ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാനഡയിലെ ലിവിങ്സ്റ്റണ് നോര്ത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയില് നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. മലയാറ്റൂര് നീലീശ്വരം സ്വദേശി ഫിന്റോ ആന്റണി (39) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് മുതല് ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണ് ഫിന്റോയെ കാണാതായത്.
കാറിനുള്ളില് നിന്നാണ് ഫിന്റോയുടെ മൃതദേഹം കണ്ടെത്തിയത്. 12 വര്ഷമായി കാനഡയില് ജോലി ചെയ്യുന്ന ഫിന്റോയെ ഏപ്രില് അഞ്ച് ശനിയാഴ്ച ലൂക്കാസ് ക്ലോസ് നോര്ത്ത് വെസ്റ്റിലെ 100 ബ്ലോക്കിലെ വീട്ടില് നിന്നുമാണ് കാണാതായത്. ഫിന്റോ ആന്റണിയെ കാണാനില്ലെന്ന് കാനഡ പൊലീസ് തന്നെയാണ് റിപ്പോര്ട്ട് ചെയ്തത്. കാണാതായ വാര്ത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളിലും നല്കിയിരുന്നു.
വാഹനത്തില് പുറത്തു പോയതിന് ശേഷം തിരികെ വന്നില്ലെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ആല്ബര്ട്ട ലൈസന്സ് പ്ലേറ്റ് സിടിആര് 9938 ഉള്ള ഒരു കറുത്ത 2024 റാം 3500 പിക്കപ്പ് ട്രക്കിലായിരുന്നു ഫിന്റോ വീട്ടില് നിന്ന് പുറപ്പെട്ടത്. ആറ് മാസമായി ഭാര്യയും രണ്ട് കുട്ടികളും ഇദ്ദേഹത്തിന് ഒപ്പം ഉണ്ട്. മൊബൈല് ഫോണ് വീട്ടില് നിന്നും ലഭിച്ചിരുന്നു. നീലീശ്വരം സ്വദേശിനി ധന്യയാണ് ഭാര്യ.
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര് റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം. കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ച തഹാവൂര് റാണയെ എന്ഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയാണ് റാണയുടെ ദക്ഷിണേന്ത്യന് ബന്ധത്തെക്കുറിച്ചും, പ്രത്യേകിച്ച് കേരളത്തിലെത്തിയത് സംബന്ധിച്ചും ഏജന്സികള് വിശദമായ അന്വേഷണം നടത്തുന്നത്. നിലവില് എന്ഐഎ ഉദ്യോഗസ്ഥര്ക്ക് പുറമേ ഐബിയും റാണയെ ചോദ്യംചെയ്യുന്നുണ്ട്.
2008-ലെ ബെംഗളൂരു സ്ഫോടനത്തിലും കേരളത്തില്നിന്ന് ഭീകരരെ റിക്രൂട്ട് ചെയ്തകേസിലും റാണയുടെ പങ്ക് വിശദമായി അന്വേഷിക്കാനാണ് ഏജന്സികളുടെ തീരുമാനം. 2008 നവംബര് 16-നാണ് തഹാവൂര് റാണ കേരളത്തിലെത്തിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില് ഭാര്യയ്ക്കൊപ്പമായിരുന്നു ഇയാളുടെ താമസം. കൊച്ചിയില് താമസിച്ചവേളയില് 13 ഫോണ്നമ്പറുകളിലാണ് റാണ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് നേരത്തേ അന്വേഷണം നടത്തിയിരുന്നെങ്കിലും ആ നമ്പറുകളെക്കുറിച്ച് കാര്യമായ വിവരങ്ങള് ലഭ്യമായിരുന്നില്ല. നിലവില് റാണ കസ്റ്റഡിയിലുള്ളതിനാല് ഈ നമ്പറുകളെക്കുറിച്ചും കേരളത്തിലെ സന്ദര്ശനത്തെക്കുറിച്ചും ചോദ്യംചെയ്യാനും വിശദമായ അന്വേഷണം നടത്താനുമാണ് ഉദ്യോഗസ്ഥര് തീരുമാനിച്ചിരിക്കുന്നത്.
2007-08 കാലഘട്ടത്തില് ഭീകരസംഘടനയായ ലഷ്കറെ തൊയിബയുടെ ദക്ഷിണേന്ത്യന് കമാന്ഡറുമായുള്ള റാണയുടെ ബന്ധം, അക്കാലത്ത് ഗള്ഫില് ഐഎസ്ഐ ചുമതലയുണ്ടായിരുന്ന പാകിസ്താന് സൈനിക ഉദ്യോഗസ്ഥനുമായുള്ള ബന്ധം എന്നിവയും അന്വേഷണപരിധിയിലുണ്ട്.
മകളുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ തര്ക്കത്തിനിടെ അച്ഛന് പെട്രോളൊഴിച്ച് തീ കൊളുത്തി. ഇദ്ദേഹവും ഭാര്യയും മകളുമുള്പ്പെടെ മൂന്നുപേര് പൊള്ളലേറ്റ് മരിച്ചു. സാരമായി പൊള്ളലേറ്റ ഇളയമകന് ചികിത്സയിലാണ്. ഇതരജാതിയില്പ്പെട്ട യുവാവിനെ മകള് പ്രണയിച്ചതിലുള്ള എതിര്പ്പാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്രീനിപുരം പുത്തന്പുരയ്ക്കല് സത്യപാലന് (56), ഭാര്യ ശ്രീജ (സീതമ്മ-48), മകള് അഞ്ജലി(26) എന്നിവരാണ് മരിച്ചത്. ശ്രീജ സംഭവസ്ഥലത്തുവെച്ചും മറ്റ് രണ്ടുപേര് കോട്ടയം മെഡിക്കല് കോളേജാശുപത്രിയിലുമാണ് മരിച്ചത്. എരുമേലിയിലെ ജൂബിലി ലൈറ്റ് ആന്ഡ് സൗണ്ട്സ് ഉടമയാണ് സത്യപാലന്.
പൊള്ളലേറ്റ മകന് അഖിലേഷ് (ഉണ്ണിക്കുട്ടന്-24) കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്. വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. വീടിനുള്ളില്നിന്നും തീ ഉയരുന്നത് കണ്ട് സമീപവാസികളാണ് ആദ്യം രക്ഷാപ്രവര്ത്തനം നടത്തിയത്. വാതില് അടച്ച നിലയിലായിരുന്നു.
അഞ്ജലിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച രാവിലെ ഒരു യുവാവ് ഇവരുടെ വീട്ടിലെത്തിയിരുന്നു. വാക്കേറ്റവും ഉണ്ടായി. ഇദ്ദേഹം പോയശേഷമാണ് വീട്ടില് വഴക്കുണ്ടായതെന്നും തുടര്ന്ന് തീ ഉയരുന്നതുകണ്ടെന്നും അയല്വാസികള് പറയുന്നു.
സമീപവാസികളും കാഞ്ഞിരപ്പള്ളിയില്നിന്നും അഗ്നിരക്ഷാസേനയും ചേര്ന്ന് തീയണച്ചെങ്കിലും വീടിന്റെ ഉള്വശവും വൈദ്യുതിവയറുകളും മേല്ക്കൂരയിലെ ഷീറ്റും കത്തിനശിച്ചു. വിദേശത്ത് നഴ്സ് ആയിരുന്ന അഞ്ജലി ഒരാഴ്ചമുമ്പാണ് നാട്ടില് എത്തിയത്.
വീട്ടില്വന്ന യുവാവിനെ വിവാഹം കഴിച്ചാല് താന് ജീവനൊടുക്കുമെന്ന് പെണ്കുട്ടിയുടെ അച്ഛന് ഭീഷണി മുഴക്കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊള്ളലേറ്റ മകനാണ് സംഭവത്തിലെ ഏക ദൃക്സാക്ഷി. ചികിത്സയിലായതിനാല് അഖിലേഷിന്റെ മൊഴിയെടുക്കാന് കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ മൊഴി എടുത്താലേ സംഭവത്തില് വ്യക്തതവരൂവെന്നും പോലീസ് പറഞ്ഞു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)
എരുമേലി കനകപ്പലത്ത് വീടിന് തീപിടിച്ച സംഭവത്തിൽ മരണം മൂന്നായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സത്യപാലന്റെയും മകൾ അഞ്ജലിയുടെയും മരണം സ്ഥിരീകരിച്ചു. സത്യപാലന്റെ ഭാര്യ സീതമ്മ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.
ശ്രീനിപുരം കോളനിക്കു സമീപം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നുണ്ട്. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായതായും തുടർന്ന് വീട്ടിനുള്ളിൽ തീ പടരുകയായിരുന്നുവെന്നുമാണ് വിവരം. തീ പടർന്നത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. കുടുംബകലഹത്തെ തുടർന്ന് സീതമ്മ വീടിന് തീയിട്ടതായാണ് പ്രാഥമിക നിഗമനം.
തീയും പുകയും ഉയരുന്നത് കണ്ടതോടെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും സീതമ്മ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളിയില് കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിലെ ‘ഫാസ്’ എന്ന സ്ഥാപനത്തില് നിന്നും കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇവരെ കാഞ്ഞിരപ്പള്ളി ജനറല് ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലില് പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടല് പ്രവർത്തിക്കുന്നതെന്നും ഹെല്ത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയില് കണ്ടെത്തിയതോടെ ഹോട്ടല് താല്ക്കാലികമായി അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നല്കി.
കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദുസമാജംവും സംയുക്തമായി വിഷു ആഘോഷങ്ങളും, അയ്യപ്പ പൂജയും സംഘടിപ്പിക്കുന്നു. ഈ വരുന്ന ഏപ്രിൽ 14 ആം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ വിഷു ആഘോഷങ്ങളും. വൈകുന്നേരം 5 മണി മുതൽ 7 മണി വരെ അയ്യപ്പ പൂജയും ആണ് ചടങ്ങുകൾ. അന്നേ ദിവസം വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ, അയ്യപ്പ പൂജ എന്നിവഉണ്ടായിരിക്കുന്നതാണ്.
വിലാസം
1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും
07973151975 / 07906130390 /07985245890 / 07507766652 /07838170203
Email: [email protected] / [email protected]
www.kentayyappatemple.org
ജോബി തോമസ്
ലണ്ടൻ: യുകെ മലയാളിയും ബേസിംഗ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും പ്രമുഖ സംരംഭകനുമായ ഡോ അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച നാലാമത് സംഗീത ആൽബം ‘പഥികൻ’ ഏപ്രിൽ 12 ശനിയാഴ്ച പ്രകാശനം ചെയ്യും . ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങിലാണ് ‘പഥികൻ’ എന്ന സംഗീത ആൽബവും പ്രകാശനം ചെയ്യുന്നത്.
കലാ സാഹിത്യ സാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് ലണ്ടൻ മലയാള സാഹിത്യവേദി നൽകിവരുന്ന പുരസ്കാരങ്ങൾക്ക് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്ന പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ മാടക്ക്വന ബാലകൃഷ്ണപിള്ള, എസ് മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനുമായ ഡോ ജെ രത്നകുമാർ എന്നിവരോടൊപ്പം യുകെയിലെ കലാ സാംസ്കാരിക സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ഡോ അജി പീറ്ററും പുരസ്കാര ജേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ 12 ശനിയാഴ്ച കോട്ടയം അർക്കാഡിയ ഹോട്ടലിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ബഹു സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ പുരസ്കാരങ്ങൾ നൽകി ജേതാക്കളെ ആദരിക്കും. തുടർന്ന് ഡോ അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച ‘പഥികൻ’എന്ന സംഗീത ആൽബത്തിന്റെ പ്രകാശന കർമ്മവും ബഹു മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിക്കും. ലണ്ടൻ മലയാളസാഹിത്യ വേദി ജനറൽ കോർഡിനേറ്റർ ശ്രീ റജി നന്തികാട്ട് പുരസ്കാര സന്ധ്യ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പ്രമുഖ സാഹിത്യകാരൻ ശ്രീ കിളിരൂർ രാധാകൃഷ്ണൻ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ ശ്രീ സി എ ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും.
ശ്രോതാക്കളുടെ മനം കവരുന്ന ശബ്ദ സൗന്ദര്യത്തിൽ അനുഗ്രഹീത ഗായകനായ കെസ്റ്റർ ആണ് ‘പഥികൻ’എന്ന സംഗീത ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റർ നിർമ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡിജോ പി വർഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിർവ്വഹിച്ചിട്ടുള്ള ഈ സംഗീത ആൽബത്തിന്റെ ക്രിയേറ്റീവ് കോർ ഡിനേറ്റർ ശ്രീ സി എ ജോസഫ് ആണ്.
ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സന്തോഷം പകരുന്നത് നേട്ടങ്ങൾ ലഭിക്കുന്ന അവസരങ്ങളിലാണ്. എന്നാൽ കഷ്ടതകളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുന്ന മനുഷ്യൻ ദൈവത്തിന്റെ തണലിൽ അഭയം പ്രാപിക്കുമ്പോൾ ലഭിക്കുന്ന മന:ശാന്തിയും സമാധാനവും അനുഭവിച്ചറിയുന്ന നിമിഷങ്ങൾക്ക് മനോഹാരിതയാർന്ന ദൃശ്യാവിഷ്കാരങ്ങൾ നൽകിയാണ് ഈ സംഗീത ആൽബം ചിത്രീകരിച്ചിരിക്കുന്നത് . നിരവധി നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവ്വഹിക്കുകയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള മികച്ച അഭിനേതാവ് കൂടിയായ ഡോ അജി പീറ്റർ തന്നെയാണ് ഈ സംഗീത ആൽബത്തിലെ ‘പഥികന് ‘ ജീവൻ നൽകി ദൃശ്യവിസ്മയം തീർത്തിട്ടുള്ളത് .
ലണ്ടൻ മലയാള സാഹിത്യവേദി ഏപ്രിൽ 12ന് സംഘടിപ്പിക്കുന്ന പുരസ്കാര സന്ധ്യ 2025 ന്റെ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയായതായി പ്രോഗ്രാം കോർഡിനേറ്റർ ശ്രീ സന്തോഷ് ഫിലിപ്പ് നന്തികാട്ട് അറിയിച്ചു.
യുകെ പാത്രിയർക്കേറ്റ് വികാരിയേറ്റിന്റെ കീഴിലുള്ള സെൻറ് ജോൺസ് ജാക്കോബേറ്റ് സിറിയക് ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ ഈ വർഷത്തെ പീഡാനുഭവ വാര ശുശ്രൂഷകൾ യുകെ പാത്രിയാർക്ക വികാരി അഭി : ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രത്യേക നിർദ്ദേശപ്രകാരം ബഹുമാനപ്പെട്ട എൽദോ തവളപ്പാറ അച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഓശാന – ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 9 – ന് പ്രാർത്ഥനയും തുടർന്ന് കുരുത്തോല ശുശ്രൂഷ, വി: കുർബാന എന്നിവ നടത്തപ്പെടും. ഉച്ചയ്ക്ക് 2 മണിക്ക് ധ്യാനവും, വിശുദ്ധ കുമ്പസാരവും നടത്തപ്പെടും. പെസഹാ – ഏപ്രിൽ 16 ബുധൻ വൈകിട്ട് 6 – ന് പ്രാർത്ഥനയോടുകൂടി ആരംഭിക്കും. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ ഏപ്രിൽ – 18 ന് രാവിലെ 9 ന് തുടങ്ങി 3 മണിക്ക് പര്യവസാനിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ദുഃഖ ശനിയാഴ്ച വാങ്ങിപ്പോയവർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന രാവിലെ 9 – ന് പ്രാർത്ഥനയോടെ ആരംഭിക്കും. ഉയർപ്പിന്റെ ശുശ്രൂഷകൾ ഏപ്രിൽ – 19-ാം ശനിയാഴ്ച വൈകിട്ട് 6 – ന് സന്ധ്യാ പ്രാർത്ഥന, 7.30 – ന് ഉയിർപ്പ് ശുശ്രൂഷ, തുടർന്ന് വിശുദ്ധ കുർബാനയും, സ്നേഹവിരുന്നോടും കൂടെ ഹാശാ ശുശ്രൂഷകൾ പര്യവസാനിക്കും. വിശ്വാസികൾ ഏവരും പ്രാർത്ഥനയോടു കൂടെ ശുശ്രൂഷയിൽ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
റവ. ഫാ . ഗീവർഗീസ് തണ്ടയത്ത് -07961785688
ബിനു വർഗീസ് – 07463248821
അനിൽ ജേക്കബ് – 07405661773
ഡാനി ജോർജ് – 07826202750
അജി കുര്യാക്കോസ് – 07535774745
മാളയ്ക്ക് സമീപം കുഴൂരില് ആറു വയസ്സുകാരനെ കൊലപ്പെടുത്തിയതിന് പ്രകൃതി വിരുദ്ധ ബന്ധത്തിന് കുട്ടി എതിര്ത്തതിനെ തുടര്ന്നെന്ന് പൊലീസ്. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്ത് പ്രതി ജോജോ എത്തുകയും, കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോള് ഇയാള് കുട്ടിയോട് മോശമായി പെരുമാറിയെന്ന് റൂറല് എസ്പി ബി കൃഷ്ണകുമാര് പറഞ്ഞു.
ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് പ്രതി കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ബലമായി കുളത്തിലേക്ക് തള്ളിയിട്ടത്. മരണം ഉറപ്പാക്കാനായി വെള്ളത്തില് മുക്കിപ്പിടിക്കുകയും ചെയ്തു. കുഴൂര് സ്വര്ണപ്പള്ളം റോഡില് മഞ്ഞളി അജീഷിന്റെ മകന് ഏബലാണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില് കണ്ടെത്തിയത്.
വൈകീട്ട് 6.45 മുതലാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയുടെ അയല്വാസി കൂടിയാണ് പ്രതിയായ ജോജോയെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാള്ക്ക് മുമ്പ് ക്രിമിനല് പശ്ചാത്തലമുണ്ടെന്നും, ബോര്സ്റ്റല് സ്കൂളില് കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കുട്ടിയെ തിരയുന്നതിനിടെ, പ്രതിയും കുട്ടിയും നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
ഇതോടെ അവസാനം പ്രതി കുട്ടിക്കൊപ്പം ഉണ്ടെന്ന് മനസ്സിലായി. തുടര്ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള് കുട്ടി കുളത്തിലുള്ളതായി ഇയാള് സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാര് തിരച്ചില് നടത്തുമ്പോള് ജോജോയും ഒപ്പം കൂടി. അന്വേഷണം വഴിതെറ്റിക്കാനും ഇയാള് ശ്രമിച്ചിരുന്നതായാണ് വിവരം.
വിഷുവിന് നാട്ടിലെത്താൻ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന മലയാളികളുടെ നിരന്തര ആവശ്യത്തിൽ അവസാന നിമിഷവും റെയില്വേ മുഖംതിരിച്ചതോടെ അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി അന്തർ സംസ്ഥാന ബസുകള്. ബംഗളൂരുവില് നിന്നുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ചു.
വെള്ളിയാഴ്ച മുതലാണ് ടിക്കറ്റ് നിരക്കില് വർദ്ധനവ്. രണ്ടാം ശനി ആയതിനാല് വെള്ളി രാത്രി തന്നെ നാട്ടിലേക്ക് തിരിക്കാനാണ് മിക്ക മലയാളികളുടെയും പദ്ധതി. ഇതോടെ വെള്ളി, ശനി, ഞായർ ദിവസങ്ങളില് ഒരുപോലെ ടിക്കറ്റ് നിരക്കില് വർദ്ധനവുണ്ട്.
ഇന്നലെ ബംഗളൂരുവില് നിന്ന് മലപ്പുറത്തേക്ക് എ.സി സ്ലീപ്പറിന് 1,100 രൂപയായിരുന്നു. 1,400 രൂപയാണ് കൂടിയ നിരക്ക്. അതേസമയം നാളെ ടിക്കറ്റ് നിരക്ക് 2,400 രൂപ വരെയായി കൂട്ടും. ബസ് പുറപ്പെടുന്ന സമയം വച്ച് നിരക്ക് വീണ്ടും വർദ്ധിപ്പിക്കും. മലപ്പുറം വഴി എട്ട് സർവീസുകളും, തിരൂർ വഴി പത്തും പെരിന്തല്മണ്ണ വഴി നാലും മഞ്ചേരി വഴി എട്ടും സർവീസുകളാണ് ഉള്ളത്. നിലമ്ബൂരിലേക്ക് രണ്ട് സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.