ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് മാന്‍ പിടിയില്‍. ആര്‍.ജി. വയനാടന്‍ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനെയാണ് ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവും പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു.
എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും നടപടിയില്‍ പങ്കെടുത്തു.
ഫാ. ഹാപ്പി ജേക്കബ്ബ്
ദൈവസാന്നിധ്യം അനന്തമായ സാധ്യതകൾ നൽകുന്ന വിരുന്നാണ് ; നോമ്പോ അതിലേക്കുള്ള മാർഗ്ഗവും. ഈ വസ്തുത വളരെ നല്ലവണ്ണം മനസ്സിലാക്കിയിട്ടുള്ള വരുമാണ് നാം ഓരോരുത്തരും. അവിശ്വസിക്കുന്ന തരത്തിലുള്ള വാർത്തകളാണല്ലോ ഓരോ പ്രഭാതവും നൽകിക്കൊണ്ടിരിക്കുന്നത് . എന്തായിരിക്കാം കാരണം. മാനസിക വിഭ്രാന്തിയായോ, ലഹരി ഉപയോഗമായോ എന്ന് ഒക്കെ വർണ്ണിച്ച് നമ്മെ തന്നെ ഉന്നത ബോധ അവസ്ഥയിൽ എത്തിച്ച് നിർവൃതിയായി അടുത്ത സംഭവത്തിലേക്ക് ശ്രദ്ധ തിരിക്കുന്നവരാണ് നാം. എന്നാൽ നാമും നമ്മുടെ സംസ്കാരവും നമ്മുടെ നാടും ഇങ്ങനെ ആയിരുന്നില്ലല്ലോ. പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ. പ്രാർത്ഥനാപൂർവ്വം ചിന്തിക്കുക, ഉത്തരം ബോധ്യമായാൽ പാലിക്കുക.
ഒരു പട്ടണത്തിലൂടെ കടന്നുപോകുന്ന കത്തൃസന്നിധിയിൽ ശരീരം ആസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ “കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് പറഞ്ഞു. കർത്താവ് അവനെ തൊട്ടു . അവന് സൗഖ്യം വന്നു. ലൂക്കോസ് 5 :12 – 13.
1 . സ്വയത്തെ മനസ്സിലാക്കാത്ത ജനത.
നമ്മുടെ ദൃഷ്ടി പലപ്പോഴും കാഴ്ച മാത്രമല്ല കാണരുതാത്തവയും നൽകുന്നതാണ്. എന്നാൽ വേണ്ടുന്നതും വേണ്ടാത്തതും വേർതിരിപ്പാനും കാണേണ്ടത് കാണുവാനും ദൈവം നമുക്ക് ജ്ഞാനം നൽകിയിട്ടുണ്ട്. എന്നാൽ പാപബോധം പോലും വരാതെ അധമ ചിന്തകളും പ്രവർത്തികളും നമ്മെ ഭരിച്ചിട്ടും തിരിച്ചറിയുവാൻ പോലും കഴിയാതെ വരുന്നതല്ലേ ഇന്നിന്റെ ശാപം. അന്ധകാരം മൂടപ്പെട്ടു എന്നിട്ടും പ്രകാശത്തെ അന്വേഷിക്കുന്നില്ല. മണ്ണ് കൊണ്ടാണ് ശരീരം മെനഞ്ഞതെങ്കിലും ആത്മാവ് ദൈവത്തിൻറെ വകയാണ് എന്ന് തിരിച്ചറിയാത്ത തലമുറ. ഇവൻ ശരീരം മുഴുവൻ കുഷ്ഠം നിറഞ്ഞിട്ടും, സമൂഹം ആട്ടിയോടിച്ചിട്ടും, സാമൂഹിക ജീവിതം നിഷേധിച്ചിട്ടും, കുടുംബം ഒഴിവാക്കിയിട്ടും അവൻ നിലനിന്നു. ജീവിതം അവസാനിപ്പിക്കുവാൻ അവന് തോന്നിയില്ല. കാരണം അവൻറെ അന്തരംഗം പ്രകാശമുള്ളതായിരുന്നു. പ്രതീക്ഷയുടെ തിരുനാളം അവനുണ്ടായിരുന്നു. ഇരുട്ടി വെളുക്കുമ്പോൾ അവസാനിക്കുന്നതല്ല ജീവിതം എന്ന് അവന് ബോധമായിരുന്നു. അവന് ആത്മാവിനെ നൽകിയവൻ അവന് കൃപ നൽകും എന്ന് അവന് അറിയാമായിരുന്നു. ഈ തിരിച്ചറിവ് എന്തേ നമുക്ക് ഇല്ലാതെ പോകുന്നു.
2 . ദൈവശക്തിയെ തിരിച്ചറിയാത്ത ജനത.
പാപത്തെയും, രോഗത്തെയും, ശാപത്തെയും വിട്ട് സമാധാനം ആഗ്രഹിക്കുന്ന സമയം ആണല്ലോ നോമ്പിൻറെ കാലം. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത നമ്മുടെ കർത്താവ് അവരോട് പറയുകയാണ് എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാകുക. വാക്ക് മാത്രമല്ല കൈ നീട്ടി അവനെ തൊട്ടു. അവൻ സൗഖ്യമായി. പാപവും ഭാരവും വിട്ടൊഴിയുവാൻ എൻറെ അടുക്കലേക്ക് വരുവാൻ നമ്മുടെ കർത്താവ് ആഹ്വാനം ചെയ്യുന്നു. ഈ വിളി എന്തേ നമ്മുടെ തലമുറ കേൾക്കുന്നില്ല? എല്ലാം തികഞ്ഞു എന്ന് നാം ഓരോരുത്തരും ചിന്തിക്കുമ്പോൾ നമ്മുടെ ജീവിത രീതികളും ആശ്രയത്വവും നമ്മെ എവിടെ കൊണ്ടെത്തിച്ചു . ഒരുവന്റെ മുഖം ഓർത്തിരിക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ? എന്തിനേറെ ഒരു ഫോൺ നമ്പർ ഓർത്തെടുക്കുവാനുള്ള ശേഷി നമുക്കുണ്ടോ. നാം ‘എന്ന് നമ്മുടെ ശക്തിയെ ഉപയോഗപ്പെടുത്താതെ ആധുനികതയുടെ അനുഭവങ്ങളെ ആശ്രയിച്ചു അന്ന് നഷ്ടമായി തുടങ്ങി നമ്മുടെ കഴിവുകളെ നമ്മൾ ആശ്രയിക്കുന്ന പലതും ഇന്ന് നമ്മെ അടിമകളാക്കി കളഞ്ഞു. ഒരു തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. എൻറെ പ്രശ്നങ്ങൾ എന്റേത് മാത്രമല്ല. ഞാൻ തിരിഞ്ഞ് എൻറെ ദൈവ മുമ്പാകെ വരുമ്പോൾ അവൻ എന്റെ ഭാരങ്ങളെ നീക്കും, രോഗങ്ങളെ അകറ്റും, അവന്റെ കൈയിൽ എന്നെ വഹിക്കും.
3 . കാര്യസാധനം മാത്രം ലക്ഷ്യമാക്കുന്ന ജനത.
ജീവിതം ഒരു യാത്രയാണ്. ഒത്തിരി ആളുകളും, ജയങ്ങളും തോൽവിയും രാജ്യങ്ങളും, ദേശങ്ങളും ഒക്കെ നമ്മെ സ്വാധീനിക്കാറുണ്ട്. നമ്മെ രൂപപ്പെടുത്തിയിട്ടും ഉണ്ട്. എന്നാൽ ഇവയിൽ ഏതിലെങ്കിലും ആത്മാർത്ഥത നമുക്കുണ്ടോ. ഒന്ന് തിരിഞ്ഞ് നോക്കുവാനോ, കൂട്ടത്തിൽ അവശരായവരെ കൈപിടിച്ച് കൂടെ നടത്തുവാനോ നമുക്ക് സാധ്യമാകുന്നുവോ? സൗഖ്യം പ്രാപിച്ചവൻ തനിക്ക് സൗഖ്യം നൽകിയവനെ സ്തുതിക്കുന്ന ഭാഗം നാം ശ്രദ്ധിക്കുക . ഇതൊരു പ്രാർത്ഥനയാണ് സമർപ്പണം ആണ്. ആവശ്യം വരുമ്പോൾ മാത്രമല്ല എന്നും സ്തോത്രം അർപ്പിക്കാനും സമർപ്പിതമായ ജീവിതം നയിക്കുവാനും നമുക്ക് സാധ്യമാവണം. ആത്മാർത്ഥത നിറഞ്ഞ സമീപനം ജീവിതത്തോട് കാണിക്കുവാൻ ശീലിക്കണം. ചെറിയ സന്തോഷവും ചെറിയ സങ്കടവും ജീവിതഭാഗമെന്ന് നാം തിരിച്ചറിയണം. എന്ത് വന്നാലും എന്നും കൂടെയുള്ളവനെ തിരിച്ചറിയാതെ എങ്ങനെ മുന്നോട്ട് പോകും. നൈമിഷിക സന്തോഷം തരുന്നത് വിട്ടുപോകും എന്ന് തിരിച്ചറിയുക.
ഓരോ നാളും സന്തോഷം മാത്രമല്ല എന്നും ഏത് പ്രയാസങ്ങൾക്കൊടുവിലും പ്രത്യാശയുടെ നാളുകൾ നമുക്കുണ്ട് എന്നും ആ പ്രത്യാശ കെട്ടുപോകാത്ത അനുഭവം നൽകുന്ന ദൈവസാന്നിധ്യം ആണെന്നും മനസ്സിലാക്കുക.
” എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാകുക”
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. കളക്ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻ ബാബുവിനെ അപമാനിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ അസൂത്രിത നീക്കം നടത്തിയതായി മൊഴികൾ. ചടങ്ങിന് മുമ്പ് ദിവ്യ നാല് തവണ കളക്ടറുടെ സ്റ്റാഫിനെ വിളിച്ചു.
പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂർ വിഷൻ പ്രതിനിധികൾ നൽകിയ മൊഴി. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോൾ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
അതേസമയം നവീൻ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് ഡയറക്ടറേറ്റ് അറിയിച്ചു. അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് വിജിലൻസ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എഡിഎമ്മായിരുന്ന നവീൻ ബാബുവിനെതിരെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ കിട്ടിയിട്ടില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.
ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവായ മൊബൈൽ ഫോണ്‍ കണ്ടെത്തി. മരിച്ച ഷൈനിയുടെ ഫോണാണ് ഏറ്റുമാനൂർ പാറോലിക്കലിലെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പൊലീസ് കണ്ടെടുത്തത്.
സ്വിച്ച് ഓഫായ ഫോണ്‍ ലോക്കിട്ട നിലയിലാണ്. വിശദ പരിശോധനക്കായി ഫോൺ സൈബര്‍ വിദഗ്ധർക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. നേരത്തേ, റെയിൽവേ ട്രാക്കിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫോൺ കണ്ടെത്തിയിരുന്നില്ല. ഫോൺ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു മാതാപിതാക്കൾ പൊലീസിനെ ആദ്യം അറിയിച്ചിരുന്നത്.
ഷൈനി മരിക്കുന്നതിന് നാലു മണിക്കൂർ മുമ്പ് ഭർത്താവ് നോബി ലൂക്കോസ് ഇവരെ വിളിച്ചിട്ടുണ്ട്. ഇതിലെ പ്രകോപനമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് നിഗമനം. ഇതിനിടെ, ഷൈനിയുടെ പിതാവ് കുര്യാക്കോസിന്‍റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.
സ്വന്തംവീട്ടിൽ നിന്ന് ഷൈനി മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നോയെന്ന സംശയത്തിലാണ് പൊലീസിന്‍റെ നീക്കം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഭർത്താവ് നോബി ലൂക്കോസ് റിമാൻഡിലാണ്.
കാട്ടുതീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ ചെങ്കുത്തായ കൊക്കയിലേക്ക് വീണയാള്‍ മരിച്ചു. കാഞ്ചിയാര്‍ ലബ്ബക്കട വെള്ളറയില്‍ ജിജി തോമസ് (41) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു ദാരുണമായ സംഭവം. വാഴവരയില്‍ ഉണ്ടായ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു.
വള്ളക്കടവ് സ്വദേശി പാട്ടത്തിനെടുത്ത സ്ഥലത്തെ ജോലിക്കാരനായിരുന്നു ജിജി. കൃഷിയിടത്തിലേക്ക് തീ പടരാതിരിക്കാന്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പം ശ്രമിക്കുന്നതിനിടെയാണ് അപകടം.
നാട്ടുകാര്‍ കൊക്കയില്‍ നിന്ന് ജിജിയെ പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. സമാപന ദിവസമായ ഇന്ന് രാവിലെ നയരേഖയിൻമേലുള്ള ചർച്ചകള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയും. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും. നിലവിലുള്ള സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരും.
കാസർകോട്, വയനാട് മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറിമാർ സംസ്ഥാന കമ്മിറ്റിയിലേക്കെത്തും.
ഡിവൈഎഫ്‌ഐ നേതൃനിരയില്‍ നിന്ന് വി.കെ.സനോജ്, വസീഫ് എന്നിവർ കമ്മിറ്റിയിലെത്താനാണ് സാധ്യത.
വൈകിട്ട് ആശ്രാമം മൈതാനത്താണ് പൊതുസമ്മേളനം. പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ സംസാരിക്കും. വൻതോതില്‍ സ്വകാര്യ നിക്ഷേപത്തിനും പൊതുമേഖലയിലെ പിപിപി പങ്കാളിത്തത്തിനും അടക്കം വാതില്‍ തുറന്നിടാനുള്ള തീരുമാനത്തോടെയാണ് കൊല്ലം സമ്മേളനത്തിന് കൊടിയിറങ്ങുന്നത്.
യുകെ : മെയ് ഒന്നിന് ബ്രിട്ടനിൽ നടക്കുന്ന കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ, തിരുവനന്തപുരം സ്വദേശി സ്വരൂപ് കൃഷ്‍ണൻ കൺസർവേറ്റിവ് പാർട്ടി സ്ഥാനാർത്ഥിയായി ഡെർബിഷയർ കൗണ്ടി കൗൺസിൽ, സ്പൈർ വാർഡിൽ ജനവിധി തേടുന്നു. നിലവിൽ ലേബർ പാർട്ടി വിജയിച്ച മണ്ഡലത്തിലെ മലയാളികൾ അടക്കമുള്ള കുടിയേറ്റക്കാരുടെ വോട്ടുകൾ നിർണ്ണായകമാണ്.
യുകെയിലെ എൻഎച്ച്എസിലെ നേഴ്സ് ആയി ജോലി ചെയ്യുന്ന സ്വരൂപ് കൃഷ്ണൻ,കുടിയേറ്റക്കാർക്ക് ഇടയിൽ വളരെ ജനകീയത ഉള്ള വ്യക്തിത്വമാണ്.
“ഒരു നേഴ്സായ എന്നെ സമൂഹിക സേവനം എല്ലാ കാലത്തും ആകർഷിച്ചിട്ടുണ്ട്, ആരോഗ്യ രംഗത്തും സമൂഹിക കാര്യങ്ങളിലും ഫലവത്തായ ഇടപെടൽ നടത്താൻ കഴിയും. അതിനേക്കാൾ ഉപരി ഗുണപരവും സമഗ്രവുമായ ചില മാറ്റങ്ങൾ വരുത്താനും ആഗ്രഹിക്കുന്നു. ഇതിൽ മലയാളികളായ വോട്ടർമാരുടെ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു” എന്ന് സ്വരൂപ് കൃഷ്ണൻ അറിയിച്ചു.
പ്രവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തന്നെ പ്രദേശത്തെ മലയാളി സമൂഹം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. നിലവിൽ ലേബർ പാർട്ടിയുടെ കൈയ്യിലാണ് മണ്ഡലം അത് തിരിച്ചു പിടിക്കാൻ വേണ്ടിയിട്ടുള്ള ഒരു ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഏറെ മലയാളികൾ വസിക്കുന്ന സ്പൈർ പ്രദേശത്ത് മലയാളികളുടെ വോട്ടുകൾ ഏകോപിപ്പിക്കുക എന്നതാണ് കൺസർവേറ്റിവ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. സ്വരൂപ് കൃഷ്ണൻെറ സ്ഥാനാർത്ഥിത്വം ലേബർപാർട്ടി പ്രാദേശിക നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
കൺസർവേറ്റീവ് പാർട്ടി കരുതുന്നത് പോലെ മലയാളികളുടെ വോട്ട് പൂർണ്ണമായും സ്വരൂപിന് നേടാൻ കഴിഞ്ഞാൽ കൗൺസലേറ്റിൽ ഭേദപ്പെട്ട ഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള സാധ്യത ഏറെയാണ്.
2021ൽ യുകെയിലേയ്ക്ക് കുടിയേറിയ സ്വരൂപ് കൃഷ്‌ണൻ തിരുവനന്തപുരം സ്വദേശിയാണ്.
കഴിഞ്ഞ രണ്ടു വർഷമായാണ് കൺസർവേറ്റീവ് പാർട്ടി മെമ്പർഷിപ്പിലേക്ക് വരുന്നത്, കഴിഞ്ഞ ഇലക്ഷന് പാർലമെന്റ് ഇലക്ഷനിലെ കൺസർവേറ്റീവ് പാർട്ടി കാൻഡിഡേറ്റ് ബെൻ ഫ്ലൂക്കിൻെറ തിരിഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടാണ് പ്രാദേശിക രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമാകുന്നത്.
വിദ്യാർഥി സംഘർഷത്തിനിടെ മർദനമേറ്റ് എളേറ്റില്‍ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്കൂളിലേക്ക് ഊമക്കത്ത്. ഷഹബാസ് കൊലക്കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളെ പോലീസ് സംരക്ഷണത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. വൃത്തിയുള്ള കൈപ്പടയില്‍ എഴുതി സാധാരണ തപാലിലാണ് താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപന് കത്ത് ലഭിച്ചത്.
സ്കൂള്‍ അധികൃതർ താമരശ്ശേരി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള കേസായതിനാല്‍ അതീവരഹസ്യമായാണ് ഇത് സംബന്ധിച്ച അന്വേഷണം. കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്കൂളില്‍നിന്ന് മാറ്റാൻ തീരുമാനിച്ചതിന് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്. ഷഹബാസിനെതിരേ നടന്ന അക്രമത്തില്‍ അമർഷം രേഖപ്പെടുത്തുകയും കുറ്റാരോപിതർക്കെതിരേ കൊലവിളി നടത്തുകയും ചെയ്യുന്ന കത്താണ് വിലാസം രേഖപ്പെടുത്താതെ അയച്ചിരിക്കുന്നത്.
കോരങ്ങാട്ടെ വിദ്യാലയത്തില്‍ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയേ എഴുതാൻ പറ്റൂവെന്നും എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂർത്തിയാക്കുംമുമ്പെ കുട്ടികളെ അപായപ്പെടുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഉള്ളടക്കത്തിലെ പരാമർശങ്ങള്‍ പരിശോധിക്കുമ്ബോള്‍ കത്തെഴുതിയത് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസിലേക്കും പ്രതിഷേധത്തെത്തുടർന്ന് അവസാനദിവസം ഒബ്സർവേഷൻ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണെന്നത് വ്യക്തമാണ്. തിങ്കളാഴ്ചയാണ് പരീക്ഷാകേന്ദ്രം മാറ്റുന്നത്. ചൊവ്വാഴ്ചയാണ് ആറാമത്തെ വിദ്യാർഥി പിടിയിലാവുന്നതും. താമരശ്ശേരി ഡിവൈ.എസ്.പി സുഷീർ, ഇൻസ്പെക്ടർ എ.സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം, ഷഹബാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികളെ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടികൂടിക്കഴിഞ്ഞിട്ടുണ്ട്.
അക്രമത്തിനും ഗൂഢാലോചനയിലും പ്രേരണ നല്‍കിയെന്ന് തെളിയുന്നവരെ കൂടി കേസില്‍ പ്രതിചേർക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. തിങ്കളാഴ്ച കഴിഞ്ഞാല്‍ പിന്നെ 17 വരെ എസ്.എസ്.എല്‍.സി പരീക്ഷയില്ലാത്തതിനാല്‍ ഈ ദിവസങ്ങളിലാവും അക്രമാഹ്വാനം നടത്തിയെന്ന് കണ്ടെത്തുന്ന കുറ്റാരോപിതരായ മറ്റ് വിദ്യാർഥികളെ പ്രധാനമായും കസ്റ്റഡിയിലെടുക്കുക.
പത്തുവയസ്സുകാരനായ മകനെ ഉപയോഗിച്ച് ലഹരിവില്‍പന നടത്തിയ പിതാവ് അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. മുഹമ്മദ് ഷമീര്‍ എന്നയാളാണ് മകന്റെ ശരീരത്തില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് വില്‍പന നടത്തിയ സംഭവത്തില്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ദീപാ ജങ്ഷന് സമീപത്തെ വീട്ടില്‍നിന്നാണ് മുഹമ്മദ് ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കം പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് മകനെ ഉപയോഗിച്ച് മുഹമ്മദ് ഷമീര്‍ ലഹരി വില്‍പന നടത്തിയിരുന്നതെന്ന് ഡിവൈ.എസ്.പി. ആഷാദ് പറഞ്ഞു.
കര്‍ണാടകയില്‍നിന്നടക്കം മയക്കുമരുന്നും എം.ഡി.എം.എയും ഇയാള്‍ നാട്ടിലെത്തിക്കുന്നുണ്ടെന്നാണ് വിവരം. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ എം.ഡി.എം.എ. സെല്ലോ ടേപ്പ് ഉപയോഗിച്ച് കുഞ്ഞിന്റെ ശരീരത്തില്‍ ഒട്ടിക്കും. ശേഷം, കുട്ടിയെ വസ്ത്രം ധരിപ്പിച്ച് കാറിലോ സ്‌കൂട്ടറിലോ ഒപ്പമിരുത്തി കൊണ്ടുപോയി, ലഹരിവസ്തു ആവശ്യപ്പെടുന്നവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
തിരുവല്ലയിലെ സ്‌കൂള്‍, കോളേജ്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എം.ഡി.എം.എയ്ക്ക് ആവശ്യക്കാരുണ്ടെന്ന് മുഹമ്മദ് ഷമീര്‍ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു. കഴിഞ്ഞ ആറുമാസമായി പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീര്‍. ഇയാളുടെ മൊബൈലും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
തനിക്ക് ഫർസാനയോട് പ്രണയമല്ല, കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് അഫാന്റെ പുതിയ വെളിപ്പെടുത്തല്‍. പണയം വയ്ക്കാൻ നല്‍കിയ മാല ഫർസാന തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു.
അഫാന് മാല നല്‍കിയ വിവരം ഫർസാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ നല്‍കാൻ ഫർസാന സമ്മർദ്ദം ചെലുത്തി. ഇതാണ് കടുത്ത പക തോന്നാൻ കാരണമായത്. വൻ ആസൂത്രണം നടത്തിയതിനുശേഷമാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫർസാനയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. നാഗരുകുഴിയിലെ കടയില്‍ നിന്ന് അഫാൻ മുളകുപൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടില്‍ ആരെങ്കിലും എത്തിയാല്‍ അവരെ ആക്രമിക്കാനായിരുന്നു ഇത്. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം വെളിപ്പടുത്തിയത്. പിതാവിന്റെ കാർ പണയപ്പെടുത്തിയത് ഫർസാനയുടെ മാല തിരികെ എടുത്ത് നല്‍കാനായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.
വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (23) പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ ഫർസാന എം എസ് സി കെമിസ്ട്രി വിദ്യാർത്ഥിനിയായിരുന്നു. അഫാനും ഫർസാനയും ഒരേ സ്കൂളിലാണ് പഠിച്ചത്. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നാണ് കുടുംബം കരുതിയിരുന്നത്. അതീവ രഹസ്യമായാണ് ഇരുവരും ബന്ധം കൊണ്ടുനടന്നത്. താൻ മരിച്ചാല്‍ ഫർസാനയ്ക്ക് ആരുമില്ലാതെയാകും എന്നുകരുതിയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു അഫാൻ ആദ്യം നല്‍കിയ മൊഴി.