പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർഥികൾ പടക്കമെറിഞ്ഞെന്ന് പരാതി.
മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച്എസ്എസിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞു പോയ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പടക്കമെറിഞ്ഞത്. കോപ്പി അടിക്കാൻ അനുവദിക്കാത്തതാണ് ആക്രമണത്തിനു കാരണമെന്ന് അധ്യാപകർ പറഞ്ഞു.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
മകളുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ് മധുസൂദനൻ. സംഭവത്തിൽ ഐബിക്കും പോലീസിനും പരാതി നൽകി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവള ജീവനക്കാരിയായ മേഘയെ ചാക്കയിൽ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിഷയത്തിൽ ദുരൂഹതയാരോപിച്ച് രക്ഷിതാക്കൾ ഐബിക്കും പോലീസിനും പരാതി നൽകി. പെൺകുട്ടിയുടെ മൃതദേഹം പത്തനംതിട്ട അതിരുങ്കല്ലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
മുറിയിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്നും ഈ സമയത്ത് മകൾക്ക് വന്ന ഫോൺ കോൾ ആരുടേതായിരുന്നുവെന്നും പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സ്ഥിരം പോകുന്ന വഴിയിൽ റെയിൽവേ ട്രാക്ക് ഇല്ലെന്നും ഇത് മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടാക്കുന്നുവെന്നും പിതാവ് ആരോപിച്ചു.
‘എഴ് മണിയാകുമ്പോൾ ഷിഫ്റ്റ് കഴിയും. ഞാൻ റൂമിലേക്ക് പോകുവാണ്. രാവിലെ കഴിക്കാൻ വേണ്ടി എന്തെങ്കിലും വാങ്ങി പോകും എന്നാണ് പറഞ്ഞത്. പിന്നീട് പത്ത് മണിയായപ്പോഴാണ് വിവരം കിട്ടുന്നത്, ട്രെയിൻ അപകടം സംഭവിച്ചുവെന്ന്. അപ്പോഴാണ് സംശയം വരുന്നത്. റൂമിൽ പോകുന്ന വഴിക്ക് റെയിൽവേ ട്രാക്ക് ഇല്ല. അകലെയുള്ള റെയിൽവേ ട്രാക്കിൽ കൂടി പോകണമെങ്കിൽ ആ സമയത്ത് ആരെങ്കിലും വിളിച്ചിട്ടുണ്ടാകണം. സ്ഥിരം പോകുന്ന റൂട്ടിൽ റെയിൽവേ ട്രാക്ക് ഇല്ല. അതുകൊണ്ട് തന്നെ സംശയം തോന്നി. റൂമിൽ പോകുന്നുവെന്ന് പറഞ്ഞ ശേഷമാണ് അവൾ റൂട്ട് മാറ്റിയത്. ചാനലിൽ പറഞ്ഞു കേട്ടു,ഫോണിൽ സംസാരിച്ചുകൊണ്ടാണ് പോയതെന്ന്. മൊബൈൽ ഫോൺ ഒക്കെ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണം’ പിതാവ് പറഞ്ഞു. ജോധ്പുരിൽ ട്രെയിനിങ്ങിന് പോയപ്പോൾ അവിടെവെച്ച് ഒരു കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് മകൾ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട അതിരുങ്കല്ലിലെ റിട്ടയേർഡ് അധ്യാപകനായ മധുസൂദനന്റെയും കളക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളായിരുന്നു മേഘ.ചെറുപ്രായത്തിൽ തന്നെ മേഘയ്ക്ക് ജോലി ലഭിച്ചു. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.മനസ്സിനെ വല്ലാതെ ഉലച്ച സംഭവത്തെക്കുറിച്ച് പ്രിയപ്പെട്ടവരോടു പോലും ഉരിയാടാതെയാണ് മേഘ ജീവിതത്തിൽ നിന്ന് അകന്നുപോയത്. പഞ്ചാബിൽ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് മലപ്പുറം സ്വദേശി യുവാവുമായി മേഘ അടുത്തത്. ബന്ധുക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് മേഘയുടെ ഇഷ്ടത്തിനൊത്ത് നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതായാണ് വിവരം.
മേഘയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം. മൊബൈൽ കണ്ടെടുത്ത് കോൾ ലിസ്റ്റ് അടക്കം പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് മേഘയുടെ പിതൃസഹോദരൻ ബിജു പറഞ്ഞു.
ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് പോയ മേഘയെ കഴിഞ്ഞ ദിവസം ചാക്ക റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൈയിലുണ്ടായിരുന്നു മൊബൈൽ ഫോൺ തകർന്ന നിലയിലായിരുന്നു. ഇത് ശരിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.
കേരളത്തില്‍ നിന്നും ജര്‍മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമനിയിലെ ആശുപത്രികളിലേക്കാണ് നിയമനം. ബിഎസ്‌സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത.
ബിഎസ്‌സി/ പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിങ് പാസായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.
കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികൾക്ക് ജർമ്മൻ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്.
ഒന്‍പതു മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ജര്‍മനിയിൽ നിയമനത്തിനുശേഷം ബി.2 ലെവൽ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ ജർമ്മൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസ്സാവുന്നവര്‍ക്ക് 250 യൂറോ ബോണസ്സിനും അര്‍ഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. ഉദ്യോഗാര്‍ത്ഥികൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.
കേരളീയരായ ഉദ്യോഗാർഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള.
കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
ബർമിംങ്ഹാമിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ് കബഡി – 2025 മത്സരങ്ങളിൽ വെയിൽസ് പുരുഷ, വനിതാ ടീമുകളെ പ്രതിനിധീകരിച്ച് അഭിഷേക് അലക്സ്, ജീവാ ജോൺസൻ, വോൾഗാ സേവ്യർ, അമൃത എന്നിവർ പങ്കെടുക്കുകയാണ്. ബിബിസി വർഷം തോറും നടത്തി വരുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ നിന്നും സെലക്ഷൻ ലഭിച്ചാണ് ഇവർ വെയിൽസ് ടീമിലെത്തിയത്. ഇംഗ്ലണ്ട്, വെയിൽസ് ടീമുകളെ പരിശീലിപ്പിക്കുന്നത് മുൻ ഇന്ത്യൻ താരമായ സാജു മാത്യുവാണ്. വെയിൽസ് പുരുഷ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് യോർക് യൂണിവേഴ്സിറ്റി ഹൾ – യോർക് മെഡിക്കൽ സ്കൂളിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി കൂടിയായ അഭിഷേക് അലക്സ്. യുക്മ മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗീസിൻ്റെ മകനാണ് ഈ ഇരുപത്തിമൂന്നുകാരൻ. നോട്ടിംങ്ങ്ഹാം റോയൽസ് താരങ്ങളായ ഇവർക്ക് എല്ലാവിധ പിന്തുണയും നൽകുന്നത് ഡയറക്ടർമാരായ സാജു മാത്യു, രാജു ജോർജ്, ജിത്തു ജോസ് എന്നിവരാണ്.
രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളിൽ പുരുഷൻമാരുടെ ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, സ്കോട്ട്ലൻഡ്, ഇറ്റലി, ഹേംകോംങ് തുടങ്ങിയ കരുത്തരായ രാജ്യങ്ങളുടെ കൂടെയാണ് വെയിൽസ് ടീം കളിക്കുന്നത്. രണ്ടാമത്തെ ഗ്രൂപ്പിൽ ഇംഗ്ലണ്ട്, അമേരിക്ക, പോളണ്ട്, ഹംഗറി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനോട് പരാജയപ്പെട്ടെങ്കിലും തുടർന്ന് നടന്ന മത്സരങ്ങളിൽ ഇറ്റലിയേയും, ഹോംകോങ്ങിനേയും തറപറ്റിച്ചു ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് വെയിൽസ് ടീം. ഇന്ന് യുകെ സമയം 12 PM ന് കരുത്തരായ ഇന്ത്യയെ വെയിൽസ് നേരിടും. മത്സരങ്ങൾ ബിബിസി ഐ പ്ലെയറിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 12 മുതൽ ഇന്ത്യ – വെയിൽസ് മത്സരം കാണാവുന്നതാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെർമിഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അംഗവും സെന്റ് ബെനഡിക് മിഷൻ സാൾട്ടി ഇടവകാംഗവുമായ മാർട്ടിൻ തിരുതനത്തിന്റെ മാതാവ് നാട്ടിൽ നിര്യാതയായി. അങ്കമാലി മേരിഗിരി തിരുതനത്തിൽ പൗലോയുടെ ഭാര്യ മറിയക്കുട്ടി (87) ആണ് നിര്യാതയായത്.
മൃതസംസ്കാരം നാളെ മാർച്ച് 26-ാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് സെൻറ് സെബാസ്റ്റ്യൻ ചർച്ച് മേരിഗിരിയിൽ വെച്ച് നടത്തപ്പെടും.
മാതാവിൻറെ നിര്യാണത്തിൽ മാർട്ടിനെയും ഭാര്യ ജോഫിയെയും മറ്റ് ബന്ധുമിത്രാദികളെയും മലയാളം യു കെ ന്യൂസിൻ്റെ അനുശോചനം അറിയിക്കുന്നു.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ ഇന്നലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയാണ് (25) മരിച്ചത്.
പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ ട്രാക്കിൽ ഇന്നലെ രാവിലെ 9.15നാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേട്ട പൊലീസെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഒഫ് സിവിൽ ഏവിയേഷന്റെ ഐ.ഡി കാർഡ് കണ്ടത്തിയതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ.
തിരുവനന്തപുരത്തേക്ക് വരിയായിരുന്ന ജയന്തി ജനത എക്സ്പ്രസാണ് ഇടിച്ചത്. ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം.ഐ.ബി ഉദ്യോഗസ്ഥയായതിനാൽ പേട്ട പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നും പരിശോധിക്കും. ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
ആഫ്രിക്കയിൽ രണ്ട് മലയാളികളടക്കം 10 കപ്പൽ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കാസർകോട് കോട്ടിക്കുളം ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം 10 കപ്പൽജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. രജീന്ദ്രൻ ഇപ്പോൾ പനയാൽ അമ്പങ്ങാട്ടാണ് താമസം.
ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോയ ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. 18 ജീവനക്കാരിൽ 10 പേരെ തട്ടിക്കൊണ്ടുപോയശേഷം കപ്പൽ ഒഴിവാക്കിയെന്നാണ് വിവരം. മാർച്ച് 17-ന് രാത്രി 11.30-നുശേഷം രജീന്ദ്രനെ ബന്ധപ്പെടാൻ വീട്ടുകാർക്കായിട്ടില്ല.
പാനമ രജിസ്ട്രേഷനുള്ള ‘വിറ്റൂ റിവർ’ കമ്പനിയുടെതാണ് കപ്പൽ. മുംബൈ ആസ്ഥാനമായ ‘മെരി ടെക് ടാങ്കർ’ മാനേജ് മെൻറാണ് ചരക്ക് കടത്തലിന് ഉപയോഗിക്കുന്നത്. വിറ്റൂ റിവർ കമ്പനി 18-ന് രജീന്ദ്രന്റെ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചതായി രജീന്ദ്രന്റെ ബന്ധു കെ.വി. ശരത്ത് പറഞ്ഞു.
കപ്പലിൽ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി അധികൃതർ സംസാരിക്കുന്നുണ്ടെങ്കിലും തട്ടിക്കൊണ്ടുപോയവരെ ബന്ധപ്പെടാൻ കഴിയാത്തത് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോ കപ്പൽ കമ്പനി വീട്ടുകാർക്ക് വിവരം വിവരം കൈമാറിയിട്ടില്ല.
കൊല്ലം: എംസി റോഡിൽ കൊട്ടാരക്കര കമ്പംകോട് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം.
പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയിൽ ഡോ ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്.
ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
അപകടത്തിൽ ഡോക്ടർക്ക് ജീവൻ നഷ്ടപ്പെടുകയും കാർ ഡ്രൈവർ ബിജു ജോർജിന് നേരിയ പരിക്കും പറ്റി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
സമീപകാലത്തൊന്നും ദൃശ്യമാകാതിരുന്ന കുതിപ്പില്‍ ഓഹരി വിപണി. ആറാമത്തെ വ്യാപാര ദിനത്തിലും സൂചികകളില്‍ കുതിപ്പ് പ്രകടമായത് നിക്ഷേപകരില്‍ ആത്മവിശ്വാസം ഉയര്‍ത്തി. ഊര്‍ജം, ബാങ്ക് ഓഹരികളുടെ മുന്നേറ്റത്തില്‍ ഒരു ശതമാനത്തിലേറെ നേട്ടമാണ് തിങ്കളാഴ്ച വിപണിയിലുണ്ടായത്.
ബിഎസ്ഇ സെന്‍സെക് 1,000 പോയന്റിലേറെ ഉയര്‍ന്ന് 77,900ലെത്തി. നിഫ്റ്റിയാകട്ടെ 23,600 പിന്നിടുകയും ചെയ്തു. തിങ്കളാഴ്ചയിലെ കുതിപ്പില്‍ മാത്രം നിക്ഷേപകരുടെ സമ്പത്തില്‍ 5.08 ലക്ഷം കോടിയുടെ വര്‍ധനവുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 418.38 ലക്ഷം കോടിയായി.
വിദേശ തിരിച്ചുവരവ് വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലിന്റെ കാലം അവസാനിച്ചോ? കഴിഞ്ഞ ആഴ്ചയിലെ മൂന്ന് വ്യാപാര ദിനങ്ങളിലുണ്ടായ ഇടപാടുകള്‍ അതിന്റെ സൂചനയാണ് നല്‍കുന്നത്. മാര്‍ച്ച് 21നെത്തിയ 7,470 കോടി രൂപയുടെ അധിക നിക്ഷേപം ഈ നിഗമനത്തിന് കരുത്തുപകരുന്നു. വിദേശ നിക്ഷേപകരുടെ നിക്ഷേപ തന്ത്രത്തിലെ അപ്രതീക്ഷിത മാറ്റം ഇന്ത്യന്‍ വിപണിക്ക് അനുകൂലമാണെന്ന കാര്യത്തില്‍ സംശയമില്ല. വിറ്റൊഴിയലിന്റെ തോത് കുറയുന്നതിന്റെ സൂചനതന്നെ വിപണിക്ക് അനുകൂലമാണ്.
സാമ്പത്തിക സൂചകങ്ങള്‍ ആഭ്യന്തര അടിസ്ഥാനങ്ങളിലെ മുന്നേറ്റ സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വരവാണോ വിദേശികള്‍ നടത്തിയതെന്ന് കരുതേണ്ടിയിരിക്കുന്നു. ന്യായമായ മൂല്യത്തില്‍ വിപണിയെത്തിയത് നേട്ടമാക്കാനുള്ള പടപ്പുറപ്പാടാകാം. ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വരുന്ന യുഎസ് താരിഫുകളെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കെയാണ് ഈ കുതിപ്പെന്നത് ശ്രദ്ധേയമാണ്. ഏപ്രില്‍ രണ്ടെന്ന അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ലെന്ന കാര്യം വിസ്മരിക്കരുത്.
ട്രഷറി ആദായം യുഎസിലെ കടപ്പത്ര ആദായം കുറഞ്ഞത് രാജ്യത്തെ സൂചികകള്‍ക്ക് നേട്ടമായി. 10 വര്‍ഷത്തെ ട്രഷറി ആദായം ഫെബ്രുവരിയിലെ ഉയര്‍ന്ന നിരക്കില്‍നിന്ന് 40 ബേസിസ് പോയന്റ് താഴ്ന്ന് 4.27 ശതമാനത്തിലെത്തി. ഇന്ത്യ പോലുള്ള വികസ്വര വിപണികളിലേക്ക് വിദേശ നിക്ഷേപമെത്താനുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞുവരുന്നത്.
രൂപയുടെ മൂല്യവര്‍ധന യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നത് വിപണിക്ക് നേട്ടമായി. 85.86 നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ആഭ്യന്തര നിക്ഷേപത്തിന്റെ സഹായത്താലാണ് ഈ കുതിപ്പ്. ആഗോള അനിശ്ചിതത്വങ്ങള്‍ മൂലം ഡോളര്‍ ദുര്‍ബലമാകുന്നത് രൂപയ്ക്ക് നേട്ടമാകുകയും ചെയ്തു.
ധനകാര്യ മുന്നേറ്റം തിങ്കളാഴ്ചയിലെ മുന്നേറ്റത്തിന് നേതൃത്വം വഹിച്ചത് ബാങ്കിങ് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 1,000 പോയന്റ് ഉയര്‍ന്ന് 51,635ലെത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് നാഷ്ണല്‍ ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍. ഈ ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു.
മികച്ച പിന്തുണ കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 3,076.60 പോയന്റ്(4.16 ശതമാനം) മുന്നേറ്റമാണ് നടത്തിയത്. നിഫ്റ്റിയാകട്ടെ 953.2 പോയന്റ്(4.25 ശതമാനം) നേട്ടവുമുണ്ടാക്കി. ഈ നേട്ടം തത്കാലത്തേയ്‌ക്കെങ്കിലും തുടര്‍ന്നേക്കമാണെന്നാണ് വിലയിരുത്തല്‍.
കുതിപ്പില്‍ മുന്നില്‍ വിപണിയുടെ തിരിച്ചുവരവില്‍ നിഫ്റ്റി 50യിലെ ഐസിഐസിഐ ബാങ്ക് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. ആറ് ഓഹരികളാകട്ടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് അടുത്തെത്തുകയും ചെയ്തു. ഭാരതി എയര്‍ ടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ശ്രീരാം ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ എന്നിവയാണവ. കുതിപ്പ് തുടര്‍ന്നാല്‍ കൂടുതല്‍ ഓഹരികള്‍ പുതിയ ഉയരം കുറിക്കുമെന്നകാര്യത്തില്‍ സംശയമില്ല.
കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.
ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.