റോമി കുര്യാക്കോസ്
ബോൾട്ടൻ: ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. കാൽനടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട കരോളിൽ അസോസിയേഷനിലെ കൊച്ചു കുട്ടികളടക്കം അംഗങ്ങൾ. യു കെയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മിതമായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സംഘടിപ്പിച്ചതെങ്കിലും കരോൾ സർവീസ് പ്രൗഡഗംഭീര വിരുന്നായിരുന്നു അംഗങ്ങൾക്ക് സമ്മാനിച്ചത്.
വാദ്യ – ഗാന സംഘത്തിന്റെ അകമ്പടിയോടെ സാന്റ ക്ലോസിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച കരോൾ സംഘം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും മധുരവും ക്രിസ്തുമസ് സന്ദേശവും, ക്രിസ്തുമസ് കാർഡുകളും നൽകി.
കരോൾ സംഘത്തെ ഭവനങ്ങളിലേക്ക് ക്ഷണിച്ച എല്ലാ അസോസിയേഷൻ അംഗങ്ങൾക്കും, മൂന്ന് ദിവസങ്ങളിലായി കരോൾ സമാപനത്തോടനുബന്ധിച്ചു കരോൾ സംഘത്തിന് സ്നേഹവിരുന്നൊരുക്കി നൽകിയ ജോമി സേവ്യർ, അനിൽ നായർ, ജോസഫ് കുഞ്ഞ് എന്നിവർക്കും കുടുംബാംഗങ്ങൾക്കുമുള്ള പ്രത്യേകമായ നന്ദി ഭാരവാഹികൾ രേഖപ്പെടുത്തി.
ബി എം എയുടെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ ‘ജിംഗിൾ ബെൽസ്’ ഡിസംബർ 27 ശനിയാഴ്ച ഫാൻവർത്ത് സെന്റ്. ജയിംസ് ചർച്ച് ഹാളിൽ വച്ചു വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും. വൈകിട്ട് 6 മണിയോടെ ആഘോഷപരിപാടികളുടെ തിരി തെളിയും.
ഈടുറ്റതും കലാമൂല്യം ഉൾക്കൊള്ളുന്നതുമായ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് ഇക്കുറി അസോസിയേഷൻ തയ്യാറാക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ ക്രിസ്തുമസ് സ്പെഷ്യൽ ഡിന്നറും റഫിൾ സമ്മാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ക്രിസ്തുമസ് – പുതുവത്സര ആഘോഷ പരിപാടികളിൽ എവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായും കൃത്യസമയത്ത് തന്നെ പരിപാടിയുടെ ഭാഗമാകണമെന്നും സംഘാടകർ അറിയിച്ചു.
Venue:
St. James Church Hall
Lucas Rd Farnworth Bolton
BL4 9RU

ഉദയ്പുർ ∙ ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഐടി സ്ഥാപനത്തിന്റെ സിഇഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഐടി കമ്പനിയുടെ സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, ഐടി സ്ഥാപനത്തിലെ വനിതാ എക്സിക്യൂട്ടീവ്, ഇവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാജസ്ഥാനിലെ ഉദയ്പുരിൽ ഡിസംബർ 20നാണ് സംഭവം നടന്നത്.
ഒരു പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. പാർട്ടിക്കിടെ അമിതമായി മദ്യപിച്ച യുവതിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് മൂന്ന് പ്രതികളും ചേർന്ന് കാറിൽ കയറ്റി. തുടർന്ന് ഓടുന്ന കാറിനുള്ളിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
മദ്യലഹരിയിലായിരുന്ന യുവതിക്ക് സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്തു നൽകുകയും, അത് ഉപയോഗിച്ചതോടെ യുവതി അബോധാവസ്ഥയിലാകുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ സംഭവത്തിന്റെ ഗൗരവം മനസ്സിലായതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
പതിവുതെറ്റിക്കാതെ ഈ ക്രിസ്മസിലും മലയാളികളുടെ മദ്യ ഉപഭോഗം റെക്കോർഡിൽ. ക്രിസ്മസ് ആഘോഷ വേളയിൽ ബെവ്‌കോ വഴി വിറ്റഴിഞ്ഞ മദ്യത്തിന്റെ മൂല്യം 332.62 കോടി രൂപയായി. ഡിസംബർ 22 മുതൽ ക്രിസ്മസ് ദിനം വരെ നാല് ദിവസത്തിനുള്ളിലുണ്ടായ വിൽപ്പനയാണ് ഈ റെക്കോർഡായി മാറിയത്.
കഴിഞ്ഞ വർഷം (2024) ക്രിസ്മസ് കാലയളവിൽ 279.54 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ഇതിനെക്കാൾ ഇത്തവണ 53.08 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ക്രിസ്മസിന് മുൻദിനമായ ഡിസംബർ 24ന് മാത്രം മദ്യവിൽപ്പന നൂറുകോടി കടന്ന് 114.45 കോടി രൂപയിലെത്തി. ഡിസംബർ 22ന് 77.62 കോടി, 23ന് 81.34 കോടി, ക്രിസ്മസ് ദിനത്തിൽ 59.21 കോടി രൂപയുടെ മദ്യവിൽപ്പനയുമുണ്ടായി.
തൃശ്ശൂരും കോഴിക്കോടും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച പ്രീമിയം ഔട്ട്‌ലെറ്റുകൾ ബെവ്‌കോയ്ക്ക് അധിക നേട്ടമായി മാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉത്സവകാല ആവശ്യകതയും വിപുലമായ വിൽപ്പന സൗകര്യങ്ങളും ചേർന്നതാണ് ഈ വിൽപ്പന വർധനവിന് കാരണമായതെന്ന് അധികൃതർ വിലയിരുത്തുന്നു.
തിരുവനന്തപുരം ∙ കോർപ്പറേഷൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ വി.വി. രാജേഷിന് ആദ്യ പരാതിയെത്തി. മുൻ മേയർ ആര്യ രാജേന്ദ്രന്റെ ഭരണകാലത്ത് നടന്നുവെന്ന ആരോപിക്കപ്പെടുന്ന അഴിമതികളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പുതിയ മേയറിന് ഔദ്യോഗികമായി പരാതി കൈമാറിയത്.
ആര്യ രാജേന്ദ്രന്റെ കാലഘട്ടത്തിൽ നഗരസഭയിൽ നടന്ന വിവിധ പ്രവർത്തനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായതായി പരാതിയിൽ ആരോപിക്കുന്നു. പ്രത്യേകിച്ച് താൽക്കാലിക നിയമനങ്ങളിൽ പാർട്ടി ബന്ധം മുൻനിർത്തിയുള്ള ഇടപെടലുകൾ നടന്നുവെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്.എസ്.ടി ഫണ്ട് തട്ടിപ്പ്, നിയമനങ്ങൾക്ക് പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് പട്ടിക ആവശ്യപ്പെട്ട് നടത്തിയെന്ന ആരോപിക്കുന്ന പിൻവാതിൽ നിയമനം, കെട്ടിട നികുതി തട്ടിപ്പ്, വാഹന ഇൻഷുറൻസ്–മെയിന്റനൻസ് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ശ്രീകുമാർ പരാതിയിൽ ആവശ്യപ്പെട്ടു.
ടൊറന്റോ ∙ കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാംപസിന് (UTSC) സമീപം ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈലാൻഡ് ക്രീക്ക് ട്രയൽ–ഓൾഡ് കിങ്സ്റ്റൺ റോഡ് മേഖലയിൽ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ വെടിവയ്പ്പിലാണ് 20 വയസ്സുകാരനായ ശിവാങ്ക് അവസ്തി കൊല്ലപ്പെട്ടത്. ഒരാൾ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നതായി ലഭിച്ച സന്ദേശത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ശിവാങ്ക് മരിച്ച നിലയിലായിരുന്നു.
സംഭവസ്ഥലത്ത് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെങ്കിലും ആക്രമികൾ പൊലീസ് എത്തുന്നതിന് മുൻപേ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ടൊറന്റോ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
ശിവാങ്ക് അവസ്തിയുടെ ദാരുണമായ മരണത്തിൽ ഇന്ത്യ അതീവ ദുഃഖം രേഖപ്പെടുത്തി. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, വിദ്യാർത്ഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നതായി അറിയിച്ചു. സംഭവത്തെ തുടർന്ന് ടൊറന്റോയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിവുള്ളവർ 416-808-7400 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സ് 416-222-TIPS (8477), www.222tips.com എന്നിവയിലോ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട്ടിൽ താമസിക്കുന്ന പെരുംതടത്തിൽ ജോസഫ് ജോർജിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ക്രിസ്തുമസ് ചാരിറ്റിക്ക് ഇതുവരെ 1696 പൗണ്ട് രണ്ടു ലക്ഷത്തി മൂവായിരത്തി എഴുനൂറ്റിനാല്പത്തൊമ്പതു രൂപ ലഭിച്ചു . സഹായിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി കൺവീനർ സാബു ഫിലിപ്പ് നന്ദി അറിയിച്ചു . ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു . പണം നൽകിയ എല്ലാവർക്കും ബാങ്കിന്റെ മുഴുവൻ സ്റ്റേറ്റ്മെൻറ് അയച്ചു തരും കിട്ടാത്തവർ താഴെ കാണുന്ന ഞങ്ങളുടെ നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു ലഭിച്ച തുക സാമൂഹിക പ്രവർത്തകരുടെ സന്യത്യത്തിൽ ജോസഫിന് കൈമാറും .
ഒരു ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിരുന്ന സമയത്താണ് ജോർജിനു കിഡ്‌നി രോഗം ബാധിച്ചു ചികിത്സയിൽ ആകുന്നത് ,കൈയിലുണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു. ഭാര്യ ജോലി ഉപേക്ഷിച്ചു ഭർത്താവിനെ ശുശ്രൂഷിച്ചു വീട്ടിൽ ഇരിക്കുന്നു. ഇവരുടെ ചികിത്സ മുൻപോട്ടുകൊണ്ടുപോകുന്നതിനു വേണ്ടിയാണു ചാരിറ്റി നടത്തിയത് . ജോസഫിൻെറ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് പൊതുപ്രവർത്തകനും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വീണ്ടും ബ്ലോക്കിലേക്കു തിരഞ്ഞെടുക്കുകയും ചെയ്ത എ പി ഉസ്മാനാണ് .
.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,47,00000 (ഒരുകോടി നാൽപ്പത്തിഏഴു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , യുകെകെസിഎ (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .

കണ്ണൂർ ∙ റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ എറണാകുളം–പുണെ എക്സ്പ്രസാണ് വിദ്യാർഥികൾ നിർത്തിച്ചത്.
ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു കാണിച്ചാണ് വിദ്യാർഥികൾ ട്രെയിൻ നിർത്തിച്ചത്. ഇത് അപായസിഗ്നലാണെന്ന് കരുതിയ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു. റീൽസ് ചിത്രീകരിക്കാനായിരുന്നു വിദ്യാർഥികളുടെ ശ്രമമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിൽ കേസെടുത്ത ശേഷം വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടയച്ചു. ഇവർ ചിത്രീകരിച്ച വിഡിയോ റെയിൽവേ പൊലീസ് പിടിച്ചെടുത്തു. എന്നാൽ ഇത്തരം പ്രവൃത്തികൾ മറ്റുള്ളവർ അനുകരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദൃശ്യങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലെ മേയർ–ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. രാവിലെ 10ന് മേയർമാരെയും ഉച്ചയ്ക്ക് 2.30ന് ഡെപ്യൂട്ടി മേയർമാരെയും തിരഞ്ഞെടുക്കും. കണ്ണൂർ, തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ മേയർസ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കോർപ്പറേഷനുകളിലായി മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു; ചിലിടങ്ങളിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഫലം അനിശ്ചിതത്വവും നിലനിൽക്കുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ 101 അംഗങ്ങളിൽ 50 അംഗങ്ങളുള്ള എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുണ്ടെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല. ബിജെപിയുടെ മേയർ സ്ഥാനാർഥിയായി വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി ആശാ നാഥിനെയും പ്രഖ്യാപിച്ചു. യുഡിഎഫിൽ കെ.എസ്. ശബരീനാഥനും മേരി പുഷ്പവും, എൽഡിഎഫിൽ ആർ.പി. ശിവജിയും മത്സരിക്കും. കൊല്ലത്ത് 56 അംഗ കോർപ്പറേഷനിൽ 29 പേരുടെ പിന്തുണ ലഭിക്കാതെ മൂന്ന് മുന്നണികളും കാത്തുനിൽക്കുന്ന സാഹചര്യത്തിലാണ്. യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായി എ.കെ. ഹഫീസിനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡെപ്യൂട്ടി മേയർ സ്ഥാനത്ത് സസ്‌പെൻസ് തുടരുന്നു.
കൊച്ചിയിൽ 76 അംഗ കോർപ്പറേഷനിൽ യുഡിഎഫ് വൻഭൂരിപക്ഷം നേടിയെങ്കിലും മേയർസ്ഥാനത്തെച്ചൊല്ലി ഉണ്ടായ വിവാദങ്ങൾക്കൊടുവിൽ അഡ്വ. വി.കെ. മിനിമോളും ഷൈനി മാത്യുവും രണ്ടരക്കൊല്ലം വീതം മേയർ സ്ഥാനം വഹിക്കുമെന്ന് ധാരണയായി. തൃശ്ശൂരിൽ 56 അംഗ കോർപ്പറേഷനിൽ യുഡിഎഫ് 33 സീറ്റുകൾ നേടി അധികാരത്തിലേക്ക്; ഡോ. നിജി ജസ്റ്റിനാണ് മേയർ സ്ഥാനാർഥി. കോഴിക്കോട് എൽഡിഎഫ് 34 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കെ ഒ. സദാശിവനും ഡോ. എസ്. ജയശ്രീയും മേയർ–ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളായി. കണ്ണൂരിൽ 56 അംഗ കോർപ്പറേഷനിൽ 36 സീറ്റുകൾ നേടി യുഡിഎഫ് ആധികാരികവിജയം നേടി; പി. ഇന്ദിര മേയറായും കെ.പി. താഹിർ ഡെപ്യൂട്ടി മേയറായും മത്സരിക്കും.
വത്തിക്കാൻ സിറ്റി: ക്രിസ്മസ് ദിനത്തിലെങ്കിലും ലോകത്തെ യുദ്ധഭൂമികൾ നിശ്ശബ്ദമാകണമെന്നും, കുറഞ്ഞത് 24 മണിക്കൂർ നേരത്തേക്ക് ആഗോളതലത്തിൽ പൂർണ സമാധാനം പാലിക്കണമെന്നും പാപ്പ ലിയോ ആഹ്വാനം ചെയ്തു. കാസിൽ ഗാൻഡോൾഫോയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷകന്റെ ജനന തിരുനാളിൽ സമാധാനത്തിന്റെ ഒരു ദിനമെങ്കിലും ലോകം അനുഭവിക്കട്ടെയെന്ന പ്രത്യാശയും പാപ്പ പങ്കുവച്ചു.
ഉക്രെയ്നിൽ റഷ്യ തുടരുന്ന ആക്രമണങ്ങളെ പാപ്പ ശക്തമായി അപലപിച്ചു. ക്രിസ്മസ് കാലത്ത് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന തന്റെ അഭ്യർത്ഥന റഷ്യൻ അധികൃതർ നിരസിച്ചതിൽ അദ്ദേഹം കടുത്ത ദുഃഖം രേഖപ്പെടുത്തി. എല്ലാ സന്മനസുള്ളവരും സമാധാനത്തിനായി കൈകോർക്കണമെന്നും, ഒരുപക്ഷേ ലോകം ഈ അഭ്യർത്ഥന കേട്ടേക്കാമെന്നും പാപ്പ പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ സമാധാന നീക്കങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഗാസയിൽ വെടിനിർത്തലിനായുള്ള രണ്ടാംഘട്ട ചർച്ചകൾ നടക്കുന്നത് ആശ്വാസകരമാണെന്നും, ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുടെ ഗാസ സന്ദർശനം സമാധാന ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധക്കെടുതിയിൽ കഴിയുന്ന ജനങ്ങൾക്ക് ക്രിസ്മസ് പ്രത്യാശ നൽകണമെന്നും, സമാധാന ചർച്ചകളിൽ നിന്ന് ഒരു രാജ്യവും പിന്മാറരുതെന്നും പാപ്പ ആഹ്വാനം ചെയ്തു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ശിക്ഷ വിധിച്ച രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഹർജി. ആക്രമണം നടന്ന വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം മാത്രമാണ് തനിക്കെതിരെയുണ്ടായിരുന്നതെന്നും മാർട്ടിൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമാന ആരോപണങ്ങൾ നേരിട്ട എട്ടാം പ്രതി നടൻ ദിലീപിനെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ, അതേ ആനുകൂല്യം തനിക്കും നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. അതേസമയം, കേസിലെ പ്രതികളായ ചാർലി തോമസ്, നടൻ ദിലീപ്, സുഹൃത്ത് ശരത്ത് എന്നിവരെ കോടതി വെറുതെ വിട്ടു. ദിലീപിനെതിരായ ഗൂഢാലോചനയുടെയും തെളിവ് നശിപ്പിച്ചതിന്റെയും കുറ്റങ്ങൾ തെളിയിക്കാൻ മതിയായ തെളിവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
കേസിൽ ആകെ പത്ത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പൾസർ സുനി ഒന്നാം പ്രതിയും മാർട്ടിൻ ആന്റണി രണ്ടാമനുമായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, തെളിവ് നശിപ്പിക്കൽ, അശ്ലീല ദൃശ്യങ്ങൾ പകർത്തൽ, പ്രചരിപ്പിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിലാണ് നടിയെ ആക്രമിച്ചത്.