Latest News

സിപിഐ എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി സിപിഐ എം അന്താരാഷ്ട്ര ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എ.ഐ.സി), ബ്രിട്ടൺ & അയർലണ്ട് അതിന്റെ ഇരുപതാം ദേശീയ സമ്മേളനത്തിന് ഒരുങ്ങി. സമ്മേളനത്തിനു മുന്നോടിയായുള്ള പതാക ജാഥ മാർച്ച്‌ 9 രാവിലെ 11 മണിക്ക്‌ ലണ്ടൻ ഹൈഗേറ്റ്‌ സെമിത്തേരിയിലെ കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്നും ആരംഭിക്കും. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധവാലെ സമ്മേളനത്തിൽ പങ്കെടുക്കും.

എ.ഐ.സിയുടെ ദേശീയ സമ്മേളനം മാർച്ച് 15 , 16 തീയ്യതികളിൽ ലണ്ടൻ സൗത്താളിലെ സീതാറാം യെച്ചൂരി നഗറിൽ ചേരും. ബ്രിട്ടനിലെയും അയര്ലണ്ടിലെയും ബ്രാഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കഴിഞ്ഞ മൂന്നു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനോടൊപ്പം അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് പ്രായോഗികമായ നിർദ്ദേശങ്ങൾ മുന്നോട്ടു വെയ്ക്കുകയും, അടുത്ത സമ്മേളനം വരെ പാർട്ടിയെ നയിക്കാനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുക്കുകയും പുതിയ പ്രാദേശിക ഘടകങ്ങൾക്കും സമ്മേളനം രൂപം നൽകുകയും ചെയ്യും.

ഹർകിഷൻസുർജീത്തിന്റെ മാർഗ്ഗനിർദ്ദേശ്ശത്തിൽ 1967ൽ സ്ഥാപിതമായ എ.ഐ.സി , സിപിഐ എം കേന്ദ്രക്കമ്മിറ്റിയുടെയും പൊളിറ്റ് ബ്യുറോയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചു പാർട്ടിയുടെ നയപരിപാടികൾ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നു. സംഘടനയുടെ ദേശിയ സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ ബ്രിട്ടനിലും അയർലണ്ടിലും നടന്നുവരികയാണ്. കഴിഞ്ഞകാലപ്രവർത്തനങ്ങളുടെ വിലയിരുത്തലുകളും പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളും സമ്മേളനത്തിൽ വിശദമായ ചർച്ചകൾക്ക് വിധേയമാവുന്നുണ്ട്. എ.ഐ.സി ദേശീയ സമ്മേളനത്തിലേക്ക്‌ എല്ലാ പ്രതിനിധികളെയും സീതാറാം യെച്ചൂരി നഗറിലേക്ക് സ്വാഗതം ചെയ്യുതായി സംഘാടക സമിതി അംഗങ്ങളായ സഖാക്കൾ ഹർസേവ് ബെയ്‌ൻസ്‌ , ബിനോജ് ജോൺ, പ്രീത് ബെയ്‌ൻസ്‌ എന്നിവർ അറിയിച്ചു.

വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി.

ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.

2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.

ചാലക്കുടിയിൽ യുവതിയെ കടയിൽ കയറി ഭര്‍ത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചത് സംശയത്തെ തുടര്‍ന്നുള്ള വിരോധത്തിൽ. സംഭവത്തിൽ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്പിൽ സലീഷ് (45) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങള്‍ വിൽക്കുന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

കടയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പലതവണ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. യുവതി നിലത്തുവീണശേഷവും ഇയാൾ ആക്രമണത്തിൽ നിന്നും പിന്തിരിയാൻ തയ്യാറായില്ല. നിലത്തു വീണ യുവതിയെ പ്രതി കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ഇതിനിടയിൽ ആളുകള്‍ ബഹളം കേട്ട് എത്തിയതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

അക്രമത്തെ തുടർന്ന് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. ഒളിവിൽ പോയ പ്രതിയെ കൊടകര പൊലീസും ചാലക്കുടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാൻ, കൊടകര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവരും ചേർന്നാണ് സലീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായി. രണ്ട് തവണ ശ്വാസതടസം ഉണ്ടായി.

കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ട്. കൃത്രിമ ശ്വാസം നല്‍കുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു. സാധ്യമായ എല്ലാ പരിചരണവും നല്‍കുകയാണെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കി.

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ അദേഹത്തിന്റെ ശ്വാസകോശത്തില്‍ ന്യുമോണിയ കണ്ടെത്തുകയായിരുന്നു.

അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പ സാവധാനം ആരോഗ്യം വീണ്ടെടുക്കുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നത്. ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു.

കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ചാരുകസേരയില്‍ ഇരുന്ന് തെറാപ്പികള്‍ക്ക് വിധേയമാകുന്നതായി വത്തിക്കാന്‍ അറിയിച്ചിരുന്നു. രാത്രി നന്നായി ഉറങ്ങിയെന്നും അദേഹം രാവിലെ പ്രഭാത ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്റെ അറിയിപ്പിലുണ്ടായിരുന്നു.

പിന്നീട് ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. മാര്‍പാപ്പയുടെ രോഗമുക്തിയ്ക്കായി വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികള്‍ പ്രാര്‍ത്ഥന തുടരുകയാണ്.

ആറ്റുകാൽ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേർന്ന് സംഘടിപ്പിക്കുന്നു ഈ വരുന്ന മാർച്ച്‌ 13 ആം തീയതി രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ ആണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ മഹത് ചടങ്ങിൽ പങ്കാളികളാകാം.

പങ്കെടുക്കുന്നവർ ദയവായി ഈ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

https://bit.ly/4hcbIlz

പൊങ്കാല ചടങ്ങ് നടത്തപ്പെടുന്ന സ്ഥലത്തിന്റെ വിലാസം – 3

SITTINGBOURNE ROAD
MAIDSTONE, KENT
ME14 5ES

അന്വേഷണങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07838170203 ,07973151975, 07985245890, 0750776652 ,07906130390

ലിങ്കൺഷെയർ – യൂറോപ്പിലെ പ്രാദേശിക വാദത്തിന് യുകെയിൽ ഇത്തവണ ഇരയായത് മലയാളി നേഴ്സ് ട്വിങ്കിൾ സാമും കുടുംബവും. ഗ്രാന്തം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സായ ട്വിങ്കിൾ സാമും കുടുംബവും മാർച്ച് 1, 2025 ന് വൈകിട്ട് 7:30ന് ഷോപ്പിംഗ് കഴിഞ്ഞു മടങ്ങവെയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.

പ്രദേശവാസിയായ ഒരു ബ്രിട്ടീഷ് യുവതി ദമ്പതികളെ സമീപിക്കുകയും വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയും തുടർന്ന് യുവതി അവരെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു എന്ന് ട്വിങ്കിൾ അറിയിച്ചു. ആദ്യം ഭർത്താവ് സാമിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

സാരമായ പരിക്കുകൾക്ക് പുറമെ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.ടി.എസ്.ഡി) അനുഭവപ്പെടുന്നതായി അറിയിച്ചിരുന്നു. പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാർലമെൻ്റ് അംഗത്തിൻ്റെയും കൗൺസിലറുടെയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

ഇത്തരം സംഭവങ്ങൾ ഭയം ജനിപ്പിക്കാനും സുരക്ഷിതത്വബോധം ഇല്ലാതാക്കാനും സാധ്യതയുണ്ടെന്ന് ഒട്ടനവധി പ്രദേശവാസികൾ അഭിപ്രായപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ച കുടുംബത്തിന് ബ്രിട്ടീഷുകാർ ഉൾപ്പെടുന്ന ഒട്ടനവധി സഹൃദയർ സഹായ വാഗ്ദാനങ്ങൾ അറിയിച്ചിട്ടുണ്ട്. മലപ്പുറം- നിലമ്പൂർ സ്വദേശിനിയാണ് ട്വിങ്കിൾ.

അപ്പച്ചൻ കണ്ണഞ്ചിറ

സൗത്താംപ്ടൺ:ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി യൂത്ത് & ഇവാഞ്ചലൈസേഷൻ കമ്മീഷൻ, കൗമാരക്കാർക്കായി സംഘടിപ്പിക്കുന്ന ‘ടീൻ റസിഡൻഷ്യൽ ധ്യാനം’ ഏപ്രിൽ 21 മുതൽ 23 വരെ സൗത്താംപ്ടണിൽ വെച്ച് നടത്തപ്പെടുന്നു.

പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും,അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ധ്യാന ശുശ്രുഷയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൗമാരപ്രായക്കാർക്കായി ഒരുക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് മാനസ്സിക-ആത്മീയ-വിശ്വാസ മേഖലകളിൽ കുട്ടികൾക്ക് വളർച്ചയും നവീകരണവും, കൃപകളും ആർജ്ജിക്കുവാനും, സാമൂഹിക ജീവിതത്തിൽ മാതൃകാപരമായി ചേർന്ന് ചരിക്കുവാനുള്ള ഉൾക്കാഴ്ചക്കും അനുഗ്രഹവേദിയാവും.

ടീനേജേഴ്‌സിനായി ഒരുക്കുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം ഏപ്രിൽ 21 തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കാരംഭിച്ച് 23 ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് അവസാനിക്കും. സൗത്താംപ്ടണിൽ സെന്റ് ജോസഫ്സ് റിട്രീറ്റ് സെൻറ്ററിൽ ക്രമീകരിച്ചിരിക്കുന്ന റിട്രീറ്റ്, പ്രാർത്ഥന, ആരാധന, കുർബ്ബാന, ധ്യാന ശുശ്രുഷകൾ, പ്രചോദനാത്മകമായ പ്രസംഗങ്ങൾ, ആനന്ദകരമായ ഗ്രൂപ്പ് ആക്റ്റിവിറ്റിസ്, ഗ്രൂപ്പ് ഡിസ്ക്കഷൻസ് എന്നിവയിലൂടെ ദൈവവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുവാനും ഊഷ്‌മളമാക്കുവാനും അവസരം ലഭിക്കും.

വളർച്ചയുടെ പാതയിൽ സൗഹൃദ ബന്ധങ്ങളിൽ പാലിക്കേണ്ട നയവും, അവബോധവും ലഭിക്കുവാനും, വിശ്വാസം ശക്തിപ്പെടുത്തുവാനും അനുഗ്രഹദായകമായ ധ്യാനത്തിലേക്ക് മാതാപിതാക്കൾ താല്പര്യമെടുത്ത് തങ്ങളുടെ മക്കളെ പറഞ്ഞയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

Manoj Thayyil: 0784880550, Mathachan Vilangadan: 07915602258

Venue: St. Joseph’s Retreat Centre, 8 Lyndhurst Road, Southampton SO40 7DU

Registration Link:
https://forms.gle/2faTD9QGuJZpAdkb9

സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി. യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിന് കരട് തയാറാക്കി അഭിപ്രായം തേടണമെന്നും കോടതി പറഞ്ഞു.

മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയില്‍ ഫലപ്രദമായ നടപടിയുണ്ടാകണം. രണ്‍ബീര്‍ അലബാദിയ കേസിലാണ് കോടതിയുടെ നിര്‍ദേശം. മാന്യതയുടെയും ധാര്‍മ്മികതയുടെയും മാനദണ്ഡങ്ങള്‍ പാലിച്ച് രണ്‍ബീര്‍ അലബാദിയക്ക് തന്റെ പോഡ്കാസ്റ്റ് തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു.

ബിയര്‍ ബൈസപ്സ് എന്നറിയപ്പെടുന്ന യൂട്യൂബര്‍ രണ്‍വീര്‍ അലബാദിയയുടെ അശ്ലീല പരാമര്‍ശത്തില്‍ കേന്ദ്രം കടുത്ത നടപടിയുമായി രംഗത്തെത്തിയിരുന്നു. വിവാദമായ ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയൂടെ വിവാദ എപ്പിസോഡ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് യുട്യൂബ് നീക്കം ചെയ്തിരുന്നു.

പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമര്‍ശിച്ച് രണ്‍വീര്‍ അലബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍.

ലൈംഗിക പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ രണ്‍വീര്‍ അലബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ തുടങ്ങിയ വിധികര്‍ത്താക്കള്‍ക്കെതിരെ അസം പൊലീസ് കേസെടുത്തു. മുംബൈ പൊലീസും ഇവര്‍ക്കെതിരെ നടപടി തുടങ്ങിയിരുന്നു.

പ്രായപൂർത്തിയാകാത്ത 14 കാരിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ച് പ്രതികൾക്ക് ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപരന്ത്യം തടവിനും 40 വർഷത്തെ തടവിനും പെരുമ്പാവൂർ സ്പെഷ്യൽ (പോക്സോ) കോടതി ശിക്ഷിച്ചു.

പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഫർഹദ് ഖാൻ, ഹാരൂൺ ഖാൻ, ആഷു, ഫയിം, ഷാഹിദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഏലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2020 കോവിഡ് കാലത്താണ് ഹിന്ദി ഭാഷ നന്നായി സംസാരിച്ചിരുന്ന പെൺകുട്ടിക്ക് സിം കാർഡ് എടുത്ത് നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് പ്രതികൾ പെൺകുട്ടിയെ തനിച്ചും സംഘം ചേർന്നും പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടു പോയി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്.

ഹാരൂൺഖാൻ എന്ന പ്രതിയ്ക്ക് ഒരു കേസിൽ 40 വർഷത്തെ കഠിന തടവിനും 50,000രൂപ പിഴയും വിധിച്ചു. ഫർഹദ് ഖാന് ഒരു കേസിൽ കുറ്റവിമുക്തനാക്കുകയും മറ്റ് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 60 വർഷത്തെ കഠിന തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു.

ഷാഹിദ് ഖാന് ഒരു കേസിൽ ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആഷുവിന് ഒരു കേസിൽ 40 വർഷത്തെ കഠിന തടവും 50,000രൂപ പിഴയും വിധിച്ചു. ഫയീമ്ന് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും, 1.5 ലക്ഷം രൂപ പിഴയും വിധിച്ചു.

അഞ്ച് കുറ്റപത്രങ്ങളിൽ വിചാരണ പൂർത്തിയാക്കിയാണ് പ്രതികളെ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനു കോടതി ഉത്തരവിട്ടു. പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ദിനേശ് എം പിള്ളയാണ് പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ സിന്ധു ഹാജരായി. ഏലൂർ പൊലീസ് സ്റ്റേഷനിലെ എസ് സിപിഒ അരുൺകുമാർ നടപടിക്രമങ്ങൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

അണക്കരയില്‍നിന്ന് വീടുവിട്ടുപോയ ഏഴു പെണ്‍കുട്ടികളെ വണ്ടന്‍മേട് പോലീസിന്റെ ഇടപെടലില്‍ തിരിച്ചെത്തിച്ചു. ബന്ധുക്കളുടെ സഹായത്തോടെ തമിഴ്നാട്ടിലെ തേനിയില്‍നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനാണ് പെൺകുട്ടികൾ വീടുവിട്ടതെന്ന് പോലീസ് പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള സംഘമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് അണക്കരക്ക് സമീപം ഇവരുടെ വീടുകളില്‍നിന്ന് പോയത്. വൈകുന്നേരത്തോടെ വീട്ടുകാര്‍ വണ്ടന്‍മേട് പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. തുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ തമിഴ്നാട്ടിലെ തേനി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു.

കടയില്‍ പോകുന്നു എന്നുപറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ഒരു കുട്ടിയുടെ മാതാവ് പറഞ്ഞു. തുടര്‍ന്ന് കുട്ടികളെ വണ്ടന്‍മേട് സ്റ്റേഷനില്‍ എത്തിച്ചു. ഏഴു കുട്ടികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ ആളാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ യുവാവിനെ കാണുന്നതിന് വേണ്ടിയാണ് ഈ പെണ്‍കുട്ടി തമിഴ്നാട്ടിലേയ്ക്ക് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഈ പെണ്‍കുട്ടിക്ക് പിന്നാലെ ബന്ധുക്കളും അയല്‍വാസികളുമായ മറ്റ് ആറ് കുട്ടികള്‍ കൂട്ടുപോകുകയായിരുന്നു. കുട്ടികളുടെ കുടുംബങ്ങളില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

വണ്ടന്‍മേട് എസ്.എച്ച്.ഒ. എ. ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ബിനോയ് എബ്രഹാം, എ.എസ്.ഐ. കെ.ടി. റെജിമോന്‍, എസ്.സി.പി.ഒ. മാരായ ജയ്മോന്‍ മാത്യു, പ്രശാന്ത് മാത്യു, സി.പി.ഒ.മാരായ സാന്‍ജോ മോന്‍ കുര്യന്‍, പി.ആര്‍. ജിഷ, എ. രേവതി എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved