Latest News

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സാമൂഹിക മാധ്യമതാരം അറസ്റ്റില്‍. മീഡീയ ഇന്‍ഫ്‌ളുവന്‍സറും ഡിജിറ്റല്‍ ക്രീയേറ്ററുമായ ആലപ്പുഴ ഇരവുകാട് സ്വദേശി ഹാഫിസ് സജീവിനെ(തൃക്കണ്ണന്‍- 24)യാണ് ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.

നിയമവിദ്യാര്‍ഥിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. റീല്‍സ് ചിത്രീകരണത്തിനായി യുവാവിന്റെ ആലപ്പുഴ ഇരവുകാടുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്ത് ഒട്ടേറേ ആരാധകരുള്ള ഇയാള്‍ക്ക് 3.65 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. സമാനമായ രീതിയില്‍ മറ്റ് പെണ്‍കുട്ടികളെയും പീഡിപ്പിച്ചതായി മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മാരക ലഹരി വിപത്തിനെതിരെ പാലായില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ലഹരി വ്യാപനത്തെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവര്‍ത്തനങ്ങളെപ്പറ്റിയും പി.സി ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വിലയിരുത്തി. അതിന്‍മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയമാണ്.

ലഹരിയെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ സംബന്ധിച്ചും നിരന്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. പ്രണയക്കെണികള്‍ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലഹരിയില്‍ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു.

കൂടാതെ സംസ്ഥാനത്ത് വന്‍തോതില്‍ സ്‌ഫോടക വസ്തു ശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്ക്കുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നതായും കമ്മീഷന്‍ വിലയിരുത്തി.

മതരാഷ്ട്ര വാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരന്‍മാര്‍ക്കും കടമയുണ്ട്. അതിനാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ന്യായീകരിക്കാതെ രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയെയും പൗരന്‍മാരുടെ സമാധാന ജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്.

പി.സി ജോര്‍ജ് ഉന്നയിച്ച വിഷയങ്ങളില്‍ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതിയാണെന്ന് വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. കെപിസിസി സംഘടിപ്പിച്ച ഗുരു – ഗാന്ധി സംഗമ ശതാബ്‌ദിയോട് അനുബന്ധിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്രം വിസ്മരിക്കാനുള്ളതാണെന്ന ചിന്താഗതി കേരളത്തിലും വളരെയധികം പേരെ സ്വാധീനിക്കുന്നു. ഇന്നുള്ളവർ മാത്രം മതി നാളെ എന്തുമാകട്ടെ എന്നതാണ് ഉദാരവത്കരണ കാലത്തെ തിയറി. രണ്ടു രാജ്യത്ത് അംബാസിഡർ ആയാലും വിശ്വപൗരൻ എന്ന് വിളിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥൻ ആയിരുന്നാൽ വിശ്വപൗരനാകില്ല. രാഷ്ട്രീയക്കാരൻ ആയാൽ സത്യം പറയാനാകാത്ത അവസ്ഥയാണ്. ഇത് ഒരു പാർട്ടിയുടെ മാത്രം കാര്യമല്ല. താൻ സിപിഎമ്മിനെ വിമർശിക്കില്ല. വർഗ്ഗ സമരം തെറ്റാണെന്ന് പറയാനാകില്ല. സോഷ്യലിസം വിഭാവനം ചെയ്ത യുഎസ്‌എസ്‌ആർ തകർന്നു. എന്നാൽ മാർക്‌സിസമെന്ന കാഴ്ചപ്പാട് തെറ്റല്ല. താൻ കെപിസിസി പരിപാടിയിൽ വലിയ പബ്ലിസിറ്റിയാണ് ലഭിക്കുന്നത്. എന്നാൽ താൻ മാത്രമല്ല പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച പരിപാടിയിലാണ് ജി സുധാകരൻ സംസാരിച്ചത്. സെമിനാർ ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് സംസാരിച്ചത്. കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരനെന്നും നിയമസഭയിൽ ഉപദേശം നൽകിയ ജേഷ്ഠ സഹോദരനാണ് സി.ദിവാകരനെന്നും സതീശൻ പറഞ്ഞു.

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ്: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ തീർത്ഥയാത്രയിൽ മാനസ്സിക നവീകരണത്തിനും, അനുതാപത്തിലൂന്നിയ അനുരഞ്ജനത്തിനും ഒരുക്കമായി ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ സഭാംഗവും, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഫിനാൻസ് ഓഫിസറുമായ ഫാ.ജോ മൂലച്ചേരി വി.സി ആണ് വിശുദ്ധവാര ധ്യാനവും, തിരുവചന പ്രഘോഷണവും നയിക്കുന്നത്.


ഗ്രെയ്റ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനിൽ സംഘടിപ്പിക്കുന്ന നോമ്പുകാല ദ്വിദിന ധ്യാനത്തിലും, തിരുവചന ശുശ്രുഷയിലും, തിരുക്കർമ്മങ്ങളിലും പങ്കു ചേർന്ന് ക്രിസ്തുവിന്റെ പീഡാ-സഹന വീഥിയിലൂടെ ചേർന്ന് ചരിക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും പ്രാപിക്കുവാനും മാനസ്സികമായ നവീകരണവും ആത്മീയമായ ഒരുക്കവും പ്രദാനം ചെയ്യുന്ന ശുശ്രുഷകൾ ആവും ബെഡ്ഫോർഡിൽ ക്രമീകരിക്കുക.

മാർച്ച് പതിനഞ്ചിനു ശനിയാഴ്ച രാവിലെ 10:00 മുതൽ വൈകുന്നേരം 16:00 വരെയും, പതിനാറിന് ഞായറാഴ്ച വൈകുന്നേരം മൂന്നു മണിമുതൽ എട്ടു മണിവരെയുമാണ് ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തിൽ ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകന്റെ സ്മരണയിൽ ആയിരിക്കുവാനും അവിടുത്തെ കൃപയും കരുണയും അനുഭവിക്കുവാനും ഏവരെയും നോമ്പുകാല ധ്യാന ശുശ്രുഷയിലേക്ക്, മിഷൻ പ്രീസ്റ്റ് ഫാ.എൽവിസ് ജോസ് കോച്ചേരിയും (എംസിബിസ്), പള്ളിക്കമ്മിറ്റിയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

March 15th Saturday: 10:00 AM – 16:00 PM – Our Lady of Catholic Church,Opp. Sainsbury’s Kempton. MK42 8QB

March 16th Sunday: 15:00 PM – 20:00 PM Christ The King Catholic Church, Harrowden Road, Bedford, MK42 9SP

ശിവഗിരി മഠംത്തിന്റെയും ശിവഗിരി ആശ്രമം യു കെ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 2, 3, 4 തിയതികളിൽ ഇംഗ്ളണ്ടിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു ഹാർമണി 2025 ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഉദ്‌ഘാടനം ചെയ്യും.

ശ്രീനാരായണ ഗുരുദർശനങ്ങളുടെ ആഗോള വ്യാപനം ലക്ഷ്യമിട്ട്, ഇഗ്ലണ്ടിൽ വച്ച് നടക്കുന്ന ഈ മഹാസമ്മേളനം നിരവധി പ്രമുഖരെയും ആഗോള തലത്തിലെ തത്വചിന്തകരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ശിവഗിരി ധർമ്മസംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ മുഖ്യരക്ഷാധികാരിയായിയും കെ ജി ബാബുരാജൻ (പ്രവാസി ഭാരതിയ സമ്മാൻ അവാർഡ് ) ചെയർമാനായും ഓർഗനൈസിംഗ് കമ്മറ്റി സെക്രട്ടറി സ്വാമി വീരേഷ്വരാനന്ദ എന്നിവർ അടങ്ങുന്ന കമ്മറ്റിക്ക് രൂപം കൊടുത്തു, സമത്വം, സമാധാനം എന്നീ മൂല്യങ്ങൾ ലോകത്താകമാനം പ്രചരിപ്പിക്കുക എന്നതാണ് ഈ ഹാർമണിയുടെ പ്രധാന ലക്ഷ്യം.

സാംസ്കാരിക, സാമൂഹ്യ, മതേതര മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സമ്മേളനത്തിൽ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, വ്യവസായ, സന്നദ്ധ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗുരുദർശനങ്ങളിൽ വിശ്വാസമുള്ളവർ പങ്കെടുക്കുന്ന ഈ സമ്മേളനം ആഗോള തലത്തിൽ സമാധാനവും ധാർമ്മികതയും പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യം മുൻനിർത്തി മതസൗഹാർദ്ദവും മാനവീയതയും ഉന്നതരാക്കുന്നതിനായി വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള ആഗോള നേതാക്കളെ അണിനിരത്തുന്ന സർവ്വമത സമ്മേളനം ഹാർമണിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരിക്കും. എല്ലാ മതങ്ങളിലും നിലനിൽക്കുന്ന ഏകത്വ സന്ദേശം ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

മഹാത്മാ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തമ്മിൽ 1925-ൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ 100-ാം വാർഷികം ഹാർമണിയിൽ ഉറ്റുനോക്കുന്ന ഒരു പ്രധാന ഘട്ടമാണ്. ഈ സന്ദർഭത്തിൽ സാമൂഹിക നവോത്ഥാനവും സമത്വവുമെങ്ങനെയാണ് രണ്ടുപേരും പ്രചരിപ്പിച്ചതെന്നതിനെക്കുറിച്ച് വിവിധ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടും.

ആഗോള തലത്തിൽ വ്യവസായ മേഖലയിൽ അതുല്യ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങൾക്കും സ്ഥാപനങ്ങൾക്കും ആദരവിനുള്ള അന്താരാഷ്ട്ര ബിസ്നസ് അവാർഡ് നൈറ്റ്‌ ഈ സമ്മേളനത്തിൻ്റെ പ്രധാന ഭാഗമായിരിക്കും.

ഈ മഹത്തായ ചടങ്ങിൽ പങ്കെടുത്ത് ശ്രീനാരായണ ഗുരുവിന്റെ ആത്മീയ സന്ദേശം ലോകവ്യാപകമാക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ശിവഗിരി ആശ്രമം യു കെ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://sevanamuk.com/book-ticket-public/11/

കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 25 ശതമാനം തീരുവ ഈടാക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യു.എസ് വ്യക്തമാക്കിരിക്കുന്നത്.

യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് ഒന്റാറിയോ പ്രവിശ്യ 25 ശതമാനം തീരുവ ചുമത്തിയതിനുള്ള തിരിച്ചടിയായാണ് ട്രംപ് നികുതി ചുമത്തിയിരിക്കുന്നത്. മുമ്പ് നിശ്ചയിച്ചിരുന്നതില്‍ നിന്ന് 25 ശതമാനം കൂടി വര്‍ധിപ്പിച്ച നികുതി കാനഡയില്‍ നിന്ന് വരുന്ന ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചുമത്താന്‍ വാണിജ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ബുധനാഴ്ച മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരുത്തണമെന്നും ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യു.എസ് പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ ചുമത്തുന്ന 250 മുതല്‍ 390 ശതമാനം വരെയുള്ള തീരുവകള്‍ അങ്ങേയറ്റം കര്‍ഷക വിരുദ്ധമാണ്. ഇത് എത്രയും പെട്ടെന്ന് കുറയ്ക്കാന്‍ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നാളുകളായി ഈടാക്കുന്ന അമിത നികുതികള്‍ കാനഡ ഒഴിവാക്കിയില്ലെങ്കില്‍ അമേരിക്കയിലേക്ക് വരുന്ന കാറുകളുടെ നികുതി ഏപ്രില്‍ രണ്ട് മുതല്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് കാനഡയ്ക്ക് താക്കീത് നല്‍കി.

കാനഡ, മെക്സികോ തുടങ്ങിയ മേഖലയില്‍ നിന്നെത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ഓഹരി വിപണിയെ മോശമായി ബാധിച്ച സാഹചര്യത്തില്‍ നടപടി നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഏപ്രില്‍ രണ്ടിന് ശേഷം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ ഈടാക്കുന്ന തീരുവ തിരിച്ചും ഈടാക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഇതേതുടര്‍ന്ന് യു.എസ് ഉല്‍പന്നങ്ങള്‍ക്കും അധിക തീരുവ ചുമത്തുമെന്ന തീരുമാനവുമായി മുന്നോട്ടുപോകില്ലെന്നും എല്ലാ തീരുവകളും ഒഴിവാക്കുന്നതിനായി തങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കനേഡിയന്‍ ധനകാര്യ മന്ത്രി ഡൊമനിക് ലെബ്ലാങ്ക് വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധ കുടിയേറ്റം, ലഹരിമരുന്ന് കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും യു.എസ് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്.

കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നഴ്‌സിംഗ് ട്രെയിനിയായ യുവാവ് പോലീസിന്റെ പിടിയിലായി. മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫിനെ ഗാന്ധിനഗര്‍ പേലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് ബി എസ് സി നഴ്സിംഗ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്.

ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പത്തും പതിമൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് ദമ്പതിമാർ. ഹൈദരാബാദിലെ സ്വകാര്യ കോളേജിലെ അധ്യാപകനായിരുന്ന ചന്ദ്രശേഖര്‍ റെഡ്ഡി (44), ഭാര്യ കവിത (35) എന്നിവരാണ് മക്കളെ കൊന്നശേഷം ജീവനൊടുക്കിയത്. കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

നാല് പേരുടേയും മൃതദേഹത്തിന് അരികില്‍നിന്ന് തെലുങ്കില്‍ എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. ‘എനിക്ക് വേറെ വഴിയില്ല. ജീവിതം അവസാനിപ്പിക്കുകയാണ്. ദയവായി എന്നോട് ക്ഷമിക്കൂ. മാനസികമായും ശാരീരികമായും ഞാന്‍ കഷ്ടപ്പെടുകയാണ്. ജോലിയിൽ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹവും വൃക്കസംബന്ധമായ രോഗങ്ങളും പിടിമുറുക്കിയിരിക്കുന്നു.’ ചന്ദ്രശേഖര്‍ റെഡ്ഡി എഴുതിയ കുറിപ്പില്‍ പറയുന്നു. ജൂനിയര്‍ ലക്ചററായി ജോലി ചെയ്തിരുന്ന ചന്ദ്രശേഖറിന് 2023-ല്‍ ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ പറയുന്നു.

ഹബ്‌സിഗുദയിലെ വീടിന്റെ മൂന്നാം നിലയിലാണ് ചന്ദ്രേശഖറും കുടുംബവും താമസിച്ചിരുന്നത്. വ്യത്യസ്ത റൂമുകളിലാണ് ചന്ദ്രശേഖറിന്റേയും കവിതയുടേയും മൃതദേഹങ്ങളുണ്ടായിരുന്നത്. കുട്ടികളുടെ മൃതദേഹങ്ങള്‍ അവരുടെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് അയല്‍വാസികള്‍ സംഭവം പോലീസിനെ അറിയിക്കുന്നത്. ആരേയും വീടിന് പുറത്ത് കാണത്തതിനെ തുടര്‍ന്നാണ് സമീപവാസികള്‍ പോലീസിനെ വിളിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

മകള്‍ ശ്രീത റെഡ്ഡി പ്ലസ് വണ്ണിനും മകന്‍ വിശ്വന്‍ റെഡ്ഡി അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. തെലങ്കാനയിലെ കല്‍വകുര്‍തി സ്വദേശികളാണ് ചന്ദ്രശേഖറും കവിതയും. ഇരുവരുടേയും കുടുംബം ഇപ്പോള്‍ ഹൈദരാബാദിലാണ് താമസിക്കുന്നത്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കഴിഞ്ഞ ഏറെ വർഷക്കാലം പൂഞ്ഞാറില്‍ എംഎല്‍എ ആയിരുന്ന പി.സി ജോർജ് രണ്ട് പ്രാവശ്യം മാത്രമാണ് പുഞ്ഞാറില്‍ പരാജയപ്പെട്ടത്. ഒന്ന് മുൻ മന്ത്രി എൻ.എം ജോസഫിനോടും, മറ്റൊന്ന് കഴിഞ്ഞ തവണ എല്‍.ഡി.എഫിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനോടും.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പി.സി ജോർജ് യു.ഡി.എഫിലും എല്‍.ഡി.എഫിലും ഇല്ലാതെ സ്വതന്ത്രനായാണ് പൂഞ്ഞാറില്‍ മത്സരിച്ചത്. ഇങ്ങനെ സ്വതന്ത്രനായി മത്സരിച്ച ഒരു തെരഞ്ഞെടുപ്പില്‍ പി.സിയ്ക്ക് വിജയം നുണയാൻ അവസരം കിട്ടിയെങ്കില്‍ ഒരു തെരഞ്ഞെടുപ്പില്‍ പരാജയം നുണയാൻ ആയിരുന്നു വിധി.

വർഗീയ പരാമർശത്തെ തുടർന്ന് ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങള്‍ തിരിച്ചടിച്ചതിനെത്തുടർന്നാണ് പി.സി ജോർജിന് പരാജയം നേരിടേണ്ടി വന്നത്. ഒരിക്കല്‍ സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ഇടതു സ്ഥാനാർത്ഥി പിടിച്ചതിലധികം വോട്ടുകളായിരുന്നു പി.സി ജോർജിൻ്റെ ഭൂരിപക്ഷം . ഇതിന് സഹായിച്ചത് പൂഞ്ഞാറ്റിലെ മുസ്ലിം വോട്ടർമാരായിരുന്നു . ഇത് മറന്നു കൊണ്ട് പി.സി ജോർജ് വർഗീയ പരാമർശം നടത്തി മുസ്ലിം സമൂദായത്തിൻ്റെ വെറുപ്പ് സമ്പാദിച്ചതാണ് കഴിഞ്ഞ തവണ പി.സി.ജോർജിന് ഏറ്റ വമ്പൻ പരാജയത്തിന് കാരണമെന്നാണ് പറയുന്നത്.

യു.ഡി.എഫിലും എല്‍.ഡി.എഫിലുമായി പി.സി.ജോർജ് മാറി മാറി മത്സരിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് കെ.എം. മാണിയെ സഹായിക്കാനും ജോർജിനെ തോല്‍പ്പിക്കാനും ആണ് അവിടുത്തെ കത്തോലിക്കാ സഭയും ബിഷപ്പുമാരും അച്ചന്മാരും ഒക്കെ തീരുമാനിച്ചതും പ്രവർത്തിച്ചതുമെന്ന് ആക്ഷേപമുണ്ട്. അന്ന് പി.സി ജോർജിനെ അടി തെറ്റാതെ കാത്ത മുസ്ലിം സമുദായത്തെ മറന്നുകൊണ്ട് ബി.ജെ.പി യെ തൃപ്തിപ്പെടുത്താൻ അദേഹം നടത്തിയ പ്രസ്താവനകളാണ് ജോർജ് എന്ന രാഷ്ട്രീയത്തിലെ അതികായകനെ വീഴ്ത്തിയതെന്ന് നിസംശയം പറയാം. ഇന്ന് പി.സി.ജോർജ് ബി.ജെ.പി പാളയത്തിലാണ്.

ഇനി പി.സി ജോർജ് ആരുടെയും പിന്തുണയിലും പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചാലും വിജയസാധ്യത ‘ കുറവാണ്. അത്രമാത്രം ഉണ്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിൻ്റെ എതിർപ്പ്. ഇതിനെ ഉടനെയെങ്ങും പി.സി ജോർജിന് മറികടക്കാനാവുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറിയുള്ള ഒരു പരീക്ഷണത്തിനാകും പി.സി ജോർജ് ശ്രമിക്കുക. അത് കാഞ്ഞിരപ്പള്ളിയോ, പാലായോ, ഇതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

പാലായില്‍ പി സി ജോർജിൻ്റെ അടുത്ത സുഹൃത്ത് മാണി സി കാപ്പൻ തന്നെ ആയിരിക്കും അടുത്ത തവണയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി വരിക എന്ന് ഉറപ്പാണ്. മറുവശത്ത് എല്‍.ഡി.എഫില്‍ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളത് പി.സി.ജോർജിൻ്റെ ബദ്ധ വൈരിയായ ജോസ് കെ മാണിയും. പി.സി ജോർജ് പാലായില്‍ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തിയാല്‍ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ വോട്ടില്‍ ആയിരിക്കും വിള്ളല്‍ വീഴ്ത്തുക. ഇത് ജോസ് കെ മാണിയുടെ വിജയത്തില്‍ കലാശിക്കാം. അതുകൊണ്ട് പാലായില്‍ ഒരു മത്സരത്തിന് പി.സി ജോർജ് തുനിയുമെന്ന് തോന്നുന്നില്ല.

പി.സി ജോർജിന് ഇവിടെ വിജയിക്കാൻ പറ്റിയില്ലെങ്കില്‍ ജോസ് കെ മാണിയ്ക്ക് തന്നെയാകും ഇവിടെ വിജയ സാധ്യത. അതുകൊണ്ട് അത്തരമൊരു ഭാഗ്യ പരീക്ഷണത്തിന് ജോർജ് തുനിയുമോ എന്ന കാര്യം സംശയമാണ്. ഇവിടെ മുസ്ലിം വിരോധം ഭയക്കേണ്ട കാര്യമില്ല എന്നതും സത്യമാണ്. ഇവിടെ ക്രൈസ്തവ വോട്ടർമാരാണ് കൂടുതലും. പരമ്പരാഗതമായി ഇവിടുത്തെ ക്രൈസ്തവർ യു.ഡി.എഫിന് ആണ് വോട്ടുചെയ്യുന്നത്. പി.സി ജോർജ് ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായി വന്നാല്‍ അതിനെ കത്തോലിക്കാ സഭാ പിന്തുണച്ചാല്‍ വിജയ സാധ്യത കൂടുതല്‍ എല്‍.ഡി.എഫിന് ആയിരിക്കും.

പിന്നെ മത്സരിക്കാൻ പറ്റുന്നത് കാഞ്ഞിരപ്പള്ളിയാണ്. ശരിക്കും കത്തോലിക്ക സമുദായംഗങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന മേഖലയാണ് കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി രൂപതയുടെയും ബിഷപ്പ് ഹൗസിൻ്റെയും ഒക്കെ പിന്തുണ പി.സി ജോർജ് കാഞ്ഞിരപ്പള്ളില്‍ ബി.ജെ.പി സ്ഥാനാർത്ഥി ആയി എത്തിയാല്‍ നേടാനാകും. കേരളാ കോണ്‍ഗ്രസ് വോട്ടുകളിലും പി.സി ജോർജിന് വിള്ളല്‍ ഉണ്ടാക്കാനാകും. പഴയ വാഴൂർ നിയമസഭാ മണ്ഡലം ഇല്ലാതായി അത് കാഞ്ഞിരപ്പള്ളിയില്‍ ലയിച്ചതാണ് പുതിയ കാഞ്ഞിരപ്പള്ളി നിയമസഭാ നിയോജകമണ്ഡലം. വാഴൂർ പോലെയുള്ള സ്ഥലങ്ങളില്‍ ഹൈന്ദവർക്കും നിർണ്ണായക സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ബി.ജെ.പി യും സംഘടിത ശക്തിയാണ്.

മുസ്ലിം വോട്ടർമാരില്‍ ചെറിയൊരു വിഭാഗമേ ഇവിടെയുള്ളു. അതുകൊണ്ട് തന്നെ പി.സി ജോർജിന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചാല്‍ വിജയസാധ്യതയുള്ള ഏക മണ്ഡലം കാഞ്ഞിരപ്പള്ളിയാണെന്ന് പറയാം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ കാര്യത്തിലുള്ള പി.സി ജോർജ് നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തെ സഭയ്ക്കും സ്വീകാര്യനാക്കിയിട…

പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. 20 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് സംഭവം.

പാക്കിസ്ഥാൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ‌ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. ഒരു തുരങ്കത്തിനടുത്തു വച്ചാണ് ആയുധധാരികളായവർ ട്രെയിന്‍ തടഞ്ഞത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിനിനു നേരെ വെടിവയ്പ്പുണ്ടായതായും വിവരമുണ്ട്.

ബലൂചിസ്ഥാന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര സേവനങ്ങള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ്. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്.

RECENT POSTS
Copyright © . All rights reserved