ഡിനു ഡൊമിനിക് , പി ആർ ഒ
സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള അഞ്ചാമത് T10 ക്രിക്കറ്റ് ടൂർണ്ണമെന്റ് മെയ് 25ന് നടക്കും. യുകെയിലെ കരുത്തരായ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രെജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരരംഗത്തുള്ളത്.
LGR, KCC Portsmouth, Swindon CC, Breamore Dravidian CC Salisbury, Gully Oxford, Coventry Blues, Royal Devon CC, SM 24 Fox XI തുടങ്ങിയ ടീമുകളാണ് മത്സരിക്കുക.
തുടർച്ചയായി അഞ്ചാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് റോംസിയിലെ വിശാലമായ ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡ് ഗ്രൗണ്ടിലാകും നടക്കുക. പത്ത് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ എട്ട് മണിയോടെ തന്നെ ആരംഭിക്കും. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ (Turmeric Kitchen) സംഘാടകർ ഒരുക്കുന്നുണ്ട്.
പ്രസിഡന്റ് എം പി പത്മരാജ്, സെക്രട്ടറി ജിനോയിസ് തോമസ്, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ നിഷാന്ത് സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. ടൂർണമെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കുവാൻ 07383924042 (നിഷാന്ത്) എന്ന നമ്പറിൽ ബന്ധപ്പെടുക. ടൂർണമെന്റിന്റെ മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുക്കുവാൻ BTM ഫോട്ടോഗ്രാഫി ഇത്തവണയും രംഗത്തുണ്ട്.
അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എം മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ടൂർണമെൻറ് നടക്കുന്ന സ്ഥലത്തിൻറെ അഡ്രസ്സ്:
HUNT’S FARM PLAYING FIELD,
TIMSBURY,
SO51 0NG
കൈതപ്രത്ത് ഓട്ടോറിക്ഷ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരാണ് (42) പിടിയിലായത്.
കേസിൽ രാധാകൃഷ്ണനെ വെടിവച്ചു കൊലപ്പെടുത്തിയ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. കേസിൽ മൂന്നാം പ്രതിയാണ് മിനി. സന്തോഷിന് തോക്ക് നൽകിയ സിജോ ജോസഫാണ് രണ്ടാം പ്രതി. ഇയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. സന്തോഷ് വീട്ടിൽ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി.
ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
ജമ്മു കശ്മീരിലെ പര്‍ഗവല്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തുടര്‍ച്ചയായ ആറാം ദിവസവും വെടിവെപ്പ് നടത്തി. ബാരാമുള്ളയിലും കുപ്വാരയിലും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായതായും വിവരമുണ്ട്. പാക് പ്രകോപനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി.
‘ബാരാമുള്ള, കുപ്വാര ജില്ലകളിലെ നിയന്ത്രണ രേഖയിലുള്ള അവരുടെ പോസ്റ്റുകളില്‍ നിന്നും, പര്‍ഗ്വാള്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും പാകിസ്താന്‍ സൈന്യം പ്രകോപനമില്ലാതെ നടത്തിയ ചെറുകിട ആയുധങ്ങള്‍ ഉപയോഗിച്ചുള്ള വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ഉചിതമായ മറുപടി നല്‍കി’ ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ പ്രകോപനം.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സേനകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരുന്നു.സുരക്ഷാനടപടി ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
ഇതിന് പിന്നാലെ അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടിയെടുക്കാന്‍ പദ്ധതിയിടുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്ന് പാക് മന്ത്രി പ്രസ്താവന നടത്തുകയും ചെയ്തു.
ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ യുഎസില്‍ ജീവനൊടുക്കി. കര്‍ണാടക മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന എസ്. കിക്കേരി(57)യാണ് ഭാര്യ ശ്വേത പന്യ(44)ത്തെയും 14 വയസ്സുള്ള മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. വാഷിങ്ടണ്‍ ന്യൂകാസിലിലെ വസതിയില്‍ ഏപ്രില്‍ 24-നായിരുന്നു സംഭവമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ട 14 വയസ്സുകാരനെ കൂടാതെ ദമ്പതിമാര്‍ക്ക് മറ്റൊരു മകന്‍കൂടിയുണ്ട്. എന്നാല്‍, സംഭവസമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഈ മകന്‍ സുരക്ഷിതനാണെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കൊലപാതകത്തിനും ആത്മഹത്യയ്ക്കും പ്രേരണയെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന കിക്കേരി മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ‘ഹോലോവേള്‍ഡ്’ എന്ന റോബോട്ടിക്‌സ് കമ്പനിയുടെ സിഇഒയായിരുന്നു. ഭാര്യ ശ്വേത ഇതേ കമ്പനിയുടെ സഹസ്ഥാപകയുമായിരുന്നു. നേരത്തേ യുഎസിലായിരുന്ന ഹര്‍ഷവര്‍ധനയും ഭാര്യയും 2017-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷമാണ് ‘ഹോലോവേള്‍ഡ്’ റോബോട്ടിക്‌സ് കമ്പനി സ്ഥാപിച്ചത്. എന്നാല്‍, കോവിഡ് വ്യാപനത്തിന് പിന്നാലെ 2022-ല്‍ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ ഹര്‍ഷവര്‍ധനയും കുടുംബവും യുഎസിലേക്ക് മടങ്ങുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണ്.
ഇന്ത്യൻ സൈന്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച സുരാക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി യോഗവും കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ചൊവ്വാഴ്ച വൈകുന്നേരം ഉന്നതതല യോഗം ചേർന്നത്.
യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.
മനോജ് ജോസഫ്
ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) തങ്ങളുടെ 25 വർഷത്തെ സേവന പാരമ്പര്യത്തിന്റെ തിളക്കത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് സംയുക്ത ആഘോഷങ്ങൾ ലിവർപൂളിലെ മലയാളി സമൂഹത്തിന് ആഹ്ളാദകരമായ ഒത്തുചേരലും ഓർമ്മിക്കത്തക്ക അനുഭവവുമായി. സംഘടനയുടെ കാൽനൂറ്റാണ്ടിന്റെ പ്രവർത്തനം ഈ വർഷത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പഴയ സൗഹൃദങ്ങൾ പുതുക്കാനും ലിവർപൂളിൽ പുതിയതായി എത്തിച്ചേർന്നവരെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യാനും ഈ ആഘോഷവേദി ഉപകരിച്ചു.
ലിവർപൂൾ കാർഡിനൽ കീനൻ ഹൈ സ്കൂളിൽ നടന്ന ലിമയുടെ പരിപാടികൾ സാംസ്കാരിക വൈവിധ്യവും കലാസമ്പന്നതയും കൊണ്ട് മികച്ചു നിന്നു. ഹാളിനു പുറത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വർണ്ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
ഈ വർഷത്തെ കലാപരിപാടികൾ, “ഒരുമ” എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, വിവിധങ്ങളായ കലാപ്രകടനങ്ങളുടെ മനോഹരമായ ഒരു സംഗമമായിരുന്നു. നൃത്തം, സംഗീതം തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ, തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും മുഷിവില്ലാതെ കാണികളെ കണ്ണിനും കാതിനും മനസ്സിനും ഇമ്പമുള്ള മുഹൂർത്തങ്ങൾ സമ്മാനിക്കാൻ ലിമയുടെ “ഒരുമ”യ്ക്ക് സാധിച്ചു.
കുട്ടികൾക്കായി ആകർഷകമായ പരിപാടികളും ലിമ ഉൾപ്പെടുത്തിയിരുന്നു. രാധാ-കൃഷ്ണ മത്സരം, നമ്മുടെ തനത് വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം എന്നിവ കുട്ടികളിൽ ഏറെ സന്തോഷം നിറയ്ക്കുകയും നമ്മുടെ പൈതൃകം പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്തു. രാധാ-കൃഷ്ണ വേഷത്തിൽ വന്ന കുട്ടികളെ നിറഞ്ഞ കൈയ്യടിയോടെയാണ് ഹാൾ സ്വീകരിച്ചത്. ജോയ് അഗസ്തിയും സജി മാക്കിലും ചേർന്ന് കുട്ടികൾക്ക് വിഷുകൈനീട്ടം നൽകി.
ലിവർപൂൾ ലോർഡ് മേയർ റിച്ചാർഡ് കേമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റർ, വിഷു, ഈദ് എന്നീ മൂന്ന് പ്രധാന ആഘോഷങ്ങളെ ഒരുമിപ്പിച്ച് ഇത്രയും ഭംഗിയായും ചിട്ടയായും വിജയകരമായും സംഘടിപ്പിച്ച ലിമയുടെ പ്രവർത്തനങ്ങളെ ലോർഡ് മേയർ റിച്ചാർഡ് ചാൾസ് കെമ്പ് മുക്തകണ്ഠം പ്രശംസിച്ചു. മലയാളികൾ നല്ലൊരു സമൂഹമായി ഈ നാടിന്റെ വളർച്ചയ്ക്ക് നൽകുന്ന സംഭാവനകളെ മേയർ അഭിനന്ദിച്ചു.
മെഴ്‌സി സൈഡിലെ മലയാളി സമൂഹത്തിന് മികച്ചൊരു ഒത്തുചേരലും കലാസാംസ്കാരികാനുഭവവും സാധ്യമാക്കിയ ലിമയുടെ സംഘാടന മികവിനെ പ്രശംസിച്ച മേയേഴ്സ് ആൽഡർ വുമൺ കുട്ടികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ലിമ പ്രസിഡണ്ട് സോജൻ തോമസിന്റെ അധ്യക്ഷതയ്യിൽ സെക്രട്ടറി ആതിര ശ്രീജിത് സ്വാഗതം ആശംസിച്ചു.
ലിവർപൂളിലെ കഴിവുറ്റ കലാകാരന്മാർ അവതരിപ്പിച്ച മികച്ച നൃത്തങ്ങൾ, സ്കിറ്റുകൾ, മനോഹരമായ ഗാനങ്ങൾ എന്നിവ നിറഞ്ഞ സദസ്സിന്റെ നിരന്തരമായ പ്രോത്സാഹനം നേടി. 25 വർഷത്തെ കമ്മ്യൂണിറ്റി സേവനത്തിന്റെ അനുഭവപരിചയമാണ് ഇത്രയും മികച്ച രീതിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ ലിമയ്ക്ക് സഹായകമായതെന്ന് പലരും അഭിപ്രായപ്പെട്ടു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണവും ലിമ ഒരുക്കിയിരുന്നു.
ഈ സംഗമം കേവലം ആഘോഷങ്ങൾക്കപ്പുറം, ലിവർപൂളിലെ മലയാളി സമൂഹങ്ങൾക്കിടയിൽ, പരസ്പരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ അംഗങ്ങളെ സമൂഹത്തിലേക്ക് ചേർത്ത് നിർത്താനുമുള്ള ലിമയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നതായിരുന്നു.
തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി കാണാതായ പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ തിങ്കളാഴ്ച രാത്രിയോടെ പോലീസ് കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇവരെ പോലീസ് കണ്ടെത്തിയത്. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ അടക്കം കൃത്യമായ പ്ലാനിങ് തയ്യാറാക്കിയാണ് കുട്ടികളെ യാത്ര തിരിച്ചത്. ഇത് തിരിച്ചറിഞ്ഞ് നടത്തിയ ശ്രമമാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.
ഇതുസംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ. ഷൊർണൂർ ഉള്ള ഒരു കുട്ടിയുടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് പോകുന്നതെന്നും, ഷൊർണൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് ഉള്ള ടിക്കറ്റ് ചാർജ്, അവിടെ നിന്നും പുണെയിലേക്കുള്ള ടിക്കറ്റ് ചാർജ്, തുടർന്ന് മഹാരാഷ്ട്രയിലെ തന്നെ രഞ്ജൻ ഗാവ് എന്ന സ്ഥലത്ത് എത്തുന്നത് വരെയുള്ള കൃത്യമായ കാര്യങ്ങളാണ് കത്തിൽ രേഖപ്പെടുത്തിയിരുന്നത്. കുട്ടികളുടെ ഫോൺ ടവർ ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടം എന്ന ഭാഗത്താണെന്ന് കണ്ടെത്തിയോടെ ഇവർ ഈ വഴി തന്നെയാണ് പോയിട്ടുണ്ട് എന്ന് പോലീസ് ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി കോയമ്പത്തൂരിൽ നിന്നും പുണെയിലേക്ക് പുറപ്പെട്ട വണ്ടി പോലീസും റെയിൽവേ സേനയും ടിക്കറ്റ് എക്സാമിനർമാരും വണ്ടി തിരുപ്പൂർ എത്തുന്നതിനിടയിൽ പൂർണ്ണമായും പരിശോധിച്ചുവെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
തുടർന്ന് കുട്ടികൾ എഴുതിയ കത്ത് കൃത്യമായി പരിശോധിച്ചപ്പോൾ ചില സംശയങ്ങൾ എസ് ഐ ഇ.വി. സുഭാഷിന് തോന്നി. കാരണം കുട്ടികളെ കാണാതാവുമ്പോൾ പോലീസിൽ പരാതി ലഭിക്കുമെന്നും പോലീസ് അന്വേഷിച്ച് എത്തുമെന്നും പിടിക്കപ്പെടുമെന്നും അറിയാവുന്ന കുട്ടികൾ കൃത്യമായി റൂട്ട് എഴുതി വച്ചത് അന്വേഷണസംഘത്തെ കബളിപ്പിക്കാൻ ആണെന്ന് പോലീസ് ഉറപ്പിച്ചു. തുടർന്ന് ഉടൻ തന്നെ കോയമ്പത്തൂരിൽ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിൽ ബെംഗളൂരുവിലേക്ക് പോകുന്ന ട്രെയിൻ ഉണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം ആ വഴിക്ക് നീങ്ങി. ട്രെയിൻ എത്താൻ എതാനും മിനിറ്റുകൾക്ക് മുമ്പ് കുട്ടികൾ ഫ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികളെ സമാധാനിപ്പിച്ച ശേഷം രാത്രിയോടെ രക്ഷിതാക്കളെയും എത്തിച്ച് ഇവരെ ഷോർണൂരിലേക്ക് കൊണ്ടു വരികയായിരുന്നു.
തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ പെൺകുട്ടികളിൽ രണ്ടു പേർ പാലക്കാട് ഷൊർണൂർ നിവാസികളും ഒരാൾ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയും ആണ്. മൂന്നു പേരും ഷൊർണൂരിൽ ഒരേ വിദ്യാലയത്തിൽ പഠിക്കുന്നവരുമാണ്. ചെറുതുരുത്തി അഡിഷണൽ എസ് ഐ ഇ.വി. സുഭാഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനീത് മോൻ, വനിതാ പോലീസ് ഓഫീസർ പിയുഷ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മെയ് ഏഴിന്. വത്തിക്കാനില്‍ ഇന്ന് ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം.
ആകെയുള്ള 256 കര്‍ദിനാള്‍മാരില്‍ എണ്‍പത് വയസില്‍ താഴെ പ്രായമുള്ള 135 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആള്‍ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടും.
ആര്‍ക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോണ്‍ക്ലേവ് തുടരും. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്താല്‍ വത്തിക്കാനിലെ സിസ്റ്റെയ്ന്‍ ചാപ്പലിലെ പുകക്കുഴലില്‍ നിന്ന് വെളുത്ത പുക പുറത്തുവരും. കോണ്‍ക്ലേവിനു മുന്നോടിയായി സിസ്റ്റെയ്ന്‍ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചു.
റാപ്പർ വേടന് എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റിൽനിന്നും കഞ്ചാവ് പിടികൂടി. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നുമാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ പോലീസ് തുടർനടപടിയെടുക്കും. കേസിൽ വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് വേടൻ സുഹൃത്തുക്കളോടൊപ്പം ഫ്ലാറ്റില്‍ എത്തിയത്. ഒൻപത് പേരായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്.
ഒപ്പമുണ്ടായിരുന്നുവരെ കുറിച്ച് വിവരങ്ങള്‍ തേടുമെന്നും പോലീസ് അറിയിച്ചു. കുറച്ച് നാളുകളായി വേടന്റെ ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.
മലയാള സിനിമയെ ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രതിഭയെയാണ് നഷ്ടമായത്. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. സംവിധായകനെന്ന നിലയില്‍ ‘പിറവി’യാണ് ആദ്യ ചിത്രം. ‘പിറവി’യ്ക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ)യുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011-ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു.
1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976-ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.
1988-ല്‍ സംവിധാനം ചെയ്ത ‘പിറവി’യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്’, പത്മശ്രീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ‘ഫിയാഫി’ന്റെ അംഗീകാരം ലഭിച്ചതും.