literature

 “കുരുവംശത്തിന്റെ രാജ്ഞി, പാണ്ഡുപത്നി, ബലാശാലികളായ പാണ്ഡവരുടെ സർവ്വംസഹയായ മാതാവ് കുന്തി അതാ നടന്നകലുന്നു. ജന്മജന്മാന്തരങ്ങളുടെ പാപഭാരവും പേറിയൊകുന്ന ഗംഗയുടെ തീരത്തെ പൂഴിമണലിൽ ദുർബലമായ കാലടികളമർത്തി, മൂടുപടത്തിന്റെ തുമ്പിനാൽ കണ്ണുനീർ തുടച്ചുകൊണ്ട് അവർ തിരികെ നടക്കുകയാണ്. ഉള്ളിലെവിടെയോ തീരാനോവിന്റെ ഉറവ പൊട്ടിയിരിക്കുന്നു. എത്ര തള്ളിപ്പറയാൻ ശ്രമിച്ചാലും സാധ്യമാവത്ത ഒരു ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ. എനിക്ക് ജന്മം നൽകിയ അമ്മയാണ് ആ വൃദ്ധ. സൂതപുത്രനെന്ന് മുദ്രകുത്തപ്പെട്ട ഈ കർണ്ണന്റെ ജന്മരഹസ്യം പെറ്റ അമ്മയുടെ നാവിൽനിന്നും വെളിവാക്കപ്പെട്ടിരിക്കുന്നു. അംഗരാജാവായ കർണ്ണൻ, രാധേയനായ കർണ്ണൻ പൃഥയുടെ ആദ്യ സന്താനമാണെന്ന സത്യം കാലങ്ങൾക്കിപ്പുറം എന്നെ തേടി എത്തിയിരിക്കുന്നു. പക്ഷെ, ചില സത്യങ്ങൾക്ക് ശരങ്ങളുടെ മൂർച്ചയാണ്. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി വേദനിപ്പിക്കുന്ന മൂർച്ച…

മിഴിക്കോണുകളിൽക്കൂടി കണ്ണുനീർ ഒഴുകിപ്പടരുന്ന ചൂട് ഞാനറിയുന്നു. അരുത്, കരയരുത്. നീ യോദ്ധാവായ കർണ്ണനാണ്. ബാഷ്പധാരയുടെ ചൂടിൽ നിന്റെ മനോബലം നഷ്ടമായിപ്പോയെന്ന് വരാം. പാലിച്ചു തീർക്കാനുള്ള ഒട്ടേറെ ശപഥങ്ങൾ നിന്റെ ശിരസ്സിനുമീതെയുണ്ടെന്ന് നീ മറന്നുപോകരുത്… ഇല്ല ഞാൻ കരയില്ല… ഞാൻ കർണ്ണനാണ്, രാധേയനായ കർണ്ണൻ.”

മിഴികൾ തുടച്ചുകൊണ്ട് കർണ്ണൻ തിരിഞ്ഞുനോക്കിയപ്പോൾ അങ്ങുദൂരെ കുന്തി അവ്യക്തമായ ഒരു രൂപമായി മറഞ്ഞുപോയ്‌ക്കഴിഞ്ഞിരുന്നു. ചിന്തകളുടെ ഭാരവുംപേറി നിശബ്ദനായി നിൽക്കുകയാണ് കർണ്ണൻ, ആടയാഭരണങ്ങളോ കവചങ്ങളോ അസ്ത്രശസ്ത്രങ്ങളോ ഇല്ലാത്ത പച്ചമനുഷ്യനായി. കാലം തന്നോട്‌ കാട്ടിയ ക്രൂരതകൾക്ക് മുൻപിൽ നിസ്സഹായനായി നിൽക്കേണ്ടിവന്ന ഒരുവൻ. പൂഴിമണലിൽ ആഴ്ന്ന കാൽപ്പാദങ്ങളെ ഗംഗയുടെ ഓളങ്ങൾ മെല്ലെ തഴുകുന്നുണ്ട്, ഒരമ്മയെപ്പോലെ ആശ്വസിപ്പിക്കുന്നുണ്ട്. കുളിരലിഞ്ഞുചേർന്ന മണലിൽ ചിന്താമഗ്നനായി അയാൾ ഇരുന്നു. ഗംഗയിലെ ഒഴുക്ക് പൊടുന്നനെ നിലയ്ക്കുന്നതായും അതിശീഘ്രം പിന്നിലേക്ക് ഒഴുകുന്നതായും കർണ്ണന് അനുഭവപ്പെട്ടു. ഉപേക്ഷിക്കപ്പെട്ടവന്റെ വേദനയോടെ അവൻ ഓർമ്മകൾ തേടി പിന്നിലേക്ക് യാത്രചെയ്തു.

ഹസ്തിനപുരി രാജധാനിയിലെ സൂതനായ അതിരഥന്റെ പുത്രനായി വളർന്നത്കൊണ്ട് അറിവാകുന്ന പ്രായംവരെ അശ്വാലയങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ ഒരു ബാലൻ. പിന്നീടെപ്പോഴോ മഹാരാജാവിന്റെ ദയാകടാക്ഷത്താൽ കുരുവംശ കുമാരന്മാർക്കൊപ്പം ദ്രോണാചാര്യരിൽ നിന്നും ആയൂധാഭ്യാസം ഗ്രഹിച്ചു. പക്ഷെ, സൂതകുലജാതൻ എന്നതിന്റെ അടിസ്ഥാനത്തിൽ മർമ്മപ്രധാനമായ ആയുധവിദ്യകൾ അവന് അപ്രാപ്യമായിരുന്നു. കുലത്തിന്റെ പേരിൽ ഗുരുവായ ദ്രോണർ ഒരിക്കൽപ്പോലും അവന് ബ്രഹ്മാസ്ത്രവിദ്യ പകർന്നു നൽകാൻ തയാറായില്ല. എല്ലാവരാലും പരിഹസിക്കപ്പെട്ട് തലകുനിച്ചു നിൽക്കേണ്ടി വന്നപ്പോഴും കർണ്ണനെ ചേർത്തുനിർത്താൻ ഒരാളേ ഉണ്ടായൊള്ളു, ദുര്യോധനൻ.

“ദുരാഗ്രഹിയും ക്രൂരനുമെന്ന് സർവ്വരും മുദ്രകുത്തുന്ന ദുര്യോധനൻ കാട്ടിയ സ്നേഹവും സൗഹൃദവും സാഹോദര്യവും എനിക്ക് വിലമതിക്കാനാവാത്തതാണ്. കുലത്തിന്റെയും ഗോത്രത്തിന്റെയും പേരിൽ അപമാനിതനായി പരീക്ഷാരംഗത്തു നിൽക്കേണ്ടി വന്നപ്പോൾ, ഈ സൂതപുത്രനെ അംഗരാജാവായി അഭിഷേകംചെയ്ത ദുര്യോധനനോടുള്ള കടപ്പാട് ഒരു ജന്മത്തിലും അവസാനിക്കുന്നതല്ല. രാജ്യമോഹത്താൽ ഉന്മാദിയായിത്തീർന്ന ദുര്യോധനന്റെയുള്ളിൽ സ്വജനത്തെയും സ്വന്ത പരമ്പരയേയും അളവറ്റ് സ്നേഹിക്കുന്ന ഒരു മനുഷ്യനുണ്ട് എന്നത് ആരാലും ശ്രദ്ധിക്കപ്പെടാത്ത യാഥാർഥ്യത്തിന്റെ മറുമുഖമാണ്. അദ്ദേഹം ദുര്യോധനൻ അല്ല സുയോധനനാണ്. എന്റെ ശ്വാസം നിലയ്ക്കുന്നിടത്തോളം അദ്ദേഹം എന്റെ ഉറ്റ തോഴനായിരിക്കും. ദുര്യോധനന് നൽകിയ വാക്കുപാലിക്കാൻ വേണ്ടിവന്നാൽ മരണത്തെയും ഞാൻ സന്തോഷത്തോടെ പുൽകും.”
കർണ്ണന്റെ വിചാരങ്ങൾക്ക് ഒരു സാഗരത്തിന്റെ ആഴവും, കടപ്പാടിന്റെ ദൃഢതയുമുണ്ടായിരുന്നു.

“ജന്മം നൽകിയ മാതാവിനോട് പരുഷമായി പെരുമാറാൻ മാത്രമേ എനിക്ക് അപ്പോൾ കഴിയുമായിരുന്നൊള്ളു. ക്ഷമിക്കുക, ഞാൻ നിസഹായനാണ്. അവിടുന്ന് മകനേയെന്ന് വിളിച്ചപ്പോൾ അമ്മേയെന്ന് തിരികെവിളിക്കാൻ എന്റെ നാവിന് സാധിച്ചില്ല. പത്തുമാസം ചുമന്ന് നൊന്ത് പ്രസവിച്ചില്ലങ്കിലും, നെഞ്ചോട് ചേർത്ത് ഒരുപാട് സ്നേഹം പകർന്നുതന്ന ഒരമ്മ എനിയ്ക്കുണ്ട്, രാധ. ആ മുഖം എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ പതിഞ്ഞുപോയിരിക്കുന്നു. അത് പറിച്ചുമാറ്റി മറ്റൊരു മുഖം സ്ഥാപിക്കാൻ എനിക്കൊരിക്കലും സാധിക്കയില്ല. കൗന്തേയാനായി പിറന്നിട്ടും രാധേയനായി വളരാൻ വിധിക്കപ്പെട്ട ഈ മകന് ഇനിയുമൊരു തിരിച്ചുവരവ് അസാധ്യമാണ്. കടപ്പാടിന്റെയും ധർമ്മത്തിന്റെയും കെട്ടുപാടുകളാൽ ഞാൻ ബന്ധനസ്ഥാനാണ്… അല്പംമുൻപ് അവിടുന്ന് എന്നോട് ഏറ്റുപറഞ്ഞ ഈ സത്യം എന്നും ഒരു രഹസ്യമായി സൂക്ഷിക്കാൻ സാധിക്കട്ടെ. കൗരവരുടെ വേരറുക്കാൻ ജന്മംകൊണ്ട ഭീമസേനനോ, വീരശൂര പരാക്രമിയായ പാർത്ഥനോ ഇത് അറിയരുത്. ഒരുപക്ഷേ, യുദ്ധമുഖത്ത് സ്വന്തം ജ്യേഷ്ഠനെതിരെ ആയുധമുയർത്താൻ പഞ്ചപാണ്ഡവർക്ക് സാധിച്ചില്ലെന്ന് വരും. എനിക്ക് പോരാടിയേ കഴിയൂ, ഒരു ശത്രുവിനെപ്പോലെ. എനിക്കെതിരെ ആയുധമെടുത്ത് പോരാടാൻ ഓരോ പാണ്ഡവനെയും ഞാൻ നിർബന്ധിച്ചുകൊണ്ടിരിക്കും. അല്ലെങ്കിൽ ഞാൻ തളർന്നുപോയെന്ന് വരും.”
ഗംഗാനദിയുടെ ഉപരിതലത്തിൽ ആദിത്യകിരണങ്ങൾ മെല്ലെ പരക്കുന്നുണ്ട്. പ്രഭാതത്തിലെ തണുത്ത കാറ്റ് ഗംഗയുടെ തീരങ്ങളെ തട്ടിയുണർത്തുന്നു. നനവാർന്ന ഉത്തരീയത്തിന്റെ തണുപ്പുപോലും കർണ്ണൻ അറിയുന്നുണ്ടായിരുന്നില്ല. ചിന്തകളുടെ ആഴങ്ങളിൽ അയാൾ അനേകം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പരതുകയായിരുന്നു.

“ഇതിന്റെ അവസാനം എന്തായിരിക്കുമെന്ന ബോധ്യം എനിക്കുണ്ട്. പാണ്ഡവമാതാവിന് വാക്കുനൽകിയത്പോലെ കുരുക്ഷേത്രയുദ്ധത്തിന് ശേഷവും ആ അമ്മയ്ക്ക് അഞ്ച് പുത്രന്മാർ തന്നെ അവശേഷിക്കും. അതിൽ ഉൾപ്പെടേണ്ടത് ഈയുള്ളവനോ ആർജ്ജുനനോയെന്നത് കാലം തീരുമാനിക്കും. പക്ഷെ, ഒരു നിശ്വാസത്തിന്റെ അകലത്തിൽ മരണം എനിക്കുമുമ്പേ പതിയിരിക്കുന്നത് ഞാനറിയുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളുടെ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെട്ടവനാണ് ഏതൊരു മനുഷ്യനും. പാണ്ഡവജ്യേഷ്‌ഠനായ ആതിരഥിക്ക് ദ്രൗപദി ധർമ്മപ്രകാരം മകൾക്ക് തുല്യയാണ്. ആ യുവതിയുടെ മാനത്തിനുമേൽ കരിനിഴൽ വീണപ്പോൾ ഉന്മാദിയെപ്പോലെ പൊട്ടിച്ചിരിച്ചവനാണ് ഞാൻ. സ്വയംവരപ്പന്തലിൽ വെച്ച് അവൾ ഏൽപ്പിച്ച അപമാനം ഒരു മുറിവായി ഹൃദയത്തിൽ സൂക്ഷിച്ചതിന്റെ ഫലമായി പ്രണയം കത്തിയെരിഞ്ഞു പകയായി പരിണമിച്ചതാവാം. ബാല്യംമുതൽ പാണ്ഡവരുടെ പതനം സ്വപ്നം കണ്ടവനാണ് ഞാൻ. സ്വന്ത സഹോദരാണെന്ന് അറിഞ്ഞുകൊണ്ടല്ലെങ്കിലും ചതിയിലൂടെ ഭീമനെ ഇല്ലാതാക്കാൻ കൗരവർക്കൊപ്പം കൂട്ടുനിന്നവനാണ് ഞാൻ. അമ്മയാണെന്ന സത്യമാറിയാതെ കുന്തിദേവിയെ അപഹസിക്കുകയും, സഹോദരർക്കെതിരെ ആയുധമെടുക്കുകയും ചെയ്ത മഹാപാപിയാണ് ഞാൻ. അവഗണനകളുടെ നീറ്റലിൽനിന്നും രൂപം കൊണ്ട പകയാൽ കാഴ്ച്ചമറഞ്ഞിരുന്ന ഞാൻ ഇന്നറിയുന്നു, എന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. പക്ഷെ, ഇനിയും പിന്മാറാൻ സാധിക്കാത്തവിധം ഞാൻ ബന്ധനസ്ഥാനാണ്, പോരാടാതെ നിർവാഹമില്ല. ബന്ധങ്ങളിലും സ്വജീവനിലും വലുതാണ് ഒരു യോദ്ധാവിന് അവൻ നൽകിയ വാക്ക്. എന്റെ ധർമ്മം ഞാൻ ചെയ്തുതീർക്കുക തന്നെ വേണം.”
ഒരുമാത്ര ചിന്തകളിൽനിന്നും ഉണർന്നപ്പോൾ കവിളുകളെ നനച്ച് ഉത്തരീയത്തിലേക്ക് കണ്ണുനീർ ഒഴുകിപ്പടരുന്നത് അവൻ അറിഞ്ഞു. കടുത്ത ദുഃഖത്താൽ കലുഷമായ ഹൃദയത്തെ ഒരു പരിധിവരെ ശാന്തമാക്കാൻ കണ്ണുനീരിന്റെ താപത്തിന് സാധിക്കുമെന്നതു മനുഷ്യന് ലഭിച്ച വലിയ അനുഗ്രഹമാണ്.

അല്പമകലെയായി, ഗംഗയുടെ പരപ്പിലൂടെ ഒരു ചെറുവള്ളവും തുഴഞ്ഞ് ഒരു മുക്കുവൻ പോകുന്നു. അയാൾക്ക് അഭിമുഖമായി ഒരു കുഞ്ഞുബാലകൻ ഇരിക്കുന്നു. അച്ഛനും മകനുമായിരിക്കണം. ആ പിതാവ് മകനോട് പുഞ്ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. അവൻ ശ്രദ്ധയോടെ എല്ലാം കേൾക്കുകയാവും. കർണ്ണൻ എല്ലാം കാണുന്നുണ്ടായിരുന്നു.
“ഏറ്റുപറച്ചിൽ കേട്ടപ്പോൾ ആദ്യം വെറുപ്പുതോന്നി. ഇത്ര കാലം മകനെ എന്ന് വിളിക്കാൻ മടികാട്ടിയ ഒരമ്മയോട് തോന്നിയേക്കാവുന്ന വെറുപ്പ്. പക്ഷെ, ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു, എന്തുകൊണ്ടാവും ആ അമ്മയ്ക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടിവന്നത് എന്ന്. കുന്തിഭോജന്റെ ദത്തുപുത്രിയായ ആ കൗമാരക്കാരിക്ക് തന്റെ കുഞ്ഞിനെ എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ മാത്രമല്ലേ കഴിയുമായിരുന്നൊള്ളു. തന്റെയും കുടുംബത്തിന്റെയും മാനം സംരക്ഷിക്കാൻ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ ആ മാതൃഹൃദയം എത്രകണ്ട് വേദനിച്ചിട്ടുണ്ടാവണം. ഇല്ല, ആ അമ്മയോട് ഈ പുത്രന് ഒരു വെറുപ്പുമില്ല. പാണ്ഡുപത്നിക്ക് ഈ ജാരസന്താനത്തെ അംഗീകരിക്കാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരുന്നു. ആ പുത്രൻ പാണ്ഡവരുടെ ശത്രുപാളയത്തിലെ പ്രമുഖൻകൂടി ആകുമ്പോൾ, പാണ്ഡവമാതാവ് നിസഹായയാണ്. ഇത് ഈയുള്ളവന്റെ വിധിയാണ്… എല്ലാ പാപഭാരവുമേറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ കുന്തി മാത്രമാണോ. എന്റെ ഈ ജന്മത്തിന്‌ കാരണഭൂതനായ മറുപകുതി ആരാണ്? കൗമാരക്കാരിയായ കുന്തിയെ പ്രലോഭിപ്പിച്ച് ഉദരത്തിൽ ഞാനെന്ന ജന്മത്തെ സമ്മാനിച്ച കുന്തിഭോജന്റെ സൂതൻ. സൂര്യനെപ്പോലെ ശോഭയുണ്ടായിരുന്ന ആ തേരാളിയും ഇതിന് ഉത്തരവാദിയല്ലേ. അതോ പുരുഷനായിപ്പിറന്നവൻ ചെയുന്ന തെറ്റുകൾ ഏറ്റെടുക്കേണ്ടതില്ല എന്നതാണോ പ്രകൃതിയുടെ നിയമം. ശരിക്കും കുന്തി ഒരു ഇരയായിരുന്നില്ലേ. സ്വന്തം മകനായ ഈയുള്ളവന്റെ മുമ്പിൽപ്പോലും തലതാഴ്ത്തപ്പെട്ട് നിൽക്കേണ്ടി വന്നവൾ. ഞാൻ വെറുക്കുന്നത് ആ മനുഷ്യനെയാണ്. ഒരു പാവം പെണ്ണിന്റെ ചപലതയെ മുതലെടുത്ത എന്റെ പിതാവിനെ. ജന്മരഹസ്യം ചുരുളഴിച്ചപ്പോൾപ്പോലും കുന്തി ആ മനുഷ്യനെപ്പറ്റി ഒന്നും പറഞ്ഞില്ല. ഒരുപക്ഷേ അവരും അയാളെ വെറുക്കുന്നുണ്ടാവണം. വേണ്ട, അറിയേണ്ട, ആ മുഖം മേലിൽ കാണുകയും വേണ്ട. ഒരുപക്ഷേ, എനിക്ക് ക്ഷമിക്കുവാൻ കഴിഞ്ഞെന്ന് വരില്ല. ഇത്രനാളും മകനെ തേടിയെത്താത്ത ഒരച്ഛനെ ഇനി കാണാനും ആഗ്രഹമില്ല. ഇത്രകാലം എന്നെ പരിപാലിച്ച അതിരഥനാണ് എന്റെ താതൻ. ബാക്കിയെല്ലാം എന്റെ വിധിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.”

വിചാരങ്ങളിൽനിന്നും ഉണർന്ന് നിശബ്ദനായി പിന്തിരിഞ്ഞു നോക്കിയപ്പോൾ താൻ മൗനത്തിന്റെ വാത്മീകത്തിനുള്ളിൽ എന്നും തനിച്ചാണെന്ന് അവൻ തിരിച്ചറിഞ്ഞു. താൻ അനേകം രഹസ്യങ്ങളുടെ ജീവിക്കുന്ന സ്മാരകമാണെന്ന സത്യം ആ മനുഷ്യനെ ആകെ ഉലച്ചുകളഞ്ഞിരിക്കാം. അൽപ്പമകലെയായി ആരോ തങ്ങളുടെ പിതൃക്കൾക്കായി സമർപ്പിച്ച തർപ്പണത്തിന്റെ അവശിഷ്ടങ്ങൾ മണലിൽ ചിതറിക്കിടക്കുന്നു. അതിലേക്ക് നോക്കി അയാൾ വീണ്ടും ചിന്തകളുടെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടു.
“ഒരു പുത്രന്റെ മനോവിചാരങ്ങൾ അമ്മ അറിയുന്നുണ്ടാവണം. മുലപ്പാലൂട്ടിയില്ലെങ്കിലും ഞാൻ മകനും അവിടുന്ന് എന്റെ മാതാവുമല്ലേ. അതുകൊണ്ട് തന്നെ എന്റെ ഹൃദയം പറയുന്നത് അവിടുന്ന് കേൾക്കുന്നുണ്ടാവണം. കുരുക്ഷേത്രയുദ്ധത്തിന്റെ ഒടുവിൽ ഞാൻ ഇല്ലാതെയാവുകയാണെങ്കിൽ, എന്റെ സഹോദരന്മാരുടെ കരങ്ങളാൽ എനിക്കും തർപ്പണം ചെയ്യണം. പാണ്ഡവരുടെ ജ്യേഷ്ഠസ്ഥാനം നൽകണമെന്നില്ല. ഒരു യോദ്ധാവായി പരിഗണിച്ചെങ്കിലും മരണാനന്തരക്രിയകൾ ചെയ്താൽ മൃത്യുവിനപ്പുറമെങ്കിലും ആത്മാവ് ശാന്തമാകും. ഒരു ജന്മം മുഴുവൻ അവഗണനകൾ മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവന്റെ ഒരേയൊരു ആഗ്രഹമാണ്. സ്വന്തം മാതാവിന്റെ മടിയിൽ തലചായ്ക്കാൻ കഴിയാത്ത ഒരു ഭാഗ്യദോഷിയുടെ മോഹമാണ്… ഈ യുദ്ധത്തിൽ എനിക്ക് പോരാടിയെ പറ്റൂ. എന്റെ ശരമേറ്റ് പാണ്ഡവരിൽ ഒരുവന് പോലും ഒന്നും സംഭവിക്കരുതെന്ന ആഗ്രഹത്തോടെ ഞാൻ പൊരുതും. അവർക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുവാൻ മാത്രമേ ഈ ജ്യേഷ്ഠന് സാധിക്കുകയുള്ളു. യുദ്ധഭൂമിയിൽ എതിര്നിൽക്കുന്നത് സ്വന്തം രക്തമാണെങ്കിൽപ്പോലും കൈവിറയ്ക്കാതെ പോരാടുക എന്നതാണ് യുദ്ധധർമ്മം. കുന്തിഭോജന്റെ വളർത്തുപുത്രിയായ കുന്തിയുടെ പുത്രൻ ഹസ്തിനപുരത്തെ സൂതന്റെ കരങ്ങളിൽ എത്തിച്ചേർന്നത് വിധിയെങ്കിൽ, ഇതിന്റെ അവസാനവും എന്നേ തീരുമാനിക്കപ്പെട്ടിരിക്കുന്നു. സ്വജനങ്ങൾക്കെതിരെ ശത്രുവിനെപ്പോലെ പോരടിക്കുക എന്നത് എനിക്കായ് കാലം കരുതിവെച്ച നിയോഗമാവാം, മോക്ഷത്തിലേക്കുള്ള എന്റെ പാതയാവാം. വിധിയുടെ മുൻപിലെ ഒരു കളിപ്പാവമാത്രമായ മനുഷ്യനാണ് കർണ്ണൻ. അതുകൊണ്ട് ഞാൻ അവസാനം വരെ എതിർത്തുനിൽക്കും, ഒടുവിൽ മൃത്യുവിന്റെ രഥം എനിക്കുമുന്പിൽ വന്നുനിൽക്കും വരെ. ബന്ധങ്ങളുടെ കേടുപാടുകൾ എന്നെ തളർത്തിക്കളയുമോയെന്ന ബോധം ഉള്ളിൽ നിഴലിക്കുന്നു. എങ്കിലും പിന്തിരിയാൻ മനസ്സിലെ ധർമ്മബോധം അനുവദിക്കുന്നില്ല. മുൻപിലേക്ക് പോവുകതന്നെ ചെയ്യണം. നേരം പുലർന്നിരിക്കുന്നു, കുരുക്ഷേത്രഭൂമിയിലേക്ക് ആഗതമാവാൻ സമയമാകുന്നു.”

നനവാർന്ന മണലിൽ കൈകളമർത്തി കർണ്ണൻ മെല്ലെ എഴുനേറ്റു. രാവ് പകർന്ന കുളിരിനെ സൂര്യതാപം അലിയിച്ചുകളഞ്ഞിരിക്കുന്നു. നിലയ്ക്കാതെയൊഴുകുന്ന ഗംഗാനദിയെ സാക്ഷിയാക്കി കർണ്ണൻ പറഞ്ഞു, “യുദ്ധഭൂമിയിൽ ഞാൻ ക്ഷേത്രീയനായ പാണ്ഡവസഹോദരനല്ല… കൗന്തേയനല്ല, സൂതപുത്രനായ വൈകർത്തനനാണ്… രാധേയനാണ്… ദുര്യോധനന്റെ ഉറ്റമിത്രമായ അംഗേശനായ കർണ്ണനാണ്. എനിക്കുമുന്പിൽ മറ്റ് പോംവഴികളില്ല. മരണമാണ് ഒരു കാൽച്ചുവടിനപ്പുറമെങ്കിലും അത് സന്തോഷത്തോടെ ഞാൻ ഏറ്റുവാങ്ങും. ഇത് രാധേയനായ കർണ്ണന്റെ ധർമ്മമാണ്.”

ഗംഗയുടെ ഓളങ്ങളെ വകഞ്ഞുമാറ്റി ഒരിക്കൽക്കൂടി മുങ്ങിനിവർന്ന് കർണ്ണൻ തീരത്തേക്ക് കയറി. പൂഴിമണലിൽ പതിഞ്ഞ കുന്തിയുടെ കാൽപ്പാടിൽ തൊട്ടുവന്ദിച്ച് മനസ്സിൽ “അമ്മേ” എന്ന് ഉരുവിട്ടു. കിഴക്കൻ ചക്രവാളത്തിലേക്ക് ഒരുമാത്ര നോക്കിയിട്ട് തന്റെ അശ്വത്തെ ലക്ഷ്യമാക്കി അയാൾ നടന്നു. ഹൃദയം കത്തിയെരിഞ്ഞ് നോവുമ്പോഴും അചഞ്ചലമായ മിഴികളുമായി, ഉറച്ച കാലടികൾ വെച്ച് കർണ്ണൻ നടന്നകന്നു. പിന്നിൽ, വരും തലമുറകളുടെയും പാപഭാരങ്ങൾ വഹിക്കുവാൻ സന്നദ്ധയായി പാപനാശിനിയായ ഗംഗ നിലയ്ക്കാതെ ഒഴുകുന്നു.

ജോർജ്ജ് മറ്റം

യഥാർഥ പേര് ജോർജ്ജ് പി മാത്യു.
തിരുവല്ല മാർത്തോമ കോളേജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാനായി പ്രവർത്തിച്ചു. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളിലും കവിതാ രചന, കവിതാ പാരായണം, മിമിക്രി തുടങ്ങിയ ഇനങ്ങളിലും, കവിയരങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ തട്ടാരമ്പലം (മറ്റം) സ്വദേശി ആണ്.

 

ചിത്രീകരണം : അനുജ . കെ

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.

 

ഹോസ്പിറ്റലിൽ നിന്നും ഡിസ്സ് ചാർജ് ആയ അന്നു തന്നെ പ്രസാദ് എന്നെ കാണാൻ വന്നു.കുറെ അധികം സംസാരിച്ചു.വീണ്ടും വീണ്ടും,കഴിഞ്ഞതെല്ലാം മറക്കണം എന്ന്  അവൻ ആവർത്തിച്ചുകൊണ്ടിരുന്നു.
ടിക്കറ്റ് കിട്ടിയാൽ ഉടൻ അവൻ ന്യൂയോർക്കിലേക്ക്  പോകുമെന്നും അപ്പോൾ  വിളിക്കാമെന്നും പറഞ്ഞിട്ടാണ്  പോയത്.
അവൻ്റെ  പെരുമാറ്റവും സംസാരവും കൃത്രിമവും നാട്യവും ആയിട്ടാണ് എനിക്ക് തോന്നിയത്.ഇനി ഒരിക്കലും തമ്മിൽ കാണാൻ സാദ്ധ്യത ഇല്ലാത്തതുപോലെ ആയിരുന്നു അവൻ്റെ  സംസാരം.
പ്രസാദ്  പോയിക്കഴിഞ്ഞു അഞ്ജലി എൻ്റെ കാബിനിൽ വന്നു.”അത് ആരാ ഒരു നടൻ?”
അപ്പോൾ എനിക്കുമാത്രമല്ല അവൻ്റെ  പെരുമാറ്റം അഭിനയമായി തോന്നിയത്.
ഞാൻ വെറുതെ ചിരിച്ചു
കമ്പനിയിൽ പുതിയതായി നടത്തേണ്ട മാറ്റങ്ങളും ഭാവിപരിപാടികളും എല്ലാം ചേർത്ത് ഞാൻ തയ്യാറാക്കിയിരുന്ന ഒരു പ്രൊജക്റ്റ് അഞ്ജലിയെ കാണിച്ചു് അഭിപ്രായം അറിയുന്നതിനായി വിളിച്ചു.പ്രൊജക്റ്റ് ശ്രദ്ധിച്ചു ഇടക്കിടക്ക് സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കികൊണ്ടിരുന്നു.
അല്പം കഴിഞ്ഞു അവൾ സീറ്റിൽ നിന്നും എഴുന്നേറ്റ് എൻ്റെ പുറകിൽ വന്നു നിന്നു, ലാപ്ടോപ്പിൽ നന്നായി കാണുന്നതിനു വേണ്ടി.
ഇടക്ക് അവളുടെ ഷാൾ എൻ്റെ ദേഹത്തേക്ക് വീണുകിടന്നത് അവൾ ശ്രദ്ധിച്ചതേയില്ല.ഞാൻ അത് അവഗണിച്ചു.
ശ്രുതിയുടെ ഒരു കോൾ വന്നിട്ട് രണ്ടാഴ്ച ആകുന്നു.എന്തോ ഒരു പന്തികേട് എനിക്ക് തോന്നിത്തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.
കാലത്തു് വിളിച്ചിട്ട് പ്രസാദ് പറഞ്ഞു,”ഇന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിന് ടിക്കറ്റ് ശരിയായിട്ടുണ്ട് ,”എന്ന്. അവൻ പോകുകയാണെന്ന് പറഞ്ഞ സമയത്തിന് എനിക്ക് എയർപോർട്ടിൽ പോയി  അവനെ കാണുവാൻ കഴിയുമായിരുന്നില്ല .ന്യൂയോർക്കിൽ ചെന്നിട്ടു വിളിക്കാം എന്ന് പറഞ്ഞു നിർത്തി.ഞങ്ങളുടെ രണ്ടുപേരുടെയും സംസാരത്തിൽ ഒരിക്കൽപോലും ശ്രുതിയെക്കുറിച്ചു പരസ്‌പരം  ഒന്നും പറയുകയുണ്ടായില്ല.
കാലത്തു് ഓഫീസിലെ തിരക്കിൽ മുഴുകിയിരിക്കുമ്പോൾ ശ്രുതിയുടെ കോൾ വന്നു.ആകെ അവളുടെ ശബ്ദം അടഞ്ഞു അവ്യക്തമായിരുന്നു.
“എന്തുപറ്റി,ശ്രുതി?നിനക്ക് അസുഖം വല്ലതും  ആണോ?”ഞാൻ ചോദിച്ചു.
” ഇല്ല മാത്തു,ഐ ആം പെർഫെക്ടലി ഓൾ റൈറ്റ്.”
എനിക്ക് അത്ര വിശ്വാസം വന്നില്ല.”എന്തെങ്കിലും ഉണ്ടങ്കിൽ പറയൂ”.
അവൾ എന്തോ എന്നിൽ നിന്നും മറച്ചു വയ്ക്കുന്നപോലെ ഒരു തോന്നൽ.കുറെ അധികം വർത്തമാനം പറഞ്ഞു.പക്ഷേ ഒന്നും വ്യക്തമായി പറയുന്നുമില്ല.
അവസാനം അവൾ പറഞ്ഞു,”ഇന്നലെ പ്രകാശ് വന്നിരുന്നു.അവൻ ഇവിടെയുള്ളത് ഒരു സഹായമായി”.
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
എന്താണ് അവൾ പറഞ്ഞതെന്ന് വീണ്ടും വീണ്ടും എൻ്റെ മനസ്സ് ആവർത്തിച്ചു.സഹായമായി എന്നല്ലേ അവൾ പറഞ്ഞത്?അവർ തമ്മിൽ വീണ്ടും അടുപ്പത്തിലായി?
“ശ്രുതി,ഞാൻ അല്പം തിരക്കിലാണ്,കുറച്ചുകഴിഞ്ഞു വിളിക്കാം.”
മനസ്സിൻ്റെ  സ്വസ്ഥത നഷ്ട്ടപ്പെട്ടു.ശ്രുതിക്ക് എന്ത് സംഭവിച്ചു?ഒന്നും മനസ്സിലാകുന്നില്ല.ആരോട് അന്വേഷിക്കാനാണ്?പ്രസാദ് വിളിക്കാം എന്ന് പറഞ്ഞെങ്കിലും എനിക്ക് പ്രതീക്ഷ ഇല്ല.
ഇടക്ക് അനിയത്തി വിളിച്ചു് ചോദിക്കും.
“എന്തായി?അപ്പച്ചനും അമ്മച്ചിയും ചോദിക്കുന്നു,”
അവളോട് എന്തു പറയാനാണ്?ഒഴുക്കൻ മട്ടിൽ മറുപടി കൊടുക്കും.
ഒരു മാസംകൊണ്ടുതന്നെ അഞ്ജലി ബിസ്സിനസ്സ് കാര്യങ്ങളിൽ നല്ല പുരോഗതി കാണിച്ചു. അക്കൗണ്ടിംഗ്,ഹ്യൂമൻ റിസോഴ്സസ്‌  ,അഡ്‌മിനിസ്‌ട്രേഷൻ എല്ലാം ഒന്ന് റീ അറേഞ്ച് ചെയ്തു.അവൾ ഇടക്കിടക്ക് എൻ്റെ കാബിനിൽ വരും,എന്തെങ്കിലും സംശയവുമായി.
പലതും ഒരു പ്യൂൺ ചെയ്യേണ്ട ജോലികളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇടക്കിടക്ക് ക്ഷേമാന്വേഷണങ്ങളുമായി  തടിയന്മാർ വരും.എല്ലാവർക്കും  അഞ്ജലിയെ വളരെ ഇഷ്ട്ടവുമായിരുന്നു.അവർക്കുവേണ്ടി അവൾ സമയം കണ്ടെത്തി.അവർ ആറുപേരും അവൾ എന്തെങ്കിലും പറയാൻ കാത്തുനിൽക്കുന്നതുപോലെയാണ് പെരുമാറുക.ഒരു വല്ലാത്ത സ്നേഹബന്ധം തന്നെ.
റാം അവതാർ പോലെയുള്ള  ഒരു വലിയ കമ്പനി,അതും ആകെക്കൂടി കുത്തഴിഞ്ഞ പുസ്തകം പോലെ കിടക്കുന്ന  ഒരു സ്ഥാപനം,നടത്തിക്കൊണ്ടുപോകുക അത്ര എളുപ്പമായിരുന്നില്ല.
ഞാൻ ജോലിവിട്ടുപോകുമോ എന്ന ഭയം അഞ്ജലിക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു.അതുകൊണ്ടായിരിക്കണം എൻ്റെ എല്ലാകാര്യങ്ങളിലും, അവൾ വളരെ ശ്രദ്ധിച്ചിരുന്നു.
എനിക്കും അല്പം ധൈര്യവും കുറച്ചു തൻ്റെടവും അപ്പച്ചൻ്റെ  ബിസിനസ്സിൽ സഹായിച്ച പരിചയവുമല്ലാതെ   കാര്യമായ ജോലി പരിചയമൊന്നും ഉണ്ടായിരുന്നില്ല.ഞാൻ അത് അഞ്ജലിയോട് പറയുകയും ചെയ്തു.അവൾ അത് കേട്ടതായ ഭാവം പോലും കാണിച്ചില്ല.
ഒരു ദിവസം സംസാരത്തിനിടയിൽ  അവൾ ചോദിച്ചു .”ഇപ്പോൾ ശ്രുതി വിളിക്കാറുണ്ടോ”.
ഞാൻ ഒന്നും മിണ്ടിയില്ല.
“സോറി”.അവൾ ഒരു നിമിഷം എന്നെ ശ്രദ്ധിച്ചു,എഴുന്നേറ്റുപോയി.പെട്ടന്നാണ് മനസ്സിലേക്ക് ഒരു ചോദ്യം ഉയർന്നുവന്നത്.എങ്ങിനെയാണ് അഞ്ജലി ഇത്ര കൃത്യമായി ഈ കാര്യങ്ങൾ അറിയുന്നത്?എങ്കിലും ഞാൻ ഒന്നും അവളോട് ചോദിച്ചില്ല.
ശ്രുതി മിക്കവാറും ദിവസ്സങ്ങളിൽ വിളിക്കും .ഞാൻ അങ്ങോട്ടുവിളിക്കാം എന്ന് പറയുമ്പോൾ സമ്മതിക്കില്ല.അവൾക്ക് തിരക്ക് ഒഴിഞ്ഞ സമയത്തു് വിളിക്കുന്നതാണ് സൗകര്യം എന്ന് പറയും.
പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നതുപോലെ ഒരു തോന്നൽ എനിക്ക് എപ്പോഴും അവളുടെ സംസാരത്തിൽ അനുഭവപ്പെട്ടു.
രണ്ടുമൂന്നുതവണ ശ്രുതിയുടെ അമ്മയെ വിളിച്ചു,അവർക്കും ഒന്നും അറിയില്ല എന്ന് തോന്നുന്നു.
ഇടക്ക് ഒരു ദിവസം അഞ്ജലിയുടെ ഏറ്റവും മൂത്ത സാഹോദരൻ ഓഫീസിൽ  വന്നു.അവളുമായി എന്തോ പതിനഞ്ചുമിനിറ്റ് സംസാരിച്ചിട്ട് തിരിച്ചുപോയി.സാധാരണ അവളെ കാണാൻ വരുമ്പോളൊക്കെ അയാൾ എൻ്റെ കാബിനിൽ വന്ന് ,”ഹലോ” പറഞ്ഞിട്ടുപോകുന്നതാണ്.
കുറച്ചുകഴിഞ്ഞു അഞ്ജലി എന്റെ കാബിനിൽ വന്നു.എന്തോ ഒന്ന് അവളുടെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് എന്നത് ഉറപ്പാണ്.അവൾക്ക് എന്തോ എന്നോട് പറയാനുണ്ട്.
“എന്തുപറ്റി അഞ്ജലി?”അവൾ വെറുതെ ചിരിക്കാൻ ശ്രമിച്ചു ,പരാജയപ്പെട്ടു.അല്പസമയം അവൾ എൻ്റെ  മുഖത്ത് നോക്കിയിരുന്നു.എന്നിട്ടു ഒന്നും പറയാതെ എഴുന്നേറ്റു.
“അഞ്ജലി,എന്താണെങ്കിലും പറഞ്ഞിട്ട് പോകു.”
“മാത്യു,എനിക്ക് പറയണമെന്നുണ്ട്,പക്ഷേ പറയില്ല എന്ന് ഞാൻ  സത്യം ചെയ്തുപോയി”.ഇതെന്തു കഥയില്ലായ്മയാണ്?അവളെ നിർബന്ധിക്കുന്നതും ശരിയല്ല,എന്നുതോന്നുന്നു.
ആകെക്കൂടി ഒരുഅസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി.
പിറ്റേദിവസം ഓഫീസിൽ വരുമ്പോൾ മേശപ്പുറത്തു് കുറെ റോസാപ്പൂക്കൾ ,അതിൽ ബർത്ത് ഡേ വിഷസ്സ് എഴുതിയ ഒരു കാർഡും ഇരിക്കുന്നു.ഞാൻ ഒരിക്കലും എൻ്റെ ജന്മദിനം ഓർക്കുകയോ ആഘോഷിക്കുകയോ ചെയ്തിട്ടില്ല.
അഞ്ജലി എൻ്റെ ജന്മദിനം ഓർത്തുവച്ചു് കൊണ്ടുവന്നു വച്ചതാണ് ഈ പൂക്കൾ.ഞാൻ കാബിനിൽ കയറിയ ഉടനെ നിറഞ്ഞചിരിയുമായി അഞ്ജലി വന്നു.പതിവിലും മോടിയായി ഡ്രസ്സ് ചെയ്തിട്ടുണ്ട്.
“ഹാപ്പി ബിർത്തഡേ മാത്യു”അവൾ എൻ്റെ  നേരെ കൈ നീട്ടി.എൻ്റെ കൈയ്യിൽ അവളുടെ കൈഅമർന്നു.
അവളുടെ മുഖത്ത് ഒരു പുഞ്ചിരി പൊട്ടിവിടർന്നു.
അഞ്ജലി റാം അവതാർ ആൻഡ് കോ.യുടെ തലപ്പത്തുവന്നിട്ട് രണ്ട് മാസമാകുന്നു.ഈ സമയംകൊണ്ട് അവൾ എല്ലാവരുടേയും സ്നേഹവും പ്രശംസയും പിടിച്ചുപറ്റി.എന്തെങ്കിലും സംശയമുണ്ടെങ്കിൽ എൻ്റെ  അടുത്തുവരും.ചിലപ്പോൾ സംശയം ഉണ്ടാകാൻ കാത്തിരിക്കുകയാണ് എന്ന് തോന്നും.
പെട്ടന്ന് ഒരു ദിവസം അവൾ ഒരു ചോദ്യം,”മത്തായി,എന്ന വാക്കിൻ്റെ അർഥം എന്താണ്?”എന്ന്.
“ഇതെവിടെനിന്നു കിട്ടി ?”
“ഇഷ്ടമുള്ളവർ അങ്ങിനെ വിളിക്കുന്നത് കേൾക്കാറുണ്ടല്ലോ?പലതവണ അനിയത്തി ഫോണിൽ വിളിക്കുന്നത് കേട്ടതുകൊണ്ട് ചോദിക്കുകയാണ്”
“മത്തായി,എന്ന് പറഞ്ഞാൽ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ എന്നാണ് അർഥം.”
“എങ്കിൽ ഞാൻ മത്തായി,എന്ന് വിളിച്ചോട്ടെ?”.
മറുപടി പറയാൻ ഇല്ലാത്തപ്പോൾ ഞാനുപയോഗിക്കുന്ന ട്രിക്ക്  ആണ് വെറുതെ ഒരു ചിരി.അവളുടെ മനസ്സിൽ എന്താണ് എന്ന് എനിക്ക് അറിയാതിരിക്കാൻ ഞാൻ ഇരുമ്പ് കട്ടയൊന്നുമല്ല.പക്ഷേ ശ്രുതിയെ എനിക്ക് മറക്കുവാൻ കഴിയുമായിരുന്നില്ല.
പുതിയ ഉത്തരവാദിത്വങ്ങളുടെ തിരക്കിൽ പലപ്പോഴും എനിക്ക് ജോൺ സെബാസ്ത്യനെ കാണാൻ സാധിക്കുന്നില്ല.ഇടക്ക് ഒരു ദിവസം അവൻ പറഞ്ഞു,അവൻ്റെ റിസൾട്ട് വന്നു,ഇനി ഒരു നല്ല ജോലി കണ്ടുപിടിക്കണം എന്ന്.പിന്നെ ഒരാഴ്ച കഴിഞ്ഞു കണ്ടപ്പോൾ അവൻ പറഞ്ഞു,അവന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലികിട്ടി,ഒരുമാസം കഴിഞ്ഞു ട്രെയിനിങ് പ്രോഗ്രമിൽ ജപ്പാനിലേക്ക് പോകുന്നു.അവൻ്റെ  ഈ വേർപാട് വല്ലാത്ത ഒരു വിഷമാവസ്ഥയിലേക്ക്  എന്നെ തള്ളിവിട്ടു .സുഹൃത്തുക്കൾക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരു മനസ്സാണ് അവന്.
അഞ്ജലി എനിക്കുവേണ്ടി ഒരു നല്ല വീട് കണ്ടുപിടിക്കാൻ അവളുടെ സഹോദരന്മാരോട് പറയട്ടെ,എന്ന് ചോദിച്ചു.മലബാർ ലോഡ്ജിൽ നിന്നും മാറുന്നതിനെക്കുറിച്ച ഞാനും ആലോചിച്ചു തുടങ്ങി.ജോൺ സെബാസ്റ്റ്യൻ ജപ്പാനിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ മലബാർ ലോഡ്ജിൽ താമസിക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു.
തികച്ചും അപ്രതീക്ഷിതമായി എന്നെഞെട്ടിച്ചുകൊണ്ട് ശ്രുതിയുടെ ‘അമ്മ എന്നെ കാണാൻ ഓഫീസിൽ വന്നു.ഒരുപാട് പരാതികൾ പറഞ്ഞു.അവൾ കൃത്യമായി വിളിക്കാറില്ല,എന്തെങ്കിലും ചോദിച്ചാൽ ദേഷ്യപ്പെടുന്നു, അങ്ങിനെപോയി പരാതികൾ.
ഇത് തന്നെയാണ് എൻ്റെയും  അവസ്ഥ എന്ന് എനിക്ക് പറയേണ്ടി വന്നു.കുറച്ചുസമയം അവിടെയിരുന്ന് കരഞ്ഞു
.”ഞങ്ങൾ അമ്മയും മകളും പോലെ ആയിരുന്നില്ല,കൂട്ടുകാരെപോലെ ആയിരുന്നു.അവൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.പഠനം വിഷമമാണങ്കിൽ തിരിച്ചുപോരാൻ പറഞ്ഞിട്ട് അവൾ ദേഷ്യപെടുന്നു”.
“പ്രസാദ് അവിടെയുണ്ട്,ഞാൻ ഒന്ന് കോൺടാക്ട് ചെയ്യാൻ നോക്കാം”സമാധാനിപ്പിക്കാൻ  ഞാൻ പറഞ്ഞു.
അവർ പോയിക്കഴിഞ്ഞു അല്പസമയം കഴിഞ്ഞപ്പോൾ ശ്രുതിയുടെ കോൾ വന്നു.ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ പറഞ്ഞു,”ഞാൻ തിരിച്ചുവരുന്നു.വിശേഷങ്ങൾ വന്നിട്ട് പറയാം”.
അവൾ ഫോൺ ഡിസ് കണക്‌ട് ചെയ്‌തു..

(തുടരും)

നിത്യപ്രകാശവഴിയില്‍

സിസ്റ്റര്‍ കാര്‍മേലിന്റെ വാക്കുകള്‍ കൊണ്ടുള്ള തലോടലുകള്‍ ഫാത്തിമ ഏറ്റുവാങ്ങി. ആകര്‍ഷകമായ ആ കണ്ണുകളില്‍ കണ്ടത് സ്‌നേഹമാണ്, പ്രകാശമാണ്. സമൂഹവും ബന്ധുക്കളും ഉപേക്ഷിച്ചു പോയവരെ അന്വേഷിച്ചു കണ്ടെത്തി സ്വന്തം ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന സ്വന്തം മാതാവ്.
“”ഇനി ഞങ്ങള്‍ നിനക്കൊപ്പമുണ്ട്. ഒന്നും ഭയപ്പെടേണ്ടതില്ല.”
അവളുടെ മുഖത്തെ ആകുലതകള്‍ മാറി സന്തോഷം കണ്ണുകളില്‍ പ്രകടമായി.
മുന്നില്‍ കണ്ട അനിശ്ചിതത്വത്തിന്റെ കരിനിഴല്‍ അകന്നുപോയി. അവസാനമായി സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞത്.

“”നീ ഇന്നുമുതല്‍ പുതിയൊരു ഫാത്തിമയാണ്. ഇനി മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കുകയാണ് വേണ്ടത്. ” സിസ്റ്ററുടെ വാക്കുകള്‍ അവളില്‍ ആത്മവിശ്വാസമുണര്‍ത്തി. സിസ്റ്റര്‍ കാര്‍മേലിന്റെ സാന്നിദ്ധ്യമാണ് ഈ പുനര്‍ജന്മത്തിന് കാരണമായത്. ചെകുത്താന്മാരുടെ കോട്ടയില്‍ നിന്നും വിടുവിച്ചവള്‍. മറ്റുള്ളവരെ മനസ്സിലാക്കാനും സ്വീകരിക്കാനും മനസ്സുള്ളവള്‍. മനസ്സിനെ സ്പര്‍ശിച്ച നിമിഷങ്ങള്‍ ഓര്‍ത്തിരിക്കേ സിസ്റ്റര്‍ നോറിന്‍ അറിയിച്ചു. “”ഫാത്തിമക്ക് ഇവിടുത്തെ നിയമങ്ങളും മറ്റും കൂടുതലായി കെയര്‍ ഹോമിന്റെ മാനേജര്‍ പറഞ്ഞുതരും. ഇവിടുത്തെ ഒരു അന്തേവാസിയായി വന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇനിയും ഇഷ്ടമുള്ള വഴികളില്‍ ഇഷ്ടംപോലെ ഇവിടുന്നു പോകാനാകില്ല. നിനക്ക് പ്രായം കുറവല്ലേ? പഠിക്കാനും ഏതു തൊഴില്‍ ചെയ്യാനും അവസരമുണ്ട്. അതല്ല ഇവിടുത്തെ കൃഷികളിലോ ബേക്കറിയിലോ തൊഴില്‍ ചെയ്യണമെങ്കില്‍ അതുമാകാം. നിനക്ക് ഏതു ദൈവത്തെ വേണമെങ്കിലും വിളിച്ച് പ്രാര്‍ത്ഥിക്കാം. ഒരിക്കലും മതവിശ്വാസങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല. എനിക്ക് ഒന്നുമാത്രമേ നിന്നോടു പറയാനുള്ളൂ.  പരമകാരുണ്യവനായ ദൈവത്തില്‍ അല്ലെങ്കില്‍ അള്ളാഹുവില്‍ വിശ്വസിക്കുന്നതാണ് നല്ലത്. ഇനിയും ചെകുത്താന്റെ ആത്മാവ് നിന്നെ ബാധിക്കരുത്. ” മ്ലാനമായ കണ്ണുകളോടെ അവള്‍ സിസ്റ്ററെ നോക്കി. പാപത്തിന്റെ തടവില്‍ കിടന്ന തന്നെ ഇവിടെ എത്തിച്ചതില്‍ വളരെയേറെ നന്ദിയുണ്ടെന്ന് അവള്‍ മറുപടി നല്കി. സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞു.

“”നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയാണിത്. തുടര്‍ന്നുള്ള കൗണ്‍സിലിംഗില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നുമൊക്കെ ധാരാളമായി കേള്‍ക്കാനും പഠിക്കാനുമുള്ള അവസരങ്ങള്‍ ഇവിടെയുണ്ട്. ഇനിയും ഫാത്തിമ മെര്‍ളിനൊപ്പം പോകുക. അവള്‍ മാനേജരെ കാട്ടിത്തരും.”
മെര്‍ളിന്‍ ഫാത്തിമയേയും കൂട്ടി പുറത്തേക്കു നടന്നു. അവള്‍ അവിടെനിന്ന് പോയിട്ടും അവളുടെ തുണികളില്‍നിന്ന് വന്ന വിലേയേറിയ സുഗന്ധം അകന്നുപോയില്ല.

ഭക്ഷണശേഷം ജാക്കി മുറിക്കുള്ളില്‍ വെറുതെ ഉലാത്തുകയായിരുന്നു. അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. ഷാരോണിന്റെ നമ്പര്‍ തെളിഞ്ഞു. അവന്‍ വളരെ സന്തോഷത്തോടെ ഫോണ്‍ എടുത്തു.
“”ഷാരോണ്‍ ഇത് ജാക്കിയാണ്. ഇതാണ് എന്റെ മൊബൈല്‍ നമ്പര്‍. മുമ്പ് ഞാന്‍ വിളിച്ചിരുന്നു. ക്ലാസ്സിലായിരുന്നു അല്ല? ”
“”അതെ” ഷാരോണ്‍ മറുപടി പറഞ്ഞു.
അവര്‍ വളരെനേരം വിശേഷങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഷാരോണ്‍ തൊട്ടരുകില്‍ എത്തിയതുപോലെ അവനു തോന്നി. അവളുടെ സ്വഭാവം പോലെതന്നെ അവളുടെ സ്വരവും മധുരമാണ്. എന്നെ അഭിനന്ദിച്ചപ്പോള്‍ തോന്നിയത് അടുത്ത് നിന്ന് കൈവീശിക്കാണിക്കുന്നതായിട്ടാണ്. അവള്‍ പറഞ്ഞതുപോലെ ഭാവിക്കായി അദ്ധ്വാനിക്കുക. അവളുടെ സമീപനവും വാക്കുകളും എന്നും തന്നെ രക്ഷയിലേക്കാണ് നയിച്ചിട്ടുള്ളത്.

അവള്‍ പറഞ്ഞതാണ് യാഥാര്‍ത്ഥ്യം. ഇവിടെ കാലുകുത്തിയ നിമിഷംമുതല്‍  തന്നെ ഭയപ്പെടുത്തിയ ഭാവിയെ നേരിടാനാണ് തന്റെ ലക്ഷ്യം. വിജയകരമായി അത് പൂര്‍ത്തിയാക്കണം. അതിനിടയില്‍ തടസ്സങ്ങളും പ്രയാസങ്ങളും ഒക്കെയുണ്ടാകാം. എന്തൊക്കെ സംഭവിച്ചാലും ഞാനാഗ്രഹിക്കുന്നിടത്ത് എനിക്ക് എത്തിച്ചേരണം. കടലിന്റെ ആഴങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമേ മുത്തുമണികള്‍ ലഭിക്കുകയുള്ളൂ. ആ കരുത്തും ആത്മവിശ്വാസവുമാണ് തനിക്ക് ആവശ്യം. കടലിന്റെ ഉപരിതലത്തില്‍ കാറ്റുകൊണ്ടിരുന്നാല്‍ കടലിന്റെ ആഴം മനസ്സിലാകണമെന്നില്ല. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ യാതനകളും വേദനകളും അനുഭവിക്കാതെ പറ്റില്ല.

മൊബൈല്‍ വീണ്ടും ശബ്ദിച്ചു. നോക്കിയപ്പോള്‍ ഡാനിയല്‍  സാറാണ്. സുഖവിവരങ്ങള്‍ അന്വേഷിച്ചിട്ട് യൂണിയില്‍ പോയ കാര്യങ്ങള്‍ ഒക്കെ ഡാനിയല്‍സാര്‍ ചോദിച്ചു. അവന്‍ എല്ലാം വിശദീകരിച്ചു. അവസാനമായി താമസസൗകര്യമൊക്കെ ശരിയാക്കിക്കൊണ്ടിരിക്കുന്നു എന്നു പറഞ്ഞു. അടുത്തതായി ജോലിയുടെ കാര്യമാണ്.അതിനായി രാജ്യത്തെ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പരിന് അപേക്ഷിക്കയെന്നതാണ് ആദ്യനടപടി. അദ്ദേഹം പറഞ്ഞ നമ്പര്‍ എഴുതിയെടുക്കാന്‍ പറഞ്ഞു.

പെട്ടെന്നവന്‍ പേപ്പറും പേനയുമെടുത്ത് എഴുതിയെടുത്തു. “” താമസിക്കുന്ന അഡ്രസ് കെയര്‍ ഹോമിന്റെ കൊടുത്താല്‍ മതി. സിസ്റ്റര്‍ കാര്‍മേലിന്റെ പേര് കെയര്‍ ഓഫ് കൊടുക്കുക. താമസസൗകര്യം ആയാല്‍ ഉടന്‍ ജാക്കിയെ കൊണ്ടുവരാനായി ഞാനെത്തിക്കൊള്ളാം. ഉടനെ ഈ നമ്പരില്‍ വിളിച്ച് അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്കുക. ഈ നമ്പര്‍ ഇല്ലാത്തവര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ സാധ്യമല്ല. ഇതിന്റെ ലക്ഷ്യം നമ്മുടെ ശമ്പളത്തില്‍് നിന്ന് ചെറിയൊരു വീതം സര്‍ക്കാരിന് നല്കുക. അതുകൊണ്ടാണ് ഇവിടെ ആശുപത്രി അടക്കമുള്ള പല സര്‍ക്കാര്‍ മേഖലകളും പ്രവര്‍ത്തിക്കുന്നത്, മാത്രമല്ല പെന്‍ഷനാകുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുകയുംചെയ്യും. അല്ലാതെ ഇന്ത്യയിലേപ്പോലെ ഉദ്യോഗസ്ഥന്മാരുടെയും മന്ത്രിമാരുടെയും കീശയിലേക്ക് പോകാനല്ല.” ഡാനിയല്‍ സാര്‍ പറഞ്ഞു നിര്‍ത്തി.

ഇവിടുത്തെ അഡ്രസ് വേണമല്ലോ? ആരോടാണ് ഇപ്പോള്‍ ചോദിക്കുക. ഓഫീസില്‍ മെര്‍ളിന്‍ കാണും. നോക്കാം. തനിക്ക് ഇവിടുത്തെ അഡ്രസ് വേണമെന്ന് ഒരു പേപ്പറില്‍ എഴുതിയിട്ട് മെര്‍ളിന്റെ മുറിയിലേക്ക് നടന്നു. വരാന്തയില്‍ നിന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ ആരുമില്ല. വരാന്തയുടെ മധ്യത്തിലൂടെ മെലിഞ്ഞ ഒരു സ്ത്രീ നിഴല്‍പോലെ നടന്നകന്നത് അവന്‍ കണ്ടു. ആരെയെങ്കിലും ഒന്ന് കണ്ടാല്‍ അഡ്രസ് ചോദിക്കാമായിരുന്നു. ഇവിടുത്തെ കാര്യങ്ങള്‍ കൂടുതല്‍ അറിയില്ല. ആകെ അറിയാവുന്ന സ്ഥലം ഭക്ഷണശാലയാണ്. അവന്റെ കണ്ണുകള്‍ പലഭാഗത്തേക്കും നീണ്ടു. ഇനിയും എന്ത് ചെയ്യും. ആരെങ്കിലും ഇങ്ങോട്ടുവരുമെന്ന് അവന്‍ പ്രതീക്ഷയോടെ നിന്നു. വീണ്ടുമൊരു സ്ത്രീ വേഗതയില്‍ പോകുന്നു. സംശയത്തോടെ അവിടേക്ക് നോക്കി. ഇവള്‍ എങ്ങോട്ടാണ് പോകുന്നത്?

എന്താണ് നടക്കുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ നോക്കി. നൂറോളം പേര്‍ക്കിരിക്കാവുന്ന ഒരു ഹാളായിരുന്നു അത്. ധാരാളം സ്ത്രീകള്‍ അവിടെയിരുന്നു സിസ്റ്റര്‍ കാര്‍മേലിന്റെ പ്രഭാഷണം കേള്‍ക്കുന്നു. മൈക്കിലൂടെയുള്ള ശബ്ദം പുറത്തേക്കുവരുന്നുണ്ട്.  ഇവിടെ നില്ക്കാന്‍ പാടുണ്ടോ? ആരെങ്കിലും ചോദിച്ചാല്‍ കയ്യിലെ കടലാസ് കാണിക്കാം. പുറത്തുനിന്ന് സിസ്റ്ററുടെ പ്രസംഗം കേള്‍ക്കാന്‍ തീരുമാനിച്ചു. ഒളിച്ചു നില്ക്കുന്നത് ശരിയാണോ? പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടോ എന്നറിയാതെ എങ്ങിനെ അകത്തുകയറി ഇരിക്കും.

മനുഷ്യര്‍ ലംഘിക്കുന്ന അതിര്‍ത്തിരേഖകളെ കുറിച്ചുള്ള സിസ്റ്ററുടെ ഇംഗ്ലീഷിലുള്ള പ്രഭാഷണം നിര്‍ഗ്ഗളം പ്രവഹിക്കുകയാണ്.
“”ഹിന്ദുവിശ്വാസത്തിലെ ആരാധ്യനാണ് ശ്രീരാമന്‍. അദ്ദേഹത്തിന്റെ അനുജന്‍ ലക്ഷ്മണന്‍ വനത്തില്‍വച്ച് ജ്യേഷ്ഠന്റെ ഭാര്യയായ സഹോദരിക്ക് ഒരു ശാസന കൊടുത്തു. ലക്ഷ്മണന്‍ ഒരു വര വരച്ചിട്ട് പറഞ്ഞു. സഹോദരി ഈ രേഖ മുറിച്ചു കടക്കരുത്. ശ്രീരാമനെ തേടിയിറങ്ങിയ സീത മുറിച്ച് മുമ്പോട്ടു പോയി. അതാണ് ലക്ഷ്മണരേഖ. ലങ്കാധിപതിയായിരുന്ന രാവണന്‍ സീതയെ അപഹരിച്ച് ഇന്നത്തെ ശ്രീലങ്കയിലേക്ക് പോയി. അതിന്റെ അന്ത്യം ഒരു യുദ്ധത്തിലായിരുന്നു. യുദ്ധങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന് നാശമാണ്. ഒഴുകുന്നത് മനുഷ്യരക്തമാണ്. ജീവിതത്തില്‍ രണ്ടുപ്രാവശ്യമേ ഞാന്‍ കണ്ണീര്‍ വാര്‍ത്തിട്ടുള്ളൂ. ഒന്ന് എന്റെ പിതാവ് മരിച്ചതറിഞ്ഞ്. രണ്ട് യുദ്ധരംഗത്ത്. സമാധാനം ആഗ്രഹിക്കുന്ന ഒരു ഭരണാധിപനും ജനങ്ങളെ യുദ്ധത്തിലേക്ക് നയിക്കില്ല. യുദ്ധത്തിലേക്ക് നയിക്കുന്നവരെയാണ് കൊല്ലേണ്ടത്, അല്ലാതെ നിരപരാധികളെയല്ല.”
സിസ്റ്റര്‍ പറയുന്ന ഓരോ വാക്കിലും ശ്രദ്ധിച്ചു നിന്ന ജാക്കിക്ക് പ്രസംഗം തീരാറായോ എന്നൊരു തോന്നലുണ്ടായി. ഇവിടെ നില്ക്കുന്നത് ആരും കാണാന്‍ പാടില്ല. അത് തനിക്ക് മാത്രമല്ല സിസ്റ്റര്‍ക്കും കൂടി നാണക്കേടാണ്. ഏതാനും നിമിഷങ്ങള്‍ക്കകം അവന്‍ മുറിയിലേക്ക് പോയി ഉറങ്ങാന്‍ കിടന്നു.

വരാന്തയില്‍ ആരോ സംസാരിക്കുന്നത് കേട്ടവന്‍ പുറത്തേക്കു നോക്കി. മെര്‍ളിനുമായി സംസാരിച്ചുകൊണ്ട് ഒരു സ്ത്രീ. എന്താണ് അവര്‍ പറയുന്നതെന്ന് അവനു മനസ്സിലായില്ല. അവന്‍ അവരെ നോക്കി നിന്ന്. അല്പം കഴിഞ്ഞ് ആ സ്ത്രീ പോയപ്പോള്‍ അവന്‍ മെര്‍ളിന്റെ അടുത്തേക്കു ചെന്നു. അവന്‍ ആ പേപ്പര്‍ അവളെ കാണിച്ചു. അവള്‍ അവനെയും കൂട്ടി ഓഫീസ് മുറിയിലെത്തി കെയര്‍ ഹോമിന്റെ കാര്‍ഡ് അവനെ ഏല്പിച്ചു. അതില്‍ അഡ്രസ് ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വെബ്ബ് എല്ലാമുണ്ടായിരുന്നു. അവന് സന്തോഷമായി. അവന്‍ പറഞ്ഞു.

“”എനിക്ക് എന്‍.ഐ. നമ്പറിന് അപേക്ഷിക്കാനാണ്. ”
പെട്ടെന്ന് അവിടെ നിന്ന് പോകണമെന്ന് മനസ് പറഞ്ഞു.  പെട്ടെന്ന് നന്ദി പറഞ്ഞ് പുറത്തു കടന്നു. ഡാനിച്ചായന്‍ തന്ന നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ എല്ലാം പറഞ്ഞുകഴിഞ്ഞപ്പോഴാണ് സമാധാനമായത്. കോളേജ് ക്ലാസുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകന്റെ ക്ലാസുകള്‍ നന്നായി ശ്രദ്ധിച്ചത് ഇവിടെ ഉപകാരപ്പെട്ടു.
വരാന്തയില്‍ ആരോ ഉച്ചത്തില്‍ ചുമക്കുന്നതായി തോന്നി അവന്‍ കതക് തുറന്നു നോക്കി. ഒരു സ്ത്രീയ ആശ്വസിപ്പിച്ചുകൊണ്ട് സിസ്റ്റര്‍ കാര്‍മേലും നോറിനും മുന്നോട്ടു പോകുന്നു. ഇടയ്ക്ക് സ്ത്രീ മൂളുന്നുണ്ട്. രോഗികളെ പരിശോധിക്കുന്ന മുറിയിലേക്ക് അവര്‍ പ്രവേശിച്ചു. എങ്ങും നിശബ്ദതയാണ്. മെര്‍ളിന്‍ ഏതോ മരുന്നുമായി വരുന്നത് കണ്ട് അവന്‍ പെട്ടെന്ന് മുറിയില്‍ കയറി കതക് അടച്ചു. മുറിക്കുള്ളിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ആരോ കതകില്‍ മുട്ടുന്നു. ആരായിരിക്കും. മെര്‍ളിനാണോ?

 പണ്ട്
കാണം വിറ്റും ഓണം ഉണ്ടു.
സമൃദ്ധി, നെയ്യ്, നാക്കില,
തൊടിയിലെ പൂവ്-
പൊന്നോണം.

ഇന്ന്
ഓണം വിൽക്കുന്നു-
ഒരു തുണ്ട് കാണം വാങ്ങാൻ.
പ്ലാസ്റ്റിക് പൂവ്, ദാരിദ്ര്യം.

വീണുടയുന്ന കലം, വലിഞ്ഞുമുറുകുന്ന വടം,
പുലികളിക്കും പെണ്ണുങ്ങൾ.
ജയിക്കുന്നതാര്?

അമാന്തിക്കണ്ട.
ആഘോഷിക്കുക തന്നെ.
വെർമിസെല്ലി?

 

ഷൈനി തോമസ്
തിരുവനന്തപുരത്തു ജനനം. കവിതകളും ഗാനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ തിരുവല്ല മാർത്തോമ്മാ കോളേജിൽ മലയാളം അദ്ധ്യാപിക.
‘മലയാളഗദ്യചരിത്രം’ ‘പ്രണയിക്കുമ്പോൾ പുഴ പറയുന്നത് ‘ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗായിക, പ്രസംഗിക, നാടകരചയിതാവ്, അക്കാദമിക് വിദഗ് ദ എന്നീ മേഖലകളിൽ കൈയൊപ്പ്‌ ചാർത്തിയിട്ടുണ്ട്.

 

 

 

ചിത്രീകരണം : അനുജ . കെ

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.

 

സപ്താഹയജ്ഞത്തിനു സമാപനം കുറിക്കുന്ന ആറാട്ട് നടക്കുകയാണ്. നാട്ടിലെ മിക്കവാറും എല്ലാ സ്ത്രീകളും താലവുമേന്തി ആറാട്ടിനായി ഭഗവാനെ എഴുന്നെള്ളിക്കാൻ രാവിലെ തന്നെ ക്ഷേത്രത്തിൽ എത്തിയിരുന്നു. ആറാട്ട് നടക്കുന്നത് ക്ഷേത്രത്തിനടുത്തുള്ള ചെറിയ ഒരു വെള്ളച്ചാലിലാണ്. അവിടെ ഒരു തടകെട്ടി വെള്ളം തടഞ്ഞുനിർത്തിയിരിക്കുന്നു. തടയണക്കുചുറ്റുമായി ഭക്തജനങ്ങളെല്ലാവരും നില്ക്കുന്നു. ആചാര്യൻ ഭഗവാന്റെ വിഗ്രഹവും കൊണ്ട് വെള്ളത്തിലേക്കിറങ്ങി…… കർമ്മങ്ങൾ നടക്കുകയാണ്. എല്ലാവരും വളരെ ഭക്തിയോടെ നില്ക്കുന്നു.
അപ്പോഴാണ് കരയിൽ ഉറഞ്ഞു തുള്ളി നില്ക്കുന്ന വെളിച്ചപ്പാടിനെ കാണുന്നത്. ഇയാൾക്ക് ഒരു വെളിച്ചപ്പാടിന്റെ യാതൊരു ഗൗരവുംമില്ലല്ലോ…… അയാളുടെ തുള്ളലിൽ തന്നെ ഒരു കൃത്രിമത്വം എനിക്കെപ്പോഴും തോന്നാറുണ്ട്. അത് എന്റെ മാത്രം തോന്നലായിരിക്കും എന്നു വിശ്വസിച്ചു ഞാനയാളെ നോക്കി….. അയാൾ പതിയെ വെള്ളക്കെട്ടിന്റെ ഒരു വശത്തുള്ള പാറയിൽ നിന്നും നിരങ്ങി താഴോട്ടിറങ്ങുന്നതാണ് കണ്ടത്. അവിടെ കൂടി നിന്നവരിൽ ചിലർ അയാളെ പിടിക്കാൻ ശ്രമിച്ചു. എങ്കിലും അയാൾ തെന്നി താഴേക്കു പോകുന്നു…. ദാ …. താഴെ വെള്ളത്തിൽ .. ! ഭക്തജനങ്ങളിൽ ചിലർ ചെറുതായി ചിരിക്കുന്നു.
വൃദ്ധരായ ഭക്തരുടെയുള്ളിൽ ഒരു ഭീതിപരന്നു.ആരൊക്കെയോ വെള്ളത്തിലിറങ്ങി അയാളെ പിടിച്ചു പൊക്കുന്നു. സാമാന്യം നല്ല തടിച്ചയാളാണ്. വളരെ പണിപ്പെട്ട് വെള്ളത്തിൽ നിന്നെടുത്ത് പാറയിൽ കിടത്തുകയാണ്. കമ്മറ്റി പ്രസിഡന്റിന്റെ വക ചീത്തവിളി…. ആറാട്ട് കെങ്കേമം….!! അവിടെ കൂടി നിന്നവർ ചിരിയൊതുക്കി ഭക്തിയെ സംഭരിക്കുന്നു. എത്ര ശ്രമിച്ചിട്ടും എനിക്കു ചിരിയടക്കാൻ പറ്റുന്നില്ല. എല്ലാവരും എന്നെ ശ്രദ്ധിക്കുന്നപോലെ ഞാൻ പതിയെ മുൻനിരയിൽ നിന്നും പുറകിലേക്കു വന്നു. അയാളെ മുമ്പൊരിക്കൽ കണ്ട ഒരു പരിചയം എനിക്കുണ്ട് !

അയൽപക്കത്തെ വീട്ടിൽ ഒരു പൂജ നടക്കുകയാണ്. അടുത്ത വീടുകളിലുള്ളവരെല്ലാം അവിടെ കൂടിയിട്ടുണ്ട്. ഞാൻ പതിയെ അവിടെ ചെന്ന് എത്തിനോക്കി …. കാർമ്മികൻ നമ്മുടെ വെളിച്ചപ്പാട്. പൂജയുടെ അവസാനഘട്ടമാണ്. വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി നിൽക്കുന്നു…. കാൽവിദ്യ മൂക്കാൽ തട്ടിപ്പ് എന്നു പറയുന്നത് ശരിയാണോ എന്ന് എനിക്കൊരു ഉൾവിളി…
ആ സമയത്താണ് അദ്ദേഹം ഒരു വെട്ടുകത്തി കൊണ്ടുവരുവാൻ ആവശ്യപ്പെടുന്നത്. എന്തായിരിക്കും അടുത്ത പരിപാടി. എല്ലാവരും ആകാംക്ഷയോടെ നിൽക്കുകയാണ്. അപ്പോഴാണ് അവിടെ രണ്ട് “”പപ്പായ” കണ്ടത്. അദ്ദേഹം കത്തിയെടുത്ത് അത് വെട്ടി വെട്ടി തുണ്ടം തുണ്ടമാക്കുന്നു…. അവസാനം വിറച്ച് വിറച്ച് ബോധം നഷ്ടപ്പെടുന്നു…. “മണിച്ചിത്രത്താഴ്’ സിനിമയുടെ കൈ്ലമാക്സ് പോലെ. എല്ലാവരും ഒന്നു ഞെട്ടി. ആ ഞെട്ടലിൽ നിന്നും മോചിതരാവാൻ ഏതാണ്ട് ഒരു രാത്രി കഴിയേണ്ടി വന്നു. പിറ്റേന്ന് ചേർന്ന അവലോകനയോഗത്തിൽ “”വെളിച്ചപ്പാടിന്റെ പ്രവചനങ്ങൾ” എല്ലാവരെയും ചൊടിപ്പിച്ചു. ആർക്കും അംഗീകരിക്കാൻ പറ്റാത്ത അയാളുടെ പ്രവചനങ്ങൾ ഇന്നും ഒരു ഫലവും കാണാതെ നിൽക്കുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഇൗ പ്രകടനം. ഭക്തജനങ്ങളുടെ മുഖത്തെ ഭീതിയും ചിരിയും പതിയെ മാറിവരുന്നു. ഇനി ആറാട്ടിനുശേഷമുള്ള മടക്കയാത്രയാണ്.

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .  

 

 

ചിത്രീകരണം : അനുജ . കെ

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.

 

സഖി

വലിയൊരു ഊർജ്ജ –
പ്രവാഹമാണ് നീ
നിലയ്ക്കാത്ത ഛാലക –
ശക്തി
ജ്വലിക്കുന്ന കനലാണ് നീ
ചാരം മൂടിയ ചിന്തകളെ –
ഊതികാച്ചിയെടുത്തവൾ

ഇരുൾ മൂടിയ വീഥിയിൽ –
ജ്വാലാമുഖിയായവൾ
ചിത്ത ശുദ്ധിയില്ലാത്ത –
വിമർശകർക്കിടയിൽ
എന്നിലെ ചിന്തയെ-
ജീവിപ്പിച്ചവൾ
ഏകാന്ത പഥികനാ –
യിരിക്കുമ്പോഴും
നയനങ്ങൾ സദാ –
തിരയുന്നു നിന്നെ
ഉറക്കെചിരിക്കുവാൻ, –
പതുക്കെകരയുവാൻ
തീരാനോവുകൾ പങ്കു –
വയ്ക്കുവാൻ
നിൻ സ്നേഹമാണ് സഖീ.-
ബന്ധങ്ങളേക്കാൾ
ബന്ധുമിത്രങ്ങളേക്കാൾ –
വലുത്

 

 

അഡോൺ സി മാത്യു
തിരുവല്ല മാർത്തോമാ കോളേജിൽ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർത്ഥി. എക്സൈസ് വകുപ്പ് നടത്തിയ പത്തനംതിട്ട ജില്ലാതല ലഹരി വിമുക്ത പ്രസംഗമത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്റർകോളേജിയേറ്റ് പ്രസംഗ, ഡിബേറ്റ് മത്സരങ്ങളിൽ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. കവി, ലേഖകൻ, പ്രസംഗകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ചു വരുന്നു.

 

 

ചിത്രീകരണം : അനുജ . കെ

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.

 

പൊന്നിൻ ചിങ്ങം

പൊന്നിൻ ചിങ്ങം പൊന്നാട
ചുറ്റി ഉഷസ്സിൽ സൗരഭ്യം
തുളുമ്പുകയായ്……………….

പെയ്തൊഴുകിയ വൃഷ്ടിയിന്നു
യാത്രചൊല്ലീടവേ ശുഭ്ര പയോദങ്ങൾ
വാനിലുദിക്കയായ് ഹിന്ദോളരാഗങ്ങൾ
എങ്ങും പ്രതിധ്വനിക്കയായ്……….

പ്രാചിയിലാകെ ഹർശാരവങ്ങൾ
ദിവാകര ആനയ ശുഭ മുഹൂർത്തം
ഖഗകങ്ങൾ ഉല്ലാസ ചിറകടിയേകി
ഉദിച്ചുയർന്നു ചിങ്ങ സൂര്യൻ.

പുതു പ്രതീക്ഷതൻ മാസ്മരാനുഭൂതി
നമ്മിൽ നിറച്ചൊരു പൊൻ തിളക്കം
സൂര്യനാളംപ്പോൽ ഹൃദയ നൈർമല്യം
എങ്ങും തുളുമ്പിടും നേരമായി.

അത്തമെത്താൻ കാത്തു നിന്നൊരു
പൊന്നോണ തുമ്പിത്തൻ
ചിറകടിയൊച്ചക്കായ് കാതോർക്കും
പ്രകൃതിതൻ വൈഭവം കണ്ടുവോ.

മലനാടിൻ മലരോളം പൂത്തുവിടർന്നു
മലയാളി മങ്കമാർ അണിഞ്ഞൊരുങ്ങി
മാവേലി മന്നൻ ആഗതനാകയാൽ
മുൻനിരയിൽ തുമ്പപ്പൂ വന്നണഞ്ഞു.

വരമ്പുകളാകെ ബാല്യ കേളികൾ,
ആർപ്പു വിളികൾ മുഴങ്ങുകയായ്
ഗഗനം വിടർന്നു വിസ്മയം തീർത്തല്ലോ
ചിങ്ങവെയിൽ വന്നണഞ്ഞീടുന്നു.

മധു നുകരും ഭ്രമരം തൻ കാതിൽ
സ്വകാര്യമോതും തേൻ കുരുവിയും
കാഴ്ച്ചയൊരുക്കി ധരണിയിലായ്
ആമോദ ദുന്ദുഭി മേളം മുഴങ്ങി
പുള്ളിപുലികൾ എത്തിടാറായി.

കാറ്റിലാടും വള്ളികളിന്മേൽ
ഊയലാടും ചന്ദനമേനിയും
താളം പിടിക്കും തരുണിമണിയും
തിരുവോണ രാവിൻ മോടികൂട്ടീടുന്നു.

കസവിൻ പുടവപോൽ ചന്തമേഴും
തിരുവോണ സമൃദ്ധിയറിഞ്ഞവർ നാം
കാണo വിറ്റും ഓണമുണ്ടൊരു
തലമുറയുണ്ടെന്നറിഞ്ഞിടേണം.

കാലമേതുമാകട്ടെ മർത്യരെ
ചിങ്ങപ്പുലരിയും പൊന്നോണ നാളും
നമ്മിൽ സമൃദ്ധി നിറച്ചവയല്ലോ
ഇരു മെയ്യും ഒരു മനവുമായ്
ജീവിച്ചീടുക പാരിലെന്നും.

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി.  അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി എ . കെ ബാലൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിക്കുന്നു.

 

ചിത്രീകരണം : അനുജ . കെ

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

 ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.

ജോൺ കുറിഞ്ഞിരപ്പള്ളി  

ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ അവരെ തിരിച്ചറിഞ്ഞു.

ആത് ശ്രുതിയുടെ അമ്മയാണ് എന്ന് ശ്രുതിയെ പരിചയമുള്ള  ആർക്കും മനസ്സിലാകും.അമ്മയുടെകൂടെ അങ്കിളും ഉണ്ട് എന്ന് അവൾ പറഞ്ഞിരുന്നു.

അമ്മയുടെ തനി പകർപ്പാണ് ശ്രുതി.രണ്ടുപേരേയും ഒന്നിച്ചു കണ്ടാൽ ചേച്ചിയാണന്നേ പറയൂ.

“എന്നെ എങ്ങിനെ തിരിച്ചറിഞ്ഞു?”ഞാൻ ചോദിച്ചു.ഞങ്ങൾ തമ്മിൽ ഒരിക്കലും കണ്ടിരുന്നില്ല.

“കഴിഞ്ഞ മൂന്നുമാസമായി ദിവസവും അവൾക്ക് പറയാനുള്ളത് മാത്യുവിൻ്റെ  കാര്യങ്ങളായിരുന്നു. നിങ്ങൾ അവളുടെ കാറിൽ കയറിയത്,ഇന്റർവ്യൂ, എല്ലാം പറഞ്ഞു ഞങ്ങൾ വേണ്ടുവോളം  ചിരിച്ചിട്ടുണ്ട്. മാത്യുവിൻ്റെ കൂടെയുള്ളത് ജോൺ സെബാസ്റ്റിയൻ.ശരിയല്ലേ?”.

“ഉം”.

 അവൾക്ക് എന്തുകൊണ്ടെന്ന് അറിയില്ല,ഒരേ നിർബന്ധം,ഹയർ സ്റ്റഡീസിന് പോകണമെന്ന്.ഞാൻ കഴിവതും പറഞ്ഞു നോക്കി “.

“ഞങ്ങൾ എയർ പോർട്ടിലേക്ക് വരുന്ന വഴിക്ക് പ്രസാദിൻ്റെ  കാർ ആക്സിഡൻറ് ആയി കിടക്കുന്നതുകണ്ടു അവനെ അങ്ങിനെ റോഡിൽ വിട്ടിട്ടുപോരാൻ മനസ്സ് അനുവദിച്ചില്ല.പിന്നെ പോലീസ് സ്റ്റേഷനിലും പോകേണ്ടിവന്നു.എല്ലാം കഴിഞ്ഞു ഇവിടെ എത്തുമ്പോൾ സമയം കഴിഞ്ഞുപോയി.”

 സംഭവിച്ചതെല്ലാം ഞങ്ങൾ വിശദീകരിച്ചു.എല്ലാം അവർ ശ്രദ്ധിച്ചു്  കേട്ടു.

“പക്ഷെ പ്രസാദ് എന്തിനാണ് എയർപോർട്ടിൽ വന്നത്?അവൻ എങ്ങിനെയാണ് അവൾ പോകുന്ന വിവരം അറി ഞ്ഞത്?”

“അറിയില്ല”

“പഠിക്കുന്ന സമയങ്ങളിൽ മിക്കവാറും ഹോസ്റ്റലിൽ ആയിരുന്നു അവൾ.പാവം,ഒരുപാടു സങ്കടങ്ങൾ മനസ്സിൽ ഒതുക്കുകയാണ് .പ്രസാദുമായുള്ള പ്രശനങ്ങളിൽ അവൾ ആകെ വിഷമത്തിലായിരുന്നു.എനിക്ക് തോന്നുന്നത് മാത്യു ഒന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിൽ അവൾ പോകില്ലായിരുന്നു എന്നാണ്.രണ്ട്  മാസം കഴിഞ്ഞാൽ അവളുടെ അപ്പച്ചൻ്റെ ഓർമ്മ ദിവസമാണ്.അത് ഞങ്ങൾ ഒരിക്കലും മുടക്കിയിട്ടില്ല.അപ്പോൾ ഏതായാലും അവൾ വരും.വരാതിരിക്കില്ല”

എനിക്ക് അല്പം ആശ്വാസം തോന്നി.അങ്കിൾ എല്ലാം കേട്ടുകൊണ്ട് നിശ്ശബ്ദത പാലിച്ചു.ശ്രുതിയുടെ അമ്മ പറയുന്നത് ശരിയാണ്.സേട് ജിയുടെ ഓഫീസിലെ ബഹളത്തിനിടയിൽ എല്ലാം തകിടം മറിഞ്ഞു.എങ്കിലും ഇത്ര വേഗത്തിൽ അവൾ പോകുമെന്ന് കരുതിയില്ല..സേട് ജിയുടെ മകൻ പറഞ്ഞ വിഡ്ഢിത്തങ്ങൾ കേട്ട് മനസ്സ് വിഷമിച്ചു് എടുത്ത തീരുമാനമാണ്.അവൾ വിളിക്കുമ്പോൾ എല്ലാം വിശദമായി പറഞ്ഞാൽ അവൾക്ക് തീർച്ചയായും മനസ്സിലാകും.ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ജനക്കൂട്ടം ലൗഞ്ചിലേക്ക് വന്നു.

അത് അവരായിരുന്നു,സേട് ജിയുടെ  മക്കൾ ,ബന്ധുക്കൾ എല്ലാംകൂടി ഒരു പത്തു മുപ്പത് ആളുകൾ.

അവർ എന്നെ കണ്ടു കഴിഞ്ഞു.

കറുപ്പുനിറത്തിലുള്ള  ഒരേതരം സ്യുട്ട് ആണ് ആൺ മക്കൾ  അഞ്ചുപേരും ധരിച്ചിരിക്കുന്നത്.ആറാമൻ കൽക്കട്ടയിലാണ്.

പെട്ടന്ന് ഓർമ്മ വന്നത് പ്രസിദ്ധമായ ഒരു  കോമിക് ബുക്കിലെ ഡിറ്റക്ടീവ് തോംസൺ ആൻറ് തോംസണെയാണ്.

കാണിക്കുന്നതും പറയുന്നതും കോമാളിത്തമാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല.വെറുതെയല്ല സേട് ജി ഈ മണ്ടന്മാരെ ഒന്നിലും തൊടാൻ അനുവദിക്കാതിരുന്നത് ..

ആവരുടെ ഒപ്പം  സേട് ജിയുടെ മകളും ആ പെൺകുട്ടിയുടെ അമ്മയും ഉണ്ട്. സേട്  ജിയുടെ ശവസംസ്കാരത്തിന് കൽക്കട്ടക്ക് പോകാൻ വന്നതാണ് എല്ലാവരും .ഏറ്റവും മൂത്ത മകൻ മുൻപിലായി അഞ്ചുപേരും എൻ്റെ അടുത്തേക്ക് വന്നു.അയാൾ പറഞ്ഞു.

“മാത്യൂനെ കണ്ടത് നന്നായി.ഓഫീസ് അടച്ചിടാതെ കഴിഞ്ഞു.ഫ്യൂണറൽ കഴിഞ്ഞു ഞങ്ങൾ മറ്റന്നാൾ തിരിച്ചുവരും”.

ഈ കോമാളികളിൽ നിന്നും എങ്ങിനെ രക്ഷപെടും,എന്നായിരുന്നു എൻ്റെ  ചിന്ത.പോരാത്തതിന് ശ്രുതിയുടെ അമ്മയും ഇതെല്ലം കണ്ടുകൊണ്ടിരിക്കുന്നു.

ആ പെൺകുട്ടി അടുത്തുവന്നു.

മുൻപ് ആ പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.ഏറിയാൽ ഒരു ഇരുപത്തിരണ്ടു വയസ്സ് കാണും വെളുത്തുമെലിഞ്ഞ സുന്ദരി.

അവൾ ഹാൻഡ് ബാഗ് തുറന്ന് ഒരു സെറ്റ് താക്കോലുകൾ എടുത്ത് എൻ്റെ നേരെ  നീട്ടി.ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ പറഞ്ഞു,”ഞാൻ വന്നിട്ട് സംസാരിക്കാം”.

ആ പെൺകുട്ടിയുടെ പേരുപോലും എനിക്കറിഞ്ഞുകൂടാ.

ആ തടിയന്മാരെപോലെ ആയിരുന്നില്ല അവൾ.

മാന്യമായ പെരുമാറ്റം,അളന്നു മുറിച്ചുള്ള സംസാരം,ആരും ഇഷ്ട്ടപെട്ടുപോകുന്ന എന്തോ ഒന്ന് അവളിലുണ്ട്..

എൻ്റെ മനസ്സിൽ തോന്നിയത് വായിച്ചെടുത്തതുപോലെ അവൾ പറഞ്ഞു ,”എൻ്റെ  പേരുപോലും ചോദിച്ചിട്ടില്ല.ഞാൻ അഞ്ജലി.”

 .ഞാൻ താക്കോലുകൾ വാങ്ങി.

” മറ്റന്നാൾ  പപ്പയുടെ ഫ്യൂണറൽ ആണ് ,രണ്ടു ദിവസം കൂടി കഴിഞ്ഞേ ഞാൻ വരൂ.”.

പെട്ടന്ന് അവൾ സംസാരം നിർത്തി.പൊട്ടി വന്ന തേങ്ങൽ അമർത്തി ഒരു നിമിഷം നിന്നു.സേട് ജിയുടെ മരണത്തിൽ അവൾക്ക് മാത്രമേ ദുഖമുളൂ എന്ന് തോന്നുന്നു .അവളുടെ അമ്മ കുറച്ചുമാറി പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

ഒരു പ്രത്യേക ജനുസ്സിൽ പെട്ട മനുഷ്യരാണ് ഇവർ എന്ന് തോന്നുന്നു.സേട് ജിക്ക് മൂന്നു ഭാര്യമാരിലായി ഏഴുമക്കൾ.ഇവർ തമ്മിൽ ഒരു വഴക്കുമില്ലാതെ പരസ്പരം സാഹോദരങ്ങളായി അംഗീകരിച്ചിരിക്കുന്നു.

അവൾ എൻ്റെ  നേരെ കൈ നീട്ടി.എന്തു ഭംഗിയാണ്  ആ കൈകൾക്ക്.ഒരു നിമിഷം അവളുടെ കൈകൾ എൻ്റെ  കയ്യിൽ അമർന്നു.

“ഗുഡ്ബൈ മാത്യു പിന്നെ കാണാം”.

“ഗുഡ് ബൈ  അഞ്ജലി.”

അവൾ നടന്നുപോകൂന്നത് എനിക്കുനോക്കാതിരിക്കുവാൻ കഴിഞ്ഞില്ല.

കുറച്ചുദൂരം നടന്നിട്ട് അവൾ തിരിഞ്ഞുനിന്നു കൈ വീശി.കാണിച്ചു.

എല്ലാം ശ്രുതിയുടെ അമ്മ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.ഞാൻ പറഞ്ഞു,”ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ ആളുകളാണ്.”

അവർ മറുപടിയായി ഒന്നും പറഞ്ഞില്ല.ആ മുഖഭാവം വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

ജോൺ സെബാസ്റ്റിയൻ  ഞാനൊന്നും അറിഞ്ഞില്ല എന്നഭാവത്തിൽ ഡിസ്പ്ലേ ബോർഡിലെ പരസ്യം കാണുന്നു.

ശ്രുതിയുടെ അമ്മ പിന്നെ അധികസമയം അവിടെ നിന്നില്ല.ഞങ്ങളോട് യാത്രപറഞ്ഞു കാറിൽ കയറി.

ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”നീ ചെയ്തത് അത്ര ശരിയായില്ല.”

“ഞാനെന്തു ചെയ്തു?”

അവൻ മറുപടി ഒന്നും പറഞ്ഞില്ല.എവിടെയോ എൻ്റെ  പെരുമാറ്റത്തിൽ അവർ ആരും ഹാപ്പിയല്ല എന്നത് വാസ്തവമാണ്.

പക്ഷെ ഞാൻ എന്ത് ചെയ്തു?ഒന്ന് ചിരിച്ചത്  അത്ര വലിയ കുറ്റമാണോ ?നമ്മളോട് മാന്യമായി പെരുമാറുന്ന ഒരാളെ ഞാൻ അപമാനിക്കണമോ?

മനസ്സിനുള്ളിലെ വടം  വലി എൻ്റെ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ടോ?ഒരുകൂട്ടം ചോദ്യങ്ങൾ അഞ്ജലിയുടെ സന്ദർശനത്തോടെ മനസ്സിനെ ശല്യപ്പെടുത്താൻ തുടങ്ങിയോ?

അവർ എല്ലാവരും പോയിക്കഴിഞ്ഞിരുന്നു.

“പോകാം.”ഞാൻ പറഞ്ഞു.

ഒന്നും പറയാതെ ജോൺ സെബാസ്റ്റിയൻ കാറിൽ കയറി.അവൻ്റെ  മനസ്സിൽ എന്തോ പുകയുന്നുണ്ട്.

പ്രസാദിനെ കാണാൻ ഹോസ്പിറ്റലിൽ പോകണം.അവന് എന്ത് സംഭവിച്ചു എന്നറിയണം .ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഇല്ല.ഞാൻ വരുന്നില്ല.നീ പോയിട്ട് വരൂ.എനിക്ക് ഈ ആഴ്ച എക്സാം ആണ്.സമയം കളയാനില്ല”

ഇവന് എന്ത് സംഭവിച്ചു?

“നിനക്കെന്തുപറ്റി,ജോൺ?”

“എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല.എല്ലാം നിൻ്റെ  മുഖത്ത് എഴുതിവെച്ചിട്ടുണ്ട്.ശ്രുതിയോടും നിന്നോടും എനിക്ക് എന്തോ വല്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു.ഇപ്പോൾ എന്തുകൊണ്ടോ അത് വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ”.

എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല,അവൻ്റെ  വാക്കുകൾ.”ജോൺ ………”ഞാൻ അവൻ്റെ കൈകൾ ചേർത്ത് പിടിച്ചു.

അവൻ പറഞ്ഞു,”പോകാം.”

പ്രസാദിൻറെ പരിക്കുകൾ സാരമുള്ളതായിരുന്നില്ല.പോലീസ്‌കാരൻ പറഞ്ഞതുപോലെ ആക്സിടൻറിൽ അവനുണ്ടായ ഷോക്കിൽ  അബോധവസ്ഥയിൽ ആയതായിരുന്നു.അവൻ എഴുനേറ്റ് ഇരുന്നു.

“പറ്റിപ്പോയി,മാത്യു,നീ എന്നോട് ക്ഷമിക്കണം.”അവൻ പറഞ്ഞു.

അവൻ സാധാരണ എന്നെ മത്തായി എന്നാണ് വിളിക്കാറ്,അവൻ്റെ  മാറ്റം എൻ്റെ ശ്രദ്ധയിൽ വന്നു.

“ഞാൻ ഹോട്ടലിലെ എൻ്റെ  ജോലി ഉപേക്ഷിച്ചു”

“ഇനി എന്ത് ചെയ്യാൻ പോകുന്നു.വേറെ ജോലി വല്ലതും?”

“ഞാൻ ഹയർ സ്റ്റഡീസിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.ശരിയായിട്ടുണ്ട്”.

എൻ്റെ  രണ്ടു വര്ഷം സീനിയർ ആയിരുന്നു അവൻ.കെമിസ്ട്രയിൽ മാസ്റ്റർ ബിരുദവും ഉണ്ട്.വീട്ടിലെ ദാരിദ്ര്യവും ജോലികിട്ടാനുള്ള ബുധിമുട്ടുംകൊണ്ട് ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്നു എന്ന് മാത്രം.

ഞാൻ ചോദിച്ചു,”നീ എവിടെയാണ് ഇനി ഹയർ സ്റ്റഡിക്ക് പോകുന്നത്?”

“എനിക്ക് റിസേർച്ചു  ചെയ്യാനാണ് താല്പര്യം.ന്യൂയോർക്കിൽ ഒരു യൂണിവേഴ്സിറ്റിയിൽ ഫെല്ലോഷിപ്പ് കിട്ടിയിട്ടുണ്ട്.”

എൻ്റെ  മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.സ്റ്റേറ്റ്സ്സിൽ ,ശ്രുതിയും ന്യൂയോർക്കിലാണല്ലോ.ഞങ്ങൾക്കിടയിൽ നിശ്ശബ്ദത താളം കെട്ടി.

“അവളെ കാണാനായിരുന്നു എയർ പോർട്ടിൽ പോയത്.വിധി ഇതായിരുന്നു.”

ഞാൻ ഒന്നും പറഞ്ഞില്ല.”പിന്നെ വരാം ,നീ റസ്റ്റ് എടുക്കൂ.എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ വിളിക്കൂ..” എന്നുപറഞ്ഞു തിരിച്ചുപോന്നു.

അവൻ ഒരു കുട്ട തീയ്യാണ്  എൻ്റെ മനസ്സിലേക്ക് കോരിയിട്ടത്.

അടുത്തദിവസം ഞാൻപോയി ഓഫീസ് തുറന്നു.ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു ഇടക്ക് ശ്രുതിയുടെ കോൾ പ്രതീക്ഷിച്ചിരുന്നു,പക്ഷെ അവൾ വിളിക്കുകയുണ്ടായില്ല.

ഓഫീസിലെ തിരക്കിനിടയിലും എന്താണ് അവൾക്ക് സംഭവിച്ചത് എന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു.

രണ്ട് ദിവസം കഴിഞ്ഞാണ്  ശ്രുതി വിളിച്ചത്.ഞാൻ ഫോൺ എടുത്തപ്പോഴേ അവൾ പറഞ്ഞു,” മാത്തു ,വിളിക്കാൻ താമസിച്ചു,അല്പം സാവകാശം കിട്ടിയിട്ട് വിളിക്കാം എന്ന് വിചാരിച്ചു.ഇവിടെ എല്ലാം പുതിയത് അല്ലെ?”

അവളുടെ ശബ്ദം വല്ലാതെ മാറിയിരിക്കുന്നു.

“ശ്രുതി,എന്തുപറ്റി?ശബ്ദം വല്ലാതെ മാറിയിരിക്കുന്നു.”

“ഹേയ്,ഒന്നുമില്ല..യാത്ര ക്ഷീണം,പിന്നെ കോൾഡ് പിടിച്ചിരിക്കുന്നു.സാരമില്ല”

 യാത്ര,അവിടത്തെ സൗകര്യങ്ങൾ എല്ലാം വിശദമായി അവൾ സംസാരിച്ചു.അവസാനം അവൾ പറഞ്ഞു.”മാത്തു പ്രസാദ് മെസ്സേജ് ചെയ്‌തിരുന്നു ,അവന് റിസേർച്ചിന് ഇവിടെ കിട്ടിയുട്ടുണ്ട്.അടുത്ത മാസം വരുന്നു “,എന്ന്

ഞാൻ ഒന്നും പറഞ്ഞില്ല.എവിടെയും പ്രസാദ് ഉണ്ട്.

“മാത്തു ,നീ എന്താ മിണ്ടാത്തത്?”

എനിക്ക് എന്തുകൊണ്ടോ ഒരു വിരസത അനുഭവപെട്ടു തുടങ്ങി.

ഞാൻ ഓഫീസിലെ തിരക്കിൽ മുഴുകി.

അഞ്ജലി പറഞ്ഞ ദിവസം തന്നെ ഓഫീസിൽ വന്നു.വന്നയുടനെ എന്റെ കാബിനിൽ വന്ന്,ഒരു കസേര വലിച്ചിട്ടു ഇരുന്നു.

ഓഫീസിൽ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾ വിശദമായി സംസാരിച്ചു.കാര്യങ്ങളെക്കുറിച്ചു അവൾക്ക് നല്ല വിവരമുണ്ടായിരുന്നു.ഇടയ്ക്കു തടിയന്മാർ വന്നു.എന്തോ പറഞ്ഞു അവരെ മടക്കി അയച്ചു.സേട് ജി ഉദ്ദേശ്ശിച്ചതുപോലെ അത്ര നിസ്സാരക്കാരൻ ആയിരുന്നില്ല അയാളുടെ നിർബന്ധത്തിലാണ് അഞ്ജലി ബിസ്സിനസ്സ് മാനേജ്മെൻറ് പഠിച്ചത്.അതുകൊണ്ട് ഇപ്പോൾ കാര്യങ്ങൾ കുറെ എളുപ്പവുമായി.അതുകൊണ്ട് അഞ്ജലിയുടെ കൂടെ ജോലിചെയ്യാൻ അധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല.

എല്ലാ ദിവസവും വൈകുന്നേരം ശ്രുതിവിളിക്കും.ന്യൂയോർക്കിലെ വിശേഷങ്ങൾ വിവരിക്കും.പക്ഷേ എന്തുകൊണ്ട് എന്ന് അറിഞ്ഞുകൂട ഒരുവിരസത ഉണർവില്ലായ്മ എനിക്ക് അനുഭവപ്പെട്ടു.

“ഞങ്ങൾ വിദ്യാർഥികൾ എല്ലാവരുംകൂടി രണ്ടാഴ്‌ച ഒരു ക്രൂസിന് പോകുന്നു.ചിലപ്പോൾവിളിക്കാൻ പറ്റിയെന്ന് വരില്ല.”അവൾ പറഞ്ഞു.

പിന്നെ രണ്ടാഴ്ചത്തേക്ക് എത്ര ശ്രമിച്ചിട്ടും അവളെ കോൺടാക്ട്  ചെയ്യാൻ കഴിഞ്ഞില്ല.അമ്മയെ വിളിച്ചിട്ടു അവർക്കും ഒന്നും അറിഞ്ഞകൂടാ.

(തുടരും)

തീരത്തണയും തിരമാലകള്‍

മുകളിലെ നിലയില്‍ നിന്നും താഴേയ്ക്ക് വന്ന സിസ്റ്റര്‍ കാര്‍മേലിനെ അവന്‍ സംശയത്തോടെ സൂക്ഷിച്ചു നോക്കി. അവിഹിതമായ എന്തോ ഈ ഹോട്ടലില്‍ നടക്കുന്നുണ്ട്. കാണാന്‍ അഴകുള്ള ഒരു പെണ്‍കുട്ടി ഒപ്പമുണ്ട്. അവളുടെ മുഖത്ത് പരിഭ്രാന്തി ദൃശ്യമായിരുന്നു. ആ വെളുത്ത സുന്ദരി ഒരു വേശ്യയാണോ? മുടിയുടെ ഒരു ഭാഗം മുഖത്ത് പാറിക്കിടക്കുന്നു. ഒറ്റനോട്ടത്തില്‍ അവള്‍ ഇന്ത്യക്കാരിയോ പാകിസ്ഥാനിയോ എന്നു തോന്നുന്നു. സിസ്റ്റര്‍ കാര്‍മേല്‍ ഞങ്ങളെ കണ്ടിട്ടില്ല. ഇറങ്ങി വരുന്നതിന് അഭിമുഖമായിരിക്കുന്നത് ഇവിടുത്തുകാരാണ്. അവരുടെ മുന്നില്‍ വൈന്‍ കുപ്പികളും ഗ്ലാസ്സും ഭക്ഷണവും ഉണ്ട്. മറ്റൊരു മേശക്കടുത്ത് പ്രണയചുംബനങ്ങളുടെ ലീലാവിലാസമാണ്കണ്ടത്. അപരിചിതമായ സ്ഥലത്ത് മനസാകെ അലഞ്ഞുതിരിഞ്ഞു.
സിസ്റ്റര്‍ കാര്‍മലും സ്ത്രീയുംകൂടി മേശക്കരുകിലൂടെ കടന്നുപോയി. സുന്ദരിയായ മദാമ്മ ഒരു കുട്ടിയെപ്പോലെയാണ് സായിപ്പിന്റെ ചുണ്ടിലും കവിളിലും ചുംബിക്കുന്നത്. ഇത് ഹോട്ടലോ അതോ ചുംബന കൂടാരമോ? ഇതൊക്കെ കണ്ട് മനവും തലയും കറങ്ങിയിട്ട് യാതൊരു കാര്യവുമില്ല. കേരളത്തിലെ ഒരു ഹോട്ടലില്‍ ഇങ്ങനെ ഒരു രംഗമുണ്ടായാല്‍ ആ ഹോട്ടല്‍ മതവാദികള്‍, എന്നന്നേക്കുമായി അടക്കുമെന്നുറപ്പാണ്. ഇവരുടെ സ്‌നേഹാര്‍ദ്രമായ ചുംബനത്തെ ആര്‍ക്കാണ് കുറ്റപ്പെടുത്താനാവുക. ഒരു പുരുഷന്‍ ഒരു സ്ത്രീയ ചുംബിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് അസ്സഹനീയമായ പ്രയാസങ്ങള്‍ വരുത്തിയിട്ട് കാര്യമില്ല. ഹോട്ടലിലായാലും വഴിയിലായാലും അതിന്റെ വൈകാരികഭാവത്തെയാണ് ശ്രദ്ധിക്കേണ്ടത്. സ്ത്രീപുരുഷന്മാര്‍ രഹസ്യങ്ങളെ ഒരു മൂടുപടമാക്കുന്നതുപോലെ ഓരോരോ സംസ്കാരത്തിനും ഒരു മൂടുപടമില്ലേ?

മെര്‍ളിന്‍ ഭക്ഷണംവാങ്ങി വന്നു, അവനോട് കഴിക്കാന്‍ ആവശ്യപ്പെട്ടു. ആ വലിയ ഹാളിനുള്ളില്‍ വീഞ്ഞിന്റെയും പുഴുങ്ങിയ ഉരുളന്‍കിഴങ്ങിന്റെയും കോഴിയിറച്ചി വേവിച്ചതിന്റെയും വല്ലാത്തൊരു ഗന്ധം തളം കെട്ടിനിന്നു. ആളുകള്‍ അകത്തേക്കു വരികയും പുറത്തേക്ക് പോകുകയും ചെയ്തു. ചില സ്ത്രീപുരുഷന്മാര്‍ പരസ്പരം തലോടിയാണ് ഇരുന്നത്. മുമ്പ് ചുംബിച്ചവര്‍ ഇടവേളകളില്‍ ചുംബിക്കുന്നത് അവന്‍ ഒളിഞ്ഞുനോക്കി. മനസ്സില്‍ ഒരു കുറ്റബോധം തോന്നി. താന്‍ എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത്.

എന്തായാലും അതൊരു നല്ല ശീലമല്ല. എത്രയോ മാന്യന്മാര്‍ അതിനുള്ളിലുണ്ട്. ആരുംതന്നെ അത് ഗൗനിക്കുന്നില്ല. ഒരുപക്ഷെ ഈ ചുടുചുംബനം അവര്‍ക്ക് കരുത്തു നല്കുന്നുണ്ടായിരിക്കാം. അതിനോട് നീരസവും അസഹിഷ്ണുതയും ആരും കാണിക്കുന്നില്ല. മുകളിലേക്ക് ഒരു യുവാവും യുവതിയും കടന്നുപോകുന്നത് അവന്‍ കണ്ടു. മുകളിലെ നില രഹസ്യങ്ങളുടെ കൂടാരമായി അവന് തോന്നി. എന്തിന് വേണ്ടിയാണവര്‍ മുകളിലേക്ക് പോകുന്നത്? മുകളിലെ മുറിയില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ആകാം. അങ്ങനെയെങ്കില്‍ സിസ്റ്റര്‍ കാര്‍മേല്‍ ഒരു യുവതിയുമായി ഇറങ്ങിപ്പോയത് എന്തിനാണ്? അവരുടെ കെയര്‍ഹോമിലെ അന്തേവാസിയാക്കാനാകില്ലേ? അടുത്തുള്ളവരൊക്കെ വൈനും ബിയറും ഗ്ലാസില്‍ പകര്‍ന്നു. കുടിയും തീറ്റയുമായി സമയം ചിലവഴിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ ജാക്കി കണ്ടിരുന്നു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മെര്‍ളിന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അടുത്തിരിക്കുന്ന ചിലര്‍ മൊബൈലില്‍ സംസാരിക്കുന്നുണ്ട്. അവിടെ ഇരുന്നപ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. സ്ത്രീകള്‍ അവരുടെ ചുണ്ടിലും കവിളത്തും ക്രീമുകളും പൗഡറുമുപയോഗിച്ചുള്ള അധികം മിനുക്കുപണികള്‍ ചെയ്യുകയോ കാതിലോ കഴുത്തിലോ വില കൂടിയ ആഭരണങ്ങള്‍ അണിയുകയോ ചെയ്തിട്ടില്ല.

അത് അറിവാണോ അറിവില്ലായ്മയാണോ. ഒരു വ്യക്തിയുടെ സൗന്ദര്യം കുടികൊള്ളുന്നത് കറുപ്പിലോ വെളുപ്പിലോ സൗന്ദര്യത്തിലോ അല്ല. സ്വഭാവത്തില്‍ മാത്രമാണ്. വെളുത്ത നിറം എന്നാല്‍ പാലിന്റെ നിറമല്ലേ? സ്വയം സംതൃപ്തിയടയാന്‍ വെളുമ്പന്‍ എന്നറിയപ്പെടുന്നു. അടുത്ത മേശയില്‍ ബിയര്‍ കുടിച്ചുകൊണ്ടിരുന്ന കറുമ്പനെ ഒരു നിമിഷം നോക്കി. അയാള്‍ കറുത്തവംശജനാണ്. ഓരോ രാജ്യക്കാര്‍ക്കും ഓരോ നിറങ്ങള്‍. പുറത്തിറങ്ങി ഹോട്ടലിന്റെ പേരു നോക്കി. ബാഗ് ഡോഗ്. ആ പേര് വായിച്ച് തെല്ലൊന്ന് വിസ്മയിച്ചു. ഹോട്ടലിന് നായുടെ പേരോ?

അവര്‍ തിരികെ പോരാനായി കാറില്‍ കയറി. മെര്‍ളിന്റെ ചിലപ്പോഴുള്ള നോട്ടം കണ്ടാല്‍ ആ നോട്ടത്തില്‍ എന്തോ ഒളിഞ്ഞിരിക്കുന്നതായിതോന്നും. ആ നോട്ടത്തിലെന്താണെന്ന് ചിലപ്പോഴൊന്നും മനസിലായെന്നു വരില്ല. ചിലപ്പോഴത് ആത്മാര്‍ത്ഥസ്‌നേഹം ഉള്ളതുകൊണ്ടായിക്കൂടെ? മലയാളിയിലെ ഒളിഞ്ഞുനോട്ടംപോലെ മറ്റൊരു അസുഖമാണല്ലോ സംശയത്തോടെ മറ്റുള്ളവരെ കാണുക. കൂടുതലും അത് കണ്ടുവരുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലാണ് എന്നാണ് വായിച്ചിട്ടുളളത്. ഇന്നത്തെ വിവാഹമോചനവും ആ അസുഖത്തില്‍പെടുന്നതല്ലേ? ഒരാള്‍ അല്പം സ്‌നേഹം കാണിച്ചാല്‍, ഒന്നു ചിരിച്ചാല്‍, അടുത്തിടപഴകിയാല്‍, ഒരു സഹായം ആവശ്യപ്പെട്ടാല്‍, സ്വകാര്യമായി സംസാരിച്ചാല്‍ അതിനെയെല്ലാം സംശയരോഗത്തിന് വിധേയമാക്കണോ? അത് അപകടമെന്ന് മണത്തറിയാന്‍ അറിവുള്ളവര്‍ക്കറിയാം. സ്‌നേഹത്തിന് അര്‍ഹതയുള്ളത് പെറ്റമ്മയെന്ന് പിഞ്ചുകുഞ്ഞിന് അറിയാവുന്നതുപോലെയാണ് ആത്മാര്‍ത്ഥതയുള്ള ബന്ധങ്ങള്‍ . ഈ വിശ്വാസ്യത ഇല്ലാത്തവരിലാണ് സംശയരോഗമുള്ളത്. വെറുതെ മെര്‍ളിനെ സംശയിക്കരുത്. അവളുടെ പുഞ്ചിരിയില്‍ എത്രയോ പൂക്കളാണ് വിരിയുന്നത്.
അനാവശ്യമായി ഒരു പ്രവൃത്തിയും അവള്‍ ചെയ്തിട്ടില്ല. അവളുടെ നോട്ടവും പുഞ്ചിരിയും അസ്വസ്ഥനാക്കുന്നുവെങ്കില്‍ എത്രയുംവേഗം അവിടെനിന്നു മാറുകയാണ് വേണ്ടത്. മനസ് വെറുതെ മെര്‍ളിനില്‍ കുരുങ്ങി കിടക്കുന്നതിന്റെ പ്രധാന കാരണം അവളും ലൈംഗികപീഡനത്തിന് ഇരയായതുകൊണ്ടല്ലേ? സിസ്റ്റര്‍ കാര്‍മേല്‍ വേശ്യകള്‍ക്ക് നല്കിയിട്ടുള്ള സ്‌നേഹവും സന്തോഷവും പുഞ്ചിരിയും പ്രാര്‍ത്ഥനയും മുറിവേറ്റ അവരുടെ മനസിന് സൗഖ്യം നേടിക്കൊടുത്തു കഴിഞ്ഞിരിക്കുന്നു. ഇനിയും ആ പാപത്തിലേക്ക് പോയാല്‍ ആ മുറിവ് സുഖപ്പെടുത്താനാവില്ലെന്ന് അവര്‍ക്കറിയാം.
അതുകൊണ്ട് അവരെ സംശയദൃഷ്ടിയോടെ നോക്കരുത്. ഇന്നവര്‍ ഭാവിയുടെ സംരക്ഷകരാണ്. പുറത്ത് കാറ്റിലാടുന്ന പച്ചിലകളെപ്പോലെ അവരും കാറ്റിലാടി ആനന്ദിക്കട്ടെ.

കാറിന്റെ ജനാലയിലൂടെ ഒഴുകിയൊഴുകി പോകുന്ന കാറുകള്‍ കാണാന്‍ നല്ല ഭംഗി തോന്നിയെങ്കിലും മെര്‍ളിന്‍ എന്ന സുന്ദരി മനസ്സാകെ സഞ്ചരിക്കുന്നു. കയ്പും മധുരവും നിറഞ്ഞ ഒരു കൂട്ടമാണ് കെയര്‍ഹോമിലുള്ളതെന്നറിയാം. അവരുടെ ജീവിതം ശ്മശാനഭൂമിയാണ് എന്ന് തിരിച്ചറിഞ്ഞത് ഇന്നുള്ള ജീവനുള്ള ജീവിതം അനുഭവിക്കുന്നതുകൊണ്ടാണ്. അതിനാലവര്‍ കണ്ണുതുറന്നു നോക്കുന്നു. മനസ് നിറയെ ചിരിക്കുന്നു. സ്‌നേഹിക്കുന്നു. ജീവിക്കാന്‍ മറ്റൊരിടമില്ലാത്ത പാവങ്ങള്‍ ഇവിടെ ജീവിച്ച് മരിക്കട്ടെ. മെര്‍ളിന്റെ പുഞ്ചിരി, സ്‌നേഹം, കരസ്പര്‍ശമൊക്കെ ഒരു സഹോദരിയൂടേതായി കണ്ടൂടെ?

അവര്‍ കെയര്‍ ഹോമിലെത്തി. മെര്‍ളിനോട് നന്ദി പറഞ്ഞിട്ടവന്‍ പോയി. അവള്‍ പുഞ്ചിരിച്ചുകൊണ്ട് അവനെ നോക്കി.
അവന് ഒന്നും മനസ്സിലായില്ല. മുറിയിലെത്തി ആദ്യം വിളിച്ചത് അച്ഛനേയും അമ്മയേയുമാണ്. നാട്ടില്‍ പലരും തന്നെ അന്വേഷിക്കുന്നുവെന്നും സൂഷ്മതയോടെ ജീവിക്കണമെന്ന് അവര്‍ അവനെ ഉപദേശിച്ചു. പിന്നെ ഷാരോണെ വിളിച്ചു. ബെല്‍ കേട്ടെങ്കിലും എടുക്കുന്നില്ല. ക്ലാസ് മുറിയിലാണോ. സന്ദേഹത്തോടെ മൊബൈലിലേക്ക് നോക്കി.
പെട്ടെന്ന് ഒരു കാലൊച്ച കേട്ടവന്‍ തിരിഞ്ഞു നോക്കി. മുറിയുടെ കതക് പൂര്‍ണ്ണമായും അടച്ചിരുന്നില്ല. സിസ്റ്റര്‍ കാര്‍മേലും കൂടെ ഉണ്ടായിരുന്ന സുന്ദരിയായ യുവതിയും മുന്നോട്ടു നടക്കുന്നു. അവന്‍ ഓടിച്ചെന്ന് ആവേശത്തോടെ നോക്കി. അവര്‍ അടുത്തുള്ള മുറിയിലേക്ക് പ്രവേശിച്ചു. അവന്‍ വീണ്ടും നാട്ടിലുള്ള കൂട്ടുകാരെ വിളിച്ചു സംസാരിച്ചു.

സിസ്റ്റര്‍ കാര്‍മേല്‍ പുതിയ അന്തേവാസി ഫാത്തിമയെ മെഡിക്കല്‍ ചെക്കപ്പിനായി മുറിയില്‍ കൊണ്ടുവന്നതാണ്. ചികിത്സാമുറിക്കുള്ളില്‍ രോഗികളെ കിടത്താന്‍ രണ്ട് ബെഡ്ഡുകളും മറ്റ് ആധുനിക സജ്ജീകരണങ്ങളുമുണ്ട്. അവളെ ബെഡ്ഡില്‍ കിടത്തിയിട്ട് ഡോക്ടരായ സിസ്റ്റര്‍ കാര്‍മേല്‍ സ്റ്റെതസ്‌കോപ്പ് അവളുടെ നെഞ്ചത്ത് വച്ച് നോക്കിക്കൊണ്ടിരിക്കെ കന്യാസ്ത്രീകളായ മറ്റു രണ്ട് ഡോക്ടര്‍മാര്‍ അവിടേക്ക് വന്നു. മെര്‍ളിന്റെ കൈവശം ചെറിയൊരു കമ്പ്യൂട്ടറുമുണ്ട്.

സിസ്റ്റര്‍ നോറിനാണ് കൂടെയുള്ളത്. നോറിന്‍ ഈ സ്ഥാപനത്തിന്റെ മേലധികാരിയാണ്. പ്രായം അറുപത്തിയഞ്ചായി. അവളുടെ ചെക്കപ്പ് കഴിഞ്ഞ് എണീറ്റിരിക്കാന്‍ ആവശ്യപ്പെട്ടു. കറുത്ത ജീന്‍സും ടോപ്പും ധരിച്ച ഫാത്തിമയുടെ ശരീരത്തുനിന്നും പെര്‍ഫ്യൂമിന്റെ സുഗന്ധം അവിടെ തങ്ങി നിന്നു. വില കൂടിയ ചെരുപ്പാണവള്‍ ധരിച്ചിരിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന ശരീരത്ത് സുഗന്ധം വമിക്കുന്ന വസ്ത്രങ്ങളാണ് അവള്‍ക്കുള്ളത്. മാംസളമായ ശരീരപ്രകൃതി അവളെ കാമാവൃത്തിയിലേക്ക് നയിച്ചതായിട്ടാണ് സിസ്റ്റര്‍ നോറിന് തോന്നിയത്. കാമസുന്ദരികളായ യുവതികളുടെ ജീവിതം ചെളിക്കുണ്ടില്‍ പുതഞ്ഞു പോകുന്നതില്‍ സിസ്റ്റര്‍ കാമിലയും സിറ്റര്‍ നോറിനും ദുഃഖത്തോടെയാണ് കാണുന്നത്.

അവളുടെ ശരീരത്തിലെ അഴുക്കുകള്‍ കഴുകി വെടിപ്പാക്കണം. സിസ്റ്റര്‍ നോറിന്‍ മെര്‍ളിനോട് നാളെത്തന്നെ എയിഡ്‌സ് ടെസ്റ്റും ചെയ്യണമെന്ന് പറഞ്ഞു. ആംഗ്യഭാഷയില്‍ മെര്‍ളിന്‍ സമ്മതിച്ചു. അവളാണ് അവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. അവര്‍ പറയുന്നത് കമ്പ്യൂട്ടറിലാക്കാന്‍ മെര്‍ളിനും തയ്യാറായി.
ഇംഗ്ലീഷിലുള്ള നോറിന്റെ ഓരോ ചോദ്യങ്ങള്‍ക്കും ഫാത്തിമ തുറന്ന മനസ്സോടെ ഉത്തരം നല്കിക്കൊണ്ടിരുന്നു. അവള്‍ പറയുന്നതെല്ലാം അനുകമ്പയോടെയാണ് അവര്‍ കേട്ടിരുന്നത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള കുടുംബമാണ് അവളുടേത്. അവള്‍ ജനിച്ചതും വളര്‍ന്നതും ബ്രിട്ടീഷ് മണ്ണിലാണ്.

ചെറുപ്പത്തില്‍തന്നെ തന്റെ കുടുംബത്തിലെ ചിലരില്‍ നിന്ന് ലൈംഗിക പീഡനം ഏല്‌ക്കേണ്ടി വന്നു. അതെ അനുഭവമുള്ള മെര്‍ളിനെ ഒരു നിമിഷം സിസ്റ്റര്‍ കാര്‍മേല്‍ നോക്കി. ഇങ്ങനെ എത്രയോ പെണ്‍കുട്ടികളാണ് അവരവരുടെ കുടുംബങ്ങളില്‍ നിന്ന് പീഡനം ഏല്‌ക്കേണ്ടി വന്നിട്ടുള്ളത്. അവള്‍ ജന്മംകൊണ്ട് മുസ്ലീമാണെങ്കിലും ഇന്നുവരെ നിസ്കരിക്കുവാനോ പള്ളിയിലോ പോയിട്ടില്ല.
“”എന്തുകൊണ്ടാണ് അള്ളാഹുവിനെ നീ അകറ്റിയത്?” സിസ്റ്റര്‍ കാര്‍മേല്‍ ചോദിച്ചു.
“”ഈ അവസ്ഥയില്‍ എന്നെ എത്തിച്ചതിനുള്ള ഉത്തരവാദിത്വം അള്ളാഹുവിനില്ലേ” അവള്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.

“” ഏത് മതവിശ്വാസിയായാലും അവര്‍ക്കാവശ്യം സുരക്ഷിതത്വവും സന്തോഷവുമുള്ള ഒരു ജീവിതമല്ലെ?. എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് എന്ത് സുരക്ഷിതത്വമാണ് വീട്ടിലുള്ളത്. എന്റെ പിതാവും മറ്റു ബന്ധുക്കളും നിസ്കരിക്കാന്‍ പോകുന്നവരാണ്. എന്നോട് അന്യായം ചെയ്തിട്ട് അവര്‍ക്കെങ്ങിനെ നിസ്കരിക്കുവാന്‍ കഴിയുന്നു? ഇവരെപ്പോലുള്ളവരെ ഞാന്‍ അനുകരിക്കണോ? അങ്ങിനെ ചെറുപ്പത്തിലെ അള്ളാഹുവിലെ വിശ്വാസം എനിക്കു നഷ്ടപ്പെട്ടു.”

അവളുടെ വാദങ്ങളെ നിക്ഷേധിക്കാന്‍ അവരാരും തയ്യാറായില്ല. അവളുടെ കണ്ണുകളില്‍ കനലുകള്‍ എരിയുന്നുണ്ട്. അത് ജീവിതത്തോടുള്ള വെറുപ്പല്ല. നിലവിലെ വ്യവസ്ഥിതികളോടുള്ള വെറുപ്പാണ്. അവരെനയിക്കുന്നവരൊക്കെ സമ്പത്തിന്റെയും പ്രശസ്തിയുടെയും നടുവില്‍ ജീവിക്കുന്നവരല്ലേ. അവരുടെ ഉദ്ദേശശുദ്ധി ഞാന്‍ പറയാതെ സിസ്റ്റര്‍ക്ക് അറിയാവുന്നതല്ലേ. എന്നു കരുതി സിസ്റ്ററെ പോലുള്ള സന്യാസസമൂഹത്തെയോ സെന്റ് ഫ്രാന്‍സിസിനെയോ ആ ഗണത്തില്‍ പെടുത്തിയിട്ടില്ല.
“”നിങ്ങള്‍ അള്ളാഹുവിന് വേണ്ടി മാത്രം ജീവിക്കുന്നവരാണ്. അതാണ് യഥാര്‍ത്ഥ സ്‌നേഹവും കരുതലും.”

വീണ്ടും സിസ്റ്റര്‍ നോറിന്‍ ചോദിച്ചു “”നീ ഈ വഴിയില്‍ എങ്ങിനെ വന്നു. ”
അവള്‍ സിസ്റ്ററെ നോക്കി പറഞ്ഞു “”സ്കൂളില്‍ പഠിക്കുന്ന കാലത്തും എന്റെ സഹപാഠികളുമായി ഞാന്‍ വേഴ്ച നടത്തി. എന്നെപ്പോലെ പല സഹപാഠികളും അവരുടെ ഇഷ്ടത്തിന് പലതും ചെയ്തു. അവിടെയും ഞങ്ങളുടെ സുരക്ഷയ്ക്ക് ആരുമില്ല. എല്ലാ സ്വാതന്ത്ര്യം മാത്രം?. മനുഷ്യന് തെറ്റുകള്‍ ചെയ്യാനുള്ള അവകാശമായി സ്വാതന്ത്ര്യം . തന്റെ മാതാപിതാക്കള്‍ എന്നെ കുറ്റപ്പെടുത്തുമ്പോള്‍ അവരോടും പറയുമായിരുന്നു. എന്റെ സ്വകാര്യതയില്‍ ഇടപെട്ടാല്‍ ഞാന്‍ പോലീസില്‍ വിളിക്കും എന്ന്. അതോടെ അവര്‍ ഭയന്നുമാറും. സൈ്വര്യജീവിതം ഇത്രയും സങ്കീര്‍ണ്ണമാക്കുന്നത് ആരാണ്? എന്നെ വളര്‍ത്തിയ മാതാപിതാക്കളോ? ഞാന്‍ വിശ്വസിച്ച മതമോ? അതോ സാമൂഹിക വ്യവസ്ഥിതിയോ? ഇതിനൊക്കെയുള്ള ഉത്തരം കണ്ടെത്തിയാല്‍ ഒരു പെണ്ണും വേശ്യ ആകില്ല.” എന്റെ വീട്ടുകാര്‍ എനിക്ക് സന്തോഷം നല്‍കിയില്ല. ഞാന്‍ അവര്‍ക്കൊരു ഭാരമായപ്പോള്‍ വീടുവിട്ടിറങ്ങി. സ്ത്രീകള്‍ക്ക് സുരക്ഷയുള്ള ഈ പട്ടണത്തിലെ സുരക്ഷിതമായ താവളത്തിലേക്ക് ഞാന്‍ പോയി. എന്റെ രാവുകള്‍, വാടക കൊടുക്കാതെ, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഞാനൊരു വേശ്യയായി ജീവിച്ചു. വേശ്യാലയങ്ങളില്‍ എല്ലാ രാജ്യത്തുനിന്നുമുള്ള പെണ്‍കുട്ടികളും ഉണ്ട്. ഇറ്റലി, ഇന്ത്യ, കൊറിയ, ജപ്പാന്‍. എന്നെ കുറെ ഉപയോഗിച്ചത് ഇംഗ്ലീഷുകാരും അമേരിക്കയില്‍ നിന്നുള്ളവരുമാണ്. നല്ല തുകകള്‍ അവര്‍ പ്രതിഫലമായി തരുമായിരുന്നു. അതില്‍ സന്യാസിമാരും ഭരണകര്‍ത്താക്കളും, കവികളും, മാധ്യമാപ്രവര്‍ത്തകരുമുണ്ട്. എന്റെ മുന്നില്‍ ഇതിനായി എത്തിയവരുടെ കണക്ക് എത്രയെന്ന് എനിക്കറിയില്ല. വെളിച്ചത്തില്‍ ഞാനവര്‍ക്കുമുന്നില്‍ നഗ്നയായി കിടന്നു. വികാരാവേശത്തില്‍ അലിഞ്ഞു ചേരുമ്പോഴും ഞാനനുഭവിച്ച നീറ്റലും വേദനയും ധാരാളമായിരുന്നു. എന്നെ സ്വന്തമാക്കാന്‍ വന്ന ഒരു എഴുത്തുകാരനില്‍ നിന്ന് ഞാന്‍ പുസ്തകങ്ങള്‍ വാങ്ങുമായിരുന്നു. ധാരാളമായി ഞാന്‍ വായിച്ചു. ആ അറിവ് എന്നെ പ്രതീക്ഷയിലേക്ക് നയിച്ചു. അതിലൂടെ നാം വിതയ്ക്കുന്നതേ കൊയ്യൂ എന്ന് ഞാന്‍ പഠിച്ചു. കുറ്റബോധം എന്നെ അലട്ടാന്‍ തുടങ്ങി. അതിന് ഒരു മാറ്റമായി എന്ന് ഞാന്‍ വിചാരിച്ചിരിക്കുമ്പോഴാണ് ഞങ്ങളുടെ വേശ്യാലയത്തില്‍ സിസ്റ്റര്‍ കാര്‍മേലിനെ കാണാനിടയായത്. എത്രയോ പുരുഷന്മാരുടെ വിരലടയാളങ്ങള്‍ എന്റെ ശരീരത്തില്‍ പതിഞ്ഞിട്ടുണ്ട്. അതിലൂടെ ഞാന്‍ എന്ത് നേടി എന്നൊരു ചോദ്യം എന്നെ ചിന്താകുഴപ്പത്തിലാക്കി. എന്റെ ജീവിതം ഞാന്‍ തിരിച്ചു പിടിക്കും എന്നു തീരുമാനിച്ചു. എന്നെ തേടിയെത്തുന്നവരെ സ്വീകരിക്കാതെ നിരാശരാക്കി മടക്കിയയച്ചു. എന്റെ മനസ് പുതിയൊരു ലോകത്തേക്ക,് സ്വച്ഛന്ദമായ നല്ല വായു കിട്ടുന്നിടത്തേക്ക് പറന്നു. അവള്‍ക്കു മറുപടിയായി സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞു.

“”വേശ്യയുടെ ഭവനം ഒരു നരകമെന്ന് ഇന്ന് നീ തിരിച്ചറിയുന്നത് തന്നെയാണ് നിന്റെ അള്ളാഹു. നിന്റെ കുടുംബത്തില്‍ നിനക്ക് പീഡനമുണ്ടായത് അത് പാപത്തിലേക്ക് ജീവിക്കുവാനുള്ള ഒരു വാതിലല്ലായിരുന്നു. അതിന് വളര്‍ത്തിയ മാതാപിതാക്കളെ മാത്രം കുറ്റപ്പെടുത്തരുത്. നിനക്ക് പീഡനമുണ്ടായത് സ്കൂളില്‍ ടീച്ചറോടോ മാതാപിതാക്കളോടോ പറയാമായിരുന്നു. നീ അതൊന്നും ചെയ്തില്ല.

ഇന്നല്ലേ നീ പവിത്രമായ ജീവിതത്തിന്റെ വില അറിയുന്നത്. ഫാത്തിമേ! നമ്മള്‍ പോരടിക്കേണ്ടത് എതിര്‍ക്കേണ്ടത് തിന്മകളോടാണ്. അല്ലാതെ ദൈവത്തോടല്ല, വിശ്വാസങ്ങളോടല്ല. നീ മാനസാന്തരപ്പെട്ട് അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നതാണ് ഞങ്ങളുടെ സന്തോഷം. ഇനിയും പാപത്തിന് അടിമപ്പെടരുത്.” ഫാത്തിമയുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ തെളിഞ്ഞു. അവള്‍ ആദരവോടെ സിസ്റ്റര്‍ കാര്‍മലിനെ നോക്കി.

പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനല്‍വഴികളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സര്‍ഗ്ഗപ്രതിഭയുള്ള എഴുത്തുകാരന്‍. സൗന്ദര്യത്തിന്റെ കതിര്‍മണികളായിരിക്കണം സാഹിത്യമെങ്കില്‍ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങള്‍ ശക്തമായി കത്തിജ്വലിക്കുമ്പോള്‍ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരന്‍ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ “കഥാകാരന്റെ കനല്‍വഴികള്‍” ഇരുളടഞ്ഞ താഴ്‌വാരങ്ങള്‍ താണ്ടി നവ്യനഭസ്സിലേക്ക് കുതിച്ചുയര്‍ന്ന കനല്‍പക്ഷി തന്നെയാണ്. തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയില്‍ ആവിഷ്‌കരിക്കുന്നതില്‍ എഴുത്തുകാരന്‍ ഇവിടെ വിജയിച്ചിരിക്കുന്നു. അനായാസമായി പദങ്ങളെ വിന്യസിക്കുവാനും അനുഭവത്തിനുതകുന്ന വാക്കുകള്‍ കൊണ്ട് എഴുത്തിനെ വര്‍ണ്ണാഭമാക്കുവാനുള്ള അദ്ദേഹത്തിന്റെ സര്‍ഗ്ഗസിദ്ധി ആര്‍ക്കാണ് കാണാതെ പോകുവാനാകുക?
ലക്ഷ്യബോധത്തോടെ നോല്മ്പ് നോല്‍ക്കുന്ന ഒരു വെളിച്ചപ്പാടിനേ കനല്‍ച്ചാട്ടത്തില്‍ വിജയമുള്ളു. വെളിച്ചപ്പാടിന് വസൂരി വിതയ്ക്കാനും സൂക്കേടുകള്‍ മാറ്റാനും കഴിയുമത്രെ! അതാവും വെളിച്ചപ്പാട് എല്ലാവര്‍ക്കും ആദരണീയയായ “അമ്മ” ആയത്. സങ്കീര്‍ണ്ണവും പ്രക്ഷുബ്ധവുമായ ജീവിതസാഹചര്യങ്ങള്‍ തീര്‍ത്ത പൊള്ളുന്ന പാതയിലൂടെ യാതൊന്നിനെയും കൂസാതെ മരണത്തെ മുന്നില്‍ കണ്ട് ജീവിതമുഹൂര്‍ത്തങ്ങളിലൂടെ വിജയിച്ചുമുന്നേറുന്ന ഒരു വെളിച്ചപ്പാടിനെയാണ് ഈ സൃഷ്ടിയിലൂടെ നമുക്ക് ദര്‍ശിക്കാനാവുന്നത്. ആ സഹനകഥ സഹജീവികള്‍ക്കുപകരിക്കും വിധം പ്രകടിപ്പിക്കുവാനുള്ള മാനസികാവസ്ഥ പ്രശംസനീയം തന്നെ.
സ്വന്തം കിഡ്‌നി ദാനമായി നല്‍കുമ്പോള്‍ അടുത്തുനിന്ന നഴ്‌സിനോട് പറയുന്നു. “ഇത് ആരോടും പറയരുത്, പറഞ്ഞാല്‍ എന്റെ അടുത്ത കിഡ്‌നിയ്ക്കും ആള്‍ക്കാര്‍ വരും”മെന്ന്. ആശങ്കപ്പെടേണ്ട ഈ സാഹചര്യത്തെ എത്ര സരസ്സമായിട്ടാണ് കഥാകാരന്‍ അവതരിപ്പിക്കുന്നത്. ഒരു നോവലിനേക്കാള്‍, ഒരു സിനിമയേക്കാള്‍ സാഹിത്യത്തിന്റെ മണിമുറ്റത്ത് ഈ ആത്മകഥ താരും തളിരും നിറഞ്ഞുതന്നെയാണ് നില്‍ക്കുന്നത്. അതു വായനക്കാരനെ അനുഭൂതി തലത്തില്‍ എത്തിക്കുന്നു. പലപ്പോഴും മനുഷ്യമനസ്സിന്റെ സംഘര്‍ഷങ്ങള്‍ തന്നെയാണ് സാഹിത്യപ്പിറവിയുടെ അടിയൊഴുക്കുകള്‍. മാനവരാശിയ്ക്ക് മനുഷ്യത്വം അല്ലെങ്കില്‍ വിവേകബുദ്ധി നഷ്ടപ്പെടുമ്പോള്‍ അത് തിരിച്ചറിയുന്നവരും തിരുത്തപ്പെടുന്നവരുമാണ് സര്‍ഗ്ഗപ്രതിഭകള്‍. ഇവിടെയും മുറിവേറ്റവന്റെ നീറ്റല്‍ തിരിച്ചറിയുവാനുള്ള മനഃസാക്ഷി എഴുത്തില്‍ മാത്രമല്ല പ്രവൃത്തിയിലും നമുക്ക് കാണിച്ചുതരുന്നു. ഇതു സാഹിത്യലോകത്ത് അസാധാരണമായ ഒരു അനുഭവമാണ്. അതുതന്നെയാണ് ഈ കൃതി ആര്‍ത്തിയോടെ പലവട്ടം വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. നന്മ നഷ്ടപ്പെട്ട മനുഷ്യരാശിയെ ഗ്രസിച്ചിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ കൃതി ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
ആത്മസാക്ഷാത്കാരത്തിന്റെ ഉള്‍ച്ചൂടു വഹിക്കുന്ന ഈ സൃഷ്ടിയിലൂടെ ഒരു സൂക്ഷ്മസഞ്ചാരം നടത്തുമ്പോള്‍ നമ്മുടെ ഹൃദയത്തോട് ചേര്‍ന്നു നിന്നുകൊണ്ട് ആത്മാവുമായി സംവദിക്കുന്ന ഒരു മിത്രത്തെയാണ് നാം കണ്ടെത്തുന്നത്. അത്രമേല്‍ ദൃശ്യാത്മകതയാണ് അദ്ദേഹത്തിന്റെ ഭാഷയുടെ വ്യതിരിക്തത. സംഘട്ടനങ്ങള്‍ നിറഞ്ഞ ഓരോ അദ്ധ്യായത്തിലും അനുഭവങ്ങളുടെ ഹൃദയത്തുടിപ്പ് നാം കേള്‍ക്കുന്നു. ആ വികാരങ്ങളുടെ അടിച്ചൂടുതട്ടുമ്പോള്‍ ജീവിതത്തിന്റെ പരിണാമചക്രം എത്ര വിസ്മയകരമാണെന്ന് നാം തിരിച്ചറിയുക കൂടി ചെയ്യുകയാണ്.
ഒരു കാലത്തിന്റെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥിതികളെ വ്യക്തമായി ഈ ആത്മകഥാദര്‍പ്പണത്തിലൂടെ നോക്കിക്കാണാം. പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതമൂല്യങ്ങള്‍ സ്വാംശീകരിച്ച് പൂര്‍ണ്ണരായ മഹത്‌വ്യക്തികളെ ഗുരുതുല്യരായി കാണുന്നു. ഇതുപോലുള്ള എഴുത്തുകാര്‍ ഇന്നുണ്ടോ? പോരാട്ട ജീവിതത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ശക്തിസ്രോതസ്സായി മാറുന്ന ഒട്ടേറെ സന്ദേശങ്ങള്‍ ഈ കൃതിയിലുടനീളം കാണുന്നു.
“ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍” (പേജ് 257) എന്നു പറയുന്നിടത്ത് അനുവാചകനെ സര്‍ഗ്ഗാത്മകതയുടെ ലോകത്തേയ്ക്ക് നയിക്കുന്നു. “പ്രപഞ്ചനാഥന്‍ മണ്ണില്‍ മനുഷ്യനെ സൃഷ്ടിച്ചത് പരസ്പരം കലഹിക്കാനല്ല, സ്‌നേഹം, ദയ, കാരുണ്യം, സഹാനുഭൂതി എന്നീ നന്മകള്‍ ചെയ്ത് ജീവിക്കാനാണ്” (പേജ് 264) ഇവിടെ എഴുത്തുകാരന്‍ നമ്മെ സനാതന മൂല്യങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
“നല്ല നല്ല പുസ്തകങ്ങള്‍ വായിച്ച് അറിവുനേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞുവലിഞ്ഞു മരണത്തിലെത്താം” (പേജ് 264) എന്നതില്‍ വായിച്ചു വിളയേണ്ടതിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു.
“യൗവ്വനം ഒരിക്കലും രോഷാഗ്നിയില്‍ ആളിക്കത്തിക്കാന്‍ പാടില്ല. അതു കുറ്റവാളികളെ മാത്രമേ സൃഷ്ടിക്കൂ എന്ന് എനിക്കറിയാം” (പേജ് 149) ഇത് സഹനത്തിലേയ്ക്കുള്ള വഴികാട്ടല്‍ കൂടിയാണ്. “ഇരുട്ടിനെ അകറ്റാന്‍ സൂര്യനോ ചന്ദ്രനോ വേണം. മനുഷ്യമനസ്സുകളില്‍ ഇതുപോലെ പൂനിലാവ് പരത്തുന്നവയാണല്ലോ അക്ഷരവും ആത്മാവും” (പേജ് 63) തൂലിക പടവാളിനേക്കാള്‍ മൂര്‍ച്ചയേറിയ ആയുധമാണെന്ന് അനുഭവസ്ഥനായ ഒരു എഴുത്തുകാരന്‍ ഇവിടെ നമ്മോട് വിളിച്ചോതുന്നു.
“എന്റെ മുന്നില്‍ ദുഃഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിര്‍ത്താന്‍ എനിക്ക് കഴിയുന്നു. എല്ലാ ദുഃഖങ്ങളേയും എനിക്കുള്ളില്‍ നിശബ്ദമായി ഞാന്‍ താലോലിച്ചു. തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടു പോയവരൊക്കെ പുതുജീവന്‍ പ്രാപിച്ചിട്ടേയുള്ളൂ.” (പേജ് 57) വല്ലായ്മകളില്‍ തളരാതെ ജീവിതത്തിന്റെ സൗന്ദര്യം എത്തിപ്പിടിക്കാനുള്ള മുന്നേറ്റം നമ്മെ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പുതരുകയാണ്.
ഇങ്ങനെ മഹത്ഗ്രന്ഥങ്ങളിലും മഹത്‌വ്യക്തികളിലും നമുക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുള്ള ഉദ്‌ബോധനങ്ങളുടെ ശംഖൊലിയാണ് “കഥാകാരന്റെ കനല്‍വഴികള്‍. ആത്മകഥയുടെ ലോകത്ത് പുതുമ നിറഞ്ഞ ഈ കൃതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിസ്സംശയം പറയാം.

RECENT POSTS
Copyright © . All rights reserved