മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥി സച്ചുവാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വഴിക്കടവ് വെള്ളക്കെട്ട് എന്ന സ്ഥലത്താണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. അഞ്ച് ആൺകുട്ടികൾ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു. വഴിയിലുണ്ടായ വൈദ്യുതി കമ്പിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികൾ പറയുന്നു.
ഇവരിൽ നാല് പേർക്കും ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സ്ഥലത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു
മുതിര്ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്മയും വിരമിച്ചതോടെ പുതിയ ടീമുമായാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനം കളിക്കുന്നത്. ശനിയാഴ്ച നായകന് ശുഭ്മാന് ഗില്ലടക്കമുള്ളവര് ഇംഗ്ലണ്ടിലെത്തി. എന്നാല് താരങ്ങളെ വരവേല്ക്കാനായി ഒരു ആരാധകന് പോലും വിമാനത്താവളത്തിലെത്തിയിരുന്നില്ലെന്നാണ് റിപ്പോര്ട്ട്.
വീഡിയോ ജേണലിസ്റ്റ് വിമല് കുമാറാണ് യുട്യൂബിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ആരാധകര്ക്കുപുറമേ മാധ്യമപ്രവര്ത്തകരും വിമാനത്താവളത്തില് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം കോലിയുൾപ്പെട്ട ടീം കഴിഞ്ഞ ബോർഡർ ഗാവസ്കർ ട്രോഫി പരമ്പര കളിക്കാനായി ഓസ്ട്രേലിയയിലെത്തിയപ്പോൾ ആരാധകർ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. ലണ്ടനിലെത്തിയ ഇന്ത്യന് താരങ്ങളുടെ വീഡിയോ ബിസിസിഐ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അഞ്ചുമത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന് ടീം ഇംഗ്ലണ്ടിലെത്തിയതായി വീഡിയോ പങ്കുവെച്ചുകൊണ്ട് ബിസിസിഐ കുറിച്ചു.
രോഹിത് ശർമ വിരമിച്ച പശ്ചാത്തലത്തിൽ ശുഭ്മാന് ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്. വിക്കറ്റ് കീപ്പര് ബാറ്റര് ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയില് മികച്ച പ്രകടനത്തിലൂടെ വിദര്ഭയെ ചാമ്പ്യന്മാരാക്കുന്നതില് നിര്ണായക പങ്കുവഹിച്ച മലയാളി താരം കരുണ് നായര് ദേശീയ ടീമില് തിരിച്ചെത്തി. ഐപിഎല് സീസണില് മിന്നും ഫോമിലുള്ള സായ് സുദര്ശനെയും ടീമില് ഉള്പ്പെടുത്തിയിട്ടുണ്ട്.
ജൂണ് 20-മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മുതിര്ന്നതാരങ്ങളായ വിരാട് കോലിയും രോഹിത് ശര്മയും വിരമിച്ച പശ്ചാത്തലത്തില് ഇന്ത്യയുടെ ബാറ്റിങ് ഓര്ഡര് എങ്ങനെയായിരിക്കുമെന്നാണ് ആരാധകര് ഉറ്റുനോക്കുന്നത്. ഓപ്പണര് റോളിലും നാലാ നമ്പറിലും ബിസിസിഐക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. കെ.എല്. രാഹുലും യശസ്വി ജയ്സ്വാളും ഓപ്പണറായി ഇറങ്ങിയേക്കുമെന്നാണ് വിവിധ റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. സായ് സുദര്ശന് വണ് ഡൗണായും നായകന് ശുഭ്മാന് ഗില് നാലാം നമ്പറിലും കളിച്ചേക്കുമെന്നാണ് വിവരം. ഇന്ത്യ എയ്ക്കായി രണ്ടാം ടെസ്റ്റില് ഓപ്പണറായി ഇറങ്ങിയ രാഹുല് സെഞ്ചുറി തികച്ചിരുന്നു.
ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ്സ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷിൻ്റെ കടയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ ഇരട്ടയാർ പഞ്ചായത്തിലെ ഒൻപതാം വാർഡ് അംഗമാണ്. ഒഡീഷ സ്വദേശികളായ സമീർ ബെഹ്റ, ലക്കി നായക് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കടയിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കട്ടപ്പന പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇറച്ചി വിൽപ്പന കടയാണിത്. രണ്ട് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലക്കി നായക് ഇന്നാണ് ഒഡിഷയിൽ നിന്ന് തിരിച്ചെത്തിയത്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
ഇന്ന് ലക്കി നായക് ഒഡിഷയിൽ നിന്ന് തിരിച്ചെത്തിയെന്ന് അറിഞ്ഞയുടനാണ് പൊലീസ് പരിശോധനക്കെത്തിയത്. രതീഷിൻ്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരാണ് സമീർ ബെഹ്റയും ലക്കി നായകും. മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിലുള്ള ശീതസമരം രാഷ്ട്രീയമായി ഏറ്റെടുത്ത് സിപിഐ. ഗവർണർക്കെതിരേ രാഷ്ട്രപതിക്ക് സിപിഐ രാജ്യസഭാനേതാവ് പി. സന്തോഷ് കുമാർ പരാതിനൽകി. എന്നാൽ, പ്രത്യക്ഷ ഏറ്റമുട്ടലിന് തത്കാലം സർക്കാർ മുതിരില്ല.
കഴിഞ്ഞദിവസത്തെ പരിപാടി മന്ത്രി പി. പ്രസാദ് ബഹിഷ്കരിച്ചതും അതിനെ പിന്തുണച്ച് എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചതും ഗവർണറുടെ നടപടിയോടുള്ള സർക്കാരിന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു. അതിനപ്പുറം വിഷയം വഷളാക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ. മുഖ്യമന്ത്രി പ്രതികരിക്കാത്തതും അതുകൊണ്ടാണ്.
എന്നാൽ, രാജ്ഭവനിലെ എല്ലാപരിപാടികളിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ ഉൾപ്പെടുത്താനാണ് ഗവർണറുടെ തീരുമാനം. മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര ആർലേക്കർ വന്നതോടെ ‘നല്ലബന്ധം’ കാത്തുസൂക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമത്തിലാണ് സർക്കാരിപ്പോൾ. കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാചരണച്ചടങ്ങ് രാജ്ഭവനിൽ നടത്താൻ തീരുമാനിച്ചതുതന്നെ ഗവർണറുമായുള്ള നല്ലബന്ധം തുടരാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായിരുന്നു.
കൃഷിമന്ത്രിയുടെ ബഹിഷ്കരണം സർക്കാർ നിലപാടാണ്. അതിനപ്പുറത്തേക്ക് ഈ പ്രശ്നത്തെ വളർത്താൻ സർക്കാർ ആലോചിക്കുന്നില്ല. അതിനാൽ, മന്ത്രിയുടെ ബഹിഷ്കരണത്തെത്തുടർന്ന് ഒരു കുറിപ്പും സർക്കാരിന്റേതായി രാജ്ഭവന് നൽകിയിട്ടില്ല.
എന്നാൽ, ഗവർണർ ഇതേ നിലപാട് ഇനിയും ആവർത്തിക്കുമെന്നാണ് സർക്കാരും കരുതുന്നത്. അതിനാൽ, രാജ്ഭവനിൽ സർക്കാർ പരിപാടി ഒഴിവാക്കാനുള്ള ജാഗ്രത സർക്കാരിനുണ്ടാകും. അടുത്തയാഴ്ച മൂന്നുപരിപാടികളാണ് രാജ്ഭവനിലുള്ളത്. ഇവ സർക്കാർ പരിപാടികളല്ല. ഈ മൂന്നിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ നിലനിർത്താനാണ് രാജ്ഭവന്റെ തീരുമാനം.
മന്ത്രി പ്രസാദിന്റെ ബഹിഷ്കരണം രാഷ്ട്രീയമായി സിപിഐക്ക് ഗുണംചെയ്തുവെന്നാണ് അവരുടെ വിലയിരുത്തൽ. അതിനാൽ, ഇത് ചർച്ചയാക്കി നിലനിർത്താനും പ്രചാരണം നടത്താനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് പരാതിനൽകിയത്. എന്നാൽ, അത്തരമൊരു പ്രചാരണരീതി സിപിഎം ഏറ്റെടുത്തിട്ടില്ല.
ഭാരതമാതാവിന്റെ പ്രതീകം ഭാരതത്തിന്റെ ദേശീയപതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ശനിയാഴ്ച ദേശീയപതാക ഉയർത്താൻ സിപിഐ തീരുമാനിച്ചു. ദേശീയപതാക ഉയർത്തി വൃക്ഷത്തൈകൾ നട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആഹ്വാനം.
രാഷ്ട്രീയക്കാരന് ആയില്ലെങ്കില് തെന്നല ബാലകൃഷ്ണ പിള്ള ഒരു ചാര്ട്ടേഡ് അക്കൗണ്ടന്റായേനെ. ബി.എസ്.സി ബിരുദ പഠനം നടത്തുമ്പോള് സിഎക്കാരനാകണം എന്നതായിരുന്നു മനസില്. എന്നാല് സംഭവിച്ചത് മറ്റൊന്നായിരുന്നു.
അങ്ങനെ രാഷ്ട്രീയത്തിലെത്തിയ അദേഹം പ്രമുഖ നേതാക്കളുടെ അടക്കം ഒട്ടേറെപ്പേരുടെ രാഷ്ട്രീയാഭിലാഷങ്ങളുടെ കണക്കുകള് സെറ്റില് ചെയ്തു. പക്ഷേ സ്വന്തം കണക്കു മാത്രം ഒരിക്കലും നോക്കിയില്ല. ഫലമോ, രാഷ്ട്രീയത്തിലെത്തുമ്പോള് സ്വന്തം പേരില് 17 ഏക്കര് ഭൂമിയുണ്ടായിരുന്ന തെന്നല രാഷ്ട്രീയത്തില് നിന്ന് സ്വയം വിരമിച്ചപ്പോള് കൈവശമുള്ളത് വെറും 11 സെന്റ് ചതുപ്പ് നിലം മാത്രം.
രണ്ട് പ്രാവശ്യം എംഎല്എ, മൂന്ന് വട്ടം രാജ്യസഭാംഗം, രണ്ട് തവണ കെപിസിസി പ്രസിഡന്റ് തുടങ്ങി വിവിധ പദവികള് വഹിച്ച മനുഷ്യനാണ് അവസാനമായപ്പോള് വെറും ‘ദരിദ്ര നാരായണന്’ ആയി മറിയത്. അതാണ് തെന്നല ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയം. ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കള്ക്ക് അനുകരിക്കാന് പോയിട്ട് ചിന്തിക്കാന് പോലും പറ്റാത്ത ‘തെന്നല രാഷ്ട്രീയം’. അതുകൊണ്ട് തന്നെ തെന്നലയിടുന്ന ഖദറിന്റെ വിശുദ്ധിയും വെണ്മയും പതിന്മടങ്ങാണ്.
2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ നേതൃത്വത്തില് 100 സീറ്റുകള് സ്വന്തമാക്കി യുഡിഎഫ് ചരിത്ര വിജയം നേടി അധികാരത്തില് വരുമ്പോള് തെന്നലയായിരുന്നു കെപിസിസി പ്രസിഡണ്ട്. പാര്ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്റെ സന്തോഷത്തില് നില്ക്കുമ്പോള് ഹൈക്കമാന്ഡ് പ്രതിനിധികള് ഇടിത്തീ പോലുള്ള ആ സന്ദേശം തെന്നലയ്ക്ക് കൈമാറി.
എഐസിസി പ്രതിനിധികളായെത്തിയ ഗുലാം നബി ആസാദും മോത്തിലാല് വോറയും ചേര്ന്ന് തെന്നല ബാലകൃഷ്ണ പിള്ളയെ തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു. എ.കെ ആന്റണി മുഖ്യമന്ത്രിയാകുമ്പോള് ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കെ. മുരളീധരന് കെപിസിസി പ്രസിഡന്റാകണമെന്നതായിരുന്നു ആവശ്യം.
തെന്നലയെ എങ്ങനെ അനുനയിപ്പിക്കുമെന്ന സന്ദേഹത്തില് നിന്ന അവരോട് രാജി എപ്പോള് വേണമെന്നാണ് തെന്നല ചോദിച്ചത്. ‘എത്രയും വേഗം’ എന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ശരിയെന്നു പറഞ്ഞ് പതിവു പോലെ കറകളഞ്ഞ ഒരു ചിരിയോടെ അവിടെ നിന്ന് ഇറങ്ങി നേരെ കെപിസിസി ഓഫീസിലെത്തി. ടൈപ്പിസ്റ്റ് ശ്രീകുമാറിനെക്കൊണ്ട് രാജിക്കത്ത് ടൈപ്പ് ചെയ്യിച്ചു. അത് ഹൈക്കമാന്ഡ് പ്രതിനിധികള്ക്ക് കൈമാറി നേരേ വീട്ടിലേക്ക് പോയി.
അടൂര് മണ്ഡലത്തെ രണ്ട് തവണ തെന്നല നിയമ സഭയില് പ്രതിനിധീകരിച്ചു. ഒരിക്കല് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം ലീഡറുടെ താല്പര്യപ്രകാരം യുവ നേതാവ് മന്ത്രിയായി. അപ്പോഴും തെന്നല പതിവ് പോലെ പ്രസന്ന വദനനായിരുന്നു.
കെ. കരുണാകരന്റെ തൃശൂരിലെ പരാജയം അടക്കം പാര്ട്ടി നിയോഗിച്ച പല അനേഷണ കമ്മിറ്റികളുടെയും അധ്യക്ഷന് അദേഹമായിരുന്നു. ലീഗില് ഒരു വിഭാഗം യുഡിഎഫ് വിട്ട സാഹചര്യത്തില് ലീഗിലെ പ്രബല വിഭാഗത്തെ ഒപ്പം നിറുത്താന് സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കാമെന്ന ആശയം ലീഡറുമായുള്ള ചര്ച്ചയില് മുന്നോട്ടു വച്ചത് തെന്നലയായിരുന്നുവെന്ന വിവരം ഇന്നും പലര്ക്കുമറിയില്ല.
കാനഡയില് നടക്കുന്ന ജി 7 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. കനേഡിയന് പ്രധാനമന്ത്രി മാര്ക്ക് കാര്ണി നേരിട്ട് ക്ഷണിച്ചതോടെയാണ് തീരുമാനം. ജൂണ് 15 മുതല് 17 വരെ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപുമായും മോഡി കൂടിക്കാഴ്ച നടത്തിയേക്കും.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം വഷളായ സാഹചര്യത്തില് അവിടെ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ലെന്ന് വാര്ത്തകളുണ്ടായിരുന്നു.
ഇതിനിടെയാണ് ജി 7 ഉച്ചകോടിയിലേക്ക് മോഡിയെ കനേഡിയന് പ്രധാനമന്ത്രി മാര്ക്ക് കാര്ണി നേരിട്ട് ക്ഷണിച്ചത്. ക്ഷണം ലഭിച്ചതില് സന്തോഷമെന്ന് മോഡി എക്സില് കുറിച്ചു.
മുന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ കാലത്താണ് കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം തകര്ന്നത്. ഖാലിസ്ഥാനി ഭീകരന് ഹര്ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യയാണ് ഉത്തരവാദിയെന്ന് ജസ്റ്റിന് ട്രൂഡോ ആരോപിച്ചതാണ് കാരണം. ട്രൂഡോയുടെ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചിട്ടും യാതൊരുവിധ തെളിവുകള് നല്കാനും ട്രൂഡോയ്ക്ക് കഴിഞ്ഞിരുന്നില്ല.
പിന്നീട് ജസ്റ്റിന് ട്രൂഡോയുടെ പിന്ഗാമി ആയി എത്തിയ മാര്ക്ക് കാര്ണി തുടക്കം മുതല് ഇന്ത്യയോട് അനുഭാവപൂര്ണമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്. വിദേശകാര്യ മന്ത്രിയായി ഇന്ത്യന് വംശജ അനിത ആനന്ദിനെ നിയമിച്ച് ഇന്ത്യയോടുള്ള തന്റെ സമീപനം കാര്ണി വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതിനിടെ ഇന്ത്യന് വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്ച്ച നടത്തിയ അനിത ആനന്ദ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനര്നിര്മിക്കാന് ആഗ്രഹിക്കുന്നുണ്ടെന്നും ആ ദിശയിലേക്ക് കാര്യങ്ങള് മെച്ചപ്പെടുത്താമെന്നും പറഞ്ഞിരുന്നു.
പ്രവാസി മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി നെല്ലിക്കാട്ടിൽ വീട്ടിൽ ഉദയകുമാർ സരസു ആണ് മരിച്ചത്. 54 വയസ്സായിരുന്നു. രാവിലെ ജോലിക്ക് പോകാൻ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നോക്കിയപ്പോൾ കിടക്കയിൽ മരിച്ചുകിടക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കളും സഹ പ്രവർത്തകരും ചേർന്ന് കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. കമ്പനി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ദീർഘ കാലമായി ഉദയകുമാർ സൗദിയിൽ പ്രവാസിയാണ്. ദമ്മാമിലുള്ള ഒരു സ്വകാര്യ കമ്പനിയുടെ ഫാക്ടറിയിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. മഞ്ജുഷയാണ് ഭാര്യ. പിതാവ്: എൻ കൃഷ്ണൻ. മാതാവ്: സരസു. മകൾ: പൊന്നു. തുടർ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര് മരിക്കാനിടയായ സംഭവത്തില് ഐപിഎല് ടീമായ റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവി(ആര്സിബി)ന്റെ മാര്ക്കറ്റിങ് മേധാവി അടക്കം നാലുപേര് അറസ്റ്റില്. ആര്സിബി മാര്ക്കറ്റിങ് മേധാവി നിഖില് സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘ഡിഎന്എ’യുടെ പ്രതിനിധി സുനില് മാത്യു എന്നിവരടക്കം നാലുപേരെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തില്വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില് ആര്സിബി മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്എ, കര്ണാടക ക്രിക്കറ്റ് അസോസിയേഷന് എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്. അതേസമയം, സംഭവത്തില് കേസെടുത്തതിന് പിന്നാലെ കര്ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികള് ഒളിവില്പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
ആര്സിബിയുടെ ഐപിഎല് കീരിടനേട്ടത്തിന്റെ ആഘോഷപരിപാടികള്ക്കിടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലുംപെട്ട് 11 പേര് മരിച്ചത്.
സംഭവത്തില് ബെംഗളൂരു പോലീസ് കമ്മിഷണര് ബി. ദയാനന്ദയുള്പ്പെടെ ഉന്നത പോലീസുദ്യോഗസ്ഥരുടെപേരില് കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണര്, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല് കമ്മിഷണര്, ഡിസിപി (സെന്ട്രല്), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്, കബ്ബണ്പാര്ക്ക് പോലീസ് ഇന്സ്പെക്ടര് എന്നിവരെ സസ്പെന്ഡ്ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരന്തത്തെപ്പറ്റി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോണ് മൈക്കിള് ഡി. കുഞ്ഞ ഏകാംഗകമ്മിഷന് അന്വേഷിക്കുമെന്നും പറഞ്ഞു.
റോയല് ചലഞ്ചേഴ്സ് ബെംഗളൂരു, കര്ണാടക ക്രിക്കറ്റ് അസോസിയേഷന്, ആഘോഷപരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്എ നെറ്റ്വര്ക്ക് എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ്ചെയ്യാന് നിര്ദേശംനല്കിയതായും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
നടന് ഷൈന് ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്പ്പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിന് പരിക്കുണ്ട്. തമിഴ്നാട്ടിലെ ധര്മപുരി ജില്ലയിലെ ഹൊഗനയ്ക്കല് വെച്ച് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.
ഷൈനിനെ ധര്മപുരിയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിൻ്റെ അമ്മയ്ക്കും പരിക്കുണ്ട്. ചികിത്സാർത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമുണ്ടായത്.
യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമെർ ഈയിടെ അവതരിപ്പിച്ച ലേബർ പാർട്ടി സർക്കാരിന്റെ പുതിയ കുടിയേറ്റ നയം സമൂഹത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. രാജ്യം ഒരു അപരിചതരുടെ ദ്വീപ് ആയി മാറുന്നു എന്ന ആപൽക്കരമായ പ്രയോഗത്തിലൂടെ വലതുപക്ഷ പാർട്ടികൾ മുന്നോട്ട് വെയ്ക്കുന്ന കുടിയേറ്റം നിയന്ത്രിക്കണം എന്ന ആശയം ആണ് പ്രധാനമന്ത്രിയുടെ പുതിയ നയത്തിന്റെ കാതൽ . ഇത് ഈ രാജ്യത്തു കുടിയേറിപ്പാർത്ത ഒട്ടനവധി പ്രവാസി ജോലിക്കാരുടെ ഭാവി ആണ് അനിശ്ചിതത്വത്തിലാക്കിയിട്ടുള്
യുകെയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ‘കൈരളി യുകെ’ പ്രവാസി സമൂഹത്തിന്റെ വളർന്നു വരുന്ന ആശങ്കകൾ ചർച്ചചെയ്യാനും ഈ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നിയമത്തിൽ കഴിയാവുന്ന ഭേദഗതികൾ വരുത്തുന്നതിന് സർക്കാരിന്റെമേൽ സമ്മർദ്ദം ചെലുത്താനുമായി ഓൺലൈൻ യോഗം സംഘടിപ്പിച്ചു
ബ്രിട്ടീഷ് മുൻ എംപി യും സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവുമായ മാർട്ടിൻ ഡേ, പ്രമുഖ അഭിഭാഷകൻ സന്ദീപ് പണിക്കർ എന്നിവർ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തെക്കുറിച്ചും ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വിശദീകരിച്ചു. പുതിയ നിയമങ്ങൾ തങ്ങളുടെ തൊഴിൽ സാധ്യതകളെയും കുടുംബ ജീവിതത്തെയും സാരമായി ബാധിക്കുമെന്ന ഭയമാണ് പലർക്കുമുള്ളത്. ഈ മാറ്റങ്ങൾ യുകെയുടെ സമ്പദ്വ്യവസ്ഥയിലും ആരോഗ്യ സംരക്ഷണ മേഖലയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കുടിയേറ്റ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.
കുടിയേറ്റ സമൂഹത്തിനിടയിൽ വർധിച്ചു വരുന്ന ഭയവും അനിശ്ചിതത്വവും ഒഴിവാക്കുന്നതിനു സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും, നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി.
യോഗത്തിൽ കൈരളി യുകെ പ്രസിഡന്റ് രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. കൈരളി യുകെ സെക്രട്ടറി നവീൻ ഹരി സ്വാഗതം പറഞ്ഞു. ലോക കേരളസഭാ അംഗം കുര്യൻ ജേക്കബ് സംസാരിച്ചു. ചർച്ചയുടെ പൂർണ്ണ രൂപം ഇവിടെ ലഭ്യമാണ് – https://youtu.be/tlS9SzPogqA