കൊച്ചി കോന്തുരുത്തിയിൽ വീട്ടുവളപ്പിൽ ലൈംഗികതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ കെ.കെ. ജോർജ് പൊലീസിനോട് കുറ്റസമ്മതം നടത്തി. അർധരാത്രിയോടെ സ്ത്രീ കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തർക്കമുണ്ടായതും കൊലപാതകത്തിൽ കലാശിച്ചതും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്യലഹരിയിൽ ആയിരുന്ന ജോർജ് കൈയിൽ കിട്ടിയ ഇരുമ്പുവടി ഉപയോഗിച്ച് സ്ത്രീയുടെ തലയിൽ അടിച്ചതായി ആണ് മൊഴി നൽകിയിരിക്കുന്നത് . പിന്നീട് മൃതദേഹം എങ്ങനെ ഒളിപ്പിക്കാനായി പുലർച്ചെ ഒരു കടയിൽ നിന്ന് രണ്ട് ചാക്ക് വാങ്ങുകയും ചെയ്തു.
ജോർജിന്റെ ശക്തമായ മദ്യപാന ശീലം അയൽവാസികൾക്ക് മുമ്പും ശ്രദ്ധയിൽപ്പെട്ടിരുന്നു . മദ്യം കുടിച്ചാൽ സ്വഭാവം മാറും എന്നും സ്ത്രീകളുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. 25 വർഷം മുമ്പ് വയനാടിൽ നിന്നാണ് ജോർജ് കുടുംബത്തോടൊപ്പം കൊച്ചിയിലേക്ക് വന്നത്. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്റെ തൊഴിൽ. ജോലി കഴിഞ്ഞ് പണം കിട്ടുമ്പോൾ തുടർച്ചയായി മദ്യപിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവസമയത്ത് ജോർജിന്റെ ഭാര്യ മകളുടെ വീട്ടിലായിരുന്നു. ഏക മകൻ ജോലി ചെയ്യുന്നത് യുകെയിൽ ആണ് .
പ്രിൻസ് ചാൾസിന്റെ വിവാഹേതരബന്ധം പുറത്തുവന്ന രാത്രിയിൽ ഡയാന രാജകുമാരി ധരിച്ച പ്രശസ്തമായ ‘റിവഞ്ച് ഡ്രസ്’ ഇപ്പോൾ പാരിസിലെ ഗ്രെവിൻ മ്യൂസിയത്തിൽ മെഴുകുപ്രതിമയായി വാർത്തകളിൽ ഇടം പിടിച്ചു . മദാം തുസോയ്‌സ് പോലെ പ്രശസ്തമായ ഈ മ്യൂസിയത്തിൽ ചാൾസ് മൂന്നാമൻ രാജാവിന്റെയും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെയും പ്രതിമകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.
നവംബർ 20-നാണ് പ്രതിമ അനാവരണം ചെയ്തത്. ഇതേ ദിവസം 30 വർഷം മുൻപ് ബിബിസി അഭിമുഖത്തിൽ ഡയാന പറഞ്ഞ “ഈ വിവാഹത്തിൽ ഞങ്ങൾ മൂന്നു പേരുണ്ടായിരുന്നു” എന്ന പ്രസിദ്ധമായ വാക്കുകൾ പുറത്ത് വന്നതും ഇതേ ദിനത്തിലായിരുന്നു. 1994-ൽ വാനിറ്റി ഫെയർ ഗാലയിൽ ഡയാന ധരിച്ച ഈ ഓഫ്ഷോൾഡർ സിൽക് ഗൗൺ അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്നത്തെ മൂല്യം ഏകദേശം രണ്ട് ലക്ഷം രൂപയോളം വരുന്ന ഈ വസ്ത്രം പിന്നീട് ലേലത്തിൽ 39,098 പൗണ്ടിന് വിറ്റിരുന്നു. ജനങ്ങളുടെ രാജകുമാരിയായി അറിയപ്പെട്ട ഡയാന 1997-ൽ പാരിസിൽ ഉണ്ടായ വാഹനാപകടത്തിൽ ആണ് മരിച്ചത്.
ദുബൈ എയർഷോയ്ക്കിടെ നടന്ന തേജസ് യുദ്ധവിമാന അപകടത്തിൽ ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ വീരമൃത്യു വരിച്ചു. ഹിമാചൽ പ്രദേശിലെ കംഗ്ര സ്വദേശിയായ അദ്ദേഹത്തിന് വ്യോമാഭ്യാസത്തിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമായത്.
അപകടം ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവിച്ചത്. സംഭവത്തെ തുടർന്ന് എയർഷോയിലെ ഉച്ചതിരിഞ്ഞുള്ള സന്ദർശനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് പ്രേക്ഷകരെ പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മാറ്റുകയായിരുന്നു.
ദാരുണ സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനും അനുശോചനം രേഖപ്പെടുത്തി. 2016ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർത്ത തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിന്റെ അപകടകാരണം ഇപ്പോഴും വ്യക്തമല്ല.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 89.48 എന്ന നിരക്കിൽ എത്തി. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാത്തതും ഇന്ത്യ–യുഎസ് വ്യാപാരകരാറിനെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വവുമാണ് വെള്ളിയാഴ്ച രൂപ വലിയ തോതിൽ ഇടിയാൻ കാരണമായത്. സെപ്റ്റംബർ അവസാനം രേഖപ്പെടുത്തിയ 88.80 എന്ന മുൻ റെക്കോർഡും ഈ ഇടിവ് മറികടന്നു.
ഒറ്റദിവസം 80 പൈസ വരെ താഴ്ന്ന രൂപയിലൂടെ അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദം കൂടുതൽ വ്യക്തമായി. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ പ്രധാന കറൻസികളോടും ഡോളർ ശക്തിപ്രാപിച്ചതോടെ വിപണി ദിശമാറി. ക്രിപ്‌റ്റോയും എഐ–ടെക് സ്റ്റോക്കുകളുമുള്‍പ്പെടെ നിരവധി മേഖലകളിലെ വൻ വിൽപ്പനയും കറൻസി വിപണിയെ അലോസരപ്പെടുത്തി.
വിപണി ഇടിവ് കണക്കിലെടുത്തിട്ടും റിസർവ് ബാങ്ക് സജീവമായി ഇടപെട്ടില്ലെന്നതാണ് വിദഗ്ധരുടെ നിരീക്ഷണം. ഡോളറിന്റെ ആവശ്യം ഉയരുന്ന സാഹചര്യത്തിൽ കരുതൽ ശേഖരം അതിരുകടന്ന് ഉപയോഗിക്കാനില്ലെന്ന് ആർബിഐ മോശമാകാത്ത രീതിയിൽ പിൻവാങ്ങുന്നതായി ഓസ്‌ട്രേലിയ–ന്യൂസിലാൻഡ് ബാങ്ക് സ്ട്രാറ്റജിസ്റ്റ് ധീരജ് നിം വിലയിരുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസ്.എം.എയുടെ ആദ്യകാല അംഗവും സജീവ പ്രവർത്തകനുമായ ടോജി ജോർജിന്റെ ഭാര്യ അനുവിന്റെ പിതാവ് കോട്ടയം തെള്ളകം കുന്നക്കാട്ട് ശ്രീ കെ. ടി. തോമസ് നിര്യാതനായി. പരേതൻ കെ.എസ്.ഇ.ബിയിൽ റിട്ട. എഞ്ചിനീയർ ആയിരുന്നു.
ടോജിയുടെ ഭാര്യാ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
പതിനെട്ടു മലകൾക്കും അധിപനായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നാമ സങ്കീർത്തനങ്ങൾ ഉരുവിട്ട് കൊണ്ട് സംഗീത സാന്ദ്രമായ ഒരു വേദി ബർമിംഗാം ശ്രീ ബാലാജി ക്ഷേത്രാങ്കണത്തിലെ അയ്യപ്പ സന്നിധിയിൽ ഡിസംബർ 6-ാം തീയതി അരങ്ങേറുകയാണ് .
മലയാളം തമിഴ് ഹിന്ദി ഭക്തി ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് വൈകിട്ട് 4 മണി മുതൽ 8 മണിവരെ നീണ്ടു നിൽക്കുന്ന ഈ സംഗീതാർച്ചനയിൽ യുകെയിലെ പ്രശസ്തരായ ഗായകർക്കൊപ്പം കീബോർഡിസ്റ്റ് ശ്രീ. മുകേഷ് കണ്ണൻ, തബലിസ്റ്റ് ശ്രീ.സന്ദീപ്, വയലിനിസ്റ്റ് ശ്രീ അക്ഷ കുമാർ എന്നിവർ നയിക്കുന്ന ഓർക്കസ്ട്രയും ചേരുന്നു..ഈ ഭക്തിഗാന സുധ ആസ്വദിക്കുന്നതിനായി യുകെയിലെ എല്ലാ അയ്യപ്പ ഭക്തരെയും ബാലാജി ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വൻ ക്രമക്കേടുകൾ പുറത്തുവന്നു . അധ്യാപകര്‍ക്ക് സേവന ആനുകൂല്യം നല്‍കുന്നതിനായി ചില ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി വരെ പണം വാങ്ങിയതായി കണ്ടെത്തി. കുട്ടനാട്, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തിയ വലിയ തുകകളുടെ രേഖകളും ലഭിച്ചു. ഇല്ലാത്ത കുട്ടികളെ ഹാജര്‍ പട്ടികയില്‍ ചേര്‍ത്ത് അധ്യാപക തസ്തിക നിലനിര്‍ത്തിയ സംഭവങ്ങളും പിടികൂടി.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേര് വരുന്ന എല്ലാവർക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. സംഭവത്തെ വകുപ്പ് അതീവ ഗൗരവത്തിലാണ് കാണുന്നതെന്നും ഉടന്‍ തന്നെ ആഭ്യന്തര അന്വേഷണ സമിതി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും, ആരായാലും നിയമലംഘനം ചെയ്താല്‍ ക്ഷമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെയും അധ്യാപക സമൂഹത്തിന്റെയും വിശ്വാസം വീണ്ടെടുക്കുന്നതിനായി നടപടി വേഗത്തിലാക്കുമെന്നും ഉറപ്പുനല്‍കി.
ബ്രസീലിലെ ബെലേമിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ തീപിടുത്തമുണ്ടായി. തീ ഉയർന്നതോടെ പ്രതിനിധികളെയും മറ്റും ഉടന്‍ പുറത്തേക്ക് മാറ്റി. ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിലച്ചതോടെ സ്ഥലത്ത് ആശങ്കയും അലച്ചിലും നിലനിന്നു.
തീപിടുത്തം മിനിറ്റുകൾക്കകം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് പതിമൂന്ന് പേര്‍ക്ക് ചികിത്സ തേടേണ്ടി വന്നു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഒരു ഇലക്ട്രിക്കല്‍ ഉപകരണമോ മൈക്രോവേവോ തകരാറിലായത് കാരണം ആയിരിക്കാമെന്നാണ് പ്രാഥമിക വിവരം. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ എല്ലാ പ്രതിനിധികളും സുരക്ഷിതരാണെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.
ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തതോടെ സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ടയിൽ നിന്നുള്ള മുതിർന്ന നേതാവിന്റെ അറസ്റ്റ് ഇടതുമുന്നണിക്ക് പ്രതിസന്ധി സൃഷ്ടിച്ചു.
കേസിന്റെ മുഖ്യ ആസൂത്രകൻ പത്മകുമാറാണെന്നാണ് എസ്‌ഐടിയുടെ നിലപാട്. 2019ൽ ദ്വാരപാലക കവചങ്ങൾ സ്വർണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പിന്നീട് അത് ചെമ്പാണെന്ന് രേഖപ്പെടുത്തിയതാണ് അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള പ്രതികളുടെ മൊഴികളും പത്മകുമാറിനെതിരെയാണ്.
കേസിൽ ആദ്യം അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു. തുടർന്ന് മുരാരി ബാബു, ഡി. സുധീഷ് കുമാർ, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു എന്നിവർ പിടിയിലായി. ഇവരുടെ മൊഴികൾക്കു ശേഷമായിരുന്നു പത്മകുമാറിന്റെ അറസ്റ്റ് കൂടുതൽ ഉറപ്പായത്.
തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ ഉറപ്പാക്കും.
പ്രചരണത്തിന് പ്ലാസ്റ്റിക്, പി.വി.സി, ഫ്ലക്സ് തുടങ്ങിയവ പൂർണ്ണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയ നിർമിക്കുന്നതിന് പേപ്പർ, മലിനീകരണ നിയന്ത്രണ സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുനചംക്രമണം ചെയ്യാവുന്ന പോളിഎഥിലീൻ പോലുള്ളവ ഉപയോഗിക്കാം. ഓരോ ബോർഡിലും പി.സി.ബി വെബ് സൈറ്റിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കും വിധമുള്ള ക്യു.ആർ.കോഡ്, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ എന്നിവ നിർബന്ധമായും പതിച്ചിരിക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബോട്ടിലുകൾ തെർമ്മോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമസേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അത് നീക്കം ചെയ്ത് ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കും.ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മുഖേന നിരീക്ഷണം ശക്തമാക്കും.