ജോസ്‌ന സാബു സെബാസ്റ്റ്യൻ
നമ്മുടെ വിരൽത്തുമ്പിലെ ഒരു ഷെയർ ബട്ടൺ ഒരാളുടെ ജീവിതം അവസാനിപ്പിക്കാൻ കാരണമാകുന്നുവെങ്കിൽ, നാം വസിക്കുന്നത് അങ്ങേയറ്റം അപകടകരമായ ഒരു സമൂഹത്തിലാണ്. ഒരു സ്ത്രീ പകർത്തിയ വീഡിയോയിലൂടെ പൊതുമധ്യത്തിൽ അപമാനിതനായ ഒരു പുരുഷൻ ആത്മഹത്യയിൽ അഭയം പ്രാപിക്കുമ്പോൾ, അവിടെ തോൽക്കുന്നത് നിയമമോ നീതിയോ മാത്രമല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും മനുഷ്യത്വം കൂടിയാണ്. ഇത് നമ്മൾ ഓരോരുത്തരും ചേർന്നൊരുക്കുന്ന കൊലപാതകമാണ്..
സത്യത്തിൽ സമീപകാലത്തായി സമൂഹമാധ്യമങ്ങളിൽ നാം കണ്ടുവരുന്ന ചില പ്രവണതകൾ ഭയപ്പെടുത്തുന്നതാണ്. ഒരു മൊബൈൽ ക്യാമറയും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ആർക്കും ആരെയും വിചാരണ ചെയ്യാം എന്ന അവസ്ഥ വന്നിരിക്കുന്നു. സത്യമെന്തെന്ന് അന്വേഷിക്കാനോ, മറുപുറം കേൾക്കാനോ ആരും തയ്യാറല്ല. ആവേശത്തോടെ നാം പങ്കുവെക്കുന്ന ഓരോ വീഡിയോയും ഒരാളുടെ ഹൃദയത്തിൽ പതിക്കുന്ന ആണിയാണെന്ന് നാം പലപ്പോഴും മറന്നുപോകുന്നു.
സ്ത്രീപക്ഷവാദം (Feminism) എന്നത് തുല്യനീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണ്. എന്നാൽ, ഒരാളെ വ്യക്തിഹത്യ ചെയ്യാനോ തെളിവുകളില്ലാതെ വേട്ടയാടാനോ ഉള്ള ആയുധമായി അത് മാറുമ്പോൾ അതിന്റെ അർത്ഥം തന്നെ നഷ്ടപ്പെടുന്നു. സ്ത്രീയായാലും പുരുഷനായാലും, അവർക്ക് ലഭിക്കേണ്ട പ്രാഥമികമായ അവകാശമാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം. ലിംഗഭേദത്തിന്റെ പേരിൽ ഒരാൾ ചെയ്യുന്ന തെറ്റായ പ്രവർത്തികളെ മഹത്വവൽക്കരിക്കുന്നതും മറ്റൊരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്നതും പുരോഗമനമല്ല, മറിച്ച് സാമൂഹിക ജീർണ്ണതയാണ്.
കാരണം തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വ്യക്തി മരണം തിരഞ്ഞെടുക്കേണ്ടി വരുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും സാമൂഹിക ബോധത്തിന്റെയും പരാജയമാണ്. ആത്മഹത്യ ചെയ്ത ആ പുരുഷന്റെ മരണം ആ ഒരു സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല. ആ വീഡിയോ ആസ്വദിച്ചും ഷെയർ ചെയ്തും പരിഹസിച്ചും ആഘോഷമാക്കിയ ഓരോരുത്തരും ആ മരണത്തിൽ ഉത്തരവാദികളാണ്.
നമുക്ക് വേണ്ടത് സ്ത്രീയുടെയോ പുരുഷന്റെയോ വിജയമല്ല, മറിച്ച് മനുഷ്യത്വത്തിന്റെ (Human Nature) നിലനിൽപ്പാണ്. ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ ജീവിതം ബലികൊടുക്കേണ്ടി വരുന്ന സാഹചര്യം ഇനിയുണ്ടാകരുത്.
കാരണം നമ്മൾ ഇപ്പോഴും മനുഷ്യരാണ്.
അതെങ്കിലും മറക്കാതിരിക്കാം.
ജോസ്ന സാബു സെബാസ്റ്റ്യൻ ✍️
ജോസ്‌ന സാബു സെബാസ്റ്റ്യൻ
മാതൃബന്ധങ്ങളുടെ അപചയം വെള്ളിത്തിരയിൽ…
അമ്മ തന്റെ മകളുടെ പ്രണയിയെ സ്നേഹിക്കുന്ന കഥ. സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്നത് സത്യം തന്നെ. എന്നാൽ എല്ലാ സത്യങ്ങളും തുറന്നുകാട്ടേണ്ടത് മസാല ചേർത്ത്, ഉത്തേജകമായി, ആഘോഷിക്കുന്ന രീതിയിലാണോ? എല്ലാ അമ്മമാരും ഇങ്ങനാണോ? കാക്ക പൂച്ച വരുന്നത് കാണിച്ചു കുഞ്ഞുങ്ങളെ വളർത്തിയ അമ്മമാരെ കൂടെ ഈ സിനിമ കാണിക്കുമ്പോൾ
സിനിമയുടെ ബാധ്യത അവിടെ തുടങ്ങുന്നു….
കാരണം ഖെദ്ദ യിൽ കാണുന്നത് ഒരു മാനസിക പഠനമല്ല. കുറ്റബോധമോ, ആത്മസംഘർഷമോ, സാമൂഹിക പ്രതിഫലനമോ ഇല്ല. പകരം, ബന്ധങ്ങളുടെ അതിരുകൾ തകർക്കുന്ന ഒരു വിഷയത്തെ ഹോട്ട് സീനുകളും ഉത്തേജക അവതരണവും വഴി സാധാരണവൽക്കരിക്കാനുള്ള ശ്രമമാണ്. ഇതിനെ സാമൂഹിക സന്ദേശമെന്ന് വിളിക്കുന്നത് തന്നെ സിനിമയോടുള്ള അപമാനമാണ്.
നമ്മുടെ സമൂഹത്തിൽ പല തെറ്റുകളും നടക്കുന്നത് നമ്മൾ നേരിട്ട് കാണാത്തതിനാലാണ് അവയ്ക്ക് വലിയ ആഘാതമില്ലാത്തത്. എന്നാൽ സിനിമ പോലുള്ള ശക്തമായ മാധ്യമം അത് വലിയ സ്ക്രീനിൽ, ഗ്ലാമറൈസ് ചെയ്ത് അവതരിപ്പിക്കുമ്പോൾ, അത് സമൂഹത്തിൽ പതിയുന്ന ആശയം അപകടകരമാണ്. പ്രത്യേകിച്ച് യുവതലമുറയ്ക്ക് ഇത് നൽകുന്ന സന്ദേശം എല്ലാം ന്യായീകരിക്കാം, എല്ലാം ആഘോഷിക്കാം എന്നതാണ്.
അമ്മ മകൾ ബന്ധം വിശ്വാസത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനം ആണ്. ആ ബന്ധത്തെ വെറും ഷോക്കിംഗ് എലമെന്റായി ഉപയോഗിച്ച് പ്രേക്ഷകശ്രദ്ധ നേടുന്നത് കലാസ്വാതന്ത്ര്യമല്ല, അത് ഉത്തരവാദിത്വമില്ലായ്മയാണ്. സിനിമ ചോദ്യങ്ങൾ ഉയർത്തണം, ചിന്ത ഉണർത്തണം. എന്നാൽ ഖെദ്ദ ചെയ്യുന്നത് മൂല്യങ്ങളെ മൗനമായി കുരുക്കിയിടുകയാണ്.
വിവാദം സൃഷ്ടിക്കുന്നതുകൊണ്ട് മാത്രം ഒരു സിനിമ ധൈര്യമുള്ളതാകില്ല. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നൈതിക ബോധവും മാനസിക ആഴവും ഇല്ലെങ്കിൽ, അത് സമൂഹത്തിന് മുന്നറിയിപ്പല്ല, മറിച്ച് ഒരു തെറ്റായ റോൾ മോഡലാണ്.
ഖെദ്ദ ഒരുപക്ഷേ ചിലർക്കു വിനോദമാകാം. പക്ഷേ സമൂഹത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് ഇത് ഒരു മുന്നറിയിപ്പാണ്.. കാരണം കലയെന്ന പേരിൽ എല്ലാം അംഗീകരിക്കപ്പെടണമെന്നില്ല…..
ജോസ്‌ന സാബു സെബാസ്റ്റ്യൻ
മലയാള സിനിമയിലെ നായക സങ്കല്പങ്ങളെ തിരുത്തിക്കുറിച്ച വ്യക്തിയാണ് ശ്രീനിവാസൻ. വെളുത്ത നിറമോ, തടിച്ച പേശികളോ ഇല്ലാത്ത ഒരു സാധാരണക്കാരൻ്റെ രൂപത്തിൽ വന്ന് അദ്ദേഹം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം വെറുമൊരു കൊമേഡിയൻ മാത്രമായിരുന്നില്ല. ഓരോ മനുഷ്യൻ്റെയും ഉള്ളിലെ അരക്ഷിതാവസ്ഥകളെയും, ഈഗോയെയും, ഭയത്തെയും ഇത്രത്തോളം സൂക്ഷ്മമായി നർമ്മമയി വരച്ചുകാട്ടിയ മറ്റൊരു എഴുത്തുകാരൻ മലയാളത്തിലില്ല.
ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം എന്ന സിനിമ മലയാള സിനിമയിലെ തന്നെ മികച്ച ഒരു സൈക്കോളജിക്കൽ സ്റ്റഡി (Psychological Study) ആണ്. തളത്തിൽ ദിനേശൻ എന്ന കഥാപാത്രത്തിലൂടെ ഒരു മനുഷ്യൻ്റെ അപകർഷതാബോധവും സ്വന്തം രൂപത്തെക്കുറിച്ചുള്ള ഭയവും സംശയരോഗവുമെല്ലാം ഒരു മനുഷ്യനെ എങ്ങനെയൊക്കെ തകർക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. അതുപോലെ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ദൈവത്തെയും ആത്മീയതയെയും മറയാക്കുന്ന എസ്കാപ്പിസം (Escapism) എന്ന മാനസികാവസ്ഥയെ അദ്ദേഹം തുറന്നുകാട്ടുന്നു.
സന്ദേശമെന്ന ചിത്രത്തിലൂടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ അന്ധമായി പിന്തുടരുന്നവർ കുടുംബബന്ധങ്ങളെയും യാഥാർത്ഥ്യങ്ങളെയും എങ്ങനെ മറക്കുന്നു എന്ന് വിളിച്ചു കൂവി ഈ ചിത്രം പരിഹസിക്കുന്നു. അതുകൊണ്ടൊക്കെ തന്നെയാണ് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് ഇന്നും പ്രസക്തമാകുന്നത് അത് നമ്മുടെ ഈഗോയെ തുറന്നുകാട്ടുന്നതുകൊണ്ടാണ്.
വരവേൽപ്പ് എന്ന മൂവിയിലൂടെ ഒരു സാധാരണക്കാരൻ്റെ സംരംഭകത്വ മോഹങ്ങളെ വ്യവസ്ഥിതി എങ്ങനെയൊക്കെ തല്ലിക്കെടുത്തുന്നുവെന്നും വിദേശത്തുനിന്ന് അധ്വാനിച്ചുണ്ടാക്കിയ പണവുമായി വരുന്ന മലയാളി നേരിടുന്ന മാനസിക സംഘർഷങ്ങളും ഒരു തിരുത്തലും വേണ്ടതെപ്പോലെ ഇതിൽ പ്രകടമാണ്. നാടോടിക്കാറ്റും പട്ടണപ്രവേശനവും ദാസനും വിജയനുമെല്ലാം ഒരു സാധ മലയാളിയുടെ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകങ്ങളാണ്. എത്ര വലിയ പ്രതിസന്ധിയിലും പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകാനുള്ള മനസ്സിൻ്റെ കരുത്താണ് ഈ സിനിമകൾ നൽകുന്നത്. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ എന്ന വരികൾ ഇന്നും പലർക്കും ഒരു സ്ട്രെസ് റിലീഫ് തന്നെയാണ് …
ഉദയനാണ് താരത്തിലൂടെ സിനിമയിലെ താരപ്രഭയും (Superstar Ego) യഥാർത്ഥ പ്രതിഭയും തമ്മിലുള്ള പോരാട്ടത്തിലൂടെയും രാജപ്പൻ എന്ന സരോജ് കുമാറിലൂടെയും പ്രശസ്തി ഒരു മനുഷ്യൻ്റെ സ്വഭാവത്തിൽ വരുത്തുന്ന വൈകൃതങ്ങളെ അദ്ദേഹം നന്നായി തന്നെ നമ്മുടെയൊക്കെ മനസിലേക്ക് കീറി ഒട്ടിച്ചു …
കഥ പറയുമ്പോൾ (2007) എന്ന മൂവിയിലൂടെ തന്റെ സുഹൃത്ത് എത്ര വലിയ നിലയിൽ എത്തിയാലും താൻ താഴ്ന്ന നിലയിലാണെന്ന തോന്നൽ സൃഷ്ടിക്കുന്ന സാമൂഹിക അകലം (Social Insecurity) ഈ സിനിമ മനോഹരമായി കൈകാര്യം ചെയ്യുന്നു.
അതെ പലവിധ കറുത്ത ഹാസ്യങ്ങൾ കൊണ്ടുള്ള ചികിത്സയിലൂടെ മനുഷ്യ മനസ്സിനെ വേട്ടയാടുന്ന വിഷാദത്തിൻ്റെയും വേവലാതികളുടെയും കാർമേഘങ്ങളെ മാറ്റാൻ അദ്ദേഹത്തിന് പ്രത്യേകമായ ഒരു കഴിവുണ്ടായിരുന്നു. ദാസനും വിജയനും നമുക്ക് വെറും രണ്ട് സിനിമാ കഥാപാത്രങ്ങളായിരുന്നില്ല മറിച്ചു തൊഴിലില്ലായ്മയുടെ കയ്പ്പിലും തമാശ കണ്ടെത്തിയ രണ്ട് സുഹൃത്തുക്കളാണ്. നമ്മുടെ അയൽപക്കത്തുള്ള തുന്നൽക്കാരൻ്റെയോ, ഗൾഫിൽ പോയി കഷ്ടപ്പെടുന്ന മധ്യവർഗ്ഗക്കാരൻ്റെയോ, രാഷ്ട്രീയത്തിൻ്റെ പേരിൽ തമ്മിലടിക്കുന്ന സഹോദരങ്ങളുടെയോ ഒക്കെ കഥകൾ അദ്ദേഹം നമ്മളോട് പറഞ്ഞു കാണിച്ചു തന്നു . ആ കഥകളിലെല്ലാം ഒരു മനഃശാസ്ത്രപരമായ ഉൾക്കാഴ്ച ഉണ്ടായിരുന്നു.
“His lost is not lost”. അദ്ദേഹത്തിൻ്റെ ഭൗതികമായ അഭാവം നമുക്ക് നഷ്ടമാണെങ്കിലും, അദ്ദേഹം തുന്നിച്ചേർത്ത വാക്കുകളും കഥാപാത്രങ്ങളും ഓരോ മലയാളി ഉള്ളിടത്തോളം കാലം ഇവിടെയുണ്ടാകും. ആ മനഃശാസ്ത്രപരമായ നിരീക്ഷണങ്ങൾ വരുംതലമുറകൾക്കും പാഠപുസ്തകങ്ങളായിരിക്കും….
ജോസ്‌ന സാബു സെബാസ്റ്റ്യൻ
3215 ദിവസങ്ങൾ… അതൊരു ചെറിയ കാലയളവല്ല. കലണ്ടറിലെ താളുകൾ മറിഞ്ഞു കൊണ്ടേയിരിക്കുന്നു. അവൾ അപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുകയാണ് …തന്റെ പങ്കിട്ടെടുത്ത സാരിയുടെ, അല്ലെങ്കിൽ കവർന്നെടുക്കപ്പെട്ട വ്യക്തിത്വത്തിന്റെ കഥ. ആ സാരി എന്നുദ്ദേശിച്ചത് വെറുമൊരു വസ്ത്രമല്ല, മറിച്ച് ഒരു പെണ്ണിന്റെ അഭിമാനത്തിന്റെ, അവൾക്ക് നഷ്ടപ്പെട്ട നീതിയുടെ രൂപകമാണ്. പക്ഷേ ചോദ്യം ബാക്കിയാണ്…
ഇതൊക്കെ ആര് കേൾക്കാൻ?
കാരണം നമ്മൾ ജീവിക്കുന്നത് വിചിത്രമായൊരു കാലഘട്ടത്തിലാണ്. ഇതിഹാസങ്ങളിലെ ധർമ്മനീതികൾക്ക് പോലും സ്ഥാനമില്ലാത്ത ഒരിടം.
പാഞ്ചാലിക്ക് നാണം നഷ്ടപ്പെട്ട നാട്….
മഹാഭാരതത്തിൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടന്നപ്പോൾ അതൊരു വലിയ അധർമ്മമായി കാണാൻ കൃഷ്ണനും വിദുരരും ഉണ്ടായിരുന്നു. എന്നാൽ ഇന്ന്? “Panchali has lost her shame” എന്ന് പറയേണ്ടി വരുന്നു. ഇതിനർത്ഥം പാഞ്ചാലിക്ക് നാണമില്ലെന്നല്ല, മറിച്ച് ഒരു സ്ത്രീ അപമാനിക്കപ്പെടുമ്പോൾ തലകുനിക്കാനോ, ലജ്ജ തോന്നാനോ ഉള്ള ശേഷി സമൂഹത്തിന് നഷ്ടമായിരിക്കുന്നു എന്നാണ്.
കൗരവ സഭയേക്കാൾ ക്രൂരമായ നിശബ്ദതയാണ് ഇന്നത്തെ സമൂഹത്തിന്റേത്. ഇരയാക്കപ്പെട്ടവൾ വീണ്ടും വീണ്ടും വേട്ടയാടപ്പെടുമ്പോൾ, കാഴ്ചക്കാരായി നിൽക്കുന്നവർക്ക് അത് വെറുമൊരു വാർത്ത മാത്രമാണ്.
തന്റെ പരിശുദ്ധി തെളിയിക്കാൻ അഗ്നിയിൽ ഇറങ്ങേണ്ടി വന്ന, ഒടുവിൽ ഗർഭം പോലും തെളിയിക്കേണ്ടി വന്ന സീതാദേവിയുടെ നാടാണിത്. സംശയത്തിന്റെ മുന എപ്പോഴും അന്നും ഇന്നും സ്ത്രീക്ക് നേരെ മാത്രം നീളുന്ന, ഇരയോട് മാത്രം തെളിവുകൾ ചോദിക്കുന്ന ഒരു നാടാണ് ആണ് നമ്മുടേത്.
അഗ്നിശുദ്ധി വരുത്തിയിട്ടും, ലോകം മുഴുവൻ എതിർത്തിട്ടും, സ്വന്തം സത്യത്തിൽ ഉറച്ചുനിൽക്കുന്നവളോട് വീണ്ടും “നീ തെളിവ് തരൂ” എന്ന് ആക്രോശിക്കുന്ന നീതിബോധത്തിൽ നിന്ന് നമ്മൾ ഇതിലും വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
പ്രതീക്ഷയറ്റ കാത്തിരിപ്പ്
3215 ദിവസങ്ങൾ പിന്നിടുമ്പോഴും ആ പെൺകുട്ടി ഇന്നും നീതിക്കായി പോരാടുന്നു എന്നത് അവളുടെ മാത്രം കരുത്താണ്. അത് ഈ സമൂഹത്തിന്റെ വിജയമല്ല, മറിച്ച് പരാജയമാണ്. കാരണം, അവളുടെ കഥ കേൾക്കാൻ, അവൾക്ക് തണലാകാൻ, അവൾക്ക് നഷ്ടപ്പെട്ടത് വീണ്ടെടുത്ത് നൽകാൻ കഴിയാത്തവിധം ഈ നാട് ബധിരമായിരിക്കുന്നു.
നമ്മുടെ സാംസ്കാരിക ബോധത്തിന് മാറ്റം വരാത്തിടത്തോളം, പാഞ്ചാലിമാരും സീതമാരും ഇനിയും കരഞ്ഞുകൊണ്ടേയിരിക്കും…
ആരും കേൾക്കാനില്ലാതെ.
ജോസ് ജെ വെടികാട്ട്
ഏവരും ദൈവസുതരെന്ന നിനച്ചിടും പോൽ പാപിയിലും ഉണ്ട് ദൈവത്തിന് അരുമ സുതനാം യേശുവിൻ ഭാവം,
സാഹചര്യസമ്മർദ്ദങ്ങളാകാം കർമ്മകാണ്ഡത്താൽ നയിക്കപ്പെടും ജീവിതവിധിയാകാം പാപിയെ പാപി ആക്കുന്നത്,
പാപിയോടുള്ള നിസ്സംഗത, വെറുപ്പ്, സ്വന്തം വ്യക്തിത്വം ജ്വലിക്കും അന്തരാത്മാവിൻ പാപ വിചിന്തനത്തിന് നേർക്ക് നമ്മൾ പുലർത്തും കപടനാട്യമല്ലോ,
അങ്ങനെ നാം നമ്മൾക്ക് എതിരെ സ്വയം തിരിയുകല്ലോ, പാപിയെ കുറിച്ച് ഒരു പുനർവിചിന്തനം തടയുകയല്ലോ,
ഏവരെയും സുഹൃദ് ഭാവത്തോടെ
ഉള്ളിൽ സ്വീകരിക്കാൻ പോന്ന സ്വാഗതം ചെയ്യാൻ പോന്ന വിശാലമനസ്കൻ അല്ലോ അവനിയിൽ ഒറ്റപ്പെട്ട ഏകാകിയാം പാപി,
തന്നിൽ നിന്നൊരു മോചനം കൊതിക്കുകയല്ലോ പാപി ഏവരോടും സുഹൃത്തെന്ന നിലയിൽ വിനിമയം ചെയ്ത്,
പാപികളുടെ ഈ സർവ്വ സതീർത്ഥ്യ ഭാവം, അവരുടെ വിധി നിയോഗങ്ങൾ തൻ അഴികൾക്കുള്ളിലെ ജ്വലിക്കും വ്യക്തിത്വം കണ്ടില്ലെന്ന് നമ്മൾ നടിക്കുകയല്ലോ നമ്മുടെ അന്തസ്സും വ്യർത്ഥ അഭിമാനവും കാക്കാൻ,
പാപികളെ തേടി വന്നവനല്ലോ നമ്മൾ ഗമിക്കും അതേ വഴി തന്നെ കടന്നുപോയ ഈശ്വരൻ പക്ഷേ നമുക്ക് അന്യനാം അപരിചിതൻ,
പാപിക്കും ശത്രുവിനും നമ്മെപ്പോലെ വ്യക്തിത്വം ഉണ്ടല്ലോ വ്യക്തിത്വത്തിൽ നിന്നും ഉരുത്തിരിയും മനസ്സാക്ഷിയും,
മനസാക്ഷി ആരുടെയും
കുത്തകയല്ല അത് ചിരിച്ചു തീർക്കാനോ കരഞ്ഞു മരിക്കാനോ ഉള്ളതല്ല ഏത് ശത്രുവിനും പാപിക്കും ഏവർക്കും ഉണ്ടൊരു മനസാക്ഷി,
എന്നാൽ മനസ്സ് തുറക്കാൻ സൗമ്യമായി പറഞ്ഞു തീർക്കാൻ ഉള്ളതാണ് മനസ്സാക്ഷി പങ്കുവയ്ക്കാനും പരിഹരിക്കാനും, വെറുതെയല്ല യഥാർത്ഥമായി പങ്കുവെക്കാൻ
ഭംഗിയേറിയ പാഴ് വാക്കുകളാൽ പങ്കുവയ്ക്കാൻ അല്ല ജീവാംശമായി യഥാർത്ഥമായി പങ്കുവയ്ക്കാൻ,
അന്യോന്യം മനസ്സുതുറക്കാതെ അന്യോന്യം മനസ്സാക്ഷി മനസ്സിലാക്കി പ്രവർത്തിക്കണം എന്നത് നമ്മുടെ മതം, നാമത് നടിക്കുന്നു,അങ്ങനെ നാം മനസ്സാക്ഷിയെ മൂടിവയ്ക്കുന്നു പൂഴ്ത്തിവെക്കുന്നു.
എം.ജി.ബിജുകുമാർ
മുറ്റത്തിൻ്റെ കോണിൽ നിൽക്കുന്ന മഞ്ഞമന്ദാരത്തിന്റെ അരികിൽ അവധി ദിവസത്തിന്റെ ആലസ്യം നിറഞ്ഞ മനസ്സുമായി കസേരയിൽ ഇരിക്കുകയായിരുന്നു ഞാൻ. ചൂടുകാപ്പി ഊതിയൂതിക്കുടിക്കുമ്പോൾ വായിക്കാനെടുത്ത പത്രം മടിയിൽ തന്നെയിരിപ്പുണ്ടായിരുന്നു. റോഡിൽ അയൽവാസികളായ കുട്ടികൾ കളിക്കുന്നതിന്റെ ബഹളം മുഴങ്ങുമ്പോൾ കുളിയ്ക്കാനുള്ള മടി നിറഞ്ഞ മനസ്സുമായി പത്രം എടുത്തു നിവർത്തി .
എന്നും പുഴയിലാണ് കുളിയ്ക്കാറ്. വീട്ടിൽ നിന്നിറങ്ങി നടന്ന് പുഴയിലെത്തുമ്പോഴേക്കും മടി മാറുമെന്നതാണ് വസ്തുത. പുഴയിലേക്ക് എടുത്തുചാടി അൽപ്പം നീന്തുമ്പോഴേക്കും ഒരു ദിവസത്തേക്കുള്ള ഉന്മേഷം താനേ വരുമെന്നതാണ് യാഥാർത്ഥ്യം.
പത്രത്തിലെ ആദ്യപേജിൽ “ഇന്ന് ഹൃദയദിനം” എന്ന ചെറിയ കുറിപ്പ് വായിച്ചിരിക്കവേ ചാറ്റൽ മഴയെത്തി. പത്രവുമായി സിറ്റൗട്ടിലേക്ക് കയറിയിരുന്നു വായന തുടരുമ്പോഴും കുട്ടികൾ കളി നിർത്താൻ ഭാവമില്ലെന്ന രീതിയിൽ ബഹളം തുടർന്നു. അല്പം കഴിഞ്ഞപ്പോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ഓലപ്പന്ത് സിറ്റൗട്ടിലേക്ക് വന്നു വീണു. അപ്പോഴേക്കും മഴ ഇരച്ചെത്തി. അതിനാൽ പന്തെടുക്കാൻ വരാതെ കുട്ടികൾ അവരവരുടെ വീടുകളിലേക്ക് ഓടി. എൻ്റെ ദൃഷ്ടി ആ ഓലപ്പന്തിൽത്തന്നെ തറഞ്ഞു നിന്നു.
ബാല്യകാലത്ത് ഏറുപന്തും ചില്ലിപ്പന്തുമൊക്കെ കളിയ്ക്കാൻ എത്രയെത്ര ഓലപ്പന്തുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നത് ഗൃഹാതുരതയോടെ ഞാൻ ഓർത്തു. അതിനെപ്പറ്റി ആലോചിച്ച് ഇരിക്കവേയാണ് അബിയെപ്പറ്റിയുള്ള ഓർമ്മ എന്റെ മനസ്സിലേക്ക് ചാറ്റൽമഴ പോലെ എത്തിയത്. മാസങ്ങൾക്ക് മുമ്പ് ഒരേയൊരു പ്രാവശ്യമേ കണ്ടിട്ടുള്ളൂ എങ്കിലും അവന്റെ മുഖം ഇന്നും മറന്നിട്ടില്ല. അവൻ കൈത്തലം തിരിച്ചുപിടിച്ച് നെറ്റിയിൽ വെച്ച് ചൂട് നോക്കിയത് എങ്ങനെയാണ് മറക്കാൻ കഴിയുക….!
ഓർമ്മകൾ മഴയുടെ താളത്തിൽ പിന്നിലേക്ക് ഒഴുകി.
എവിടെയോ ദീർഘയാത്ര പോയിട്ട് തിരിച്ച് വരുന്നതിനിടയിലാണ് ഒരു വൈകുന്നേരം ബന്ധുവായ രാജേട്ടന്റെ വീട്ടിൽ സ്നേഹ സന്ദർശനത്തിനായി കയറിയത്. അവിടെയെത്തുമ്പോൾ ചേട്ടൻ വിറകു കീറുകയായിരുന്നു. എന്നെക്കണ്ട് പുളളിക്കാരൻ അതൊക്കെ നിർത്തി സിറ്റൗട്ടിൽ വന്നിരുന്നു. ഞങ്ങൾ വെടി പറഞ്ഞിരിക്കവേ ചേട്ടന്റെ ഭാര്യ നികിത കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു.
“ആഹാ ! നീയീ വഴിയൊക്കെ അറിയുമോ? കുറേക്കാലമായല്ലോ ഈ വഴി വന്നിട്ട് .” കാപ്പിയുമായി വന്ന നികിതയങ്ങനെ പറയവേ മറുപടിയായി ഞാനൊന്നു ചിരിച്ചു.
ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചവരും സമപ്രായക്കാരുമാണ്.
കാപ്പി കുടിച്ചു കൊണ്ട് മൂവരും വിശേഷങ്ങൾ പറഞ്ഞ് ഇരിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ “സന്ധ്യയ്ക്ക് മുമ്പ് കുളിച്ചേക്കാം, അല്ലെങ്കിൽ പിന്നെ തുമ്മലിൻ്റെ ഘോഷയാത്രയാണ്.! ഒരു അഞ്ചു മിനിറ്റ് ,ഞാൻ വേഗം കുളിച്ചിട്ടു വരാം ” എന്ന് പറഞ്ഞു ചേട്ടൻ കുളിക്കാനായി അകത്തേക്ക് പോയി.
ഞാനും നികിതയും സിറ്റൗട്ടിൽ തന്നെയിരുന്ന് അവരുടെ മകൾ അക്ഷരയുടെ പഠനകാര്യത്തെപ്പറ്റിയൊക്കെ സംസാരിക്കുകയായിരുന്നു.
“അവൾ ഏഴാം ക്ലാസിലായി, എങ്കിലും അവധി എന്നു കേട്ടാൽ ട്യൂഷന് പോകാൻ മടിയാണ് ”
നികിത പരിഭവം പറഞ്ഞു.
” കുട്ടികളൊക്കെ അങ്ങനെയാണ്, അവർക്കും കളിക്കാനൊക്കെ അല്പം സമയം വേണ്ടേ ?”
എന്റെ മറുപടി കേട്ട് അവൾ നീട്ടിയൊന്നു മൂളി.
” നല്ല പാർട്ടിയോട് ആണ് ഞാൻ എന്തായാലും ഇക്കാര്യം പറഞ്ഞത്. എന്തുപറഞ്ഞാലും പിള്ളേരുടെ ഭാഗത്താണ് നിൻ്റെ സപ്പോർട്ട് എന്ന് ഞാൻ ഓർത്തില്ല ”
അതും പറഞ്ഞ് അവൾ മുറ്റത്തേക്ക് നോക്കവേ ഒരു പയ്യൻ റോഡിൽ നിന്നും മുറ്റത്തേക്ക് കയറി വന്നു.
“എന്താടാ എന്തുപറ്റി?” അവൾ ആഗതനോടു തിരക്കവേ ഞാൻ കൗതുകത്തോടെ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അവൻ വായ തുറന്നു ഒരു പല്ലിൽ പിടിച്ച് അവളെ കാണിച്ചു. എന്നിട്ട് എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്കു വന്നില്ല.
” വീട്ടിൽ പോ ,അമ്മയുടെ അടുത്തേക്ക് ചെല്ല് ” അവൾ അവനോട് സ്നേഹത്തോടെ പറഞ്ഞു.
” ഏതാ ഈ പയ്യൻ? എന്താ പറ്റിയത് ?”
ഞാനവളോട് തിരക്കി.
” ഇവൻ സംസാരിക്കില്ല ബുദ്ധിക്ക് അല്പം പ്രശ്നമുണ്ട്.” എന്ന് അവൾ പറയുമ്പോൾ അവൻ നികിതയോട് അവന്റെ കൂടെ ഇറങ്ങിച്ചെല്ലാൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
” അമ്മയുടെ അടുത്തേക്ക് ചെല്ല്, നേരം സന്ധ്യയായി, മഴയും വരുന്നുണ്ട് ”
അവൾ അവനോട് വീണ്ടും പറഞ്ഞു.
മഴയുടെ മുന്നറിയിപ്പെന്നോണം
ഒരു ചെറിയ തണുത്ത കാറ്റ് ഞങ്ങടെ തഴുകി കടന്നു പോയി. അപ്പോൾ അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു. എന്നിട്ട് വായ തുറന്ന് പല്ലിൽ പിടിച്ച് എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിച്ചു. പല്ലിനു വേദന ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.
പെട്ടെന്നാണ് അവൻ ബലമായി എന്റെ കയ്യിൽ കയറിപ്പിടിച്ചത്. ഞാനും അവനൊപ്പം ചെല്ലാൻ ആംഗ്യം കാണിച്ചു. ഞാൻ ഒന്നു പകച്ചു.
” വിട് ! ആ ചേട്ടൻ ഇവിടെയുള്ളതല്ല.”
നികിത അവനോട് ഉറക്കെ പറഞ്ഞു. പക്ഷേ അവൻ പിടിവിട്ടില്ല. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുഴങ്ങി. ഭിന്നശേഷിയുള്ള പയ്യൻ ആയതിനാൽഎങ്ങനെ പ്രതികരിക്കും എന്നറിയാതെ ഞാൻ അല്പം ഭയന്നു.
” അയ്യോ വിട് , ആ ചേട്ടന് പനിയാണ് ,ഉവ്വാവാണ്; വയ്യാതെ ഇരിക്കുകയാണ്.”
എൻ്റെ ഭീതി കണ്ട് നികിത അവനോട് ഉറക്കെപ്പറഞ്ഞു. പെട്ടെന്ന് അവന്റെ മുഖം അല്പം മ്ളാനമായി. അവൻ പിടിവിട്ടു കൊണ്ട് എന്നെ തന്നെ നോക്കി. അതിനുശേഷം അവൻ കൈത്തലത്തിൻ്റെ പിറകുവശം കൊണ്ട് എൻ്റെ നെറ്റിയിൽ വച്ചു. എന്നിട്ട് പനിയാണെന്ന് ബോധ്യപ്പെട്ടത് പോലെ സഹാനുഭൂതിയോടെ എന്നെ നോക്കി.
പിന്നെ തിരിഞ്ഞു നടന്നു. റോഡിലേക്കിറങ്ങി അവൻ നടന്നു നീങ്ങി. എനിക്ക് ആകെ കഷ്ടം തോന്നി. ഞാൻ അവനെക്കുറിച്ച് നികിതയോട് അന്വേഷിച്ചു. അവൾ അവനെപ്പറ്റി പറഞ്ഞു തുടങ്ങിയത് ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു.
” അഭിഷേക് എന്നാണ് അവന്റെ പേര്. അവൻ ആകെ പറയുന്നത് അമ്മ, അബി, ഗോണി എന്നീ വാക്കുകൾ മാത്രമാണ്. അവൻ്റെ പേര് ചോദിച്ചാൽ അബി എന്നാണ് അവൻ പറയുക. അതു കൊണ്ടെല്ലാവരും അവനെ അബി എന്നാണ് വിളിയ്ക്കാറ്. ”
അവൾ പറഞ്ഞു നിർത്തി.
ബാക്കി കേൾക്കാൻ കൗതുകത്തോടെ ഇരിക്കുന്നത് കണ്ട് അവൾ തുടർന്നു.
എപ്പോഴും അവൻ ഗോണീ.., ഗോണീ ..,,എന്ന് പറഞ്ഞുകൊണ്ടിരിക്കും. അപ്പോഴൊക്കെ ഓലപ്പന്ത് ഉണ്ടാക്കി കൊടുത്തുകൊണ്ടിരിക്കണം. അങ്ങനെ ഉണ്ടാക്കിക്കിട്ടുന്ന ഓലപ്പന്തുകളെല്ലാം ചാക്കിൽ ഇട്ടുവയ്ക്കുകയും ചെയ്യും”
അവൾ പറയുന്നതും കേട്ടിരിക്കവേ എനിക്കുണ്ടായ സംശയം ഞാൻ നികിതയോട് പറഞ്ഞു.
“ഗോണി എന്നത് ഹിന്ദി വാക്കല്ലേ ?
അതവൻ എങ്ങനെ പഠിച്ചു.?”
നികിത എൻ്റെ സംശയത്തിന് മറുപടിയായി തുടർന്നു.
” അവൻ ജനിച്ചത് ഇവിടെയാണെങ്കിലും ഒരു വയസ്സിനു ശേഷം പത്തു വർഷത്തോളം വളർന്നത് പൂനയിലാണ്.അവിടെവച്ച് ആ വാക്ക് മനസ്സിൽ പതിഞ്ഞതാവും.”
അവൾ തന്റെ നിഗമനം പറഞ്ഞു.
“ഇവന് സഹോദരങ്ങൾ ഉണ്ടോ ? അവർക്കും ഇങ്ങനെ പ്രശ്നമുണ്ടോ? ” ഞാൻ തിരക്കി.
” ഇളയത് പെൺകുട്ടിയാണ്, അവൾക്ക് യാതൊരു പ്രശ്നവുമില്ല. ഇവനെ ഗർഭംധരിച്ച് ഇരിക്കുമ്പോഴാണ് ഇവൻ്റെ അപ്പൂപ്പൻ കാളവണ്ടി ഓടിച്ചു കൊണ്ടു പോകവേ വല്ലായ്മ വന്ന് വീഴുകയും കാളവണ്ടിച്ചക്രം കഴുത്തിലൂടെ കയറിയിറങ്ങുകയും ആശുപത്രിയിലെത്തിച്ചുവെങ്കിലും താമസിയാതെ അയാൾ മരിക്കുകയും ചെയ്തു. അത് ഇവൻ്റെ അമ്മയ്ക്ക് ഒരു ഷോക്കായിരുന്നു. അതിൻ്റെ ആഘാതം ഗർഭസ്ഥശിശുവിലും ബാധിച്ചതിനാലാവും അവനിങ്ങനെയായതെന്ന് കരുതാനേ നിവൃത്തിയുള്ളു. ”
അതുകൂടി കേട്ടപ്പോൾ അവനോട് വീണ്ടും സ്നേഹം തോന്നിപ്പോയി.
” കണ്ടാൽ പയ്യനെന്ന തോന്നുമെങ്കിലും മുപ്പതിനടുത്ത് പ്രായമുണ്ട്.”
അവൾ ഓർമ്മിച്ചിട്ടെന്നോണം പറഞ്ഞു.
അങ്ങനെ അവൻ്റെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇരിഞ്ഞെടുത്ത കുറച്ച് ഓലക്കാലുമായി അബി നടന്നു വരുന്നത് കണ്ടു. അവൻ ഞങ്ങളെ നോക്കി ഒന്നു രണ്ട് സെക്കൻ്റ് നേരം നിന്നു.
” വേഗം പോ, ഇരുട്ടിത്തുടങ്ങി ,” അവനോട് നികത വിളിച്ചു പറഞ്ഞു. സമയം സന്ധ്യ മയങ്ങിയിരുന്നു.
” സ്നേഹത്തോടെ പറഞ്ഞാൽ അവൻ എല്ലാം. കേൾക്കും. എവിടെപ്പോയാലും ഇവൻ ആരുടെയും ഒന്നും എടുക്കില്ല. ആകെ ഓലയും ഓലമടലും മാത്രം മതി അവന്. മടല് വെട്ടി മുറിച്ച് അവൻ തന്നെ ബാറ്റ് ഉണ്ടാകും. ഓലക്കാൽ അമ്മയുടെയോ, മറ്റാരുടെയെങ്കിലോ കയ്യിൽ കൊടുത്തു ഓലപ്പന്തുണ്ടാക്കിക്കും. എത്ര പന്ത് കിട്ടിയാലും അവൻ വീണ്ടും ഗോണി… ഗോണി എന്നു പറഞ്ഞു വഴക്കുണ്ടാക്കിക്കൊണ്ടിരിക്കും.”
നികിത അവനെപ്പറ്റി പറഞ്ഞു നിർത്തവേ രാജേട്ടൻ കുളിച്ചിട്ട് വന്നു. പിന്നെ ഞങ്ങൾ മൂവരും കൂടി അവന്റെ കാര്യങ്ങൾ സംസാരിച്ചിരിക്കുമ്പോൾ അക്ഷര ട്യൂഷനും കഴിഞ്ഞെത്തി. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.
” ഇന്ന് അടി വല്ലതും കിട്ടിയോടീ ?”
നികിത അവളോട് കളിയാക്കും വിധം തിരക്കി.
“ഓ പിന്നെ ! അടി വാങ്ങാനല്ലേ ട്യൂഷന് പോകുന്നേ.. ഒന്നു പോ അമ്മേ”
അക്ഷരയുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു. തുടർന്ന് രസകരമായ പല സംഭവങ്ങളും പറഞ്ഞിരുന്നു നേരംപോയി. യാത്രപറഞ്ഞ് ഇറങ്ങുമ്പോഴേക്കും അബിയുടെ കാര്യം താത്കാലികമായി മറന്നിരുന്നു. പിന്നീട് ഇടയ്ക്കൊരു പ്രാവശ്യം രാജേട്ടൻ്റെ വീട്ടിൽ പോയപ്പോൾ അവൻ കൈത്തലം തിരിച്ച് നെറ്റിയിൽ വെച്ചത് ഓർത്തിട്ടുണ്ട്.അവരോട് അതിനെപ്പറ്റി സംസാരിച്ചിട്ടുമുണ്ട്.
ഓർമ്മകളിൽ നിന്നുണർന്നപ്പോഴും മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.
പത്രം മടക്കി വെച്ച് ഞാൻ ആ ഓലപ്പന്തെടുത്ത് വെറുതേ അമ്മാനമാടി. അതെൻ്റെയുള്ളിൽ മറവിയിലാണ്ട ഒന്നിലേക്ക് എന്നെ വീണ്ടും കൊണ്ടുചെന്നെത്തിച്ചു.;
ഹൃദയത്തിൽ വിങ്ങലായിത്തീർന്ന, മന:പ്പൂർവ്വം മറക്കാൻ ശ്രമിച്ചിരുന്ന ഒന്നിലേക്ക്.!
ഹൈസ്കൂളിലെത്തിയപ്പോൾ മറ്റൊരു സ്കൂളിൽ നിന്നും ടി സി വാങ്ങി വന്ന ഒരു സഹപാഠി ഉണ്ടായിരുന്നു. ശ്വാസംമുട്ടലും മറ്റെന്തൊക്കെയോ അസുഖങ്ങളും ഉള്ളതിനാൽ അവൻ ഞങ്ങളോടൊപ്പം കളിക്കാൻ കൂടാറില്ലായിരുന്നു. ഞങ്ങൾ കളിക്കാൻ ഗ്രൗണ്ടിലേക്ക് പായുമ്പോൾ അവൻ ക്ലാസ്സ് റൂമിനരികിലെ വരാന്തയിൽ തന്നെ ഇരിക്കും. ക്രമേണ ഞങ്ങൾ ചങ്ങാതിമാരായി. അവന് ഓലപ്പന്ത് വളരെ ഇഷ്ടമായിരുന്നു. സ്കൂളിലെ തെങ്ങിൽ നിന്നും ഓലക്കാലിരിഞ്ഞ് വരാന്തയിൽ നിൽക്കുമായിരുന്ന സഹപാഠിയ്ക്ക് ഞാൻ പന്തുണ്ടാക്കിക്കൊടുക്കുമായിരുന്നു.
അത് മൂന്നും നാലും എണ്ണം ഉപയോഗിച്ച് അവൻ അമ്മാനമാടുന്നത് കാണാൻ എന്നും കൗതുകമായിരുന്നു. ആ വർഷം തന്നെ കൊല്ലപ്പരീക്ഷക്കു മുമ്പ് മുമ്പ് അവൻ ട്യൂമർ ബാധിച്ച് മരിച്ചത് ഒരു വിങ്ങലായി ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്നു.
അവന്റെ മൃതദേഹം കാണാൻ പോകുമ്പോഴും എന്റെ കൈവശം ഒരു ഓലപ്പന്ത് ഉണ്ടായിരുന്നുവെന്ന് ഇന്നുമോർക്കുന്നു. അവന്റെ ജീവനറ്റ ശരീരം കണ്ട് തിരിഞ്ഞു നടക്കുമ്പോൾ നിറകണ്ണുകളോടെ ആ ഓലപ്പന്ത് അവന്റെ വീട്ടുമുറ്റത്തുള്ള വാടിയ ഗന്ധരാജൻ ചെടിയുടെ ചുവട്ടിൽ ഉപേക്ഷിച്ച് സങ്കടത്തോടെയാണ് വീട്ടിലേക്ക് തിരിച്ച് പോന്നത്. കുറേക്കാലം അത് വിങ്ങലായി മനസ്സിൽ ഉണ്ടായിരുന്നു. മനപൂർവ്വം അതിനെ മറവിയിലേക്ക് തള്ളിവിടാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒന്നായിരുന്നു ആ സംഭവം. എന്നാൽ കുറെ കാലത്തിനു ശേഷം അവൻ്റെ ഓർമ്മ മനസ്സിൽ എത്തിയപ്പോഴേക്കും ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. അവന്റെ പുഞ്ചിരിക്കുന്ന മുഖം ഉള്ളിൽ നിറയുമ്പോഴേക്കും മഴ തോർന്നിരുന്നു
സഹപാഠിയേപ്പറ്റിയുള്ള ചിന്തകളാൽ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു. ഓർമ്മകളുടെ തിരയിളക്കത്തിൽ അത് ഉള്ളിലാകെ നുരഞ്ഞുപൊന്തി. വേഗമിറങ്ങി വീടിൻ്റെ പിന്നിൽ നിൽക്കുന്ന ചെറിയ തെങ്ങിൽ നിന്നും കുറച്ച് ഓലക്കാലെടുത്ത് ഈർക്കിൽ കളഞ്ഞ് എടുക്കുമ്പോൾ മീൻ വെട്ടിക്കൊണ്ടിരുന്ന അമ്മ അതു കണ്ട് എന്നെ സൂക്ഷിച്ചൊന്നു നോക്കി. ഇവനിതെന്തു ചെയ്യാൻ പോവാണെന്ന ചോദ്യം ആ നോട്ടത്തിലുണ്ടായിരുന്നു.
ഞാൻ ആ ഓലക്കാലുമായി സിറ്റൗട്ടിലെത്തി നാലഞ്ച് ഓലപ്പന്തുകളുണ്ടാക്കി. പെട്ടെന്ന് കുളിച്ച് വസ്ത്രവും ധരിച്ച് പ്രഭാത ഭക്ഷണവും കഴിച്ച് ആ പന്തുമായി ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ അമ്മ തുണി വിരിച്ചു കൊണ്ട് മുറ്റത്തുണ്ടായിരുന്നു.
“ഈ പുനർജന്മം എന്നു പറയുന്നത് ശരിക്കും ഉള്ളതാണോമ്മേ? ”
ഞാൻ അമ്മയോട് തിരക്കി.
” പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ അനുഭവം വരാതെ എങ്ങനെയാ വിശ്വസിക്കുക !” അമ്മയോടതിന് മറുപടി പറയാതെ ഞാൻ ബൈക്കിൽ പുറപ്പെട്ടു.
ചോദ്യത്തിൻ്റെ കാര്യമെന്തെന്നറിയാതെ അതിനെപ്പറ്റി ആലോചിച്ച് അമ്മ അകത്തേക്ക് കയറുമ്പോഴേക്കും ബൈക്കിൽ ഞാൻ കുറേ ദൂരം താണ്ടിയിരുന്നു.
ഒരു മണിക്കൂറത്തെ യാത്രയ്ക്കു ശേഷം രാജേട്ടൻ്റെ വീട്ടിലെത്തി. പത്രം വായിച്ചു കൊണ്ടിരുന്ന രാജേട്ടൻ എന്നോട് കയറിയിരിക്കാൻ പറഞ്ഞപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാതെ ബൈക്കിൽ ഇരിക്കുമ്പോഴാണ് നികിത വെളിയിലേക്ക് വന്നത്.
“ആഹാ ഈ വഴിയൊക്കെ നീ മറന്നെന്ന് അക്ഷര കഴിഞ്ഞ ദിവസം പറഞ്ഞതേയുള്ളു. ” എന്നെക്കണ്ട നികിത കുശലം പറഞ്ഞു.
” ആ അബിയെ ഒന്നു വിളിയ്ക്കാമോ? ആ മാനസിക അസ്വാസ്ഥ്യമുള്ള പയ്യനെ ?”
അവളുടെ കുശലത്തിനു മറുപടി പറയാതെ ഞാൻ ചോദിച്ചു.
“അയ്യോ ! അവനും അമ്മയും സഹോദരിയും അവൻ്റെ അച്ഛൻ്റെയടുത്തേക്ക് പോയി. പൂനയിലെ ജോലി സ്ഥലത്തേക്ക്. ഇനി കുറച്ചു കാലത്തേക്ക് മടങ്ങി വരവുണ്ടാകില്ലെന്നാ തോന്നുന്നത്. ”
നികിത പറഞ്ഞത് കേട്ട് എൻ്റെ മുഖം മ്ളാനമായി.
“എന്ത് പറ്റിയെടാ ?എന്താ കാര്യം ?”
രാജേട്ടനും ചോദിച്ചു.
“ഏയ് ഒന്നുമില്ല! അവന് ഞാൻ ഓലപ്പന്ത് ഉണ്ടാക്കിക്കൊണ്ടു വന്നതായിരുന്നു.”
ഞാൻ ഗദ്ഗദത്തോടെ പറഞ്ഞു.
” അത് പോട്ടെ ! കയറി വാ, കപ്പ പുഴുങ്ങിയത് കഴിയ്ക്കാം.”
നികിത കഴിക്കാൻ വിളിക്കവേ അക്ഷര ജനാലയ്ക്കരികിലിരുന്ന് എന്തോ എഴുതുന്നത് കാണാമായിരുന്നു.
” ഇപ്പോൾ വേണ്ട, പോയിട്ടൽപ്പം കാര്യമുണ്ട് ” എന്ന് മറുപടി പറഞ്ഞ് ഞാൻ ബൈക്ക് തിരിച്ചു.
ബൈക്കിലിരുന്ന് മുറ്റത്തേക്ക് നോക്കുമ്പോൾ പൂക്കളില്ലാത്ത ഗന്ധരാജൻ ചെടിയിലേക്ക് എൻ്റെ ദൃഷ്ടി എത്തി. അത് വീണ്ടും എന്റെയുള്ളിലെ ഓർമ്മകളുടെ വേദനയുടെ തീ ആളിക്കത്തിച്ചു. കണ്ണു നിറയുന്നതുപോലെ തോന്നി. ഓലപ്പന്തുകൾ ഗന്ധരാജൻ ചെടികളുടെ ചുവട്ടിലേക്കിട്ട് റോഡിലേക്കിറങ്ങുമ്പോൾ “ഈ ചെറുക്കനിത് എന്തു പറ്റി ?” എന്ന് നികിത ചോദിക്കുന്നുണ്ടായിരുന്നു.
റോഡിലൂടെ ബൈക്കിൽ യാത്ര തിരിക്കുമ്പാഴേക്കും മഴ തുടങ്ങിയിരുന്നു. ഉള്ളിലെ ചൂട് ശമിപ്പിക്കാൻ കഴിയുന്നതല്ലെങ്കിലും ആ മഴയിലൂടെ നനഞ്ഞ് ഞാൻ മുന്നോട്ട് നീങ്ങി.
മറവിയിൽ ഒടുങ്ങാതെ തികട്ടി വരുന്ന ഓർമ്മകളിലെ ഹൃദയബന്ധങ്ങളുടെ വേദനയുമായി ആർത്തലച്ചു പെയ്യുന്ന മഴയിൽ വഴിയിലെ ഒഴുകുന്ന വെള്ളം തെറിപ്പിച്ചു കൊണ്ട് ഞാൻ ബൈക്കിൽ മുന്നോട്ട് പൊക്കോണ്ടേയിരുന്നു.
അപ്പോൾ ജനാലയിലൂടെ മഴയും കണ്ടിരിക്കുന്ന അക്ഷര ഗന്ധരാജൻ്റെ ചുവട്ടിൽ കിടക്കുന്ന ഓലപ്പന്തുകളിൽ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.
എം.ജി.ബിജുകുമാർ : പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
“ഓർമ്മപ്പെയ്ത്തുകൾ ” എന്ന ചെറുകഥയ്ക്ക് തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA )
നിലാശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്. പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല ജോ:സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു.
ബിനോയ് എം. ജെ.
ലോകം അധപ്പതിക്കുകയാണ്. കുറ്റം വ്യക്തികളുടെ ഭാഗത്തോ,സമൂഹത്തിന്റെ ഭാഗത്തോ? വ്യക്തികൾ ചേർന്നാണ് സമൂഹം രൂപം കൊള്ളുന്നത്. അതിനാൽ വ്യക്തികൾ ആണ് സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം എന്ന് ഒരു വാദം തുടക്കം തൊട്ടേ ഉയർന്ന് വരുന്നുണ്ട്. ഇവിടെയാണ് മതങ്ങളുടെ ആത്മാവ് കുടി കൊള്ളുന്നത് എന്ന് തോന്നുന്നു. മതങ്ങൾ വ്യക്തികളെ തിരുത്തുവാൻ വ്യഗ്രത കാട്ടുന്നു. പ്രാചീന സമൂഹങ്ങളിൽ ഇതിന് കുറെയൊക്കെ പ്രസക്തിയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു. വ്യക്തികൾ സമൂഹത്തെ സൃഷ്ടിക്കുന്നതുപോലെ തന്നെ സമൂഹം വ്യക്തികളെയും സൃഷ്ടിക്കുന്നു എന്ന വാദം ആധുനിക ലോകത്ത് ശക്തമായി വളർന്നു വരുന്നു. ഇത് രാഷ്ട്രതന്ത്ര ത്തിന്റെ ഉദയത്തെ സൂചിപ്പിക്കുന്നു.
സമൂഹത്തെ നന്നാക്കാതെ വ്യക്തികൾ നന്നാവുകയില്ല എന്ന് ഇന്ന് നല്ലൊരു പക്ഷം ആൾക്കാരും വിശ്വസിച്ചു പോരുന്നു. ഇത് ശരിയുമാണ്. സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ ഇതിന് നല്ല ഒരു ഉദാഹരണവും ആണ്. ഈ ലോകത്തിലുള്ള വ്യക്തികളെ എല്ലാം നന്നാക്കിക്കൊണ്ട് സമൂഹത്തെ നന്നാക്കാമെന്ന ചിന്ത ഏറെക്കുറെ അപ്രായോഗികവുമാണ്. അവിടെ മതങ്ങളുടെ കടയ്ക്ക് കത്തി വീഴുന്നു. ആധുനിക ലോകത്തിൽ മതത്തിന് യാതൊരു സ്ഥാനവുമില്ല. മതങ്ങളുടെ തിരോധാനവും പകരം മറ്റൊരു സിസ്റ്റത്തിന്റെ അഭാവവും ആധുനികലോകത്തിലെ മൂല്യശോഷണത്തിന്റെ അടിസ്ഥാനപരമായ കാരണമാണ്. നമുക്ക് എത്തിപ്പിടിക്കുവാൻ ഒന്നും തന്നെയും ഇല്ല. കാൽ നിന്നിടത്തുനിന്ന് വഴുതുന്നു. എങ്ങും ആശയക്കുഴപ്പം!
രാഷ്ട്രതന്ത്രം ശക്തിയായി വളർന്നു വരേണ്ടിയിരിക്കുന്നു. നാശത്തിലേക്ക് നീങ്ങുന്ന മനുഷ്യ വംശത്തെ രക്ഷിക്കുവാൻ രാഷ്ട്രതന്ത്രത്തിനേ കഴിയൂ മതങ്ങൾക്ക് അതിനുള്ള കഴിവില്ല. പാവം വ്യക്തികളെ വെറുതെ വിട്ടേക്കുവിൻ. അവർ എന്ത് തെറ്റ് ചെയ്തു? തെറ്റ് മുഴുവൻ സമൂഹത്തിന്റെ ഭാഗത്തുനിന്നും ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തിയുടെ സ്വാർത്ഥതയാണ് അവന്റെ എല്ലാ തെറ്റുകളുടെയും കാരണമെന്ന് പറയപ്പെടുന്നു. ഈ സ്വാർത്ഥതയുടെ കാരണം സ്വകാര്യസ്വത്തല്ലാതെ മറ്റെന്താണ്? സ്വകാര്യ സ്വത്താകട്ടെ ഒരു സാമൂഹികമായ പ്രതിഭാസവുമാണ്. അത് രാഷ്ട്രതന്ത്രത്തിന്റെ വിഷയമാണ് മതത്തിന്റെ വിഷയമല്ല. ഒരൊറ്റ നിയമനിർമാണത്തിലൂടെ
സ്വകാര്യസ്വത്തിനെ നിരോധിച്ചു കഴിഞ്ഞാൽ ഈ ലോകം മുഴുവൻ നിമിഷങ്ങൾക്കകം സ്വർഗ്ഗമായി മാറും. നോക്കൂ…മതം എങ്ങനെയാണ് രാഷ്ട്രതന്ത്രത്തിന് വഴിമാറുന്നു എന്ന് നോക്കി കാണൂ. ഇവിടെ പ്രശ്നങ്ങളെല്ലാം സാമൂഹികമായി പരിഹരിക്കപ്പെടുന്നു. വ്യക്തികളുടെ നേർക്ക് കുറ്റാരോപണം സംഭവിക്കുന്നുമില്ല. നിയമങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. നിയമമില്ലാത്തിടത്ത് നിയമലംഘനവും ഇല്ല. നിയമമില്ലാത്തിടത്ത് അനന്തമായ സ്വാതന്ത്ര്യം പരിലസിക്കുന്നു. ഈ സ്വാതന്ത്ര്യം അല്ലേ മനുഷ്യന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?
മതത്തിന്റെ പിറകെ ഓടുന്ന മനുഷ്യൻ സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കളയുന്നു. വ്യക്തിയുടെ ഭാഗത്താണ് കുറ്റമെങ്കിൽ കുറ്റം ചെയ്യുന്ന വ്യക്തിയെ ശിക്ഷിക്കണമെന്ന് ഒരു വാദം ഉയർന്നു വരുന്നു. ശിക്ഷ കൊടുക്കാതെ എങ്ങനെയാണ് വ്യക്തികളെ തിരുത്തുന്നത്? ഇപ്രകാരം വ്യക്തികൾ സമൂഹത്തിന്റെ അടിമകളായി മാറുന്നു. ഈ അടിമത്തം വ്യക്തികളെ കാർന്നു തിന്നുന്ന അർബുദമായി മാറുന്നു. അടിമകളിൽ നിന്നും കാര്യമായിട്ടൊന്നും പ്രതീക്ഷിക്കുവാനില്ല. അവർ കഴകം കെട്ടവരാണ്. മാത്രമല്ല ശിക്ഷയോടുള്ള ഭയം നുണ പറയാൻ വ്യക്തികളെ പ്രലോഭിപ്പിക്കുന്നു. സത്യം പറഞ്ഞാൽ ശിക്ഷ കിട്ടും അപ്പോൾ പിന്നെ ആരാണ് സത്യം പറയാൻ ധൈര്യപ്പെടുന്നത്. ആധുനികലോകത്തിൽ സത്യസന്ധത കുറയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ശിക്ഷയോടുള്ള ഈ ഭയമാണ്.
സമൂഹം എന്നാൽ എന്താണ്? അങ്ങനെയൊരു സംഗതി അവിടെയുണ്ടോ? അത് കുറേ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും സമാഹാരം മാത്രമാണ്. അത് വ്യക്തികളുടെ ഒരു കൈവിലങ്ങാണ്. സമൂഹം തിരോഭവിക്കേണ്ടിയിരിക്കുന്നു. അപ്പോൾ വ്യക്തികൾ സ്വാതന്ത്ര്യം പ്രാപിക്കും. സ്വാതന്ത്ര്യം കിട്ടുന്നതോടെ വ്യക്തികൾ അനന്താനന്ദത്തിലേക്ക് പ്രവേശിക്കുന്നു. നിയമവാഴ്ച ആധുനിക സമൂഹത്തിന്റെ ശാപമാണ്. എല്ലാ മഠയന്മാരും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇവിടെ സമൂഹത്തിന് അതിന്റെ മനുഷ്യത്വം നഷ്ടപ്പെട്ടു പോകുന്നു. അത് യാന്ത്രികമായ ഒരു പ്രതിഭാസമായി മാറുകയും ചെയ്യുന്നു. മനുഷ്യൻ മനുഷ്യനായി തുടരണമെങ്കിൽ അവന് സ്വാതന്ത്ര്യം കൊടുത്തേ തീരൂ. വ്യക്തികളെ ചവിട്ടിത്തൂക്കുന്ന ഈ സമൂഹത്തെ വേരോടെ പിഴുതെറിയേണ്ടിയിരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
റ്റിജി തോമസ്
സമയം 5 മണി കഴിഞ്ഞു. തണുപ്പ് കൂടി കൊണ്ടേയിരിക്കുന്നു. ലണ്ടനിലെ ആദ്യ രാത്രി സമാഗതമാകുന്നു. മാഡം തുസാഡും ലണ്ടൻ ഐയും സന്ദർശിച്ചതിന്റെ സന്തോഷത്തിൽ ഇന്നത്തെ ഞങ്ങളുടെ യാത്ര അവസാനിപ്പിച്ച് ബെഞ്ചമിന്റെ ഹോംസ്റ്റേയിലേക്ക് തിരിക്കുന്നതിന് മുമ്പ് ലണ്ടൻ ബ്രിഡ്ജ് കൂടി കാണാൻ ഞങ്ങൾ തീരുമാനിച്ചു.
അലസഗമനം എന്നു തന്നെ പറയാം. ഇന്നിനി വേറെ എവിടെയും പോകാനില്ല. ലണ്ടൻ ഐയിൽ കയറിയപ്പോൾ തന്നെ ലണ്ടൻ ബ്രിഡ്ജിന്റെ ഗാംഭീര്യം കണ്ടിരുന്നു . തേംസ് നദിയുടെ കുറുകെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന ലണ്ടൻ ബ്രിഡ്ജിന്റെ ലണ്ടൻ ഐയിൽ നിന്നുള്ള ആകാശ കാഴ്ച നയന മനോഹരമാണ്.
ഞാൻ ഒരറ്റത്തുനിന്ന് നടത്തം ആരംഭിച്ചു. പല രാജ്യങ്ങളിൽ നിന്നുള്ള പല ഭാഷ സംസാരിക്കുന്നവരുടെ ഇടയിലൂടെ . സായന്തനം ആയതുകൊണ്ടാണെന്ന് തോന്നുന്നു നല്ല തിരക്കുണ്ട്. തേംസിൻ്റെ ഓളപരപ്പിനെ തഴുകിയെത്തുന്ന കാറ്റ് രാവിലെ ആരംഭിച്ച യാത്രയുടെ ക്ഷീണം പമ്പ കടത്തി. തേംസിന്റെ മുകളിലെ പാലത്തിലൂടെ നടക്കുമ്പോൾ ഞാൻ ശരിക്കും പമ്പയെ കുറിച്ച് ഓർത്തു. കൂടാതെ മണിമലയാറും എൻറെ മനസ്സിൽ കടന്നുവന്നു. എൻറെ പിതാവിൻറെ നാടായ മുണ്ടക്കയത്ത് കൂടി ഒഴുകി മാതാവിൻറെ നാടായ മണിമലയിൽ കൂടി ഭാര്യയുടെ നാടായ കുട്ടനാട്ടിൽ എത്തുന്ന മണിമലയാറാണ് ചെറുപ്പം തൊട്ടേ പരിചയമായ നദി.
മണിമലയാറിന്റെ നീളം 90 കിലോമീറ്റർ ആണെങ്കിൽ 346 കിലോമീറ്റർ ദൈർഘ്യമുള്ള തേംസ് ആണ് ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി. ലോകത്തിലെ ഒട്ടുമിക്ക നാഗരികതയും വളർന്നുവന്നത് നദീതടങ്ങളിലും സമുദ്ര തീരങ്ങളിലുമായാണ്. ലണ്ടന്റെ ചരിത്രവും വ്യത്യസ്തമല്ല. 2000 വർഷത്തെ പഴക്കമുള്ള ലണ്ടന്റെ നഗര ചരിത്രത്തിന് തേംസിൻ്റെ സ്ഥാനം വളരെ വലുതാണ്. സഹസ്രാബ്ദങ്ങളായി ലണ്ടന്റെ വളർച്ചയും സംസ്കാരവും രൂപപ്പെടുത്താൻ തേംസ് നദിയ്ക്ക് പ്രധാന സ്ഥാനമാണുള്ളത്.
വ്യവസായവത്കരണം തേംസ് നദിയെയും മലിനമാക്കി. ശുദ്ധീകരിച്ച തേംസിലെ വെള്ളമാണ് ലണ്ടൻ്റെ ദാഹമകറ്റുന്നത്.
സമയം ഇനിയും ബാക്കിയാണ് . ഒരു പക്ഷേ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നെങ്കിൽ ലണ്ടനിലും അടുത്ത പ്രദേശങ്ങളിലുമായി ജോലിചെയ്യുന്ന പരിചയക്കാരെ കാണാൻ സാധിക്കുമായിരുന്നു. മാക്ഫാസ്റ്റിലെ തന്നെ വിദ്യാർത്ഥികളായ കൃഷ്ണനും ഷൈലശ്രീയും ഇവിടെയുണ്ട്. ലണ്ടൻ എന്ന് പറയുമ്പോഴും പലർക്കും നല്ല യാത്രാദൂരമുണ്ട്. രണ്ട് ദിവസം കൊണ്ട് ഒട്ടനവധി സ്ഥലങ്ങൾ കാണേണ്ടതുള്ളതുകൊണ്ട് ഒരു പ്രത്യേക സമയം പറഞ്ഞുള്ള ഒത്തുചേരൽ സാധ്യമായിരുന്നില്ല. എങ്കിലും ജോയലും ലെറിഷും അവരുടെ ഒരു സുഹൃത്തിനെ മുൻകൂട്ടി വിവരം അറിയിച്ച് കാണുവാൻ സാധിച്ചു. ഹരികൃഷ്ണൻ കേരളത്തിൽ പെരുമ്പാവൂർ സ്വദേശിയാണ്. ഇപ്പോൾ ലണ്ടനിൽ സ്റ്റുഡൻറ് വിസയിൽ എത്തിയതാണ്. ഹരികൃഷ്ണനുമായി കുറെ സമയം ചെലവഴിച്ചതിനുശേഷം ഞങ്ങൾ ബെഞ്ചമിന്റെ ഹോം സ്റ്റേയിലേക്ക് തിരിച്ചു.

റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
ലണ്ടനിൽ അവസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കുന്നതായിരുന്നു സി ലൈഫിലെ സന്ദർശനം. വിവിധതരത്തിലും രൂപത്തിലുമുള്ള ജലജീവികളെ അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ അടുത്തു കാണാം. കുട്ടികളുമൊത്ത് ഫാമിലിയായാണ് മിക്കവരും എത്തിയിരിക്കുന്നത്. ഒരാൾക്ക് 30 പൗണ്ടോളം ആണ് ടിക്കറ്റ് നിരക്ക്. എൻറെ സ്ഥിരം സ്വഭാവം വെച്ച് ഞങ്ങൾ അഞ്ചുപേർക്ക് എത്രയാകും എന്ന് കണക്കു കൂട്ടി നോക്കി. 15,000 രൂപയിൽ കൂടുതൽ എന്നത് ആദ്യം എൻറെ കണ്ണുതള്ളിച്ചു. പക്ഷേ അവിടെ ചിലവഴിച്ച രണ്ട് മണിക്കൂർ സമയം തികച്ചും അവസ്മരണീയവും വിജ്ഞാനപ്രദവുമായിരുന്നു.
സി ലൈഫ് എന്ന പേരുണ്ടെങ്കിലും ലോകമെങ്ങുമുള്ള വ്യത്യസ്ത കാലാവസ്ഥയിലും പരിസ്ഥിതിയിലും ജീവിക്കുന്ന ജലജീവികളെ ഇവിടെ നമ്മൾക്ക് ദർശിക്കാനാവും. കടലിലെയും നദികളിലെയും ജീവികളെയും അന്റാർട്ടിക്കയിലെ പെൻഗ്വിനികളെയും നമ്മൾക്ക് ഇവിടെ കാണാം. കേരളത്തിലെ മഴക്കാടുകളുടെ ആവാസ വ്യവസ്ഥയ്ക്ക് സമാനമായ ആവിഷ്കരണവും സി ലൈഫിൽ കണ്ടെത്താനായി. ചില ദൃശ്യങ്ങൾ തെന്മലയിലെ ഫോറസ്റ്റ് വിസിറ്റിനിടെ പരിചിതമായ മഴക്കാടുകളുടെ ഓർമ്മകളിലേയ്ക്ക് എന്നെ കൊണ്ടെത്തിച്ചു. വളരെ അപൂർവ്വമായ മിരിസ്റ്റിക്ക മരങ്ങളുടെ സാന്നിധ്യം തെന്മലയിലെ ചെന്തുരുണി വന മേഖലയുടെ പ്രത്യേകതയാണ്. മിരിസ്റ്റിക്കാ ചെറുമരങ്ങളുടെ വേരുകൾക്കും പ്രത്യകതയുണ്ട് . ചതുപ്പിൽ ശ്വസിക്കാൻ ജലനിരപ്പിനു മീതെ ഉയർന്നു കാണുന്ന മിരിസ്റ്റിക്ക മരങ്ങളുടെ വേരുകൾ മനോഹരമായൊരു ദൃശ്യമാണ്.
ലണ്ടൻ സി ലൈഫിലേയ്ക്ക് കാലെടുത്തു വച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ നമ്മൾ എവിടെയാണെന്നത് അപ്രസക്തരാകും. ലണ്ടൻ്റെ ഹൃദയ ഭാഗത്ത് തേംസ് നദികരയിലെ ലണ്ടൻ ഐ കണ്ടത് സമീപമാണെന്നത് നമ്മുടെ മനസ്സിലേക്ക് ഒരിക്കലും കടന്നു വരില്ല. ഇവിടെ കടലിന്റെയും ജലജീവികളുടെയും കൗതുകം ഉണർത്തുന്ന കാഴ്ചകൾ മാത്രം .
തുടക്കം തന്നെ നമ്മളെ അത്ഭുതപ്പെടുത്തുന്നു. കാൽ ചുവട്ടിലെ ചില്ലു പാളികൾക്ക് താഴെ കൂറ്റൻ സ്രാവുകളുടെ ദൃശ്യം ഇനി കാണാനിരിക്കുന്ന അത്ഭുതങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്.
സി ലൈഫ് അക്വേറിയത്തിൻ്റെ ഇടനാഴികകളിലൂടെ വിവിധതരം ജലജീവികളുടെ ഇടയിലൂടെ നടന്നപ്പോൾ ഏതോ ഒരു ഗൃഹാതുരത്വം എന്നെ വേട്ടയാടി. കേരളത്തിൽ നിന്ന് 4000 പരം കിലോമീറ്ററുകൾ അകലെയാണെന്ന ചിന്ത എന്ന് മദിച്ചു. അൻറാർട്ടിക്കയുടെ മഞ്ഞുപാളികളുടെ ഇടയിൽ ഓടി കളിച്ചിരുന്ന പെൻഗ്വിനികളുടെ ഒറ്റപ്പെട്ട ആവാസ വ്യവസ്ഥയിലെ ജീവിതം , ലണ്ടൻ നഗരത്തിന്റെ നടുക്ക് ജീവിക്കുന്ന അവയുടെ അവസ്ഥയും ഒറ്റപ്പെടലും ഒരു വേള എന്റെ മനസ്സിൽ വേദനയുടെ മിന്നായം പായിച്ചു.
അറ്റാർട്ടിക്കയിൽ നിന്ന് 15,000 ത്തോളം കിലോമീറ്ററുകൾക്ക് അപ്പുറം ഏകാന്തതയുടെ ദുരന്തഭൂമിയിലെ തേങ്ങലുകൾ അവർ പരസ്പരം പങ്കുവെയ്ക്കുന്നുണ്ടാവും എന്ന് എനിക്ക് തോന്നി.
ലോകത്തിലെ തന്നെ സമുദ്ര ജലജീവികളുടെ ഏറ്റവും മികച്ച പ്രദർശനശാലയെന്ന് വിശേഷിപ്പിക്കാവുന്നതാണ് ലണ്ടനിലെ സി ലൈഫ് അക്വേറിയം . ലണ്ടൻ സീ ലൈഫ് സന്ദർശനം, ഒരു വിനോദയാത്ര മാത്രമല്ല; അറിവും ബോധവത്കരണവും നിറഞ്ഞ അനുഭവമായിരുന്നു. കടലും അതിലെ ജീവികളും മനുഷ്യജീവിതത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മഹത്തായ സന്ദേശം പകർന്നുതരുന്ന അനുഭവം.
1997 ലാണ് ലണ്ടൻ അക്വേറിയം പ്രവർത്തനം ആരംഭിച്ചത് . 2008 ൽ ഈ രംഗത്തെ പ്രമുഖ ഗ്രൂപ്പായ മെർലിൻ എന്റർടൈൻമെന്റ് ഏറ്റെടുത്തതിനു ശേഷമാണ് സി ലൈഫ് ലണ്ടൻ അക്വേറിയം എന്നപേരിൽ പുനർ നാമകരണം ചെയ്തത്. ഇന്ന് 17 രാജ്യങ്ങളിലായി 50 ഓളം സീ ലൈഫ് അക്വേറിയം ആണ് മെർലിൻ എന്റർടൈൻമെന്റിന് ഉള്ളത്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

സുരേഷ് തെക്കീട്ടിൽ
പെരിന്തൽമണ്ണയുടെ സിനിമാസ്വപ്നങ്ങൾക്ക് നാല് പതിറ്റാണ്ടോളം സ്വർണത്തിളക്കം ചാർത്തി നിന്ന അലങ്കാർ തിയേറ്റർ (കെ.സി)ഓർമകളിലേക്ക് മടങ്ങുന്നു. പട്ടാമ്പി റോഡിൽ സിനിമാസ്വാദകരുടെ അഭിമാനമായി സന്തോഷമായി വികാരമായി ശിരസ്സുയർത്തി നിന്നിരുന്ന അലങ്കാർ തിയേറ്റർ ഇല്ലാതാകുമ്പോൾ ആ സ്ഥാപനത്തിൻ്റെ രാജകീയ വരവ് പഴയ തലമുറ ഓർക്കാതിരിക്കുന്നതെങ്ങനെ. അവിടെയാണ് അലങ്കാർ തിയേറ്റർ വരുന്നതെന്ന് പറഞ്ഞ് എത്രയെത്ര പേർ കൈ ചൂണ്ടിയിട്ടുണ്ടാകും. പട്ടാമ്പി ഭാഗത്തേക്കും തിരിച്ചും കടന്നു പോകുന്ന ബസ്സിലിരുന്നും നിന്നും സിനിമാ പ്രേമികളുടെ കണ്ണുകൾ ആകാംക്ഷയോടെ ആ ഭാഗത്തേക്ക് നീണ്ടിട്ടുണ്ടാകും. എൺപത്തിനാല് രണ്ടാം മാസം അഞ്ചാം തിയ്യതി നാടിൻ്റെ ആഘോഷമായി ഉദ്ഘാടനം നടന്നു.സംവിധായകൻ ഭരതനും മാള അരവിന്ദനും ഉദ്ഘാടനത്തിനെത്തി.
ഉദ്ഘാടന ചിത്രമായി വസന്തോത്സവം നിറഞ്ഞ സദസ്സുകളിൽ . പിന്നീട് എത്രയോറിലീസ് സിനിമകൾവാരങ്ങൾ കൊണ്ടാടിയത്.തിയേറ്റർ കോമ്പൗണ്ട് നിറഞ്ഞ് കവിഞ്ഞ് വരി പുറത്തേക്ക് നീണ്ട് പലപ്പോഴും റോഡാകെ ബ്ലോക്കായത്. കാണുകയാണെങ്കിൽ സിനിമ അലങ്കാറിൽ നിന്നും കാണണമെന്ന് പരസ്പരം വീരസ്യം പറഞ്ഞത്. മനോഹരമായ കർട്ടൻ കണ്ടും കർട്ടൻ ഉയരുന്ന ആ സംഗീതം കേട്ടും പൈസ മുതലായി ഇനി സിനിമ ലാഭം എന്ന് മനസ്സിൽ പറഞ്ഞത്.പുകവലി ശിക്ഷാർഹം എന്ന് താക്കീതിൽ കൂർപ്പൻ തൊപ്പിയും കൊമ്പൻ മീശയും വെച്ചയാൾ പ്രേക്ഷകനെ കഴുത്ത് പിടിച്ച് തൂക്കിയെടുക്കുന്ന ചിത്രവും മുൻ സീറ്റിൽ കാൽ വെക്കരുത് എന്ന് എഴുതി കഴുതയിരിക്കുന്ന പോസ്റ്ററ്റുമൊക്കെ കണ്ട് ശീലമായിരുന്ന പാവം പ്രേക്ഷകർ ”ഇത് നിങ്ങളുടെ തിയേറ്ററാണ് സഹകരണം പ്രതീക്ഷിക്കുന്നു ” എന്നെഴുതി കാണിച്ചതു കണ്ട് അങ്ങനെയൊന്നുമല്ല എന്നറിയാമായിരുന്നിട്ടുംപുളകിതരായി അഭിമാനത്തോടെ സീറ്റിൽ ഞെളിഞ്ഞിരുന്നത്
.അലങ്കാർ തിയേറ്ററിൻ്റെ പ്രൗഢിയെ കുറിച്ച് മറ്റു നാട്ടുകാരോട് ഉള്ളതും അല്പം കൂട്ടിയും പറഞ്ഞത്. ഒരു തലമുറയുടെ ആഘോഷമായിരുന്ന റിലീസ് സിനിമകൾക്കായി വിവിധ പ്രദേശങ്ങളിൽ നിന്ന് സ്റ്റാൻഡിൽ ബസ്സിറങ്ങി മാറ്റിനിക്കും ഫസ്റ്റ് ഷോയ്ക്കുമൊക്കെ പട്ടാമ്പി റോഡിലേക്ക് നടന്നും ഓടിയും നീങ്ങുന്ന കൗമാര യൗവനങ്ങൾ. മുണ്ട് മടക്കിക്കുത്തിയ മധ്യവയസ്കർ… ഒരു ലക്ഷ്യം മനസ്സിലുറപ്പിച്ച് ധൃതിയിലങ്ങനെ…. വിയർത്തൊലിച്ചങ്ങനെ…. സിനിമ വിട്ടാൽ പരന്നൊഴുകുന്ന തിരക്ക്. പട്ടാമ്പി റോഡിന് അതൊരു ശീലമായ കാലം … സിനിമ കാണണമെങ്കിൽ കൂക്കിവിളികളും ബഹളവും തെറി വിളികളുമൊക്കെ സഹിക്കേണ്ടി വന്നിരുന്ന കാലത്ത് അതൊന്നുമില്ലാതെ സിനിമ കാണാൻ കുടുംബസമേതം അലങ്കാർ തിയേറ്ററിലേക്ക് ഒഴുകിയവരുടെ കാലം … (അലങ്കാർ പോലുള്ള തിയേറ്ററിൽ കൂക്കാൻ പാടുമോ എന്ന മെയിൻകുക്കലിസ്റ്റുകൾ പോലും സംശയിച്ചിരുന്നു)
അപ്പർ സർക്കിൾ അതായത് ബാൽക്കണി അഞ്ച് രൂപ,മിഡിൽ സർക്കിൾ മൂന്ന് രൂപ ലോവർ സർക്കിൾ രണ്ട് രൂപ .ഇതായിരുന്നു ആദ്യ കാലടിക്കറ്റ് നിരക്കുകൾ.ജില്ലയിലെ പ്രധാന റിലീസ് കേന്ദ്രമായ പെരിന്തൽമണ്ണയിലെ മറ്റു തിയേറ്ററുകളിലെ അന്നത്തെ ടിക്കറ്റ് നിരക്കുമായി തട്ടിച്ചു നോക്കുമ്പോൾ ഒരല്പം കൂടുതൽ.

എന്തു തന്നെയായാലും അലങ്കാർ ഒരു കാലം എന്ന് രേഖപ്പെടുത്താതെ. അങ്ങനെ പറയാതെ എഴുതാതെ വയ്യ.എത്രയെത്ര താരങ്ങളുടെ വമ്പൻ ഹിറ്റുകൾ നിറഞ്ഞാടിയ തിയേറ്റർ .എങ്ങനെയെഴുതിയാലും അധികമാകില്ല .എന്നാലും കുടുതൽ ഒന്നും എഴുതുന്നില്ല. ഇരുന്ന് ചിന്തിച്ചെഴുതിയതുമല്ല. എഴുതാനിരുന്നപ്പോൾ വന്ന വരികൾ മാത്രമാണിത്. പഴയ സിനിമാശാലകൾ ഇല്ലാതാകുമ്പോൾ അത് ഗ്രാമമായാലും നഗരമായാലും സങ്കടം തന്നെയാണ്. സംഗീത, സെയിൻ, ജഹനറ നിറമുള്ള സിനിമാസ്വപ് നങ്ങൾ ഓരോന്നായി പെരിന്തൽമണ്ണക്ക് നഷ്ടമായി . അലങ്കാറായും കെ .സി യായും പിന്നെയും പേരു മാറിയും എന്നാൽ പോരൊട്ടും കുറയാതെയും നിന്ന ഈ സ്വപ്നവും എന്നെന്നേക്കുമായി കാഴ്ചയിൽ നിന്നും മറയുന്നു. .കാലം മുന്നോട്ട് കുതിക്കുമ്പോൾ അങ്ങനെയാണല്ലോ….. പലതും മാറുകയും മായുകയും ചെയ്യും. പുതിയത് വരുമായിരിക്കും .. വരുമായിരിക്കും എന്നല്ല. വരും എന്നാലും …….. അവിടെ ടിക്കറ്റിനു കാത്തു നിന്ന പകലുകൾ സന്ധ്യകൾ …. രണ്ടാം കളി സിനിമ കഴിഞ്ഞിറങ്ങുന്നത് എല്ലാം വീണ്ടും ഓർമകളെ ……. അതെ എവിടെയോ ഒരു നൊമ്പരം …
……………………………………..
സുരേഷ് തെക്കീട്ടിൽ
……………………………….
കഥകളും, ഹ്രസ്വകഥകളും, കവിതകളുമായി
രണ്ടായിരത്തോളം രചനകൾ.
അഞ്ഞൂറിലധികം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
മുക്കം ഭാസി മാസ്റ്ററുടെ ആത്മകഥയുൾപ്പെടെ 26 കൃതികൾക്ക് അവതാരികയെഴുതി.
ഏറ്റവും കൂടുതൽ കഥകളുമായി മലയാളത്തിൽ പ്രഥമ കൃതി ഇറക്കിയ എഴുത്തുകാരൻ.
കഥ, കവിത, നോവൽ തുടങ്ങി വ്യത്യസ്ത ശാഖകളിലായി ഒൻപത് കൃതികൾ .പതിനെട്ട് പുരസ്കാരങ്ങൾ.
2016 നവംബർ 15 മുതൽ 2018 മാർച്ച് 30 വരെ ഫെയ്സ് ബുക്കിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ തുടർച്ചയായി
” തെക്കീട്ടിൽ കഥകൾ” എന്ന പേരിൽ 500 കഥകൾ എഴുതി.ഇന്ത്യയിൽ ഒരു ഭാഷയിലും അതുവരെ ഒരു എഴുത്തുകാരനും നടത്തിയിട്ടില്ലാത്ത ഈ കഥാപ്രയാണത്തിലൂടെ 2018-ൽ യൂണിവേഴ്സൽ റെക്കാർഡ് ഫോറം നാഷണൽ റെക്കാർഡ് നേടി.
13/2/2023 മുതൽ 23/4/2025 വരെയുള്ള 801 ദിവസങ്ങളിൽ വാട്സ് അപ് സാഹിത്യ ഗ്രൂപ്പുകളിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ 801 കഥകൾ എഴുതുകയും ആ കഥകൾ ആഗ്രൂപ്പുകളിൽ അവതരിപ്പിക്കുകയും ആ കഥകളിലൂടെ രണ്ടായിരത്തോളം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും ഈ 801 കഥകൾ 18/5/2025 തിയ്യതി പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്ത് ടാലൻ്റ് റെക്കാർഡ് ബുക്ക് വേൾഡ് റെക്കാർഡ് നേടി.
……………………………..