യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവർപൂളിൽ ആദ്യമായി ഒരു നൃത്തസംഗീത നിശ ഒരുങ്ങുന്നു. യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യങ്ങളും മ്യൂസിക് ബാൻഡ് അംഗങ്ങളുമായ ശ്രീ രഞ്ജിത്ത് ഗണേഷ് ( Liverpool) , ശ്രീ റോയ് മാത്യു (Manchester), ശ്രീ.ഷിബു പോൾ ( Manchester), ശ്രീ.ജിനിഷ് സുകുമാരൻ ( Manchester ) എന്നിവരാണ് ഈ വരുന്ന മെയ് 31 – ന് നടക്കുന്ന കലാ സന്ധ്യയ്ക്ക് ചുക്കാൻ പിടിക്കുന്നത്.
നോർത്ത് വെസ്റ്റിലെയും അതുപോലെതന്നെ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും ലിവർപൂളിലെ കാർഡിനൻ ഹീനൻ സ്കൂളിലെ വമ്പൻ സ്റ്റേജിലായിരിക്കും തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കുക.
മലയാളത്തിലും ബോളിവുഡിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സിനിമാ താരം ശ്രീ. ഡിസ്നി ജെയിംസ് മുഖ്യാഥിതിയായെത്തുന്ന വേദിയിൽ യുകെയിലെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അതിഥികളായെത്തും. ഈ കലാമാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തില്‍ 11 യുവതികളെ ഹോട്ടലില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് അനാശാസ്യം നടന്നിരുന്നതെന്നാണ് റിപ്പോർട്ട്.
പോലീസിന്റെ ഡാന്‍സാഫ് സംഘമാണ് വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ ‘ആര്‍ട്ടിക്കി’ല്‍ ആദ്യം പരിശോധനയ്‌ക്കെത്തിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുകളെല്ലാം പോലീസിന്റെയും ഡാന്‍സാഫിന്റെയും നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് സംശയത്തെ തുടര്‍ന്ന് വൈറ്റിലയിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
ഹോട്ടലില്‍ ലഹരി ഉപയോഗമോ ഇടപാടുകളോ നടന്നിട്ടില്ലെന്നാണ് നിലവില്‍ പോലീസ് നല്‍കുന്നവിവരം. അസി. കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിലെത്തിയിട്ടുണ്ട്. സ്പായിലുണ്ടായിരുന്നവരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
പ്രമുഖ സിനിമ സീരിയൽ നടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കേസിൽ ഒരു യുവാവിനെ ഇൻഫോപാർക്ക് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കരുമാലൂർ സ്വദേശി ശരത്ത് ഗോപാലിനെയാണ് ഇൻഫോപാർക്ക് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നതനുസരിച്ച്, പറവൂർ സ്വകാര്യ കോളേജിൽ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയായ പ്രതി സോഷ്യൽ മീഡിയയിൽ നിന്നും ഫോട്ടോകൾ ശേഖരിക്കുകയും അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ച് മോർഫ് ചെയ്യുകയും ആ മോർഫ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഫോട്ടോകൾ മോർഫ് ചെയ്യാൻ ഉപയോഗിച്ച ഒരു മൊബൈൽ ഫോൺ ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
അപ്പച്ചൻ കണ്ണഞ്ചിറ
വെയിൽസ്: വെയിൽസിലെ പന്തസാഫിൽ സ്ഥിതിചെയ്യുന്ന വിൻസൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം സംഘടിപ്പിക്കുന്നു. ആഗോളതലത്തിൽ തിരുവചന പ്രഘോഷണങ്ങളും, ധ്യാനങ്ങളും, ശുശ്രുഷകളും നയിക്കുന്ന വിൻസൻഷ്യൽ സഭാ സമൂഹത്തിലെ അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചാംകുടിയിൽ വീ സി, ഫാ. ഡെന്നി മണ്ഡപത്തിൽ വീ സി എന്നീ വൈദികരാവും ആന്തരിക സൗഖ്യധ്യാനം പന്തസാഫിൽ നയിക്കുക.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ലോകമെമ്പാടും തിരുവചനം പ്രഘോഷിക്കുകയും, ദൈവീക സാന്നിദ്ധ്യവും കൃപകളും തന്റെ ശുശ്രുഷകളിലൂടെ പകരുവാൻ കഴിഞ്ഞിട്ടുമുള്ള അഭിഷിക്ത ധ്യാന ശുശ്രുഷകൻ ബ്രദർ ജെയിംസ്‌കുട്ടി ചമ്പക്കുളം പന്തസാഫിലെ ആന്തരിക സൗഖ്യധ്യാനത്തിൽ അനുഭവ സാക്ഷ്യങ്ങളും തിരുവചനങ്ങളും പങ്കുവെക്കുന്നതാണ്.
‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3) ———-
തിരുവചന ശുശ്രുഷകളിലൂടെയും, ധ്യാനാത്മക ചിന്തകളിലൂടെയും, വിശുദ്ധ കൂദാശകളിലൂടെയും, കൗൺസിലിംഗിലൂടെയും പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നയിക്കുന്ന ധ്യാനം യേശുക്രിസ്തുവിന്റെ കരുണയും സ്നേഹവും ആഴത്തിൽ അനുഭവിക്കുന്നതിനും, ആന്തരീക രോഗശാന്തിക്കും, ആത്മീയമായ നവീകരണത്തിനും, ആദ്ധ്യാത്മിക പോഷണത്തിനും അനുഗ്രഹദായകമാവും. വിശുദ്ധ കുർബാന, ആരാധന, രോഗശാന്തി ശുശ്രുഷകൾ, ശക്തമായ തിരുവചന പ്രസംഗങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ ദിവസേന ഉണ്ടായിരിക്കും. വ്യക്തിപരമായ പ്രാർത്ഥനകൾ, കൗൺസിലിംഗ്, കുമ്പസാരം എന്നിവയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.
1852-ൽ സ്ഥാപിതമായതും ഫ്രാൻസിസ്കൻ സമൂഹത്തിന്റെ ആസ്ഥാനവുമായിരുന്ന പന്തസാഫ് ഫ്രാൻസിസ്കൻ ഫ്രിയറി 2022 ൽ വിൻസെൻഷ്യൻ സഭ ഏറ്റെടുക്കുകയായിരുന്നു. ഫ്രാൻസിസ്കൻ ഫ്രിയറി, സെന്റ് ഡേവിഡ്സ് പള്ളി. ഫ്രാൻസിസ്കൻ റിട്രീറ്റ് സെന്റർ, പാദ്രെ പിയോ ദേവാലയം, കാൽവരി ഹിൽ, റോസറി വേ എന്നിവ ഇപ്പോൾ പന്തസാഫിലെ വിൻസെൻഷ്യൻ റിട്രീറ്റ് സെന്ററിന്റെ കീഴിൽ പൂർണ്ണമായും, സജീവവുമായും പ്രവർത്തിച്ചു വരുന്നു. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഹോളിവെല്ലിൽ നിന്ന് 3 മൈൽ അകലെ സ്ഥിതി ചെയ്യുന്ന വിൻസൻഷ്യൻ ധ്യാന കേന്ദ്രം, തീർത്ഥാടനത്തിനായി തുറന്നു കൊടുത്തിരിക്കുന്ന കാൽവരി ഹിൽ, റോസറി വേ, പാദ്രെ പിയോ ദേവാലയം എന്നിവ നൂറു കണക്കിന് തീർത്ഥാടകരാണ് നിത്യേന സന്ദർശിക്കുകയും, പ്രാർത്ഥിച്ചു പോവുന്നതും.
ആത്മീയ സൗരഭ്യം നിറഞ്ഞു നിൽക്കുന്ന പന്തസാഫിലെ ഫ്രാൻസിസ്കൻ ഫ്രയറിയിലെ ശാന്തവും, മനോഹരവും, ചരിത്ര പ്രശസ്തവുമായ വിൻസൻഷ്യൽ ഡിവൈൻ റിട്രീറ്റ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന ത്രിദിന ധ്യാനം മെയ് മാസം 23, 24, 25 തീയതികളിലാവും നടത്തപ്പെടുക. മെയ് 23 ന് വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന ധ്യാനം 25 ന് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.
മനസ്സിൽ തളം കെട്ടിക്കിടക്കുന്ന ജീർണ്ണതയിൽ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും, വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമർപ്പിച്ച് ഉത്ഥിതനായ ക്രിസ്തുവിലൂടെ രോഗശാന്തി സ്പർശം അനുഭവിക്കാനും, കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ധ്യാന ശുശ്രുഷകളിലേക്കു ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
മൂന്നു ദിവസത്തെ ആന്തരിക സൗഖ്യധ്യാനത്തിൽ പങ്കുചേരുന്നവർക്ക് താമസത്തിനും ഭക്ഷണത്തിനുമായി പതിവ്പോലെ £75 മാത്രമാണ് റജിസ്‌ട്രേഷൻ ഫീസായി എടുക്കുന്നത്. സ്ഥല പരിമിതി കാരണം ആദ്യം രെജിസ്റ്റർ ചെയ്യുന്ന 80 പേർക്ക് മാത്രമേ അവസരം ഉള്ളുവെന്നതിനാൽ നേരത്തെ തന്നെ ബുക്ക് ചെയ്തു തങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുവാൻ താല്പര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 07417494277 / FANTASAPH @DIVINEUK.ORG
ഓൺലൈൻ റജിസ്‌ട്രേഷൻ:
WWW.DIVINEUK.ORG
ഫ്രാൻസിസ് മാർപാപ്പ – ലോകരാഷ്‌ട്രങ്ങളിൽ വലുപ്പത്തിൽ ഏറ്റവും ചെറുതായ വത്തിക്കാനിൻറെ തലവനും, 1.4 ബില്യൺ കത്തോലിക്കരുടെ ആത്മീയ നേതാവുമായിരുന്ന അതുല്യനായ വ്യക്തിത്വം. ലളിതമായ ജീവിതം കൊണ്ടും നൂതനമായ ആശയങ്ങൾ കൊണ്ടും ലോക ജനതയുടെയും ലോക നേതാക്കളുടെയും ഹൃദയങ്ങളിൽ ചിരകാലം കൊണ്ട് സ്ഥിരപ്രതിഷ്ഠ നേടിയ മാർപാപ്പ, ക്രൈസ്തവ സമൂഹത്തെയും ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും അതീവദുഃഖത്തിൽ ആഴ്ത്തിക്കൊണ്ടാണ് കാല യവനികയ്ക്കുള്ളിൽ മറഞ്ഞത്. മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, ഈസ്റ്റർ ദിനത്തിൽ സെൻറ് പീറ്റേഴ്സ് ബസിലിക്കക്ക് മുൻപിൽ തിങ്ങിക്കൂടിയ അനേകായിരം വിശ്വാസികൾക്ക് മാർപ്പാപ്പയ്ക്ക് മാത്രം നൽകാവുന്ന ഉർബി-എത് – ഒർബി എന്ന ആശിർവാദവും നൽകിയ ശേഷം, തിങ്കളാഴ്ച നിത്യസമ്മാനത്തിനായി യാത്രയായി.
ഓർമ്മ ഇൻെറർനാഷ്ണൽ ഏപ്രിൽ 23നു പ്രസിഡൻറ്റ് സജി സെബാസ്റ്റ്യൻറ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡൻറ്റ് പിൻറ്റോ കണ്ണമ്പള്ളി, ട്രെഷറർ റോഷൻ പ്ലാമ്മൂട്ടിൽ, ഓർമ്മ ടാലൻറ്റ് ഫോറം ചെയർമാൻ ജോസ് തോമസ്, പി ആർ ഒ മെർളിൻ അഗസ്റ്റിൻ എന്നിവർ അനുശോന പ്രസംഗം നടത്തി. ഓർമ്മ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ക്രിസ്റ്റി അബ്രാഹം ജനറൽ സെക്രട്ടറി, സാറ ഐപ്പ് ജോയിൻറ് ട്രഷറർ, ലീഗൽ സെൽ ചെയർ അറ്റോണി ജോസ് കുന്നേൽ, പബ്ലിക് റിലേഷൻസ് ചെയർ വിൻസൻറ് ഇമ്മാനുവൽ, മുൻ പ്രസിഡൻറ് ജോർജ് നടവയൽ, വൈസ് പ്രസിഡൻറ് മാർ, അനു എൽവിൻ അബുദാബി, സഞ്ജു സോൺസൺ
സിംഗപ്പൂർ, മാത്യു അലക്സാണ്ടർ യുകെ, ചെസ്സിൽ ചെറിയാൻ കുവൈറ്റ്, സാർ ജെന്റ് ബ്ലെസ്സൻ മാത്യു, അമേരിക്ക റീജൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡൻറ് ഷൈല രാജൻ, ജെയിംസ് തുണ്ടത്തിൽ ചാപ്റ്റർ പ്രസിഡൻറ് നോർത്ത് കരോളിന്, ഇന്ത്യാ റീജിയൺ പ്രസിഡൻറ് കെ ജെ ജോസഫ്, കുര്യാക്കോസ് മാണി വയലിൽ കേരള പ്രൊവിൻസ് പ്രസിഡൻറ്, ഷാജി ആറ്റുപുറം ഫിനാൻസ് ഓഫീസർ, കോട്ടയം ചാപ്റ്റർ പ്രസിഡൻറ് ഷൈനി സന്തോഷ്, ഷാർജയിൽ നിന്നും റജി തോമസ്, ലണ്ടനിൽ നിന്ന് സാം ഡേവിഡ് മാത്യു, കാനഡയിൽ നിന്ന് ഗിബ്സൺ ജേക്കബ്, തിരുവനന്തപുരത്തുനിന്ന് ഡോക്ടർ കെ ജി വിജയലക്ഷ്മി, കോഴിക്കോട് നിന്ന് ഡോക്ടർ അജിൽ അബ്ദുള്ള തുടങ്ങി ഒട്ടനവധി അംഗങ്ങൾ അനുശോചന സന്ദേശങ്ങൾ കൈമാറി.
ഈ അവസരത്തിൽ മാർപാപ്പയുടെ വിയോഗത്തിൽ ദുഃഖിതരായിരിക്കുന്ന ലോക ജനതയോട് ഒന്നുചേർന്ന് ഓർമ്മ ഇൻെറർനാഷ്ണ ൽ അതിയായ ദുഃഖവും അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നതോടൊപ്പം മാർപാപ്പയുടെ ആത്മാവിന് നിത്യശാന്തിയും നേരുന്നു.”
കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറിയായി ബെന്നി തടത്തിലിനെ തിരഞ്ഞെടുത്തു.
മുൻ എം. പി തോമസ് ചാഴികാടന്റെ പേഴ്‌സണൽ സ്റ്റാഫിൽ എം പി ഫണ്ട് പ്രോജക്ട് കോഓർഡിനേറ്റർ ആയിരുന്നു. യൂത്ത്ഫ്രണ്ട് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡണ്ട്, അതിരമ്പുഴ മണ്ഡലം പ്രസിഡണ്ട്, പ്രവാസി കേരള കോൺഗ്രസ് (സൗദി അറേബ്യ) രക്ഷാധികാരി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
റാപ്പർ വേടന്റെ പുലിപ്പല്ല് കേസില്‍ നിലപാട് മാറ്റി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പൊതു സമൂഹത്തിന്റെ വികാരം വനം വകുപ്പ് ഉദ്യോഗസ്ഥർ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വേടനെ പോലുളള ഒരു പ്രശസ്തനായ ഗായകന്റെ കേസ് കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് കൂടി സൂക്ഷ്മത വേണമായിരുന്നുവെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
‘കേസില്‍ എന്തെങ്കിലും നിയമവിരുദ്ധത നടന്നിട്ടുണ്ടോയെന്നും ധാമർമികമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. നടൻമാരായ മോഹൻലാലിനും സുരേഷ്‌ഗോപിക്കും കിട്ടിയ നീതി വേടനും ലഭിക്കും.
പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുളള ബാദ്ധ്യത വനം വകുപ്പിനുണ്ട്. കേസില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ സ്വീകരിക്കുന്നതിന് തടസമില്ല. സമൂഹത്തോട് പ്രതിബദ്ധതയുളള ഗായകനാണ്. അദ്ദേഹം നാടിന്റെ സ്വത്താണ്’- മന്ത്രി കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇടപെടലുകളുമായി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സംസാരിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി സഹകരിക്കുമെന്ന യുഎസ് പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
കശ്മീരിലെ ‘മനസ്സാക്ഷിയില്ലാത്ത’ ആക്രമണത്തിൽ അപലപിക്കേണ്ടതുണ്ടെന്ന് പാകിസ്താനെ ഓർമ്മപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി അന്വേഷണത്തിൽ സഹകരിക്കാനും ആവശ്യപ്പെട്ടു. ആണവായുധ ശേഷിയുള്ള ഇരു അയൽരാജ്യങ്ങളോടും സംഘർഷം ലഘൂകരിക്കാനും ദക്ഷിണേഷ്യയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ആക്രമണം നടത്തിയവരെയും പിന്നിൽ പ്രവർത്തിച്ചവരെയും ആസൂത്രകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മാർക്കോ റൂബിയോയുമായുള്ള സംഭാഷണത്തിന് ശേഷം ജയശങ്കർ എക്സിൽ കുറിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും അപലപിക്കുകയും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പാകിസ്താനെ പൂർണമായി വിമർശിക്കാനും അമേരിക്ക തയാറായിട്ടില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുകയും സംഘർഷം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒരു മധ്യസ്ഥ ശ്രമത്തിനാണ് അമേരിക്ക ശ്രമിക്കുന്നത്.
ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം ഉഴവൂരിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചേയായിരുന്നു അന്ത്യം. 19 വര്‍ഷം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.
മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ് ഇന്ത്യ നേടിയത്. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയായ സണ്ണി തോമസ് 1993 മുതല്‍ 2012 വരെ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു.
റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യനാണ്. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു സണ്ണി തോമസ്.
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദേഹം വിരമിച്ച ശേഷം മുഴുവന്‍ സമയ ഷൂട്ടിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഷൂട്ടിങില്‍ ഇന്ത്യ നേടിയ മെഡല്‍ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിന്റെ അധ്വാനവും അര്‍പ്പണവുമുണ്ട്.
പാല തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബര്‍ 26 നാണ് സണ്ണി തോമസ് ജനിച്ചത്. കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സില്‍ ഇംഗ്ലിഷ് അധ്യാപകനായി ചേരും മുന്‍പു തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ അധ്യാപകനായിരുന്നു.
ഭാര്യ: പ്രഫ.കെ.ജെ.ജോസമ്മ. മക്കള്‍: ജീസസ് യൂത്ത് അന്തര്‍ദേശീയ നേതാവ് മനോജ് സണ്ണി, സനില്‍ സണ്ണി, സോണിയ സണ്ണി.
പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.
പുല്ലിപ്പല്ല് കേസില്‍ കഴിഞ്ഞദിവസം വേടനെ കോടതി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് വേടനുമായി തെളിവെടുപ്പ് നടത്തിയശേഷം കോടതിയുടെ നിര്‍ദേശമനുസരിച്ച് ബുധനാഴ്ച വൈകീട്ട് തിരികെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഈ ഘട്ടത്തിലാണ് വേടന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
താന്‍ മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും ആരാധകര്‍ സമ്മാനിച്ച വസ്തു സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ പറഞ്ഞു. ഇത് യഥാര്‍ഥ പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു. കോടതി നിര്‍ദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറാണ്. മാത്രമല്ല, മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തെങ്കിലും കോടതി ഇത് തള്ളി. തുടര്‍ന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തിങ്കളാഴ്ച തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആദ്യം പിടികൂടിയത്. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇതോടെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ ആരാധകരാണ് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. ഈ ആരാധകരില്‍ രഞ്ജിത് എന്നയാളെ മാത്രമാണ് തനിക്ക് പരിചയമുള്ളതെന്നും വേടന്‍ പറഞ്ഞിരുന്നു. കേസില്‍ വേടനുമായി വനംവകുപ്പ് തെളിവെടുപ്പും നടത്തിയിരുന്നു.