literature

അദ്ധ്യായം – 15
വസൂരിയും രാത്രിയിലെ കളളനും

നേഴ്‌സിംഗ് പഠനത്തിന് പോകാന്‍ ഓമന തയ്യാറായി. ഒരു പകല്‍ ഞാനവളെ കാണാന്‍ തങ്കമ്മയുടെ വീട്ടിലേക്ക് തിരിച്ചു. മുറിക്കുളളിലെ മണിനാദം കേട്ട് ഓമന കതക് തുറന്നു. മുന്നില്‍ എന്നെ കണ്ട് കണ്ണുകള്‍ അത്ഭുതത്താല്‍ പ്രകാശിച്ചു. കവിള്‍ത്തടങ്ങള്‍ തുടുത്തു. ഒരിക്കലും പ്രതീക്ഷിച്ചതല്ല അവിടേക്ക് വരുമെന്ന്. അവിടേക്ക് ചിന്നമ്മ കടന്നുവന്നു. ഓമന പരിഭ്രമമടക്കി ചിന്നമ്മയ്ക്ക് എന്നെ പരിചയപ്പെടുത്തി. ചിന്നമ്മ പുഞ്ചിരിച്ചു കൊണ്ട് സ്‌നേഹവായ്‌പോടെ എന്നെ അകത്തേക്ക് ക്ഷണിച്ചിരുത്തി. ഇവിടേക്ക് വരാന്‍ ഇത്ര ധൈര്യമോ അതായിരുന്നു ഓമനയുടെ മനസ്സില്‍. ഭാഗ്യത്തിന് അമ്മാമ്മ ജോലിയിലും കുട്ടികള്‍ സ്‌കൂളിലും പോയിരിക്കുന്നു. ഇവിടെ വന്നത് ഒരവിവേകമാണെന്ന് തോന്നുന്നില്ല. ഞാന്‍ അടുത്തയാഴ്ച്ച അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുകയല്ലേ. കാണാതിരിക്കാന്‍ കഴിയില്ല. എനിക്കും കാണണമെന്നുണ്ടായിരുന്നു. ഹൃദയത്തില്‍ കുടികൊണ്ടിരുന്ന ആഗ്രഹം സഫലമായതില്‍ മനസ്സാകെ തിളങ്ങി. ചിന്നമ്മ ചോദിച്ചു, സോമന് ചായ വേണോ അതോ കാപ്പിയോ. ചായ മതിയെന്ന് ഞാന്‍ മറുപടി കൊടുത്തു. ഞാന്‍ ചോദിച്ചു നിന്റെ ഈ അമ്മാമ്മയ്ക്ക് എന്നോട് വെറുപ്പൊന്നുമില്ലേ. ഈ കാര്യത്തില്‍ ചിന്നമ്മ എന്റെ ഒപ്പമാണ്. എന്താ ഇന്നു ജോലിക്കു പോയില്ലേ . എന്റെ വരവിന്റെ ഉദ്ദേശശുദ്ധി ഞാന്‍ വെളിപ്പെടുത്തി. ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രണയിനിയെ കണ്ട് യാത്രാ മംഗളങ്ങള്‍ നേരാനാണ് വന്നത്. ഒരു ദിവസത്തെ അവധിയെടുത്തു. ഓമനയുടെ കണ്ണുകളില്‍ നിറഞ്ഞത് ആനന്ദാശ്രുക്കളായിരുന്നു. മനസ്സില്‍ കരുതിയത് ജ്യേഷ്ഠത്തി കാണെണ്ടെന്നായിരുന്നു. അതിനു ഞാന്‍ കണ്ടു പിടിച്ച കുറുക്കുവഴി ഓമന പോകുന്നതിന് മുമ്പ് ഒരു ക്ഷമാപണം നടത്താനാണ് വന്നത്. ചിന്നമ്മ ചായയും ബിസ്‌കറ്റും കൊണ്ടു വന്നിട്ട് അകത്തേക്ക് പോയി. ഓമനയുടെ സ്‌നേഹം തുളുമ്പുന്ന വാക്കുകള്‍ ഞാന്‍ കേട്ടിരുന്നു. അതില്‍ നിറഞ്ഞു നിന്നിരുന്നത് കാമുകിയുടെ വാക്കുകളേക്കാള്‍ ഒരമ്മയുടെ ശാസനയായിരുന്നു.

നമുക്ക് ചില ലക്ഷ്യങ്ങളുണ്ട് ആ ലക്ഷ്യത്തിലെത്താന്‍ സ്വപ്‌നങ്ങള്‍ മാത്രം പോര. കഠിനാധ്വാനവും ആവശ്യമാണ്. മറ്റുളളവര്‍ക്കാവശ്യം സ്‌നേഹമാണ്, കളളവും ചതിയും ഭീഷണിയുമല്ല. തീര്‍ച്ചയായും നമ്മള്‍ പൊരുതേണ്ടത് തിന്മകളോട് തന്നെയാണ്. ദൈവം അതിനു തന്നിരിക്കുന്ന ഏറ്റവും വലിയ ആയുധമല്ലേ അക്ഷരങ്ങള്‍. ഓമനയെ കണ്ടത് വലിയൊരു സൗഭാഗ്യമായി തോന്നി. പ്രണയത്തെ അവിവേകമായി അവള്‍ കാണുന്നില്ല. അതിനെ വിവേകപൂര്‍വ്വം മനസ്സിലാക്കുകയാണ് വേണ്ടത്. അവസാനമായി അവള്‍ വീണ്ടും ഓര്‍മിപ്പിച്ചു, മോഹം തന്നിട്ട് നിരാശപ്പെടുത്തരുത്. അതു മരണത്തിലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പു കൊടുത്തു. ഞങ്ങളുടെ കണ്ണുകള്‍ പൂര്‍വ്വാധികം സന്തോഷത്തോടെ വിടര്‍ന്നു. യാത്ര പറയിന്നതിന് മുമ്പ് ഞാനവളെ ഗാഢമായി പുണര്‍ന്ന് ചുംബിച്ചു. അതവളില്‍ രോമാഞ്ചമുണ്ടാക്കി. അതവള്‍ പ്രതീക്ഷിച്ചിരുന്നതല്ല. സ്‌നേഹം ഹൃദയത്തിലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ഹൃദയ വ്യഥയോടെ ഞാന്‍ യാത്ര പറഞ്ഞു.

അവടെ നിന്നു വീണ്ടും കിഴക്കോട്ടു നടന്നു. മനസ്സു നിറയെ ഹൃദയത്ത സ്പര്‍ശിച്ച അനുഭവങ്ങളായിരുന്നു. ആകാശത്ത് സൂര്യന്‍ മഞ്ഞിനെയകറ്റി തെളിഞ്ഞുനിന്നു. ഞാന്‍ നടന്നു നടന്ന് എത്തിയത് വലിയൊരു മൈതാനത്തായിരുന്നു. അതിനടുത്തായി എന്തോ വലിയ സ്ഥാപനങ്ങള്‍ ഉളളതായി കണ്ടു. ഏതാനും കുട്ടികള്‍ ഒരിടത്ത് ക്രിക്കറ്റ് കളിക്കുന്നു. ഞാന്‍ പുല്‍ത്തകിടിയില്‍ ഇരുന്നു. കണ്ണുകളില്‍ ആനന്ദവും ഹൃദയത്തില്‍ ഞങ്ങളുടെ ഗാഢമായ ആലിംഗനവും ചുംബനവും തലോടി നിന്നു. എനിക്കടുത്തായി ഏതാനം പ്രാവുകള്‍ കഴുത്തും തലയും ചുണ്ടുകളും കുലുക്കി എന്തോ കൊത്തിതിന്നുന്നു. അതില്‍ രണ്ടു പ്രാവുകള്‍ ഒന്നിനു പിറകെ ഒന്നായി മത്സരിച്ച് നടക്കുന്നു. ഞാനതിനെ ഉറ്റു നോക്കി. മറ്റുളളവരില്‍ നിന്ന് ഇവര്‍ മാത്രം എന്താണ് മാറി നടക്കുന്നത്. ശരീരപ്രകൃതിയില്‍ പെണ്‍പ്രാവിനേക്കാള്‍ വലിപ്പം ആണ്‍പ്രാവിനാണ്. അത് പിറകെ നടന്ന് പെണ്‍പ്രാവിന്റെ പുറത്ത് കൊത്തുന്നുണ്ട്. അര മണിക്കൂറോളം മത്സരിച്ച് നടക്കുമ്പോള്‍ ചുണ്ടുകള്‍ തമ്മില്‍ ഉരസുന്നത് കണ്ടപ്പോഴാണ് മനസ്സിലായത് നാടന്‍ പെണ്ണിനെപ്പോലെ പെണ്‍പ്രാവ് നാണിച്ചു നടക്കുകയായിരുന്നു എന്നു അവര്‍ നടക്കുമ്പോഴൊക്കെ എന്തോ പ്രണയരഹസ്യങ്ങള്‍ മന്ത്രിക്കുകയായിരുന്നു.രക്ത നിറമുളള അവരുടെ കുഞ്ഞു കാലുകള്‍കൊണ്ട് ഇത്രമാത്രം എങ്ങനെ നടക്കാന്‍ കഴിയുന്നുവെന്ന് ഞാന്‍ ചിന്തിച്ചുപോയി. പ്രാവുകള്‍ പോലും വെറുതേ അലഞ്ഞു നടക്കുന്നില്ല. മനഷ്യരെ പോലെ പ്രണയവും അവരിലുണ്ട് .അതിനായി എത്ര ദൂരം നടക്കാനും അവര്‍ ഒരുക്കമാണ്. മനഷ്യന്റെ പ്രണയദൂരം എത്രയാണ്. ആ പ്രാവുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്നത് ഞാന്‍ നോക്കിയിരുന്നു. എന്നിലെ ഉദാസീനതകള്‍ മാറി കൂടുതല്‍ ആത്മവിശ്വാസം വളര്‍ന്നു. ഞാന്‍ അപ്പുവിനേയും സെയിനുവിനേയും കാണാന്‍ ഹോട്ടലിലേക്ക് നടന്നു. ഗുണ്ടകളുമായുളള ഏറ്റുമുട്ടലിനു ശേഷം ഒരു മാസം കഴിഞ്ഞിട്ടും അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അപ്പു പറഞ്ഞത്. സമയമുളളപ്പോള്‍ ഹോട്ടലിലും വരണമെന്ന് അപ്പു ഉപദേശിച്ചു. ചായ കുടിച്ചിട്ട് ഞാന്‍ ഹാട്ടിയായിലേക്ക് യാത്ര തിരിച്ചു.

ഓമനയുടെ കത്തുകള്‍ എല്ലാ ആഴ്ചയും ഹട്ടിയായിലെ ജനറല്‍ ഫേബ്രിക്കോ എന്ന കമ്പനിയിലേക്കു വന്നു തുടങ്ങി.അതിനെല്ലാം മറുപടി അയച്ചു. ഞങ്ങളുടെ പ്രണയം മറ്റാരുമറിയാതെ അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. ഓരോ കത്തുകളും എനിക്ക് ആശ്വാസം മാത്രമല്ല സ്‌നേഹവും കരുണയും നല്കുന്നതായിരുന്നു. എന്നെപ്പോലെ ധാരാളം കുറവുകള്‍ ചൂണ്ടിക്കാണിക്കാനുളള ഒരാളെ സാധാരണ ഒരു പെണ്ണും ഇഷ്ടപ്പെടില്ല. എനിക്കും അത് സങ്കല്‍പിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്താണ് എന്നിലെ നന്മകള്‍, പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടാന്‍ എന്നിലുളള ആകര്‍ഷകത്വം എത്ര പരിശോധിച്ചിട്ടും എനിക്ക് മനസ്സിലായില്ല. നാട്ടില്‍ ഒരു വഴക്കാളിയെന്ന് സ്‌കൂള്‍- കോളജ് സുന്ദരികളായ കുഞ്ഞുമോള്‍, അമ്മിണി, രാധ, സൂസ്സന്‍, മേഴ്‌സി, മോളി അങ്ങനെ പലരും എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. മറ്റുളളവരുമായി ഇണങ്ങുന്ന സ്വഭാവം അന്നുമില്ലായിരുന്നിട്ടും എന്നോട് ഇണങ്ങാന്‍ പെണ്‍കുട്ടികള്‍ കടന്നു വന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. അവരൊക്കെ ഗ്രാമീണ സൗന്ദര്യമുളളവരായിരുന്നു. അവരില്‍നിന്ന് വ്യത്യസ്തമായി ഓമനയില്‍ കണ്ട ഒരു പ്രത്യേകത വിവേകവും സഹാനുഭൂതിയും അടയുറച്ച തീരുമാനങ്ങളുമാണ്. സ്വന്തം ജ്യേഷ്ഠത്തി എടുത്ത തീരുമാനത്തിന് കടകവിരുദ്ധമായിട്ടാണ് അവളുടെ തീരുമാനം വന്നത്. സാധാരണ സ്ത്രീകള്‍ക്ക് ഇല്ലാത്ത വ്യക്തിത്വമാണ് ഞാനവിടെ കണ്ടത്. അവിടെ സ്‌നേഹത്തിന്റെ സംഗീതമാണുയര്‍ന്നത്. കഴിഞ്ഞ കത്തിലൂടെ എഴുതിയത് ജീവിതം പടുത്തുയര്‍ത്താനുളളതാണ് പൊളിച്ചു മാറ്റാനുളളതല്ല. കൊടുങ്കാറ്റിനെ തകര്‍ക്കാന്‍ കഴിയാത്തതു പോലെ യഥാര്‍ത്ഥ സ്‌നേഹത്തെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് എന്നെ പഠിപ്പിച്ചത് ഓമനയാണ്.

രാജുവിനൊപ്പം ഉണ്ടും ഉറങ്ങിയും മുന്നോട്ടു പോകുമ്പോഴാണ് എനിക്ക് ശരീര വേദനയും മാറാത്ത പനിയുമുണ്ടായത്. ഏതാനം ദിവസങ്ങള്‍ ജോലിക്കു പോകാതെ മുറിയില്‍ തന്നെ കഴിച്ചുകൂട്ടി. ശരീരത്ത് അങ്ങിങ്ങായി വസൂരി പോലെ മുഴച്ചു നിന്നു. അതെന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ശരീരത്തിന് സുഖമില്ലാതിരുന്നിട്ടും ഓമനയ്ക്ക് കത്ത് അയച്ചു. ഇനിയും ഈ അഡ്രസ്സില്‍ കത്തയയ്ക്കരുത്. വസൂരിയെന്നാണ് ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രാജു ജ്യേഷ്ഠനുമായി ഫോണില്‍ സംസാരിച്ചു. അന്ന് ഓഫിസ്സുകളില്‍ മാത്രമാണ് ഫോണുളളത്. ഇന്നുതന്നെ ദുര്‍വ്വയിലേക്ക് പോകും. ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം രാജുവിന്റെ അമ്മാവനും ജ്യേഷ്ഠത്തിയുടെ മൂത്ത സഹോദരനുമായ ജോയിയുടെ ക്വാര്‍ട്ടറിലേക്ക് രാത്രിയില്‍ മോട്ടോര്‍ സൈക്കിളില്‍ എന്നെ കൊണ്ടുപോയി. ദുര്‍വ്വയില്‍ ചെല്ലുമ്പോള്‍ ജ്യേഷ്ഠനും അവിടെയുണ്ടായിരുന്നു. ജോയിയുടെ ഭാര്യ ചിന്നമ്മ എന്നെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. അവര്‍ക്കു മൂന്നു കുട്ടികളാണ്. ജോയിക്ക് ദുബായിയിലാണ് ജോലി. എച്ച്. ഈ. സി യില്‍ ക്രയിന്‍ ഓപ്പറേറ്ററാണ്. എതാനം മാസത്തെ അവധി എടുത്താണ് അങ്ങോട്ട് പോയത്.
രാജു എന്നെ വിട്ടിട്ട് മടങ്ങി ഒപ്പം ജ്യേഷ്ഠനും. എന്തുകൊണ്ടാണ് ജ്യേഷ്ഠന്റെ ക്വാര്‍ട്ടറില്‍ എനിക്ക് അഭയം തരാതിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ചിലപ്പോള്‍ എനിക്ക് വച്ചു വിളമ്പാനും അവിടെ കിടത്താനും ജ്യേഷ്ഠത്തിക്ക് താല്പര്യം കാണില്ലായിരിക്കും. അതല്ലെങ്കില്‍ വസ്സൂരിയെ ഭയക്കുന്നുണ്ടകും. എന്നിലെ സന്തോഷമെല്ലാം ചോര്‍ന്നു കൊണ്ടിരുന്നു. സെയിന്‍ നാട്ടിലേക്ക് മടങ്ങിയതായി അപ്പോഴാണ് ഞാനറിഞ്ഞത്. അവനെ നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കു ക്ഷണിച്ചെന്നും ഉടനടി ചെല്ലണമെന്നും ടെലിഗ്രാം വന്നതായി ജ്യേഷ്ഠന്‍ പറഞ്ഞറിഞ്ഞു. ചിന്നമ്മയുടെ കുട്ടികള്‍ ഞാന്‍ കിടന്നിരുന്ന കട്ടലില്‍ നിന്ന് മാറിയാണ് നടന്നത്. ചിന്നമ്മക്ക് വസൂരി വന്നിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് പകരാതിരിക്കാനാണ് അല്പം അകല്‍ച്ച അവര്‍ പാലിച്ചത്. എന്തായാലും ലഭിച്ച സൗകര്യങ്ങള്‍ നന്നായി.

ദിവസങ്ങള്‍ കഴിയുന്തോറും ശരീരത്ത് ചെറുതും വലുതുമായ പോളങ്ങള്‍ മുളച്ചു പൊന്തി. കൊതുകു കയറാതിരിക്കാന്‍ കൊതുകു വലയുണ്ടായിരുന്നു. കട്ടിലിനു മുന്നിലെ മേശപ്പുറത്ത് എനിക്ക് കഞ്ഞിയും പഴവര്‍ഗ്ഗങ്ങളും ചിന്നമ്മ യാതൊരു മടിയുമില്ലാതെ തന്നുകൊണ്ടിരുന്നു. രോഗ കിടക്കയിലും ചിന്നമ്മാമ്മ എനിക്ക് ആശ്വാസമായിരുന്നു. ജ്യേഷ്ഠന്‍ ഇടക്കിടെ വന്നു പോയെങ്കിലും ജ്യേഷ്ഠത്തി ഒരിക്കല്‍ പോലും അവിടേക്ക് വന്നില്ല. എന്റെ ഒരോ ദിനങ്ങളും വിളറിയും വെളുത്തും മുന്നോട്ടു പോയി. ഇങ്ങനെയുളള അസുഖങ്ങള്‍ ഒരു തടവറ ജീവിതം പോലെയാണ് എനിക്കനുഭവപ്പെട്ടത്. ശരീരം മെലിഞ്ഞു കൊണ്ടിരുന്നു. രോഗങ്ങള്‍ വന്നാല്‍ വിഷമിച്ചിട്ട് ഫലമില്ല ചികിത്സിക്കുകയാണ് വേണ്ടതെന്ന് അന്നു ഞാന്‍ മനസ്സിലാക്കി.
ഒരു ദിനം കണ്ണുകളടച്ച് വിഷമത്തോടെ കിടക്കുമ്പോഴാണ്. എന്റെ കാതില്‍ ഒരു സ്വപ്‌നം പോലെ ആ വാക്കുകള്‍ പതിഞ്ഞത്. ഹലോ ഉറക്കമാണോ. ഓമന പുഞ്ചിരിച്ചു കൊണ്ട് ചിന്നമ്മാമ്മക്ക് ഒപ്പം മുറിക്കുള്ളില്‍ നില്‍ക്കുന്നു. ഞാന്‍ കണ്ണുകള്‍ തുറന്നു പതുക്കെ മുകളിലേക്ക് ഉയര്‍ന്ന് കൊതുകുവലക്കുള്ളിലൂടെ മന്ദഹാസം ചൊരിഞ്ഞു നില്‍ക്കുന്ന ഓമനയെ കണ്ടു. മനസ്സിലെ അനുരാഗം വര്‍ദ്ധിച്ചു. എന്റെ വികൃതരൂപം കാണാന്‍ എന്തിന് വന്നു എന്നും ചിന്തിച്ചു. അവളുടെ അരുണിമ കലര്‍ന്ന കണ്ണുകളിലേക്ക് വിശ്വസിക്കാനാവാതെ നോക്കിയിരുന്നു. ചിന്നമ്മാമ്മ അകത്തേക്കു പോയി. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു, ഇങ്ങോട്ടു വരേണ്ടതില്ലായിരുന്നു. ഇതു പകര്‍ച്ചവ്യാധി എന്നറിയില്ലേ?. അതൊന്നും കാര്യമാക്കാതെയവള്‍ പറഞ്ഞു. എനിക്കും വരുന്നെങ്കില്‍ വരട്ടെ. അവള്‍ കൊതുകുവല ഉയര്‍ത്തി എന്നെ കണ്ടു. എന്നെ അത് ആശ്ചര്യപ്പെടുത്തി. മുഖത്തെല്ലാം കറുത്ത പോളങ്ങള്‍ പൊങ്ങിയിരുന്നു.

കയ്യിലിരുന്ന കെ.ഇ. മത്തായി (പാറപ്പുറത്തിന്റെ) പണിതീരാത്ത വീട് എന്ന നോവല്‍ എന്നെ ഏല്‍പിച്ചിട്ട് കസേരയിലിരുന്നു. മനുഷ്യന്റെ തൊലിയുടെ നിറവും അതിനു മുകളിലുളള പ്രണയത്തേക്കാള്‍ മനഷ്യാത്മാവിലേക്കാണ് അവള്‍ യാതൊരു വൈമനസ്യവും കാട്ടാതെ കടന്നു വന്നത്. ഒരു സുഖസ്മൃതിയിലെന്നപോലെ ഞാനിരുന്നു. സാഹിത്യകൃതികള്‍ ധാരാളമായി വായിക്കാനിഷ്ടപ്പെടുന്ന ആളാണെന്ന് എനിക്കറിയാമായിരുന്നു. മറ്റുളള പെണ്‍കുട്ടികളില്‍ നിന്ന് അവളെ വ്യത്യസ്ഥയാക്കുന്നതും ആ അറിവാണ്. അങ്ങനെയുളളവര്‍ വിശുദ്ധിയുളള ആത്മാവിനെ തിരിച്ചറിയുന്നവരാണ്. ഈശ്വരഹിതമറിഞ്ഞു ജീവിക്കുന്നവര്‍. ഇടയ്ക്ക് ഞാന്‍ ചോദിച്ചു ഇവിടെയുണ്ടെന്ന് ആരു പറഞ്ഞു. ചിന്നമ്മാമ്മയെ ഇതിനു മുമ്പ് അറിയുമോ. അവളുടെ മറുപടി, ഇവിടെയെന്നറിഞ്ഞത് ഇവിടെ ജോലി ചെയ്യുന്ന കുരുവിളയുടെ അനുജത്തി ലീലാമ്മയില്‍ നിന്നാണ്. പുസ്തകങ്ങളുടെ താളുകള്‍ മറിക്കുന്നതു പോലെ ദുര്‍വ്വയിലെ വിശേഷങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു. അതിന്റെ പ്രധാന കാരണം തന്റെ പ്രിയതമന്‍ ആരെയെങ്കിലും ഉപദ്രവിക്കുന്നുണ്ടോ, തന്റെ വാക്കുകള്‍ മുഖവിലക്ക് എടുക്കുന്നുണ്ടോ ഇതൊക്കെ അറിയാനാണ്. ചിന്നമ്മാമ്മയും തങ്കമ്മാമ്മയും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ പത്തനാപുരത്തുകാരാകുമ്പോള്‍ ഒരല്പം സ്‌നേഹം കൂടില്ലേ. ഞാന്‍ സംശയത്തോടെ ചോദിച്ചു, എന്നെ കാണാനാണ് രണ്ടു മണിക്കൂര്‍ യാത്ര ചെയ്ത് ഇവിടെ എത്തിയതെന്നറിഞ്ഞാല്‍ അതു പ്രശ്‌നമാകില്ലേ?. എന്റെ മാഷേ ബുദ്ധിയുളള ഒരു പെണ്ണിന് ലോകത്ത് ആരേയും കബളിപ്പിക്കാം, തെറ്റിധരിപ്പിക്കാം. ഇന്ന് ശനി. ഞാന്‍ രാവിലെ ആറു മണിക്കു തന്നെ അവിടുത്തെ മേട്രന്റെ അനുമതി വാങ്ങി സൈക്കിള്‍ റിക്ഷയില്‍ കയറി ബസ്സ് സ്റ്റാന്‍ഡില്‍ വന്നു. അസുഖമായി കഴിയുന്ന എന്റെ ജ്യേഷ്ഠത്തിയെ കാണാന്‍ ഹസാരിബാഗില്‍ നിന്ന് റാഞ്ചിയിലേക്ക് ബസ്സ് കയറുന്നു. വീട്ടിലെത്തുമ്പോള്‍ ജ്യേഷ്ഠത്തിയോ ജ്യേഷ്ഠനോ വീട്ടിലില്ല. അവര്‍ ജോലി സ്ഥലത്താണ്. അവിടുത്തെ അമ്മാമ്മയോട് ഒരു കൂട്ടുകാരിയെ കാണാനുണ്ടെന്ന് കളളം പറഞ്ഞു പുറത്തു ചാടി.

ഇവിടുത്തെ അമ്മാമ്മ ഞാനിവിടെ വന്നുവെന്ന് പറഞ്ഞാല്‍ തന്നെ ഞാനിവിടെ കാണത്തില്ല. കാരണം നാളെ ഉച്ചയ്ക്ക് ഞാനെന്റെ പാട്ടിന് പോകില്ലേ. അസുഖമായി കിടക്കുന്നത് ജ്യേഷ്ഠത്തിയല്ലെന്ന് നമുക്കല്ലേ അറയൂ. എന്റെ ഈ കൊച്ചു കളളം കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടമുണ്ടോ. ഒരു രാത്രി കൊണ്ട് എന്റെ ജ്യേഷ്ഠത്തി ഒന്നുമറിയില്ല. ഇനിയും ഇവിടുത്തെ അമ്മാമ്മ ഇവര്‍ക്ക് എന്താണ് ഇത്രമാത്രം സംസാരിക്കാനുളളത് എന്ന് ചോദിച്ചാലും എനിക്ക് ഉത്തരമുണ്ട്. ചിന്നമ്മാമ്മയെ കാണാന്‍ വന്നപ്പോഴാണറിയുന്നത് എന്റെ കൂടെ പഠിച്ചയാള്‍ അസുഖമായി കിടക്കുന്നത്. എനിക്ക് ഉളളാലെ ചിരിവന്നു. എത്ര ഭംഗിയായിട്ടാണ് ഓരോ ഭാഗങ്ങളും അവതരിപ്പിക്കുന്നത്. ഇവളെ പോലെയായിരിക്കുമോ എല്ലാ പെണ്ണുങ്ങളും. ആപത്തില്‍ കിടക്കുന്നവരല്ലേ രക്ഷപ്പെടാനുളള തന്ത്രങ്ങള്‍ മെനയുന്നത്. ഞങ്ങള്‍ക്കു ചുറ്റും ആപത്തു മാത്രമല്ല, അന്ധകാരവും നിറഞ്ഞു നില്‍ക്കുകയാണ്. മടങ്ങിപോകുന്നതിനു മുമ്പായി പറഞ്ഞു, ഇതൊന്നും കണ്ട് വിഷമിക്കരുത്, ദിവസങ്ങള്‍ കഴിയുമ്പോള്‍ മുറിവുകളുണ്ടാകും, മുറിവുണങ്ങാന്‍ അതൊക്കെ തുടച്ച് പൗഡറിടണം. ഈ അസുഖത്തിന് പ്രധാനമായി വേണ്ടത് വിശ്രമമാണ്. അതൊക്കെ കഴിഞ്ഞു മതി ജോലി. ആദ്യം സ്വന്തം ശരീരവും മനസ്സുമാണ് സൂക്ഷിക്കേണ്ടത്. പരിപൂര്‍ണ സൗഖ്യം വന്നതിനു ശേഷം കത്തെഴുതിയാല്‍ മതി. അവള്‍ യാത്ര പറഞ്ഞു. ഈ ലോകത്ത് അവളേക്കാള്‍ പ്രിയപ്പെട്ടതായി മറ്റൊന്നുമില്ലെന്നു തോന്നി.

ഒരു മാസത്തിലധികം ഞാന്‍ രോഗ ശയ്യയില്‍ കഴിഞ്ഞു. ശരീര ക്ഷീണം നന്നായിട്ടുണ്ട്. ഓമനയ്ക്ക് കത്തയച്ചു. മറുപടി ലഭിക്കാന്‍ എനിക്കൊരു അഡ്രസ്സ് ഇല്ലായിരുന്നു. വീണ്ടും വിശ്രമം വേണമെന്ന് പലരും ഉപദേശിച്ചു. ഹട്ടിയായിലെ ജോലി ഉപേക്ഷിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ജ്യേഷ്ഠന്റെ കൂട്ടുകാരന്‍ കാപ്പില്‍- ഓച്ചിറ തോമസ് നാട്ടില്‍ പോകുന്നത്. എന്നോട് അവിടെ കാവലായി കിടക്കണമെന്ന് ജ്യേഷ്ഠന്‍ ആവശ്യപ്പെട്ടു. മനസ്സിനും ശരീരത്തിനും ക്ഷീണവും തളര്‍ച്ചയുമുണ്ടെങ്കിലും ഞാനത് നിരസ്സിച്ചില്ല. ഒരു നിബന്ധന മാത്രം ഒരു മാസം കഴിയാനുളള ചെലവിനുളള കാശ് തരണം. അസുഖമായി കിടന്നപ്പോള്‍ പരിചരിച്ചതാണ്. ഒരാവശ്യം പറയുമ്പോള്‍ അതിനെ തളളിക്കളയാന്‍ പറ്റില്ല. ഇനിയും ഇവരേയോ ജ്യേഷ്ഠനേയോ ബുദ്ധിമുട്ടിക്കേണ്ടതില്ല. അതായിരുന്നു എന്റെ മനസ്സില്‍ തുടിച്ചു നിന്നിരുന്നത്. ഞാനങ്ങനെ എന്റെ ബാഗുമായി താമസം മാറ്റി.

ഓമനയ്ക്ക് ആ ക്വാര്‍ട്ടറിന്റെ അഡ്രസ്സ് അയച്ചു കൊടുത്തു. അവള്‍ മറുപടി തന്നു. അവിടെയിരുന്ന് ഞാന്‍ നാടകമെഴുത്തു തുടര്‍ന്നു. ഞാന്‍ താമസ്സിച്ച വീടിനടുത്തുളള ആരേയും എനിക്കറിയില്ലായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ അതിനുളളില്‍ എല്ലാവരും ഉറങ്ങുന്ന സമയം ഒരു മോഷണ ശ്രമം നടന്നു. ആരോ കതകു തുറന്ന് അകത്തു കയറിയതാണു, അകത്തുളള മുറിയിലെ എന്തോ താഴെ വീണ ശബ്ദം കേട്ട് ഞാന്‍ കണ്ണു തുറന്നു. അകത്ത് എന്താണ് നടക്കുന്നതെന്നറയാതെ ആശങ്കയോടെ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഇരുളിലമര്‍ന്ന മുറിയിലേക്ക് നോക്കി. ഉളളില്‍ ഭയവും , പിടി മുറുക്കി ഒരു ധൈര്യത്തിനായി തലയണക്കടിയില്‍ സൂക്ഷിച്ചിരിക്കുന്ന കത്തിയുമായി ഞാന്‍ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ ഏതാനം ചുവടി മുന്നോട്ടു വച്ചു. അകത്തേ മുറിയില്‍ മിന്നാമിനുങ്ങു പോലെ ടോര്‍ച്ചിന്റെ വെട്ടം തെളിയുന്നുണ്ട്. കളളനെന്നു ബോധ്യപ്പെട്ടു.

കാപ്പില്‍ തോമസ് പൂട്ടിപ്പോയ മുറി കളളത്താക്കോല്‍ ഉപയോഗിച്ച് തുറക്കാനുളള തീവ്രശ്രമത്തിലാണ്. ഞാന്‍ ശബ്ദമുണ്ടാക്കാതെ ചെന്ന് അയാളുടെ കഴുത്തില്‍ പിടി മുറുക്കി. ഞങ്ങള്‍ തറയില്‍ വീണു. എന്നേക്കാളും കരുത്തുളളവനെന്ന് മനസ്സിലായി. എന്നില്‍ നിന്ന് കുതറി മാറി പുറത്തേക്ക് ഓടിയ സമയം പിറകില്‍ നിന്നുളള ചവിട്ട് അയാളെ നിലം പരിശാക്കി. കൈയ്യിലിരുന്ന സഞ്ചി തെറിച്ചു പോയി. പെട്ടെന്നയാള്‍ സഞ്ചി സ്വന്തമാക്കി അതില്‍ നിന്ന് കത്തിയെടുത്ത് ഹിന്ദിയില്‍ ആക്രോശിച്ചുകൊണ്ട് കത്തി എനിക്കു നേരെ ചൂണ്ടിയിട്ടു പറഞ്ഞു, തും മേര രാസ്താരേ നികല്‍ നഹി തോ കതം കരേഗ. (നീ എന്റെ വഴിയില്‍ നിന്ന് മാറുക ഇല്ലെങ്കില്‍ കൊന്നുകളയും). ഷേവു ചെയ്യാത്ത മുഖത്തെ കണ്ണുകളില്‍ എന്നെ കൊല്ലാനുളള ഭാവമാണ്. എന്റെ സിരകളിലും രക്തം തിളച്ചു മറിഞ്ഞു. ഒരു രക്തദാഹിയെപ്പോലെ അയാള്‍ എന്നെ നോക്കി പേടിപ്പിച്ചു. കത്തി കൊണ്ട് കുത്താനും മടിയില്ലാത്തവനാണ്. അവനെ വെറുതേ വിടുക എന്ന് മനസ്സു പറഞ്ഞു. അവന്റെ മുഖമടച്ചുളള ഒരടി കിട്ടിയതിന്റെ വേദന ഇപ്പോഴും മുഖത്തുണ്ട്. അയാളുടെ മുഖത്തും ചോരപ്പാടുകളുണ്ട്. കരുത്തില്ലാത്തവനാണ് കത്തിയെടുക്കുന്നതും കുത്തുന്നതും. ആ കത്തി കാട്ടി അയാള്‍ പിറകോട്ട് ഏതാനം ചുവടുകള്‍ നടക്കുന്നതിനിടയില്‍ കസേരയില്‍ തട്ടിയപ്പോള്‍ തല കുനിച്ചതും എന്റെ ചവിട്ടും ഒപ്പമായിരുന്നു. കത്തി തെറിച്ചതു പോലെ അയാളും വാതിലിനടുത്തേക്ക് തെറിച്ചു പോയി. അയാള്‍ ഭയത്തോടെ കത്തി കളഞ്ഞു പുറത്തേക്ക് വിരണ്ടോടി. ഞാന്‍ പുറത്തേക്കിറങ്ങി നോക്കി. അയാള്‍ മഞ്ഞിലൂടെ തണുപ്പിലും ഓടിക്കൊണ്ടിരുന്നു. ഞാന്‍ കതകടച്ചു കുറ്റിയിട്ടു.

അദ്ധ്യായം – 14
പ്രണയത്തെ പ്രാണനായി കണ്ടവര്‍

ഓമനയെ പരിചയപ്പടുന്നത് ദുര്‍വ്വ ടെക്‌നിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. മലയാളി യുവതീ- യുവാക്കള്‍ അവിടെ പഠിക്കാന്‍ വരുന്നുണ്ടെങ്കിലും ഞങ്ങളുടെ സമയത്ത് മലയാളികള്‍ ആരുമില്ലായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നെത്തിയ ഗ്രാമീണ പെണ്‍കുട്ടിയുടെ സൗന്ദര്യം മിക്ക ദിവസങ്ങളിലും ഞാന്‍ ആസ്വദിച്ചു. ഞങ്ങള്‍ അടുത്തടുത്ത് ഇരുന്നാണ് ടൈപ്പ് ചെയ്യുന്നത്. മലയാള മണ്ണിന്റെ സൗന്ദര്യം അവിടുത്തെ സ്ത്രീകളില്‍ ഇല്ലെന്ന് ഹിന്ദിക്കാര്‍ പോലും പറയാറുണ്ട്. ഓമനയെ ഇതിനു മുമ്പ് കണ്ടത് മനസ്സില്‍ തെളിഞ്ഞു വന്നു. റാഞ്ചിയില്‍ അവളുടെ ജ്യേഷഠത്തിക്കൊപ്പം സര്‍ക്കസ്സ് കാണാനും നാടകം കാണാനും വന്നതുമാണ്. ദിവസവും കാണുന്നുണ്ടെങ്കിലും ഒന്ന് പരിചയപ്പെടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഒരാളെ പരിചയപ്പെടുന്നത് തെറ്റല്ല. അന്യദേശങ്ങളിലെ സ്‌നേഹ ബന്ധങ്ങള്‍ തഴച്ചു വളരുന്നത് അങ്ങനെയാണ്. അതിനൊരു മുന്‍വിധിയുടെ ആവശ്യമില്ല. മനസ്സിന് ഒരു മടി. എന്ത് പറഞ്ഞാണ് പരിചയപ്പെടുക. പുറത്ത് പ്രകൃതിയുടെ നിറം മാറി. മഞ്ഞില്‍ പെയ്ത മഴയും കാറ്റും തമ്മില്‍ പ്രണയം പങ്കിടുകയാണോ അതോ മല്‍സരിക്കുകയാണോയെന്ന് തോന്നി. ഞങ്ങള്‍ പുറത്ത് മഴ തോരാനായി കാത്തു നിന്നു. പുറത്തേ മഴത്തുളളികള്‍ പോലെ എന്റെ വാക്കുകളും പുറത്തേക്കു വന്നു. ഞാന്‍ ചോദിച്ചതിനെല്ലാം വളരെ ചുരുക്കത്തില്‍ മറുപടി തന്നു. അവളുടെ ഓരോ വാക്കുകളും ഒരു കുളിരു പോലെ തോന്നി. ആ കണ്ണുകളില്‍ നിറഞ്ഞു നിന്നത് ആനന്ദാശ്രുക്കളാണ്. ആദ്യമായി നാട്ടിലെ സുന്ദരിയുമായി സ്‌നേഹം പങ്കുവച്ചെങ്കിലും ഇത്ര സ്‌നേഹവായ്‌പ്പോടെ, വാല്‍സല്യത്തോടെ എന്നോടാരും സംസ്സാരിച്ചിട്ടില്ല. മഴയും മഞ്ഞും ഞങ്ങളുടെ വാക്കുകളെ ഇണക്കി ചേര്‍ത്ത് സ്‌നേഹവും സൗഹൃദവും വര്‍ധിപ്പിച്ചു. ആ ദിവസം രാത്രിയില്‍ മന്ദഹാസം ചൊരിയുന്ന മഹാലക്ഷ്മിയുടെ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. പ്രണയം ഒരു കുളിര്‍ക്കാറ്റായി, താളമേളങ്ങളോടെ ഒരു സംഗീത വിരുന്നൊരുക്കി.
അന്നെഴുതിയ കവിതയില്‍ പുഞ്ചിരി തൂകുന്ന നക്ഷത്രങ്ങളും പ്രകൃതി ഭംഗിയും നിറഞ്ഞ താഴവാരങ്ങളും സ്‌നേഹത്തിനായി വീണമീട്ടിക്കൊണ്ടിരുന്നു. അവിടേയും പ്രണയം അപകടകാരിയും സ്‌നേഹത്തിന്റെ ദൂതനെന്നും ഞാനെഴുതി. മനുഷ്യന്‍ സ്‌നേഹത്തെ മുറിപ്പെടുത്തുന്നതെന്താണ്. സ്‌നേഹമെന്നും പൂത്തുവിരിഞ്ഞ പുഷ്പമാണ്. അതിനെ അപകടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് മനുഷ്യന്റെ ചിന്തകള്‍ തന്നെയാണ്. ഞങ്ങളുടെ കൂടിക്കാഴ്ചകളില്‍ പല വിഷയങ്ങളും സംസാരിച്ചു. അവളുടെ ഗ്രാമീണ സൗന്ദര്യം പോലെ വാക്കുകളിലും സൗന്ദര്യമുണ്ടായിരുന്നു. പാപത്തെ വെറുക്കുന്നവര്‍ പാപിയെ സ്‌നേഹിക്കാനുളള മനസ്സുളളവരാകണം. എന്തുകൊണ്ട് നിങ്ങളെ ഒരു ഗുണ്ടയും വഴക്കാളിയുമായി മറ്റുളളവര്‍ കാണുന്നു? കാരണം ഏതോ തടവറയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. മറ്റുളളവര്‍ ആ തടവറയില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ആരുടേയോ പ്രേരണയാല്‍ അവര്‍ ജീവിക്കുന്നു. മനുഷ്യ മനസ്സ് സമ്പന്നമെങ്കില്‍ ഈ മണ്ണിലെ കുറ്റകൃത്യങ്ങളും ദുരിതങ്ങളും മാറില്ലേ?. ഇവള്‍ എന്നെ ഒരു ഗുണ്ടയായി കണ്ടതില്‍ മനസ്സ് കുണ്ഠിതപ്പെട്ടു. അങ്ങനെയുളള എന്നോട് ഇത്ര ആത്മാര്‍ത്ഥമായി എന്തിനു സംസാരിക്കണം.

ഞാന്‍ ചോദിച്ചു. എന്നെ ഒരു ഗുണ്ടയായിട്ടോ കാണുന്നേ? എന്റെ മുഖത്തെ ഉത്കണ്ഠ മനസ്സിലാക്കി പറഞ്ഞു. മനഷ്യരെല്ലാം പറഞ്ഞുപരത്തുന്ന കഥകള്‍ ഞാനങ്ങനെ വിശ്വസിക്കാറില്ല. അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക് അതെ കൈകൊണ്ട് വാളെടുക്കാന്‍ അത്ര എളുപ്പമല്ല. റാഞ്ചിയിലെ നാടകത്തില്‍ കേട്ട ആ ഗാനം എനിക്ക് ഏറെ ഇഷ്ട്‌പ്പെട്ടു. സര്‍ഗ്ഗപ്രതിഭകളോട് എനിക്കെന്നും ബഹുമാനമാണ്. അതുപോലെ ആത്മീയ ഗുരുക്കന്മാരോടും. ഒരു വ്യക്തിയെ അപമാനിച്ചാല്‍, അടിച്ചാല്‍ ആണുങ്ങള്‍ പ്രതികരിക്കും. അപകട വേളകളില്‍ ഒരാളെ സഹായിക്കുന്നത് വലിയൊരു കാര്യമാണ്. ആ സഹായം പലവിധത്തില്‍ എന്നു മാത്രം. തിരിച്ചറിവുളള ഒരു സമൂഹമല്ല ഇവിടെയുളളത്. തെരിവിലിറങ്ങി ജാതി പറഞ്ഞ് പരസ്പരം കൊല്ലുന്ന വരെ കായികമായി നേരിടുന്നത് നല്ലതല്ല. ഈ ക്രൂരന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പോലീസ്സാണ്. എന്തായാലും ആത്മസംരക്ഷണമാണ് പ്രധാനം അതു മറക്കരുത്. അവളുടെ വാക്കുകള്‍ എനിക്ക് ആശ്വാസം നല്കുന്നുണ്ടെങ്കിലും അത് എന്നെതന്നെ വെല്ലുവിളിക്കുന്നതല്ലേ . എനിക്കു വേണ്ടി മാത്രം ജീവിക്കാന്‍ ആവശ്യപ്പെടുകയല്ലേ.

സെയ്‌നുവിനെ കണ്ട് എന്റെ നിരപരാധിത്വം ഞാനറിയിച്ചു. അറിഞ്ഞുകൊണ്ട് ചെയ്തതല്ല. എന്റെ വാക്കിലെ നിസ്സഹായത മനസ്സിലാക്കി അവന്‍ പറഞ്ഞു, ”എനിക്ക് പരാതിയില്ലെടാ, നീ അതോര്‍ത്ത് വിഷമിക്കേണ്ട. നീ അറിഞ്ഞുകൊണ്ട് ചവിട്ടിയതല്ല, എനിക്കപ്പോള്‍ മരണ വേദനയായിരുന്നു. അതാ ഞാന്‍ പോയത്. മുഖം നോക്കാതെയുളള നിന്റെ ആക്രമണം എന്നെയും ഞെട്ടിച്ചുകളഞ്ഞു. അതില്‍ നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല.” അവനുമായി ആ നിമിഷങ്ങള്‍ പങ്കുവച്ചപ്പോഴാണ് എനിക്ക് സമാധാനമായത്. പരസ്പരം സത്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ മനസ്സു സന്തുഷ്ടമായി. വള്ളികുന്നത്തിനും കൂട്ടുകാര്‍ക്കും ഗുണ്ടകളുമായുളള ഏറ്റുമുട്ടല്‍ ആശ്വാസം നല്‍കിയെങ്കിലും ഉളളില്‍ വിഷാദമുണ്ടായിരുന്നു. മിശ്രയോട് അടിച്ചു ജയിക്കുക ചില്ലറ കാര്യമല്ല. അതിന്റെ അര്‍ത്ഥം ഇവന്റെ ആയുസ്സ് കുറഞ്ഞു എന്നാണ്. ഇനിയും എത്രനാള്‍ ജീവിച്ചിരിക്കും. അതിനുമുമ്പ് നമ്മുടെ വിഹിതം കൊടുക്കണം. രഘുനാഥും വള്ളികുന്നവും ആനന്ദനും ഇരുട്ടടി നടത്താനിരിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. ആനന്ദന്റെ വീട്ടില്‍ കളളു കുടിച്ചു കൊണ്ടിരിക്കേ അവര്‍ ഒരു തീരുമാനമെടുത്തു. തല്‍ക്കലം അനങ്ങാതിരിക്കുക. മിശ്ര വെറുതെ ഇരിക്കില്ല. അവനെ പതുക്കെ കൈകാര്യം ചെയ്യാം. അതുമല്ല, കുണ്ടറയാശാനും വര്‍ഗ്ഗീസും തുണയായി എത്തി എന്നാണറിവ്.

അവര്‍ക്കൊപ്പം കളളുകുടിക്കുന്ന ബാലന്‍ എല്ലാം കേട്ടെങ്കിലും എന്നോട് വളരെ മതിപ്പും അഭിമാനവുമാണ്. മിശ്രയെപ്പോലുളള ഗുണ്ടകള്‍ മദ്രാസ്സികള്‍ക്കെല്ലാം ഒരു തലവേദനയാണ്. അവന്റെ മേല്‍ കയ്യും കാലും ഉയര്‍ത്താന്‍ ഒരു മലയാളി ഉണ്ടായതില്‍ സന്തോഷം തോന്നി. ഒരു സന്ധ്യക്ക് എന്നെ ഒറ്റയ്ക്ക് വിളിച്ച് ആനന്ദന്റെ വീട്ടില്‍ നടന്ന കാര്യം വിവരിച്ചു. ആ കൂട്ടത്തില്‍ എന്റെ ഉറപ്പും വാങ്ങിയിട്ട് പറഞ്ഞു, ഇതൊന്നും ഞാന്‍ പറഞ്ഞതായി പുറത്ത് പറയരുത്. ഞാന്‍ ബാലന് ഉറപ്പു കൊടുത്തു. കൂട്ടത്തില്‍ പറഞ്ഞു അവരുടെ ഗൂഢാലോചനകള്‍ ഞാന്‍ കാര്യമായി എടുക്കുന്നില്ല. അവന്മാര്‍ എതുവിധത്തില്‍ വന്നാലും ഞാന്‍ കൈകാര്യം ചെയ്‌തോളാം. ബാലനോട് നന്ദി പറഞ്ഞു യാത്രയാക്കി. പുറമെ തണുപ്പാണെങ്കിലും മനസ്സ് നിറയെ ചൂടായിരുന്നു. പ്രത്യേകിച്ച് മുന്‍കരുതലുകളൊന്നും എടുക്കുന്നില്ല. ഞാനെന്തിന് ഭയപ്പെട്ട് അസ്വസ്ഥനായി കഴിയണം. ബാലന്‍ വളരെ സ്‌നേഹപൂര്‍വ്വമാണ് കാര്യങ്ങള്‍ എന്നെ ധരിപ്പിച്ചത്. അതിനെ അത്ര നിസ്സാരമായി കാണരുത്.

ജ്യേഷ്ഠനോടടുപ്പമുളള ധാരാളം പേര്‍ യാത്രകളില്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്. മുറിവു പറ്റിയവര്‍ ചികിത്സിച്ചു സുഖപ്പെടുത്തട്ടെ. അതിനു ഞാനെന്തു പിഴച്ചു. ഇപ്പോള്‍ നടക്കുന്നത് ഭയപ്പെടുത്തലുകളും ഭീഷണിയുമാണ്. കുറ്റബോധം അവര്‍ക്കാണ് ഉണ്ടാകേണ്ടത് എനിക്കല്ല. എനിക്കാരും ശത്രുക്കളില്ല. അവര്‍ എന്നെ ശത്രുവായി എണ്ണുന്നത് എന്റെ കുഴപ്പമല്ല. തിന്മ നിറഞ്ഞ അവരുടെ സ്വഭാവമാണ് മാറ്റേണ്ടത്. അതിനു ശ്രമിക്കാതെ എന്നെ ഭയപ്പെടുത്തുക. അവര്‍ എത്രമാത്രം ഭയപ്പെടുത്തുമോ, അത്രമാത്രം അവരുടെ മുന്നില്‍ ഞാനൊരു ഭീകരനായി മാറുകയല്ലേ. അങ്ങനെയെങ്കില്‍ ഞാന്‍ ചെയ്യുന്ന ത്യാഗത്തിന് ഒരു വിപ്ലവകാരി എന്നുകൂടി വിളിക്കേണ്ടി വരുമോ?. മനുഷ്യത്വം ഉളളവനാണ് വിപ്ലവകാരി. മനഷ്യത്വം മറക്കാന്‍ അവര്‍ക്കാവില്ല. അവരൊന്നും കുറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവരല്ല.

ഒരു ദിവസം എച്ച്. ഈ. സി ആശുപത്രിയില്‍ നിന്ന് രോഗിയായി കിടക്കുന്ന നാടകാഭിനേതാവ് തോമസ്സിനെ കണ്ടു മടങ്ങുന്ന സമയം ഓമനയുടെ സഹോദരി അത്യാഹിതവിഭാഗത്തിന്റെ ചുമതലയും അസിസ്റ്റന്റ് മേട്രനുമായ തങ്കമ്മ മാമ്മന്‍ എന്നെ തടഞ്ഞു നിര്‍ത്തി പോലീസ് മുറയില്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. നിനക്ക് എന്താണ് ഓമനയുമായുളള ബന്ധം. ഇവിടെ തല്ലുണ്ടാക്കി നടക്കുന്ന നീ അവളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നോ?. അങ്ങനെ വല്ല ഉദ്ദേശ്യവുമുണ്ടെങ്കില്‍ ആ വെളളമങ്ങു വാങ്ങി വച്ചേക്കണം. തല്ക്കാലം ഇത്രയെ ഞാന്‍ പറയുന്നൊളളൂ. ദേഷ്യപ്പെട്ട് പോകുന്ന തങ്കമ്മയെ നിര്‍വ്വികാരനായി ഞാന്‍ നോക്കി നിന്നു. അവരുടെ ഓരോ വാക്കും എന്റെ മനസ്സിനെ കീഴ്മേല്‍ മറിച്ചു. മുന്നോട്ട് നടക്കുമ്പോഴും എന്റെ കാഴ്ചശക്തി കുറയുന്നുണ്ടോ എന്നൊരു തോന്നല്‍. മഞ്ഞുമൂലം റോഡിലെ വൈദ്യുതി വിളക്കുകള്‍ക്കു പോലും വേണ്ട തിളക്കമില്ല. ഒരു നിഴല്‍ പോലെ ഓമനയും എന്റെ ഒപ്പം സഞ്ചരിച്ചു. സത്യത്തില്‍ ഞങ്ങള്‍ പ്രണയം പങ്കുവച്ചിട്ടില്ല. നിത്യവും കാണുന്നു. സുഹൃത്തുക്കളെപ്പോലെ സംസാരിക്കുന്നു. അതില്‍ ഒരു സത്യമുണ്ട്. അവളുടെ സംസാരം, സാന്നിദ്ധ്യം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ആ സ്ത്രീ എന്തോ ഒക്കെ മനസ്സില്‍ വച്ച്കൊണ്ടാണ് എന്നോട് തട്ടിക്കയറിയത്. മനസ്സിനെ വല്ലാതെ ഞെരിച്ചമര്‍ത്തിയ വാക്കുകള്‍. യുവതീ യുവാക്കള്‍ സൗഹൃദഭാവത്തില്‍ സംസാരിച്ചാല്‍ മനുഷ്യന്റെ മുഖം എന്താണ് വിളറി വെളുക്കന്നത്.

അടുത്ത ദിവസം ജ്യേഷ്ഠത്തി എന്നെ വെല്ലുവിളിച്ചത് അനുജത്തിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതു മനസ്സില്‍ മുളളുതറയ്ക്കും പോലെ അവള്‍ക്കും തോന്നി. ഒരാളെ ആദരിച്ചില്ലെങ്കിലും എന്തിനാണ് അനാദരവ് കാട്ടുന്നത്. ഒരു യുവതിയും യുവാവും സംസാരിച്ചാല്‍ അതെങ്ങനെ പ്രേമമാകും. അവള്‍ നിസ്സഹായമായി എന്നെ നോക്കി. ജ്യേഷ്ഠത്തിയെ കുറ്റപ്പെടുത്തിയാണ് അവള്‍ സംസാരിച്ചത്. മറ്റുളളവരെപ്പറ്റി അപവാദം പറയാന്‍ കേരളത്തിലുളളവര്‍ മിടുക്കരാണ്. അന്യദേശത്തായിട്ടും അതിനൊരു മാറ്റവുമില്ല. മറ്റുളളവര്‍ക്ക് മനോവിഷമം കൊടുക്കുന്നതില്‍ ഇവര്‍ക്ക് ലഭിക്കുന്ന സന്തോഷം എന്താണ്. എന്നോട് പോലും ഒരു വാക്ക് ചോദിക്കാതെ സോമനോട് ഞങ്ങള്‍ പ്രണയത്തിലെന്ന് പറയാന്‍ എങ്ങനെ ധൈര്യം വന്നു. അഥവാ ഞങ്ങള്‍ പ്രണയത്തിലാണെങ്കില്‍ എന്തിനു പൊട്ടിത്തെറിക്കണം. എനിക്ക് ഒരാളെ ഇഷ്ടപ്പെട്ടുകൂടെ. അതില്‍ ഇത്ര ലജ്ജിക്കാന്‍ എന്തിരിക്കുന്നു.
മുംബൈയില്‍ ആങ്ങളമാരുടെയടുക്കല്‍ പോയത് അവിടെ നഴ്‌സിംഗ് കോഴ്‌സിനു ചേരാണ്. പുതിയ അദ്ധ്യയന വര്‍ഷം ചേരാനിരിക്കുമ്പോഴാണ് ജ്യേഷ്ഠത്തി അറിയിച്ചത് അവളെ ഇങ്ങോട്ടു വിടുക. ഇവിടെ ഹസാരിബാഹിലെ സെന്റ് കൊളംബസ് മിഷിനറിമാരുടെ നിയന്ത്രണത്തില്‍ നടത്തുന്ന ആശുപത്രിയില്‍ നഴ്‌സിംഗിന് അവസരമുണ്ട്. ഇവിടുത്തെ ഏറ്റവും മികച്ച ഒരു സ്ഥാപനമാണത്. വിദ്ദേശത്തുനിന്നുളളവരാണ് പഠിപ്പിക്കുന്നത്. അങ്ങനെയാണ് സഹോദരനൊപ്പം റാഞ്ചി ദുര്‍വ്വയിലേക്ക് വന്നത്. അവിടുത്തെ ഇന്‍ന്റര്‍വ്യൂ കഴിഞ്ഞ് ഏതാനം മാസങ്ങള്‍ കഴിഞ്ഞാണ് ക്ലാസ്സുകള്‍ തുടങ്ങുന്നത്. ആ സമയം വെറുതെ ഇരിക്കാതെ റ്റൈപ്പിംഗ് പഠിക്കാനാണ് ഇവിടെ ചേര്‍ന്നത്. താന്‍മൂലം ഒരാള്‍ പരിഹാസ്യനായത് അവള്‍ക്കും ദുഖം തോന്നി. ജ്യേഷ്ഠത്തിയും ചേട്ടനും സോമനെ വെറുക്കുന്നതിന് പല കാരണങ്ങള്‍ കാണാം. അയാള്‍ ഗുണ്ടയാണ്. അതിനെ എതിര്‍ക്കുന്നവരും ആദരവോടെ കാണുന്നവരുമുണ്ട്. ജ്യേഷ്ഠത്തിക്ക് എതിര്‍പ്പെങ്കില്‍ എനിക്കത് ആദരവാണ്. ജോലിയില്ലാത്തന്‍ എന്ന വാദവും ഉന്നയിക്കും. അതൊരു യാഥാര്‍ത്ഥ്യമാണ്.

പ്രണയത്തിന്റെ പുലരി ഞങ്ങള്‍ കണ്ടു തുടങ്ങി. ജ്യേഷ്ഠത്തിയുടെ ചില സുഹൃത്തുക്കള്‍ ഞങ്ങളുടെ കൂടികാഴ്ച്ചകള്‍ ശ്രദ്ധിച്ചു വിവരങ്ങള്‍ കൈമാറിയുമിരുന്നു. ഞങ്ങള്‍ പുറത്തുളള സംസാരം ഒഴിവാക്കി പരസ്പരം ആശ്വസിപ്പിക്കുകയും തുടര്‍ന്നുളള കാര്യങ്ങളില്‍ പകച്ചു നില്‍ക്കുകയും ചെയ്തു. ഒരു ദിവസം ദുര്‍വ്വയിലെ റേഷന്‍ കടയില്‍ ഗോതമ്പ് വാങ്ങാന്‍ ചെന്ന എന്നോട് അതു വാങ്ങാനെത്തിയ കുരുവിള അവളുടെ കാര്യം പറഞ്ഞു എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. അയാളുടെ സംസാരത്തില്‍ ഞാനെന്തോ അപരാധം ചെയ്തതു പോലെയാണ്. കടയില്‍ ആള്‍ക്കാര്‍ നിന്നതിനാല്‍ ഞാനൊന്നും പ്രതികരിച്ചില്ല. അയാള്‍ സാധനങ്ങള്‍ വാങ്ങി പുറത്തേ റോഡിലേക്ക് സൈക്കിളില്‍ പോകനൊരുങ്ങിയപ്പോള്‍ ഞാന്‍ പിറകില്‍ നിന്ന് വിളിച്ചിട്ട് രോഷത്തോടെ ചോദിച്ചു. നീയാരാ അവളുടെ സഹോദരനാണോ. എന്റെ കണ്ണുകളില്‍ പ്രസരിച്ച വിദ്വേഷം അയാളെ ഉത്കണ്ഠാകുലനാക്കി. ആ ചോദ്യം കുരുവിള ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. വീണ്ടും ചോദിച്ചു .എന്താടോ തനിക്ക് ഉത്തരമില്ലേ. എന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ നിന്ന നിമിഷങ്ങളില്‍ ആ ഉടുപ്പിന്റെ പിടി മുറുക്കിയിട്ട് പറഞ്ഞു .ഇനിയും എന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ ഇതുപോലെ ഞാന്‍ വിടില്ല കേട്ടോ. എന്തെങ്കലും പ്രതികരിച്ചാല്‍ ഞാന്‍ ഉപദ്രവിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു.

സത്യത്തില്‍ ഇയാള്‍ ആരെന്നും എന്തെന്നും എനിക്കറിയില്ലായിരുന്നു. അയാളുടെ ഇരുനിറവും മുഖത്തിന്റെ രൂപങ്ങളുമൊക്കെ വിവരിച്ചപ്പോഴാണ് മാമച്ചന്റെ അടുത്ത സുഹൃത്തെന്ന് മനസ്സിലായത്. അതുമല്ല അയാളുടെ അനുജത്തി സെന്റ് കൊളംബസ്സില്‍ ജോലി ചെയ്യുന്നുണ്ട്. ഒന്നിനും ഒരു ന്യായീകരണവും അവള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വന്തം ജ്യേഷ്ഠത്തി തന്നെ അനുജത്തി പ്രണയത്തിലാണെന്ന് മറ്റുളളവരോട് പറയുക. അതു ചോദ്യം ചെയ്യാന്‍ മറ്റുളളവരെ പറഞ്ഞു വിടുക. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് എന്നോടു പോലും ഒരു വാക്ക് ചോദിക്കാത്തതില്‍ വിഷമം തോന്നി. എന്നെ ഒരു പ്രണയത്തിലേക്ക് തളളിവിട്ടത് സ്വന്തം സഹോദരിയാണെന്നു തോന്നിത്തുടങ്ങി. അനുജത്തിയില്‍ ആത്മവിശ്വാസമില്ലെന്നു മനസ്സിലാക്കി. ശൂന്യമായിക്കിടന്ന ഹൃദയത്തില്‍ പ്രണയത്തിന്റെ വിത്തുകള്‍ പാകിയത് വളരാന്‍ തുടങ്ങി.

ഞാന്‍ അബ്രഹാം സാറിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ജ്യേഷ്ഠന്‍ ഞങ്ങളുടെ പ്രണയത്തെപ്പറ്റി കേട്ടെങ്കിലും അതിനു വേണ്ടുന്ന ഗൗരവം കൊടുത്തില്ല. ജ്യേഷ്ഠനോട് ആശുപത്രിയില്‍ വച്ച് പറഞ്ഞതും തങ്കമ്മതന്നെ. ഞങ്ങളില്‍ നിദ്രകൊണ്ടിരുന്ന പ്രണയം ഒരു ദിവസം ഉണര്‍ന്നു. മനസ്സിനെ നൊമ്പരപ്പെടുത്തി ഇനിയും ഇങ്ങനെ പോകാന്‍ താല്പര്യമില്ല. സ്‌നേഹത്തെക്കുറിച്ചോ പ്രണയത്തെ ക്കുറിച്ചോ അധികമൊന്നും ഓമനക്കറിയില്ലായിരുന്നു. ഈ ലോകത്ത് എന്തിനെക്കാളും വലുത് സ്‌നേഹമെന്ന് അവള്‍ക്കറിയാമായിരുന്നു. ആ സ്‌നേഹത്തെ ലാളിച്ചു വളര്‍ത്താനും മരണം വരെ കാക്കാനും ഞങ്ങള്‍ തീരുമാനമെടുത്തു. ഇനിയും അത് പടര്‍ന്നു പന്തലിക്കുമോ, ഫലമുണ്ടകുമോ, എന്റെ മനസ്സിലുയര്‍ന്ന ചോദ്യം. തങ്കമ്മയോടുളള വാശിയാണോ, ഓമനയോടുളള സ്‌നേഹമാണോ ഇതിലെ താല്പര്യമെന്ന് ചോദിച്ചാല്‍ മനസ്സ് ഒരല്പം ഇളകിയാടും. അവളുടെ കണ്ണുകളില്‍ സ്‌നേഹം തിളങ്ങുന്നുണ്ട്.
ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകാതെയായി. പരസ്പരം കാര്യങ്ങളറിയാന്‍ ഞങ്ങള്‍ മറ്റൊരു ഉപായം കണ്ടെത്തി. കൂരിരുട്ട് നിറഞ്ഞ മഞ്ഞ് പൊഴിയുന്ന രാത്രകളില്‍ തലയില്‍ കമ്പിളി തോര്‍ത്തും മൂടി മറ്റാര്‍ക്കും തിരിച്ചറിയാന്‍ പാടില്ലാത്ത വിധം ഞാന്‍ തങ്കമ്മയുടെ വീട്ടിലേക്ക് പോകും. ഓമന കിടന്നിരുന്നത് പുറത്തേ മുറിയിലെ പുറത്തേക്കുളള വാതിലിനോടു ചേര്‍ന്നായിരുന്നു. ഇതേ മുറിയില്‍ മാമന്റെ പെങ്ങള്‍ ചിന്നമ്മയും ഉറങ്ങുന്നുണ്ട്. അവരെ നാട്ടില്‍നിന്നു കൊണ്ടുവന്നത് കുട്ടികളെ നോക്കാനാണ്. ഓമന കിടക്കുന്ന ജനാലയിലൂടെയാണ് ഞങ്ങള്‍ കത്തുകള്‍ കൈമാറുന്നത്.

ഞങ്ങളുടെ സ്‌നേഹം ആരുമറിയാതെ പവിത്രമായി മുന്നോട്ടുപോയി. എല്ലാവരുടേയും ദൃഷ്ടികള്‍ ഞങ്ങളില്‍ നിന്നും അകന്നു. പത്തി വിടര്‍ത്തി വന്നവരൊക്കെ പീലി വിടര്‍ത്തി ആടുന്ന മയിലുകളേ പോലെയായി. ആര്‍ക്കും പരാതിയില്ല. പരിഭവമില്ല. ഓമനയുടെ ചേട്ടന്‍ കോള്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിയിലെ സ്റ്റേനോഗ്രാഫര്‍ ആണെങ്കിലും ആളിന്റെ ഭാവവും സമീപനവും കണ്ടാല്‍ ഒരു മാനേജര്‍ എന്ന ഭാവം ഉളളില്‍ പതിഞ്ഞു കിടപ്പുണ്ട്. റാഞ്ചി ബസ്സ് സ്റ്റാന്‍ഡില്‍ ഞാനതു ചോദിച്ചു. ഇയാള് കുരുവിളയെ പറഞ്ഞു വിട്ടാല്‍ എന്നെയങ്ങ് ഒലത്തുമെന്ന് കരുതിയോ. ആണുങ്ങള്‍ നേര്‍ക്കുനേരെയാണ് ഇടപെടുന്നത് അല്ലാതെ ഒളിഞ്ഞും മറഞ്ഞുമല്ല. ആണായിട്ട് നടക്കന്നു. എന്നോടുള്ള അമര്‍ഷം പുറത്തു വന്നത് ഒരു വാചകത്തിലാണ്. ഗുണ്ടകളോട് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല. ഞാനതിനു മറുപടി കൊടുത്തു. വെറുതേ ഗുണ്ടായിസമൊന്നും എന്നെക്കൊണ്ട് എടുപ്പിക്കല്ലേ. ഓമനയുടെ ചേട്ടനാണെന്നൊന്നും ഞാന്‍ നോക്കത്തില്ല. സല്‍പേരുളള കുറേ ആണും പെണ്ണും കെട്ട വര്‍ഗ്ഗം. മറുപടി പറയാതെ എന്റെ മുന്നില്‍ നിന്നും മുഖം ചുളിച്ചുകൊണ്ട് മാമന്‍ നടന്നകന്നു.

അച്ചന്‍കുഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിയെത്തി. അതോടെ മനസ്സാകെ വീണ്ടും വിഷമത്തിലായി. ഒരു ജോലി അത്യാവശ്യമാണ്. റാഞ്ചിയിലെ ജേര്‍ണലിസം പഠനം ഞാന്‍ ഫീസ് കൊടുക്കാത്തതിനാല്‍ നിറുത്തി. വാര്‍ത്താ ലേഖകനൊപ്പം കുറേ അലഞ്ഞു തിരിഞ്ഞെങ്കിലും സ്ഥിരമായ ഒരു തൊഴില്‍ ലഭിച്ചില്ല. ദുഖഭാരവുമായി ഇരിക്കുമ്പോഴാണ് ജ്യേഷ്ഠത്തിയുടെ മൂത്ത സഹോദരിയുടെ മകന്‍ രാജു ഹട്ടിയായില്‍ നിന്ന് എനിക്ക് ഒരു ജോലിയുമായി എത്തുന്നത്. അവിടുത്തെ ജനറല്‍ ഫേബ്രിക്കോ കമ്പനിയുടെ സെക്രട്ടറിയായി എനിക്കു ജോലികിട്ടി. രാജു വളരെ സ്‌നേഹപൂര്‍വ്വമാണ് എന്നെ ഒപ്പം താമസ്സിപ്പിച്ചത്. അവിടുത്തെ ആര്‍. എന്‍. സിംഗ് കമ്പനികളുടെ മാര്‍ക്കറ്റിംഗ് മാനേജരാണ്. കമ്പനിയുടെ വക ബുളളറ്റ് മോട്ടോര്‍ ബൈക്കും കൊടുത്തിട്ടുണ്ട്. അവിടെ മറ്റാര്‍ക്കും ബുളളറ്റ് ഉണ്ടായിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് സ്‌കൂട്ടര്‍ ഉണ്ടായിരുന്നത്.

അദ്ധ്യായം – 13
ഗുണ്ടകളുമായുളള ഏറ്റുമുട്ടല്‍

ഗുണ്ടാമേധാവി മിശ്രയുടെ നാവിന്‍ തുമ്പത്തു നിന്നു വന്നതു നല്ല വാക്കുകളായിരുന്നില്ല. അപ്പു അപമാനഭാരത്തോടെ നിന്നതല്ലാതെ എതിര്‍ത്തൊന്നും പറഞ്ഞില്ല. സത്യത്തില്‍ അതിനുളള ധൈര്യമില്ലായിരുന്നു. അയാള്‍ ഒറ്റയ്ക്ക് വന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അപ്പു കാശു ചോദിക്കാറില്ല. കൂട്ടത്തില്‍ രണ്ടുപേര്‍ കഴിച്ചപ്പോള്‍ അതിന് കാശു കിട്ടണം. അതായിരുന്നു അപ്പുവിന്റെ നിലപാട്. അതയാള്‍ മിശ്രയോട് പറയുകയും ചെയ്തു. എന്റെ കൂടെ വന്നവരെ നീ അപമാനിച്ചു അതായിരുന്നു മിശ്രയുടെ വാദം. അയാള്‍ തന്റെ കൊമ്പന്‍ മീശ പിരിച്ചുകൊണ്ട് അപ്പുവിന്റെ കഴുത്തില്‍ ബലമായി പിടിച്ചിട്ട് ചോദിച്ചു, നിനക്ക് കാശു വേണോടാ മദ്രാസ്സി. അപ്പു ഭയത്തോടും ദൈന്യതയോടും നോക്കി. കടയില്‍ മൂന്നു ജോലിക്കാരുളളതാണ്. അതില്‍ ഒരാള്‍ പാചകക്കാരനാണ്. ഞാനും സെയിനും അടുക്കളയില്‍ തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ അടുപ്പിലെ കല്‍ക്കരിയില്‍ നിന്നുളള ചൂടു കൊണ്ട് നില്‍ക്കുകയായിരുന്നു.

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച്ച കാണുന്നത്. മിശ്ര എന്ന ഗുണ്ടയെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കാണുന്നത്. പാചകം ചെയ്യുന്ന സുരേഷ് പറഞ്ഞപ്പോഴാണ് അത് മനസ്സിലായത്. എച്ച്. ഈ. സിയില്‍ എന്തോ ജോലിയുണ്ട്. മേലുദ്യോഗസ്ഥന്‍ ഇയാള്‍ ജോലി ചെയ്തില്ലെങ്കിലും ഒന്നും പറയില്ല. രാവിലെ വന്ന് ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നീടുളള ഉദ്ദ്യോഗം രാഷ്ട്രീയ നേതാക്കന്മാരുടെ വീട്ടിലെ കളളുകുടിയും ചീട്ടുകളിയുമാണ്. സൗത്ത് ഇന്ത്യന്‍ ഹോട്ടലുകളില്‍ കയറി വയറു നിറയെ തിന്നും എന്നിട്ട് മടങ്ങിപോകും. പാവം കടയുടമകള്‍ ഒന്നും ചോദിക്കാറില്ല. ചോദിച്ചാല്‍ അടിയുറപ്പാണ്.

ഈ സ്ഥലത്തെ പ്രബലന്മാരണവര്‍. മറ്റു ഗുണ്ടകളുമായിട്ടാണ് സാധാരണ ഏറ്റുമുട്ടാറുളളത്. പലതും കത്തികുത്തിലാണ് അവസാനിക്കുന്നത്. സുരേഷ് ഇതൊക്കെ പറയുമ്പോഴും എന്റെ കണ്ണുകളില്‍ പകയും വിദ്വേഷവും മാത്രമായിരുന്നു. മൂന്നു ഗുണ്ടകള്‍ അപ്പുവിനു ചുറ്റുമായി നിലയുറപ്പിച്ചു നിന്നു. കടയിലെ ജോലിക്കാരന്‍ ചെന്ന് മിശ്രയോട് അപേക്ഷിച്ചു. മിശ്രസാബ് തെറ്റുപറ്റി, ഇയാളെ വിടൂ, പൈസയൊന്നും വേണ്ട. കൂട്ടത്തില്‍ നിന്നവന്‍ അവന്റെ കരണത്തടിച്ചിട്ട് ഒരു തളളും കൊടുത്തു. അവന്‍ ബഞ്ചും വലിയ മേശകളും മറിച്ചു കൊണ്ട് വീണു. കടയ്ക്കുളളിലിരുന്നവര്‍ ഓരോരുത്തരായി ഭയത്തോടെ പുറത്തേക്കിറങ്ങിപ്പോയി.

പരിഭ്രാന്തിയോടെ നിന്ന അപ്പു മിശ്രയോട് എന്നെ വിട് എനിക്ക് പൈസയൊന്നും വേണ്ട. അതൊരു അപേക്ഷയായിരുന്നു. ഒരു ഇളിഭ്യച്ചിരിയോടെ പറഞ്ഞു. തലയുയര്‍ത്തി തലയില്‍ തലോടിയിട്ട് പറഞ്ഞു. നിന്നെ അങ്ങനെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. അപ്പുവിന്റെ മുഖത്ത് ദേഷ്യം ഇരട്ടിച്ചു. അപ്പു പല ചട്ടമ്പികളേയും നേരിട്ടാണ് ഒരു ഹോട്ടലുടമയുടെ വേഷം കെട്ടിയത്. പലപ്പോഴും വഴക്കുകള്‍ ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുളളത്. മിശ്രയുടെ തുളച്ചു കയറുന്ന നോട്ടത്തില്‍ അപ്പു കൂസ്സാതെ നിന്നു. കൂടെ നിന്നവന്‍ നിന്ദിച്ചും പരിഹസിച്ചും ചിരിച്ചു രസിച്ചു. അപ്പുവിന്റെ ശബ്ദം ഉയര്‍ന്നു. ഉടുപ്പില്‍ നിന്നും കൈ എടുക്കെടാ. ഉടുപ്പിലെ പിടിവിടാന്‍ തയ്യാറായില്ല. ഞാന്‍ സഹതാപത്തോടും പകയോടും നോക്കി. എങ്ങനെ അപ്പുവിനെ ഈ ദുഷ്ടന്മാരുടെ കയ്യില്‍നിന്നും വിടുവിക്കും. അപ്പോഴും ഉടുപ്പുമായുളള പിടിവലി തുടര്‍ന്ന് ഉടുപ്പിന്റെ ബട്ടണ്‍ പൊട്ടിമാറി. മിശ്ര സര്‍വ്വശക്തിയുമെടുത്ത് അപ്പുവിന്റെ നെഞ്ചത്ത് ഇടിച്ചു. ആ ഇടിയില്‍ അയാള്‍ പിറകോട്ട് വേച്ചുപോയി. ആ മിഴികള്‍ അകത്തേക്ക് ദയനീയമായി നോക്കി. അത് എന്നെയായിരുന്നു.

ഇതൊക്കെ കണ്ടു നില്‍ക്കാനുളള മാനസ്സികാവസ്ഥ എനിക്കുമില്ലായിരുന്നു. സെയിനുവിനോടു പറഞ്ഞു നീ ഈ വാതില്‍ക്കല്‍ നിന്നോണം ഒരുത്തനേയും അകത്തേക്കു കടത്തരുത്. ഒരു വാതിലില്‍ സെയിനു നിന്നാല്‍ മറ്റൊരാള്‍ക്ക് അകത്തേക്ക് കടക്കാന്‍ പറ്റില്ല. അതാണ് അവന്റെ ശരീരം. അവന്റെ കണ്ണുകളില്‍ പക എരിഞ്ഞുനിന്നു. ഞാന്‍ മുന്നോട്ട് വന്നുയര്‍ന്ന് ആദ്യത്തെ ചവിട്ട് മിശ്രയുടെ നെഞ്ചില്‍ തന്നെ കൊടുത്തു. അയാള്‍ മേശകളെ മലര്‍ത്തി അതിനൊപ്പം വീണു. അപ്പുവും ജോലിക്കാരും രണ്ടു ഗുണ്ടകളെ നേരിട്ടു. തടിമാടനായ മിശ്ര മുകളിലേക്ക് ഉയരുന്തോറും എന്റെ ചവിട്ടു തുടര്‍ന്നു. അയാളുടെ കണ്ണുകള്‍ ഒരു വന്യമൃഗത്തിന്റെ പോലെയായി. അടിയില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാരെ മിശ്രയുടെ ഗുണ്ടകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞാനും അവരെ നേരിട്ടു. കാര്യങ്ങള്‍ ഇത്രവേഗം തിരിഞ്ഞു മറയുമെന്ന് അവരും പ്രതീക്ഷിച്ചില്ല. പുറത്ത് റോഡില്‍ നിന്നവരെല്ലാം ഭയാനകമായിട്ടാണ് ആ കാഴ്ച്ച കണ്ടത്. ഗുണ്ടകള്‍ തമ്മില്‍ തെരുവില്‍ തല്ലുകൂടി കണ്ടിട്ടുണ്ടെങ്കിലും ഒരു ഹോട്ടലിനുളളില്‍ ആദ്യമായിട്ടാണ്.

ഇതിനിടയില്‍ അവരില്‍ ഒരുവന്‍ അടുക്കളയിലേക്ക് പ്രവേശിച്ചു. അവനെ നേരിട്ടത് സെയിനുവായിരുന്നു. അപ്പു ക്ഷീണിതനായി ഏങ്ങലടിച്ചുകൊണ്ട് തളര്‍ന്നിരുന്നു. മിശ്രയും അടുക്കളയിലെത്തി മറ്റുളളവരെ ഭയപ്പെടുത്തി പോകുന്നത് കണ്ടിട്ട് എന്റെ അടുത്ത ചവിട്ട് അയാളുടെ പുറത്തായിരുന്നു. അയാള്‍ മുന്നോട്ടു പോയി വീണു. അതിനുളളില്‍ ഞാനും സെയിനും മാത്രമായി. പുറത്തുളളവനും അകത്തേക്ക് ചാടി വന്നു. എന്റെ കാലു കൊണ്ടുളള ചവിട്ടില്‍ മിശ്രയുടെ നാഭി തകര്‍ന്ന് അയാള്‍ വേച്ചു വേച്ചു പുറത്തേക്കു നടന്നു. അരയിലുളള കത്തി എടുക്കാനുളള ശക്തിയും നഷ്ടപ്പെട്ടു. എന്റെ കണ്ണുകളില്‍ രോഷാഗ്നി കത്തിനിന്നു. അതു തീനാളം പോലെ അടുക്കളയില്‍ എരിഞ്ഞു. പുറത്തു നിന്ന് പരിഭ്രമത്തോടെ ഉറ്റുനോക്കിയവര്‍ അകത്ത് എന്തോ ഭീകരമായതു സംഭവിച്ചുവെന്ന് മനസ്സിലാക്കി. ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു കാണുമെന്നവര്‍ വിശ്വസിച്ചു. വികാരവേശത്തോടെ വന്ന ഗുണ്ടകള്‍ തീവ്രവേദന സഹിച്ച് നാഭിയില്‍ കൈകള്‍ അമര്‍ത്തി പുറത്തേക്ക് നടക്കുമ്പോള്‍ അവിടെ കൂടി നിന്ന മലയാളികളടക്കമുളളവരുടെ മനസ്സില്‍ എന്റെ മരണം ഉറപ്പാക്കിയിരുന്നു. എന്നെ മാത്രം പുറത്തേക്ക് കണ്ടില്ല. അവര്‍ ഒരു ദുസ്വപ്‌നം പോലെയാണ് എല്ലാം കണ്ടുനിന്നത്. ഗുണ്ടകള്‍ പാവങ്ങളെ നിര്‍ദ്ദയം ഉപദ്രവിക്കുന്നതില്‍ അവര്‍ എന്തു ചെയ്യാനാണ്. ഞനെന്ന കുറ്റവാളിയാണ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം . കടയ്ക്കുളളിലെ ഉപകരണങ്ങളെല്ലാം അവര്‍ വലിച്ചു വാരി എറിഞ്ഞതും കാണികള്‍ക്ക് ഒരു സുന്ദര കാഴ്ച്ചയായിരുന്നു. എനിക്ക് എന്തുപറ്റിയെന്നറിയാനുളള ധൈര്യം പോലും ആരും കാണിച്ചില്ല. അതിനെല്ലാം അവര്‍ക്ക് മറുപടിയുമുണ്ട്. ഇതിനെല്ലാം കാരണം അവന്റെ അഹങ്കാരമാണ്. എല്ലാവരും വിയര്‍പ്പില്‍ കുളിച്ച് അവശരായി സ്വയം രക്ഷപ്പെട്ടപ്പോള്‍ ഞാന്‍ മാത്രം എന്താണ് രക്ഷപ്പെടാഞ്ഞത്. മനസ്സ് അപ്പോഴും അസ്വസ്ഥമായത് അടികൊണ്ടതിലും കൈയ്യില്‍ കെട്ടിയിരുന്ന വാച്ച് തവിടു പൊടിയായതിലും ധരിച്ച ഉടുപ്പ് കീറിപ്പറിഞ്ഞിപോയതിലുമല്ല. എന്റെ ആത്മസുഹൃത്ത് സെയിന്‍ എന്നെ ഉപേക്ഷിച്ചു പോയതിലാണ്.

അങ്ങനെ വിഷണ്ണനായി കടക്കുള്ളിലേക്ക് നടക്കുമ്പോള്‍ മുന്നിലേക്ക് ജ്യേഷ്ഠനും രണ്ട് പോലീസ്സുകാരും വന്നു. ജ്യേഷ്ഠന്‍ എന്നോട് അസംതൃപ്തി ഉണ്ടെങ്കിലും ജീവനോടെ കണ്ടതില്‍ ആശ്വസിച്ചു. ജ്യേഷ്ഠന്‍ കട പൂട്ടിയിട്ട് എന്നെയും കൊണ്ട് പോലീസ്സിനൊപ്പം ദുര്‍വ്വ പോലീസ് സ്‌റ്റേഷനിലേക്ക് പോയി. തണുപ്പ് എന്റെ ശരീരമാകെ തുളച്ചു കയറിയിരുന്നു. അവിടെ നടന്ന സംഭവമെല്ലാം ഞാന്‍ പോലീസ്സിനെ ധരിപ്പിച്ചു. അവര്‍ ഉടനടി മഹസര്‍ തയ്യാറാക്കി. ആശുപത്രിയുടെ മുന്നിലുളള ഒരു റോഡിന്റെ മൂലയ്ക്കായിരുന്നു പോലീസ് സ്‌റ്റേഷന്‍. വീട്ടിലേക്കുളള യാത്രയിലാണ് ജ്യേഷ്ഠന്‍ സെയിനുവിന്റെ കാര്യം പറഞ്ഞത്. അവനെ ആശപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അതു കേട്ട് എനിക്ക് വിഷമം തോന്നി. പെട്ടെന്നാര്‍ക്കും അവനെ അടിച്ചു തറ പറ്റിക്കാന്‍ സാധിക്കില്ല. ഇനീം അടുക്കളയില്‍ കണ്ട കത്തി വല്ലതുമെടുത്ത് കുത്തിയോ. എന്റെ നേര്‍ക്ക് ഒരു കത്തി വീണതു ഞാനപ്പോള്‍ ഓര്‍ത്തു. അല്പം വൈമനസ്യത്തോടെ ചോദിച്ചു. എന്താ അവനു പറ്റിയത്. അതിനു മറുപടിയായി ലഭിച്ചത് നിന്റെ ചവിട്ടുകൊണ്ട് അവന് മൂത്രമൊഴിക്കാന്‍ പ്രയാസമായി. വേദനയോടെയാണവന്‍ അവിടെനിന്ന് ഇറങ്ങി വീട്ടില്‍ എത്തിയത്. ഭാഗ്യത്തിന് ഞാനവിടെ ഉണ്ടായിരുന്നു. നീയിങ്ങനെ ചവിട്ടു തുടര്‍ന്നാല്‍ എങ്ങനെയാ? മനഷ്യന്മാര്‍ മരിച്ചുപോകില്ലേ. എന്റെ ജീവന്‍ അപകടത്തിലായാല്‍ അതിനും ഞാന്‍ മടിക്കില്ലെന്ന് പറയണമെന്നു തോന്നി. എന്നാല്‍ മറുപടി പറഞ്ഞില്ല. ആ രാത്രിയില്‍ അപ്പുവും ജോലിക്കാരും വീട്ടിലെത്തി. ജ്യേഷ്ഠന്‍ അവരെ ധൈര്യപ്പെടുത്തി. നാളെ കട തുറന്നു പ്രവര്‍ത്തിക്കണം. മറ്റുളളതൊക്കെ എനിക്ക് വിട്ടേര്. അവന്മാരുടെ ഗുണ്ടയിസ്സം ഇനിയും അവിടെ നടക്കത്തില്ല. ഇവിടെ വേറേയും ഗുണ്ടകളുണ്ട്. ജ്യേഷ്ഠന് അവിടുത്തെ രാഷ്ട്രീയക്കാരുമായി നല്ല ബന്ധമാണുണ്ടയിരുന്നത്.

മദ്രാസികളുടെ കടകളിലും ഹോട്ടലുകളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും വേണ്ടേന്ന് അവരുടെ സംസാരത്തില്‍ നിന്നു മനസ്സിലാക്കി. ജ്യേഷ്ഠത്തി അവര്‍ക്കെല്ലാം ചായ ഇട്ടു കൊടുത്തു. അപ്പു എന്നെ പ്രത്യേകം പുകഴ്ത്തി പറഞ്ഞു. മനസ്സിനു ധൈര്യം തന്നത് എന്റെ ഇടപെടലെന്ന് അപ്പുവിന്റെ വാദം ഈര്‍ഷ്യയോടെയാണ് ജ്യേഷ്ഠത്തി കേട്ടാല്‍ ആ മുഖഭാവം അതു വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞത് കഴിഞ്ഞു. ഇനിയും അതോര്‍ത്ത് വിഷമിച്ചിട്ട് ഫലമില്ല. അപ്പുവിനെ ധൈര്യപ്പെടുത്തി അവരെ യാത്രയാക്കി. ഞാന്‍ എഴുന്നേറ്റ് കുളിക്കാനായി പോയി. കുളി കഴിഞ്ഞു വരുമ്പോള്‍ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും സംസാരിച്ചത് എന്നെപ്പറ്റിയാണ്. അകത്തേ മുറിയില്‍ തുണി മാറിയിടുമ്പേള്‍ ജ്യേഷ്ഠത്തി അറിയിച്ചത് ഇവനെ ഇവിടുന്ന് മാറ്റുന്നതാണ് നല്ലത്. അവന്മാര്‍ വെറുതെ ഇരിക്കില്ല.

നാട്ടുകാര്‍ പറയുന്നത് അനുജന്റെ സ്വഭാവഗുണങ്ങള്‍ അത്ര നല്ലതല്ല എന്നാണ്. മറ്റുളളവര്‍ക്ക് അപമാനമുണ്ടാക്കരുത്. തുണി മാറി ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ ജ്യേഷ്ഠത്തി അകത്തേക്ക് പോയി. ജ്യേഷ്ഠന് മനപ്രയാസമുണ്ട്. ആരെ കുറ്റപ്പെടുത്തണമെന്നറിയാതെ മൗനത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, ആപത്തില്‍ ഒരാളെ സഹായിക്കുന്നത് തെറ്റാണോ. അതില്‍ സങ്കടപ്പെടാനും ഭയപ്പെടാനും എന്തിരിക്കുന്നു. തങ്കച്ചായന്‍ ഇവിടുത്തെ ഹിന്ദു മുസ്‌ലീം കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഇടപെട്ടിട്ടില്ലേ?. കേരളത്തില്‍ നിന്നും വന്ന ഹിന്ദുക്കളും ക്രിസ്തിയാനികളും ഇവിടുത്തെ മുസ്‌ലീങ്ങളെ സ്വന്തം ക്വാര്‍ട്ടറില്‍ ഒളിപ്പിച്ചു താമസ്സിപ്പിച്ചിട്ടില്ലേ?. ഹിന്ദു തീവ്രവാദികളില്‍ നിന്ന് രക്ഷിച്ചിട്ടില്ലേ?. നല്ല മലയാളികള്‍ക്ക് തിന്മക്ക് കൂട്ടുനില്‍ക്കാനാകില്ല. അവരൊന്നും ജാതിമതങ്ങളെ കൂട്ടുകാരായി കൊണ്ടു നടക്കുന്നവരല്ല. ഞാന്‍ വന്നതിനു ശേഷം ഇവിടുത്തെ ഒരു മുസ്‌ലീം ക്വാര്‍ട്ടറിലെ യുവതിയെ ഹിന്ദു യുവതിയുടെ തുണികള്‍ ധരിപ്പിച്ച് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി മിനി ബസ്സില്‍ റാഞ്ചിക്കു വിട്ടത് എന്തിനായിരുന്നു?. ആ രാത്രിയില്‍ ആ ക്വാര്‍ട്ടറിനു ഹിന്ദു തീവ്രവാദികള്‍ തീയിടുന്നെന്ന് അറിവ് ലഭിച്ചതു കൊണ്ടല്ലേ. ആ സ്ത്രീയുടെ ഭര്‍ത്താവിനെ ആ വിവരം ഫോണിലറിയിച്ചത് തങ്കച്ചായനല്ലേ?.
മനപ്രയാസത്തോടെ മൂകനായി എന്നെ നോക്കിയിട്ട് പറഞ്ഞു. സാധാരണക്കാരായ അറിവില്ലാത്ത മനുഷ്യര്‍ എന്ത് അധര്‍മ്മത്തിനും വഴങ്ങുന്നവരാണ്. ആ കൂട്ടത്തില്‍ നീ പോകണമെന്ന് ഞാന്‍ പറയില്ല. എല്ലാ മനുഷ്യരോടും സ്‌നേഹത്തോടും സഹാനുഭൂതിയോടും പ്രവര്‍ത്തിക്കാനേ ഞാന്‍ പറയൂ. എന്റെയോ മറ്റുളളവരുടെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് നീ വഴങ്ങേണ്ടതില്ല. നിന്റെ ഇഷ്ടത്തിനു ചെയ്യുക. അതിന്റെ ഭവിഷത്തുകള്‍ നേരിടാനും നീ ഒരുങ്ങികൊളളണം. കടയിലെ സംഭവത്തിനു നിന്നെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. അമ്മിണി പറഞ്ഞതു പോലെ നിനക്കെതിരെ ഇപ്പോള്‍ ഹിന്ദുക്കളും രംഗത്തുണ്ട്. അതു മറക്കരുത്. ജ്യേഷ്ഠന്‍ എഴുന്നേറ്റു പോയി.

അത്താഴം കഴിഞ്ഞ് കട്ടിലില്‍ കിടന്നു. ശരീരമാകെ നല്ല വേദനയായിരിന്നു. തണുത്ത വെളളത്തില്‍ കുളിച്ചപ്പോള്‍ നീറ്റലും തോന്നിയിരുന്നു. സെയ്‌നുവിനെ നാളെ തന്നെ ആശുപത്രിയില്‍ പോയി കാണണം. അറിയാതെ സംഭവിച്ചതെന്ന് പറയണം. ചവിട്ട് ചെറുപ്പത്തിലേ തന്നെ നല്ല ശരീര ഭാരമുളള ഞാന്‍ എങ്ങനെ അഞ്ചടിക്ക് മുകളില്‍ ചാടിയെന്നത് അതിശയമായിരുന്നു. അതു പോലെ വലിയ ഭാരമുളള കാട്ടുകല്ല് എറിഞ്ഞാണ് ഷോട്ട്പുട്ടിലും ഡിസ്‌കസ്‌ത്രോയിലും പരിശീലിച്ചത്. അതിലും എല്ലാ വര്‍ഷവും ഒന്നാം സ്ഥാനമണ് കിട്ടിയത്. ചെറുപ്പത്തിലെ നിത്യ പരിശീലനം എനിക്ക് ഗുണമാണ് നല്‍കിയിരിക്കുന്നതെന്നു തോന്നി. ഏതു ഭീകരാവസ്ഥയിലും മനുഷ്യനു മനസ്സിലുണ്ടാകുന്ന ഭീതീയേക്കാള്‍ ആത്മധൈര്യമാണ് ആവശ്യമെന്ന് ഈ സംഭവത്തിലൂടെ പഠിച്ചു. പുറത്തു മഞ്ഞു പെയ്തുകൊണ്ടിരുന്നു. ജനാലകളിലും മഞ്ഞു പറ്റിപ്പിടിച്ചിരുന്നു.

നിത്യവും മഞ്ഞു നിറഞ്ഞ റോഡിലൂടെ രാവിലെ ഏഴുമണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ഷോര്‍ട്ട്ഹാന്‍ഡ് എഴുതിയിട്ട് മിനിബസ്സില്‍ റാഞ്ചി എക്‌സപ്രസ് പത്ര ഓഫിസ്സിലേക്ക് പോയിരുന്നു. കേസ്സില്‍പ്പെട്ട് മിശ്രയും കൂട്ടരും ഒളിവില്‍ പോയിരുന്നു. ചില മലയാളി ശത്രുക്കള്‍ എന്നെ പകയോടെ നോക്കിയെങ്കിലും കൂടുതല്‍ മലയാളികളുടെ മനസ്സില്‍ ഞാനൊരു മലയാളിഗുണ്ടയായി മാറിക്കഴിഞ്ഞു. മിനി ബസ്സില്‍ യാത്ര ചെയ്തിരുന്ന രണ്ടു മലയാളികള്‍ എന്നെ അഭിനന്ദിച്ചു. ഇവിടെ ചില മലയാളി ഗുണ്ടകളുണ്ട് ഈ മിശ്രയേപ്പോലുളള ഗുണ്ടകളെ നേരിടാന്‍ മുന്നോട്ടു വരില്ല. മുട്ടു വിറയ്ക്കും. മദ്രാസ്സി എന്നു പറഞ്ഞാല്‍ തല്ലുകൊളളികള്‍ എന്നാ അവന്മാരുടെ ധാരണ. മറ്റുളളവന്റെ ചെലവില്‍ തിന്നും കുടിച്ചും കുടവയറുമായി നടക്കുന്ന നാറികള്‍. ഞാന്‍ തിരിച്ചു ചോദിച്ചു. നിങ്ങള്‍ക്കും സമൂഹത്തോട് ഒരു ഉത്തരവാദത്വമില്ലേ. കുറ്റബോധത്തോടെയവര്‍ പ്രതികരിച്ചു, ഭാര്യയും കുട്ടികളുമായി ജീവിക്കുന്ന ഞങ്ങള്‍ക്ക് അതിനു കഴിയാറില്ല. സോമന്‍ ചെയ്തത് ഞങ്ങളുടെ കടമ തന്നെയാ. എന്നാലും സൂക്ഷിച്ചോണം കേട്ടോ. എന്തെന്നില്ലാത്ത ആത്മധൈര്യമാണ് അവര്‍ നല്‍കിയത്.

ഓരോരുത്തര്‍ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നു. ഇവരുടെയെല്ലാം ഉളളില്‍ ഈ കൂട്ടരോട് പകയുണ്ട്. അവരെ നേരിടാനുളള മനോധൈര്യമില്ലാത്തത് അവരുടെ ജീവിത ചുറ്റുപാടുകള്‍ മാത്രമെന്ന് മനസ്സിലായി. സ്‌നേഹാദരവുളള മനുഷ്യരും ഇവിടെ ഉളളത് ആദ്യമായിട്ടാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ഒരു ദിവസം റാഞ്ചിയില്‍ നിന്നു ദുര്‍വ്വയിലേക്ക് മിനി ബസ്സില്‍ വരുമ്പോള്‍ ആ ബസ്സില്‍ കോള്‍ ഇന്ത്യാ കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഒരു അബ്രഹാമുണ്ടായിരുന്നു. എന്നോട് ചോദിച്ചു വര്‍ഗ്ഗീസ്സിന്റെ അനുജനാ അല്ലേ. അതെയെന്ന് ഞാന്‍ മറുപടി കൊടുത്തു. അദ്ദേഹത്തെ എനിക്കറിയാം. ഉന്നത ജോലിയുളള ആളാണ്. എന്നെ എങ്ങനെ തിരിച്ചറിഞ്ഞു. അതറിയില്ല. എന്നോട് ചോദിച്ചു എനിക്കൊരു സഹായം വേണം. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു ഭീതിയുണ്ടായി. ഏതെങ്കിലും ഗുണ്ടയെ തല്ലാനാണോ. മനസ്സമാധാനത്തോടെ ജീവിക്കാന്‍ ഇവര്‍ സമ്മതിക്കത്തില്ലേ?. എന്റെ നിരാശ നിറഞ്ഞ മുഖത്തേക്ക് നോക്കി പറഞ്ഞു. ഞങ്ങള്‍ അടുത്തയാഴ്ച്ച നാട്ടില്‍ പോകുകയാണ്. ഇവിടുത്തുകാര്‍ പലപ്പോഴും അവധിക്കു പോകുന്ന വീടുകളില്‍ മോഷണം നടത്താറുണ്ട്. വീട്ടുസാധനങ്ങള്‍ കൂട്ടത്തില്‍ കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. സോമന് സാധിക്കുമെങ്കില്‍ ഒരു മാസം എന്റെ വീട്ടില്‍ ഒരു ഗെസ്റ്റായി താമസ്സിക്കണം. ചെലവുകള്‍ എന്തും ഞാന്‍ വഹിച്ചോളാം. മനസ്സമാധാനത്തോടെ പോകാനാണ്. പറ്റുമോ?. മനുഷ്യന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്നതാണ് മോഷണം.

അദ്ദേഹം എന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. ഞാന്‍ യാതൊരു മടിയും കൂടാതെ തയ്യാറെന്നറിയിച്ചു. പ്രതീക്ഷിച്ചതു പോലെ സംഭവിച്ചതില്‍ അദ്ദേഹം നന്ദി അറിയിച്ചു. സത്യത്തില്‍ ഞാനാണ് നന്ദി പറയേണ്ടത്. ഹൃദയത്തില്‍ എപ്പോഴും സൂക്ഷിച്ചിരുന്ന ഒരു കാര്യമാണ് ജ്യേഷ്ഠന്റെയടുത്തു നിന്നു മാറി താമസ്സിക്കണമെന്ന്. ജ്യേഷ്ഠത്തി കഴിഞ്ഞയാഴ്ച്ച എന്നോട് പ്രതിഷേധം രേഖപ്പെടുത്തിയത് ഞാനല്പം കല്‍ക്കരിയെടുത്ത് മണ്ണുകൊണ്ടുളള അടുപ്പില്‍ തീ കത്തിച്ച് ചൂടു കൊണ്ടിരിക്കുമ്പോഴാണ്. ആ രംഗം കണ്ടിട്ട് അതിലേക്ക് വെളളം കോരിയൊഴിച്ചിട്ട് തീ അണച്ചു. നല്ല തണുപ്പായതിനാല്‍ ഏതാനും കല്‍ക്കരി കത്തിച്ച് ചൂടിനായി ശ്രമിച്ചതാണ്. നാട്ടിലേതു പോലെ വിറക് കൊളളികള്‍ ഇവിടെ വെറുതെ കിട്ടില്ല. അതാണ് ജ്യേഷ്ഠത്തിയും പറഞ്ഞത്. ഇതു കാശു കൊടുത്തു വാങ്ങുന്നതാണ്. വെറുതെ കത്തിച്ചു കളയാനുളളതല്ല.

വിഷാദം നിറഞ്ഞ മനസ്സോടെ ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. തടഞ്ഞു നിര്‍ത്തിയ കണ്ണുനീര്‍ത്തുളളികള്‍ അടര്‍ന്നു വീണു. കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ കടയിലേക്ക് നടന്നു. അവിടുത്തെ അടുപ്പില്‍ ആളികത്തുന്ന ചൂളകളുണ്ട്. എപ്പോഴും എന്റെ കണ്ണുകളില്‍ പ്രത്യാശയുടെ കിരണങ്ങളായിരുന്നു. മനോദുഖങ്ങളിലും ഞാന്‍ ചോദിക്കും ഈ നിസ്സാര കാര്യങ്ങളെ ഓര്‍ത്ത് എന്തിന് വ്യാകുലപ്പെടണം. മനഷ്യജന്മത്തില്‍ ഭാഗ്യങ്ങളും ദൗര്‍ഭാഗ്യങ്ങളും ഉളളതല്ലേ. ജീവിതത്തില്‍ ലഭിക്കുന്ന തിരിച്ചടികളില്‍ നിന്ന് മാത്രമേ തന്റേടവും സ്‌നേഹവും സമാധാനവും വളര്‍ത്തിയെടുക്കാന്‍ കഴിയു എന്ന് ഞാന്‍ എന്നെതന്നെ പഠിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെയായാല്‍ എല്ലാ നിരാശകളും വേദനകളും മാറി പുതിയ ആശയങ്ങളിലേക്ക് മനസ്സു മാറും. അതിലാണ് എന്റെ എല്ലാ പ്രതീക്ഷകളുമുളളത്. അതു യാഥാര്‍ത്ഥ്യമാകുമോ?.

ഒരു സായംസന്ധ്യയില്‍ കുണ്ടറയാശാന്‍ അപ്പുവിന്റെ കടയില്‍ വന്നു. കുണ്ടറയാശാന്‍ മിശ്രയുടെ സംഘത്തില്‍പ്പെട്ടതല്ല. തിവാരി സംഘത്തില്‍പെട്ടയാളാണ്. മിശ്രയുടെ ആക്രമണത്തെപ്പറ്റി അറിയുവാനും എന്നെ കാണാനുമാണ് വന്നത്. നെറ്റിയില്‍ ചന്ദനക്കുറിയും, ഗാംഭീര്യമാര്‍ന്ന നോട്ടവും, കട്ടിയുളള കറുത്ത മീശയും അത്യന്തം ആകര്‍ഷകമാണ്. കുണ്ടറയാശാന്‍ വന്നപ്പോള്‍ ബഹുമാന പുരസ്സരം എഴുന്നേറ്റു നിന്നു. അദ്ദേഹത്തിനു ഗുണ്ടയെന്ന പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്താലും അധര്‍മ്മത്തിനു കൂട്ടുനില്‍ക്കുന്ന ആളല്ലായിരുന്നു. മലയാളിയുടെ കടയില്‍ കയറി അക്രമം കാണിച്ചവനെ നിങ്ങള്‍ അടിച്ചൊതുക്കിയത് നന്നായി എന്ന് ആശാന്‍ അപ്പുവിനെ ധരിപ്പിച്ചു. ഇവിടുത്തെ ഗുണ്ടാസംഘങ്ങള്‍ പരസ്പരം പകയുളളവരെന്നും ഒരു കൂട്ടര്‍ പരാജയപ്പെട്ടാല്‍ മറ്റു സംഘങ്ങള്‍ സന്തോഷിക്കുമെന്നും അപ്പുവിനറിയാം. എന്നെപ്പറ്റി ആശാന്‍ അപ്പുവുമായി സംസ്സാരിച്ചു. ആ വരവിന്റെ പ്രധാന ഉദ്ദേശ്യം എന്നെ ആ സംഘത്തില്‍ ചേര്‍ക്കാനായിരുന്നു.

അടുക്കളയില്‍ നിന്ന് എന്നെ അപ്പു വന്നു വിളിച്ചു. ഞാന്‍ പുറത്തേക്കു വന്നു. അപ്പു എന്നെ ആശാനു പരിചയപ്പെടുത്തി. മറ്റുളളവര്‍ പറഞ്ഞുകേട്ടതു പോലെ ഇവന്‍ ധൈര്യശാലിയാണോ. ഒരാളുടെ സാമര്‍ത്ഥ്യം അവന്റെ ശരീര ഭംഗിയിലല്ലല്ലോ. അപ്പു ആവി പറക്കുന്ന ചായ ആശാനു നല്‍കി. അപ്പുവിനോട് അറിയിച്ചു. ഇനിയും അവന്മാര്‍ വന്നാല്‍ എന്റെ ആള്‍ക്കാരും ഇവിടൊക്കെ കാണും. നിങ്ങള്‍ ഒറ്റയ്ക്കല്ല. വര്‍ഗ്ഗീസ്സിനോട് പറഞ്ഞേക്ക്. ആശാന്‍ എന്നേയും കൂട്ടി കടയ്ക്കു മുന്നിലേക്കിറങ്ങി മറ്റളളവര്‍ കാണാന്‍ വേണ്ടി ചായ കുടിച്ചുകൊണ്ട് പറഞ്ഞു. ഇനിയും നിനക്കൊപ്പം ഞാനുണ്ട്. ഇവിടെ ഒരുത്തനേയും ഭയക്കേണ്ട. നീ ഞങ്ങളുടെ സംഘത്തിലെ ഗുണ്ടയായി ദുര്‍വ്വായില്‍ ഉണ്ടായാല്‍ മതി. ഞാന്‍ സംശയത്തോടെ നോക്കി നിന്നു. അവിടേക്ക് രണ്ടു ഹിന്ദിക്കാര്‍ വന്ന് ആശാനുമായി സംസാരിച്ചു. നിങ്ങളുടെ നോട്ടം ഇവിടെ വേണം. ഇവന്റെ പേര് സോമന്‍ അവനോടൊപ്പം നിന്നുകൊളളണം. പിന്നെക്കാണാം എന്ന് പറഞ്ഞിട്ട ചായയുടെ ഗ്‌ളാസ്സ് എന്റെ കൈയ്യില്‍ തന്നിട്ട് നടന്നു പോയി. രണ്ടു ഗുണ്ടകള്‍ റോഡില്‍ നിലയുറപ്പിച്ചു.

അദ്ധ്യായം – 12
ആദ്യ ജോലി മോഷണം

ആ സംഭവം അപ്പോള്‍ തന്നെ ചെറിയാന്‍ ജ്യേഷ്ഠത്തിയെ വര്‍ണ്ണോജ്വലമായി ധരിപ്പിച്ചു. പരസ്പരം തല്ലുകൂടുന്നവരെ ഒന്നകറ്റാന്‍ ശ്രമിക്കാതെ എരിതീയില്‍ എണ്ണയൊഴിക്കും പോലുളള ഒരാളായിരുന്നു ചെറിയാന്‍. തിന്മകളെ ഒറ്റപ്പെടുത്താന്‍ കഴിയാതെ അതിനോട് സഹതാപം കാട്ടുന്നവര്‍. വീട്ടിലെത്തിയ എന്നെ ജ്യേഷ്ഠത്തി ശകാരിച്ചു. ഓരോ വാക്കുകളും എന്നെ അമ്പരപ്പിച്ചു. ജ്യേഷ്ഠത്തി കാര്യമറിയാതെ തുളളുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. ആരോ തെറ്റിധരിപ്പിച്ചതാണ്. നീ ഇവിടെ വന്നത് ഞങ്ങളുടെ സ്വസ്ഥത നശിപ്പിക്കാനാണോ. ഇന്നുവരെ ഇവിടെ ജീവിച്ചത് അഭിമാനത്തോടെയാ. ഞാന്‍ അതിനു മറുപടിയായി ചോദിച്ചു, എന്നെ ഒരുത്തന്‍ അനാവശ്യമായി അസഭ്യം പറഞ്ഞാല്‍, ഉപദ്രവിച്ചാല്‍ അതെല്ലാം കയ്യും കെട്ടി സ്വീകരിക്കണമെന്നാ പറയുന്നേ?. അതിനെ എതിര്‍ത്തിട്ട് അറിയിച്ചു, നീ ഇനി ആരെയും ഉപദ്രവിക്കരുത്. നീയിപ്പോള്‍ ഒരു തലവേദനയായി മാറിയിരിക്കയാ. മറ്റുളളവരുടെ മുഖത്ത് എങ്ങനെ നോക്കും?. സ്വന്തം നിലപാടുകള്‍ എന്റെമേല്‍ അടിച്ചേല്പിച്ചിട്ട് ജ്യേഷ്ഠത്തി അടുക്കളയിലേക്ക് പോയി. മറ്റുളളവര്‍ക്കൊപ്പം നിന്ന് എന്നെ എതിര്‍ക്കാനാണ് ശ്രമം. നാട്ടിലേതു പോലെ സ്വന്തം വീട്ടില്‍ നിന്നും ഭീഷണികളാണ് മുന്നിലുളളത്.ജ്യേഷ്ഠത്തിയുടെ ഓരോ വാക്കിലും പ്രവര്‍ത്തിയിലും ഒരു മുന്നറിയിപ്പുണ്ട്. അത് ഈ പ്രശ്‌നം ഉണ്ടായതിന് മുമ്പ് ഉളളതാണ്. അതിങ്ങനെ വായിക്കാം, ”എനിക്ക് നിന്നെ ഇഷ്ടമല്ല, ഇവിടെ താമസിക്കുന്നതിലും താത്പര്യമില്ല”. ജീവിക്കാന്‍ മറ്റൊരിടമില്ലാത്തതു കൊണ്ട് ജ്യേഷ്ഠത്തിയുടെ ശകാരവും മറ്റും എന്നെ ഒട്ടും തളര്‍ത്തിയില്ല. സ്‌നേഹം വാരിക്കോരി തരാത്തതില്‍ പരിഭവം തോന്നിയിട്ടില്ല. എന്നെ പലതില്‍ നിന്നും ഒഴിവാക്കിയപ്പോഴും പരിഭവമില്ലായിരുന്നു.

ഞാനറിയാതെ പ്രളയകാലത്തെ കൊടുങ്കാറ്റു പോലെ മലയാളികള്‍ക്കിടയില്‍ ഒരു ഗുണ്ട എന്ന പേര് എനിക്കുണ്ടായി. റാഞ്ചിയില്‍ പേരെടുത്തിട്ടിളള ഗുണ്ടകളായ വാസുപിളള, കുണ്ടറയാശാന്‍ ഇവരുടെ കാതുകളിലും വര്‍ഗ്ഗീസ് കാരൂരിന്റെ അനുജന്‍ സോമന്‍ എന്ന ഗുണ്ടയെത്തി. വാസുപിളളയും കുണ്ടറയും ഹിന്ദിക്കാരായ പല ഗുണ്ടാ നേതാക്കെളെയും അടിച്ചൊതുക്കി പേര് സമ്പാദിച്ചവരാണ്. ഹിന്ദി ഗുണ്ടകളൊക്കെ മദ്യ ലഹരിയില്‍ ആയതുകൊണ്ടാണ് എന്ന വാദവും ഒരു കൂട്ടര്‍ പറയാറുണ്ട്. വള്ളികുന്നം, ആനന്ദന്‍, സുകുമാരപിളള മുതലായവരുടെ കഴുകന്‍ കണ്ണുകള്‍ എന്റെ ചുറ്റും പറന്നുകൊണ്ടിരിക്കുന്നു. അവരുടെ നിശ്വാസവായുവിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത് എന്നെ അടിച്ച് തറ പറ്റിക്കണം. എന്ന ആഗ്രഹമാണ്.

കുണ്ടറയാശാനെ സമീപിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി, വര്‍ഗ്ഗീസ് നാട്ടില്‍ നിന്നു വരട്ടെ എന്നാണ്. കൂട്ടത്തില്‍ ഒരു ഉപദേശവും കൊടുത്തു. മനുഷ്യര്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ മതത്തിലോട്ട് വലിച്ചിടരുത്. അത് അപരാധമാണ്. ഇവിടുത്തെ ഹിന്ദു മുസ്‌ലിം ലഹള പോലെ മലയാളിയും മാറണോ. ഇവിടെ മതമൊന്നും മലയാളിക്കു വേണ്ട. നമ്മള്‍ ഇവിടെ വന്നത് ദാരിദ്ര്യം മാറ്റാനാണ്. അല്ലാതെ മതദാരിദ്യം അനുഭവിക്കാനല്ല. ഇയാള്‍ അസ്സോസ്സിയേഷന്‍ അംഗമായതു കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന ഭാവമാണ് ആനന്ദനും കൂട്ടുകാര്‍ക്കുമുണ്ടായിരുന്നത്. പിന്നീടവര്‍ പോയത് വാസുപിളളയെ കാണാനാണ്. ദുര്‍ഗ്ഗ പൂജയുടെ അവസാനത്തെ ഇനമായ കായിക ഗുസ്തിയില്‍ അവിടുത്തെ പ്രമുഖ ഗുണ്ടയായ ശര്‍മ്മയെ തോല്‍പിച്ചാണ് ആയിരങ്ങളെ സാക്ഷി നിറുത്തി പിളള സ്വര്‍ണ വള സ്വന്തമാക്കിയത്.

റാഞ്ചിയില്‍ മിശ്ര, ശര്‍മ, വര്‍മ്മ ഇങ്ങനെ പല സമുദായക്കാരുടെ ഗുണ്ടാ ഗ്രൂപ്പുകളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഇവര്‍ ഏറ്റമുട്ടാറുണ്ട്. അതിനാല്‍ ഈ കൂട്ടരെല്ലാം പോലിസിനു തലവേദനയാണ്. പലപ്പോഴുമിവിടെ പോലീസ് നോക്കുകുത്തികളായി മാറുന്നതു മൂലം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓരോരോ ജാതിയില്‍പ്പെട്ടവര്‍ക്കൊപ്പം നിന്ന് രാഷട്രീയ പാര്‍ട്ടി ജാതി വിത്തിറക്കി വോട്ടു സ്വന്തമാക്കും. ഗുണ്ടകളുടെ ഉരുക്കു മുഷ്ടികള്‍ തകര്‍ത്തു കളയാനുളള കരുത്ത് നിയമപാലകര്‍ക്കുമില്ലായിരുന്നു. വാസുപിളളയെ കാണാന്‍ ചെന്നവര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് ലഭിച്ചത്. നാട്ടില്‍ നിന്ന് ജോലി തേടി വന്ന ഒരുത്തനെ ഞാന്‍ തല്ലണമെന്നോ, നാണമില്ലേ നിങ്ങള്‍ക്ക് പറയാന്‍. ഞാനാരേയും അനാവശ്യമായി ഉപദ്രവിക്കത്തില്ല. അങ്ങനെ ഒരു നായകത്വം ഞാനുണ്ടാക്കിയിട്ടില്ല. അവര്‍ കലങ്ങിയ മനസ്സുമായി വണങ്ങിയിട്ട് പുറത്തിറങ്ങുമ്പോള്‍ അകത്തേക്ക് നോക്കി വിളിച്ചു, എടാ കുട്ടാ ഇങ്ങോട്ടു വന്നേ. അകത്തു നിന്ന് തടിച്ചു കൊഴുത്ത ഒരു താടിക്കാരന്‍ പുറത്തേക്കു വന്നു. ഇവന്‍ എന്റെ അമ്മാവന്റെ മോനാ. നാട്ടിലെ എന്റെ കളരിയില്‍ നിന്ന് അത്യാവശ്യം ഒരുത്തനെ മലര്‍ത്തിയടിക്കാന്‍ ഇവന്‍ പഠിച്ചിട്ടുണ്ട്. പക്ഷേ അനാവശ്യമായി ആരുടെ ദേഹത്തും ഞങ്ങള്‍ കൈവെക്കില്ല. എടാ കുട്ടാ നീ ഇവരുടെ കാര്യമൊന്ന് പഠിക്ക്. സത്യം എന്തെന്ന് നമുക്ക് അറിയില്ല. ആനന്ദന്‍ പ്രതീക്ഷയോടെ നോക്കി. പണം കൊടുത്ത് വാസുപിളളയെ വശീകരിക്കാന്‍ നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍ മനസ്സാകെ തകര്‍ന്നിരുന്നു. ആനന്ദന്‍ വളരെ ആദരവോടെ വാസുപിളളയോട് യാത്ര പറഞ്ഞു കുട്ടനോടൊപ്പം ദുര്‍വ്വയിലേക്ക് തിരിച്ചു. എതിരാളിയെ നേരിടാനുളള കരുത്ത് കുട്ടന്റെ കണ്ണുകളില്‍ പ്രകടമായിരുന്നു. ഇതൊക്കെ ഞാനറിയുന്നത് ആനന്ദന്റെ ഒപ്പം നടക്കുന്ന ബാലനില്‍ നിന്നായിരുന്നു.

സെക്ടര്‍  മൂന്നില്‍ ആഴ്ചയില്‍ രണ്ടു ദിവസം നാട്ടിലെ ചന്തകള്‍ പോലെ പലവിധ കച്ചവടങ്ങളാണ് നടക്കാറുളളത്. അവിടെ എല്ലാവിധ പച്ചക്കറികളും വിവിധ നിറത്തിലുളള മത്സ്യങ്ങളും വില്പനക്ക് വരും. എച്ച്. ഇ.സിക്കി ദുര്‍വ്വയടക്കം നാലു സെക്ടറുകളാണ് ഉളളത്. ഇവിടേയും ചെറുതും വലുതുമായ ക്വാര്‍ട്ടറുകള്‍ തീവണ്ടി പാളങ്ങള്‍ പോലെ മൈലുകളോളം നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഇവിടെയെല്ലാം താമസ്സിക്കുന്നത് എച്ച്.ഇ.സിയിലെ തൊഴിലാളികളാണ്. ഇതിനുളളില്‍ സ്‌കൂളുകള്‍, വലിയ കമ്യൂണിറ്റി ഹാളുകള്‍, ഹോട്ടലുകള്‍, കടകള്‍ എല്ലാമുണ്ട്. കോളജുകള്‍ റാഞ്ചി സിറ്റിക്കടുത്താണ്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് സെന്റ് സ്റ്റിഫന്‍സ് കോളജ്. ചോട്ടാ നാഗ്പൂര്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് ഏറ്റവും കൂടുതല്‍ പാര്‍ക്കുന്നത് ആദിവാസി ക്രിസ്ത്യാനികളാണ്. റാഞ്ചിയുടെ പല ഭാഗങ്ങളിലും ഹിന്ദു മുസ്‌ലിം ഏറ്റുമുട്ടലുകള്‍ നടക്കാറുണ്ട്.

ഞാനും ജ്യേഷ്ഠന്റെ സൈക്കിളില്‍ ഇവിടെ വന്ന് സാധനങ്ങള്‍ വാങ്ങാറുണ്ട്. ഞാന്‍ പച്ചക്കറി വാങ്ങാനായി ചെന്ന കടയ്ക്കു മുന്നില്‍ ഒരു മലയാളിയുമായി കടയുടമയുടെ അനുജന്‍ വിലയുമായി ബന്ധപ്പെട്ട് വിലപേശല്‍ നടക്കുന്നതിനിടയില്‍ അയാള്‍ ഇറങ്ങി വന്ന് മലയാളിയുടെ കരണത്തടിച്ചിട്ട് ഒരു തളളും കൊടുത്തു. അയാള്‍ വീണു. എഴുന്നേറ്റ് പാന്റ്‌സിലെ മണ്ണ് തട്ടിമാറ്റിക്കൊണ്ടിരിക്കേ വീണ്ടും അടിച്ചു. ഞാന്‍ ആശ്ചര്യപ്പെട്ടു നോക്കി. അവിടേക്ക് ചെന്നിട്ട് ഹിന്ദിയില്‍ പറഞ്ഞു, ക്യയ ബദ് മാസി കര്‍ രഗഹേ ആപ് (നിങ്ങള്‍ എന്തു ഭ്രാന്താണ് കാണിക്കുന്നത്). അതയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. എന്നെ പിറകോട്ട് പിടിച്ചു തള്ളിയപ്പോള്‍ തറയില്‍ വീണു. ഞാന്‍ മുകളിലേക്ക് ഉയര്‍ന്ന സമയം എന്റെ ഉടുപ്പിന് പിടിച്ചിട്ട് പുച്ഛത്തോടെ ചോദിച്ചു. തും ക്യാ കരേഗ മദ്രാസി (നീ എന്തു ചെയ്യും മദ്രാസി) .ഞാന്‍ ദേഷ്യപ്പെട്ടു പറഞ്ഞു. ഹാത്ത് നികാലോ. (കൈ എടുക്ക്) അവന്‍ കൈ എടുക്കാതെ വീണ്ടും ക്രോധത്തോടെ ചോദിച്ചു. ഹാത്ത് നഹി നികാലാത്തോ തും ക്യാ കരേഗ ( കൈ എടുത്തില്ലെങ്കല്‍ നീ എന്തു ചെയ്യും) എന്റെ കണ്ണുകള്‍, കവിള്‍ത്തടങ്ങള്‍ ചുവന്നു തുടുത്തു. ഉപദ്രവിക്കുക മാത്രമല്ല പരിഹസിക്കുക കൂടി ചെയ്യുന്നു. അവന്റെ ഉപദ്രവം ഇനിയും മലയാളികളോട് ആവര്‍ത്തിക്കരുത്. കൈ തട്ടി മാറ്റി മൂക്കിനു തന്നെ ആദ്യത്തെ ഇടി കൊടുത്തു. മുകളിലേക്കുയര്‍ന്ന് അവന്റെ ഉയര്‍ന്ന നെഞ്ചില്‍ ചവിട്ടി. അതില്‍ അയാള്‍ തറ പറ്റി. അകത്തിരുന്ന ബന്ധു ഓടിയെത്തി അവനെ മുകളിലേക്കുയര്‍ത്തി. അയാളുടെ മുക്കില്‍ നിന്നും ചോര പൊടിച്ചുവന്നു. ഞാനവിടെ നിന്ന് രണ്ടു പേരേയും വെല്ലുവിളിച്ചു. എന്റെ നെറ്റിയില്‍ നിന്നു വിയര്‍പ്പു കണങ്ങള്‍ പൊടിച്ചുവന്നു. ബന്ധു അവനെ അകത്തേക്ക് പിടിച്ചു കൊണ്ടു പോയി.
കണ്ടുനിന്ന ഒരാള്‍ പറഞ്ഞു, അച്ച ഓഹെയ (നല്ലതായി). അവസാനം ഞാന്‍ പറഞ്ഞു, തൂ ക്യാ സമസ്താഗേ മദ്രാസിക ബാരേമേ (നിനക്ക് എന്തറിയാം മദ്രാസിയെപ്പറ്റി). ഭീതിയോടെ നിന്ന മലയാളിയും അടുത്തു വന്നിട്ട് പറഞ്ഞു, ഒത്തിരി നന്ദി. കടക്കാരന്റെ കൈ നഖം കൊണ്ട് അയാളുടെ കവിള്‍ ചെറുതായി മുറിഞ്ഞിരുന്നു.  ഞങ്ങള്‍ മുന്നോട്ടു നടന്നു. പരസ്പരം പരിചയപ്പെട്ടു. അയാളുടെ പേര് കൃഷ്ണന്‍ നായര്‍. കൃഷ്ണന് ഞാനവിടെ ഉണ്ടായിരുന്നത് ഒരഭിമാനമായി തോന്നി. അവനൊരഹങ്കാരിയാണ്. എന്നെ അടിക്കാന്‍ ഞനൊരു തെറ്റും ചെയ്തില്ല. സംസാരിച്ചുകൊണ്ട് നില്‍ക്കേ കൃഷ്ണന്റെ സുഹൃത്ത് ജോസഫ് അവിടേക്ക് വന്നു. അവിടെ നടന്ന കാര്യം കൃഷ്ണന്‍ ജോസഫിനോട് വിവരിച്ചു. എന്നെ അഭിനന്ദിച്ചു കൊണ്ടു പറഞ്ഞത് എനിക്കും ഏറെ ഇഷ്ടപ്പെട്ടു. ജോസഫിന് എന്റെ ജ്യേഷ്ഠനെ അറിയാം.

മീന്‍ വാങ്ങി സൈക്കിളില്‍ മടങ്ങുമ്പോള്‍ മനസ്സില്‍ തികട്ടി വന്ന ചോദ്യമാണ് എന്തിനാണ് മറ്റുളളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത്. സ്വന്തം കാര്യം നോക്കി ജീവിച്ചാല്‍ പോരേ. കൈയ്യൂക്കുളളവന്‍ കരുത്തില്ലാത്തവനെ ഉപദ്രവിക്കുന്നത് നോക്കിനില്‍ക്കാന്‍ ആണൊരുത്തന് കഴിയുമോ.? എല്ലാ തിന്മകള്‍ക്കും കൂട്ടുനിന്നാല്‍ ഈ ഭൂമി തിന്മകളുടെ കൂമ്പാരമായി മാറില്ലേ. ഇതൊക്കെ കണ്ടുനിന്നു രസിക്കുന്നവര്‍ തിന്മയെ പ്രോത്സാഹിപ്പിക്കുന്നവരല്ലേ. ശരിയായ പ്രവൃത്തി ചെയ്യുന്നവരെ ആത്മാര്‍ത്ഥ സ്‌നേഹം നല്‍കുന്നവരെ ദൈവം ഒരിക്കലും കൈവിടാറില്ല.

റാഞ്ചിയിലെ ബസ്സ്‌യാത്രയില്‍ കണ്ടക്ടര്‍ ഒരു പെണ്‍കുട്ടിയെ തട്ടിയത് അവള്‍ ചോദ്യം ചെയ്തപ്പോള്‍ എല്ലാവരും മൗനികളായി നിന്നു. ആ കോളജ് വിദ്യാര്‍ത്ഥിനിക്ക് ഞാന്‍ സഹായമായെത്തി. കണ്ടക്ടറുമായി വാദ പ്രതിവാദത്തിലായി. മനുഷ്യര്‍ പരമ്പരാഗത വിശ്വാസം പോലെ തിന്മകള്‍ കണ്ടാല്‍ നിശബ്ദരാകുന്നതിന്റെ കാരണം സ്വാര്‍ത്ഥത തന്നെയാണ്. ഇങ്ങനെയുളളവരില്‍ വസിക്കുന്നത് പിശാചിന്റെ മനസ്സാണ്. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ ഏതവസ്ഥയിലും അവന്റെ സാന്നിധ്യം കാണിക്കും. ആവശ്യമെങ്കില്‍ ചെറുത്തു തോല്‍പിക്കും. ക്വാര്‍ട്ടറിന്റെ അടുത്തുളള ഒരു വര്‍ഗ്ഗീസിന്റെ അളിയന്‍ അച്ചന്‍കുഞ്ഞിനു റാഞ്ചി എക്‌സ്പ്രസ്സ് എന്ന ഹിന്ദി- ഇംഗ്‌ളീഷ് ദിനപത്രത്തിലായിരുന്നു ജോലി. ദുര്‍വ്വയില്‍ ഷോര്‍ട്ട്ഹാന്‍ഡ് പഠിക്കുന്നവരും ജോലിയുളളവരും ഏതെങ്കിലും ക്വാര്‍ട്ടറില്‍ രാത്രികാലങ്ങളില്‍ ഒന്നിച്ചിരുന്ന് ഷോര്‍ട്ട് ഹാന്‍ഡ് എഴതുമായിരുന്നു. ചില ദിവസങ്ങളില്‍ ഞാനും അവര്‍ക്കൊപ്പം കൂടിയിട്ടുണ്ട്. അവര്‍ പലരും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ്. അച്ചന്‍കുഞ്ഞു മാത്രമാണ് പത്രത്തില്‍ ജോലി ചെയ്യുന്നത് . റാഞ്ചി ലയണ്‍സ് ക്‌ളബിലെ പാര്‍ട്ട് ടൈം ജോലിയും അച്ചന്‍കുഞ്ഞ് ചെയ്യുന്നുണ്ട്. ഷോര്‍ട്ട്ഹാന്‍ഡ് എഴുതുന്നതില്‍ സമര്‍ത്ഥന്‍. അച്ചന്‍കുഞ്ഞ് നാട്ടില്‍ ഒരുമാസത്തേക്ക് പോകുന്നുണ്ട്. ആ അവധി സമയം ആ ജോലി ചെയ്യാന്‍ എന്നോട് പറഞ്ഞു. അതിന്‍പ്രകാരം റാഞ്ചി എക്‌സ്പ്രസ്സില്‍ ഞാനെത്തി. ആശങ്കകളും അസ്വസ്ഥതകളും വളര്‍ന്നിരുന്ന മനസ്സിന് ആ ജോലി ഒരു ആശ്വാസമായിരുന്നു.

അച്ചന്‍കുഞ്ഞ് എല്ലയ്‌പ്പോഴും മറ്റുളളവരെ സഹായിക്കാന്‍ മനസ്സുളളവനായിരുന്നു. ഓഫിസ് ജോലികളെപ്പറ്റി യാതൊരു ബോധവുമില്ലായിരുന്ന എനിക്കു വേണ്ട അറിവു പകര്‍ന്നുതരിക മാത്രമല്ല അടുത്തുളള ചായക്കടയില്‍ കൊണ്ടുപോയി ചായയും പലഹാരങ്ങളും വാങ്ങിതരികയും ചെയ്തു. റാഞ്ചിയുടെ പ്രാന്തപ്രദേശങ്ങളില്‍ വിശന്നലഞ്ഞു നടന്ന എനിക്ക് അച്ചന്‍കുഞ്ഞ് ഒരു നല്ല സുഹൃത്തായിരുന്നു. ആ ദിവസം രാത്രി എട്ടുമണിയോടെയാണ് ഞാന്‍ ക്വാര്‍ട്ടറില്‍ എത്തിയത്, തീഷ്ണമായ മനസ്സുമായി ജ്യേഷ്ഠന്‍ എന്നെ കാത്തിരിക്കുകയായിരുന്നു. അപ്പുവുമായി കടയില്‍ ചെന്ന് കാര്യങ്ങള്‍ അറിയുകയും ചെയ്തു. അന്ന് എന്നെ ആശ്ചര്യപ്പെടുത്തിയത് എന്റെ സഹപാഠിയായിരുന്ന സെയ്‌നു എന്നു വിളിക്കുന്ന ചെല്ലാനെ അവിടെ കണ്ടതാണ്. എന്റെ വിശപ്പിനും വിഷമങ്ങള്‍ക്കുമിടയില്‍ ക്ഷണിക്കപ്പെടാതെ വന്ന അതിഥിയെ കണ്ടപ്പോള്‍ അതിരറ്റ സന്തോഷം തോന്നി.

ജ്യേഷ്ഠന്‍ വന്നപ്പോള്‍ ഞാനുമായുണ്ടായ അടിപിടി, ശത്രുക്കളെ വളര്‍ത്തുന്നത്, മുറിവേറ്റ മനസ്സ് ഇവയെല്ലാം വിശദീകരിച്ചു. ഒരു കാര്യത്തില്‍ ആശ്വാസം തോന്നി ജ്യേഷ്ഠത്തിയെപോലെ എന്നെ തളളിപ്പറഞ്ഞില്ല. ഈ സംഘര്‍ഷത്തിലൂടെ നീ എന്തുനേടി . നിന്റെ ശക്തി കാണിക്കേണ്ടത് കൈക്കരുത്തിലല്ല. ശക്തിയാര്‍ജിക്കേണ്ടത് സ്വന്തം ജീവിതത്തിലാണ്. മറ്റുളളവരില്‍ നീയുണ്ടാക്കിയത് അപമാനമാണ്. അതിനെ ഞാന്‍ അംഗീകരിക്കുന്നില്ല. ഒരുത്തന്റെ തല്ല് കൈകെട്ടിനിന്നു കൊള്ളേണ്ട യാതൊരാവശ്യവുമില്ല. ഇവിടുത്തെ മലയാളികള്‍ മിക്കവരും തല്ല് വാങ്ങി പോകുന്നവരാണ്. അവസാനം ശക്തമായ ഭാഷയില്‍ പറഞ്ഞു ഇനിയും ഇതുപോലുളള സംഭവങ്ങള്‍ ഉണ്ടാകരുത്. മനുഷ്യന് കുറച്ചൊക്കെ ക്ഷമയും സഹന ശക്തിയും ആവശ്യമാണ്. കോപം വരുമ്പോള്‍ അതു മറക്കരുത്. അങ്ങനെ മറക്കുമ്പോഴാണ് അത്യാപത്തുകള്‍ ഉണ്ടാകുന്നത്. മനുഷ്യത്വം ചവിട്ടി മെതിക്കുമ്പോള്‍ അതുമായി പൊരുത്തപ്പെട്ടു പോകാനും പറ്റില്ല എന്ന ചിന്തയായിരുന്നു. ഞാന്‍ നിത്യവും ജോലിക്കു പോയിത്തുടങ്ങി. സെയിനുവിനെ ഹിന്ദിപഠിക്കാന്‍ ജ്യേഷ്ഠന്‍ ഹോട്ടലില്‍ നിര്‍ത്തി. ഹിന്ദി പഠിച്ചിട്ട് അവനും ഒരു ജോലി കണ്ടെത്തണമെന്നായിരുന്നു ഞങ്ങള്‍ക്ക്. ചാരുംമൂട്ടിലെ ഖാന്‍ സാഹിബ് വക്കീലിന്റെ സഹായത്തിലാണ് അവന്റെ കുടുംബം കഴിയുന്നതെന്ന് എനിക്കറിയാം. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അവനൊരു ആജാനുബാഹുവായിരുന്നു. അവന്റെ തടിയെ ഭയന്നിട്ടാകണം ആരും അവനോട് വഴക്കിടാറില്ല. എന്തായാലും ജ്യേഷ്ഠന്‍ അവനെ കൊണ്ടുവന്നതില്‍ വളരെ സംതൃപ്തി തോന്നി.

ചിലരൊക്കെ ഞാന്‍ എഴുതിക്കൊടുത്ത നാടകവും ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ റിഹേഴ്‌സലും നടക്കുന്നുണ്ടായിരുന്നു. അതില്‍ പലര്‍ക്കും ഞാനൊരു ഗുണ്ടയെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അച്ചന്‍കുഞ്ഞ് അവധിക്ക് പോയതിനു ശേഷം പത്രം ഓഫീസിലെ ജോലിയേക്കാള്‍ എന്നെ ആകര്‍ഷിച്ചത് പുറത്തുനിന്നുളള വാര്‍ത്തകള്‍ എങ്ങനെ സംഘടിപ്പിക്കുന്നു എന്നുളളതായിരുന്നു. ചില നേരങ്ങളില്‍ അവിടെ വന്നുപോകുന്ന ജേര്‍ണലിസ്റ്റുകളുമായി ഞാന്‍ ഇതൊക്കെ സംസാരിക്കുമായിരുന്നു. എന്നിലെ വികാരം മനസ്സിലാക്കിയ ഒരു പത്രപ്രവര്‍ത്തകന്‍ ആ വിഷയം എഡിറ്ററുമായി സംസാരിച്ചു. ജേര്‍ണലിസം പഠിക്കണമെന്നുളള ആഗ്രഹം ഹൃദയത്തില്‍ തുടിച്ചു നിന്നിരുന്നു. എഡിറ്റര്‍ക്ക് എന്നെ ഇഷ്ടമായിരുന്നു. ഇദ്ദേഹം ജേര്‍ണലിസം പഠിക്കാനുളള അവസരം ഒരുക്കിത്തന്നു. റാഞ്ചിയിലുളള ഒരു പ്രമുഖ സ്ഥാപനത്തില്‍ മീഡിയ മാനേജേമെന്റില്‍ ഞാനും ചേര്‍ന്നു. അവര്‍ക്ക് മറ്റു കോഴ്‌സുകള്‍ എല്ലാ ദിവസ്സവുമുണ്ടെങ്കിലും ജേര്‍ണലിസത്തിന് ശനി – ഞായര്‍ ദിവസങ്ങളില്‍ മാത്രമായിരുന്നു ക്ലാസ്. ഓഫിസിലെ എല്ലാ പണികളും ചെയ്തിട്ട് എഡിറ്ററുടെ അനുവാദത്തോടെ ഞാനും റാഞ്ചി കറസ്‌പോണ്ടന്റായ വിക്രം സിംഗിനൊപ്പം വാര്‍ത്ത തേടി സഞ്ചരിച്ചു. അതെല്ലാം സന്തോഷകരമായ നിമിഷങ്ങളായിരുന്നു. റാഞ്ചിയില്‍ നിന്നു ദുര്‍വ്വയിലേക്ക് വരുമ്പോള്‍ ഞാന്‍ കാശു കൊടുത്തു ടിക്കറ്റ് എടുത്തു. കൈയ്യില്‍ കാശുളളപ്പോള്‍ എന്തിനാണ് കളളം ചെയ്യുന്നതെന്ന ചിന്ത എന്നെ ഭരിച്ചു.

ദുര്‍വ്വായിലെത്തിയാല്‍ ആദ്യം പോകുന്നത് ഹോട്ടലിലേക്കാണ്. ചൂടുളള ചായ അപ്പു തരും. അപ്പുവിന് എന്നെ ഏറെ ഇഷ്ടമായിരുന്നു. തണുപ്പു കാലം ആരംഭിച്ചിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് തണുപ്പിന്റെ കാഠിന്യമറിയുന്നത്. തണുപ്പില്‍ ജീവജാലങ്ങളെല്ലാം മരവിച്ചു കിടന്നു. സൂര്യന്റെ അരണ്ട വെളിച്ചത്തില്‍ പ്രകൃതി സൂര്യനെ നോക്കും. മരങ്ങളുടെ ഇലകള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുന്നു. തണുപ്പിനണിയാന്‍ ജ്യേഷ്ഠന്റെ ഒരു പഴയ സ്വെറ്റര്‍ എനിക്കു തന്നിരുന്നു. ഒരെണ്ണം കൂടി വേണം. സ്വെറ്ററിനു നല്ല വിലയാണ്. റാഞ്ചിയുടെ പല ഭാഗങ്ങളിലും ധാരാളം കമ്പിളി സ്വെറ്ററുകള്‍ നേപ്പാളികള്‍ വിറ്റു കൊണ്ടിരുന്നു. എന്റെ കയ്യില്‍ അന്‍പതും നൂറും രൂപ കൊടുത്തു സ്വെറ്റര്‍ വാങ്ങാന്‍ കാശില്ല. പല ദിവസങ്ങളിലും വഴിയോരത്തുളള പല കടകളിലും കയറി നോക്കി. ഒരു കടയില്‍ ബീഹാറികള്‍ സ്വെറ്റര്‍ ഊരുകയും ഇടുകയും ചെയ്യുന്നതു കണ്ട് ഞാനും സ്വെറ്റര്‍ ഇട്ടും ഊരിയും നിന്നു. അതിനിടയില്‍ ഞനൊരു വെളുത്ത ഫുള്‍ സ്വെറ്റര്‍ ഇട്ടുകൊണ്ട് അവരുടെ ഇടയിലൂടെ നടന്നു. ആരും എന്നെ ശ്രദ്ധിച്ചില്ല. കടക്കാര്‍ വന്നവരുമായി സ്വെറ്ററിനു വില പേശിക്കൊണ്ടു നില്‍ക്കുന്നതിനിടയില്‍ ഞാനവിടെനിന്നു കടന്നു.
ഒരു രാത്രിയില്‍ കടയ്ക്കുളളില്‍ ഗുണ്ടകളുടെ ആക്രമണമുണ്ടായി. ഗുണ്ടകള്‍ പലപ്പോഴും ഭക്ഷണം കഴിച്ചാല്‍ പണം കൊടുക്കില്ല. ദുര്‍വ്വയിലെ പ്രധാന ഗുണ്ടയായ മിശ്രയോട് അപ്പു ഭക്ഷണത്തിന് കാശു ചോദിച്ചു. അവര്‍ മൂന്നു പേരാണ് ചക്കാത്തില്‍ കഴിച്ചത്. ശാന്തനായിരുന്ന മിശ്ര കോപാക്രാന്തനായി അപ്പുവിന്റെ മേശ വലിച്ചെറിഞ്ഞു. ഞാനും സെയിനും ആ കാഴ്ച്ച അമ്പരപ്പോടെ കണ്ടു.

അദ്ധ്യായം – 11
റാഞ്ചിയിലേക്കുളള ട്രെയിന്‍ യാത്ര

നാട്ടില്‍ നിന്നുളള ഒളിച്ചോടല്‍ ഒരു ചുടു നിശ്വാസം പോലെ എന്നില്‍ വളര്‍ന്നു. എന്റെ ജീവിതം വൃഥാവിലാവില്ലെന്ന് എന്നെ ആശ്വസിപ്പിച്ചത് പണിക്കര്‍ സാറാണ്. നീ അന്ധനോ മൂകനോ ബധിരനോ അല്ല. മനുഷ്യരുടെ ഉററതോഴനായി മാറാന്‍ ധാരാളം പഠിക്കാനുണ്ട്. പോലീസിന്റെ സമീപനമൊക്കെ അദ്ദേഹം പുച്ഛിച്ചു തളളി. ജന്മി – ബൂര്‍ഷ്വ സര്‍വ്വാധിപത്യം പിഴുതെറിഞ്ഞതുപോലെ ഈ കാടന്‍ പോലീസ് നിയമവും ഒരിക്കല്‍ പിഴുതെറിയും. അഹങ്കാരിയും ധിക്കാരിയുമായ മകന്‍ കണ്‍മുന്നില്‍ നിന്നു പോകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് എന്റെ അച്ഛന്‍ തന്നെയായിരുന്നു. അധികമാരോടും പറയാതെ തന്നെ റാഞ്ചിയില്‍ നിന്നു അവധിയില്‍ വന്നിരിക്കുന്ന കൊല്ലത്തുളള വിജയന്‍ പിളളയുടെ വീട്ടിലേക്ക് രാവിലെ തന്നെ യാത്ര തിരിച്ചു. അതിനു മുമ്പ് ഒരു ദിവസം ഞാന്‍ ആ വീട്ടില്‍ പോയിരുന്നു.
മനസ്സില്‍ അപ്പോള്‍ നിറഞ്ഞു നിന്നിരുന്നത് ആ നരകത്തില്‍ നിന്നു രക്ഷപ്പെടുന്ന ചിന്തയായിരുന്നു. മറിച്ച് ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. മനസ്സിലെ ആശങ്കകള്‍ മാറിയിരിക്കുന്നു. വിജയന്‍ പിളളയുടെ വീട്ടിലെത്തിയ എന്നെ സ്‌നേഹപൂര്‍വ്വമാണ് അവര്‍ സ്വീകരിച്ചത്. ഊണു കഴിഞ്ഞ് ഞങ്ങള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മദ്രാസിലെ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ വഴി ബിഹാറിലെ ചക്രദാര്‍പുര്‍ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു.

രണ്ടു പകലും രണ്ടു രാത്രിയും കഴിഞ്ഞു മാത്രമേ അവിടെയെത്തൂ. യാത്രക്കിടയില്‍ എന്റെ മനസ്സിന്റെ വിലാപങ്ങള്‍ എല്ലാം മാറിയിരുന്നു. ഇനിയും ഒരു പോലീസ്സിനും എന്നെ തളയ്ക്കാനാവില്ലെന്ന ചിന്ത മനസ്സിന് ശക്തി പകര്‍ന്നു. എനിക്കിപ്പോള്‍ ഒരു ദുഖവുമില്ല. ട്രയിനിലിരിക്കുമ്പോള്‍ ഓരോരോ മനുഷ്യര്‍, ദേശങ്ങള്‍, പച്ചിലക്കാടുകള്‍, കൃഷിത്തോട്ടങ്ങള്‍, മരുഭൂമി അതി മനോഹര കാഴ്ച്ചകള്‍ കാണുമ്പോലെ എന്റെ മോഹങ്ങളും മനസ്സിലിരുത്തി ലാളിച്ചുകൊണ്ടിരുന്നു. ട്രെയിനില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ പ്രകൃതിയെ തലോടുന്ന പൂനിലാവിനെ നോക്കി ഞാന്‍ ഇരുന്നു. ഇരുട്ടിനെ അകറ്റാന്‍ സൂര്യനോ ചന്ദ്രനോ വേണം. മനുഷ്യ മനസ്സുകളില്‍ ഇതു പോലെ പൂനിലാവ് പരത്തുന്നവരാണല്ലോ അക്ഷരവും ആത്മാവുമെന്ന് എനിക്ക് തോന്നി. ട്രെയിനില്‍ വായിക്കാന്‍ ഞാന്‍ പുസ്തകവും കരുതിയിരുന്നു. മനസ്സില്‍ ഒരല്പം സന്തോഷമുണ്ടെങ്കിലും റാഞ്ചിയിലെ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും കുട്ടികളും എന്നെ എങ്ങനെയായിരിക്കും സ്വീകരിക്കക എന്ന ഉത്കണ്ഠയും മനസ്സിലുണ്ടായിരുന്നു. ഇവര്‍ നാട്ടില്‍ അവധിക്കു വരുമ്പോള്‍ കണ്ടിട്ടുളള അനുഭവങ്ങളല്ലാതെ മറ്റൊന്നുമില്ല. ഒരു കാര്യം ഞാന്‍ മനസ്സിലുറപ്പിച്ചു. അവരില്‍ നിന്നു നിറഞ്ഞുതുളുമ്പുന്ന സ്‌നേഹമൊന്നും പ്രതീക്ഷിക്കേണ്ട. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധ പ്രകാരം ഒരു ശല്യത്തെ സഹിക്കാന്‍ തയ്യാറായി എന്നു മാത്രം കരുതിയാല്‍ മതി.

ട്രെയിനിലിരുന്ന് വിജയന്‍പിളളയടക്കമുളളവര്‍ ചീട്ടുകളിക്കുന്നതു കണ്ടു. ചിലരുടെ ചെവിയില്‍ കുണുക്കന്‍ ഒരു ശിക്ഷപോലെ തൂങ്ങിക്കിടക്കുന്നു. അവരുടെ ഭാര്യമാരൊക്കെ കൊച്ചുകുട്ടികളുടെ കാര്യത്തിലാണ് ശ്രദ്ധിക്കുന്നത്. ട്രെയിനില്‍ എല്ലാവരും സ്‌നേഹമുളളവരായിരുന്നു. ഇവരും സ്വന്തം മാതാപിതാക്കളെ ജന്മദേശത്തു വിട്ടു വിദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് എന്തിനെന്ന് എനിക്കു തോന്നി. സ്വന്തം നാട്ടില്‍ ഒരു ജോലി ലഭിച്ചാല്‍ ഇവര്‍ ഇങ്ങനെ പോവേണ്ടി വരില്ലല്ലോ. ഇവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളും സ്വന്തം നാട് പോലുളള ഒരു ദേശമല്ലേ. സ്വന്തം ദേശത്ത് തൊഴില്‍ കൊടുക്കാത്തത് വ്യവസ്ഥിതിയുടെ നിഷേധം തന്നെയാണ്.

ട്രെയിന്‍ യാത്ര ആനന്ദകരമായിരുന്നു. വളരെ ആവേശത്തോടെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് റാഞ്ചിയിലേക്ക് ബസ്സില്‍ യാത്ര തിരിച്ചു. മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതു പോലെ അപരിചിതമായ നാടും നഗരങ്ങളും. ഇനിയുളള എന്റെ ഓരോ ചുവടുകളും വിജയത്തിന്റെ ചവിട്ടുപടികള്‍ തന്നെയെന്ന് വിശ്വസിച്ചു പുതിയ ആകാശത്തിന്റെ തണലിലുടെ ഞാന്‍ സഞ്ചരിച്ചു. ദുര്‍വ്വയിലുളള ജ്യേഷ്ഠന്റെ ക്വാര്‍ട്ടറില്‍ എന്നെ വിജയന്‍പിളള എത്തിച്ചു. ജ്യേഷ്ഠന്‍ ജോലിയിലും മക്കള്‍ സ്‌കൂളിലുമായിരുന്നു. ജേഷ്ഠത്തി അമ്മിണി ധൃതിപ്പെട്ട് എനിക്ക് ചായ ഇട്ടുതന്നു. ചായ കുടിക്കുമ്പോഴെങ്കിലും വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുമെന്ന് കരുതിയെങ്കിലും ചോദിച്ചില്ല. ആകെ ചോദിച്ചത് യാത്ര നന്നായിരുന്നോ എന്നു മാത്രം. മറ്റുളളവ ഭര്‍ത്താവ് വന്നു ചോദിക്കട്ടെ എന്നായിരിക്കും. ഉച്ചക്ക് ഊണു കഴിക്കാന്‍ ജേഷ്ഠന്‍ തങ്കച്ചനെത്തി. വീട്ടില്‍ വിളിക്കുന്ന പേരാണത്. യഥാര്‍ത്ഥ പേര് വര്‍ഗ്ഗീസ് എന്നാണ്.

വീട്ടില്‍ നിന്നു തന്നുവിട്ട ഭക്ഷണപ്പൊതികള്‍ ഞാന്‍ ജ്യേഷ്ഠത്തിയെ ഏല്‍പിച്ചിരുന്നു. ജ്യേഷ്ഠന്‍ ജോലി ചെയ്യുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ അധീനതയിലുളള എച്ച്. ഇ.സിയുടെ ആശുപത്രിയിലാണ്. ഈ സ്ഥാപനത്തിന്റെ മൊത്തം പേര് ഹെവി എന്‍ജിനിയറിംഗ് കോര്‍പ്പറേഷന്‍ എന്നാണ്. ഇവിടെ ഉത്പാദിപ്പിക്കുന്നത് യുദ്ധോപകരണങ്ങളാണ്. ആയിരക്കണക്കിനു തൊഴിലാളികളണ് ഈ വന്‍കിട സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. അതില്‍ ആയിരത്തോളം മലയാളികളുമുണ്ട്. അവിടുത്തെ പ്രമുഖ സംഘടനയാണ് റാഞ്ചി മലയാളി അസ്സോസ്സിയേഷന്‍. രണ്ടായിരത്തിലധികം അംഗങ്ങളുണ്ട്. അവരുടെ നേതൃത്വത്തില്‍ നടത്തുന്ന നാടക സംഘമാണ് റാഞ്ചി എയ്ഞ്ചല്‍ തിയേറ്റേഴ്‌സ്. ജ്യേഷ്ഠന്‍ അസ്സോസ്സിയേഷന്റെ ട്രഷറാര്‍ ആണ്. ജോലി കൂടാതെ സമൂഹികപ്രവര്‍ത്തനവും ചിട്ടിയും ദുര്‍വ്വയില്‍ രണ്ടു സൗത്ത് ഇന്ത്യന്‍ ഹോട്ടലുകളുമുണ്ട്.

ജ്യേഷ്ഠന്‍ വീട്ടു വിശേഷങ്ങളും എന്റെ വിശേഷങ്ങളും ചോദിച്ചറിഞ്ഞിട്ടു പറഞ്ഞു, നീ ഇവിടുത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡും പഠിക്കണം. നീ നാടകമെഴുതി പോലീസ് പിടിച്ചതൊക്കെ കേട്ടു. ഇവിടെ അതിനുളള അവസരമൊക്കെയുണ്ട് ആദ്യം വേണ്ടത് ജോലിയാണ്. ഒപ്പം ഹിന്ദി പഠിക്കണം. അതിനു ദിവസവും ഹോട്ടലില്‍ പോയാല്‍ മതി. അടുക്കളയിലെ അടുപ്പില്‍ വെളളം തിളയ്ക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്നു വന്ന് പുഞ്ചിരിയോടെ നോക്കി. അടുത്ത ദിവസങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹോട്ടലിലും പോയി തുടങ്ങി. നാട്ടില്‍ കരിമുളക്കല്‍ വാസുദേവന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റ്റൈപ്പ് കുറച്ചു പഠിച്ചിരുന്നു. ഒരു മാസത്തേക്ക് ഫീസ് മൂന്നു രൂപയായിരുന്നു. ഷോര്‍ട്ട് ഹാന്‍ഡ് പഠിക്കുന്നവര്‍ക്ക് അഞ്ചു രൂപയുമായിരുന്നു. ഫീസ് കൊടുക്കാന്‍ പ്രയാസമായതു കൊണ്ട് ഷോര്‍ട്ട് ഹാന്‍ഡിന്റെ ഒരു പുസ്തകം ഞാന്‍ പതിനഞ്ചു രൂപ കൊടുത്തു വാങ്ങി. അതിനു വേണ്ടി അവസാനത്തെ ആടിനെയും വിറ്റിരുന്നു. കൂട്ടുകാരില്‍ പലരും കോളജില്‍ ചേര്‍ന്നപ്പോള്‍ എനിക്കതിനുളള അവസരമില്ലാതെ പോയതും സാമ്പത്തികമില്ലായിരുന്നതിനാലാണ്.

ഷോര്‍ട്ട്ഹാന്‍ഡ് സ്വന്തമായിട്ടാണ് ഞാന്‍ പഠിച്ചത്. ഇതെനിക്ക് റാഞ്ചിയില്‍ പ്രയോജനപ്പെട്ടു. അദ്ധ്യാപകന്റെ മുന്നില്‍ മറ്റുളളവര്‍ക്കൊപ്പം നല്ല സ്പീഡില്‍ ഷോര്‍ട്ട് ഹാന്‍ഡ് എഴുതാന്‍ എനിക്കു കഴിഞ്ഞു. സ്‌റ്റെനോഗ്രാഫറും, സെക്രട്ടറിയുമൊക്കെയാകുന്നയാളുകള്‍ പ്രമുഖ സ്ഥാപനങ്ങളില്‍ മാനേജര്‍ പോസ്റ്റ് വരെ എത്തുന്ന സ്ഥിതിയുണ്ടായിരുന്നു. അതുകൊണ്ട് പലരും സ്റ്റെനോഗ്രാഫര്‍ ആകാന്‍ ആഗ്രഹിച്ചത്. കോളജ് പഠനത്തിനു പോയതുമില്ല. കല്‍ക്കരിയാണ് വിറകിനു പകരം പാചകത്തിന് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ കല്‍ക്കരിയുടെ പ്രധാന സ്ഥാപനമായ കോള്‍ ഇന്ത്യയും, അതുപോലെ ഹിന്ദുസ്ഥാന്‍ സ്റ്റീലും അന്ന് റാഞ്ചിയിലായിരുന്നു. ഇവിടെയെല്ലാം ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഓഫിസുകളില്‍ സെക്രട്ടറി, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയവര്‍ മലയാളികളാണ്. മലയാളികള്‍ ഈ രംഗത്ത് ശോഭിക്കുന്നതു കണ്ടാണ് ബിഹാറികള്‍ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിക്കാന്‍ തയാറായത്.
ആഴ്ചകള്‍ മുന്നോട്ടു പോയി, ജീവിതത്തിനു പുതിയൊരു ശോഭയും തിളക്കവും വരുന്നതായി തോന്നി. ജ്യേഷ്ഠന്‍ പറഞ്ഞതനുസരിച്ച് എയ്ഞ്ചല്‍ തിയേറ്റേഴ്‌സിന് വേണ്ടി ആദ്യമായി ഗാനങ്ങള്‍ എഴുതി. നാടകത്തില്‍ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും അഭിനയിച്ചു. ജ്യേഷ്ഠന്‍ കലാബോധമുളളവനായി എനിക്കറിയില്ലായിരുന്നു. റാഞ്ചിയിലെ പല മലയാളികളും മലയാള ഭാഷയോട് സംസ്‌കാരത്തോടും ഏറെ ബഹുമാനമുളളവരുമായിരുന്നു. ഞാന്‍ എഴുതിയ ഗാനത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് സെക്ടര്‍ മൂന്നിലുണ്ടായിരുന്ന ഒരു റോബിനാണ്. അതിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം എന്നെയും ക്ഷണിച്ചിരുന്നു. റാഞ്ചിയിലെ വലിയ ഹാളില്‍ എന്റെ ഗാനങ്ങള്‍ അഭിനയിക്കുന്നവരിലൂടെ കേട്ടപ്പോള്‍ പൂന്തേനൊഴുകുന്ന അനുഭവമായി.

ആദ്യമായിട്ടാണ് ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഹാളില്‍ നാടകം കണ്ടത്. മലയാളികളില്‍ പലരും കസവുമുണ്ടും വെളളയുടുപ്പും ധരിച്ചാണ് എത്തിയത്. മൈക്കിലൂടെ ഗാനരചയിതാവിന്റെ പേരു കേട്ടപ്പോള്‍ പൂനിലാവില്‍ കുളിച്ചു നില്‍ക്കുന്നതു പോലെ തോന്നി. ചിലര്‍ പിറുപിറുത്തു പറഞ്ഞു. ആരാണിയാള്‍. മുമ്പൊന്നും ഈ പേര് കേട്ടിട്ടില്ലല്ലോ. ആ മധുര ഗാനങ്ങള്‍ പാടിയവരുടെ പേരുകള്‍ ഇന്നെനിക്കോര്‍മ്മയില്ല. അതു ജീവിതത്തില്‍ ആഹ്ലാദം പകര്‍ന്ന നിമിഷങ്ങളായിരുന്നു. എന്നെപ്പറ്റി ചിലരൊക്കെ ആരാഞ്ഞു തുടങ്ങി. ചിലര്‍ എന്നെത്തേടി ഹോട്ടലില്‍ വന്നു. നാടകം വേണമെന്നാവശ്യപ്പെട്ടു. അതിനനുസരിച്ച് നാടകങ്ങള്‍ വീണ്ടും എഴുതാനാരംഭിച്ചു.

ആഴ്ചകള്‍ മാസങ്ങളായി. ജ്യേഷ്ഠത്തിയില്‍ എന്തോ ഒരു മാറ്റം കണ്ടു. അത് എന്തെന്ന് വ്യക്തമായി ഒരു ദിവസം ഞാന്‍ മനസ്സിലാക്കി. ആ ദിവസം കടയില്‍ നിന്ന് ഞാന്‍ നേരത്തേ വീട്ടിലേക്ക് വന്നതാണ്. കുട്ടികള്‍ പഠനത്തിലും എഴുത്തിലുമാണ്. ജ്യേഷ്ഠനും ജ്യേഷഠത്തിയും സംസാരിക്കുന്നത് എന്റെ കാര്യമാണ്. ജ്യേഷ്ഠത്തി ചോദിച്ചു എത്ര നാള്‍ ഇവനെ ഇവിടെ നിര്‍ത്തി തീറ്റിപ്പോറ്റാനാണ് ചേട്ടന്റെ ഉദ്ദേശം. കതക് അടച്ചിട്ടാണ് സംസാരിക്കുന്നതെങ്കിലും അത് പുറത്ത് ഞാന്‍ കേള്‍ക്കുമെന്ന് അവര്‍ക്കറിയില്ല. അവരുടെ വാദപ്രതിവാദങ്ങള്‍ കുറച്ചു കേട്ടതിനു ശേഷം ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. കിഴക്കു ഭാഗത്തുളള ഒരു കലുങ്കില്‍ ചെന്നിരുന്നു. ആ കലുങ്കിന്റെ അടിയിലൂടെ മഴക്കാലമായാല്‍ വെളളം ഒഴുകി പോകാറുണ്ട്. എന്റെ മനസ്സില്‍ ആദ്യമായി ഒരു മരവിപ്പ് തോന്നി. ജ്യേഷ്ഠത്തി പറഞ്ഞതിലും കാര്യമുണ്ട്. നാട്ടില്‍ നിന്ന് വന്നിട്ട് മൂന്നു മാസം കഴിഞ്ഞു. ഇവിടെ ഇങ്ങനെ താമസിക്കുന്നത് അത്ര നന്നല്ല. ജ്യേഷ്ഠന്റെ മനോവികാരം ഇതിനോക്കെ എന്തു പറയുമെന്നുളളതാണ്.ഹൃദയ വേദനയുമായി ഇരുന്ന നിമിഷങ്ങളില്‍ കണ്ണുകള്‍ നിറഞ്ഞതറിഞ്ഞില്ല.

സഹോദരനായാലും സ്‌നേഹവും കാരുണ്യവും ഇത്രയുമേയുളളൂ എന്ന് ഞാന്‍ മനസ്സിലാക്കി. നാട്ടില്‍ എത്രമാത്രം പട്ടിണി കിടന്നു. എല്ലാം എനിക്കു വേണ്ടി തന്നെ. അവിടെയും ഞാനാര്‍ക്കും ആരുമായിരുന്നില്ല. അവിടെ വച്ച് ഞാന്‍ ആഹാരം ത്യജിക്കുമായിരുന്നു. ഇവിടെ അതിനു പറ്റില്ല. കാരണം വിശപ്പടക്കാന്‍ വീട്ടിലുളളതു പോലെ മാങ്ങയോ, ചക്കയോ, തേങ്ങയോ ഇവിടെയില്ല. ആകെയുളളത് മരങ്ങളാണ്. പിന്നീട് ക്വാര്‍ട്ടറിന്റെ ഇടതു ഭാഗത്ത് ജ്യേഷ്ഠന്‍ നാട്ടില്‍ നിന്നു കൊണ്ടു വന്ന കുറെ ചേനയും ചേമ്പും കപ്പയുമാണുളളത്. ഉളളില്‍ നീറുന്ന വേദനയുമായി കുറച്ചു നേരം ആ കൂരിരുട്ടില്‍ ഇരുന്നിട്ട് ക്വാര്‍ട്ടറിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോള്‍ ജ്യേഷ്ഠന്‍ അവിടെ ഇല്ലായിരുന്നു. ചിട്ടിപ്പിരിവിന് പോയതാണ്. ചിട്ടിപ്പിരിവിനും കടയിലും പോയിട്ടു വരുമ്പോഴേക്കും പതിനൊന്നു മണി കഴിയും.
ജ്യേഷ്ഠത്തി ഭക്ഷണം തന്നു. എപ്പോഴും അങ്ങനെയാണ്. ഭക്ഷണം മേശപ്പുറത്ത് കൊണ്ടുവച്ചിട്ടു പോകും. മറ്റൊന്നും സംസാരിക്കില്ല. ഉളളില്‍ നീരസമാണോ, സ്‌നേഹമാണോ?. ഒന്നുമറിയില്ല. പൊതുവില്‍ സ്ത്രീ സഹജമായ ഒരു സ്വഭാവമാണുളളത്. ഭക്ഷണം കഴിഞ്ഞ് ഹൃദയവ്യഥയോടെ കട്ടിലില്‍ കണ്ണുമിഴിച്ചു കിടന്നു. വീട്ടില്‍ നേരത്തെ വരുമ്പോഴോക്കെ ഷോര്‍ട്ട്ഹാന്‍ഡോ, നാടകമോ എഴുതി എല്ലാവരും ഉറങ്ങിയിട്ട് മാത്രമേ ഞാന്‍ ഉറങ്ങിയിരുന്നുളളൂ. ഇനിയും ഒരു ജോലിക്കുവേണ്ടിയുളള ശ്രമങ്ങള്‍ തുടങ്ങണം. ജ്യേഷ്ഠത്തി പറയുന്നതിലും കാര്യമുണ്ട്. എനിക്ക് വച്ചുവിളമ്പി തരേണ്ട കാര്യമൊന്നും അവര്‍ക്കില്ല.

ജ്യേഷ്ഠത്തിയുടെ വാക്കുകള്‍ തെറ്റിധരിക്കേണ്ടതില്ല എന്ന് എനിക്കും തോന്നി. എനിക്കൊരു ജോലി ലഭിച്ചാല്‍ സന്തോഷിക്കുന്നത് ജ്യേഷ്ഠത്തി അല്ലെന്ന് പറയാന്‍ പറ്റുമോ?. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്‌ളാസ്സ് കഴിഞ്ഞ് ദുര്‍വ്വായില്‍ നിന്നും റാഞ്ചിയിലേക്ക് ബസ്സ് കയറും. മിനിബസ്സുകളാണ്. ബസ്സില്‍ കയറിയാല്‍ ടിക്കറ്റ് എടുക്കില്ല. അതിനുളള കാരണം ബസ്സ് കണ്ടക്ടറുടെ കയ്യില്‍ ടിക്കറ്റില്ല. ഓരോരുത്തരേയും സമീപിച്ച് പൈസ വാങ്ങും. ദുര്‍വ്വയില്‍ നിന്നും റാഞ്ചിയിലേക്ക് മുപ്പതു പൈസയാണ് കൂലി. ഏകദേശം ഒരു മണിക്കൂര്‍ യാത്ര. എന്റെ കൈയ്യില്‍ കാശില്ലാത്തതിനാല്‍ ഞാന്‍ ടിക്കറ്റ് എടുക്കാറില്ല. കണ്ടക്ടറുടെ ഓരോ ചലനങ്ങള്‍ക്കും ഞാന്‍ മാറി മറിഞ്ഞു നില്‍ക്കും. മാത്രവുമല്ല, റാഞ്ചിയില്‍ ചെന്നിറങ്ങുമ്പോള്‍ ഞാന്‍ ബാക്കി ചോദിക്കും. കണ്ടക്ടര്‍ എന്നെ തുറിച്ചു നോക്കിയിട്ട് ചോദിക്കും എത്രയാണ്. ഞാന്‍ പറയും അമ്പതു പൈസ തന്നു ഇരുപതു പൈസ ബാക്കി കിട്ടാനുണ്ട്. ഇതു ചില ദിവസങ്ങളില്‍ ഒരു രൂപയാകും. പെട്ടെന്നു കണ്ടുപിടിക്കാതിരിക്കാന്‍ ഓരോ ദിവസവും ഓരോ ബസ്സിലാണ് യാത്ര. ബസ്സിന്റെ എന്‍ജിന്‍ ഇടിക്കുന്ന പോലെ എന്റെ ഹൃദയവും ഇരച്ചു കൊണ്ടിരുന്നു.

റാഞ്ചിയുടെ പല ഭാഗങ്ങളിലും ഒരു ജോലിക്കായി കയറിയിറങ്ങി. ഹിന്ദി അറിയാത്തതിനാല്‍ അര മുറി ഇംഗ്‌ളീഷ് വാക്കാണ് ഞാന്‍ ഉപയോഗിച്ചത്. ചില സ്ഥലത്ത് ജോലിയുണ്ടെങ്കിലും എനിക്ക് വേണ്ട ജോലി പരിചയം ഇല്ലാത്തതിനാല്‍ അതിനും സാധ്യതയില്ല. പലപ്പോഴും നടന്നു ക്ഷീണിച്ച് തളര്‍ന്നു. ജ്യേഷ്ഠത്തി നല്കിയ പ്രഭാത ഭക്ഷണം കഴിച്ചിട്ടാണ് എന്റെ യാത്ര. ഉച്ചയ്ക്ക് ഹോട്ടലില്‍ കയറിയിരുന്ന് വെളളം കുടിച്ചിട്ട് ഇറങ്ങി നടക്കും. മിക്ക ദിവസവും താമസിച്ചു വരുമ്പോള്‍ ജ്യേഷ്ഠന്‍ ചോദിക്കും, നീയിപ്പോള്‍ കടയില്‍ ചെല്ലാറില്ലേ?. ഞാനപ്പോള്‍ ഒരു കളളം പറയും റാഞ്ചിയില്‍ ഒരു പാര്‍ട്‌ടൈം ജോലി കിട്ടി. എല്ലാ ദിവസവുമില്ല. ആഴ്ച്ചയില്‍ രണ്ടോ, മൂന്നോ ദിവസം പോയാല്‍ മതി. ജ്യേഷ്ഠത്തിക്ക് അത് ആഹ്‌ളാദം പകരുന്ന ഒരു കാര്യമായിരുന്നു. എന്റെ വാക്കുകളില്‍ അല്പം പോലും സംശയം അവര്‍ക്ക് തോന്നിയില്ല. എന്റെ ദുഖം ഞാന്‍ തന്നെ സഹിച്ചു കൊണ്ടിരുന്നു.

ജ്യേഷ്ഠന്‍ ഒരു വസ്തു എഴുത്തിനായി ഒറ്റയ്ക്ക് നാട്ടിലേക്ക് പോയി. പോകുന്നതിനു മുമ്പ് ചില മലയാളികളോട് ചിട്ടി കാശ് വാങ്ങുന്ന കാര്യം എന്നേയേല്‍പിച്ചു. ജ്യേഷ്ഠന്റെ സമീപനം പലപ്പോഴും ആശ്വാസം പകരുന്നതായിരുന്നു. ജ്യേഷ്ഠത്തിയുടെ ആശങ്കകളെ കുറച്ചു കണ്ടതുമില്ല.
എന്റെ ജീവിതവും മനസ്സും വല്ലാതെ വ്യാകുലപ്പെട്ടു. എത്രനാള്‍ ഇങ്ങനെ ജീവിക്കും. ഒരു സന്ധ്യയ്ക്ക് ഹോട്ടലിലേക്ക് ചിട്ടിപ്പണം അടയ്ക്കാനുളള ജ്യേഷ്ഠന്റെ സുഹൃത്ത് വളളികുന്നം എന്ന് വിളിപ്പേരുളള ഒരാള്‍ കടന്നുവന്നു. എല്ലാ സന്ധ്യകളിലും മലയാളികള്‍ ഹോട്ടല്‍ നടത്തുന്ന തൃശൂര്‍ക്കാരനായ അപ്പുവിന്റെ ചായക്കടയില്‍ വന്നിരുന്നു ചായയും- വടയും കഴിക്കുകയും നാട്ടുകാര്യങ്ങള്‍ – റാഞ്ചി വിശേഷങ്ങള്‍ ഒക്കെ സംസാരിക്കുകയും പതിവാണ്. ഞാനുമതൊക്കെ കേട്ടിരിക്കും. വളളികുന്നം പോകാന്‍ പുറത്തേക്കിറങ്ങിയ സമയം ഞാന്‍ പറഞ്ഞു, ജ്യേഷ്ഠന്‍ പറഞ്ഞിട്ടു പോയി ചിട്ടിക്കാശ് ചോദിക്കണമെന്ന്. തീഷ്ണമായി വളളികുന്നം എന്നെ നോക്കി രോഷത്തോടെ പറഞ്ഞു. നീ ആരാടാ എന്നോട് കാശു ചോദിക്കാന്‍. ഞാന്‍ നിശ്ശബ്ദനായി ഉളളിലുയര്‍ന്ന കോപമടക്കി വിടര്‍ന്ന മിഴികളോടെ നോക്കി എന്നിട്ട് ചോദിച്ചു എന്തിനാ ചേട്ടാ എന്നോട് വഴക്കുകൂടുന്നേ?. ജ്യേഷ്ഠന്‍ പറഞ്ഞത് പൈസ ചോദിച്ചു വാങ്ങണമെന്ന്. ഞാന്‍ ചോദിച്ചത് തെറ്റായോ. പറഞ്ഞു തീര്‍ന്ന ഉടനെ എന്നെ പിടിച്ചു തളളി. ഞാന്‍ പിറകോട്ട് വേച്ചു വേച്ചു പോയി. അതു കണ്ട് അപ്പു ധൃതിയില്‍ വന്ന് വള്ളികുന്നത്തെ സമാധാനിപ്പിച്ചു. വള്ളികുന്നത്തിന് ദേഷ്യമടക്കാനായില്ല. അയാള്‍ തെറി വാക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു. എന്റെ ഉയര്‍ന്നുളള ചവിട്ട് അയാളുടെ നെഞ്ചത്ത് തറച്ചു. അയാള്‍ മണ്ണിലേക്ക് മറിഞ്ഞു വീണു.

കടയില്‍ ഇരുന്നവര്‍ ആ രംഗം കണ്ടു പുറത്തേക്ക് വന്നു. എന്റെ ശരീരമാകെ വിറച്ചു. കണ്ണുകള്‍ ജ്വലിച്ചു. ഞങ്ങളെ രണ്ടു പേരേയും മറ്റു മലയാളികള്‍ തടഞ്ഞു. നിന്നവരൊക്കെ വള്ളികുന്നത്തെ കുറ്റപ്പെടുത്തി പറഞ്ഞു. തനിക്ക് എന്താ പറ്റിയെ ഹിന്ദിക്കാരുടെ മുന്നില്‍ മലയാളികള്‍ തമ്മിലടിക്കുക നാണക്കേടാണ്. വള്ളിക്കുന്നം എന്നെ വെല്ലുവിളിച്ചു കൊണ്ട് കോപാക്രാന്തനായി പോയി. എന്നോടും ചിലര്‍ പറഞ്ഞു നിന്റെ ജ്യേഷ്ഠന്‍ ഇവിടെ ഇല്ലാത്തത് നീ മറക്കേണ്ട. നീ വഴക്കിനൊന്നും പോവരുത്. സത്യത്തില്‍ അറിഞ്ഞുകൊണ്ട് ഞാനൊരു വഴക്കുണ്ടാക്കിയില്ല. സംഭവിച്ചതു സ്വാഭാവികം മാത്രമായിരുന്നു. അയാളുടെ തടിമിടുക്ക് എന്നോട് വേണ്ട എന്നു പറഞ്ഞിട്ട് ഞാനും കടയില്‍നിന്നിറങ്ങി. മനസ്സാകെ ആ വഴക്കിനെ ചുറ്റപ്പെട്ടുകിടന്നു. ഉളളില്‍ വിഷവുമായി ജീവിക്കുന്ന ഇവനെപ്പോലുളളവര്‍ മലയാളികള്‍ക്കിടയിലുണ്ട്.

നടന്ന സംഭവം ജ്യേഷ്ഠത്തിയെ ധരിപ്പിച്ചു. എല്ലാത്തിനും ദൃക്‌സാക്ഷി അപ്പുവാണ്. ജ്യേഷ്ഠത്തി എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. പൈസ തന്നില്ലെങ്കില്‍ വേണ്ട. സ്വന്തം ഭാര്യയെ വരെ അവന്‍ തല്ലിയതായി കേട്ടിട്ടുണ്ട്. അവന്‍ സമുദായത്തിന്റെ നേതാവെന്നാ പറയുന്നത്.  ഈ സംഭവം വള്ളികുന്നം ഒരു മതവൈര്യമായി സഹപ്രവര്‍ത്തകരിലേക്ക് പരത്തി. അതിന്റെ മുഖ്യ സൂത്രധാരന്‍ ഒരു ആനന്ദായിരുന്നു. അയാളുടെ വീട്ടിലാണ് ഒത്തുകൂടലും കളളുകുടിയും എല്ലാ ഞായറാഴ്ചകളില്‍ നടക്കുന്നത്. പന്തയം വച്ചുളള ചീട്ടുകളിയുമുണ്ട്. വള്ളികുന്നത്തെ ചവിട്ടിയത് വളരെ ഗൗരവമായിട്ടാണ് അവര്‍ കണ്ടത് അടിക്ക് തിരിച്ചടിക്കണം അതായിരുന്നു അവരുടെ തീരുമാനം. ഒരു ദിവസം ഞാന്‍ ദുര്‍വ്വയിലേക്ക് നടക്കുമ്പോള്‍ ഒരാള്‍ പിറകില്‍ നിന്ന് വിളിച്ചു. അത് ആനന്ദായിരുന്നു. ഒപ്പം മറ്റൊരാളുമുണ്ട്. വളരെ ആകര്‍ഷകമായ വസ്ത്രധാരണം, ചെറു പുഞ്ചിരി ആദ്യം സൗമ്യമായി സംസ്സാരിച്ചയാളുടെ സ്വരം മാറി. എന്നെ ഇപ്പോള്‍ തന്നെ സംഹരിച്ചുകളയുമെന്ന ഭാവത്തില്‍ ഭയപ്പെടുത്തി സംസാരിച്ചുകൊണ്ടരിക്കെ ഞാന്‍ ചോദിച്ചു, ചേട്ടന്മാര്‍ എന്റെ ഭാവി തീരുമാനിക്കാന്‍ ആരാണാവോ?. അടിക്ക് തിരിച്ചടിക്കാനാണ് വന്നതെങ്കില്‍ അടിക്കെടാ.. എന്റെ ശബ്ദവും ഉച്ചത്തിലായി.

ആനന്ദന്‍ എന്റെ ഉടുപ്പില്‍ ബലമായ് പിടിച്ചിട്ട് കൂടെ വന്നവനോട് പറഞ്ഞു. അടിക്കെടാ ഇവനെ..ആനിമിഷം ആനന്ദനെ ദൂരേക്ക് വലിച്ചെറിഞ്ഞ്. അടിക്കാന്‍ വന്നവന്റെ നാഭിക്കു തന്നെ തൊഴിച്ചു. അയാള്‍ അട്ട ചുരുളുന്നതു പോലെ താഴേക്ക് ചുരുണ്ടു. സൈക്കിളില്‍ വന്ന ഹിന്ദിക്കാര്‍, മദ്രാസികള്‍ തമ്മിലടിക്കുന്നത് നോക്കി നിന്നു. എന്റെ കണ്ണുകളില്‍ പ്രതികാരം മാത്രമായിരുന്നു. മുന്നോട്ടു വന്ന ആനന്ദിനെ ചവിട്ടി വീഴ്ത്തുക മാത്രമല്ല, ഇടിക്കയും ചെയ്തു. അപ്പോഴേക്കും ഹിന്ദിക്കാര്‍ ഓടി വന്ന് എന്നെ പിടിച്ചു മാറ്റി. ഇതൊക്കെ കണ്ട് രസിച്ച ഒരു മലയാളി ചെറിയാനും കൂട്ടത്തിലുണ്ടായിരുന്നു. എന്റെ മുന്നില്‍ നിശബദരായി അവര്‍ മാറിയിരുന്നു. അവരുടെ ശൂന്യത നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ”വെറുതെ ചൊറിയാന്‍ വരല്ലേ, മര്യാദയ്ക്കു നീയൊക്കെ നടന്നില്ലെങ്കില്‍ ആശുപത്രിയിലായിരിക്കും വാസം.” നിര്‍വികാരരായി നിന്നതല്ലാതെ മറിച്ചൊന്നും പറഞ്ഞില്ല. വിഷാദഭാവത്തോടെ അവരെന്നെ നോക്കി നിന്നു. അവരുടെ ഉളളില്‍ നീരസവും പകയും വര്‍ദ്ധിച്ചു.

അദ്ധ്യായം – 10
തകഴി, കാക്കനാടന്‍ സ്മരണകള്‍

നെടുവീര്‍പ്പുകളുമായി രാത്രിയുടെ യാമങ്ങളില്‍ ഉറങ്ങാതെ കിടന്നപ്പോള്‍ ഹൈസ്‌കൂളില്‍ പഠിച്ച കാലത്ത് മറ്റു കുട്ടികള്‍ക്കൊപ്പം പോയികണ്ട തേക്കടി, മലമ്പുഴ, കന്യാകുമാരിയെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമയും കിഴക്ക് കടലിനു മുകളില്‍ രക്തവര്‍ണ്ണം അണിയിച്ചുകൊണ്ട് വെയില്‍ നാളങ്ങള്‍ക്ക് മദ്ധ്യത്തില്‍ എരിയുന്ന അഗ്നി പോലെ ഉരുണ്ടു തിളങ്ങിയ ഉദയ സൂര്യനും, തേക്കടിയിലെ തടാകവും വന്‍ കാടുകളും, അവിടുത്തെ കുറ്റിക്കാടുകളുടെ ഇടയിലൂടെ കടന്നു വരുന്ന മാനുകളും, അവപുല്ലുതിന്നുന്നതിനിടയില്‍ ഇതര ദിക്കുകളിലേക്ക് തലയുയര്‍ത്തി സംശയത്തോടെ ശത്രുക്കളായ കടുവ, പുലി ഒക്കെ വരുന്നുണ്ടോ എന്നുനോക്കുന്നതും ഓര്‍ത്തു. അടുത്തും അകലെയും നടക്കുന്ന വെളള കൊക്കുകള്‍ അതില്‍ ചിലത് പുഴയുടെ മദ്ധ്യത്തിലൂടെ പറക്കുന്നത് നല്ല കാഴ്ച്ചയായിരുന്നു. വന്‍ മരങ്ങളുടെ മദ്ധ്യത്തിലൂടെ ഒരു പുലി വരുന്നതു കണ്ട് പാവം മാനുകള്‍ ജീവനും കൊണ്ട് ഓടുന്നത്. നടന്നു വന്ന് വെളളം കുടിച്ചുകൊണ്ടിരിക്കെ അവിടേക്കു കാട്ടാനകള്‍ വരുന്നതു കണ്ടു പുലിയും ഭയന്നോടുന്നു. ആനകളും വെളളം കുടിക്കാന്‍ വന്നതാണ്. ഒരു മണിക്കൂറോളം അവിടെ നിന്ന് ജിജ്ഞാസയോടെ, ആശ്ചര്യത്തോടെ, ഭയത്തോടെ ഇമ വെട്ടാതെ നോക്കി നിന്നു. അവിടേക്ക് കേരളത്തിന്റെ പല ഭാഗത്തു നിന്നുമുളള കുട്ടികള്‍ വന്നു കൊണ്ടിരുന്നു. എല്ലാവര്‍ക്കും മൃഗങ്ങളെക്കാണാനുളള വെമ്പലാണ്.

മൂകനായി ഇരുട്ടുമുറിയിലിരുന്ന് എന്താണ് ഞാന്‍ ചെയ്ത തെറ്റുകള്‍, കുറ്റങ്ങള്‍ എന്നതിന്റെ കണക്കെടുപ്പു തന്നെ നടത്തി. പോലീസടക്കം എന്നോടു ചെയ്തിട്ടുളള അന്യായങ്ങള്‍ മനസ്സിനെ വ്രണപ്പെടുത്തി. അവര്‍ സമൂഹത്തില്‍ കാട്ടുന്ന അനീതികള്‍ ഒരു നാടകത്തിലൂടെ തുറന്നു പറഞ്ഞതാണോ ഞാന്‍ ചെയ്ത കുറ്റം. സത്യം തുറന്നു പറഞ്ഞാല്‍ നക്‌സല്‍ ആകുമോ.? അനീതിയുടെയും ദുരാചാരങ്ങളുടെയും മറവില്‍ ജീവിതത്തില്‍ ഞാനൊരു വളര്‍ത്തു മൃഗമാണോ?. സത്യം പറഞ്ഞാല്‍ സല്‍സ്വഭാവി ദുസ്വഭാവിയാകുമോ?. ഇവിടുത്തെ പോലീസ് സമ്പന്നര്‍ക്കൊപ്പം നിന്ന് പാവങ്ങളോട് ക്രൂരത കാട്ടിയാല്‍ സ്ത്രീയോട് അതിക്രമം കാട്ടിയാല്‍ ആണായി പിറന്നവന്‍ അതു സഹിക്കണമെന്നാണോ?. അതിനെ ആര്‍ക്കാണ് തടയാന്‍ കഴിയുക?.

ഒപ്പം പഠിച്ചിരുന്ന കറ്റാനത്തുകാരന്‍ തോമസ്സ് പറഞ്ഞത് ഓര്‍ത്തു. അവന്റെ അച്ഛന്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ്. നീ നാടകം പോലീസ്സിനെതിരെ എഴുതിയാല്‍ നിന്നെ കളള കേസ്സില്‍ അവര്‍ അകത്താക്കും. ഒന്നുകില്‍ എഴുത്തു നിര്‍ത്തുക അല്ലെങ്കില്‍ നാടുവിട്ടു പോകുക. ആ പോലീസ്സുകാരനേക്കള്‍ മകന്‍ നല്ലവനായി തോന്നി. അവനൊപ്പം പഠിച്ചതു കൊണ്ട് അതൊക്കെ അറിയാനായി. എന്റെ നാടകം കാണാന്‍ അവന്റെ അച്ഛനുമുണ്ടായിരുന്നു. അയാളാണല്ലോ ഇത് പ്രശ്‌നമാക്കിയത്. ആ നാടകത്തില്‍ ഏറ്റവും നല്ല ആക്ടര്‍ ഞാനായതും അവര്‍ക്ക് ദഹിച്ചു കാണില്ല.
തോമസ്സിന് എന്നോട് ഒരു പ്രത്യേക സ്‌നേഹം തോന്നാന്‍ കാരണം മറ്റൊരു ക്‌ളാസ്സില്‍ പഠിക്കുന്ന ഗംഗാധരന്‍ ഇവനുമായി വഴക്കുണ്ടാക്കി. ആ വഴക്കില്‍ ഗംഗാധരന്‍ ഇവനെ ഉപദ്രവിച്ചു. അതിനു പ്രതികാരം ചെയ്യാന്‍ അവര്‍ എന്നെയാണ് സമീപിച്ചത്. അവന്റെ കൂട്ടത്തില്‍ ഓമനക്കുട്ടനുമുണ്ടായിരുന്നു. എല്ലാത്തിനും ദൃക്‌സാക്ഷിയാണവന്‍. അനാവശ്യമായിട്ടാണ് ഉപദ്രവിച്ചതെന്ന് അവന്‍ ആണയിട്ടു പറഞ്ഞു. വീട്ടിലോ ഹെഡമാസ്റ്ററോടോ പറയാനുളള ധൈര്യമില്ല.

ഒരു വെളളിയാഴ്ച്ച ഉച്ചയ്ക്ക് സ്‌ക്കൂളിന് പുറത്തുളള റോഡില്‍ ഗംഗാധരനെ അവന്‍ വീട്ടിലേക്ക് പോവുമ്പോള്‍ ഞാന്‍ തടഞ്ഞു നിര്‍ത്തി. അനാവശ്യമായി നീ തോമസ്സിനെ ഇടിച്ചതിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. എനിക്കൊപ്പം തോമസ്സുമുണ്ടായിരുന്നു. അവന്‍ പരിഭവത്തോടും പുച്ഛത്തോടും പറഞ്ഞു. ”എനിക്കിപ്പം മനസ്സില്ല.” ഞാന്‍ ചുറ്റുപാടുകള്‍ നോക്കി. ആരെങ്കിലും കാണുന്നുണ്ടോ. ഒരു വിദ്യാര്‍ത്ഥി അതുവഴി നടക്കുന്നുണ്ട്. ഗംഗാധരനെ സ്‌നേഹത്തോടെ തലോടിയിട്ട് അടുത്തുകൂടി നടന്നു പോയ വിദ്യാര്‍ത്ഥി അകലത്തിലെത്തിയ തക്കം നോക്കി ഉയര്‍ന്നു നെഞ്ചില്‍ തന്നെ ചവിട്ടി. ഗംഗാധരന്‍ മലര്‍ന്നു വീണു. അടുത്ത് ചെന്ന് ഉടുപ്പില്‍ പിടിച്ച് പൊക്കിയിട്ടു പറഞ്ഞു. അനാവശ്യമായി നീ ആരേയും ഉപദ്രവിക്കരുത് കേട്ടോ. തോമസ്സ് ആനന്ദ പുളകിതനായി. ഗംഗാധരന്‍ ഉത്കണ്ഠയോടെ രണ്ടുപേരെയും നോക്കി നിന്നു. മനസ്സില്‍ പറഞ്ഞു ഇവനോട് ഏറ്റുമുട്ടാന്‍ പോയത് തെറ്റ്. എല്ലാ വര്‍ഷവും സ്‌കൂളിലെ ഹൈജംമ്പില്‍ ഒന്നാം സ്ഥാനം വാങ്ങുന്നവനാണ് അതു കൊണ്ടാവണം നിന്ന നില്പില്‍ മുകളിലേക്കുയര്‍ന്നത്. മുഖമാകെ ചുവന്നിരുന്നു.

പത്താം ക്‌ളാസ്സിലെ എല്ലാ കുട്ടികളും അത്യാഹ്‌ളാദത്തോടെയാണ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്കൊപ്പമുളള ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കാന്‍ വന്നത് ദൂരെ നിന്നുളള ആരോ ആണ്. എന്റെ ക്‌ളാസ്സിലെ കുട്ടികള്‍ എല്ലാം ഫോട്ടോയ്ക്ക് തയ്യാറായി. ഒരു കുട്ടി 5 രൂപ കൊടുത്താലേ ഫോട്ടോ എടുക്കൂ. തീര്‍ച്ചയായും ഒരു കുട്ടിയെ സംബന്ധിച്ച് സ്‌കൂളില്‍ നിന്നു പിരിഞ്ഞു പോവുമ്പോള്‍ മധുരമായ ഒരനുഭവമാണ് സഹപാഠികള്‍ ഒന്നിച്ചുളള ഫോട്ടോ. ഫോട്ടോയുടെ ദിനങ്ങള്‍ക്കായി കാശു കൊടുത്ത് അവര്‍ കാത്തിരുന്നു. എന്റെ മനസ്സില്‍ ദുഖഭാരങ്ങളായിരുന്നു. മുന്നില്‍ വെറും പുകപടലങ്ങള്‍. അതിങ്ങനെ ലക്ഷ്യമില്ലാതെയലയുന്നു. സ്‌കൂള്‍ വിനോദയാത്രകള്‍ പോകുമ്പോഴൊക്കെ കോഴി, ആട് ഇവയെ വിറ്റിട്ടോ അല്ലെങ്കില്‍ കൂലിപ്പണി ചെയ്‌തോ ആണ് കാശുണ്ടാക്കുന്നത്. ഇപ്പോള്‍ വില്‍ക്കാന്‍ ഒന്നുമില്ല. വേനലായതിനാല്‍ വീട്ടിലും പണിയില്ല. വളരെ താല്‍പര്യമായിരുന്നു എനിക്കും ഒരു ഫോട്ടോ എടുക്കണമെന്ന്. ഫോട്ടോ എടുക്കാന്‍ പണമില്ലാതെ ഒന്നും നടന്നില്ല. അതൊരു നീറ്റലായി മനസ്സില്‍ കിടന്നു പുകഞ്ഞു. ഫോട്ടോ എടുക്കുന്ന ദിവസം ഞാനിരുന്ന ക്‌ള്‌സ് മുറിയുടെ വലിയ ജനാലയിലൂടെ നിശ്ചലനായി പടിഞ്ഞാറോട്ട് നോക്കിനിന്നു. അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ എന്റെ ഹൃദയം, കണ്ണുകള്‍ യാചിക്കുന്നുണ്ടായിരുന്നു. പത്താം ക്‌ളാസ്സില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ആഹ്‌ളാദം നല്‍കിയ ഒരനുഭവമായിരുന്നത്. എന്റെ കണ്ണുകള്‍ക്കു മുന്നില്‍ അന്ധകാരം തോന്നിയ നിമഷങ്ങള്‍. ആ മുറിക്കുളളില്‍ അധികനേരം നില്‍ക്കാന്‍ കഴിയാതെ നിറ കണ്ണുകളുമായി പുറത്തേക്കു നടന്നു. സ്വന്തം അദ്ധ്യാപകര്‍ പോലും അല്പം കരുണകാണിച്ചില്ല. എല്ലാവരും ഫോട്ടോ എടുക്കുമ്പോള്‍ ഒരാള്‍ മാത്രം എവിടെ എന്നാരും ചോദിച്ചില്ല.

ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ തെക്കു ഭാഗത്തായി പുതിയൊരു മൂത്രപ്പുരയുണ്ട്. മൂത്രമൊഴിച്ചിട്ട് പുറത്തേക്കിറങ്ങി നടന്നു. അപ്പോഴാണ് തോമസ്സ് എന്നെ അന്വേഷിക്കുന്നതും എല്ലാവരും ഒന്നിച്ചുളള ഫോട്ടോയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നതും. അവന്റെ വാക്കുകള്‍ എന്റെ ഹൃദയവേദന കൂട്ടി. എന്റെ സങ്കടം ഞാനവനോട് പറഞ്ഞില്ല. എന്റെ ആകെയുളള ഉത്തരം എനിക്ക് ഫോട്ടോകളോട് താല്പര്യമില്ല എന്നുമാത്രമായിരുന്നു. ജന്മിയായ ഒരച്ഛന്റെ വീട്ടില്‍ കൂലിപ്പണികാരനായ ഒരു മകനുളളത് എനിക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല. മുന്നില്‍ ദുഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിര്‍ത്താന്‍ എനിക്കു കഴിയുന്നു. എന്റെ ഇഷ്ട പ്രകാരം ഞാന്‍ ശ്വാസോച്ഛ്വസം ചെയ്യുന്നില്ലേ. ജീവിത പ്രതിസന്ധികളെ തരണം ചെയ്യുന്നത് ധീരന്മാരാണ്. ഭീരുക്കളല്ല. എല്ലാ ദുഖങ്ങളേയും എനിക്കുളളില്‍ നിശബ്ദമായി ഞാന്‍ താലോലിച്ചു. അതിലൂടെ തടസ്സങ്ങളെ അതിജീവിക്കാന്‍ പഠിച്ചു. ചെറുപ്പത്തില്‍ കഷ്ടപ്പെട്ടും പ്രതിരോധിച്ചും അതിജീവിച്ചും മുന്നോട്ടു പോയവരൊക്കെ പുതു ജീവന്‍ പ്രാപിച്ചിട്ടുളളതായിട്ടല്ലേ ലെപ്രസി സാനിട്ടോറിയത്തില്‍ നിന്നെടുത്തിട്ടുളള പുസ്തകത്തിലൂടെ മനസ്സിലാക്കിയത്.

തോമസ്സില്‍ നിന്നാണ് എനിക്കെതിരെ പോലീസ് നടത്തുന്ന ഗൂഢ നീക്കങ്ങളെപ്പറ്റി ഞാനറിയുന്നത്. നാടുവിടാന്‍ തന്നെയുളള പ്രധാന കാരണം പോലീസ്സിന്റെ തുടര്‍ നടപടികളാണ്. നാടകങ്ങള്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതും പോലീസ് സേനയിലെ മുഖംമൂടികളെപ്പറ്റിയാണ്. മനുഷ്യന്‍ അന്ധമായി അവരെ അനുസരിക്കുന്നു. ഒന്നുകില്‍ പോരാടുക അല്ലെങ്കില്‍ ഒളിച്ചോടുക. പോരാട്ടത്തിനു പോയാല്‍ പോലീസും വീട്ടുകാരും പ്രതികാര നടപടികളിലേക്ക് പോകും. എനിക്ക് ഞാന്‍ മാത്രമേയുളളൂ. ആരും സഹായത്തിനില്ല. ഇത്ര ചെറുപ്പത്തില്‍ തന്നെ ഞാനൊരു നക്‌സലോ, ഭീകരവാദിയോ ആകാന്‍ ഞാനായിട്ടെന്തിനു ശ്രമിക്കണം. സമൂഹത്തിനാകെ സ്വാതന്ത്യം നിഷേധിച്ചിട്ടില്ലല്ലോ. എന്റെ അമ്മയും എന്നെയോര്‍ത്ത് ഭയപ്പെടുന്നുണ്ട്. നിനക്ക് ശത്രുക്കള്‍ കൂടുന്നു. നീ നാടു വിട്ട് പോവുന്നതാണ് എല്ലാവര്‍ക്കും നല്ലത്. നീ നാടകമെഴുതി എവിടെയെങ്കിലും അവതരിപ്പിക്കും. അതു കണ്ട് പോലീസ് നിന്നെ നക്‌സല്‍ എന്ന പേരില്‍ ജയിലിലടയ്ക്കും.

രണ്ടു റേഡിയോ നാടകങ്ങള്‍ തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങളില്‍ നിന്നു പ്രക്ഷേപണം ചെയ്യുകയുണ്ടായി. അതൊന്നും പോലീസ് നാടകങ്ങളല്ലായിരുന്നു. ചില സത്യങ്ങള്‍ പറയുമ്പോള്‍ അതിനെ അഭിമുഖീകരീക്കാന്‍ ധൈര്യമില്ലാതെ അസഹിഷ്ണുത എന്തിനാണമ്മേ?. അതിന്റെ അര്‍ത്ഥം സത്യവും നീതിയും അംഗീകരിക്കാന്‍ തയ്യാറല്ല എന്നല്ലേ. അവസാനം അമ്മ പറഞ്ഞത് നിന്റെ മുന്നില്‍ ആരും കീഴടങ്ങില്ല. നിന്നെ കീഴടക്കാന്‍ പോലീസ് നടക്കുന്നു. നീ ദൈവത്തെ ഓര്‍ത്ത് എങ്ങോട്ടെങ്കിലും പോ. മകനെ ഓര്‍ത്ത് സഹതപിക്കുന്ന ഒരമ്മ. എല്ലായിടത്തു നിന്നും ഭീഷണികളാണ് .

മലയാള മനോരമയുടെ കേരള യുവ സാഹിത്യ സഖ്യത്തില്‍ മാവേലക്കരയില്‍ നിന്നുളള ഏക വ്യക്തിയാണ് ഞാന്‍. കായംകുളത്തു നിന്നു ചേരാവളളി ശശിയുണ്ട്. ഞങ്ങള്‍ ഒന്നിച്ച് കായംകുളത്തു നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതിനകം നാലു പ്രാവശ്യം സാഹിത്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്. അവിടെ പരിചയപ്പെട്ടവരാണ് കെ. പി കേശവമേനോന്‍, ജോസഫ് മുണ്ടശ്ശേരി, പാലാ കെ. എം. മാത്യു, തകഴി, മുട്ടത്തു വര്‍ക്കി, തിരുനെല്ലൂര്‍ കരുണാകരന്‍, സിപ്പി പളളിപ്പുറം, അയ്യപ്പപണിക്കര്‍, പ്രൊഫ. എം.അച്ചുതന്‍ തുടങ്ങിയവര്‍. യുവ സാഹിത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പല കോളജുകളില്‍ സാഹിത്യ സെമിനാറുകളും സിംബോസിയങ്ങളും നടന്നിട്ടുണ്ട്. ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നത് പന്തളം എന്‍.എസ്.എസ് കോളജില്‍ നടന്ന സെമിനാറില്‍ കാക്കനാടന്‍ കളളുകുടിച്ച് അബോധാവസ്ഥയില്‍ വന്നതാണ്.

കാക്കനാടനെ തേടി സംഘാടകര്‍ എത്തുമ്പോള്‍ അദ്ദേഹം ലഹരിക്കടിമപ്പെട്ട് ഇരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഞാനും അവര്‍ക്ക് പിറകെ വെറുതെ പോയതാണ്. സംഘാടകരില്‍ ഒരാള്‍ പറഞ്ഞു അടുത്തത് സാറാണ് ആധുനിക സാഹിത്യത്തെപ്പറ്റി സംസാരിക്കേണ്ടത്. ഉടനടി ചോദിച്ചു ആരാ പറഞ്ഞത് എന്റെ പേര് കൊടുക്കാന്‍. എന്നോട് ചോദിച്ചോ. സംഘാടകരിലെ ഒരാള്‍ ആ ചോദ്യം കേട്ട് അമ്പരന്നു. അയാള്‍ ഭയഭക്തിയോടെ പറഞ്ഞു, സാറിനെ ഞങ്ങളാണ് ഇവിടെ കൊണ്ടുവന്നത്. കാക്കനാടന്‍ സംശയത്തോടെ നോക്കി.ആ നോട്ടത്തില്‍ ഇവര്‍ പറയുന്നത് സത്യമാണോ . അതോ എന്നെ ബലാല്‍ക്കാരമായി കൊണ്ടുവന്നതോ എന്ന ചിന്തയായിരുന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒപ്പം നടന്നു ഇടയ്ക്ക് ചോദിച്ചു ഞാന്‍ സംസാരിക്കേണ്ടത് ആധുനിക സാഹിത്യത്തെപ്പറ്റിയാണ് അല്ലേ. ഒപ്പം നടന്നയാള്‍ അതെയെന്നുത്തരം കൊടുത്തു. നടക്കുന്നതിനിടയില്‍ കാലു വഴുതിക്കൊണ്ടിരുന്നു. സംഘാടകരുടെ ഉളളില്‍ നിരാശയും സംഘര്‍ഷവും നിറഞ്ഞുനിന്നു. ഇതു പകലാണോ രാത്രിയാണോ എന്നുപോലും സംശയിക്കുന്ന വ്യക്തി വേദിയില്‍ എന്താണ് പറയുക ഇതായിരുന്നു അവരുടെ ആശങ്ക.
വേദിയില്‍ ചിലരൊക്കെ ഇരിക്കുന്നുണ്ട്. അവരുടെ മദ്ധ്യത്തിലേക്ക് വന്ന കാക്കനാടനില്‍ എല്ലാവരുടേയും കണ്ണുകള്‍ തറച്ചുനിന്നു. എല്ലാവരും മിഴികള്‍ ഉയര്‍ത്തി നോക്കി. എന്തോ പന്തികേട് കാണുന്നുണ്ട്. അദ്ധ്യക്ഷന്‍ കാക്കനാടനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. സംഘാടകരുടെ സര്‍വ്വ ആശങ്കകളുമകറ്റുന്ന വിധമായിരുന്നു കാക്കനാടന്റെ വാക്കുകള്‍. ഓരോ വാക്കുകളും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയും, ഭാവനയും പകര്‍ന്നു പുതിയ മാനങ്ങള്‍ കണ്ടെത്തുന്നതായിരുന്നു. പനിനീര്‍പ്പൂവിന്റെ ദളങ്ങള്‍ പോലെ സ്ത്രീകള്‍ എന്നും ഊഷ്മളമായ പ്രകാശം പ്രസരിപ്പിക്കുന്നവരെന്ന സത്യം പുരുഷന്മാര്‍ മറക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും അദ്ദേഹം തുറന്നുപറഞ്ഞു. കേരള യുവ സാഹിത്യ സഖ്യത്തിന്‍റെ സെക്രട്ടറി ശശിധരന്‍ കണ്ടത്തില്‍ ആയിരുന്നു. 

തകഴിയുടെ ശങ്കരമംഗലം തറവാട്ടിലും ഒരു ദിവസം ഞാന്‍ പോയി. കേരള യുവ സാഹിത്യ സഖ്യ സെമിനാറില്‍ അദ്ദേഹം സംബന്ധിച്ചപ്പോഴാണ് പരിചയപ്പെട്ടത്. താമരക്കുളം ചാരുംമൂടുകാരനാണെന്നറിഞ്ഞപ്പോള്‍ ങഹാ…. നീ എന്റെ ജില്ലക്കാരനാണല്ലോ, എന്റെ വീട്ടിലേക്ക് വരാന്‍ എളുപ്പമാണല്ലോ. ഒരാഴ്ച്ച കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ വീട് ചോദിച്ചറഞ്ഞ് ചെല്ലുമ്പോള്‍ ഒരു കര്‍ഷകനായി ജോലിക്കാര്‍ക്കൊപ്പം നിന്ന് ജോലി ചെയ്യുന്ന തകഴിയെയാണ് കണ്ടത്. പാടവരമ്പത്ത് അദ്ദേഹത്തെ പ്രതീക്ഷിച്ചു ഞാന്‍ നിന്നു. അല്പം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി വരുമ്പോഴാണ് എന്നെ കണ്ടത്. കുശലാന്വേഷണങ്ങള്‍ നടത്തിയിട്ട് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. നടക്കുന്നതിനിടയില്‍ നാടുവിട്ടു പോകുന്ന കാര്യവും പോലീസില്‍ നിന്നുളള അനുഭവവും പറഞ്ഞു.

എന്റെ റേഡിയോ നാടകങ്ങള്‍ അദ്ദേഹം കേട്ടിട്ടുണ്ടെങ്കിലും മറ്റു നാടകങ്ങളെപ്പറ്റിയറിയില്ല. അന്ന് എനിക്കു ലഭിച്ച മറുപടി, എഴുത്തുകാരന്‍ എന്നും കുരുക്ഷേത്ര യുദ്ധത്തിലെ പോരാളികളാണ്. അതില്‍ കൃഷ്ണനാകാം അര്‍ജുനനാകാം ദുര്യോധനനാകാം. മണ്ണില്‍ കൗരവരുടെ എണ്ണമാണ് കൂടുതല്‍. അതില്‍ എഴുതുന്ന ചിലരുണ്ട്. യുദ്ധത്തില്‍ അമ്പും വില്ലുമില്ലാത്ത അര്‍ജുനനെ ഓര്‍ത്തു. അയാള്‍ മരിക്കാനും തയ്യാറായിരുന്നു. നിന്നെപ്പോലെ ഒരാള്‍ക്ക് നാടുവിടാനെ മാര്‍ഗ്ഗമുളളു. ഞാന്‍ നിന്നോട് പറയുന്നത് ഈ നാടകമെഴത്തു നിര്‍ത്തി നോവല്‍ എഴുതാന്‍ ശ്രമിക്കണമെന്നാണ്. നാടകമെഴുതുന്നവര്‍ക്ക് കുറച്ചു കൂടി വഴങ്ങും നോവല്‍. ആ കൂടിക്കാഴ്ച്ച പുതിയൊരനുഭവമാണ് നല്കിയത്. നല്ല സാഹിത്യകാരന്‍ന്മാര്‍, കവികള്‍ ഉപരി സാഹിത്യത്തിന്‍റെ ദല്ലാളന്മാരല്ല മറിച്ച് അനീതി കണ്ടാല്‍ അമര്‍ഷത്തിന്റെ ജ്വാല അവരില്‍ എരിയും. നീ പോലീസിനെ മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കത്തില്ല. അവരില്‍ പലരും ജനങ്ങളെ കൊളള ചെയ്യുന്നവരാണ്. അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അവരെ ഭരിക്കുന്നവര്‍ക്കും അതിഷ്ടപ്പെടില്ല. പഴയ ഭൂപ്രഭക്കന്മാര്‍ ജനാധിപത്യമെന്ന പേരില്‍ ജീവിക്കുന്നു. നീ ചെറുപ്പമാണ് ധാരാളം പഠിക്കാനും അറിയാനുമുണ്ട്. നിന്റെ ഹൃദയമിടിപ്പ് എനിക്ക് മനസ്സിലാകും. അത് എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല.

വീട്ടിലെത്തിയ ഞങ്ങള്‍ക്ക് കാത്ത ചേച്ചി ചായ ഇട്ടു തന്നു. പറമ്പില്‍ ആരോ പണി ചെയ്യുന്നുണ്ട്. പുസ്തകങ്ങള്‍ ഇരുന്ന സ്ഥലത്തേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞുചെന്നു. തകഴി അകത്തേക്ക് പോയ തക്കം നോക്കി ചെമ്മീന്‍ എന്ന നോവല്‍ ഞാനെന്റെ മടിക്കുത്തില്‍ താഴ്ത്തി. അദ്ധ്വാനിക്കുന്നവനൊപ്പം അദ്ധ്വാനിക്കുന്ന ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരെ പോരാടിയ തകഴിയുടെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അദ്ദേഹവും ചവിട്ടിമെതിക്കപ്പെടുന്നവനൊപ്പമെന്ന് ഞാന്‍ മനസ്സിലാക്കി. ഉച്ചഭക്ഷണത്തിനു നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ നിന്നില്ല. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്. കാരണം ഞാനൊരു പുസ്തകം മോഷ്ടിച്ചു കളളനായിരിക്കുകയാണ്. പണത്തിന്റെ അഭാവമാണ് എന്നെ ഇതിനു പ്രേരിപ്പിച്ചത്.

വരിക്കോലി മുക്കില്‍വിളയിലെ ഒരു മുറിക്കടയില്‍ ഒരു നഴ്‌സ് രോഗികളെ ശുശ്രൂഷിക്കുന്ന ക്‌ളിനിക്ക് നടത്തിയിരുന്നു. ചില ദിവസങ്ങളില്‍ അവിടെ ഡോക്ടര്‍മാരും വരുമായിരുന്നു. ആ ദിവസം രോഗികളുടെ എണ്ണം കൂടും. ആ സ്ഥാപനം നടത്തിയിരുന്നത് നൂറനാട്ടുളള പോള്‍ സാറിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു. അദ്ദേഹം നൂറനാട് ജനതാ തീയേറ്റേഴ്‌സ് ഉടമകളുടെ സഹോദരനും ഈഴവ സമുദായക്കാരനുമായിരുന്നു. പോള്‍സാര്‍ ക്രിസ്തീയ ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചും എഴുതിയും നടന്ന കാലം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹായിയായിരുന്നു തിരുവനന്തപുരത്തുളള ബനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി. ചെറപ്പകാലത്ത് ഞാന്‍ പളളിയില്‍ മുടങ്ങാതെ പോവുന്ന ആളായിരുന്നു. അതിന്റെ ഫലമായി പല പളളികളിലും ഞായറാഴ്ച്ച ദിവസങ്ങളില്‍ പ്രസംഗിക്കാന്‍ പോകുമായിരുന്നു. അങ്ങനെ നൂറനാട് മര്‍ത്തോമ്മാ പളളിയില്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ എന്നെ ഉച്ചഭക്ഷണത്തിന് വിളിച്ചത് പളളിയിലുണ്ടായിരുന്ന പോള്‍ സാറാണ്. എന്നെപ്പറ്റി റേഡിയോയിലൂടെ അദ്ദേഹം കേട്ടിരുന്നു. അന്ന് പളളിയുടെ സെക്രട്ടറി ജോണ്‍സാറായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഏതാനും ക്രിസ്തീയ ഗാനങ്ങള്‍ എഴുതിത്തരണമെന്നവശ്യപ്പെട്ടു. പിന്നീട് ഒരു രാത്രിയില്‍ ഞാന്‍ ആ വീട്ടില്‍ കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളും എഴുതിക്കൊടുത്തു. അദ്ദേഹത്തിന്റെ ബന്ധു വീട്ടിലും ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനാണ് പില്‍ക്കലത്ത് സീരിയലില്‍ കടമറ്റത്ത് അച്ചനായി അഭിനയിച്ച പ്രകാശ്. അനുജന്‍ സൂരജുമായും എനിക്കു നല്ല ബന്ധമുണ്ടായിരുന്നു. പോള്‍സാറുമായുളള ബന്ധം മനസിലാക്കി ആ നഴ്‌സ് എന്നോട് ഒരു ബന്ധുവിനെപ്പോലെ പെരുമാറി.

അദ്ധ്യായം 9
മാടാനപൊയ്കയും പോലീസ് അറസ്റ്റും

ഒമ്പതിലെ മോഷണം പത്തിലെത്തിയപ്പോള്‍ വിജയിച്ചില്ല. വിജയിക്കാഞ്ഞത് ഹെഡ്മാസ്റ്ററുടെ ഓഫിസ് കെട്ടുറപ്പുള്ള പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കു മാറ്റിയുതു മൂലം. ഞാനും ചന്ദ്രനും നല്ല കുട്ടികളായി പാഠങ്ങള്‍ പഠിച്ചു. സ്‌കൂളില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നിത്യവും കാണുന്ന കാഴ്ചയാണ് വഴിയരികിലുള്ള അമ്മച്ചിയുടെ പുരയിടത്തില്‍ കുട്ടികള്‍ കയറി മാമ്പഴം പറിക്കുന്നത്. ഞാനും ഒപ്പം ചേരും. ഒരു ദിവസം അമ്മച്ചി കതകുതുറന്ന് തെറി വിളിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നതുകണ്ട ഞാന്‍ മരത്തില്‍ നിന്ന് ചാടി. അമ്മച്ചിയുടെ ഭര്‍ത്താവ് ഡോക്ടറായിരുന്നു. റബറിനകത്ത് പുല്ല് പറിക്കുന്നവരെയും അമ്മച്ചി ചീത്ത പറഞ്ഞ് ഓടിക്കാറുണ്ട്. ജോലിക്കാരൊപ്പമാണ് അമ്മച്ചി വലിയ വീട്ടില്‍ താമസിക്കുന്നത്. രണ്ട് ആണ്‍മക്കള്‍ ജോലിസ്ഥലത്തുനിന്ന് ഇടയ്ക്കിടെ വരാറുണ്ട്. ഒരു ദിവസം മാങ്കൂട്ടത്തിലെ ഒരു നായ കടിക്കാന്‍ വന്നപ്പോള്‍ റോഡരികിലുള്ള പോസ്റ്റില്‍ ഞാന്‍ കയറി.

എട്ടാംക്ലാസുമുതല്‍ വിനോദയാത്രയ്ക്ക് ഞാനും പോകുമായിരുന്നു. കയ്യില്‍ കാശില്ലാതെ വരുമ്പോള്‍ ഒന്നുകില്‍ കോഴിയെ വില്ക്കും അല്ലെങ്കില്‍ ആടിനെ. ക്ലാസില്‍ പഠിച്ചിരുന്ന പല കുട്ടികളും എന്നില്‍ നിന്ന് അകലം പാലിച്ചിരുന്നു. ഞങ്ങളെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ എല്ലാം തന്നെ അറിവിനൊപ്പം ആത്മവിശ്വാസവും ഞങ്ങള്‍ക്ക് തന്നവരാണ്. സയന്‍സ് പഠിപ്പിച്ചിരുന്ന കരുണന്‍സാര്‍ നാടകത്തെ അത്യധികം പ്രോത്സാഹിപ്പിച്ച ആളാണ്. സ്‌കൂള്‍ വാര്‍ഷികത്തിന് അദ്ദേഹമാണ് നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. അതിനിടയില്‍ തുരുത്തിയില്‍ അമ്പലത്തിലും എന്റെ നാടകം അരങ്ങേറി. കരിമുളയ്ക്കലെ ബാലന്റെ വീട്ടിലായിരുന്നു റിഹേഴ്‌സല്‍. അഭിനയിക്കുന്നതിനൊപ്പം സംവിധാനവും ഞാന്‍ തന്നെ. റിഹേഴ്‌സല്‍ കഴിഞ്ഞ് പാതിരാത്രിയാണ് വീട്ടിലേക്ക് കയറി വരുന്നത്. ഞാന്‍ ആദ്യമായി ഒരു ഏകാങ്കനാടകം ‘കാര്‍മേഘം’ എഴുതിയത് കരിമുളയ്ക്കലുണ്ടായിരുന്ന ന്യു ഇന്ത്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബിന്റെ പ്രതിഭ എന്ന കയ്യെഴുത്തു മാസികയിലായിരുന്നു. അന്നത്തെ അതിന്റെ ഭാരവാഹികള്‍ മന്ത്രി ജി. സുധാകരന്റെ അനുജന്‍ മധുസൂദനന്‍ നായരും ജ്വോഷ്വയുമായിരുന്നു. പിന്നീട് ഈ നാടകവും മറ്റൊരു നാടകമായ ‘കര്‍ട്ടനിടൂ’ എന്നതും തിരുവനന്തപുരം, തൃശൂര്‍ റേഡിയോ നിലയങ്ങള്‍  പ്രക്ഷേപണം ചെയ്തിരുന്നു.

ഒരു വെള്ളിയാഴ്ച ഞങ്ങള്‍ പാലക്കലെ ചാലില്‍ നീന്താന്‍ പോയി. സ്‌കൂളില്‍ വെള്ളിയാഴ്ച രണ്ട് മണിക്കൂര്‍ കിട്ടും. സഹപാഠി രാമചന്ദ്രനാണ് ഒപ്പമുണ്ടായിരുന്നത്. ഞങ്ങള്‍ വസ്ത്രം അഴിച്ചു വച്ച് നീന്തി വരുമ്പോള്‍ അവന്‍ ക്ഷീണിച്ചു. നീന്താനുള്ള ശക്തിയില്ലാതായി. അവിടേക്ക് നീന്താന്‍ വന്ന മറ്റു കുട്ടികള്‍ ആ കാഴ്ച കണ്ട് ഉച്ചത്തില്‍ ബഹളമുണ്ടാക്കി. അവനെക്കാള്‍ വളരെ മുന്നിലാണ് ഞാന്‍. ബഹളം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ രാമചന്ദ്രന്‍ വെള്ളത്തിലേക്ക് താഴ്ന്നുപോകുന്ന കാഴ്ചയാണ് കണ്ടത്. ഞാന്‍ ഭയപ്പെട്ട് തിരികെ നീന്തി. അവനെ ഉയര്‍ത്തി വെള്ളപ്പരപ്പിലൂടെ തലമുടിയില്‍ പിടിച്ച് കരയ്‌ക്കെത്തിച്ചു. അവന്‍ അബോധാവസ്ഥയിലായിരുന്നു. വെള്ളം പുറത്തുപോകാനായി വയറില്‍ അമര്‍ത്തി. വെള്ളമെല്ലാം പുറത്തുചാടി. ആ വിവരം അറിഞ്ഞ ഹെഡ്മാസ്റ്റര്‍ എന്നെ അഭിനന്ദിച്ചു.

എല്ലാവര്‍ഷവും പരീക്ഷകഴിയുമ്പോള്‍ ജയിക്കുമോ തോല്‍ക്കുമോ എന്ന ആധിയിലാണ് കുട്ടികളെല്ലാവരും. പലപ്പോഴും പരീക്ഷയില്‍ കണക്ക് ഞാന്‍ കോപ്പി അടിച്ചാണ് എഴുതാറുള്ളത്. എന്തോ കണക്ക് എന്റെ തലയില്‍ കേറില്ലായിരുന്നു. മനസ്സില്‍ വെറുപ്പു തോന്നിയാല്‍ കണക്കല്ല മറ്റെല്ലാ കണക്കിലും തോല്‍ക്കുമെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. എന്തിനേയും നേരിടാനുള്ള ചങ്കൂറ്റമാണ് വേണ്ടതെന്ന് മനസ്സിലായി.  എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ളതാണ് മാടാനപൊയ്ക. പകല്‍ സമയം ഒറ്റയ്ക്കാരും അതുവഴി നടക്കാറില്ല. കാട്ടുനായ്ക്കള്‍ ധാരാളമുണ്ട്. വലിയൊരു കാട്ടുപ്രദേശം. അതിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കുവടക്കായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒറ്റയടിപ്പാത. ഞങ്ങളുടെ വസ്തുവിന്റെ ഒരതിര്‍ത്തി മാടാനപൊയ്കയാണ്. ഞാന്‍ രാവിലെ പൂക്കള്‍ കാണാന്‍പോകും. വളരെ ഭയപ്പെട്ട് അതില്‍ ഏതാനും എണ്ണം പറിച്ചുകൊണ്ട് ഓടും. കാരണം കാട്ടുനായ്ക്കളും മാടാനപൊയ്കയുടെ അധിപനായ കാടനും വരുമോന്ന് സംശയം. പൊയ്കയുടെ നടുവില്‍ അധികം താഴ്ചയില്ലാത്ത ഒരു കിണറുണ്ട്. മഴ പെയ്തുതുടങ്ങിയാല്‍ പൊയ്കയുടെ രൂപം മാറും. കായല്‍പോലെ വെള്ളം നിറയും. ആദ്യമായി നീന്തല്‍ പഠിച്ചത് ആ വെള്ളത്തിലാണ്. പൊയ്കയിലെ മാടനെ തളയ്ക്കാന്‍ പല മന്ത്രവാദികളും ശ്രമിച്ചതായി കേട്ടിട്ടുണ്ട്.

ഒരിക്കല്‍ പേരുകേട്ട ഒരു നമ്പൂതിരി മാടനെ തളയ്ക്കാന്‍ വന്നത് ഇങ്ങനെ. ധാരാളം മാടന്മാരെയും മറുതമാരെയും ഗന്ധര്‍വ്വന്മാരെയും കിന്നരന്മാരെയും ചെപ്പിലാക്കിയ നമ്പൂതിരി രാത്രിയുടെ ഏഴുയാമങ്ങള്‍ കഴിഞ്ഞപ്പോള്‍ മാടാനപൊയ്കയില്‍ പൊന്നുകെട്ടിയ മാന്ത്രികവടിയുമായി വന്നു. ആദ്യംതന്നെ കഴുത്തില്‍നിന്ന് രുദ്രാക്ഷം പൊട്ടിവീണു. തൊണ്ടയില്‍ ഉമി നീര്‍ വറ്റിയ അവസ്ഥ. മന്ത്രങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. മന്ത്രതാപത്തിന്റെ ഉഗ്രശക്തിയില്‍ തന്റെ വലതുകാലിന്റെ പെരുവിരല്‍ പൊള്ളാന്‍ തുടങ്ങി. ആകാശത്ത് ഒരു വെള്ളിടി വെട്ടി. മാടാനപൊയ്ക മുഴുവന്‍ വെള്ളിവെളിച്ചത്തില്‍ തെളിഞ്ഞു. അപ്പോള്‍ പൊയ്കയ്ക്ക് നടുവിലെ കിണറ്റില്‍ നിന്ന് ഒരു ഭയാനകരൂപം. ബാഹുക്കളില്‍ തീ ചുറ്റി ജടപിടിച്ച തലമുടിക്കെട്ടുകള്‍ അഗ്നിനാളം പോലെ ഉയരുന്നു. ശരീരമാകെ രോമക്കെട്ടുകള്‍. അതിനുമുകളില്‍ തലയോട്ടി തിളങ്ങുന്നു. നമ്പൂതിരി ഒന്നേ നോക്കിയുള്ളു. മന്ത്രം ചൊല്ലാനാവാതെ നാവില്‍ കെട്ടുവീണു. കയ്യിലെ ദണ്ഡിലെ പൊന്നിന്റെ തിളക്കം കെട്ടു. കൊടുങ്കാറ്റുപോലെ നമ്പൂതിരി മുന്നോട്ടോടി. മാടനെ തളയ്ക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് മനസ്സിലായി. മന്ത്രവാദിയെ കാത്ത് പൊയ്കയ്ക്ക് പുറത്ത് ചില നാട്ടുവാസികള്‍ ഉണ്ടായിരുന്നു. അവരും ജീവനുംകൊണ്ടോടി. ഇതാണ് കഥ.

ഹൈസ്‌കൂള്‍ പഠനകാലത്ത് ഞാന്‍ നാടകവും കവിതയും എഴുതി തുടങ്ങിയിരുന്നു. മാവേലിക്കര ബിഷപ്പ് മൂര്‍, കായംകുളം എം എസ് എം, പന്തളം എന്‍ എസ് എസ് കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തിലേക്ക് ഏകാങ്കനാടകങ്ങള്‍ എഴുതിക്കൊടുത്താല്‍ രണ്ടു രൂപ തരുമായിരുന്നു. ഞാന്‍ പത്താംക്ലാസ് പാസ്സായി. എന്റെ ബന്ധം എല്ലാവരില്‍ നിന്നും അകന്നു. എന്റെ നാടകം ‘ഇരുളടഞ്ഞ താഴ്‌വര’ ലെപ്രസിയില്‍ അവതരിപ്പിക്കണമെന്ന് അവിടുത്തെ സെക്രട്ടറി പറഞ്ഞുവെന്ന് സുഹൃത്ത് പറഞ്ഞു. റഹിം പറഞ്ഞതനുസരിച്ച് ഞാന്‍ സെക്രട്ടറിയെ കണ്ടു. നാടകം അരങ്ങേറുന്ന തീയതിയും സമയവും അദ്ദേഹം നല്കി. അതിന്‍പ്രകാരം പാലൂത്തറ സ്‌കൂളിന്റെ കിഴക്ക് ഭാഗത്തുള്ള പാലയ്ക്കലെ തോട്ടത്തില്‍ ഉച്ച കഴിഞ്ഞ് റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കെ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു പോലീസുകാരന്‍ എന്നെ തിരഞ്ഞെത്തി. ദേവപ്രസാദിനോട് ചോദിച്ചു. ”ആരാണ് സോമന്‍?”. അവന്‍ എന്നെ കാണിച്ചു കൊടുത്തു. അയാള്‍ എന്റടുത്തു വന്ന് പറഞ്ഞു നിന്നെ മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ വിളിക്കുന്നു. അവിടെവരെ വന്നിട്ട് പോരുക. എനിക്ക് ആകെ പരിഭ്രമം. എന്തിനാണ് പോലീസ് വിളിപ്പിക്കുന്നത്. നാടകത്തിനു വേണ്ടിയാണോ എന്ന് ചോദിച്ചു.
”നിന്റെ നാടകത്തിന് ഒന്നാം സമ്മാനം തരാനാ” പോലീസുകാരന്റെ ഒച്ച ഉയര്‍ന്നു.
നീ പോലീസിനെതിരായ നാടകം അവതരിപ്പിക്കുമോടാ ….മോനേ…വാടാ…. അയാള്‍ എന്റെ കൈക്ക് പിടിച്ച് മുന്നോട്ടു നടന്നു.

അഭിനയിക്കാന്‍ വന്നവര്‍ വിഷണ്ണരായി. അപ്പോഴാണ് പണിക്കര്‍ സാര്‍ അവിടേക്ക് വടിയും കുത്തി വന്നത്.”എവിടെ സോമന്‍, ഇന്ന് ഫൈനല്‍ റിഹേഴ്‌സസല്‍ കാണാന്‍ വരണമെന്നു എന്നോടു പറഞ്ഞിരിന്നു” അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കള്‍ അവിടെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു. വിഷമിക്കേണ്ട. ഞാന്‍ വിവരം തിരക്കിക്കൊള്ളാം. ഞാന്‍ പോലീസിനൊപ്പം ബസില്‍ കയറി മാവേലിക്കരയിലെ സ്റ്റേഷനിലെത്തി. ”ഇന്‍സ്‌പെക്ടര്‍ പത്തനാപുരംകാരനാണ്. ആദ്യം സ്‌നേഹത്തോടെ സംസാരിച്ചു. പിന്നെ രൂക്ഷമായ ഭാഷയില്‍ ചോദിച്ചു ”നീ ആരാടാ, ഷേക്‌സിപിയറിന്റെ കൊച്ചുമോനോ? പോലീസിനെതിരെ എഴുതും? അല്ലേടാ” പറഞ്ഞുതീര്‍ന്നതും കരണം പൊട്ടുന്ന അടി വീണു. ഭയവും ദുഃഖവും എന്നില്‍ ആഴ്ന്നിറങ്ങി. കുറെ നേരം ഞാന്‍ വേദനയോടു ഭിത്തിയില്‍ ചാരി നിന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ പൊലീസുകാരന്‍ എന്തോ പറഞ്ഞു. അകത്തേക്ക് വന്നത് പണിക്കര്‍ സാറായിരുന്നു. ഇന്‍സ്‌പെക്ടര്‍ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി.

എന്തിനാണ് ഈ കുട്ടിയെ ഇവിടെ കൊണ്ടുവന്നത്. സാര്‍ ശാന്തനായി ചോദിച്ചു. സാറെ ഇവന് നക്‌സലൈറ്റുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടുണ്ട്. അത് ചോദ്യം ചെയ്യാനാ കൊണ്ടുവന്നത്. അങ്ങനെ ആരെങ്കിലും പരാതി തന്നിട്ടുണ്ടോ? ഇവനെ എനിക്കറിയാം. ഇന്നുവരെ അങ്ങനെയൊരുബന്ധം ഉള്ളതായി അറിയില്ല. പെട്ടെന്ന് മുഖഭാവത്തന് മാറ്റമുണ്ടായി. കേസ് എടുക്കുന്നില്ല സാര്‍. പണിക്കര്‍ സാര്‍ നന്ദി പറഞ്ഞിട്ട് എനിക്കൊപ്പം പുറത്തേക്കു നടന്നു. നടക്കുന്നതിനിടയില്‍ അവിടെ നടന്ന സംഭവം ഞാന്‍ വിവരിച്ചു. എന്നെ അടിച്ചു എന്ന് കേട്ടപ്പോള്‍ അദ്ദേഹം പെട്ടെന്ന് നിന്നു. ആ കാട്ടിയത് അനാവശ്യമാണ് ആ കുപ്പായത്തിന് ചേര്‍ന്നതല്ല. ഈ കാര്യം ഞാന്‍ സര്‍ക്കിളിനെ അറിയിക്കാം. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം അതില്‍ നിന്ന് പിന്മാറി. ഈ വിവരം അറിഞ്ഞതോടെ വീട്ടില്‍ ഞാന്‍ താമസിക്കാന്‍ പാടില്ല എന്ന പിടിവാശിയില്‍ അച്ഛന്‍ ഉറച്ചു നിന്നു. നാടകം ‘ലെപ്രസി’യില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് പോലീസിന്റെ നോട്ടപ്പുള്ളിയായി. വീണ്ടും പോലീസ് തിരക്കിവന്നു. അത് അച്ഛന്റെ മുന്നിലായിരുന്നു. ഞാന്‍ പാലൂത്തറ സ്‌കൂളിലായിരുന്നു ആ സമയം. ആ നാടകം പോലീസിന്റെ ക്രൂരതയ്‌ക്കെതിരെയായിരുന്നു. ഇവിടെ നിന്നാല്‍ അച്ഛനും ഇഷ്ടമല്ല, പോലീസിന്റെ നോട്ടപ്പുള്ളിയും. നാടുവിടാന്‍ അമ്മയും പറഞ്ഞു. എയര്‍ഫോഴ്‌സുകാരന്‍ ചേട്ടന്‍ ഡല്‍ഹിയിലുണ്ട്. മറ്റൊരാള്‍, കെ എസ് ജി വര്‍ഗ്ഗീസ് റാഞ്ചിയിലെ എച്ച് ഈ സി ആശുപത്രിയില്‍ ജോലിയിലുണ്ട്. എത്രയും വേഗം എങ്ങോട്ടെങ്കിലും പോയി രക്ഷപെടുക. ഒടുവില്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ചു.

അദ്ധ്യായം 8
പരീക്ഷപേപ്പര്‍ മോഷണം

മിക്ക ദിവസങ്ങളിലും സ്‌കൂള്‍ വിട്ടതിന് ശേഷം ജാവലിന്‍, ഡിസ്‌കസ്, ഷോട്ട്പുട്ട്, ലോംഗ്ജംപ്, ഹൈജംപ് എന്നിവയില്‍ പരിശീലനം നേടാറുണ്ട്. അത് കഴിഞ്ഞാല്‍ ബാഡ്മിന്റന്‍ കളിക്കും. ഇതെല്ലാം ഒരു മണിക്കൂറിനുള്ളിലാണ് നടത്തുന്നത്. പിന്നെ വീട്ടിലേക്ക് ഒരോട്ടമാണ്. സ്‌കൂളില്‍ അന്ന് പച്ചക്കറികള്‍ നട്ടുവളര്‍ത്തുമായിരുന്നു. പലതിന്റെയും മേല്‍നോട്ടം എനിക്കായിരുന്നു. തെക്കുള്ള കുളത്തില്‍ നിന്ന് ഞാനാണ് ഇവയ്ക്ക് വെള്ളം കോരിയൊഴിച്ചിരുന്നത്. ആണ്‍-പെണ്‍കുട്ടികള്‍ കൃഷിയില്‍ സഹായിച്ചിരുന്നു. സ്‌കൂളില്‍ ഒരിക്കല്‍ നടന്ന സയന്‍സ് എക്‌സിബിഷന്‍ ടീം ലിഡര്‍ ഞാനായിരുന്നു. സയന്‍സ് പഠിപ്പിക്കുന്ന കരുണന്‍ സാറാണ് അതിന് നേതൃത്വം കൊടുത്തത്. കുട്ടികളുടെ പുതിയ കണ്ടുപിടിത്തങ്ങളാണ് അന്ന് അവതരിപ്പിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നാട്ടുകാര്‍ കുട്ടികളുടെ പുതിയ കണ്ടുപിടിത്തങ്ങള്‍ കാണാന്‍ വന്നിരുന്നു.

ഒരു വര്‍ഷം സ്‌കൂള്‍ ലീഡറായി മത്സരിച്ചു. എനിക്കെതിരെ മത്സരിച്ചത് പാല്‍ത്തടത്തിലെ സെയിനു ആയിരുന്നു. അവന്‍ തോറ്റതിന്റെ ദേഷ്യം എന്നോട് തീര്‍ത്തത് കുറെ തെറി പറഞ്ഞാണ്. എന്റെ ദേഷ്യം ഞാന്‍ തീര്‍ത്തത് അവനെ അടിച്ചിട്ടായിരുന്നു. എന്നെ പിടിച്ചുമാറ്റാന്‍ വന്ന ജമാലിനെയും ഞാന്‍ തല്ലി. സെയിന്‍ എന്നോടുള്ള വൈരാഗ്യം തീര്‍ത്തത് ഓട്ടത്തിലാണ്. എല്ലാവര്‍ഷവും നൂറ്, നാന്നൂറ് മീറ്റര്‍ ഓട്ടത്തില്‍ എനിക്കാണ് ഒന്നാം സ്ഥാനമുള്ളത്. അതുപോലെ ലോംഗ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ എന്നിവയിലും ഒന്നാം സ്ഥാനം. എല്ലാറ്റിലും പ്രധാന എതിരാളിയായി വരുന്നത് സെയിനുവാണ്. അത് നാടകമത്സരത്തിലും കണ്ടിട്ടുണ്ട്. ഞങ്ങള്‍ നൂറുമീറ്റര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ പിറകില്‍ ഓടിവന്ന സെയിനു എന്റെ കാലില്‍ തട്ടുകയും ഞാന്‍ മണ്ണില്‍ മലര്‍ന്നടിച്ച് വീഴുകയും ചെയ്തു. ഫിനീഷിംഗ് പോയിന്റില്‍ നിന്ന ഡ്രില്‍മാസ്റ്റര്‍ അത് കണ്ട് വിസില്‍ അടിച്ചു. എന്റെ കാല്‍മുട്ടില്‍ നിന്നു രക്തം വാര്‍ന്നൊഴുകി. ആരാണ് കാലില്‍ തട്ടിയതെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് കൂട്ടത്തില്‍ ഓടിയ ഒരു കുട്ടി പറഞ്ഞപ്പോഴാണ് സത്യം മനസ്സിലായത്.

മാവേലിക്കര താലൂക്കിലെ സ്‌കൂള്‍തല ബാഡ്മിന്റന്‍ മത്സരത്തില്‍ ആദ്യമായി സ്‌കൂളിന് ഒരു ട്രോഫി കൊണ്ടുവന്നത് ഞാന്‍ ക്യാപ്റ്റനായി ചന്ദ്രന്‍, വിശ്വനാഥന്‍, ചെറിയാന്‍, അബ്ദുല്‍ സലാം എന്നിവര്‍ കളിച്ച ടീമാണ്. അന്ന് മറ്റം സെന്റ് ജോണ്‍സ്, ചത്തിയറ, പ്രയാര്‍ ഹൈസ്‌കൂളുകളെ തോല്‍പിച്ചാണ് ട്രോഫി നേടിയത്. വള്ളിക്കുന്നം ഹൈസ്‌കൂളിനോടാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. വൈകിട്ട് പാലൂത്തറ സ്‌കൂളില്‍ നിന്ന് ചാരുംമൂട്ടിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളക്കം ട്രോഫിയുമായി വിജയാഹ്ലാദപ്രകടനമുണ്ടായിരുന്നു.

പഠനകാലത്ത് ഇംഗ്ലീഷ്-മലയാളം കവിതകള്‍ കാണാപാഠം ചൊല്ലാത്തതിന് അതൊക്കെ നൂറു പ്രാവശ്യം എഴുതി ശിക്ഷകള്‍ വാങ്ങിച്ചിട്ടുണ്ട്. ഞങ്ങളുടെ പഠനകാലത്ത് അധികം സിനിമകള്‍ ഇല്ലായിരുന്നു. നൂറനാട് ‘ജനത’യിലാണ് സിനിമ കാണിക്കുന്നത്. ഒരു പ്രാവശ്യം സ്‌കൂള്‍ കുട്ടികളുമായി ടീച്ചേഴ്‌സ് ദോസ്തി എന്ന ഹിന്ദി സിനിമ കാണാന്‍ നടന്നുപോയി. ഞാന്‍ പോകാതെ കിഴക്കേ റബര്‍ തോട്ടത്തിലൊളിച്ചു. അതിന്റെ പ്രധാന കാരണം വിശപ്പായിരുന്നു. വീട്ടില്‍ നിന്ന് പലദിവസവും ഭക്ഷണം കഴിക്കില്ലായിരുന്നു. വീട്ടിലെ പണികള്‍ ചെയ്യാതെ ഭക്ഷണമില്ല അതാണ് ചട്ടം. എല്ലാവരും സിനിമ കാണാന്‍പോയതക്കം ഞാന്‍ ക്ലാസ് മുറിയില്‍ പ്രവേശിച്ചു. അതിനകത്തുനിന്ന് ശശിയുടെ ചോറെടുത്തു കഴിച്ചു. വാതില്‍ അടച്ചിട്ടിരുന്നു.

നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെത്തി. റഹിമിനെയും രാമചന്ദ്രന്‍പിള്ളയെയും കണ്ട് സംസാരിക്കുകയും അവരില്‍ നിന്ന് പാറപ്പുറം മത്തായിയുടെ അരനാഴികനേരം എന്ന നോവല്‍ വാങ്ങുകയും ചെയ്തു. കുട്ടികള്‍ ഉച്ചയോടെ സ്‌കൂളിലേക്ക് നടന്നുവരുന്ന വഴിയില്‍ ഞാനും ഒപ്പം ചേര്‍ന്ന് അവര്‍ക്കൊപ്പം നടന്നു. ക്ലാസുമുറിയില്‍ എല്ലാവരും ചോറ്റുപാത്രങ്ങളുമായി പുറത്തേക്ക് പോയി. ശശി പാത്രം തുറന്നപ്പോള്‍ ആരോ കഴിച്ചതായി മനസ്സിലാക്കി. അപ്പോള്‍ അവന്റെ മുഖത്ത് ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് അറിയില്ല. അവന്റെ മനസ്സിനെ ചൂടു പിടിപ്പിച്ചിട്ടുണ്ട്. അവന്റെ ഓരോ ചലനങ്ങളും ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. അവന്‍ പുറത്തിറങ്ങി ഗേറ്റിന് പുറത്തേക്ക് നടക്കുന്നതും നോക്കി ഞാന്‍ പുഞ്ചിരിയോടെ നിന്നു. അവന്റെ വീട് കരിമുളയ്ക്കലാണ്. അവിടെ പോയി ഭക്ഷണം കഴിക്കാവുന്നതേയുള്ളെന്ന് എന്റെ മനസ് പറഞ്ഞു. അവന്റെ വീട്ടില്‍ ഭക്ഷണത്തിന് വിലക്കൊന്നും കാണില്ല. ശശി ഇന്ന് റിട്ടയേര്‍ഡ് ബാങ്ക് മാനേജരാണ്.

ആ ദിവസമാണ് ചന്ദ്രന്‍ ഒരു മരപ്പട്ടിയെ പിടിച്ചത്. ചില ക്ലാസ് മുറികള്‍ക്ക് മുകളില്‍ കുട്ടികള്‍ മരപ്പട്ടിയെ കണ്ടിട്ടുണ്ട്. പക്ഷേ, പകല്‍ സമയം വരാന്തയിലൂടെ ഓടുന്നത് ആദ്യമാണ്. കുട്ടികള്‍ ഭയന്ന് മാറിയെങ്കിലും ചന്ദ്രന്‍ അതിന്റെ പിന്നാലെയോടി. അതിന്റെ വാലില്‍ പിടിച്ച് വരാന്തയിലെ സിമന്റ് തറയില്‍ ആഞ്ഞടിച്ചു. ആദ്യത്തെ അടിയില്‍ തന്നെ അതിന്റെ വായില്‍ നിന്ന് ചോര വാര്‍ന്നൊഴുകി അത് ചത്തു. ഞാനും മരപ്പട്ടിയെ പിടിക്കാന്‍ ഓടിച്ചെങ്കിലും കിട്ടിയില്ല. അവന്റെ മുന്നിലാണ് അത് ചെന്നുപെട്ടത്.
ഞാനും അവനുംകൂടി പരീക്ഷപേപ്പര്‍ രാത്രിയില്‍ മോഷ്ടിക്കാന്‍ പരിപാടിയിട്ടിരുന്നു. രാത്രിയില്‍ ഇവന്‍ ഞങ്ങളെ ഉപദ്രവിച്ചാലോ. രാത്രികാലങ്ങളിലാണ് മരപ്പട്ടികള്‍ പുറത്തിറങ്ങി സഞ്ചരിക്കുന്നത്. രാത്രിയില്‍ ഇരയെ പിടിക്കാന്‍ തേടിയിറങ്ങി നേരം വെളുക്കുന്നതിന് മുമ്പേ അതിന്റെ മാളത്തില്‍ വന്നൊളിക്കും. സാധാരണ വീടിന്റെ തട്ടിന്‍പുറങ്ങളിലും ഉയരത്തില്‍ കെട്ടിയിട്ടുള്ള കെട്ടിടങ്ങളിലും ഇരിക്കുന്നത് കാണാം. അച്ഛന്‍ എന്നെ മരപ്പട്ടി എന്ന് വിളിച്ചിരുന്നുവെങ്കിലും അതിനെ കാണുന്നത് ആദ്യമായിട്ടാണ്. ചില കുട്ടികള്‍ ജനാലയ്ക്കരികില്‍ വന്ന് നോക്കുന്നുണ്ട്. പിറകില്‍ നിന്ന ഹെഡ്മാസ്റ്ററുടെ ശബ്ദം കേട്ടു, എല്ലാരും ക്ലാസില്‍ പോകണം. കുട്ടികള്‍ ക്ലാസിലേക്ക് പോയി.

ഞാന്‍ സ്‌കൂളിന്റെ പറമ്പിലുള്ള പച്ചക്കറികളുടെ ഇടയ്ക്കുള്ള പുല്ലു പറിച്ചുകൊണ്ടുനിന്നപ്പോള്‍ ലളിത പുല്ലുപറിക്കാനെന്ന ഭാവത്തില്‍ എന്റെ അടുത്തു വന്നു. നല്ല നിറമുള്ള ഹാഫ് സാരിയാണവള്‍ അണിഞ്ഞിരുന്നത്. മുടിയില്‍ മുല്ലപ്പൂക്കള്‍. ഹാഫ് സാരിയുടെ അതേ കളറില്‍ മുടിയുടെ റിബണ്‍. അവള്‍ ചോദിച്ചു. ഈ നാടകവും കവിതയുമൊക്കെ ഞാന്‍ തന്നെയാണൊ എഴുതുന്നത്. ”കവിതയിലെ തെറ്റൊക്കെ തിരുത്തി തരുന്നത് പണിക്കര്‍ സാറാണ്.” ഞാന്‍ പറഞ്ഞു അവളുടെ നോട്ടത്തിലും പുഞ്ചിരിയിലും എന്തോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. മറ്റു കുട്ടികള്‍ മുറ്റത്തും ഗ്രൗണ്ടിലും കളിക്കുന്നുണ്ട്. ലളിത കുനിഞ്ഞ് എന്നോടൊപ്പം പുല്ലു പറിക്കാന്‍ തുടങ്ങി. അവളുടെ മനസ് നിറയെ ഏദന്‍തോട്ടവും ആദവും ഹവ്വായുമായിരുന്നു. അവിടേക്ക് പാമ്പിന്റെ രൂപത്തില്‍ സൂസന്‍ വന്നു. അവള്‍ക്കും എന്നോട് വലിയ ഇഷ്ടമാണ്. എന്റെ ഒപ്പമാണ് വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് നടക്കുന്നത്.
ഒരു ദിവസം അവളുടെ മുന്നിലൂടെ ഒരു പാമ്പ് ഇഴഞ്ഞുപോകുന്നതു കണ്ട് പേടിച്ച് പാമ്പ് -പാമ്പ് എന്ന് പറഞ്ഞ് പിറകോട്ടോടി. ഞാന്‍ അടുത്തു കിടന്ന കല്ലെടുത്ത് അതിനെ എറിഞ്ഞു. ആദ്യത്തെ ഏറ് അതിന്റെ തലയ്ക്ക് തന്നെയാണ് കൊണ്ടത്. അത് പുളയാന്‍ തുടങ്ങി. മുന്നോട്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു കമ്പ് എടുത്ത് അടിച്ചുകൊന്നു. എല്ലാം കണ്ട് അവള്‍ പകച്ചുനിന്നു. അതിനെ കൊല്ലണ്ടായിരുന്നു അവള്‍ പറഞ്ഞു. ”അത് സൂസമ്മെ കടിച്ചിരുന്നെങ്കില്‍ സൂസമ്മ ചാകില്ലാരുന്നോ?” ഈ പാമ്പുകള്‍ രാത്രിയില്‍ എത്തിയാല്‍ മനുഷ്യര് കാണില്ലല്ലോ.

സ്‌കൂളില്‍ മലയാളം പഠിപ്പിക്കുന്ന കമലമ്മ, ശങ്കര്‍ എന്നീ ടീച്ചര്‍മാരുമായി ക്ലാസുമുറിയില്‍ വച്ചുതന്നെ മലയാള പദങ്ങളുടെ അര്‍ത്ഥങ്ങളെ ചൊല്ലി, അല്ലെങ്കില്‍ ഈശ്വരനുണ്ടോ ഉണ്ടെങ്കില്‍ ഈശ്വരനും മനുഷ്യനുമായുള്ള ബന്ധങ്ങള്‍ തുടങ്ങിയവയില്‍ തര്‍ക്കിച്ചിരുന്നു. ഞങ്ങളുടെ സംസാരം മറ്റു കുട്ടികള്‍ കാതുകൂര്‍പ്പിച്ചു കേള്‍ക്കും. ബ്രഹ്മം എന്ന വാക്കിന് എത്ര അര്‍ത്ഥങ്ങളുണ്ട് എന്ന ചോദ്യം ടീച്ചര്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. കണക്കില്‍ തോല്‍ക്കുമെങ്കിലും മലയാളത്തിന് എല്ലാവരേക്കാളും മാര്‍ക്ക് വാങ്ങുന്നത് ഞാനാണെന്ന് അവര്‍ക്കറിയാം. മലയാളം ബി.എ. പാസായിട്ടുള്ള ശങ്കര്‍ സാറിനെ വരാന്തയില്‍ കണ്ടപ്പോള്‍ പറഞ്ഞു. സാറെ എനിക്കറിയാവുന്നത് ഞാന്‍ സാറിനോട് പറയാം. ബ്രഹ്മത്തിന് പല അര്‍ത്ഥതലങ്ങളുണ്ട്. ആത്മാവ്, പരമാത്മാവ്. പ്രപഞ്ചത്തിന്റെ പരമകാരണമാണ് ബ്രഹ്മം. എന്താണ് പരമകാരണം? ഈ കാണപ്പെടുന്ന പ്രപഞ്ചം എവിടുന്നുണ്ടായി, എവിടെ നില്ക്കുന്നു. അതാണ് ബ്രഹ്മത്തെ അന്വേഷിക്കൂ എന്ന് പറയുന്നത്. ബ്രഹ്മസ്വരൂപം പോലും ആനന്ദം, സത്ത്, ചിന്ത, കാരുണ്യം മുതല്‍ അമീബ വരെയുള്ള എല്ലാ ജീവികളിലും ഉണ്ട് എന്നതും ബ്രഹ്മത്തിന് അര്‍ത്ഥം കൊടുക്കാം. ശങ്കരന്‍ സാര്‍ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു. നിന്നെ മറ്റ് ആരെങ്കിലും മലയാളം പഠിപ്പിക്കുന്നുണ്ടോ? ഞാന്‍ പുഞ്ചിരിയോടെ പറഞ്ഞു. പണ്ഡിതനായ കവി കെ.കെ. പണിക്കര്‍ സാറാണ് ബ്രഹ്മം ബോധമെന്നു പഠിപ്പിച്ചിട്ടുള്ളത്. ആത്മാവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് ബ്രഹ്മം അത്യന്തം ശക്തിയാര്‍ജിച്ചതെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. അത്രയും കേട്ടപ്പോള്‍ ശങ്കര്‍സാറിന് സന്തോഷമായി. അവര്‍ക്ക് രണ്ടുപേര്‍ക്കും ഉള്ളില്‍ എന്നോട് സ്‌നേഹമുണ്ടായിരുന്നു. എട്ടാം ക്ലാസുമുതലാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകള്‍ തുടങ്ങിയത്. ഞാന്‍ പഠിക്കുന്ന കാലത്ത് കുട്ടികള്‍ മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിക്കുന്നത് ഒരിക്കലും കണ്ടിരുന്നില്ല. സ്‌കൂളില്‍ ഒരു പാര്‍ട്ടികളുടെയും യൂണിയനും ഇല്ലായിരുന്നു. ഞങ്ങള്‍ക്കെല്ലാം അധ്യാപകരോട് സ്‌നേഹവും ബഹുമാനവുമായിരുന്നു. അതുപോലെ അവര്‍ക്കും അന്നത്തെ അദ്ധ്യാപകരോ രക്ഷിതാക്കളോ വിദ്യാഭ്യാസത്തില്‍ കളങ്കം ചാര്‍ത്തുന്നവരായിരുന്നില്ല.

ഹൈസ്‌കൂള്‍ പഠനകാലത്താണ് കായികരംഗത്ത് ഞാന്‍ ശ്രദ്ധിച്ചത്. എട്ടാംക്ലാസില്‍ കെ മുരളീധരന്‍ സാറായിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്നതില്‍ വളരെ സമര്‍ത്ഥന്‍. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളിലെ ചോദ്യപ്പേപ്പര്‍ മോഷ്ടിക്കുന്നത്. എന്റെ പഠനകാലത്ത് എനിക്ക് ജോലികളുടെ ആധിക്യം മൂലം വളരെ കുറച്ചേ പഠിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എല്ലാ ദിവസങ്ങവും കുട്ടികള്‍ പോയിക്കഴിഞ്ഞാല്‍ സ്‌കൂളിലെ വാതിലും ജനലും പ്യൂണായ പാപ്പന്‍ അടച്ചിട്ടാണ് പോകുന്നത്. ആ ദിവസം വൈകിട്ട് ഞങ്ങള്‍ പോകാതെ മുറിക്കുള്ളില്‍ ഇരുന്നു പഠിച്ചു. പ്യൂണ്‍ വന്നു പറഞ്ഞു എല്ലാം അടച്ചിട്ടേ പോകാവൂ എന്ന്. ഞങ്ങള്‍ കുറ്റിയിടാതെ ഒരു ജനാലയുടെ കതകടച്ചിട്ടു പോയി. രാത്രി പതിനൊന്ന് കഴിഞ്ഞപ്പോള്‍ ഞാനും ചന്ദ്രനും മെഴുകുതിരിയും തീപ്പെട്ടിയുമായി എത്തി ബെഞ്ചുകള്‍ നിരത്തി അതിന് മുകളില്‍ കയറി ഭിത്തിയുമായി ബന്ധിച്ചിട്ടുള്ള തടിക്കഷണത്തിലൂടെ തൂങ്ങി നടന്നു. താഴേയ്ക്കുപോയാല്‍ നടുവൊടിയുമെന്നുള്ളതുകൊണ്ട് മുറുകെ പിടിച്ചിരുന്നു. ഒരു വിധത്തില്‍ താഴെ ചാടി ചോദ്യപ്പേപ്പര്‍ തപ്പി. അത് അലമാരയിലാണെന്ന് മനസ്സിലാക്കി. ചന്ദ്രന്‍ കയ്യില്‍ കരുതിയ ചെറിയ കമ്പി വളച്ച് അലമാര തുറന്നു. അതില്‍ നിന്ന് രണ്ടെണ്ണം എടുത്ത് ഒരു സംശയവും കൂടാതെ കെട്ടിവച്ചു. ഒമ്പതാംക്ലാസ് പരീക്ഷ ആരുമറിയാതെ നല്ല മാര്‍ക്കോടെ ഞങ്ങള്‍ പാസ്സായി. ഞങ്ങളുടെ ഉയര്‍ന്നമാര്‍ക്കില്‍ പലരും അത്ഭുതപ്പട്ടു.

അദ്ധ്യായം- 7
തെങ്ങിന്‍ കള്ളിന്റെ ലഹരി

രാത്രിയില്‍ മിക്ക ദിവസവും കാളവണ്ടിയിലാണ് ഉറക്കം. ‘ലെപ്രസി’ സാനിട്ടോറിയത്തില്‍ നിന്ന് കിട്ടുന്ന പുസ്തകങ്ങള്‍ ആകാംക്ഷയോടെ വായിച്ചിരുന്നു. സോക്രട്ടീസിന്റെ വാചകങ്ങള്‍ ഞാന്‍ നോട്ടു ബുക്കില്‍ കുറിച്ചിടുമായിരുന്നു. പറങ്കിമാവിന്റെ മുകളില്‍ കയറിയിരുന്നു പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ആദ്യമായി ഞാന്‍ എഴുതിയ കവിത പദ്യപാരായണ മത്സരത്തില്‍ ചൊല്ലി. അതിന് ഒന്നാം സമ്മാനം കിട്ടി. എന്റെ കവിത എന്ന് പറയുന്നതിലും നല്ലത് പണിക്കര്‍ സാര്‍ വെട്ടിയും തിരുത്തിയും തന്നത് എന്നു പറയുന്നതാണ്. ആ ദിവസം എനിക്ക് വിജയത്തിന്റേതായിരുന്നു. സന്ധ്യാനേരത്ത് റേഡിയോ കേള്‍ക്കാനായി പാല്‍ത്തടത്തിലെ പഞ്ചായത്ത് സ്ഥലത്ത് നിത്യവും പോകും. അവിടെ സിമന്റ് ബഞ്ചുണ്ട്. നാടകം എഴുതാന്‍ റേഡിയോ നാടകം എന്നെ സഹായിച്ചു. രാത്രിയില്‍ സ്വന്തം ജീവിതകഥ കഥയാക്കി എഴുതി. നിത്യവും രാവിലെ കോഴി കൂവും മുമ്പേ ഉണരും.

ആ ദിവസങ്ങളിലാണ് ആദ്യമായി തെങ്ങിന്‍കള്ള് ഞാന്‍ കുടിക്കുന്നത്. മീനത്തേതിലെ ശ്രീധരന്‍ വര്‍ഷങ്ങളായി തെങ്ങ് ചെത്തുന്നുണ്ട്. അച്ഛന്‍ രാത്രിയില്‍ ചാരുംമൂട് ഷാപ്പില്‍ പോയി കുടിച്ചിരുന്നതായി അറിയാം. ആ ലഹരിയില്‍ വരുമ്പോഴാണ് എനിക്കിട്ട് നല്ല പെട തരുന്നത്. ശ്രീധരന്‍ ചെത്തിയിട്ട് പോയിക്കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞ് ചിരട്ടയുമായി രണ്ടു തെങ്ങിലും കയറി കുടമെടുക്കും. അതില്‍ ചത്തുകിടന്ന ഈച്ചകളെ മാറ്റി ചിരട്ടയില്‍ കള്ള് കോരിയെടുത്ത് കുടിക്കും. ഒരു സംശയവും ബാക്കി വയ്ക്കാതെ ഇറങ്ങിപ്പോരും.

ശ്രീധരന് സംശയം വരാതെയാണ് ഞാന്‍ കള്ള് അകത്താക്കിയിരുന്നത്. രാത്രി കിണറ്റില്‍ നിന്നുള്ള കുളി കഴിയുമ്പോള്‍ എല്ലാ ഗന്ധവും അകന്നുപോകും. അല്ലെങ്കിലും വീട്ടുകാരുടെ മുന്നില്‍ ചെല്ലുന്നത് അപൂര്‍വ്വവുമായിരുന്നല്ലോ. എന്നെ സങ്കടത്തിലാക്കിയത് മറ്റൊരു കാര്യമായിരുന്നു. എന്റെ തകരപ്പെട്ടി അടിച്ചു പൊട്ടിച്ചത്. അതിന്റെ കാരണം വീട്ടില്‍ അച്ഛന്റെ പണം മോഷണം പോയി. എല്ലാവരോടും ചോദിച്ചു. ആരും എടുത്തതായി ഏറ്റില്ല. ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളു ഞാനൊരു പുതിയ നിറമാര്‍ന്ന തകരപ്പെട്ടി വാങ്ങിയിട്ട്. അതിനുള്ളിലാണ് ഞാന്‍ നാണയങ്ങള്‍ സൂക്ഷിക്കുന്നത്. സോപ്പ് ചീപ്പ്, കണ്ണാടി എന്നിവയും അതിലുണ്ട്.

കുളിക്കുന്നതിന് മുമ്പായി ഒരു തേങ്ങ ഇട്ട് തല്ലിപ്പൊട്ടിച്ച് തിന്നും. ചില ദിവസം ബേബിയും വെള്ളം കോരാന്‍ വരും. വെള്ളം കോരാനും കുളിക്കാനും പോകുന്നതിന്റെ പ്രധാന കാരണം തേങ്ങ പിരിക്കാനാണ്. രാത്രിയാകുമ്പോള്‍ ആരും കാണില്ല. വെള്ളവുമായി വരുമ്പോള്‍ അച്ഛന്റെ ഒച്ച പുറത്തു കേള്‍ക്കാം. ”ഈ കാടനെ കൊണ്ടു ഞാന്‍ തോറ്റു. മറ്റു കുട്ടികളെ ഉപദ്രവിക്ക മാത്രമല്ല ഇപ്പോള്‍ മോഷണവും തുടങ്ങിയോ? പൊന്നമ്മേ വിളിക്കടീ അവനെ. അവള്‍ പറഞ്ഞു, അവരെല്ലാം വെള്ളം കോരാന്‍ പോയിരിക്കുവാ. ഇന്നും അടി ഉറപ്പാക്കി പറങ്കിമാവില്‍ കേറി ഇരുന്നു. വീടിനുള്ളില്‍ എന്തോ തല്ലി പൊട്ടിക്കുന്ന ശബ്ദം. ദേഷ്യപ്പെട്ട് എന്തെങ്കിലും വലിച്ചെറിയുകയാണോ. എന്റെ പെട്ടി തല്ലി പൊട്ടിച്ചു നോക്കിയിട്ടും അച്ഛന്റെ അഞ്ചണ കിട്ടിയില്ല. എന്റെ പെട്ടിക്കുള്ളില്‍ കണ്ടത് ചില നാണയത്തുട്ടുകള്‍ മാത്രം. പണം മോഷ്ടിച്ചത് അനുജന്‍ കുഞ്ഞുമോനായിരുന്നു.

പുതിയ അധ്യയന വര്‍ഷത്തില്‍ പാലുതറ സ്‌കൂളില്‍ എട്ടാം ക്ലാസ്സ് തുടങ്ങി. ആ വര്‍ഷം മുതല്‍ എന്റ നാടകത്തില്‍ അഭിനയിച്ചവരാണ് ആര്‍ട്ടിസ്റ്റു ചുനക്കര രാജന്‍, സംവിധായകന്‍ നൂറനാട് രാമചന്ദ്രന്‍, നൂറനാട് സത്യന്‍, ശിവ പ്രസാദ്, പാലം കുഞ്ഞുമോന്‍, ജയ് പ്രസാദ്, പാലുതറ രാജേന്ദ്രന്‍. അന്ന് പെണ്‍കുട്ടികളെ അഭിനയിക്കാന്‍ കിട്ടാത്തതിനാല്‍ രാജേന്ദ്രനാണ് പെണ്‍വേഷം കെട്ടുന്നത്. ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് എന്റ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് പാലം കുഞ്ഞുമോനെയും ജയ് പ്രസാദിനെയും ഞങ്ങള്‍ പൊന്നാടയണിയിച്ചു ആദരിച്ചു. മറ്റുള്ളവരെ അവിടെ ലഭിച്ചില്ല. എല്ലാ വര്‍ഷവും നടക്കുന്ന നാടകത്തിനു ഒന്നും രണ്ടും സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. അപ്പോളഴല്ലാം ശിവപ്രസാദിനാണ് ഹാസ്യനടനുള്ള ഒന്നാം സമ്മാനം കിട്ടുക. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു എനിക്ക് ധാരാളം ആരാധികമാരുണ്ടായിരുന്നു.

അദ്ധ്യായം- 6
സ്‌കൂള്‍ ഫീസടയ്ക്കാന്‍ കണ്ട മാര്‍ഗ്ഗം

ചത്തിയറ സ്‌കൂളില്‍ പഠിക്കുന്ന കാലം ധാരാളം മഴ നനഞ്ഞിട്ടുണ്ട്. മഴ കോരിച്ചൊരിയുമ്പോള്‍ ഏതെങ്കിലും മരത്തിനടിയില്‍ കാത്തു നില്‍ക്കും. പെങ്ങള്‍ മുന്നില്‍ കുട പിടിച്ച് നനയാതെ പോകുമ്പോള്‍ ഞാന്‍ വാഴയില ആണ് നനയാതിരിക്കാനായി ഉപയോഗിച്ചത്. ചെറ്റാരിക്കല്‍ അമ്പലനടയിലും മഴ നനയാതെ കയറി നിന്നിട്ടുണ്ട്. പുസ്തകങ്ങള്‍ നനയാതിരിക്കാന്‍ ഉടുപ്പുകൊണ്ട് മൂടും. സ്‌കൂളില്‍ കയറുന്നതിന് മുമ്പുതന്നെ നനഞ്ഞ ഉടുപ്പ് പിഴിഞ്ഞ് വെള്ളം കളയും. മഴ തോര്‍ന്ന് കഴിഞ്ഞു ചെല്ലുമ്പോള്‍ ടീച്ചറിന്റെ വഴക്കും കേട്ടിട്ടുണ്ട്. സ്‌കൂളിനടുത്തുള്ള ഒരു മരത്തില്‍ ഞങ്ങള്‍ ഏതാനും കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നു. ആ കളിയുടെ പ്രത്യേകത മരകൊമ്പുകളില്‍ ഇരിക്കുന്നവര്‍ മരത്തിനടുത്ത് കിടക്കുന്ന കമ്പില്‍ താഴേയ്ക്ക് ചാടി തൊടുമ്പോള്‍ താഴെ നില്ക്കുന്നവന്‍ പരാജയപ്പെട്ട് പുറത്താകും. താഴെ നില്ക്കുന്നവന്‍ കാക്കയെപ്പോലെ നോക്കുമ്പോഴായിരിക്കും ഒരാള്‍ താഴേയ്ക്ക് വരിക. താഴെ നില്ക്കുന്നവന്റെ ജോലി മരത്തിലിരിക്കുന്നവനെ തൊടുകയാണ്. അപ്പോള്‍ അവന്‍ താഴെ ഇറങ്ങണം.

അങ്ങനെ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു കുട്ടി ഓടിക്കിതച്ചു വന്ന് വീണത്. പുറകെ ഒരു കുട്ടിയെത്തി അവനെ പൊതിരെ തല്ലി. അവന് തിരിച്ചടിക്കാനുള്ള ആരോഗ്യമില്ല. തല്ല് കൊള്ളുകമാത്രമാണ് അവന്‍ ചെയ്യുന്നത്. ഞാന്‍ താഴെ ചെന്ന് അടിച്ചവനെ നോക്കി. എന്താടാ നോക്കി പേടിപ്പിക്കുന്നത് അവന്‍ എന്നോടു ചോദിച്ചു. ഞാന്‍ അവനിട്ട് ഒന്നു കൊടുത്തു. വിവരമറിഞ്ഞു ഗോപാലകൃഷ്ണന്‍ സാര്‍ വടിയുമായി പാഞ്ഞെത്തി കയ്യോടെ പിടിച്ചു. ഞങ്ങളെ രണ്ടുപേരെയും അദ്ദേഹത്തിന്റെ ഓഫിസിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. നടന്ന കാര്യം ഞാന്‍ സാറിനോട് വിവരിച്ചു. സാറത് വിശ്വസിച്ചില്ല. കുപിതനായി സ്വരമുയര്‍ത്തി പറഞ്ഞു. ഞാന്‍ നേരില്‍ കണ്ടതാണല്ലോ നീ ഇവനെ ഇടിക്കുന്നത്. അത് എന്നെ ഇടിച്ചിട്ടാ. നിന്നെ ഇടിച്ചാ നീ ഇടിക്കുമോ? എന്നാ ഇപ്പം ഇടിക്കെടാ. പെട്ടെന്ന് അവന്റെ നെഞ്ചത്ത് ഒരിടി കൊടുത്തു. സാറിന് ദേഷ്യം ഇരട്ടിച്ചു. ”നീട്ടെടാ നിന്റെ കയ്യ്”. രണ്ടടി കിട്ടി. കണ്ണില്‍ തീപ്പൊരി ഉണ്ടായി. മറ്റേ കുട്ടി തുറിച്ചുനോക്കി നിന്നു. അടി കിട്ടിയിട്ടും എന്റെ മുഖത്തിന് യാതൊരു ഭാവമാറ്റവുമില്ലായിരുന്നു. വീണ്ടും ഉച്ചത്തില്‍ ചോദിച്ചു. ”ഇനിയും ഇടിക്കുമോ” എന്റെ ദേഷ്യം വീണ്ടും പുറത്തു ചാടി. ”എന്നെ ഇടിച്ചാ ഞാന്‍ ഇടിക്കും” സാറിന്റെ മുഖത്ത് ദേഷ്യം.
”നീ അച്ഛനെ വിളിച്ചു കൊണ്ടു വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി.” തല കുനിച്ച് വേദനയോടെ പുറത്തിറങ്ങി.

കിണറ്റുകരയില്‍ കാളയെ കുളിപ്പിച്ചിരുന്നപ്പോള്‍ മാധവന്‍ ചേട്ടനോട് സ്‌കൂളിലെ കാര്യങ്ങള്‍ പറഞ്ഞു. അച്ഛന്‍ അറിഞ്ഞാല്‍ തല്ലിക്കൊല്ലുമെന്നും മാധവന്‍ ചേട്ടന്‍ ഒരു ബന്ധുവായി വന്ന് ഹെഡ്മാസ്റ്ററെ കാണണമെന്നും സങ്കടത്തോടെ പറഞ്ഞു. എന്നാലും ഒരു ബന്ധുവിന്റെ വേഷം എങ്ങനെ അഭിനയിക്കും. പിന്നെങ്ങാനും സത്യം അറിഞ്ഞാല്‍ എന്താകും സ്ഥിതി. മറ്റാരും അറിയില്ലെന്ന് ഞാന്‍ ഉറപ്പുകൊടുത്തു. എന്തായാലും സഹായിക്കാന്‍ മാധവന്‍ചേട്ടന്‍ തീരുമാനിച്ചു. മാധവന്‍ ചേട്ടന്റെ വീട് കിഴക്കേ കരയാണ്. ഇവിടുത്തെ ജോലികള്‍ കഴിഞ്ഞാല്‍ ചന്തയില്ലാത്ത ദിവസങ്ങളില്‍ സ്വന്തം വീട്ടില്‍ പോകാറാണ് പതിവ്. തിങ്കളാഴ്ച ഞാന്‍ സ്‌കൂളിലേക്ക് തിരിച്ചു. പിറകെ മാധവന്‍ ചേട്ടനുമുണ്ടായിരുന്നു. ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് തോളിലെ തോര്‍ത്തില്‍ മുഖം തുടച്ച് അകത്തേക്കു കടന്നു. ഞാന്‍ ആശങ്കയോടെ പുറത്തുനിന്നു. മാധവന്‍ ചേട്ടന്‍ അമ്മാവനായിട്ടാണ് അകത്ത് കടന്നിരിക്കുന്നത്. കസവുകര പിടിപ്പിച്ച സില്‍ക്ക് വേഷ്ടിയായിരുന്നു വേഷം. എന്താണ് അകത്ത് സംഭവിക്കുന്നത്. ആകാംക്ഷയോടെ നോക്കി. പുറത്തേക്കു വന്നു മാധവന്‍ ചേട്ടന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ”രക്ഷപ്പെട്ടു, ഇനി നീ വഴക്കുണ്ടാക്കില്ലെന്ന് ഞാന്‍ ഉറപ്പുകൊടുത്തു. മനസ്സിലായോ” ഞാന്‍ മൂളി.

മാധവന്‍ ചേട്ടന്‍ എനിക്കുവേണ്ടി ഒത്തിരി കാലുപിടിച്ചുകാണും. എന്നെ രക്ഷപ്പെടുത്തിയതില്‍ എന്തെന്നില്ലാത്ത മതിപ്പുതോന്നി. ദിവസങ്ങള്‍ മുന്നോട്ടുപോയി. സ്‌കൂളിലെ പന്തുകളി കഴിഞ്ഞു വരുമ്പോഴേയ്ക്കും ചില ദിവസങ്ങളില്‍ സന്ധ്യയാവും. വീട്ടിലെ ജോലി രാത്രിയായാലും തീരില്ല. രാത്രിയിലാണ് വെള്ളം ചുമക്കുന്നത്. ആ സമയം സഹോദരങ്ങള്‍ പഠിക്കാനിരിക്കും. ആ കാലത്താണ് വീട്ടില്‍ വൈദ്യുതി ലഭിക്കുന്നത്. സമ്പത്തുള്ളവരുടെ വീട്ടില്‍ മാത്രമാണ് വെളിച്ചം എത്തിയത്.
അതിനിടെ വീട്ടില്‍ ഉറങ്ങാനും നിരോധനം വന്നു. എല്ലാറ്റിനും കാരണം ജോലി തീരാത്തതാണ്. ഒരുദിവസം റോഡില്‍ നിരത്തിയിരിക്കുന്ന കച്ചി ഉണക്കാനേല്പിച്ചു. അത് ഓരോ മണിക്കൂറിലും തിരിച്ചും മറിച്ചും ഇട്ടാലേ ഉണങ്ങൂ. അതുണക്കി കച്ചിത്തുറുവിന്റെ ചുവട്ടില്‍ വാരിയിടണം. പലപ്പോഴും വാരിക്കൊണ്ടിടാന്‍ വീട്ടിലെ ജോലികള്‍ കാരണം കഴിഞ്ഞിരുന്നില്ല. ചാരുംമൂട്ടില്‍ പോയിരുന്ന അച്ഛന്‍ തിരിച്ചുവരുന്നുണ്ട്. ”ആ കാടന്‍ എവിടെ?” ഇരുളില്‍ ഒളിഞ്ഞു നിന്നു. ഇതുതന്നെയാണ് പല ദിവസങ്ങളിലും സംഭവിക്കുന്നത്. വരാന്തയില്‍ മുന്നില്‍ കണ്ടാല്‍ അടി ഉറപ്പാണ്. തൊഴുത്തിലോ കാളവണ്ടിയിലോ കയറി കിടന്ന് ഉറങ്ങും.

ഓണത്തിനുപോലും എനിക്കൊരു പുതിയ തുണി വാങ്ങി തരാറില്ല.രണ്ടും മൂന്നും വര്‍ഷങ്ങള്‍ ഒരേ യൂണിഫോമിലാണ് സ്‌കൂളില്‍ പോകുന്നത്. അഞ്ചില്‍ മുതലാണ് ആ കാര്യം എനിക്ക് മനസ്സിലായത്. സഹോദരങ്ങള്‍ പുതിയ ക്ലാസിലേക്ക് പോകുന്നത് പുതിയ വസ്ത്രങ്ങള്‍ ധരിച്ചണ് (അന്ന് യൂണിഫോം ഇല്ല). പുതിയ പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കും. എന്നോട് പറയും പഴയ പുസ്തകം ആരോടെങ്കിലും വാങ്ങാന്‍ എന്ന്. ഏഴാം ക്ലാസുമുതല്‍ എനിക്കും കാശുണ്ടായി. ഞാനും പുതിയ തുണിയും പുസ്തകവും ഉപയോഗിച്ചു തുടങ്ങി. ഞാന്‍ നിത്യവും എണ്ണ തലയില്‍ തേച്ചു കുളിക്കുമായിരുന്നു. അമ്മ പറഞ്ഞു എന്നും എണ്ണ തേക്കണ്ട എന്ന്. അമ്മയും അച്ഛനെപ്പോലെ തുടങ്ങിയപ്പോള്‍ വിഷമം തോന്നി. അന്നുമുതല്‍ അടുക്കളയില്‍ ഇരിക്കുന്ന വെളിച്ചെണ്ണ ഞാന്‍ എടുക്കാറില്ല. ഏഴാം ക്ലാസിലായപ്പോഴാണ് ഞാന്‍ അച്ഛനോട് നേരില്‍ സംസാരിക്കാനുള്ള ധൈര്യം കാണിച്ചത്. എന്തു ജോലി ചെയ്യാനും മിടുക്കനായിരുന്നതിനാല്‍ ആര്‍ക്കും എന്നോട് ദേഷ്യമില്ലായിരുന്നു. അച്ഛന്‍ അടിക്കുന്നത് പറഞ്ഞ പണി ചെയ്തു തീര്‍ക്കാത്തതിനാലാണ്.

നാട്ടിലെങ്ങും രൂക്ഷമായ വരള്‍ച്ചയായതിനാല്‍ ജോലിയും കൂലിയുമില്ലാതെ ആളുകള്‍ കഷ്ടപ്പെട്ടു. മാടാനപൊയ്കയുടെ ഒരു ഭാഗത്ത് അതിലെ കുറ്റിക്കാട്ടില്‍ നിന്ന് ചവറു വെട്ടിയെടുക്കാന്‍ രണ്ടു സ്ത്രീകള്‍ വരും. ചവറു വെട്ടിവച്ചാല്‍ അത് വസ്തുക്കളില്‍ കൊണ്ടിടുന്നത് എന്റെ ജോലിയാണ്. ചവര്‍ വെട്ടുന്ന സമയം എന്റെ നോട്ടം മുഴുവന്‍ വെട്ടുന്ന ലക്ഷ്മിയിലാണ്. എന്നിലും പുരുഷന്റെ വികാരം ഉണര്‍ന്നിരുന്നു. അവള്‍ എന്നെ നോക്കുമ്പോള്‍ ചിന്തകള്‍ ഉറഞ്ഞുപോകും, മീന്‍ വെട്ടുമ്പോള്‍ നായ്ക്കള്‍ വന്നിരിക്കുന്നതുപോലെ ലക്ഷ്മിയുടെ മുന്നില്‍ ഞാന്‍.

വീട്ടില്‍ ജോലി കിട്ടാതായപ്പോള്‍ എന്റെ കയ്യില്‍ കാശില്ലാതായി ഫീസ് കൊടുക്കാന്‍. പണമുണ്ടാക്കണം. ചെറ്റാരിക്കര അമ്പലത്തിനടുത്തുള്ള പാടത്ത് കട്ടകള്‍ ഉണ്ടാക്കാന്‍ കണ്ടത്തിലെ മണ്ണ് എടുക്കുന്നുണ്ട്. അവിടെ ഒരു ദിവസം ജോലി ചെയ്താല്‍ ഫീസടയ്ക്കാനുള്ള കാശ് കിട്ടും. മറ്റാരുമറിയാതെ രാവിലെ തന്നെ സ്‌കൂളില്‍ പോകുന്നതായി നടിച്ച് ആ പാടത്ത് ചെന്നു നിന്നു. ജോലിക്കാര്‍ വന്നു തുടങ്ങി. ഒരാളോട് എനിക്കു കൂടി ജോലി തരുമോ എന്ന് ചോദിച്ചു. എനിക്ക് മരങ്ങള്‍ ചുമന്ന് നല്ല പരിചയമുണ്ടെന്ന് അറിയിച്ചു.അയാള്‍ സമ്മതം മൂളി. അപ്പോഴാണ് അറിയുന്നത് ആ മനുഷ്യനുവേണ്ടിയാണ് ഈ പണി നടക്കുന്നതെന്ന്. ഉടുപ്പ് ഊരിയിട്ട് കുട്ടയില്‍ മണ്ണ് ചുമന്ന് കാളവണ്ടിയില്‍ കൊണ്ടിട്ടു. പതിനൊന്നുമണിക്ക് അവര്‍ കഞ്ഞിയും പയറും തന്നു. ഉച്ചയ്ക്ക് ഊണും കിട്ടി. വൈകിട്ട് മൂന്നു രൂപ കിട്ടിയപ്പോള്‍ ഫീസിന് പരിഹാരവുമായി.

Copyright © . All rights reserved