷ്ട നോട്ടിസ് അയച്ചതായി സൗമ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഭർത്താവിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, നിയമപരമായി അത് നേരിടാനാണ് തീരുമാനം എന്നും അവര്‍ വ്യക്തമാക്കി.
രാഗ രഞ്ജിനിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരോപണങ്ങൾക്ക് തുടക്കമായത്. അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് സാധാരണ മലയാളിക്ക് മനസ്സിലാകുമെന്നും സൗമ്യ അഭിപ്രായപ്പെട്ടു. “ഒരു പൊതു പ്രവർത്തകനെതിരെ ആരോപണങ്ങൾ വരാം, പക്ഷേ അവൻ അതിനെ നേരിടുന്ന രീതി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്,” എന്നും അവര്‍ കുറിച്ചു.
“തെളിവുകൾ ഉണ്ടാക്കുന്നത് എളുപ്പമാണെങ്കിലും ഞങ്ങൾ പേടിക്കില്ല. ഫേക്ക് ആണെങ്കിൽ അത് നിയമപരമായി തെളിയിക്കും,” എന്ന് സൗമ്യ വ്യക്തമാക്കി. ഭർത്താവിനോടുള്ള വിശ്വാസവും പരസ്പര പിന്തുണയുമാണ് ശക്തിയെന്ന് അവര്‍ കൂട്ടിച്ചേർത്തു. സരിനെതിരായ ആരോപണങ്ങൾ കുടുംബം ആത്മവിശ്വാസത്തോടെ നേരിടുമെന്നും അവർ വ്യക്തമാക്കി.
കോഴിക്കോട് മടവൂരിൽ നടന്ന ഹണിട്രാപ്പ് കേസിൽ മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. സൗഹൃദം നടിച്ച് യുവാവിനെ വലയിലാക്കി നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം പണം തട്ടിയെടുത്തതായാണ് കേസ്. അറസ്റ്റിലായവരിൽ മാവേലിക്കര സ്വദേശിനി ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണുള്ളത്.
പോലീസ് പറയുന്ന പ്രകാരം ഗൗരിനന്ദ യുവാവിനെ മടവൂരിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു . തുടർന്ന് അഫീഫും അന്‍സിനയും ചേർന്ന് യുവാവിനെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി. തുടർന്ന് മൊബൈൽ ഫോണും പിടിച്ചെടുത്ത പ്രതികൾ ഗൂഗിൾ പേ വഴിയാണ് 1.35 ലക്ഷം രൂപയും, യുവാവിന്റെ സുഹൃത്തിൽ നിന്ന് 10,000 രൂപയും തട്ടിയെടുത്തത്.
നഗ്ന ദൃശ്യങ്ങൾ വീട്ടുകാർക്ക് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികളെ കോഴിക്കോട് മാനഞ്ചിറയിൽ നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. കേസിൽ നാലാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
കാലിഫോർണിയ ∙ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ബറഹ് കലാൻ ഗ്രാമത്തിൽ നിന്നുള്ള 26 കാരനായ കപിൽ, പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ വെടിയേറ്റ് മരിച്ചു. യുഎസ് പൗരനായ ഒരാളുമായി ഉണ്ടായ വാക്കേറ്റമാണ് വെടിവയ്പ്പിലേക്ക് വഴിമാറിയത്. സംഭവസ്ഥലത്ത് തന്നെ കപിൽ മരിച്ചു.
ചെറുകിട കർഷകനായ ഈശ്വർ സിങ്ങിന്റെ ഏക മകനായ കപിൽ, രണ്ടര വർഷം മുമ്പാണ് ‘ഡോങ്കി റൂട്ട്’ വഴി അനധികൃതമായി അമേരിക്കയിലെത്തിയത്. കുടുംബം ഇതിനായി ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. പിന്നീട് അറസ്റ്റിലായെങ്കിലും നിയമ നടപടികളിലൂടെ മോചിതനായി യുഎസിൽ സ്ഥിരതാമസമാക്കുകയായിരുന്നു. വിവാഹിതയായ ഒരു സഹോദരിയും പഠനം തുടരുന്ന മറ്റൊരു സഹോദരിയും കപിലിനുണ്ട്.
മരണവാർത്ത അറിഞ്ഞ കുടുംബവും നാട്ടുകാരും ദുഃഖത്തിലാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ യുഎസിലെ നിയമനടപടികൾ പൂർത്തിയാക്കാൻ 15 ദിവസം വരെ വേണ്ടിവരുമെന്നാണ് വിവരം. ഇന്ത്യൻ പ്രവാസി സംഘടനകൾ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
റോമി കുര്യാക്കോസ്
പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പന്ത്രണ്ട് ദിന ‘മധുരം മലയാളം’ ക്ലാസുകൾ വിജയകരമായി പൂര്‍ത്തിയായി. മലയാള ഭാഷയുടെ മാധുര്യം പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഈ പദ്ധതിയുടെ സമാപനച്ചടങ്ങ് പീറ്റർബോറോയിലെ സെന്റ. മേരീസ് അക്കാദമിയിൽ വച്ച് വർണ്ണാഭമായി നടന്നു.

മൂന്നാം ക്ലാസ്സ് മുതൽ എ – ലെവൽ വരെയുള്ള ഇരുപത്തഞ്ചോളം വിദ്യാർത്ഥികളാണ് ‘മധുരം മലയാളം’ പഠന പദ്ധതിയിലൂടെ മലയാള ഭാഷയിലെ അക്ഷരമാലയും മറ്റു അടിസ്ഥാനകാര്യങ്ങളും പഠിച്ച് പരിശീലനം പൂര്‍ത്തിയാക്കിയത്. പഠനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും സമാപനച്ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഐ ഓ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യാഥിതിയായി പങ്കെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതവും സിബി അറക്കൽ നന്ദിയും പ്രകാശിപ്പിച്ചു.

വിദ്യാർത്ഥികൾക്കായി പന്ത്രണ്ട് ദിന പഠന പദ്ധതി തയ്യാറാക്കുകയും ക്രമീകരിക്കുകയും ചിട്ടയോടെ പഠിപ്പിക്കുകയും ചെയ്ത പീറ്റർബൊറോ സെന്റ്. മേരീസ് അക്കാദമി ഡയറക്ടർ സോജു തോമസിനെ ചടങ്ങിൽ ആദരിച്ചു.
‘മധുരം മലയാളം’ പഠന പദ്ധതിയിൽ പങ്കെടുത്ത വിദ്യാർത്ഥികളായ ആൽഡൺ ജോബി, അലന തോമസ് എന്നിവർ തങ്ങളുടെ അനുഭവം വേദിയിൽ പങ്കുവച്ചു. പഠന പദ്ധതിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ സാവിയോ സോജു, സ്നേഹ സോജു, സെറാഫിനാ സ്ലീബ എന്നിവർക്ക് ക്യാഷ് പ്രൈസും സ്റ്റീവൻ ടിനു, അമീലിയ ലിജോ, അലാനാ തോമസ്, കാശിനാഥ് കൈലാസ് തുടങ്ങിയവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി ആദരിച്ചു.

യു കെയിൽ വലിയ തരംഗമായി മാറിയ ‘മധുരം മലയാളം’ പഠന പദ്ധതിക്ക് വിദ്യാർത്ഥികളുടെയും മാതാപിതാക്കളിൽ നിന്നും മലയാളം ഭാഷ സ്നേഹികളിൽ നിന്നും വലിയ ആവേശവും പ്രതികരണവുമാണ് ലഭിച്ചത്.
ഓഗസ്റ്റ് 4ന് ആരംഭിച്ച ‘മധുരം മലയാളം’ പഠന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ പഴകുളം മധു നിർവഹിച്ചു. ഐ ഒ സി (യു കെ)യുടെ ഉദ്യമത്തെ അഭിനന്ദിച്ചു കൊണ്ടും പഠന പദ്ധതിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ നേർന്നു കൊണ്ടും ദീപിക ദിനപത്രം ഡൽഹി ബ്യൂറോ ചീഫ് & നാഷണൽ അഫയേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, യു കെയിലെ പ്രവാസി മലയാളി സാഹിത്യകാരനും ലോക റെക്കോർഡ് ജേതാവുമായ കരൂർ സോമൻ എന്നിവർ ആശംസ സന്ദേശങ്ങൾ നൽകി.

ചടങ്ങുകൾക്ക് യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ എബ്രഹാം കെ ജേക്കബ് (റെജി കോവേലി), ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
