Latest News

സീറോമലബാർ സഭ കാര്യാലയത്തിൽ പുതിയ നിയമനങ്ങൾ. സഭയുടെ പിആർയും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായി തലശേരി അതിരൂപതാംഗമായ ഫാ. ടോം ഓലിക്കരോട്ട് നിയമിതനായി. വൈദീകർക്ക് വേണ്ടിയുള്ള കമ്മീഷന്റെ ചുമതലകൂടി അദേഹത്തിന് ഉണ്ടായിരിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പാസ്റ്ററൽ കോഓർഡിനേറ്റർ, ബിഷപ്പിന്റെ സെക്രട്ടറി, പിആർഒ എന്നീ ശുശ്രൂഷകൾ ചെയ്തുവരുമ്പോഴാണ് ഫാ. ടോം സഭാകാര്യാലയത്തിൽ നിയമിക്കപ്പെടുന്നത്. റോമിലെ സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങളിലേക്ക് പാലക്കാട് രൂപതാംഗമായ ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ നിയമിതനായി. പാലക്കാട് രൂപതയുടെ വൊക്കേഷൻ പ്രൊമോട്ടറായും മൈനർ സെമിനാരിയുടെ വൈസ് റെക്ടറായും സേവനം ചെയ്യുന്നതിനിടയിലാണ് ഫാ. ജോബിൻ സഭാകാര്യാലയത്തിൽ ശുശ്രൂഷയ്ക്കായി നിയമിക്കപ്പെടുന്നത്. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

സഭയുടെ പി.ആർ.ഓ.യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായിരുന്ന വിൻസെൻഷ്യൻ സമർപ്പിത സമൂഹാംഗം റവ.ഫാ. ആന്റണി വടക്കേകര, എൽ.ആർ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ, വൈദീകർക്കുവേണ്ടിയുള്ള കമ്മീഷൻ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി കമ്മിറ്റിയുടെ സെക്രട്ടറി എന്നീ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതാംഗം റവ.ഫാ. ജോജി കല്ലിങ്ങൽ എന്നിവർ സേവന കാലാവധി പൂർത്തിയാക്കിയതിനെ  തുടർന്നാണ് പുതിയ നിയമനങ്ങൾ. മേജർ ആർച്ച് ബിഷപ്പും ബന്ധപ്പെട്ട കമ്മീഷൻ ചെയർമാന്മാരുമാണ് പെർമെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. 2025 മെയ് പതിനഞ്ചിനാണ്‌ പുതിയ നിയമനങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

ഇന്ത്യ-പാക് അതിർത്തിയിൽ സമാധാനം പുലരുന്നു. വെടിനിർത്തൽ പ്രാബല്യത്തിലെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാരും പാകിസ്ഥാനും അറിയിച്ചു. സൗദി അറേബ്യയും അമേരിക്കയും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപനം.

“പാകിസ്ഥാൻ സൈന്യത്തിന്റെ ഓപ്പറേഷൻ ഡിജിഎംഒയും ഇന്ത്യൻ സൈനിക ഓപ്പറേഷന്റെ ഡിജിഎംഒയും തമ്മിൽ വൈകുന്നേരം 3.35ന് ചർച്ച നടത്തിയിരുന്നു. പാക് ഡിജിഎംഒ ഇന്ത്യൻ സൈനിക ഡിജിഎംഒയെ വിളിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഈ ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. പാക് വ്യോമത്താവളങ്ങൾ ആക്രമിച്ച് എട്ട് മണിക്കൂറിന് ശേഷമാണ് വെടിനിർത്തൽ ചർച്ച ആരംഭിച്ചത്. മെയ് 12ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വീണ്ടും ഇന്ത്യ-പാക് ചർച്ച നടക്കും”- വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്ത്യയുമായി വെടിനിർത്തലിന് ധാരണയായെന്ന് പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധറാണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു തയ്യാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ഇഷാഖ് ധർ ഇക്കാര്യം സ്ഥിരീകരിച്ചത്.

“പാകിസ്ഥാനും ഇന്ത്യയും ഉടനടി പ്രാബല്യത്തിൽ വരുന്ന ഒരു വെടിനിർത്തലിനായി സമ്മതിച്ചു. തങ്ങളുടെ പരമാധികാരത്തിലും പ്രദേശിക സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പാകിസ്ഥാൻ എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്!”- ഇഷാഖ് ധർ എക്സില്‍ കുറിച്ചു.

മൃഗങ്ങളുടെ ശബ്ദങ്ങള്‍ നിർമിത ബുദ്ധി (AI) ഉപയോഗിച്ച് മനുഷ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പദ്ധതിയുമായി ചൈനീസ് കമ്പനി. ബെയ്ജിംഗ് ആസ്ഥാനമായ സെര്‍ച്ച് എഞ്ചിന്‍ കമ്പനിയാണ് ഹൈ-ടെക് വിവര്‍ത്തന സംവിധാനത്തിനായി ചൈനയിലെ നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഡ്മിനിസ്‌ട്രേഷനില്‍ പേറ്റന്റ് ഫയല്‍ ചെയ്തത്. മൃഗങ്ങളുടെ ശബ്ദം, ശരീരഭാഷ, പെരുമാറ്റത്തിലെ മാറ്റങ്ങള്‍, മറ്റ് സൂചനകള്‍ എന്നിവയുള്‍പ്പെടെ ആദ്യം ശേഖരിക്കും. അതിനുശേഷം, AI-യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ വിവരങ്ങള്‍ വിശകലനം ചെയ്യുകയും അത് മനുഷ്യ ഭാഷയിലേക്ക് മാറ്റുകയും ചെയ്യും. ഈ സംവിധാനം മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ ആഴത്തിലുള്ള ആശയവിനിമയവും ധാരണയും സാധ്യമാക്കുകയും വിവിധ ജീവിവര്‍ഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ബൈഡു എന്ന കമ്പനിയാണ് AI സംവിധാനം വികസിപ്പിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. പദ്ധതി വിജയിച്ചാല്‍ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ വളര്‍ത്തു നായയുടെ കുര മനുഷ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഭാവിയില്‍ സാധിച്ചേക്കാം. പദ്ധതി നിലവില്‍ ഗവേഷണ ഘട്ടത്തിലാണെന്ന് ബൈഡു വക്താവ് പറയുന്നു. പേറ്റന്റ് അപേക്ഷ ഫയല്‍ ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു AI കമ്പനി എന്ന നിലയില്‍ വിവിധ സാഹചര്യങ്ങളില്‍ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഡിസംബറിലാണ് കമ്പനി പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഈ ആഴ്ച ആദ്യമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.

മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനസ്സിലാക്കാന്‍ ശാസ്ത്രലോകം ശ്രമിക്കുന്നത് ഇത് ആദ്യമായല്ല. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള വിവര്‍ത്തനം വാഗ്ദാനം ചെയ്യുന്ന നിരവധി ആപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ അവയില്‍ മിക്കതും മോശം റേറ്റിംഗ് ഉള്ളതും നല്ലനിലയില്‍ പ്രവര്‍ത്തിക്കാത്തതുമാണ്. 2014-ല്‍, ഒരു സ്‌കാന്‍ഡിനേവിയന്‍ ഗവേഷണ ലാബ് ‘നോ മോര്‍ വൂഫ്’ എന്ന ഉപകരണത്തിനായി 18.7 ലക്ഷം രൂപയിലധികം (22,000 ഡോളര്‍) സമാഹരിച്ചു. എന്നാല്‍, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പദ്ധതി തുടരാന്‍ കഴിയാത്തത്ര ചെലവേറിയതായി എന്നുപറഞ്ഞ് ടീം രംഗത്തെത്തിയിരുന്നു.

ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ദേഹപരിശോധനയും ഐഡി പരിശോധനയും കർശനമാക്കും.

നിലവിൽ പ്രവേശന സമയത്തും വിമാനത്താവളത്തിൽ കടന്നതിനുശേഷവുമുള്ള സുരക്ഷാ പരിശോധനകൾക്കു (സെക്യൂരിറ്റി ചെക്ക്) പുറമേ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് (എസ്എൽപിസി)’ കൂടിയാണ് ഏർപ്പെടുത്തിയത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയിൽ പരിശോധന ആരംഭിച്ചു.

ഇതു പ്രകാരം ബോർഡിങ് ഗേറ്റിനു സമീപം ഒരിക്കൽ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിൻ ബാഗും അടക്കം ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.

എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കും. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണം. സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 3 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ എത്തണമെന്ന് എയർ ഇന്ത്യ ആവശ്യപ്പെട്ടു. മറ്റു വിമാനക്കമ്പനികളും സമാനമായ‌ അഭ്യർഥന മുന്നോട്ടുവച്ചിട്ടുണ്ട്.

സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയെന്നും രാജ്യാന്തര യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുൻപും ആഭ്യന്തര യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുൻപും വിമാനത്താവളത്തില്‍ എത്തണമെന്ന് കൊച്ചി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

പാകിസ്താന്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. പാക് സൈന്യത്തിന്റെ ഒട്ടേറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ജമ്മുവിന് സമീപത്തായി നിലയുറപ്പിച്ച സൈനികരാണ് പാകിസ്താന് ഇത്തരത്തില്‍ കനത്ത തിരിച്ചടി നല്‍കിയതെന്നും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.

അതിനിടെ, ശനിയാഴ്ച രാവിലെയും പാകിസ്താന്റെ പ്രകോപനം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവില ശ്രീനഗറില്‍ സ്‌ഫോടനശബ്ദം കേട്ടതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തിയില്‍ കഴിഞ്ഞരാത്രി മുഴുവന്‍ പാകിസ്താന്‍ ഷെല്ലാക്രമണം തുടര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കുപ് വാരയില്‍ ബ്ലാക്ക്ഔട്ട് ഏര്‍പ്പെടുത്തി. രജൗരിയില്‍ പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഈ വിവരം സ്ഥിരീകരിച്ചു.

കഴിഞ്ഞദിവസങ്ങളില്‍ പാകിസ്താന്റെ നിരവധി സൈനികപോസ്റ്റുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഇന്ത്യയെ ലക്ഷ്യമിട്ടുവന്ന പാകിസ്താന്റെ അന്‍പതോളം ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടിരുന്നു.

വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് ഇന്ത്യയിലെ സൈനിക താവളങ്ങളടക്കം 36 കേന്ദ്രങ്ങളായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം. വ്യാഴാഴ്ച രാത്രി എട്ടിനും 11.30 നും ഇടയില്‍ അഞ്ഞൂറോളം ഡ്രോണുകളാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് തൊടുത്തത്.

ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 36 ഇടങ്ങളായിരുന്നു ശത്രു രാജ്യത്തിന്റെ ലക്ഷ്യമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

കരസേനയും വ്യോമസേനയും ചേര്‍ന്ന് ഈ 500 ഡ്രോണുകളെയും തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഈ ഡ്രോണുകള്‍ ആയുധങ്ങള്‍ ഘടിപ്പിച്ചവയായിരുന്നില്ല എന്നും രാജ്യത്ത് ഭീതി പരത്തുക എന്നത് മാത്രമായിരുന്നിരിക്കാം പാകിസ്ഥാന്‍ ലക്ഷ്യം വെച്ചതെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

സാധാരണക്കാരെ ഭീതിയിലാഴ്ത്തുക എന്നതിനൊപ്പം ഇന്ത്യയിലെ സൈനിക നീക്കങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്നതുകൂടി പാക് സൈന്യം ഡ്രോണുകളിലൂടെ ലക്ഷ്യം വെച്ചിരിക്കാം എന്നും സൈനിക ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് സൈന്യം പല തവണ ആക്രമണം നടത്തിയതായി വിദേശ കാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടു. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി.

പാകിസ്ഥാന്റെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ജമ്മു കാശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിലിനു സമീപം പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. രക്ഷിതാക്കള്‍ക്കും പരുക്കുണ്ട്. സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യാത്രാ വിമാനങ്ങളെ കവചമാക്കിയായിരുന്നു പാകിസ്ഥാന്റെ ആക്രമണം. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക് സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായി. കര്‍താര്‍പുര്‍ ഇടനാഴി വഴിയുള്ള സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്ന് വിക്രം മിസ്രി അറിയിച്ചു.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. ആലപ്പുഴയിൽ വളർത്തു നായയിൽ നിന്ന് പേവിഷബാധയേറ്റതിനെ തുടർന്ന് വിദ്യാർഥി മരിച്ചു. വളർത്തു നായയുടെ നഖം കൊണ്ടുള്ള പോറലേറ്റ് പേവിഷബാധയുണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലായിരുന്ന തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി സൂരജ് (17) ആണ് മരിച്ചത്.

ബന്ധുവീട്ടിൽ വച്ച് സൂരജിന് വളർത്തു നായയുടെ നഖം കൊണ്ട് പോറലേറ്റെരുന്നു. എന്നാൽ വിദ്യാർഥി വാക്സീൻ എടുത്തിരുന്നില്ല. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സൂരജിന്‍റെ മൃതദേഹം എംബാം ചെയ്ത് ബന്ധുക്കൾക്കു കൈമാറി.

സംസ്ഥാനത്ത് നാല് മാസത്തിനുള്ളിൽ നാല് കുട്ടികളുൾപ്പടെ 15 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. സംസ്ഥാനത്ത് 2021 ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേരായി മരണ സംഖ്യ ഉയർന്നു.

2023 ല്‍ 25 പേർ. 2024 ൽ 26 പേർ. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതിൽ വാക്സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്സീന്‍ എടുത്തിരുന്നില്ല. നായ കടിച്ചാൽ ആദ്യ മിനിറ്റുകൾ അത്യധികം പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്.

പാകിസ്താനില്‍ നിര്‍ണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി. നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം കൂടി ആയതോടെ പാക് സേന വലിയ സമ്മര്‍ദ്ദത്തിലാണ് പെട്ടിട്ടുള്ളത്.

ബിഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്താന് ദീര്‍ഘമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം കനക്കുന്നതിനിടെ ബിഎല്‍എ വന്‍മുന്നേറ്റം നടത്തിയിരിക്കുന്നത്. ബിഎല്‍എ വിമോചന സമരം ശക്തമാക്കിയതായാണ് വിവരം.

കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎല്‍എ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴുസൈനികരെയാണ് അവര്‍ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്‌ഫോടനത്തില്‍ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബിഎല്‍എ ക്വറ്റയില്‍ ആധിപത്യം സ്ഥാപിച്ചതായ വാര്‍ത്തയും പുറത്തുവരുന്നത്.

ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാകിസ്താന്‍ കഴിഞ്ഞ കുറച്ചുനാളുകളായി പരിശ്രമിക്കുന്നുണ്ട്. ബിഎല്‍എ പോരാളികള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയിരുന്നത്. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടിയിരുന്നില്ല.

അഗസ്റ്റീനിയൻ സന്യാസ സഭയിലെ ഒരു സാധാരണ മിഷനറിയായി ശുശ്രൂഷാ ജീവിതം ആരംഭിച്ച 69 വയസ്സുകാരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ഇന്ന് മുതൽ കത്തോലിക്കാ സഭയുടെ അമരക്കാരൻ. മിശിഹായുടെ വികാരിയും, ആഗോള കത്തോലിക്കാ സഭയുടെ തലവനും, റോമൻ കത്തോലിക്കാ രൂപതയുടെ മെത്രാപ്പോലീത്തയും, വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനുമായി അദ്ദേഹം നിയുക്തനായിരിക്കുന്നു.

അമേരിക്കയിലെ ചിക്കാഗോയിൽ ജനിച്ച്വറോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ദീർഘകാലം ലാറ്റിനമേരിക്കയിലെ പെറുവിൽ മിഷൻ പ്രവർത്തനം നടത്തി. അവിടെയുള്ള ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമൊപ്പമുള്ള അദ്ദേഹത്തിൻ്റെ ജീവിതം ആത്മീയതയ്ക്ക് പുതിയ വെളിച്ചം നൽകി. സഭയെ നയിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ഇടപെടലാണ് അദ്ദേഹത്തെ ഈ വലിയ ഉത്തരവാദിത്തത്തിലേക്ക് എത്തിച്ചത് എന്ന് നിസ്സംശയം പറയാം. അതിനാൽ തന്നെ അദ്ദേഹത്തെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ല.

1955-ൽ യു.എസ്.എയിലെ ചിക്കാഗോയിൽ ജനിച്ച പ്രീവോസ്റ്റ്, 1982-ൽ അഗസ്റ്റിനിയൻ സന്യാസ സഭയിൽ നിന്ന് വൈദികനായി അഭിഷിക്തനായി. തുടർന്ന് പെറുവിലെ ദരിദ്രരുടെ ഇടയിൽ നടത്തിയ മിഷനറി പ്രവർത്തനം അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾക്ക് ആഴം നൽകി.

പുതിയ പാപ്പ ഏത് രാജ്യക്കാരനോ ഏത് ഭാഷ സംസാരിക്കുന്ന വ്യക്തിയോ ആകട്ടെ, അദ്ദേഹത്തിന് ക്രിസ്തുവിൻ്റെ ഭാഷയിൽ സംസാരിക്കാനും, സഭയുടെ ആധികാരികമായ പഠനങ്ങളെ ഉയർത്തിപ്പിടിക്കാനും കഴിയും. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം അവിടെ തടിച്ചുകൂടിയ വിശ്വാസികളോടും ലോകമെമ്പാടുമുള്ള ജനങ്ങളോടും തൻ്റെ ആദ്യ സന്ദേശം പങ്കുവെച്ചു. ഭയമില്ലാത്ത ജീവിതം, ഐക്യം, സമാധാനം എന്നീ വാക്കുകൾ അദ്ദേഹത്തിൻ്റെ പ്രഥമ സന്ദേശത്തിൽ പ്രധാനമായി കേട്ടു.

“ഭയമില്ലാതെ, ഒന്നിച്ച്, ദൈവത്തോടും പരസ്പരവും കൈകോർത്ത്, നാം മുന്നോട്ട് പോകും. നാം ക്രിസ്തുവിൻ്റെ ശിഷ്യന്മാരാണ്, ക്രിസ്തു നമുക്ക് മുൻപേ പോകുന്നു, ലോകത്തിന് അവൻ്റെ വെളിച്ചം ആവശ്യമുണ്ട്. ദൈവത്തിലേക്കും അവൻ്റെ സ്നേഹത്തിലേക്കും എത്താൻ മനുഷ്യരാശിക്ക് അവനൊരു പാലം പോലെ ആവശ്യമാണ്. സംഭാഷണത്തിലൂടെയും കണ്ടുമുട്ടലിലൂടെയും പാലങ്ങൾ പണിയാൻ നിങ്ങൾ ഞങ്ങളെ സഹായിക്കണം, അങ്ങനെ നമുക്കെല്ലാവർക്കും എപ്പോഴും സമാധാനത്തിൽ ഒരു ജനതയായിരിക്കാൻ കഴിയും,” ലിയോ പതിനാലാമൻ മാർപ്പാപ്പ തൻ്റെ ആദ്യ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

പ്രേഷിത പ്രവർത്തനത്തിൻ്റെയും സാധാരണക്കാരോടുള്ള പ്രതിബദ്ധതയുടെയും കരുത്തുമായി കത്തോലിക്കാ സഭയുടെ അമരത്തേക്ക് എത്തുന്ന പ്രഥമ അമേരിക്കക്കാരനായ ലിയോ പതിനാലാമൻ ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിൻ്റെയും വെളിച്ചം പകരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.

കഴിഞ്ഞ നാല് ദിവസമായി പനിയും ശ്വാസ തടസവും നേരിട്ടതിനെ തുടര്‍ന്നാണ് ഇവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിക്കുന്നത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved