എയ്‌ഡഡ് സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെ ആത്മഹത്യയിലേക്കുനയിച്ച ചുവപ്പുനാടയുടെ കുരുക്ക് ഒടുവിൽ അഴിഞ്ഞു. സ്വന്തമായി ഒരുരൂപയെങ്കിലും വേതനം ലഭിക്കാൻ നിയമനാംഗീകാരത്തിനായി കാത്തിരുന്ന് നിരാശയ്ക്കൊടുവിൽ ജീവനൊടുക്കിയ അധ്യാപികയുടെ ഒാർമ്മ മായുംമുൻപേയാണ് നിയമനാംഗീകാരത്തിന്റെ ഉത്തരവെത്തിയത്. അപ്പോഴേക്കും കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ പ്രത്യേക സെമിത്തേരി ബ്ലോക്കിലെ ഏഴാം നമ്പർ കല്ലറയിൽ അവൾ മണ്ണോടുചേർന്നിട്ട് 24 ദിവസം പിന്നിട്ടിരുന്നു.
നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ അഞ്ചുവർഷത്തോളമാണ് അലീനാ ബെന്നി(30) എയ്ഡഡ് സ്കൂളിൽ ജോലിചെയ്തത്. ഒടുവിൽ അവരുടെ വേർപാട് നാടിനാകെ നോവായിമാറി.
മരിച്ച് ഒരുമാസം തികയുംമുൻപാണ് നിയമനത്തിന് അംഗീകാരമായത്. മാർച്ച് 15-നാണ് അലീനാ ബെന്നിയെ എൽപിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നൽകിയത്. ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കപ്പെടാത്തതിനാൽ ശമ്പളസ്കെയിൽ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കിൽ ദിവസ വേതനവ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശ്ശേരി എഇഒ നിയമനനടപടി അംഗീകരിച്ച് സമന്വയ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതോടെയാണ് നിയമനാംഗീകാര ഉത്തരവ് മാനേജ്‌മെന്റായ താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിക്ക് ലഭിച്ചത്.
കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽപി സ്കൂളിലേക്ക് മാറ്റിനിയമിച്ച 2024 ജൂൺ അഞ്ചുമുതൽ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതന, അനുബന്ധ ആനുകൂല്യങ്ങൾമാത്രമാണ് അലീനയുടെ കുടുംബത്തിന് ഇനി ലഭ്യമാവുക. അതിനുമുൻപ് നസ്രത്ത് എൽപി സ്കൂളിൽ 2019 ജൂൺ 17 മുതൽ 2019 ഡിസംബർ 31 വരെ താത്കാലികാടിസ്ഥാനത്തിലും കെ-ടെറ്റ് യോഗ്യത നേടിയശേഷം 2021 ജൂലായ് 22 മുതൽ പ്രൊബേഷനറി എൽപിഎസ്ടിയായും ജോലിചെയ്തകാലത്തെ സേവനത്തിന് അംഗീകാരമില്ല. ആകെ ഒൻപതുമാസത്തെ ആനുകൂല്യങ്ങൾമാത്രമാണ് അനുവദിക്കപ്പെട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു അലീനാ ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ശമ്പളവും നിയമനാംഗീകാരവുമില്ലാതെ വർഷങ്ങളായി ജോലിചെയ്യേണ്ടിവന്നതിലെ മനോവിഷമമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പിതാവ് ബെന്നി അറിയിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും ഉൾപ്പെടുത്തി മലയാളി അസോസിയേഷൻ 2025-2027 കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. എം.പി പത്മരാജ് പ്രസിഡന്റായും ജിനോയിസ് തോമസ് സെക്രട്ടറിയായും ഷാൽമോൻ പങ്കേത്ത് ട്രഷററുമായുള്ള ഭരണസമിതി ആകും സംഘടനയ്ക്ക് നേതൃത്വം നൽകുക.
മാർച്ച് 22 ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെ മുൻ പ്രസിഡൻറ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിൽ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സുജു ജോസഫും ഫിനാൻഷ്യൽ റിപ്പോർട്ട് ട്രഷറർ ജയിവിൻ ജോർജ്ജും അവതരിപ്പിച്ചു. തുടർന്ന് നടന്ന അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ രണ്ട് വർഷം അസോസിയേഷൻ പ്രവർത്തനങ്ങളുമായി സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി തുടർന്ന് മുൻ രക്ഷാധികാരി ജോസ് കെ ആൻറണി സംഘടന നിലനിൽക്കേണ്ടതിൻറെ ആവശ്യകതയും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുവാൻ പ്രാപ്തിയുള്ള ഒരു നേതൃത്വം നിലവിൽ വരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഷിബു ജോൺ, മേഴ്സി സജീഷ് എന്നിവർ ലഭിച്ച പാനൽ ജനറൽ ബോഡിക്ക് മുൻപാകെ അവതരിപ്പിച്ചു. എംപി പത്മരാജ്, ജിനോയിസ് തോമസ്, ഷാൽമോൻ പങ്കെത് എന്നിവരോടൊപ്പം വൈസ് പ്രസിഡൻറ് ആയി ലിനി നിനോ, ജോയിൻ സെക്രട്ടറിയായി ആൻമേരി സന്ദീപ്, ജോയിൻ ട്രഷററായി ബിജു ഏലിയാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് പ്രസിഡൻറ് എംപി പത്മരാജ് മറ്റ് നിർവാഹകസമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. പ്രോഗ്രാം കോഡിനേറ്റർമാരായി റോഷ്നി വൈശാഖ് (കിഡ്സ്), ജിൻസി അനു (ലേഡീസ്) ബിബിൻ ജോർജ് (മെൻസ്) എന്നിവരെയും സ്പോർട്സ് കോഡിനേറ്റർമാരായി നിശാന്ത് സോമൻ (മെൻസ്), റിയാ ജോസഫ് (ലേഡീസ്) എന്നിവരെയും പ്രഖ്യാപിച്ചു. ഫുഡ് കോർഡിനേറ്ററായി സീനിയർ മെമ്പർ സാബു ജോസഫും ഇവൻറ് ആൻഡ് സ്റ്റേജ് കോഡിനേറ്റനായി അരുൺ കൃഷ്ണനും സോഷ്യൽ മീഡിയ കോഡിനേറ്റർ ആയി പ്രശാന്തും യൂത്ത് കോഡിനേറ്ററായി അഖിൽ ജോസഫും പ്രവർത്തിക്കും. യുക്മ പ്രതിനിധികളായി എംപി പത്മരാജ്, ബിജു മൂന്നാനപ്പിള്ളിൽ, ഡിനു ഡൊമിനിക് ഓലിക്കൽ എന്നിവർ തുടരും. സൗത്ത് വെസ്റ്റ് റീജണൽ കമ്മിറ്റി അംഗവും യുക്മ ന്യൂസ് കോഡിനേറ്ററുമായ ഡിനു ഡൊമിനിക് സാലിസ്ബറി മലയാളി അസോസിയേഷന്റെ പിആർഒ ആയി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയ്ക്ക് ഒരു രക്ഷാധികാരി ഉണ്ടാവേണ്ടതിൻറെ ആവശ്യകത പ്രസിഡൻറ് യോഗത്തിന് മുമ്പിൽ പറയുകയും ഷിബു ജോൺ രക്ഷാധികാരിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തുടർന്ന് പ്രസിഡൻറ് എംപി പത്മരാജന്റെ നിർദ്ദേശപ്രകാരം സെക്രട്ടറി ജിനോയിസ് വരുന്ന രണ്ടു വർഷത്തെ നയ പ്രഖ്യാപനം നടത്തുകയും നിഷാന്ത് സോമൻ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിപ്പിനെ കുറിച്ചും സംസാരിച്ചു. ലേഡീസ് ഡേ ഔട്ട്, ചിൽഡ്രൻസ് ഡേ, കിഡ്സ് ഫുട്ബോൾ ട്രെയിനിങ്, ഡ്രാമ ക്ലബ്ബ്, സ്പോർട്സ് ട്രെയിനിങ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കായുള്ള ഫാമിലി ട്രിപ്പ്, വള്ളംകളി, വടംവലി മത്സരങ്ങൾക്കായുള്ള പരിശീലനങ്ങൾ തുടങ്ങിയവയെല്ലാം വരും രണ്ട് വർഷങ്ങളിൽ ഉണ്ടാകുമെന്ന് സെക്രട്ടറി ജിനോയിസ് അറിയിച്ചു. യുക്മ കലാമേള കായികമേളയ്ക്ക് പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
തുടർന്ന് പിആർഒ ഡിനു ഡൊമിനിക് പുതിയ പാനലിന് ആശംസ നേരിയുകയും യോഗത്തിൽ വന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
യുകെയിൽ പ്രവർത്തിക്കുന്ന പുരോഗമന കലാസാഹിത്യ സാംസ്കാരിക സംഘടനയാണ് സമീക്ഷ യുകെ. എട്ട് വർഷം മുൻപ് ബ്രിട്ടനിലെ സ്ഥിര താമസക്കാരായ ഒരുപറ്റം മലയാളികളാണ് സമീക്ഷ യുകെ രൂപീകരിച്ചത്. പുരോഗമന സ്വഭാവമുള്ള മലയാളി കൂട്ടായ്മ എന്ന രീതിയിലാണ് പ്രവർത്തനം ആരംഭിച്ചത്. പതിയെ കലാ കായിക സാംസ്കാരിക മേഖലകളിലും സജീവമായി ഇടപെട്ടുതുടങ്ങി. ചെറിയ കാലയളവിൽ അത്ഭുതപ്പെടുത്തും വിധം സമീക്ഷ വളർന്നു. മറുനാട്ടിൽ മലയാളികളെ മാത്രം കൂട്ടുപിടിച്ച് ഒരു സാംസ്കാരിക പ്രസ്ഥാനം പടുത്തുയർത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. പിന്നിട്ട വഴികളിൽ പ്രതിബന്ധങ്ങൾ ഏറെയുണ്ടായിരുന്നു. എന്നിട്ടും കരുത്തോടെ മുന്നോട്ടുപോയി. നാട്ടിലെ സംഘടനാ പ്രവർത്തനത്തിൻ്റെ അനുഭവമാണ് ഞങ്ങളുടെ പ്രവർത്തകർക്ക് ഇവിടെ ഊർജ്ജമായത്.
സമയവും കാലവും നോക്കാതെ മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നതും ഹൃദയം കൊണ്ട് സംവദിച്ചതുമെല്ലാം സമീക്ഷയുടെ വളർച്ചയുടെ സൂത്രവാക്യങ്ങളാണ്. ഇന്നിപ്പോൾ സമീക്ഷയ്ക്ക് ബ്രിട്ടനിലാകെ നാൽപതോളം യൂണിറ്റുകളുണ്ട്. ഇക്കലാത്തിനിടെ ആരുമില്ലാത്തവർക്കും അന്നമില്ലാത്തവർക്കും ഒപ്പംനിന്നു. പുതിയൊരു ജീവിതം സ്വപ്നം കണ്ട് നാടുവിട്ട് കുടിയേറിയവർക്ക് അത്താണിയായി. ചതിക്കപ്പെട്ടവർക്ക് താങ്ങായി. ആത്മഹത്യാ മുനമ്പിൽ പകച്ചുനിന്നവരെ ചേർത്തുപിടിച്ചു. കലാ-കായിക രംഗത്ത് വലുതും വിപുലവുമായ വേദിയൊരുക്കി. നാട്ടിലിട്ടുപോന്ന സർഗവൈഭവവും കായികശേഷിയും അതോടെ പലരും പൊടി തട്ടിയെടുത്തു. നാടിന് നൊന്തപ്പോഴെല്ലാം തണലൊരുക്കി, ഞങ്ങളുണ്ട് കൂടെയെന്ന് ഉറക്കെപ്പറഞ്ഞു.
ഇനിയുമിനിയും മനുഷ്യരിലേക്ക് പടരണം. ബ്രിട്ടനിലാകെ പ്രവർത്തനം വ്യാപിപ്പിക്കണം. കൂടുതൽ പേർ സമീക്ഷയിലേക്ക് കടന്നുവരണം. സമീക്ഷ യുകെയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഏപ്രിൽ അഞ്ചിന് ആരംഭിക്കുകയാണ്. സമീക്ഷയുടെ സത്പ്രവർത്തികളിൽ പങ്കാളികളാവാൻ നിങ്ങളെയും സ്വാഗതം ചെയ്യുന്നു. വരൂ, നമുക്കൊന്നിച്ച് പോരാടാം.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിലീസിന് പിന്നാലെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം.ടി രമേശ്.
സിനിമയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നുവെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എം.ടി രമേശിന്റെ പ്രതികരണം. സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കാമ്പയിന്‍ നടത്തുന്നുണ്ട്.
സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്- എം.ടി രമേശ് ചോദിച്ചു.
ലഹരി സംഘത്തില്‍പ്പെട്ടവര്‍ക്ക് എച്ച്‌ഐവി രോഗ ബാധ. മലപ്പുറം ജില്ലയിലെ വളാഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി സംഘത്തിലുള്ള പത്ത് പേര്‍ക്കാണ് മലപ്പുറം ഡിഎംഒ രോഗ ബാധ് സ്ഥിരീകരിച്ചത്.
സംഘത്തിലെ മൂന്ന് പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗ ബാധയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്.
രണ്ടുമാസം മുമ്പ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നത്. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയിലാണ് സ്‌ക്രീനിങ് നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
സ്‌ക്രീനിംഗിന്റെ തുടക്കത്തില്‍ വളാഞ്ചേരിയിലെ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുകയും അവരെ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പത്ത് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ പേരെ ആരോഗ്യ വകുപ്പ് സ്‌ക്രീനിങ് നടത്തുകയാണ്. ഇതില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുമോ എന്ന ആശങ്കയുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് എച്ച്‌ഐവി സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, രക്തം ഉള്‍പ്പടെയുളള ശരീര സ്രവവങ്ങളിലൂടെയും എച്ച്‌ഐവി പകരാം. സിറിഞ്ച്, ബ്ലേഡുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പങ്കിടുന്നതിലൂടെ എളുപ്പത്തില്‍ അനുബാധ ഉണ്ടാകാം.
ദുബായിയിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി അഞ്ചരക്കോടി രൂപയോളം തട്ടിയെടുത്ത യുവാവിനെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കേരള പോലീസിന്റെയും സഹായത്തോടെ ഇന്റർപോൾ അറസ്റ്റ്‌ചെയ്തു.
ചെറുകുന്ന് മുണ്ടപ്രം സ്വദേശി വളപ്പിലെ പീടികയിലെ വി.പി. സവാദിനെ (30) ആണ് ചൊവ്വാഴ്ച വൈകീട്ട് പയ്യന്നൂർ പാലക്കോട്ടുനിന്ന് അറസ്റ്റ്‌ചെയ്തത്. പട്യാല അസിസ്റ്റന്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയശേഷം നാട്ടിലേക്ക് കടന്നതാണെന്ന് കരുതുന്നു. ഒന്നാം പ്രതി കണ്ണൂർസിറ്റിയിലെ യുവാവിനായി അന്വേഷണം ഊർജിതമാക്കി.
എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥി എത്തിയത് മദ്യലഹരിയില്‍. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് സംശയം തോന്നി.
തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണെന്ന് പോലീസ് പറഞ്ഞു.
ക്ലാസിനു പുറത്തിറക്കിയ വിദ്യാര്‍ഥിയുടെ വീട്ടുകാരെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു. കുട്ടി പരീക്ഷ എഴുതിയില്ല.
പതിനാറുകാരിയെ വിവാഹം കഴിച്ച ശേഷം റിയാദിലെത്തിയ മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ 2 വർഷത്തിന് ശേഷം കേരള പൊലീസ് സൗദിയിലെത്തി അറസ്‌റ്റ് ചെയ്തു. കേരള പൊലീസ് ഇൻ്റർപോളിൻ്റെ സഹായത്തോടെ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു.
തുടർന്ന് ഇൻ്റർപോൾ റെഡ് കോർണർ നോട്ടിസ് ഇറക്കിയതോടെ സൗദി ഇൻ്റർപോൾ യുവാവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി ജയിലിലടച്ചിരുന്നു. വധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോക്സോ ചുമത്തിയത്.
റിയാദിൽ ജോലി ചെയ്തിരുന്ന ഇയാൾ 2022ലാണ് പതിനാറുകാരിയെ കല്യാണം കഴിച്ചത്. അവധിക്ക് നാട്ടിലെത്തിയ സമയത്തായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം ഇയാൾ തിരികെ റിയാദിലെത്തി. ഇയാൾ റിയാദിലെത്തിയ ശേഷം, വധു യുവാവിനെതിരെ പീഡനം ആരോപിച്ച് കേസ് കൊടുക്കുകയായിരുന്നു. ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് വരൻ്റെയും വധുവിന്റെയും മാതാപിതാക്കൾക്കെതിരെ കൂടി കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്.
സൗദി പൊലീസ് ഇന്നലെ രാത്രി വിമാനത്തിൽ വച്ച് പ്രതിയെ കേരള പൊലീസിന് കൈമാറി. മണ്ണാർക്കാട് ഡിവൈ.എസ്.പി സുന്ദരൻ, ഉദ്യോഗസ്ഥരായ നൗഷാദ്, റംഷാദ് എന്നിവർ അഞ്ചു ദിവസം മുൻപാണ് പ്രതിയെ പിടികൂടാനായി റിയാദിൽ എത്തിയത്. യുവാവിനെ എയർ ഇന്ത്യ എക്സ്പ്രസിലാണ് നാട്ടിലെത്തിച്ചത്.
യുകെമലയാളി യുവാവിന് ബസ് യാത്രയ്ക്കിടെ ദാരുണമായി അക്രമണത്തിന് ഇരയായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . പ്ലിമത്തിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ സപ്പോർട്ട് വർക്കറായ വയനാട് സ്വദേശിയായ യുവാവിന് നേരെ കഴിഞ്ഞ ദിവസം രാത്രി 8.30 നായിരുന്നു ആക്രമണം.
താമസ സ്ഥലത്ത് നിന്നും 20 മിനിറ്റ് ദൂരത്തിലുള്ള ഹോസ്പിറ്റലിലേക്ക് രാത്രി 10 മുതൽ ആരംഭിക്കുന്ന ഷിഫ്റ്റിൽ ജോലിക്ക് കയറുവാൻ വേണ്ടിയുള്ള യാത്രയിലായിരുന്നു യുവാവ്. ബസിൽ കയറും മുൻപ് യുവാവിനെ പിൻതുടർന്ന് എത്തിയ അക്രമി ബസ് യാത്രയ്ക്കിടെ അക്രമം നടത്തുകയായിരുന്നു. യുവാവിനോട് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണും, എയർപോഡും ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചപ്പോൾ ഗുരുതരമായി ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . യുവാവിന്റെ തല അതി ക്രൂരമായി ബസിന്റെ ജനാലയോട് ചേർത്തുവച്ച് ചവിട്ടുകയും ചെയ്തു .
ആക്രമണത്തെ തുടർന്ന് ബസ് നിർത്തിയപ്പോൾ ഡോർ തുറന്ന് അക്രമകാരി ഓടി രക്ഷപെട്ടു. ബസ് ജീവനക്കാർ പ്ലിമത്ത് പൊലീസിനെ ബന്ധപ്പെടുകയും, പൊലീസ് എത്തി തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ യുവാവിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
അക്രമിയെ രാത്രി ഏറെ വൈകി പിടികൂടിയതായി പൊലീസ് യുവാവിനെ അറിയിച്ചു. തദ്ദേശീയനും പ്രദേശവാസിയും സ്ഥിരം അക്രമികളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ബസിലെ സിസി ടിവി ദൃശ്യങ്ങളാണ് അക്രമിയെ പിടികൂടുവാൻ പൊലീസിനെ സഹായിച്ചത്. യുവാവ് നിലവിൽ പ്ലിമത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
തലയ്ക്ക് സിടി സ്കാൻ ഉൾപ്പടെയുള്ള പരിശോധനകൾക്ക് വിധേയമായതായാണ് ലഭ്യമാകുന്ന വിവരം. ബസിന് എകദേശം 4,000 പൗണ്ടിന്റെ നാശനഷ്ടം സംഭിച്ചതായാണ് പ്രാഥമിക നിഗമനം. യുവാവിന്റെ ഫോണിനും എയർപോഡിനും അക്രമത്തിൽ കേടുപാടുകൾ സംഭവിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി ബസ് പൊലീസ് കസ്റ്റഡിയിലാണ്. യുവാവിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു.
ശബരിമലയിൽ മമ്മൂട്ടിക്കായി നടൻ മോഹൻലാൽ വഴിപാട് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് സമസ്ത നേതാവ് നാസർ ഫെെസി കൂടത്തായി. വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമാണെങ്കിൽ അത് തെറ്റാമെന്നാണ് അദ്ദേഹം ഒരു ന്യൂസ് ചാനൽ ചർച്ചയിൽ പ്രതികരിച്ചു. ‘വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിർദേശപ്രകാരമെങ്കിൽ മതപരമായ വിശ്വാസത്തിന് എതിരാണ്. എന്നാൽ പൂജ നടത്താൻ മമ്മൂട്ടി നിർദേശിക്കുന്നുമെന്ന് കരുതുന്നില്ല’,- എന്നാണ് നാസർ ഫെെസി കൂടത്തായി പറഞ്ഞത്.
മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ ശബരിമലയിൽ വഴിപാട് കഴിപ്പിച്ചതിനെതിരെ ഇന്നലെ വിമർശനവുമായി പ്രമുഖ മാദ്ധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ അബ്ദുള്ള രംഗത്തെത്തിയിരുന്നു. ശബരിമലയിൽ വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽ പറയുന്നത്. മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകളെ തുടർന്നാണ് ശബരിമലയിൽ എത്തിയ മോഹൻലാൽ അദ്ദേഹത്തിന് വേണ്ടി ഉഷഃപൂജ നടത്തിയത്. ഇതിന്റെ റെസിപ്റ്റ് അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ഒ അബ്ദുള്ള രംഗത്തെത്തിയത്.
‘മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം. മുസ്ലീം സമുദായത്തോട് മാപ്പ് പറയണം. ഗുരുതരമായ വീഴ്ചയാണ് മമ്മൂട്ടിയെന്ന കലാകാരനിൽ നിന്നുണ്ടായത്. മമ്മൂട്ടിയുടെ അറിവോടെയല്ല മോഹൻലാൽ വഴിപാട് ചെയ്തതെങ്കിൽ തെറ്റില്ല. കാരണം മോഹൻലാലിന്റെ വിശ്വാസം അത്രത്തോളമുണ്ടാകും ശബരിമല ശാസ്താവിനോട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ചെയ്തത്. എന്നാൽ മമ്മൂട്ടി പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് അത് ചെയ്തതെങ്കിൽ അത് മഹാ അപരാധമാണ്. കാരണം, ഇസ്ലാം വിശ്വാസ പ്രകാരം അള്ളാഹുവിനല്ലാതെ ഒരു വഴിപാടും നടത്തരുത്. ഇത് ലംഘനമാണ്’- ഖുറാൻ സൂക്തങ്ങൾ ഉദ്ധരിച്ച് അബ്ദുള്ള പറഞ്ഞു.