വിശ്വാസവഴിയിൽ പുതുചരിത്രം എഴുതി യുകെ മലയാളി മലയാളത്തിലും ഇംഗ്ലീഷിലും ബൈബിൾ പകർത്തി എഴുതി . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാംഗമായ സൈമണ്‍ സേവ്യര്‍ കോച്ചേരിയാണ് വിശുദ്ധ ഗ്രന്ഥം സ്വന്തം കൈപ്പടക്കൊണ്ട് എഴുതിപൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രോട്ടോ സിൻജെലൂസായ ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ഡയറക്ടറായിരിക്കുന്ന ചീം ലണ്ടനിലെ വിശുദ്ധ ജോണ്‍ മരിയ വിയാനി മിഷൻ അംഗമാണ് ഇദ്ദേഹം.
ജീവിതപങ്കാളി റോസമ്മയോടൊപ്പം വിശ്വാസപരിശീലന അധ്യാപകനായി 10 വര്‍ഷത്തോളം സേവനം ചെയ്ത സൈമണ്‍ ഇന്നു 34 അള്‍ത്താര ശുശ്രൂഷകര്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടും കത്തോലിക്ക വിശ്വാസത്തിന് സാക്ഷ്യമേകുകയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ കറുകച്ചാല്‍ കൂത്രപള്ളി സെന്‍റ് മേരീസ് പള്ളിയാണ് മാതൃ ഇടവക. സൈമണിന്റെ മൂത്തമകന്‍ ഡീക്കന്‍ ടോണി റോമില്‍ വൈദിക പഠനം നടത്തുകയാണ്. ഇളയമകന്‍ ടോം മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്.
2018 സെപ്റ്റംബര്‍ 8നു സ്വന്തം പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് വിശുദ്ധ ഗ്രന്ഥം സ്വന്തം കൈപ്പടയില്‍ എഴുതി പൂര്‍ത്തീകരിക്കണമെന്ന ആഗ്രഹം ആദ്യമായി മനസില്‍ രൂപപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. ബൈബിള്‍ കൂടുതലായി വായിക്കാനും പഠിക്കാനും അങ്ങനെ പ്രാര്‍ത്ഥിക്കാനും സഹായിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഈ ഉദ്യമത്തിനു തുടക്കമിടുന്നത്. 2018 സെപ്റ്റംബർ 16 തീയതി മുതൽ 2019 ഏപ്രിൽ 2 വരെ കേവലം ഇരുനൂറു ദിവസം കൊണ്ട് മലയാളത്തിൽ ബൈബിൾ പകർത്തി പൂര്‍ത്തീകരിക്കുവാന്‍ സൈമണിന് കഴിഞ്ഞു. എട്ടുമണിക്കൂറോളം തുടര്‍ച്ചയായി ബൈബിള്‍ എഴുതിയ ദിവസങ്ങള്‍ ഇതിനിടയില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
രണ്ടു പ്രാവശ്യം ബൈബിള്‍ എഴുതിയപ്പോഴും മുടക്കം കൂടാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിരിന്നുവെന്നും വിശുദ്ധ ബലിയാണ് എഴുതാന്‍ ബലം നല്‍കിയതെന്നും മിഷന്‍ ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷി കൂടിയായ സൈമണ്‍ പങ്കുവെയ്ക്കുന്നു.
മലയാളം ബൈബിള്‍ കൈപ്പടയില്‍ എഴുതിയപ്പോള്‍ ലഭിച്ച വിശ്വാസ അനുഭവവും ആത്മസംതൃപ്തിയും ഇംഗ്ലീഷ് ബൈബിള്‍ എഴുതുവാന്‍ ഈ യുകെ പ്രവാസിക്ക് പ്രചോദനമായി. 2024 ഓഗസ്റ്റ് 19 മുതലാണ് ഇംഗ്ലീഷ് ബൈബിള്‍ കൈപ്പടയില്‍ എഴുതുവാന്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. 212 ദിവസം കൊണ്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാർച്ച് 18) ഇംഗ്ലീഷിൽ ബൈബിൾ പൂര്‍ണ്ണമായി കൈപ്പടയില്‍ എഴുതി പകർത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഫാ. ഹാപ്പി ജേക്കബ്ബ്
കാഴ്ചപ്രകാരം എല്ലാം തികഞ്ഞവർ ആണെങ്കിലും പലതിനും നാം ആവശ്യങ്ങളിൽ ഇരിക്കുന്നവർ ആണ്. വിശുദ്ധമായ അൻപത് നോമ്പിന്റെ നാളുകളിൽ പകുതിയോളം നാം പിന്നിടുകയാണ്. ചിലപ്പോൾ നാം വിസ്മരിച്ചിരിക്കാം, ചിലപ്പോൾ തിരക്കിൽ ആയിരിക്കാം , ചിലപ്പോൾ സ്വയത്തിനും ലൗകികതയ്ക്കും അടിമപ്പെട്ടേക്കാം. എന്നാലും ഇന്ന് തന്നെയാണ് നല്ല ദിവസം, ഇന്ന് തന്നെ തിരികെ വരിക. കാരണം എന്ത് ആവശ്യങ്ങൾ ജീവിതത്തിൽ വന്നു ഭവിച്ചാലും, എല്ലാ വാതിലുകളും അടഞ്ഞാലും എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചാലും കാത്തിരിക്കുന്ന ഒരു വാതിൽ, എന്ത് ആവശ്യത്തിനും സമീപിക്കുവാൻ കഴിയുന്ന ഒരു ഇടം – അത് ദൈവ സന്നിധി എന്ന് തിരിച്ചറിയുക. അപ്രകാരം തിരിച്ചറിഞ്ഞ ഒരു സ്ത്രീയുടെ ആവശ്യമാണ് ഇന്ന് ചിന്തിക്കുന്നത് . വി . മത്തായി 15: 21 – 28 വരെയുള്ള ഭാഗങ്ങൾ
എല്ലായ്പ്പോഴും നമ്മുടെ ആവശ്യങ്ങൾക്ക് ഘനം കൂടുകയും മറ്റുള്ളവരെ നിസ്സാരരാക്കുകയും ചെയ്യും. ആവശ്യങ്ങളുടെ പട്ടിക ദൈനംദിനം ഏറുന്ന ജീവിതക്രമമാണ് നമ്മുടേത്. രോഗസൗഖ്യം, സാമ്പത്തിക പരാധീനത, മക്കൾ ഉള്ളതും ഇല്ലാത്തതും ആയ പ്രശ്നങ്ങൾ, സാമൂഹിക പ്രതിബദ്ധതകളും പ്രയാസങ്ങളും – ഇങ്ങനെ ആവശ്യങ്ങൾ ഏറുന്നു. എന്നാൽ ഈ സ്ത്രീ വന്നിരിക്കുന്നത് സ്വന്തം ആവശ്യങ്ങൾക്കല്ല അവളുടെ മകളുടെ സൗഖ്യത്തിന് വേണ്ടിയാണ്. അവൾക്ക് അറിയാം മേശമേൽ നിന്നും വീഴുന്ന ഒരു തരി മതി അവളുടെ മകൾക്ക് സൗഖ്യം ലഭിക്കുവാൻ എന്ന്. പുറം ജാതിക്കാരിയായ അവൾക്ക് മനസ്സിലായി എങ്കിലും സ്വന്തം കുടുംബത്തിന്ന് ഇന്നും മനസ്സിൽ കയറിയിട്ടില്ല. കൂടെ ഉണ്ടായിരുന്ന ശ്ലീഹന്മാർ പോലും അവനെ തിരിച്ചറിയാഞ്ഞിട്ടും അവൾ തിരിച്ചറിഞ്ഞു അവൻ ദാവീദിന്റെ സിംഹാസനത്തിൽ നിന്നുള്ള രാജാധി രാജൻ ആണെന്ന്. നീ ആരെന്നോ ഏതെന്നോ എന്ന ചോദ്യങ്ങൾ അല്ല ആർക്കും എപ്പോഴും അവൻ സമീപസ്ഥൻ ആണ്.
രണ്ടാം ചിന്തയിലേക്ക് വരുമ്പോൾ അവളുടെ സ്ഥിരോത്സവും വിശ്വാസവും നാം കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. ഒരു ഫലവത്തായ സംഭാഷണം അവിടെ നമുക്ക് കാണാം. അവളെ ഒഴിവാക്കണം എന്നാണ് ശിഷ്യന്മാർ പറഞ്ഞത് . എന്നാൽ അവളെ കേൾക്കുന്ന രക്ഷകനെ അവൾ കണ്ടു . അന്നത്തെ സാഹചര്യത്തിൽ അവൾക്ക് വലിയ ഒരു കടമ്പ തന്നെ ആയിരുന്നു യിസ്രായേൽ അവകാശം എന്ന് കരുതിയ ഇടത്ത് എത്തി ചേരുവാൻ. ജാതി വേറെ, മതം വേറെ ,രാജ്യം വേറെ, ഭാഷ വേറെ, തിരസ്കരിക്കപ്പെട്ട സമൂഹം ഇങ്ങനെ ഒഴിവാക്കപ്പെടുവാൻ ഉള്ള സാധ്യത ഏറിയിട്ടും തൻറെ ആവശ്യം ലഭിച്ചിട്ടേ പിന്നോട്ടുള്ളൂ എന്ന ദൃഢനിശ്ചയം അവളെ അവിടെ നിലനിർത്തി. ഒരു വിളിക്ക് ഉത്തരം കിട്ടിയില്ല എങ്കിൽ പിന്മാറുന്ന നമുക്ക് ഈ സ്ത്രീ എത്ര വലിയ പാഠം ആണ് നൽകുന്നത്. അർഹത ഉണ്ടായിട്ടും അർഹിക്കപ്പെട്ടത് നേടുവാൻ നമുക്ക് ആയിട്ടുണ്ടോ? നഷ്ടബോധം ജീവിതത്തിൽ നിന്ന് നീക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ? വിശ്വാസത്തിലൂടെ അടഞ്ഞ വാതിലുകൾ തുറക്കുവാനും അതിലൂടെ സാധ്യതകളുടെ സാഗരത്തിൽ എത്തപ്പെടുവാനും നമുക്ക് കഴിയണം. അറിയാഞ്ഞിട്ടല്ല പാലിക്കുവാനും അനുസരിക്കുവാനും ഉള്ള ഒരുക്കം ഇല്ലാത്തത് ആണ് നമ്മുടെ കുറവ്.
മൂന്നാമതായി അവൾക്ക് ലഭിക്കുന്ന സമ്മാനം എത്ര വലുതെന്ന് അറിയുക. ലോകപ്രകാരം വിലയിടുവാൻ പറ്റാത്ത ജീവനും സൗഖ്യവും അവളുടെ മകൾക്ക് ലഭിക്കുന്നു. ഒരു തരി മാത്രം മതി എന്ന് പറഞ്ഞവൾക്ക് മറ്റൊരാളെക്കാളും മറ്റാരെക്കാളും അവൻ നൽകുന്നു ; കാരണം ഒന്ന് മാത്രം അവളുടെ മങ്ങാത്ത വിശ്വാസം. അതിന്റെ ഫലമാണ് വിലയേറിയ സമ്മാനം. ദൈവം കാണില്ല , അവൻ തരില്ല എന്ന് പരിതപിക്കുന്ന നമുക്ക് ഈ സംഭവത്തെ എങ്ങനെ വിലയിരുത്തുവാൻ കഴിയും. അടഞ്ഞ വാതിലുകൾ തുറക്കുവാൻ ഈ സംഭവം നമുക്ക് മാതൃക ആക്കാം.
യായിറോസിൻ്റെ മകളെയും , അഴുകിയ ലാസറിനെയും ജീവൻ നൽകിയവന് നമ്മുടെ നിസ്സാര പ്രാർത്ഥനകൾ കേൾക്കാതിരിക്കാൻ കഴിയുമോ? അതിനാൽ ഈ നോമ്പിന്റെ ശിഷ്ടകാലം വിശ്വാസം എന്തെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാം. നമുക്ക് വേണ്ടി മാത്രമല്ല , നമ്മളിലൂടെ മറ്റുള്ളവർക്കും അത്ഭുതങ്ങൾ ലഭിക്കുവാൻ ഇടയാകട്ടെ. അതിന് വലിയ അനുഭവങ്ങൾ അല്ല അല്പം സമർപ്പണം അല്പം വിശ്വാസം അല്പം ജീവിത വിശുദ്ധി. ദൈവം നിഗളികളോട് എതിർക്കുന്നു ; താഴ്മ ഉള്ളവർക്കോ, അവൻ കൃപ നൽകുന്നു. 1 പത്രോസ് 5: 5
ദൈവം അനുഗ്രഹിക്കട്ടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
പ്രവചനങ്ങളെ അസ്ഥാനത്താക്കി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും.
രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറൽസെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സർക്കാരിൽ ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടി്‌ന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രകാശ് ജാവേക്കറാണ് അദ്ദേഹത്തിന്റെ പേര് കോര്‍കമ്മിറ്റി യോഗത്തെ അറിയിച്ചത്. മത്സരം ഒഴിവാക്കാന്‍ കോര്‍കമ്മിറ്റിയിലെ ധാരണയ്ക്കുശേഷം ഒരാളില്‍നിന്നുമാത്രമേ പത്രിക സ്വീകരിക്കാന്‍ സാധ്യതയുള്ളൂ എന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നുവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. നാലിനാണ് സൂക്ഷ്മപരിശോധന. ഒരാളേ പത്രികനല്‍കുന്നുള്ളൂവെങ്കില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷംതന്നെ പ്രസിഡന്റ് ആരാണെന്നറിയാം എന്ന സൂചനയും നേരത്തെതന്നെ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഇനി ഔദ്യോഗികപ്രഖ്യാപനമേ നടക്കേണ്ടതുള്ളൂ.
തിങ്കളാഴ്ച 11-ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് പ്രഖ്യാപന സമ്മേളനം. തിങ്കളാഴ്ച കേരളത്തിൽനിന്നുള്ള ദേശീയകൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുക്കുന്നുണ്ട്.
തമിഴ്നാട്ടിൽനിന്ന് 11 വർഷംമുൻപ് കാണാതായ യുവതിയെ തേടി ക്രൈംബ്രാഞ്ച് സംഘം പത്തനംതിട്ടയിൽ. കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിനി ധരിണി ഇവിടെയുമെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം അന്വേഷണം കേരളത്തിലേക്കുകൂടി വ്യാപിപ്പിച്ചത്.
2014 സെപ്റ്റംബർ 17-ന് കാണാതാകുമ്പോൾ ധരിണിക്ക് 38 വയസുണ്ടായിരുന്നു. അവിവാഹിതയാണ്. ഉയരം അഞ്ചടി ഏഴിഞ്ച്. വെളുത്തനിറം, കണ്ണടയുണ്ട്. വലത് കവിൾത്തടത്തിൽ അരിമ്പാറ എന്നിവയാണ് അടയാളങ്ങൾ. കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദധാരിയുമാണ് ധരിണി. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്ന സ്വഭാവമുള്ള ധരിണിക്ക് ആരാധനാലയങ്ങൾ സന്ദർശിക്കാൻ ഏറെ താത്പര്യപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
സ്കൂളിലോ കോളേജിലോ ട്യൂഷൻ സെന്ററിലോ ഇവർ ജോലി ചെയ്യാനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് തേടുന്നത്. 2015 ഫെബ്രുവരി 27-ന് ധരിണി ചെങ്ങന്നൂർ മുതൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വരെ സഞ്ചരിച്ചിരുന്നു എന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് തമിഴ്നാട്ടിൽനിന്നുള്ള അന്വേഷണസംഘം പത്തനംതിട്ടയിലെത്തിയത്. ജില്ലാ പോലീസിന്റെ സഹായവും തേടി.
തിരുപ്പൂർ, അവിനാശി, കോയമ്പത്തൂർ, കുമരത്താംപട്ടി എന്നിവിടങ്ങളിൽ ധരിണി മുൻപ് താമസിച്ചിരുന്നു. ഒന്നിലധികം ഇ-മെയിൽ ഐഡികളുള്ളയാളാണ്. എന്നാൽ പത്തനംതിട്ടയിലെത്തിയശേഷം ഇ-മെയിൽ വഴി യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ല. ഇ-മെയിൽ ഐഡികൾ ഒഴിവാക്കിയതായും സംശയമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇവർ ഇത്തരം അക്കൗണ്ടുകൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല.
ധരിണിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ക്രൈംബ്രാഞ്ച് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരംലഭിക്കുന്നവർ കോയമ്പത്തൂർ സിറ്റി ക്രൈംബ്രാഞ്ച് സിഐഡി വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
ആശങ്കകള്‍ക്ക് വിട നല്‍കി നീണ്ട 37 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച (മാര്‍ച്ച് 23) ഡിസ്ചാര്‍ജ് ആകും. ഉച്ചയ്ക്ക് 12 ന് ജെമെല്ലി ആശുപത്രിക്ക് പുറത്ത് മാര്‍പാപ്പ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും. അദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും അനുഗ്രഹം നല്‍കുകയും ചെയ്യും. ശേഷം വത്തിക്കാനിലേക്ക് മടങ്ങുമെന്ന് ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു.
മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. മാര്‍പാപ്പ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ട് മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ആഴ്ചകള്‍ക്ക് ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയതായി വത്തിക്കാന്‍ സ്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 14 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മാര്‍പാപ്പയുടെ ആദ്യ പൊതുദര്‍ശനമാണിത്. മാത്രമല്ല ഒരു മാസത്തിലധികം ആശുപത്രിയില്‍ ആയിരുന്നിട്ടും, മാര്‍പാപ്പ തന്റെ കര്‍ത്തവ്യങ്ങളില്‍ സജീവമായിരുന്നു. അദേഹം വിശ്വസികള്‍ക്ക് സന്ദേശങ്ങള്‍ അയച്ചു, വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു, തനിക്ക് ലഭിച്ച പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതിനായി മാര്‍ച്ച് ആറിന് ഒരു ശബ്ദ സന്ദേശവും പുറത്ത് വിട്ടിരുന്നു. മാര്‍പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12-ാം വാര്‍ഷികം ആഘോഷിച്ചതും ആശുപത്രിവാസ കാലത്തായിരുന്നു.
വലിയ ആശങ്കകളിലൂടെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിശ്വാസി സമൂഹം കടന്നുപോയത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ മാര്‍പാപ്പയുടെ സൗഖ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളിലായിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജപമാലയര്‍പ്പണമടക്കം നടത്തിയിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് മാര്‍പാപ്പ നന്ദി അറിയിച്ചിരുന്നു. എത്രയും വേഗം അദേഹം സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയും വത്തിക്കാന്‍ വക്താവ് പങ്കുവച്ചിരുന്നു.
വത്തിക്കാന്‍ മീഡിയ അതിന്റെ യൂട്യൂബ് ചാനലിലൂടെ മാര്‍പാപ്പയുടെ ആശംസയുടെയും അനുഗ്രഹത്തിന്റെയും തത്സമയ സംപ്രേക്ഷണം നല്‍കും.
പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വര്‍ഷം, ഒന്‍പത് മാസം തടവ്, ആറാം പ്രതി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവ് എന്നിങ്ങനെയാണ് ശിക്ഷ. മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്.
പ്രതികള്‍ പിഴയും ഒടുക്കണം. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി കണ്ടെത്തിയിരുന്നു. ഒന്‍പത് പ്രതികളെ വെറുതെവിട്ടു.
2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂര്‍ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസുകളില്‍ ഒന്നാണ് ഷാബ ഷെരീഫ് കേസ്.
2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിച്ചു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമര്‍ദനം തുടര്‍ന്നു.
മര്‍ദനത്തിനിടെ 2020 ഒക്ടോബര്‍ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.
മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. തലമുടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെയാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ വിസ്തരിച്ചിരുന്നു.
ലണ്ടൻ: ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) സംഘടിപ്പിക്കുന്ന ഇഫ്‌താർ മീറ്റ് മാർച്ച് 23 ന് ക്രോയിഡോണിലെ ലണ്ടൻ റോഡ് തോന്റൻഹീത്ത് കെസിഡബ്ല്യൂഎ ഹാളിൽ (CR76AR) നടക്കും. ഐഒസി നാഷണൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ഗുർമിന്ദർ രൺധാവ മുഖ്യ അഥിതിയായി പങ്കെടുക്കുന്ന ചടങ്ങിൽ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയൽ അധ്യക്ഷനാകും. വൈകിട്ട് 5 മണി മുതൽ നടക്കുന്ന സംഗമത്തിൽ കെ.മുനീർ മൗലവി, റവ. സോജു എം തോമസ് എന്നിവർ ഉൾപ്പടെ യുകെയുടെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റ് അശ്വതി നായർ പറഞ്ഞു.
മനുഷ്യ മനസുകളെ കോർത്തിണക്കാനും സമൂഹത്തിൽ സ്‌നേഹവും സൗഹാർദ്ദവും നിലനിർത്താനുമാണ് ഇത്തരം ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് അബ്ദുള്ള, അപ്പ ഗഫൂർ, ജോർജ്ജ് ജോസഫ് എന്നിവർ പറഞ്ഞു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
സുജു കെ. ഡാനിയേൽ – +447872129697, അശ്വതി നായർ – +447305815070, അഷ്‌റഫ് അബ്ദുള്ള – +447868519721, അപ്പ ഗഫൂർ – +447534499844, ജോർജ് ജോസഫ് – +447954414478 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ഇഫ്താർ മീറ്റ് നടക്കുന്ന ഹാളിന്റെ വിലാസം : KCWA TRUST HALL, 505 LONDON ROAD, THORNTON HEATH, CR7 6AR
തിങ്കളാഴ്ച യുകെയിലേയ്ക്ക് പോകുന്ന സഹോദരിയെ യാത്രയാക്കാന്‍ ഭര്‍ത്താവുമൊത്ത് വീട്ടിലേക്ക് വരുന്ന വഴി വാഹനാപകടത്തിൽ യുവതി മരണമടഞ്ഞു . എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍ എല്‍ദോസ് ബി.വര്‍ഗീസിന്റെ ഭാര്യ ലീനു എല്‍ദോസ്(35)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. തൊടുപുഴയില്‍ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തിനിടയാക്കിയത്. യുകെയിലേക്ക് പോകുന്ന ലീനുവിന്റെ സഹോദരിയെ യാത്രയാക്കാന്‍ ഭര്‍ത്താവുമൊത്ത് പട്ടാഴിയിലെ കുടുംബ വീട്ടിലേക്ക് വരുന്ന വഴിക്കായിരുന്നു അപകടം.
അപകടത്തെ തുടർന്ന് ഗുരുതരമായ പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്‌കൂട്ടറിനെ മറികടന്നു വന്ന ബസിന്റെ പിന്‍ഭാഗം തട്ടി ലീനു ബസിനടിയിലേക്ക് വീഴുകയായിരുന്നു. എല്‍ദോസിന് നിസ്സാര പരുക്കേറ്റു. മസ്‌കറ്റില്‍ നേഴ്‌സായി ജോലി ചെയ്യുന്ന ഇരുവരും രണ്ടാഴ്ച മുന്‍പാണ് അവധിക്ക് നാട്ടില്‍ വന്നത്. പട്ടാഴി മീനം സ്വാമി നഗറില്‍ സായകത്തില്‍ ജയകുമാറിന്റെയും ലീലാമണിയുടെയും മകളാണ് ലീനു.
ജീവിതത്തിന്റെ എല്ലാവാതിലുകളും അടഞ്ഞപ്പോൾ തന്റെ രണ്ടുപെൺമക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരിൽ ട്രെയിനിനു മുൻപിൽ ജീവൻ വെടിഞ്ഞ ചുങ്കം സ്വദേശി ഷൈനിയുടെ തൊടുപുഴ , ചുങ്കം ,തട്ടാരത്തട്ട പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്നും കടം എടുത്ത തുകയിൽ ബാക്കിയായ 95,225 രൂപ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നൽകാമെന്ന് ഞങ്ങൾ അവരെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ യൂണിറ്റിന്റെ പ്രസിഡന്റ് അശ്വതി അജിമോൻ അയച്ചു തന്ന ഷൈനിയുടെ കടവിവരണ ലെറ്റർ താഴെ പ്രസിദ്ധികരിക്കുന്നു ദയവായി സഹായിക്കുക .
ഷൈനി ചുങ്കത്തുനിന്നും ഏറ്റുമാനൂരിലെ വീട്ടിലേക്കു പോകുന്നതിനു മുൻപ് നോബിയുടെ കുടുംബത്തിനു വേണ്ടി വാങ്ങിയ പണം തിരിച്ചടക്കാൻ നോബിയുടെ കുടുംബം തയ്യാറാകാതിരിക്കുകയും അതിനു ശേഷം കുടുംബ ശ്രീ പ്രസിഡന്റ് ഷൈനിയോട് സംസാരിക്കുന്ന വോഡിയോ നിങ്ങൾ കേട്ടിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു ,ഈ കടവും ഷൈനിയുടെ മരണത്തിനു കാരണമായിട്ടുണ്ട്. അതുകൊണ്ടു പാവപ്പെട്ട കുടുംബശ്രീക്കാരുടെ പണം നഷ്ടപ്പെടാതിരിക്കാനാണ് ഞങ്ങൾ ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങിയത് . ദയവായി സഹായിക്കുക .
നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടിൽ ;നൽകുക .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
കോട്ടയം പാലായിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. ആണ്ടൂർ സ്വദേശികളായ സഹോദരങ്ങൾ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിൽ വെച്ചാണ് ഇടിമിന്നലേറ്റത്.
സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലേറ്റ് അപകടങ്ങൾ കൂടുന്നതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ അപകടകാരികളാണെന്നും കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻ കരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.