ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടനായി ഇതരസംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. വേടന്‍ ഒളിവില്‍ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണംതേടി. ഹര്‍ജി ഓഗസ്റ്റ് 18-ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.
ഡോക്ടറായ യുവതിയാണ് പരാതിക്കാരി. കോഴിക്കോട്ടേക്കും പിന്നീട് എറണാകുളത്തേക്കും സ്ഥലംമാറ്റമുണ്ടായപ്പോള്‍ അവിടത്തെ താമസസ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. പരാതിയില്‍ പറയുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. യുവ ഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍റര്‍ എം എം ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് നടപടി സ്വീകരിച്ചത്. പ്രതിയെ ശിക്ഷിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസില്‍ പ്രാഥമിക അന്വേഷണ സമിതിയുടെ അന്വേഷണത്തില്‍ തന്നെ ആശുപത്രിയിലെ ഗ്രേഡ് വണ്‍ അറ്റന്‍ററായ എം എം ശശീന്ദ്രന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുശേഷമാണ് വിശദ അന്വേഷണത്തിനായി ഫോറന്‍സിക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ഡോക്ടര്‍ പ്രിയദയെ ചുമതലപ്പെടുത്തിയത്.
ഈ അന്വേഷണത്തിലും കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശശീന്ദ്രനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയത്. അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്ന കുറ്റം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പോലെയുള്ള സ്ഥാപനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.
ആരോഗ്യ വകുപ്പിന്‍റെ നടപടിയില്‍ സന്തോഷമുണ്ടെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം.നീതി കിട്ടിയതിൽ സന്തോഷമുണ്ട്. തന്‍റെ പോരാട്ടം വിജയം കണ്ടുവെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണു പോരാട്ടത്തിന് ഇറങ്ങിയതെന്നും പിരിച്ചു വിടാനുള്ള നടപടികൾ പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചെന്നും അതിജീവിത പറഞ്ഞു.
2023 മാര്‍ച്ച് 18നാണ് തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം അര്‍ധ ബോധാവസ്ഥയിലായിരുന്ന യുവതിയെ ഐ സിയുവില്‍ വെച്ച് അറ്റന്‍ററായ ശശീന്ദ്രന്‍ ലൈംഗികമായി ഉപദ്രവിച്ചത്. പ്രതിയെ സംരക്ഷിക്കാന്‍ ഭരണാനുകൂല സംഘടനയില്‍ പെട്ട ചില ജീവനക്കാരുടെ നേതൃത്വത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നാരോപിച്ച് അതിജീവിത നേരത്തെ സമരത്തിനിറങ്ങിയിരുന്നു. ഐ സിയു പീഡന കേസില്‍ വിചരാണ നടപടികള്‍ തുടരുകയാണ്.
പാക് വംശജയായ പെണ്‍കുട്ടിയുടെ ബലാത്സംഗപരാതിയില്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഹൈദര്‍ അലി യുകെയില്‍ അറസ്റ്റില്‍. പാകിസ്താന്റെ എ ടീം- പാകിസ്താന്‍ ഷഹീന്‍സിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസാണ് ഹൈദര്‍ അലിയെ അറസ്റ്റുചെയ്തത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഹൈദറിനെ ജാമ്യത്തില്‍വിട്ടു. പിന്നാലെ താരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു.
ഓഗസ്റ്റ് മൂന്നിന് യുകെയിലെ ബെക്കന്‍ഹാം ഗ്രൗണ്ടില്‍ എംസിഎസ്എസി ടീമിനെതിരേയുള്ള മത്സരത്തിനിടെയാണ് അറസ്‌റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാക് വംശജയായ പെണ്‍കുട്ടിയാണ് പരാതിക്കാരി. ജൂലായ് 17 മുതല്‍ ഓഗസ്റ്റ് ആറുവരെയായിരുന്നു ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരവുമായിരുന്നു ടീമിനുണ്ടായിരുന്നത്. ക്യാപ്റ്റനൊഴികെ മുഴുവന്‍ താരങ്ങളും ബുധനാഴ്ച തിരിച്ചെത്തിയിരുന്നു.
അന്വേഷണത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നുവെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വക്താവ് പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കും. ബോര്‍ഡ് സ്വന്തം നിലയ്ക്കും യുകെയില്‍ അന്വേഷണം നടത്തും. അന്വേഷണവിധേയമായാണ് ഹൈദര്‍ അലിയുടെ സസ്പന്‍ഷന്‍ എന്നും ബോര്‍ഡ് വ്യക്തമാക്കി.
പാകിസ്താനുവേണ്ടി രണ്ട് ഏകദിനങ്ങളും 35 ടി20കളും കളിച്ച താരമാണ് ഹൈദര്‍ അലി. നേരത്തേയും താരം ബോര്‍ഡിന്റെ നടപടിക്ക് വിധേയനായിരുന്നു. 2021-ല്‍ അബുദാബിയില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ലീഗിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു സസ്‌പെന്‍ഷന്‍. ഇതേത്തുടര്‍ന്ന് അതേവര്‍ഷം ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.
ആഗോളതലത്തില്‍ സമ്പൂര്‍ണവ്യാപാരയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ട് ഇന്ത്യയുള്‍പ്പെടെ 60-ലേറെ രാജ്യങ്ങള്‍ക്കുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍വന്നു. ഇന്ത്യക്ക് 25 ശതമാനമാണ് യുഎസിന്റെ പകരച്ചുങ്കം.
അതുകൂടാതെ റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായം ചെയ്യുന്നെന്നാരോപിച്ച് കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധികതീരുവ ഈ മാസം 27-ന് നിലവില്‍വരും.
രണ്ടുംചേര്‍ത്ത് ഇന്ത്യക്ക് ആകെ 50 ശതമാനമാകും യുഎസ് തീരുവ. വിദേശരാജ്യങ്ങള്‍ക്ക് യുഎസ് ചുമത്തിയ തീരുവയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയെക്കൂടാതെ ബ്രസീലിനുമാത്രമാണ് 50 ശതമാനം തീരുവയുള്ളത്. സിറിയക്ക് 41 ശതമാനമാണ് തീരുവ.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്കം 50 ശതമാനമായി ഉയര്‍ത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യുഎസിലേക്കുള്ള ഇന്ത്യയുടെ 55 ശതമാനംവരെ കയറ്റുമതിയെ നേരിട്ട് ബാധിച്ചേക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ). ഇത് ടെക്സ്‌റ്റൈല്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍ ഉത്പന്ന മേഖലകളില്‍ വലിയ ആഘാതമുണ്ടാക്കും. 50 ശതമാനം തീരുവ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ ചെലവുയര്‍ത്തും. മറ്റു വിപണികളുമായി മത്സരിക്കാനാകാതെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പുറന്തള്ളപ്പെടുമെന്നും എഫ്‌ഐഇഒ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.
പാപ്പിനിശേരിയിൽ 17കാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരിയിൽ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ 34കാരനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വളപട്ടണം പൊലീസ് പോക്സോ കേസ് ചുമത്തി. 17കാരിയും സേലം സ്വദേശിയാണ്,.
ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ആചാരപ്രകാരം സേലത്ത് വച്ച് വിവാഹിതരായെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. പിന്നീട് പാപ്പിനിശേരിയിൽ താമസമാക്കുകയായിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് 17കാരി പ്രസവിച്ചത്. ആശുപത്രി അധികൃതർ വയസ് ചോദിച്ചപ്പോൾ 17 എന്ന് പെൺകുട്ടി പറഞ്ഞതിന് പിന്നാലെയാണ് അധികൃതർ പൊലീസിൽ വിവരം അറിയിച്ചത്. ആശുപത്രി അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,
പീഡനക്കേസില്‍ ഒളിവിലുളള റാപ്പര്‍ വേടന്റെ കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു. ശനിയാഴ്ച ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിയത്.പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. അതേസമയം, മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു.
അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്തു ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്.
ഏതോ ഒരാള്‍ വായപൊത്തി, കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഒരു പന്ത്രണ്ടുവയസ്സുകാരിക്ക് എന്തുചെയ്യാനാവും?
എന്തും ചെയ്യാനാവുമെന്ന് അവള്‍ കാണിച്ചുകൊടുത്തു. ശക്തമായി പ്രതിരോധിച്ച്, കുതറി ഓടിരക്ഷപ്പെട്ട അവള്‍ക്ക് അതിനു ധൈര്യംപകര്‍ന്നത് സ്‌കൂളില്‍നിന്നുകിട്ടിയ കരാട്ടെ പരിശീലനം. തിരൂരങ്ങാടിയിലെ ആ കൊച്ചുമിടുക്കിയാണ് ഇന്ന് കേരളത്തിന്റെ നായിക.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. സ്‌കൂളില്‍ പോകുംവഴി ഒരു ഇതരസംസ്ഥാനത്തൊഴിലാളി ആ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. റോഡില്‍വെച്ച് അയാള്‍ അവളുടെ വായപൊത്തി. കൈകള്‍ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാന്‍ നോക്കി. എന്നാല്‍, അയാള്‍ക്കതിന് പറ്റിയില്ല. സ്‌കൂളില്‍വെച്ച് പരിശീലിച്ച കരാട്ടെ അവള്‍ ഒട്ടും പതറാതെ പ്രതിരോധിച്ചു. കുതറിയോടി, സമീപത്തെ ഹോട്ടല്‍ ജീവനക്കാരായ വനിതകളുടെ അടുത്തേക്കെത്തി. അവരാണ് കുട്ടിയെ ആശ്വസിപ്പിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.
രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇതരസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വാടകക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് അന്വേഷണംനടത്തി. നാട്ടുകാരുടെ സഹായത്തോടെ പ്രതി അയിനുല്‍ അലിയെ അറസ്റ്റുചെയ്തു. പോക്സോ പ്രകാരം കേസെടുത്തതായി തിരൂരങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ ബി. പ്രദീപ് കുമാര്‍ അറിയിച്ചു.
അതിക്രമങ്ങളും പീഡനശ്രമങ്ങളും മനുഷ്യരെ ഭയപ്പെടുത്തുന്നകാലത്ത് ഈ പന്ത്രണ്ടുകാരി പഠിപ്പിക്കുന്നത് ഒരു ആശ്വാസപാഠം. അവള്‍ക്ക് രക്ഷപ്പെടാന്‍ തുണയായത് കരാട്ടെ പരിശീലനത്തിലൂടെ ലഭിച്ച ധൈര്യവും ആത്മവിശ്വാസവുമാണെന്ന് പോലീസും അധ്യാപകരും പറയുന്നു.
ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ലെന്ന സൂചന നല്‍കി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുപിഐ ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് ചെലവ് വരുന്നുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരുമെന്നും അദ്ദേഹം ബുധനാഴ്ച സൂചിപ്പിച്ചു.
യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കിൽ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സാങ്കേതിക വിദ്യയായ യുപിഐ ആഗോളതലത്തില്‍ വിസയെ മറികടന്ന് മുന്‍നിരയിലെത്തിയതായാണ് ഐഎംഎഫിന്റെ ഈയടുത്തുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 85 ശതമാനവും ആഗോളതലത്തില്‍ ഏകദേശം 60 ശതമാനവും ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ നടക്കുന്നത് യുപിഐ വഴിയാണ്. ഇന്ത്യയില്‍ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 ജൂണില്‍ മാത്രം 18.39 ബില്യണ്‍ (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം നടത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേ മാസം 13.88 ബില്യണ്‍ ഇടപാടുകളായിരുന്നു നടന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം കൂടുതലാണ് ഇത്തവണ. യുപിഐ സൗജന്യ മാതൃകയില്‍ മാറ്റംവന്നേക്കാമെന്ന സൂചനകള്‍ക്കിടയിലാണ് മല്‍ഹോത്രയുടെ ഈ പരാമര്‍ശങ്ങള്‍. യുപിഐ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പെയ്‌മെന്റ് അഗ്രഗേറ്റര്‍മാര്‍ക്ക് (പിഎ) പ്രോസസിങ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി ഐസിഐസിഐ ബാങ്ക് മുന്നോട്ടുവന്നിട്ടുണ്ട്.
ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
2025 സെപ്റ്റംബര്‍ 22 നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ ഭീകരവാദികളില്‍ നിന്നോ സാമൂഹിക വിരുദ്ധരില്‍ നിന്നോ ആക്രമണം ഉണ്ടാകാന്‍ ഇടയുണ്ട് എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങള്‍, എയര്‍ സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്ളൈയിങ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
പാകിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബി.സി.എ.എസിന്റെ നിര്‍ദേശമെന്ന് ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക പൊലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്റലിജന്‍സ് ബ്യൂറോ, മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോസ്ഥരോട് ബി.സി.എ.എസ് നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദര്‍ശകരുടെയും തിരിച്ചറിയല്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കണമെന്നും എല്ലാ സിസി ടിവി സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും അവ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സുരക്ഷാ ഏജന്‍സി ആവശ്യപ്പെട്ടു.
സംസ്ഥാന പൊലീസ്, വിമാനത്താവളങ്ങള്‍, എയര്‍ ലൈനുകള്‍ എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്കെല്ലാം ഈ നിര്‍ദേശം ഒരുപോലെ ബാധകമാണ്.
വാണിജ്യ വിമാനങ്ങളില്‍ കയറ്റുന്നതിന് മുമ്പ് എല്ലാ കാര്‍ഗോകളും തപാലുകളും കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. ലക്ഷ്യസ്ഥാനം പരിഗണിക്കാതെ എല്ലാ വിമാനത്താവളങ്ങളിലും പാഴ്സലുകള്‍ക്ക് കര്‍ശനമായ സ്‌ക്രീനിങ് നിര്‍ബന്ധമാണെന്നും സുരക്ഷാ ഏജന്‍സിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയില്‍ നടി ശ്വേതാ മേനോനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഐടി നിയമത്തിലെ 67(a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. അനാശാസ്യ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശ പ്രകാരാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം.
പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയാണ് പരാതി നല്‍കിയത്. ശ്വേതാ മേനോന്‍ നേരത്തെ അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം അശ്ലീല രംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സെന്‍സര്‍ ചെയ്ത് ഇറങ്ങിയ രതിനിര്‍വേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ട നിരയാണ് പരാതിയിലുള്ളത്.
മലയാള സിനിമയിലെ താര സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ മത്സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തു വന്നതില്‍ ദുരൂഹതയുണ്ടെന്ന സംശയവും ഏറുന്നുണ്ട്.