യുകെയില്‍ താമസിക്കുന്ന പ്രമുഖ മലയാള സാഹിത്യകാരനായ കാരൂര്‍ സോമന്‍ തന്‍റെ ജീവിതത്തില്‍ ഇത് വരെ സംഭവിച്ച കാര്യങ്ങള്‍ വിശകലനം ചെയ്ത് എഴുതുന്ന ആത്മകഥ നാളെ മുതല്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നു. പ്രവാസി മലയാളി എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ കാരൂര്‍ സോമന്‍റെ ജീവിതം എന്നും സംഭവ ബഹുലമായിരുന്നു. സ്കൂള്‍ പഠന കാലത്ത് മുതല്‍ എഴുത്തിനെ പ്രണയിച്ച് തുടങ്ങിയ കാരൂര്‍ സോമന് അന്ന് മുതല്‍ തന്നെ എഴുത്ത് ധാരാളം മിത്രങ്ങളെയും ശത്രുക്കളെയും സമ്പാദിച്ച് നല്‍കിയിട്ടുണ്ട്.
നന്നേ ചെറുപ്പത്തില്‍ തന്നെ തന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട് വിടേണ്ടി വന്ന വ്യക്തിയാണ് സോമന്‍. പോലീസിനെ വിമര്‍ശിച്ച് നാടകമെഴുതി എന്ന കാരണത്താല്‍ നക്സലൈറ്റ് ആയി മുദ്ര കുത്തപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സോമന്‍ സ്വന്തം നാടുപേക്ഷിച്ച് പോകേണ്ടി വന്നത്. മാവേലിക്കരയ്ക്കടുത്ത് ചാരുംമൂട് എന്ന പ്രദേശത്ത് ജനിച്ച സോമന്‍ നാടകം, കഥ,കവിത, നോവല്‍, ബാലസാഹിത്യം, ജീവചരിത്രം, സഞ്ചാര സാഹിത്യം തുടങ്ങി വിവിധ മേഖലകളിലായി ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
തന്റെ സുദീര്‍ഘമായ രചനാ വഴികളില്‍ കല്ലും മുള്ളും നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുള്ള കാരൂര്‍ സോമന്‍ ആ അനുഭവങ്ങള്‍ എല്ലാം തന്‍റെ ആത്മകഥയില്‍ തുറന്നെഴുതുന്നുണ്ട്. ആ അനുഭവക്കുറിപ്പികള്‍ നാളെ മുതല്‍ മലയാളം യുകെയില്‍ വായിക്കുക.
കാരൂര്‍ സോമന്‍
മാനവചരിത്രത്തിലൂടെയുള്ള വായനകള്‍ മനസ്സില്‍ പഠനം നടത്തുമ്പോഴാണ് അറിവിന്റെ സൗന്ദര്യം നമ്മള്‍ തിരിച്ചറിയുന്നത്. ലോകത്തിലെ ഏഴുകലകളുടെ തലസ്ഥാനമായ വിയന്നായുടെ മാറിലൂടെ സഞ്ചരിച്ചാല്‍ വടക്ക് മഞ്ഞണിഞ്ഞ ആല്‍പ്‌സ് പര്‍വ്വതനിരകളും തെക്ക് യു.എന്‍. ആസ്ഥാന മന്ദിരത്തിനടുത്തൂടെ പത്ത് രാജ്യങ്ങളിലൂടെ ഒഴുകിയെത്തുന്ന ഡാന്യൂബ് നദിയും അതിന്റെ ഇരുകരകളിലെ മഞ്ഞണിഞ്ഞ പച്ച തളിരിലകളും, കാലത്തിന്റെ തിരുശേഷിപ്പുകളായ ദേവാലയങ്ങള്‍, കൊട്ടാരങ്ങള്‍, മ്യൂസിയങ്ങള്‍, അഴകാര്‍ന്ന പൂന്തോപ്പുകള്‍, ഒരു രാജ്യത്തിന്റെ സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നു. മലയാളിയായ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ ഹോട്ടലായ പ്രോസിയില്‍ ഭക്ഷണം കഴിച്ചിട്ട് ലണ്ടനില്‍ നിന്നെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ റജി നന്തിക്കാട്ടും, യുഗ്മ നെഴ്‌സസ് ഫോറം പ്രസിഡന്റ് അബ്രഹാം ജോസുമായിട്ടാണു ദേവാലയങ്ങളുടെ മാതാവെന്നറിയപ്പെടുന്ന സെന്റ് സ്റ്റീഫന്‍ കതീഡ്രലിലേക്ക് പോയത്. പടിഞ്ഞാറെ കടലിന് മുകളില്‍ സൂര്യന്‍ ചെങ്കതിരുകള്‍ പൊഴിച്ചുനില്ക്കും പോലെ ആകാശത്തിന്റെ ശീതളഛായയില്‍ ഈ ദേവാലയം പ്രശോഭിച്ചു നില്ക്കുന്നു. ഒറ്റ നോട്ടത്തില്‍ ദൈവത്തിന് ഈ ദേവാലയവുമായി ചങ്ങാത്തമുള്ളതായി തോന്നും. അതിന് ചുറ്റും ചിറക് വിടര്‍ത്തി പറക്കുന്ന പ്രാവുകള്‍. അതിമനോഹരവും അലൗകികവുമായ ഈ ദേവാലയത്തിന് ചുറ്റിലും ഭക്തജനങ്ങള്‍ നടക്കുന്നു. അകത്തും പുറത്തും കൊത്തിവച്ച പ്രതിമകള്‍ പോലെ സുന്ദരമായ ശില്പങ്ങള്‍ ദേവാലയത്തെ ചുംബിച്ചു നില്ക്കുന്നു.
എ.ഡി. 1147ല്‍ ഗോഥിക് വസ്തു ശില്പമാതൃകയിലാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. പൗരാണിക ഭാവമുള്ള കൊത്തുപണികളാല്‍ അത്യന്തം ആകര്‍ഷകമാണ് ഓരോ ശില്പങ്ങള്‍. ഇതിന്റെ ഉയരം 137 അടിയാണ്. അകത്തേ ഹാളിന് 110 മീറ്റര്‍ നീളവും വീതി 80 മീറ്ററാണ്. 12 ഭീമന്‍ തൂണുകള്‍. ഇതിനുള്ളില്‍ തന്നെ ആറ് ചാപ്പലുകളുണ്ട്. ദേവാലയത്തിന്റെ മുകളിലെ ഓരോ കൊത്തുപണികളിലും വ്യത്യസ്ത നിറത്തിലുള്ള ടൈലുകളാണ്. ഹാബ്‌സ് ബര്‍ഗ് രാജവംശത്തിന്റെ രാജചിഹ്നമായ ഇരട്ടത്തലയുള്ള പരുന്തിന്റെ രൂപവും ടൈലുകള്‍കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. ആര്‍ക്കിടെക് ആന്റ്റോണ്‍ വിന്‍ഗ്രാമിന്റെ മേല്‍നോട്ടത്തിലാണ് ഈ ദേവാലയം പണിതത്. റോമന്‍കത്തോലിക്കാ സഭയുടെ ആര്‍ച്ച്ബിഷപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്. വിയന്നയുടെ സുവര്‍ണ്ണഗോപുരവും വഴികാട്ടിയുമായ ഈ ദേവാലയത്തിലേക്ക് പലരാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ വരുന്നുണ്ട്. ഇവരുടെ ഭാഷ ജര്‍മ്മനാണ്. സ്‌നേഹസൗഹാര്‍ദ്ദമായിട്ടാണ് ജനങ്ങള്‍ ഇടപെടുന്നത് അതവരുടെ മഹനീയ സംസ്‌കാരമാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങളില്‍ കാണുന്ന ഒരു പ്രത്യേകത ഇവിടെ ആര്‍ക്കും പ്രവേശിക്കാം. സവര്‍ണ്ണനോ അവര്‍ണ്ണനോ വിശ്വാസിയോ അവിശ്വാസിയോ ആര്‍ക്കും കടന്നുവരാം. ദൈവത്തിന്റെ വിശപ്പടക്കാന്‍ ഭക്ഷണമോ കാര്യസിദ്ധിക്കായി വഴിപാടുകളോ ആവശ്യമില്ല. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനാണ് ഏറ്റവും വലിയ ദൈവഭക്തരെന്ന് ഇവിടെയുള്ളവര്‍ തിരിച്ചറിയുന്നു. ദേവാലയത്തിനുള്ളിലെ ഓരോ അവര്‍ണ്ണനീയ ചിത്രങ്ങള്‍ കാണുമ്പോഴും ക്രിസ്തുവിനും എനിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവരുന്നതായി തോന്നി. ഓരോ ചിത്രങ്ങളും ശില്പങ്ങളും ആത്മീയ ചൈതന്യത്തിന്റെ അമൂര്‍ത്തഭാവങ്ങള്‍ നിറഞ്ഞതാണ്. ഇതിനുള്ളില്‍ നിന്നുയരുന്നത് ആത്മാവിന്റെ സംഗീതമാണ്. ഓരോ ചുവര്‍ ചിത്രങ്ങളും ആത്മാവിന്റെ അനശ്വരമായ മുഴക്കങ്ങളാണ്. റോമന്‍ ഭരണകാലത്ത് ദൈവവിശ്വാസങ്ങളുടെ പുകമറയ്ക്കുള്ളിലാണ് ഭരണാധിപന്മാര്‍ അവരെ നയിച്ചത്. ഇന്നും ഇന്ത്യയില്‍ കുറെ അവിശ്വാസികള്‍ ആ പാരമ്പര്യത്തില്‍ ജീവിക്കുന്നുണ്ട്. എന്ന് പറഞ്ഞാല്‍ വിശ്വാസമുണ്ട് എന്നാല്‍ ബോധമില്ല. യേശുക്രിസ്തുവിന്റെ ജനനത്തോടയാണ് മതത്തിന്റെ പുകമറയ്ക്കുള്ളില്‍ അകപ്പെട്ടവരെ പുതിയൊരു പ്രകാശത്തിലേക്കു കൊണ്ടുവരുന്നത്.
യേശു വിഭാവനം ചെയ്ത സ്‌നേഹവും സമാധാനവും വിശുദ്ധിയും ഈ ദേവാലയത്തിനുള്ളിലെ ഓരോ തൂണിലും തുരുമ്പിലും കലയുടെ മായാപ്രപഞ്ചമുയര്‍ത്തുന്നുണ്ട്. യരുശലേമിലെ സ്റ്റീഫന്റെ ഓരോ വാക്കുകളും റോമാസാമ്രാജ്യത്തിനും യഹൂദനും മരുഭൂമിപോലെ ചുട്ടുപൊള്ളുന്നതായിരുന്നു. ആ വിശുദ്ധന്റെ വാക്കുകള്‍ ദേവാലയത്തിലെ മെഴുകുതിരി എരിയുന്നതുപോലെ ജ്വലിച്ചുനില്‍ക്കുന്നു. ഞങ്ങള്‍ക്ക് ചുറ്റും ആത്മീയാനുഗ്രഹങ്ങള്‍ തേടി വന്നവരുടെ മനസ്സുംശരീരവും പരമമായ ഏകാഗ്രതയില്‍ മുഴുകിയിരുന്നു. എ.ഡി 34ലാണ് ദൈവത്തിന്റെ ദാസനായ സ്റ്റീഫനെ റോമാഭരണകൂടം യരുശലേമില്‍വച്ച് കല്ലെറിഞ്ഞു കൊന്നത്. ഏറ്റവും കൂടുതല്‍ പ്രവാചകന്മാര്‍ യരുശലേമിലായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷികള്‍ യേശുവിന്റെ നാമത്തില്‍ ഉണ്ടായത് യൂറോപ്പ് രാജ്യങ്ങളിലാണ്.
ആ രക്തസാക്ഷികള്‍ വിശുദ്ധന്മാരായി മാറുകയും അവരുടെ നാമത്തില്‍ ലോകമെമ്പാടും ദേവാലയങ്ങളും വിദ്യാഭ്യാസമടക്കമുള്ള ധാരാളം സ്ഥാപനങ്ങള്‍ വളരുകയും ചെയ്തു. ആ നാമത്തില്‍ അളവറ്റ അനുഗ്രഹങ്ങള്‍ നേടിയിട്ടുള്ള വിശ്വാസികളുണ്ട്. സെന്റ് സ്റ്റീഫന്റെ പേരില്‍ യരുശലേം, അര്‍മേനിയ, ഓസ്ട്രിയ, ആസ്‌ട്രേലിയ, ഇറാന്‍, തുറുക്കി, ചൈന, ഫ്രാന്‍സ്, ഇന്‍ഡ്യ, അയര്‍ലണ്ട്, ബ്രിട്ടണ്‍, പല രാജ്യങ്ങളിലും ദേവാലായങ്ങളടക്കമുള്ള സ്ഥാപനങ്ങളുണ്ട്.
ഡിസംബര്‍ 26നാണ് സെന്റ് സ്റ്റീഫന്‍ കൊല്ലപ്പെടുന്നത്. ഈ രാജ്യങ്ങളിലെല്ലാം അവധിയാണ്. ബ്രിട്ടന്‍ ഈ ദിവസം ആഘോഷിക്കുന്നത് ബോക്‌സിങ്ങ് ദിനമായിട്ടാണ്. നൂറ്റാണ്ടുകളായി ആരാധിച്ചുവന്ന റോമന്‍ സാമ്രാജ്യത്തിന്റെ അമ്പലങ്ങളും ദേവീദേവന്മാരും തകര്‍ത്തടിയുക മാത്രമല്ല അതില്‍ പലയിടങ്ങളിലും യേശുവിന്റെ നാമത്തില്‍ ദേവാലയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിയന്നയിലെ സെന്റ് സ്റ്റീഫന്‍ കത്തീഡ്രല്‍ അതിലൊന്നാണ്. ലണ്ടനിലെ സെന്റ് പോള്‍ കത്തീഡ്രല്‍ സുന്ദരിയായ ഡയാന ദേവിയുടെ അമ്പലം പൊളിച്ചാണ് ദേവാലയമാക്കിയത്. മണ്ണിലെ രാജാക്കന്മാര്‍ അയല്‍രാജ്യങ്ങളെ വെട്ടിപ്പിടിക്കാനും അവരുടെ സമ്പത്ത് കൊള്ളയടിക്കാനും പടയോട്ടങ്ങള്‍ നടത്തുമ്പോള്‍ ഈപൈശാചിക ശക്തികള്‍ക്കെതിരെ മണ്ണിലെ മനുഷ്യര്‍ക്കായി ദൈവനാമത്തില്‍ ആത്മീയ പടയോട്ടങ്ങള്‍ നയിച്ചവരാണ്. ലോകമെമ്പാടും രക്തസാക്ഷികളായിട്ടുള്ള വിശുദ്ധന്മാര്‍. ഇന്‍ഡ്യയില്‍ വന്ന വിശുദ്ധ തോമസ്സിനെ എ.ഡി 72ല്‍ മദ്രാസില്‍ വച്ച് സൂര്യഭഗവാനെ ആരാധിച്ചവര്‍ കൊലപ്പെടുത്തിയത് മറ്റൊരു ദുരന്തം. അവരൊഴുക്കിയ ഓരോ തുളളിരക്തവും ഓരോരോ ദേവാലയങ്ങളില്‍ ജീവന്റെ തുടിപ്പുകളായി തിളങ്ങിനില്‍ക്കുന്നു. വിശുദ്ധരെ വലിച്ചുകീറി പുറത്തേക്കു കളഞ്ഞവരൊക്കെയും മണ്ണായിമാറിയപ്പോള്‍ വലിച്ചെറിയപ്പെട്ടവര്‍ മണ്ണിനുമുകളില്‍ ആരാധനാമൂര്‍ത്തികളായി മാറുന്ന അത്ഭുതകാഴ്ചയാണ് കാണുന്നത്.
യൂറോപ്പിന്റെ പല ഭാഗത്തുനിന്ന് റോമിലെ കൊളീസിയത്തിലേക്ക് വന്യമൃഗങ്ങളുടെ ഭക്ഷണത്തിനായി ക്രിസ്തീയ വിശ്വാസികളെ ബന്ധിതരാക്കി കൊണ്ടുപോകുമായിരുന്നു. ഭൂമിക്ക് മുകളില്‍ നാല് നിലകളും അതുപോലെ ആഴമുള്ള കൊളീസിയത്തില്‍ നിന്ന് മുകളിലേക്കുയരുന്നത് ഭയാനകമായ വന്യമൃഗങ്ങളുടെ കൊലവിളിയും ഗര്‍ജ്ജനവുമായിരുന്നെങ്കില്‍ നിരപരാധികളുടെ നിലവിളികള്‍ അതിനുള്ളില്‍ വിറങ്ങലിച്ചുനിന്നു. വിശുദ്ധ പത്രൊസിന്റെയും പൗലൂസിന്റെയും കൊലചെയ്യപ്പെട്ട ശവശരീരം ജനങ്ങളെ ഭയന്ന് വന്യമൃഗങ്ങള്‍ക്ക് കൊടുത്തില്ല. നാലാം നൂറ്റാണ്ടില്‍ കുസ്തന്‍തീനോസ് ചക്രവര്‍ത്തിയാണ് അവരുടെ കുഴിമാടത്തിന് മുകളിലായി ഒരു ദേവാലയം പണിതത്. ഇപ്പോഴവിടെയുള്ളത് സെന്റ് പീറ്റേഴ്‌സ് ബസലിക്കയാണ്. ദേവാലയങ്ങളിലെ വിശ്വാസികളെ ആകര്‍ഷിക്കാനായി ദൈവവചനത്തിന്റെ വ്യാഖ്യാനങ്ങള്‍ അറിഞ്ഞും അനുഭവിച്ചും ചിത്രകാരന്‍മാര്‍ ചിത്രങ്ങളായി ഓരോ ദേവാലയങ്ങളിലും വെളിപ്പെടുത്തുന്നു. ഈ മഹാന്മാരായ ചിത്രകാരന്മാര്‍, ശില്പികള്‍ വിശുദ്ധന്മാരെപ്പോലെ ദൈവത്തിന്റെ സുവിശേഷകന്മാരായി മാറുകയായിരുന്നു. ഈ മനോഹര ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ റോമിലെ പാപ്പാമാര്‍ക്ക് വലിയ ഒരു പങ്കുണ്ട്.
മനുഷ്യര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ധ്യാനത്തിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസത്തിന്റെ സംരക്ഷണം ദൈവം ആര്‍ക്കും കുത്തകയായിട്ട് നല്കിയിട്ടില്ലെന്ന് ബോധ്യപ്പെടും. ഭീരുക്കളായ, ആത്മീയ ജ്ഞാനമില്ലാത്ത ഭരണാധിപന്മാര്‍ക്കും മതമേലാളന്മാര്‍ക്കും ഈ വിശ്വാസ വിശുദ്ധന്മാരുടെ രക്തം ചീന്തുന്ന ഈ പോരാട്ടം ഒരു മാതൃകയാക്കാം. ഇവരൊന്നും അന്തപുരങ്ങളിലിരുന്ന് വിശ്വാസികള്‍ക്ക് ശുഭാംശകള്‍ നേരുന്നവരായിരുന്നില്ല. മറിച്ച് പട്ടിണിയും ദുരനുഭവങ്ങളും ദുഃഖങ്ങളും സഹിച്ച് ആരുടെയും സഹായമില്ലാതെ അന്ധകാര ശക്തികള്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ചവരാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങള്‍ക്കുള്ളില്‍ ജ്വലിച്ചു നില്‍ക്കുന്ന മനോഹരങ്ങളായ ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ കാണുമ്പോള്‍ ഇന്‍ഡ്യയിലെ ഒരു ദേവാലയങ്ങളിലും ഇത്‌പോലെ കാണാന്‍ കഴിഞ്ഞിട്ടില്ല. അത് സിനിമാ കാണുംപോലെ കണ്ടാല്‍ പോര, വായനയിലൂടെ അനുഭവിച്ചറിയാനാണ് ഇന്‍ഡ്യാക്കാരനിഷ്ടമെന്ന് തോന്നുന്നു. വിശുദ്ധന്മാരുടെ കാലത്തുണ്ടായിരുന്ന ആരാധനയുടെ പങ്കാളിത്വമൊന്നും ഇന്നില്ല. അതിന് പകരം വിനോദസഞ്ചാരികളുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഇവിടുത്തെ ദേവാലയങ്ങള്‍ മാറിക്കൊണ്ടിരുന്നു.
തീര്‍ത്ഥാടനം
……………………
അജ്ഞാതമായ വീഥികളിലൂടെ വിധിലിഖിതമെന്നോണം
കാലമെന്നെ കൈ പിടിച്ചു നയിക്കുന്നു.
നാമകരണം ചെയ്യാത്തൊരു ഗ്രഹമെന്നപോലെ
ഞാനൊരു നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നു.
അംഗുലീയങ്ങളൊഴിഞ്ഞ കരദ്വയങ്ങളാല്‍
സൂര്യബിംബത്തെ ഞാന്‍ സ്പര്‍ശിക്കുന്നു.
ദിഗ്വലയത്തില്‍ തിരോഭവിക്കുന്ന സൂര്യന്റെ മടിത്തട്ടില്‍
ശിരസ്സുചേര്‍ത്ത് ഞാന്‍ വിശ്രമിക്കുന്നു.
അസ്തമയത്തിനും ഉദയത്തിനും ഇടയിലുള്ള
ദൂരത്തെ ഒരു ദീര്‍ഘനിദ്രയാല്‍ തരണം ചെയ്യുന്നു.
പ്രകാശമേറ്റുണരുന്ന തളിരിലയെന്നപോലെ
സ്‌നേഹത്തെ ഞാന്‍ ആഗിരണംചെയ്യുന്നു.
വസന്തം ചുംബിച്ച ഭൂമിയിലെന്നവണ്ണം
കവിതകളെന്നില്‍
പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.
പിറന്നു മരിക്കുന്ന ദിവസങ്ങളുടെ ദലസൂചികളില്‍
പദങ്ങളൂന്നി ഞാന്‍ നടക്കുന്നു.
കൊടുങ്കാറ്റ് നിര്‍മ്മിച്ച കടല്‍ച്ചുഴികളിലൂടെ
മത്സ്യകന്യകയെപ്പോലെ നൃത്തംചെയ്യുന്നു.
സ്വപ്നമോ സത്യമോ എന്ന് വേര്‍തിരിച്ചറിയാത്തൊരു
നിറവില്‍ എന്നിലൊരു കിളിക്കുഞ്ഞ് ചിറക് വിടര്‍ത്തുന്നു.
ഹൃദയത്തിന്റെ വിശുദ്ധസ്ഥലികളിലൂടെ സുതാര്യമായൊരു
തൂവല്‍പോലെ ഞാന്‍ തീര്‍ത്ഥാടനം തുടരുന്നു.
ബീന റോയ്
കാരൂര്‍ സോമന്‍
കോഴിയെ തിന്നുന്ന കാര്യത്തില്‍ ഞാന്‍ മിടുക്കന്‍ തന്നെയെന്നാണ് ഭാര്യയുടെ പക്ഷം. അവധിക്കു നാട്ടില്‍ വരുമ്പോള്‍ എന്തു വില കൊടുത്താലും നല്ല ചൊമചൊമാന്നുള്ള പൂവന്‍കോഴിയെ വാങ്ങി എണ്ണയില്‍ പൊരിച്ചു കഴിക്കും. അമേരിക്കയിലെ കൊഴുത്തു തടിച്ച തണുത്തു മരവിച്ച വൈറ്റ് ലഗൂണ്‍ കോഴിയെ തിന്നു മടുത്തു. അതിന് ഒരു ഗുണവുമില്ല, മണവുമില്ല. എന്നാല്‍ നാടന്‍ കോഴി അങ്ങനെയല്ല. കോഴിയെ തിന്നുന്നത് ഒരു കലയല്ല.
പ്രത്യേകിച്ച് നാട്ടിലെ ചുവന്ന പൂവന്‍ കോഴികളെ. അവര്‍ ഉച്ചത്തില്‍ കൂവിക്കളയും. കോഴികളില്‍ തന്നെ രണ്ടു വിഭാഗമുണ്ടത്രേ. ഒന്ന് കമ്യൂണിസം പ്രസംഗിച്ചു കളയും, മറ്റൊന്ന് സുവിശേഷവും. എന്തായാലും മുന്നിലെ പ്ലേറ്റിലെത്തിയാല്‍ പിന്നെ മാര്‍ക്‌സ് എന്നോ എംഗല്‍സ് എന്നോ വല്ലതുമുണ്ടോ. കോഴിയെ പിടിക്കാനാണു സാറേ പാട് എന്ന് വേലക്കാരന്‍ പയ്യന്റെ വാദം. എന്നാല്‍ പക്ഷപാതിയല്ലാത്ത ഡ്രൈവര്‍ നാണപ്പന്‍ പറയും. അതിനൊക്കെ ഒരു നാ….ക്ക് ഉണ്ട് സാറേ. കോഴികളെ ആദ്യം വശീകരിക്കണം. കണ്ടിട്ടില്ലേ, പാര്‍ട്ടി സഖാക്കന്മാര്‍ പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നത്. അങ്ങനെ തന്നെ. പയ്യെ വലമുറുക്കണം. പിന്നെ വാളു കൈയില്‍ കൊടുക്കണം. വെട്ടിക്കൊല്ലാന്‍ പറയണം. തല്ലിക്കൊല്ലലിന്റെ ക്ലാസ്സ കഴിയുമ്പോഴേക്കും ഒന്നാന്തരമൊരു ചാവേര്‍ റെഡി. പിന്നെ പ്ലേറ്റിലെത്താന്‍ താമസം വേണ്ട. തൊലിയുരിയുന്നതാ സാറേ അതിലും പാട്.
വീണ്ടും വേലക്കാരന്‍ പഹയന്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തി.
തൊലിയുരിക്കണ്ട, താനേ ഉരിഞ്ഞോളും.
നാണപ്പന്‍ സ്വരം താഴ്ത്തിപ്പറഞ്ഞു.
സാറേ കമ്യൂണിസ്റ്റു കോഴികള്‍ സമയം നോക്കാതെ കിടന്നു കൂവുമെന്നേയുള്ളൂ. പത്തു പൈസയുടെ സ്വാഭാവിക വിവരമില്ല. പ്രായോഗിക പരിജ്ഞാനവുമില്ല. അതിനെ ഓടിച്ചിട്ടു പിടിക്കണ്ട. വെല്ലുവിളിച്ചാല്‍ മതി. നമ്മുടെ കാല്‍ച്ചുവട്ടില്‍നിന്ന് ഗര്‍ജ്ജിച്ചോളും. ആ തക്കത്തിന് ദാ, ഇങ്ങനെ പിന്നിലൂടെ വന്ന് കഴുത്തിനു മുകളിലൂടെ കൊങ്ങായ്ക്ക് ഒറ്റ പിടി. ചവിട്ടി വലിച്ച് കൊരവളളി പൊട്ടിച്ചാല്‍ പിന്നെ ഏതു സിദ്ധാന്തവും ദാ, ഇങ്ങനെ വായുവലിച്ച് കിടക്കും.
ചത്തുകഴിഞ്ഞാലും ചിലതുണ്ട്. വര്‍ഗസമരത്തിന്റെയും ട്വിയാന്‍മെന്‍ സ്‌ക്വയറിന്റെ പ്രായോഗികവാദത്തിന്റെയുമൊക്കെ വക്താക്കളുടെ വേഷംകെട്ടി നടക്കുന്നവര്‍. കീഴടങ്ങിയാല്‍ പിന്നെ വെയ്റ്റ് ചെയ്താല്‍ മതി. ജനിച്ചു, ജീവിച്ചു, മരിച്ചു- എന്നിട്ട് എന്തു ചെയ്തു എന്നോര്‍ക്കുമ്പോള്‍ തന്നെ അതിന്റെ തൊലി താനെ ഉരിഞ്ഞിറങ്ങും. കോഴിപ്പിടുത്തത്തിനു ഇങ്ങനെ ചില ട്രിക്കുകളുണ്ട്. കോഴികളുടെ രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ അത്ര ബോധവാനായിരുന്നില്ല. കലാപങ്ങളുടെയും കലഹങ്ങളുടെയും സന്ധിയില്ലാ സമരം നയിക്കുന്ന കോഴികളെക്കുറിച്ച് ഒരുപാടു പറയാനുണ്ടെന്ന് നാണപ്പന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത്, കോഴികളുടെ നിറവും വര്‍ഗ്ഗവിപ്ലവത്തിന്റെ നിറവും ഏതാണ്ട് ഒന്നിക്കേണ്ടിവന്നല്ലോ എന്നായിരുന്നു. ഈ ഉപരിപ്ലവമായ ചിന്ത നാണപ്പനുമായി പങ്കിടവേ അയാള്‍ പറഞ്ഞു.
എന്റെ സാറേ, ഇതു പ്രവാസിയായതിന്റെ പ്രശ്‌നമാണ്. ഞങ്ങള്‍ ലോക്കല്‍ കമ്യൂണിസ്റ്റുകള്‍ ഒരിക്കലും മുതലാളിത്ത ബൂര്‍ഷ്വകളായ പ്രവാസികളെ പരിഗണിക്കാറില്ല. അതുപണത്തിന്റെ കൊഴുപ്പുനിറഞ്ഞ ബ്രോയിലര്‍ ചിക്കന്‍ മാതിരിയാണ്. കഴുത്തുവെട്ടുമ്പോഴും അതിനു പിടിക്കാനല്ലാതെ അരുതേ എന്നു പറയാനറിയില്ല. അങ്ങനെയൊരു പ്രതിരോധം ഉയര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങളൊന്നു ഞെട്ടിയേനെ. കാര്യമൊക്കെ ശരി, നിങ്ങള്‍ വിയര്‍ത്തു നേടിയ കാശുകൊണ്ട് രക്തസാക്ഷിമണ്ഡപം ഉയര്‍ത്തിയാണ് ഞങ്ങളിവിടെ ഭരിക്കുന്നത്. അത് കമ്യൂണിസ്റ്റ് ലെനിനിസത്തിന്റെ ആശയവാദമാണ്. എല്ലാ കോഴികളായ സഖാക്കളും അത് അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്. അമൂല്യമായതെന്തോമാതിരി അതു നിങ്ങള്‍ ചോദിക്കുന്നതും ഞങ്ങള്‍ വാങ്ങിത്തരുന്നതും.
നാണപ്പന്‍ തന്റെ കോഴിസിദ്ധാന്തത്തിന്റെ വേലിക്കെട്ടഴിച്ചു.
എനിക്കു രസം കയറി.
അങ്ങനെ നാണപ്പനുമൊന്നിച്ച് ഞങ്ങള്‍ യഥാര്‍ത്ഥ ലക്ഷണമുള്ള ഒരു കോഴിയെ തിരക്കിയിറങ്ങി.
കവലയിലെ കോഴിക്കടയുടെ കാലു കൂട്ടിപ്പിടിപ്പിച്ച ബെഞ്ചില്‍ ഞാനിരുന്നു. നാണപ്പന്‍ ഇടയ്ക്ക് ബീഡി വലിച്ചു. ഞാന്‍ നീട്ടിയ റോത്ത്മാന്‍സ് സിഗരറ്റ് അയാള്‍ പുച്ഛത്തോടെ നിരസിച്ചു. പിന്നെ ചോദിച്ചു വാങ്ങി. കോഴിവെട്ടുകാരന്‍ അന്ത്രപ്പന് സമ്മാനിച്ചു. അയാള്‍ അത് രണ്ട് പുകയെടുത്തശേഷം കോഴിച്ചോരയില്‍ മുക്കി കെടുത്തി പുറത്തേക്കെറിയുന്നതു കണ്ടു. വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്നു അറിഞ്ഞു വാങ്ങിയ സിഗരറ്റാണിത്. കൊള്ളാം, ജനങ്ങള്‍ മാറിയിരിക്കുന്നു.
അത് കാലഘട്ടത്തിന്റെ പ്രശ്‌നമാണെന്നും, കമ്യൂണിസ്റ്റുകള്‍ അതില്‍ മാപ്പുസാക്ഷിയാണെന്നും നാണപ്പന്‍ പറയവേ, കാലുകൂട്ടിക്കെട്ടിയ നാടന്‍ കോഴികളെയും തൂക്കിപ്പിടിച്ച് ഒരു വിദ്വാന്‍ കയറി വന്നു. എന്റെ പ്രിയപ്പെട്ട ലക്ഷണങ്ങളൊത്ത പൂവന്‍കോഴി. അവന്‍ അങ്ങനെ കിരീടം വച്ച് ഗമയില്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഞാനും കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. നൊടിയിടകൊണ്ട് ഞങ്ങള്‍ വല്ലാതങ്ങ് അടുത്തു.
നാണപ്പന്റെ കമ്യൂണിസ്റ്റ് തിയറി ഓഫ് ചിക്കന്‍ പ്രയോഗം പ്രാക്ടിക്കലായി ശരിയാണെന്ന് എനിക്കു തോന്നി. പോളണ്ടിലും റഷ്യയിലുമൊക്കെ ഇങ്ങനെയായിരുന്നുവോ കോഴിയെ പിടിച്ചിരുന്നതെന്നു എനിക്കു സംശയമാക്കൂ. അപ്പോള്‍ നാണപ്പന്‍ പറഞ്ഞു.
കോഴികള്‍ക്ക് വിവരമില്ലെന്ന് ആരാണ് പറഞ്ഞത്?
അത് എല്ലായ്‌പ്പോഴും ചിനയ്ക്കുന്നത് സിന്ദാബാദ് വിളികളാണ്.
ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്കാരനും അങ്ങനെ തന്നെ.
വ്യക്തികളല്ല, പ്രസ്താനമാണ് വലുതെന്നു പറയുമ്പോഴും പാര്‍ട്ടി ഗ്രാമങ്ങളില്‍ സിന്താബാദ് വിളിക്കാനാണ്, ആ വിളി കേള്‍ക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ഞങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന കോഴികള്‍ക്കു മാറാനൊക്കുമോ. കാരണമത് നാടന്‍ കോഴിയാണ്. എല്ലാ പ്രാപ്പിടിയന്മാരോടും പോരാടി നേടിയ ജന്മമാണ് അതിന്റേത്. അല്ലാതെ ഫാമിനുള്ളിലെ ലൈറ്റ് വെട്ടത്തില്‍ സേഫും സെക്യൂരിറ്റിയുമായി വിരിഞ്ഞിറിങ്ങി എണ്ണം തികച്ചതല്ല. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനും കോഴിയും തമ്മില്‍ എന്താണ് വ്യത്യാസം.
ശരിയാണ്, എന്താണ് വ്യത്യാസം – നാണപ്പന്‍ പറയുന്നത് എത്ര കറക്ട്.
ഞാന്‍ കമ്യൂണിസ്റ്റ് പൂവനെ സൂക്ഷിച്ചു നോക്കി.
എന്നെ നിന്റെ സ്വന്തമാക്കൂ എന്നു പറയുന്നതുപോലെ തോന്നി, അല്ല തോന്നിയതല്ല, ഞാനതു കേട്ടു. കോഴിപ്പൂവനെ ഞാന്‍ സ്വന്തമാക്കി. ഇരട്ടി വില കൊടുക്കേണ്ടി വന്നു. നഷ്ടമില്ലെന്നു നാണപ്പന്‍.
കാശ് ഇത്തിരി കൊടുത്താലെന്താ, ഒരു കമ്യൂണിസ്റ്റ് കോഴിയെ തന്നെ കിട്ടിയില്ലേ……അത് സ്വന്തമായിക്കഴിഞ്ഞാല്‍ വെട്ടിവീഴ്ത്തിക്കോണം. അവന് മറിച്ചു ചിന്തിക്കാന്‍ ചാന്‍സ് കൊടുക്കരുത്.
നാണപ്പന്റെ വക ആശംസാ പ്രസംഗം
ഓ, ഇതു സാധാരണ കോഴിയല്ല, കമ്യൂണിസ്റ്റ് കോഴിയാണ്.
എന്റെ വയറ്റില്‍കിടന്നു പുളയാന്‍ കമ്യൂണിസ്റ്റ് ചിക്കന്‍ വെമ്പല്‍ കൊണ്ടു.
ഭാര്യയ്ക്കാണെങ്കില്‍ കോഴിപ്പൂടയൊന്നും പറിക്കാന്‍ മെനക്കെടാന്‍ കഴിയില്ല. ശീലവുമില്. കടയില്‍പോയി ഡ്രസ് ചെയ്യുന്നു എന്ന പേരില്‍ കോഴിയുടെ ഡ്രസ് അഴിച്ചു വാങ്ങുകയാണല്ലോ പതിവ്. കോഴിക്കടയുടെ മുന്നില്‍ ക്യൂ രൂപം കൊള്ളുന്നു. കൊല്ലാന്‍ രണ്ടാമതൊരാളെ ഏല്പിക്കുന്നതാണ് ബുദ്ധി. പാപമെടുത്തു തലയില്‍ വെയ്ക്കണ്ടല്ലോ……..
ക്യൂ മുന്നേറവേ….എല്ലാവരും എന്നേയും കൈയിലുള്ള കോഴിയേയും മാറിമാറി നോക്കുന്നു. കോഴിക്കടയില്‍ കോഴിയുമായി വന്നതെന്തിനെന്ന ചോദ്യം എല്ലാ കണ്ണുകളിലും. കമ്യൂണിസ്റ്റു കോഴിയെ വില്‍ക്കാന്‍ വന്നതായിരിക്കുമെന്ന് പലരും കരുതിക്കാണും. എന്റെ മുന്നിലുള്ള ക്യൂ ചെറുതായി വന്നു. ഒടുവില്‍ എന്റെ ഊഴമെത്തി.
ഈ കോഴിയെകൊന്ന് നാടന്‍ രീതിയില്‍ പൂട പറിക്കണം.
ഞാന്‍ ഒട്ടൊരു ഭവ്യതയോടെ ആവശ്യം അറിയിച്ചു.
കൂടെ കടക്കാരനും കോഴിയെ വാങ്ങാന്‍ വന്നവര്‍ക്കുമായി ചെറിയൊരു വിശദീകരണവും നല്കി.
പൂടി പറിച്ചെടുക്കുന്ന കോഴിയുടെ ഇറച്ചിയും കടയില്‍ തൊലിയുരിച്ചെറിയുന്ന കോഴിയുടെ ഇറച്ചിയും തമ്മില്‍ വലിയ രുചിവ്യത്യാസമുണ്ട്. ഈ നാടന്‍ രീതികള്‍ മറക്കാതിരിക്കാനാണ് ഞാന്‍ ഇടയ്ക്കിടെ അമേരിക്കയില്‍നിന്ന് ഇങ്ങോട്ടു വരുന്നതു തന്നെ.
അധികം വിശദീകരണം വേണ്ടെന്ന് നാണപ്പന്‍ എന്നെ നോക്കി കണ്ണിറുക്കി. അവരുടെ കണ്ണില്‍ സാമ്രാജ്യവിരുദ്ധവികാരം അലയടിക്കുന്നുണ്ടോ. അമേരിക്ക എന്നു കേട്ടപ്പോള്‍ ഒരു തരിപ്പ്. കണ്ണുകളില്‍ ചുവപ്പു പടരുന്നത്, അയാളുടെ കൈയിലിരിക്കുന്ന കൊലക്കത്തി എന്റെ നേരെ ഉയര്‍ന്നു താഴുന്നത് ഒക്കെ ഞാന്‍ ഒരു നിമിഷം മുന്നിലൂടെ കണ്ടു.
ഞാന്‍ പോക്കറ്റില്‍ കൈയിട്ടു. പള പള മിന്നുന്ന നൂറിന്റെ നോട്ട് അയാള്‍ക്കായി ഞാന്‍ പ്രദര്‍ശിപ്പിച്ചു കൊലച്ചിരിയില്‍ വസന്തം വിരിയുന്ന മാജിക് ഞാന്‍ കണ്ടു.
കടക്കാരന്‍ കമ്യൂണിസ്റ്റ് കോഴിയെ വാങ്ങി.
കൊല്ലുന്നതിനുമുമ്പ് ചില ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്.
അക്കാര്യത്തില്‍ ബ്രോയിലറിനും കമ്യൂണിസ്റ്റ് നാടന്‍ കോഴിക്കുമൊക്കെ തുല്യമായ ആചാരങ്ങള്‍. സ്വാഭാവിക ചാകലാണെങ്കില്‍ ബ്രോയിലറെ തൂക്കിയെടുത്തു കോര്‍പ്പറേഷന്റെ കൊട്ടയിലെറിയും. നാടനെ കുഴിച്ചിടും. ഇവിടെ അതല്ലല്ലോ കാര്യം.
കാശു കൊടുത്തു കൊല്ലിക്കയാണ്. അതായത് കരുതിക്കൂട്ടിയുള്ള കൊലപാതകം. അതും നല്ല സിദ്ധാന്തവും ആശയങ്ങളുമൊക്കെയുള്ള ചുവന്ന കമ്യൂണിസ്റ്റു കോഴിയെ. അപ്പോള്‍ രസം കൂടും. കാശു കൊടുക്കുമ്പോള്‍ രുചി കുറച്ചു മണിക്കൂറെങ്കിലും നാവില്‍ നില്‍ക്കും. അതാണ് നാടന്റെ ടേസ്റ്റ്.
കൊല്ലും മുമ്പ് അന്ത്യാഭിലാഷം നിറവേറ്റുന്നതുപോലെ വെള്ളം കൊടുക്കുന്ന പതിവുണ്ടത്രേ. കാലിലെ കെട്ടഴിച്ച്, വെള്ളം നിറച്ച ചെറിയ പാത്രത്തിനു മുന്നില്‍ കോഴിയെ പിടിച്ചു വയ്ക്കുകയും അവന്‍ സര്‍വശഖ്തിയുംസംഭരിച്ച് ഒറ്റയോട്ടം. പിത്തം പിടിച്ചു ചീര്‍ത്ത വൈറ്റ് ലഗൂണുകളെ മാത്രം കണ്ടു പരിചരിച്ച കടക്കാരന്‍ അങ്ങനെയൊരു കമ്യൂണിസ്റ്റു കുതറിയോടല്‍ തീരെ പ്രതീക്ഷിച്ചില്ല. കടയുടെ പിന്നിലൂടെ ഇറങ്ങിയോടിയ കമ്യൂണിസ്റ്റു കോഴിക്കു പിന്നാലെ അവനും അവന്റെ പിന്നാലെ ഞാനും എന്റെ പിന്നാലെ ആശയ സംഘട്ടനങ്ങളുടെ നടുവേദനയുമായി നാണപ്പനും ഓടി.
കോഴിയെ വാങ്ങാന്‍ വന്നവര്‍ക്കു സമയം പോകുന്നതിന്റെ അരിശം. ഒപ്പം കോഴി ഞങ്ങള്‍ മൂന്നു വര്‍ഗവഞ്ചകരെ വെട്ടിച്ചോടുന്നതു കാണാനുള്ള രസവും. വഴിപോക്കരും കാഴ്ചകണ്ടു നിന്നു.
ബഹുരാഷ്ട്ര കുത്തകയോടുള്ള ഒരു ജീവന്‍മരണ പോരാട്ടത്തിന്റെ കാതല്‍ എന്തു തന്നെയായാലും കാഴ്ചക്കാരേറി. പോരിനു മൂര്‍ച്ച കൂടി.
പാഞ്ഞു വന്ന് ബ്രേക്കിട്ടത് പാണ്ടിലോറി. നടുറോഡില്‍ കിടന്നാണല്ലോ അഭ്യാസം. ഡ്രൈവറുടെ വക ആശയസമര സിദ്ധാന്തത്തിന്റെ പുതിയ വാക്‌ധോരണികള്‍. ഞങ്ങളുടെ ശ്രദ്ധ ഡ്രൈവറുടെ നേരെ തിരിഞ്ഞതും കമ്യൂണിസ്റ്റ് കോഴി സിനിമാ സ്റ്റൈലില്‍ ലോറിയുടെ പിന്നിലേക്കു ചാടിക്കയറിയതും ഒരുമിച്ച്.
അറിഞ്ഞോ അറിയാതെയോ കമ്യൂണിസ്റ്റ് കോഴിയെയും കൊണ്ട് ലോറി ദൂരേയ്ക്കു മറയുന്നതാണ് പിന്നെ കണ്ടത്.
ഞാനും കടക്കാരനും മുഖത്തോടു മുഖം നോക്കി.
നാണപ്പന്‍ പറഞ്ഞു.
അത് മാവോയിസ്റ്റുകളുടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ്.
ആ സഖാവിനെ അവര്‍ക്ക് വേണം.
Email : [email protected], www.karoorsoman.com
ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടന യുക്മയുടെ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മെയ് ലക്കം പുറത്തിറങ്ങി. പതിവ് പോലെ യുകെയിലെ എഴുത്തുകാരുടെ രചനകള്‍ക്കൊപ്പം പ്രമുഖ എഴുത്തുകാരുടെയും കൃതികളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപകടകരമായ ചില കടന്നു കയറ്റങ്ങള്‍ ഇന്ത്യ എങ്ങോട്ടാണ് എന്ന ചോദ്യം ഓരോ ഭാരതീയന്റെയും മനസ്സില്‍ ഭയാശങ്കകള്‍ ഉളവാക്കുന്നുവെന്നു എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. സൂരജ് കണ്ണന്‍ എഴുതിയ ശ്രീലങ്ക: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം എന്ന ലേഖനത്തില്‍ ശ്രീലങ്കയുടെ ചരിത്രം വിവരിച്ചിരിക്കുന്നു. ജോര്‍ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയില്‍ തന്റെ സ്‌കൂള്‍ പഠനകാലത്തെ രസകരമായ ഒരനുഭവം പത്താംതരം എന്ന അധ്യായത്തില്‍ വിവരിക്കുന്നു.
കടലിനെക്കുറിച്ചു ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ തകിടം മറിച്ച കടല്‍ യാത്രയെക്കുറിച്ചു കനിവിന്റെ കടലറിവുകള്‍ എന്ന ലേഖനത്തില്‍ രശ്മി രാധാകൃഷ്ണന്‍ എഴുതുന്നു. രാജീവ് സോമശേഖരന്‍ എഴുതിയ ചിത്രഗുപ്താ നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?, എസ്. ജയേഷ് എഴുതിയ ഒന്നിടവിട്ട ശനിയാഴ്ചകള്‍, ജിതിന്‍ കെരച്ചന്‍ ഗോപിനാഥ് എഴുതിയ
എങ്കിലും വേനല്‍മഴ പെയ്യാതെയിരിക്കട്ടെ, ബീന റോയി എഴുതിയ റിട്ടൈയസമ്പന്നമാക്കുന്നു. ര്‍മെന്റ് ഹോം എന്നീ കഥകള്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന രചനകളാണ്.
ബിനു ആനമങ്ങാട് രചിച്ച സുഡോക്ക്, സ്മിത മീനാക്ഷി രചിച്ച ബ്ലാക് ഈസ് ബ്യുട്ടിഫുള്‍ എന്നീ കവിതകളും ജ്വാല മെയ് ലക്കത്തെ സമ്പന്നമാക്കുന്നു.
ജ്വാല മെയ് ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സ്വന്തം ലേഖകന്‍
കൊച്ചി : ” മൊഴിമുറ്റം അക്ഷരസംഗമം 2018 ” മെയ് 13 ഞായറാഴ്ച സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ. കലയുടെ ഈറ്റില്ലമായ സാഹിത്യ അക്കാദമിയിൽ ചങ്ങമ്പുഴ സംസ്കാരിക കേന്ദ്രത്തിൽ രാവിലെ 10.00 മണിക്ക് തുടക്കം കുറിക്കുന്നു. വേദിയും സദസ്സുമെന്ന വേർതിരിവുകളില്ലാതെ അക്ഷരസുമനസുകളൊത്തുകൂടുന്ന വേളയിൽ വായനയുടെ വഴിയിലേക്ക് ഓരോരുത്തരേയും കൈപിടിച്ചു നടത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കൊരു ചുവടുവെപ്പായ് മുഖ്യധാരാ എഴുത്തുകാരുടെ സൃഷ്ടികൾ ഉള്‍ക്കൊള്ളുന്ന അക്ഷരസംഗമം 2018.
സ്മരണികപ്രകാശനം , മൊഴിമുറ്റത്തെ അക്ഷരസൗഹൃദങ്ങളുടെ കവിതാസമാഹാരമായ ‘ കാലത്തോട് കലഹിക്കുന്ന കവിതകൾ ‘ പ്രകാശനം , തുടങ്ങിയവയോടൊപ്പം അംഗങ്ങൾക്കിടയിലെ എഴുത്തുകാരുടെ പ്രസിദ്ധീകൃതമായ കൃതികൾ പരിചയപ്പെടുത്തുകയും അവയുടെ വില്പനയ്ക്കായ് സൗകര്യവുമൊരുക്കുന്നു.
സാഹിത്യപരമായ വിവിധ വിഷയങ്ങളിലധിഷ്ഠിതമായ ചർച്ചകൾ , സാഹിത്യസംവാദങ്ങൾ , കവിതാലാപനം തുടങ്ങിയവ സംഗമത്തിന് മാറ്റുകൂട്ടുന്നു . അക്ഷരങ്ങളിലൂടെ സംവേദനക്ഷമമാകുന്ന സംസ്കൃതിയുടെ കൈമാറ്റത്തിന്റെ ഒരവിസ്മരണീയ മുഹൃത്തമായ് മനസിലെന്നെന്നും വായനയുടെ , അറിവിന്റെ , സ്നേഹത്തിന്റെ സംഗമദിനമായ് മാറ്റുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
അക്ഷരങ്ങൾ കൊണ്ടു നമ്മെ മോഹിപ്പിച്ച പ്രതിഭാധനരായ വ്യക്തിത്വങ്ങൾ , വായനയുടെ പുതുലോകം നമുക്കായ് തുറന്നു തരുന്ന അസുലഭാവസരത്തിന് സാക്ഷികളാകുവാനുള്ള തയ്യാറെടുപ്പിലാണോരോരുത്തരും.
റജി നന്തികാട്ട്
പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു. ഭാരതത്തില്‍ ദിവസേനയെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ ഭാരതത്തെ ലോകത്തിന്റെ മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ട അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു എന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ ഇത്തവണ ചരിത്രം സൃഷ്ടിച്ചു. നല്ല നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിനെയും ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയ ശ്രീകുമാരന്‍ തമ്പിയെയും എഡിറ്റോറിയലില്‍ പ്രത്യേകം അഭിനന്ദിച്ചു.
ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തെ വിലയിരുത്തി സംഗീത നായര്‍ എഴുതിയ ശ്രീകുമാരന്‍ തമ്പി ചലച്ചിത്ര പ്രതിഭ എന്ന ലേഖനം ഈ ലക്കത്തിന്റെ ഈടുറ്റ രചനയാണ്. വായനക്കാരുടെ ഇഷ്ട പംക്തി ജോജ്ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ ഇത്തവണ വളരെ രസകരമായ ഒരു അനുഭവം വിവരിക്കുന്നു. ബാബു ആലപ്പുഴയുടെ നര്‍മ്മകഥ മദ്യം മണക്കുന്നു ആനുകാലിക വിഷയം രസകരമായി എഴുതിയിരിക്കുന്നു.
യുകെയിലെ എഴുത്തുകാരായ ബീന റോയ് എഴുതിയ അയനം എന്ന കവിതയും നിമിഷ ബേസില്‍ എഴുതിയ മരണം എന്ന കവിതയും അര്‍ത്ഥ സമ്പുഷ്ടമായ രചനകളാണ്.
യുക്മ റീജിയന്‍ പ്രസിഡണ്ടും നല്ലൊരു സംഘാടകനും ജ്വാല ഇ മാഗസിന്റെ വളര്‍ച്ചയില്‍ നല്ലൊരു പങ്കു വഹിച്ചിരുന്ന ശ്രീ. രഞ്ജിത് കുമാറിന്റെ മരണം യുകെയിലെ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമായിരുന്നു. മാത്യു ഡൊമിനിക് രചിച്ച സ്മൃതിയുടെ വീഥിയില്‍ എന്ന കവിത രഞ്ജിത്കുമാറിന്റെ ഓര്‍മ്മ നമ്മില്‍ ഉണര്‍ത്തും. സി.വി.കൃഷ്ണകുമാര്‍ എഴുതിയ പഠനസാമഗ്രികള്‍, സുനില്‍ ചെറിയാന്‍ എഴുതിയ രണ്ടേ നാല്, ഡോ. അപര്‍ണ നായര്‍ എഴുതിയ മോളിക്കുട്ടിയുടെ ട്രോളി എന്നീ കഥകള്‍ ജ്വാലയുടെ കഥ വിഭാഗത്തെ സമ്പന്നമാക്കുന്നു. വി. കെ. പ്രഭാകരന്റെ എഴുതിയ ഓര്‍മ്മകള്‍ ഭഗവന്‍ പുലിയോടു സംസാരിക്കുന്നു, രശ്മി രാധാകൃഷ്ണന്‍ രചിച്ച യാത്രാനുഭവം പാട്ടായ അഥവാ കടലിനു തീറെഴുതിയ നഗരം വായനയുടെ വിശാലമായ ലോകത്തേക്ക് വായനക്കാരെ നയിക്കുന്നു.
‘കട്ടന്‍ കാപ്പിയും കവിതയും’ എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ പരിപാടിയില്‍ ഡോ : മുരളി തുമ്മാരുകുടി പങ്കെടുക്കുന്നു. ഈ വരുന്ന ഏപ്രില്‍ 14 ശനിയാഴ്ച്ച, വിഷുവിന് വൈകീട്ട് 5 മുതല്‍ 8 വരെയാണ് ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ’ യുടെ ആഭിമുഖ്യത്തില്‍ ലണ്ടനിലെ മാനര്‍ പാര്‍ക്കിലുള്ള കേരള ഹൗസില്‍ വെച്ച് ഈ ഒത്തുകൂടല്‍ അരങ്ങേറുന്നത്. അന്താരാഷ്ട്ര പ്രശസ്തനായ ഗ്രന്ഥകാരനും പ്രഭാഷകനും ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP) ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമാണ് ഡോ. മുരളി തുമ്മാരുകുടി.
ലോകത്തിലെ ഒട്ടുമിക്ക മഹാദുരന്തങ്ങളും നടന്ന സ്ഥലങ്ങളില്‍ നേരിട്ട് പോയി കണ്ടിട്ട് ദുരന്ത നിവാരണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇദ്ദേഹത്തിനാണ് കഴിഞ്ഞ വര്‍ഷത്തെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് എന്നുള്ളതും വളരെ കൗതുകകരമായ ഒരു കാര്യം തന്നെയാണ്. ‘ചില നാട്ടു കാര്യങ്ങള്‍’ എന്ന ഹാസ്യ സാഹിത്യ ഗ്രന്ഥത്തിനായിരുന്നു പുരസ്‌കാരം. അദ്ദേഹത്തിന്റെ വായനക്കാര്‍ക്ക് ഈ വാര്‍ത്തയില്‍ അത്ഭുതമില്ല.
യാത്രകളോട് എന്നും ആര്‍ത്തി പുലര്‍ത്തുന്ന മുരളി തുമ്മാരുകുടി തന്റെ ആഗോള പര്യടനത്തിന്റെ ഇടവേളകളില്‍ ചരിത്രവും , ഭൂമിശാസ്ത്രവും ചിരിയും ചിന്തയും കലര്‍ത്തി ‘തുമ്മാരുകുടിക്കഥകള്‍’ എന്ന പേരില്‍ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്ന നല്ലൊരു സാഹിത്യകാരന്‍ കൂടിയാണ്. അതുപോലെ മാതൃഭൂമി ഓണ്‍ലൈനില്‍ അദ്ദേഹം എഴുതിയ ഒരിടത്തൊരിടത്ത് എന്ന പംക്തിക്ക് ധാരാളം വായനക്കാര്‍ ഉണ്ട്. കൂടാതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അനേക വിഷയങ്ങളെപ്പറ്റി നിരന്തരം പല സോഷ്യല്‍ മീഡിയ തട്ടകങ്ങളിലും എന്നുമെന്നോണം എഴുതുന്ന ഇദ്ദേഹം ലോകത്തുള്ള ഏത് ദേശങ്ങളിലും എത്തിപ്പെടുമ്പോള്‍ അവിടങ്ങളിലുള്ള വായന മിത്രങ്ങളുമായി പല വര്‍ത്തമാന സദസ്സുകളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട്.
അതായത് മലയാളത്തില്‍ പ്രചോദനാത്മക സാഹിത്യം കൈകാര്യം ചെയ്യുന്ന വളരെ വിരളമായ എഴുത്തുകാരില്‍ ഒരു വല്ലഭന്‍ കൂടിയാണ് ഇന്ന് ‘എം.ടി .രണ്ടാമന്‍’ എന്ന് വിളിക്കപ്പെടുന്ന മുരളി തുമ്മാരുകുടി. ‘ചില നാട്ടു കാര്യങ്ങള്‍’, ‘കാഴ്ച്ചപ്പാടുകള്‍’, ‘തുമ്മാരുകുടി കഥകള്‍’, ‘വീണ്ടും ചില നാട്ടു കാര്യങ്ങള്‍’, ‘സുരക്ഷയുടെ പാഠങ്ങള്‍’, ‘ഒരുങ്ങാം വിനോദ യാത്രക്ക്’, ‘എന്ത് പഠിക്കണം എങ്ങിനെ തൊഴില്‍ നേടാം’ എന്നീ മലയാളം പുസ്തകങ്ങള്‍ അടക്കം ആംഗലേയത്തിലും മറ്റും അനേകം ലേഖനങ്ങളും മുരളി തുമ്മാരുകുടി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഭാരതത്തിലെ വിവിധ സംഘടനകളുമായി ചേര്‍ന്ന് സുരക്ഷയും ദുരന്താഘാത ലഘൂകരണവുമായി ബന്ധപ്പെട്ട അനേകം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും ഈ ശാസ്ത്ര ചിന്തകന്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അന്നത്തെ കട്ടന്‍കാപ്പിയും കവിതയും എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ ഒത്തുകൂടല്‍ പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഡോ. മുരളി തുമ്മാരുകുടി ആനുകാലിക സാഹിത്യ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നു.
അതോടൊപ്പം ശതവാര്‍ഷികം ആഘോഷിക്കുന്ന സ്ത്രീ വോട്ടവകാശത്തെപ്പറ്റിയും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും അദ്ദേഹം ചര്‍ച്ച നയിക്കുന്നു. പതിവുപോലെ വട്ടം കൂടിയിരുന്ന് അദ്ദേഹത്തോടൊപ്പം നമുക്ക് വര്‍ത്തമാനം പറയാം. ഏവര്‍ക്കും സ്വാഗതം.
Date :-
Saturday 14 April 2018 | Time: 5m
Venue :-
Kerala house, 671 Romford Road . London E12 5AD .
അടുത്ത ദിവസം ഏപ്രില്‍ 15ന് ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതല്‍ ഇതേ വേദിയില്‍ വെച്ചുതന്നെ ‘കട്ടന്‍ കാപ്പിയും കവിതയും’ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തന്നെ, കവി കുരീപ്പുഴ ശീകുമാറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും നടത്തുന്നു. കവിയുമായി ഫോണില്‍ കൂടി സംസാരിക്കുന്നു. ഏവര്‍ക്കും സ്വാഗതം.
മാവേലിക്കര : കാരൂര്‍ സോമന്റെ (ലണ്ടന്‍) ക്രൈം നോവല്‍ കാര്യസ്ഥന്‍ മാവേലിക്കര റസ്റ്റ് ഹൗസില്‍ വെച്ച് മലയാള-സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമായ വി.പി. ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി.മാവേലിക്കര, സംസ്‌കാരിക നായകനും സാഹിത്യ പോഷിണിയുടെ ചീഫ് എഡിറ്ററുമായ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് തഴക്കര പുസ്തകം പരിചയപ്പെടുത്തി. സമൂഹത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണിയും കോടിശ്വരനുമായ ശങ്കരന്‍ നായരുടെ ലൈംഗിക അവയവം വളരെ നിന്ദ്യവും ക്രൂരവുമായ വിധത്തില്‍ അരിഞ്ഞെടുത്തത് ജനമനസ്സുകളില്‍ സജീവ ചര്‍ച്ചയ്ക്കും പ്രതിഷേധ സമരത്തിനും ഇടയാക്കി. അത് സര്‍ക്കാരിനും തലവേദനയുണ്ടാക്കി പോലീസ്-ക്രൈം ബ്രാഞ്ച് എത്ര തപ്പിത്തടഞ്ഞിട്ടും കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാധാരണ കുറ്റവാളികള്‍ക്കെതിരെ ദൈവത്തിന്റെ കൈയ്യൊപ്പുപോലെ എന്തെങ്കിലും തെളിവ് ലഭിക്കുന്നതാണ്.
കുറ്റവാളി ഒരു തുമ്പും കൊടുക്കാതെയാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഇതു സമൂഹത്തില്‍ തിളച്ചുപൊന്തുമ്പോഴാണ് ലണ്ടനില്‍ പഠിച്ച് ഇന്ത്യയില്‍ ഐ.പി.എസ്. എഴുതി ഡല്‍ഹിയില്‍ കുറ്റാന്വേഷണ വകുപ്പില്‍ ജോലി ചെയ്തിരുന്ന മലയാളിയും അതീവ സുന്ദരിയും ധാരാളം തുമ്പില്ലാത്ത കേസ്സുകള്‍ തെളിയിച്ചിട്ടുള്ള ധൈര്യശാലിയായ കിരണ്‍ ഐ.പി.എസിനെ ഈ കേസ് ഏല്‍പിക്കുന്നത്. പലപ്പോഴും ഭരണകക്ഷികള്‍ പോലീസിനെ ദുരുപയോഗം ചെയ്ത് കുറ്റവാളികളെ സംരക്ഷിക്കുന്ന ഈ കാലത്ത് കുറ്റാന്വേഷകയും അധികാരികളുമായി ഏറ്റുമുട്ടുന്ന സംഘര്‍ഷഭരിതമായ ഈ ക്രൈം നോവല്‍ ഭരണത്തിലുള്ളവര്‍ക്കും നിയമവാഴ്ചയ്ക്കും ഒരു മുന്നറിയിപ്പാണ് നല്കുന്നത്. മാത്രവുമല്ല സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധമായ ജാതിമത പീഡനങ്ങള്‍ക്കും അതിലൂടെ രാഷ്ട്രീയ കച്ചവടം ചെയ്യുന്നവര്‍ക്കും ഈ നോവല്‍ ഒരു വെല്ലുവിളിയാണ്. ഉന്നതകുലജാതയായ കിരണ്‍ എന്ന സുന്ദരി ഒരു താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നു. അവരുടെ വിശ്വാസം ഈശ്വരന്‍ മനസ്സിലാണ് അത് മതങ്ങളില്‍ അല്ലെന്നും മനുഷ്യനെ മതമായി വേര്‍തിരിച്ചു കാണുന്നവരുടെ കച്ചവടം തിരിച്ചറിയണമെന്നും പഠിപ്പിക്കുന്നു. ഇതില്‍ പ്രണയനിര്‍വൃതിയുടെ സുന്ദരമായ ധാരാളം മുഹൂര്‍ത്തങ്ങള്‍ കാണാം.
പുതുമയാര്‍ന്ന ഈ ക്രൈം നോവല്‍ ആര്‍ക്കും ആഹ്ലാദത്തിമിര്‍പ്പോടെ വായിക്കാവുന്നതാണ്. ക്രൈം നോവലുകള്‍ കുറയുന്ന ഈ കാലത്തു സാഹിത്യപ്രസ്ഥാനങ്ങള്‍ കുറ്റാന്വേഷണ നോവലുകളെ ഗൗരവപൂര്‍വ്വം കാണണമെന്നും ഫ്രാന്‍സിസ് ടി.മാവേലിക്കര അഭിപ്രായപ്പെട്ടു. കാരൂര്‍ സോമന്‍ കഥയും സംഭാഷണവുമെഴുതി ഫെബി ഫ്രാന്‍സിസ് സംവിധാനം ചെയ്യുന്ന പ്രിന്റ് വേള്‍ഡ് ന്യൂഡല്‍ഹി നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിമിന് ജോര്‍ജ് തഴക്കര എല്ലാവിധ ആശംസകളും നേര്‍ന്നു. മനോരമ ഓണ്‍ലൈനില്‍ വന്ന ഈ ക്രൈം നോവല്‍ പ്രസിദ്ധീകരിച്ചത് പാവനാലൂ പബ്ലിക്കേഷന്‍സ് ആണ്. കാരൂര്‍ സോമന്‍ നന്ദി പ്രകാശിപ്പിച്ചു.
റെജി നന്തികാട്ട്
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന യുകെയിലെ പ്രമുഖ സാഹിത്യകാരി ബീന റോയിയുടെ ‘ക്രോകസിന്റെ നിയോഗങ്ങള്‍’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്‍മ്മം 2018 ഏപ്രില്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ വെച്ച് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ ‘വര്‍ണ്ണനിലാവി’നോടനുബന്ധിച്ചു നടത്തപ്പെടുന്നു. യുക്മ ദേശീയ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് പുസ്തകത്തിന്റ പ്രഥമ പതിപ്പ് സാഹിത്യകാരി സിസിലി ജോര്‍ജ്ജിന് നല്‍കികൊണ്ട് പ്രകാശനം കര്‍മ്മം നിര്‍വഹിക്കും. സാഹിത്യകാരന്‍ ജിന്‍സണ്‍ ഇരിട്ടി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും.
ബ്രിട്ടനിലെ കെന്റില്‍ കുടുംബസമേതം താമസിക്കുന്ന ബീന റോയി യുകെയിലെ സംഗീത വേദികളില്‍ തന്റെ അനുപമമായ ശബ്ദ മാധുര്യം കൊണ്ട് സംഗീത പ്രേമികളുടെ പ്രിയ ഗായകന്‍ റോയി സെബാസ്‌ററ്യന്റെ ഭാര്യയാണ്. അനാമിക് കെന്റിന്റെ ബാനറില്‍ അടുത്തയിടെ
പുറത്തിറങ്ങിയ വീഡിയോ സംഗീത ആല്‍ബം ബൃന്ദാവനിയുടെ ഗാനങ്ങള്‍ രചിച്ചത് ബീനയും പ്രധാന ഗായകന്‍ റോയിയും ആയിരുന്നു. ഈ സംഗീത ആല്‍ബം മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ബീന റോയിയുടെ കവിതകള്‍ ആദ്യമായിട്ടാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്
ഭാഷാ പരിജ്ഞാനം കൊണ്ടും പദ സമ്പന്നത കൊണ്ടും അനുഗൃഹീതയായ എഴുത്തുകാരിയാണ് ബീന റോയി. ആശയത്തോടും അവതരണത്തോടും പ്രകടിപ്പിക്കുന്ന ആഴമേറിയ പ്രതിബദ്ധത പ്രകടമാക്കുന്ന കവിതകളുടെ സമാഹാരമാണ് ക്രോകസിന്റെ നിയോഗങ്ങള്‍. പ്രസിദ്ധ സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ എഴുതിയ പ്രൗഢമായ അവതാരികയും ആധുനിക കവികളില്‍ മുന്നില്‍ നില്‍ക്കുന്ന കുഴുര്‍ വില്‍സണ്‍ എഴുതിയ ആസ്വാദനവും കൃതിയുടെ മഹത്വം വര്‍ധിപ്പിക്കുന്നു. പുസ്തക പ്രകാശന ചടങ്ങിലേക്ക് ഭാഷാ സ്‌നേഹികളെ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.