സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല.
ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരേയുള്ള റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുകാന്ത് വേറെയും സ്ത്രീകളെ പീഡിപ്പിച്ചുവെന്നും ഇവരിൽനിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂൺ പത്താംതീയതി വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സുകാന്ത് കഴിഞ്ഞ ദിവസമാണ് കൊച്ചി ഡിസിപിക്ക് മുമ്പിൽ ഹാജരായത്. തുടർന്ന് ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച അമ്മാവൻ മോഹനനെ കേസിൽ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാൾ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സഹപ്രവർത്തകയായിരുന്ന യുവതി, ഇയാൾക്കൊപ്പം ജയ്പുരിൽ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോർട്ട്. വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ യുവതികളെ ചൂഷണം ചെയ്തിരുന്നത്.
കോട്ടയത്തുനിന്ന് കാണാതായ, പഞ്ചായത്ത് അംഗമായ യുവതിയെയും രണ്ട് പെണ്മക്കളെയും എറണാകുളത്തുനിന്ന് കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്തിലെ 20-ാം വാര്ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് എറണാകുളത്തെ ലോഡ്ജില്നിന്ന് കണ്ടെത്തിയത്.
ഭര്തൃവീട്ടുകാരുമായുള്ള സ്വത്ത് തര്ക്കത്തിന്റെ പേരിലാണ് യുവതി മക്കളുമായി വീട് വിട്ടത്. ഇവരെ കോടതിയില് ഹാജരാക്കും.
ഐസിയുടെ ഭര്ത്താവ് സാജന് നേരത്തെ മരിച്ചതാണ്. ഇതേത്തുടര്ന്ന് ഭര്ത്താവിന്റെ സ്വത്ത് വീതംവെച്ച് നല്കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര് പോലീസില് പരാതി നല്കിയിരുന്നു. പരാതി കേട്ട ഏറ്റുമാനൂര് പോലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നല്കണമെന്ന് നിര്ദേശിച്ചിരുന്നു.
പോലീസ് നിര്ദേശം അനുസരിച്ച് സ്വത്ത് നല്കാമെന്ന് ബന്ധുക്കള് ഐസിയെ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് പൊലീസിനും ബന്ധുക്കള്ക്കും എതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഐസയെയും മക്കളെയും കാണാതായത്.
നിലമ്പൂരില് ആര് സ്ഥാനാര്ഥിയാകണമെന്നത് അടക്കമുള്ള കാര്യങ്ങള് സംസ്ഥാനത്തെ പാര്ട്ടി ഘടകം തീരുമാനിക്കുമെന്ന് സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി. കരുവന്നൂരില് നടക്കുന്നത് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി)ന്റെ രാഷ്ട്രീയ വേട്ടയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. തെറ്റുണ്ടെങ്കില് തിരുത്താന് മടിയില്ലെന്നും ബേബി കൂട്ടിച്ചേര്ത്തു.
കരുവന്നൂരില് തെറ്റ് തിരുത്തിയോ എന്ന ചോദ്യത്തിന് തെറ്റ് തിരുത്തല് സ്വിച്ച് ഇട്ടാല് ലൈറ്റ് കത്തുന്നത് പോലെയല്ല എന്നായിരുന്നു എം.എ. ബേബിയുടെ മറുപടി. തെറ്റ് തിരുത്തല് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്സ് ആന്ഡ് ഫാമിലി എന്ന സിനിമയെക്കുറിച്ച് താന് ആദ്യം നടത്തിയ അഭിപ്രായപ്രകടനത്തില് പിഴവുണ്ടായെന്നും ബേബി പറഞ്ഞു. സംവിധായകന്റെ നിര്ബന്ധത്തിന് വഴങ്ങിയാണ് സിനിമ കണ്ടത്. എന്നാല് ആ സിനിമയെ പ്രകീര്ത്തിച്ച് സംസാരിച്ചത് ശരിയായില്ല. സിപിഎം ജനറല് സെക്രട്ടറി എന്ന നിലയില് താന് ഇത്തരം കാര്യങ്ങളില് ജാഗ്രത പുലര്ത്തേണ്ടതായിരുന്നു എന്നും ബേബി കൂട്ടിച്ചേര്ത്തു.
അനിൽ ഹരി
കഴിഞ്ഞ മൂന്നു വർഷമായി വിജയകരമായി നടത്തുന്ന എൽ എസ് കെ പ്രീമിയർ കപ്പിന്റെ ഫോർത്ത് എഡിഷൻ (L S K PREMIER CUP 2025 4th Edition )ഈ വരുന്ന ജൂൺ 15th , 29th July 06th തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലും പങ്കെടുത്ത ടീമുകൾ, കൂടാതെ നാലു(4 ) ടീമുകൾ, എൽ എസ് കെ പ്രീമിയർ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റുകളിൽ മികച്ചനിൽക്കുന്നതിനാൽ, യുകെയിലെ വിവിധഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് പൂരമാണ് അന്ന് അരങ്ങേറുന്നത്. വൈറ്റ് ബോളിൽ നടക്കുന്ന ഗ്രൂപ്പ്സ്റ്റേജിലെ ക്രിക്കറ്റ് കളികൾ ജൂൺ 15th, ജൂൺ 29th ദിവസങ്ങളിൽ വിരാളിലെ(CH48 1NX) കാൽഡി ക്രിക്കറ്റ് ക്ലബ് ഗ്രൗഡിൽ വച്ചും ജൂലൈ 06th നടക്കുന്ന സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സെയിന്റ് ഹെലെൻസ് (L34 6JW) പ്രെസ്കോട്ട് ആൻഡ് ഒഡിസ്സി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ ആണ് നടക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും സൂപ്പർ 8 സ്റ്റേജിൽ എത്തുമ്പോൾ നോകൗട്ട് മത്സരങ്ങൾ ആരംഭിക്കുന്നു. ഓരോ ബോളിലും, വീറും വാശിയും നിറഞ്ഞു നില്ക്കുന്ന ക്രിക്കറ്റ് കാർണിവൽ.
2024 ലെ ചാമ്പ്യൻമാരായ ഡാർക്ക് നൈറ്റ്സ്, ഒന്നും രണ്ടും സീസണിലെ ചാമ്പ്യൻമാരായ എൽ എസ് കെ സൂപ്പർകിങ്സ് കിരീടം തിരിച്ചു പിടിക്കാനിറങ്ങുന്നു, കൂടാതെ 2024 ലെ റണ്ണർ അപ് മേഴ്സി സ്ട്രൈക്കേഴ്സ്, 2023 ലെ റണ്ണർ അപ് നൈറ്റ് മാഞ്ചെസ്റ്റെർ, നോർത്ത് വെസ്റ്റിലെ പ്രമുഖ ടീമുകൾ എല്ലാം പങ്കെടുക്കുന്ന, വൈറ്റ് ബോളിൽ നടക്കുന്ന തീ പാറുന്ന ക്രിക്കറ്റ് കളി. കലാശപോരാട്ടത്തിലെ വിജയികൾക്ക് 1001 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും, കൂടാതെ പ്ലേയർ ഓഫ് ദി മാച്ച് , ബെസ്റ്റ് ബാറ്റ്സ്സമാൻ, ബെസ്റ്റ് ബൗളർ എന്നിവർക്കും ട്രോഫികൾ നൽകുന്നു.
ഞങ്ങളുടെ പ്രധാന സ്പോൺസര്മാര്, ലോയൽറ്റി ഫിനാൻഷ്യൽ സൊല്യൂഷൻസ്, വൈസ് കെയർ ലിമിറ്റഡ്, വൈസ് ഫുഡ്സ്. മയിൽ ഫുഡ് പ്രോഡക്ട്സ് ആൻഡ് റോയൽ ഡെലികേസി ഫുഡ് പ്രോഡക്ട്സ്, റിലൈൻസ് കാറ്ററിംഗ് ലിമിറ്റഡ്.
കളിക്കളത്തിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിക്കുന്ന കളികളുമായി എൽ എസ് കെ പ്രീമിയർ കപ്പ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. രാവിലെ 9മണി മുതൽ തുടങ്ങുന്ന മത്സരങ്ങൾ വൈകിട്ട് വരെ നീണ്ടുനിൽക്കുന്നു. ടൂര്ണമെന്റിന്റെ ആവേശം ഇരട്ടിയാക്കാന് രുചികരമായ ഭക്ഷണങ്ങളുമായി രാവിലെ മുതൽ റിലൈൻസ് കാറ്ററിംഗിന്റെ സ്റ്റാൾ പ്രവർത്തിക്കുന്നു.
എൽ എസ് കെ പ്രീമിയർ കപ്പ് 2025 ന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ കൺവീനർ ശ്രീ സജി ജോൺ ബന്ധപ്പെടേണ്ട നമ്പർ 07771616407. എൽ എസ് കെ പ്രീമിയർ കപ്പ് 2024 ന്റെ കോഓർഡിനേറ്റർസ് ശ്രീ ബിബിൻ യോഹന്നാൻ (07476698789), ശ്രീ ജയ്മോൻ ജെയ്സൺ (07768497472). ആവേശവും സൗഹൃദവും അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞ ഈ ടൂർണമെന്റ് പൂരത്തിനായി ജൂൺ 15 മുതൽ ലിവർപൂളിൽ വരുക കാണുക ആസ്വദിക്കുക. ഇനിയും രണ്ടോ മൂന്നോ ടീമുകളെ ടൂർണമെൻ്റിൽ ഉൾപ്പെടുത്തവൻ അവസരം ഉണ്ട്, താൽപര്യം ഉള്ള ടീമുകൾ എത്രയും പെട്ടന്ന് കോർഡിനേറ്ററുമായി ബന്ധപ്പെടുക.
വില്ലോ മരത്തടിയിൽ തുകൽപ്പന്തു കൊള്ളുമ്പോൾ ഉണ്ടാകുന്ന ഇരമ്പങ്ങൾ കാതിൽ ഇരച്ചു കയറുമ്പോൾ ഉണ്ടാകുന്ന ആവേശത്തിന്റെ നാളുകൾക്കായി ഇനി നമുക്ക് കാത്തിരിക്കാം…..
ആവേശകരമായ ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതിനായി ഫുട്ബാളിൻ്റെ കലയുടെയും സാംസ്കാരിക നഗരി എന്നു അറിയപ്പെടുന്ന ലിവർപൂളിലേക്ക് സ്വാഗതം.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430-ല് എത്തി. കഴിഞ്ഞ തിങ്കളാഴ്ച 335 രോഗികളാണുണ്ടായിരുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര് ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോര്ട്ട് ചെയ്തത്.
രാജ്യത്ത് ഏറ്റവുംകൂടുതല് കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര (209), ഡല്ഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കര്ണാടക (47) എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നുണ്ട്.
ദക്ഷിണപൂര്വേഷ്യന് രാജ്യങ്ങളില് രോഗം പടരുന്ന സാഹചര്യത്തില് സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളില് ഏതെങ്കിലും മേഖലകളില് രോഗപ്പകര്ച്ചയുണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധപ്രവര്ത്തനങ്ങള് നടത്താനാണ് ജില്ലാ മെഡിക്കല് ഓഫീസര്മാര്ക്ക് നിര്ദേശം നല്കിയിട്ടുള്ളത്.
വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള് പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്സിന് സ്വീകരിച്ചിട്ടുള്ളതിനാല് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള് ഉള്ളവര് നിര്ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്ദേശിച്ചിട്ടുണ്ട്.
പ്രായമായവരും ഗര്ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്. ആരോഗ്യപ്രവര്ത്തകര് മാസ്ക് നിര്ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രിസന്ദര്ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകണമെന്നും ആരോഗ്യവകുപ്പ് ശുപാര്ശചെയ്യുന്നു.
കനത്ത മഴയിൽ കോഴിക്കോട് അരീക്കാടിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശി. ഇതേ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര പാകിയ ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീഴുകയും ചെയ്തു. റെയിൽവേ ട്രാക്കിനടുത്തുള്ള വൈദ്യുതി ലൈനും തകർന്നുവീണിട്ടുണ്ട്. ട്രെയിനുകൾ താത്കാലികമായി സർവീസ് നിർത്തിവെച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പടെ മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവക്കും നാളെ അവധിയാണ്.
അതേസമയം, എറണാകുളം ആലുവ അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും റെയിൽവേയും സ്ഥലത്തെത്തി മരം നീക്കാനുള്ള ശ്രമം തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ള മകളുടെ ഒപ്പം താമസിക്കാൻ എത്തിയ പിതാവ് മരണമടഞ്ഞു. ചീഡിലിൽ താമസിക്കുന്ന രമ്യയുടെ പിതാവാണ്. എറണാകുളം പാറക്കടവ് സ്വദേശി മോഹൻ ആണ് സ്റ്റോക്ക് ഓൺ ട്രെൻഡ് റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞത്. ഏതാനും ദിവസം മുൻപാണ് അദ്ദേഹം യുകെയിൽ എത്തിച്ചേർന്നത്.
രമ്യയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അതിശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലെ കട തകര്ന്ന് ദേഹത്തേക്കുവീണ് പെണ്കുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനില് നിത്യ(18)യാണ് മരിച്ചത്. സുഹൃത്തുക്കള്ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്കുട്ടി.
ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചില് കനത്തമഴയ്ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചില് നില്ക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദര്ശും മഴയില്നിന്ന് രക്ഷപ്പെടാനാണ് ബജിക്കടയുടെ അടുത്ത് പോയിനിന്നത്.
ശക്തമായ കാറ്റില് ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്ശിന്റെയും ദേഹത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. ഉടന്തന്നെ വണ്ടാനം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദര്ശ് ചികിത്സയില് തുടരുകയാണ്.
നിലമ്പൂര് ഉപതിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടന് ഷൗക്കത്തിനെ പ്രഖ്യാപിച്ച് എഐസിസി. കൊച്ചിയില് കെപിസിസി അധ്യക്ഷന് സണ്ണി ജോസഫിന്റെ നേതൃത്വത്തില് നേതാക്കളുടെ നിര്ണായക യോഗം ചേർന്നാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു.
ഒറ്റപ്പേര് ഹൈക്കമാന്ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്ഥിയായി ആര്യാടന് ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന് വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്ഗണന.
ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നതിനെതിരേ പി.വി അൻവർ പരസ്യമായി രംഗത്തുവന്നതോടെ യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. കോണ്ഗ്രസ് ആരെ സ്ഥാനാര്ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നും എന്നാല്, ആരെയെങ്കിലും സ്ഥാനാര്ഥിയാക്കാനല്ല താന് രാജിവെച്ചതെന്നും തിങ്കളാഴ്ച വിളിച്ചുചേര്ത്ത വാര്ത്താസമ്മേളനത്തില് അന്വര് നിലപാടെടുത്തിരുന്നു.
ഇടതുമുന്നണി അംഗമായിരുന്ന പി.വി.അന്വര് രാജിവച്ചതിനെ തുടര്ന്നാണ് മണ്ഡലത്തില് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ് 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല് ജൂണ് 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്ക്കാര് വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.
ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്ഡിഎഫും സിറ്റിങ് സീറ്റുകള് നിലനിര്ത്തി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യുഡിഎഫ് സീറ്റ് നിലനിര്ത്തിയപ്പോള് ചേലക്കരയില് ഇടതുപക്ഷം സിറ്റിങ് സീറ്റില് വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള് മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്ക്കും അഭിമാനപ്രശ്നമാണ് നിലമ്പൂര് ഉപതിരഞ്ഞെടുപ്പ്.