Latest News

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവിൽ കടുവയെ പോലെ തോന്നിയ അജ്ഞാത ജീവിയെ കണ്ടതായി ജോലിക്കെത്തിയവർ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലത്തെത്തി. കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ 35 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിലാണ് സംഭവം നടന്നത്. ജോലിക്കാർ കിണറിനകത്ത് നിന്ന് വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ വാലുള്‍പ്പെടെ പിൻഭാഗം മാത്രം കാണപ്പെട്ടതായും ജീവി ഗുഹയിലേക്ക് കയറിപ്പോയതായും അവർ പറഞ്ഞു.

വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ഡിഎഫ്ഒ ആഷിഖ് അലി, താമരശ്ശേരി റെയ്ഞ്ച് ഓഫീസർ പ്രേം ഷമീർ എന്നിവരുള്‍പ്പെട്ട സംഘം സ്ഥലത്ത് പരിശോധന നടത്തി. മൂന്ന് തവണ ക്യാമറ ഇറക്കിയെങ്കിലും ജീവിയെ കണ്ടെത്താൻ സാധിച്ചില്ല. കിണറിനുള്ളിൽ ഗുഹയുള്ളതിനാൽ അതിനകത്ത് ജീവി ഒളിച്ചിരിക്കാമെന്ന സംശയം ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കിണറിനകത്ത് പ്രത്യേക ക്യാമറയും മുകളിൽ സുരക്ഷാ നെറ്റും സ്ഥാപിച്ചു. ജീവിയുടെ സ്വഭാവം തിരിച്ചറിയാൻ ക്യാമറ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രധാന പ്രതികളിൽ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തതായി സൂചന. ഇന്ന് രാവിലെയാണ് പോലീസ്  അദ്ദേഹത്തെ വീട്ടിൽ നിന്ന്  അറസ്റ്റ് ചെയ്തത് . ഇപ്പോൾ  അയാളെ രഹസ്യ കേന്ദ്രത്തിൽ  ചോദ്യം  ചെയ്യുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നു . അറസ്റ്റ് രേഖപ്പെടുത്തിയോയെന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദേവസ്വം വിജിലൻസ് മുമ്പ് പോറ്റിയെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിലാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റിയുടെ കൈവശം എത്ര സ്വർണ്ണമാണ് എത്തിയതെന്നും മറ്റുള്ളവർക്ക് എത്ര പങ്ക് ലഭിച്ചുവെന്നുമൊക്കെ ചോദ്യം ചെയ്യലിലൂടെ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. ചോദ്യം ചെയ്യൽ തിരുവനന്തപുരം അല്ലെങ്കിൽ പത്തനംതിട്ടയിലായിരിക്കാമെന്നാണ് വിവരം.

അതേസമയം  കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെ നേരത്തെ തന്നെ നടപടി നേരിട്ടിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകൾക്കും അവസാനമുണ്ടാകണമെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടു. 1998 മുതൽ ബോർഡ് എടുത്ത എല്ലാ തീരുമാനങ്ങളും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തിൽ സർക്കാരിന്‍റെ സമവായ നിർദേശം ക്രൈസ്തവ സഭകൾ തള്ളി. എൻഎസ്എസിന് അനുകൂലമായ വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന സർക്കാരിന്‍റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് സഭകളുടെ എക്യുമെനിക്കൽ യോഗം വ്യക്തമാക്കി. കോടതി വഴിയല്ല, സർക്കാർ തന്നെ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രശ്നപരിഹാരത്തിനായി സർക്കാർ സമവായ തീരുമാനമെടുത്തത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ച ശേഷം മാത്രമേ നടപടി സ്വീകരിക്കാനാകൂ എന്നതാണ് സർക്കാരിന്‍റെ നിലപാട്. ഇതിനെ തുടർന്നാണ് കെസിബിസി ആദ്യം തീരുമാനം സ്വാഗതം ചെയ്തത്. പാലാ ബിഷപ്പ് ഹൗസിൽ ചേർന്ന എക്യുമിനിക്കൽ യോഗം മാത്രമല്ല, ഓർത്തഡോക്സ്, മാർത്തോമ, യാക്കോബായ, സിറോ മലങ്കര, ക്നാനായ, സിഎസ്ഐ, കൽദായ സഭകളുടെ പ്രതിനിധികളും ഇതിൽ പങ്കെടുത്തു.

സർക്കാരിന്റെ സുപ്രീംകോടതി നീക്കം വിധി ലഭിക്കുന്നതുവരെ നീണ്ടുനിൽക്കുന്ന നിയമപ്രക്രിയയാകും എന്നതിനാൽ അത് പ്രശ്നപരിഹാരമാകില്ലെന്നാണ് സഭകളുടെ വാദം. സഭകളുടെ പുതിയ നിലപാടോടെ പ്രശ്നം വീണ്ടും സങ്കീർണമായിരിക്കുകയാണ് . എൻഎസ്എസിന് പിന്നാലെ ക്രൈസ്തവ സഭകളെയും അനുനയിപ്പിക്കാമെന്ന കരുതിയ സർക്കാർ ഇപ്പോൾ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്.

കേരളത്തില്‍ തുലാവര്‍ഷം ഔദ്യോഗികമായി തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വരെ പെയ്തിരുന്നത് തുലാവര്‍ഷത്തിന് മുമ്പുള്ള മഴയായിരുന്നുവെന്നും ഇനി സംസ്ഥാനത്താകെ ശക്തമായ മഴ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റും രൂപപ്പെട്ടതിനാല്‍ മഴയുടെ തീവ്രത കൂടി വരാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തിരുവനന്തപുരം മുതല്‍ വയനാട് വരെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്കായി ഓറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്. നാളെയും ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്കന്‍ കേരളത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായി മഴ ലഭിച്ചതെങ്കിൽ ഇനി സംസ്ഥാനത്താകെ വ്യാപകമായ മഴ പ്രതീക്ഷിക്കാം.

തുലാവര്‍ഷ മഴയോടൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തുറസായ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുകയും വേണമെന്ന് നിര്‍ദ്ദേശമുണ്ട്. ഒക്ടോബര്‍ 18 വരെ സംസ്ഥാനത്ത് സജീവമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം.

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചെന്നും, പുറത്താക്കി എന്ന് പറഞ്ഞ് ചിലർ പടക്കം പൊട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ആ ആഘോഷങ്ങളിൽ സജി ചെറിയാനും പങ്കാളിയായിരുന്നുവെന്ന് സുധാകരൻ ആരോപിച്ചു. സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും, “പാർട്ടിയാണ് എന്നെ കുറിച്ച് നല്ലത് പറയേണ്ടത്, വ്യക്തികളല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സജി ചെറിയാന്റെ കൂട്ടുകാരാണ് തന്നെ ബിജെപിയിലേക്ക് വിടാൻ ശ്രമിച്ചതെന്നും ജി സുധാകരൻ ആരോപിച്ചു. “തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. തന്നോട് ഏറ്റുമുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല, അത് നല്ലതിനല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. “പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താനൊരു പാർട്ടിവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ വന്ന പരാതികൾക്ക് പിന്നിൽ സജി ചെറിയാനാണ് എന്നും അദ്ദേഹം പറഞ്ഞു . “സജി ചെറിയാൻ അറിയാതെ പരാതി പോകുമോ? പാർട്ടിക്ക് യോജിക്കാത്ത പ്രസ്താവനകൾ പലതും നടത്തിയിട്ടും സജിക്കെതിരെ നടപടി ഉണ്ടായിട്ടില്ല. എനിക്കു ഉപദേശം നൽകാൻ അദ്ദേഹത്തിന് അർഹതയില്ല; അതിനുള്ള പ്രായമോ യോഗ്യതയോ ഇല്ല,” എന്നും ജി സുധാകരൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു.

ചെന്നൈ: തമിഴ്നാട് സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിരോധിക്കാൻ നിയമസഭയിൽ സുപ്രധാന ബിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഇതിന്റെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചൊവ്വാഴ്ച രാത്രി അടിയന്തിര യോഗം നടന്നതായി റിപ്പോർട്ടുകളുണ്ട്. പുതിയ ബിൽ സംസ്ഥാനത്തുടനീളം ഹിന്ദി ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ നിയമം ഭരണഘടനയ്ക്ക് അനുസൃതമായിരിക്കുമെന്നും, ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ മാത്രമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും പറഞ്ഞു. എന്നാൽ ബിജെപി നേതാവ് വിനോജ് സെൽവം സർക്കാർ നടത്തുന്ന നീക്കം വിഡ്ഢിത്തം നിറഞ്ഞതായും, ഭാഷയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നുമാണ് അഭിപ്രായപ്പെടുന്നത്. ഹിന്ദി നിരോധനത്തെ ഡിഎംകെ ശ്രദ്ധ തിരിക്കുന്ന ഉപായമായി ഉപയോഗിക്കുന്നതായി അദ്ദേഹം വിമർശിച്ചു.

2025–26 സംസ്ഥാന ബജറ്റ് ലോഗോയിൽ ദേശീയ രൂപ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ ഉപയോഗിച്ചിരുന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ബിജെപി നേതാക്കളും ഇതിനെ വിമർശിച്ചെങ്കിലും, ഡിഎംകെ വാദിക്കുന്നത് ദേശീയ ചിഹ്നത്തെ നിരാകരിക്കുന്നതല്ല, മറിച്ച് തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന ശ്രമമാണെന്നും.

പ്രണയത്തിന്റെ വേറിട്ട ഭാവങ്ങളുമായി ശ്രദ്ധ നേടി മുന്നേറുകയാണ് കണ്ണാള് മ്യൂസിക് വിഡിയോ. മനസ്സ് നിറയ്ക്കുന്ന ദൃശ്യങ്ങളും ഉള്ളു തൊടുന്ന സംഗീതവുമെല്ലാം പ്രേക്ഷകരിൽ ഒരു പുത്തൻ അനുഭവമാണ് പകരുന്നത്. യുവ സംഗീത സംവിധായകനായ അനന്തു ശാന്തജൻ സംഗീതം,രചന,ആലാപനം എന്നിവ നിർവ്വഹിച്ചു.

നവമി.ആർ.ഗോപൻ നൃത്ത സംവിധാനവും അഭിനയവും നിർവ്വഹിച്ച ഗാനം യൂട്യൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ജിതിൻ ഈപ്പൻ ചാക്കോ (ആലീസിയ 2.0,മുളക്കുഴ )പ്രോഗ്രാമിങ്, റെക്കോർഡിങ്, മിക്സിങ് എന്നിവ നിർവ്വഹിച്ചിരിക്കുന്നു. ശശി കുന്നിട ഓടക്കുഴൽ വായിച്ചിരിക്കുന്നു. അഭിജിത് കൃഷ്ണൻ ഒരുക്കിയ ദൃശ്യങ്ങൾ എഡിറ്റ്‌ ചെയ്തത് റാഹിൽ രവീന്ദ്രൻ ആണ്.

പള്ളുരുത്തിയിലെ സെൻറ് റീത്താസ് പബ്ലിക് സ്കൂൾ ഹിജാബ് വിവാദത്തെ തുടർന്ന് രണ്ട് ദിവസത്തെ അവധിക്കുശേഷം വീണ്ടും തുറന്നു. പരാതി ഉയർത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനി ഇന്ന് സ്കൂളിൽ എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് അവധി എടുത്തതെന്ന് രക്ഷിതാക്കൾ അറിയിച്ചു. സ്കൂളിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ കുട്ടി ഇവിടെ പഠനം തുടരുമെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് വ്യക്തമാക്കിയതായി എം.പി. ഹൈബി ഈഡൻ പറഞ്ഞു. ഹൈബി ഈഡൻ എം.പി.യും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മധ്യസ്ഥത വഹിച്ച ചർച്ചയ്ക്കുശേഷമാണ് രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റും തമ്മിൽ ധാരണയിലെത്തിയത്.

ഹിജാബ് വിഷയത്തെ ചുറ്റിപ്പറ്റി ചില വർഗീയശക്തികൾ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ഹൈബി ഈഡൻ എം.പി. ആരോപിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും, സ്കൂൾ നിർദേശിച്ച യൂണിഫോം പാലിക്കുമെന്നുമാണ് രക്ഷിതാവിന്റെ നിലപാട്. സ്കൂളിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുക തന്നെയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നതും നേതാക്കൾ വ്യക്തമാക്കി. വിദ്യാർത്ഥിനിയെ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ കയറ്റാതിരുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

മഹാരാഷ്ട്രയിൽ ഈ വർഷം പെയ്ത കനത്തമഴ ഉള്ളികൃഷിയെ വൻതോതിൽ ബാധിച്ചു. സംസ്ഥാനത്ത് 80 ശതമാനത്തിലധികം ഉള്ളികൃഷി നശിച്ചതോടെ അടുത്ത മാസങ്ങളിൽ ഉള്ളിക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയുണ്ട്. കനത്ത മഴയും വെള്ളക്കെട്ടും കൃഷിയിടങ്ങൾ തകർത്തതോടെ വിപണിയിൽ ഉള്ളിവില ഉയരാനാണ് സാധ്യത. കർഷകരോട് ഉടൻ കൃഷിയിറക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നഷ്ടത്തിൽ പെട്ട കർഷകർ അതിന് തയ്യാറല്ല.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ക്വിന്റലിന് 4,000 മുതൽ 5,000 രൂപവരെ വില ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ മികച്ച ഗുണമേന്മയുള്ള ഉള്ളിക്ക് പോലും 900 രൂപ മാത്രമാണ് ലഭിക്കുന്നത്. കിലോയ്ക്ക് എട്ട് രൂപ പോലും ലഭിക്കാത്ത സാഹചര്യം കർഷകരെ വല്ലാതെ നിരാശരാക്കുന്നു. കൃഷിയിറക്കാനുള്ള ചെലവ് കൂടുതലായതിനാൽ പുതിയ കൃഷിയിറക്കാൻ ധൈര്യമില്ലെന്നും, തുടര്‍ച്ചയായി പെയ്ത മഴയാണ് കർഷകരുടെ എല്ലാ പരിശ്രമങ്ങളും നശിപ്പിച്ചതെന്നും അവർ പറയുന്നു.

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലേക്കുള്ള അധികവും ഉള്ളിയെത്തുന്നത് മഹാരാഷ്ട്രയിലെ നാസിക് മേഖലയിലാണ് നിന്നാണ് . ഇവിടെ മാത്രം അഞ്ചുലക്ഷത്തിലധികം ഏക്കർ ഉള്ളികൃഷി നശിച്ചുവെന്നാണ് സർക്കാർ കണക്ക്. ഇതോടെ രണ്ട് ലക്ഷത്തിലധികം കർഷകർ പ്രതിസന്ധിയിലായി. കൃഷിനാശം മൂലം മഹാരാഷ്ട്രയ്ക്കൊപ്പം കേരളത്തെയും മറ്റുപല സംസ്ഥാനങ്ങളെയും ഉള്ളിക്ഷാമം ബാധിക്കാനാണ് സാധ്യത. ഉടൻ കൃഷിയിറക്കണമെന്ന സർക്കാരിന്റെ നിർദ്ദേശത്തോട് കർഷകർ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ്.

പൂള്‍: പാട്ടും ആട്ടവും അരങ്ങുവാണ വേദിയില്‍ കലാമികവിന്റെ ആനന്ദരാവൊരുക്കി നീലാംബരി സീസണ്‍ 5. ജനപങ്കാളിത്തത്തിലും സംഘാടനമികവിലും അവതരണമികവിലും പുതു ചരിത്രം രചിച്ച നീലാംബരി സീസണ്‍ 5 പ്രവാസീ സമൂഹത്തിന്‌ അവിസ്‌മരണമീയ കലാ നിമിഷങ്ങളാണ്‌ സമ്മാനിച്ചത്‌. യുകെയിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഗായകരും നര്‍ത്തകരും വിസ്‌മയമൊരുക്കിയ സീസണ്‍ 5 ശനിയാഴ്‌ചയാണ്‌ നടന്നത്‌. വിമ്പോണിലെ അലന്‍ഡെയ്‌ല്‍ കമ്മ്യൂണിറ്റി സെന്ററായിരുന്നു വേദി. ഉച്ചയോടെ ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന്‌ ആളുകളാണെത്തിയത്‌.

ആരംഭിച്ച്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി കടന്നതോടെ അധികൃതര്‍ തിരക്കു നിയന്ത്രിക്കാന്‍ പാടുപെട്ടു. നിശ്ചയിച്ച സമയം അവസാനിച്ചിട്ടും കാണികള്‍ പിരിയാന്‍ തയാറാകാതെ വന്നതോടെ പരിപാടിയുടെ സമയപരിധി നീട്ടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

വിവിധ ഘട്ടങ്ങളിലായ്‌ നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുപ്പതിലധികം ഗായകരാണ്‌ നീലാംബരി വേദിയില്‍ പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്തത്‌. ഇതിനു പുറമേ മെയ്‌ വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 5ന്റെ അരങ്ങില്‍ മികവിന്റെ പകര്‍ന്നാട്ടം നടത്തി. യുകെയിലെ സ്‌റ്റേജ്‌ ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകര്‍ അവതരിപ്പിച്ച സംഗീത നിശയും ശ്രദ്ധേയമായി.

വൈകുന്നേരം അഞ്ചുമണിയോടെ നടന്ന ചടങ്ങില്‍ മനോജ്‌ മാത്രാടന്‍, ആദില്‍ ഹുസൈന്‍, സുമന്‍ എന്നിവര്‍ ചേര്‍ന്ന്‌ പരിപാടിയുടെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു.

പുതുമുഖ പ്രതിഭകള്‍ക്ക്‌ അവസരം നൽകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഓരോ വര്‍ഷവും ജനപങ്കാളിത്തമേറുന്നത്‌ തങ്ങളുടെ ഉദ്യമത്തിനു കിട്ടിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും നീലാംബരിക്കു നേതൃത്വം കൊടുക്കുന്ന മനോജ്‌ മാത്രാടന്‍ പറഞ്ഞു.

Copyright © . All rights reserved