Latest News

ജേക്കബ് പ്ലാക്കൻ

കണിപ്പൂ നിറമുള്ള മണിപ്പൂവേ….!
വെണ്മണിയഴകുള്ള തുമ്പപ്പൂവേ..!
പത്തോണത്തിരുമുറ്റത്താവണിപൂക്കളമിടാൻ വായോ..നീ വായോ..!

പുലർമഞ്ഞിൻ മുഖപടത്താൽമുഖം മറച്ച് …
പൊൻവെയിലാൽ ഓണ ണപ്പുടവയുടുത്തു വായോ …..!
പുതുപ്പെണ്ണിൻ നാണമോടെ ..പൂവേ..വാ. .യെൻ പൂവോണ തിരുമുറ്റത്ത് …നീ വായോ..!

ശലഭങ്ങൾ നൃത്തമാടും പൂമണ്ഡപങ്ങളിൽ മൂളിപ്പാട്ട് മൂളാൻ നീയും വായോ കാറ്റേ …।ഓണ കാറ്റേ …!
നീലഭങ്ങൾ ചിത്രമെഴുതും
ആകാശതിരുമുറ്റത്ത് മഴവില്ലിൻ ഊഞ്ഞാലാടൻ വായോ..തെളിവെയിലേ..!
ചിങ്ങം വന്നത് അറിഞ്ഞീലെ ..? ചെങ്ങാതിതിമിർപ്പ് കേട്ടില്ലേ..!
ചെങ്ങാലി…പ്രാവേ …പോകണ്ടേ..?
പൂങ്കതിർ
കൊയ്യാൻ പോകേണ്ട ..?
തെങ്ങോല പീലികൾക്കിടയിൽ മുക്കണ്ണിൻ പൂക്കുല ചൂടും നിറപറമനസ്സ് കാണേണ്ട..? എങ്ങും കാണേണ്ട…?
തേങ്ങാപൂളിൻ ചന്ദ്രികപോലെ ഓളപ്പരപ്പിൽ കളിയാടും കളിയോടങ്ങൾതൻ ആർപ്പുവിളികൾ കേൾക്കേണ്ടേ ..?
തൂശനില തുമ്പ് മടക്കേണ്ടേ ..?
തുമ്പപ്പൂചോറ് വിളമ്പണ്ടേ…? ഓണ തുമ്പി തുള്ളി കളിക്കേണ്ടേ ..?
ഓണത്തപ്പനെ കാണേണ്ടേ..?

ജേക്കബ് പ്ലാക്കൻ :- മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

പിങ്കി എസ്

ഓണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് ഓടി വരിക സമത്വ സുന്ദരമായ ഒരു ലോകത്തെക്കുറിച്ചുള്ള ഭാവനയാണ്. മാവേലി നാടു വാണീടും കാലം… എന്നു തുടങ്ങുന്ന ഓണപ്പാട്ട് കുട്ടിക്കാലത്ത് എൻ്റെ മനസിനെ വളരെയധികം സ്വാധീനിച്ച ഒന്നാണ്. അതിൻ്റെ രചയിതാവ് ആരെന്ന ചോദ്യം കേരളത്തിൻ്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ ഉയർന്നു നിൽക്കുന്നു. സഹോദരൻ അയ്യപ്പൻ സാമൂഹ്യ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി എഴുതിയതാണെന്നു ഒരു വിഭാഗവും അതിനു മുമ്പ് തന്നെ ഓണപ്പാട്ടായി തലമുറകൾ കൈമാറി വന്നതാണെന്നും വാദമുണ്ട്. 1921 ൽ സഹോദരൻ എന്ന മാസികയിൽ അയ്യപ്പൻ ഈ പാട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. പലവരികളും പിന്നീട് മുറിച്ചു മാറ്റുകയും കൂട്ടി ചേർക്കുകയും ചെയ്തതാണെന്ന വാദവും നിലനിൽക്കുന്നു.

പ്രൈമറി പഠന കാലത്ത് സ്കൂളിൽ ടീച്ചർ ഈ പാട്ട് ചൊല്ലി കേൾപ്പിക്കുമ്പോൾ അത്ഭുതത്തോടെ ടീച്ചറിനെ നോക്കുന്ന ഒരു പാട് പേരുടെ മുഖം ഇന്നും മനസിൽ ഉണ്ട്. വൈകിട്ട് സ്കൂൾ വിട്ടു വന്ന് ഇങ്ങനെയൊരു ലോകം ഉണ്ടായിരുന്നുവോ എന്ന് അമ്മൂമ്മയോട് ആകാംക്ഷയോടെ ചോദിക്കുന്ന ഒരു കുട്ടി എൻ്റെ ഓർമ്മചിത്രത്തിലുണ്ട്.

മാവേലിത്തമ്പുരാൻ്റെ നാടിനെക്കുറിച്ചുള്ള കഥകളും ഭരണവും സമത്വസുന്ദരമായ ലോകത്തെക്കുറിച്ചും ഒടുവിൽ വാമനൻ ചവിട്ടി താഴ്ത്തിയതിനെക്കുറിച്ചുമൊക്കെ അമ്മൂമ്മ വാചാലയാകും. അതുപോലെ കർക്കിടക മാസത്തിൻ്റെ അവസാന ദിവസം വീടും പരിസരവും വൃത്തിയാക്കി മുഴുവൻ മാലിന്യവും തെക്കേ മൂലയിൽ കൊണ്ടു കളയും . മൂധേവി പോ,പോ… ശ്രീദേവി വാ, വാ…എന്ന് എന്നെക്കൊണ്ട് അമ്മൂമ്മ വിളിപ്പിച്ചിരുന്നുവെന്നാണ് ഓർമ്മ. ദൗർഭാഗ്യങ്ങൾ ഒക്കെ പോയി ഐശ്വര്യം വരാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് എനിക്കു പറഞ്ഞ് തന്നിരുന്നത്.

അത്തം തുടങ്ങി പത്ത് നാളും പൂക്കളം അമ്മൂമ്മക്ക് നിർബന്ധമാണ്. അയൽക്കാരി പങ്കയമ്മൂമ്മയുടെ വീട്ടിൽ നിന്നു എടുത്തു കൊണ്ടു വരുന്ന ചാണകം മെഴുകിയ തറയിൽ നാടൻ പൂക്കൾ കൊണ്ടാണ് പൂക്കളം ഒരുക്കുക. അതിരാവിലെ ഞാനും കൂട്ടുകാരി ഫിജിയും വേലിയരികിലും വീടുകളിലും നിൽക്കുന്ന പൂക്കൾ പറിക്കാൻ പോകുന്നതും സുഖമുള്ള ഒരോർമ്മ തന്നെ.

മിക്കവാറും എല്ലാ വീടുകളിൽ ഊഞ്ഞാലിടും. ഊഞ്ഞാലിലെ തണ്ടു വലി, കാഞ്ഞിൽ പിടിത്തം ഇതൊക്കെ ഞങ്ങൾ കുട്ടികളുടെ മത്സരയിനങ്ങൾ ആണ്. ഏറ്റവും പൊക്കത്തിൽ ഊഞ്ഞാൽ ആടുന്നതും ആട്ടുന്നതും വല്ലാതെ ഹരം പിടിപ്പിച്ചിരുന്നു.

തിരുവോണ ദിനത്തിലെ ഏറ്റവും വലിയ സന്തോഷം കുടുംബാംഗങ്ങൾ ഒരുമിച്ച് ഇലയിട്ട് ഉണ്ണുന്ന പായസം കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യയാണ്. എല്ലാ ബന്ധുക്കളും ഉള്ളത് കൊണ്ട് ഞങ്ങൾ കുട്ടികൾക്ക് ഒരുമിച്ച് വിളയാനും സന്തോഷിക്കാനും സാഹസക്കളികളിൽ ഏർപ്പെടാനും പറ്റിയ അവസരം.ഓണത്തിന് മാത്രം തൂശനിലയിൽ വിളമ്പുന്ന ചില സ്പെഷ്യൽ കറികളുടെ രുചിക്കൂട്ടുണ്ട്. വിളക്ക് കത്തിച്ച് മാവേലിയെ സങ്കൽപ്പിച്ച് ഇല ഇടുന്ന പതിവുണ്ട്.

അന്ന് ഇന്നത്തെ പോലെ റസ്റ്റോറൻ്റ് ഓണം വ്യാപകമല്ലാതിരുന്നതിന്നാലും, കടകളിൽ കിട്ടുന്ന വിഭവങ്ങൾക്ക് പരിമിതി ഉള്ളതിനാലും, ഓണസദ്യ ഞങ്ങളെ ഹരം കൊള്ളിച്ചിരുന്നു. കുട്ടിക്കാലത്തെ രസമുള്ള ഓണയോർമ്മകൾ എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവുമാണ്. അന്ന് ടെലിവിഷൻ വ്യാപകമല്ലാതിരുന്നതിനാൽ, മുതിർന്ന സ്ത്രീകൾക്ക് അടുക്കള പരസ്പര സഹകരണത്തിൻ്റെയും ആശയ കൈമാറ്റത്തിൻ്റേയും നാട്ടുവിശേഷങ്ങളുടേയും ഇടമായിരുന്നു.ഇന്ന് ചാനലുകൾ വിളമ്പുന്ന ഡിജിറ്റൽ ഓണത്തിലും ഓർഡർ കൊടുത്താൽ വീട്ടിൽ എത്തുന്ന സദ്യയിലേക്കും അണുകുടുംബങ്ങളുടെ ഓണാഘോഷം ചുരുങ്ങിയിരിക്കുന്നു.

ഹൈന്ദവമായതെല്ലാം മഹത്തരം എന്ന തരത്തിലേക്ക് ഭൂരിപക്ഷത്തിൻ്റെ ചിന്ത മാറുന്ന ഇക്കാലത്ത് എല്ലാ മനുഷ്യരേയും തുല്യരായി കാണുന്ന , കള്ളമില്ലാത്ത ചതിയില്ലാത്ത പൊളിവചനങ്ങൾ ഇല്ലാത്ത ഓണ സങ്കൽപ്പത്തിന് ഏറെ പ്രസക്തിയുണ്ട്. ഐതിഹ്യങ്ങളുടേയും മിത്തുകളുടേയും ബാലപാഠങ്ങൾ മനസിൽ കോറിയിട്ടു തന്ന കഥകളിലൂടെ, സാമൂഹിക ചുറ്റുപാടുകൾ വിവരിച്ചു തന്ന പാട്ടുകളിലൂടെ, ഗണിതത്തിലേക്ക് വഴി പിടിച്ചു നടത്തിയ, എല്ലാ ജീവ ജാലങ്ങളേയും സ്നേഹിക്കാൻ പഠിപ്പിച്ച, എൻ്റെ അച്ഛൻ്റെ അമ്മക്ക് എൻ്റെ ഓണയോർമ്മകൾ ഞാൻ സഹർഷം സമർപ്പിക്കുന്നു.

പിങ്കി എസ്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.

കെ . ആർ.മോഹൻദാസ്

“വരാതിരിക്കില്ല”. ഈ ഒരു വാക്കില്ലാതെ ഇന്നുവരെ ഒരാളും മഞ്ഞിനെക്കുറിച്ച് പറഞ്ഞിട്ടൊ എഴുതിയിട്ടോ ഉണ്ടാവില്ല.

മലയാളികളുടെ മനസ്സിലേക്കാണ് മഞ്ഞ് പെയ്തിറങ്ങിയത്. കാലമൊരുപാട് പെയ്തു പോയിട്ടും മനസ്സിൽ മഞ്ഞുപെയ്യുന്ന ഒരനുഭവം നല്കാൻ ഇതുപോലെ മറ്റൊരു കഥയില്ല. അതാണ് എംടിയുടെ മഞ്ഞ്.

1964 ൽ പ്രസിദ്ധീകരിച്ച നോവലാണ് മഞ്ഞ്. എം.ടി. യുടെ പതിവ് പശ്ചാത്തലമായ വള്ളുവനാടിൽ നിന്നു വ്യത്യസ്തമായി നൈനിറ്റാളാണീ നോവലിന്‍റെ പശ്ചാത്തലം.

മഞ്ഞ് വായിക്കുമ്പോള്‍ മനസ്സിലേക്ക് ഒരു മുഖം തെളിഞ്ഞു വരും. അത് പ്രമീളാനായരുടെ മുഖമാണ്.
പ്രമീള നായർ എംടിയുടെ ആദ്യ ഭാര്യയായിരുന്നു, മാത്രമല്ല അവർ നല്ല എഴുത്തുകാരിയുമായിരുന്നു. മഞ്ഞ് ഇംഗ്ലീഷിലേക്ക് (MIST) വിവർത്തനം ചെയ്തത് പ്രമീള നായരായിരുന്നു.

എംടിയുമായി പിരിഞ്ഞുജീവിക്കുമ്പോള്‍ അവസാനകാലത്ത് രോഗാതുരയായികഴിയുമ്പോള്‍ എംടിയെ ഒന്നു കാണാനായി പ്രമീള നായർ ആഗ്രഹിച്ചിരുന്നുെവന്ന് കേട്ടിട്ടുണ്ട്. സഫലമാവാതെ പോയ കാത്തിരിപ്പ്.

ഏകാന്തതകളുടെയും സംഘർഷം നിറഞ്ഞ മനസ്സുകളുടെയും അഭയകേന്ദ്രമാണ് ‘മഞ്ഞ്’, എംടിയുടെ മറ്റെല്ലാ കൃതികളെയും അതിജീവിച്ചുനില്‍ക്കുന്ന നോവല്ലയാണ് മഞ്ഞ്. മനുഷ്യനുള്ളിടത്തോളം കാലം നിലനില്‍ക്കുന്ന കഥ. കാത്തിരിക്കാനും സ്നേഹിക്കാനും അവന് കഴിയുന്നിടത്തോളം കാലം മങ്ങാതെ മായാതെ നിലനില്‍ക്കുന്ന കഥ.

അറിയില്ലേ വിമലയെ..?

എംടിയുടെ കാവ്യസുന്ദരമായ മഞ്ഞ് എന്ന ലഘുനോവലിലെ നായികയെ?

കാലമെത്ര കഴിഞ്ഞാലും കടലെത്ര ഒഴുകിപ്പോയാലും കാത്തിരിപ്പിന്‍റെ തീവ്രതയും ഹൃദയത്തിലെ അതിന്‍റെ തീക്ഷ്ണതയും ഒട്ടും ഒളിമങ്ങാതെ സൂക്ഷിക്കാൻ കഴിയുന്നവർ എത്ര പേരുണ്ടാവും? വിമല അങ്ങനെയൊരാളാണ്. കാത്തിരിപ്തിന് അന്ത്യമില്ലെന്ന് ജീവീതം കൊണ്ട് കാണിച്ചുകൊടുത്തവൾ.

മഞ്ഞില്‍ വിമല കാത്തിരിക്കുന്നത് ഒൻപത് വർഷം മുൻപ് യാത്ര പറഞ്ഞു പോയ സുധീർകുമാർ മിശ്ര എന്ന കാമുകനെയാണ്. അയാളുടെ സിഗരറ്റ് മണത്തെ, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച മധുരമായ ആ സംഗമത്തെ, അതൊന്നും ഓര്‍മ്മയില്‍ നിന്നും മായാന്‍ അനുവദിക്കാതെ വിമല കാത്തിരിക്കുന്നു.

തന്‍റെ ഹോസ്റ്റലില്‍ നിന്നും അവധിക്കാലം ആഘോഷിക്കുവാൻ എല്ലാവരും പോകുമ്പോഴും, വിമല മാത്രം എവിടേക്കും പോകുന്നില്ല.
കുന്നിറങ്ങിപോകുന്ന ചോക്ലേറ്റ് നിറത്തിൽ കവിളുള്ള രശ്മ‌ി വാജ്പേയി എന്ന അവസാന പെൺകുട്ടിയെയും വെള്ളാരം കണ്ണുകളുള്ള അവളുടെ കാമുകനെയും നോക്കി നിൽക്കുന്ന വിമല സ്നേഹം കൊണ്ടു മുറിവേറ്റവളാണ്. സ്നേഹം തേടിയലഞ്ഞ പുഷ്പാ സർക്കാർ രാജി വെച്ച ഒഴിവിലേക്കാണ് വിമല അധ്യാപികയായി എത്തുന്നത്.

ജോലി ചെയ്യുന്ന ഹോസ്‌റ്റലിൽ നിന്നും മൂന്നു മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന സ്വന്തം വീട്ടിലേക്ക് വിമല പോകാത്തത് അവിടെ തനിക്കായി കാത്തിരിക്കാന്‍ ആരുമില്ല എന്ന അറിവിനാലാണ്.

എം.ടിയുടെ കേവലം 80 പേജുകളുള്ള ഒരു നോവല്ലയാണ് മഞ്ഞ്. കാത്തിരിപ്പ് എന്ന വിഷയം കാവ്യാത്മകയിൽ നിറഞ്ഞു നിൽക്കുന്ന മഞ്ഞ്. മഞ്ഞ് ഉരുകുംപോലെ ഒരുകിയുരുകി ഓർമ്മകളുടെ ജലാശയം താളംകെട്ടിയ പോലെ…

വരും വരാതിരിക്കില്ല….. പ്രതീക്ഷകൾ പ്രണയവും കടന്ന് ജീവിതവുമായി ഒട്ടിപ്പിടിച്ചിരിക്കുന്ന പോലെ….

കെ. ആര്‍. മോഹന്‍ദാസ്  കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.

അനുജ.  കെ 

അകലെനിന്നും ചെണ്ടയുടെയും തകിലിന്റെയും ശബ്ദം കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ശബ്ദം അടുത്തടുത്തു വരുന്നതോടെ ഉണ്ണിമായയുടെ വയറ്റിൽനിന്നും ഒരാന്തൽ അനുഭവപ്പെട്ടു. ഭയപ്പാടിൽ നിന്നും രക്ഷപെടാൻ കതകിന്റെ മറവാണ് അവളുടെ അഭയകേന്ദ്രം. കേശുവിനും കുഞ്ഞുകുട്ടനും ഇതൊരു തമാശയാണ്. അവൾ ഒളിച്ച കതകുപാളിക്കു മുന്നിൽ നിന്ന്‌ അവർ മേലോട്ടും കീഴോട്ടും ചാടി നൃത്തം ചെയ്യാൻ തുടങ്ങി. കൂടെ ഹൊയ്. ഹൊയ്.. എന്ന ശബ്ദവുമുണ്ടാക്കി . ഭയപ്പാടിനേക്കാൾ കൂടുതൽ സങ്കടവും ദേഷ്യവുമാണ് അവൾക്കപ്പോൾ തോന്നിയത്.

“എന്തൊരു കഷ്ടമാണ്” എന്ന് പുലമ്പിക്കൊണ്ട് അവൾ കതകിനു മറവിൽ നിന്നും പുറത്തേയ്ക്ക്‌ എത്തിനോക്കി. കുഞ്ഞുകുട്ടനും കേശുവും വീടിനു പുറത്തേക്കു പോയിരിക്കുന്നു. ചെണ്ടമേളസംഘം എത്താറായി എന്ന് തോന്നുന്നു. അവൾ ഒന്നുകൂടി വിളറിവെളുത്തു…
” വല്യച്ഛന്റെ മായക്കുട്ടി എവിടെ ” എന്ന് ചോദിച്ച് വല്യച്ഛനും കൂടെ വല്യമ്മയും എന്നെ അന്വേഷിക്കുന്നുണ്ട്. കതകിനു മറവിൽ നിന്നും എത്തിനോക്കാൻ പോലും ഭയപ്പാടോടെ അവൾ മിണ്ടാതെ നിന്നു.

അച്ഛന്റെയും അമ്മയുടെയും മരണശേഷം വല്യച്ഛന്റെ സംരക്ഷണയിലായിരുന്നു ഉണ്ണിമായ. ഭർത്താവിന്റെ ഇഷ്ടങ്ങൾ മാത്രം അനുസരിച്ചു ജീവിക്കുന്ന വല്യമ്മക്ക് ഉണ്ണിമായയെ ഇഷ്ടപ്പെടാതിരിക്കാൻ പറ്റിയില്ല. അർബുദരോഗത്തിനടിമപ്പെട്ടുള്ള അച്ഛന്റെ അകാലമരണം അമ്മയെ ആകെ തളർത്തിയിരുന്നു.ആ ദുഃഖത്തിൽ നിന്നും അമ്മയെ രക്ഷപ്പെടുത്തിയത് ഒരു ഹൃദയാഘാതം ആയിരുന്നു. അവിടെ തനിച്ചായതു ഉണ്ണിമായയും. വല്യച്ഛൻ നീട്ടിയ കൈകൾ പിടിച്ചു ഈ തറവാടിന്റെ പടികൾ കയറുമ്പോൾ രണ്ടു മുരടന്മാർ അവിടെയുണ്ടാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല.അതറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഈ പടികടന്നു വരികയില്ലായിരുന്നു എന്ന് അവൾ പലപ്പോഴും ഓർത്തിട്ടുണ്ട്. കേശുവിന്റെ കുസൃതി അത്രക്കും അവളെ ബുദ്ധിമുട്ടിക്കുന്നു എന്ന് സാരം. കുഞ്ഞുകുട്ടൻ കേശുവിന്റെ ചേട്ടൻ ആണ്. കുസൃതി എങ്കിലും ഉണ്ണിമായയോട് പ്രേത്യേക ഒരു സ്നേഹവായ്പ് അവനുണ്ട്‌. അവളെ സ്കൂളിൽ കൊണ്ടുപോകുന്നതും കൂട്ടികൊണ്ടുവരുന്നതും കുഞ്ഞുകുട്ടനാണ്. കേശു ഇവർ രണ്ടിലും ഇളയവൻ. ഇളയവനായതിനാൽ അവനെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നൊരഹംഭാവം അവനിൽ ഉണ്ട്‌.

” വരുന്നുണ്ട്… അവർ വരുന്നുണ്ട് ”
കേശു പാഞ്ഞുവന്നു കതകിനുമുന്നിൽ നിന്നു. കൈകൾ മുകളിലേയ്ക്കു ഉയർത്തി ഒരു ചാട്ടം… പുറത്തേയ്ക്കൊരു ഓട്ടം. എല്ലാം ഒറ്റനിമിഷത്തിൽ.
ചെണ്ടകൊട്ട് അടുത്തു വന്നിട്ടുണ്ട്. ഉണ്ണിമായ വിറച്ചുകൊണ്ട് ഭിത്തിയിൽ മുഖം ചേർത്തു നിന്നു. കടുവാകളി സംഘമാണ്. നാട്ടിൻപുറത്തുള്ള എല്ലാ വീടുകളിലും ഓണനാളിൽ ഉച്ചതിരിഞ്ഞു ഈ സംഘം എത്താറുണ്ട്. സംഘത്തിൽ കുറേ കടുവാവേഷധാരികളും ഒരു കടുവാപിടുത്തക്കാരനും ചെണ്ട,തകിൽ മേളക്കാരും ഉണ്ടാവും.സംഘം വീടിന്റെ മുറ്റത്തെത്തിയിട്ടുണ്ട്. കൂക്കുവിളികളും ചെണ്ട,തകിൽ മേളവും കൊണ്ടു അന്തരീക്ഷം ശബ്ദമുഖരിതമായി.സംഘത്തിലെ കടുവകളെക്കാളും ഉണ്ണിമായയ്ക്ക് പേടി അവരെ വെടിവയ്ക്കാനായി തോക്കുമേന്തി വരുന്ന കപ്പടാമീശക്കാരൻ പട്ടാളവേഷധാരിയെയാണ്.

കതകിന്റെ മറവിൽ നിന്നും ഉണ്ണിമായയെ പിടിച്ചിറക്കി വല്യച്ഛൻ പൂമുഖത്തേക്ക് കൊണ്ടുവന്നു…”എന്തിനാ കുട്ട്യേ പേടിക്കുന്നേ… വല്യച്ഛനില്ലേ കൂടെ… ” എന്ന വാക്കുകളുടെ ബലത്തിൽ കണ്ണുപൊത്തിപിടിച്ചാണ് അവൾ വന്നത്. കേശു ഏറുകണ്ണിട്ടു നോക്കുന്നുണ്ട്. കുഞ്ഞുകുട്ടന് അവൾ വന്നത് വല്യ സന്തോഷമായി.കടുവാക്കുട്ടന്മാരെ കാണാൻ നല്ല ഭംഗി തോന്നി. ദേഹത്തെല്ലാം മഞ്ഞയിൽ കറുത്ത വരകൾ, കടുവയുടെ മുഖംമൂടി വച്ചിട്ടുണ്ട്.അവൾക്കു പേടി തോന്നി… തോക്കുധാരിയെ കാണുന്നില്ലല്ലോ…. ആൽക്കൂട്ടത്തിനിടയിൽ നിന്നും അവൾ അയാളെ കണ്ടുപിടിച്ചു…. അയാൾ കടുവയ്ക്കു നേരെ തോക്ക് ചൂണ്ടി ഉന്നംവയ്ക്കുന്നുണ്ട്… അപ്പോൾ ആരോ ഒരാൾ ഒരു ഓലപടക്കം പൊട്ടിച്ചു.. തോക്കിൽ നിന്നും വെടി പൊട്ടിയതായി ഭാവിച്ച് കടുവകൾ വെപ്രാളപ്പെട്ടു അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. കേശു ഓടി വന്നു വല്യച്ഛനെ കെട്ടിപ്പിടിച്ചു. ഭയപ്പാടോടെ നിന്നിരുന്നുവെങ്കിലും കേശുവിന്റെ ഓട്ടം കണ്ടു ഉണ്ണിമായയ്ക്ക് ചിരിപൊട്ടി.

ഈ വർഷത്തെ കടുവാകളി ഇതോടെ അവസാനിക്കുകയാണ്… വല്യമ്മ ഉപ്പേരിയും പഴവുമൊക്കെ അവിടെ കൂടിയിരുന്നവർക്കു നൽകുന്ന തിരക്കിൽ ആണ്. കുഞ്ഞുകുട്ടൻ കൈനിറയെ ഉപ്പേരിയുമായി ഊഞ്ഞാലിനെ ലക്ഷ്യമാക്കി നടക്കുന്നു…. ധൈര്യവാൻ കേശു വരാന്തയിലിരുന്നു ഉപ്പേരി കഴിക്കുന്നു….. വല്യച്ഛന്റെ സ്നേഹത്തിൽ ഉണ്ണിമായയ്ക്ക് വലിയ സന്തോഷം തോന്നി…. തനിക്കുകിട്ടിയ ഉപ്പേരിയുമായി അവൾ കേശുവിനരികിൽ ചെന്നിരുന്നു…. ഉടനെ അവൻ കൈനീട്ടി അവളുടെ കയ്യിലുള്ള ഉപ്പേരി തട്ടിപ്പറിച്ചു. അവനു വീണ്ടുമൊരു അവസരം കൊടുക്കാതെ അവൾ അകത്തളത്തിലേക്കു നടന്നു.

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

ബിജു കുളങ്ങര

ലണ്ടൻ. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന് കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി കിയേര്‍ സ്റ്റാമെര്‍ സര്‍ക്കാർ ധവളപത്രം പുറത്തിറക്കിയ സാഹചര്യത്തിൽ മൈഗ്രേഷൻ മന്ത്രി സീമ മൽഹോത്രയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ കൂടിക്കാഴ്ച നടത്തി. ധവളപത്രത്തിലേ നിയമങ്ങൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാരെ കൂടി കൂടുതൽ ബാധിക്കുന്ന തരത്തിൽ ആയതിനാലാണ് മന്ത്രിയുമായി ആശങ്കകൾ പങ്കു വെച്ചതെന്ന് സുജു കെ ഡാനിയേൽ പറഞ്ഞു.

എല്ലാ മേഖലകളിലും വിഷയം പൂർണ്ണമായും ചർച്ചചെയ്തു എല്ലാ അഭ്യൂഹങ്ങളും പൂർണ്ണമായി ഒഴിവാക്കി മാത്രമേ നിയമം നടപ്പിലാക്കുകയുള്ളുവെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സുജു കെ ഡാനിയേൽ പറഞ്ഞു. സെപ്റ്റംബർ 8 ന് ധവളപത്രം പാർലമെന്റിൽ ചർച്ചക്ക് വരുന്ന സാഹചര്യത്തിൽ ഐഒസി പ്രവർത്തകർ രാഷ്ട്രീയ ഭേദമന്യേ യുകെയിലെ എംപിമാർക്ക് കത്തെഴുതുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ ഐഒസി പ്രവർത്തകർ പ്രാദേശിക എംപിമാർക്ക് ഇമെയിൽ മുഖേനെ കത്തുകൾ അയച്ചു തുടങ്ങി.

അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ധവളപത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളിക്കു തടയിടുക ലക്ഷ്യമിട്ടാണ് ലേബര്‍ സര്‍ക്കാര്‍ അടിയന്തരമായി കുടിയേറ്റ നിയന്ത്രണ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണു വിലയിരുത്തല്‍.

ഐഎല്‍ആര്‍ അനുവാദ കാലാവധി പത്തു വര്‍ഷമാക്കുന്നതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നയമാറ്റം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നു കൂടി സര്‍ക്കാര്‍ ധവള പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതിനാലാണ് ഐഒസി പ്രവർത്തകർ കത്തുകൾ അയയ്ക്കുന്നത്.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

1987 ജൂൺ 31 നു ഗാന്ധിമതി ഫിലിംസ് പുറത്തിറക്കിയ “തൂവാനത്തുമ്പികൾ “എന്ന സിനിമ മുപ്പത്തെട്ട് വർഷം പിന്നിടുമ്പോഴും ഇന്നും ഒരു വിസ്മയമായി നിലനിൽക്കുന്നു . കഥയും, തിരക്കഥയും , സംവിധാനവും എല്ലാം പത്മരാജൻ എന്ന അതുല്യ പ്രതിഭയുടേതായിരുന്നു

ഇതിൽ ഒരുപാട് അഭിനയപ്രതിഭകളുടെ കൈയൊപ്പ്‌ പതിഞ്ഞതാണ്. മോഹൻലാൽ,സുമലത,പാർവതി,ബാബു നമ്പൂതിരി, അശോകൻ ,ശ്രീനാഥ് അങ്ങനെ നിരവധി പേർ. ഇതിൽ പത്മരാജൻ സൃഷിടിച്ച ക്ലാര എന്ന കഥാപാത്രത്തോട് കിടപിടിക്കാൻ പറ്റുന്ന ഒരു നായികാജന്മങ്ങളും ഇക്കാലമത്രയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ആയതിനാൽ ക്ലാരയെ മുൻ നിർത്തി മണ്ണാറത്തൊടി ജയകൃഷ്ണനൊപ്പം അവർ സഞ്ചരിച്ച പ്രണയ പാതകളെ, സ്നേഹനിമിഷങ്ങളെ ,സ്നേഹബുദ്ധ്യാ അസൂയപ്പെടുകയും ,ആദരിക്കുകയും ചെയ്യുന്നു
ഇത് പ്രിയപ്പെട്ട പത്മരാജനുള്ള സ്മരണാഞ്ജലിയായി സമർപ്പിച്ചുകൊള്ളട്ടെ.

“മെല്ലെ തിരിഞ്ഞന്നു നോക്കിയ നീ / മതി
ചില്ലിട്ടു വെയ്ക്കുവാൻ എൻ ജീവ
ഭിത്തിയിൽ…
പ്രണയമില്ലാതെയായ നാൾ
സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു
ഞാൻ “

-റഫീഖ് അഹമ്മദ് –

ഇത് ക്ലാര …പെണ്മയുടെ പ്രണയ വിചാരങ്ങൾക്കു തീ പിടിപ്പിച്ചവൾ …. ഏതൊക്കെയോ നിഗൂഢ സ്ഥലികളിലേക്കു ഒരു വ്യവസ്ഥകളുമില്ലാത്തൊഴുകുന്ന പുഴ പോലൊരുവൾ ……….

ക്ലാരയുടെ പൂർവ ജീവിതത്തെപ്പറ്റി ജയകൃഷ്ണനോട് പറയുന്നത് തങ്ങൾ മാഷാണ് ( ബ്രോക്കർ കുരിക്കൾ ) കടപ്പുറം ദേശത്തു നിന്നും രണ്ടാനമ്മയുടെ പ്രേരണയിൽ പുറത്തു കടന്നവൾ …. ഓർമയുടെ തിരയിളക്കത്തിൽ ഉപ്പു കലർന്നൊരു ഭൂത കാലം ക്ലാര മറന്നു പോകുന്നു . മഠത്തിൽ ചേരാൻ പറഞ്ഞൊരു കത്തെഴുതാൻ തങ്ങൾ മാഷ് ജയകൃഷ്ണനെ ചുമതലയേല്പിക്കുന്നു അയാൾ ക്ലാരക്ക് “മദർ സുപ്പീരിയർ” എന്ന കള്ളപേരിൽ കത്തെഴുതുന്നു. ആ രാത്രിയിൽ മണ്ണാറത്തൊടിയിൽ മഴ പെയ്യുന്നുണ്ട്…..ആർത്തലച്ചു പെയ്യുന്ന മഴയും, ഇടിമിന്നലും എഴുത്തു പേപ്പർ നനക്കുന്നു ,മണ്ണാറത്തൊടിയിൽ പെയ്ത മഴയിൽ ഭൂമി ഉർവ്വരയായി കാത്തു കിടന്നു – ക്ലാരയുടെ വരവിനായി….. പക്ഷെ ക്ലാര ഒരിക്കലും മണ്ണാറത്തൊടിയിലേക്കു വന്നില്ല പകരം തീ പിടിക്കുന്ന സൗന്ദര്യവുമായി അവൾ അയാളിലേക്ക് ലയിച്ചു കഴിഞ്ഞിരുന്നു .
മണ്ണാറത്തൊടി ജയകൃഷ്ണൻ, ഗ്രാമത്തിൽ തനി കർഷകനും പിശുക്കനുമാണ് .പട്ടണത്തിൽ എത്തുമ്പോൾ അസ്സൽ പരിഷ്കാരി ആകുന്നു .രണ്ടു സ്വത്വ ബോധങ്ങൾ…. ,രണ്ടു വേഷ പകർച്ചകൾ …..ഇതുകൊണ്ടാവാം തങ്ങൾ മാഷ് ജയകൃഷ്ണനെക്കൊണ്ട് “മദർ സുപ്പീരിയർ” വേഷം കെട്ടിച്ചത്.

ഒരു പെണ്ണിൻ്റെ ചാരിത്ര്യം താൻ മൂലം തകരാൻ പാടില്ലെന്നു വിശ്വസിച്ചിരുന്ന അയാൾക്ക്ക്ലാരയുടെ കാര്യത്തിൽ അബദ്ധം പിണഞ്ഞു .
നഗരത്തിലെ ഹോട്ടൽ മുറിയിൽ വെച്ച് സംഭവിച്ച തെറ്റിന് അയാൾ തങ്ങൾ മാഷിനോട് മാപ്പിരന്നു ക്ലാരയെ വിവാഹം ചെയ്യുവാൻ താല്പര്യം ഉണ്ടെന്നു അറിയിച്ചു

ചരട് പൊട്ടിയ പട്ടം പോലെ അവൾ അയാളിൽ ആവേശിച്ചു നിന്നു . ക്ലാരയുടെ സർപ്പ സൗന്ദര്യത്തിൽ അയാൾ മുങ്ങി അമർന്നു .വിജനതയുടെ കുന്നുകളിൽ ,നഗരത്തിലെ ഹോട്ടൽ മുറിയിൽ ,കടൽ തീരങ്ങളിൽ,പ്രണയത്തിൻ്റെയും ,രതിയുടെയും ഉടൽപൂരങ്ങൾ അവർ അറിയുന്നു. ഇടക്കെപ്പോഴോ ഉള്ളിലെ മഹാ സങ്കടങ്ങൾ ഒളിപ്പിച്ചുകൊണ്ടു തൻ്റെ മടിയിൽ കിടക്കുന്ന “മദർ സുപ്പീരിയറിനോട്” അവൾ ചോദിക്കുന്നുണ്ട് “ശരിക്കും നീ ആരാ തടികൺട്രാക്‌റ്ററെ…? .” ഉള്ളുലക്കുന്ന ആ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം അയാൾ പതറി പോകുന്നുണ്ട് . തികച്ചും നിർവ്യാജമായ ഒരു ചിരിയിൽ ആ നിമിഷത്തെ അയാൾ മായ്ച്ചുകളഞ്ഞു .

ഒരു രാപ്പൊറുതിയിൽ ജന്മ രഹസ്യങ്ങളുടെ നിശ്ചല സമുദ്രങ്ങൾക്കു മുകളിൽ ക്ലാര അയാളെ ഒരു തൂവൽ പോലെ കൊണ്ടു നടന്നു … അനു നിമിഷം ഭ്രമ കല്പനകളുടെ രാജകുമാരിയായി സ്വയം വാഴുകയായിയിരുന്നു ..
ഏകാന്തതയുടെ മലഞ്ചെരുവിൽ ക്ലാരയുടെ മടിയിൽ ആകാശം നോക്കി കിടക്കുന്ന ഒരു കൊച്ചു കുട്ടിയായി അയാൾ പരിണമിച്ചു ( മലഞ്ചെരുവിലെ ഭ്രാന്തൻ്റെ നിലവിളി ക്ലാരയെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു).

മുറിഞ്ഞ വാക്കുകളുടെ തീരത്തു നിന്നാണ് അവർ വേർപിരിയുന്നത് നമ്മുടേത് മാത്രമെന്ന് വിശ്വസിച്ചു പോയ ഇടങ്ങളിൽ നേരിൻ്റെ ടൈം ആൻഡ് സ്പേസ് അന്യമാകുന്നതൊരു വേദന തന്നെയാണ് .
ആകസ്മികമായി ആരെയും നമ്മൾ കണ്ടുമുട്ടാറില്ല ഒരു പക്ഷെ തങ്ങൾ മാഷ് പറഞ്ഞതുകൊണ്ട് മാത്രമാവാം “മദർ സുപ്പീരിയറിൻ്റെയും തടി തടികൺട്രാക്‌റ്ററിൻ്റെയും” വേഷങ്ങൾ അണിയേണ്ടി വന്നത്. എല്ലാം തികച്ചും യാദൃഛികം എന്ന് മാത്രമേ ജയകൃഷ്ണൻ കരുതുന്നുള്ളു

പ്രണയം എത്ര ക്ഷണികമായിരുന്നുവെന്നു ക്ലാര തിരിച്ചറിയുന്നതിനൊപ്പം, കാല്പനിക ലോകത്തു നിന്നും ജീവിതത്തിൻ്റെ യഥാർത്ഥഭൂമിക തേടികണ്ടെത്താൻ കഴിഞ്ഞു. അതിനായിരുന്നു ജയകൃഷ്ണനിൽ നിന്നും അവൾ ഓടിയൊളിച്ചത് .

രാധ ( ജയകൃഷ്ണൻ്റെ പ്രതിശ്രുത വധു ) നല്ല കുട്ടിയാണെന്നും ആ കുട്ടിയെ സങ്കടപെടുത്തരുതെന്നും പറയുന്നിടത്താണ് ക്ലാരയുടെ മനസിൻ്റെ വിശാലത തിരിച്ചറിയുന്നത്. അയാൾക്കവൾ അറിയുന്തോറും ഒരു പ്രഹേളികയാവുന്നു.

ഒരു ജിബ്രാൻ കവിതയിൽ ( ലെബനൻ കവി) ഇങ്ങനെ കാണുന്നു
” മനുഷ്യർ തമ്മിലുള്ള ഒരു ബന്ധത്തിലും/ ഒരാൾ മറ്റൊരാളെ കൈവശപ്പെടുത്തരുത്/ രണ്ടു മനസുകൾ എപ്പോഴും വ്യത്യസ്തരായിരിക്കും സൗഹൃദത്തിലായാലും പ്രണയത്തിലായാലും”

കാലങ്ങൾക്കു മുൻപേ സഞ്ചരിച്ച ഈ കവിത അവരുടെ ജീവിതത്തിൽ തികച്ചും അന്വർത്ഥമായി .

അന്യരെ ആശ്രയിച്ചു നിൽക്കുന്ന എല്ലാ ആഹ്ളാദങ്ങളും ഇന്നോ നാളെയോ മാഞ്ഞു പോകും.എല്ലാം താല്കാലികമാണ് ….തികച്ചും നൈമിഷികമെന്ന ബുദ്ധിസ്റ് സിദ്ധാന്തത്തിലേക്കു മനസ്സ് പാകപ്പെടുത്തുന്നു

അതെ അയാൾ മാത്രം പ്രതീക്ഷിച്ചു ആ തീവണ്ടിയിൽ അവൾ എത്തുമെന്ന് ………..അവൾ വന്നു “മോനി ജോസഫ് ” എന്ന ധനികൻ്റെ രണ്ടാം ഭാര്യയുടെ വേഷത്തിൽ . നിലവിൽ അവളിപ്പോൾ അയാളുടെ ഭാര്യയാണ് ആദ്യ ഭാര്യയുടെ കൈക്കുഞ്ഞുമായി എത്തിയ “മോനി ജോസഫിനോട്” ” മദർ സുപ്പീരിയർ” എന്ന് പറഞ്ഞാണ് ജയകൃഷ്ണനെ പരിചയപ്പെടുത്തുന്നത്

മോനി ജോസഫിനോട് എല്ലാം തുറന്നു പറഞ്ഞ് ഒരു കുമ്പസാര കൂടിൻ്റെ ഹൃദയ വിശുദ്ധി അവൾ അനുഭവിക്കുന്നുണ്ടെന്ന നിർവൃതിയിലാണ് ജയകൃഷ്ണൻ ആ തീവണ്ടി നിലയത്തിൽ നിന്നത് .ഹൃദയത്തിൽ ,സ്വപ്നങ്ങളിൽ ,ചിന്തകളിൽ ,ഒരു ശ്യാമ ശൈത്യം സമ്മാനിച്ചവൾ ദാ ഇപ്പോൾ കടന്നു പോകുന്നു. തീവണ്ടിയുടെ വാതിൽക്കൽ കൈവീശി ചിരിച്ചവൾ ……… തൻ്റെ ഋതു ഭേദങ്ങളുടെ രാജകുമാരി …..

അയാൾക്കൊന്നുറക്കെ കരയണമെന്നു തോന്നി … സങ്കടം ഉള്ളിലൊതുക്കി… ചിലനിമിഷങ്ങളിൽ മനുഷ്യർ എത്ര നിസ്സഹായരാണ് …എത്ര ആലംബഹീനരാണ് ….

അനന്തരം ജയകൃഷ്ണൻ തീവണ്ടി സ്റ്റേഷനിലെ തിരക്കിൽ തൻ്റെ പ്രതി ശ്രുത വധു രാധയെ കാണുന്നു .
ജീവിതം പോലെ സമാന്തരമായി നീളുന്ന ആ തീവണ്ടിപ്പാളത്തിൽ ജയകൃഷ്ണനും ,രാധയും പരസ്പരം കൈകൾ കോർത്തു നിന്നു

രാധാകൃഷ്ണൻ മാഞ്ഞൂർ : – ഫ്രീലാൻസർ ,കോട്ടയം ജില്ലയിൽ ,വൈക്കം താലൂക്കിൽ ,മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി കെ കൃഷ്ണനാചാരിയുടെയും ഗൗരി കൃഷ്ണൻെയും മകനായി 1968 ലെ ഏപ്രിൽ വേനലിൽ ജനനം. മാഞ്ഞൂർ സൗത്ത് ഗവണ്മെൻ്റ് സ്കൂൾ ,മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് സ്കൂൾ ,കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സമചിന്ത, പിറവി, എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി. അക്ഷരകാഴ്ച മാസികയുടെ ചീഫ് എഡിറ്റർ ,കാഞ്ഞിരപ്പള്ളി സമ ചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .ഇപ്പോൾ ടാഗോർ സ്മാരക സാംസ്കാരിക സദസ്സ് ( കേരളം ) സംസ്ഥാന ജോയിൻ്റ് സെക്രെട്ടറി .

1986 ൽ ഭരതം കഥാ പുരസ്കാരം ,1997 ൽ അസീസ്സി ചെറുകഥാ പുരസ്കാരം ,സാംസ്കാര വേദിയുടെ 2023 ലെ അവാർഡ് എന്നിവ ലഭിച്ചു. രണ്ടു കഥാ പുസ്തകങ്ങൾ :- നിലാവിൻ്റെ ജാലകം ,പരസ്യപ്പലകയിലൊരു കുട്ടി .
രണ്ടു തിരക്കഥകൾ :- മഴ മരങ്ങൾ ,മുടിയേറ്റ്
ഭാര്യ :- ഗിരിജ , മകൾ :- ചന്ദന
ഇ മെയിൽ : [email protected]
മൊബൈൽ നമ്പർ :- 8075491785

 അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ‘സർഗം പൊന്നോണം 2025’ സെപ്തംബർ 13 ന് ശനിയാഴ്ച ആഘോഷമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ആരംഭം കുറിക്കുന്ന തിരുവോണ ആഘോഷം സ്റ്റീവനേജ്  ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാവും നടക്കുക. കഴിഞ്ഞ ഒരുമാസത്തോളം നീണ്ടുനിന്ന കായിക ജ്വരം പകർന്ന ഇൻഡോർ-ഔട്ഡോർ-അത്‌ലറ്റിക്ക് മത്സരങ്ങൾക്ക്  സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററും വേദികളായി.

‘സർഗം പൊന്നോണം 2025 ‘ ആഘോഷത്തിലെ ഹൈലൈറ്റായ  ഓണസദ്യയിൽ വിഭവ സമൃദ്ധവും, തിരുവോണ രുചി ആവോളം ആസ്വദിക്കുവാനുമുള്ള വിഭവങ്ങൾ ആവും തൂശനിലയിൽ വിളമ്പുക. പൂക്കളമൊരുക്കി സമാരംഭിക്കുന്ന ‘സർഗ്ഗം പൊന്നോണ’ കലാസന്ധ്യക്ക്‌ തിരികൊളുത്തുമ്പോൾ തിരുവാതിരയോടൊപ്പം, നൃത്തനൃത്യങ്ങളും, കോമഡി സ്കിറ്റുകളും ഗാനമേളയും, മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വർണ്ണാഭമാക്കുവാൻ സ്റ്റീവനേജിന്റെ അനുഗ്രഹീത  കലാകാരുടെ താര നിരയാവും അണിനിരക്കുക. മാവേലി മന്നന്റെ ആഗമനവും, ഊഞ്ഞാലും, ഓണപ്പാട്ടുകളും, ചെണ്ടമേളവും,     അതിലുപരി ‘തിരുവോണ സംഗീത-നൃത്താവതരണവും’ വേദിയെ കീഴടക്കും.

സ്റ്റീവനേജിലെ മലയാളികളുടെ കൂട്ടായ്മ്മയും, സൗഹൃദവേദിയുമായ സർഗ്ഗം ഒരുക്കുന്ന കലാവിരുന്നും, ഓണസദ്യയും മനം നിറയെ ആസ്വദിക്കുവാൻ ‘പൊന്നോണം 2025’ ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ  പ്രവേശനം ഉറപ്പാക്കുവാൻ  മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗം സ്റ്റീവനേജ് ഭാരവാഹികളുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

മനോജ് ജോൺ – 07735285036,
അനൂപ് മഠത്തിപ്പറമ്പിൽ – 07503961952,
ജോർജ്ജ് റപ്പായി – 07886214193

മനോജ് ജോൺ – 07735285036,
അനൂപ് മഠത്തിപ്പറമ്പിൽ – 07503961952,
ജോർജ്ജ് റപ്പായി – 07886214193

Venue: Barnwell Upper Schoo, Barnwell, Stevenage, SG2 9SR

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം.. ശ്രീ മഹാഗണപതിയും, ശ്രീ ധർമശാസ്തവും തുല്യ പ്രാധന്യത്തോടെ വാണരുളുന്ന കെന്റ് ശ്രീ ധർമശാസ്ത വിനായക ക്ഷേത്രത്തിൽ 2025 സെപ്റ്റംബർ 5 ആം തീയതി (1201 Chingam 20) ചിങ്ങമാസത്തിലെ തിരുവോണംനാളിൽ രാവിലെ 8 മണിക്ക് വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമർപ്പിതവുമാകുന്ന ഒറ്റയപ്പം നിവേദ്യം ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകർമികത്വത്തിൽ ഭഗവാന്റെ അനുത്ജയോടുകൂടി നടത്തപ്പെടുന്നു, ഈ പുണ്യകർമത്തിൽ സാക്ഷ്യം വഹിക്കാനും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രിഭൂതരാകുക.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07838170203 , 07973151975, 07985245890

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ , ഇടുക്കി വിമലഗിരി സ്വദേശി ബിനോയ് സെബാസ്റ്റ്യനു വേണ്ടി നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 2110 പൗണ്ട് (ഏകദേശം 2,49264 രൂപ ) ഇടുക്കി ചാരിറ്റിയുടെ പ്രതിനിധിയും തോപ്രാംകുടി സ്വദേശിയും ഇപ്പോൾ യു കെ യിലെ ഓസ്‌ഫോർഡ് ഷെയറിൽ താമസിക്കുന്ന സൂസൻ ജസ്റ്റിൻ വിമലഗിരിയിലെ ബിനോയിയുടെ വീട്ടിൽ എത്തി സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ ബിനോയിയുടെ ഭാര്യ സാലിക്ക്‌ കൈമാറി. ബിനോയ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തെ സന്മനസോടുകൂടി കണ്ടു സഹായിക്കുന്ന എല്ലാ നല്ല യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു .ബിനോയ് വാഹനാപകടത്തിൽ പെട്ട് കിടപ്പിലായിരുന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,45,00000 (ഒരുകോടി നാൽപ്പത്തിഅഞ്ചു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു കേരള കമ്മ്യൂണിറ്റി വിറാൾ , യുകെകെസിഎ (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

 

രാജേഷ് ജോസഫ് ലെസ്റ്റർ

കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണം, ഒരിക്കൽ ലാളിത്യത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പ്രതീകമായിരുന്നു. എന്നാൽ ഇന്നത്തെ കേരളത്തിൽ ഓണാഘോഷങ്ങൾ ഉപഭോഗാധിഷ്ഠിത വിപണി സംസ്‌കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടന, ഗൾഫ് പ്രവാസികളുടെ റീമിറ്റൻസ്, വ്യാപാര വിപണി, ഉപഭോഗ സംസ്കാരം എന്നിവ ഓണത്തെ വിപണി പ്രാധാന്യമുള്ള ഉത്സവമായി മാറ്റിയിരിക്കുകയാണ്.

മുൻകാലത്തെ ഓണം – ഗ്രാമജീവിതത്തിൻ്റെ ലാളിത്യം

പഴയകാലത്ത്, ഓണം കാർഷിക സമൂഹത്തിൻ്റെ വിളവെടുപ്പ് ആഘോഷമായിരുന്നു. കുടുംബം, അയൽക്കാർ, ഗ്രാമസമൂഹം എന്നിവർ ചേർന്ന് പൂക്കളങ്ങൾ ഒരുക്കുകയും വീട്ടിൽ തയ്യാറാക്കിയ ഓണസദ്യയോടെ ഉത്സവം ആഘോഷിക്കുകയും ചെയ്‌തു. ചെലവുകുറഞ്ഞിരുന്നെങ്കിലും സന്തോഷവും ഐക്യവും നിറഞ്ഞിരുന്നു.

“ഓണം മുൻകാലത്ത് ഒരു കൂട്ടായ്മാ ഉത്സവമായിരുന്നു. ഇന്നത്തെ പോലെ ആഡംബരം ഉണ്ടായിരുന്നില്ല,” എന്നു സംസ്കാര ചരിത്രകാരൻ ഡോ. എ. രാജൻ പറയുന്നു.

ഇന്നത്തെ ഓണം – വിപണിയുടെ ആഘോഷം

കാലത്തിന്റെ ഒഴുക്കിൽ, ഓണത്തിന്റെ ആഘോഷ രീതി വ്യാപാരത്തിന്റെ നിയന്ത്രണത്തിലേക്ക് നീങ്ങി. ഓൺലൈൻ ഷോപ്പിംഗ്, ബ്രാൻഡഡ് വസ്ത്രങ്ങൾ, സ്വർണാഭരണം, കാറ്ററിംഗ് സർവീസുകൾ, ഓണ വായ്പകൾ എന്നിവയാണ് ഇന്നത്തെ ആഘോഷത്തിന്റെ മുഖ്യഘടകങ്ങൾ.
• വസ്ത്ര വിൽപ്പന: കേരളത്തിൽ ഓണകാലത്ത് വസ്ത്രവിൽപ്പന ₹10,000 കോടി കടക്കും.
• സ്വർണവില്പന: ഓണത്തിന് മുമ്പുള്ള ദിവസങ്ങളിൽ സ്വർണാഭരണ വിപണിയിൽ ₹500 കോടി വരെ ഇടപാട്.
• മദ്യവില്പന: KSBC റിപ്പോർട്ട് പ്രകാരം, ഓണം സമയത്ത് ഏകദിന മദ്യവിൽപ്പന ₹818 കോടി വരെ.
• ഓണസദ്യ: പല വീടുകളും ഹോട്ടലുകളും കാറ്ററിംഗും ആശ്രയിക്കുന്നു. വില ₹150 – ₹500 വരെ.

“ഓണം ഇപ്പോൾ വികാരത്തിന്റെയും വിപണിയുടെയും കൂട്ടായ്മയാണ്. ഇത് കേരളത്തിന്റെ consumer economy–യെ മുന്നോട്ട് നയിക്കുന്നു,” എന്ന് സാമ്പത്തിക വിദഗ്ധൻ കെ. ബിജു പറയുന്നു.

ഗൾഫ് റീമിറ്റൻസിന്റെ സ്വാധീനം

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഗൾഫ് റീമിറ്റൻസ് നിർണ്ണായകമാണ്. 2023-ൽ, കേരളത്തിന്റെ സംസ്ഥാന വരുമാനത്തിൽ 23% വിദേശ തൊഴിലാളികളിൽ നിന്നുള്ള വരുമാനമാണ്. ഈ പ്രവാഹം ഓണാഘോഷത്തിൽ വലിയ ചെലവുകൾക്ക് കാരണമാകുന്നു. എന്നാൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു: “ഇത് ഉപഭോഗാധിഷ്ഠിത വളർച്ചയാണ്; ഉൽപാദനത്തെ അപേക്ഷിച്ച് ഉപഭോഗം കൂടുതലാണെന്നതാണ് കേരളത്തിന്റെ വെല്ലുവിളി,” എന്ന് പ്ലാനിങ് ബോർഡ് അംഗം ഡോ. ശിവൻ പറയുന്നു.

സർക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടൽ

ഓണ സമയത്ത് സർക്കാർ ഫ്രീ ഓണം കിറ്റുകൾ, സബ്സിഡി വിൽപ്പന, പെൻഷൻ വിതരണം, അലവൻസ് എന്നിവ നൽകുന്നു. സപ്ലൈകോ 2024-ൽ ₹180 കോടി വരെ ന്യായവില വിൽപ്പന നടത്തി. 6.32 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ കിറ്റ് വിതരണം ചെയ്തു.

“ഓണത്തിന്റെ ആത്മാവായ സമത്വവും സഹവർത്തിത്വവും നിലനിർത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. വിപണി സംസ്കാരത്തിൽ മുങ്ങുന്ന കേരളത്തിന്റെ സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കേണ്ട സമയമാണിത്,” എന്ന് സാമൂഹ്യശാസ്ത്രജ്ഞ ഡോ. ജയശ്രീ അഭിപ്രായപ്പെട്ടു.

ഓണം ഇന്നും കേരളത്തിന്റെ ഐഡന്റിറ്റിയുടെ പ്രതീകമാണ്. പക്ഷേ മഹാബലിയുടെ കാലത്തെ സമത്വത്തിന്റെ സ്വപ്നത്തിൽ നിന്ന്, ഇന്നത്തെ ഉപഭോഗത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് കേരളം മാറിയിരിക്കുന്നു. “ലാളിത്യവും ഐക്യവും” ഓണത്തിന്റെ ആത്മാവാണ് – അതിനെ നഷ്ടപ്പെടുത്താതെ ആധുനിക കാലഘട്ടം സ്വീകരിക്കുന്നതാണ് വെല്ലുവിളി.

രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.

യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.

യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.

RECENT POSTS
Copyright © . All rights reserved