ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും വീരോചിത സെഞ്ചുറികളുടെ കരുത്തില്‍ സമനില പിടിച്ചതിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ ടീം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്ത്യൻ താരങ്ങള്‍ 400 റണ്‍സിലേറെ നേടിയാണ് റെക്കോര്‍ഡിട്ടത്. ഇന്ത്യയുടെ 91 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാല് താരങ്ങള്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരേസമയം 400 ലേറെ റണ്‍സ് സ്കോര്‍ ചെയ്യുന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ നാലു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടക്കാരില്‍ ആദ്യ നാലു സ്ഥാനങ്ങളിലും ഇന്ത്യക്കാരാണെന്നതും ശ്രദ്ധേയമാണ്. 722 റണ്‍സുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ് റണ്‍വേട്ടയില്‍ ഒന്നാമത്. ഒരു ഇരട്ട സെഞ്ചുറി അടക്കം നാലു സെഞ്ചുറികളാണ് ഗില്‍ ഈ പരമ്പരയില്‍ നിന്ന് മാത്രം നേടിയത്.
511 റണ്‍സുമായി കെ എല്‍ രാഹുലാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളുമാണ് രാഹുല്‍ പരമ്പരയില്‍ നേടിയത്. 479 റണ്‍സുമായി റിഷഭ് പന്താണ് റണ്‍വേട്ടക്കാരില്‍ മൂന്നാമത്. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും റിഷഭ് പന്തിന്‍റെ പേരിലുണ്ട്. പരിക്കുമൂലം അവസാന ടെസ്റ്റില്‍ കളിക്കാനാവാത്തതിനാല്‍ റിഷഭ് പന്തിന് 500 റണ്‍സ് പിന്നിടാനാവാനില്ല. അവസാന ടെസ്റ്റില്‍ കളിച്ചിരുന്നെങ്കില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് റിഷഭ് പന്തിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. 1965ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 525 റണ്‍സ് നേടിയ ഇന്ത്യയുടെ ബുധി കുന്ദേരന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.
ഇന്നലെ മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയതോടെ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിന്‍റെ ജാമി സ്മിത്തിനെ പിന്തള്ളി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തേക്ക് കയറി. നാലു മത്സരങ്ങളില്‍ 454 റണ്‍സുമായാണ് ജഡേജ നാലാം സ്ഥാനത്തെത്തിയത്. ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയുമാണ് ജഡേജയുടെ പേരിലുള്ളത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി കരുത്തുകാട്ടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ പിന്നീട് നിറം മങ്ങിയത് മാത്രമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നാലു കളികളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 291 റണ്‍സാണ് ജയ്സ്വാളിന്‍റെ നേട്ടം. ഈ പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ പത്താമതാണ് ജയ്സ്വാൾ ഇപ്പോള്‍.
കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണത്തിന് പിന്നില്‍. പള്ളി സമുച്ചയം ആക്രമിച്ച ഇവര്‍ വീടുകളും കടകളും കത്തിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
പുലര്‍ച്ചെ ഒരു മണിയോടെ നടത്തിയ ആക്രമണത്തിൽ പള്ളിക്കുള്ളിലും പുറത്തും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുപതിലേറെ പേര്‍ വെടിയേറ്റാണ് മരിച്ചത്. വീടുകളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണങ്ങളില്‍ പൊള്ളലേറ്റാണ് കൂടുതൽ പേരും മരിച്ചത്. ഒട്ടേറെപേരെ കാണാനില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തു.
1990 കളില്‍ ഉഗാണ്ടയില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് എഡിഎഫ്. സ്വന്തം നാട്ടിലെ സൈനിക സമ്മര്‍ദ്ദം മൂലം 2002ല്‍ ഇവര്‍ കോംഗോയിലേക്ക് തട്ടകം മാറ്റുകയായിരുന്നു. ഐ.എസ് പോലുള്ള ഭീകരപ്രസ്ഥാനങ്ങളോട് കൂറ് പ്രഖ്യാപിച്ചിട്ടുള്ള സംഘടനകൂടിയാണിത്.
ഷിബു മാത്യൂ
സ്പിരിച്ച്വൽ ഡെസ്ക് . മലയാളം യുകെ
അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന കീത്തിലിയുടെ ഒഥൻ്റിക് സിറ്റി സഭയുടെ നാലാമത് വാർഷിക കൺവെൻഷൻ ജൂലൈ 26 ന് കീത്തിലിയിൽ നടന്നു. കീത്തിലി ഫെൽ ലൈൻ സ്കൗട്ട് ഹാളിൽ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് റിവൈവൽ വോയ്സിൻ്റെ ഗാനശുശ്രൂഷയോടെ കൺവെൻഷന് തുടക്കമായി. തുടർന്ന് സ്‌റ്റെഫിൻ സത്യദാസ് , ബില്ലി ബാബുവിൻ്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ വർഷിപ്പ് നടന്നു. പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ അധ്യക്ഷതയിൽ കൺവെൻഷൻ ആരംഭിച്ചു. കൺവെൻഷനിൽ പാസ്റ്റർ പോൾ അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് ലണ്ടനിലെ പ്രസിദ്ധമായ ഇമ്മാനുവേൽ ചർച്ചിൻ്റെ ഫൗണ്ടറും സീനിയർ പാസ്റ്ററുമായ, പാസ്റ്റർ ജെഫി ജോർജ്ജ് നാലാമത് വാർഷിക കൺവെൻഷന് സന്ദേശം നൽകി. അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായ ഒഥൻ്റിക് സിറ്റി കീത്തിലിയുടെ കൺവെൻഷൻ കോർഡിനേറ്ററായ പ്രഫിൻ ജോൺ നന്ദി പ്രകാശനം നടത്തി. സ്നേഹ വിരുന്നോടെ നാലാമത് വാർഷിക കൺവെൻഷൻ സമാപിച്ചു.

രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂണിലാണ് ലോകത്താകമാനം പടർന്ന് പന്തലിച്ചിട്ടുള്ള അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി ഒഥൻ്റിക് സിറ്റി സഭ കീത്തിലിയിൽ ശുശ്രൂഷകളാരംഭിക്കുന്നത്. അന്നു മുതൽ തുടർച്ചയായ ഞായറാഴ്ചകളിൽ പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടന്നു വരുന്നു. കീത്തിലിയിലും പരിസര പ്രദേശത്തുനിന്നുമായി നിരവധിയാളുകൾ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തി കൊണ്ടിരിക്കുന്നു. വരും വർഷങ്ങളിൽ വളരെ വിപുലമായ രീതിയിൽ കൺവെൻഷൻ നടത്താനുദ്ദേശിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.



പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സല്‍ദാന്‍ (25) ആണ് അറസ്റ്റിലായത്. ഡെന്റല്‍ ക്ലിനിക്കില്‍ ശനിയാഴ്ച വൈകിട്ട് 6.45ന് ആയിരുന്നു സംഭവം.
ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയത്താണ് സൽദാൻ എത്തിയത്. വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായില്‍ തുണി തിരുകിയായിരുന്നു പീഡനശ്രമം. ഡോക്ടര്‍ ബഹളം വച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരെത്തി. ഇതോടെ സൽദാൻ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശവാസികൾ ഓടിക്കൂടിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സൽദാനെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
നാടിന്റെ നൊമ്പരമെന്നോണം ശനിയാഴ്ച തോരാതെ മഴപെയ്തു. കരിങ്കണ്ണിക്കുന്നിലെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിലേക്ക് നാടൊന്നാകെ ഒഴുകിയെത്തി. അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ കരച്ചിലും കണ്ണീരുമായി വീട്ടുമുറ്റമൊരു സങ്കടക്കടലായി.
ആര്‍ക്കും പരസ്പരം ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ സാധിച്ചില്ല. ഹൃദയംപൊട്ടുന്ന വേദനയില്‍ സഹോദരങ്ങളായ അനൂപിനും ഷിനുവിനും തോരാമഴയില്‍ ജന്മനാട് യാത്രാമൊഴിയേകി.
വികാരി ഫാ. ജോര്‍ജ് കിഴക്കുംപുറത്തിന്റെ സാന്നിധ്യത്തില്‍ വീട്ടില്‍ നടന്ന മരണാനന്തരച്ചടങ്ങുകളില്‍ എല്ലാവരും അനൂപിനും ഷിനുവിനുമായി പ്രാര്‍ഥിച്ചു. പൊതുദര്‍ശനത്തിനുശേഷം പതിനൊന്നോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ തെനേരി ഫാത്തിമമാത പള്ളിയിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോള്‍ തേങ്ങലുകള്‍ പൊട്ടിക്കരച്ചിലുകളായി. ഇരുവരുടെയും അവസാനയാത്ര നൊമ്പരക്കാഴ്ചയായി.
തെനേരി ഫാത്തിമമാത പള്ളിയിലെത്തിച്ചപ്പോഴും വലിയ ജനക്കൂട്ടമുണ്ടായിരുന്നു. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. വിടനല്‍കാന്‍നേരം മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം നെഞ്ചുപൊട്ടിക്കരഞ്ഞു. പിതാവ് വര്‍ക്കിയുടെയും മാതാവ് മോളിയുടെയും അനൂപിന്റെ ഭാര്യ ജിന്‍സി ജോസഫിന്റെയും സുഹൃത്തുക്കളുടെയും അന്ത്യചുംബനങ്ങളേറ്റുവാങ്ങി ഇരുവരും എന്നന്നേക്കുമായി മടങ്ങി.
രൂപത പിആര്‍ഒ ഫാ. ജോസ് കൊച്ചറക്കല്‍, മുള്ളന്‍കൊല്ലി ഫൊറോന വികാരി ജോര്‍ജ് ആലുക്ക, ഫാ. ജോര്‍ജ് കിഴക്കുംപുറം തുടങ്ങി ഒട്ടേറെ വൈദികരും സന്യസ്തരും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രീയ-സംസ്‌കാരിക രംഗത്തുള്ളവരും ഇരുവര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കോഴിഫാമില്‍നിന്ന് ഷോക്കേറ്റാണ് സഹോദരങ്ങളായ വാഴവറ്റ കരിങ്കണിക്കുന്ന് പൂവ്വംനില്‍ക്കുന്നതില്‍ അനൂപ്(38) സഹോദരന്‍ ഷിനു(35) എന്നിവര്‍ മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് കോഴിഫാമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഫെന്‍സിങ്ങില്‍നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രഥമിക നിഗമനം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അനൂപും ഷിനുവും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരുമായിരുന്നു.
കരിങ്കണ്ണിക്കുന്നില്‍ ലീസിനെടുത്ത് നടത്തിയ കോഴിഫാമിലായിരുന്നു അപകടം. 10 ദിവസം മുന്‍പാണ് കോഴിഫാം പ്രവര്‍ത്തനം തുടങ്ങിയത്. പ്രതീക്ഷയോടെ തുടങ്ങിയ ഫാമിലെ ദുരന്തത്തില്‍ പ്രിയപ്പെട്ടവര്‍ നഷ്ടമായതിന്റെ വേദനയിലാണ് വാഴവറ്റ, കരിങ്കണ്ണിക്കുന്ന് ഗ്രാമങ്ങള്‍.
യുവതിയെ ബലാത്സംഗംചെയ്ത കേസില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. വെസ്റ്റ്ഹില്‍ ശ്രീവത്സം വീട്ടില്‍ സംഗീത് (31) നെ കസബ പോലീസ് പിടികൂടി.
കോഴിക്കോട്ടുള്ള ജിമ്മിലെ ട്രെയിനറായ പ്രതി കാസര്‍കോടുള്ള യുവതിയുമായി പരിചയപ്പെടുകയും സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ മാര്‍ച്ച് എട്ടിന് നഗരത്തിലെ ഒരു ലോഡ്ജിലെ റൂമില്‍ കൊണ്ടുപോയി ബലാത്സംഗംചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. വെസ്റ്റ് ഹില്ലില്‍ വെച്ച് പ്രതിയെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ലണ്ടന്‍: യുകെയുടെ ക്രിസ്തീയ ഉണര്‍വിനായി “യുകെയെ വീണ്ടും വിശുദ്ധമാക്കുക” എന്ന പേരിൽ അടുത്ത മാസം ബ്രിട്ടനില്‍ സമ്മേളനം നടക്കും. ഓഗസ്റ്റ് 4 മുതൽ 7 വരെ ലണ്ടനിൽവെച്ചാണ് പരിപാടി ഒരുക്കുന്നത്. ലണ്ടൻ ഷെപ്പേർഡ് ചർച്ചുമായി സഹകരിച്ച് എസ്തർ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിപാടിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. കഴിഞ്ഞ വർഷം ജോർജിയയിലെ അറ്റ്‌ലാന്റയില്‍ നടന്ന “മേക്ക് ദി യുഎസ്എ ഹോളി എഗെയ്ൻ” പരിപാടിയുടെ മാതൃകയിലാണ് ലണ്ടനിലും സമ്മേളനം ഒരുങ്ങുന്നത്.
ദക്ഷിണ കൊറിയ, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ക്രൈസ്തവര്‍ ഇമ്മാനുവൽ സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കും. യുകെയിലെ വിവിധ തലമുറകളിലും, വിവിധ പ്രദേശങ്ങളിലും, വിവിധ ക്രൈസ്തവ വിഭാഗങ്ങളിലും ഉള്ളവര്‍ രാജ്യത്തിന്റെ ഉണർവ്വിനായി പ്രാർത്ഥിക്കാൻ ഒത്തുകൂടുമെന്നു ക്രിസ്ത്യന്‍ കണ്‍സേണ്‍ സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രിയ വില്യംസ് പറഞ്ഞു. ഹൃദയങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രത്തെയും പരിവർത്തനം ചെയ്യുന്ന ദൈവീക ഇടപെടലിനായാണ് ഞങ്ങൾ ഒരുമിച്ച് നിലവിളിക്കുന്നതെന്ന് ആൻഡ്രിയ കൂട്ടിച്ചേര്‍ത്തു.
ക്രിസ്തീയ വിശ്വാസത്തോടുള്ള പുതിയ അഭിനിവേശം ജ്വലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രാർത്ഥന, ആരാധന, ഉപവാസം, പ്രഭാഷണങ്ങൾ എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തും. കൊറിയ, അമേരിക്ക, ഇസ്രായേൽ, തുടങ്ങീ നിരവധി രാജ്യങ്ങളില്‍ ആത്മീയ ഐക്യത്തിനും പുനരുജ്ജീവനത്തിനും വേണ്ടി മധ്യസ്ഥത വഹിക്കുന്ന എസ്തർ പ്രയര്‍ മൂവ്മെന്‍റ് വിവിധയിടങ്ങളില്‍ നവസുവിശേഷവത്ക്കരണത്തിന് വേണ്ടി ഇടപെടല്‍ നടത്തുന്നുണ്ട്. യുകെയിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിലും വലിയ ആത്മീയ നവീകരണത്തിന് പരിപാടി ഉത്തേജകമായി വർത്തിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മെർളിൻ മേരി അഗസ്റ്റിൻ
ഫിലഡൽഫിയ: ഓർമ്മ (ഓവര്‍സീസ് റസിഡൻറ്റ് മലയാളീസ് അസോസിയേഷന്‍) ഇൻറ്റർനാഷ്ണലിൻറെ കീഴിൽ, ‘അമേരിക്ക 250’ വാർഷികാഘോഷങ്ങൾക്കുവേണ്ടി രൂപംകൊണ്ട സെലിബ്രേഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം, ശനിയാഴ്ച ജൂലൈ 19 ആം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻറ് തോമസ് സീറോ മലബാർ പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്നു. ഫിലാഡൽഫിയായിലും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികൾ, വിദ്യാഭ്യാസ വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, അധ്യാപകർ, ഡോക്ടർമാർ, നഴ്സുമാർ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ ശോഭിക്കുന്ന മലയാളി വ്യക്തിത്വങ്ങൾ, അവരുടെ സാന്നിധ്യവും സന്ദേശവും കൊണ്ട് ഈ ഉദ്ഘാടന ചടങ്ങിനെ മോടി പിടിപ്പിച്ചു.

കോൺഗ്രസ്മാൻ ബ്രയൻ ഫിറ്റ്സ്പാട്രിക്, പെൻസിൽവേനിയാ സ്റ്റേറ്റ് സെനറ്റർ ജോ പിക്കോസ്സി, ഏഷ്യാനെറ്റ് നോർത്ത് അമേരിക്കാ ഹെഡ് ഡോ. കൃഷ്ണകിഷോർ, ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റേണി ജോവിൻജോസ്, ആത്മീയ ആചാര്യൻ ഫാ. എം കെ കുര്യാക്കോസ്, സാഹിത്യകാരൻ പ്രൊഫ. കോശി തലയ്ക്കൽ, ഇന്ത്യാ പ്രെസ്സ് ക്ലബ്ബ് മുൻ നാഷണൽ സെക്രട്ടറി വിൻസൻ്റ് ഇമ്മാനുവേൽ, മുൻ ഫൊക്കാനാ സെക്രട്ടറിയും മുൻ ഫോമാ പ്രസിഡൻ്റുമായ ജോർജ് മാത്യൂ സി പി എ, ന്യൂ അമേരിക്കൻസ് ആൻ്റ് എത്നിക് കോർഡിനേറ്റിങ്ങ് കൗൺസിൽ ചെയർ ഡോ. ഉമർ ഫാറൂക്, മുൻ സിറ്റികൗൺസിൽമാൻ അറ്റേണി ഡേവിഡ് ഓ, ഓർമ്മ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ്ആറ്റുപുറം, പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ എന്നിവർ സംയുക്തമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു..

അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയൽ, ഓർമ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി ക്രിസ്റ്റി ഏബ്രാഹം, ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, പി ആർ ഓ മെർളിൻ മേരി അഗസ്റ്റിൻ, അമേരിക്ക റീജിയൺ വൈസ് പ്രസിഡൻ്റ് പിൻ്റോ കണ്ണമ്പള്ളി, ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡൻ്റ് ഷൈലാ രാജൻ, ഫിലഡൽഫിയ പോലീസ് സർജൻറ്റ് ബ്ലെസ്സൺ മാത്യു, അനീഷ് ജെയിംസ്, വിഷ്വൽ മീഡിയാ ചെയർ അരുൺ കോവാട്ട്, ചാപ്റ്റർ സെക്രട്ടറി ലീതു ജിതിൻ, ചാപ്റ്റർ ട്രഷറാർ മറിയാമ്മ ജോർജ്, ആലീസ് ജോസ് ആറ്റുപുറം, സെബിൻ സ്റ്റീഫൻ, എന്നീ ഭാരവാഹികൾ ഏകോപനം നിർവഹിച്ചു.
സ്വാതന്ത്ര്യ ലബ്ധിയുടെ 250 ആം വർഷത്തിലേക്ക് അമേരിക്ക എന്ന മഹത് രാഷ്ട്രം കാലൂന്നുമ്പോൾ, ഇന്ത്യൻ മലയാളി സമൂഹം ഉൾപ്പെടെ, നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള തലമുറകളുടെ സേവനങ്ങൾ വലിയ ജനാധിപത്യ രാജ്യത്തിൻറെ ഉന്നമനത്തിനു സഹായിച്ചു എന്നത് മധുരിക്കുന്ന ഓർമ്മയാണെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനായി ജീവൻത്യജിച്ച ധീരദേശാഭിമാനികളെ അനുസ്മരിക്കുകയും, അമേരിക്കയിൽ ആതുര ശാസ്ത്ര സാങ്കേതിക സാമൂഹിക മേഖലകളിൽ സേവനം അനുഷ്‌ഠിക്കുന്ന മലയാളികളുടെ അതുല്യമായ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു. അമേരിക്കൻ ദേശീയതയിൽ, അമേരിക്കൻ മലയാളികളുടെ ഗുണാത്മക സംഭാവനകളെ മിഴിവുറ്റതാക്കി ഉയർത്തിക്കാണിക്കുക എന്ന ദൗത്യമാണ് അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ നിർവഹിക്കുക. അമേരിക്ക 250 വാർഷികാഘോഷങ്ങൾ അതിൻറെ പാരമ്യത്തിൽ എത്തുന്ന, ജൂലൈ 4, 2026 വരെ, കൗൺസിൽ, അണ മുറിയാതെ, വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും, അരങ്ങുകളിലും, അമേരിക്കൻ മലയാളികളുടെ അതുല്യമായ സംഭാവനകളെ ഹൈലൈറ്റ് ചെയ്യും. ഫിനാലെയിൽ കലാ സന്ധ്യയും അവാർഡ് നിശയും സംഘടിപ്പിക്കും. മൂന്നു തലമുറകളിൽ നിന്നുള്ള അമേരിക്കൻ മലയാളികളിലെ പ്രഗത്ഭരുടെ പ്രാഭവത്തെ ദീപ്തമാക്കും.

അമേരിക്ക 250 സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയലിൻറെ മുഖ്യ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, ഓർമ്മ ഇൻറ്റർനാഷ്ണൽ ജനറൽ സെക്രട്ടറി ക്രിസ്റ്റി ഏബ്രഹാം മുഖ്യ അവതാരകയായി. ഓർമ്മ ഇൻറ്റർനാഷ്ണൽ പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ അധ്യക്ഷ പ്രസംഗവും, ട്രസ്റ്റീ ബോഡ് ചെയർമാൻ ജോസ് ആറ്റുപുറം ആമുഖ പ്രസംഗവും നടത്തി. ഏഷ്യാനെറ്റ് വൈസ് പ്രസിഡൻ്റ് അനിൽ അടൂർ, പെൻസിൽ വേനിയാ നേഴ്സസ് ഓർഗനൈസേഷൻ (പിയാനോ) പ്രസിഡൻ്റ് ബിന്ദു ഏബ്രഹാം എന്നിവർ ആശംസകൾ നേർന്നു. സെലിബ്രേഷൻസ് കൗൺസിൽ ചെയർമാൻ ജോർജ് നടവയൽ, അമേരിക്ക റീജിയൻ വൈസ് പ്രസിഡൻ്റ് പിൻ്റോ കണ്ണമ്പള്ളി, ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ് എന്നിവർ മുഖ്യാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി.
ഏഷ്യൻ അമേരിക്കൻ ബിസിനസ് അലയൻസ് ഓഫ് ഗ്രേറ്റർ ഫിലഡൽഫിയാ ഗവേണൻസ് കമ്മിറ്റി ചെയർ ജേസൺ പയോൺ, കമ്പ്ളയൻസ് കമ്മറ്റി ചെയർ മാത്യൂ തരകൻ, പമ്പാ പ്രസിഡൻ്റ് ജോൺ പണിക്കർ, ഫിലഡൽഫിയാ പ്രെസ്സ് ക്ലബ്ബ് സെക്രട്ടറി സുമോദ് നെല്ലിക്കാലാ, വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയാ പ്രസിഡൻ്റ് നൈനാൻ മത്തായി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം എക്സിക്യൂട്ടിവ് വൈസ്ചെയർമാൻമാരായ ഫീലിപ്പോസ് ചെറിയാൻ, തോമസ് പോൾ, പ്രൊമോട്ടർ ലോറൻസ് തോമസ്, കലാ സെക്രട്ടറി സ്വപ്നാ സജി, പ്രൊമോട്ടർ സ്റ്റാൻലി ഏബ്രാഹം എന്നീ സാമൂഹ്യ നേതാക്കൾ പതാകാ വന്ദനം നിർവഹിച്ചു. കുമാരി നൈനാ ദാസ് അമേരിക്കൻ ദേശീയ ഗാനവും, മെർളിൻ മേരി അഗസ്റ്റിൻ, ഷൈലാ രാജൻ എന്നിവർ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. യുവപ്രതിഭ ജോൺ നിഖിലിൻറെ വയലിൻ സോളോ, ഡോ. ആനി എബ്രഹാമിൻറെ ഭാവനിർഭരമായ മോഹിനിയാട്ടം, കുമാരി ജെനി ജിതിൻ സ്റ്റാച്യൂ ഓഫ് ലിബെട്ടി ടാബ്ളോ എന്നിവ ചടങ്ങിനു മാറ്റ് കൂട്ടി. ഓർമ ഇൻ്റർനാഷണൽ ട്രഷറാർ റോഷിൻ പ്ലാമൂട്ടിൽ അനുമോദന സന്ദേശം അറിയിച്ചു. ആലീസ് ജോസ് റിസപ്ഷൻ ക്രമീകരിച്ചു. പി ആർ ഓ മെർളിൻ മേരി അഗസ്റ്റിൻ കൃതജ്ഞതയർപ്പിച്ചു.

സെബിൻ സ്റ്റീഫൻ, അരുൺ കോവാട്ട്, അലക്സ് ബാബു, അമേയ എന്നിവർ ചായാഗ്രഹണവും ഡെനി കുരുവിള ശബ്ദക്രമീകരണവും, സോഫി നടവയൽ രംഗ സംവിധാനവും നിർവഹിച്ചു. മയൂര റസ്റ്റോറൺറ്റ് ലഘു വിരുന്നൊരുക്കി. കോഴിക്കോട് കളർ പ്ലസ് സുനോജ്, ന്യൂയോർക്ക് എം ജി എം ഗ്രാഫിക്സ് റെജി ടോം എന്നിവർ രംഗ പടമൊരുക്കി. മെഡിക്കൽ പ്രൊവൈഡർമാരായ ബ്രിജിറ്റ് പാറപ്പുറത്തും ഷീബാ ലെയോയും നേതൃത്വം നൽകുന്ന ട്രിനിറ്റി കെയർ മെഡിക്കൽ ക്ല്നിക്ക് സ്പോൺസറായി.
മിഡ്ലാൻഡ്സ്: സമാനതകളില്ലാത്ത ജന നേതാവായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ യു കെയിലെ പല ഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. സ്കോട്ട്ലാൻഡിൽ വച്ച് നടന്ന അനുസ്മരണ യോഗത്തിൽ ശ്രീ ചാണ്ടി ഉമ്മൻ എം എൽ എ ഓൺലൈനായി പങ്കെടുത്തു. ഇത്തവണ യു കെയിൽ ചാണ്ടി ഉമ്മൻ ആദ്യമായി പങ്കെടുക്കുന്ന അനുസ്മരണം പരിപാടി കൂടിയായിരുന്നു ‘ഓർമ്മകളിൽ ഉമ്മൻചാണ്ടി’.
‘ഓർമ്മകളിൽ ഉമ്മൻ ചാണ്ടി’ എന്ന തലക്കെട്ടോടെ ഐ ഒ സി (യു കെ) – കേരള ഘടകം മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആറു ദിവസം നീണ്ടുനിന്ന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.
ജൂലൈ 16ന് ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കബറിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് ആരംഭിച്ച അനുസ്മരണ പരിപാടികൾ ജൂലൈ 21ന് ഓൾഡ്ഹാമിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകളോടെയാണ് സമാപിച്ചത്.
ബോൾട്ടനിലെ ഐ ഒ സി ഓഫീസ് ഹാളിൽ സംഘടിപ്പിപ്പെട്ട അനുസ്മരണ സമ്മേളനം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. ബോൾട്ടൻ യൂണിറ്റ് പ്രസിഡന്റ് ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുൺ ഫിലിപ്പോസ്, സജി വർഗീസ്, സജു ജോൺ, ബിന്ദു ഫിലിപ്പ്, ഹൃഷിരാജ്, നെബു, മുസമ്മൽ, രാഹുൽ എന്നിവർ സംസാരിച്ചു. ഉമ്മൻ ചാണ്ടിക്ക് സ്മരണാജ്ഞലി അർപ്പിച്ചുകൊണ്ട് ‘Oommen Chandy – Unfaded Memories’ എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ഹെയ്‌സൽ മറിയം തോമസ് ചെറു പ്രസംഗം അവതരിപ്പിച്ചു.
കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് നോർത്താംപ്റ്റനിലും നിർവാഹക സമിതി അംഗം ഷോബിൻ സാം സ്കോട്ട്ലൻഡിൽ വച്ച് നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.
ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്റ്റൻ, സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി, പീറ്റർബോറോ, ബോൾട്ടൻ, അക്‌റിങ്റ്റൻ, ഓൾഡ്ഹാം എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ 9 ഇടങ്ങളിലായി നടന്ന അനുസ്മരണ ചടങ്ങുകൾക്ക് ജോർജ് ജോൺ, റോയ് ജോസഫ്, ജിബ്സൺ ജോർജ്, ഡോ. ജോബിൻ സെബാസ്റ്റ്യൻ, മിഥുൻ, അരുൺ ഫിലിപ്പോസ്, ജഗൻ പടച്ചിറ, ബിബിൻ രാജ്, ബിബിൻ കാലായിൽ, ഐബി കെ ജോസഫ് എന്നിവർ നേതൃത്വം നൽകി.
ബ്ലാക്ക്പൂൾ, ബാൺസ്ലെ, ലെസ്റ്റർ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കബറിൽ നടത്തിയ പുഷ്പചക്ര സമർപ്പണത്തിനും പുഷ്പ്പാർച്ചനയ്ക്കും ജിബിഷ് തങ്കച്ചൻ, ജെറി കടമല, മോൺസൻ പടിയറ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് രാജിവെച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനാണ് ജലീലിനെ പുറത്താക്കിയത്.
നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തനരീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ഇതിന് പിന്നാലെ വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു.