തിരുവനന്തപുരം നഗരസഭയിൽ തുടർഭരണം ഉറപ്പാക്കാനുള്ള തയാറെടുപ്പിലാണ് എൽഡിഎഫ്. ഈ തവണ പരിചയസമ്പന്നരെയും യുവത്വത്തെയും ഉൾപ്പെടുത്തി സ്ഥാനാർഥിപ്പട്ടിക ഒരുക്കുകയാണ് സിപിഎം. ബിജെപിയുടെ ശക്തമായ വെല്ലുവിളിയോടൊപ്പം മുൻ എംഎൽഎ ശബരീനാഥനെ മുൻനിരയിൽ നിന്ന് ഇറക്കാൻ ഒരുങ്ങുന്ന കോൺഗ്രസിനെയും എൽഡിഎഫ് ഗൗരവത്തോടെ കാണുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടാനുള്ള സാധ്യതയും സിപിഎം വിലയിരുത്തുന്നു.
മേയർ സീറ്റ് ഇത്തവണ പൊതുവിഭാഗത്തിനാണ്. നിലവിലെ മേയർ ആര്യ രാജേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യതയുള്ളതിനാൽ ഇത്തവണ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന. പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ പ്രശസ്തയായ ആര്യയ്ക്കുള്ള ജനസ്വീകാര്യതയും പാർട്ടി കണക്കിലെടുക്കുന്നുണ്ട്. സിപിഎം വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പാർട്ടി ആര്യയെ നിയമസഭയിലേക്ക് പരിഗണിക്കുന്നുവെന്നതാണ്.
പുതിയ മേയർ സ്ഥാനാർഥിയാകാനുള്ള സാധ്യതയുള്ളവരിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ എസ്.പി. ദീപക്ക് മുൻനിരയിൽ ഉള്ളതായി വിവരം. കൂടാതെ എസ്.എ. സുന്ദർ, ആർ.പി. ശിവജി, ചാല ഏരിയ സെക്രട്ടറി എസ്. ജയിൽ കുമാർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മുൻ എംപിയായ എ. സമ്പത്തിന്റെ പേരും മേയർ സ്ഥാനത്തേക്ക് ഉന്നയിക്കപ്പെടുന്നുണ്ട്. പരിചയസമ്പന്നരായ ഈ നേതാക്കളെ മുൻനിറുത്തി എൽഡിഎഫ് തുടർ ഭരണം ഉറപ്പാക്കാൻ ശ്രമിക്കുന്നതായാണ് സൂചന.
സ്റ്റോക്ക്-ഓൺ-ട്രെന്റ്: സമീക്ഷ യുകെയുടെ മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായുള്ള സ്റ്റോക്ക്-ഓൺ-ട്രെന്റ് റീജിയണൽ മത്സരങ്ങൾ ആവേശോജ്വലമായ പോരാട്ടങ്ങൾക്കൊടുവിൽ സമാപിച്ചു. നവംബർ 2 ഞായറാഴ്ച വൈ.എം.സി.എ. നോർത്ത് സ്റ്റാഫോർഡ്ഷയർ ലെഷർ സെന്ററിൽ വെച്ച് നടന്ന ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുത്തു. ശക്തമായ മത്സരങ്ങൾക്കൊടുവിൽ, ബെൻസൺ ബെന്നി – അക്ഷയൻ സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി കിരീടം ചൂടി.
സ്റ്റോക്ക് ലയൺസ് വടംവലി ടീമിന്റെ സാരഥി അജി ഭാസ്കറും സമീക്ഷ യുകെ നാഷണൽ കമ്മിറ്റി മെമ്പർ ദീപ്തി ലൈജുവും ചേർന്ന് ടൂർണമെന്റ് ഉൽഘാടനം ചെയ്തു. കായികപരമായ ഒരു ഒത്തുചേരലിന് ഇത് തുടക്കം കുറിച്ചു.

ഒന്നാം സ്ഥാനം: ബെൻസൺ ബെന്നി & അക്ഷയൻ
രണ്ടാം സ്ഥാനം: സുവിൻ & ഇർഷാദ് അലി
മൂന്നാം സ്ഥാനം: ബിബിൻ & വിവേക്
ഒന്നാം സമ്മാനമായ £151-ഉം ട്രോഫിയും മെഡലുകളും സമീക്ഷ യുകെ നാഷണൽ കമ്മിറ്റി മെമ്പർ ദീപ്തി ലൈജുവും യൂണിറ്റ് സെക്രട്ടറി ദീപകും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു.
രണ്ടാം സമ്മാനമായ £101-ഉം ട്രോഫിയും മെഡലുകളും സമീക്ഷ യുകെ യൂണിറ്റ് പ്രസിഡൻ്റ് സാംസൺ സെബാസ്റ്റ്യനും യൂണിറ്റ് ജോയിന്റ് സെക്രട്ടറി അജു ജോസഫും ചേർന്ന് നൽകി.
മൂന്നാം സമ്മാനമായ £75-ഉം ട്രോഫിയും മെഡലുകളും വിതരണം ചെയ്തത് സ്റ്റോക്ക് സ്മാഷേർസ് ബാഡ്മിന്റൺ ക്ലബിലെ ബെയ്സിലും റൈക്കോയും ചേർന്നാണ്.

മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, വിജയികൾക്കും സമീക്ഷ യുകെ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ റീജിയണൽ മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ വിജയിച്ച ടീമുകൾക്ക് നവംബർ 9-ന് ഷെഫീൽഡിൽ നടക്കുന്ന ദേശീയ ഫൈനലിൽ മാറ്റുരയ്ക്കാനുള്ള അവസരം ലഭിക്കും. വരാനിരിക്കുന്ന ദേശീയ മത്സരങ്ങൾക്കും വലിയ വിജയമുണ്ടാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

ന്യൂഡൽഹി: കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു, “കത്തോലിക്കർ മതപരിവർത്തനം നടത്തുന്നവർ അല്ല, അറിവ് പ്രചരിപ്പിക്കുന്നവരാണ്.” ഫരീദാബാദ് രൂപതയെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ . ഡി 52-ൽ ക്രൈസ്തവമതം ഇന്ത്യയിൽ ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ പുരോഗതിക്കായി അവർ നൽകിയ സേവനം വിലമതിക്കാനാകാത്തതാണെന്നും റിജിജു കൂട്ടിച്ചേർത്തു.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവരുടെ പങ്ക് രാജ്യത്തിന്‍റെ വളർച്ചയിൽ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ അച്ചടക്കവും കേന്ദ്രീകൃത സംവിധാനവും അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയതായി റിജിജു പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്തപ്പോൾ സഭയുടെ കൃത്യതയും സംഘടനാ മികവും വ്യക്തമായി കാണാനായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യ മതനിരപേക്ഷതയെ ആസ്പദമാക്കി നിലകൊള്ളുന്ന രാജ്യമാണ്. എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതാണെന്ന് റിജിജു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും “സബ് കാ സാത്ത്, സബ് കാ വികാസ്” എന്ന മുദ്രാവാക്യത്തിലൂടെ സർക്കാർ ഐക്യവും വികസനവും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ സഹമന്ത്രി ജോർജ് കുര്യൻ, വത്തിക്കാന്റെ പ്രതിനിധി, കേരള സർക്കാരിന്റെ ഡൽഹി പ്രതിനിധി കെ.വി. തോമസ് എന്നിവരും പങ്കെടുത്തു.
കന്യാമറിയത്തെക്കുറിച്ചുള്ള പ്രയോഗങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ. സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് ഉചിതമല്ലെന്ന് വിശ്വാസികളെ സഭ അറിയിച്ചു. യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും. കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപെടാൻ ഇടയുണ്ടെന്ന് വത്തിക്കാൻ രേഖ പറയുന്നു. എല്ലാ കൃപകളുടെയും മധ്യസ്ഥയെന്ന വിശേഷണം ഒഴിവാക്കണമെന്നും കത്തോലിക്ക വിശ്വാസികളോട് സഭ ആവശ്യപ്പെട്ടു. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാം. നൂറ്റാണ്ടുകളായി സഭയിൽ നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ തീർപ്പ് കൽപ്പിക്കാനാണ് രേഖ തയാറാക്കിയത്.
യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും. കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥത അവ്യക്തമാക്കപെടാൻ ഇടയുണ്ടെന്ന് വത്തിക്കാൻ രേഖ പറയുന്നു. അതിനാൽ കന്യാ മറിയത്തിന് സഹ രക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ തുടങ്ങിയ വിശേഷണങ്ങൾ നൽകുന്നത് ഒഴിവാക്കണം. ‘വിശ്വാസികളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. ‘ദൈവമാതാവ്’, ‘ദൈവജനത്തിന്റെ മാതാവ്’ എന്നീ സ്ഥാന പേരുകളും ഉപയോഗിക്കാം. രക്ഷയുടെയും കൃപയുടെയും കർത്താവിനെ ലോകത്തിന് നൽകിയ അമ്മയാണ് മറിയമെന്നും വത്തിക്കാന്റെ പുതിയ രേഖ വിവരിക്കുന്നു.
നൂറ്റാണ്ടുകളായി വിശ്വാസികൾക്ക് ഇടയിൽ നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ ആണ് രേഖ തയാറാക്കിയത്. ലിയോ പതിനാലാമൻ പാപ്പായാണ് രേഖയ്ക്ക് അംഗീകാരം നൽകിയത്. സഹരക്ഷക, മധ്യസ്ഥ എന്നീ ശീർഷകങ്ങൾ ക്രിസ്തുവിനു മാത്രമുള്ളതാണെന്നും ഇത്തരം വിശേഷണങ്ങളിൽ പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നും രേഖ പറയുന്നു. കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ പ്രയോഗങ്ങൾ ചില അർത്ഥത്തിൽ സ്വീകാര്യമെന്നു തോന്നാമെങ്കിലും ഇവയിൽ ഏറെ അപകട സാധ്യതകൾ ഉണ്ട് എന്നും രേഖ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. മൂന്നാം പ്രതിയായി അദ്ദേഹത്തിന്റെ പേര് ചേർത്തതായാണ് വിവരം. 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്കിനെ കുറിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിൽ നിർണായകമായ സൂചനകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിശേഷ അന്വേഷണ സംഘം തയ്യാറാക്കിയ രണ്ടാമത്തെ റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്. സ്വർണം പൊതിഞ്ഞ കട്ടിലപ്പാളി ചെമ്പുപാളിയാണെന്ന് രേഖപ്പെടുത്തിയതടക്കം നിരവധി നിർണായക കാര്യങ്ങൾ അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലൂടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നേരത്തെ വാസുവിനെ സംഘം ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ള നടന്നതിന് മാസങ്ങൾക്കുശേഷം അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു.
ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെ പ്രധാന ജോലികളും പൂർത്തിയായ ശേഷം ബാക്കി വന്ന സ്വർണം സഹായം ആവശ്യമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് ഉപയോഗിക്കാമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9-നാണ് ആ ഇമെയിൽ ലഭിച്ചതെന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു.
മൂവാറ്റുപുഴ ∙ കൈക്കുഞ്ഞുമായി ബസിൽ സഞ്ചരിച്ച ഗർഭിണിയെ അപമാനിച്ചതിനെ തുടർന്ന് ഭർത്താവിനെ ക്രൂരമായി മർദിച്ച സംഭവം മൂവാറ്റുപുഴയിൽ നടന്നു. മംഗലത്ത്‌നട പുന്നത്തട്ടേൽ സനു ജനാർദനൻ (32) മുഖത്തും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റു. സനു മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ചൊവ്വാഴ്ച വൈകുന്നേരം മൂവാറ്റുപുഴ കച്ചേരിത്താഴത്ത് വച്ചാണ്.
എറണാകുളം-മൂവാറ്റുപുഴ റൂട്ടിലുള്ള ‘സെന്റ് തോമസ്’ ബസിലാണ് സംഭവം നടന്നത്. ബസിൽ തിരക്കായതിനാൽ സനുവും ഗർഭിണിയായ ഭാര്യയും കുഞ്ഞും വേർപിരിഞ്ഞിരിക്കുകയായിരുന്നു. ഈ അവസരത്തിൽ ഒരു യുവാവ് ഭാര്യയോട് അസഭ്യമായി പെരുമാറിയതിനെ തുടർന്ന് സനു ചോദ്യം ചെയ്തു. അതിൽ പ്രകോപിതനായ അക്രമി കൈയിലുണ്ടായ ആയുധം ഉപയോഗിച്ച് സനുവിനെ മുഖത്തടിച്ച് രക്തമൊഴുക്കി മർദിച്ചു.
തുടർന്ന് യാത്രക്കാർ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതി കച്ചേരിത്താഴം പാലം കഴിഞ്ഞ് ചാടി രക്ഷപ്പെട്ടു. ബസുകാർ വിഷയത്തിൽ ഇടപെടാതിരുന്നതിൽ യാത്രക്കാർ പ്രതിഷേധിച്ചതായാണ് വിവരം. പൊലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പ്രതിയെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്. സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു തുടങ്ങി.
മൂന്നാറില്‍ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ സ്വദേശികളായ വിനായകനെയും വിജയകുമാറിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മൂന്നാര്‍ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവെച്ചത്. ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നും പൊലീസും അതേ നിലപാട് സ്വീകരിച്ചുവെന്നും അവര്‍ വീഡിയോയില്‍ ആരോപിച്ചു.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് സംഭവത്തില്‍ പ്രതികരണമായി രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുവതിയുടെ പരാതി അടിസ്ഥാനമാക്കി ഭീഷണിപ്പെടുത്തിയ സംഘത്തിലെ മറ്റു പേരുകളെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ജോർജ് മാത്യു
മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ 123-മത് ഓർമ്മ പെരുന്നാൾ ബിർമിഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നവംബർ 2 ന് ഞായറാഴ്ച ഭക്തിയാദരപൂർവ്വം ആഘോഷിച്ചു. ഇടവക വികാരി ഫാ.ബിനോയ് ജോഷുവ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വിശ്വാസ സഹസ്രങ്ങൾക്ക് അൽമീയ സുഗന്ധം പരത്തി വിശുദ്ധിയുടെ പടവുകൾ കയറിയ പരുമല കൊച്ചു തിരുമേനി യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്നു എന്ന് ഇടവകവികാരി കുർബാന മധ്യയുള്ള പ്രസംഗത്തിൽ ചൂണ്ടികാട്ടി. ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം,വി.കുർബാന,പ്രസംഗം, മധ്യ സ്ഥ പ്രാർത്ഥന, പ്രദിക്ഷണം,ആശിർവാദം,നേർച്ചവിളമ്പ് എന്നിവ നടന്നു. തുടർന്ന് ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി കൊണ്ട്, മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിവൽ പങ്കാളിത്തം കൊണ്ടും, ടീം വർക്ക് കൊണ്ടും ശ്രദ്ധേയമായി.ഇടവക ട്രസ്റ്റി എബ്രഹാം കുര്യൻ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അധ്യാൽമിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.


തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ ബാലമുരുകന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം നടന്നത്. തമിഴ്‌നാട് പോലീസിന് കൈമാറിയിരുന്ന പ്രതിയെ തിരികെ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.
തമിഴ്‌നാട് പോലീസിന് ആവശ്യമായ ഒരു കേസിനായി ഇയാളെ അവിടെത്തിച്ചിരുന്നു. തിരിച്ച് വിയ്യൂരില്‍ എത്തിക്കുന്നതിനിടെ ജയിലിനടുത്ത് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ആ സമയത്ത് പോലീസിനെ വെട്ടിച്ച് ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടു.
കേരളത്തിലും തമിഴ്‌നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബാലമുരുകനെ കണ്ടെത്തുന്നതിനായി തൃശൂര്‍ നഗരത്തില്‍ വ്യാപകമായ പരിശോധന പോലീസ് നടത്തുകയാണ്.
റഷ്യ -യുക്രൈയിൻ യുദ്ധത്തിൽ റഷ്യയ്ക്കുവേണ്ടി പങ്കെടുത്തുവെന്നാരോപിച്ച് യുക്രൈയിൻ സൈന്യം കസ്റ്റഡിയിലെടുത്ത 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയായ സാഹിൽ മജോത്തിയെ തിരിച്ചുകൊണ്ടുവരാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി നിർദ്ദേശം. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനാണ് നിർദ്ദേശം. റഷ്യയിൽ പഠിക്കാൻ പോയ വിദ്യാർത്ഥിയെ വ്യാജ മയക്കുമരുന്ന് കേസിൽ തടവിലാക്കി ഈ കേസ് ഒഴിവാക്കാൻ റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചുവെന്നാണ് വാദം. മകനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെഅമ്മയാണ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. മജോതിയെ റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചിരിക്കാമെന്നും ഇന്ത്യൻ സർക്കാർ, വിദ്യാർത്ഥിയെ ബന്ധപ്പെടാൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് സച്ചിൻ ദത്ത വ്യക്തമാക്കി.
യുക്രൈയിനിലേക്ക് അയച്ചശേഷം, മജോതി സേനയ്ക്ക് മുന്നിൽ സ്വമേധയാ കീഴടങ്ങിയതായിട്ടാണ് റിപ്പോർട്ടെന്ന് കേന്ദ്രം വാദിച്ചു. യുക്രൈയിൻ സർക്കാരുമായി ബന്ധപ്പെടാൻ ഒരു ലെയ്‌സൺ ഓഫീസറെ നിയമിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. നാല് ആഴച്ചയ്ക്കം വിഷയത്തിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ഡിസംബർ മൂന്നിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. വിദ്യാർത്ഥിയുടെ മാതാവ് ഹസീനാബെൻ മജോതിക്ക് വേണ്ടി അഭിഭാഷകരായ ദീപ ജോസഫും റോബിൻ രാജുവും ഹാജരായി.