ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ഫിറോസ്പുരിലാണ് സംഭവം. ഹര്ജീത് സിങ് എന്നയാളാണ് മരിച്ചത്. പ്രാദേശിക ക്രിക്കറ്റ് ടൂര്ണമെന്റ് മത്സരത്തിനിടെ ബാറ്ററായ യുവാവ് സിക്സർ പറത്തിയ ശേഷം പിച്ചിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഷോട്ടിനുശേഷം പിച്ചിന്റെ മധ്യഭാഗം വരെ നടന്ന ഹർജീത് സിങ് ആദ്യം തളർന്നമട്ടിൽ ഇരിക്കുകയും പിന്നീട് ബോധരഹിതനായി വീഴുകയുമായിരുന്നു.
ഉടന് തന്നെ സഹതാരങ്ങള് അടുത്തെത്തി സിപിആര് നല്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്ന്നാണ് മരണമെന്നാണ് ലഭ്യമാകുന്ന വിവരം. അടുത്തിടെ സമാനമായ നിരവധി സംഭവങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറില് മഹാരാഷ്ട്രയില് ഒരു ക്രിക്കറ്റ് താരം ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കൊന്നുകുഴിച്ചിട്ട സംഭവത്തിൽ അയൽവാസിയുടെ നിർണായക വെളിപ്പെടുത്തൽ. പൊലീസ് കസ്റ്റഡിയിലുള്ള അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയല്വാസി ഗിരിജയുടെ വെളിപ്പെടുത്തല്. അനീഷ ആദ്യത്തെ കുഞ്ഞിന് പ്രസവിച്ചെന്ന് പറയപ്പെടുന്ന സമയത്തായിരുന്നു സംഭവം. വീടിന് പിന്നിൽ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നതും കണ്ടു എന്നാണ് ഗിരിജ പ്രതികരിച്ചത്.
ഇക്കാര്യങ്ങൾ താനാണ് നാട്ടിൽ പറഞ്ഞ് പരത്തിയതെന്ന് കാണിച്ച് അനീഷയുടെ സഹോദരൻ അനീഷ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഗിരിജ പറയുന്നു. പിന്നാലെ വെള്ളികുളങ്ങര പൊലീസ് തന്നെ വിളിപ്പിച്ചു. താനല്ല പറഞ്ഞതെന്ന് പറഞ്ഞപ്പോൾ പൊലീസ് വിട്ടയച്ചു. ഇനി ഇതുപോലെ ഉണ്ടായാൽ ഫോണിൽ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞെന്ന് അനീഷയുടെ അയൽവാസി ഗിരിജ പറയുന്നു. അനീഷ ഗർഭിണിയായ വിവരം നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് ഇത് സംഘത്തിൽ പറഞ്ഞതെന്നും ഗിരിജ പറയുന്നു. ആദ്യത്തെ കുഞ്ഞിന്റെ മരണത്തിലാണ് നിർണായക വിളപ്പെടുത്തൽ. ഗിരിജയുടെ സാക്ഷിമൊഴി റൂറൽ എസ്പി ബി കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഗിരിജയുടെ വീട്ടിൽ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്.
വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്റെ അവശിഷ്ഠങ്ങള് തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര് പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെൺസുഹൃത്തിൽ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. യുവാവിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്ന്ന് ഭവിയെയും അനീഷ എന്ന യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നവജാതശിശുക്കളിൽ ഒരു കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്കോട്ട്ലന്റ്: ഐ ഒ സി (യു കെ) – ഒ ഐ സി സി (യു കെ) സംഘടനകളുടെ ലയന ശേഷം നടന്ന ആദ്യ ഔദ്യോഗിക യൂണിറ്റ് പ്രഖ്യാപനം സ്കോട്ട്ലന്റിലെ എഡിൻബോറോയിൽ വച്ച് നടന്നു. നേരത്തെ ഒ ഐ സി സിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന സ്കോട്ട്ലാന്റ് യൂണിറ്റ് ഇന്നത്തെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐ ഒ സി യൂണിറ്റായി മാറ്റപ്പെട്ടു. കേരള ചാപ്റ്റർ മിഡ്ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും സ്കോട്ട്ലന്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.

എഡിൻബോറോയിലെ സെന്റ്. കാതെറിൻ ചർച്ച് ഹാളിൽ വച്ച് വിപുലമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങ് ഐ ഒ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷോബിൻ സാം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സ്കോട്ട്ലാന്റ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ കെ ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഐ ഒ സി യൂണിറ്റായി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം അറിയിച്ചുകൊണ്ടും ഭാരവാഹികൾക്ക് ചുമതല ഏൽപ്പിച്ചുകൊണ്ടുമുള്ള ഔദ്യോഗിക കത്ത് ഷൈനു ക്ലെയർ മാത്യൂസ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിനോടനുബന്ധിച്ചു ‘ഇന്ത്യ’ എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം രചനകളുടെ വൈവിധ്യം കൊണ്ടും മത്സരാർത്ഥികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 23 കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനദാനം ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, മിഥുൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പങ്കെടുത്ത എല്ലാവർക്കുമുള്ള സ്പെഷ്യൽ അപ്രീസിയേഷൻ സർട്ടിഫിക്കറ്റുകളും മെഡലുകളും ചടങ്ങിൽ വച്ച് നല്കപ്പെട്ടു. ഇന്ത്യയുടെ സംസ്കാരവും വൈവിദ്യങ്ങളിലെ ഏകത്വം പോലുള്ള ആശയങ്ങളുടെ മഹത്വങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിനൊപ്പം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ശ്രീ. ആര്യാടൻ ഷൗക്കത്ത് നേടിയ വലിയ വിജയം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ആഘോഷിച്ചു. അദ്ദേഹത്തിന്റെ വിജയത്തിനായി പ്രചരണ രംഗത്ത് ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബൂത്ത് – മണ്ഡല തലത്തിൽ നടത്തിയ പ്രവർത്തനങ്ങളും അതിന് ചുക്കാൻ പിടിച്ച ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, ഷിജോl മാത്യു എന്നിവരെ സഹർഷം പ്രവർത്തകർ അഭിനന്ദിച്ചു. സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും അതിന് നന്ദി അറിയിച്ചുകൊണ്ട്l ശ്രീ. ആര്യാടൻ ഷൗക്കത്ത് നൽകിയ അഭിനന്ദന സന്ദേശം എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് സ്കോട്ട്ലന്റ് യൂണിറ്റ് തയ്യാറാക്കിയ ഹ്രസ്വ വിഡിയോ സദസ്സിന് മുൻപാകെ പ്രദർശിപ്പിച്ചു.
സ്കോട്ട്ലാന്റ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ, ജനറൽ സെക്രട്ടറി സുനിൽ കെ ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി, നാഷണൽ കമ്മിറ്റി അംഗംഷോബിൻ സാം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പശ്ചിമ ബംഗാളിലെ സൗത്ത് കല്ക്കട്ട ലോ കോളേജില് വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില് പ്രതിയുടെ ഫോണില് നിന്ന് കുറ്റകൃത്യത്തിന്റെ വീഡിയോ കണ്ടെടുത്തതായി പോലീസ്. ലഭിച്ച ദൃശ്യങ്ങള് കേസില് നിര്ണായക തെളിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറഞ്ഞു.
ലൈംഗികാതിക്രമം പ്രതി ഫോണില് പകര്ത്തിയിരുന്നുവെന്ന് പെണ്കുട്ടി നല്കിയ പരാതിയില് പറഞ്ഞിരുന്നു. പ്രതി ഈ ദൃശ്യങ്ങള് മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടോ എന്ന കാര്യങ്ങള് പരിശോധിച്ചുവരികയാണെന്ന് ഒരു മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. അതേസമയം കേസ് അന്വേഷിക്കാന് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില് അഞ്ചംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
യുവതിയുമായുള്ള മല്പ്പിടിത്തത്തിനിടെ പരിക്കേറ്റ പാടുകള് ഉണ്ടോ എന്നറിയാന് മൂന്ന് പ്രതികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.
സംഭവത്തില് കോളേജിലെ സുരക്ഷാ ജീവനക്കാരനും അറസ്റ്റിലായിരുന്നു. പിനാകി ബാനര്ജി എന്ന 55-കാരനാണ് അറസ്റ്റിലായിരിക്കുന്നത്. കേസില് അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ബാനര്ജി. ചോദ്യംചെയ്യലില് ഇയാളുടെ മറുപടികള് പരസ്പരവിരുദ്ധമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് അയാള് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില് നിന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം നാലായി. മനോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് നേരത്തേ അറസ്റ്റിലായിരുന്നത്. കോടതിയില് ഹാജരാക്കിയ ഇവരെ ജൂലായ് ഒന്നുവരെ പോലീസ് കസ്റ്റഡിയില് വിട്ടു.
നഗരത്തിലെ ബാറില് ഡിജെ പാര്ട്ടിക്കിടെ സംഘര്ഷം. കൊച്ചി കതൃക്കടവ് റോഡിലെ ബാറിലാണ് സംഘര്ഷമുണ്ടായത്. സംഘര്ഷത്തില് ഒരാള്ക്ക് കുത്തേറ്റതായാണ് വിവരം. സിനിമാരംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ഡിജെ പാര്ട്ടിക്കിടെയായിരുന്നു സംഭവം.
ശനിയാഴ്ച രാത്രിയാണ് ഡിജെ പാര്ട്ടിക്കിടെ സംഘര്ഷമുണ്ടായത്. തൊടുപുഴ സ്വദേശിയായ യുവാവിനെ ഒരു യുവതിയാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര് പറയുന്നത്. മദ്യക്കുപ്പി കൊണ്ട് യുവാവിന്റെ കഴുത്തിലാണ് കുത്തിയതെന്നും പറയുന്നു. സംഭവത്തില് യുവതിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തെന്നും സ്ഥലത്തുണ്ടായിരുന്നവര് പറഞ്ഞു.
അതേസമയം, സംഭവത്തില് പോലീസ് ഇതുവരെ ഔദ്യോഗികവിശദീകരണം നല്കിയിട്ടില്ല. സംഭവത്തെത്തുടര്ന്ന് ഒട്ടേറെപേരാണ് ബാറിന് മുന്നില് തടിച്ചുകൂടിയിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവിടെയുണ്ടായിരുന്നവരെയെല്ലാം പിരിച്ചുവിട്ടു. നിലവില് രംഗം ശാന്തമാണ്. സ്ഥലത്ത് പോലീസ് കാവലുമുണ്ട്.
ഉത്തരാഖണ്ഡിലെ കുടുംബവീട്ടിലേക്ക് പോവാനായി വാടകയ്ക്കെടുത്ത ടെമ്പോയിലെ മുൻസീറ്റ് നിഷേധിച്ചതിനെ തുടർന്ന് വടക്കൻ ഡൽഹിയിലെ തിമർപൂർ മേഖലയിൽ അച്ഛനെ മകൻ വെടിവെച്ചു കൊന്നു. പ്രതി ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്ക് 26 വയസ്സുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 തിരകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം 7:30-ഓടെ തിമർപൂരിലെ എംഎസ് ബ്ലോക്കിനടുത്താണ് സംഭവം. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ വെടിയൊച്ച കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തി. നടപ്പാതയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ഒരാളേയും പ്രതിയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന നാട്ടുകാരെയും കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. സിഐഎസ്എഫിൽനിന്ന് വിരമിച്ച 60 വയസ്സുള്ള സബ് ഇൻസ്പെക്ടർ സുരേന്ദ്ര സിങ് ആണ് മരിച്ചത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുരേന്ദ്ര സിങ്ങിന്റെ ഇടതുകവിളിലാണ് മകന്റെ വെടിയേറ്റത്.
ആറുമാസം മുൻപ് സിഐഎസ്എഫിൽനിന്ന് വിരമിച്ച ശേഷം സുരേന്ദ്ര സിങ് കുടുംബസമേതം ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് താമസം മാറാൻ തയ്യാറെടുക്കുകയായിരുന്നു. ടെമ്പോ വാടകയ്ക്കെടുത്തു സാധനങ്ങൾ കയറ്റുമ്പോഴാണ് മുൻസീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി സുരേന്ദ്രയും ദീപക്കും തമ്മിൽ തർക്കമുണ്ടായത്. സാധനങ്ങൾ നിറച്ചതിനാൽ മുൻസീറ്റിൽ ഇരിക്കണമെന്ന് സുരേന്ദ്ര നിർബന്ധം പിടിച്ചപ്പോൾ ദീപക് പ്രകോപിതനാവുകയും അച്ഛന്റെ തോക്കെടുത്ത് അദ്ദേഹത്തെ വെടിവെക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
നൃത്തപഠനത്തിനെത്തിയ ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകന് 52 കൊല്ലം കഠിനതടവും 3.25 ലക്ഷം പിഴയും. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില് സുനില് കുമാറി (46)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില് മൂന്നര വര്ഷം വെറുംതടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്കണം. അധ്യാപകനായ പ്രതി യാതൊരു ദയയും അര്ഹിക്കുന്നില്ലെന്നും അധ്യാപകന് എന്ന നിലയില് കുട്ടികള് നല്കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധിന്യായത്തില് പറയുന്നു. മറ്റൊരു പന്ത്രണ്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലും സുനില്കുമാര് പ്രതിയാണ്.
2017-19 കാലത്താണ് കുട്ടി നൃത്തം പഠിക്കാന് പോയത്. ഈ സമയത്തായിരുന്നു പലവട്ടം ലൈംഗികചൂഷണം നടന്നത്. ഇതേത്തുടര്ന്ന് നൃത്തം പഠിക്കാന് പോകുന്നില്ലെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു. എന്നാല് മടിയാണെന്ന് കരുതി വീട്ടുകാര് വീണ്ടും കുട്ടിയെ ക്ലാസിന് വിട്ടു. പ്രതിയുടെ ഭീഷണിയെത്തുടര്ന്ന് കുട്ടി കാരണം പുറത്തുപറഞ്ഞിരുന്നില്ല. അനുജനെയും നൃത്തപഠനത്തിന് വിടാന് വീട്ടുകാര് ഒരുങ്ങിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് ആര്.എസ്. വിജയ് മോഹന് ഹാജരായി. പ്രോസിക്യൂഷന് പതിനേഴ് സാക്ഷികളെ വിസ്തരിക്കുകയും പതിനേഴ് രേഖകള് ഹാജരാക്കുകയും ചെയ്തു. പാങ്ങോട് പോലീസ് സ്റ്റേഷന് ഇന്സ്പെക്ടമാരായ സുനീഷ് എന്., സുരേഷ് എം.ആര്. എന്നിവരാണ് അന്വേഷണം നടത്തിയത്.
ഐഎച്ച്ആര്ഡി താല്കാലിക ഡയറക്ടറായി വി.എസ് അച്യുതാനന്ദന്റെ മകന് വി.എ അരുണ് കുമാറിനെ നിയമിച്ചതില് സ്വമേധയാ കേസ് രജിസ്റ്റര് ചെയ്ത് അന്വേഷിക്കാന് ഹൈക്കോടതി. വി.എ അരുണ് കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില് എത്തിയോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള് ബെഞ്ച് ഉത്തരവ്.
മുന് മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില് യോഗ്യത മറികടന്ന് പദവിയില് എത്തിയോ എന്ന് അന്വേഷിക്കാനാണ് കോടതി നിര്ദേശം നല്കിയിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനത്തിലാണോ അരുണ്കുമാര് ഈ പദവിയിലെത്തിയതെന്ന കാര്യത്തില് അന്വേഷണം വേണമെന്ന് ജഡ്ജിയായിട്ടുള്ള ഡി.കെ സിങ് വ്യക്തമാക്കി. തൃക്കാക്കര മോഡല് എഞ്ചിനീയറിങ് കോളജ് മുന് പ്രിന്സിപ്പലും നിലവില് കേരള ടെക്നിക്കല് യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസിന്റെ ഹര്ജിയിലാണ് കോടതി ഉത്തരവ്.
ഐഎച്ച്ആര്ഡി ഡയറക്ടര് പദവി സര്വകലാശാല വിസിക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. അരുണ് കുമാറിന് ആ യോഗ്യത ഉണ്ടോ എന്ന കാര്യത്തില് സംശയമുണ്ട്. 2018 ലെ യുജിസി മാനദണ്ഡപ്രകാരം ഏഴ് വര്ഷത്തെ അധ്യാപന പരിചയം ഈ പദവിയിലെത്താന് നിര്ബന്ധമാണ്. എന്നാല് ക്ലറിക്കല് പദവിയിലിരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്താല് സ്ഥാനക്കയറ്റം നല്കിയാണ് ഐഎച്ച്ആര്ഡി ഡയറക്ടര് പദവി നല്കിയിരിക്കുന്നതെന്നാണ് കോടതി മനസിലാക്കുന്നത്. ഇക്കാര്യം തീര്ത്തും വിചിത്രമായി തോന്നുന്നുവെന്നും കോടതി നിരീക്ഷിച്ചു.
വര്ഷങ്ങള്ക്കു മുമ്പ് ഐഎച്ച്ആര്ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്കിയതിനും എതിരേ കേസുണ്ടായിരുന്നു. നായനാര് സര്ക്കാരിന്റെ കാലത്താണ് ഐഎച്ച്ആര്ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്കുമാറിനെ നിയമിക്കുന്നത്. ഈ കേസില് പക്ഷേ അരുണ്കുമാറിനെ തിരുവനന്തപുരം പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
കാനഡയുമായി എല്ലാ വ്യാപാര കരാര് ചര്ച്ചകളും ഉടന് അവസാനിപ്പിക്കുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. അമേരിക്കന് ടെക്നോളജി കമ്പനികള്ക്ക് മേല് ഡിജിറ്റല് സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. കാനഡയുടെ നീക്കത്തില് യുഎസ് ടെക്ക് കമ്പനികള്ക്ക് 3 ബില്യണ് ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടര്ന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
“ക്ഷീരോല്പ്പന്നങ്ങള്ക്ക് വര്ഷങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന് വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള് അമേരിക്കന് ടെക്നോളജി കമ്പനികള്ക്ക് മേല് ഡിജിറ്റല് സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്നവുമായ ആക്രമണമാണ്.
സമാനമായി നികുതി ഈടാക്കുന്ന യൂറോപ്യന് യൂണിയനെ അവര് അനുകരിക്കുകയാണ്. യൂറോപ്യന് യൂണിയന് നിലവില് തങ്ങളുമായി ചര്ച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്ച്ചകളും ഞങ്ങൾ ഇതിനാല് അവസാനിപ്പിക്കുന്നു”, ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. അമേരിക്കയുമായ വ്യാപാരത്തിന് നല്കേണ്ടിവരുന്ന തീരുവ അടുത്ത ഏഴ് ദിവസത്തിനുള്ളില് കാനഡയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്ന്ന് ഡാമുകളിലെ ജല നിരപ്പ് ക്രമീകരിക്കുന്നു. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര് ഡാം എന്നിവ തുറന്നു.
രാവിലെ 10.15 ന് സ്പില്വേ ഷട്ടറുകള് ഉയര്ത്തിയാണ് ജല നിരപ്പ് നിയന്ത്രിക്കാനുള്ള നടപടികള് തുടങ്ങിയത്. സെക്കന്റില് 50 ക്യുബിക് വെള്ളമാണ് ആദ്യഘട്ടത്തില് ഒഴുക്കി വിടുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തില് പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
10.20 ഓടെയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള് തുറന്നത്. ഡാമിലെ ജലനിരപ്പ് 111.19 അടിയായി ഉയര്ന്ന പശ്ചാത്തലത്തില് ആയിരുന്നു മൂന്ന് ഷട്ടറുകള് തുറന്നത്. റൂള് കര്വ് പ്രകാരം ജലനിരപ്പ് 110.49 അടിയായി നിലനിര്ത്തേണ്ട സാഹചര്യത്തിലാണ് നടപടികള്.
ഡാമില് നിന്നും വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില് കല്പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പര് ഷോളയാര് ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ ലോവര് ഷോളയാറിലേക്കുള്ള നീരൊഴുക്ക് വര്ധിച്ചു.
അതേസമയം ഇടുക്കിയില് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് മുല്ലപ്പെരിയാര് ഡാമിലും ജല നിരപ്പ് ഉയരുകയാണ്. ഡാമിന്റെ ജലനിരപ്പ് 135 അടിയായി. 136 അടിയായാല് സ്പില് വേയിലുടെ ജലം പെരിയാറിലേക്ക് ഒഴുക്കും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ സെക്കന്റില് 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല് സെക്കന്റില് 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.