Latest News

സ്നേഹപ്രകാശ്. വി. പി.

ഇനിയൊരു കഥ പറയാം. ഒരു പഴയ കഥ. പാണന്റെ പഴംപാട്ടു പോലെ, പാടിപ്പതിഞ്ഞ ഈരടികൾ പോലെ, പറഞ്ഞു പതം വന്ന കഥ.

പണ്ട് എന്നുവെച്ചാൽ പണ്ടുപണ്ട് ഒരു രാജാവുണ്ടായിരുന്നു. അതാണല്ലോ പഴങ്കഥകളുടെ ഒരു ശൈലി. ഒരു വലിയ മലയും, മലയിലെ വിഭവങ്ങളും, അതിന്റെ താഴ്‌വരയിലെ ജനങ്ങളും രാജാവിന്റേതായിരുന്നു. തികഞ്ഞ രാജഭക്തിയുള്ളവരായിരുന്നു പ്രജകൾ. രാജാവ് മലമുകളിലെ കൊട്ടാരത്തിലിരുന്ന് സസുഖം തന്റെ സാമ്രാജ്യം ഭരിച്ചു പോന്നു.

എന്നാൽ നമ്മുടെ രാജാവിന് ഒരു ദൗർബല്യമുണ്ടായിരുന്നു. രാജാവാണെന്ന് വെച്ച് ദൗർബല്യമില്ലാതാവില്ലല്ലോ. അദ്ദേഹം എലികളെ വളർത്തിയിരുന്നു. മലയിൽ മുഴുവൻ എലികളുടെ മടകളായിരുന്നു. എലികളും രാജാവിനെപ്പോലെത്തന്നെ സുഭിക്ഷതകൊണ്ട് തടിച്ചു കൊഴുത്തിരുന്നു.

കാലം കഴിയവേ കാട്ടിലെ മൂപ്പന് ഒരു സംശയം. ഈയിടെയായി കാട്ടിലെ വിഭവങ്ങൾ കുറഞ്ഞു വരുന്നുണ്ടോ ? എലികളല്ലേ മല നിറയെ. പിന്നെ കാട്ടിലെ വിഭവങ്ങൾ കുറയാതിരിക്കുമോ. മൂപ്പൻ ഈ കാര്യം വളരെ രഹസ്യമായി മൂപ്പത്തിയോട് പറഞ്ഞു. രഹസ്യമായതുകൊണ്ടാവാം മുപ്പത്തി, അത്‌ മറ്റു പെണ്ണുങ്ങളോടും അവർ അവരുടെ ആണാളുകളോടും… അങ്ങനെയങ്ങനെ കാര്യം എല്ലാവരും അറിഞ്ഞു. പെട്ടെന്നുതന്നെ കാട്ടിലെയും നാട്ടിലെയും ജനം സംഘടിച്ച് മൂപ്പന്റെ നേതൃത്വത്തിൽ രാജാവിനോട് പോരിനിറങ്ങി. ഒരു നാടിന്റെ മുഴുവനും പിന്തുണയുണ്ടായിരുന്നതിനാൽ ഒടുവിൽ മൂപ്പൻ രാജാവിനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുത്തു. അണികൾ മൂപ്പനെ തോളിലേറ്റി മൂപ്പനാണ് ഇനി തങ്ങളുടെ രാജാവെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആനന്ദനൃത്തം ചവിട്ടി.

ഇനിയെന്ത് ?

എല്ലാവരും ആലോചിച്ചു.

“എലികളാണ് നമ്മുടെ ശത്രു.. ”

ഒന്നാമൻ പറഞ്ഞു.

“ഈ കാടും, നാടും മുഴുവൻ നശിപ്പിച്ചത് എലികളാ… നമുക്കവയെ നശിപ്പിക്കണം.. ”

ചുണ്ടിലെരിയുന്ന ബീഡി ആഞ്ഞു വലിച്ചുകൊണ്ട് രണ്ടാമൻ പറഞ്ഞു.

“എങ്കിലും അവയെ കൊല്ലണോ..? ”

മൂന്നാമന്റെ ഒരു സംശയം.

“അവയെക്കൊന്ന് നാടിനെ രക്ഷിക്കാമെന്നു പറഞ്ഞിട്ടാ ഞാൻ നിങ്ങളുടെ കൂടെ നിന്നത് .. ”

നാലാമൻ ന്യായം പറഞ്ഞു.

ഇത്രയധികം എലികളെ കൊന്നൊടുക്കുക അത്ര എളുപ്പമാണോ ?
മൂപ്പൻ തല പുകഞ്ഞാലോചിച്ചു. മൂപ്പന്റെ നെറ്റിയിലൂടെ വിയർപ്പു ചാലുകൾ നഗ്നമായ നെഞ്ചിലേക്കിറങ്ങി. മൂപ്പന്റെ അവസ്ഥ കണ്ട് മൂപ്പത്തിയുടെ മനമലിഞ്ഞു. അവർ പറഞ്ഞു.

“നമുക്കീ മല മറിച്ചിടാം… അപ്പോൾപ്പിന്നെ എലികളുടെ പ്രശ്നമില്ലല്ലോ.. ”

മൂപ്പൻ സമ്മതിച്ചു. അങ്ങനെ അവർ എല്ലാവരും കൂടി മല മറിച്ചിടാൻ തയ്യാറായി. മൂപ്പൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ പാടി.

“ഇനി നമുക്ക് മല മറിക്കാം… മല മറിക്കാം കൂട്ടരേ.. ”

ഒരായിരം കണ്ഠങ്ങളിലൂടെ ഒരു വിപ്ലവ ഗാനം പോലെ അവരത് ഏറ്റുപാടി.

” ഇനി നമുക്ക് മല മറിക്കാം, മല മറിക്കാം കൂട്ടരേ…
മല മറിച്ച് മല മറിച്ച് എലികളെ തുരത്തിടാം..
എലികളെന്ന വർഗ്ഗമിനി നാട്ടിൽ വേണ്ട കൂട്ടരേ..
എലിയില്ലാത്ത, മലയില്ലാത്ത ലോകമെത്ര സുന്ദരം…

“അപ്പോൾ എല്ലാ മലയും മറിച്ചിടണോ മൂപ്പാ…? ”

ഒരു ഡൗട്ടിങ്ങ് തോമസ്.

മൂപ്പന്റെ കണ്ണിൽ തീ ആളി. ചോദ്യകർത്താവിനെ ദഹിപ്പിക്കുന്ന പോലെ നോക്കി മൂപ്പൻ ചൊല്ലി.

“ഈ മല, ഈ മല, ഈ മല മാത്രം
ഈ മല, എലിമല, എലിമല മാത്രം
ഈ മല എലിമല, ചതി മല മാത്രം ”

പിന്നീടയാളുടെ നാക്ക് പൊങ്ങിയില്ല. മൂപ്പനും കൂട്ടരും തങ്ങളുടെ കോറസ്സിലേക്ക് തന്നെ മടങ്ങിപ്പോയി.

“എലിയില്ലാത്ത, മലയില്ലാത്ത
ലോകമെത്ര സുന്ദരം..
പങ്കു ചേരുക, പങ്കുചേരുക
പുണ്യമാമീ കർമത്തിൽ… ”

മൂപ്പന്റെ ഉണർത്തുപാട്ട് ഏറ്റുപാടിക്കൊണ്ട് അവർ മലക്കുചുറ്റുമായി കൈകോർത്തു പിടിച്ചു നിന്നു. പിന്നീട് തങ്ങളുടെ ശക്തി മുഴുവൻ സംഭരിച്ചുകൊണ്ട് അവർ മല മറിച്ചിടാൻ ശ്രമിച്ചു. പക്ഷേ മല ഒന്നിളകാൻ പോലും കൂട്ടാക്കിയില്ല. ഈയിടെയായി രാജാവിനെതിരെ സംസാരിക്കുന്നതിൽ കവിഞ്ഞു അവർ ഒന്നും ചെയ്യാറില്ലയിരുന്നു. വേല ചെയ്യാൻ പോലും മറന്നു പോയിരുന്ന അവരുടെ ശരീരത്തിലെ മാംസപേശികളിൽനിന്നും ശക്തി ചോർന്നു പോയിരുന്നു. ഒടുവിൽ തളർന്നു വീണ തന്റെ ആൾക്കാരെ നോക്കി മൂപ്പൻ പറഞ്ഞു.

” ഇതൊരു പാഴ്‌വേലയാ… നമുക്കൊരു കാര്യം ചെയ്യാം…. രാജാവ് മുൻപ് ഉപയോഗിച്ച മലമുകളിലെ കൊട്ടാരത്തിലേക്ക് താമസം മാറ്റാം… ”

“ഇത്രയും കാലം എലികളുണ്ടായിട്ടും നമ്മളിവിടെ താമസിച്ചില്ലേ…? ”

“ശരിയാ … ”

“മൂപ്പൻ കൊട്ടാരത്തിൽ താമസിക്കട്ടെ… ”

തളർന്നു പോയ അവരുടെ തൊണ്ടയിലൂടെ എന്തെല്ലാമോ ശബ്ദങ്ങൾ പൊങ്ങി വന്നു. ഒടുവിൽ എല്ലാവരും ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു.

“മൂപ്പൻ കൊട്ടാരത്തിൽ താമസിക്കട്ടെ… ”

അങ്ങനെ മൂപ്പനും, മൂപ്പത്തിയും കൂട്ടരും മല കയറാൻ തുടങ്ങി. കുറെ ദൂരം താണ്ടിയപ്പോൾ പലർക്കും മടുപ്പായി. വീണ്ടും അവരിൽ നിന്നും പല അഭിപ്രായങ്ങളും പൊങ്ങി വന്നു.

“ഇതിലും നല്ലത് രാജാവ് തന്നെയായിരുന്നു.. ”

“ആര് ഭരിച്ചാലും നമുക്ക് ഒരു പോലെത്തന്നെ… ”

“എങ്കിൽ മൂപ്പൻ മാത്രം രാജാവായി മലമുകളിൽ താമസിക്കട്ടെ.. ‘

അങ്ങനെ മലയുടെ പല മടക്കുകളിൽ നിന്നായി പലരും പല വഴിക്ക് പിരിഞ്ഞു. അവർ താഴ്‌വരയിലേക്ക് തിരിച്ചു പോയി. ഒടുവിൽ യാത്രാദുരിതം സഹിക്കവയ്യാതെ എവിടെയോ വെച്ച് മൂപ്പത്തിയും, മൂപ്പനെ കൈവിട്ടു. എന്നാൽ മൂപ്പനും അനുയായികളും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ അവർ പഴയ രാജാവിന്റെ കൊട്ടാരത്തിലെത്തി. സ്വർണം പതിച്ച സിംഹാസനത്തിൽ മൂപ്പൻ ഉപവിഷ്ടനായി. ചെങ്കോലും കൈയിലേന്തി ഭരണം തുടങ്ങി. പഴയ രാജാവിന്റെ ഖജനാവ് കാലിയായിരുന്നില്ല. എല്ലാവിധ സുഖസൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു താനും. മൂപ്പൻ പിന്നീട് താഴ്‌വരയിലേക്ക് നോക്കിയതേയില്ല.

വളരെ പെട്ടെന്ന് തന്നെ അധികാരം തലക്കുപിടിച്ച മൂപ്പന്റെ ദുർഭരണം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടി. ഒരിക്കൽ താഴ്‌വരയിൽ നിന്നും ആൾക്കാർ സങ്കടമുണർത്തിക്കാനായി വന്നു. അവർ മൂപ്പന് നേദിക്കാനായി പനങ്കള്ളും കാട്ടുപെണ്ണിനേയും കൊണ്ടു വന്നിരുന്നു. മൂപ്പൻ അവർക്ക് തന്റെ അരമനയിലെ അപ്സരസ്സുകളെയും, വിദേശ നിർമിതമായ മദ്യശേഖരവും കാണിച്ചു കൊടുത്തു. മേലിൽ കൊട്ടാരത്തിൽ കാലുകുത്തരുതെന്ന താക്കീതോടെ അവരെ ആട്ടിയോടിച്ചു.

കാലചക്രം വീണ്ടും തിരിഞ്ഞു. മൂപ്പന്റെ ദുർഭരണം അതിന്റെ പാരമ്യത്തിലെത്തി. നാടുമുഴുവൻ പട്ടിണിയിലായപ്പോഴും മൂപ്പനും കൂട്ടരും മദോന്മത്തരായി കൊട്ടാരത്തിൽ വസിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ഉറക്കമുണർന്നപ്പോൾ മൂപ്പന് ആകെ ഒരു വല്ലായ്മ. ഒരു വിധത്തിൽ എഴുന്നേറ്റ് ആൾക്കണ്ണാടിയിൽ നോക്കിയപ്പോൾ ഞെട്ടിപ്പോയി. താൻ ഒരു വലിയ എലിയായി മാറിയിരിക്കുന്നു. പുറത്തു നിന്നും എന്തോ ശബ്ദം കേട്ട് മൂപ്പൻ സിംഹാസനത്തിൽ നിന്നും ചാടിയിറങ്ങി ജാലകത്തിലൂടെ താഴ്‌വരയിലേക്ക് നോക്കി. അവിടെ നിന്നും ഒരു വല്ലാത്ത ആരവം കേൾക്കുന്നുണ്ടായിരുന്നു. താഴ്‌വരയിൽ നിന്നും ചില വെളുത്ത പൊട്ടുകൾ മുകളിലേക്ക് വരുന്നുണ്ടായിരുന്നു. മൂപ്പൻ താഴ്‌വരയിലെ കാഴ്ച്ചകൾ കാണാൻ വേണ്ടി ഒരുക്കിയിരുന്ന ദൂരദർശിനിയിലൂടെ സൂക്ഷിച്ചു നോക്കി. അവ പൂച്ചകളായിരുന്നു. എലികളെ തിന്നൊടുക്കിക്കൊണ്ട് അവ മലമുകളിലേക്ക് വരികയായിരുന്നു. എലികളുടെ രക്തം കവിളുകളിലൂടെ ഒലിച്ചിറങ്ങി പൂച്ചകളുടെ തലകൾ ചുവപ്പു നിറമായിരുന്നു. അവ അതിശീഘ്രം മുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയായിരുന്നു. അവയ്ക്ക് ഒരു നേതാവില്ലായിരുന്നു.!

സ്നേഹപ്രകാശ് വി. പി. :- കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയി പ്രവർത്തിച്ചു. വിരമിച്ചതിനുശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കഥകൾ, കവിതകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്.

2008 ൽ ബേപ്പൂർ ശാഖ മാനേജർ ആയിരിക്കെ ബഷീർ ജന്മ ശദാബ്‌ദിയോടാനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിനു വേണ്ടി ശ്രീ. അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്. 2021 ൽ “ഉടലുകൾ” എന്ന പേരിൽ 60 കുറുംകഥകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

പച്ചപ്പ് നിറഞ്ഞ പ്രകൃതി . ‘വേലിക്കൽ നിൽക്കുന്ന വെളുത്ത തെറ്റി പൂക്കുന്ന മണം കണ്ണൻ ആസ്വദിച്ചു. ചെമ്മൺ പാതയിലൂടെ പഴയ ടയർ കൊണ്ടു രൂപപ്പെടുത്തിയ തൻ്റെ കളിപ്പാട്ട വണ്ടി ഒരു കോലുകൊണ്ട് തട്ടിയുരുട്ടി കളിയ്ക്കുകയാണ് കണ്ണൻ. ഇത് പല പ്രാവശ്യം ആവർത്തിച്ചു കഴിഞ്ഞപ്പോൾ അവൻ അമ്മയുടെ അടുത്തേയ്ക്ക് ഓടി. താത്ക്കാലികമായി പണിഞ്ഞ ആറുകാലിപ്പുരയിൽ അവനും അവൻ്റെ അമ്മ തങ്കവും മാത്രമാണ് താമസം. അതിൻ്റെ മുറ്റത്തായി ഒരടിസ്ഥാനം ഉയർത്തി കെട്ടിയിട്ടുണ്ട്. വീടു പണിയ്ക്കായി അവൻ്റെ അമ്മയ്ക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച ആദ്യഗഡു കൊണ്ട് പൂർത്തിയാക്കിയ തറയാണത്. അവൻ ടയറും കോലും തറയുടെ ഒരറ്റത്ത് ചാരിവച്ച ശേഷം അടിസ്ഥാനത്തിൻ്റെ മുകളിൽ കറയി ചുറ്റുമൊന്നു നോക്കി. ഇപ്പോൾ കുറച്ചധികം കാഴ്ചകൾ അവന് കാണാം. അയൽ പക്കത്ത് അവൻ്റെ കൂട്ടുകാരായ കുട്ടികൾ പൂക്കടയിൽ നിന്നും വാങ്ങിയ പൂക്കൾ കൊണ്ട് പൂക്കളമൊരുക്കുകയാണ്. അവന് അവരുടെ ഒപ്പം കൂടണമെന്നുണ്ടായിരുന്നു. ആത്മാഭിമാനിയായ അവൻ്റെ അമ്മയോടൊപ്പം അവിടെ നിന്ന് തിരുവോണമാഘോഷിക്കുവാൻ അവൻ തീരുമാനിച്ചു. കഞ്ചാവിനടിമയായിരുന്ന അവൻ്റെ അച്ഛൻ അവനേയും അമ്മയേയും കളഞ്ഞിട്ട് പോയതിൽ പിന്നെ അവന് അവൻ്റെ അമ്മയും അമ്മയ്ക്ക് മകനും മാത്രമേയുള്ളൂ കൂട്ട്. വേലിക്കൽ നിൽക്കുന്ന പലയിനം നാടൻ പുക്കൾ കൊണ്ട് അവനും അവൻ്റെ അമ്മയും കൂടി നേരത്തേ തന്നെ ഒരു പൂക്കളം തീർത്തിട്ടുണ്ട്. അവൻ വീടിനകത്തേയ്ക്ക് കയറി. അവൻ്റെ അമ്മ തങ്കം അവരുടെ വരുമാന പരിധിയിൽ നിന്നുകൊണ്ട് ഉച്ചയ്ക്ക് സദ്യയൊരുങ്ങാനുള്ള വട്ടം കൂട്ടുകയാണ്. പപ്പടം പൊള്ളിക്കാനായി വെളിച്ചെണ്ണ കുപ്പിയെടുത്തപ്പോൾ അവൻ ശ്രദ്ധിച്ചു നോക്കി. വെളിച്ചെണ്ണയ്ക്ക് പൊള്ളുന്ന വിലയായതിനാൽ അവൻ്റെ അമ്മ ഇരുന്നറ്റമ്പത് ഗ്രാം വെളിച്ചെണ്ണ മാത്രമേ വാങ്ങിയിരുന്നുള്ളൂ.

വെളിച്ചെണ്ണയെടുത്ത തങ്കം തൻ്റെ കുട്ടിക്കാലം ഓർത്തുപോയി. വിറകും ചുള്ളിയുമൊക്കെ ശേഖരിക്കാനായി പാട വരമ്പത്തുകൂടി നടക്കുമ്പോൾ വട്ടയില കുമ്പിൾ കൂട്ടി തോട്ടു വരമ്പിൽ അതിരിട്ടു നിൽക്കുന്ന കാളപ്പൂവും കളമ്പോട്ടി പൂവും തുമ്പപൂവും കൂടി ശേഖരിക്കും. അവരുടെ കുട്ടിക്കാലത്തെ പൂക്കളത്തിൽ അവകൂടി ഉൾപ്പെടുത്തുമായിരുന്നു. അന്ന് തേങ്ങ വെട്ടി കഴിഞ്ഞ വസ്തുക്കളുടെ ഉടമസ്ഥർ തേങ്ങയും ചൂട്ടും കൊതുമ്പും പെറുക്കി കൊണ്ട് പോയിക്കഴിഞ്ഞാലും ഉടമസ്ഥരുടെ ശ്രദ്ധയിൽ പെടാതെ തോട്ടു വരമ്പിലെ കാട്ടുചെടികളുടെ ഇടയിൽ വീണു കിടക്കുന്ന തേങ്ങകൾ തങ്കവും കൂട്ടരും ശേഖരിക്കും . അങ്ങനെ പലപ്പോഴായി ശേഖരിക്കുന്ന തേങ്ങകൾ അവർക്ക് ആട്ടാനും അരയ്ക്കാനും തികയുമായിരുന്നു. ഇന്ന് കാലം മാറി.

പാചകമെല്ലാം കഴിഞ്ഞ ശേഷം അമ്മയും മകനും കൂടി കുളിച്ചൊരുങ്ങി വന്നു. വിഭവ സമൃദ്ധമല്ലെങ്കിലും അവരുടെ സദ്യ അമ്മയും മകനും കൂടി തൂശനിലയിട്ട് മനസ്സിൽ സമൃദ്ധിയോടെയും സന്തോഷത്തോടെയും ആസ്വദിച്ച് ഉണ്ടു.

ഡോ. ഐഷ വി:- ഐ എച്ച് ആർഡിയുടെ മാവേലിക്കര അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലാണ്. ആനുകാലികങ്ങളിലും മറ്റും രചനകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കർഷകയ്ക്കുളള അവാർഡ്’, ജൈവകൃഷിയ്ക്കുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ പ്രോത്സാഹന സമ്മാനം, റോട്ടറി ക്ലബ്ബ് ഹരിപ്പാടിൻ്റ വിമൺ അച്ചീവ്മെൻ്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃതസഞ്ജീവനി, ജനറേറ്റീവ് എഐ ആൻ്റ് ദി ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ ഇൻ എ നട്ട് ഷെൽ എന്നിവ കൃതികളാണ്.
കൊല്ലം സ്വദേശി. Rtd പ്രിൻസിപ്പൽ, ബി.ശ്യാംലാലാണ് ഭർത്താവ്, മക്കൾ:അക്ഷയ് ലാൽ എസ്, പൗർണ്ണമി എസ് ലാൽ. മാതാ പിതാക്കൾ ‘കെ.വിദ്യാധരൻ ( Late), കെ രാധ.

വിനോദ് വൈശാഖി

വെളുത്ത വീടുകൾ
നിരന്നിരുന്നാൽ
പൂന്തോട്ടം പോലെ

നനഞ്ഞ പാതകൾ
ക്കിരുവശവും
മഴവില്ലുകൾ
ഒടിച്ചു വച്ചതുപോലെ

പയ്യെ നടന്ന്
മഞ്ഞു പോലവൾ

കുഞ്ഞുപൂക്കളുടെ
ബ്രിസ്റ്റൽ

മഴപ്പൂവുകൾ
അവിടെയാണത്രേ
വെയിൽപ്പൂവുകൾക്ക്
തണുപ്പാണ്

പൂവേത് മഞ്ഞേത്
ശലഭമേത്!

ചന്ദ്രനിലെത്തിയ
കുഞ്ഞിനെപ്പോലെ
ടിനിറ്റി ഓടി നടന്നു!

“മ” മമ്മിയിലും
അമ്മയിലുമുണ്ടെന്ന്
പഠിപ്പിച്ച്

അവിടെ
പൂക്കളെ ഗ്ലാസിലൂടെ
നോക്കി ഒരാൾ !

റോസുകളുടെ
രാജകുമാരി

ഇപ്പോൾ ബ്രിസ്റ്റൽ
ഭംഗിയുള്ള
ഉടുപ്പണിയിച്ച്
ട്രിനിറ്റിയെ
കെട്ടിപ്പിടിക്കുന്നു!!

വിനോദ് വൈശാഖി
മലയാളം മിഷൻ രജിസ്ട്രാർ . ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

കൃതികൾ : മഴയെരിയും കാലം(കവിതാ സമാഹാരം) , കൈതമേൽപ്പച്ച (കവിതാ സമാഹാരം) ,
ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം) , ഓലപ്പൂക്കൾ (ബാലസാഹിത്യ കാവ്യം)
പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം) , ചായക്കടപ്പുഴ

പുരസ്കാരങ്ങൾ : കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997) ,
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998) , പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003) , വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008) ,
യുവധാര അവാർഡ് (2009) , പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017) , തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017) , അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018) , അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018) , പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018) , കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം “ഓലപ്പൂക്കൾ “(2019) , ആവള ടി മാനവ പുരസ്കാരം(2019) , മൂലൂർ പുരസ്കാരം(2020) , അധ്യാപകലോകം അവാർഡ്(2021) , എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (2021 ) , ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021) , ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2021).

ലിസ മാത്യു

ഒരു ഓണക്കാലം കൂടി നാം ആഘോഷിക്കുകയാണ്…. ഓണമെക്കാലത്തും മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ സ്മരണകൾ നൽകിയാണ് മടങ്ങുക. മനുഷ്യരോടൊപ്പം പ്രകൃതിയും ഓണാഘോഷങ്ങളിൽ പങ്കെടുക്കാനെന്നോണം ഒരോ വർഷവും ഒരുങ്ങും. അതിന്റെ പ്രതിഫലനമാണ് ചിങ്ങമാസത്തിൽ തങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലമായ വിളവുകൾ കൊയ്തെടുക്കുന്ന കർഷകർക്ക് പ്രകൃതി നൽകുന്ന വിളവ്. ഏതൊരു ആഘോഷവും മനുഷ്യരോടൊപ്പം പ്രകൃതിയും ഒന്ന് ചേരുമ്പോഴാണ് പൂർണമാവുക. വിഷുക്കാലമാകുമ്പോൾ വിടരുന്ന കണിക്കൊന്നയും, ഓണക്കാലമാകുമ്പോൾ നിറയുന്ന പൂച്ചെടികളുമെല്ലാം നമ്മെ ഇതാണ് ഓർമിപ്പിക്കുന്നത്.

ആധുനികതയുടെ ഓട്ടപാച്ചിലിൽ ഒരിടക്കാലത്ത് മലയാളിയും ഓണാഘോഷങ്ങളുടെ തനിമയെ മറന്നു എന്നത് വാസ്തവമാണ്. പ്രകൃതിയെ ആഘോഷങ്ങളുടെ ഭാഗമാക്കാതെ, പ്രകൃതിക്ക് ഹാനികരമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ മലയാളികളുടെ ഓണാഘോഷങ്ങളിലും കടന്നുകൂടി. കൂടുതൽ സൗകര്യപ്രദത്തിന് മലയാളിയുടെ സദ്യ പ്ലാസ്റ്റിക് വാഴയിലയിലും, സദ്യക്ക് ശേഷമുള്ള പായസം ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പുകളിലും ആയപ്പോൾ, അവ നമ്മുടെ മണ്ണിനെയും പ്രകൃതിയെയും ദോഷകരമായി ബാധിച്ചു എന്നത് വസ്തുതയാണ്. ഒരു കച്ചവട സംസ്കാരം ഇവിടെയൊക്കെയോ ഓണത്തിന്റെ തനിമയ്ക്ക് മങ്ങലേൽപ്പിച്ചു.

എന്നാൽ ഇന്ന് കേരള സമൂഹം ഒരു മടങ്ങിവരവിലാണ്. ഓണാഘോഷങ്ങളും ശീലങ്ങളും പ്രകൃതിയെ മുറിവേൽപ്പിക്കാതിരിക്കുവാൻ, നമ്മുടെ സ്വത്വം മറക്കാതിരിക്കാൻ നാം പ്രയത്നിക്കുകയാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് കേരള സർക്കാരിന്റെ ഈ വർഷത്തെ ‘ഹരിത ഓണം’ എന്ന തലക്കെട്ടും. നമ്മുടെ ആഘോഷങ്ങൾ പ്രകൃതിക്ക് മുതൽക്കൂട്ടാവുന്ന തരത്തിലുള്ളതാകണമെന്ന ചിന്തയാണ് ഈ ആശയത്തിന് പിന്നിൽ. ‘സസ്റ്റയിനബിലിറ്റി’ അഥവാ സുസ്ഥിരത എന്ന ആശയം ഇന്ന് തങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കുവാൻ മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യരും പ്രയത്നിക്കുകയാണ്. ചാണകം മെഴുകിയ മുറ്റത്ത്, സ്വന്തം വീട്ടിലെയും അയൽ വീടുകളിലെയും, തൊട്ടടുത്ത പറമ്പുകളിലെയും പൂക്കൾ ശേഖരിച്ച് പൂക്കളം ഇടുന്ന, തങ്ങളുടെ മാവേലിത്തമ്പുരാനെ വരവേൽക്കുവാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മലയാളിയാണ് യഥാർത്ഥ ഓണത്തിന്റെ സ്വത്വത്തെ വിളിച്ചോതുന്നത്. അത്തരം ഒരു ഓണക്കാലമാവട്ടെ ഇത്തവണ നമുക്ക് ഓരോരുത്തർക്കും…..

ലിസ മാത്യു :- സ്വദേശം പത്തനംതിട്ട ജില്ലയിലെ നെല്ലാട്. പരേതരായ പി കെ മാത്യുവിന്റെയും ലീലാമ്മ മാത്യുവിന്റെയും മകൾ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ബിരുദവും, ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. മലയാളം യുകെ ഉൾപ്പെടെയുള്ള വേദികളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി 2,12,500 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. വിവിധ ഓഫീസുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത 28,164 രൂപയും ബാറുകളില്‍നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരിലായിരുന്നു പരിശോധന.

പത്തനാപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഗൂഗിള്‍ പേ മുഖേന ബാറുടമയില്‍നിന്ന് 42,000 രൂപയും പാലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ 11,500 രൂപയും കൈപ്പറ്റിയതായും കണ്ടെത്തി. കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ ഗൂഗിള്‍ പേ മുഖേന 93,000 രൂപ എത്തിയത് ബാറുടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയില്‍നിന്നാണ്. തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനില്‍നിന്ന് 2600 രൂപ പിടിച്ചെടുത്തു.

വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ശൗചാലയത്തില്‍ സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേരുള്ള കവറിനുള്ളില്‍ 13,000 രൂപ ഒളിപ്പിച്ചുവെച്ചതായും പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ അഞ്ചുകുപ്പി മദ്യം ഉദ്യോഗസ്ഥര്‍ പാരിതോഷികമായി വാങ്ങിസൂക്ഷിച്ചതായും കണ്ടെത്തി.

പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഷാപ്പുടമയില്‍നിന്ന് 24,000 രൂപയും മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ബാറുടമയില്‍നിന്ന് 34,000 രൂപയും ഗൂഗിള്‍ പേ മുഖേന വാങ്ങിയതും കണ്ടെത്തി. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍നിന്ന് പാരിതോഷികമായി വാങ്ങിസൂക്ഷിച്ച 16 കുപ്പി മദ്യം പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ബാറുടമയില്‍നിന്ന് 8000 രൂപ ഗൂഗിള്‍ പേ മുഖേന കൈപ്പറ്റിയതായും കണ്ടെത്തി.

വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ കല്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പൂട്ടിക്കിടക്കുകയായിരുന്നു. സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സുകാരെക്കണ്ട് എക്‌സൈസ് ഉദ്യോഗസ്ഥന്‍ 6500 രൂപ വലിച്ചെറിഞ്ഞു. കാസര്‍കോട്ട് ഉദ്യോഗസ്ഥനില്‍നിന്ന് കണക്കില്‍പ്പെടാത്ത 5000 രൂപ പിടിച്ചെടുത്തു.

രാജ്യത്തെ ജി എസ് ടിയിൽ സമഗ്രമായ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ തയ്യാറായതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് ലഭിക്കാൻ പോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം നികുതിയിൽ വലിയ ഇളവാണ് ജി എസ് ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. പാലിനും ജീവൻ രക്ഷ മരുന്നുകൾക്കുമടക്കം വലിയ നികുതിയിളവ് ലഭിക്കും. എന്നാൽ സിഗററ്റിനും പാൻമസാല ഉത്പന്നങ്ങൾക്കും ആഡംബര സാധനങ്ങൾക്കും വില കൂടുകയും ചെയ്യും. വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജി എസ് ടിയിൽ നിന്ന് ഒഴിവാക്കി. മോട്ടോർ സൈക്കിളിനും ചെറിയ കാറിനും വില കുറയും. 33 ജീവൻ രക്ഷാ മരുന്നുകൾക്കും നികുതിയില്ല. സിമന്‍റ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ വിലയും കുറയും. സെപ്തംബർ 22 മുതൽ പുതിയ നികുതി ഘടന നിലവിൽ വരും.

സാധാരണ വീട്ടുപകരണങ്ങൾക്കെല്ലാം വലിയ വില വ്യത്യാസമാകും പുതിയ ജി എസ് ടി ഘടന നിലവിൽ വരുമ്പോൾ ഉണ്ടാകുക. ഹെയർ ഓയിൽ, ടോയ്‌ലറ്റ് സോപ്പുകൾ, ഷാംപൂകൾ, ടൂത്ത് ബ്രഷുകൾ, ടേബിൾവെയർ, അടുക്കള ഉപകരണങ്ങൾ എന്നിവയുടെ ജി എസ് ടി 18% ൽ നിന്ന് 5% ആയി കുറയും. യു എ ച്ച്ടി പാൽ, പനീർ, ഇന്ത്യൻ ബ്രെഡുകൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. അവയുടെ നിരക്കുകൾ 5% ൽ നിന്ന് പൂജ്യമായി കുറച്ചു. നംകീൻ, ബുജിയ, സോസുകൾ, പാസ്ത, കോൺഫ്ലെക്സ്, നെയ്യ് തുടങ്ങിയ പാക്കേജ് ചെയ്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ പുതിയ ജി എസ് ടിയിൽ 5% സ്ലാബിന് കീഴിൽ വരും. ആരോഗ്യ സംരക്ഷണ ചെലവുകൾക്കുള്ള ഒരു പ്രധാന ആശ്വാസമായി 33 ജീവൻ രക്ഷാ മരുന്നുകൾക്കും മരുന്നുകൾക്കും നികുതി ഒഴിവാക്കി. കണ്ണടകളുടെ വിലയും കുത്തനെ കുറയും. 28% ൽ നിന്ന് 5% ആയി. ഓട്ടോമൊബൈലുകളും കൺസ്യൂമർ ഡ്യൂറബിൾസും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. എയർ കണ്ടീഷണറുകൾ, ഡിഷ് വാഷിംഗ് മെഷീനുകൾ, 32 ഇഞ്ചിൽ കൂടുതലുള്ള ടിവികൾ എന്നിവയുടെ വില 28% ൽ നിന്ന് 18% ആയി കുറയും. വലിപ്പം പരിഗണിക്കാതെ എല്ലാ ടിവികൾക്കും ഇപ്പോൾ 18% ജിഎസ്ടി ബാധകമാണ്. 350 സിസിയിൽ താഴെയുള്ള ചെറുകാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും മുച്ചക്ര വാഹനങ്ങൾക്കും 28% ൽ നിന്ന് 18% ആയി. 1200 സിസിയിൽ താഴെയുള്ള പെട്രോൾ കാറുകൾക്കും 1500 സിസിയിൽ താഴെയുള്ള ഡീസൽ കാറുകൾക്കും ഇനി 18% ജി എസ് ടി ഈടാക്കും. ബസുകൾ, ട്രക്കുകൾ, ആംബുലൻസുകൾ തുടങ്ങിയ വലിയ യാത്രാ വാഹനങ്ങളും 18% ൽ താഴെയാണ്, കൂടാതെ എല്ലാ ഓട്ടോ ഭാഗങ്ങളും ഒരേ നിരക്കിൽ ഏകീകരിക്കപ്പെടുന്നു. മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ വിലയും കുറയും.

അതേസമയം,ചില ഉത്പനങ്ങള്‍ക്ക് 40 ശതമാനം ജി എസ് ടി ചുമത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പാന്‍ മസാല, സിഗരറ്റ്, ഗുട്ട്ക, ചവയ്ക്കുന്ന പുകയില പോലുള്ള മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, സര്‍ദ പോലുള്ള ഉല്‍പ്പന്നങ്ങള്‍, ബീഡി എന്നിവയാണ് ഈ നിരക്കിന്റെ പരിധിയില്‍ വരുന്നത്. പഞ്ചസാര, മധുരപലഹാരങ്ങള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം ഇല്ലാത്ത പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങളും 40 ശതമാനം ജി എസ് ടിയുടെ പരിധിയില്‍ വരും.

പ്രവാസജീവിതത്തിന്റെ ആദ്യകാലങ്ങളിൽ പരിമിതമായ സൗകര്യങ്ങളിലും പരസ്പരം താങ്ങും തണലുമായിരുന്ന ഹേവർഹിലിലെ മലയാളി സമൂഹം, ഇന്ന് ഒരു പുതിയ ചരിത്രത്തിന്റെ തിരക്കഥയെഴുതി. 2003-ൽ ഇരുപതോളം കുടുംബങ്ങളാൽ തുടങ്ങിയ യാത്ര, 2025-ൽ 200-ത്തിലധികം കുടുംബങ്ങളായി വളർന്ന് ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) എന്ന ഔദ്യോഗിക സംഘടന രൂപം കൊണ്ടു. ആഗസ്റ്റ് 29-ന് ഹാവെർഹിൽ സ്റ്റീപ്പിൾ ബംപ്സ്റ്റഡ് ഹാളിൽ വച്ച് നടന്ന ഓണാഘോഷ ചടങ്ങിൽ അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.

മലയാളികളുടെ പ്രിയപ്പെട്ട ഉത്സവമായ ഓണം 2025-നും ഒരുമിച്ച് അരങ്ങേറിയപ്പോൾ സന്തോഷം ഇരട്ടിയായി. അത്തപ്പൂക്കളം, ഓണസദ്യ, തിരുവാതിര, വടംവലി, വിവിധ കലാപ്രകടനങ്ങൾ തുടങ്ങി വർണശബളമായ പരിപാടികൾ മലയാളി ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ശക്തി വിളിച്ചറിയിച്ചു. പ്രസിഡന്റ് ശ്രീ. സൈജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. വിഷ്ണു മോഹൻ സ്വാഗതം പറഞ്ഞു. ട്രഷറർ ശ്രീ. സിജോ ജോർജ്ജ്, വൈസ് പ്രസിഡന്റ് ശ്രീ. പ്രവീൺ ജോസ്, ജോയിന്റ് സെക്രട്ടറി ശ്രീ. തോമസുകുട്ടി ചാക്കോ, ജോയിന്റ് ട്രഷറർ ശ്രീ. ബിനു നാരായണൻ, പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീമതി ജിലി ജിജോ. എന്നിവർക്കൊപ്പം, എക്സിക്യൂട്ടീവ് മെംബർമാരായ അനീഷ് ചാക്കോ, ദിൽന പ്രവീൺ, സൈനത്തു ദിവാകരൻ, വീണാ അനീഷ്, സജിത്ത് തോട്ടിയാൻ, നോബി ജേക്കബ്, നിവ്യ വിഷ്ണു, അനീവ് ആൻ്റണി, രജനി ബിനു, ബൈജു വല്ലൂരാൻ, ദിവ്യാ നോബി, സിജോ വർഗീസ്, ജിജോ കോട്ടക്കൽ, റിജു സാമുവേൽ, ബിജു ബേബി, ആണ്ടോ ജോസ്, ടോണി ടോം, സാൻ തോമസ് എന്നിവർ ചടങ്ങുകൾക്ക് സജീവ നേതൃത്വം നൽകി.

ചടങ്ങിന്റെ മുഖ്യാതിഥിയായി ഹേവർഹിൽ മേയർ ക്വിൻ കോക്സ് പങ്കെടുത്തു. മലയാളി സമൂഹത്തോടുള്ള മേയറുടെ തുടർച്ചയായ പിന്തുണ ചടങ്ങിൽ പ്രത്യേകം അടിവരയിട്ടു. യുകെയിലെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയെ പ്രതിനിധീകരിച്ച് എത്തിയ യുക്മ നാഷണൽ കമ്മിറ്റി അംഗം ശ്രീ. ജെയ്‌സൺ ചാക്കോച്ചൻ മുഖ്യപ്രഭാഷണം നടത്തി.

യുക്മയിലൂടെ ലഭ്യമാകുന്ന സൗകര്യങ്ങൾ, കേരളീയരുടെ ഐക്യവും സാഹോദര്യവും, മലയാളികളുടെ സംഘടനാപരമായ വളർച്ച എന്നിവയെ അദ്ദേഹം വിശദീകരിച്ചു. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റായി പലതവണ സേവനമനുഷ്ഠിക്കുകയും, ഇപ്പോൾ യുക്മയുടെ നാഷണൽ കമ്മിറ്റി മെമ്പറാവുകയും ചെയ്ത അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിന് പ്രചോദനമായി.

“ഹേവർഹിൽ മലയാളി അസോസിയേഷൻ മലയാളികൾക്ക് ഒത്തുചേരാനും, ഐക്യത്തോടെ പ്രവർത്തിക്കാനും, നമ്മുടെ സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറാനും ഒരു കേന്ദ്രമാകും” – സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. ആഘോഷ പരിപാടികളിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ ഹാവെർഹിൽ മലയാളികൾക്കും സാമ്പത്തീക സഹായം നൽകി പ്രോത്സാഹിപ്പിച്ച സ്പോൺസേഴ്‌സിനും അസോസിയേഷന്റെ പേരിൽ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി വീണാ അനീഷ് നന്ദി അറിയിച്ചു. അവസാനമായി, ഓണത്തിന്റെ സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ജീവിതത്തിൽ നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത് എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു.

ബാബുരാജ് കളമ്പൂർ

ഒന്ന്

ആടിമേഘമകലുന്നു, വിൺവനിയി
ലായിരം തിരികൾ നീട്ടിയി-
ത്താര സുന്ദരികൾ താലമേന്തിയണയുന്നു, ചാന്ദ്രസവിധത്തിലായ്,
മോദമോടു മൃദുഗീതകങ്ങളഴകാർന്നു പാടുമൊരു തെന്നലും
ചാരുവർണ്ണമിയലുന്ന ചിത്രശലഭാഭയും സുകൃത ദായകം

രണ്ട്

ചിങ്ങത്തിൻ്റെ ചിരിക്കിലുക്ക മരികിൽക്കേൾക്കുന്നു, മന്ദസ്മിത
ച്ചന്തം ചാർത്തിയ പൂനിലാവനികളിൽ
ക്കാറ്റിൻ്റെ സംഗീതവും
വർണ്ണംകൊണ്ടു വിരുന്നൊരുക്കിയിവിടെസ്സ്വർഗ്ഗം ചമച്ചീടുവാൻ
വന്നെത്തുന്ന വസന്തമേ,
സ്മൃതികൾ തൻ സൗന്ദര്യമേ സ്വാഗതം

മൂന്ന്

നീറും നെഞ്ചിലൊരാവണി ക്കതിരുമായ്ച്ചാരത്തു വന്നെത്തിയി
ന്നോണപ്പാട്ടുകൾ പാടിടുന്ന കുയിലേ നിൻ നാദമെൻ സാന്ത്വനം
കാലത്തിൻ്റെ മുരൾച്ചകൾക്കിടയിലും കേൾക്കുന്നു ഞാൻ നിൻ്റെയാ
രാഗാലാപനവിസ്മയം, മധുരിതം സൗഭാഗ്യസന്ദായകം

നാല്

ശ്രാവണം മധുര ലാസ്യ ഭാവമൊടു സൂനശയ്യകൾ വിരിക്കവേ..
മോഹ പുഷ്പശരമെയ്തു വർണ്ണരഥ
മേറിയമ്പിളി ചിരിക്കവേ..
മാരകാകളികൾ മൂളി വന്ന കുളിർ കാറ്റിൽ നിന്റെ മൃദുഗന്ധ; മെൻ
മാറിൽ വീണ ചെറു മഞ്ഞുതുള്ളികളി
ലോർമ്മതൻ കടലിരമ്പവും.

അഞ്ച്

കുഞ്ഞിക്കണ്ണു തുറന്നു പുഞ്ചിരി പൊഴിച്ചീടുന്ന പുഷ്പങ്ങളും
മഞ്ഞിൻ കൂട്ടിലിരുന്നു മൗനമണികൾ കോർക്കുന്ന പൂത്തുമ്പിയും
കൊഞ്ചിക്കൊഞ്ചിയണഞ്ഞിടുന്ന പുലരിക്കാറ്റിൻ്റെ താരാട്ടുമെൻ
നെഞ്ചിന്നുള്ളിലുണർത്തിടുന്നു ഗതകാലത്തിൻ്റെ ഹർഷാരവം.

ആറ്

മഞ്ഞിൻ തുള്ളികളിറ്റുവീണു ചിതറും
മുറ്റത്തു സൂര്യൻ കടും
മഞ്ഞപ്പട്ടു വിരിച്ചിടുന്നു .. കിളികൾ
പാടുന്നു ഗീതങ്ങളും
നെഞ്ചിന്നുള്ളിലെയോർമ്മതൻ തളിർമര
ക്കൊമ്പത്തു മാടത്തകൾ
കൊഞ്ചിക്കൊത്തിയെടു;ത്തിടുന്നു
മധുരംമായാ;പ്പഴങ്കായകൾ.

ഏഴ്

അത്തം മുറ്റത്തു വന്നൂ
മിഴികളിൽ നിറയും
കാർമുകിൽ കണ്ണുനീരായ്,
മെത്തിപ്പെയ്തെന്റെ മുന്നിൽ
ഹൃദയവ്യഥകളെ –
ശ്ശാന്തമാക്കുന്നപോലെ.
എത്തുന്നൂ പുഞ്ചിരിപ്പൊൻ
വെയിലു; കുളിരിളം തെന്ന-
ലെന്നെത്തലോടീ,
ചിത്തം പാടുന്നു മോദ-
ത്തളിരുകൾ നുണയും കോകിലാവേശമോടെ.

എട്ട്

ഉത്രാടപ്പുലർകാലമെത്തി,മനസ്സിൽ –
തിങ്ങുന്നൊരാമോദവും,
ഉത്സാഹത്തിര തുള്ളിടുന്നു ജനതയ്ക്കെല്ലാമിതാനന്ദമേ
ഉള്ളിൽ കത്തിയെരിഞ്ഞിടുന്ന കദന –
ത്തീയിൽ ജലം വീഴത്തി നാം,
ഉല്ലാസത്തൊടു നല്ലൊരോണ മണയാ;
നാശംസകൾ നേർന്നിടാം.

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

 

ലാലി രംഗനാഥ് ( ലാലിമ )

വൈകുന്നേരം അഞ്ചു മണിയോടെ ബോംബെ എയർപോർട്ടിലെത്തുന്ന ഭർത്താവിന്റെ അമ്മയെ പിക്ക് ചെയ്യാൻ പോകാനൊഒരുങ്ങുന്നതിനിടയിലാണ് ഡോക്ടർ അസ്മിതയുടെ ഫോണിലേക്ക് ഹോസ്പിറ്റലിൽ നിന്നും കോൾ വന്നത്.

” ഡോക്ടർ ഉടനെ എത്തണം. ധാരാവിയിലെ ഒരു ചേരിയിൽ തീ പിടിച്ചിട്ടുണ്ട്. ധാരാളം കുട്ടികളെ ഹോസ്പിറ്റലിൽ എത്തിച്ചിരിക്കയാണ്.. ” അവൾ പകുതിയെ കേട്ടുള്ളൂ..

” വിക്രം..എനിക്ക് ഉടൻ ഹോസ്പിറ്റലിലെ ത്തണം ചേരിയിൽ ഒരപകടം. ”

” ഇപ്പോഴോ..?ഇന്ന് പോകാൻ പറ്റില്ല.. നീ ഇന്ന് പോകുന്നില്ല. അമ്മ എത്ര നാൾ കൂടി വരുന്നതാണ്. പിക്ക് ചെയ്യാൻ പോവാൻ നീ കൂടി വന്നേ പറ്റൂ.. ”

” വിക്രം.. എന്നെ ഒന്ന് മനസ്സിലാക്കൂ. ഒരു ചേരിയിൽ തീ പിടിച്ചിരിക്കയാണ്. കുട്ടികളാണത്രേ അധികവും.. ”

” ഓ ചേരിയിലെ പിള്ളേരല്ലേ.. ചത്തു പോകേണ്ട ജന്മങ്ങൾ. എന്നെ ദേഷ്യം പിടിപ്പിക്കാതെ വേഗം പുറപ്പെട്ടോ.. ”

” പറ്റില്ല.. ചേരിയിലെ ജീവനുകൾക്കും വിലയുണ്ട് വിക്രം. ഞാനൊരു ഡോക്ടറാണ്.. എല്ലാ ജീവനുകൾക്കും എനിക്ക് വിലയുണ്ട്.. ”

ഉറച്ച ശബ്ദത്തിൽ തന്നെയാണ് അവളത് പറഞ്ഞത്.

അപ്പോഴേക്കും അടുത്തു കിടന്ന് റിമോട്ടെ ടുത്ത് വലിച്ചെറിഞ്ഞ്, ടേബിൾ ലാമ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു അയാൾ
അരിശത്തോടെ അലറി..

” അവൾ ചേരിയിലെ പീറ പിള്ളേരെ രക്ഷിക്കാനിറങ്ങിയിരിക്കുന്നു. സ്റ്റുപ്പിഡ്… എന്റെ അമ്മ എന്തു വിചാരിക്കും? അമ്മ ഇവിടേക്ക് വരുന്നത് നിനക്ക് ഇഷ്ടമല്ലെന്നേ അമ്മ ചിന്തിക്കു.. ”

” മനുഷ്യജീവന് വില കൊടുക്കാത്ത അമ്മ മനസ്സുണ്ടോ വിക്രം? പ്ലീസ് റിലാക്സ്.. എന്നെ ഒന്ന് മനസ്സിലാക്കൂ. ”

” നിന്നെ ഇനി എന്ത് മനസ്സിലാക്കാൻ? മടുത്തു.. എനിക്ക് മടുത്തു.
ഡോക്ടറാണെന്ന അഹങ്കാരമാണ് നിനക്ക്. ഞാൻ വിദ്യാഭ്യാസം കുറഞ്ഞ ബിസിനസുകാരനും.. പുച്ഛം..

സ്വന്തമായിട്ട് ഒരു കുട്ടിയെ തരാൻ നിന്റെ ശാസ്ത്രത്തിന് കഴിഞ്ഞോ ഇതുവരെ? വല്ലവ ന്റെയും കുട്ടികളെ രക്ഷിക്കാൻ നടക്കുന്നു.. മച്ചി പശു..”

അയാൾ അവസാനം പിറുപിറുത്ത വാക്കുകൾ അവളുടെ ഹൃദയത്തിലാണ് പതിച്ചത്. എങ്കിലും മറുപടിയൊന്നും പറയാതെ, വേദനയിൽ പിടയുന്ന കുഞ്ഞു മുഖങ്ങളെ മാത്രം മനസ്സിലോർത്തുകൊണ്ട്, കാറിന്റെ കീയുമെടുത്ത് അവൾ ഹോസ്പിറ്റലിലേക്ക് തിരിച്ചു.

കാഷ്വാലിറ്റിയിൽ നിരത്തിയിട്ടിരിക്കുന്ന ശ്വാസമറ്റ ശരീരങ്ങൾ.. പാതിവെന്ത് വേദന കൊണ്ട് പിടയുന്ന മുഖങ്ങൾ..ഭീകരമായിരുന്നു ആ കാഴ്ചകൾ..
ഒരു നിമിഷവും പാഴാക്കാനില്ലാത്ത ആ സമയം നേരം പുലരും വരെ ഓടിനടന്ന് കർമ്മനിരതരായ ഡോക്ടർമാർക്കും നഴ്സുമാർക്കും കുറേ പേരെയെങ്കിലും ജീവിതത്തിലേക്ക് കൊണ്ടുവരാനായി.

“പെട്ടെന്ന് തന്നെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് വേഗത്തിൽ തീ അണക്കാൻ കഴിഞ്ഞു. അതുകൊണ്ട് മരണസംഖ്യ ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു. വൈകുന്നേര സമയമായതുകൊണ്ട് കുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുതിർന്നവർ പലരും ജോലി കഴിഞ്ഞ് തിരിച്ചെത്തിയിട്ടില്ലായിരുന്നു…”

വാർത്തകൾ വന്നുകൊണ്ടിരുന്നു..

നെഞ്ചു തകർന്ന കാഴ്ചകളിൽ മനമുരുകി, അസ്മിത കസേരയിൽ ഒന്ന് ചാരിയിരിക്കുക പോലും ചെയ്തത് രാവിലെ ഒൻപത് മണിയായപ്പോഴാണ്.

അപ്പോഴാണ് കണ്ണടച്ച് ചാരി കിടന്നിരുന്ന ഡോക്ടറുടെ മുന്നിലേക്ക് മലയാളിയായ സുപ്രിയ സിസ്റ്റർ ഒരു പത്തു വയസ്സ് പ്രായമുള്ള പെൺകുട്ടിയുമായി കടന്നുവന്നത്.

” ഡോക്ടർ, ഇവളുടെ അച്ഛനും അമ്മയും ഏട്ടനും ഇന്നലെത്തെ അപകടത്തിൽ…
പാതി നിർത്തിയിട്ട്,
തമിഴ്നാട്ടുകാരിയെന്നു തോന്നുന്നു”…..എന്നു കൂട്ടിച്ചേർത്തു.

നിശബ്ദയായി നിന്ന ആ കൊച്ചു പെൺകുട്ടിയുടെ ദൈന്യതയുള്ള മുഖം കണ്ടപ്പോൾ, ഡോക്ടർ അറിയാതെ ഒരു ഒൻപത് വയസ്സുകാരിയെ ഓർത്തുപോയി.

” വേർപെടുന്ന കാറ്റിനു പറയാൻ കാലമരുളിയ സൗഹൃദമുണ്ട്..
കാത്തുനിൽക്കും കനവിനു പകരാൻ
കരുതിവച്ച ഓർമ്മകളുണ്ട്.
തുടികൊട്ടും മനസ്സുകളാലെ,
അതിരറ്റ പ്രതീക്ഷകൾ പൂക്കാൻ,
നാളേക്ക് വെളിച്ചം വീശാൻ
നന്മകൾ നേരുന്നു”. ”

ഈ ആശംസ വചനങ്ങൾ എഴുതി ചേർത്ത, സ്വന്തം അമ്മയുടെ ഫോട്ടോ പതിച്ച ഫലകവും ചേർത്തുപിടിച്ച്, വിമാനത്തെ ഭയന്ന് മുറിക്കുള്ളിൽ ഒളിച്ചിരുന്ന കൊച്ചു സ്മിതയെ…

അഗ്നിക്കിരയായ ഒരു വിമാനയാത്രികയായിരുന്നു അസ്മിതയുടെ അമ്മ. സ്വപ്നങ്ങൾ പൂവണിയിക്കാൻ, ഭൂമിയിലെ മാലാഖയായി, വിദേശത്തേക്ക് പോയ ഒരു യാത്രയിലാണ് അസ്മിതയ്ക്ക് അമ്മയെ നഷ്ടപ്പെട്ടത്. അവളുടെ ഒമ്പത് വയസ്സിൽ.

ലോകത്തെ ഭയന്ന്, മനുഷ്യരെ ഭയന്ന്, വിമാനം കാണാതിരിക്കാൻ മുറിക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന കുഞ്ഞ് അസ്മിത…
ഡോക്ടർ അസ്മിതയായത്,
ലോല എന്ന ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സയും പരിചരണവും ലഭിച്ചത് കൊണ്ടായിരുന്നു.

ആ ഓർമ്മകളിൽ നിന്നൊക്കെ പെട്ടെന്ന് മോചിതയായി Dr. അസ്മിത, മുന്നിൽ നിൽക്കുന്ന കുട്ടിയുടെ ആ കുഞ്ഞു കരങ്ങൾ, സ്വന്തം വീട് അന്യമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചേർത്തു പിടിക്കുമ്പോൾ, അവരുടെ മനസ്സിൽ നിശ്ചയദാർഢ്യമുണ്ടായിരുന്നു..

മച്ചിപ്പശു എന്ന വിളി കേൾക്കാൻ ഇനിയും
തനിക്കാവില്ലയെന്നവൾ മനസ്സിലുറപ്പിച്ചിരുന്നു.

കച്ചവട മനസ്സുകളെ അല്ലെങ്കിലും എന്നേ അവൾ വെറുത്തു തുടങ്ങിയിരുന്നു.

ലാലി രംഗനാഥ് (ലാലിമ) :- തിരുവനന്തപുരം, മണമ്പൂർ സ്വദേശിനിയാണ്.
ആനുകാലികങ്ങളിലും പ്രമുഖ ഓൺലൈൻ പത്രങ്ങളിലും കഥ,കവിത, യാത്രാവിവരണം തുടങ്ങിയവ സ്ഥിരമായി എഴുതാറുണ്ട്. നീലിമ, മോക്ഷം പൂക്കുന്ന താഴ്വര എന്നീ രണ്ട് നോവലുകളും, മൂന്ന് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.ഇപ്പോൾ ലാലിമ എന്ന തൂലികാനാമത്തിൽ എഴുതുന്നു.

 

ചിത്രകാരിയും എഴുത്തുകാരിയുമായ അനുജ കെ എഴുതിയ കഥകളുടെ സമാഹാരം ശർക്കര വരട്ടിയുടെ പ്രകാശന കർമ്മം നടന്നു. മലയാളം യുകെ പബ്ലിക്കേഷൻ ആണ് പുസ്തകം വായനക്കാരിലേയ്ക്ക് എത്തിക്കുന്നത്. കഥാകാരിയുടെ ജന്മനാടായ എഴുകുംവയലിൽ പൗരാവലി സംഘടിപ്പിച്ച ചടങ്ങിൽ നിത്യസഹായ മാതാ പള്ളി വികാരി റവ. ഫാ. ജോസഫ് ചുനയമ്മാക്കൻ എഴുകുംവയൽ ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായാകുമാരി പി ജി യ്ക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത് .


17 കഥകളുടെ ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും മലയാളം യുകെയിലൂടെയാണ് വായനക്കാരിലേയ്ക്ക് എത്തിയത്. പ്രൊഫ. റ്റിജി തോമസ് ആണ് അവതാരിക എഴുതിയിരിക്കുന്നത്. ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പംക്തിയിലൂടെ മലയാളം യുകെ വായനക്കാർക്ക് സുപരിചിതയായ ഡോ. ഐഷ വിയുടെ പഠനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രണയവും വിരഹവും ഗൃഹാതുരത്വവും ബാല്യകാല സൗഹൃദങ്ങളും അധികം പരത്തി പറയാതെ മനോഹരമായ കാവ്യഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നവയാണ് ശർക്കരവരട്ടി എന്ന കഥാ സമാഹാരത്തിലെ ഓരോ കഥകളും. തനിക്ക് പറയാനുള്ള വിഷയം മനോഹരമായി അവതരിപ്പിച്ച് മാറിനിന്ന് വായനക്കാരനെ നോക്കി ചിരിക്കുന്ന എഴുത്തുകാരിയെ ഓരോ കഥയിലും നമുക്ക് കാണാം. ഒരു ചിത്രകാരി കൂടിയായ കഥാകാരിയുടെ കഥകൾക്ക് അകമ്പടിയായുള്ള മിഴിവാർന്ന ചിത്രങ്ങൾ വായനക്കാർക്ക് നൽകുന്നത് ഇരട്ടി മധുരമാണ്. കഥകളിലൂടെ ജീവിത മുഹൂർത്തങ്ങളുടെ പുന:സൃഷ്ടികൾക്ക് പകരം മാനസിക വ്യാപാരങ്ങളുടെ സൂക്ഷ്മത ആവിഷ്കരിക്കാനാണ് അനുജ ശ്രമിച്ചിരിക്കുന്നത്. പാത്രസൃഷ്ടിയും കഥാ പശ്ചാത്തലവും ചേർന്ന് നെയ്തെടുത്ത മിഴിവാർന്ന വാക്മയ വർണ്ണചിത്രങ്ങളാണ് ഈ കഥാ സമാഹാരത്തിലെ ഓരോ കഥകളും.

RECENT POSTS
Copyright © . All rights reserved