സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുന്നിലുണ്ടാകേണ്ടിയിരുന്ന മുകേഷ് എവിടെ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരടക്കം ചോദിക്കുന്നത്. ലൈംഗികാരോപണ കേസില്‍ പ്രതിയായ മുകേഷിനെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് മാറ്റി നിര്‍ത്തിയതാണന്നാണ് സൂചന.
നടിയുടെ ലൈംഗികാരോപണം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായതിന് പിന്നാലെയാണ് മുകേഷ് സമ്മേളനത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ മുകേഷിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ലൈംഗികാരോപണം നേരിടുന്ന എംഎല്‍എയെ സമ്മേളനത്തിന്റെ ഭാഗമാക്കേണ്ടെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
മുകേഷ് ജില്ലയ്ക്ക് പുറത്ത് സിനിമ ഷൂട്ടിങിലാണെന്നാണ് വിവരം. സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും മുകേഷ് എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നേരത്തെ, തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ ചെങ്കൊടിയുമേന്തി നില്‍ക്കുന്ന ഫോട്ടോയോടൊപ്പമാണ് മുകേഷ് വിശദീകരണക്കുറിപ്പ് നല്‍കിയത്. സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരായ നീക്കത്തിന്റെ ഭാഗമാണ് തനിക്കെതിരായ ആരോപണമെന്ന വാദവും ഉയര്‍ത്തിയിരുന്നു.
തനിക്കെതിരായ ആരോപണത്തെ പാര്‍ട്ടിയെ മുന്‍നിര്‍ത്തി പ്രതിരോധിക്കുകയാണ് മുകേഷ് ചെയ്യുന്നതെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാലാ സ്‌റ്റേഷനില്‍ നിന്നാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചറിഞ്ഞത്. കുട്ടികൾ സുരക്ഷിതരാണെന്നും പൂനെ ആർ.പി.എഫ്. ഓഫീസിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പോലീസ് തങ്ങളെ കണ്ടെത്തിയതിൽ കുട്ടികൾ സന്തോഷത്തിലാണെന്നും വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കുപറയുമോ എന്ന ഭയത്തിലാണെന്നും പെൺകുട്ടികളുമായി ഫോണിൽ സംസാരിച്ച താനൂർ ഡി.വൈ.എസ്.പി. പറഞ്ഞു.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടുപേരെ കാണാതായതായാണ് രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും പോലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. യുവാവ് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചു. പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതായി ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞിരുന്നു.
കുട്ടികള്‍ പരീക്ഷയെഴുതാനെന്നുപറഞ്ഞാണ് വീട്ടില്‍നിന്ന് പുറപ്പെട്ടത്. എന്നാല്‍ സ്‌കൂളില്‍ എത്തിയില്ല. പരീക്ഷയ്ക്ക് കാണാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. മൂന്നാംതീയതി ഇവര്‍ പരീക്ഷ എഴുതിയിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ബുധനാഴ്ച ഇതില്‍ ഒരാള്‍ക്കേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ യു.കെ. സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ ശക്തമായി അപലപിച്ച് യുണൈറ്റഡ് കിങ്ഡം. ലണ്ടനിലെ ചേഥം ഹൗസില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കറിന് നേര്‍ക്ക് പ്രതിഷേധവുമായി ഖാലിസ്താന്‍ അനുകൂലികള്‍ എത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഇന്ത്യക്കും ജയ്ശങ്കറിനുമെതിരേ ഖലിസ്താന്‍ അനുകൂലികളുടെ സംഘം മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സമയം റോഡിന്റെ മറുവശത്ത് ജയ്ശങ്കര്‍ നില്‍ക്കുന്നുമുണ്ട്. പരിപാടിക്ക് ശേഷം മടങ്ങാനൊരുങ്ങവേ ജയ്ശങ്കറിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ഖലിസ്താന്‍ അനുകൂലിയായ ഒരാള്‍ ഓടിയെത്തി. ഇയാള്‍ വാഹനവ്യൂഹത്തെ തടയാന്‍ ശ്രമിച്ചു. ആദ്യം ഇടപെടാന്‍ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് ലണ്ടന്‍ പോലീസ് ഇയാളെയും മറ്റ് പ്രതിഷേധക്കാരെയും നീക്കം ചെയ്തു.
ചേഥം ഹൗസിന് പുറത്ത് ഇന്നലെയുണ്ടായ സംഭവത്തില്‍ ശക്തമായി അപലപിക്കുന്നെന്ന് യു.കെ. വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപൂര്‍വമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്ന നിലപാടാണ് യു.കെയ്ക്കുള്ളതെന്നും എന്നാല്‍ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ അല്ലെങ്കില്‍ പൊതുപരിപാടികള്‍ തടസ്സപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിലുണ്ട്. സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.
ഏറ്റൂമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരനെതിരേയും ആരോപണം. യുവതിയെയും രണ്ടുമക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ വൈദികനായ ഭര്‍തൃസഹോദരനും പങ്കുണ്ടെന്ന ആരോപണമാണ് ശക്തമാകുന്നത്. അതേസമയം, സംഭവത്തില്‍ വിദേശത്തുള്ള വൈദികന്റെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. അമ്മയും മക്കളും ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവായ നോബി ലൂക്കോസിനെ മാത്രമാണ് പോലീസ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തൊടുപുഴ ചുങ്കംചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസി(44)ന്റെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആത്മഹത്യയുമായി ബന്ധപ്പെട്ട് നോബി ലൂക്കോസിനെ കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതിനിടെ, ജീവിതത്തില്‍ കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നതായും ഭര്‍ത്താവ് വിവാഹമോചനത്തിന് സഹകരിക്കുന്നില്ലെന്നും വ്യക്തമാക്കിയുള്ള ഷൈനിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നത്. ഒരുപാട് ശ്രമിച്ചിട്ടും നാട്ടില്‍ ജോലികിട്ടുന്നില്ലെന്നും വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
നോബിയുടെയും ഷൈനിയുടെയും വീട്ടില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റായ കെ.കെ. തോമസ് മാതൃഭൂമി ന്യൂസിലെ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ”നോബി മൂന്നുമാസം ജോലി കഴിഞ്ഞാല്‍ മൂന്നുമാസം അവധിക്ക് വരും. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പറഞ്ഞുകേട്ടിരുന്നു. ഷൈനി സ്വന്തംവീട്ടിലേക്ക് പോയി രണ്ടാംദിവസമാണ് കുടുംബശ്രീ വഴി ഇതെല്ലാം അറിയുന്നത്. അപ്പോള്‍ ഷൈനിയെ വിളിച്ചുചോദിച്ചു. എനിക്ക് ഒരു ജോലി വേണം എന്നാണ് ഷൈനി പറഞ്ഞത്. ജോലിയില്‍ 12 വര്‍ഷത്തെ ഇടവേള വന്നതിനാല്‍ അതിനായി ഒരു സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവിടെ പാലിയേറ്റീവില്‍ ഷൈനി പലതവണ വരാറുണ്ട്. അതിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞു. അതുനല്‍കി. എന്നാല്‍, അതുകൊടുത്തിട്ടും ജോലി നിഷേധിക്കപ്പെട്ടതായാണ് പറയുന്നത്. വൈദികനുള്ള ഒരു കുടുംബത്തിലെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് തന്നെ നേരത്തെ ഇടപെട്ട് പരിഹരിക്കാമായിരുന്നു. ഷൈനിക്കും കുട്ടികള്‍ക്കും നീതികിട്ടാനായി എല്ലാവിധ പിന്തുണയും വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കുന്നു”, അദ്ദേഹം പറഞ്ഞു
ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവര്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. റെയില്‍പാളത്തിലേക്ക് ചാടിയ അമ്മയും മക്കളും ലോക്കോ പൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും പാളത്തില്‍നിന്ന് മാറിയിരുന്നില്ല. അമ്മയെ ചേര്‍ത്തുപിടിച്ചാണ് രണ്ടുമക്കളും പാളത്തിലിരുന്നത്. പിന്നാലെ ട്രെയിന്‍ ഇവരെ ഇടിച്ചിട്ടുകടന്നുപോയി. ഉടന്‍തന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ചിതറിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.
കുടുംബപ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷൈനിയുടെ ഭര്‍ത്താവ് നോബി മര്‍ച്ചന്റ് നേവി ജീവനക്കാരനാണ്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പതുമാസമായി ഷൈനിയും രണ്ടുമക്കളും പാറോലിക്കലിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇവരുടെ മറ്റൊരു മകനായ എഡ്വിന്‍ (14)എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുകയാണ്. ബി.എസ്.സി. നഴ്സിങ് ബിരുദധാരിയായ ഷൈനി നാട്ടില്‍ ജോലിക്ക് ശ്രമിച്ചുവരുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
സംസ്ഥാനത്ത് ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യു.ഡി.എഫിന്റെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചെന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണത ദൃശ്യമാവുന്ന കാര്യം പരിശോധിച്ചു. അതാണ് തൃശ്ശൂരിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കണ്ടത്. ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നു. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു. അങ്ങനെ സഖ്യം ചേര്‍ന്നാണ് എന്താണ് എന്ന് ചോദിക്കുന്നതിലേക്ക് അവര്‍ എത്തുകയാണ്. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുമായാണ് അവര്‍ ചേരുന്നത്. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നത്’, ഗോവിന്ദൻ പറഞ്ഞു.
‘ലീഗിന്റെ അണികളെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള അവസരം ലീഗിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. സി.പി.എമ്മാണ് ഏറ്റവും വലിയ ശത്രു എന്ന് പറഞ്ഞുകൊണ്ടാണിത്. ആര്‍.എസ്.എസിന്റേയും കോണ്‍ഗ്രസിന്റേയും ജമാഅത്തെ ഇസ്ലാമിയുടേയും എസ്.ഡി.പി.ഐയുടേയും ലീഗിന്റേയും ശത്രു സി.പി.എം. സി.പി.എമ്മിനെതിരായി ഐക്യധാരരൂപപ്പെടുന്നു. മുസ്ലിം കേന്ദ്രീകൃത മേഖലകളില്‍ സി.പി.എമ്മിന് മതനിരപേക്ഷ നിലപാടുള്ള മുസ്ലിം വിഭാഗത്തില്‍ സ്വാധീനം നേടാനാകുന്നു’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.
മുസ്ലിം വിരുദ്ധതയിലൂന്നി ക്രിസ്ത്രീയ താത്പര്യത്തിന്റെ പേരുപറഞ്ഞ് ആര്‍.എസ്.എസ് ഉരുക്കുകൂട്ടിയ പ്രസ്ഥാനമാണ് കാസ. ആര്‍.എസ്.എസിന് അനുകൂലമായ പൊതുചിത്രം രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് കാസയിലൂടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
2021-നേക്കാള്‍ മെച്ചപ്പെട്ട വിജയത്തിലേക്കാണ് എല്‍ഡിഎഫിന് മുന്നോട്ടുപോകാനുള്ളത്. പുതിയ സാഹചര്യത്തെ നേരിടാന്‍ സംഘടന കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ടുപോകണം. പാര്‍ട്ടിയുടെ രാഷ്ട്രീയനിലവാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൊതുസമ്മേളന നഗരിയായ കൊല്ലത്തെ ആശ്രാമം മൈതാനത്ത് വൈകുന്നേരം അഞ്ചിന് സ്വാഗത സംഘം ചെയര്‍മാന്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തും.
പ്രതിനിധി സമ്മേളനം നടക്കുന്ന സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നാളെ രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പതാക, കൊടിമര, ദീപശിഖ ജാഥകള്‍ ഇന്ന് വൈകുന്നേരം കൊല്ലത്തെ പൊതു സമ്മേളന നഗറില്‍ സംഗമിക്കും.
പതാക ജാഥ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജാണ് നയിക്കുന്നത്. സമ്മേളന നഗറില്‍ തെളിക്കാനുള്ള ദീപശിഖ ജാഥ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജുവാണ് നയിക്കുന്നത്. കൊടിമര ജാഥ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതയും നയിക്കുന്നു.
നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്.
ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്. പിബി അംഗങ്ങളായ പിണറായി വിജയന്‍, എം.വി ഗോവിന്ദന്‍, എം.എ ബേബി, എ. വിജയരാഘവന്‍, ബി.വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ലെ, തുടങ്ങിയവര്‍ സംബന്ധിക്കും.
ഞായറാഴ്ച സമ്മേളനം സമാപിക്കും. സമാപനം കുറിച്ച് ഞായറാഴ്ച വൈകുന്നേരം ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയര്‍ പരേഡും ബഹുജന റാലിയും നടക്കും.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് എസ്ഡിപിഐക്ക് നിരോധനം വന്നേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനുള്ള നീക്കം ആരംഭിച്ചതായാണ് വിവരം.
എസ്ഡിപിഐയ്ക്ക് ഫണ്ട് നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇ.ഡി വ്യക്തമാക്കുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇ.ഡി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് സംഘടനകളും ഒന്നാണെന്ന് വ്യക്തമാക്കിയത്.
ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ രൂപീകരിച്ചതെന്നും ഇഡി പറയുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തത് പോപ്പുലര്‍ ഫ്രണ്ടാണെന്നും എസ്ഡിപിഐക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു നല്‍കി.തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 കോടി രൂപ നല്‍കിയതിന്റെ രേഖകളും ലഭിച്ചു.
ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ‘റമദാന്‍ കളക്ഷന്‍’ എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി ഫണ്ട് സ്വരൂപിച്ചതായും ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായും ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) 2022 സെപ്റ്റംബര്‍ 28 നാണ് ഈ സംഘടനയെ അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.
ട്രംപിന്റെ ഇറക്കുമതി തീരുവയ്ക്ക് മറുപടി നല്‍കി കാനഡയിലെ പ്രവിശ്യകള്‍. ഒന്റാരിയോ, ക്യൂബെക്ക് എന്നിവയുള്‍പ്പെടെയുള്ള കനേഡിയന്‍ പ്രവിശ്യകള്‍ അമേരിക്കന്‍ മദ്യത്തിന് വിലക്കേര്‍പ്പെടുത്തി.
ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്ലെറ്റ് ശൃംഖലയായ ലിക്വര്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഒന്റാരിയോ (എല്‍.സി.ബി.ഒ) വെബ്സൈറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വച്ചു. അമേരിക്കന്‍ മദ്യം ഔട്ട്ലെറ്റുകളില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ ഉല്‍പാദകര്‍ക്ക് വലിയ തിരിച്ചടിയാണ് തീരുമാനമെന്ന് വിലക്ക് പ്രഖ്യാപിച്ച് ഒന്റാരിയോ പ്രീമിയറായ ഡൗജ് ഫോര്‍ഡ് പറഞ്ഞു. എല്‍.സി.ബി.ഒ നടത്തുന്ന സ്റ്റോറുകള്‍ ഓരോ വര്‍ഷവും ഏകദേശം ഒരു ബില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള യു.എസ് ആല്‍ക്കഹോള്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ഫോര്‍ഡ് വ്യക്തമാക്കി.
സ്റ്റോറുകള്‍, ബാറുകള്‍, റസ്റ്ററന്റുകള്‍ എന്നിവയിലേക്ക് അമേരിക്കന്‍ ലഹരി പാനീയങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ പ്രവിശ്യാ മദ്യ വിതരണക്കാരോട് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം നല്‍കിയ സംസ്ഥാനങ്ങളില്‍ നിന്ന് അമേരിക്കയുടെ മദ്യം വാങ്ങുന്നത് മദ്യ വിതരണക്കാര്‍ നിര്‍ത്തുമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
നിയമവിരുദ്ധ കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും ട്രംപ് 25 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. ഇത് ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ നലവില്‍വന്നു.
ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവയാണ് യു.എസ്. ഏര്‍പ്പെടുത്തിയിരിക്കുന്നത്
ഇതിന് മറുപടിയായി 15,500 കോടി കനേഡിയന്‍ ഡോളറിന് മുകളില്‍ വരുന്ന യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 21 ദിവസത്തിനുള്ളില്‍ തീരുവ ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.
3000 കോടി കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന യു.എസ് ഉല്‍പന്നങ്ങള്‍ക്കുള്ള കാനഡയുടെ 25 ശതമാനം തീരുവ ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. അമേരിക്ക നികുതി പിന്‍വലിക്കുന്നതു വരെ കാനഡ ചുമത്തിയ താരിഫും നിലനില്‍ക്കുമെന്ന് ട്രൂഡോ പറഞ്ഞു.
ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.
കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവനയും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും വിമാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: പതിനെട്ടാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല, മാർച്ച് 13 ന് വ്യാഴാഴ്ച, ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് അർപ്പിക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്ക് ആണ് ആറ്റുകാൽ പൊങ്കാലയ്ക്ക് നിരവധി വർഷങ്ങളായി നേതൃത്വം നൽകിപ്പോരുന്നത് .
മാർച്ച് 13 നു വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്. നവാഗതരായ ധാരാളം ഭക്തജനങ്ങൾ എത്തിയിട്ടുണ്ടെന്നതിനാൽ, ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
ഓരോ വർഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്ക് ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. വിശിഷ്‌ഠ വ്യക്തികളും പൊങ്കാലയിൽ പങ്കു ചേരുന്നതാണ്.
ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റവർക്ക് നേതൃത്വം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433