literature

പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനല്‍വഴികളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സര്‍ഗ്ഗപ്രതിഭയുള്ള എഴുത്തുകാരന്‍. സൗന്ദര്യത്തിന്റെ കതിര്‍മണികളായിരിക്കണം സാഹിത്യമെങ്കില്‍ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങള്‍ ശക്തമായി കത്തിജ്വലിക്കുമ്പോള്‍ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരന്‍ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ “കഥാകാരന്റെ കനല്‍വഴികള്‍” ഇരുളടഞ്ഞ താഴ്‌വാരങ്ങള്‍ താണ്ടി നവ്യനഭസ്സിലേക്ക് കുതിച്ചുയര്‍ന്ന കനല്‍പക്ഷി തന്നെയാണ്. തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയില്‍ ആവിഷ്‌കരിക്കുന്നതില്‍ എഴുത്തുകാരന്‍ ഇവിടെ വിജയിച്ചിരിക്കുന്നു. അനായാസമായി പദങ്ങളെ വിന്യസിക്കുവാനും അനുഭവത്തിനുതകുന്ന വാക്കുകള്‍ കൊണ്ട് എഴുത്തിനെ വര്‍ണ്ണാഭമാക്കുവാനുള്ള അദ്ദേഹത്തിന്റെ സര്‍ഗ്ഗസിദ്ധി ആര്‍ക്കാണ് കാണാതെ പോകുവാനാകുക?
ലക്ഷ്യബോധത്തോടെ നോല്മ്പ് നോല്‍ക്കുന്ന ഒരു വെളിച്ചപ്പാടിനേ കനല്‍ച്ചാട്ടത്തില്‍ വിജയമുള്ളു. വെളിച്ചപ്പാടിന് വസൂരി വിതയ്ക്കാനും സൂക്കേടുകള്‍ മാറ്റാനും കഴിയുമത്രെ! അതാവും വെളിച്ചപ്പാട് എല്ലാവര്‍ക്കും ആദരണീയയായ “അമ്മ” ആയത്. സങ്കീര്‍ണ്ണവും പ്രക്ഷുബ്ധവുമായ ജീവിതസാഹചര്യങ്ങള്‍ തീര്‍ത്ത പൊള്ളുന്ന പാതയിലൂടെ യാതൊന്നിനെയും കൂസാതെ മരണത്തെ മുന്നില്‍ കണ്ട് ജീവിതമുഹൂര്‍ത്തങ്ങളിലൂടെ വിജയിച്ചുമുന്നേറുന്ന ഒരു വെളിച്ചപ്പാടിനെയാണ് ഈ സൃഷ്ടിയിലൂടെ നമുക്ക് ദര്‍ശിക്കാനാവുന്നത്. ആ സഹനകഥ സഹജീവികള്‍ക്കുപകരിക്കും വിധം പ്രകടിപ്പിക്കുവാനുള്ള മാനസികാവസ്ഥ പ്രശംസനീയം തന്നെ.
സ്വന്തം കിഡ്‌നി ദാനമായി നല്‍കുമ്പോള്‍ അടുത്തുനിന്ന നഴ്‌സിനോട് പറയുന്നു. “ഇത് ആരോടും പറയരുത്, പറഞ്ഞാല്‍ എന്റെ അടുത്ത കിഡ്‌നിയ്ക്കും ആള്‍ക്കാര്‍ വരും”മെന്ന്. ആശങ്കപ്പെടേണ്ട ഈ സാഹചര്യത്തെ എത്ര സരസ്സമായിട്ടാണ് കഥാകാരന്‍ അവതരിപ്പിക്കുന്നത്. ഒരു നോവലിനേക്കാള്‍, ഒരു സിനിമയേക്കാള്‍ സാഹിത്യത്തിന്റെ മണിമുറ്റത്ത് ഈ ആത്മകഥ താരും തളിരും നിറഞ്ഞുതന്നെയാണ് നില്‍ക്കുന്നത്. അതു വായനക്കാരനെ അനുഭൂതി തലത്തില്‍ എത്തിക്കുന്നു. പലപ്പോഴും മനുഷ്യമനസ്സിന്റെ സംഘര്‍ഷങ്ങള്‍ തന്നെയാണ് സാഹിത്യപ്പിറവിയുടെ അടിയൊഴുക്കുകള്‍. മാനവരാശിയ്ക്ക് മനുഷ്യത്വം അല്ലെങ്കില്‍ വിവേകബുദ്ധി നഷ്ടപ്പെടുമ്പോള്‍ അത് തിരിച്ചറിയുന്നവരും തിരുത്തപ്പെടുന്നവരുമാണ് സര്‍ഗ്ഗപ്രതിഭകള്‍. ഇവിടെയും മുറിവേറ്റവന്റെ നീറ്റല്‍ തിരിച്ചറിയുവാനുള്ള മനഃസാക്ഷി എഴുത്തില്‍ മാത്രമല്ല പ്രവൃത്തിയിലും നമുക്ക് കാണിച്ചുതരുന്നു. ഇതു സാഹിത്യലോകത്ത് അസാധാരണമായ ഒരു അനുഭവമാണ്. അതുതന്നെയാണ് ഈ കൃതി ആര്‍ത്തിയോടെ പലവട്ടം വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. നന്മ നഷ്ടപ്പെട്ട മനുഷ്യരാശിയെ ഗ്രസിച്ചിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ കൃതി ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
ആത്മസാക്ഷാത്കാരത്തിന്റെ ഉള്‍ച്ചൂടു വഹിക്കുന്ന ഈ സൃഷ്ടിയിലൂടെ ഒരു സൂക്ഷ്മസഞ്ചാരം നടത്തുമ്പോള്‍ നമ്മുടെ ഹൃദയത്തോട് ചേര്‍ന്നു നിന്നുകൊണ്ട് ആത്മാവുമായി സംവദിക്കുന്ന ഒരു മിത്രത്തെയാണ് നാം കണ്ടെത്തുന്നത്. അത്രമേല്‍ ദൃശ്യാത്മകതയാണ് അദ്ദേഹത്തിന്റെ ഭാഷയുടെ വ്യതിരിക്തത. സംഘട്ടനങ്ങള്‍ നിറഞ്ഞ ഓരോ അദ്ധ്യായത്തിലും അനുഭവങ്ങളുടെ ഹൃദയത്തുടിപ്പ് നാം കേള്‍ക്കുന്നു. ആ വികാരങ്ങളുടെ അടിച്ചൂടുതട്ടുമ്പോള്‍ ജീവിതത്തിന്റെ പരിണാമചക്രം എത്ര വിസ്മയകരമാണെന്ന് നാം തിരിച്ചറിയുക കൂടി ചെയ്യുകയാണ്.
ഒരു കാലത്തിന്റെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥിതികളെ വ്യക്തമായി ഈ ആത്മകഥാദര്‍പ്പണത്തിലൂടെ നോക്കിക്കാണാം. പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതമൂല്യങ്ങള്‍ സ്വാംശീകരിച്ച് പൂര്‍ണ്ണരായ മഹത്‌വ്യക്തികളെ ഗുരുതുല്യരായി കാണുന്നു. ഇതുപോലുള്ള എഴുത്തുകാര്‍ ഇന്നുണ്ടോ? പോരാട്ട ജീവിതത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ശക്തിസ്രോതസ്സായി മാറുന്ന ഒട്ടേറെ സന്ദേശങ്ങള്‍ ഈ കൃതിയിലുടനീളം കാണുന്നു.
“ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍” (പേജ് 257) എന്നു പറയുന്നിടത്ത് അനുവാചകനെ സര്‍ഗ്ഗാത്മകതയുടെ ലോകത്തേയ്ക്ക് നയിക്കുന്നു. “പ്രപഞ്ചനാഥന്‍ മണ്ണില്‍ മനുഷ്യനെ സൃഷ്ടിച്ചത് പരസ്പരം കലഹിക്കാനല്ല, സ്‌നേഹം, ദയ, കാരുണ്യം, സഹാനുഭൂതി എന്നീ നന്മകള്‍ ചെയ്ത് ജീവിക്കാനാണ്” (പേജ് 264) ഇവിടെ എഴുത്തുകാരന്‍ നമ്മെ സനാതന മൂല്യങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
“നല്ല നല്ല പുസ്തകങ്ങള്‍ വായിച്ച് അറിവുനേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞുവലിഞ്ഞു മരണത്തിലെത്താം” (പേജ് 264) എന്നതില്‍ വായിച്ചു വിളയേണ്ടതിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു.
“യൗവ്വനം ഒരിക്കലും രോഷാഗ്നിയില്‍ ആളിക്കത്തിക്കാന്‍ പാടില്ല. അതു കുറ്റവാളികളെ മാത്രമേ സൃഷ്ടിക്കൂ എന്ന് എനിക്കറിയാം” (പേജ് 149) ഇത് സഹനത്തിലേയ്ക്കുള്ള വഴികാട്ടല്‍ കൂടിയാണ്. “ഇരുട്ടിനെ അകറ്റാന്‍ സൂര്യനോ ചന്ദ്രനോ വേണം. മനുഷ്യമനസ്സുകളില്‍ ഇതുപോലെ പൂനിലാവ് പരത്തുന്നവയാണല്ലോ അക്ഷരവും ആത്മാവും” (പേജ് 63) തൂലിക പടവാളിനേക്കാള്‍ മൂര്‍ച്ചയേറിയ ആയുധമാണെന്ന് അനുഭവസ്ഥനായ ഒരു എഴുത്തുകാരന്‍ ഇവിടെ നമ്മോട് വിളിച്ചോതുന്നു.
“എന്റെ മുന്നില്‍ ദുഃഖദുരിതങ്ങളുണ്ടെങ്കിലും സ്വന്തം ജീവിതത്തെ അനായാസമായി നിലയ്ക്ക് നിര്‍ത്താന്‍ എനിക്ക് കഴിയുന്നു. എല്ലാ ദുഃഖങ്ങളേയും എനിക്കുള്ളില്‍ നിശബ്ദമായി ഞാന്‍ താലോലിച്ചു. തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടു പോയവരൊക്കെ പുതുജീവന്‍ പ്രാപിച്ചിട്ടേയുള്ളൂ.” (പേജ് 57) വല്ലായ്മകളില്‍ തളരാതെ ജീവിതത്തിന്റെ സൗന്ദര്യം എത്തിപ്പിടിക്കാനുള്ള മുന്നേറ്റം നമ്മെ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പുതരുകയാണ്.
ഇങ്ങനെ മഹത്ഗ്രന്ഥങ്ങളിലും മഹത്‌വ്യക്തികളിലും നമുക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുള്ള ഉദ്‌ബോധനങ്ങളുടെ ശംഖൊലിയാണ് “കഥാകാരന്റെ കനല്‍വഴികള്‍. ആത്മകഥയുടെ ലോകത്ത് പുതുമ നിറഞ്ഞ ഈ കൃതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിസ്സംശയം പറയാം.

അബിൻഷാ. എം

അർദ്ധ രാത്രി, ഞാൻ പയ്യെ കണ്ണുതുറന്നു പുതപ്പുമാറ്റി. പതിയെ എണീറ്റു. അപ്പോഴേക്കും എന്റെ കണ്ണ് ജനലഴികളിലൂടെ പുറത്തേക്ക്. വീടിന്റെ മുന്നിലെ പോസ്റ്റിലെ സിഎഫ്എൽ ബൾബ് വെളിച്ചം, ഒടിയന്റെ ശത്രു പതിനാലാം രാവിൽ ചന്ദ്രനുദിച്ച മാതിരി നല്ല വെളിച്ചം, സമയം നോക്കാൻ വേണ്ടി ഞാൻ മൊബൈൽ എടുത്തു പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു, തണുപ്പിന്റെ മറവിൽ ഒരുവന്റെ ശല്യം സഹിക്കാനാവാതെ എണീറ്റതാണ്. നിലത്ത് പായ വിരിച്ചു കിടന്ന ഞാൻ തലയണ കട്ടിലിന് അരികിൽ വെച്ച് വീണ്ടും ഉറക്കം നടിച്ചു. അവൻ എന്നെ വല്ലാണ്ടു പദ്രവിക്കുന്നുണ്ടായിരുന്നു സഹിക്കാൻ പറ്റണില്ല. എന്നെ ഗാഢനിദ്രയിൽ നിന്ന് വിളിച്ചുണർത്തി അവൻ ഉപദ്രവിക്കുന്നു. കുറെ ശ്രമിച്ചു അവനിൽ നിന്ന് രക്ഷപ്പെടാൻ, കഴിയുന്നില്ല…

സമയം അപ്പോഴേക്കും 2 ലേക്ക് കടന്നിരുന്നു. എന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ചാലുകൾ പ്രത്യക്ഷപ്പെടുന്നു. ആരും അറിയാതെ ഞാൻ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.അവനിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ശ്രമിക്കുന്തോറും അവന്റെ ആലിംഗനം മുറുകിവന്നു. സഹിക്കവയ്യാതെ ഞാൻ ഉമ്മ കിടന്ന റൂമിൽ ചെന്ന് കതകിൽ തട്ടി ഉമ്മാനെ വിളിച്ചുണർത്തി. ഉമ്മ നല്ല ഉറക്കത്തിലായിരുന്നു. ഞാൻ ഉമ്മാനോട് എന്റെ എന്റെ വേവലാതി പറഞ്ഞു. വയ്യാ …. അവൻ എന്നെ വല്ലാണ്ടുപദ്രവിക്കുന്നു. സഹിക്കാൻ പറ്റണില്ല. ഉമ്മ എന്ന സാന്ത്വനിപ്പിച്ചിട്ടു പറഞ്ഞു രാവിലെ ആകട്ടെ പരിഹാരം കാണാoഎന്ന്. എന്നെ തിരിച്ചയച്ചു. എന്നെ മനസ്സിലാക്കാൻ ആരുമില്ലല്ലോ എന്ന വേദനയിൽ ഞാൻ കിടക്കയിലേക്ക് മടങ്ങി . അപ്പോഴും സമയ സൂചിക മുൻപോട്ടു തന്നെ. തലയണയെ കെട്ടിപ്പിടിച്ചു. അവൻ എന്നെ വീണ്ടും കുത്തിനോവിക്കുന്നുണ്ടായിരുന്നു. ആലിംഗനം ചെയ്യുന്നു. ഞാൻ ഇടയ്ക്ക് പതിയെ കണ്ണുകൾ തുറന്നു അവനെ നോക്കി. അപ്പോഴെല്ലാം അവനും ഉണർന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ഒന്നും ഓർമ്മയില്ല.
രാവിലെ എട്ടിന് ഉമ്മ വന്നു തട്ടിയുണർത്തി.

നീ കോളേജിൽ പോണില്ലേ, എണീക്ക്. ഞാൻ ഒന്നും പോണില്ല.. എന്ന് ഞാനും. ഉപ്പ അപ്പോഴേക്കും രംഗം കയ്യടക്കിയിരുന്നു. ഉപ്പ എന്നെ ശകാരിക്കുന്നു ണ്ടായിരുന്നു. അപ്പോഴേക്കും രാഷ്ട്രീയ പാർട്ടിക്കാരുടെ പോലെ എന്റെ നിലപാട് ഞാൻ മാറ്റിയിരുന്നു. “ഞാൻ കരുതിയത് ഇന്ന് ശനിയാഴ്ച ആണെന്നല്ലേ ഉമ്മ അത് വളച്ചൊടിച്ചതാണ്, ഞാൻ കോളേജിൽ പോകുന്നുണ്ടെ… “എന്നു പറഞ്ഞ് ഞാൻ രംഗത്തിൽ നിന്ന് തലയൂരി. രാവിലെയും അവൻ എന്നെ പിന്തുടർന്നുകൊണ്ടിരുന്നു. സഹിക്കാൻ പറ്റണില്ല. ഞാൻ കിടക്കയിൽ കിടന്നു ഉമ്മാനെ വിളിച്ചു. ഉമ്മ അടുത്തുവന്നു. ഞാൻ അടക്കത്തിൽ ഉമ്മാനോട് പറഞ്ഞു, ഉമ്മാ അവൻ എന്നെ ഉപദ്രവിക്കുന്നു സഹിക്കാൻ പറ്റണില്ല.
ഞാൻ ഇന്ന് കോളേജിൽ പോകുന്നില്ല. ഉമ്മ പറഞ്ഞു, ഉം ഉം എങ്കിൽ പോകണ്ട. എന്ന് ഉമ്മാന്റെ മറുപടി മനസ്സിൽ എവിടെയോ തട്ടി. അങ്ങനെ എണീറ്റു പ്രാഥമിക കർത്തവ്യങ്ങൾ ക്ക് ശേഷം,,, അപ്പോഴെല്ലാം അവൻ എന്നെ പിന്തുടർന്നു നോവിച്ചു കൊണ്ടിരുന്നു. പ്രാതൽ കഴിച്ചു കിടക്കയിൽ ഇരിക്കുകയായിരുന്നു എന്റെ കൈകളിലേക്ക് ഉമ്മ ഒരു സൂത്രം കൊണ്ട് തന്നു. എന്നെ ഉപദ്രവിക്കുന്നവനിൽ നിന്നും രക്ഷനേടാൻ ആണെന്നും പറഞ്ഞു. ഞാൻ തലകുലുക്കി. അവൻ എന്നെ നോക്കി ക്രൂരതയുടെ ചിരി ചിരിച്ചു. ഞാൻ നിഷ്കളങ്കതയുടെയും. കാരണം, കഴിഞ്ഞ രാത്രിയിൽ, അവൻ എന്നെ അത്രമാത്രം നോവിപ്പിച്ചിരുന്നു. ഉമ്മ തന്ന ആസൂത്രത്തിൽ ഞാൻ അപ്പാടെ കയറി ഒളിച്ചിരുന്നു. ആ സമയം അവന്റെ ചിരി നിഷ്കളങ്കത യിലേക്ക് മാറുന്നുണ്ടായിരുന്നു എന്നുള്ളത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴും എന്റെ ബോധം വേദനകൊണ്ട് ഉയർന്നിരുന്നില്ല. അപ്പോഴാണ് എന്റെ മനസ്സിലേക്ക് ഒരു ചിന്ത വന്നു വീണത്. ഉമ്മ തന്ന ആ ഓറഞ്ച് സാധനം എന്തായിരിക്കും. ഞാൻ ചിന്തിച്ചു എന്നിട്ടും എങ്ങുമെത്താത്തതുകൊണ്ട് ഞാൻ ഉമ്മാനോട് തന്നെ സംശയം ആരാഞ്ഞു. ഉമ്മാ, ഉമ്മ തന്ന സാധനം എന്തായിരുന്നു. ഉമ്മ എന്റെ കൈകളിലേക്ക് ഒരു കവർ എടുത്തു തന്നു. ഞാൻ അതിന്റെ മുൻപിലെ അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു.

വേദന വരുമ്പോൾ മാത്രം. ഞാൻ അത് തുറന്നു, അതിൽ ഉമ്മ തന്ന സൂത്രം കുറെ ഉണ്ടാരുന്നു. അതിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ എനിക്ക് ഏറെക്കുറെ ഉറപ്പായി അത് പല്ലു വേദനയുടേത് തന്നെയായിരിക്കും എന്ന്…
പല്ലുവേദന അൺസഹിക്കബിൾ.

 

അബിൻഷാ. എം
പിതാവ് :മുഹമ്മദ് കോയ
മാതാവ് :ഷംല
സഹോദരൻ :അൻവർ ഷാ ജൗഹരി
വിലാസം :പ്ലാംവിളയിൽ
കണ്ണനാകുഴി p. o
ചാരുംമൂട്‌
യു ഐ ടി അടൂർ സെന്ററിൽ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി .

ജോൺ കുറിഞ്ഞിരപ്പള്ളി

ഞങ്ങളുടെ  ടാക്സി സാമാന്യം നല്ല വേഗതയിൽ  ഓടിക്കൊണ്ടിരിക്കുന്നു. പുറകിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന റോഡരികിലെ  കാഴ്ചകളിൽ ഞാൻ  വിരസത അകറ്റാൻ വെറുതെ  നോക്കിയിരുന്നു.
ബാംഗ്ലൂർ കെംപെഗൗഡ ഇൻ്റെർനാഷണൽ എയർപോർട്ടിലേക്ക് ഇനി കഷ്ട്ടിച്ചു പത്തു കിലോമീറ്റര് ദൂരം കാണും.
മനസ്സിൽ ടെൻഷൻ കൂടി വരുന്നു.ശ്രുതിയോട് എന്ത് പറയണം?അവൾ എങ്ങിനെയാണ് പ്രതികരിക്കുക? ഞാൻ പോകേണ്ട എന്ന് പറഞ്ഞാൽ അവൾ യാത്ര ഉപേക്ഷിക്കുമോ?
അങ്ങിനെ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വരുന്നുണ്ട്.
എല്ലാകാര്യങ്ങളും നിസ്സാരമായികാണുന്ന എനിക്ക് ഇത്രയധികം ടെൻഷൻ ഉണ്ടാകാൻ പാടില്ലാത്തതാണ്.
നഷ്ടം സംഭവിക്കും എന്ന അവസ്ഥ വരുമ്പോൾ മാത്രമേ പലതിൻ്റെയും വിലയറിയൂ എന്ന് പറയുന്നത് വളരെ ശരിയാണ്.കാർ റേഡിയോയിൽനിന്നും കേൾക്കുന്ന പാട്ടിലേക്ക് ശ്രദ്ധ‌ തിരിച്ചുവിടാൻ ഒരു വിഫല ശ്രമം നടത്തിനോക്കി.
ഞാൻ ജോൺ  സെബാസ്റ്റ്യനെ ശ്രദ്ധിച്ചു. എന്തുകൊണ്ടോ അവനും ടെൻഷനിൽ ആണന്നു തോന്നുന്നു.അവൻ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചു ഇരിക്കുകയാണ്.അവൻ്റെ കാര്യം വളരെ പരിതാപകരമായിരുന്നു.ഒരു ഗുണ്ടയെപ്പോലെ പെരുമാറുമെങ്കിലും അടുത്തറിയുമ്പോൾ സഹതാപം തോന്നും.എഞ്ചിനീറിങ്ങിന് അവസാന സെമസ്റ്റർ പരീക്ഷക്ക്‌ മുൻപ് കോളേജിൽ ഉണ്ടായ ഒരു അടിപിടി കേസ് അവൻ്റെ ഭാവി തകർത്തു കളഞ്ഞു അവനെ  രണ്ടു വർഷത്തേക്ക് കോളേജിൽനിന്ന്   സസ്‌പെൻഡ് ചെയ്തു.
ഇപ്പോൾ രണ്ടു വർഷം  കഴിഞ്ഞിരിക്കുന്നു. പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് അവൻ.
നാണക്കേടും വീട്ടിൽനിന്നുമുള്ള കുറ്റപ്പെടുത്തലുകളും കേട്ടും കണ്ടും  മടുത്ത് അവൻ ബാംഗ്ലൂരിൽ വന്നതാണ്.ഒരു ചെറിയ ജോലിയിൽ തട്ടിയും മുട്ടിയും കഴിയുകയാണ്.സ്നേഹിക്കുന്നവർക്കുവേണ്ടി എന്തും ചെയ്യുന്ന അവൻ്റെ  സ്വഭാവം അവനെ കുഴിയിൽ ചാടിക്കുന്നു.
അവൻ ചോദിച്ചു,”മാത്യു, നിന്നെ ഒറ്റികൊടുക്കുന്ന ആ യൂദാസ് ആരാണ്?”
സത്യം അവനോടു തുറന്നു പറയണോ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു.ഞാൻ പറയുന്നത് കേൾക്കാൻ അവൻ കാതും കൂർപ്പിച്ച് ഇരിക്കുകയാണ്.അവനോട് അത് പറയണോ ?
ഞാൻ പറഞ്ഞു,”അത്………….”
ജോൺ സെബാസ്റ്റ്യൻ വിളിച്ചു പറഞ്ഞു,”നോക്കൂ ..”അവൻ സൈഡിലേക്ക് കൈ ചൂണ്ടി.”വണ്ടി നിർത്തൂ”
ഡ്രൈവർ കാർ പെട്ടന്ന് ബ്രേക്കിട്ടു.
” എന്താ? എന്തു പറ്റി?”
റോഡരുകിൽ ആക്സിഡന്റ് ആയി ഒരു കാർ കിടക്കുന്നു.
“അത്,പ്രസാദിൻ്റെ  കാർ അല്ലെ?അതെ.അത് അവൻ്റെ കാർ തന്നെ.”
ഞങ്ങൾ വണ്ടി സൈഡിൽ ഒതുക്കി നിർത്തിയിട്ട് ആക്സിഡന്റ്  നടന്ന  സ്ഥലത്തേക്കു ചെന്നു. പ്രസാദ്   അബോധാവസ്ഥയിൽ വണ്ടിക്കകത്ത് കുടുങ്ങിക്കിടക്കുന്നു.കാറിൻ്റെ  ബോണറ്റ് പൂർണമായി തകർന്നിരിക്കുന്നു.ഓവർ സ്പീഡിൽ സൈഡിലെ റെയ്ൽസിൽ ഇടിച്ചു തകർന്നതാണ്.
ഏതാനും വഴിപോക്കരും വാഹനങ്ങളിൽ വരുന്നവരും  എന്തു പറ്റി എന്നറിയാൻ എത്തി നോക്കുന്നുണ്ട്. ചുറ്റും കുറച്ചു ആളുകൾ കൂടി നിൽപ്പുണ്ട്.
ആൾക്കൂട്ടത്തിലുള്ള ആരോ ആംബുലൻസിനും പോലീസിനും ഫോൺ ചെയ്തു.
എനിക്ക് അങ്ങിനെ നോക്കിനിൽക്കാൻ കഴിയുന്നില്ല.ഞാനും ജോൺസെബാസ്റ്റ്യനും കൂടി പ്രസാദിനെ കാറിനകത്തുനിന്ന് മറ്റുള്ളവരുടെ സഹായത്തോടെ പുറത്തിറക്കി കിടത്തി.
ആബുലൻസും പോലീസും വന്നു.
പ്രസാദിന് എന്തു സംഭവിച്ചു എന്നറിയാതെ അവനെ റോഡിൽ വിട്ടിട്ടു പോകാൻ മനസ്സു വരുന്നില്ല.ജോൺ സെബാസ്റ്റ്യൻ പറഞ്ഞു “നീ എയർപോർട്ടിൽ പൊയ്ക്കോളു. ഞാൻ ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ അന്യേഷിച്ചു വരാം.”
പ്രസാദിനെ അവിടെ എങ്ങിനെ  വിട്ടിട്ടു പോകും?എന്തൊക്കെയാണെങ്കിലും മനസ്സിൽ സഹതാപത്തിന്റെ മുളകൾ പൊട്ടുന്നത് ഞാനറിഞ്ഞു.ഇങ്ങനെയുള്ള അവസരത്തിൽ കണ്ടില്ലെന്ന് വയ്ക്കാൻ എനിക്ക് കഴിയില്ല.അബോധാവസ്ഥയിൽ കിടക്കുന്ന പ്രസാദ് ,ഒരിക്കൽ അവൻ എൻ്റെ സുഹൃത്തായിരുന്നു.
ഞാൻ ശ്രുതിയെ വിളിച്ചു.
ഫോൺ എടുത്തപ്പഴേ അവൾ പറഞ്ഞു,”മാത്തു,ഞാൻ ഒരു പത്തുമിനിറ്റുകഴിഞ്ഞിട്ട് തിരിച്ചുവിളിക്കാം ”
ഫോൺ ഡിസ് കണക്ട് ആയി.അവൾ തിരക്കിലാണെന്ന് തോന്നുന്നു.
ജോൺ സെബാസ്റ്റ്യൻ നിർബന്ധിച്ചു “നീ എയർപോർട്ടിലേക്ക് പൊയ്ക്കോളു. ഞാൻ ഹോസ്പിറ്റലിൽ പോയി വിവരങ്ങൾ അന്യേഷിക്കാം.”
ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.ശ്രുതിയെ കണ്ടേ പറ്റൂ.ഈ നിർണായക സമയത്തിൽ അവളെ കാണാതിരിക്കാൻ കഴിയില്ല.
അവസാനം ഞാൻ എയർപോർട്ടിൽ പോയി ശ്രുതിയെ കാണാൻ തീരുമാനിച്ചു.
ശ്രുതിയുടെ കോൾ വന്നു;” മാത്തു നീ എവിടെയാ?”
ഞാൻ എന്തു പറയണമെന്ന് സംശയിച്ചു.നടന്ന സംഭവങ്ങൾ അവളോട് ഫോണിൽ പറയാതിരിക്കുന്നതാണ് നല്ലത്.കാണുമ്പൊൾ നേരിട്ട് പറയാം.വെറുതെ ഈ അവസരത്തിൽ അവളെ അപ്സെറ്റ് ആക്കേണ്ട. “ദാ,ഞാൻ എയർപോർട്ടിൽ എത്താറായി”
“ശരി”
ഞാൻ തിരിച്ചു ടാക്സിയിലേക്ക് കയറാൻ തുടങ്ങുമ്പോൾ  ഒരു പോലീസ്‌കാരൻ  അടുത്തുവന്നു,”നിങ്ങൾക്ക് പരിചയമുള്ള ആളാണോ ഇത്?”
“അതെ”.
“നിങ്ങൾ സ്റ്റേഷൻ വരെ ഒന്ന് വരണം.ഇയാളെക്കുറിച്ചുള്ള മുഴുവൻ ഡീറ്റൈൽസും ഞങ്ങൾക്ക് വേണം.അയാളുടെ ബോഡി ചെക്കപ്പ് ചെയ്തപ്പോൾ അയാൾ ഡ്രഗ്സ് ഉപയോഗിച്ചിരുന്നു എന്ന് ഒരു സംശയം ഡോക്ട്ടർ  പറയുകയുണ്ടായി.”
പ്രസാദിനെയുംകൊണ്ട് ആംബുലൻസ് നീങ്ങി തുടങ്ങിയിരുന്നു.
ജോൺ സെബാസ്റ്റ്യൻ എന്നെ നോക്കി,”ഇത് കുഴഞ്ഞ കേസാണ്.നാർക്കോട്ടിക് സെൽ അന്വേഷിച്ചാൽ ആകെ കുഴയും.ജാമ്യം പോലും കിട്ടില്ല.”
“ഞങ്ങൾ എയർ പോർട്ടിൽ ഒരാളെ യാത്ര അയക്കാൻ പോകുകയായിരുന്നു.പരിചയമുള്ള ആളായതുകൊണ്ട് ടാക്സി നിർത്തി നോക്കിയതാണ്.ഞങ്ങൾ എയർപോർട്ടിൽ പോയിട്ട്  സ്റ്റേഷനിൽ വരാം .”
അയാൾ അത് കേട്ടതായി ഭാവിച്ചതേയില്ല.
“സോറി,സ്റ്റേഷനിൽ വന്ന് ഡീറ്റെയിൽസ് തന്നിട്ട് നിങ്ങൾക്ക് പോകാം .ഇപ്പോൾ വണ്ടിയിൽ കയറൂ”.
വണ്ടിയിൽ കയറുകയല്ലാതെ മറ്റു മാർഗ്ഗമില്ല.
ഉദ്ദേശിച്ചതുപോലെ ഒരു മോശം ആളായിരുന്നില്ല ആ പോലീസ്‌കാരൻ .വളരെ മാന്യമായിട്ടായിരുന്നു  അയാളുടെ  പെരുമാറ്റം .
അയാൾ പറഞ്ഞത് പ്രസാദിൻ്റെ  പരിക്കുകൾ സീരിയസ് ആണെന്ന് തോന്നുന്നില്ല എന്നാണ്. ആക്സിഡൻറെ  ഷോക്കിൽ  അവന് ബോധം നഷ്ടപെട്ടതായിരിക്കും .
പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ കുറെ അധികം ചോദ്യങ്ങൾ ചോദിച്ചു. എല്ലാം വിശദമായി എഴുതിയെടുത്തു.ഞങ്ങൾ പറയുന്നതെല്ലാം അയാൾ വളരെ ശ്രദ്ധിച്ചു കേട്ടിരുന്നു.ആവശ്യമെങ്കിൽ വീണ്ടും റിപ്പോർട്ട് ചെയ്യണം, എന്ന കണ്ടീഷനിൽ ഞങ്ങളെ പോകാൻ അനുവദിച്ചു.
“ഓരോ വയ്യാവേലി വന്ന് തലയിൽ കയറുന്നത് കണ്ടില്ലേ? സമയം പോയി.എന്നാലും എയർപോർട്ടിൽ പോയി നോക്കാം “ജോൺ സെബാസ്റ്റ് സ്റ്റ്യൻ  പറഞ്ഞു.
ഞങ്ങളുടെ വിഷമം പോലീസ്‌കാർക്ക് മനസ്സിലാകുമോ?ഞങ്ങൾ വന്ന ടാക്സിക്കാരൻ പോലീസ് സ്റ്റേഷനിലേക്ക് വന്നതേയില്ല.
രണ്ടു മണിക്കൂർ സമയം സ്റ്റേഷനിൽ ചിലവഴിക്കേണ്ടി വന്നതുകൊണ്ട് ഞങ്ങൾ താമസിച്ചു പോയിരിക്കുന്നു.ഒരു ടാക്സി വിളിക്കാനുള്ള ശ്രമത്തിലായി ഞങ്ങൾ.
ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് സബ് ഇൻസ്‌പെക്ടർ ഒരു പോലീസ്‌കാരനോട് പറഞ്ഞു,”അവരെ എയർപോർട്ടിൽ കൊണ്ടുപോയി വിട്”
എയർപോർട്ടിൽ എത്തുമ്പോൾസമയം ഒമ്പതര ആയിരിക്കുന്നു.അവളുടെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞിരിക്കുന്നു.എനിക്ക് സഹിക്കാൻ കഴിയുന്നില്ല.ഇങ്ങനെയുള്ള ഒരു നിർണ്ണായക നിമിഷത്തിൽ നമ്മളുടേത് അല്ലാത്ത കുറ്റം കൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.
ഇനി എന്ത് ചെയ്യാനാണ്?വെയ്റ്റിംഗ് റൂമിലെ കസേരയിൽ പോയി ഇരുന്നു.
ഞാൻ മൊബൈലിൽ  നോക്കി
അവളുടെ മെസ്സേജ്.
രക്തം എന്റെ മുഖത്തേക്ക് ഇരച്ചുകയറി.വായിക്കാൻ നോക്കുമ്പോൾ അനിയത്തിയുടെ ഫോൺ കോൾ വരുന്നു.
അരിശം വന്നിട്ട് കണ്ണുകാണാൻ വയ്യാതായി.
“നിനക്ക് വേറെ പണിയൊന്നുമില്ലേ?”സാധാരണ അവളോട് ദേഷ്യപ്പെടാറില്ല.പക്ഷെ ഇപ്പോൾ മനസ്സ് നിയന്ത്രണത്തിൽ നിൽക്കുന്നില്ല.
“ചേട്ടാ,അല്ല എന്നോട് എന്തിനാ ദേഷ്യപ്പെടുന്നത്?നീ മത്തായി തന്നെ.മണ്ടൻ മത്തായി.”
“നിർത്തടി…”അത് ഒരു അലർച്ചയായിരുന്നു.അവൾ പിന്നെ ഒന്നും പറഞ്ഞില്ല,ഫോൺ ഡിസ് കണക്ട് ചെയ്തു.
“ലോകം അവസാനിച്ചിട്ടൊന്നുമില്ല.നീ കൂൾ ആകൂ.നമുക്ക് നോക്കാം”.ജോൺ സെബാസ്റ്റിയൻ പറഞ്ഞു.ഈ അവസരത്തിൽ അവൻ കൂടെയുള്ളത് നന്നായി.
ശ്രുതിയുടെ മെസ്സേജ് വായിച്ചുനോക്കി.മാത്തു,നീ വരുന്നതും കാത്തു ഞാനിരുന്നു.നീ, പോകണ്ട ശ്രുതി എന്ന് പറയുന്നത് കേൾക്കാൻ ഞാൻ മോഹിച്ചു.അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ യാത്ര ഉപേക്ഷിക്കുമായിരുന്നോ?അറിയില്ല.എനിക്ക് ഉറപ്പുണ്ട് നീ എന്തെങ്കിലും ഏടാകൂടത്തിൽ കുടുങ്ങിയിട്ടുണ്ടാകും.അല്ലെങ്കിൽ നീ വരാതിരിക്കുമെന്ന് തോന്നുന്നില്ല.നീ എന്നെ  അവഗണിച്ചാലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ല.ഞാൻചെന്നിട്ടു വിളിക്കാം”.
“നമുക്ക് പോകാം.അവൾ പോയി.”ഞാൻ പറഞ്ഞു.
“ശരി”
ഞങ്ങൾ പുറത്തേക്ക് നടന്നു.
എയർ പോർട്ടിലെ തിരക്കിൽ ,മുഖങ്ങളില്ലാത്ത മനുഷ്യരുടെ കൂട്ടത്തിലേക്ക് ഇറങ്ങാം.ഇപ്പോൾ ആൾക്കൂട്ടത്തിൻ്റെ  ആരവങ്ങളില്ല.എങ്ങും നിശ്ശബ്ദത മാത്രം.എങ്ങിനെയാണ് വികാരങ്ങളുടെ പ്രവാഹത്തെ തടഞ്ഞുനിറുത്തുക എന്ന് ആരും മനസ്സിലാക്കി തരേണ്ട.
നിസ്സംഗത മാത്രം.
“മാത്യു,മുഖം തുടക്കൂ.കൊച്ചുകുട്ടികളെപ്പോലെ...”ജോൺ സെബാസ്റ്റിയൻ .
പുറകിൽ നിന്നും ആരോ വിളിക്കുന്നു.”മാത്യു,ഒന്ന് നിൽക്കൂ”.
ഞങ്ങൾ തിരിഞ്ഞു നോക്കി.
അത്ഭുതം കൊണ്ട് ഞങ്ങൾ മരവിച്ചതുപോലെയായി.

(തുടരും)

ആകാശമേഘങ്ങള്‍

ജാക്കിക്ക് ഓരോ നിമിഷവും ആശങ്കകള്‍ ഏറി വന്നു. ഒരേ സമയം മഠം തനിക്കൊരു ആശ്രയവും പേടിസ്വപ്നവുമായി മാറുന്നു. ഭക്ഷണം കഴിച്ചശേഷം ഹാളില്‍ ഇരിക്കുമ്പോള്‍ സിസ്റ്റര്‍ കാര്‍മേല്‍ വന്നു ചോദിച്ചു “”ജാക്കിക്ക് ഇനി എന്തെങ്കിലും വേണോ?”
“”ഒത്തിരി കഴിച്ചു” എന്നവന്‍ ഉത്തരം കൊടുത്തു.
“”രാവിലെ വരുമ്പോള്‍ ചായ, കോഫി ചോദിച്ചാല്‍ അവര്‍ തരും കെട്ടോ. രാവിലെ ഞാനിവിടെ കാണില്ല. അതാ യൂണിയില്‍ പോകാന്‍ മെര്‍ളിനെ ഏല്പിച്ചത്. എന്നാല്‍  ജാക്കി മുറിയിലേക്ക് പൊക്കോളൂ”
അവന്‍ അനുസരിച്ചു. സിസ്റ്റര്‍ പാത്രവുമായി അകത്തേക്ക് പോയി. മുറിക്കുള്ളിലെത്തിയ ജാക്കിക്ക് ഒരു ജഗ്ഗില്‍ വെള്ളവുമായി മെര്‍ളിനെത്തി. ആവര്‍ ആംഗ്യം കാട്ടി പറഞ്ഞു.
“”രാത്രിയില്‍ വേണമെങ്കില്‍ കുടിക്കാം.” അവളുടെ വസ്ത്രധാരണവും ശരീരഭംഗിയും കണ്ടാല്‍ ഏതു പുരുഷനും ലൈംഗികമോഹം ഉണര്‍ത്തും വിധമാണ്. രാത്രി ഉറങ്ങുന്നത് ഇതുപോലുള്ള ചുരുങ്ങിയ വസ്ത്രങ്ങളിലാണോ? അവള്‍ എങ്ങിനെയും വസ്ത്രം ധരിക്കട്ടെ. ഇതുപോലുള്ള ധാരാളം ശാരീരികസൗന്ദര്യദൃശ്യങ്ങള്‍ കാണാന്‍ ഇരിക്കുന്നതേയുള്ളൂ.

അവള്‍ സ്‌നേഹപൂര്‍വ്വം കയ്യുയര്‍ത്തി ബൈ പറഞ്ഞു പോയി. അവന്റെ മനസ്സിലേക്ക് സ്വന്തം നാട് കടന്നുവന്നു. ഒരു പുരുഷനും സ്ത്രീയും കരങ്ങള്‍ കോര്‍ത്ത് റോഡിലൂടെ സഞ്ചരിച്ചാല്‍ ആഭാസങ്ങള്‍ വിളിച്ചു പറയുന്ന ധാരാളം പേരുണ്ട്.  അവന്‍ കതകടച്ചിട്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി. രാത്രി എട്ടുമണി കഴിഞ്ഞിട്ടും പകല്‍ മാറിയിട്ടില്ല. സൂര്യന്‍ ഇപ്പോഴും ചന്ദ്രനെ വെല്ലുവിളിക്കുകയാണോ?
പ്രാര്‍ത്ഥന കഴിഞ്ഞെത്തിയ സിസ്റ്റര്‍ കാര്‍മേല്‍  മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ജാക്കിയില്‍ നിന്ന് പിതാവിന്റെ കുടുംബത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ഹൃദയമിടിപ്പ് കൂടിയ നിലയിലാണ്. ജീവിതത്തില്‍ വെച്ച് ഏറ്റവും ദുഃഖകരമായ അനുഭവം അതെന്തെന്ന് ചോദിച്ചാല്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടാണ്. തന്റെ പിതാവും മാതാവും സ്വര്‍ഗ്ഗലോകത്ത് ഇന്ന് നിത്യസന്തോഷത്തോടെ കഴിയുന്നവരാണ്. അനാഥയായ ഈ മകള്‍ ഭക്തിയുടെ, പ്രാര്‍ത്ഥനയുടെ നിറവില്‍ ദൈവത്തോട് ചേര്‍ന്ന് ജീവിക്കുന്നു. ആ ദിവ്യസ്‌നേഹത്തില്‍ എന്നും ആനന്ദവും സമാധാനവും താനനുഭവിക്കുന്നുണ്ട്. ഒരു സഹോദരനുള്ളത് അസ്വസ്ഥജനകമാക്കിയിട്ടില്ല.

കാരണം താന്‍ യേശുവിന്റെ മണവാട്ടിയാണ്. അതിന് ഇങ്ങനെയൊരു സഹോദരിയുണ്ടെന്ന് ആ സഹോദരന് അറിയില്ലല്ലോ. സ്‌നേഹവാനായ പിതാവ് തന്നെ കാണാന്‍ പലവട്ടം വന്നിട്ടുണ്ട്. ജാക്കിയുടെ വരവോടെ ദൈവം വെളിപ്പെടുത്തുന്നത് എന്താണ്? ദൈവത്തോടുള്ള ബന്ധത്തില്‍ ഒരിക്കല്‍പ്പോലും സഹോദരനെ കാണാന്‍ ഇടവരുത്തണമെന്ന് താന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല. തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും ഉയര്‍ന്ന പ്രാര്‍ത്ഥനകളെല്ലാം സമൂഹത്തില്‍ ഒറ്റപ്പെട്ട് സ്‌നേഹിക്കപ്പെടാന്‍ ആരുമില്ലാത്തവര്‍ക്ക് വേണ്ടി മാത്രമായിരുന്നു. അവരുടെ സ്‌നേഹം ആര്‍ജ്ജിക്കുകയായിരുന്നു തന്റെ ലക്ഷ്യം.ഒരുപക്ഷെ ഇതും ദൈവനിശ്ചയമാകാം.
പഴയത് മറക്കുക അത്ര എളുപ്പമല്ല. സ്വന്തം അമ്മയില്‍ നിന്ന് പിറക്കാത്ത സഹോദരനെ ഓര്‍ത്ത് ഭാരപ്പെടണമെന്നാണോ? താനൊരിക്കലും അതൊന്നും ആഗ്രഹിച്ചിട്ടില്ല.  സിസ്റ്റര്‍ കാര്‍മേല്‍ മേശപ്പുറത്തിരുന്ന കുരിശിലേക്ക് നോക്കി.  ഈ സഹോദരനെ കാണാന്‍ പണ്ടെങ്ങോ ആഗ്രഹിച്ചിരുന്നു. സഹോദരനെ കാണിച്ചു തരാനാണോ ഇവനെ എന്റെ മുന്നില്‍ കൊണ്ടുവന്നത്? എന്റെ ആഗ്രഹത്തെക്കാള്‍ അങ്ങയുടെ ആഗ്രഹമാണ് നടക്കേണ്ടത്.

സിസ്റ്റര്‍ ലൈറ്റണച്ച് കിടന്നു. പിതാവിന്റെ മുഖം മനസ്സിലേക്ക് കടന്നുവന്നു. മറ്റാരുമറിയാതെ മകളെ കാണാന്‍ വരുന്ന പിതാവ്. ആ സ്‌നേഹചുംബനമോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. രോഗത്തില്‍ കഴിഞ്ഞതോ അന്ത്യയാത്രയായതോ അറിഞ്ഞിരുന്നില്ല. നീണ്ട മാസങ്ങള്‍ കാണാതെയിരുന്നപ്പോള്‍ സുപ്പീരിയറിനോട് ചോദിച്ചപ്പോഴാണ് ഈ ലോകത്തുനിന്ന് യാത്രയായി എന്ന് മനസ്സിലായത്. ആ രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ചിച്ചു. സ്‌നേഹനിധിയായ പിതാവിന്റെ കല്ലറയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അമ്മയെ അടക്കം ചെയ്ത കല്ലറ തന്നെ കാണിക്കാമെന്ന് അപ്പച്ചന്‍ ഉറപ്പു തന്നിരുന്നു. അതും കാണാന്‍ ഭാഗ്യമുണ്ടായില്ല. എല്ലാ ദുഃഖങ്ങളും പ്രാര്‍ത്ഥനയിലൂടെ അകറ്റുക മാത്രമാണ് ചെയ്തത്. കരയാന്‍ ഒരിക്കലും മനസ് അനുവദിച്ചിട്ടില്ല. എന്നാല്‍ പിതാവ് മരിച്ചതറിഞ്ഞ് രാത്രിയില്‍ താന്‍ കണ്ണീര്‍ വാര്‍ത്തു. ഇപ്പോഴും പിതാവിന്റെയും മാതാവിന്റെയും ഒന്നിച്ചുള്ള ഫോട്ടോ കയ്യിലുണ്ട്. ആ ഫോട്ടോകള്‍ പലപ്പോഴും തനിക്ക് ആശ്വാസമാണ് നല്കിയിട്ടുള്ളത്. ഫോട്ടോയില്‍ താന്‍ പിതാവിന്റെ ഛായയാണ്. മരിച്ചുപോയവര്‍ ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കുന്നു.
പുറത്ത് ആകാശം ഇരുണ്ടു. ഇരുള്‍ ഭൂമിയെ തലോടിയുറക്കി. അടുത്തുള്ള ക്രിസ്തുമസ് മരങ്ങള്‍ ഇരുളില്‍ അപ്രത്യക്ഷമായി. ജീവജാലങ്ങള്‍ ഉറങ്ങിയെങ്കിലും കാമുകനെ കാത്തു നില്ക്കുന്ന നിലാവിനെ പ്രണയിക്കാന്‍ ഭൂമീദേവി കാത്തിരുന്നു.

രാവിലെതന്നെ മെര്‍ളിനും ജാക്കിയും യൂണിയെലെത്തി. മെര്‍ളിന്‍ വളരെ സന്തോഷവതിയായിരുന്നു. ജാക്കി അവളെ കണ്ടത് വളരെ ആദരവോടെയാണ്. സംസാരശേഷി ഇല്ലെങ്കിലും വളരെ സമര്‍ത്ഥയാണ്. യൂണിയില്‍ കണ്ട കാഴ്ചകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഫോറമെല്ലാം പൂരിപ്പിച്ചത് അവളാണ്. എല്ലായിടത്തും ചിരിച്ചുകൊണ്ട് ആംഗ്യം കാട്ടി ഒരു വിശ്വാസം മറ്റുള്ളവരില്‍ വളര്‍ത്തിയെടുത്തു. അത് അവനും സഹായമായി. സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത ഒരു രാജ്യത്ത് ഇതുപോലുള്ള ഇടപെടലുകള്‍ നല്ലതാണ്. ആദ്യം തന്നെ അവളെപ്പറ്റിയുള്ള കാര്‍ഡ് എടുത്തു കൊടുക്കും. അത് വായിക്കുന്ന വ്യക്തിയുടെ മുഖഭാവത്തിന് ഒരു മാറ്റം വരുത്തി ചെറുപുഞ്ചിരിയോടെ ഹസ്തദാനം ചെയ്യും. രണ്ട് ഓഫീസുകളില്‍ സായിപ്പും മദാമ്മയുടെയും മുന്നില്‍ മനസ്സല്പം ഉത്കണ്ഠപ്പെട്ടെങ്കിലും അവയെല്ലാം മെര്‍ളിന്‍ കൈകാര്യം ചെയ്തു. ഒരു വന്‍തുക പൗണ്ട് കൊടുത്താണ് പഠിക്കുന്നതെങ്കിലും “”നിങ്ങളുടെ പണമൊന്നും ഞങ്ങള്‍ക്കാവശ്യമില്ല” എന്ന രീതിയിലാണ് അവരുടെ പെരുമാറ്റവും ഭാവവും. അവര്‍ കമ്പ്യൂട്ടര്‍ വഴി എടുത്ത പല പേപ്പറുകളിലും ഒപ്പിട്ടു കൊടുത്തു. മൂന്നാമത്തെ മുറിയിലെത്തി സ്റ്റീഫന്‍ മാത്യുവിനെ കണ്ടു. അയാളില്‍ നിന്ന് ലഭിച്ചത് ഉപദേശനിര്‍ദ്ദേശങ്ങളായിരുന്നും. എല്ലാം വാക്കുകളും എത്തി നില്ക്കുന്നത് യൂണിയുടെ അന്തസ്സും അഭിമാനവും കാത്ത് രക്ഷിക്കണമെന്നായിരുന്നു. ഇവിടെ പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥികളും അത് സ്വദേശിയാകട്ടെ വിദേശിയാകട്ടെ ഉന്നതനിലവാരമുള്ള പരീക്ഷാഫലങ്ങളാണ് കാഴ്ച വയ്‌ക്കേണ്ടത്. ആ പ്രതിജ്ഞയുമായി വേണം ക്ലാസ് മുറിക്കുള്ളില്‍ പ്രവേശിക്കാന്‍. അവന്റെ താമസം ഭക്ഷണം ഇതെല്ലാം ചോദിച്ചു മനസ്സിലാക്കി. അവസാനമായി സ്റ്റീഫന്‍ മാത്യുചോദിച്ചു “”ജാക്കിക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ?
“”ഇല്ല സാര്‍” അവന്‍ ആദരപൂര്‍വ്വം പറഞ്ഞു.
ആ നിമിഷം ജാക്കിയുടെ പ്രവേശന കാര്‍ഡ് ഡയറിയുമായി ഒരു സ്ത്രീ മുറിയില്‍ വന്ന് സ്റ്റീഫന്‍ മാത്യുവിനെ ഏല്പിച്ച് മടങ്ങിപ്പോയി.
ഇതാണ് ജാക്കിയുടെ ഐ.ഡി. കാര്‍ഡ്. ഈ ഡയറിയില്‍ പഠനവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളുമുണ്ട്. ഡയറിയും ഐ.ഡികാര്‍ഡും ജാക്കിയെ ഏല്പിച്ച് പറഞ്ഞു “” ക്ലാസിലും കോംബൗണ്ടിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നെ അറിയിക്കണം” അയാള്‍ പറഞ്ഞു.

ജാക്കി ആശ്ചര്യത്തോടെ ചുറ്റും നോക്കി. അകവും  പുറവും എത്ര വൃത്തിയാണ്. ഏതോ അദൃശ്യലോകത്തെത്തിയ അനുഭവം. പഠിക്കുന്ന കുട്ടികള്‍ കൂട്ടുകൂടേണ്ടതും പോരാടേണ്ടതും പാഠപുസ്തകങ്ങളോടാണ് എന്നാണ് സ്റ്റീഫന്‍ മാത്യു  പറഞ്ഞത്. മുമ്പ് പഠിച്ച കോളേജില്‍ ഭരണത്തിന്റെ പിടിപ്പ്‌കേടുകൊണ്ടും വിദ്യാഭ്യാസം കച്ചവടമാക്കിയതുകൊണ്ട് കോളേജുകളില്‍ സമരം ഒരു വിനോദമായി മാറിയിരുന്നു.
ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന  ഏറ്റവും വലിയ സമ്മാനമല്ലേ യാതൊരു അല്ലലും അലച്ചിലുമില്ലാതെ പഠിക്കുക്കാനുള്ള സൗകര്യം.
അവര്‍ നടന്ന് കാറിനടുത്തു വന്നു. കാറില്‍ കയറുന്നതിന് മുമ്പായി മെര്‍ളിന്‍ ആംഗ്യം കാട്ടി പറഞ്ഞു. നമുക്ക് പബ്ബില്‍ കയറി വല്ലതും കഴിച്ചിട്ട് പോകാം. ആ പറഞ്ഞത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനായില്ല. അവന്‍ ആംഗ്യം കാണിച്ചിട്ട് പറഞ്ഞു. “”എനിക്ക് മൊബൈയില്‍ വാങ്ങണം. ” അവന്‍ പറഞ്ഞത് അവള്‍ക്ക് മനസ്സിലായി എന്ന് തോന്നി. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധിയും അവള്‍ക്കുണ്ടെന്ന് അവനറിയാം. അത് അവളുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ അവനു കഴിഞ്ഞു.  അവര്‍ ആദ്യം പോയത് മൊബൈല്‍ ഷോപ്പിലേക്കാണ്.

റോഡില്‍ കാര്‍ പാര്‍ക്കിങ്ങിനുള്ള സ്ഥലം കിട്ടാത്തതിനാല്‍ അല്പം അകലത്തിലായിട്ടാണ് കാര്‍ പാര്‍ക്ക് ചെയ്തത്. അവര്‍ വലിയതിരക്കുള്ള റോഡിലെത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച സിസ്റ്റര്‍ കാര്‍മേല്‍ റോഡിലൂടെ ആരെയോ തിരക്കി നടക്കുന്നതാണ്. ആ കാഴ്ച മെര്‍ളിനെ ചുണ്ടി കാണിച്ചു കൊടുത്തുവെങ്കിലും മെര്‍ളിന്‍ അത് കാര്യമായെടുത്തില്ല.  സിസ്റ്റര്‍ വേശ്യകളെ തേടിയിറങ്ങിയതാണെന്ന് അവന് വിശദീകരിച്ചു കൊടുക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. വീട്ടില്‍ ചെന്ന് എഴുതി കാണിക്കാം എന്ന് അവള്‍ അവനെ ആംഗ്യം കാട്ടി മനസ്സിലാക്കി കൊടുത്തു.

വേശ്യകളുടെ പിന്നാലെ പോകുന്ന സിസ്റ്റര്‍ കാര്‍മേലിനെ നോക്കി നില്‌ക്കേ മെര്‍ളിന്‍ അവന്റെ കൈത്തണ്ടയില്‍ പിടിച്ച് മുന്നോട്ടു നടന്നു. അവന്‍ അക്ഷമയാര്‍ന്ന കണ്ണുകളോടെ നോക്കി. അവള്‍ കൈ ചൂണ്ടി. അതാണ് കട.
അവര്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചു. അവിടെ കറുത്ത നിറമുള്ളവരും വിവിധ നിറമുള്ള രാജ്യക്കാരുമുണ്ട്. അവന്‍ ഫോണുകളെടുത്ത് മാറി മാറി നോക്കി. മൊബൈല്‍ വാങ്ങിയപ്പോള്‍ മെര്‍ളിന്‍ പണം കൊടുക്കാനൊരുങ്ങിയെങ്കിലും അവന്‍ തടഞ്ഞു.
അവര്‍ ഭക്ഷണശാലയില്‍ പ്രവേശിച്ചു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക പ്രയാസമുള്ള ഒരു കാര്യമായി തോന്നി. എന്തായാലും പടത്തില്‍ നോക്കി ചിക്കനും ചിപ്‌സും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുകളിലെ കോണിപ്പടികളിറങ്ങി സിസ്റ്റര്‍ കാര്‍മേല്‍ ഒരു പെണ്‍കുട്ടിക്കൊപ്പം വന്നത് അവന്‍ കൗതുകത്തോടെ നോക്കി.

Facebook Comments
Comments.
Leave a reply.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Font Size…
Font Family…
Font Format…

captcha image

ജി .രാജേഷ്

അബുദാബി ബത്തീൻ ഏരിയയിലെ എത്തിഹാദ് മോഡേൺ ആര്ട്ട്  ഗ്യാലറിയിൽ തിരക്കൊഴിഞ്ഞു തുടങ്ങി .ചിത്രങ്ങൾ മടക്കി ഞാൻ എന്റെ സുഹൃത്തിന്റെ കാറിലേക്ക് വച്ച്. തിരികെ വീണ്ടും ,അവസാനത്തെ ചിത്രമെടുക്കാനായി ഞാൻ വന്നപ്പോൾ ,എന്റെ ആ ചിത്രത്തിലേക്ക് വളരെ സൂക്ഷ്മതയോടെ നോക്കി നിൽക്കുന്ന ഒരു പർദ്ദക്കാരി .ഞാൻ ഞാൻ മുഖത്തേക്ക് നോക്കി ..കറുത്ത കണ്മഷിയെഴുതിയ കണ്ണുകൾ … ഒരു വജ്രത്തിന്റെ തിളക്കമുണ്ടായിരുന്നു .ആ സൗന്ദര്യത്തിനു മാറ്റു  കൂടാനെന്നോളം രണ്ടു മൂന്നു കുറുനിരകൾ മുഖത്തേക്ക് വീണുകിടക്കുന്നു .ഒരു അറേബ്യൻ പെർഫ്യൂമിന്റെ യും ചോക്ലേറ്റിന്റെയും സുഗന്ധം അവിടെ താളം കെട്ടി നിന്നിരുന്നു.

ചിത്രങ്ങളിലേക്ക് നോക്കി അവൾ പറഞ്ഞു …

“വെരി ബ്യൂട്ടിഫുൾ ….'”

നന്ദിയോടെ ഞാനും പറഞ്ഞു

“താങ്ക്‌യൂ ”

ആ രണ്ടു വാക്കുകളിൽ ഞങ്ങളുടെ സൗഹൃദത്തിന് തുടക്കമായി ..ചിത്രങ്ങളെയും ,ചിത്രരചനയെ പറ്റിയും അവൾ വാചാലയായി ..

“ട്രേഡു ഷാന്റ് ‘”(très touchante..)

ഏതോ അറബിക് ഭാഷയാണെന്നു ഞാൻ കരുതി ….അവൾ അത് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തു

“വെരി ടച്ചിങ് ”

തുടുത്ത കവിളുകൾ ,കവിത രചിക്കുന്ന കണ്ണുകൾ എന്റെ ഹൃദയത്തിലേക്കു ആ ചിത്രം ,ആഴത്തിൽ പതിഞ്ഞു ..

അവളുടെ പേര്   അമോർ ഹെഡോ ,അമോർ എന്ന ഫ്രഞ്ച് സുന്ദരി …

സുഹൃത്തിന്റെ  കാറിൽ എന്റെ ചിത്രങ്ങൾ അയക്കുന്നതിനു മുൻപ് അവൾ എന്നോട് അവളുടെ ചിത്രം വരക്കാനാവശ്യപ്പെട്ടു .നിമിഷങ്ങൾകൊണ്ട് ഞങ്ങളുടെ സൗഹൃദം വളർന്നു . കടൽ തീരത്തെ കോഫി ഷോപ്പിൽ അവൾ ആരാണെന്നു എന്നോട് പറയുമ്പോഴൊക്കെ എന്റെ കണ്ണുകൾ അവളുടെ കണ്ണുകളെഴുതന്ന കവിതയ്ക്ക് താളം പിടിക്കുന്ന നുണക്കുഴിയിലായിരുന്നു …അബുദാബിയിലെ ഒരു വലിയ കൺസ്ട്രക്ഷൻ കന്പനിയിലെ ഡയറക്ടർ എന്ന പദവിയൊഴിച്ചാൽ അമോറിന്റെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു .അബുദാബി

എയർ  ഫോഴ്സിൽ ഉയർന്ന ഉദ്യോഗസ്ഥനായ അറബിയുടെ നാലു ഭാര്യമാരിൽ ഒരാൾ .അയാളുടെ രണ്ടു കുട്ടികളുടെ അമ്മയായ അമോറിന്റെ പ്രായം വെറുംഇരുപത്തിയൊന്പത് !

ദിവസങ്ങൾ ആഴ്ചകളായും ,ആഴ്ചകൾ മാസങ്ങളായും ,മാസങ്ങൾ വര്ഷങ്ങളായും പരിണമിച്ചു കൊണ്ടിരുന്നു .ഞങ്ങളുടെ സൗഹൃദവും വളർന്നുകൊണ്ടേയിരുന്നു .കടൽത്തീരത്തെ കോഫി ഷോപ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടേയിരുന്നു .നിരവധി ദിനങ്ങൾ ഇവിടെ ഞാൻ അമോറിന്റെ കണ്ണുകളിലെ കവിത ആസ്വദിച്ചിരുന്നിട്ടുണ്ട് .

ബാച്ചിലർ ഫ്ളാറ്റിലെ എന്റെ താമസം മതിയാക്കി ഞാൻ അ മോർ എനിക്കായി ഒരുക്കിയ അടൽത്തീരത്തെ സീ വ്യൂ ടവറിലെ  ഫ്ലാറ്റിലേക്ക് താമസം മാറി .ഇത്ര വിലകൂടിയ ഫ്ലാറ്റ് വാടക പോലും വാങ്ങിക്കാതെ അമോർ എനിക്കായി എന്തിനു തന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചുണ്ട് .

 

അമോറു മായുള്ള എന്റെ ഗാഢ സൗഹൃദം എന്നെ എന്റെ സുഹൃത്തകളിൽ  നിന്ന് പോലും അകറ്റി ..ഞാനറിയാതെ അവൾ എന്റെ ദിനചര്യയായി മാറി ..

ഒരു പതിവ് സായാഹ്നത്തിൽ ,അമോറിന്റെ വില പിടിപ്പുള്ള ബി എം ഡബ്ള്യു കാറിലേക്ക് ഞാൻ കയറി . അവളുടെ  കാറിലെ  അറേബ്യൻ സുഗന്ധവും ചോക്ലേറ്റ് മാധുര്യവും എനിക്കേറ്റം പ്രിയപ്പെട്ടതായി …വഴിയിലെവിടെവച്ചോ അവളെന്നോട് കാറിന്റെ ഗിയർ മാറ്റാനാവശ്യപ്പെട്ടപ്പോൾ ഞാനൊന്നു വിറച്ചു …എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്കും കൈകൾ മെല്ലെ ഗിയറിലേക്കും ..എത്രയോ മൃദുലമായ ഒരു പൂവിതൾ സ്പർശിച്ചതുപോലെ …അവളുടെ വിരലിലെ വജ്രം പതിച്ച മോതിരം  എന്റെ കൈകളിൽ തടഞ്ഞപ്പോൾ മാത്രമാണ്  ഞാനുർന്നത് ….ആ നിമിഷം മുതൽ ഞങ്ങളുടെ സൗഹൃദം ഒരു പുതിയ തലത്തിലേക്ക് വളരുകയായിരുന്നു …

ആ ഫ്ളാറ്റിലെ ഒരു സ്ഥിരം സന്ദർശക ആയിരുന്നു  അമോർ …അവളുടെ ചുണ്ടുകൾക്ക് ഏറ്റവും മാധുര്യമുള്ള ഒരു ചോക്ലേറ്റിന്റെ രുചിയായിരുന്നു ..അവളുടെ കണ്ണുകളിൽ കൂട്ടിലടക്കപെട്ട ഒരു പറവയുടെ ദുഃഖം താളം കെട്ടി നിന്നിരുന്നു ..സ്വാതന്ത്ര്യം അവളുടെ സുന്ദരമായ മുഖകാന്തിയിലേക്കു മാത്രം അടിച്ചേൽപ്പിക്കപ്പട്ടരുന്നതുപോലെ …വീട്ടിനുള്ളിലെ ആ നാലു ചുവരുകൾ പോലെ …

പല സന്ദർശനങ്ങളിലും അവൾ പറയുമായിരുന്നു

“ട്യുയ ബെൽ (tu es belle) “   (you are beautiful)

അർത്ഥമറിയാതെ ഞാനവളുടെ വിരലുകൾ തഴുകികൊണ്ടേയിരിക്കും ..

ഓരോ ദിനവും കടന്നു പോകുമ്പോഴും ,ഓരോ ദളങ്ങൾ കൊഴിയുന്ന ഒരു വലിയ ആൽമരംപോലെ ആയിരുന്നു ഞങ്ങളുടെ സൗഹൃദം .

ഒരിക്കൽ ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം എന്ന കവിത യൂട്യൂബിലൂടെ അവളെ കേൾപ്പിച്ചു …ആ കവിതയുടെ അർഥം ഞാൻ അവളോടു ഇംഗ്ലീഷിൽ പറഞ്ഞു …

“ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമതൻ

കിളികൊളൊക്കെ പറന്നു പോകുന്നതും ”

അവൾ ഫ്രഞ്ച് കലർന്ന മലയാളത്തിൽ ഇപ്പോഴും പാടാൻ ശ്രമിക്കുമായിരുന്നു …

ഒരു സായാന്ഹത്തിൽ കൂട്ടിലേക്ക് പറന്നകരുന്ന ഒരു കൂട്ടം കിളികളുടെ ചിത്രം വരയ്ക്കാൻ അവളെന്നോടാവശ്യപ്പെട്ടു ..

അവളോടോപ്പും ഞാനും അല്പം നടന്നു , കടൽകാറ്റേറ്റ്‌ …

“നഗരം നഗരം മഹാസാഗരം ” പഴയ മലയാളഗാനം പലപ്പോഴും എന്റെ ചുണ്ടിലേക്കു വരുമായിരുന്നു …നഗരമെന്ന മഹാ സാഗരത്തിലെ വലിയ

തിരമാലകളിലെ ഒരു ചെറു ജാലകണമാണ് നാമോരോരുത്തരും ..

ഒരു ജനുവരി  ഇരുപത്തിനുശേഷം ഞാൻ അമോറിനെ കണ്ടിട്ടേയില്ല .പലപ്പോഴും ആ ഫോൺ സ്വിച്ച് ഓഫായിരുന്നു ..

നഗരത്തിൽ നിന്ന് മാറി അമോറിന്റെ കൂറ്റൻ വില്ലയുടെ അകലെ മാറി ഞാൻ പലപ്പോഴും അവളെ കാത്തിരുന്നിട്ടുണ് ..കവിത തുളുമ്പുന്ന

ആ കണ്ണുകൾ ഒരിക്കൽ കൂടി കാണുവാൻ ..ആ വിജനമായ വഴികളിലൂടെ വല്ലപ്പോഴും ചീറി പാഞ്ഞു പോകൂന്ന കാറുകളിലെ കറുത്ത  ചില്ലുകൽക്കിടയിലേക്കു ഞാൻ അവളെ തിരയുമായിരുന്നു…

കടലിലെ വലിയ തിരമാലകൾ തഴുകി പോകുന്ന തീരത്തു ഞാൻ പലപ്പോഴും എഴുതി

“അമോർ നീ  എവിടെയാണ് ‘“

 

ജി .രാജേഷ്

തിരുവനന്തപുരം മോഡൽ സ്കൂളിലും ,എം .ജി കോളേജിലും വിദ്യാഭാസം . തിരുവനന്തപുരം മോഡൽ സ്കൂളിലെയും ,എം ജി കോളേജിലെയും നിരവധി നാടകങ്ങളിലും ,സാഹിത്യ മത്സരങ്ങളും പങ്കെടുത്തിട്ടുണ്ട് . പയ്യന്നൂർ അരവിന്ദ് എഴുതിയ ഞമ്മക്കും പുടി കിട്ടി , പ്രൊഫസർ ജി ശങ്കരപ്പിള്ളയുടെ അമാലൻമാർ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. കലാമത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട് . കാവേരി , അമോർ എന്ന സുന്ദരി, ഞാലിപ്പൂവൻ എന്നി കഥകളും , പ്രൊഫസർ എം കൃഷ്ണനായർ -ഒരു ഓർമക്കുറിപ്പ് എന്ന ലേഖനവും രചിച്ചു . കണിമംഗലത്തെ ഈസ്റ്റർ , അറിയപ്പെടാത്തവർ , കാത്തിരിക്കുന്നവർ എന്നീ നാടകങ്ങളും , ഇനി വരും നാൾ എന്നീ കവിതയുടെയും രചയിതാവ് .

 

 

 

 

 

 

 

 

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു. പതിവ് പോലെ നിരവധി കാമ്പുള്ള രചനകളാൽ സമ്പന്നമാണ് ഓഗസ്റ്റ് ലക്കവും. മാഗസിന്റെ പുതിയ ലേഔട്ട് വായനക്കാരുടെ പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ട് മുന്നോട്ടു.

രാഷ്ട്രീയ വൈരം മറന്ന് ഭാരതീയ ജനത ഒന്ന് പോലെ സ്നേഹിച്ച നേതാവായിരുന്നു സുഷ്മ സ്വരാജ്. പ്രവാസികളുടെ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്ത സുഷ്മ സ്വരാജിനെ കേരളത്തിലെ ജനങ്ങളും വളരെയധികം സ്നേഹിച്ചിരുന്നു. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഭാരതത്തിന്റെ വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ഏറെ തിളങ്ങിയ വ്യക്തിത്വമായിരുന്നു സുഷ്മ സ്വരാജ്.

തുടർച്ചയായി മൂന്ന് പ്രാവശ്യം ഡൽഹി മുഖ്യമന്ത്രിയായും, അതിനുശേഷം കേരള ഗവർണറായും സേവനമനുഷ്‌ഠിച്ച ഷീല ദീക്ഷിതിന്റെ വേർപാടും ഇന്ത്യൻ രാഷ്ട്രീയത്തിന് തീരാനഷ്ടം തന്നെ എന്നതിൽ സംശയമില്ല. സുഷ്മ സ്വരാജിനും ഷീല ദീക്ഷിത്തിനും പ്രണാമം അർപ്പിക്കുന്നു തന്റെ പ്രൗഢ ഗംഭീരമായ എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട്.

സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചും താൻ നേരിട്ട ചില വിഷമ ഘട്ടങ്ങളെക്കുറിച്ചും പ്രമുഖ കവിയും ലേഖകനുമായ സച്ചിദാനന്ദൻ “ഫോട്ടോഷോപ്പ് യുദ്ധങ്ങൾ” എന്ന ലേഖനത്തിൽ വിവരിക്കുന്നു. ഒരിക്കലെങ്കിലും കാണുവാൻ ഏതൊരു മലയാളിയും ആഗ്രഹിക്കുന്ന തൃശൂർ പൂരവും പൂര വെടിക്കെട്ടിനെക്കുറിച്ചും വളരെ മനോഹരമായി എഴുതിയിരിക്കുന്നു സഹ്യൻ ഊരള്ളൂർ തന്റെ അനുഭവക്കുറിപ്പിൽ.

സോഷ്യൽ മീഡിയയിൽ സാഹിത്യ രചനയിലൂടെ പ്രസിദ്ധനായ അനീഷ് ഫ്രാൻസിസിന്റെ ‘പ്രസുദേന്തി’ എന്ന കഥ വായനക്കാരുടെ പ്രിയപ്പെട്ട രചനകളിൽ ഒന്നായിരിക്കും. ജ്വാല ഇ-മാഗസിന്റെ കഥാ വിഭാഗത്തെ സമ്പന്നമാക്കാൻ സോണിയ ജെയിംസ് രചിച്ച ‘മകൾ എന്റെ മകൾ’, മാളു ജി നായരുടെ ‘ചന്ദനഗന്ധം’, കെ. എൽ. രുഗ്മണിയുടെ ‘വരവേൽപ്പ്’ എന്നീ കഥകളും ചേർത്തിരിക്കുന്നു. സാഹിത്യകാരനും ചിത്രകാരനും ആയ സി ജെ റോയി വരച്ച ചിത്രങ്ങൾ ഈ കഥകളെ മനോഹരമാക്കുന്നു. റോയിയുടെ “വിദേശ വിചാരം” എന്ന കാർട്ടൂൺ പംക്തി ഓഗസ്റ്റ് ലക്കത്തിലും തുടരുന്നു.

രാജൻ കെ ആചാരിയുടെ ‘വൃത്താന്തങ്ങൾ’, സബ്‌ന സപ്പൂസിന്റെ ‘മഴയിൽ’, കവല്ലൂർ മുരളീധരന്റെ ‘എഴുതാനിരിക്കുന്നവരുടെ വിലാപങ്ങൾ’ എന്നീ കവിതകളും, ആത്‌മീയ ലോകത്തെ തട്ടിപ്പുകളെ വെളിച്ചത്ത് കൊണ്ടുവരുന്ന ജയേഷ് കുമാറിന്റെ “പുതിയ പുതിയ രുദ്രാക്ഷമാഹാത്മ്യങ്ങൾ” എന്ന ലേഖനവും ജ്വാലയുടെ ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം വായിക്കുക

ജോൺ കുറിഞ്ഞിരപ്പള്ളി

ഞാൻ ഫോൺ ജോൺ സെബാസ്ററ്യൻ്റെ കയ്യിൽ നിന്നും വാങ്ങി.
“ഹലോ “.എന്റെ ശബ്ദം ശ്രുതി തിരിച്ചറിഞ്ഞു.
“മാത്തു നീയെന്താ വിളിക്കാതിരുന്നത്? നീ വിളിക്കുന്നത് കാത്തിരിക്കുകയായിരുന്നു ഞാൻ ”
ഞാൻ അമ്പരന്നു പോയി .ഇതെന്താണ് ശ്രുതി പറയുന്നത്?അപ്പോഴാണ് ഓർമ്മിച്ചത് ഇതുവരെ ശ്രുതിയെ വിളിച്ചത് ഓഫീസ് ഫോൺ ഉപയോഗിച്ചാണല്ലോ എന്ന്..തടിയൻ്റെ കയ്യിൽ നിന്നും എൻ്റെ ഫോൺ തിരിച്ചുവാങ്ങാൻ മറന്നുപോയിരുന്നു.ആരാണെന്ന് അറിഞ്ഞുകൂടാത്തതുകൊണ്ട് അവൾ കോൾ എടുത്തില്ല.
“അവസാനം മാത്തു നീ വിളിച്ചല്ലോ.സന്തോഷമായി.നാളെ കാലത്തു ഞാൻ പോകും.”
“ശ്രുതി.അതുവേണോ? ഇത്ര തിരക്കു പിടിച്ച് നീ എന്തിനാണ് പോകുന്നത്?ഞാൻ പറയുന്നതു ഒന്നു കേൾക്കു.”
“വേണം മാത്തു.അതാണ് നല്ലത്.ഞാൻ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ്.വേണ്ട എന്ന് നീ പറയരുത്.ബാംഗ്ലൂർ എനിക്ക് മടുത്തു.”
“ഞാൻ പറയുന്നത് ഒന്ന് കേൾക്കു”
“വേണ്ട മാത്തു,നീ എനിക്ക് ഒരു നല്ല സുഹൃത്താണ്,വലിയ ആശ്വാസമായിരുന്നു നിൻ്റെസൗഹൃദം.നീ വേണ്ടാത്ത കാര്യങ്ങളിൽപോയി തലയിട്ട് അതിൽ നിന്നും പുറത്തു ചാടുന്നത് കാണുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു.എനിക്ക് വല്ലാതെ നിന്നെ ഇഷ്ടമാണ്.നിൻ്റെ സൗഹൃദം കെയറിങ് എല്ലാം ഞാൻ ആസ്വദിച്ചിട്ടേയുള്ളു.പക്ഷെ……………”അവൾ ഒന്ന് നിർത്തിയിട്ടു തുടർന്നു .
“പക്ഷെ… ഞാൻ അതിൽക്കൂടുതൽ ആഗ്രഹിച്ചുപോയി. ഞാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട് നീ ശ്രുതി നിന്നെ എനിക്കിഷ്ടമാണ് എന്നു പറയുന്നത് കേൾക്കാൻ.ഞാൻ ആഗ്രഹിച്ചത് തെറ്റിയോ എന്ന ഒരു സംശയം.നീ ഒന്നും പറയണ്ട.കുറഞ്ഞത് നിൻ്റെ സൗഹൃദം എങ്കിലും എനിക്കുവേണം.എല്ലാം ഞാനറിഞ്ഞു.നിന്നെ ഞാൻ കുറ്റം പറയില്ല.”
“ശ്രുതി,എനിക്ക് പറയാനുള്ളതുകൂടി കേൾക്കു”
” വേണ്ട മാത്തു.എനിക്ക് അത് കേൾക്കാനുള്ള ശക്തിയില്ല.ഇന്നലെ പ്രസാദ് വിളിച്ചിരുന്നു.അവൻ പറഞ്ഞു,നമ്മൾ ഇഷ്ട്ടപെടുന്നവരെയല്ല നമ്മളെ ഇഷ്ട്ടപെടുന്നവരെ വേണം വിവാഹം കഴിക്കാൻ എന്ന്”.
“പ്രസാദ്?”
“അതെ.”
“നീ എന്തു പറഞ്ഞു?”
“ശരിയാണ് എന്നുപറഞ്ഞു. ഗുഡ്ബൈ മാത്തു.അങ്ങ് ചെന്നിട്ടു ഞാൻ വിളിക്കാം.മമ്മയും അങ്കിളും ഇവിടെ എൻ്റെ കൂടെയുണ്ട്.കാലത്തു ഒൻപതരയുടെ ഫ്ലൈറ്റിന് ഞാൻ പോകും. പോകുന്നതിന് മുൻപ് നിന്നെ കണ്ട് യാത്ര പറയണമെന്ന് ആഗ്രഹിച്ചിരുന്നു.കഴിഞ്ഞില്ല.നമ്മൾ ആഗ്രഹിക്കുന്നതെല്ലാം അതുപോലെ നടക്കണം എന്നില്ലല്ലോ.പറ്റുമെങ്കിൽ ഞാൻ കാലത്തു വിളിക്കാം.”
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ ഫോൺ ഡിസ് കണക്‌ട് ചെയ്തു.ഞാൻ ആകെ തളർന്നു പോയി.എവിടെയോ എന്തോ സംഭവിച്ചിരിക്കുന്നു.ശ്രുതി ഇത്രമാത്രം അപ്സെറ്റാകാൻ എന്താണ് കാരണം?ഇന്ന് ഓഫിസിൽ ഉണ്ടായ പ്രശനങ്ങൾക്ക് ഞാൻ ഒരുതരത്തിലും ഉത്തരവാദിയല്ല.
അവൾ എനിക്ക് എന്താണ് പറയാനുള്ളത് എന്നുകേൾക്കാൻ തയ്യാറായില്ലല്ലോ.എല്ലാം കലങ്ങി മറിഞ്ഞിരിക്കുന്നു.ശരിയാണ്,അവളോട് ഒരിക്കലും നിന്നെ എനിക്ക് ഇഷ്ടമാണ് ,എന്ന് പറഞ്ഞിട്ടില്ല.പക്ഷെ ഇഷ്ടമാണെന്ന് അവൾക്ക് അറിയാമായിരുന്നല്ലോ.
ഒന്നുകൂടി അവളെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആരോ വിളിക്കുന്നു..
അനുജത്തിയാണ്.പതിവ് ലാത്തിയടി നടത്താനുള്ളവിളിയാണ്.
“ഹലോ…”
“ഇതെന്താ മത്തായി നിൻ്റെ ശബ്ദം പതറിയിരിക്കുന്നത് ?എന്താ ശ്രുതിയുമായി ഒടക്കിയോ”
“ആര്? ശ്രുതി?നീ എങ്ങിനെ അറിഞ്ഞു?”
“മത്തായി എന്നോട് വേണ്ട,ഞാൻ ശ്രുതിയെ അറിയും. നിനക്ക് നന്നായിട്ട് ചേരും.വെറുതെ ഒടക്കാൻ നിൽക്കണ്ട ”
“നീ എങ്ങിനെ ശ്രുതിയെ അറിയും?”
“രണ്ടുവർഷം മുൻപ് ഒരു സ്റ്റഡി ലീവിന് രണ്ടുമാസം ഞാൻ ഹോസ്റ്റലിൽ താമസിച്ചത് ഓർക്കുന്നുണ്ടോ?”
“ഉണ്ട്:”
“ശ്രുതിയും അവിടെയുണ്ടായിരുന്നു.നിനക്ക് ഞാൻ അന്നേ നോക്കി വച്ചതാ അവളെ.വിടണ്ട കേട്ടോ.അന്ന് നിനക്ക് അല്പം ചുറ്റിക്കളിയൊക്കെ ഉണ്ടായിരുന്നതുകൊണ്ട് പറയാതിരുന്നതാ.ഞാൻ അപ്പച്ചനോടും അമ്മച്ചിയോടും എല്ലാം പറഞ്ഞു.എല്ലാവർക്കും സമ്മതമാണ്.ഇനിയുള്ളതെല്ലാം ഞങ്ങൾക്ക് വിട്ടേക്ക് ”
നാലു വയസ്സ് ഇളയതാണ് അവൾ.എന്നാൽ ചിലപ്പോൾ ഒരു ചേച്ചിയെപ്പോലെ പെരുമാറിക്കളയും.എന്നും അവൾ വിളിക്കും.മിക്കവാറും ഒരു വഴക്കിലെ ഞങ്ങളുടെ ഫോൺ വിളി അവസാനിക്കാറുള്ളു.
“മത്തായി,നീ എന്താ മിണ്ടാത്തത്?അവളുമായിട്ടു ഒടക്കിയോ?അല്ല വെറുതെ അല്ല നിന്നെ എല്ലാവരും മത്തായി എന്ന് വിളിക്കുന്നത്”.
ദേഷ്യവും സങ്കടവും കൊണ്ട് ഒന്നും സംസാരിക്കാൻ വയ്യാതായി.
എൻ്റെ മൗനം അവൾക്കു മനസ്സിലായി.
എന്ത് പറയാനാണ്?
“ചേട്ടാ എന്തെങ്കിലും പ്രശനം?”അവൾ അങ്ങിനെയാണ്.എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടെന്നുതോന്നിയാൽ മത്തായി വിളി നിർത്തി ചേട്ടാ എന്നാകും.
“അവൾ ഹയർ സ്റ്റഡീസിന് സ്റ്റേറ്റ്സിലേക്ക് പോകുന്നു”
“ഒന്ന് പോ ചേട്ടാ,പോകണ്ട എന്നുപറ.അവൾ പോയാൽ ഇനി എന്നാണ് തിരിച്ചു വരിക?”
“അറിയില്ല”
“എൻ്റെ ചേട്ടന് എന്താ പറ്റിയത്?”
അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
പെട്ടന്നാണ് അമ്മച്ചി ടെലിഫോണിൽ വന്നത്.”ഞാനും അപ്പച്ചനും എല്ലാം അറിഞ്ഞു.”
“അമ്മച്ചി…………..”.
“എന്താടാ? എന്തുപറ്റി?നിൻ്റെ ഇഷ്ടത്തിന് ഞങ്ങൾ എന്തിന് എതിര് നിൽക്കണം?”
നഷ്ടപെടലിൻ്റെ വേദന ഇപ്പോഴാണ് തിരിച്ചറിയുന്നത്.അപ്പച്ചനും അമ്മച്ചിയും എല്ലാം അറിഞ്ഞിരിക്കുന്നു.അവരുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് പറയുക?
തോളിൽ ഒരു കര സ്പർശം.ജോൺ സെബാസ്റ്റിയൻ ആണ്.
“വരൂ.”
ഞാൻ നടന്നു പുറത്തേക്ക്.അവിടെ കൂടിയിരുന്നവരെല്ലാം അമ്പരന്നു.സേട് ജിയുടെ മക്കൾ അഞ്ചുപേരും ഓടിവന്നു കൈകൂപ്പി,”പ്ളീസ് ഡോണ്ട് ഗോ”.
ഈ അവസ്ഥയിൽ ഞാൻ കമ്പനി വിട്ടുപോകുമോ എന്നാണ് അവരുടെ ഭയം.ഈ തടിയന്മാരുടെ പെരുമാറ്റം കണ്ടിട്ട് അവരെക്കൊണ്ട് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.
“നിങ്ങളുടെ പണം നഷ്ടപെട്ടിട്ട് ഇല്ല.സേഫിൽ കാണും.ഇതിൽക്കൂടുതൽ എനിക്ക് ഒന്നും പറയാനില്ല.”
അവരെ ശ്രദ്ധിക്കാതെ ജോൺ സെബാസ്റ്റിൻറെ ഒപ്പം പുറത്തേക്ക് നടന്നു.
അവൻ ആദ്യമായി പറഞ്ഞു,”നീ ഒരു മണ്ടൻ മത്തായി തന്നെ”അവൻ ഒരിക്കലും ഇതിനുമുൻപ് എന്നെ മത്തായി എന്ന് വിളിച്ചിട്ടില്ല.
സമയം വൈകുന്നേരം ആറുമണിയായിരിക്കുന്നു.ഒരു വല്ലാത്ത ദിവസം തന്നെ.എൻ്റെ അവസ്ഥ കണ്ടാകണം അവൻ പറഞ്ഞു.”നാളെ കാലത്തു എയർ പോർട്ടിൽ വച്ച് കണ്ടു സംസാരിക്കാം”
വേറെ വഴികൾ ഒന്നുമില്ല.എന്തുകൊണ്ടാണ് അവൾ ഇത്രയും കടും പിടുത്തം പിടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.കാലത്തു അഞ്ചുമണിക്ക് എയർപോർട്ടിൽ പോകാൻ ടാക്സി അറേഞ്ച് ചെയ്തു.ജോൺ സെബാസ്ത്യനും വരാമെന്ന് സമ്മതിച്ചു.
രാത്രി പലതവണ അവളെ വിളിക്കണമെന്ന് തോന്നി.നാലഞ്ച് തവണ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.
കാലത്തു അഞ്ചുമണിക്ക് റെഡി ആയി .ടാക്സി വന്നു.ജോൺ സെബാസ്റ്റിയന് ഒപ്പം കാറിലേക്ക് കയറുമ്പോൾ ഒരു കാർ ചീറി പാഞ്ഞു വന്ന് മലബാർ ലോഡ്ജിൻ്റെ ഗേറ്റിൽ നിന്നു.പിറകെ രണ്ടാമതൊരു കാറും.സേട് ജിയുടെ മക്കളും ആ പെൺകുട്ടിയും അമ്മയും എല്ലാംകൂടി എട്ടു പത്തു പേർ മലബാർ ലോഡ്ജിലേക്ക് വരുന്നു.
അതുകണ്ട് ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”കുഴഞ്ഞു.ഇവറ്റകൾക്ക് ഒന്നും ഉറക്കവുമില്ലേ?”
എല്ലാവരുംകൂടി എന്തിനുള്ള പുറപ്പാടാണ് എന്ന് മനസ്സിലാകുന്നില്ല.സേട് ജിയുടെ മൂത്ത മകൻ പറഞ്ഞു,”ഞങ്ങൾ എല്ലാകാര്യവും സഹോദരിയുമായി സംസാരിച്ചു.ഞങ്ങൾക്ക് യാതൊരു എതിരഭിപ്രായവും ഇല്ല.”
അയാളുടെ തലമണ്ടക്കിട്ടു ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നുന്നത്‌.
ആ പെൺകുട്ടി കാറിൽ നിന്ന് ഇറങ്ങി,എൻ്റെ അടുത്തേക്ക് വന്നു.ഈ പെൺകുട്ടിയെ ഞാൻ പലതവണ കണ്ടിട്ടുണ്ട്.അവൾ രണ്ടു മൂന്ന് തവണ ഓഫീസിൽ വന്നിട്ടുണ്ട്.ഒരു തവണ സേട് ജിയെ അന്വേഷിച്ചു എൻ്റെ ക്യാബിനിലും വന്നിരുന്നു.
അവൾ അടുത്ത് വന്നു.ഞാൻ ശ്രദ്ധിക്കാൻ പോയില്ല.
” ഞാൻ പറഞ്ഞു,”സോറി ഇപ്പോൾ സംസാരിക്കാൻ .എനിക്ക് സമയമില്ല.എയർപോർട്ടിൽ പോകണം.പിന്നെ കാണാം”.
സേട് ജിയുടെ മൂത്ത മകൻ അടുത്തുവന്നു,”നിങ്ങൾ ആ പെൺകുട്ടിയെ കാണാനല്ലേ എയർ പോർട്ടിൽ പോകുന്നത്?ഞങ്ങൾ എല്ലാ വിവരവും അവളോട് പറഞ്ഞു.അവൾ എതിർപ്പൊന്നും പറഞ്ഞിട്ടില്ല.”
അപ്പോൾ അതാണ് കാര്യം.ശ്രുതി ഈ വിഡ്ഢികൾ പറയുന്നത് കേട്ട് അപ്സെറ്റ് ആയിട്ടുണ്ടാകും.
വിഡ്ഢികൾ സ്യൂട്ട് ഇട്ടാൽ എങ്ങിനെയിരിക്കും എന്ന് മനസ്സിലാക്കാൻ ഈ അഞ്ചു തടിയന്മാരെയും നോക്കിയാൽ മതി.
ആ പെൺകുട്ടി വളരെ സുന്ദരിയും, അതുപോലെതന്നെ പെരുമാറ്റത്തിൽ വളരെ പക്വതയുള്ളവളും ആണെന്നുതോന്നുന്നു.
അവൾ പറഞ്ഞു,”നിങ്ങൾ എയർപോർട്ടിൽ പോയി വരൂ.ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല.അവർക്ക് കാര്യങ്ങൾ മനസ്സിലാകാത്തതിൻ്റെ കുഴപ്പമാണ്.പിന്നെ കാണാം ”
കാർ അല്പദൂരം ഓടിക്കഴിഞ്ഞു ഞാൻ തിരിഞ്ഞുനോക്കി.അവർ എല്ലാവരും അവിടെത്തന്നെ നിൽപ്പുണ്ട്.
ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഇത് വട്ടുകേസാണ്.ഇവർക്ക് വേറെ പണിയൊന്നും അറിയില്ലെന്ന് തോന്നുന്നു.ഓരോ അവതാരങ്ങൾ.പക്ഷേ അവർ എന്തെല്ലാം ശ്രുതിയുടെ അടുത്ത് പറഞ്ഞിട്ടുണ്ടന്ന് ആർക്കറിയാം? വെറുതെയല്ല ശ്രുതി ഇത്രയും അപ്സെറ്റ് ആയത് “.
അവൻ പറയുന്നതിൽ കാര്യമുണ്ട്.
പെട്ടന്ന് ഒരു കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്‌ത്‌ പാഞ്ഞുപോയി.
ജോൺസെബാസ്ട്യൻ പറഞ്ഞു,”ആ കാർ ഓടിക്കുന്നത് പ്രസാദ് ആണെന്ന് തോന്നുന്നു.അല്ല തോന്നൽ അല്ല.അത് പ്രസാദ് തന്നെ.”.
ശ്രുതി പ്രസാദിൻ്റെ കാര്യം പറഞ്ഞത് ഓർമ്മിച്ചു. അവൻ എന്തിനുള്ള പുറപ്പാട് ആണ്?അവനും എയർ പോർട്ടിലേക്ക് ആണോ പോകുന്നത്?ശ്രുതിയെ കാണുകയാണോ അവൻ്റെ ലക്ഷ്യം?
എൻ്റെ മനസ്സിലേക്ക് ഒരു ചോദ്യം ഉയർന്നു വരുന്നു,എങ്ങിനെയാണ് പ്രസാദ് ഞങ്ങളുടെ എല്ലാ പരിപാടികളും കൃത്യ സമയത്തു് അറിയുന്നത്?ഞാൻ ജോൺ സെബാസ്റ്റിയൻ്റെ മുഖത്തേക്ക് നോക്കി.അവൻ കാറിൻ്റെ വിൻഡോയിൽ കൂടി പുറത്തേക്ക് നോക്കിയിരിക്കുകയാണ്.
“ജോൺ,”ഞാൻ വിളിച്ചു.”എൻ്റെ എല്ലാ നീക്കങ്ങളും കൃത്യമായി പ്രസാദ് അറിയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.ആരാണ് ഈ വിവരങ്ങൾ അവന് ചോർത്തികൊടുക്കുന്നത്?”
“ഞാനും ആലോചിക്കുന്നത് അത് തന്നെയാണ്.ചിലപ്പോൾ……………..”
“ചിലപ്പോൾ ശ്രുതി തന്നെ ആയിരിക്കുമോ?”
ഞാനൊന്നു ഞെട്ടി.അത് കണ്ട അവൻ പറഞ്ഞു,”ആകണമെന്ന് ഇല്ല.എന്നാലും അവൻ നാണമില്ലാതെ അവളെ വിളിക്കുന്നതുകൊണ്ട് പറഞ്ഞതാണ്.”തിരിച്ചും മറിച്ചും ഞാൻ ഒന്ന് അനലൈസ് ചെയ്തു നോക്കി എല്ലാ സംഭവങ്ങളും.
“പിടികിട്ടി”
“ആരാ,?”അവൻ്റെ ശബ്ദത്തിൽ ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞു നിൽക്കുന്നത് ഞാനറിഞ്ഞു.

(തുടരും)

പുതുമഴയില്‍ വിരിഞ്ഞ പൂവ്

കാരൂര്‍ പള്ളിക്കടുത്ത് കൊട്ടാരം കോശി വക്കീലിന്റെ ബന്ധത്തിലുള്ള ഒരാളിന്റെ രണ്ടുനിലക്കെട്ടിടത്തിന്റെ പണി നടക്കുന്നു. ജഗന്നാഥന്‍ മേസ്തിരിയാണ് പ്രധാനപണിക്കാരന്‍. കടുത്ത വെയിലില്‍ ദേഹം ഉരുകുന്നതു പോലെ തോന്നി ജഗന്നാഥന്. ഒരല്‍പ്പം ആശ്വാസത്തിനായി വെള്ളം കുടിക്കാനായി തണലിലേക്കു മാറി തലയില്‍ കെട്ടിയിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പ് തുടച്ച് വെള്ളം കുടിക്കുന്നതിനിടയിലാണ് കൊട്ടാരം കോശി അങ്ങോട്ടേക്കെത്തിയത്. മനസു നിറഞ്ഞ ചിരിയോടെ ജഗന്നാഥന്‍ അയാള്‍ക്കരികിലേക്ക് ചെന്നു. പണിയെക്കുറിച്ചൊക്കെ ചോദിക്കുന്നതിനിടെ കോശി ജാക്കിയെക്കുറിച്ചും തിരക്കി. മകനെകുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അയാളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. കോശി പണി കഴിപ്പിക്കുന്ന വീടിനുള്ളിലേക്ക് കയറി നോക്കിയിട്ട് ജഗന്നാഥന്‍ മേസ്തിരിക്ക് നിര്‍ദേശങ്ങള്‍ കൊടുത്തിട്ടു മടങ്ങിപ്പോയി.

ജഗന്നാഥന്‍ മേസ്തിരി വലിയ വീടുകള്‍ പണിഞ്ഞു കൂട്ടുമെങ്കിലും ജഗന്നാഥന് വീടുകള്‍ നിര്‍മിച്ചുള്ള ആര്‍ഭാടത്തൊടൊന്നും വലിയ താത്പര്യമില്ല. അല്ലെങ്കില്‍ തന്നെ ഇതിലൊക്കെ എന്തിരിക്കുന്നു. ഒരു കൂട്ടര്‍ക്ക് അതൊരു അഭിമാനമാണെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് അതൊരു പൊങ്ങച്ചമാണ്. സ്വന്തമായൊരു വീടും മേല്‍വിലാസവും ആരും ആഗ്രഹിക്കുന്ന കാര്യമല്ലേ? അതിന്റെ ആത്മസംതൃപ്തി എന്നെപ്പോലുള്ളവന് മനസ്സിലാവില്ല. ഇഷ്ടികകള്‍ കെട്ടിക്കൊണ്ടിരിക്കെ മണ്‍ചട്ടിയില്‍ സിമന്റിന്റെ മസാല തീര്‍ന്നത് കണ്ട് മോളിയോട് ഉച്ചത്തില്‍ പറഞ്ഞു. “”മോളി മസാല കൊണ്ടുവാ”.ആ സമയം മോളി അടുത്ത മുറിയിലെ ഭിത്തി കെട്ടിക്കൊണ്ടിരിക്കുന്ന കൊമ്പന്‍മീശക്കാരനായ കൃഷ്ണന്റെ അടുത്തായിരുന്നു. അവര്‍ തമ്മിലുള്ള അടുപ്പവും ജഗന്നാഥനറിയാം. മോളിയുടെ കണ്ണുകളിലെ തിളക്കവും കൃഷ്ണന്റെ കാമദാഹത്തിലുള്ള നോട്ടവും ഭാവവും അവരത്ര നിഷ്കളങ്കരായി കാണാന്‍ കഴിയില്ല. അവനൊപ്പം എത്രയോ നാളുകളായി അവര്‍ ജോലിചെയ്യുന്നു.മറ്റുള്ളവരല്ലാം കല്ലു കെട്ടുന്നത് അടുത്ത മുറിയിലാണ്. നാല് മേസ്തിരിമാരും മൂന്ന് മൈക്കാടുകളുമാണ് ഇന്നുള്ളത്. ചിലപ്പോള്‍ പത്തും പതിനഞ്ചും പണിക്കാര്‍ ഒരേ സമയത്തുണ്ട്. ജോലിക്ക് രണ്ട് സ്ത്രീകള്‍ എപ്പോഴും കാണും. മറ്റൊരാള്‍ അനിതയാണ്. പെട്ടെന്ന് മോളി സിമന്റ് മസാല നിറച്ച ചട്ടിയുമായെത്തി. മകനെകുറിച്ചാലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു ജഗന്നാഥന്‍ മേസ്തിരി .

വിദേശത്തു പോയി പഠിക്കണമന്ന മോഹം ജാക്കി പറഞ്ഞ സമയംതൊട്ട് ഒരോ നിമിഷവും കഴിച്ചുകൂട്ടിയിരുന്നത് അതെങ്ങനെ സഫലമാക്കും എന്നാലോചിച്ചായിരുന്നു. തന്റെ അനുഭവം മകനുണ്ടാകരുത്. അവന്റെ പ്രായക്കാരൊക്കെ വിലകൂടിയ മോട്ടോര്‍ ബൈക്കുകളില്‍ ചെത്തിനടക്കുകയാണ്. മകന്‍ ഇന്നുവരെ തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അവന്റെ അത്തരം ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ഈ പിതാവിന് കഴിയില്ലെന്ന് അവനറിയാം. അതിനാല്‍ അവന്‍ ഒന്നും ചോദിക്കാറില്ല. അത് അവന്റെ മനസിന്റെ നന്മയാണ്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അച്ഛനെ സഹായിക്കാനായി പണി ആയുധങ്ങള്‍ എടുത്തതും വിസ്മയത്തോടെയാണ് കണ്ടത്.

തങ്ങള്‍ക്കൊപ്പം മകനും ജോലിചെയ്യുന്നത് കണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. നിര്‍വ്യാജമായ സ്‌നേഹവാത്സല്യത്തോടെ മകനെ വളര്‍ത്തിയതുകൊണ്ടാകണം ഭാരപ്പെടുന്ന അധ്വാനിക്കുന്ന മാതാപിതാക്കളെപ്പറ്റി ഒരുള്‍ക്കാഴ്ച അവനിലുണ്ടാകാന്‍ കാരണം. ഓരോ മനുഷ്യനും എത്രമാത്രം ആഴത്തില്‍ ചിന്തിക്കുന്നുവോ അതവനെ യാഥാര്‍ത്ഥ്യത്തിലേക്ക് വഴി നടക്കും. യാഥാര്‍ത്ഥ്യത്തില്‍ നിന്നും തന്റെ മകന്‍ ഓടിയൊളിക്കുന്നവനല്ലെന്ന് ജഗന്നാഥനറിയാം. ഈ തിരിച്ചറിവ് അവനിലുണ്ടാക്കിയത് അവന്റെ വായനയായിരിക്കാം. അവന്റെ കൂട്ടുകാരൊക്കെ ടി.വി.യുടെ മുന്നിലും സിനിമാശാലകളിലും മദ്യഷാപ്പിലുമൊക്കെ സമയം ചിലവിടുമ്പോള്‍ അവനാകട്ടെ പുസ്തകവായനയിലാണ് സമയം ചിലവഴിക്കുന്നത്. അവരില്‍ പലരും ചെളിക്കുണ്ടുകളില്‍ വീണുഴലുന്നത് കണ്ടിട്ടുണ്ട്. ഈ ചെറിയ ലോകത്തുനിന്നും വലിയൊരു ലോകത്തേക്ക് അവന്‍ സഞ്ചരിക്കട്ടെ.

സ്വര്‍ണ്ണം പൂശിയതുപോലെ സൂര്യന്‍ തലക്ക് മുകളിലെത്തി നിന്നു. മകന്റെ മോഹത്തെ കാണാനാവാതെ കെടുത്തി കളയുന്നത് നന്നല്ല. തനിക്ക് അവന്റെയത്ര വിവരമില്ലെങ്കിലും അവന്റെയാഗ്രഹം പൂര്‍ത്തീകരിക്കണം. അതാണിപ്പോള്‍ സഫലമായിരിക്കുന്നത്. അയാള്‍ക്ക് എന്തെന്നില്ലാത്ത ഒരുന്മേഷം തോന്നി. തന്റെ കഷ്ടപ്പാടുകള്‍ക്കെല്ലാം അറുതിയാകാന്‍ പോകുന്നതു പോലെ തോന്നി.

സമര്‍ത്ഥനായ ഒരു കല്ലുപണിക്കാരനെപ്പോലെ ഭിത്തികെട്ടിക്കൊണ്ടിരിക്കെ അയാള്‍ ഒരു ഇഷ്ടിക കരണ്ടിക്കൊണ്ട് രണ്ടായി അടിച്ചു പിളര്‍ത്തി. വെറും കളിമണ്ണായി കിടന്ന ഇഷ്ടികകള്‍ ഇന്നിതാ മനുഷ്യനൊപ്പം മനുഷ്യനെക്കാള്‍ ആയുസുള്ളവരായി ജീവിക്കുന്നു.

എന്തെല്ലാം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭിത്തികളാണിത്. കാഴ്ചയില്ലാത്ത ഇഷ്ടികകള്‍!. നിങ്ങള്‍ എത്രയോ സന്തുഷ്ടരായി മനുഷ്യനൊപ്പം പാര്‍ക്കുന്നു. വെയിലും മഴയും കാറ്റും നിങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ ജീവിതം വളരെ സങ്കീര്‍ണ്ണമാണെങ്കിലും ഒരു പൂവിനെപ്പോലെ വിരിയാനോ ഒരു മരത്തേപ്പോലെ ഫലം നല്കാനോ ഇണചേരാനോ ചിന്തിക്കാനോ ആവുന്നില്ല. എന്നാലും നിങ്ങള്‍ മനുഷ്യര്‍ക്ക് കാവല്‍ക്കാരായി ഒപ്പമുള്ളത് സന്തോഷം നല്കുന്നു. ഈ പിളര്‍ന്ന ഇഷ്ടിക പോലല്ലേ തന്റെ ജീവിതം. അങ്ങിനെ ചിന്തിക്കേണ്ടതുണ്ടോ? ഓരോരോ വരികട്ടകളിലും ഇതുപോലെ പകുതി പൊട്ടിച്ച കട്ടകളും പൊടികട്ടകളും ചേര്‍ത്തല്ലേ മനോഹരമായ ഭിത്തികളെ വാര്‍ത്തെടുക്കാന്‍ കഴിയുന്നത്. പൊട്ടിച്ച കട്ടകളെ ജീവിതവ്യഥകളായി കണ്ടാല്‍ മതി. ജീവിതത്തില്‍ പ്രതീക്ഷകളും വിശ്വാസങ്ങളും നഷ്ടപ്പെടാന്‍ പാടില്ല. അതിനാല്‍ ജീവനില്ലാത്ത ഈ കട്ടകളെ ജീവനുള്ള മനുഷ്യര്‍ കണ്ടു പഠിക്കുന്നത് നല്ലതാണ്.

അതുപോലെ ചെറുതും വലുതുമായ കട്ടകള്‍ ഒന്നായി ചേര്‍ന്ന് ലക്ഷ്യത്തിലെത്തുന്നു. വിജയം കണ്ടെത്തുന്നു. ജീവിതത്തില്‍ എന്തിനും പരിഹാരമുണ്ട.് അതിന് പരമാവധി ശ്രമിക്കണം. അതില്ലാതെ ഹൃദയമിടിപ്പ് കൂട്ടിയിട്ടും നിശബ്ദതപാലിച്ചിട്ടും കാര്യമില്ല. ജീവിതത്തെ ഒരു പാറമലയായി കാണുക. അത് പൊട്ടിച്ചിതറി ചെറു കഷണങ്ങളായി മാറി ജീവിക്കാനാവശ്യമായ മണിമന്ദിരങ്ങളെ വാര്‍ത്തെടുക്കുന്നു. അതിന്റെ അടിത്തറ എപ്പോഴും ബലവത്തായ പാറകളാണ്. ഇളക്കി മറിക്കാന്‍ അത്ര എളുപ്പമാകില്ല. കുലംകുത്തിയൊഴുകുന്ന വെള്ളത്തിന്‌പോലും അതിനെ ഇളക്കിമറിക്കാനാവില്ല. അതാണ് അടിത്തറയുള്ള ജീവിതം.

ശോശാമ്മ ജേക്കബ്   

വാടകവീടിന്റെ ചിതലുകയറിയ വാതിൽപ്പടികൾക്കിടയിലൂടെ ഇരമ്പി കയറി നാസിക തകർത്ത മുല്ലപ്പൂഗന്ധം പെയ്തുതോർന്ന അവന്റെ കണ്ണുകളെ പതിയെ വിളിച്ചുണർത്തി. ഈവിധ ഗന്ധത്തോട് എന്തെന്നില്ലാത്ത ഒരുവിധ അഭിനിവേശം ഈയിടെയായി അവനിൽ ഉണർന്നുവരുന്നത് ആശ്ചര്യംമുളവാക്കുന്നതായിരുന്നു. സൂര്യരശ്മികൾ കടന്നുവന്ന ജനൽപ്പാളികളെ നോട്ടമിട്ട് പതിയെ കിടക്കയിൽ നിന്നും തലപൊക്കി. എഴുന്നേൽക്കുവാൻ മടികാട്ടി കിടക്കും വിധം ശരീരം തളർന്നിരിക്കുന്നു. എങ്കിലും ആ ഗന്ധം അവനെ വല്ലാതെ ഉത്തേജിപ്പിച്ചു ; പ്രകാശകണികകൾക്കു നേരെ എഴുന്നേറ്റു ഇഴഞ്ഞു നടന്ന് ജനൽപ്പടിയിൽ തൂങ്ങി മുറ്റത്തേക്ക് നോക്കി… പുതുമഴയിൽ വന്നുവീണ മഞ്ചാടിക്കുരുവും മാങ്ങാഞ്ചിമൊട്ടുകളും അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. ക്ഷീണിച്ച് കറുത്ത് തൂങ്ങിയ കണ്ണുകൾ തിരയുന്നുണ്ടായിരുന്നത് ഇവയൊന്നുമല്ല! രൂക്ഷമായ മുല്ലപ്പൂഗന്ധഉറവിടമാണ്. ചുറ്റുതറകളാൽ ഭംഗിയായി കെട്ടിനിർത്തിയ ഇഷ്ടിക കൂട്ടങ്ങൾക്കിടയിൽ അവയുടെ വേര് കാൺമാറായി. അവൻ കണ്ണുകളെ വികസിപ്പിച്ച് കൂട്ടിത്തിരുമ്മി ഊർജവത്താക്കി, കൺമുമ്പിൽ നിറഞ്ഞുനിൽക്കുന്ന കുഞ്ഞിവെള്ള നിറങ്ങൾ മുല്ലപ്പൂക്കളും അവയുടെ മൊട്ടുകളും ആണെന്ന് അവൻ മനസ്സിലാക്കിയപ്പോഴേക്കും അവനിൽ ഉളവായ ജിജ്ഞാസ പലതിനെയും ഓർമ്മിപ്പിക്കുന്നവയായിരുന്നു.

ഒരുയിർത്തെഴുന്നേല്പിനായി ശ്രമിച്ചുകൊണ്ടിരുന്ന അവനിലേക്ക് ഉണർന്നുവന്ന ശ്രീദേവിയുടെ ഓർമ്മകൾ ഒരു പുൽകൊടി നാമ്പിന്റെ നീർച്ചാർത്തുപോലെ മൃദുലമായിരുന്നു. ലോകസത്യങ്ങൾക്കുപോലും പകരം വെക്കാൻ മറ്റൊന്നില്ലാത്ത അത്രമേൽ ആഴമേറിയ അവരുടെ ബന്ധത്തിന്റെ ശേഷിപ്പായി ഇപ്പോൾ കുറെ ഓർമ്മകൾ മാത്രമാണ് ബാക്കിപത്രം. മുന്തിരിങ്ങയോളം കറുപ്പും, വലിപ്പമുള്ളതുമായ കണ്ണുകൾ. നനവാർന്നതും പതുപതുത്തതുമായ മേൽതൊലികൾ, ആകർഷണ വിധേയമായി നീണ്ടു എടുത്തുകാട്ടാത്തക്കവിധത്തിലുമായി നിൽക്കുന്ന മൂക്ക്, കടുത്ത നിറത്തിൽ അത്രമേൽ വലിപ്പമർഹിക്കാതെ നിലകൊണ്ട ചുണ്ടുകൾ, നല്ല തുടുത്ത കവിളുകളാൽ അല്പം നീണ്ടുകാണപ്പെട്ട മുഖാകൃതി, തെളിഞ്ഞ വെള്ളത്തിനടിയിൽ കാണപ്പെടുന്ന മുറ്റകല്ലിന്റെ നിറവും ശ്രീദേവിക്ക് സ്വന്തമായവയായിരുന്നു. അവന്റെ മനസ്സിൽ ബന്ധിക്കപ്പെട്ടുകിടന്ന മുഖത്തെ തട്ടി മാറ്റും വിധത്തിൽ കതകിൽ കൊട്ട് കേട്ടു. ഞെട്ടിയുണർന്ന് അവൻ മന്ദം മന്ദം നടന്ന് വാതിലുകൾ തുറന്നു.

“ഇതെന്നാവോ? ഈ കതകിന് അകമേ നിന്നും കുറ്റിയിടരുതെന്ന് പറഞ്ഞിട്ടില്ലയോ മ്മള് പുറത്തേക്ക് പോയത്” നസിറുദ്ദീൻ ആരോടെന്നില്ലാതെ കയർത്തു. ഇതൊന്നുമേ തനിക്ക് ബാധകമല്ല എന്ന മട്ടിൽ അവൻ തിരികെ നടന്ന് കട്ടിലിന്മേൽ സ്ഥാനമുറപ്പിച്ചു.
” ശിവാ ! ഇങ്ങളോടല്ലേ മ്മള് പറയുന്നത് ഇജ്ജ് കേക്കണുണ്ടോ? ” നസിറുദ്ദീൻ കട്ടിലിന്റെയരുകിൽ ചെന്ന് നിലത്ത് കുത്തിയിരുന്നു.
“കൂടിയാ ഒന്നോ രണ്ടോ ദീസം. അതിനുമേലെ ഈ വാടകകൂരേല് നിക്കാൻ പറ്റുല്ലാട്ടാ. ഇയ്യ് എന്ത് ചെയ്യും? ”
ശിവ ജാള്യത നിറച്ച ഒരു ചെറു പുഞ്ചിരി ചുണ്ടിൽ വിരിയിച്ച് തലയുയർത്തി നസിറുദ്ദീനെ നോക്കി.
“ഇയ്യ് എത്ര ദീസമായി ഈ കിടപ്പ് കിടക്കണത്? അനക്ക് എടുക്കാനുള്ളതെല്ലാം പെറുക്കി പൂട്ടിക്കോ! ഇങ്ങള് പോര് ഞമ്മള് പെരെലോട്ട് കൊണ്ടുപോകാം. അവിടെ ഞമ്മളും ബാപ്പയും അല്ലാ ഉളള്. ഇങ്ങള് ബന്നാ അവിടെ കൂടാം. എന്തായാലും ഞമ്മടെ പെരെന്ന് ഇങ്ങളെ ആരും ഇറക്കിവിടൂല്ല. ”

നസിറുദ്ദീന്റെ ഈവിധ വാക്കുകൾ ശിവയുടെ മനസ്സിനെ പിടിച്ചുപൂട്ടുന്നവയായിരുന്നു. നസിറുദ്ദീൻ മെല്ലെ എഴുന്നേറ്റ് അകമുറി ലക്ഷ്യമാക്കി നടന്നു. പഴയ ഡ്രംഗ് പെട്ടി വലിച്ചു തുറക്കുന്നതിന്റെയും മറ്റും മൃദുമൂർച്ചസംഗീതം ശിവയുടെ മുറി വരെ മുഴങ്ങിക്കേൾക്കാമായിരുന്നു.

ശിവ മെല്ലെ എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് തലേന്ന് കഴിച്ച് ബാക്കിവെച്ച മസാലക്കറി മണത്ത് പൂച്ചയുടെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു അധികം ഉപ്പു നൽകാതെ എരിവ് കൂട്ടി കഴിച്ച ശീലമാണ് ശിവയ്ക്ക്. അവന്റെ ജനനം മുതൽ ഈ നാൾ വരെയും ശ്രീദേവി അവനെ ആഹാരരീതിയുടെ ആവിധ ചട്ടക്കൂട്ടിൽ തളച്ചിട്ടിരുന്നു. എത്ര ദൂരെയായാലും ശ്രീദേവി ഉണ്ടാക്കുന്ന ആഹാരം കഴിച്ച് തൃപ്തിയടയാൻ ഓടിവന്ന ശിവയെ നസിറുദ്ദീന് നന്നായിട്ടറിയാം. ആ സമയങ്ങളിൽ മുത്തുകളും, ചിപ്പികളും, ലോലാക്കുകളും നിറഞ്ഞ കടൽക്കൊട്ടാരത്തെ മുത്തമിടാൻ ഒരുങ്ങുന്ന മത്സ്യകന്യകയ്ക്ക് തുല്യമായിട്ടവൻ മാറുമായിരുന്നു. തന്റെ മുമ്പിൽ കുന്നുകൂടിയ പാത്രക്കൊട്ടാരം പതിയെ ഒന്നൊന്നായി പെറുക്കിയെടുത്ത് കഴുകിയെടുക്കുവാൻ തുടങ്ങി. പുറത്ത് സൈക്കിൾ ബെൽ മുഴങ്ങിയ നേരം നസിറുദ്ദീൻ മുൻവാതിൽ തുറക്കുന്ന ശബ്ദം കേട്ട് ശിവ അവിടേക്ക് ചെന്നു. പോസ്റ്റ്മാൻ കീശയിൽ കൈയിട്ട് നീളൻ വെള്ള പേപ്പർ പുറത്തെടുത്തു.
” ഈ മാസത്തെ അമ്മയ്ക്കുള്ള കത്ത് വന്നൂട്ടോ……. ! ഇത് തൃശ്ശൂർ മേൽവിലാസമാണല്ലോ”
പോസ്റ്റുമാൻ കത്തിലൂടെ കണ്ണോടിച്ച് ശിവയ്ക്ക് മുമ്പിലേക്ക് നീട്ടി.
‘ശ്രീദേവി സേതുമാധവൻ’ കത്തിന്റെ പുറതൊലിയിൽ കാണപ്പെട്ട ആ പേരിൽ കണ്ണുടക്കി അവനൊറ്റനില് പാലെ നിന്നു. ഉണങ്ങിയ സിന്ദൂരം പോലെ പറ്റിനിൽകുന്ന ഒരു തരം കറയാണ് ശിവയുടെ ചിന്തയിൽ ശ്രീദേവിയുടെ ഓർമ്മകൾക്ക്. ഒരോവട്ടവും അവന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി മുടിവിടർത്തി നിൽക്കുന്ന ശ്രീദേവിയുടെ രൂപം; അവന്റെ മുമ്പിൽ മലർന്ന് മരവിച്ച് ജഡമായി തീർന്നപ്പോഴും ശ്രീദേവിക്ക് മുല്ലപ്പൂഗന്ധമായിരുന്നു. പൂട്ടിയ കുഞ്ഞികണ്ണുകളും, ചുരുട്ടിപ്പിടിച്ച ചെറിയ കൈവിരലുകളും ശ്രീദേവി ചേർത്തുനിർത്തി താലോലിച്ചു വളർത്തിയ ശിവയെക്കുറിച്ച് ശ്രീദേവി നസിറുദ്ദീന്റെയടുക്കൽ ഇഴപൊട്ടാതെ പറഞ്ഞുകൊടുക്കുമായിരുന്നു. ഇരുവരുടെയും ദൃഢബന്ധം നസിറുദ്ദീനെ അസൂയാലുവാക്കിതീർത്തതിനെപ്പറ്റി ശ്രീദേവിയോട് ഒരിക്കൽ പറഞ്ഞപ്പോഴുണ്ടായ പ്രതികരണം നസിറുദ്ദീന്റെ മെയ്യും കാലും തളർത്തിയവയായിരുന്നു
” അമ്മാ…… ന്നുള്ള ശിവയുടെ നീണ്ട ആ വിളികൾ ഞാനർഹിക്കുന്ന ഒരു ശിക്ഷയാണ്.”
ആ വാക്കുകൾക്കുള്ളിലെ യാഥാർത്ഥ്യത്തെ ചൂഴ്ന്നെടുക്കുവാൻ നസിറുദ്ദീൻ തയ്യാറായിരുന്നില്ല.

“ത്.. ഫൂ… ” ഉപ്പേടെ നീട്ടിയ കാർക്കിച്ചുതുപ്പൽ കേട്ട് കണ്ണുതുറന്ന് നസിറുദ്ദീൻ ജനറൽപ്പാളിയിലെ വിരി വകഞ്ഞു മാറ്റി മുറ്റത്തേക്ക് നോക്കി പറഞ്ഞു.
“ഉപ്പാ….. ഇന്ന് ന്റെ
ചെങ്ങായി വരൂട്ടാ.”
” ഇജ്ജ് എത്രാമത്തെ ബട്ടമാ നസറൂ യിത് തന്നെ പറയണത്. ഇയ്യ് ധൈര്യമായിട്ട് കൊണ്ടുവരീ.. ആദ്യം ഇയ്യ് കിടക്കപ്പായേന്ന് പോയി പല്ല് ബൃത്തിയാക്ക് ”

നസിറുദ്ദീൻ കിടക്കയിൽനിന്നെഴുന്നേറ്റ് പുരയാകെ ചുറ്റിനടന്ന് വീക്ഷിച്ചു. ചങ്ങാതി വന്നു കയറുമ്പോൾ കുറവൊന്നും പറയാൻ പാടില്ലല്ലോ. പല്ലുതേച്ച്, കുളിച്ച് തലേന്ന് രാത്രി വെള്ളത്തിലിട്ടുവച്ചിരുന്ന പഴഞ്ചോറ് അപ്പാടെ വിഴുങ്ങി, കുപ്പായമിട്ട് നസിറുദ്ദീൻ കവലയിലോട്ട് ഒറ്റ നടത്തം നടന്നു. കവലയിൽ നിന്ന് മാണിക്യത്തിന്റെ പിക്കപ്പ് വാനിൽ കയറി നടക്കാവ് വീടിന്റെ വഴിയോരതെത്തി നീട്ടി ഹോണടിച്ചു. ആളനക്കമില്ലായെന്ന് കണ്ടപ്പോൾ വണ്ടിയിൽ നിന്നിറങ്ങി ഗേറ്റ്പാളി മലർക്കെ തുറന്നു. മാണിക്യം വാതിലിനോരം ചേർത്തു പിക്കപ്പ് നിർത്തി ഹോൺ വീണ്ടും നീട്ടിയടിച്ചു.

“ഈ പഹയനിത് പൊന്തീട്ടില്ലേ? ” നസിറുദ്ദീൻ പിറുപിറുത്തു. അടുക്കളവാതിലിന്റെ പിടിയിൽ പിടിച്ചതും വാതിൽ വലിയ വായാലെ തുറന്നു. മാണിക്യം വണ്ടിയിൽ നിന്നിറങ്ങി മുണ്ടുമടക്കിൽനിന്ന് സിഗരറ്റ് കത്തിച്ച് പുകയ്ക്കുവാൻ തുടങ്ങി. നസിറുദ്ദീൻ ഒച്ച കൂട്ടാതെ അകത്തേക്ക് കയറി. മുറിയിലാകെ മുല്ലപ്പൂഗന്ധം. ശിവയുടെ മുറിയിലേക്ക് കയറിചെന്നപ്പോൾ കണ്ടത് ശ്രീദേവിയുടെ ഒട്ടുമിക്ക തുണികളും അലസമായി കട്ടിന്മേൽ ഞാണുകിടക്കുന്നു. അവയോരോന്നായി വകഞ്ഞുമാറ്റികൊണ്ടിരുന്നപ്പോൾ വട്ടമേശമേൽ മൂന്നു മടക്കുകളായി കോർത്ത് കെട്ടി വച്ചിരിക്കുന്ന മുല്ലപ്പൂമാല നസിറുദ്ദീന്റെ കണ്ണിൽപ്പെട്ടു. കമ്പിനൂൽ പാലത്തിന്റെ രണ്ടറ്റത്ത് കല്ലുകൊണ്ട് ശക്തമായി പ്രഹരിക്കുമ്പോൾ ഉണ്ടാകുന്ന കമ്പനം പോലെ അവന്റേയുളള് പിടയ്ക്കുവാൻ തുടങ്ങി.

മറയ്ക്കുള്ളിൽ നിന്ന് വളയനക്കം കേട്ട് കുറച്ചുകൂടി മുന്നോട്ട് ചെന്ന് മറയുടെ ഒരുവശത്തായി കൈകൾ കൂട്ടിപ്പിടിച്ച് പതിയെ മുട്ടിനോക്കി.
ശംഖു കഴുത്തും നീൾചുണ്ടുകളിൽ കടുചുവപ്പുനിറം പൂശി, മയക്കുന്ന പുഞ്ചിരിയുമായി ചുവപ്പ് നിറം കലർന്ന ഒഴുക്കൻ സാരി അലസമായി ചുറ്റി രോമാവൃതമായ വയറുകൾ കാട്ടി സിന്ദൂരപടലത്താൽ പൊട്ടുകുത്തി മറ്റൊരു ശ്രീദേവി രൂപമായി മാറി ശിവ നസിറുദ്ദീന്റെ മുമ്പിൽ പ്രത്യക്ഷനായി.
അഴിച്ചിട്ട മുടിച്ചർത്തുകൾക്കു പകരം തലയൊട്ടി നിൽക്കുന്ന മുടികഷണങ്ങളിൽ ഓരോന്നായി പിടിച്ചു കറക്കി പാതികിറുങ്ങിയ കണ്ണുകളുമായി ശിവ രതിസംഗീതം മൂളിയങ്ങനെ നിന്നു. തനിക്കു ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി ഒരെത്തും പിടിയും കിട്ടാതെ നിന്ന നസിറുദ്ദീനോടായി ശിവ ചോദിച്ചു.

“നിനക്കറിയോ നസിറുദ്ദീനെ….. ഈ ലോകത്തിൽ പാലിനേക്കാൾ മൃദുവായതും, പ്രകാശത്തെക്കാൾ വന്യമായതും എന്താണെന്ന്? ”
നസിറുദ്ദീൻ കണ്ണുമിഴിച്ച് ചുണ്ട് വിറപ്പിച്ച് അറിയില്ലെന്നമട്ടിൽ തലയനക്കി. ചോരപൊടിയുമെന്ന വിധേന ചുവപ്പായി തീർന്ന കണ്ണുകളാൽ ശിവ മറുപടി പറഞ്ഞു.
“പെണ്ണിന്റെ ശരീരം.”!!!!
ഞാമ്പോവ്വാ നസിറുദ്ദീനെ….. നിനക്കെന്നെ വേണോ? ”
പെണ്ണിന്റെ രതികലർന്ന പുഞ്ചിരിയാൽ ശിവ നസിറുദ്ദീനെ നോക്കി…..
“എങ്ങട്ട്?? ”
മറുപടിയെന്നോണം…. മൂറിന്റെ മയക്കുന്ന മണമുള്ള കത്ത് നസിറുദ്ദീന് നേർക്ക് നീട്ടി ശിവ വട്ടമേശപ്പുറത്തെ മുല്ലപ്പൂമാലയ്ക്ക് നേരെ നടന്നു.
നസിറുദ്ദീൻ ആകാംക്ഷയോടെ കത്ത് തുറന്നു കണ്ണോടിച്ചു.
‘ സരോജം ലോഡ്ജ്
റൂം നമ്പർ : 22
(തയ്യൽ പരിശീലന ബ്ലോക്കിനെതിർവശം, തൃശ്ശൂർ കാളിയാക്കവല)’

 

ശോശാമ്മ ജേക്കബ്

തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മലയാളസാഹിത്യത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
ഡിയർ അമ്മച്ചി, ആമി എന്നീ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥാകൃത്ത്. ‘ ഡിയർ അമ്മച്ചി ‘ എന്ന ഹ്രസ്വചിത്രത്തിന്
നാഷണൽ ഹെൽത്ത്‌ മിഷൻ അവാർഡ് ലഭിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ ‘എ ‘ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൺടെന്റ് റൈറ്റർ, വിവർത്തക എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു വരുന്നു.

സെബാസ്റ്റ്യൻ ടി സേവ്യർ

തണൽ മരച്ചുവട്ടിലെന്നും കാത്തിരിക്കും കാമുകനെ,
കാമുകനെത്തും നേരം കവിളിലെ ചിരി വിടരും,
കനവിലെ കണവനോട് മോഹമെല്ലാം ചൊല്ലും നേരം,
അവളുടെ വിടർന്ന കൺകൾ വീണ്ടും വീണ്ടും തിളങ്ങി വന്നു.

കുളിച്ച് ഈറനായ വാർമുടി ചുറ്റികെട്ടി,
നളിന വിലോചനങ്ങൾ അഞ്ജനത്താൽ
അതിരിട്ട്,
കൈകൾ പിന്നിലേക്ക് അഴകായ് പിണച്ചു വെച്ച്,
കാമുകന്റെ കണ്ണുകളിൽ നങ്കൂരമിട്ടു നിൽക്കുമവൾ

*അവളുടെ കാതുകളിൽ തൂങ്ങിയാടും കാതിലോല നോക്കിനിൽക്കേ*
*ചന്തമെഴും നുണക്കുഴിയിൽ ചെന്താമരപ്പൂ വിടർന്നു നിന്നു*
*മോഹനമാം മൂക്കുത്തിയിൽ അന്തിവെയിൽ ചുംബിക്കവേ*
*അഴകൊത്ത വിരൽ തുമ്പുകൾ*
*നൃത്തമാടി അവന്റെ മുൻപിൽ*

ക്യാമ്പസ്സിന്റെ ഇടവഴിയിൽ ഓർമ്മകൾ തൻ
നിഴലുകളിൽ
പൂത്തു നിൽക്കും പൂമരത്തിൻ താഴെയായി
കൽത്തറയിൽ
കൊഴിഞ്ഞു വീണ ഇലഞ്ഞിപ്പൂവിൻ ഇതളുകൾ കൂട്ടിവച്ച്
വിരഹിണിയാം രാധയെപ്പോൽ അവനായി കാത്തിരിപ്പൂ

ഇല്ലിമരക്കൂട്ടങ്ങൾതൻ ഓരത്തായ് വശ്യമായി
വെണ്മയെഴും മയിൽപെട പീലിനീട്ടിയാടിടുന്നു
ഓർമ്മകൾതൻ താളുകളിൽ കാത്തുവച്ച
പീലികൾ
പെറ്റുകൂട്ടി പുസ്തകത്തിൻ ഓർമചെപ്പു കവിഞ്ഞു പോയി

 

സെബാസ്റ്റ്യൻ ടി സേവ്യർ

കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ടെക്നീഷ്യനായി കഴിഞ്ഞ 16 വർഷക്കാലം ജോലി ചെയ്തു വരുന്നു .സ്വയ സംരംഭക മേഖലയിൽ സോളാർ പവർ ഇൻസ്റ്റലേഷൻ ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങിയ പ്രോജക്റ്റുകൾ ചെയ്തുവരുന്നു .

ഭാര്യ : ലിഷ

മക്കൾ :യോഹന്നാ എസ്തർ

 

RECENT POSTS
Copyright © . All rights reserved